വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നൂറനാട് തത്തമുന്ന മുറിയിൽ വടക്കേകാലായിൽ അനന്ദുവാണ് (24) നൂറനാട് പൊലീസിന്റെ പിടിയിലായത്. 28കാരിയെ പ്രതി കഴിഞ്ഞ കുറച്ചുനാളുകളായി പിറകെ നടന്ന് ശല്യപ്പെടുത്തുകയും തന്നെ കല്യാണം കഴിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഏഴാംതീയതി രാത്രി യുവതിയുടെ വീടിന് സമീപം വച്ച് പെൺകുട്ടിയെ ഒപ്പം വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു. വഴങ്ങാതിരുന്നതിന് യുവാവിന്റെ ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ പെൺകുട്ടിയുടെ മൂക്ക് പൊട്ടി. തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അവിടെ നിന്ന് ഓടി രക്ഷപ്പെട്ട പെൺകുട്ടി നൂറനാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതി കഴിഞ്ഞ ദിവസം ചാരുംമൂട് നിന്നാണ് അറസ്റ്റിലായത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
സി.ഐ പി.ശ്രീജിത്ത്, എസ്.ഐമാരായ എസ്.നിതീഷ്, സുബാഷ് ബാബു, സി.പി.ഒ മാരായ മനു, കണ്ണൻ, ഷിബു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ബിനു ജോർജ്
കവൻട്രി : ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പതിനൊന്നു ഗായകസംഘങ്ങൾ. മാലാഖമാരുടെ സ്വർഗീയ സംഗീതത്തോടൊപ്പം അവർ ചേർന്നു പാടിയപ്പോൾ കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഉയർന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവർണ്ണഗീതങ്ങൾ.
കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ ൯ ശനിയാഴ്ച്ച കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം ടിവിയും , ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദി വേൾഡ് കരോൾ ഗാന മത്സരത്തിന്റെ ആറാം പതിപ്പിൽ പങ്കെടുത്തത് യുകെയിലെ മികച്ച പതിനൊന്ന് ഗായകസംഘങ്ങൾ. ‘ജോയ് ടു ദി വേൾഡ്’ സീസൺ 6 ഓൾ യുകെ കരോൾ ഗാന മത്സരത്തിൽ കിരീടം ചൂടിയ കവൻട്രി വർഷിപ്പ് സെന്ററിന് ആയിരം പൗണ്ട് കാഷ് അവാർഡും ‘ജോയ് ടു ദി വേൾഡ്’ വിന്നേഴ്സ് ട്രോഫിയും ലഭിച്ചു.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ പള്ളികളെയും , സംഘടനകളെയും പ്രതിനിധീകരിച്ചു എത്തിയ പതിനൊന്നു ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ ഹെർമോൻ മാർത്തോമാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും,ഹാർമണി ഇൻ ക്രൈസ്റ്റ് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെന്റ് ജെയിംസ് മാർത്തോമാ ചർച്ച് ലണ്ടൻ നാലാം സ്ഥാനവും, സഹൃദയ ടൺബ്രിഡ്ജ് വെൽസ് അഞ്ചാം സ്ഥാനവും നേടി. ഈ വർഷം മുതൽ ഏർപ്പെടുത്തിയ ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്ററ് അപ്പിയറൻസ്’ അവാർഡിന് ബിർമിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ അർഹരായി. രണ്ടാം സ്ഥാനം നേടിയ ടീമിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും , മൂന്നാം സമ്മാനം നേടിയ ടീമിന് ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും , നാലും അഞ്ചും ടീമുകൾക്കു ട്രോഫിയും സമ്മാനിച്ചു.
കവൻട്രി സെന്റ്. ജോൺ വിയാനി കാത്തലിക് ചർച്ച് വികാരി റവ. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുത്ത് പരിപാടി ഉത്‌ഘാടനം ചെയ്തു. ചർച്ച് ഓഫ് ഗോഡ് യുകെ ആൻഡ് യൂറോപ്പ് ഓവര്സീർ റവ. ഡോ. ജോ കുര്യൻ, കവൻട്രി വർഷിപ്പ് സെന്റർ ചർച്ച് മിനിസ്റ്റർ പാസ്റ്റർ ജിജി തോമസ് എന്നിവർ ക്രിസ്മസ് സന്ദേശം നൽകി സംസാരിച്ചു.
ചലച്ചിത്ര പിന്നണി ഗായിക ഡെൽസി നൈനാൻ, ഗായകനും മ്യൂസിഷ്യനുമായ അജിത് യോഗി, കംപോസറും സംഗീതജ്ഞനുമായ സാബു ജോസ്, ഗായകനും സുവ്‌സേഷകനുമായ ഡോ. ബ്ലെസൻ മേമന എന്നിവർ അതിഥികളായി എത്തിയിരുന്നു. കരോൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി.
മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ഡെൽസി നൈനാൻ, അജിത് യോഗി, സാബു ജോസ്, ഡോ. ബ്ലെസൻ മേമന, ദീപേഷ് സ്കറിയ, മനോജ് തോമസ്, ഗർഷോം ടി വി ഡയറക്ടർമാരായ ജോമോൻ കുന്നേൽ , ബിനു ജോർജ്, ലണ്ടൻ അസാഫിയൻസ് സെക്രട്ടറി സുനീഷ് ജോർജ്, ബാൻഡ് ലീഡർ ജോയ് തോമസ്, ജോയ് ടു ദി വേൾഡ് ചീഫ് കോ-ഓർഡിനേറ്റർ ജോഷി സിറിയക് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയ് ടു ദി വേൾഡ് സീസൺ 7 2024 ഡിസംമ്പർ 7 നു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒരു കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ട കൂടത്തായി കൊലക്കേസിനെ ആസ്പദമാക്കി നെറ്റ് ഫ്ലിക്സ് ഒരുക്കുന്ന കറി ആൻഡ് സയനൈഡ് ; ദി ജോളി കേസ് എന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവും മലയാളിയുമായ ക്രിസ്റ്റോ ടോമിയാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. ഡിസംബർ 22ന് ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ഡോക്യുമെന്ററിയുടെ ട്രെയിലർ ഇന്ന് പുറത്തിറങ്ങി.
കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, ജോളിയുടെ മകൻ, കുടുംബാംഗങ്ങൾ , ജോളിയുടെ അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരെ ട്രെയിലറിൽ കാണാം. അഭിഭാഷകൻ ആളൂരിനെയും കാണിക്കുന്നുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഡോക്യുമെന്ററി സ്ട്രീം ചെയ്യും. ഇതാദ്യമായാണ് കേരളത്തിൽ നിന്നൊരു കേസ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയാക്കുന്നത്. ജോളി പല രഹസ്യങ്ങളും ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പലതും ചുരുളഴിയാനുണ്ടെന്നും ട്രെയിലറിൽ വ്യക്തമാക്കുന്നു.
2019ലാണ് കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. പൊന്നാമറ്റം കുടുംബത്തിലെ തുടർച്ചയായ ദുരൂഹമരണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് കുടുംബാംഗമായ ജോളി ജോസഫാണെന്ന വിവരമാണ് പുറത്തുവന്നത്. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി. മകൾ ആൽഫിൻ എന്നിവർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫാണ് ആറ് കൊലപാതകങ്ങൾക്കും പിന്നിലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ ആറുപേര്‍ക്ക് പങ്കുള്ളതായി പോലീസ്. പരസ്പരം അറിയാമായിരുന്ന ഇവര്‍ ഗുരുഗ്രാമിലെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് തൊട്ടുമുമ്പ് പ്രതികള്‍ താമസിച്ചിരുന്ന ഗുരുഗ്രാമിലെ വീട്ടില്‍ ഡല്‍ഹി പോലീസ് പരിശോധന നടത്തി.
‘പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരും പിടികൂടിയ നാലുപ്രതികളും ഗുരുഗ്രാമിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ സംഭവം ആസൂത്രിതമാണെന്നാണ് കണ്ടെത്തല്‍. പ്രതികളിലാരുടെയും ഫോണുകള്‍ കണ്ടെത്തിയിട്ടില്ല. പോലീസ് ഫോണിനായി തിരയുകയാണ്’, പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നാലു വര്‍ഷമായി പ്രതികള്‍ തമ്മില്‍ പരിചയമുണ്ട്. കുറച്ചുദിവസം മുന്‍പാണ് പാര്‍ലമെന്റില്‍ പ്രതിഷേധിക്കാനുള്ള പദ്ധതി ഇവര്‍ ആസൂത്രണം ചെയ്തത്. ഇതിനുമുന്നോടിയായി സ്ഥലത്ത് നിരീക്ഷണവും നടത്തിയിരുന്നു.
സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ലോക്‌സഭയുടെ ശൂന്യവേളയില്‍ അക്രമം നടത്തിയത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്.
അതേസമയം, സംഭവം അന്വേഷിക്കാന്‍ കേന്ദ്രം സമിതിയെ നിയോഗിച്ചു. സി.ആര്‍.പി.എഫ്. ഡി.ജി. ദയാല്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മറ്റ് സുരക്ഷാ ഏജന്‍സികളില്‍നിന്നുള്ള അംഗങ്ങളും വിദഗ്ധരും സമിതിയിലുണ്ടാവും. വീഴ്ചകള്‍ കണ്ടെത്തി തുടര്‍നടപടി ശുപാര്‍ശ ചെയ്യാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമിതി എത്രയും വേഗം സമര്‍പ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
വിശ്വാസം പ്രഘോഷിക്കാനും ദൈവത്തിൻറെ സാന്നിധ്യം ജനങ്ങളിൽ എത്തിക്കുന്നതിനായും യൂറോപ്പിൽ ഒരു പുതിയ ന്യൂസ് ചാനൽ പിറവിയെടുത്തു. ഷെകെയ്ന ന്യൂസ് യൂറോപ്പ് ഉദ്ഘാടനം ചെയ്തത് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് .
ഡിസംബർ 9-ാം തീയതി രാവിലെ 10 മണിക്ക് ഏഴു തിരികളുള്ള മെനോറാ ദീപം തെളിയിച്ചാണ് അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തത്.
മാർ ജോസഫ് സ്രാമ്പിക്കലിനൊപ്പം ബ്രദർ സന്തോഷ് കരുമത്തറ, ഷെകെയ്ന യൂറോപ്പ് കോഡിനേറ്റർ ബ്രദർ വിന്നർ വിവിധ രൂപതാ പ്രതിനിധികളുമാണ് ഉദ്ഘാടന കർമ്മത്തിൽ തിരികൾ തെളിച്ചത്. ഷെകെയ്ന എന്ന പേരു പോലെ ദൈവത്തിൻറെ സാന്നിധ്യമാകാൻ ഷെകെയ്ന ന്യൂസിന് കഴിയട്ടെ എന്ന് മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിട്ട് നമ്മുടെ കുഞ്ഞുങ്ങൾക്കും തലമുറകൾക്കും വിശ്വാസത്തിൻറെ അടിത്തറ പകർന്നു നൽകുകയാണ് ഷെകെയ്നയുടെ ഉദ്ദേശലക്ഷ്യമെന്ന് തൻറെ പ്രസംഗത്തിൽ ഷെകെയ്ന ന്യൂസിന്റെ അമരക്കാരനായ സന്തോഷ് കരുമത്തറ പറഞ്ഞു.
2023 ഡിസംബർ 16 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ വെംബ്ളിക്ക് സമീപമുള്ള സഡ്‌ബറി പ്രൈമറി സ്‌കൂളിൽ വച്ച് നടത്തപ്പെടുന്നു. അഡ്രസ്സ് : വാറ്റ്‌ഫോർഡ് റോഡ്, വെംബ്ലി HA0 3EY
ഏറെ പ്രതീക്ഷയോടെയാണ് ഈ വർഷത്തെ ബെൽസ് ആൻഡ് ലൈറ്റ്‌സ് 2023 ഒരുക്കിയിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചിട്ടുള്ളത്. സമൂഹത്തിലെ എല്ലാവർക്കും ആസ്വാദ്യകരമായ കലാ പ്രകടനങ്ങളാണ് ഒരിക്കിയിക്കുന്നത് … ഹൃദയസ്പർശിയായ നസരീൻസ് ക്രോണിക്കിൾസ് എന്ന ദൃശ്യാവിഷ്കരണം, ആത്മാവിനെ ഉത്തേജിപ്പിക്കുന്ന കരോൾ ആലാപനം, തിരുവെഴുത്തുകളിൽ നിന്നുള്ള ചിന്തനീയമായ പ്രതിഫലനങ്ങൾ എന്നിവയാൽ നിറഞ്ഞ ഒരു സായാഹ്നം എല്ലാവർക്കും ആസ്വദിക്കതക്കതായിരിക്കും. ഈ ആഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആനന്ദകരമായ അത്താഴവും ഒരുക്കുന്നുണ്ട്.
കലാ പ്രകടനങ്ങളും ദൃശ്യാവിഷ്കാരവും: വെംബ്ലി ക്രിസ്ത്യൻ ഫെലോഷിപ്പിലെ അംഗങ്ങൾ വിനോദവും ആത്മീയ ഉന്നമനവും വാഗ്ദാനം ചെയ്യുന്ന ഒരു കലാ വിരുന്ന് അവതരിപ്പിക്കാൻ അണിയറയിൽ ഉത്സാഹത്തോടെ പ്രവർത്തിച്ചുവരുന്നതായി അറിയിച്ചു. ക്രിസ്മസിന് ജീവൻ നൽകുന്ന സമ്പന്നമായ പ്രകടനങ്ങളുടെ ഒരു നിര ആസ്വാദ്യമാക്കുവാൻ ഈ വർഷം ഇതാദ്യമായി “നസ്രായന്റെ ക്രോണിക്കിൾസ്” എന്ന പുതിയ ദൃശ്യാവിഷ്കാരം അരങ്ങേറുന്നു.
ഹൃദയസ്പർശിയായ കരോൾ ആലാപനം: ക്ലാസിക് കരോളുകളുടെ കാലാതീതമായ മെലഡികൾ വായുവിൽ പ്രതിധ്വനിക്കുമ്പോൾ ആഘോഷത്തിന്റെ സന്തോഷത്തിൽ ചേരൂവാൻ ഏവർക്കും കഴിയും. ഐക്യത്തിന്റെയും ആഘോഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് സന്തോഷകരമായ കരോൾ ഗാനത്തിൽ പങ്കെടുക്കാൻ മുഴുവൻ സമൂഹത്തെയും ക്ഷണിക്കുന്നതായി അവർ അറിയിച്ചു.
തിരുവെഴുത്തുകളിൽ നിന്നുള്ള പ്രതിഫലനങ്ങൾ: ബെൽസ് & ലൈറ്റ്സ് 2023 കേവലം ഉല്ലാസം മാത്രമല്ല; കൂടാതെ പ്രതിഫലനത്തിനും പരസ്പരമുള്ള കൂട്ടായ്മക്കുള്ള അവസരമാണെന്നും സംഘാടകർ അറിയിച്ചു. അവധിക്കാലത്തിന്റെ ആഴത്തിലുള്ള അർത്ഥം ഉൾക്കൊള്ളാൻ പങ്കെടുക്കുന്നവരെ അനുവദിക്കുന്ന, തിരുവെഴുത്തുകളിൽ നിന്നുള്ള വായനകൾക്കൊപ്പം ശാന്തമായ ധ്യാനത്തിന്റെ നിമിഷങ്ങൾ ഇവന്റിലുണ്ടാകും
എല്ലാവർക്കും ആഹ്ളാദകരവും രുചിയേറിയതുമായ അത്താഴം: കലാ പ്രകടനങ്ങൾ, കരോൾ ആലാപനം, പ്രതിഫലനങ്ങൾ എന്നിവയ്ക്ക് ശേഷം, പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും രുചികരമായ ക്രിസ്മസ് അത്താഴവും ഒരുക്കും. കമ്മ്യൂണിറ്റിക്ക് ഒത്തുചേരാനും കഥകൾ പങ്കിടാനും ഒരുമിച്ച് അത്താഴം ആസ്വദിക്കാനും ഇത് ഒരു മികച്ച അവസരം നൽകും.
നടക്കാനിരിക്കുന്ന ഇവന്റിനെക്കുറിച്ച് വെംബ്ളി ക്രിസ്റ്റ്യൻ ഫെലോഷിപ്പിന് നേതൃത്വം കൊടുക്കുന്ന പാസ്റ്റർ ജെയ്‌സ് ജോർജ്ജ് വളരെ പ്രത്യാശ പ്രകടിപ്പിച്ചു, “ബെൽസ് & ലൈറ്റ്സ് വെറുമൊരു ആഘോഷമല്ല; നമ്മുടെ സമൂഹത്തിന് ഒത്തുചേരാനും സീസണിന്റെ സന്തോഷത്തിൽ പങ്കുചേരാനും സത്യത്തെക്കുറിച്ച് ചിന്തിക്കാനുമുള്ള സമയമാണിത്. ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥം, ഐക്യത്തിന്റെയും ഒരുമയുടെയും ഈ പ്രത്യേക സായാഹ്നത്തിൽ തങ്ങളോടൊപ്പം ചേർന്ന് ചിന്തിക്കുവാനും ആഘോഷിക്കുവാനും അദ്ദേഹം എല്ലാവരേയും ഹൃദയംഗമമായി ക്ഷണിക്കുകയും ചെയ്തു.
നടത്തപ്പെടുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ: സഡ്‌ബറി പ്രൈമറി സ്‌കൂൾ വാറ്റ്‌ഫോർഡ് റോഡ്, വെംബ്ലി HA0 3EY 17:30 GMT ന് പരിപാടി ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും പ്രോഗ്രാമിൽ പങ്കെടുക്കുന്വാൻ രജിസ്റ്റർ ചെയ്യുന്നതിനും https://www.eventbrite.co.uk/e/bells-lights-2023-tickets-759207328557?aff=erelexpmlt എന്ന പോർട്ടൽ സന്ദർശിക്കുക.
കുടകിലെ റിസോര്‍ട്ടില്‍ കൊല്ലം സ്വദേശികളായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവല്ല മാര്‍ത്തോമ കോളേജിലെ അസി. പ്രൊഫസറെയും ഭര്‍ത്താവിനെയും കുട്ടിയെയുമായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജില്‍ ശനിയാഴ്ച രാവിലെ ഹോട്ടല്‍ ജോലിക്കാരാണ് മൃതദേഹം കണ്ടത്.
തിരുവല്ല മാര്‍ത്തോമ കോളജിലെ അസി. പ്രൊഫസര്‍ കല്ലൂപ്പാറ സ്വദേശിനി ജിബി എബ്രഹാം (38), തിരുവല്ലയില്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന ഭര്‍ത്താവും വിമുക്തഭടനും കൊല്ലം സ്വദേശിയുമായ വിനോദ് ബാബുസേനന്‍ (43), ജിബിയുടെ ആദ്യവിവാഹത്തിലുള്ള മകള്‍ ജെയിന്‍ മരിയ ജേക്കബ് (11) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് മൂന്നംഗ കുടുംബം റിസോര്‍ട്ടില്‍ മുറിയെടുത്തത്. കുറച്ചുനേരം ഇവര്‍ റിസോര്‍ട്ട് ചുറ്റിനടന്ന് കണ്ടിരുന്നുവെന്ന് മാനേജര്‍ ആനന്ദ് പോലീസിന് മൊഴിനല്‍കി. പുറത്തുള്ള കടയില്‍ പോയ മൂവരും തിരിച്ചെത്തി അത്താഴം കഴിച്ച് കോട്ടേജിലേക്ക് മടങ്ങി.
ശനിയാഴ്ച രാവിലെ 10-ന് മുറി ഒഴിയുമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ 10 മണി കഴിഞ്ഞിട്ടും ഇവരെ പുറത്തേക്ക് കാണാതെ വന്നപ്പോള്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വിനോദിന്റെയും ജിബിയുടെയും രണ്ടാംവിവാഹമാണ്. ജിബി ജനിച്ചതും വളര്‍ന്നതും ഗള്‍ഫിലാണ്. കാസര്‍കോട് സ്വദേശിയുമായി വിവാഹം കഴിഞ്ഞശേഷം ബെംഗളൂരുവില്‍ കഴിയുകയായിരുന്നു.
എട്ടുവര്‍ഷം മുന്‍പാണ് തിരുവല്ല മാര്‍ത്തോമ കോളജില്‍ സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സായ എം.എസ്സി. ബയോടെക്‌നോളജിയില്‍ അസി. പ്രൊഫസറായി ചേര്‍ന്നത്.
തിരുവല്ല ജോയ് ആലുക്കാസിന് സമീപത്തെ ഫ്‌ളാറ്റിലാണ് വിനോദും ജിബിയും മകളുമായി കഴിഞ്ഞിരുന്നത്. വിനോദിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ ജിബി പാര്‍ട്ണര്‍ കൂടിയായിരുന്നു. ജെയിന്‍ മരിയ ജേക്കബ് ഏഴാംക്ലാസിലാണ് പഠിക്കുന്നത്. കനേഡിയന്‍ വിസയുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികളില്‍നിന്ന് വിനോദ് വാങ്ങിയ പണം മറ്റാരോ തട്ടിച്ചെടുത്തുവെന്ന് സൂചനയുണ്ട്. ഇതേത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നാണ് വിവരം.
വിനോദ് സൈന്യത്തില്‍നിന്ന് വിരമിച്ചയാളാണ്. ഇയാള്‍ക്ക് ആദ്യ വിവാഹത്തില്‍ ഭാര്യയും ഒരു മകളുമുണ്ട്. ഇവര്‍ കാനഡയിലാണുള്ളതെന്നാണ് പറഞ്ഞിരിക്കുന്നത്. ജിബി കഴിഞ്ഞ മാസം പരീക്ഷാഡ്യൂട്ടിക്ക് എത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഒരാഴ്ചമുന്‍പ് ഡല്‍ഹിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജിബി ലീവെടുത്തത്.
ഇംഗ്ലണ്ടിലെ കുതിരപ്പന്തയങ്ങൾക്ക് പേരുകേട്ട ചെൽറ്റൻ ഫാമിലെ മലയാളികളുടെ ആവേശവും അഭിമാനവുമായ മലയാളി അസോസിയേഷൻ ഓഫ് ചെൻറ്റൻഹാമിന് പുതിയ നേതൃത്വം പ്രസിഡണ്ടായി ബെൻസൺ തോമസും, സെക്രട്ടറിയായി ഷിമ്മി ജോർജ്ജും കഴിഞ്ഞമാസം 22-ാം തീയത സെന്റ് തോമസ് മോർ ചർച്ച് ഹാളിൽ നടന്ന അസോസിയേഷന്റെ ജനറൽബോഡി യോഗത്തിൽ വച്ച് തെരഞ്ഞെടുക്കപ്പെട്ടു.
നീണ്ടകാലം സെൻറ് തോമസ് മൂർ കാത്തോലിക് ചർച്ചിന്റെ ട്രസ്റ്റിയും യുകെയിലെ കോതമംഗലം സംഗമത്തിന്റെ അമരക്കാരനുമായ ബെൻസൺ തോമസിന്റെ നേതൃത്വം വളരെ പ്രതീക്ഷയോടും അഭിമാനത്തോടും കൂടിയാണ് അസോസിയേഷൻ അംഗങ്ങൾ നോക്കി കാണുന്നത്. ഇംഗ്ലണ്ടിലെ മികച്ച സംഘാടകനായ ഷിമ്മി ജോർജിൻറെ നേതൃത്വഗുണം അസോസിയേഷന് എന്നും മുതൽക്കൂട്ടായിരിക്കും. ഇംഗ്ലണ്ടിലെ മലയാളികളുടെ അടുത്തകാലത്ത് ഉണ്ടായ കുടിയേറ്റവും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പ്രഥമ പരിഗണന കൊടുത്തു കൊണ്ട് അസോസിയേഷന്റെ വിവിധ രീതിയിലുള്ള വളർച്ചയ്ക്കും അതോടൊപ്പം തന്നെ കേരളത്തിൻറെ പൈതൃകവും പാരമ്പര്യവും തനിമയും മുറുകെ പിടിച്ചുകൊണ്ട് അസോസിയേഷനെ യുകെയിലെ തന്നെ മികച്ച ഒരു അസോസിയേഷൻ ആക്കുവാൻ തൻറെ നേതൃത്വം പ്രതിജ്ഞാ ബന്ധമാണെന്ന് ബെൻസൺ തോമസ് അസോസിയേഷൻ അംഗങ്ങൾക്കുള്ള മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.
അതോടൊപ്പം 2023 – 24 വർഷത്തേയ്ക്കുള്ള വിവിധ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ട്രഷററായി ബെന്നി വർഗീസിനെയും വൈസ് പ്രസിഡണ്ടായി ഡോണ ഫിലിപ്പിനെയും ജോയിൻറ് സെക്രട്ടറിയായി ജോൺസി നിക്സൺ, ആർട്സ് കോർഡിനേറ്റർ ആയി സജിനി കുര്യനെയും, വെബ് കോർഡിനേറ്ററായി ഡെനിൻ ദേവസ്യയെയും, ചാരിറ്റി കോർഡിനേറ്ററായി ടിൻസി തോമസിനെയും . മാക്ക് ഫൺ ബോയ്സ് കോഡിനേറ്ററായി ഡേവിസ് പുത്തൂരിനെയും അയൺ ലേഡീസ് കോഡിനേറ്ററായി സ്മിത ജോസിനെയും ഓഡിറ്ററായി തോമസ് ഡാനിയേലിനെയും ആർട്സ് കോർഡിനേറ്ററായി ജിജു ജോണിനെയും ഫാമിലി ഇവന്റ് കോർഡിനേറ്ററായി ഡെന്നിസ് മാത്യുവിനെയും അതോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളായി ജോജി കുര്യൻ, ഡോക്ടർ അശോക്, ഗ്രീംസൺ കാവനാൽ, ജെസ്വിൻ മാത്യു, നിക്സൺ പൈലോത്ത്, ഷിജോ ജോസഫ് , ടോമി ജോർജ് , ഫെൻസി ചാണ്ടി, വിൽസൺ പുത്തൻപറമ്പിൽ , ആന്റോ ബേബി, അരുൺ എന്നിവരെയും തിരഞ്ഞെടുത്തു.
നവംബർ അഞ്ചാം തീയതി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ വച്ച് ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം ജനുവരി 7-ാം തീയതി പ്രൗഢഗംഭീര്യവും വർണ്ണാഭവുമായി നടത്തുവാൻ തീരുമാനിക്കുകയും അതിൻറെ വിജയത്തിനായി 51 അംഗ കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തു.
ഫാ. ഹാപ്പി ജേക്കബ്ബ്
ക്രിസ്തുമസിന്റെ അത്ഭുതത്തിൽ ആനന്ദിക്കുക: ദൈവീക സ്വഭാവം സ്വീകരിക്കുക.
നമ്മുടെ രക്ഷകനായ ക്രിസ്തുവിൻറെ ജനനത്തിന്റെ ആഘോഷത്തിൻ അടുത്ത് വരുമ്പോൾ ഈ സംഭവത്തിന്റെ അടിസ്ഥാന കർമ്മങ്ങളിൽ അടങ്ങിയ അന്തർലീനമായതും അഗാധമായതുമായ അത്ഭുതത്തെ കുറിച്ച് ചിന്തിക്കുവാൻ , ധ്യാനിക്കുവാൻ ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു. വി. ലൂക്കോസ് എഴുതിയ സുവിശേഷം 2-ാം അധ്യായം എട്ടു മുതൽ 20 വരെയുള്ള വാക്യത്തിൻ അടിസ്ഥാനപ്പെടുത്തി ധ്യാനിക്കാം. ദൈവീക വെളിപാടുകളുമായി ഇഴചേർന്ന പ്രകൃതിയുടെ മഹത്വത്തിൽ ക്രിസ്തുമസിന്റെ സത്ത പൊതിയപ്പെട്ടിരിക്കുന്നു. മനോഹരമായ പ്രകൃതിയുടെ വർണ്ണനയും ബൈബിളിലെ വെളിപ്പെടുത്തലുകളും ചേർത്തു കൊണ്ട് ക്രിസ്തുമസ് എന്ന അത്ഭുതത്തെ പ്രതിഫലിപ്പിക്കുന്ന നാല് ചിന്തകളിലേയ്ക്ക് ശ്രദ്ധയൂന്നാം.
1) ബേത് ലഹേമിലെ നക്ഷത്രം – പ്രത്യാശയുടെ വഴി .
അത്യുന്നതങ്ങളിൽ പ്രാപഞ്ചിക വിസ്തൃതിയിൽ ഒരു സ്വർഗീയ അത്ഭുതം കാണപ്പെട്ടു – ഒരു നക്ഷത്രം. ഉജ്ജ്വല പ്രകാശവും ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള വഴികാട്ടിയും ആയി നക്ഷത്രം കാണപ്പെട്ടു. അത്യുന്നതങ്ങൾ തന്നെ അത്യുന്നതന്റെ വരവറിയിച്ചു. ദൈവീക പദ്ധതിയിൽ ഭാഗമാകുവാൻ ദൈവം തന്നെ പ്രതീക നക്ഷത്രത്തെ നിയോഗമാക്കി. വി. മത്തായി 2 : 1 – 2
2) ലാളിത്യത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രതീകമായ എളിമയുള്ള പുൽക്കൂട് .
ലോകരക്ഷകൻ ജനിച്ചത് ഒരു പുൽക്കൂടിൽ . ഇതിൽപരം ത്യാഗവും എളിമയും വേറെ എവിടെ ദർശിക്കുവാൻ കഴിയും. ഈ ത്യാഗമാണ് ദൈവീകത മനുഷ്യന് കണ്ടുമുട്ടുവാൻ ഇടയാക്കിയത്. പുൽത്തൊട്ടിയുടെ സ്വഭാവം തന്നെ ധാരാളം സന്ദേശങ്ങൾ നമുക്ക് നൽകുന്നു. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ലോകത്തെ അറിയിക്കുവാൻ ലോകത്തിലെ നിസ്സാരമായ സ്ഥലം തിരഞ്ഞെടുത്തു. വിനയത്തിലും അതിലൂടെയുള്ള വീണ്ടെടുപ്പിന്റെ വാഗ്ദാനത്തിലും നേടുന്ന സൗന്ദര്യത്തെ കുറിച്ചും നമ്മുടെ ചിന്തകളെ പ്രബുദ്ധമാക്കുന്നു . വി. ലൂക്കോസ് 2 : 7
3) മാലാഖമാരുടെ വൃന്ദഗാനം – മധുര സന്തോഷവാർത്ത
നിശബ്ദതയുടെ പൂർണ്ണതയിൽ സർവ്വ സൃഷ്ടിയും കാതോർത്തു. ആ മംഗള ഗാനത്തിനായി . മാലാഖമാർ പാടിയ “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ; ഭൂമിയിൽ ദൈവപ്രീതിയുള്ളവർക്ക് സമാധാനം ” താഴെ സർവ്വ പ്രവഞ്ചങ്ങളുടേയും മേൽ അലയായി ഒഴുകി എത്തി. അത്യുന്നതിയും അഗാധവും പരസ്പരം ലയിച്ചുചേർന്ന മഹാത്ഭുതത്തിന് ഈ സംഭവം സാക്ഷിയായി. വി. ലൂക്കോസ് 2: 13 -14
4) ദൈവീക വെളിപാടിന്റെ സാക്ഷികളായ ഇടയന്മാരും പ്രപഞ്ചവും.
ഈ അസാധാരണ സംഭവത്തിന് സാക്ഷിയാകുവാൻ ദൈവം തിരഞ്ഞെടുത്തത് മൂകപ്രകൃതിയും എളിമയുള്ള ആട്ടിടയന്മാരെയും ആണ് . ബുദ്ധികൊണ്ട് ഗ്രഹിക്കുവാൻ പറ്റാത്ത ജനനത്തിന്റെ അത്ഭുതങ്ങളെ അനുഭവിച്ചറിയുവാൻ ഇടയന്മാരെ പ്രാപ്തരാക്കി. അവർ അതിന്റെ കാര്യവാഹകരുമായി . സർവ്വ സൃഷ്ടിയും മൗനത്തോടെ ഈ അത്ഭുതം ദർശിച്ചു. വി. ലൂക്കോസ് 2: 8 – 20.
സഹോദരങ്ങളെ പ്രകൃതിയുടെ മഹത്വവും ക്രിസ്തുമസിന്റെ അത്ഭുതവും വേർതിരിക്കുവാൻ പറ്റില്ലാത്തതാണ് . തന്റെ ജനനം മൂലം ദൈവപുത്രൻ സൃഷ്ടികളോടുള്ള അഗാധ സ്നേഹം പ്രകടമാക്കുന്നു. ഇത് വെളിവാക്കുവാൻ നക്ഷത്ര ഭംഗിയും , പുൽത്തൊട്ടിയുടെ ലാളിത്യവും മാലാഖമാരുടെ ഗാനങ്ങളും ഇടയന്മാരുടെ നൈർമല്ല്യവും എല്ലാം കൂടി ദൈവകൃപ അവൻറെ മഹത്വത്തെ വെളിവാക്കുന്നു. കാല യുഗങ്ങളിൽ രേഖപ്പെടുത്തപ്പെട്ട അത്ഭുതം ആയിട്ടു മാത്രമല്ല. രക്ഷകന്റെ ജനനത്തിന്റെ ലാളിത്യവും, വിനയവും നമുക്ക് സ്വീകരിക്കാം. ഈ ദൈവീകമായ അനുഭവത്തിൽ കൃതജ്ഞതയോടെ ജീവിക്കുവാൻ ഈ ക്രിസ്തുമസ് നമ്മെ പ്രചോദിപ്പിക്കട്ടെ .
സ്നേഹത്തിലും പ്രാർത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചൻ .
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907