റെൻസൺ സഖറിയാസ്
മാഞ്ചെസ്റ്റെർ: ട്രാഫോർഡ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്ന ചാക്കോ ലൂക്കിന്റെ മാതാവ് ത്രേസ്യാമ്മ ലൂക്ക് എടത്തിപ്പറമ്പിൽ ( 82) ഇന്നലെ വൈകുന്നേരം നാട്ടിൽ നിര്യാതയായി. കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി അസുഖബാധിതയായി ആശൂപത്രിയിൽ പ്രവേശിക്കപ്പെട്ട പരേതയ്ക്കു രോഗം പെട്ടെന്ന് മൂർച്ഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
ആലപ്പുഴ തണ്ണീർമുക്കം പരേതനായ എടത്തിപ്പറമ്പിൽ ലുക്ക് തോമസിന്റെ (Ex മിലിറ്ററി) ഭാര്യയായിരുന്നു പരേത. മക്കൾ: തോമസ് (Ritd HAL), ലൂസി (Ritd സൂപ്രണ്ടൻറ്, കോട്ടയം മെഡിക്കൽ കോളേജ്), ചാക്കോ ലുക്ക് (UK). മരുമക്കൾ : ലിസി നെല്ലിക്കുന്നത് (ബ്രഹ്മമംഗലം), സ്റ്റീഫൻ പുളിക്കത്തൊട്ടിയിൽ (പേരൂർ), എൽസ കണിയാംപറമ്പിൽ (UK).
പരേത കൊട്ടയം കുറുമള്ളൂർ കരോട്ടുമന്നാകുളം കുടുംബാംഗമാണ്. പലതവണ യുകെയിലെ മാഞ്ചസ്റ്ററിൽ മകൻ ചാക്കോ ലൂക്കിനെ സന്ദർശിച്ചിട്ടുള്ള അമ്മച്ചിയെ ഇവിടുത്തെ മലയാളികൾക്ക് സുപരിചിതയായിരുന്നു. അമ്മച്ചിയുടെ വേർപാടിൽ ട്രാഫോർഡ് മലയാളി അസോസിയേഷൻ, മാഞ്ചസ്റ്റർ ക്നാനായ കത്തോലിക്ക അസോസിയേഷൻ തുടങ്ങിയവർ അനുശോചിച്ചു. മൃതസംസ്കാരം കണ്ണങ്കര സെന്റ് സേവിയേഴ്‌സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പിന്നീട് നടത്തപ്പെടുന്നതായിരിക്കും.
ചാക്കോ ലൂക്കിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ജോർജ് മാത്യു
കാലപ്രവാഹത്തിൽ കൈമോശം വരാതെ മലയാളി എന്നും നിധി പോലെ സൂക്ഷിക്കുന്ന ഓണമെന്ന ഒരുമയുടെ ആഘോഷം പ്രൗഢഗംഭീരമാക്കി എർഡിങ്ങ്ടൺ മലയാളി അസോസിയേഷൻ .കുട്ടികളുടെ വിവിധ കല കായിക പരിപാടികളോടെ ഓണാഘോഷത്തിന് തുടക്കമായി. സട്ടൻകോൾഡ്‌ഫീൽഡ് സെന്റ് ചാഡ്‌സ് ഹാളിൽ നടന്ന പരിപാടിയിൽ ജനപങ്കാളിത്തം വളരെ കൂടുതലായിരുന്നു .
പൊതുസമ്മേളനത്തിൽ ഇ എം എ പ്രസിഡന്റ് മോനി ഷിജോ അധ്യക്ഷത വഹിച്ചു.തുടർന്ന് അസോസിയേഷൻ ഭാരവാഹികൾ നിലവിളക്കിൽ തിരി തെളിയിച്ചു യോഗം ഔപചാരികമായി ഉത്ഘാടനം ചെയ്തു.സെക്രെട്ടറി അനിത സേവ്യർ പ്രവർത്തനറിപ്പോർട്ടും,ട്രെഷർ ജെയ്സൺ തോമസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് ജോർജ് മാത്യു സ്വാഗതവും,ജോയിന്റ് സെക്രട്ടറി ഡിജോ ജോൺ നന്ദിയും പറഞ്ഞു.ജി സി എസ് ഇ, എ ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും,യുക്മ കായിക മത്സര വിജയികൾക്കും,ഡോക്ടർ ബിരുദം നേടിയ അലൻ ഷാജികുട്ടിയെയും ,കുട്ടികൾക്ക് കല പരിപാടികൾക്ക് പരിശീലനം നൽകിയ ആൻകിത സെബാസ്റ്റ്യനും സമ്മാനങ്ങൾ വിതരണം ചെയ്തു. ഇ എം എ മുൻ പ്രസിഡന്റ്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു.വിവിധ ഏരിയകളെ പ്രതിധാനം ചെയ്ത് നടന്ന പൂക്കളമത്സരവും,നാടൻപാട്ട് മത്സരവും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
ആരവമുയർത്തിയ നിറഞ്ഞ സദസ്സിൽ അവതരിച്ച മഹാബലി തിരുമേനി ഏവരെയും ആകർഷിച്ചു.ആവേശതുടിപ്പായി നടന്ന വടം വലി മത്സരത്തിൽ മുതിർന്നവരും,കുട്ടികളും ഒരുപോലെ പങ്കെടുത്തു.ഫോക്കസ് ഫിനിഷുർ,ഡെയിലി ഡിലൈറ്റ് ,ഗൾഫ് മോട്ടോർസ്, മലബാർ ഫുഡ്സ്, ഫൈൻ കെയർ എന്നിവർ ആഘോഷ പരിപാടിയുടെ സ്പോൺസേഴ്സ് ആയിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ക്രമീകരിച്ചിരുന്നു. ജോയിന്റ് ട്രെഷറർ ജെൻസ് ജോർജ്, കൾച്ചറൽ കോഓർഡിനേറ്റർ കാർത്തിക ശ്രീനിവാസ് , ഏരിയ കോഓർഡിനേറ്റർമാരായ കുഞ്ഞുമോൻ ജോർജ്, മേരി ജോയി , അശോകൻ മണ്ണിൽ എന്നിവർ ഓണഘോഷത്തിനു നേതൃത്വം നൽകി .
കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ച് ആഭിമുഖ്യത്തിൽ ( 09/09/2023 ശനിയാഴ്ച ) വൂഡ്റഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ ഈ വർഷത്തെ ഓണാഘോഷം 2023 നടത്തപ്പെട്ടു.റെഡിച്ചിൽ മലയാളികളായിട്ടുള്ള തദ്ദേശീയരും യുകെയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുമായ നിരവധി മലയാളികൾ ആഘോഷപരിപാടിയിൽ സന്നിഹിതരായി.
രാവിലെ പത്തു മണിക് തുടങ്ങിയ ചടങ്ങില്‍ റെഡിച്ച് മേയർ ശ്രീ സൽമാൻ അക്‌ബർ , റെഡിച്ച് കൗൺസിലർമാർ ആയ ശ്രീ ജോ ബേക്കർ , ശ്രീ ബിൽ ഹാർട്നെറ് , യുക്മാ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പ്രസിഡന്റ് ശ്രീ ജോർജ് തോമസ് മുഖ്യാതിഥികൾ ആയിരുന്നു . സെക്രട്ടറി മാത്യു വർഗീസ് സ്വഗതം പറഞ്ഞു. അധ്യക്ഷൻ ആയി കെ.സി.എ അസോസിയേഷൻ പ്രസിഡന്റ് ജോയ് ദേവശ് ശേയ് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഐക്യത്തിന്റെയും സ്ഫുരിക്കുന്ന ദീപ്തമയ ചിന്തകൾ എന്നും മനസിലും പ്രവർത്തിയിലും ഉണ്ടാകട്ടെയെന്നും എല്ലാവർക്കും ഓണത്തിന്റെ ആശംസകൾ നേർന്നുകൊണ്ടും ഏവരെയും ഓണാഘോഷപരിപാടിയിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് മഹാബലി തമ്പുരാനെ ചെണ്ടമേളത്തിന്റെയും പുലികളുയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.മാവേലിയായി ബിനു ജോസഫ് വേഷമിട്ടു. അതിനുശേഷം ഈവർഷത്തെ സ്പോർട്സ് എവറോളിങ് ട്രോഫികൾ,ഓണംമാസം കാലയളവിലെ എല്ലാവിധ കായിക സാംസ്‌കാരിക മത്സരങ്ങൾകുള്ള ട്രോഫികൾ , സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി. കൂടാതെ കഴിഞ്ഞ വർഷ GCSE,A ലെവൽ ഉയർന്ന മാർക്കുകൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി പ്രോൽസാഹിപ്പിച്ചു.
അതിനെ തുടർന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത 20 ഓളം സംഘനൃത്തങ്ങളും തിരുവതിര, നാടകം തുടങ്ങിയ സാംസ്കാരികതയെ വിളിച്ചോതുന്ന തനത് നൃത്ത ശില്പങ്ങളും സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നയിച്ച നിരവധി ഗായകരും പരിപാടികളെ ഉന്നത നിലവാരം പുലർത്തുന്നതാക്കിമാറ്റി.
പ്രോഗ്രാമിന്റെ അവതാരകർ ആയി ജയ് തോമസ് , ഒലിവിയ , അഞ്ജനാ , നീനുമോൾ , സിജി , സരിതാ എന്നിവർ മികവുറ്റ അവതരണ ശൈലി കാഴ്ചവച്ചു. കെ.സി.എ ഒരുക്കിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിരവധി പേർ സമ്മാനാർഹരായി. വിഭവ സമൃദമായ ഓണ സദ്യക്ക് ശേഷവും കലാപരിപാടികള്‍ തുടര്‍ന്നു, വൈകുന്നേരം ഏഴ് മണിക്ക് ഓണാഘോഷത്തിന് തിരശീല വീണു.
പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് ശ്രീ ജയ് തോമസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
കേരളീയ സമൂഹത്തിന്റെ യുകെയിലേക്കുള്ള കുത്തൊഴുക്കിൽ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലേക്കും മലയാളികൾ എത്തിക്കൊണ്ടിരിക്കുന്നു. ബെർമിംഗ്‌ഹാമിലെ ഡെഡ്‌ലിയിൽ റസ്സൽസ്ഹാൾ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു നൂറോളം കുടുംബങ്ങൾ എത്തിച്ചേർന്നു കഴിഞ്ഞു . വെറും പത്തിൽ പരം ഫാമിലി ഉണ്ടായിരുന്ന ഇടത്താണ് ഇത്രയും കുടുംബങ്ങൾ എത്തിച്ചേർന്നത്. സെപ്തംബർ മാസം 17 ന് 280 ഓളം അംഗങ്ങൾ ഒത്ത് ചേർന്ന് ഓണം ആഘോഷിച്ചു.
മലയാളികൾ എവിടെ ചെന്നാലും ഒത്ത് കൂടുക എന്നുള്ളത് അവരുടെ ജീവിത ശൈലിയാണ്. അന്നു നടന്ന ജനറൽ മീറ്റിംങ്ങിൽ യുക്മയുടെ മിഡ് ലാന്റ് റീജിനൽ പ്രസിഡൻറ് ജോർജ്ജ് തോമസ് സന്നിഹിതനായിരുന്നു. അദ്ദഹത്തിന്റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ മലയാളികളുടെ ഇടയിൽ പരക്കെ അറിയപ്പെടുന്ന കലാകാരനായ ജോൺ മുളയങ്കലിനെ പ്രസിഡൻറായി തിരഞ്ഞെടുത്തു. അദ്ദേഹത്തിൻെറ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മറ്റി രൂപീകൃതമായി ,പല സംഘടനകളിലും പ്രർത്തിച്ചു പരിചയമുളള ആനന്ദ് ജോണിനെ സെക്രട്ടറിയായും തിരഞ്ഞെടുക്കുകയുണ്ടായി .
കേരളത്തിൽ ഗവ. സർവ്വീസിൽ ജോലി ഉണ്ടായിരുന്ന സന്ദീപ് ദീപക്കാണ് ട്രഷറർ ആയി ചുമതലയേറ്റത്. സ്ത്രീകൾ സംഘടനയിലെ ഒഴിച്ചു കൂടാനാവാത്ത വിഭാഗമാണ് എന്ന് തെളിയിച്ചു കൊണ്ട് മേരി ജോസഫ് വൈസ് പ്രസിഡന്റും ആര്യാ പീറ്റർ ജോയിന്റ് സെക്രട്ടറിയുമായും നിയമിതരായപ്പോൾ ഹർഷൽ വിശ്വം ജോയിൻ ട്രഷററുമായി ചുമതലയേററു.
കമ്മറ്റിയംഗങ്ങളായി ജോൺ വഴുതനപ്പള്ളി . സതീഷ് സജീശൻ ,.ബ്രീസ് ആൻ വിൽസൻ , റോബി ജോസഫ് എന്നിവരേയും തിരഞ്ഞെടുത്തു. ഡോ . റേറാണിയും അജോ ജോസും ഓഡിറ്ററന്മാരായി നിയമിതരായി. മലയാളി അസോസിയേഷൻ ഓഫ് ഡെഡ്‌ലി MAD എന്ന പേരും സ്വീകരിച്ചു. ഓണലോഷത്തിന് ഒഴിച്ചു കൂടാനാവാത്ത വടംവലിയും പത്തുപേർ പങ്കെടുത്ത തിരുവാതിരയും ഓണഘോഷത്തിന് മിഴിവേകി. കുട്ടികളുടെയും കായിക മത്സരങ്ങൾ വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി . പ്രൗഡിയോടെ കടന്നെത്തിയ മാവേലി ജനങ്ങൾക്ക് ഒരു ദൃശ്യ വിരുന്നായിരുന്നു. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ഓണാഘോഷം നാട്ടിൽ നിന്നും . നോർത്ത് ഇൻഡ്യയിൽ നിന്നും : ഗൾഫ് നാടുകളിൽ നിന്നും പുതിയതായി ഇംഗ്ലണ്ടിൽ എത്തിച്ചേർന്ന ഏവർക്കും മനസിൽ സന്തോഷത്തിന്റെ തിരച്ചാർത്ത് പകർന്നു.
ശ്രീകാന്ത് താമരശ്ശേരി
ഡിസി ബുക്സ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു പുറത്തിറക്കിയ, മലയാളത്തിലെ യുവകവികളിൽ ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന , മാമ്പഴം കവിതാ റിയാലിറ്റി ഷോ സീസൺ 2 വിജയി ശ്രീകാന്ത് താമരശ്ശേരിയുടെ ആദ്യ കവിതാ സമാഹാരം ‘കടൽ കടന്ന കറിവേപ്പുക’ളുടെ പ്രകാശന ത്തോടനുബന്ധിച്ചുള്ള സഹൃദയ സംഗമവും കവിതാസായാഹ്നവും 2023 സെപ്റ്റംബർ 16 വൈകുന്നേരം 4 മുതൽ 6 .30 വരെ തിരുവനന്തപുരം വഴുതക്കാട് ‘ഭാരത് ഭവ’നിൽ വെച്ച് നടന്നു.
4 മുതൽ 5 മണി വരെയുള്ള കവിതാ സായാഹ്നത്തിൽ പ്രശസ്ത കവികളായ ചായം ധർമ്മരാജൻ, ആര്യാംബിക, എസ് സരസ്വതി, സുമേഷ് കൃഷ്ണൻ, ധന്യ ജി ,അനഘ ജെ കോലത്ത് തുടങ്ങിയവർ പങ്കെടുത്തു.
കവി പ്രഭാവർമ്മ അധ്യക്ഷത വഹിച്ച പ്രകാശനച്ചടങ്ങിൽ തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പു മന്ത്രി ശ്രീ എം ബി രാജേഷ് പുസ്തക പ്രകാശനം നിർവഹിച്ചു, കവിയുടെ അമ്മ ശ്രീമതി ഈ ആർ സാവിത്രീ ദേവി പുസ്തകം ഏറ്റുവാങ്ങി. മുൻ ചീഫ് സെക്രട്ടറി ശ്രീ വി പി ജോയി മുഖ്യ പ്രഭാഷണം നടത്തി.ശ്രീ ടി കെ വിനോദൻ, എൽ വി ഹരികുമാർ, സി റഹീം തുടങ്ങിയവർ ആശംസകൾ നേർന്നു.
റോമി കുര്യാക്കോസ്
മാഞ്ചസ്റ്ററിലെ എയ്ഞ്ചൽ മൗണ്ട്, ക്ലയർ മൗണ്ട് കെയർ ഹോം ജീവനക്കാര്‍ നഴ്‌സിംഗ് ഹോം ജീവനക്കാരാണ് സെപ്റ്റംബർ 16 ന് അക്രിങ്ങ്റ്റനിലെ എയ്ഞ്ചൽ മൗണ്ട് നേഴ്സിംഗ് ഹോമിൽ വെച്ച് വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെയാണ് ‘ഡൈവേഴ്‌സിറ്റി പ്രോഗ്രാം’ എന്ന പേരിൽ കേരളീയത വിളിച്ചോതുന്ന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
ആഘോഷ പരിപാടികളിൽ മിഴിവേറി നിന്നത് എയ്ഞ്ചല്‍ മൗണ്ട് – ക്ലെയര്‍ മൗണ്ട് കെയര്‍ ഹോമുകൾ തമ്മിൽ നടന്ന വാശിയേറിയ വടം വലി മത്സരമാണ്. രണ്ട് കെയർ ഹോമുകളിലേയും പുരുഷ വനിതാ വടം വലി ടീമുകൾ മാറ്റുരച്ച ആവേശപ്പോരാട്ടത്തില്‍, എയ്ഞ്ചൽ മൗണ്ട് ടീം വനിത വിഭാഗത്തിലും ക്ലയർ മൗണ്ട് ടീം പുരുഷ വിഭാഗത്തിലും ജേതാക്കളായി. സമ്മാന തുകയായി 300 പൗണ്ടും ട്രോഫിയും ആണ് വിജയികൾ കരസ്തമാക്കിയത്.
വിവിധ മലയാളി അസോസിയേഷനുകളും മറ്റ് സംഘടനകളും ചെറു കൂട്ടായ്മകളും യുകെയിൽ ഓണാഘോഷപരിപാടിക ളും വടംവലി മത്സരങ്ങളും സംഘടിപ്പിക്കാറുണ്ടെങ്കിലും നേഴ്‌സിംഗ് ഹോമുകളിൽ ഇതുപോലെ കേരളീയ തനിമ തുളുമ്പുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്.
നേഴ്സിംഗ് ഹോമുകളിലെ തിരക്കേറിയതും ഉത്തരവാദിത്വം കൂടുതലുള്ളതുമായ ജോലി തിരക്കുകൾക്കിടയിൽ, ഇത്തരത്തിലുള്ള ഗൃഹാതുരത്വം നിറഞ്ഞ പരിപാടികൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഓണാഘോഷം പോലെ കേരളീയ തനിമയുള്ള ആഘോഷ പരിപാടികൾ ജീവനക്കാർക്ക് അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്വന്തം കുടുംബാംഗങ്ങളോടൊത്ത് ആഘോഷിക്കുവാനുള്ള അവസരം, അവർക്ക് ഒരു പുത്തൻ അനുഭവം ആകട്ടെയെന്നും ക്ലയർ മൗണ്ട്, എയ്ഞ്ചല്‍ മൗണ്ട് നഴ്സിംഗ് ഹോം ഉടമയും, ജീവകാരുണ്യ പ്രവർത്തകയും, ഒഐസിസി വനിത വിങ്ങ് യൂറോപ്പ് കോർഡിനേറ്ററുമായ ഷൈനു മാത്യൂസ് ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
നേഴ്സിംഗ് ഹോം ജീവനക്കാരുടെ മെഗാ തിരുവാതിരയോടുകൂടി ആരംഭിച്ച കലാവിരുന്നിന് മികവ് പകർന്നുകൊണ്ട് വൈവിധ്യമാർന്ന കലാപരിപാടികളും ജീവനക്കാരുടെ കുട്ടികൾക്കായി വിവിധയിനം മത്സരങ്ങളും സംഘാടകർ ഒരുക്കിയിരുന്നു. കലാവിരുന്നുകളിലും മത്സരങ്ങളിലും പങ്കെടുത്തവർക്കെല്ലാം ട്രോഫികളും സമ്മാനങ്ങളും നൽകി. ജീവനക്കാർക്കും കുടുംബാങ്ങൾക്കുമായി വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
കലാവിരുന്നുകൾ ആസ്വദിക്കുവാനും സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും കണ്ടും കേട്ടും മാത്രം അറിഞ്ഞിട്ടുള്ള കേരളത്തിന്റെ തനതായ ഓണസദ്യയുടെ രുചി നുകരാൻ പരിസരവാസികളായ വിദേശികൾ എത്തിച്ചേർന്നത് ആഘോഷ പരിപാടികളുടെ മാറ്റ് വർധിപ്പിച്ചു.
കലാവിരുന്നുകൾക്കിടയിൽ സദസ്സിലേക്ക് മാവേലിയുടെ വേഷ വിധാനങ്ങളോടെ എത്തിയ നേഴ്സിംഗ് ഹോം സീനിയർ സ്റ്റാഫ് ശ്രീ. ബേബി ലൂക്കോസ് ഓണ സന്ദേശം നൽകി. വൈകുന്നേരം 4 മണിക്ക് വടംവലി മത്സരങ്ങളോടെ ആരംഭിച്ച ആഘോഷ പരിപാടികൾ രാത്രി 8 മണിക്ക് വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യയോടെ അവസാനിച്ചു.
ഷൈമോൻ തോട്ടുങ്കൽ
ചിയാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ചിയാം സെന്റ് ജോൺ മരിയാ മിഷന്റെ നേതുത്വത്തിൽ ഫമിലിയ കുടുംബ സംഗമം നടന്നു . മുന്നൂറ്റി അൻപതോളം പേർ പങ്കെടുത്ത സട്ടനിലെ തോമസ് വാൾ സെന്ററിൽ നടന്ന കുടുംബ സംഗമം അക്ഷരാർഥത്തിൽ സെന്റ് മരിയ ജോൺ വിയാനി മിഷന്റെ സംഘാടക മികവിന്റെയും ഐക്യത്തിന്റെയും മകുടോദാഹരണമായി മാറി . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസും , സീറോ മലബാർ സഭയിലെ അറിയപ്പെടുന്ന കുടുംബ ദൈവശാസ്ത്ര പണ്ഡിതനുമായ റെവ . ഡോ . ആന്റണി ചുണ്ടെലിക്കാ ട്ടിന്റെ നേതൃത്വത്തിൽ ടെസ്സിൻ , നൈസി , ഷിബി , റോയി , ഐഷ് എന്നിവരുടെ നേതുത്വത്തിൽ ആണ് സംഗമം നടന്നത് .
കുട്ടികളുടെയും യുവജനങ്ങളുടെയും വൈകാരിക വളർച്ചയും , കുടുംബങ്ങളുടെ കെട്ടുറപ്പിനും ഉതകുന്ന പരിശീലന പരിപാടികളും അറിവ് നേടുന്നതിനൊപ്പം , കുട്ടികളുടെയും , യുവജനങ്ങളുടെയും സ്വഭാവ രൂപീകരണം ,അതിൽ കുടുംബങ്ങളുടെ പങ്ക് എന്നിവയെക്കുറിച്ചൊക്കെയുള്ള പരിശീലന പരിപാടികൾ ഫമിലിയ യോടൊപ്പം സംഘടിപ്പിച്ചിരുന്നു .
എബ്രഹാം കുര്യൻ
കേരളത്തിലെ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് ഇംഗ്ലണ്ടിൽ എത്തിയിരിക്കുന്ന മലയാളികളുടെ മഹത്തായ പത്താം സംഗമം ഒക്ടോബർ പതിനാലാം തീയതി ശനിയാഴ്ച ഇംഗ്ലണ്ടിലെ ഇന്ത്യ എന്ന് വിളിക്കാവുന്ന ലെസ്റ്ററിൽ വച്ച് അതിഗംഭീരമായി രാവിലെ 9 മുതൽ വൈകുന്നേരം 7 മണി വരെ ആഘോഷിക്കുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തെ അര നൂറ്റാണ്ടിലേറെ പ്രതിനിധീകരിച്ച ശ്രീ ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്ക് മുമ്പിൽ അശ്രുപൂജ അർപ്പിച്ചു കൊണ്ടുള്ള അനുശോചന സമ്മേളനത്തോടെ പത്താമത് പുതുപ്പള്ളി സംഗമത്തിന് തിരശ്ശീല ഉയരുന്നു.
പുതുപ്പള്ളിയുടെ പുതിയ എംഎൽഎ ബഹുമാനപ്പെട്ട ശ്രീ ചാണ്ടി ഉമ്മൻ പുതുപ്പള്ളി സംഗമം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. പ്രാദേശിക കളികളായ വാശിയേറിയ നാടൻ പന്തുകളി, പകിട കളി, വടംവലി എന്നിവയ്ക്കൊപ്പം ചെണ്ട മേളത്തിന്റെ അകമ്പടി കൂടിയുള്ള ഈ സംഗമം പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നുള്ള അംഗങ്ങളെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും എന്ന് മുൻ സംഗമങ്ങൾ തെളിയിച്ചതാണ്.
2014 സെപ്റ്റംബർ മാസം സ്റ്റോക്ക് ഓൺ ട്രെൻഡിൽ തിരിതെളിച്ച് ബ്രിസ്റ്റൽ, മാഞ്ചസ്റ്റർ, ഇപ്സ്വിച്ച്, കവൻററി, വാറ്റ്ഫോർഡ്, പീക് ഡിസ്ട്രിക്ട് തുടങ്ങിയ ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് പുതുപ്പള്ളി സംഗമം പത്താമത് ലെസ്റ്ററിൽ എത്തിനിൽക്കുന്ന ഈ ധന്യ വേളയിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് യുകെയിൽ എത്തിയിട്ടുള്ള എല്ലാ സഹോദരങ്ങളെയും പുതുപ്പള്ളി സംഗമം കമ്മിറ്റി ഹാർദ്ദമായി ലെസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നു.
പുതുപ്പള്ളിയുടെ തനതായ രുചിയിലുള്ള പ്രാതൽ, മത്സ്യ മാംസാദികൾ ഉള്ള ഉച്ചഭക്ഷണം, വൈകുന്നേരം ലഘുഭക്ഷണം എന്നിവ തീർച്ചയായും പുതുപ്പള്ളിയുടെ രുചി നിങ്ങളുടെ നാവിൽ നിറയ്ക്കും. പുണ്യ പുരാതന പുതുപ്പള്ളി പള്ളിയുടെയും, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീക്ഷേത്രത്തിന്റെയും, മണർകാട് വിശുദ്ധ മർത്തമറിയാം പള്ളിയുടെയും മറ്റനേകം ദേവാലയങ്ങളുടെയും നാടായ പുതുപ്പള്ളിയെ കേരളത്തിൻറെ രാഷ്ട്രീയ ഭൂപടത്തിൽ അടയാളപ്പെടുത്തിയ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളിയെ 50 വർഷത്തിലേറെ പ്രതിനിധീകരിച്ച നേതാവുമായ ശ്രീ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചുകൊണ്ട് പുതുപ്പള്ളിയുടെ ആഘോഷങ്ങൾക്ക് ഒക്ടോബർ 14ാം തീയതി നമ്മൾ തിരികൊളുത്തുന്നു.
കായിക വിനോദങ്ങളോടൊപ്പം പുതുപ്പള്ളിയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന മനോഹരങ്ങളായ കലാപരിപാടികളും സംഗമത്തിന് മാറ്റുകൂട്ടും. പുതുപ്പള്ളിയുടെ വാനമ്പാടികളായ ശ്രീ ബിജു തമ്പിയും, ശ്രീമതി ജിഷ ജയിനും നയിക്കുന്ന ഗാനമേള തീർച്ചയായും നിങ്ങളെ പുതുപ്പള്ളിയുടെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും എന്നതിൽ സംശയത്തിന് അവകാശമില്ല. കൂടാതെ പുതുപ്പള്ളി സംഗമത്തിലെ ജി സി എസ് സി, എ ലെവൽ പരീക്ഷകളിൽ പ്രശസ്ത വിജയം നേടിയ കുട്ടികളെ നാം ആദരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Anil Markose- 07988722542
Abraham Joseph (Williams)- 07846869098
Abraham Kurien (saji)- 07882791150
Raju Abraham-
07939849485
Soboy Varghese- 07469893659
നിലവിലുള്ള പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ അംഗങ്ങളോടൊപ്പം പുതുപ്പള്ളി സംഗമം ആരംഭിച്ചപ്പോൾ മുതൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്ന പനച്ചിക്കാട് പഞ്ചായത്തിലെ അംഗങ്ങളും വന്നുചേർന്ന് ലെസ്റ്ററിലെ ഈ മഹാ സംഗമത്തെ ഒരു വൻ വിജയമാക്കണമെന്ന് പുതുപ്പള്ളി സംഗമം കമ്മിറ്റിക്ക് വേണ്ടി അഭ്യർത്ഥിക്കുന്ന
Venue
Leicester Forest East Parish Council Hall
Kings Drive,
Leicester Forest East
LE3 3JE
ഷിബു മാത്യൂ , ന്യൂസ് ഡെസ്ക് മലയാളം യുകെ.
യുകെ മലയാളികളുടെ ഓണാഘോഷത്തിൽ ഏറ്റവും ജനശ്രദ്ധ നേടിയത് യൂറോപ്പിൻ്റെ സൗന്ദര്യമായ യോർക്ഷയറിലെ കീത്തിലിയിലെത്തിയ നവാഗത മലയാളി സംഘടനയായ പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ അവതരിപ്പിച്ച മെഗാ തിരുവാതിരയാണ്. മലയാളികളുടെ ഓണാഘോഷങ്ങളിൽ തിരുവാതിരയ്ക്കുള്ള സ്ഥാനം പറഞ്ഞറിയ്ക്കാൻ പറ്റാത്തതാണ്. പ്രത്യേകിച്ചും പ്രവാസ ലോകത്ത് മലയാളികളുടെ ഓണാഘോഷത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും തിരുവാതിര തന്നെ.
കോവിടിൻ്റെ പരിമിതികളിൽ നിന്ന് പുറത്ത് വന്നതിന് ശേഷമുള്ള യുകെ മലയാളികളുടെ ആദ്യ ഓണാഘോഷങ്ങളായിരുന്നു സെപ്റ്റംബറിലെ വാരാന്ത്യങ്ങളിൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലുമുള്ള മലയാളി കൂട്ടായ്മകളിൽ നടന്നത്. യുകെയിൽ ചെറുതും വലുതുമായി ആയിരത്തിലധികം മലയാളി അസ്സോസിയേഷനുകളും മലയാളി കൂട്ടായ്മകളുമുള്ളതായി അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. എല്ലാ കൂട്ടായ്മകളുടെ ആഘോഷങ്ങളുടെ പ്രധാന ഇനവും തിരുവാതിര തന്നെയായിരുന്നു.
ഈ വർഷത്തെ ഓണക്കാല തിരുവാതിരകളിൽ ഏറ്റവും ജനശ്രദ്ധയാകർച്ചിച്ചത് യോർക്ഷയറിലെ കീത്തിലിയിൽ അടുത്തിടെ രൂപം കൊണ്ട പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ അവതരിപ്പിച്ച മെഗാ തിരുവാതിരയാണ്. പത്ത് പേരിൽ താഴെ പങ്കെടുക്കുന്ന തിരുവാതിരകളിയാണ് സാധാരണ പലയിടങ്ങളിലും കണ്ടുവരാറുള്ളത്. ജോലിയും കുടുംബത്തിലെ മറ്റുള്ള തിരക്കുകളുമായിട്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുമുള്ളതുകൊണ്ട് ഒരുമിച്ച് കൂടാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് പലപ്പോഴും തിരുവാതിരയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്.
എന്നാൽ അതിൽ നിന്നൊക്കെ വിഭിന്നമായിട്ടാണ് ‘പ്രതീക്ഷ’യുടെ മെഗാ തിരുവാതിര നടന്നത്.
മുപ്പത്തിയാറോളം മലയാളി മങ്കമാരാണ് പ്രതീക്ഷയുടെ മെഗാ തിരുവാതിരയിൽ പങ്കെടുത്തത്.
ഒരു അസ്സോസിയേഷനിൽ നിന്ന് ഇത്രയധികം ആളുകൾ പങ്കെടുക്കുക എന്നതുതന്നെ അതിശയത്തിന് വകയേകുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള മെഗാ തിരുവാതിര സെറ്റംബർ ഒമ്പതാം തീയതി ശനിയാഴ്ച്ച കീത്തിലി വിക്ടോറിയ ഹാളിൽ അരങ്ങേറി. കാണികളെ ഒന്നടംങ്കം ഹരം പിടിപ്പിക്കുന്ന അവതരണമായിരുന്നു അസ്സോസിയേഷനിലെ പെൺപടകൾ കാഴ്ച്ചവെച്ചത്. ശ്രുതിയും താളവും തെറ്റാതെ ഒരേ നൃത്തച്ചുവടുകളിൽ തിരുവാതിര കളത്തിൽ മലയാളി മങ്കമാർ നിറഞ്ഞാടിയ ധന്യ മുഹൂർത്തം അക്ഷരാർത്ഥത്തിൽ കാണികളുടെ ഹൃദയം കവരുന്നതായിരുന്നു. പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമ്പോൾ ചുവടുകൾ പിഴയ്ക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ അങ്ങനെ ഒരു ചെറു പിഴവു പോലും ഈ മെഗാ തിരുവാതിരയിൽ സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഓണാഘോഷത്തിന് ആഴ്ച്ചകൾക്ക് മുമ്പ് തന്നെ പ്രതീക്ഷയുടെ പെൺപടകൾ മെഗാ തിരുവാതിരയുടെ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. കീത്തിലിയിൽ നിന്ന് പതിനെട്ടും, സ്റ്റീസ്റ്റണിൽ നിന്ന് പത്തും പാർക്ക് വുഡിൽ നിന്നുള്ള എട്ടു പേരുമടങ്ങുന്ന ഗ്രൂപ്പുകൾ ചേർന്ന് മുപ്പത്താറോളം പേരാണ് മെഗാ തിരുവാതിരയിൽ പങ്ക് ചേർന്നത്. ജോയ്സി ലിബിൻ, നീരജ് അക്കു എന്നിവർ ട്രെയിനേഴ്സും സോജി ദിപു, ജിൻ്റു ജോമിഷ്, ജോമോൾ ജ്യോതി എന്നിവർ കോർഡിനേറ്റേഴ്സായി കീത്തിലി ഗ്രൂപ്പിനെ നയിച്ചു. രാഖി ഷിൻസ്, ലിഞ്ചു ടോണി എന്നിവർ സ്റ്റീറ്റൺ ഗ്രൂപ്പിനേയും, മിന്നു സൽജിത്, സരിത ശ്രീജേഷ്, ജിഫ്ന ബിനു രാജ് എന്നിവർ പാർക്കു വുഡ് ഗ്രൂപ്പിനേയും നയിച്ചു.
ചെതും വലുതും ഗ്രൂപ്പുകളിലായി പാർക്കുകളിലും, ജോലി സ്ഥലത്തും, വീടുകളിലും മറ്റുമായി രാത്രി പകൽ വ്യത്യാസമില്ലാതെയായിരുന്നു മെഗാ തിരുവാതിരയുടെ പരിശീലനം നടന്നത്. ജീവിതത്തിൽ ഇതുവരെയും ഒരു നൃത്തച്ചുവടുപോലും വെയ്ക്കാത്ത പലരും പരിശീലനത്തിൻ്റെ അവസാന ഭാഗത്തെത്തിയപ്പോൾ അടുക്കും ചിട്ടയോടും ചിലങ്കയണിഞ്ഞവരോടൊപ്പമെത്തി എന്നതും ശ്രദ്ധേയമാണ്. നൈറ്റും ലോഗ് ഡേ ഷിഫ്റ്റ് ജോലിയുമൊക്കെ കഴിഞ്ഞാണ് പലരും പരിശീലനത്തിനെത്തിയിരുന്നത്. ഓപ്പസിറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരെ കൂട്ടിയിണക്കുക എന്നതായിരുന്നു മെഗാ തിരുവാതിരയുടെ പരിശീലന കാലത്ത് പരിശീലകർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് പരിശീലകരിലൊരാളായ ജോയ്സി ലിബിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
പ്രദേശികരടക്കം മലയാളികൾ സായാഹ്നം ചിലവഴിക്കുന്ന ക്ലിഫ്കാസിൽ ഗ്രൗണ്ടായിരുന്നു മൂന്ന് ഗ്രൂപ്പുകൾ ഒരുമിച്ച് ചേർന്നുള്ള പരിശീലനത്തിൻ്റെ പ്രധാനയിടം. കുട്ടികളോടൊപ്പം ഉല്ലാസത്തിനെത്തിയ പാക്കിസ്ഥാനികളടക്കമുള്ള പ്രാദേശികർക്ക് മലയാളികളുടെ തിരുവാതിര പരിശീലനം വേറിട്ടൊരു കാഴ്ച്ചയായിരുന്നു. വ്യത്യസ്ത നിറങ്ങളോടെയുള്ള ട്രസ്സിട്ടുകൊണ്ടുള്ള പരിശീലനത്തിൻ്റെ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാനും ചിലർ മറന്നില്ല.
ലോകത്തിൻ്റെ ഏത് മൂലയിൽ ചെന്നാലും ഗ്രഹാതുരത്വമുളവാക്കുന്ന മലയാളി സംസ്ക്കാരം മലയാളികൾ കാത്ത് സൂക്ഷിക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് സെപ്റ്റംബർ ഒമ്പതാം തീയതി കീത്തിലി വിക്ടോറിയ ഹാളിൽ അരങ്ങേറിയത്.
പ്രതീക്ഷ കൾച്ചറൽ മലയാളി അസ്സോസിയേഷനെ നയിക്കുവർ ഇവരാണ്.
പ്രസിഡൻ്റ് ലിനേഷ് N C, ജോമോൾ ജ്യോതി വൈസ് പ്രസിഡൻ്റ്, ശ്രീജേഷ് സലിംകുമാർ സെക്രട്ടറി, രാഹി ഷിൻസ് ജോയിൻ്റ് സെക്രട്ടറി, സൽജിത് കെ സത്യവൃതൻ ട്രഷറർ.
കമ്മറ്റിയംഗങ്ങൾ.
രഞ്ജിത്ത് മാത്യു, ജയ്സൺ ജോർജ് , സെബാസ്റ്റ്യൻ വി കെ, റോഷൻ പി ജി, ജിൻ്റു ജോമിഷ്, മിത ജീവൻ, ദീപു സാം, ടോണി മൈക്കിൾ, റെനിൽ & കൃഷ്ണ അഭിറാം എന്നിവരാണ്.
ഫോട്ടോഗ്രാഫി രംഗത്ത് പ്രഗത്ഭരായ ഏയർ വാലി സ്റ്റുഡിയോ, കീത്തിലി പകർത്തിയ മെഗാ തിരുവാതിരയുടെ പൂർണ്ണരൂപം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്നത് പോലല്ല , ഇംഗ്ലണ്ടിൽ ജോലി
ചെയ്യുന്നത് . നമുക്കിവിടെ ജോലിചെയ്യാൻ ചെയ്യാൻ ഒരു മനസുഖമൊക്കെയുണ്ട് കേട്ടോ. കാരണം ഇവിടെ ജോലി ചെയ്യിക്കുക എന്നതിലുപരി ജോലിക്കാരുടെ ക്ഷേമം കൂടെ നോക്കുന്നവരാണ് ഇവിടുത്തെ ജോലി ദാതാക്കൾ.
അതിനായി നമ്മുടെ ജീവിത ശൈലിക്കുതകുന്ന ഡ്യൂട്ടിഷെഡ്യൂൾ നമുക്ക് തന്നെ ഇടാനുള്ള സാഹചര്യം വരെ പല എൻ എച്ച് എസ് ട്രസ്റ്റിലും ഇന്നുണ്ട് . അതും കൂടാതെ ഫാമിലി എമർജൻസി , കുട്ടികൾക്ക് അസുഖം, സോഷ്യൽ എമർജൻസികൾ , കുടുംബ പ്രശ്നങ്ങൾ , സ്വന്തം ശാരീരിക പ്രശ്നങ്ങൾ അങ്ങനെ അങ്ങനെ പല ക്യാറ്റഗറിയിലുള്ള എമർജൻസി ലീവുകൾ എടുക്കാനും ഇവിടെ സാഹചര്യമുണ്ട് . കാരണം നമ്മളെല്ലാം മനുഷ്യനാണെന്ന് ഇവിടുള്ളവർക്കറിയാം . എപ്പോഴും പ്ലാനും ടൈംടേബിളുമനുസരിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നമ്മൾ നേരത്തെ സെറ്റ് ചെയ്തുവച്ച ആപ്ലിക്കേഷനുകളല്ല എന്നും ഇവിടെയുള്ളവർക്ക് നന്നായി അറിയാം .
അപ്പോൾ പറഞ്ഞു വന്നത് അറിയാവുന്ന പോലീസുകാരനെപ്പോഴും ഒരടി കൂടുതൽ തരുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ . അതാണ് ഇപ്പോൾ യുകെയിൽ നടക്കുന്നത് . കാരണം, ഇപ്പോൾ ഇവിടുള്ള എല്ലാരും തന്നെ പൊലീസുകാരാണ് . അപ്പോൾ പിന്നെ തഞ്ചത്തിനൊരു പാവം പിടിച്ച കള്ളനെ കിട്ടിയാൽ അവന്മാർ പിന്നെ വെറുതെ വിടുമോ …
ഇടിച്ചുപിഴിഞ്ഞു പഞ്ഞിക്കിടാൻ ഏതറ്റം വരെയും പോകും ….അതിനി ഒരു എമർജൻസി ലീവ് എടുക്കുകയാണെങ്കിൽ പോലും വീട്ടിൽ വന്ന് ഒളിഞ്ഞുനോക്കി അസുഖമാണോ , അല്ല ഇനി അത് പരട്ട ചൊറിയാണോ എന്നുപോലും കാച്ചി കുറുക്കി മാനേജ്‌മന്റ് തലത്തിൽ എത്തിച്ചവരെ വലിച്ചു കീറാൻ മാത്രം കഴിവുള്ളവരാണ് മലയാളികൾ ഉൾപ്പെടുന്ന ഇന്നത്തെ നമ്മുടെ ഇന്ത്യക്കാർ ….
പണ്ടൊക്കെ ഇന്ത്യക്കാർക്ക് എൻ എച്ച് സിൽ ഒരു നല്ല പൊസിഷൻ കിട്ടുക എന്നത് ഒരു സ്വപനം മാത്രമായിരുന്നു. മധുരം പുരട്ടിയ വംശീയ വെറി അതു നന്നായി തന്നെ ഇവിടെ ഉണ്ടായിരുന്നു .
നല്ല കഴിവുള്ള മലയാളികൾ ഉൾപ്പെടെ പലരും ഇംഗ്ലീഷുകാരുടെ ക്യൂവിൽനിന്നും വേദനാജനകമായി പിന്തള്ളപെട്ടിട്ടുമുണ്ട് .
പക്ഷെ ഇന്നത്തെ ഇവിടുത്തെ സീൻ അതല്ല. ഇംഗ്ലീഷുകാർ അവരുടെ നാടേ വിട്ടു പോയിരിക്കുന്നു . എൻ എച്ച് എസ് മുഴുവനും എവിടെനോക്കിയാലും മലയാളികൾ , തമിഴർ , ശ്രീലങ്കകാർ …അങ്ങനെ ഇന്നിവിടെ നമ്മളെകൊണ്ട് മാത്രം നിറഞ്ഞിരിക്കുകയാണ് .ഏതൊരു വമ്പൻ പോസ്റ്റിലും മലയാളിക്ക് ഇന്ന് ഈസിയായി ചെന്നെത്താം. (പോസ്റ്റുകൾ നമ്മുടെയൊരു വീക്നസല്ലേ )
അതെ അതിനെന്താ അതിൽ അഭിമാനിക്കുകയല്ലേ വേണ്ടത് ?
അതെ അഭിമാനിക്കുകയാണ് വേണ്ടത് . പക്ഷെ അടിമത്വത്തിന്റെ മണമേറ്റ് വന്ന നമുക്ക് നമ്മൾ മരിക്കുവോളം ആ മണം അവിടെത്തന്നെയുണ്ടാകും. അതാണ് പ്രശ്നം . കാരണം കുരണ്ടിയിൽ ഇരുന്നൊരുത്തന് വേഗമിരിക്കാനൊരു കസേരകിട്ടുമ്പോൾ, പണ്ടിരുന്നിരുന്ന കുരണ്ടിയെ തൊഴിച്ചുമാറ്റി പറ്റുമെങ്കിൽ അതെടുത്തെറിഞ്ഞു കടന്ന് പോകാനാണ് നമുക്കിഷ്ടം…..
അപ്പോൾ പറഞ്ഞുവന്നത് , നാട്ടിലെ സിസ്റ്റർമാർ നയിച്ചിരുന്ന പല ജോലി കേന്ദ്രങ്ങളിൽ നിന്നും നേഴ്‌സിങ് ബിരുദം നേടിയപ്പോൾ ജനലും കട്ടലയും വരെ തുടപ്പിച്ചതിന്റെ ചുക്രിയൊന്നുമിന്നും പലരുടെയും മനസ്സിൽനിന്ന് പോയിട്ടില്ലന്ന് ….
അതവർ പോകുന്ന , . കാണുന്ന , ചെയ്യുന്ന ഇടങ്ങളിലെല്ലാം ഇങ്ങനെ വലിഞ്ഞു വലിഞ്ഞു പൊടിപാറിപ്പിച്ചു മറ്റുള്ളവരെ തുമ്മിച്ചു കുളം തോണ്ടിക്കൊണ്ടേയിരിക്കും ….
വീട്ടിൽ മക്കളെ , കെട്ടിയോൻ കെട്ടിയോളെ , കെട്ടിയോൾ കെട്ടിയോനെയൊക്കെ അടിച്ചമർത്തി മര്യാദ പഠിപ്പിക്കുന്നത് പോലെ പൊതു സമൂഹത്തിലുമത് കാണിച്ചു രസിക്കുന്നത്
അതവർക്കൊരു മനസുഖമാണ് ….
എന്നാൽ നിങ്ങൾ കസേര കിട്ടിയവർ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട് …
ഇവിടുള്ള പലരും അവരുടെ രാജ്യത്തെ അടിമത്വ ചങ്ങല പൊട്ടിച്ചെറിഞ്ഞു പണമെന്നതിലേറെ സമാധാനത്തിനായി വണ്ടി കയറിയവരാണ് .
നാട്ടുകാരുടെ ചൊറിച്ചിൽ ….
താരതമ്യപെടുത്തലുകൾ …..
എത്തിനോട്ടങ്ങൾ …..
ചവിട്ടിത്താഴ്ത്തലുകൾ ……
അങ്ങനെപല വിധ അടിമത്വ ചങ്ങലയും പൊട്ടിച്ചെറിഞ്ഞാണ് തനിക്കുള്ളതെല്ലാം വിറ്റുപെറുക്കി ഒരു പാശ്ചാത്യരാജ്യത്തേക്ക് പലരും വണ്ടി കയറുന്നത് ….
അത് മറ്റു ചിലർ നോക്കികാണുന്നത് പോലെ സാമ്പത്തിക ഭദ്രത എന്നതിലുപരി മാനസിക സമാധാനം എന്നൊരു ബാങ്ക് ബാലൻസ് എന്നെ പോലെയുള്ള പലരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിറഞ്ഞു നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു …. സത്യം പറയാമല്ലോ അത് ഇംഗ്ലീഷുകാർ കസേരയിൽ ഇരുന്നപ്പോഴാണ് .
എന്നാൽ ഇന്നതല്ല അവസ്ഥ ….
നമ്മളിവിടെ എന്ത് കഴിക്കുന്നു എന്ത് കുടിക്കുന്നു എന്തുടുക്കുന്നു എന്ന് നോക്കി വിലയിരുത്തി, ഓരോ പ്രവാസിയുടെയും മാനസിക സമാധാനത്തെ കുത്തിക്കൊന്ന് ചോരയൂറ്റികുടിച്ചു വീർക്കാൻ മലയാളി പ്രവാസികൾ മത്സരിക്കുന്നു ….
ആർക്ക് ഏറ്റവും കൂടുതൽ ചോര കുടിക്കാം എന്നതാണ് ഇപ്പോഴത്തെ ഇവിടുത്തെ അവസ്ഥ ….
ചുരുക്കി പറഞ്ഞാൽ നമ്മളിപ്പോൾ ഇവിടെ മത്തി അടുക്കിയത് പോലാണ് ( Like a sardine in a can) അതിനാൽ പറ്റുമെങ്കിൽ കഴിവതും പരസ്പരം മണപ്പിക്കാതെ ജീവിച്ചു കടന്നു പോകുക …. ദയവായി ഇതൊരു മിനി ഇന്ത്യയോ കേരളമോ ആക്കി നശിപ്പിക്കാതെ ഇരിക്കുക …ദാ ഇതല്ല ഇതാണ് ശരിയെന്ന് പറഞ്ഞുതരാൻ അതിനുവേണ്ടി നിയമം തുറന്നു കാണിക്കാൻ മാത്രം ഇംഗ്ലീഷുകാർ ഇന്നിവിടെയില്ല. അതിനാൽ നിയമം അതുള്ള രാജ്യത്ത് വന്ന് നിങ്ങളുടെ കുസൃതി കാണിച്ചു മറ്റുള്ളവരെ കൊല്ലാതെ
എല്ലാരും ജീവിക്കട്ടെയെന്നേ …..