Latest News

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. രാജി നേരത്തെ നല്‍കിയിരുന്നെങ്കിലും മാര്‍പ്പാപ്പ ഇപ്പോഴാണ് രാജി അംഗീകരിച്ചതെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയില്‍ കുര്‍ബാനരീതിയെ ചൊല്ലി നാളുകളായി നിലനിന്ന ഭിന്നതയ്‌ക്കൊടുവിലാണ് സഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയുടെ പടിയിറക്കം എന്നതാണ് ശ്രദ്ധേയം. ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക. സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി(നൂണ്‍ഷ്യോ) ജിയോപോള്‍ഡോ ജിറെലി ബുധനാഴ്ച അടിയന്തരമായി കൊച്ചിയിലെത്തി സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയതിന്‌ പിന്നാലെ സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. സഭയുടെ ഔദ്യോഗിക വിഭാഗവും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മില്‍ കടുത്തഭിന്നത നിലനില്‍ക്കെയാണ് നാടകീയ പ്രഖ്യാപനം സഭാ ആസ്ഥാനത്ത് കര്‍ദിനാള്‍ നടത്തിയത്‌.

‘മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള ആഗ്രഹം 2019 ജൂലൈ 19-ന് മാര്‍പ്പാപ്പയെ അറിയിച്ചിരുന്നു. സഭയിലെ അജപാലന ആവശ്യങ്ങളും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് തീരുമാനം എടുത്തത്. 2022 നവംബര്‍15-ന് വീണ്ടും സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിന് ശേഷമാണ് മാര്‍പ്പാപ്പ എന്നെ വിരമിക്കാന്‍ അനുവദിച്ചത്’, വാര്‍ത്തസമ്മേളനത്തില്‍ ആലഞ്ചേരി പറഞ്ഞു.

സഭയുടെ രീതിയനുസരിച്ച് പുതിയ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയാ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയേപ്പുരയ്ക്കല്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വഹിക്കും. ബിഷപ്പ് ബോസ്‌കോ പുത്തൂരിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയും നല്‍കിയിട്ടുണ്ട്.

ഷൈമോൻ തോട്ടുങ്കൽ

ബിർമിങ്ങ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം വാർഷിക ദിനം ടോട്ട പുൽക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയതയും സ്‌ത്രീ ശാക്തീകരണവും വിളിച്ചോതുന്ന ആഘോഷമായി മാറി . രൂപതയിലെ 21 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ വനിതകളും അംഗങ്ങളായ രൂപത വിമൻസ് ഫോറത്തിന്റെ അംഗങ്ങളായ ഏകദേശം 2000 ഓളം സ്ത്രീകൾ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന സമ്മേളനം രാവിലെ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്‌ഘാടനം ചെയ്തു .

റോമിൽ ഫ്രാൻസിസ് മാർപാപ്പയോടു ഒപ്പം പ്രവർത്തിക്കുന്ന , വേൾഡ് വിമൻസ് ഓർഗനൈസേഷൻ മുൻ പ്രസിഡന്റ് ഡോക്ടർ മരിയ സർവിനോ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി . പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ അപ്പോസ്തോലിക ലേഖനങ്ങൾ അടിസ്ഥാനമാക്കി സ്ത്രീകൾക്ക് സഭയിലും ആരാധനാക്രമത്തിലും സമൂഹത്തിലും എങ്ങനെ ശക്തമായ സാന്നിധ്യമായി മാറാം എന്ന് വളരെ വ്യക്തമായി സ്ത്രീകൾക്കു മനസ്സിലാക്കി കൊടുത്ത ഡോക്ടർ സർവിനോ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെയും രൂപതയിലെ വിമൻസ് ഫോറത്തിന്റെയും പ്രവർത്തനങ്ങളെ അഭിനന്ദിച്ചു .

വേൾഡ് വിമൻസ് ഫെഡറേഷനുമായി എങ്ങനെ സഹകരിച്ചു പ്രവർത്തിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകക്കാനുള്ള സന്നദ്ധതയും അറിയിച്ചു . അഭിവന്ദ്യ പിതാവിന്റെ ഒപ്പം രൂപതയിലെ മുപ്പതില്പരം വൈദികരും ചേർന്ന് അർപ്പിച്ച വിശുദ്ധ കുർബാന ഏവർക്കും ആത്മീയ അനുഭവമായി . ലിറ്റർജിയുടെ പ്രാധാന്യം , പഠിക്കേണ്ടതിന്റെ ആവശ്യകത , സിറോ മലബാർ ലിറ്റർജിയുടെ ശക്തിയും സൗന്ദര്യവും എന്നതിനെ ആസ്പദമാക്കി അഭിവന്ദ്യ പിതാവിന്റെ വചന സന്ദേശം ഏവർക്കും പുതിയ ഉണർവേകി .

രൂപത ഗായകസംഘത്തിലെ സ്ത്രീകൾ മനോഹരമായ ഗാനങ്ങൾ ആലപിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം ചെയര്മാന് റെവ ഫാദർ ജോസ് അഞ്ചാനിക്കൽ , ഡയറക്ടർ റെവ ഡോക്ടർ സിസ്റ്റർ ജീൻ മാത്യു S H . പ്രസിഡന്റ് ഡോക്ടർ ഷിൻസി മാത്യു എന്നിവർ സന്ദേശങ്ങൾ നൽകി. സെക്രട്ടറി റോസ് ജിമ്മിച്ചൻ രണ്ടു വർഷക്കാലത്തെ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ അവതരിപ്പിച്ചു.

ഫോറത്തിലെ അംഗങ്ങളുടെയും അംഗങ്ങൾ അല്ലാത്ത സുമനസ്സുകളുടെയും സഹായത്തോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ഡയാലിസിസ് രോഗികളെ സഹായിക്കാൻ രണ്ടു ഹോസ്പിറ്റലികളിലായി 4 ഡയാലിസിസ് മെഷീനുകൾ നൽകിയത് ഏവർക്കും സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഒന്നായി .

വൈസ് പ്രസിഡന്റ് ജൈസമ്മ ബിജോ യുടെ നേതൃത്വത്തിൽ എഡിറ്റോറിയൽ ബോർഡ് തയാറാക്കിയ സുവനീർ അന്നേ ദിവസം പ്രകാശനം ചെയ്തു . ഉച്ചക്ക് ശേഷം നടന്ന ആഘോഷമായ കലാപരിപാടിയിൽ രൂപതയിലെ 12 റീജിയനുകളെ പ്രതിനിധീകരിച്ചു സ്ത്രീകൾ വിവിധ കലാവിഭവങ്ങൾ ഒരുക്കി . ലിറ്റർജിക്കൽ ക്വിസ് ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങളുടെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തതോടൊപ്പം പുതിയ ഭാരവാഹികൾക്കുള്ള സസ്ഥാനകൈമാറ്റവും നടന്നു.വിമൻസ് ഫോറം ആന്തത്തോടെ പരിപാടികൾ സമാപിച്ചു .

കടുത്ത ഞെട്ടലോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ പിജി വിദ്യാർത്ഥിനിയായ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ വാർത്ത ലോകമെങ്ങുമുള്ള മലയാളികൾ ശ്രവിച്ചത്. സംഭവത്തിൽ ഷഹനയുടെ സുഹൃത്തും ആരോപണ വിധേയനായ ഡോ. ഇ. എ. റുവൈസിനെ പ്രതി ചേർത്ത് പോലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയാണ് റുവൈസിനെതിരേ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്.

ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിനാല്‍ സുഹൃത്തായ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നുള്ള മനോവിഷമത്തെ തുടര്‍ന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. ഭീമമായ സ്ത്രീധനം ചോദിക്കുകയും അത് ലഭിക്കാതെ വന്നപ്പോള്‍ വിവാഹത്തില്‍നിന്ന് പിന്‍മാറുകയും ചെയ്തുവെന്നാണ് ഷഹനയുടെ മാതാവും സഹോദരിയും പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റുവൈസിനെതിരേ പോലീസ് കേസെടുത്തത്.

വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീധനം ചോദിച്ചതില്‍ റുവൈസിന്റെ കുംടുംബത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന കാര്യങ്ങളും പോലീസ് അന്വേഷിക്കും. സംഭവത്തിന് പിന്നാലെ റുവൈയ്‌സിനെ പിജി ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് അന്വേഷണം അവസാനിക്കുന്നത് വരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്ന് കെ.എം.പി.ജി.എ സംഘടന അറിയിച്ചു.

ഷഹ്നയും റുവൈയ്‌സും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. യുവാവിന്റെ വീട്ടുകാര്‍ ഉയര്‍ന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടത്. സ്ത്രീധനമായി 150 പവനും 15 ഏക്കര്‍ ഭൂമിയും ബി.എം.ഡബ്ല്യൂ. കാറും വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, അഞ്ചേക്കര്‍ ഭൂമിയും ഒരു കാറും നല്‍കാമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതുപോര കാര്‍ ബി.എം.ഡബ്യൂ തന്നെ വേണമെന്നും ഒപ്പം സ്വര്‍ണവും വേണമെന്ന ആവശ്യത്തില്‍ യുവാവിന്റെ വീട്ടുകാര്‍ ഉറച്ചുനിന്നു. പക്ഷേ, ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്‍കാന്‍ ഷഹ്നയുടെ വീട്ടുകാര്‍ക്കായില്ല. ഇതോടെ യുവാവും ബന്ധുക്കളും വിവാഹത്തില്‍നിന്ന് പിന്മാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനിയായ ഷഹ്നയെ തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനം നല്‍കാന്‍ സാമ്പത്തികശേഷിയില്ലാത്തതിനാല്‍ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിയിരുന്നു

തിരുവനന്തപുരത്ത് യുവഡോക്ടറുടെ ആത്മഹത്യയ്ക്ക് കാരണമായത് സ്ത്രീധനത്തെച്ചൊല്ലി സുഹൃത്ത് വിവാഹത്തില്‍നിന്ന് പിന്മാറിയതിനാലാണെന്ന് ആരോപണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനി ഡോ.ഷഹ്‌ന(28)യുടെ മരണത്തിലാണ് സ്ത്രീധനം വീണ്ടും ചര്‍ച്ചയാകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഷഹ്‌ന എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് സഹപാഠികള്‍ ഷഹ്നയെ മെഡിക്കല്‍ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകളാണ് ഷഹ്‌ന. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിലാണ് പി.ജി.ക്ക് പ്രവേശനം നേടിയത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു ഷഹ് നയുടെ പിതാവ് അബ്ദുള്‍ അസീസ് മരിച്ചത്.

ഷഹ്‌നയും സുഹൃത്തുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, യുവാവിന്റെ വീട്ടുകാര്‍ ഉയര്‍ന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടത്. 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബി.എം.ഡബ്ല്യൂ. കാറുമാണ് സ്ത്രീധനമായി യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടതെന്നാണ് ഷഹ് നയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്‍കാന്‍ ഷഹ്നയുടെ വീട്ടുകാര്‍ക്കായില്ല. ഇതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം സൂചിപ്പിക്കുന്നതാണ് ഷഹ് നയുടെ മുറിയില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പും.

സ്ത്രീധനം നല്‍കാന്‍ സാമ്പത്തികശേഷിയില്ലാത്തതിനാല്‍ ജീവനൊടുക്കുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്. പിതാവ് മരിച്ചുപോയതിനാല്‍ മറ്റാരും ആശ്രയമില്ലാത്ത സ്ഥിതിയാണെന്നും യുവഡോക്ടറുടെ കുറിപ്പില്‍ പറയുന്നു.

ലണ്ടൻ:ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്റ്ററും, അഭിഷിക്ത തിരുവചന ശുശ്രുഷകയും, അനുഗ്രഹീത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ് എച്ച് നയിക്കുന്ന ഓൺലൈൻ ശുശ്രുഷകൾ ഡിസംബർ 20 മുതൽ 22 വരെ നടത്തപ്പെടും. ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഓൺലൈനായി ‘സൂം’ പ്ലാറ്റ്‌ഫോമിലൂടെ ആഗോള തലത്തിൽ ലഭ്യമാവുന്ന തരത്തിലാണ് ആല്മീയ ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ലോക രക്ഷകന്റെ തിരുപ്പിറവിക്ക് ഒരുക്കമായി ആല്മീയ നവീകരികരണം, ആന്തരിക സൗഖ്യം, രോഗ ശാന്തി തുടങ്ങിയ തിരുവചനാധിഷ്‌ഠിത ശുശ്രുഷാ മേഖലകൾ സംയോജിപ്പിച്ചുള്ള ഓൺലൈൻ അഭിഷേക ശുശ്രുഷകളാണ് സിസ്റ്റർ ആൻ മരിയ ലക്‌ഷ്യം വെക്കുന്നത്.

ഇന്ത്യ, യു കെ, ആസ്‌ട്രേലിയ, യൂ എ ഇ, യു എസ് എ അടക്കം വിവിധ രാജ്യങ്ങളിൽ സൗകര്യപ്രദമായി പങ്കുചേരുവാൻ ഉതകുന്ന വിധത്തിലാണ് ധ്യാന ശുശ്രുഷകൾ സൂം പ്ലാറ്റ്‌ഫോമിലൂടെ ക്രമീകരിച്ചിരിക്കുന്നത്.

ആന്തരിക മുറിവുകളെയും, ശാരീരിക-മാനസ്സീക രോഗങ്ങളെയും സൗഖ്യപ്പെടുത്തി, ഏകാഗ്രതയും ശാന്തിയും ആരോഗ്യവും പ്രദാനം ചെയ്യുന്ന തിരുവചനത്തിലൂന്നിയുള്ള ശുശ്രൂഷകളിൽ പങ്കു ചേർന്ന് കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.

CONTACT: + 44 7915 602258, +44 7848 808550

ZOOM MEETING ID: 597 220 6305
PASS CODE: 1947

IND(00:30-02:30),UK(19:00-21:00),USA(14:00-16:00),AUS(06:00-08:00)

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയിൽ ഏറ്റവും വിദ്യാസമ്പന്നമായ സംസ്ഥാനമായ കേരളത്തിൽ ആത്മഹത്യകൾ പെരുകുകയാണ്. ഉയർന്ന വിദ്യാഭ്യാസവും സാമ്പത്തികമായ സുസ്ഥിരത ഉള്ളവരും വരെ പെട്ടെന്നുള്ള എടുത്തുചാട്ടത്തിൽ ആത്മഹത്യയുടെ വഴികൾ തിരഞ്ഞെടുക്കുന്ന സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ.ഷഹന ആത്മഹത്യ ചെയ്ത സംഭവം ഒറ്റപ്പെട്ടതല്ല .

ഡോ.ഷഹന മരിച്ച സംഭവത്തിൽ പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഷഹന ആത്മഹത്യ ചെയ്തത് സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയതിനു പിന്നാലെയെന്ന് കുടുംബം ആരോപിച്ചു. ഭീമമായ സ്ത്രീധനം ചോദിച്ചെന്നും നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നും ഷഹനയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണു പൊലീസ് കേസെടുത്തത്.

‘‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’’ എന്നു ചുരുങ്ങിയ വാക്കുകളില്‍ എഴുതിവച്ചാണ് ഷഹന ജീവനൊടുക്കിയതെന്നു മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

യുകെയിലേക്കുള്ള തള്ളി കയറ്റം അവസാനിപ്പിച്ചതിന് ഏജൻസികളെ മാത്രം കുറ്റം പറഞ്ഞു സായൂജ്യ മടഞ്ഞിട്ട് കാര്യമില്ല ….എന്തായിയുന്നു പന്തിയിൽ വന്ന് ഇലകിട്ടിയവരുടെ കോപ്രായങ്ങൾ ……

യൂട്യൂബ് അണ്ണന്മാരുടെ ചോദ്യങ്ങളായി ….അവർക്കുള്ള ഉത്തരങ്ങളായി …..മേടിക്കുന്ന പൗണ്ടുകളുടെ ഇക്കിളി കഥകളായി ….ഡാൻസായി ….പാട്ടായി ….കൂത്തായി ….
വിവാഹ മോചനമായി ….
കൊല്ലലായി ….ആത്മഹത്യയായി …..
അങ്ങനങ്ങനെ പവനായി ശവമായി എന്നുള്ള രീതിയിൽ ആയിരിക്കുന്നു ഇന്ന് യുകെയുടെ അവസ്ഥ ….

ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെയൊക്കെ ആക്രാന്തം …
പണത്തിനോടും പ്രശസ്തിയോടുമുള്ള ആഗ്രഹത്തെക്കാൾ അധികം ആക്രാന്തം ……
അവ നമ്മളായി തന്നെ സോഷ്യൽമീഡിയകളിലൂടെ അവർക്ക് മുമ്പിൽ വിവിധ രീതികളിൽ നന്നായി വിളമ്പി വച്ചു …അവർ നന്നായി ആ ഇല വടിച്ചു വാരി പുറത്തെറിഞ്ഞു എന്ന് വേണം പറയാൻ ….

കാരണം നമ്മൾ ഓർക്കുന്നത് നമ്മളെ ആരും കാണുന്നില്ല കേൾക്കുന്നില്ല എന്നാണ് . നമ്മുടെ പ്രത്യേകിച്ചു ഏഷ്യൻ രാജ്യത്തു നിന്ന് വന്നവരുടെ നീക്കങ്ങൾ അറിയാൻ ഒരു പ്രത്യേക ഏജൻസികൾ തന്നെ നമ്മെ വട്ടമിട്ട് പറക്കുന്നുണ്ട് ….കാരണം നമ്മുടെ രക്തവംശത്തിലുള്ളവരുടെ കയ്യിൽ തന്നാണ് ഇന്ന് യുകെയുടെ കീ. എന്ന് മറന്നുകൂടാ ….അപ്പോൾ നമ്മുടെ നീക്കങ്ങൾ നമ്മുടെ ചിന്തകൾ ഒക്കെ അവർക്ക് നമ്മളെക്കാൾ മുന്നേ അറിയാൻ പറ്റുമെന്ന് സാരം .

എങ്ങനാണെന്നല്ലേ ? നമ്മൾക്ക് മാത്രമേ അറിയൂ കാശുണ്ടാക്കാനായുള്ള നമ്മുടെ കായിക ബലം . ഇവിടെ ഉള്ളവർക്ക് അതറിയേണ്ട കാര്യമില്ല . അവരുടെ കണക്ക് കൂട്ടലുകളിൽ നമ്മൾ ചെയ്യുന്ന ജോലിയുടെ ക്വാളിറ്റിയാണ് വേണ്ടത് …അല്ലാതെ ക്വാണ്ടിറ്റിയല്ല . അതുകൊണ്ടാണ് നമ്മുടെ ജോബ് ഡിസ്ക്രിപ്ഷൻ സൈൻ ചെയ്യുമ്പോൾ നിങ്ങൾക്ക്‌ ഒരു ആഴ്ച 40 മണിക്കൂറിലേറെ ജോലി ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു സൈൻ ചെയ്യിക്കുന്നത് . ഒരു മനുഷ്യന് നല്ല പ്രൊഡക്ടീവായി ജോലിചെയ്യാൻ മിനിമം 40 മണിക്കൂർ ആണെന്ന് സാരം .

പക്ഷെ അത് മനസിലാക്കാതെ നമ്മൾ നമ്മുടെ ആക്രാന്തം മൂത്തു 40 മണിക്കൂറോ അതുകൊണ്ടെന്നാ ആകാനാ എന്റെ സാറെ എന്നും പറഞ്ഞു നമ്മൾ 60 ഉം 70 മണിക്കൂർ ജോലിചെയ്തു നമ്മുടെ കായിക ശക്തി അവർക്ക് മനസിലാക്കി കൊടുക്കുമ്പോൾ മുകളിൽ ഇരിക്കുന്നവർക്കറിയാം എന്തായിരിക്കും നമ്മുടെ ക്വാളിറ്റി ഓഫ് വർക് എന്ന് …..

അതും കൂടാതെ നമ്മുടെ ടാക്സിന്റെ എമൗണ്ട് ….അതും ഇവർ തന്നെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത് …
പിന്നെ നമ്മൾ യുകെയിൽ വന്നിട്ട് മേടിക്കുന്ന വീടുകളുടെ വില . നമുക്ക് മാത്രമേ അറിയൂ നമ്മൾ പണ്ട് ആനയുണ്ടായിരുന്ന വീട്ടിൽ നിന്നുമാണ് ഇവിടെ വന്നതെന്ന് . ഇവിടുള്ളവർക്ക് അതൊക്കെ വിശ്വസിക്കാൻ ഇത്തിരി പാടാണ് . അപ്പോൾ പറഞ്ഞു വന്നത് …
നമ്മുടെ ഇവുടുത്തെ സാമ്പത്തിക ഇടപാടുകൾ …ജോലി ചെയ്യുന്ന മണിക്കൂറുകൾ ….ടാക്സ് അടക്കുന്ന എമൗണ്ടുകൾ …. ഏജൻസി ചൂണ്ടകൾ …. കൂടാതെ റോഡിലും ട്രെയിനിലുമൊക്കെ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ …..ഇവയൊന്നും ഒരൊറ്റ രാത്രികൊണ്ട് മാഞ്ഞു പോകുന്നവയല്ല .

കാരണം നമ്മൾ പ്രൊഫെഷനുകൾക്ക് , പ്രത്യേകിച്ചു ഹെൽത്ത് സെക്ടറിൽ ജോലി ചെയ്യുന്നവർക്ക് ഇവർ ഇച്ചിരി സ്റ്റാൻഡേർഡൊക്കെ പ്രതീക്ഷിക്കുന്നുണ്ട് .
അതായത് promote professionalism and trust എന്നത് ഇവർ പ്രതീക്ഷിക്കുന്ന സ്റ്റാന്റേർഡുകളിൽ മുമ്പന്തിയിൽ വരുന്ന ഒന്നാണ് . അങ്ങനെ വരുമ്പോൾ , നമ്മുടെ നീക്കങ്ങൾ പെരുമാറ്റങ്ങൾ ഇവയെല്ലാം നോക്കീം കണ്ടും നമ്മളെ നന്നായി വിലയിരുത്തിയാണ് ഇന്നത്തെ ഈ നിയമമാറ്റം എന്ന് നിസംശയം പറയാം …..

അപ്പോൾ പറഞ്ഞു വന്നത് പയ്യെ തിന്നാൽ പനയും തിന്നാം എന്നുള്ള പഴമൊഴിയൊക്കെ മറന്നതിന്റെ ഫലമാണിന്ന് വന്ന യുകെ നിയമം …. ഇനി മുതൽ തിക്കും തിരക്കും അവസാനിപ്പിച്ച് ദയവായി ക്യൂ പാലിക്കുക …..

കേംബ്രിഡ്ജ്: ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ (യു കെ), പ്രവാസികളായ ഇന്ത്യൻ തൊഴിലാളികളുടെ സംരക്ഷണത്തിനും, ക്ഷേമത്തിനും, അവകാശങ്ങൾക്കുമായി യു കെ യിലെ ട്രേഡ് യൂണിയനുമായി കൈകോർത്തു കൊണ്ട് ശക്തമായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നു. പ്രവാസി ഇന്ത്യൻ തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി അതുവഴി കൂടുതൽ സമ്മർദ്ധവും, സ്വാധീനവും ചെലുത്തുവാനും, അസംഘടിതരായ തൊഴിലാളികളെ ഒരു കുടക്കീഴിൽ അണി നിരത്തി സാമൂഹ്യമായും, തൊഴിൽ മേഖലയിലും നേരിടുന്ന വിഷയങ്ങളിലും, പ്രശ്‍നങ്ങളിലും ഒരു കൈത്താങ്ങായി മാറുവാനുമാണ് ‘ഐ.ഡബ്ല്യു.യു’ പദ്ധതിയിടുന്നത്.

തൊഴിലാളികളെ പ്രബുദ്ധരാക്കുവാനും, ആവശ്യമെങ്കിൽ സൗജന്യ നിയമ സഹായം നൽകുവാനും ഉതകുന്ന പദ്ധതികൾക്കു പ്രാമുഖ്യം നൽകി ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ കർമ്മപരിപാടികൾ ആവിഷ്ക്കരിച്ചു വരുന്നു. തൊഴിലാളികളുടെ ശബ്ദവും സഹായവുമായി പ്രവർത്തിക്കും.

വിവിധ മേഖലകൾ സന്ദർശിച്ചും, ‘സൂം’ പ്ലാറ്റുഫോമിലൂടെയും, സംവാദങ്ങളും, സെമിനാറുകളും, ക്ലാസ്സുകളും സംഘടിപ്പിക്കുകയും, പരാതികൾക്ക് പരിഹാരവും, സംശയങ്ങൾക്ക് മറുപടിയും നല്കൂവാൻ ഉതകുന്ന ത്വരിത സംവിധാനം ഒരുക്കുമെന്ന് ഐ.ഡബ്ല്യു.യു കോർഡിനേറ്ററും,കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും, ക്രിമിനൽ സോളിസിറ്ററുമായ ബൈജു തിട്ടാല അറിയിച്ചു.

മാസം തോറും വിവിധ വിഷയങ്ങളിൽ ഡിബേറ്റ്സ് സംഘടിപ്പിക്കുവാനും, അതിലൂടെ വിവിധ തലങ്ങളിൽ പ്രവാസികളെ പ്രബുദ്ധരാക്കുവാനും ഉതകുന്ന പരിപാടികളുടെ ആദ്യ ഘട്ടമായി, വീടുടമസ്ഥരും, വാടകക്കാരും അറിഞ്ഞിരിക്കേണ്ട നിയമങ്ങളും അവകാശങ്ങളും എന്ന വിഷയത്തിൽ യുകെ സ്‌റ്റുഡൻസും, ലാൻഡ്‌ലോർഡ്‌സും തമ്മിൽ ഒരു സംവാദത്തിനുള്ള ഒരുക്കത്തിലാണ് ഐ.ഡബ്ല്യു.യു.

ഡിസംബർ 8 നു വെള്ളിയാഴ്ച വൈകുന്നേരം 8:00 മണിക്ക് ‘സൂം’ പ്ലാറ്റ്‌ഫോമിലൂടെയാണ് ഡിബേറ്റ് നടത്തുന്നത്. കൗൺസിലർ ബൈജു തിട്ടാല ഡിബേറ്റ് ലീഡ് ചെയ്യുമ്പോൾ, യു കെ യിലെ പ്രമുഖ സോളിസിറ്റേഴ്‌സായ അഡ്വ. ഷിൻടോ പൗലോസ്, അഡ്വ. ജിയോ സെബാസ്റ്റ്യൻ എന്നിവർ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള മറുപടിയും നിയമവശങ്ങളും വിവരിക്കുകയും ചെയ്യും.

സംശയങ്ങളും ചോദ്യങ്ങളും അറിയിക്കുവാൻ +447398968487
എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

ടോം ജോസ് തടിയംപാട്

ഇടുക്കി ചുരുളിയിൽ താമസിക്കുന്ന തൊട്ടുമൂലയിൽ വീട്ടിൽ സുഗതൻ പി. വി. വർഷങ്ങളായി തളർന്നു കട്ടിലിൽ കിടപ്പാണ് കൂലിപ്പണികൊണ്ടു കുടുംബം നടത്തിയിരുന്ന സുഗതന്റെ കുടുംബം അതോടെ കടുത്ത കഷ്ടപ്പാടിലായി ഭാര്യ പാർട്ട് ടൈം ക്ളീനിങ് ജോലിക്കുപോയിട്ടാണ് കുടുംബം പുലർത്തുന്നത് സുഗതന്റെ ആഗ്രഹം ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന ഒരു വീൽ ചെയറിൽ വീടിനു പുറത്തിറങ്ങി ആകാശവും ഭൂമിയും കാണണം . ഞങ്ങൾ അന്വഷിച്ചപ്പോൾ ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന ഒരു വീൽ ചെയറിനു 57000 രൂപയാകുമെന്നാണ് അറിഞ്ഞത് . നിങ്ങൾ സഹായിക്കണം ക്രിസ്തുമസിന് സുഗതന്റെ ആഗ്രഹം നമുക്ക് സാധിച്ചുകൊടുക്കണം സുഗതന്റെ വേദന ഞങ്ങളെ അറിയിച്ചത് ചെറുതോണിയിലെ പൊതുപ്രവർത്തകനായ സതീശൻ കോട്ടപ്പിള്ളിയാണ് .സതീശന് നന്ദി അറിയിക്കുന്നു.

പാലക്കാടു ജില്ലയിലെ വടക്കാംചേരി സ്വദേശി മങ്കൊമ്പിൽ വീട്ടിൽ സിബി തോമസ് ചെറിയ ജോലികൾ ചെയ്തു രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം പുലർത്തികൊണ്ടിരുന്നപ്പോളാണ് പ്രമേഹം പിടിപെട്ടു കിഡ്‌നി തകരാറിലായി ഡയലൈസ് നടത്താൻ പോലും പണമില്ലാത്ത കഴിയാത്ത അവസ്ഥയിൽ എത്തിയത് രണ്ടുകുട്ടികളെ പഠിപ്പിക്കണം ചികിത്സ മുൻപോട്ടുകൊണ്ടുപോകണം നിവർത്തിയില്ലാതെ ഉഴലുകളാണ് ആ കുടുംബം . സിബിയുടെ വേദന ഞങ്ങളെ അറിയിച്ചത് സിബിയുടെ നാട്ടുകാരനും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സഹയാത്രികനുമായ ലിങ്കൻ ഷെറിൽ താമസിക്കുന്ന എബി അബ്രഹാമാണ് ,എബിയ്ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു . ഇവരെ രണ്ടുപേരെയും സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ക്രിസ്തുമസ് ചാരിറ്റിയിലേക്കു നിങ്ങളെ കഴിയുന്ന സഹായം താഴെ കൊടുത്തിരിക്കുന്ന ഞങ്ങളുടെ അക്കൗണ്ടിൽ നൽകണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ , വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെയിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,22 ,50000 (ഒരുകോടി ഇരുപത്തിരണ്ടു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം, ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഉഴവൂർക്കാരുടെ ഈ വർഷത്തെ സംഗമം വെയിൽസിലെ കഫൻലീ പാർക്കിൽ സമാപിച്ചപ്പോൾ മനസ്സും, കാതും, കണ്ണും, ഹൃദയവും, എല്ലാം നിറഞ്ഞ് ആണ് ഉഴവൂർക്കാർ പിരിഞ്ഞത്. സന്തോഷത്തിന്റെ മൂന്നു ദിവസം കണ്ണടച്ച് തുറന്നപ്പോൾ തീർന്നു എന്നും പറഞ്ഞാണ് എല്ലാവരും ഞായറാഴ്ച പിരിഞ്ഞത്.

അമേരിക്കയിൽ നിന്നും, ന്യൂസിലാന്റിൽ നിന്നും, അയർലണ്ടിൽ നിന്നും ഒക്കെ ഉഴവൂർ സംഗമംത്തിൽ പങ്കെടുക്കാൻ ഉഴവൂർക്കാർ വന്നത് യുക്കെ ഉഴവൂർ സംഗമത്തിന്റെ സ്വീകാര്യത ലോകം വിളിച്ചോതുന്നതാണെന്ന് അധ്യക്ഷൻ ശ്രീ അലക്സ് തൊട്ടിയിൽ അഭിപ്രായപ്പെട്ടു.

മാതാപിതാക്കൾ തിരി തെളിച്ച് ഉത്ഘാടനം ചെയ്ത പൊതു പരുപാടി ശ്രീ അലക്സ് തൊട്ടിയിൽ അധ്യക്ഷത വഹിച്ചു.

ഫാദർ മനു കൂന്തനാനിക്കൽ ആശംസയിലൂടെ ഉഴവൂർക്കാരുടെ സംഗമം സ്നേഹവും സാഹോദര്യവും വിളിച്ചോതുന്നതാണെന്നും ഈ സ്നേഹമാണ് അച്ചനെ രണ്ടാം തവണയും വരാൻ പ്രേരിപ്പിച്ചത് എന്നും ആശംസാ പ്രസംഗത്തിലൂടെ അറിയിച്ചു.


ഉഴവൂർ സംഗമംത്തിൽ അമേരിക്കയിൽ നിന്നും വന്ന ശ്രീ അവറാച്ചൻ വാഴപ്പിള്ളിയും, ശ്രീ ബിജു അഞ്ചംകുന്നത്തും പറഞ്ഞത് ലോകത്തിലെ തന്നെ മികവുറ്റ സംഗമം എന്നാണ്. അതുപോലെ സംഗമത്തിന്റെ ഒരുക്കങ്ങളും ധാരാളം ഉഴവൂർക്കാരെയും കണ്ടപ്പോൾ കണ്ണ് തള്ളി പോയി എന്ന് പറഞ്ഞതും കരഘോഷത്തോടെയാണ് എല്ലാവരും വരവേറ്റത്.

അളിയൻമാരുടെ പ്രതിനിധിയായി ശ്രീ ഷാജി ചരമേൽ ആശംസ അറിയിച്ചു.

ഉഴവൂർ സംഗമത്തിന്റെ മെഗാ സ്പോൺസർ ആയിരുന്നത് ലൈഫ് ലൈൻ സർവീസസ് ആയിരുന്നു. അതുപോലെ സംഗമത്തെ ചെറുതും വലുതുമായി സഹായിച്ച സ്പോൺസേഴ്സിനെ ശ്രീ സിബി വാഴപ്പിള്ളി നന്ദിയോടെ ഓർത്തു.

കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് ശ്രീ ബിജു കൊച്ചിക്കുന്നേൽ അവതരിപ്പിച്ചു.

അടുത്ത വർഷത്തെ സംഗമം നടത്താൻ ലണ്ടൻ ടീം മുന്നോട്ട് വന്നു.

മിസ്സ് നിയാ സോണീസ് വെൽക്കം ഡാൻസിന്റെ കൊറിയോഗ്രഫി ചെയ്തപ്പോൾ ശ്രീ മനോജ് ആലക്കൽ മിസ് ഷിയോണ ലൂക്കോസ്, ശ്രീ ഷിൻസൺ മാത്യു എന്നിവർ ചേർന്ന് കലാപരിപാടി എല്ലാവർക്കും ആസ്വാദനപരമാക്കി. ശ്രി ബെന്നി വേങ്ങാച്ചേരി സ്വാഗതവും, ശ്രീ സിബി വാഴപ്പിള്ളിയിൽ നന്ദിയും അറിയിച്ചു.

വിവിധ കലാപരിപാടികളായ ഡാൻസ്, ഡിജെ, ചെണ്ടമേളം, ക്യാബ് ഫയർ നൈറ്റ്, ഗാനമേള, വെൽക്കം ഡാൻസ്, പാട്ട്, റാലി, വടം വലി, വിവിധ തരത്തിലുള്ള മറ്റ് ആഘോഷങ്ങളും, ഒപ്പം സ്വാദിഷ്ടമായ ഭക്ഷണവും, കുട്ടികൾക്കും, ടീനേജേഷ്സിനും എല്ലാവർക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്നതായിരുന്നു. ശ്രീ സാജൻ കരുണാകരന്റെ നേതൃത്വത്തിലുള്ള ടീം ഇടക്കോലി ഈ വർഷവും ഒന്നാം സ്ഥാനവും, ഉഴവൂർ ടൗൺ ടീം രണ്ടാം സ്ഥാനവും നേടി.

അവസാനം ക്ഷണിക്കപ്പെടാത്ത അതിഥിയായി വന്ന മഞ്ഞിനും, അതിനെ അലിയിച്ചു കളഞ്ഞ മഴയ്ക്കും തളർത്താൻ പറ്റാത്ത സംഘടനാ മികവ് പുറത്തെടുത്ത കമ്മിറ്റി അംഗങ്ങൾക്കും, അണയാത്ത ഒത്തൊരുമയും ആവേശവും പുറത്തെടുത്ത ഉഴവൂരിനെ അതിയായി സ്നേഹിക്കുന്ന ഉഴവൂരിന്റെ മക്കൾക്ക് ഓരോരുത്തർക്കും നന്ദിപറഞ്ഞും അടുത്ത വർഷം ഉഴവൂർ സംഗമം നടത്തുന്ന ലണ്ടൻ ടീമിന് ആശംസകൾ നേർന്നും ഫാദർ മനുവിന്റെ ഭക്തിസാന്ദ്രമായ വിശുദ്ധ കുർബാനയ്ക്കും ശേഷം എല്ലാവരും പിരിഞ്ഞു.

RECENT POSTS
Copyright © . All rights reserved