Latest News

ന്യൂസ് ഡെസ്ക് മലയാളം യുകെ

35 വയസ്സുകാരനായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കണ്ണൂർ ചെറുപുഴ സ്വദേശിയായ ജിനേഷ് തോമസ് പൊടിമറ്റം ആണ് മരണമടഞ്ഞത്. തലശ്ശേരി രൂപതയിൽ പെട്ട കോലുവള്ളി ഹോളി ഫാമിലി ഇടവകാംഗമാണ്. സംസ്കാരം പിന്നീട് .

ജിനേഷ് തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കേംബ്രിഡ്ജ്: “നെഹ്രുവിയൻ സോഷ്യലിസവും, ദാർശ്ശനികതയും എക്കാലത്തെയും പ്രസക്തവും സമ്പന്നവുമായ രാഷ്ട്രീയ പ്രമാണവും,നേതാക്കൾക്ക് ദിശാബോധവും,രാജ്യതന്ത്രജ്ഞതയും പകരുന്ന പാഠപുസ്തകമെന്നും” വീ ഡി സതീശൻ എം എൽ എ. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ‘നെഹ്രുവിയൻ സോഷ്യലിസവും ദാർശ്ശനികതയും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രതിപക്ഷ നേതാവ്.

 

” ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തനും, സോഷ്യലിസ്റ്റും, ഭരണ തന്ത്രജ്ഞനുമായ രാഷ്ട്ര ശില്പിയും ഭരണാധികാരിയുമാണ് നെഹ്രു. നെഹ്രുജിയുടെ കാഴ്ചപ്പാടുകൾ ആണ് വിഭജനത്തിന്റെയും സ്വാതന്ത്രാനന്തര അവസ്ഥതയിൽ നിന്നും ഇന്ത്യയുടെ ഇന്നത്തെ വളർച്ചയിലേക്കും രാജ്യാന്തര ബന്ധങ്ങളിലേക്കും എത്തിച്ചത്”.

ഇന്ത്യൻ വർക്കേഴ്സ് കോൺഗ്രസ്സ് യൂണിയനും,കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വീ ഡി സതീശൻ.

“കാലിക രാഷ്ട്രീയ അധംപതനത്തിനും, വർഗ്ഗീയ കലാപങ്ങൾക്കും, മാനുഷിക-ജനാധിപത്യ മൂല്യ ശോഷണത്തിനും കാരണം നെഹ്‌റു കാണിച്ചു തന്ന രാഷ്ട്രീയ ദിശാബോധത്തിൽ നിന്നും,സോഷ്യലിസ്റ്റ് ചിന്തോധാരയിൽ നിന്നുമുള്ള അകൽച്ചയാണെന്നും കെപിസിസി വൈസ് പ്രസിഡണ്ടുമായ വീ ഡി സതീശൻ കൂട്ടിച്ചേർത്തു.

‘നെഹ്രുവിനു ബ്രിട്ടനും, കേംബ്രിഡ്ജ് ട്രൈനിറ്റി കോളേജും അടക്കം ഉണ്ടായിരുന്ന വലിയ ബന്ധം ഏറെ അഭിമാനത്തോടെ കാണുന്ന ജനതയുടെ ഒരു പ്രതിനിധിയാണ് താനെന്നും, അദ്ദേഹത്തെ അനുസ്മരിക്കുവാൻ കിട്ടിയ അവസരത്തെ ഏറെ നന്ദിയോടെ കാണുന്നുവെന്നു’ കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ മുൻ മുൻ മേയറും, ലേബർ പാർട്ടി നേതാവുമായ ലൂയിസ് ഹെർബെർട് തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.

ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ കോർഡിനേറ്ററും, കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും,സോളിസിറ്ററുമായ ബൈജു തിട്ടാല, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പിജി സ്റ്റുഡൻസ് യൂണിയൻ പ്രസിഡണ്ട് വരീഷ് പ്രതാപ് എന്നിവരും സംസാരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്റ്റ് യോർക്ക് ഷെയറിൽ താമസിക്കുന്ന ജോൺ കുര്യന്റെ മാതാവ് മേരി ജോൺ (92) നിര്യാതയായി . പരേതനായ കണിപ്പിള്ളിൽ ജോൺ മാത്യുവിന്റെ ഭാര്യയാണ്. മൃതദേഹം 22-ാം തീയതി ബുധനാഴ്ച രാവിലെ പുല്ലൂരാംപാറ പരേതനായ കണിപ്പിള്ളിൽ ടോമി ജോണിന്റെ ഭവനത്തിൽ എത്തിച്ച് പൊതുദർശനം നടത്തുന്നതും ഉച്ചകഴിഞ്ഞ് 2 മണിക്ക് പുല്ലൂരാംപാറ സെൻറ് ജോസഫ് പള്ളിയിൽ വച്ച് മൃതസംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്യും .പരേത തുടങ്ങനാട് അമ്പാട്ട് കുടുംബാംഗമാണ്.

ജോൺ കുര്യൻ സീറോ മലബാർ സഭയുടെ ലീഡ്സിലെ ഇടവകയായ സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രഡ് ദേവാലയത്തിൽ ദീർഘകാലമായി കാറ്റക്കിസം ക്ലാസുകളുടെ പ്രഥമ അധ്യാപകനും ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ കലോത്സവത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളുമാണ്.

ജോൺ കുര്യൻറെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.

താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ച് സംസ്കാര ചടങ്ങുകൾ തൽസമയം കാണാം.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ആയുർവേദത്തിൽ മഹാരോഗമായി പറയപ്പെടുന്ന രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. പ്രഭൂതാവില മൂത്രത്വം, മൂത്രം അധികമായി കൂടെ കൂടെ പോകുക ആണ് പ്രധാന ലക്ഷണം. ഒരു പരിധിവരെ പ്രതിരോധിക്കാവുന്ന ഒരനുബന്ധ രോഗം എന്ന നിലയിൽ ശരിയായ പരിശോധനയിലൂടെ ന്യൂറോപതി മൂലം ഉണ്ടാകാവുന്ന മറ്റ് അസുഖങ്ങൾ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണ്.

നാഡികൾക്ക് വേണ്ടത്ര രക്തം ലഭിക്കാതെ വരിക, ഉയർന്ന ഗ്ളൂക്കോസ് നില നാഡികളെ ദോഷകരമായ നിലയിൽ എത്തിക്കുകയാൽ കൈകാലുകളിലെ നാഡീ സംവേദന പ്രവർത്തനമടക്കം നാഡീ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാര നില നിയന്ത്രിച്ചും ഉത്തമ ജീവിത ശൈലി സ്വായത്തമാക്കിയും രോഗ വ്യാപനവും തീവ്രതയും സാവധാനത്തിൽ ആക്കാനാവും.

കൈകാലുകളുടെ മരവിപ്പ് വേദന എന്നിവ ഡയബേറ്റിക് ന്യൂറോപതിയുടെ ആദ്യ ലക്ഷണങ്ങൾ ആയി കരുതാം. ദഹന വ്യവസ്ഥ മൂത്ര നാളീ രക്തകുഴലുകൾ, ഹൃദയം എന്നിവിടങ്ങളിലും പ്രയാസങ്ങൾ ഉണ്ടാക്കും എങ്കിലും പലപ്പോഴും നേരിയ അസ്വസ്ഥത മാത്രമായി നിലകൊള്ളും. ചിലരിൽ വേദന മറ്റസ്വസ്ഥതൾ ദുരിത പൂർണമാക്കാറുണ്ട്. കാൽ പാദങ്ങളിൽ നിന്ന് ഉള്ള നാഡീ സംവേദന തകരാർ കാലിലുണ്ടാകുന്ന ചെറിയ പരിക്കുകളും ക്ഷതവും വ്രണങ്ങളും അറിയാതെ പോകും. സ്വാഭാവിക ജീവിതം ദുസ്സഹമാക്കും വിധം ചിലപ്പോൾ അസ്വസ്ഥത ഏറി വരാം.

കാൽ പാദ പരിശോധന കൃത്യമായ ഇടവേളകളിൽ നടത്തുക. പാദങ്ങൾക്കുണ്ടാകുന്ന വരൾച്ച പരുപരുപ്പ് ഡ്രൈനെസ്സ് ഒഴിവാക്കുക. നഖങ്ങൾ സൂക്ഷ്മതയോടെ മുറിച്ചു പാദ പരിചരണം നടത്തുക. കാലുകളുടെ അളവിന് യോജിച്ച മൃദുവും സുരക്ഷിതവുമായ പാദ രക്ഷകൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.

ആയുർവേദ ഔഷധ തൈലങ്ങൾ ഉപയോഗിച്ചുള്ള പാദ അഭ്യംഗം, ഔഷധ കഷായങ്ങൾ കൊണ്ടുള്ള ധാര, ലേപനങ്ങൾ എന്നവ ആശ്വാസം നൽകുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ലത മണ്ടോടി

അവൻ ബാഗ് തുറന്നു ഫ്രൂട്ടിയുടെ പാക്കറ്റ് കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കി.

ഫ്രൂട്ടി മേംഗോ ഡ്രിങ്ക്….
സിൻസ് 1985

അതിനുള്ളിൽ മാങ്ങയുടെ നല്ല സ്വാദുള്ള ജ്യൂസ്‌ ..കുടിക്കാൻ സൈഡിൽ വെളുത്തു കൊലുങ്ങനെ പറ്റിച്ചേർന്നു കിടക്കുന്ന ഒരു കുഴലും . മാങ്ങയെ കശക്കി പിഴിഞ്ഞ് അതിന്റെ നീരെടുത്ത് നിറച്ചത്. അവനു അതിനു ചോരയുടെ ഗന്ധമാണ് തോന്നിയത്. വീട്ടിനു പുറകിൽ പോയി നിന്ന് ആ പാക്കറ്റ് അവൻ താഴെ ഇട്ട് കാലുകൊണ്ട് ചവിട്ടി അരച്ചു. കല്ലെടുത്തു കീറി മുറിച്ചു. എല്ലാ കീറലിൽ നിന്നും ജ്യൂസ്‌ കിനിഞ്ഞു. കുടിക്കേണ്ട ദ്വാരം ഒരു പൊക്കിൾച്ചുഴിയെപ്പോലെ അവനു തോന്നി. അതിൽ നിന്ന് ശക്തിയോടെ ജ്യൂസ്‌ ചീറ്റിയിരുന്നു. അതിന് രക്‌തചുവപ്പായിരുന്നു.

ആരാണവളെ ഇങ്ങിനെയൊക്കെ ദ്രോഹിച്ചത്…ചുണ്ടൊക്കെ കടിച്ചുമുറിച്ച്… ദേഹം മുഴുവനും കീറിമുറിച്ച്.. നാഭിയിൽ കുത്തിയിറക്കി…..സ്കൂളു വിട്ടു വരുമ്പോൾ സുരേഷിനോട് വാസുവണ്ണൻ പറഞ്ഞതാണവൻ കേട്ടത്.
വീട്ടിന്റെ പുറകിൽ പോയി തലയിൽ കൈവെച്ചവൻ ആർത്തു നിലവിളിച്ചു.ആരും കാണാതെ.

“നിന്റെ ആരാണവൾ?നിനക്കറിഞ്ഞൂടെ….അവൾ എവിടെയാ പോയത്? പോലീസുകാർ ചോദിച്ചപ്പോൾ അവൻ സ്വയം ചോദിച്ചു.. എന്റെ ആരാണവൾ?

എന്റെ മാലാഖ കുട്ടിയാണവൾ. ക്ലാസ്സിലെ ലൂക്കാ പറഞ്ഞപോലെ മനസ്സിന് വിഷമം വരുമ്പോൾ എന്നെ ആശ്വസിപ്പിച്ചിരുന്ന എന്റെ കൊച്ചു മാലാഖ.

“വലിയ വീട്ടിലെ പെൺകുട്ടിയോട്‌ ചങ്ങാത്തം കൂടിയത് എനിക്കിഷ്ടമില്ലായിരുന്നു സാർ. തന്ത ഇട്ടേച്ചു പോയതിനു എന്നോടാ കെറുവ് ഇപ്പോഴും.ഇനിയും വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചാ ഞാൻ…”
അമ്മ പോലീസുകാരോട് കരഞ്ഞു പറഞ്ഞു.അതും കേട്ട് അവന്റെ ബാഗും പരിശോധിച്ചാ അന്നവർ പോയത്. ബാഗിൽ അവന്റെ പുസ്തകവും ഒരു ഫ്രൂട്ടി പാക്കറ്റും മാത്രമേ അവർ കണ്ടുള്ളു.അത് തിരിച്ചു ബാഗിൽതന്നെ വെച്ചവർ പോയി.

അവൾക്കായി വാങ്ങിയ ഫ്രൂട്ടി. അമ്മ അത്യാവശ്യത്തിനു വെച്ച പൈസ കുറച്ച് കുറച്ചായി കട്ടെടുത്തു വാങ്ങിയ ഫ്രൂട്ടി. അവൾ കൂടെ ഇല്ലാത്ത ദിവസം നോക്കിയാ വാങ്ങിയത്. അല്ലെങ്കിൽ അവൾ വാങ്ങാൻ സമ്മതിക്കില്ല.പക്ഷേ അത് അവന് അവൾക്ക് കൊടുക്കാൻ സാധിച്ചില്ല. അന്നവൾ ക്ലാസ്സിൽ വന്നില്ല.അല്ലെങ്കിൽ അന്നുമുതൽ… വന്നില്ല.

അവൻ മുകുന്ദനാണ്. നിഷ്കളങ്കമായി പുഞ്ചിരിച്ചു നിൽക്കുന്ന വലിയ തലയെടുപ്പൊന്നുമില്ലാത്ത നാട്ടുമ്പുറത്തെ ഒരു സാധാരണ യു പി സ്കൂളിലാണവൻ പഠിക്കുന്നത്.ഒരു ദിവസം ബെൽ അടിച്ചതോടെ അവനും അവന്റെ കൂട്ടുകാരും ക്ലാസ്സ്‌മുറികളിലേക്കോടിക്കയറി..തലേ ദിവസത്തെ മഴയിൽ കുതിർന്ന മണ്ണിൽ ചവിട്ടിയ അവരുടെ കൊച്ചുപാദങ്ങളുടെയും ചെരുപ്പുകളുടെയും അടയാളങ്ങൾ ആ സ്കൂൾ വരാന്തയിൽ അവശേഷിച്ചിരുന്നു. അത് മാഞ്ഞു തീരാൻ ഇനിയും ബെല്ലടിക്കണം. ഇനിയും അവർ ഓടണം.തലയിൽ തേച്ച എണ്ണ ഓട്ടത്തിന്റെ വേഗതയിൽ താഴോട്ടിറങ്ങി അവരുടെ മുഖങ്ങളെ മിനുസപ്പെടുത്തിയിരുന്നു.ആരോ പറഞ്ഞപോലെ അവർ എ ബി സി കുട്ടികളേ അല്ല… ക ഖ ഘ കുട്ടികളായിരുന്നു.

നെഞ്ചുവിരിച്ചുനിൽക്കുന്ന കറുത്ത ബോർഡിന്റെ ഒരു മൂലയിൽ സ്റ്റാൻഡേർഡ് അഞ്ച് എ എന്നത് റോമൻ അക്കത്തിൽ കാണാം. ടീച്ചർ തിരിഞ്ഞു ബോർഡ്‌ നോക്കി പിന്നെ ഡസ്റ്റർ എടുത്ത് തുടച്ചു വൃത്തിയാക്കി.

ടീച്ചർ മുകുന്ദൻ തുടച്ചതാണ്.കുട്ടികൾ ആർത്തലച്ചു.

ശരി ശരി…

ഇന്ന് മുതൽ നിങ്ങൾക്ക് ഒരു പുതിയ കൂട്ടുകാരി കൂടിയുണ്ട്.ഇപ്പോൾ വരും. ഇതുവരെ പഠിച്ചതൊക്കെ നിങ്ങൾ അവൾക്ക് പറഞ്ഞുകൊടുക്കില്ലേ.

കൊടുക്കും ടീച്ചർ…

ഉടനെ എല്ലാ കണ്ണുകളും പ്രത്യേകിച്ച് വാതിലൊന്നുമില്ലാത്ത വാതിൽക്കലേക്ക് എത്തി നോക്കി. പുതിയ കൂട്ടുകാരിയെ വരവേൽക്കാൻ.

വെളുത്തു മെലിഞ്ഞു നീലമിഴികൾ ഉള്ള ചെമ്പൻ തലമുടിയുള്ള ഒരു സുന്ദരിക്കുട്ടി ക്ലാസ്സിലേക്ക് കടന്നുവന്നു. അവളെ കണ്ടപ്പോൾ അത്ഭുതവും ആശങ്കയും കുശുമ്പും കുട്ടികളുടെ മുഖത്തു കാണാമായിരുന്നു.അവളുടെ ചുവന്ന ഉടുപ്പും തലയിൽ വെച്ച ചുവന്ന പൂക്കളുള്ള ഹെയർ ബാൻഡും വിരലൊക്കെ മൂടിയ ചുവപ്പ് ഷൂവും അതിനുമുകളിൽ കിലുങ്ങുന്ന പാദസരവും അവർക്ക് കാഴ്ചവസ്തുക്കൾ തന്നെയായിരുന്നു.പെൺകുട്ടികൾ പലരും അവരവരുടെ കാലുകളിലേക്ക് നോക്കി. ഇത്രയും വീതിയുള്ള കൊലുസ് അവര് കണ്ടിട്ടേ ഇല്ല.പോരാത്തതിന് ഒരു മിഠായിറോസ് നിറവും…

“ഇതാണ് നൂർജഹാൻ.. ഇവളും ഇനി നമ്മുടെ കൂടെയുണ്ടാവും.” ടീച്ചർ അവളെ ചേർത്തുപിടിച്ചു പറഞ്ഞു.

“ഹായ് നല്ല പേര്.. “പെൺകുട്ടികൾ പറഞ്ഞപ്പോൾ ആൺകുട്ടികൾ എല്ലാവരും അപ്പോഴും വിസ്മയത്തുമ്പത്തായിരുന്നു.

“ഉമ്മുമ്മ പറയുന്ന കഥകളിലെ ഹൂറിയെ പോലുണ്ട്….”
സബീന അടുത്തിരിക്കുന്ന മണിക്കുട്ടിയോട് പറഞ്ഞത് മുകുന്ദൻ കേട്ടു. ഹൂറി പോലുണ്ട്… അവനും തലകുലുക്കി.

“എന്ത് ഹൂറി.. അയ്യേ ചെമ്പൻ തലമുടി. എണ്ണ തേക്കാതെ തലയൊക്കെ ചെമ്പിച്ച് കൃഷ്ണമണിക്കും നിറല്യാതെ… ശെരിക്കും ഒരു ഭംഗില്യാ എനിക്കിഷ്ടപ്പെട്ടിട്ടില്ല….”മണിക്കുട്ടിയുടെ കമന്റ്‌.

“ഓ..….ഇതുവരെ നീയാണല്ലോ ഈ ക്ലാസ്സിലെ മുത്ത്‌. ഇനി ഇവളായിരിക്കും. നോക്കിക്കോ….”സബീന മണിക്കുട്ടിയോട് പറഞ്ഞു.

ബോർഡിൽ കണക്കെഴുതി ടീച്ചർ തിരിഞ്ഞു നോക്കി.

“സബീന..എന്താ അവിടെ ഒരു വർത്തമാനം? ക്ലാസ്സിൽ ശ്രദ്ധിക്കാതെ.”

“ഇവള് നൂർജഹാനെ കുറ്റം പറയാ ടീച്ചർ….”

മണിക്കുട്ടിയ്ക്കു അരിശം തീർക്കാനൊരു വഴി തെളിഞ്ഞു.

“സബീന … അങ്ങിനെയാണോ?

“അല്ല..ടീച്ചർ ഇവള് കള്ളം പറയാ..”

“ഒഴിവു സമയത്ത് എല്ലാവരും അവളോട്‌ കൂട്ടു കൂടണം. അവളും നിങ്ങളെപ്പോലെയൊരു കുട്ടിയല്ലേ….കുറേ ക്ലാസുകൾ കഴിഞ്ഞുപോയി. അതൊക്കെ പഠിച്ചു തീർക്കാൻ അവളെ സഹായിക്കണം….”

ക്ലാസ്സ്‌ വിട്ടപ്പോൾ എല്ലാവരും നൂർജഹാന്റെ ചുറ്റും കൂടി.നൂർജഹാന്റെ നഖങ്ങളുടെ അറ്റത്തുള്ള മൈലാഞ്ചി ചോപ്പ് കണ്ട് ആയിഷു ചോദിച്ചു.

“ജ്ജ് ..ഓത്തുപള്ളീല് പോകാറുണ്ടോ…”

“ഉം….”

അവളൊന്നു മൂളി.

“ഇതെന്താ നിന്റെ കൊലുസ്സിന് റോസ് നിറം….” മണിക്കുട്ടി ചോദിച്ചു.

“ഇത് റോസ് ഗോൾഡാ…”

“ഈ ക്ലാസ്സിലാരാ മുകുന്ദ്…” അവൾക്കതായിരുന്നു അറിയേണ്ടത്.

“ഞാനാ.. ഞാൻ മുകുന്ദനാ…”

“ടീച്ചർ മുകുന്ദ് എല്ലാ സബ്ജെക്ട്സും പഠിപ്പിച്ചുതരും ക്ലാസ്സിൽ ഒന്നാമൻ മുകുന്ദ് ആണെന്ന് പറഞ്ഞു…”

“കുട്ടി ഏതു സ്കൂളിൽ നിന്നാ വന്നത്?” അവൻ അവളോട്‌ ചോദിച്ചു.

“വയനാട് കേട്ടിട്ടുണ്ടോ.. അവിടെ ഒരു വലിയ കോളേജിലാ എന്റെ ഡാഡി പഠിച്ചത്. ഡാഡിയുടെ വീട് യു പി യിലാണ്. അങ്ങ് വടക്കേ ഇന്ത്യയിൽ… വയനാട്ടിൽ പഠിക്കാൻ വന്നതാ… വയനാട്ടിൽ ജോലിയും കിട്ടി. പിന്നെ അവിടെ നിന്ന് എന്റെ മമ്മിയെ കല്യാണവും കഴിച്ചു.ഞാൻ വയനാട്ടിലാ നാലുവരെ പഠിച്ചത്.”

“പിന്നെ ഇവിടെയെങ്ങിനെ എത്തി?”

” അച്ഛന്റെ നാട്ടുകാരൻ ഒരു ഹോട്ടൽ മാനേജർ എറണാകുളത്തുണ്ട്. അയാൾ അച്ഛന് അവരുടെ പുതിയ ഹോട്ടലിന്റെ മാനേജർ ആയി ജോലി കൊടുത്തു. അത് ടൗണിലാണ്. കുറച്ചു കാലമേ ഞാൻ ഇവിടെ ഉണ്ടാവുള്ളു. മമ്മിയുടെ ഒരു കസിൻ ഇവിടെ ഉണ്ട്. അവരുടെ കൂടെയാ ഞങ്ങൾ. ഡാഡി ടൗണിലും. ഹോട്ടലിന്റെ പണി തീർന്നു തിരക്കെല്ലാം കഴിഞ്ഞാൽ ഞങ്ങളെ ടൗണിലേക്ക് കൂട്ടി കൊണ്ടുപോകും. ഹോട്ടലിനോട് ചേർന്ന് ഞങ്ങൾക്ക് താമസിക്കാനുള്ള പ്രത്യേക വീടുമുണ്ട്. അത് പണി തീരും വരെ ഞങ്ങൾ ഇവിടെയാണ്…”

“മുകുന്ദിന്റെ വീട്ടിന്റെ അടുത്താണ് ഞാനും താമസിക്കുന്നത്…. ടീച്ചർ പറഞ്ഞതാണ്. നമുക്കൊരുമിച്ചു പോവും വരുകയും ചെയ്യാം.”

മുകുന്ദൻ സ്തബ്ധിച്ചു നിന്നുപോയി. ആയിരം നാവുള്ളൊരു പെൺകുട്ടി. നല്ല വെളുത്ത നിറം. മാണിക്യകല്ലുപോലെ തിളങ്ങുന്ന കണ്ണുകൾ. ഇളം റോസ് കവിളുകൾ ചെമ്പിച്ച പാറിപറന്ന മുടി.
ഇതായിരിക്കുമൊ മദാമ്മ. അവൻ സംശയിച്ചു..

സിനിമയിലെപ്പോഴോ കണ്ട ഒരോർമയിൽ അവൻ ചോദിച്ചു. “നീ മദാമ്മയാണോ….”

“അയ്യോ മദാമ്മകൾ ഇന്ത്യയ്ക്കു പുറത്തുള്ളവരാണ് മുകുന്ദ്…ഇവിടെയുള്ളവർക്കൊന്നും അറിഞ്ഞൂടെ…”

“എല്ലാം അറിയാമെങ്കിൽ പിന്നെ ഞാൻ നിന്നെ എന്ത് പഠിപ്പിക്കാനാണ്…”

“അയ്യോ പിണങ്ങല്ലേ മുകുന്ദ്..” അവൾ നിന്ന് ചിണുങ്ങി.

“ഒരു ദിവസം അവൾ പറഞ്ഞു. ഞാൻഇന്ന് ക്ലാസ്സ്‌ കഴിഞ്ഞാൽ മുകുന്ദിന്റെ വീട്ടിലേക്കു വരും എനിക്ക് മുകുന്ദിന്റെ അച്ഛനെയും അമ്മയെയും കാണണം. എനിക്ക് എഴുതിയ നോട്സ് എല്ലാം തരണം….”. “സമ്മതല്ലേ… .നല്ലവണ്ണം പഠിക്കുന്ന കുട്ടികളുടെ നോട്ട്സ് മാത്രമേ എഴുതി എടുക്കാവു എന്ന് മമ്മി പറഞ്ഞിട്ടുണ്ട്.”

“നിനക്കവിടെയ്ക്കൊന്നും വരാൻ പറ്റില്ല…”

“അതെന്താ മുകുന്ദ്..”

“അത് പാവങ്ങള് തിങ്ങി പാർക്കുന്ന സ്ഥലമാണ്.പിന്നെ എനിക്കച്ഛനുമില്ല നിനക്ക് കാണാൻ. അച്ഛൻ എന്റെ അമ്മയെയും എന്നെയും ഉപേക്ഷിച്ച് എങ്ങോട്ടോ പോയിട്ടെത്രയോ നാളായി…”

അവളിൽ നിന്നൊന്നു രക്ഷപ്പെട്ടാൽ മതിയായിരുന്നു എന്ന് അവന് തോന്നി.
“ഒരു പൊല്ലാപ്പ്…”

“എന്തൊക്കെയായാലും ഞാൻ വരും.ഒ രു പിടിവാശിക്കാരിയുടെ ഭാവത്തോടെ മുകുന്ദനെ നോക്കി കണ്ണ് ചിമ്മി അവൾ ചിരിച്ചു…”

ക്ലാസ്സ്‌ കഴിഞ്ഞ് അവൻ വീട്ടിലേക്കു നടന്നു. അവന്റെ മുഖത്ത് ഒരു രാജകുമാരി ഇരിക്കുന്ന മഞ്ചൽ തോളിൽ ഏറ്റിയ ഒരു പരിചാരകന്റെ വിഷണ്ണ ഭാവമായിരുന്നു.കൊലുസ്സിന്റെ കിലുകിലുങ്ങനെയുള്ള മനോഹര ശബ്ദം അവനെ പിൻതുടർന്നുകൊണ്ടിരുന്നു.

പൊട്ടിപൊളിഞ്ഞ ഓടുമേഞ്ഞ അടുപ്പുകല്ലുകൂട്ടിയപോലത്തെ കൊച്ചു കൊച്ചു വീടുകൾ.അവയ്ക്ക് മഴപ്പാറൽ വീണു കരിമ്പനടിച്ച ചുമരുകൾ. ഉള്ളിൽ നിന്നും വരുന്ന ശബ്ദകോലാഹലങ്ങളിൽ അസഭ്യവും സഭ്യവും വേർതിരിച്ചെടുക്കാനാവാതെ വിറങ്ങലിച്ചു നിൽക്കുന്നവ. ഈ വീടുകൾക്കിടയിലൂടെ ഒഴുകുന്ന കറുത്ത നിറത്തിലുള്ള അഴുക്കുവെള്ളം കൊണ്ടുള്ള ചെറിയ ചാലുകൾ. അതിൽ ചെങ്കല്ല് നിരത്തി അതിൽ ചവുട്ടി നടക്കുന്ന ഒരു പതുപതുത്ത വെളുത്ത കാല്. ആ കാലു കളിലേക്കെത്തിനോക്കുന്ന കുറേ കൂത്താടികളായിരുന്നു അവന്റെ ചിന്തകൾക്ക് ചുറ്റും.

“എന്താ മുകുന്ദ് ഒന്നും പറയാത്തെ… ഞാൻ കൂടെ വന്നത് ഇഷ്ടപെട്ടില്ലേ.,”

അവൻ ഒന്നും മിണ്ടിയില്ല.

“എടോ…മുകുന്ദാ..ഇതാരാ.?.”

വഴിയിലെ സ്റ്റേഷനറി കടക്കാരൻ വാസു അണ്ണൻ കുശലം ചോദിച്ചു.

ഈ വാസുവണ്ണന്റെ കടയുടെ മുന്നിൽ “ചുറ്റുവട്ടത്തെ എല്ലാ വാർത്തകളും പൊടിപ്പും തൊങ്ങലും വെച്ച് വിൽക്കപ്പെടും “എന്ന് ആരോ ഒരിക്കൽ എഴുതിവെച്ചിരുന്നു.

“എന്റെ ക്ലാസ്സിലെ പുതിയ കുട്ടിയാ… എന്റെ നോട്സ് എഴുതിയെടുക്കാൻ കൂടെ പോന്നതാ…”

“ഇതിനെ ആ ചേരീലേക്കാണോ നീ കൂട്ടിക്കൊണ്ടോവുന്നത്”

സങ്കടവും ദേഷ്യവും കൊണ്ടവന്റെ മുഖം ഒന്നും കൂടി കറുത്തു. അവൻ നൂർജഹാനെ തിരിഞ്ഞൊന്നു നോക്കി. അവൾ കണ്ണുകളടച്ചൊന്നു ചിരിച്ചു.

ഒന്നും പ്രശ്നമല്ല, എന്ന് പറയുന്ന ആ കണ്ണുകളിലെ ചിരി കണ്ടവൻ പറഞ്ഞു.

“വേഗം നടന്നോ.. മഴ വരും. മഴയായാൽ ചളിയാവും നടക്കാൻ പറ്റില്ല…”

പെട്ടെന്നവൾ മൂക്ക് പൊത്തി..”അയ്യോ ഇതെന്താ മുകുന്ദ് ., എന്തൊരു നാറ്റം.ഇതിലെ നടക്കാൻ വയ്യല്ലോ..”

“ആ… ടൗണിലെ ആൾക്കാർ ഇവിടെ വേസ്റ്റ് കൊണ്ട് തള്ളുന്നതാണ്. വീടടുക്കാറായി.പെട്ടെന്ന് നടക്കൂ…” അവൻ പറഞ്ഞു.

“ഇതാണോടാ നിന്റെ നൂർജഹാൻ…” അവന്റെ അമ്മ കണ്ടതും ഊഹിച്ചെടുത്തു. “ഇതിനെ എന്തിനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടോ ന്നെ? വെള്ളം കലക്കികൊടുക്കാൻ ഇച്ചിരി പഞ്ചാര കൂടി ഇവിടില്ല.”

ഒന്നും കേൾക്കാത്തമട്ടിൽ ഷൂസ് ഊരിവെച്ചവൾ അകത്തു കയറി അവന്റെ അമ്മയെ കെട്ടിപിടിച്ചു.

“എനിക്കൊന്നും വേണ്ട. ഞാൻ മുകുന്ദിന്റെ നോട്സ് എഴുതിയെടുക്കാൻ വന്നതാണ്. കൂട്ടത്തിൽ അമ്മയെ കാണാനും. പുസ്തകങ്ങളെല്ലാം വാങ്ങി ഞാൻ ഇപ്പോൾ പോവും. രണ്ടു ദിവസം ലീവ് അല്ലെ. മമ്മി എഴുതിത്തരും ബാക്കി….”

അപ്പോൾ മുതലാണ് അവന് അവൾ മാലാഖ കുട്ടി ആയത് ലൂക്ക പറഞ്ഞ മാലാഖ.. എല്ലാവരെയും സന്തോഷിപ്പിക്കാനറിയാവുന്ന വെളുത്ത ചിറകുകളുള്ള ഒരു കൊച്ചു മാലാഖ.

അങ്ങിനെ ആ ചങ്ങാത്തം വളർന്നു. അവൾ പലപ്പോഴും അവളുടെ അച്ഛൻ ഉണ്ടാക്കുന്ന പലഹാരങ്ങൾ പൊതിഞ്ഞു ആരും കാണാതെ അവന് കൊണ്ട് കൊടുക്കും. പകരം കൊടുക്കാനവനൊന്നുമുണ്ടായിരുന്നില്ല.

ഒരിക്കൽ വാസുഅണ്ണന്റെ കട എത്തിയപ്പോൾ അവൾ പറഞ്ഞു.

“മുകുന്ദ് അവിടെ ഫ്രൂട്ടി ഉണ്ട്‌…. എനിക്ക് അത് വലിയ ഇഷ്ടമാ. പുഴുക്കൾ ഉണ്ടാവുമെന്ന് പറഞ്ഞച്ഛനുമമ്മയും എനിക്കതു വാങ്ങിതരില്ല. നമുക്കൊരു ദിവസം വാങ്ങി കുടിക്കണം…”

“വേണ്ട…അത് നന്നല്ല..”

.”മുകുന്ദ് ഇല്ലാത്ത ഒരു ദിവസം എന്റെ ഡാഡിയെ പോലെ ഹിന്ദി സംസാരിക്കുന്ന ഒരാൾ ഫ്രൂട്ടി വാങ്ങിക്കുടിക്കുന്നുണ്ടായിരുന്നു അയാൾ എന്നെ നോക്കി ചിരിച്ചു. എനിക്ക് അപ്പോൾ നൊണ തോന്നി മുകുന്ദ്… ”

“അയ്യേ… മോശം. അതൊന്നും ശ്രദ്ധിക്കാൻ പോണ്ട നൂർജഹാൻ..”

അങ്ങിനെ പറഞ്ഞുവെങ്കിലും അവൾക്കു ഒരിക്കൽ ഫ്രൂട്ടി വാങ്ങികൊടുക്കണം എന്നവന് തോന്നി. പക്ഷേ കാശില്ല, അവൻ നിസ്സഹായനായിരുന്നു.

” അമ്മാ…എനിക്കൊരു ഫ്രൂട്ടി വാങ്ങിക്കാൻ കാശു തരുമോ. സുരേഷ് ഫ്രൂട്ടി കുടിക്കുന്നത് കണ്ടപ്പോൾ എനിക്കും ഒരു കൊതി … “അവൻ അമ്മയോട് ചോദിച്ചു.

സ്കൂളിന്റെ തൊട്ടടുത്തുള്ള ഹൈസ്കൂളിൽ പഠിക്കുന്ന സുരേഷിന്റെ അച്ഛന് അവന്റെ അമ്മ പണിയെടുക്കുന്ന എസ്റ്റേറ്റിലാ ജോലി.

“അവനെ.. തന്തപോറ്റുന്ന ചെക്കനാ… നീയെ പട്ടിണി ഇല്ലാതെ ജീവിക്കുന്നത് തന്നെ ഭാഗ്യം ന്നു വിചാരിച്ചോ. ആ റൈറ്ററ് ഒരു പണി ആക്കി തന്നോണ്ട് കഴിഞ്ഞുപോവുന്നുണ്ട്. അവന്റെ ഒരു ഫ്രൂട്ടി.. ഈയിടെയായി ശീലങ്ങളൊക്കെ മാറുന്നുണ്ട് നിന്റെ….”

“ഒരു റൈറ്ററ് .. അയാളെ കണ്ടുകൂടാ എനിക്ക്…”

“നിന്നോടെന്തെ അയാള് കാട്ടി… കണ്ടൂടാണ്ടാവാൻ…”

അവന്റെ ചെവിയ്ക്കുള്ളിൽ സുരേഷ് വീണ്ടും..

“എട. മുകുന്ദാ … നിന്റെ ആരാടാ നൂർജഹാൻ.?.. അവൾക്ക് നിന്നോട് പ്രേമാണോ..അല്ല നിനക്കവളോടാണോ പ്രേമം.
നിന്നെയൊന്നും വിശ്വസിച്ചൂടാ…നിന്റെ തള്ളയും ആ റൈറ്ററും പ്രേമത്തിലല്ലേ. അതുപോലെ നീയും തുടങ്ങിയോ..?.”

സുരേഷ് പറഞ്ഞത് ശരിയായിരിക്കുമോ… കയ്യിലുള്ള ഗ്ലാസ്‌ വലിച്ചെറിഞ്ഞവൻ അമ്മയുടെ അടുത്തുനിന്ന് പോയി. അതും അവൻ നൂർജഹാനോട് പറഞ്ഞു.

“ആ സുരേഷ് ചീത്തയാണ് മുകുന്ദ്..നമ്മൾ ചങ്ങാതിമാരല്ലേ..അതുപോലെ മുകുന്ദിന്റെ അമ്മയും റൈറ്ററും ആയിക്കൂടെ. ഈ സിനിമയിലൊക്കെ പറയുന്നത് കേട്ടു പറയാ അവൻ….. വലിയ ചെക്കനല്ലേ… അങ്ങിനെയേ പറയൂ.. സുരേഷിന്റെ കൂടെ നടക്കേണ്ട മുകുന്ദ്.

എന്നിട്ടവൾ കണ്ണടച്ചു കാട്ടി ചിരിച്ചു. മാലാഖകുട്ടി പറഞ്ഞാൽ എന്തും അവൻ വിശ്വസിക്കും. സമാധാനിക്കും..

മനസ്സിലേക്ക് വന്നതൊക്കെ അയവിറക്കി തികട്ടി അരച്ചു അവൻ ആലോചിച്ചു. എന്നിട്ടും എന്തിനെന്റെ മാലാഖ കുട്ടി ആ ഹിന്ദിക്കാരനോട് ഫ്രൂട്ടി വാങ്ങി കുടിച്ചു.

“എന്താ മുകുന്ദാ വീട്ടിന്റെ പിന്നിൽ തന്നെ ഇരിക്കണത് യ്യ്….” അമ്മയുടെ ശബ്ദത്തിൽ ഒരു വാത്സല്യം.
“നേരം മോന്തി ആയില്ലേ.ഒരു വെള്ളവും കുടിക്കാതെ ആ പെണ്ണിനെതന്നെ ആലോചിച്ചിരിക്കാ..വന്ന് എന്തെങ്കിലും കുടിക്ക്.യ്യ് സുരേഷിന്റെ കൂടെയല്ലേ സ്കൂളിൽ നിന്ന് പോന്നത്. കുറച്ചീസം ഓൻ മറ്റേ സ്കൂളിൽ നിന്ന് ഇറങ്ങുന്നതുവരെ കാത്തുനിന്നോ. ഒറ്റയ്ക്കു പോരണ്ട…”
“ന്നാലും അതൊരു നല്ല കുട്ടിയേരുന്ന്. പാവം. അതിന്റെയൊരു വിധി…”

അതിന്റെയൊരു വിധി… മുകുന്ദൻ ഒന്നുകൂടിയതാവർത്തിച്ചു.അവൻ വീണ്ടും ഓർത്തു.

വാസുവണ്ണാ.. കച്ചോടം കൂടീലെ ങ്ങളെ നല്ല കാലം. ചൂടുള്ള വാർത്തകൾ അറിയാൻ ആൾക്കാര് കൂടല്ലേ ഇവിടെ..”

“എന്താ സുരേഷേ യ്യ് പറേണത് .അയ് നാത്രം ഏമാന്മാരും കേറി എറങ്ങല്ലേ…”

“ആ പിന്നെ ഒരു കാര്യണ്ട്.ഓനെ പിടിച്ചു.. പോലീസുകാര്..എല്ലാം പറഞ്ഞു പോലും അല്ല പറയിപ്പിച്ചുപോലും.. ഫ്രൂട്ടീല് മയക്കു മരുന്നിട്ടു കുടിപ്പിച്ചിട്ടാ പാവം..അതിനെ..അയിന്റെ തന്തേം തള്ളേം എങ്ങിനാ സഹിക്കാ…”

ശരിയാ..എന്റെ മാലാഖകുട്ടിക്ക് എത്ര വേദനിച്ചിട്ടുണ്ടാവും. അവളുടെ ചിരി മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അവൾക്കു കരയാൻ അറിയാമായിരുന്നോ. ചാക്കിന്റെ ഉള്ളിൽ നിന്നവൾ ആ വൃത്തികെട്ട ഗന്ധം ശ്വസിച്ചിട്ടുണ്ടാവുമോ. സാധാരണ അവിടെയെത്തിയാൽ അവൾ ഓടാറാണ് പതിവ് . പക്ഷേ ചാക്കിന്റെ ഉള്ളിൽ വരിഞ്ഞുകെട്ടിയ വെട്ടിനുറുക്കിയ നിലയിൽ അവൾ. ആ വൃത്തികെട്ടവൻ..

ഉള്ളിന്റെ ഉള്ളിൽ നീറി കരഞ്ഞു കൊണ്ടിരിക്കുന്ന അവന് മാത്രമേ അവൾ അവനാരായിരുന്നു എന്നറിയുള്ളു. ബാക്കിയുള്ളവരുടെ ഇടയിൽ അവനെന്തു റോൾ. ഒരു മുകുന്ദൻ. ചേരിയിലെ മുകുന്ദൻ. വാസുവണ്ണൻ പറഞ്ഞതും കേട്ട് നിസ്സംഗതയോടെ സുരേഷിന്റെ തോളത്ത് കൈവെച്ചവൻ നടന്നു. ഒരു നടത്തം…

ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.

ഷൈമോൻ തോട്ടുങ്കൽ

സ്കൻതോർപ്പ് . വചനമായ ഈശോയെ അനുഭവിക്കുവാനും , പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബം സ്കന്തോർപ്പിൽ ഒന്നിച്ചുകൂടിയത് ദൈവകരുണയുടെ വലിയ സാക്ഷ്യമാണെന്നു രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രസ്താവിച്ചു . രൂപതയുടെ ദേശീയ ബൈബിൾ കലോത്സവം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പന്ത്രണ്ടു റീജിയനുകളിലായി നടന്ന കലോത്സവങ്ങളിൽ വിജയികളായ ആയിരത്തി അഞ്ഞൂറോളം പ്രതിഭകളാണ് സ്കൻതോർപ്പ് ഫ്രെഡറിക് സ്‌കൂളിലെ പന്ത്രണ്ട് വേദികളായി നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത് .

വിവിധ വേദികളിലായി രാവിലെ മുതൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കേംബ്രിഡ്ജ് റീജിയൻ ഓവറോൾ കിരീടം ചൂടി . രണ്ടും മൂന്നും സ്ഥാനങ്ങൾ സൗതാംപ്ടനും , ബിർമിംഗ് ഹാം റീജിയനുകൾക്ക് ലഭിച്ചു . വിജയികൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു . യൂറോപ്പിലെ ഏറ്റവും വലിയ കലോത്സവമായി വിലയിരുത്തപ്പെടുന്ന രൂപത ബൈബിൾ കലോത്സവത്തിന് മത്സരാർത്ഥികൾക്ക് പിന്തുണ നൽകാനായി അവരുടെ കുടുംബാംഗങ്ങളും ഒത്തു ചേർന്നതോടെ മത്സര നഗരി രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായായി .

വികാരി ജെനറൽമാരായ റെവ. ഫാ . ജിനോ അരീക്കാട്ട് എം സി ബി എസ് , ഫാ സജിമോൻ മലയിൽ പുത്തൻപുരയിൽ , ചാൻസിലർ റെവ. ഡോ മാത്യു പിണക്കാട് ,ഫിനാൻസ് ഓഫീസർ ഫാ . ജോ മൂലച്ചേരി വി സി ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറ ,ഫാ . ജോജോ പ്ലാപ്പള്ളിൽ സി .എം .ഐ , ഫാ ജോസഫ് പിണക്കാട്കോഡിനേറ്റർ ആന്റണി മാത്യു , ജോയിന്റ് കോഡിനേറ്റേഴ്‌സ്മാരായ ജോൺ കുര്യൻ , മർഫി തോമസ് , ബൈബിൾ കലോത്സവം ജോയിന്റ് കോഡിനേറ്റർ ജിമ്മിച്ചൻ ജോർജ് , ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ പ്രതിനിധികൾ ,രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള വൈദികർ ,അല്മായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി .

മോഹൻദാസ്

1980 നവംബർ 16. ഞായർ.

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘ദീപം ’ സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസം . പ്രദർശനത്തിനിടെ
തീയേറ്ററിൽൽ പ്രൊജക്റ്റർ നിശ്ചലമായി. ആളുകൾ ബഹളമുണ്ടാക്കിത്തുടങ്ങി . അപ്പോൾ
വെള്ളിത്തിരയിൽ ഒരു സ്ലൈഡ് പ്രത്യക്ഷപ്പെട്ടു . ‘മദിരാശിയിൽ ഷൂട്ടിംഗിനിടയിലുണ്ടായ അപകടത്തിൽ നടൻ ജയൻ മരിച്ചു .’ തിയേറ്ററിൽ നിന്നു നിലവിളികളുയർന്നു….

ജയനെക്കുറിച്ച് മറക്കാനാവാത്ത ആ ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകളില്‍ കണ്ണീരിന്‍റെ നനവുണ്ടായിരുന്നു….

‘’ഇപ്പോൾ തന്നെ ഡബ്ബിംഗ് ചെയ്യണം, പിന്നെ എന്നെ കിട്ടൂല്ല.’’

ജയന്‍റെ ഈ സംഭാഷണം ഇന്നും സത്യന്‍ അന്തിക്കാടിന്‍റെ കാതുകളില്‍ മുഴങ്ങുന്നു.

ജയൻ അവസാന നാളുകളിൽ അഭിനയിച്ച ദീപം, തടവറ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ പി ചന്ദ്രകുമാറിന്‍റെ സഹസംവിധായകനായിരുന്നു ഇന്നത്തെ പ്രശസ്ത സംവിധായകനായ സത്യന്‍ അന്തിക്കാട്.

“തടവറ കഴിഞ്ഞ് അധികം വൈകാതെ ജയൻ ഐ വി ശശിയുടെ തുഷാരത്തിന്‍റെ ഷൂട്ടിന് പോകേണ്ടതായിരുന്നു. എല്ലാ ദിവസവും ലാൻഡ് ഫോണിൽ വിളിച്ച് തന്‍റെ ഡബ്ബിംഗ് ഉടൻ തീര്‍ക്കണമെന്ന് ജയന്‍ നിർബന്ധിക്കുന്നത് ഞാൻ ഓർക്കുന്നു.

എഡിറ്റിംഗ് തീരാത്തതിനാൽ ഡബ്ബിംഗിന് സമയമായിട്ടില്ല. പക്ഷേ, ‘ഇപ്പോൾ തന്നെ ഡബ്ബിംഗ് ചെയ്യണം, പിന്നെ എന്നെ കിട്ടൂല്ല’ എന്ന് ജയൻ പറഞ്ഞു, ഒരു മുൻകരുതൽ പോലെ. അതിനാൽ ഞങ്ങൾ ഡബ്ബിംഗ് സ്റ്റുഡിയോ ബുക്ക് ചെയ്യുകയും ജയന്‍റെ ഭാഗങ്ങൾ മാത്രം മുൻകൂട്ടി റെക്കോർഡ് ചെയ്യുകയും ചെയ്തു.”

സത്യൻ അന്തിക്കാട് ഓര്‍ക്കുന്നു…..

ഐ.വി. ശശി – ടി ദാമോദരന്‍ കൂട്ടുകെട്ടിലെ ജയൻ നായകനാകേണ്ടിയിരുന്ന തുഷാരം എന്ന ചിത്രത്തെക്കുറിച്ച് ടി ദാമോദരന്‍റെ മകളും തിരക്കഥാകൃത്തുമായ ദീദി ദാമോദരൻ ഓർമ്മിക്കുന്നു.

“ജയനെ നായകനാക്കി ഷൂട്ടിംഗ് ഉടൻ ആരംഭിക്കാനിരിക്കുകയായിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ ആ വാര്‍ത്ത വന്നത്. ആ വാർത്ത ഞങ്ങളെയെല്ലാം വല്ലാതെ ഞെട്ടിച്ചു. ജയൻ അടുത്ത കുടുംബ സുഹൃത്തായിരുന്നു. നടൻ രതീഷ് പിന്നീട് തുഷാരത്തിലെ വേഷം ഏറ്റെടുത്തു.

സാഹസികതയും പൗരുഷവും നിറഞ്ഞ അനേകം കഥാപാത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് വിസ്മയം തീർത്ത നടൻ ജയൻ ഓര്‍മ്മയായിട്ട് ഈ നവംബറില്‍ നാൽപത്തിമൂന്നു വര്‍ഷങ്ങള്‍ തികയുന്നു. 1939 ജൂലെെ 25 ന് കൊല്ലം ജില്ലയിലെ തേവള്ളിയിലായിരുന്നു കൃഷ്ണൻ നായർ എന്ന ജയന്‍റെ ജനനം. ഇന്ത്യൻ നേവി ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1974 ൽ ‘ശാപമോക്ഷം’ എന്ന സിനിമയിലൂടെയാണ് അരങ്ങേറിയത്. പിന്നീട് 150ലേറെ സിനിമകളില്‍ അഭിനയിച്ചു.

1980 നവംബർ 16 മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു കറുത്ത ദിനമായിരുന്നു. അന്നാണ് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്‌റ്റർ അപകടത്തിൽ അദ്ദേഹം മരണമ‍ടഞ്ഞത്.

നടനായ ജോസ് പ്രകാശിന്‍റെ മകൻ രാജൻ ജോസഫുമായുള്ള സൗഹൃദവും ജോസ് പ്രകാശിന്‍റെ ഉടമസ്ഥതയിലുള്ള ഡ്രൈ ക്ലീനിങ് സെന്‍ററില്‍ൽ വരുന്ന സിനിമാക്കാരുമായി രുന്നു ജയന്റെ പ്രതീക്ഷ. ജോസ്പ്രകാശ് കുടുംബവുമായുള്ള സൗഹൃദത്തിലൂടെയാണ് 1974-ൽ ജേസിയുടെ ‘ശാപമോക്ഷം ’ എന്ന സി നി മയിലെത്തുന്നത്. കൃഷ്ണൻ നായരെന്ന പേര് മാറ്റി ‘ജയൻ’ എന്നാക്കിയതും ജോസ് പ്രകാശാണ്.

ശാപമോക്ഷത്തിനു ശേഷം നിരവധി ചെറിയ വേഷങ്ങൾ ലഭിച്ചു. അഭിനയത്തിലെ തന്‍റേതായ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. പഞ്ചമി എന്ന ഹരിഹരന്‍ സിനിമയിൽ ക്രൂരനായ ഫോറസ്റ്റ് ഓഫീസറായി എത്തിയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
ഭാവാഭിനയത്തിനൊപ്പം തന്നെ ശരീരത്തിന്‍റെ കരുത്തും വഴക്കവും അഭിനയത്തിനു മുതൽക്കൂട്ടായി. ജയന്‍ ജീവന്‍ കൊടുത്ത കഥാപാത്രങ്ങളെ പ്രേക്ഷകർ ആവേശപൂർവ്വം സ്വീകരിച്ചു.

ജയനിലെ ശരീര ഭാവങ്ങളെ ആഘോഷമാക്കിയ ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് ജയന്‍ നായകനായെത്തിയ ആദ്യചിത്രം. കരിമ്പന, അങ്ങാടി, ബേബി, ലൗ ഇന്‍ സിംഗപ്പൂര്‍, സര്‍പ്പം, ശരപഞ്ജരം, കഴുകന്‍, മീന്‍, കാന്തവലയം, നായാട്ട്, തുടങ്ങിയ സിനിമകളിൽ റൊമാന്‍റിക് ഹീറോയായും ആക്ഷൻ ഹീറോയായും അദ്ദേഹം തിളങ്ങി.
മലയാളിയുടെ മനസ്സിലെ നായക സങ്കല്‍പ്പങ്ങളെ ജയന്‍ പൊളിച്ചെഴുതുകയായിരുന്നു.

മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന നായക സങ്കല്‍പ്പങ്ങളെ അടിമുടി തിരുത്തിയെഴുതിക്കൊണ്ടായിരുന്നു ജയന്‍റെ പ്രവേശം. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ എന്ന പദവി ജയന്‍ സ്വന്തമാക്കി. നായകനായുളള ജയന്‍റെ വളര്‍ച്ച പെട്ടെന്നായിരുന്നു. പെട്ടെന്നായിരുന്നു മരണവും.

അങ്ങാടി ആയിരുന്നു ജയനെ ജനകീയ നടനാക്കിത്തീർത്ത ചിത്രം.അങ്ങാടിയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ലോഡിങ് തൊഴിലാളിയെ കാണികൾ ഹർഷാരവത്തോടെ സ്വീകരിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ മാറ്റിക്കുറിച്ചു.

മറ്റ് നടന്മാർ ഫൈറ്റ് സീനുകൾക്ക് വേണ്ടി ഡ്യൂപ്പുകളെ ഉപപയോഗിച്ചപ്പോൾ ജയൻ ആ വേഷങ്ങള്‍ സാഹസികതയോടെ സ്വയം ചെയ്തു. ഒടുവിൽ അതിരുകടന്ന സാഹസികത ജയന്‍റെ ജീവനെടുക്കുകയായിരുന്നു.

കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബര്‍ 16നായിരുന്നു അദ്ദേഹം അകാലത്തിൽ പൊളിഞ്ഞത്. ഹെലിക്കോപ്റ്ററില്‍ വച്ചുള്ള ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തിൽ മരണം സംഭവിക്കുകയായിരുന്നു. മരണ സമയത്ത് അദ്ദേഹത്തിന് 41 വയസായിരുന്നു.

ശാപമോക്ഷ’ത്തിൽ ഉദി ച്ച് ‘കോളിളക്ക’ത്തിൽ അസ്തമിച്ചുപോയ അതുല്യനടൻ. എങ്കി ലും കൊല്ലം ജില്ലയിലെ ഓലയിൽ ഗ്രാമത്തിൽ ഇപ്പോഴും ജയന്‍റെ ഓർമകൾക്ക് നാട്ടുപുലരിയുടെ തെളിച്ചം.

അഭ്രപാളികളിൽ മിന്നൽ പിണറിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു ഏങ്കിലും ജനങ്ങളുടെ മനസ്സിൽ ഒരിക്കലും മായാത്ത ഇടം നേടിയാണ് അദ്ദേഹം കടന്നു പോയത്. അദ്ദേഹം മരിക്കുമ്പോൾ ജനിച്ചിട്ടുപോലുമില്ലാത്ത 40 വയസിനു താഴോട്ടുള്ളവരുടെ മനസിലും കേടാവിളക്കായി ഇന്നും അദ്ദേഹം പ്രകാശിക്കുന്നു.

അമ്മയുടെ പ്രിയപ്പെട്ട ജയന്‍ …..

ജയന്‍റെ ബാല്യം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. അച്ചന്‍റെ മരണശേഷം പശുവിനെ വളർത്തിയും മറ്റുമാണ് അമ്മ മക്കളെ വളർത്തിയത്. പശുവിനെ വളർത്തുന്നതിൽ അമ്മയ്ക്ക് മറ്റൊ രു ഉദ്ദേശവുമുണ്ടായിരുന്നു . മക്കൾക്ക് പാലും വെണ്ണയും കൊടുക്കുക. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോ ൾ അമ്മ ജയനോടു പറയും ; ‘നീ ഹൈസ്കൂൾ ജംക്ഷൻ വരെ ഓടിയിട്ടു വാ …’ ഓടി വരുമ്പോൾ അമ്മ വെണ്ണ കൊടുക്കും .

‘‘അമ്മയും മകനും തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു . വല്ലപ്പോഴുമേ അമ്മയെ കാണാൻ വരുമായിരുന്നുള്ളൂ . അതിന് അമ്മ ദേഷ്യപ്പെ ടും . എന്നാലും ചിരിച്ച മുഖത്തോടെ അമ്മയുടെ പരിഭവങ്ങൾ കേട്ടുനിൽക്കും . അമ്മയുണ്ടാക്കുന്ന വിഭവങ്ങളൊക്കെ വലിയ ഇഷ്ടമായിരുന്നു . പ്രത്യേകിച്ചും
കൊഞ്ചു തീയൽ. വീട്ടിൽ വന്നു പോകുമ്പോൾ വലിയ കുപ്പികളിൽ അമ്മ തീയലുണ്ടാക്കി കൊടുത്തയയ്ക്കും .

ജയന്‍റെ അനുജൻ സോമൻ നായരുടെ മകനും നടനുമായ ആദിത്യന്‍റെ വാക്കുകൾ. വല്യച്ഛന്‍റെ വഴിയിലൂടെ അഭിനയത്തിലേക്കു വന്ന ഒരേയൊരാൾ ആദിത്യൻ മാത്രമാണ്.

മോഹൻദാസ് കോട്ടയം മുട്ടമ്പലം സ്വദേശി.  കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു.

ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെൻഡിലെ ആദ്യകാല മലയാളിയായ ജോഷി വർഗീസിന്റെ മാതാവ് നിര്യാതയായി. പരേതനായ മേലേത്ത് വർഗീസിന്റെ ഭാര്യ ബ്രിജിത്ത (84 ) ആണ് ഇന്ന് 18-ാം തീയതി ശനിയാഴ്ച നിര്യാതയായത്. പരേതയുടെ മൃതസംസ്കാര ശുശ്രൂഷ 19-ാം തീയതി ഞായറാഴ്ച 4 മണിക്ക് ഒളരിക്കര ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വച്ച് നടത്തും.

മക്കൾ : റോസിലി, ലിസി, ടോണി, മേഴ്സി, ജോഷി (യു കെ )

മരുമക്കൾ : പരേതനായ ജോർജ് , ജോസ് , ജോളി, ആൻറണി, മിനി (യുകെ).

ജോഷി വർഗീസിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ബിനോയ് എം. ജെ.

എന്തിന്റെയെങ്കിലും സാന്നിധ്യത്തെ ആസ്വദിക്കുന്നത് എളുപ്പമാണ്. ജീവിതം, പ്രപഞ്ചം, സമൂഹം, പണം, പ്രശസ്തി, ഇത്യാദി പല വിഷയങ്ങളുടെയും സാന്നിധ്യം നാമാസ്വദിക്കുന്നു. എന്നാൽ ഇത്തരം വിഷയങ്ങളെല്ലാം എന്നെങ്കിലുമൊക്കെ തിരോഭവിച്ചേ തീരൂ. മരിക്കുമ്പോളാവട്ടെ ഇവയെല്ലാം ഒറ്റയടിക്ക് തിരോഭവിക്കുന്നു. അതുകൊണ്ടാണ് മരണത്തെ നാം ഇത്രയധികം ഭയപ്പെടുന്നത്. പ്രസ്തുത വിഷയങ്ങളില്ലാതെ നമുക്ക് ജീവിക്കാനാവില്ല എന്നായിരിക്കുന്നു. അല്ലെങ്കിൽ നാമവയുടെ അടിമകളായി പോയി. അടിമത്തം മനുഷ്യന് ഭൂഷണമല്ല. അതാകുന്നു എല്ലാ ദുഃഖങ്ങളുടെയും മൂലകാരണം. അല്ലെങ്കിൽ പൂർണ്ണമായ ആസ്വാദനത്തിലേക്ക് വരുവാൻ നാം പരാജയപ്പെടുന്നു.

പൂർണ്ണരാകുവാൻ നാമെന്ത് ചെയ്യണം? വിഷയങ്ങളുടെ സാന്നിദ്ധ്യത്തെ ആസ്വദിക്കുന്നതോടൊപ്പം അവയുടെ അഭാവത്തെയും കൂടി ആസ്വദിക്കുവാൻ പഠിക്കണം. ഏകാന്തത, ദാരിദ്ര്യം, മരണം ഇത്യാദി കാര്യങ്ങളെ കൂടി ആസ്വദിച്ചു തുടങ്ങുവിൻ! സാമൂഹ്യജീവിതത്തെ ആസ്വദിക്കുന്നതിൽ തെറ്റില്ല. അതോടൊപ്പം തന്നെ ഏകാന്തതയെയും കൂടി ആസ്വദിക്കുവാൻ പഠിക്കുവിൻ. കാരണം ജീവിതത്തിൽ പലപ്പോഴും നമുക്ക് ഏകാന്തത അനുഭവപ്പെട്ടേക്കാം. എന്നുമാത്രവുമല്ല ഏകാന്തതയിലാണ് പ്രതിഭ വിരിയുന്നത്. ലോകം കണ്ടിട്ടുള്ള പ്രതിഭാശാലികളെല്ലാം തന്നെ ഏകാന്തതയെ ആസ്വദിക്കുന്നതിൽ വിജയം കണ്ടവരാണ്. അതുപോലെ തന്നെ ദാരിദ്ര്യത്തെയും ആസ്വദിക്കുവാൻ പഠിക്കുവിൻ. കാരണം പണം വന്നു ചേരുന്നതുപോലെ തന്നെ തിരോഭവിക്കുകയും ചെയ്യും. ഇപ്രകാരം ദാരിദ്ര്യത്തെ ആസ്വദിച്ചു തുടങ്ങുമ്പോൾ നിങ്ങൾ മഹത്വത്തിന്റെ പടവുകൾ കയറി തുടങ്ങുന്നു. യേശുക്രിസ്തുവിന്റെയും, മഹാത്മാഗാന്ധിയുടെയും, ഫ്രാൻസിസ് അസ്സീസ്സിയുടെയും, മദർ തെരേസായുടെയും, വിവേകാനന്ദന്റെയും, സകല സന്യാസിവര്യന്മാരടെയും മഹത്വത്തിന്റെ രഹസ്യം ദാരിദ്ര്യത്തിൽ കിടക്കുന്നു. പണത്തെ ആസ്വദിക്കുവാൻ ഏതൊരുവനും കഴിയും. എന്നാൽ ദാരിദ്ര്യത്തെ ആസ്വദിക്കുവാൻ അല്പം പരിശ്രമം ആവശ്യമാണ്. ജീവിതത്തെ എല്ലാവരും ആസ്വദിക്കുന്നു. എന്നാൽ മരണത്തെ എത്രപേർ ആസ്വദിക്കുന്നുണ്ട്? മരണം ഉറപ്പായും സംഭവിക്കും. അതിൽനിന്നും എത്രനാൾ നാമോടിയൊളിക്കും? മരണത്തോടുള്ള ഈ ഭയം നമ്മുടെ ജീവിതത്തെയാകമാനം അന്ധകാരാവൃതമാക്കുന്നു. അതിനാൽ ജീവിതത്തെ ആസ്വദിക്കുന്നതിനോടൊപ്പം മരണത്തെയും ആസ്വദിക്കുവിൻ. അപ്പോൾ നിങ്ങൾ മോക്ഷത്തിലേക്ക് ചുവടുവയ്ക്കുന്നു. പ്രപഞ്ചത്തെ എല്ലാവരും ആസ്വദിക്കുന്നു. എന്നാൽ പ്രപഞ്ചത്തിന്റെ അഭാവത്തെ എത്രപേർ ആസ്വദിക്കുന്നുണ്ട്? മരിക്കുമ്പോൾ ഈ പ്രപഞ്ചം തിരോഭവിക്കുന്നു. അപ്പോൾ നിങ്ങളുടെ മനസ്സിന്റെ സമനില തെറ്റാതിരിക്കണമെങ്കിൽ പ്രപഞ്ചത്തിന്റെ അഭാവത്തെയും കൂടി ആസ്വദിക്കുവാൻ പഠിക്കണം.

പ്രപഞ്ചത്തിന്റെ അഭാവത്തെ ആസ്വദിച്ച് തുടങ്ങുമ്പോൾ നിങ്ങൾ വലിയൊരു സത്യം മനസ്സിലാക്കുന്നു – നിങ്ങൾ പ്രപഞ്ചത്തിന്റെ ഭാഗമല്ല! നിങ്ങൾ പ്രപഞ്ചത്തിനും ഉപരിയാണ്! പ്രപഞ്ചത്തിന് നിങ്ങളുടെ മേൽ സ്വാധീനമൊന്നുമില്ല. പ്രപഞ്ചം തിരോഭവിച്ചാലും നിങ്ങൾ തിരോഭവിക്കുന്നില്ല. അതെ, നിങ്ങൾ ഈശ്വരൻ തന്നെയാണ്. അതുപോലെ തന്നെ മരണത്തെ ആസ്വദിച്ചുതുടങ്ങുമ്പോൾ നിങ്ങൾ ഒരു കാര്യം മനസിലാക്കുന്നു – നിങ്ങൾക്ക് മരണമില്ല! ഉണ്ടായിരിന്നുവെങ്കിൽ നിങ്ങൾ അതിനെ ആസ്വദിക്കുമായിരുന്നില്ല. ഇപ്രകാരം വിഷയങ്ങളുടെ സാന്നിദ്ധ്യത്തെ ആസ്വദിക്കുന്നതിനേക്കാളും ശ്രേഷ്ഠമാണ് അവയുടെ അഭാവത്തെ ആസ്വദിക്കുന്നത് എന്ന് കാണുവാൻ കഴിയും. എന്നുമാത്രവുമല്ല വിഷയങ്ങളുടെ അസാന്നിദ്ധ്യത്തെകൂടി ആസ്വദിക്കുമ്പോൾ മാത്രമേ വിഷയങ്ങളുടെ സാന്നിദ്ധ്യത്തെ ഭയം കൂടാതെ ആസ്വദിക്കുവാൻ നമുക്ക് കഴിയുന്നുള്ളൂ. ഉദാഹരണത്തിന് ദാരിദ്ര്യത്തെ കൂടി ആസ്വദിക്കുന്ന ഒരാൾക്ക് പേടി കൂടാതെ സമ്പത്തിനെയും ആസ്വദിക്കുവാൻ കഴിയുന്നു. മരണത്തെ കൂടി ആസ്വദിക്കുന്ന ഒരാൾക്ക് മരണഭയമില്ലാതെ ജീവിതത്തെ ആസ്വദിക്കുവാൻ കഴിയുന്നു. ഏകാന്തതയെ കൂടി ആസ്വദിക്കുന്ന ഒരാൾക്ക് ഒറ്റപ്പെടുമോ എന്ന പേടി കൂടാതെ സാമൂഹിക ജീവിതത്തെ ആസ്വദിക്കുവാനും അതിൽ മുഴുകുവാനും കഴിയുന്നു.

വിഷയങ്ങളുടെ സാന്നിദ്ധ്യത്തെ മാത്രം ആസ്വദിക്കുമ്പോൾ നിങ്ങൾ അതിന്റെ അടിമകളായി മാറുന്നു. സാമൂഹിക ജീവിതത്തെ മാത്രമായി ആസ്വദിക്കുമ്പോൾ നിങ്ങൾ സമൂഹത്തിന്റെ അടിമയായി മാറുന്നു. അപ്പോൾ നിങ്ങൾക്ക് സമൂഹമില്ലാത്ത ജീവിതത്തെ കുറിച്ച് സങ്കല്പിക്കുവാൻ പോലും കഴിയുനാനില്ല. എന്നാൽ ഒരേസമയം സാമൂഹിക ജീവിതത്തെയും ഏകാന്തതയെയും ആസ്വദിക്കുന്ന ഒരാൾ സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു. ഇപ്രകാരം മരണത്തെ ആസ്വദിക്കുന്ന ഒരാൾ ജീവിതത്തിന്റെ അടിമയല്ല. “തട്ടിക്കളയും” എന്നു പറഞ്ഞു കൊണ്ട് അയാളെ ഭയപ്പെടുത്തുവാൻ ആർക്കും കഴിയുകയില്ല. നാമെല്ലാം ഒരേസമയം പല കാര്യങ്ങളുടെയും അടിമകളാണ്. ചിലർ മദ്യത്തിന്റെ, ചിലർ പണത്തിന്റെ, ചിലർ പുകയിലയുടെ, ചിലർ ജീവിതപങ്കാളിയുടെ – കാരണം നമുക്ക് അവയില്ലാതെ വയ്യ. അവയുടെ അഭാവം ആസ്വദിക്കുവാൻ നാം പഠിച്ചിട്ടില്ല. ആയതിനാൽ സ്വാതന്ത്ര്യം വേണമെന്നുള്ളവർ ഇവയുടെ അഭാവത്തെ കൂടി ആസ്വദിച്ചു പഠിക്കട്ടെ.

ഭാരതീയ ചിന്താപദ്ധതി വിഷയങ്ങളുടെ അഭാവത്തെ ആസ്വദിക്കുന്നതിന് ഊന്നൽ കൊടുക്കുന്നതുപോലെ തോന്നുന്നു. അവർ ജീവിതത്തെയും, സമൂഹത്തെയും, സകല വിഷയങ്ങളെയും ഉപേക്ഷിക്കുവാൻ നമ്മോട് ആവശ്യപ്പെടുന്നു. അവർ ജീവിതത്തെ തന്നെ നിഷേധിക്കുന്നു. ഇത് നമ്മെ മോക്ഷപ്രാപ്തിയിലേക്ക് കൊണ്ടുവരുമെങ്കിലും പ്രായോഗികമായി അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. ജീവിതത്തെ ഉപേക്ഷിച്ചുകൊണ്ട് നമുക്കെങ്ങനെ ജീവിക്കുവാൻ കഴിയും? അതിനാൽ ജീവിതത്തെ ഉപേക്ഷിക്കുകയോ വെറുക്കുകയോ ചെയ്യേണ്ട കാര്യമില്ല. അതിനെ ആവോളം ആസ്വദിച്ചുകൊള്ളുവിൻ! പക്ഷേ ഒരു കാര്യം മറക്കരുത്. ഈ ജീവിതത്തിൽ ഉള്ളതൊന്നും സ്ഥായിയല്ല. എല്ലാം തിരോഭവിക്കും. അതിനാൽ അവയുടെ അഭാവത്തെ കൂടി ആസ്വദിക്കുവിൻ. അങ്ങനെ നിങ്ങളുടെ ആസ്വാദനം പൂർണ്ണമാവട്ടെ. യാതൊന്നിന്റെയും അടിമയാകാതിരിക്കുവിൻ. ത്യജിച്ചുകൊണ്ട് ഭുജിക്കുവിൻ! അവിടെ നിങ്ങൾ സകലത്തിന്റെയും അപ്പുറം പോകുന്നു. നിങ്ങളുടെ വ്യക്തിത്വം അനന്തതയിലേക്ക് വളരുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആറാമത് ബൈബിൾ കലോത്സവ മത്സരങ്ങൾക്ക് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിക്കും. പന്ത്രണ്ട് സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാർത്ഥികൾ പങ്കെടുക്കും. രാവിലെ 8.15 ന് രജിസ്‌ട്രേഷൻ ആരംഭിക്കുകയും 9.15 ന് ബൈബിൾ പ്രതിഷ്ഠയോടുകൂടി ഉദ്‌ഘാടന സമ്മേളനം ആരംഭിക്കും. ബൈബിൾ പ്രദിക്ഷണത്തിൽ മിഷൻ ലീഗ് കുട്ടികളും വോളന്റീയേഴ്സും അണിനിരക്കും . അഭിവന്ദ്യ പിതാവും തുടർന്ന് വികാരിജനറൽ അച്ചന്മാരും വൈദികരും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അൽമായ പ്രധിനിധികളും ചേർന്ന് തിരി തെളിക്കും.

കൃത്യം പത്തുമണി മുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. കൂടുതൽ കോച്ചുകൾ കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ എത്തുന്നതിനാൽ കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ തന്നെ പാർക്ക് ചെയ്യുവാനുള്ള ക്രമീകരങ്ങളാണ് ചെയ്തിരിക്കുന്നത് . പതിനഞ്ചോളം കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. കാറുകളിൽ എത്തുന്നവർ ഗ്രാസ് ഏരിയയിലാണ് പാർക്ക് ചെയ്യേണ്ടത്. വോളന്ടീഴ്സിന്റെ നിർദേശങ്ങൾ പൂർണ്ണമായി പാലിക്കേണ്ടതാണ്.

പ്രധാന സ്റ്റേജുകളുടെ അടുത്ത് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട് . മത്സരാർത്ഥികളുടെ ചെസ്സ് നമ്പറുകൾ ഓരോ റീജിയണുകളിൽ നിന്നും നിർദേശിക്കപ്പെട്ടവർ ഡൈനിങ് ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ നിന്നും വാങ്ങേണ്ടാതാണ് . റീജിയണലിൽ നിന്നും നിര്ദേശിക്കപ്പെട്ടവർ രാവിലെ 9.15 ന് മുന്പതന്നെ മത്സരാർത്ഥികളുടെ രജിസ്‌ട്രേഷൻ നമ്പർ കൈപ്പറ്റേണ്ടതാണ്. ഓരോ റീജിയനും നൽകുന്ന കവറിൽ ഓരോ മിഷനിൽ നിന്നും പങ്കെടുക്കുന്നവരുടെ ചെസ്സ് നമ്പറുകൾ മിഷൻ അടിസ്ഥാനത്തിൽ പ്രത്യകം തിരിച്ചായിരിക്കും വച്ചിരിക്കുക.

രാവിലെ എട്ട് മണിമുതൽ ചെയ്ഞ്ചിങ് റൂമുകൾ ഉപയോഗിക്കാവുന്നതാണ് . രണ്ട് റീജിയണുകൾക്ക് ഒരു ഫിമെയിൽ ചെയ്ഞ്ചിങ് റൂം എന്ന രീതിയിൽ ആറ് ഫീമെയില് ചെയ്ഞ്ചിങ് റൂമുകളും പുരുഷൻമാർക്കായി പൊതുവായി രണ്ട് ചെയ്ഞ്ചിങ് റൂമുകളുമാണ് ഒരുക്കിയിരിക്കുന്നത്. താത്കാലികമായി ക്രമീകരിച്ചിരിക്കുന്ന ചാപ്പലിൽ അന്നേദിവസം രാവിലെ ഒന്പതുമണി മുതൽ പ്രാർത്ഥിക്കുവാനും 10 മണിക്കും 12 മണിക്കും ഉച്ചക്കുശേഷം 2 മണിക്കും 4 മണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. ഇടവിട്ട സമയങ്ങളിൽ പരിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

പതിനൊന്നുമണിക്ക് ശേഷം ആദ്യ മത്സരങ്ങളുടെ ഫലം പുറത്തുവരും . ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്‌സൈറ്റിൽ കൂടിയും ഡൈനിങ്ങ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന വലിയ ടെലിവിഷൻ സ്‌ക്രീനിലിലും ബൈബിൾ അപ്പസ്റ്റോലറ്റ് ജനറൽ ബോഡി ഗ്രൂപ്പിലും റിസൾട്ടുകൾ ലഭ്യമായിരിക്കും. മത്സരത്തിൽ പങ്കെടുത്ത ഷോർട് ഫിലിമുകൾ ഡൈനിങ്ങ് റൂമിൽ സജ്ജീകരിച്ചിരിക്കുന്ന സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നതാണ് .

ഒന്നാം സ്ഥാനം നേടിയ ഷോർട്ട് ഫിലിം പ്രധാന വേദിയിൽ സമ്മാനദാനത്തിന് മുൻപ് പ്രദർശിപ്പിക്കും. അഞ്ചേമുക്കാലുമുതൽ സമ്മാനദാന ചടങ്ങുകൾ ആരംഭിച്ച് എട്ടുമണിക്ക് സമ്മാനദാനങ്ങൾ പൂർത്തിയാക്കും. രൂപത ബൈബിൾ കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങൾ പൂർത്തിയായതായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു.

രൂപത ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് അഭിവന്ദ്യ പിതാവിന്റെ അനുഗ്രഹത്തോടെ പെരിയ ബഹുമാനപെട്ട വികാരി ജനറൽ ജിനോ അരീക്കാട്ട് എം.സി.ബി.എസിൻെറ നേതൃത്വത്തിൽ ബഹുമാനപ്പെട്ട ജോർജ് എട്ടുപറയിൽ അച്ചൻ ചെയർമാനായിട്ടുള്ള പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള 24 അംഗ കമ്മിഷൻ അംഗങ്ങളാണ് . രൂപത ബൈബിൾ കലോത്സവമത്സരങ്ങൾ രൂപത ഫേസ്ബുക്കിലൂടെയും യു ട്യൂബ് ചാനലിലും മാഗ്‌നവിഷൻ ചാനലിൽ കൂടിയും ലൈവ് പ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണ് എന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

RECENT POSTS
Copyright © . All rights reserved