Latest News

ലിവർപൂളിൽ വിസ്റ്റൺ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന മലയാളി നേഴ്സ് ശ്രീമതി ജോമോൾ ജോസിന് അന്ത്യപചാരം അർപ്പിക്കുന്നതിനു വേണ്ടി യുകെയിലെ അങ്ങോളം, ഇങ്ങോളം ഉള്ള മലയാളി സമൂഹം ലിവർപൂളിലേക്ക് ഒഴുകി എത്തി. ജോമോളുടെ കൂടെ പഠിച്ചവരും, കൂടെ ജോലിചെയ്യുന്നവരും, കൂട്ടുകാരും, നാട്ടുകാരും, ബന്ധുക്കളും അടക്കം ഒരു വൻ ജനാവലി ലിവർപൂളിലെ വിസ്റ്റൺ സെന്റ് ലൂക്ക് പള്ളിയിൽ ജോമോൾക്ക് വിട നൽകുവാൻ എത്തിയിരുന്നു.

പരേത വിസ്റ്റണിൽ താമസിക്കുന്ന ശ്രീ ജോസ് എബ്രഹത്തിന്റെ ഭാര്യയാണ്. ജോമോൾ ക്യാൻസർ ബാധിച്ചാണ് മരണമടഞ്ഞത്. പരേതയ്ക്ക് ഭർത്താവും, മൂന്നു മക്കളും ആണ് ഉള്ളത്. ജോമോൾ കുറുമുള്ളൂർ പൂത്തറയിൽ കുടുംബാംഗമാണ്. മക്കൾ. ജിതിൻ ജോസ്, ജെറിൻ ജോസ്, ജെൻസൻ ജോസ്.

പരേതക്ക് ലിവർപൂൾ മലയാളി അസോസിയേഷനു വേണ്ടി പ്രസിഡന്റ്‌ ശ്രീ സെബാസ്റ്റ്യൻ ജോസഫും, മറ്റ്‌ ലിമ അംഗങ്ങളും ചേർന്ന് റീത്തു സമർപ്പിച്ചു. കൂടാതെ സമൂഹത്തിലെ നിരവധി സാമൂഹ്യ, സാംസ്‌കാരിക, മത, സമുദായ, സ്പോർട്സ് സംഘടനകളും ആദരാജ്ഞലികൾ അർപ്പിച്ചു.

മൂന്നു വർഷങ്ങൾക്കു മുമ്പ് കോവിഡ് മഹാമാരിയിൽ നേഴ്സുമാർക്ക് എജുക്കേഷൻ ഫ്ലാറ്റ്ഫോം ഒരുക്കുക എന്ന ഉദ്ദേശലക്ഷ്യത്തിൽ പിറവിയെടുത്ത കേരള നേഴ്സസ് യു കെ എന്ന ഓൺലൈൻ ഫ്ലാറ്റ്ഫോം ആദ്യമായി സംഘടിപ്പിക്കുന്ന നേഴ്‌സസ് ഡേ സെലിബ്രേഷനും കോൺഫറൻസും മെയ് 18 -ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ വൈതൻഷൗ ഫോറം സെൻ്ററിൽ വച്ച് നടത്തുന്നതാണ്. കോൺഫറൻസിൽ പങ്കെടുക്കുന്ന നേഴ്സ്മാർക്ക് അവരുടെ തൊഴിലിൽ മുന്നേറ്റം ഉണ്ടാകാൻ മുൻനിർത്തിയുള്ള സെക്ഷനുകളാണ് അന്നേദിവസം ക്രമീകരിച്ചിരിക്കുന്നത്. കോൺഫറൻസിൽ സ്പീക്കേഴ്‌സായി മുന്നോട്ട് എത്തിയിരിക്കുന്നത് ദി പ്രിൻസസ് ഗ്രേസ് ഹോസ്പിറ്റൽ ലണ്ടനിൽ ലീഡ് യൂറോളജി സിഎൻഎസ് ആയി ജോലിചെയ്യുന്ന ദീപ ലീലാമണി ,ഐറെഡേൽ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഡെപ്യൂട്ടി ചീഫ് നേഴ്സായി ജോലിചെയ്യുന്ന സാജൻ സത്യൻ ,ബക്കിംഗ്ഹാംഷെയർ എൻഎച്ച്എസ് ട്രസ്റ്റിൽ അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണറും ഹെമറ്റോളജി ലീഡ് ആയി ജോലിചെയ്യുന്ന ആശ മാത്യു ,കവൻട്രി & വാർവിക്ഷയർ പാർട്ണർഷിപ്പ് ട്രസ്റ്റിൽ മെന്റൽ ഹെൽത്ത് ആൻറ് ഡിമെൻഷ്യ പാത്ത്വേ ലീഡ് ആയി ജോലിചെയ്യുന്ന ലോമി പൗലോസ് ,യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മിൽട്ടൺ കെയ്ൻസിൽ അസോസിയേറ്റ് ചീഫ് നേഴ്‌സായി ജോലിചെയ്യുന്ന ദീപ ഓസ്റ്റിൻ ,യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ഡോർസെറ്റലിൽ ഇ ഡി ഐ ലീഡ് ആയ ദീപ സി പപ്പു എന്നിവരാണ് അന്നേ ദിവസം നഴ്സിംഗ് രംഗത്ത് വിവിധ വിഷയങ്ങൾ മുൻ നിർത്തി ക്ലാസുകൾ എടുക്കുന്നത്. നഴ്സിംഗ് മേഖലയിൽ ഇവരുടെ പ്രവർത്തി പരിചയവും വിജ്ഞാനവും എല്ലാം കോൺഫെറൻസുകളിൽ ഇവരുടെ ക്ലാസ്സുകളിൽ അന്നേ ദിവസം പങ്കെടുക്കുന്നവർക്ക് തങ്ങളുടെ മുന്നോട്ടുള്ള നഴ്സിംഗ് കരിയറിൽ മുതൽ കൂട്ടാകുമെന്ന് ഉറപ്പാണ് .

അനിറ്റാ ഫിലിപ്പും ജോയ്സി ജോർജിന്റെയും നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ നേഴ്സിംഗ് കരിയർ സ്റ്റേഷനുകൾ അന്നേദിവസം അവിടെ സജ്ജീകരിച്ചിരിക്കുന്നുണ്ട് . കോൺഫറൻസിൽ പങ്കെടുക്കുന്ന ഓരോ നേഴ്സിനും തങ്ങളുടെ കരിയർ പ്രോഗ്രേഷന് വേണ്ട നിർദ്ദേശങ്ങൾ അല്ലെങ്കിൽ അവരുടെ വിവിധ സംശയങ്ങൾ അന്നേ ദിവസം ഈ നേഴ്സിംഗ് സ്റേഷനുകളിലൂടെ ദൂരീകരിക്കാൻ സഹായിക്കും . അതുകൊണ്ട് യു കെയിലെ എല്ലാ നേഴ്സുമാരും ദയവായി ഈ മഹത്തായ അവസരം വിനിയോഗിക്കുക.

കേരളത്തിൽ നേഴ്സായി എന്നാൽ ഇപ്പോൾ നിർഭാഗ്യവശാൽ യുകെയിൽ നേഴ്സ് ആയി തുടരാത്തവർക്കും മെയ് 18 ന് നടക്കുന്ന കോൺഫറൻസിൽ സംബന്ധിക്കാം . കാരണം അവർക്കും കൂടി പ്രയോജനങ്ങൾ കിട്ടുന്ന തരത്തിലാണ് കോൺഫറൻസ് ഓർഗനൈസ് ചെയ്തിരിക്കുന്നത്. അതുതന്നെയുമല്ല അവരുടെ ഉന്നമനത്തിനായി അവർക്ക് വേണ്ട ഗൈഡൻസ് കൊടുക്കുവാനും അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാനും കേരളത്തിൽ നേഴ്സ് ആയി യു കെയിലെ കെയർമാരായി ജോലി ചെയ്യുന്ന നേഴ്സുമാർക്ക് യുകെയിൽ നേഴ്സ് ആകുക എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ മുന്നോട്ടിറങ്ങി അതിൽ 100% വിജയം കൈവരിച്ച ഡോക്ടർ അജിമോളും പ്രദീപും ഡോക്ടർ ടില്ല ഡേവിസും അന്നേദിവസം നിങ്ങളെ കാത്ത് അന്ന് അവിടെ ഉണ്ടാകും. ഇനിയും യുകെയിൽ നേഴ്സ് ആകാത്തവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ അവർ അന്നേ ദിവസം നൽകുന്നതാണ്. അതോടൊപ്പം ഈ സിഫെ പാത്ത് വേയിൽ നേഴ്സ് ആയി മാറിയ എൽദോ എബ്രഹാമും നിങ്ങളുടെ ഏത് സംശയത്തിനും മറുപടിയായി മെയ് 18 -ന് മാഞ്ചസ്റ്ററിൽ ഉണ്ടാവും

ഇതിനോടകം വെയിൽസിന്റെ ചീഫ് നേഴ്സിങ് ഓഫീസർ സ്യൂ ട്രങ്ക കോൺഫറൻസിൽ പങ്കെടുക്കുന്നത് നേഴ്സുമാരിൽ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. സ്യൂ ട്രങ്കയെ കൂടാതെ നേഴ്സിങ് രംഗത്തുള്ളമറ്റു പ്രമുഖരും അന്നേദിവസം പങ്കെടുക്കും.നയന മനോഹരമായ കലാപരിപാടികൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ് . ബിർമിങ്ഹാമിൽ നേഴ്‌സായ ജോഷി പുലിക്കുട്ടിൽ രചിച്ച മനോഹരമായ തീം സോങ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ് ,

കോൺഫറൻസിലും നേഴ്‌സസ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവർക്ക് റീവാലിഡേഷന് വേണ്ട സി പി ഡി ഹവേഴ്സ് ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. യുകെയിലെ എല്ലാ നേഴ്സുമാരെയും നേരിൽ കാണുവാനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി ഈ സമ്മേളനം മാറുമെന്നതിൽ സംശയമില്ല. അതോടൊപ്പം യു കെയിലുള്ള ഏറ്റവും സീനിയറായ മലയാളി നേഴ്സിനെ അന്നേദിവസം ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :സിജി സലിംകുട്ടി( +44 7723 078671)ജോബി ഐത്തിൽ ( 07956616508), സ്പോൺസർ സംബന്ധമായ അന്വേഷണങ്ങൾക്ക് മാത്തുക്കുട്ടി ആനകുത്തിക്കൽ (07944668903) ,രജിസ്ട്രേഷൻ സംബന്ധമായ അന്വേഷണങ്ങൾക്ക് ജിനി അരുൺ (07841677115), venue സംബന്ധമായ അന്വേഷണങ്ങൾക്ക് സന്ധ്യ പോൾ (07442522871) കൾച്ചറൽ പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങൾക്ക് സീമ സൈമൺ (07914693086) എന്നീ നമ്പറുകളിൽ ദയവായി കോൺടാക്ട് ചെയ്യുക.

യുകെ : നിങ്ങളുടെ കാർ മോഷണം പോയാൽ എങ്ങനെ കണ്ടെത്താമെന്നും , എന്തൊക്ക മുൻകരുതലുകൾ എടുക്കണമെന്നും വിശദീകരിക്കുന്ന വീഡിയോ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ യൂ ടൂബിലൂടെ പുറത്ത് വിട്ടു. തങ്ങൾക്ക് ഇഷ്‌ടപ്പെട്ട വിലപിടിപ്പുള്ള കാറുകൾ വാങ്ങുക എന്നത് ഇന്ന് യുകെ മലയാളികൾക്കിടയിൽ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ് . അത്തരം വാഹനങ്ങൾ വാങ്ങി ഉപയോഗിക്കുന്നവർ സ്വീകരിക്കേണ്ട ചില മുൻകരുതലുകളാണ് സുഭാഷ് ഈ വീഡിയോയിലൂടെ പങ്ക് വയ്ക്കുന്നത്. തന്റെ ജീവന് പോലും ഭീഷണി ഉണ്ടാകുന്ന സാഹചര്യമാണെന്നും , ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്ക് ഉണ്ടായാൽ അതിനെ തരണം ചെയ്യാൻ എന്തൊക്കെ ചെയ്യണമെന്നുള്ള വിശദമായ വിവരങ്ങൾ സുഭാഷ് നേരിട്ട് വിശദീകരിക്കുന്നുണ്ട് ഈ വീഡിയോയിൽ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോകളും , ലഭ്യമായ സി സി ടി വി വിഷ്വൽസും വരും ദിവസങ്ങളിൽ യൂ ടൂബിലൂടെ പബ്ളിഷ് ചെയ്യുമെന്നാണ് സുഭാഷ് പറയുന്നത്.

കഴിഞ്ഞ ദിവസം തന്റെ വീട്ടിൽ നിന്ന് മോഷ്‌ടിക്കപ്പെട്ട കാറിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്ത് വന്നപ്പോൾ അത് യുകെ മലയാളികൾക്ക് ഗുണകരമായി എന്ന് മനസ്സിലാക്കിയ സുഭാഷ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇന്ന് പബ്ളിഷ് ചെയ്ത വീഡിയോയിലൂടെ പുറത്ത് വിട്ടത്. വലിയ വിലയുള്ള വാഹനങ്ങൾ മോഷ്‌ടിച്ച് മറ്റ് രാജ്യങ്ങളിൽ എത്തിച്ച് കോടികൾ ഉണ്ടാക്കിയിരുന്ന വലിയൊരു അന്താരാഷ്‌ട്ര വാഹനമോഷണ സംഘമാണ് സുഭാഷിന്റെ ഇടപെടലിലൂടെ പോലീസിന്റെ വലയിലായത്.

പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പ്രാഥമിക നിഗമനം.

പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സണ്‍ തോമസ് ആണ് മരിച്ച ഗൃഹനാഥൻ. പൂവരണിയില്‍ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളില്‍ കട്ടിലില്‍ മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം.

ഭാര്യയെയും ചെറിയ കുട്ടിയടക്കം മൂന്ന് കുട്ടികളെയും വെട്ടിയോ കുത്തിയോ കൊന്ന ശേഷം ജയ്സണ്‍ തൂങ്ങിമരിച്ചത് ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.എന്നാല്‍ എന്താണ് ഇത്രയും ദാരുണമായ നിലയിലേക്ക് ഇവരെ എത്തിച്ചത് എന്നത് വ്യക്തമല്ല.

ഒരു റബര്‍ ഫാക്ടറിയില്‍ ഡ്രൈവറാണ് ജയ്സണ്‍ തോമസ് എന്നാണ് സൂചന. ഇവര്‍ പൂവരണിയില്‍ താമസമാക്കിയിട്ട് ഒരു വര്‍ഷമായിട്ടേയുള്ളൂ.

അതുകൊണ്ട് തന്നെ അയല്‍ക്കാര്‍ക്കും പരിമിതമായ വിവരങ്ങളേ ഇവരെ കുറിച്ചുള്ളൂ. പൊലീസ് നടപടികള്‍ തുടരുകയാണ്.അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ വമ്പന്‍ ജയവുമായി മാഞ്ചസ്‌റ്റര്‍ സിറ്റി. അയല്‍ക്കാരായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ 3-1 നാണു സിറ്റി തോല്‍പ്പിച്ചത്‌. സ്വന്തം തട്ടകമായ എതിഹാദ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിനു പിന്നില്‍നിന്ന ശേഷമാണു സിറ്റി മൂന്ന്‌ ഗോളുകളുമടിച്ചത്‌.

ഫില്‍ ഫോഡന്‍ ഇരട്ട ഗോളുകളും ഏര്‍ലിങ്‌ ഹാളണ്ട്‌ ഒരു ഗോളുമടിച്ചു. മാര്‍കസ്‌ റാഷ്‌ഫോഡാണു യുണൈറ്റഡിനായി ഗോളടിച്ചത്‌. 27 കളികളില്‍നിന്ന്‌ 62 പോയിന്റ്‌ നേടിയ സിറ്റി രണ്ടാം സ്‌ഥാനത്താണ്‌. ഒരു പോയിന്റിനു മുന്നിലുള്ള ലിവര്‍പൂളാണ്‌ ഒന്നാമത്‌. 44 പോയിന്റുള്ള യുണൈറ്റഡ്‌ ആറാം സ്‌ഥാനത്തു തുടര്‍ന്നു. എട്ടാം മിനിറ്റില്‍ എതിഹാദിനെ നിശബ്‌ദമാക്കി യുണൈറ്റഡ്‌ ലീഡ്‌ നേടി. ഗോള്‍ കീപ്പര്‍ ആന്ദ്രെ ഒനാന നല്‍കിയ ഒരു ലോംഗ്‌ ബോള്‍ സ്വീകരിച്ച ബ്രൂണോ ഫെര്‍ണാണ്ടസ്‌ റാഷ്‌ഫോഡിന്‌ മറിച്ചു നല്‍കി. റാഷ്‌ഫോഡിന്റെ പെനാല്‍റ്റി ബോക്‌സിനു പുറത്തു നിന്നുള്ള ലോകോത്തര ഫിനിഷ്‌ ഗോള്‍ കീപ്പര്‍ എഡേഴ്‌സണിനെ മറികടന്നു. ഗോള്‍ വീണതോടെ സിറ്റിയുടെ തുടരന്‍ ആക്രമണം കണ്ടു.

അവര്‍ ഒന്നാം പകുതിയില്‍ 17 ഷോട്ടുകള്‍ തൊടുത്തെങ്കിലും ഗോള്‍ ഒഴിഞ്ഞുനിന്നു. ഇഞ്ചുറി ടൈമില്‍ ഹാളണ്ടിനു സുവര്‍ണാവസാരം മുതലാക്കാനുമായില്ല. 56 -ാം മിനിറ്റില്‍ ഫില്‍ ഫോഡന്റെ മിന്നല്‍ ഷോട്ട്‌ ഒനാനയെ മറികടന്നു വലയിലെത്തി. 80-ാം മിനിറ്റില്‍ ഫോഡന്‍ തന്നെ സിറ്റിക്ക്‌ ലീഡും നല്‍കി. ഡാനി അല്‍വാരസിന്റെ അസിസ്‌റ്റിലായിരുന്നു ഫോഡന്റെ ഫിനിഷ്‌. 92-ാം മിനിറ്റില്‍ അബ്രത്തിന്റെ പിഴവ്‌ മുതലെടുത്ത്‌ ഹാളണ്ട്‌ സിറ്റിയുടെ ജയം ഉറപ്പിച്ച മൂന്നാം ഗോളുമടിച്ചു. സിറ്റിയുമായി 18 പോയിന്റിന്റെ അകലമുണ്ടെങ്കിലും തങ്ങളുടെ കാലം കഴിഞ്ഞിട്ടില്ലെന്നു യുണൈറ്റഡ്‌ കോച്ച്‌ എറിക്‌ ടെന്‍ ഹാഗ്‌ പറഞ്ഞു. യുണൈറ്റഡിന്റെ അടുത്ത മത്സരം ശനിയാഴ്‌ച എവര്‍ടണിനെതിരേയാണ്‌.

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി പാറ്റ്നിബിൻ മാക്സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ടുമലയാളികള്‍ അടക്കം ഏഴുപേർക്ക് പരിക്കേറ്റതായാണ് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നത്.

ബുഷ് ജോസഫ് ജോർജ്, പോള്‍ മെല്‍വിൻ എന്നിവരാണ് പരിക്കേറ്റ മലയാളികള്‍. മാർഗലിയോട്ടിലെ ഒരു പ്ളാന്റേഷനിലാണ് മിസൈല്‍ പതിച്ചത്. ലെബനനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

തിങ്കളാഴ്‌ച പ്രാദേശിക സമയം 11 മണിയോടെയാണ് ആക്രമണം നടന്നതെന്ന് ഇസ്രയേല്‍ വക്താവ് സാഖി ഹെല്ലർ പറഞ്ഞു. പാട്‌നിബിന്റെ മൃതദേഹം സിവ് ആശുപതിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ബുഷ് ജോസഫ് ജോർജ്, പോള്‍ മെല്‍വിൻ എന്നിവർ ചികിത്സയിലാണ്.

പെറ്റാ ടിക്കാവയിലെ ബെല്ലിസണ്‍സ് ആശുപത്രിലിയാണ് ജോർജിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. മുഖത്തും ദേഹത്തും പരിക്കേറ്റ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ‌്ക്ക് വിധേയനാക്കി. ജോർജിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.

മെല്‍വിൻ സിവ് ആശുപത്രിയിലാണ് ചികിത്സ തേടിയിട്ടുള്ളത്. ഇടുക്കി സ്വദേശിയാണ് പോള്‍ മെല്‍വിൻ.

ആനമങ്ങാട് വാഹനപരിശോധനയില്‍ കുഴല്‍പ്പണം പിടികൂടി. രഹസ്യവിവരത്തെതുടര്‍ന്ന് പെരിന്തല്‍മണ്ണ എസ്.എച്ച്.ഒ രാജീവും എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവും തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ഓട്ടോയില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടിച്ചെടുത്തത്. പണം കൊണ്ട് വന്ന മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി തോരപ്പ അബ്ദുള്‍ വഹാബിനെ കസ്റ്റഡിയിലെടുത്തു.

KL-10-AG-3839 നമ്പർ ഓട്ടോറിക്ഷയില്‍ പ്ലാറ്റ്‌ഫോമില്‍ ചവിട്ടിക്ക് താഴെ കവറിലാണ് പണം സൂക്ഷിച്ചിരുന്നത്. 11.15 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കോഡൂർ നിന്നും തൂതയില്‍ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായിട്ടാണ് പണം കൊണ്ടുവന്നിരുന്നത്.

യുകെ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി 12 മലയാളികുട്ടികൾ ഒരുമിച്ചു കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ്നു അർഹരായി. നിരന്തര പരിശീലനത്തിന്റെയും കഠിനതപസ്യയുടെയും പര്യായമായി ലോകത്തിലെ ഏറ്റവും പഴക്കമേറിയ ആയോധന കലയായ കരാട്ടേയിൽ മികവിന്റെ മകുടോദഹാരണങ്ങളായി 12 കുട്ടികൾ ബ്ലാക്ക് ബെൽറ്റ്‌ നേടിയപ്പോൾ യുകെ മലയാളി സമൂഹത്തിന് അതു അഭിമാന മുഹൂർത്തമായി. യുകെ ചീഫ് ഇൻസ്ട്രക്ടർ ആയ രാജ തോമസിന്റെ നേതൃത്വത്തിൽ സെൻസായിമാരായ ടോം ജോസ് മാത്യൂസ്, (മുൻ കേരള പോലീസ്, കരാട്ടെ പരിശീലകൻ, വാൽസാൽ & കവൻട്രി ) സിബു കുരുവിള (ഗ്ലൗസെസ്റ്റർ), റോയ് ജോർജ് (നോട്ടിംഗ്ഹാം), എന്നിവരുടെ ശിഷ്യണത്തിൽ കഴിഞ്ഞ 9 വർഷങ്ങളായി shorin-Ryu seibukan karate അഭ്യസിച്ചു വന്നിരുന്ന 12 പഠിതാക്കളുടെ ബ്ലാക്ക് ബെൽറ്റ്‌ വിതരണമാണ് മാർച്ച്‌ മാസം 3-ആം തീയതിലെസ്റ്റർ വച്ചു നടന്നത്.

ജിസ്സ ജോർജ്ജ് (നോട്ടിംഗ്ഹാം), ഡാനിയേല സെബാസ്റ്റ്യൻ, ജിയാന സെബാസ്റ്റ്യൻ (ഗ്ലൗസെസ്റ്റർ), അലൻ തോമസ്, ഷിബു തോമസ്, ജോസിൻ ജോസഫ്, ഹന്ന വർഗീസ്, മരിയ തോമസ്, ജോയ്‌ലിൻ ജോസഫ് (കവെൻട്രി), റോയ് ജോസഫ്, ഡിയോൾ ടോം, ഡോണ ടോം (വാൽസൽ)എന്നിവരാണ് ബ്ലാക്ക് ബെൽറ്റിന്  അർഹരായവർ.    ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കരാട്ടെ വിഭാഗമായ shorin Ryu seibukan ജപ്പാനിലെ ഒകിനാവ എന്ന പ്രദേശത്തുനിന്നും ഉത്ഭവിച്ചു 18 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു ഒട്ടനവധി ആരാധകരുള്ള കരാട്ടേയുടെ ഏറ്റവും ശ്രെഷ്ഠമായ രൂപമാണ്. സ്വയം പ്രതിരോധത്തിലൂന്നി അർപ്പണബോധത്തോടെ മാനസികവും ശാരീരികവുമായ ആത്മസമർപ്പണത്തിന്റെ ഉത്തമ ഉദാഹരണമായി ഓരോ പഠിതാവിനേയും വാർത്തെടുക്കുന്ന അയോദ്ധനകലയാണ് seibukan karate.

പഠിതാക്കളുടെ വ്യക്തിത്വ വികസനവും ആരോഗ്യപരിപാലനവും മുൻനിർത്തി മാതാപിതാക്കളുടെ പ്രോത്സാഹനത്തോടൊപ്പം വർഷങ്ങളായുള്ള പഠിതാക്കളുടെ ആത്മസമർപ്പണവും ഒത്തൊരുമിക്കുമ്പോൾ കാര്യപ്രാപ്തി, കരുത്ത്, പ്രായോഗികക്ഷമത, ചടുലത, ആത്മീയത, ഭൗതീകത എന്നിവയാൽ അലംക്രതരായ ഈ കുട്ടികൾ ഓരോ യുകെ മലയാളിക്കും ആവേശമാകുന്നു.

 

റോമി കുര്യാക്കോസ്

ലണ്ടൻ: യു കെയിൽ അടുത്തിടെ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയങ്ങൾ വിശദീകരിച്ചുകൊണ്ടും പഠനം, തൊഴിൽ സംബന്ധമായി യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടി നൽകിക്കൊണ്ടും ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബ്ബിനാർ ‘നിയമസദസ്സ്’ മികവുറ്റതായി. നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 25 – ന് സംഘടിപ്പിച്ച സെമിനാറിലും അതിന്റെ ഭാഗമായി നടന്ന ചോദ്യോത്തര വേളയിലും ദൃശ്യമായ വൻ ജനപങ്കാളിത്തം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാറി.

നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ – യു കെ ചാപ്റ്റർ പ്രസിഡന്റുമായ അഡ്വ. സോണിയ സണ്ണി ‘നിയമസദസ്സി’ൽ മുഖ്യപ്രഭാഷണം നടത്തി. ഐഒസി – യു കെ വക്താവ് അജിത് മുതയിൽ സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിയും ഐഒസി ഈ വിഷയം ഏറ്റെടുക്കാനുണ്ടായ സാഹചര്യവും വ്യക്തമാക്കി ആമുഖ പ്രസംഗം നടത്തി. പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇത്തരത്തിലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി. ഐഒസി സീനിയർ ലീഡർ അപ്പച്ചൻ കണ്ണഞ്ചിറ സെമിനാറിൽ പങ്കെടുത്ത അതിഥികൾക്കും ഭാഗമായ മറ്റുള്ളവർക്കും സ്വാഗതം ആശംസിച്ചു.

യു കെയിൽ മെച്ചപ്പെട്ട പഠനം, തൊഴിൽ, ജീവിതം പ്രതീക്ഷിച്ചവർക്ക്‌ ആശങ്കകൾ സൃഷ്ടിക്കുന്ന പുതിയ വിസ നയങ്ങളിലെ സങ്കീർണ്ണതകളുടെ ചുരുളഴിക്കാൻ ഈ സെമിനാർ ഉപകരിക്കുമെന്നും കാലിക പ്രസക്തമായ വിഷയങ്ങളിലെ സജീവമായ ഇടപെടലുകൾ ഐഒസി തുടരുമെന്നും ഐഒസി യുകെ – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയേൽ വ്യക്തമാക്കി.

ഏറെ പ്രാധാന്യമേറിയതും കാലിക പ്രസക്തവുമായ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ എല്ലാവരിലേക്കും എത്തുന്ന രീതിയിലാണ് സെമിനാർ സംഘടിപ്പിക്കപ്പെട്ടത്. യു കെയിൽ തൊഴിൽ – വിദ്യാർത്ഥി വിസ നയങ്ങളിൽ വന്ന മാറ്റങ്ങളും സങ്കീർണ്ണതകളും സെമിനാറിൽ വളരെ സരളമായ രീതിയിൽ വിശദീകരികരിച്ചത് ഏവർക്കും പ്രയോജനപ്രദമായി. സെമിനാറിന്റെ മുഖ്യ ആകർഷണമായി മാറിയ ചോദ്യോത്തര വേളയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമുള്ളവർ പങ്കെടുത്തത് പരിപാടിയുടെ ഉദ്ദേശ്യശുദ്ധി പൂർണ്ണമായി വിജയിച്ചു എന്നതിന്റെ അടിവരയിട്ട തെളിവായി.

പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും ഈ വിഷയത്തിൽ കൂടുതലായി എന്തെങ്കിലും കാര്യങ്ങൾ അറിയേണ്ടവർക്കുമായി മുൻകൂട്ടി ചോദ്യങ്ങൾ ഉന്നയിക്കുവാനായി നൽകിയിരുന്ന ഹെല്പ് നമ്പറുകൾ മാധ്യമങ്ങളിൽ നേരത്തെ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇങ്ങനെ ലഭിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളും സെമിനാറിൽ നൽകി. സെമിനാറിൽ പങ്കെടുക്കാൻ സാധിക്കാതെപോയവർ മുൻകൂട്ടി നൽകിയ ചോദ്യങ്ങൾക്കുള്ള നിവാരണം അവർക്ക് ഇ-മെയിൽ മുഖേന നൽകുന്നതിള്ള ഏർപ്പാടുകളും ചെയ്തിരുന്നു.

ഐഒസി – കേരള ചാപ്റ്റർ ഭാരവാഹികളായ അപ്പച്ചൻ കണ്ണഞ്ചിറ, റോമി കുര്യാക്കോസ്, ബോബിൻ ഫിലിപ്പ്, അശ്വതി നായർ, ജെന്നിഫർ ജോയ്, അജി ജോർജ്, സുരാജ് കൃഷ്ണൻ, അഡ്വ. ബിബിൻ ബോബച്ചൻ തുടങ്ങിയവരാണ് നിയമസദസ്സ്’ സെമിനാറിന്റെ സ്‌ട്രീംലൈൻ, ഹെല്പ് ഡസ്ക്, ചോദ്യോത്തര സെഷൻ ക്രോഡീകരണം, മീഡിയ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കോർഡിനേറ്റർമാരായി പ്രവർത്തിച്ചത്.

സെമിനാറിൽ പങ്കെടുത്ത അതിഥികൾ, ശ്രോതാക്കൾ, കോർഡിനേറ്റർമാർ തുടങ്ങിയവർക്കുള്ള നന്ദി ഐഒസി യു കെ – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയൽ അർപ്പിച്ചു.

സ്വന്തം പുരയിടത്തില്‍ നില്‍ക്കുമ്പോഴാണ് കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ ഇന്ദിരയെന്ന വയോധിക കൊല്ലപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഇവരുടെ വീടിനോട് ചേര്‍ന്ന പറമ്പില്‍ മൂന്നു കാട്ടാനകള്‍ നിലയുറപ്പിച്ചിരുന്നു.

ആനകള്‍ പുരയിടത്തിലേക്ക് എത്തുന്നതുകണ്ടതോടെ അവയെ തുരത്താന്‍ ഇന്ദിര ശ്രമിക്കുകയായിരുന്നു. രണ്ട് കാട്ടാനകള്‍ തിരികെ കാട്ടിലേക്ക് പോയെങ്കിലും ഒരു ആന പുരയിടത്തിലേക്കെത്തി ഇന്ദിരയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

കാലിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇന്ദിരയ്ക്ക് പെട്ടെന്ന് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞില്ല എന്നാണ് ദൃസാക്ഷികളായ നാട്ടുകാര്‍ പറയുന്നത്.

പ്രദേശത്ത് റബ്ബര്‍ വെട്ടുകയായിരുന്ന തൊഴിലാളികളാണ് ആദ്യം സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തിയത്. ഇന്ദിരയുടെ ചെവിയുടെ ഭാഗത്തടക്കം മുറിവുകള്‍ ഉണ്ടായിരുന്നതായും ആന തലയ്ക്ക് ചവിട്ടിയിട്ടുണ്ടാകാം എന്നുമാണ് ഇവര്‍ പറയുന്നത്.

രാവിലെ 7.15-ഓടെയാണ് സംഭവം നടന്നതെങ്കിലും ഒന്നരമണിക്കൂര്‍ കഴിഞ്ഞാണ് ഇന്ദിരയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത് എന്നാണ് വിവരം.

ഇടുക്കി- എറണാകുളം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നതും മലയാറ്റൂര്‍ റിസര്‍വ്വിനോട് ചേര്‍ന്നതുമായ പ്രദേശവുമാണ് കാഞ്ഞിരവേലി. കഴിഞ്ഞ കുറച്ചുദിവസമായി പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജനവാസം താരതമ്യേന കുറഞ്ഞ പ്രദേശമാണിത്. വന്യജീവി ആക്രമങ്ങളെ ഭയന്ന് പ്രദേശത്തെ വലിയ ശതമാനം ജനങ്ങളും നേരത്തെ ഇവിടംവിട്ടുപോയിരുന്നു.

പകല്‍ സമയത്തുപോലും കൊച്ചി- ധനുഷ്‌കോടി ദേശീയപാത കാട്ടാനകള്‍ മുറിച്ചുകടക്കാറുണ്ട്. വനംവകുപ്പ് ആര്‍.ആര്‍.ടി. സംഘവും നാട്ടുകാരും ചേര്‍ന്നാണ് ഇവയെ വിരട്ടിയോടിക്കാറ്.

നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍. താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം റേഞ്ച് ഓഫീസിന് മുന്നിലൂടെയാണ് കൊണ്ടുവരിക എന്നാണ് വിവരം.

RECENT POSTS
Copyright © . All rights reserved