ലത മണ്ടോടി

അവൻ ബാഗ് തുറന്നു ഫ്രൂട്ടിയുടെ പാക്കറ്റ് കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കി.

ഫ്രൂട്ടി മേംഗോ ഡ്രിങ്ക്….
സിൻസ് 1985

അതിനുള്ളിൽ മാങ്ങയുടെ നല്ല സ്വാദുള്ള ജ്യൂസ്‌ ..കുടിക്കാൻ സൈഡിൽ വെളുത്തു കൊലുങ്ങനെ പറ്റിച്ചേർന്നു കിടക്കുന്ന ഒരു കുഴലും . മാങ്ങയെ കശക്കി പിഴിഞ്ഞ് അതിന്റെ നീരെടുത്ത് നിറച്ചത്. അവനു അതിനു ചോരയുടെ ഗന്ധമാണ് തോന്നിയത്. വീട്ടിനു പുറകിൽ പോയി നിന്ന് ആ പാക്കറ്റ് അവൻ താഴെ ഇട്ട് കാലുകൊണ്ട് ചവിട്ടി അരച്ചു. കല്ലെടുത്തു കീറി മുറിച്ചു. എല്ലാ കീറലിൽ നിന്നും ജ്യൂസ്‌ കിനിഞ്ഞു. കുടിക്കേണ്ട ദ്വാരം ഒരു പൊക്കിൾച്ചുഴിയെപ്പോലെ അവനു തോന്നി. അതിൽ നിന്ന് ശക്തിയോടെ ജ്യൂസ്‌ ചീറ്റിയിരുന്നു. അതിന് രക്‌തചുവപ്പായിരുന്നു.

ആരാണവളെ ഇങ്ങിനെയൊക്കെ ദ്രോഹിച്ചത്…ചുണ്ടൊക്കെ കടിച്ചുമുറിച്ച്… ദേഹം മുഴുവനും കീറിമുറിച്ച്.. നാഭിയിൽ കുത്തിയിറക്കി…..സ്കൂളു വിട്ടു വരുമ്പോൾ സുരേഷിനോട് വാസുവണ്ണൻ പറഞ്ഞതാണവൻ കേട്ടത്.
വീട്ടിന്റെ പുറകിൽ പോയി തലയിൽ കൈവെച്ചവൻ ആർത്തു നിലവിളിച്ചു.ആരും കാണാതെ.

“നിന്റെ ആരാണവൾ?നിനക്കറിഞ്ഞൂടെ….അവൾ എവിടെയാ പോയത്? പോലീസുകാർ ചോദിച്ചപ്പോൾ അവൻ സ്വയം ചോദിച്ചു.. എന്റെ ആരാണവൾ?

എന്റെ മാലാഖ കുട്ടിയാണവൾ. ക്ലാസ്സിലെ ലൂക്കാ പറഞ്ഞപോലെ മനസ്സിന് വിഷമം വരുമ്പോൾ എന്നെ ആശ്വസിപ്പിച്ചിരുന്ന എന്റെ കൊച്ചു മാലാഖ.

“വലിയ വീട്ടിലെ പെൺകുട്ടിയോട്‌ ചങ്ങാത്തം കൂടിയത് എനിക്കിഷ്ടമില്ലായിരുന്നു സാർ. തന്ത ഇട്ടേച്ചു പോയതിനു എന്നോടാ കെറുവ് ഇപ്പോഴും.ഇനിയും വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചാ ഞാൻ…”
അമ്മ പോലീസുകാരോട് കരഞ്ഞു പറഞ്ഞു.അതും കേട്ട് അവന്റെ ബാഗും പരിശോധിച്ചാ അന്നവർ പോയത്. ബാഗിൽ അവന്റെ പുസ്തകവും ഒരു ഫ്രൂട്ടി പാക്കറ്റും മാത്രമേ അവർ കണ്ടുള്ളു.അത് തിരിച്ചു ബാഗിൽതന്നെ വെച്ചവർ പോയി.

അവൾക്കായി വാങ്ങിയ ഫ്രൂട്ടി. അമ്മ അത്യാവശ്യത്തിനു വെച്ച പൈസ കുറച്ച് കുറച്ചായി കട്ടെടുത്തു വാങ്ങിയ ഫ്രൂട്ടി. അവൾ കൂടെ ഇല്ലാത്ത ദിവസം നോക്കിയാ വാങ്ങിയത്. അല്ലെങ്കിൽ അവൾ വാങ്ങാൻ സമ്മതിക്കില്ല.പക്ഷേ അത് അവന് അവൾക്ക് കൊടുക്കാൻ സാധിച്ചില്ല. അന്നവൾ ക്ലാസ്സിൽ വന്നില്ല.അല്ലെങ്കിൽ അന്നുമുതൽ… വന്നില്ല.

അവൻ മുകുന്ദനാണ്. നിഷ്കളങ്കമായി പുഞ്ചിരിച്ചു നിൽക്കുന്ന വലിയ തലയെടുപ്പൊന്നുമില്ലാത്ത നാട്ടുമ്പുറത്തെ ഒരു സാധാരണ യു പി സ്കൂളിലാണവൻ പഠിക്കുന്നത്.ഒരു ദിവസം ബെൽ അടിച്ചതോടെ അവനും അവന്റെ കൂട്ടുകാരും ക്ലാസ്സ്‌മുറികളിലേക്കോടിക്കയറി..തലേ ദിവസത്തെ മഴയിൽ കുതിർന്ന മണ്ണിൽ ചവിട്ടിയ അവരുടെ കൊച്ചുപാദങ്ങളുടെയും ചെരുപ്പുകളുടെയും അടയാളങ്ങൾ ആ സ്കൂൾ വരാന്തയിൽ അവശേഷിച്ചിരുന്നു. അത് മാഞ്ഞു തീരാൻ ഇനിയും ബെല്ലടിക്കണം. ഇനിയും അവർ ഓടണം.തലയിൽ തേച്ച എണ്ണ ഓട്ടത്തിന്റെ വേഗതയിൽ താഴോട്ടിറങ്ങി അവരുടെ മുഖങ്ങളെ മിനുസപ്പെടുത്തിയിരുന്നു.ആരോ പറഞ്ഞപോലെ അവർ എ ബി സി കുട്ടികളേ അല്ല… ക ഖ ഘ കുട്ടികളായിരുന്നു.

നെഞ്ചുവിരിച്ചുനിൽക്കുന്ന കറുത്ത ബോർഡിന്റെ ഒരു മൂലയിൽ സ്റ്റാൻഡേർഡ് അഞ്ച് എ എന്നത് റോമൻ അക്കത്തിൽ കാണാം. ടീച്ചർ തിരിഞ്ഞു ബോർഡ്‌ നോക്കി പിന്നെ ഡസ്റ്റർ എടുത്ത് തുടച്ചു വൃത്തിയാക്കി.

ടീച്ചർ മുകുന്ദൻ തുടച്ചതാണ്.കുട്ടികൾ ആർത്തലച്ചു.

ശരി ശരി…

ഇന്ന് മുതൽ നിങ്ങൾക്ക് ഒരു പുതിയ കൂട്ടുകാരി കൂടിയുണ്ട്.ഇപ്പോൾ വരും. ഇതുവരെ പഠിച്ചതൊക്കെ നിങ്ങൾ അവൾക്ക് പറഞ്ഞുകൊടുക്കില്ലേ.

കൊടുക്കും ടീച്ചർ…

ഉടനെ എല്ലാ കണ്ണുകളും പ്രത്യേകിച്ച് വാതിലൊന്നുമില്ലാത്ത വാതിൽക്കലേക്ക് എത്തി നോക്കി. പുതിയ കൂട്ടുകാരിയെ വരവേൽക്കാൻ.

വെളുത്തു മെലിഞ്ഞു നീലമിഴികൾ ഉള്ള ചെമ്പൻ തലമുടിയുള്ള ഒരു സുന്ദരിക്കുട്ടി ക്ലാസ്സിലേക്ക് കടന്നുവന്നു. അവളെ കണ്ടപ്പോൾ അത്ഭുതവും ആശങ്കയും കുശുമ്പും കുട്ടികളുടെ മുഖത്തു കാണാമായിരുന്നു.അവളുടെ ചുവന്ന ഉടുപ്പും തലയിൽ വെച്ച ചുവന്ന പൂക്കളുള്ള ഹെയർ ബാൻഡും വിരലൊക്കെ മൂടിയ ചുവപ്പ് ഷൂവും അതിനുമുകളിൽ കിലുങ്ങുന്ന പാദസരവും അവർക്ക് കാഴ്ചവസ്തുക്കൾ തന്നെയായിരുന്നു.പെൺകുട്ടികൾ പലരും അവരവരുടെ കാലുകളിലേക്ക് നോക്കി. ഇത്രയും വീതിയുള്ള കൊലുസ് അവര് കണ്ടിട്ടേ ഇല്ല.പോരാത്തതിന് ഒരു മിഠായിറോസ് നിറവും…

“ഇതാണ് നൂർജഹാൻ.. ഇവളും ഇനി നമ്മുടെ കൂടെയുണ്ടാവും.” ടീച്ചർ അവളെ ചേർത്തുപിടിച്ചു പറഞ്ഞു.

“ഹായ് നല്ല പേര്.. “പെൺകുട്ടികൾ പറഞ്ഞപ്പോൾ ആൺകുട്ടികൾ എല്ലാവരും അപ്പോഴും വിസ്മയത്തുമ്പത്തായിരുന്നു.

“ഉമ്മുമ്മ പറയുന്ന കഥകളിലെ ഹൂറിയെ പോലുണ്ട്….”
സബീന അടുത്തിരിക്കുന്ന മണിക്കുട്ടിയോട് പറഞ്ഞത് മുകുന്ദൻ കേട്ടു. ഹൂറി പോലുണ്ട്… അവനും തലകുലുക്കി.

“എന്ത് ഹൂറി.. അയ്യേ ചെമ്പൻ തലമുടി. എണ്ണ തേക്കാതെ തലയൊക്കെ ചെമ്പിച്ച് കൃഷ്ണമണിക്കും നിറല്യാതെ… ശെരിക്കും ഒരു ഭംഗില്യാ എനിക്കിഷ്ടപ്പെട്ടിട്ടില്ല….”മണിക്കുട്ടിയുടെ കമന്റ്‌.

“ഓ..….ഇതുവരെ നീയാണല്ലോ ഈ ക്ലാസ്സിലെ മുത്ത്‌. ഇനി ഇവളായിരിക്കും. നോക്കിക്കോ….”സബീന മണിക്കുട്ടിയോട് പറഞ്ഞു.

ബോർഡിൽ കണക്കെഴുതി ടീച്ചർ തിരിഞ്ഞു നോക്കി.

“സബീന..എന്താ അവിടെ ഒരു വർത്തമാനം? ക്ലാസ്സിൽ ശ്രദ്ധിക്കാതെ.”

“ഇവള് നൂർജഹാനെ കുറ്റം പറയാ ടീച്ചർ….”

മണിക്കുട്ടിയ്ക്കു അരിശം തീർക്കാനൊരു വഴി തെളിഞ്ഞു.

“സബീന … അങ്ങിനെയാണോ?

“അല്ല..ടീച്ചർ ഇവള് കള്ളം പറയാ..”

“ഒഴിവു സമയത്ത് എല്ലാവരും അവളോട്‌ കൂട്ടു കൂടണം. അവളും നിങ്ങളെപ്പോലെയൊരു കുട്ടിയല്ലേ….കുറേ ക്ലാസുകൾ കഴിഞ്ഞുപോയി. അതൊക്കെ പഠിച്ചു തീർക്കാൻ അവളെ സഹായിക്കണം….”

ക്ലാസ്സ്‌ വിട്ടപ്പോൾ എല്ലാവരും നൂർജഹാന്റെ ചുറ്റും കൂടി.നൂർജഹാന്റെ നഖങ്ങളുടെ അറ്റത്തുള്ള മൈലാഞ്ചി ചോപ്പ് കണ്ട് ആയിഷു ചോദിച്ചു.

“ജ്ജ് ..ഓത്തുപള്ളീല് പോകാറുണ്ടോ…”

“ഉം….”

അവളൊന്നു മൂളി.

“ഇതെന്താ നിന്റെ കൊലുസ്സിന് റോസ് നിറം….” മണിക്കുട്ടി ചോദിച്ചു.

“ഇത് റോസ് ഗോൾഡാ…”

“ഈ ക്ലാസ്സിലാരാ മുകുന്ദ്…” അവൾക്കതായിരുന്നു അറിയേണ്ടത്.

“ഞാനാ.. ഞാൻ മുകുന്ദനാ…”

“ടീച്ചർ മുകുന്ദ് എല്ലാ സബ്ജെക്ട്സും പഠിപ്പിച്ചുതരും ക്ലാസ്സിൽ ഒന്നാമൻ മുകുന്ദ് ആണെന്ന് പറഞ്ഞു…”

“കുട്ടി ഏതു സ്കൂളിൽ നിന്നാ വന്നത്?” അവൻ അവളോട്‌ ചോദിച്ചു.

“വയനാട് കേട്ടിട്ടുണ്ടോ.. അവിടെ ഒരു വലിയ കോളേജിലാ എന്റെ ഡാഡി പഠിച്ചത്. ഡാഡിയുടെ വീട് യു പി യിലാണ്. അങ്ങ് വടക്കേ ഇന്ത്യയിൽ… വയനാട്ടിൽ പഠിക്കാൻ വന്നതാ… വയനാട്ടിൽ ജോലിയും കിട്ടി. പിന്നെ അവിടെ നിന്ന് എന്റെ മമ്മിയെ കല്യാണവും കഴിച്ചു.ഞാൻ വയനാട്ടിലാ നാലുവരെ പഠിച്ചത്.”

“പിന്നെ ഇവിടെയെങ്ങിനെ എത്തി?”

” അച്ഛന്റെ നാട്ടുകാരൻ ഒരു ഹോട്ടൽ മാനേജർ എറണാകുളത്തുണ്ട്. അയാൾ അച്ഛന് അവരുടെ പുതിയ ഹോട്ടലിന്റെ മാനേജർ ആയി ജോലി കൊടുത്തു. അത് ടൗണിലാണ്. കുറച്ചു കാലമേ ഞാൻ ഇവിടെ ഉണ്ടാവുള്ളു. മമ്മിയുടെ ഒരു കസിൻ ഇവിടെ ഉണ്ട്. അവരുടെ കൂടെയാ ഞങ്ങൾ. ഡാഡി ടൗണിലും. ഹോട്ടലിന്റെ പണി തീർന്നു തിരക്കെല്ലാം കഴിഞ്ഞാൽ ഞങ്ങളെ ടൗണിലേക്ക് കൂട്ടി കൊണ്ടുപോകും. ഹോട്ടലിനോട് ചേർന്ന് ഞങ്ങൾക്ക് താമസിക്കാനുള്ള പ്രത്യേക വീടുമുണ്ട്. അത് പണി തീരും വരെ ഞങ്ങൾ ഇവിടെയാണ്…”

“മുകുന്ദിന്റെ വീട്ടിന്റെ അടുത്താണ് ഞാനും താമസിക്കുന്നത്…. ടീച്ചർ പറഞ്ഞതാണ്. നമുക്കൊരുമിച്ചു പോവും വരുകയും ചെയ്യാം.”

മുകുന്ദൻ സ്തബ്ധിച്ചു നിന്നുപോയി. ആയിരം നാവുള്ളൊരു പെൺകുട്ടി. നല്ല വെളുത്ത നിറം. മാണിക്യകല്ലുപോലെ തിളങ്ങുന്ന കണ്ണുകൾ. ഇളം റോസ് കവിളുകൾ ചെമ്പിച്ച പാറിപറന്ന മുടി.
ഇതായിരിക്കുമൊ മദാമ്മ. അവൻ സംശയിച്ചു..

സിനിമയിലെപ്പോഴോ കണ്ട ഒരോർമയിൽ അവൻ ചോദിച്ചു. “നീ മദാമ്മയാണോ….”

“അയ്യോ മദാമ്മകൾ ഇന്ത്യയ്ക്കു പുറത്തുള്ളവരാണ് മുകുന്ദ്…ഇവിടെയുള്ളവർക്കൊന്നും അറിഞ്ഞൂടെ…”

“എല്ലാം അറിയാമെങ്കിൽ പിന്നെ ഞാൻ നിന്നെ എന്ത് പഠിപ്പിക്കാനാണ്…”

“അയ്യോ പിണങ്ങല്ലേ മുകുന്ദ്..” അവൾ നിന്ന് ചിണുങ്ങി.

“ഒരു ദിവസം അവൾ പറഞ്ഞു. ഞാൻഇന്ന് ക്ലാസ്സ്‌ കഴിഞ്ഞാൽ മുകുന്ദിന്റെ വീട്ടിലേക്കു വരും എനിക്ക് മുകുന്ദിന്റെ അച്ഛനെയും അമ്മയെയും കാണണം. എനിക്ക് എഴുതിയ നോട്സ് എല്ലാം തരണം….”. “സമ്മതല്ലേ… .നല്ലവണ്ണം പഠിക്കുന്ന കുട്ടികളുടെ നോട്ട്സ് മാത്രമേ എഴുതി എടുക്കാവു എന്ന് മമ്മി പറഞ്ഞിട്ടുണ്ട്.”

“നിനക്കവിടെയ്ക്കൊന്നും വരാൻ പറ്റില്ല…”

“അതെന്താ മുകുന്ദ്..”

“അത് പാവങ്ങള് തിങ്ങി പാർക്കുന്ന സ്ഥലമാണ്.പിന്നെ എനിക്കച്ഛനുമില്ല നിനക്ക് കാണാൻ. അച്ഛൻ എന്റെ അമ്മയെയും എന്നെയും ഉപേക്ഷിച്ച് എങ്ങോട്ടോ പോയിട്ടെത്രയോ നാളായി…”

അവളിൽ നിന്നൊന്നു രക്ഷപ്പെട്ടാൽ മതിയായിരുന്നു എന്ന് അവന് തോന്നി.
“ഒരു പൊല്ലാപ്പ്…”

“എന്തൊക്കെയായാലും ഞാൻ വരും.ഒ രു പിടിവാശിക്കാരിയുടെ ഭാവത്തോടെ മുകുന്ദനെ നോക്കി കണ്ണ് ചിമ്മി അവൾ ചിരിച്ചു…”

ക്ലാസ്സ്‌ കഴിഞ്ഞ് അവൻ വീട്ടിലേക്കു നടന്നു. അവന്റെ മുഖത്ത് ഒരു രാജകുമാരി ഇരിക്കുന്ന മഞ്ചൽ തോളിൽ ഏറ്റിയ ഒരു പരിചാരകന്റെ വിഷണ്ണ ഭാവമായിരുന്നു.കൊലുസ്സിന്റെ കിലുകിലുങ്ങനെയുള്ള മനോഹര ശബ്ദം അവനെ പിൻതുടർന്നുകൊണ്ടിരുന്നു.

പൊട്ടിപൊളിഞ്ഞ ഓടുമേഞ്ഞ അടുപ്പുകല്ലുകൂട്ടിയപോലത്തെ കൊച്ചു കൊച്ചു വീടുകൾ.അവയ്ക്ക് മഴപ്പാറൽ വീണു കരിമ്പനടിച്ച ചുമരുകൾ. ഉള്ളിൽ നിന്നും വരുന്ന ശബ്ദകോലാഹലങ്ങളിൽ അസഭ്യവും സഭ്യവും വേർതിരിച്ചെടുക്കാനാവാതെ വിറങ്ങലിച്ചു നിൽക്കുന്നവ. ഈ വീടുകൾക്കിടയിലൂടെ ഒഴുകുന്ന കറുത്ത നിറത്തിലുള്ള അഴുക്കുവെള്ളം കൊണ്ടുള്ള ചെറിയ ചാലുകൾ. അതിൽ ചെങ്കല്ല് നിരത്തി അതിൽ ചവുട്ടി നടക്കുന്ന ഒരു പതുപതുത്ത വെളുത്ത കാല്. ആ കാലു കളിലേക്കെത്തിനോക്കുന്ന കുറേ കൂത്താടികളായിരുന്നു അവന്റെ ചിന്തകൾക്ക് ചുറ്റും.

“എന്താ മുകുന്ദ് ഒന്നും പറയാത്തെ… ഞാൻ കൂടെ വന്നത് ഇഷ്ടപെട്ടില്ലേ.,”

അവൻ ഒന്നും മിണ്ടിയില്ല.

“എടോ…മുകുന്ദാ..ഇതാരാ.?.”

വഴിയിലെ സ്റ്റേഷനറി കടക്കാരൻ വാസു അണ്ണൻ കുശലം ചോദിച്ചു.

ഈ വാസുവണ്ണന്റെ കടയുടെ മുന്നിൽ “ചുറ്റുവട്ടത്തെ എല്ലാ വാർത്തകളും പൊടിപ്പും തൊങ്ങലും വെച്ച് വിൽക്കപ്പെടും “എന്ന് ആരോ ഒരിക്കൽ എഴുതിവെച്ചിരുന്നു.

“എന്റെ ക്ലാസ്സിലെ പുതിയ കുട്ടിയാ… എന്റെ നോട്സ് എഴുതിയെടുക്കാൻ കൂടെ പോന്നതാ…”

“ഇതിനെ ആ ചേരീലേക്കാണോ നീ കൂട്ടിക്കൊണ്ടോവുന്നത്”

സങ്കടവും ദേഷ്യവും കൊണ്ടവന്റെ മുഖം ഒന്നും കൂടി കറുത്തു. അവൻ നൂർജഹാനെ തിരിഞ്ഞൊന്നു നോക്കി. അവൾ കണ്ണുകളടച്ചൊന്നു ചിരിച്ചു.

ഒന്നും പ്രശ്നമല്ല, എന്ന് പറയുന്ന ആ കണ്ണുകളിലെ ചിരി കണ്ടവൻ പറഞ്ഞു.

“വേഗം നടന്നോ.. മഴ വരും. മഴയായാൽ ചളിയാവും നടക്കാൻ പറ്റില്ല…”

പെട്ടെന്നവൾ മൂക്ക് പൊത്തി..”അയ്യോ ഇതെന്താ മുകുന്ദ് ., എന്തൊരു നാറ്റം.ഇതിലെ നടക്കാൻ വയ്യല്ലോ..”

“ആ… ടൗണിലെ ആൾക്കാർ ഇവിടെ വേസ്റ്റ് കൊണ്ട് തള്ളുന്നതാണ്. വീടടുക്കാറായി.പെട്ടെന്ന് നടക്കൂ…” അവൻ പറഞ്ഞു.

“ഇതാണോടാ നിന്റെ നൂർജഹാൻ…” അവന്റെ അമ്മ കണ്ടതും ഊഹിച്ചെടുത്തു. “ഇതിനെ എന്തിനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടോ ന്നെ? വെള്ളം കലക്കികൊടുക്കാൻ ഇച്ചിരി പഞ്ചാര കൂടി ഇവിടില്ല.”

ഒന്നും കേൾക്കാത്തമട്ടിൽ ഷൂസ് ഊരിവെച്ചവൾ അകത്തു കയറി അവന്റെ അമ്മയെ കെട്ടിപിടിച്ചു.

“എനിക്കൊന്നും വേണ്ട. ഞാൻ മുകുന്ദിന്റെ നോട്സ് എഴുതിയെടുക്കാൻ വന്നതാണ്. കൂട്ടത്തിൽ അമ്മയെ കാണാനും. പുസ്തകങ്ങളെല്ലാം വാങ്ങി ഞാൻ ഇപ്പോൾ പോവും. രണ്ടു ദിവസം ലീവ് അല്ലെ. മമ്മി എഴുതിത്തരും ബാക്കി….”

അപ്പോൾ മുതലാണ് അവന് അവൾ മാലാഖ കുട്ടി ആയത് ലൂക്ക പറഞ്ഞ മാലാഖ.. എല്ലാവരെയും സന്തോഷിപ്പിക്കാനറിയാവുന്ന വെളുത്ത ചിറകുകളുള്ള ഒരു കൊച്ചു മാലാഖ.

അങ്ങിനെ ആ ചങ്ങാത്തം വളർന്നു. അവൾ പലപ്പോഴും അവളുടെ അച്ഛൻ ഉണ്ടാക്കുന്ന പലഹാരങ്ങൾ പൊതിഞ്ഞു ആരും കാണാതെ അവന് കൊണ്ട് കൊടുക്കും. പകരം കൊടുക്കാനവനൊന്നുമുണ്ടായിരുന്നില്ല.

ഒരിക്കൽ വാസുഅണ്ണന്റെ കട എത്തിയപ്പോൾ അവൾ പറഞ്ഞു.

“മുകുന്ദ് അവിടെ ഫ്രൂട്ടി ഉണ്ട്‌…. എനിക്ക് അത് വലിയ ഇഷ്ടമാ. പുഴുക്കൾ ഉണ്ടാവുമെന്ന് പറഞ്ഞച്ഛനുമമ്മയും എനിക്കതു വാങ്ങിതരില്ല. നമുക്കൊരു ദിവസം വാങ്ങി കുടിക്കണം…”

“വേണ്ട…അത് നന്നല്ല..”

.”മുകുന്ദ് ഇല്ലാത്ത ഒരു ദിവസം എന്റെ ഡാഡിയെ പോലെ ഹിന്ദി സംസാരിക്കുന്ന ഒരാൾ ഫ്രൂട്ടി വാങ്ങിക്കുടിക്കുന്നുണ്ടായിരുന്നു അയാൾ എന്നെ നോക്കി ചിരിച്ചു. എനിക്ക് അപ്പോൾ നൊണ തോന്നി മുകുന്ദ്… ”

“അയ്യേ… മോശം. അതൊന്നും ശ്രദ്ധിക്കാൻ പോണ്ട നൂർജഹാൻ..”

അങ്ങിനെ പറഞ്ഞുവെങ്കിലും അവൾക്കു ഒരിക്കൽ ഫ്രൂട്ടി വാങ്ങികൊടുക്കണം എന്നവന് തോന്നി. പക്ഷേ കാശില്ല, അവൻ നിസ്സഹായനായിരുന്നു.

” അമ്മാ…എനിക്കൊരു ഫ്രൂട്ടി വാങ്ങിക്കാൻ കാശു തരുമോ. സുരേഷ് ഫ്രൂട്ടി കുടിക്കുന്നത് കണ്ടപ്പോൾ എനിക്കും ഒരു കൊതി … “അവൻ അമ്മയോട് ചോദിച്ചു.

സ്കൂളിന്റെ തൊട്ടടുത്തുള്ള ഹൈസ്കൂളിൽ പഠിക്കുന്ന സുരേഷിന്റെ അച്ഛന് അവന്റെ അമ്മ പണിയെടുക്കുന്ന എസ്റ്റേറ്റിലാ ജോലി.

“അവനെ.. തന്തപോറ്റുന്ന ചെക്കനാ… നീയെ പട്ടിണി ഇല്ലാതെ ജീവിക്കുന്നത് തന്നെ ഭാഗ്യം ന്നു വിചാരിച്ചോ. ആ റൈറ്ററ് ഒരു പണി ആക്കി തന്നോണ്ട് കഴിഞ്ഞുപോവുന്നുണ്ട്. അവന്റെ ഒരു ഫ്രൂട്ടി.. ഈയിടെയായി ശീലങ്ങളൊക്കെ മാറുന്നുണ്ട് നിന്റെ….”

“ഒരു റൈറ്ററ് .. അയാളെ കണ്ടുകൂടാ എനിക്ക്…”

“നിന്നോടെന്തെ അയാള് കാട്ടി… കണ്ടൂടാണ്ടാവാൻ…”

അവന്റെ ചെവിയ്ക്കുള്ളിൽ സുരേഷ് വീണ്ടും..

“എട. മുകുന്ദാ … നിന്റെ ആരാടാ നൂർജഹാൻ.?.. അവൾക്ക് നിന്നോട് പ്രേമാണോ..അല്ല നിനക്കവളോടാണോ പ്രേമം.
നിന്നെയൊന്നും വിശ്വസിച്ചൂടാ…നിന്റെ തള്ളയും ആ റൈറ്ററും പ്രേമത്തിലല്ലേ. അതുപോലെ നീയും തുടങ്ങിയോ..?.”

സുരേഷ് പറഞ്ഞത് ശരിയായിരിക്കുമോ… കയ്യിലുള്ള ഗ്ലാസ്‌ വലിച്ചെറിഞ്ഞവൻ അമ്മയുടെ അടുത്തുനിന്ന് പോയി. അതും അവൻ നൂർജഹാനോട് പറഞ്ഞു.

“ആ സുരേഷ് ചീത്തയാണ് മുകുന്ദ്..നമ്മൾ ചങ്ങാതിമാരല്ലേ..അതുപോലെ മുകുന്ദിന്റെ അമ്മയും റൈറ്ററും ആയിക്കൂടെ. ഈ സിനിമയിലൊക്കെ പറയുന്നത് കേട്ടു പറയാ അവൻ….. വലിയ ചെക്കനല്ലേ… അങ്ങിനെയേ പറയൂ.. സുരേഷിന്റെ കൂടെ നടക്കേണ്ട മുകുന്ദ്.

എന്നിട്ടവൾ കണ്ണടച്ചു കാട്ടി ചിരിച്ചു. മാലാഖകുട്ടി പറഞ്ഞാൽ എന്തും അവൻ വിശ്വസിക്കും. സമാധാനിക്കും..

മനസ്സിലേക്ക് വന്നതൊക്കെ അയവിറക്കി തികട്ടി അരച്ചു അവൻ ആലോചിച്ചു. എന്നിട്ടും എന്തിനെന്റെ മാലാഖ കുട്ടി ആ ഹിന്ദിക്കാരനോട് ഫ്രൂട്ടി വാങ്ങി കുടിച്ചു.

“എന്താ മുകുന്ദാ വീട്ടിന്റെ പിന്നിൽ തന്നെ ഇരിക്കണത് യ്യ്….” അമ്മയുടെ ശബ്ദത്തിൽ ഒരു വാത്സല്യം.
“നേരം മോന്തി ആയില്ലേ.ഒരു വെള്ളവും കുടിക്കാതെ ആ പെണ്ണിനെതന്നെ ആലോചിച്ചിരിക്കാ..വന്ന് എന്തെങ്കിലും കുടിക്ക്.യ്യ് സുരേഷിന്റെ കൂടെയല്ലേ സ്കൂളിൽ നിന്ന് പോന്നത്. കുറച്ചീസം ഓൻ മറ്റേ സ്കൂളിൽ നിന്ന് ഇറങ്ങുന്നതുവരെ കാത്തുനിന്നോ. ഒറ്റയ്ക്കു പോരണ്ട…”
“ന്നാലും അതൊരു നല്ല കുട്ടിയേരുന്ന്. പാവം. അതിന്റെയൊരു വിധി…”

അതിന്റെയൊരു വിധി… മുകുന്ദൻ ഒന്നുകൂടിയതാവർത്തിച്ചു.അവൻ വീണ്ടും ഓർത്തു.

വാസുവണ്ണാ.. കച്ചോടം കൂടീലെ ങ്ങളെ നല്ല കാലം. ചൂടുള്ള വാർത്തകൾ അറിയാൻ ആൾക്കാര് കൂടല്ലേ ഇവിടെ..”

“എന്താ സുരേഷേ യ്യ് പറേണത് .അയ് നാത്രം ഏമാന്മാരും കേറി എറങ്ങല്ലേ…”

“ആ പിന്നെ ഒരു കാര്യണ്ട്.ഓനെ പിടിച്ചു.. പോലീസുകാര്..എല്ലാം പറഞ്ഞു പോലും അല്ല പറയിപ്പിച്ചുപോലും.. ഫ്രൂട്ടീല് മയക്കു മരുന്നിട്ടു കുടിപ്പിച്ചിട്ടാ പാവം..അതിനെ..അയിന്റെ തന്തേം തള്ളേം എങ്ങിനാ സഹിക്കാ…”

ശരിയാ..എന്റെ മാലാഖകുട്ടിക്ക് എത്ര വേദനിച്ചിട്ടുണ്ടാവും. അവളുടെ ചിരി മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അവൾക്കു കരയാൻ അറിയാമായിരുന്നോ. ചാക്കിന്റെ ഉള്ളിൽ നിന്നവൾ ആ വൃത്തികെട്ട ഗന്ധം ശ്വസിച്ചിട്ടുണ്ടാവുമോ. സാധാരണ അവിടെയെത്തിയാൽ അവൾ ഓടാറാണ് പതിവ് . പക്ഷേ ചാക്കിന്റെ ഉള്ളിൽ വരിഞ്ഞുകെട്ടിയ വെട്ടിനുറുക്കിയ നിലയിൽ അവൾ. ആ വൃത്തികെട്ടവൻ..

ഉള്ളിന്റെ ഉള്ളിൽ നീറി കരഞ്ഞു കൊണ്ടിരിക്കുന്ന അവന് മാത്രമേ അവൾ അവനാരായിരുന്നു എന്നറിയുള്ളു. ബാക്കിയുള്ളവരുടെ ഇടയിൽ അവനെന്തു റോൾ. ഒരു മുകുന്ദൻ. ചേരിയിലെ മുകുന്ദൻ. വാസുവണ്ണൻ പറഞ്ഞതും കേട്ട് നിസ്സംഗതയോടെ സുരേഷിന്റെ തോളത്ത് കൈവെച്ചവൻ നടന്നു. ഒരു നടത്തം…

ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.