ഓണക്കാലമായാൽ മലയാളികളുടെ മനസ്സ് ആമോദത്താൽ തുടി കൊട്ടും. പൂവിളികളും പൂക്കാലവുമൊക്കെയായി മാവേലി മന്നനെ വരവേൽക്കാനുള്ള ലോകമെങ്ങുമുള്ള മലയാളികൾ ഒരുമിക്കും.
കേരളത്തിൽ ആഘോഷിക്കുന്നതിനേക്കാൾ കെങ്കേമമായി ഓണം കൊണ്ടാടാൻ പ്രവാസികളായ മലയാളികൾ ശ്രമിക്കാറുണ്ട്. യു കെ മലയാളികളും അക്കാര്യത്തിൽ ഒട്ടും പിറകിലല്ല. സമീപകാലത്തായ് ഒട്ടേറെ മലയാളികൾ യു കെ യിലേക്ക് കുടിയേറുകയും, തൽഫലമായി ഓണവും വിഷുവുമൊക്കെ നാട്ടിലെ പോലെ തന്നെ എല്ലാ തനിമയോടും കൂടി യുകെയിലും ആഘോഷിക്കാനുള്ള അവസരവും കൈവന്നിരിക്കുകയാണ്.
യു കെ യിലെ എണ്ണമറ്റ മലയാളി അസോസിയേഷനുകൾ ഒക്കെയും ഇപ്പോൾ ഓണാഘോഷത്തിരക്കിലാണ്. ഓണമൽസരങ്ങളും വടംവലിയും കലാപ്രകടനങ്ങളും ഒക്കെയായി എല്ലാ അസോസിയേഷനുകളും സജീവമാണ്. യു കെ യിലെ വെസ്റ്റ് യോർക്ക്ഷെയറിലെ ലീഡ്സ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികളും വ്യത്യസ്തമായ പരിപാടികളാൽ സമ്പന്നമായിരുന്നു.
വിഭവസമൃദ്ധമായ ഓണസദ്യയും, ഓണാഘോഷത്തിനു മാറ്റു കൂട്ടുന്ന മാസ്മരിക കലാപ്രകടനങ്ങളും, ചെണ്ടമേളവും, തിരുവാതിരയും, സിനിമാറ്റിക് ഡാൻസും വൈകുന്നേരത്തെ ഡിന്നറും ഒക്കെയായി സെപ്റ്റംബർ 2 ശനിയാഴ്ച , രാവിലെ 10:30 മുതൽ വൈകുന്നേരം 8 മണി വരെ നീണ്ടു നിന്ന ഓണപരിപാടികളുമായ് ലീഡ്സ് മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു.
ഇത്തവണത്തെ ലീഡ്സിലെ ഓണാഘോഷത്തിനു മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ലീഡ്സ് നിവാസിയും കേരളത്തിലെ കൊല്ലം സ്വദേശിയുമായ എഴുത്തുകാരൻ ശ്രീ. സന്തോഷ് റോയിയുടെ ‘ബർഗ്ഗർ തിന്നുന്ന എലികൾ’ എന്ന കവിതാസമാഹാരവും ഓണാഘോഷ പരിപാടികൾക്കിടെ ലീഡ്സ് മലയാളികൾക്കു മുൻപിൽ പ്രകാശനം ചെയ്തു.
അങ്ങനെ വ്യത്യസ്തമായ പരിപാടികളാൽ സമ്പന്നമായിരുന്ന ലീഡ്സ് മലയാളി അസോസിയേഷന്റെ ഓണപരിപാടികൾക്ക് നേതൃത്വം നൽകിയത് ശ്രീ. സാബുഘോഷ് പ്രസിഡന്റ് ആയ കമ്മറ്റിയായിരുന്നു.
ലീഡ്സ് മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉത്ഘാടനം പ്രസിഡന്റ് ശ്രീ. സാബുഘോഷും കമ്മറ്റി അംഗങ്ങളും സ്പോൺസെഴ്സും ചേർന്ന് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
കമ്മറ്റി അംഗങ്ങളായ ശ്രീ. ബിനോയ് ജേക്കബ്, അലക്സ് ജേക്കബ്, നിഥിൻ സ്റ്റാൻലി, അജു ബേബി, ബിനുമോൻ ജേക്കബ് എന്നിവർ ആഘോഷ പരിപാടികൾക്കുള്ള പിന്തുണ നൽകി.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഹേർട്ഫോർഡ്ഷയറിലെ നോർത്ത് ആൻഡ് ഈസ്റ്റ് എൻ എച്ച് എസ് ട്രസ്റ്റിന്റെ സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിൽ, ഇന്റർനാഷണൽ ഡേയിൽ സംഘടിപ്പിച്ച ‘ലൈവ് കേരള-ലൗവ് കേരള’ പ്രൗഢഗംഭീരമായി. നിരവധി രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാഫുകളും,സന്ദർശകരും നിറഞ്ഞ സദസ്സിനായി ഹോസ്പിറ്റൽ പ്രവേശന കവാടത്തിനു മുമ്പിലുള്ള തുറസ്സായ വേദിയിലാണ് മലയാളികൾ ആഘോഷം ഒരുക്കിയത്.
ഓണാഘോഷത്തിന്റെ വേഷഭൂഷാതികളോടെ എത്തിയ മലയാളി കൂട്ടായ്മ് അവതരിപ്പിച്ച കേരളത്തനിമ വിളിച്ചോതുന്ന കലാ വിരുന്ന് ഏറെ മികച്ച കയ്യടിയോടെയാണ് പ്രേക്ഷകർ വരവേറ്റത്. പൂക്കളവും, നിറപറയും, തെങ്ങിൻ പൂക്കുലയും, നിലവിളക്കും കളരിപ്പയറ്റിന്റെ ദൃശ്യാവിഷ്ക്കാരവും,തിരുവാതിരയും ഒപ്പം ഓണപ്പാട്ടുകളുമായി വേദിയിൽ മലയാളികൾക്ക് നൊസ്റ്റാൾജിക്ക് സ്മരണകൾ മധുരം പകർന്നപ്പോൾ മഹാബലിയെയും, ഓണസദ്യയെയും, കലാ രൂപങ്ങളെയും, കേരള വിഭവങ്ങളെയും പുതുമയാർന്ന ജിജ്ഞാസയോടെയാണ് മറ്റുള്ളവർ ആസ്വദിച്ചത്.
ഇന്റർനാഷണൽ എംപ്ലോയീസ് കോർഡിനേറ്ററും മലയാളി കൂട്ടായ്മയിലെ സജീവ സാന്നിധ്യവുമായ പ്രബിൻ ബേബി മുഖ്യ കോർഡിനേറ്ററായിരുന്നു. ദിദിൽ ലാൽ, ജയ്മോൾ അനിൽ എന്നിവർ നേതൃത്വം വഹിച്ചു. വിസ റൂട്ട്സിന്റെ ഫെബിൻ സിറിയക്, മാരി ഡി ലോയ്‌സ് ബിജു ആന്റണി എന്നിവർ പ്രായോജകർ ആയി.
ഓണാഘോഷത്തിന് നിദാനമായ മഹാബലിയെ സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ട് ക്രിസ്റ്റി ജിസ്റ്റിൻ ആമുഖം കുറിച്ച വേദിയിൽ അനീറ്റ സജീവ് അവതാരകയായും,സുജാത ടീച്ചർ കലാപരിപാടികളുടെ കോർഡിനേറ്ററായും തിളങ്ങി. സജീവ് ദിവാകരൻ, ജെസ്ലിൻ വിജോ, ജിസ്റ്റിൻ ചിട്ടികുന്നേൽ, മാർട്ടിൻ, ടെറീന ഷിജി, ബിന്ദു ജിസ്റ്റിൻ, സരോ സജീവ് തുടങ്ങിയവർ കേരളാ ദിനത്തിലെ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
ലിസ്റ്റർ ഹോസ്പിറ്റൽ കവാട വേദിയിൽ മനോഹരമായ പൂക്കളം ഒരുക്കിയ ശേഷം ഹോസ്പിറ്റൽ ഡയറക്ടേഴ്സ് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് നാന്ദി കുറിച്ചു. തിരുവാതിരയും, ശാസ്ത്രീയ നൃത്തവും, കളരിപ്പയറ്റും, ഓണപ്പാട്ടും, മലയാള ഹിന്ദി സിനിമാ ഗാനങ്ങളുമായി വേദിയെ ഇളക്കിമറിച്ച പരിപാടിയിൽ സർഗ്ഗം മലയാളി അസ്സോസ്സിയേഷൻ പ്രസിഡണ്ട് ബോസ് ലൂക്കോസ്,സെക്രട്ടറി ആദർശ് പീതാംബരൻ എന്നിവരുടെ നിർലോഭമായ പിന്തുണയുണ്ടായിരുന്നു.
മലയാള ഹിന്ദി ഭാഷകളിൽ ജെസ്ലിൻ വിജോയും, ഡോ. ആരോമലും ആലപിച്ച ഹിറ്റ് ഗാനങ്ങൾക്ക് ഒപ്പം സാരിയും ബ്ലൗസും അണിഞ്ഞെത്തിയ ‘മദാമ്മമാർ’, ചുവടുവെച്ചും, നൃത്തം ചെയ്തും ആഘോഷത്തിന്റെ ഭാഗമായി.തിരുവാതിരയിലും തദ്ദേശീയരടക്കം ആളുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വടം വലി മത്സരങ്ങളിൽ സ്ത്രീ പുരുഷ ഭാഷാ ഭേദമന്യേ നിരവധിപേരാണ് പങ്കു ചേർന്നത്. ‘കറി വില്ലേജ്’ കേരള പലഹാരങ്ങൾ വിതരണം ചെയ്തപ്പോൾ ‘തെക്കൻസ്’ കേരള മസാലകളും പൊടികളും നൽകി.
ബെല്ലാ ജോർജ്ജ്, മെറിറ്റ ഷിജി, ദിയാ സജൻ,ആന്റോ അനൂബ്,മെറീസ്സാ സിബി, അന്ന അനൂബ്, ഡേവിഡ്, ആഡം,ജെന്നിഫർ തുടങ്ങി നിരവധി കുട്ടികളുടെയും മുതിർന്നവരുടെയും പ്രകടനം ഏറെ മികവുറ്റതായിരുന്നു.
സെപ്തംബർ 17 നു ഞായറാഴ്ച സ്റ്റീവനേജ് ബാർക്ലയ്‌സ് അക്കാദമിയിൽ സർഗ്ഗം സ്റ്റീവനേജ് ഒരുക്കുന്ന ഓണാഘോഷത്തിൽ മറ്റും, കലാ വിരുന്നും, ഓണസദ്യയും ടേസ്റ്റ് ചെയ്യുവാൻ തദ്ദേശീയരും എത്തുവാനുള്ള ആഗ്രഹത്തിലാണ്.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കോട്ടയം ജില്ലയിലെ കുറുമുള്ളൂർ പാറേൽ പള്ളിക്ക് സമീപം താമസിക്കുന്ന കാഴ്ച നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർ കോട്ടേരിൽ കുര്യാക്കോസിനു വേണ്ടി നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട് ഏകദേശം (ഒരു ലക്ഷത്തി നാല്പത്തിമൂവായിരത്തി നാനൂറ്റി പത്തൊൻപതു രൂപ ) ,ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് പ്രസിദ്ധീകരിക്കുന്നു. ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു. സഹായിച്ച എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു, ലഭിച്ചപണം എത്രയും പെട്ടെന്ന് കുര്യക്കോസിനു സാമൂഹിക പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് കൈമാറും എന്നറിയിക്കുന്നു.
പണം നൽകിയ എല്ലാവർക്കും ബാങ്കിന്റെ ഫുൾ സ്റ്റേറ്റ് മെന്റ് അയച്ചിട്ടുണ്ട്. ലഭിക്കാത്തവർ ഞങ്ങളുടെ താഴെ കാണുന്ന നമ്പറിൽ വിളിക്കണം എന്നറിയിക്കുന്നു. കുര്യാക്കോസിന്റെ അയൽവക്കകാരൻ ബെർക്കിൻഹെഡിൽ താമസിക്കുന്ന ബിജു നംബനത്തേൽ ആണ് കുര്യാക്കോസിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഓണം ചാരിറ്റി കുര്യക്കോസിന്റെ കുടുംബത്തിനു നൽകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്.
ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,22 ,50000 (ഒരുകോടി ഇരുപത്തിരണ്ടു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം ,ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ന്യൂസ് ഡെസ്ക് മലയാളം യുകെ
തിരുവമ്പാടി : കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ മുൻ പ്രസിഡൻ്റ് മഞ്ചു ബിനോയിയുടെ മാതാവും പരേതനായ തോക്കനാട്ട് തോമസിന്റെ ഭാര്യയുമായ അന്നമ്മ വി. ജെ നിര്യാതയായി. തിരുവമ്പാടി വെള്ളാരംകുന്നേൽ കുടുംബാംഗമാണ്.
സംസ്കാരം തിങ്കളാഴ്ച (04-09-2023) ഉച്ചകഴിഞ്ഞ് 2:30 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനശുശ്രുഷകൾക്ക് ശേഷം തിരുവമ്പാടി സേക്രെഡ് ഹാർട്ട് ഫൊറോന പള്ളിയിൽ. ഭൗതികശരീരം 03-09-2023 ഉച്ചകഴിഞ്ഞ് ഒറ്റപ്പൊയിൽ തോക്കനാട്ട് വസതിയിൽ എത്തിക്കും.
മക്കൾ :മിനി , മനു , മഞ്ജു (യു. കെ )
മരുമക്കൾ: ജോയി കൂനങ്കിയിൽ , സീന കുളത്തിങ്കൽ ( പേരാവൂർ ),ബിനോയി തോമസ് വെള്ളാമറ്റത്തിൽ ( യു. കെ ).
അന്നമ്മ വി. ജെയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സന്ദർലാൻഡ് : സൗത്ത് റ്റൈൻ സൈഡ് മലയാളീസ് ഒരുക്കുന്ന നെറ്സ്മാഷ് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സെപ്തംബർ 9 ശനിയാഴ്ച സന്ദർലാണ്ടിൽ . സെപ്തംബർ 9 ശനിയാഴ്ച രാവിലെ 9 മണിമുതൽ സണ്ടർലൻഡ് യൂണിവേഴ്സിറ്റി ഇൻഡോർസ്റ്റേഡിയത്തിൽ വെച്ച് തുടക്കമാകുന്നു .
യുകെയിലെ പ്രായഭേദമന്യേയുള്ള എല്ലാ കളിക്കാർക്കും പങ്കെടുക്കാം. ടൂർണമെന്റിൽ നൈലോൺ ഷട്ടിൽ കോക്ക് ഉപയോഗിച്ച് ഡബിൾസ് ( മെൻ ഒൺലി ) മാത്രമായിരിക്കും നടക്കുക..വീറുറ്റ ബാഡ്മിന്റൺ കളിക്കാരാണോ നിങ്ങൾ ??എങ്കിൽ ഉടൻ രജിസ്റ്റർ ചെയ്തോളു ; സൗത്ത് റ്റൈൻ സൈഡ് മലയാളീസ് ഒരുക്കുന്ന നെറ്സ്മാഷ്ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സെപ്തംബർ 9 ശനിയാഴ്ച സന്ദർലാണ്ടിൽ -ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ . രാവിലെ ഒൻപതു മുതൽവൈകുന്നേരം 6 മണി വരെയാണ് ടൂർണമെന്റ്.
താല്പര്യമുള്ള ടീമുകളും വ്യക്തികളും ഓഗസ്റ്റ് 31 നകം 30 പൗണ്ട് സഹിതം രജിസ്റ്റർ ചെയുക. മികച്ചനാല് ടീമുകൾക്കും ടൂർണമെന്റിലെ ഏറ്റവും നല്ലകളിക്കാരനും സമ്മാനങ്ങളും ട്രോഫികളും നൽകുന്നതാണ്.
ഒന്നാം സമ്മാനം -£400 രണ്ടാം സമ്മാനം – £200, മൂന്നാംസമ്മാനം- £100.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളി നേഴ്സും പത്തനംതിട്ട കുളനട സ്വദേശിയുമായ യുവാവ് അയർലൻഡിൽ അന്തരിച്ചു. കുളനട മാന്തുക പുതുപ്പറമ്പിൽ വലിയവിളയിൽ റോജി വില്ലയിൽ പരേതനായ ജോൺ ഇടിക്കുളയുടെ മകൻ റോജി പി. ഇടിക്കുള (37) ആണ് അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡബ്ലിൻ ബൂമൗണ്ട് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 6.35 ന് മരണം. ഓഗസ്റ്റ് 25 ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ റോജിക്ക് കടുത്ത തലവേദന ഉണ്ടായിരുന്നു. തുടർന്നു ഗാൾവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടുകയായിരുന്നു.
തലച്ചോറിൽ ഉണ്ടായ രക്തസ്രാവമാണ് ശാരീരിക അസ്വസ്ഥതകൾക്ക് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് ഡബ്ലിനിലെ ബൂമൗണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർച്ചയായി ഉണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്. മരണത്തെ തുടർന്ന് റോജിയുടെ ആഗ്രഹ പ്രകാരം അവയവങ്ങൾ ദാനം ചെയ്തു. നാട്ടിലും ഖത്തറിലും വിവിധ ആശുപത്രികളിൽ നഴ്സായി ജോലി ചെയ്തിരുന്ന റോജി ഏകദേശം രണ്ട് വർഷം മുൻപാണ് അയർലൻഡിൽ എത്തിയത്. ഒന്നര വർഷം മുൻപ് ഗാൾവേയിലെ ട്യൂമിൽ കുടുംബമായി താമസം തുടങ്ങിയ റോജി ആദ്യം കോർക്കിലാണ് താമസിച്ചിരുന്നത്.
കേരളത്തിലും ഖത്തറിലും വിവിധ നഴ്സിങ് സംഘടനകളിൽ പ്രവർത്തിച്ചിരുന്ന റോജി കേരളത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. അയർലൻഡിൽ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഗാൾവേ സെന്റ് ഏലിയ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമാണ് റോജി.
മൂന്ന് മാസം മുൻപ് മാതാവ് റോസമ്മ ഇടിക്കുള ഏക മകനായ റോജിയേയും കുടുംബത്തെയും സന്ദർശിക്കുവാൻ അയർലൻഡിൽ എത്തിയിരുന്നു. സന്തോഷത്തിൽ കഴിയവെ ആക്‌സ്മികമായി ഉണ്ടായ റോജിയുടെ മരണം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പത്തനംത്തിട്ട മാന്തളിർ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ റോജിയുടെ സംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും നടപടിക്രമങ്ങൾക്കുമായി വിവിധ സംഘടനകൾ ചേർന്നു പ്രവർത്തിക്കുന്നുണ്ട്. അയർലൻഡിലെ ഗാൾവേയിൽ പൊതുദർശനം നടത്തും.
റോജി പി. ഇടിക്കുളയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഒത്തിരി സ്വപ്നങ്ങൾ നെഞ്ചിലേറ്റിയാണ് ഓരോ പ്രവാസിയും നാട്ടിൽ എത്തി ബിസിനസ്സ് തുടങ്ങുന്നത്. ഏതൊരു പ്രവാസിയെയും പോലെ തന്നെ ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളും കെട്ടിപ്പൊക്കിയാണ് റോബിൻ എന്ന സ്വകാര്യ ബസിൻെറ ഉടമ നാട്ടിൽ എത്തിയത്. എന്നാൽ പ്രതീക്ഷകൾ ഒക്കെ അട്ടിമറിച്ചുകൊണ്ടുള്ള അനുഭവങ്ങളാണ് അദ്ദേഹത്തിന് പിന്നീട് നേരിടേണ്ടി വന്നത്. റോബിൻ എന്ന സ്വകാര്യ ബസ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്വന്തമാക്കിയിരുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഇന്ത്യൻ സർക്കാർ നയമനുസരിച്ച് നൽകുന്ന പെർമിറ്റാണ്. ഇത് ടൂറിസത്തിനും യാത്രാ ആവശ്യങ്ങൾക്കുമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ അനുവാദം നൽകുന്നു. ഓരോ സംസ്ഥാനങ്ങളുടെയും പ്രത്യേക പെർമിറ്റുകൾ നേടാതെ തന്നെ വാഹനങ്ങൾക്ക് സഞ്ചരിക്കാം.
എന്നാൽ കേരളത്തിൽ ഇതുസംബന്ധിച്ച് വൻ അട്ടിമറിയാണ് നടക്കുന്നത്. സ്വകാര്യ മേഖലയോട് വ്യക്തിവിരോധം തീർക്കുന്ന മട്ടിൽ സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ട നികുതി കോടികൾ ഇല്ലാതാക്കി കേരളത്തിനെ ദ്രോഹിക്കുകയാണ് കെഎസ്ആർടിസി എംഡി എന്ന ഗതാഗത സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖർ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നടപടികളാണ് ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
സംസ്ഥാന സർക്കാരുകൾക്കുള്ള ഒരു വരുമാന മാർഗമാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുകൾ. കൂടുതൽ തൊഴിലവസരങ്ങൾ , സർവ്വോപരി ടൂറിസം മേഖലയിൽ ഉണർവ് എന്നിവയ്ക്ക് ഇത് കാരണമാകും. റോബിൻ പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിൽ സർവീസ് ആരംഭിച്ച എ.ഐ.ടി.പി ബസാണ്. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ 5 മണിക്ക് ഉന്നതരുടെ നിർദ്ദേശപ്രകാരം ഗതാഗത ഉദ്യോഗസ്ഥർ ഈ ബസ് നിർത്തുകയും എ.ഐ.ടി.പി പെർമിറ്റ് പ്രകാരം ബസിന് യാതൊരു നിയമലംഘനവും ഇല്ലെങ്കിലും നിസ്സാര കാരണങ്ങൾ പറഞ്ഞ് ഒരു വ്യവസായിയുടെ സംരംഭകത്തെ മുളയിലെ നുള്ളാൻ കച്ചുകെട്ടി ഇറങ്ങിയിരിക്കുകയാണ്. ടയറിന് അൽപം തേയ്മാനം ഉണ്ട് , ചവിട്ട് പടി ശരിയല്ല തുടങ്ങിയ നിസ്സാര പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വണ്ടിയുടെ സിഎഫ് റദ്ദാക്കിയിരിക്കുകയാണ് ഇപ്പോൾ. ഇതാണ് അവസ്ഥയെങ്കിൽ കേരളത്തിൽ ഒരു സ്വകാര്യ വ്യവസായം തുടങ്ങാൻ ആരാണ് ധൈര്യപ്പെടുക എന്നത് വളരെ പ്രസക്തമായ ചോദ്യമാണെന്ന അഭിപ്രായങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്.
കേരളത്തിൽനിന്ന് ഒട്ടേറെ പേരാണ് വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി കുടിയേറുന്നത്. കേരളത്തിൽ ഒരു പുതു സംരംഭം തുടങ്ങിയാൽ അത് നേരിടുന്ന പ്രശ്നങ്ങൾ ഈ രംഗത്തേക്ക് വരുന്ന യുവാക്കളുടെയും പ്രവാസികളുടെയും മനസ്സ് മടിപ്പിക്കുന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും. ഈ സ്ഥിതി തുടരുകയാണെങ്കിൽ പുതുതലമുറ വിദേശരാജ്യങ്ങളിലേക്ക് കേരളം വിട്ട് കുടിയേറുന്നതിന്റെ ആക്കം കൂട്ടുകയേ ഉള്ളൂ എന്നാണ് റോബിൻ ബസ്സിന്റെ സർവീസ് തടഞ്ഞുകൊണ്ടുള്ള വാർത്തയ്ക്ക് താഴെ വന്ന കമന്റുകളിൽ പലരും അഭിപ്രായപ്പെട്ടത്.
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ട് കഥകൾ മാത്രമാണ് എന്ന് പറഞ്ഞു വച്ചത് ബെന്യാമിനെന്ന എഴുത്തുക്കാരനാണ്. മണലാരണ്യങ്ങളിലെ തൊഴിൽ ജീവിതത്തിന്റെ നരകയാതനകൾ നജീബ് എന്ന മനുഷ്യനിലൂടെ ബെന്യാമിൻ ലോകത്തോട് വിളിച്ചു പറഞ്ഞപ്പോൾ ആ വേദനകളോട് ഐക്യപെടാൻ ഗൾഫ് സ്വപ്‌നങ്ങളുമായി കടൽ കടന്ന ലക്ഷകണക്കിന് മനുഷ്യർ തങ്ങളുടെ നാവുയർത്തി. വലിയൊരു ദിവാസ്വപ്നത്തിൽ നിന്ന് പിരണ്ടുണർന്ന ഞെട്ടൽ മലയാളി സമൂഹത്തിനുണ്ടായി. കിടപ്പാടവും കെട്ടുതാലിയും വിറ്റു എങ്ങനെയും കടൽ കടക്കാൻ കാത്ത് നിന്ന മനുഷ്യർ അക്കരെ നിധി നിറഞ്ഞ പറുദീസ മാത്രമല്ല ചതികുഴികളും അരക്ഷിതമായ ഏകാന്തതയുമുണ്ടായേക്കാം എന്ന് ചിന്തിച്ചു തുടങ്ങി.
ഗൾഫ് സ്വപ്നങ്ങളുടെ എൺപതുകൾ താണ്ടി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നിൽക്കുമ്പോൾ, കേരളത്തിൽ യുവതയെ അപ്പാടെ ചൂഴ്ന്ന് നിൽക്കുന്നത് യൂറോപ്യൻ സ്വപ്നങ്ങളാണ്. ബ്രിട്ടൻ,കാനഡ, അയർലൻഡ് എന്നിങ്ങനെയുള്ള അനേകം പാശ്ചാത്യരാജ്യങ്ങളിലേക്ക് നമ്മുടെ മലയാളിയുവത്വം കൂട്ടപലായനം നടത്തുമ്പോൾ, അവരുടെ ആ തീവ്രയൂറോപ്യൻ സ്വപ്നങ്ങളെ മുതലെടുക്കാൻ ചതികുഴികൾ നാട്ടി മനുഷ്യർ കാത്തിരിക്കുന്നുണ്ട് എന്ന് അവരെ അറിയിക്കേണ്ട ഉത്തരവാദിത്വം അവർക്ക് മുൻപേ നടന്നവർക്കുണ്ട്. ആ ഉത്തമബോധ്യത്തിലാണ് കൈരളി യുകെ ഇവിടെക്ക് എത്തുന്ന മലയാളികൾക്കിടയിലെ തൊഴിൽ പ്രശ്നങ്ങളെ കുറിച്ച് വളരെ സൂക്ഷമമായൊരു അന്വേഷണം യുകെ മലയാളി സമൂഹത്തിൽ നടത്താൻ മുൻകൈയെടുത്തത്. കുറച്ച് നാളുകളായി ഒറ്റപ്പെട്ട ചില സംഭവങ്ങളിൽ തുടങ്ങിയ ഈ പ്രശ്നം ഇന്ന് ഞെട്ടിപ്പിക്കുന്ന നിലയിലേയ്ക്ക് വളരുകയും ഗൗരവമായി നോക്കി കാണേണ്ട വലിയൊരു സാമൂഹികപ്രശ്നം ഇതിനുള്ളിലുണ്ടെന്നും ഞങ്ങൾ മനസിലാക്കുകയും ചെയ്തു.
ഞങ്ങൾക്ക് ലഭിച്ച ഒട്ടുമിക്ക പരാതികളും കെയര്‍ ഹോം മേഖലയെ സംബന്ധിക്കുന്നത് ആയിരുന്നതിനാൽ ഞങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുമായി ചേർന്ന് ഒരു തുറന്ന ചർച്ചക്ക് വേദിയൊരുക്കുകയുണ്ടായി. യുകെയിലേക്ക് കുടിയേറുന്ന ഒട്ടുമിക്ക മലയാളികളും തൊഴിൽ കണ്ടെത്തുന്ന കെയർ ഹോം മേഖലയിൽ നിന്ന് ഞങ്ങൾക്ക് ഈ ചർച്ചയെ പ്രതി ലഭിച്ച പ്രതികരണങ്ങൾ വളരെ വലുതായിരുന്നു. നിർഭയമായി തുറന്നു സംസാരിക്കാൻ കൈരളി യുകെ വേദിയൊരുക്കുന്നു എന്ന പരസ്യം കണ്ടറിഞ്ഞു ഞങ്ങളുടെ പാനലിലേക്ക് പലരും വിളിച്ചു. പക്ഷെ ഞങ്ങളെ ആശങ്കപ്പെടുത്തിയ വസ്തുത ഇതിൽ പലരും തങ്ങളുടെ പേര് വെളിപ്പെടുത്താതെ കുറെ വിവരങ്ങൾ വെളിപ്പെടുത്താനുണ്ട് എന്ന മുഖവുരയോടെയാണ് സ്വന്തം ദുരനുഭവങ്ങൾ പങ്കുവെച്ചത്. വളരെ ഒറ്റപ്പെട്ട നിലയിൽ,യാതൊരു നിയമസഹായങ്ങളും ലഭിക്കാതെ, മാനസികമായി തകർന്ന് കഴിയുന്നവർ മുതൽ നീണ്ട നിയമപോരാട്ടങ്ങളിലൂടെയും തുറന്ന പ്രതികരണങ്ങളിലൂടെയും കടന്ന് പോകുന്നവർ വരെയുള്ള നിരവധി പേരെ ഞങ്ങൾക്ക് നേരിട്ടറിയാൻ സാധിച്ചു.
ഇവരുടെ പ്രശ്നങ്ങളെ വിലയിരുത്താൻ കഴിയുന്ന കെയർ ഹോം മേഖലയിലെ വിദഗ്ധരെയും നിയമോപദേശകരെയും മാധ്യമപ്രവർത്തകരെയും മറ്റ് സംഘടനകളെയും ഒന്നിച്ചു കോർത്തിണക്കി കൈരളി യുകെ ഓഗസ്റ്റ് 19 നു ഒരു ഓപ്പൺ ഫോറം നടത്തുകയുണ്ടായി.ആ ചർച്ചയിൽ നിന്ന് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് ഒട്ടനവധി മലയാളികൾ ഹെൽത്ത് കെയർ വിസ കിട്ടിയ തൊഴിലിടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരോ അല്ലെങ്കിൽ അത് കിട്ടാനുള്ള ശ്രമങ്ങളിൽ ചതിക്കപ്പെട്ടവരോ ആണ്. ഫെബ്രുവരി 2022 ലെ കണക്കുകൾ പ്രകാരം 2020/21 നും 2021/22 നുമിടയിൽ യുകെ സോഷ്യൽ കെയർ മേഖലയിലെ തൊഴിൽ സാധ്യത 7.0% നിന്ന് 10.7% ലേക്ക് കുത്തിക്കും എന്നാണ്. അതായത് 110,000 ഒഴിവുകളിൽ നിന്ന് 165,000 ലേക്ക് ഒഴിവുകളുടെ സംഖ്യ ഉയരും.ഇത്രയും വലിയ തോതിലുള്ള തൊഴിലവസരങ്ങൾ യുകെ കെയർ മേഖലയിൽ ഉയർന്നു വരുന്ന സാഹചര്യത്തിൽ അതിനോടൊപ്പം തന്നെ വമ്പൻ തുക അനധികൃതമായ പ്രതിഫലം ഈടാക്കുന്ന, അക്ഷരാർത്ഥത്തിൽ അടിമ കരാറുകൾക്ക് സമാനമായ തൊഴിൽ വ്യവസ്ഥകൾ നടപ്പിലാക്കുന്ന ഭീമൻ റിക്രൂട്ട്മെന്റ് തട്ടിപ്പുകൾക്കും ഇവിടെ അരങ്ങൊരുങ്ങുകയാണ്. ഇത്തരം ചതിക്കുഴികളെ കുറച്ചു പുറംലോകത്തിന് അറിവ് ഉണ്ടാവുകയും അത് തടയാൻ വേണ്ട നടപടികൾ സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉടനടി ഉണ്ടാക്കുന്നതിനുവേണ്ടിയാണ് കൈരളി യുകെയുടെ ഈ ശ്രമങ്ങൾ.
കൂടുതലും വളരെ ദരിദ്രസാഹചര്യത്തിലെ നിന്നും എത്തുന്നവരാണു ഇത്തരം ഏജൻസികളുടെ തട്ടിപ്പുകളിൽ വീഴുന്നത്. നാട്ടിൽ വീട് പണയം വച്ചോ കടം വാങ്ങിയോ യുകെയിലേക്ക് പോരുന്ന ഇത്തരക്കാർ ഇവിടെ വന്നതും നാട്ടിലെ ബാധ്യതകൾ കൊണ്ട് എന്ത് നിലയിലും ചൂഷണം ചെയ്യപെടാവുന്ന നിലയിലേക്ക് എത്തിപ്പെടുന്നു. ഇവിടെ യുകെയിലെ ഉയർന്ന ജീവിതചിലവുകൾ കൂടിയാകുമ്പോൾ അവരുടെ അവസ്ഥ ദയനീയമാകുന്നു. പലരും ഫുഡ് ബാങ്കുകളെ ആശ്രയിച്ചും ഇന്ത്യൻ സമൂഹത്തിന്റെ സഹായങ്ങളിലും തുടരുന്ന സാഹചര്യമാണുള്ളത്. നാട്ടിലെ ബാധ്യതകൾ കാരണം അവർക്ക് തിരിച്ചു പോകാനോ, ഇവിടെ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനോ കഴിയാറില്ല.
സാമ്പത്തികമായി ഇവർ നേരിടുന്ന ചൂഷണങ്ങൾ പ്രധാനമായും കണക്കിൽ എടുത്താൽ അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് അവരുടെ സി.ഒ.എസ്സിനായി (കമ്പനിയുടെ ഓഫർ ലെറ്റർ) വാങ്ങുന്ന വമ്പിച്ച അനധികൃതമായ ഫീസാണ്. പത്ത് മുതൽ ഇരുപത്തിയഞ്ച് ലക്ഷം രൂപ വരെയാണു ജോലിക്ക് വേണ്ട നിർബന്ധിത പരിശീലനങ്ങൾക്കും ഡി.ബി.എസ് ചെക്കിങ്ങിനും വേണ്ടി അനധികൃതമായി ഏജൻസികൾ ഈടാക്കുന്നത്. ഏജൻസികളുടെ ഇന്ത്യയിലെ പേഴ്സണൽ അക്കൗണ്ടുകളിൽ പല ഘട്ടങ്ങളായി ഈ തുക കൈ പറ്റുന്നു.
മറ്റൊരു ചൂഷണം എന്തെന്നാൽ ഇവിടെ വന്ന ശേഷം നൽകപ്പെടുന്ന താമസസൗകര്യങ്ങൾക്കായി ആറുമാസത്തെ വാടക മുൻകൂറായി ഇവരുടെ കയ്യിൽ നിന്നും കൈപ്പറ്റുന്നു. എന്നാൽ ഇവിടെ വന്നു കഴിഞ്ഞാൽ ഒരുപക്ഷേ അവർക്ക് നൽകപ്പെടുന്നത് മറ്റുള്ളവർക്ക് ഒപ്പമുള്ള ഷെയേർഡ് അക്കോമഡേഷനാകും. ഒരുപക്ഷേ വളരെ അപരിചിതരായ മനുഷ്യരുമായി മുറി പങ്കിടേണ്ട അവസ്ഥ വരെ വന്നേക്കാം.
ഞങ്ങളുടെ ചർച്ചയിൽ ചിലരുടെ അനുഭവങ്ങളിൽ നിന്നും വെളിപ്പെട്ട മറ്റൊരു ഭയാനകമായ വസ്തുത എന്തെന്നാൽ ഇവിടെയ്ക്ക് തൊഴിലിനായി കൊണ്ട് വന്ന ശേഷം കെയർ ഹോമിലെ തൊഴിലാളികളുടെയിടയിൽ തള്ളുകയല്ലാതെ തൊഴിൽ നിലവിൽ ഉണ്ടോ ഇല്ലയോ എന്നുപോലും വ്യക്തമാക്കാത്ത ഏജൻസിളുണ്ട് എന്നതാണ്. എന്ന് തൊഴിൽ പ്രവേശിക്കാൻ കഴിയും എന്നു പോലും കൃത്യമായി ധാരണയില്ലാതെ നാട്ടിൽ നിന്ന് വന്ന മനുഷ്യർ ഇവിടെ പലവിധ ചാരിറ്റി സംഘടനകളുടെയും ഫുഡ് ബാങ്കുകളുടെയും ഔദാര്യത്തിൽ മാത്രം ജീവിച്ചു പോവുകയാണ്. എന്തിന് ഇവിടെ വന്നതിന് ശേഷം തങ്ങളുടെ തൊഴിൽ ദാദാവിന്റെ ലൈസൻസ് നഷ്ടപ്പെട്ടു എന്ന ഞെട്ടിക്കുന്ന സത്യം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു ഡിപ്പോർട്ട് ചെയ്യപെടുന്ന നിമിഷം കാത്തിരിക്കുന്നവർ വരെയുണ്ട്. ഇവർക്ക് നേരിട്ട കനത്ത സാമ്പത്തിക മാനസിക ആഘാതങ്ങൾക്ക് കൃത്യമായ പരിഹാരം പോലും കാണാതെ തിരിച്ചു പോകാനോ മറ്റു ജോലി കണ്ട് പിടിക്കാനോ പറഞ്ഞ് തടി തപ്പുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
ഇത്രയും കടുത്ത മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്ന ഇവർക്കിടയിൽ വിഷാദം, ആത്മഹത്യ പ്രവണത, ട്രോമ എന്നിവ വളരെ കൂടുതലാണ്. പലരും തങ്ങളുടെ ദയനീയത ഒന്ന് പുറത്തുപോലും പറയാനാകാതെ പേടിച്ചു കഴിയുന്ന അവസ്ഥയാണ് ഇവിടെ. അവരുടെ തിരിച്ചടവുകൾ കഴിയുന്നവരേക്കും ബിആർപി (വിസ) കാർഡുകൾ പോലും നൽകാതെ പിടിച്ചു വച്ചിരിക്കയാണ്. അവരുടെ വിസകൾ പൂർണ്ണമായും എംപ്ലോയറുടെ കൈയിലായതിനാൽ അക്ഷരാർത്ഥത്തിൽ നിശബ്ദരാക്കപ്പെട്ട് എല്ലാം സഹിക്കുകയാണ് ഇവർ. എംപ്ലോയറുടെ ആവശ്യപ്രകാരം മൂന്നും നാലും തവണ താമസസൗകര്യം മാറേണ്ടി വരുന്ന ഇവർക്ക് പലപ്പോഴും കുട്ടികളെയും കൊണ്ടാണ് ഈ പ്രതിസന്ധിയിലൂടെ കടന്നു പോകേണ്ടി വരുന്നത്. തങ്ങൾക്ക് ട്രെയിനിങ് നൽകിയ മേഖലയിൽ നിന്ന് തികച്ചും വിരുദ്ധമായ ഇടങ്ങളിൽ തൊഴിൽ ചെയ്യേണ്ടി വരുന്ന അവസ്ഥയും കുറവല്ല. വൃദ്ധരുടെ ശുശ്രൂഷയ്ക്കായി കൊണ്ടുവന്ന ശേഷം ഓട്ടിസം, മാനസികരോഗം എന്നിങ്ങനെയുള്ള സ്പെഷ്യാലിറ്റി കെയർ വേണ്ടയിടങ്ങളിൽ തൊഴിൽ ചെയ്യാൻ നിർബന്ധിക്കുക എന്നിങ്ങനെയുള്ള അവസ്ഥകൾ പലരും പുറത്തു പറയാൻ കൂടി ഭയക്കുന്നു.
ഇത്തരം ക്രൂരമായ തൊഴിൽ ചൂഷണങ്ങൾക്കെതിരെ സമഗ്രമായ ബോധവൽക്കരണവും സർക്കാരിൽ നിന്നുള്ള ശക്തമായ ഇടപെടലുകളും ഉടനടി വേണം. ഇല്ലെങ്കിൽ ഈ സാഹചര്യത്തിന് ഇരകളായ നിരവധി മനുഷ്യരുടെ ദുരിതങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും. ഈ വിഷയത്തെ സൂചിപ്പിച്ചുകൊണ്ടുള്ള വിശദമായ പരാതി യുകെ സർക്കാരിന് കൈരളി യുകെ സമർപ്പിച്ചു കഴിഞ്ഞു. മലയാളി സമൂഹത്തിനിടയിൽ ഇതേ പറ്റിയുള്ള വ്യക്തമായ ബോധവൽക്കരണമാണ് ഇനി വേണ്ടത്. മറ്റൊരു രാജ്യത്തിൽ അജ്ഞാതമായ തൊഴിലിടങ്ങളിൽ ചതിക്കപ്പെട്ടു നരകിച്ചു കഴിയേണ്ട അവരല്ല നമ്മുടെ യുവതിയുവാക്കൾ. അവരുടെ സാമൂഹ്യവും മാനസികവുമായ ക്ഷേമം നമ്മുടെ എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണ്.
യുകെയിലെ കെയർ ജോലികളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വാട്ട്സാപ്പ് കൂട്ടായ്മയിലേക്ക് സ്വാഗതം. താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് ഇതിൽ അംഗമാകാം. മറ്റ് ഫോർവേഡുകളോ പ്രമോഷനുകളോ അനുവദനീയമല്ല. https://chat.whatsapp.com/HNjoFFxrfVL2lgzK5ulqjW
ഇതോടോപ്പം നിങ്ങൾക്ക് ഉപകാരപ്പെടുന്ന ലിങ്കുകൾ കൂടി ഷെയർ ചെയ്യുന്നു,
യുകെയിലെ കെയർ രംഗത്തെ പ്രശ്നങ്ങൾ കൈരളി നടത്തിയ ചർച്ച: https://fb.watch/mJsTgH7Ixd/
നിങ്ങൾക്ക് ജോലി നൽകിയ കമ്പനി വിവരങ്ങൾ അറിയുവാൻ: https://www.gov.uk/get-information-about-a-company
നിങ്ങളുടെ കമ്പനിക്ക് സ്പോൺസർഷിപ്പ് ലൈസൻസ് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുവാൻ: https://www.gov.uk/government/publications/register-of-licensed-sponsors-workers
റ്റിജി തോമസ്
പറമ്പിന്റെ അതിരിൽ തന്നെയാണ് പുഴ . പുഴയെന്നൊന്നും പറയാനില്ല . ഒരു ചെറിയ തോടാണ്.ഏതാണ്ട് മുപ്പതോളം വർഷങ്ങൾക്ക് ശേഷം പുഴയെ ആദ്യമായി കാണാൻ പോകുകയാണ്.
അച്ഛനും അമ്മയ്ക്കും ജോലി സംബന്ധമായുള്ള ഒട്ടേറെ നാടുകളിലെ അലച്ചിലിന് ശേഷം സ്വസ്ഥമായി ജീവിക്കാൻ ഒരു വീട് . തറവാട് ഭാഗം ചെയ്തപ്പോഴുള്ള അന്യവത്ക്കരണത്തിൻ്റെ നീണ്ട വർഷങ്ങൾക്ക് ശേഷം അയാളുടെ ആഗ്രഹപ്രകാരമായിരുന്നു സ്വന്തം നാട്ടിൽ പുഴയോരത്തു തന്നെ സ്ഥലവും വീടും ഉൾപ്പെടെ മേടിച്ചത്.
ഒട്ടേറെ സ്ഥലങ്ങൾ അന്വേഷിച്ചു . ഒന്നും ഇഷ്ടപ്പെട്ടില്ല .പുഴയുടെ തീരത്തുള്ള പല സ്ഥലങ്ങളും കണ്ടെങ്കിലും 2018 -ലെ വെള്ളപ്പൊക്കത്തിന്റെ പേടിയിൽ പലതും വേണ്ടെന്ന് വെച്ചു. അങ്ങനെയാണ് ഒടുക്കം ആദ്യം വിൽക്കുന്നില്ലെന്ന് ഉടമ പറഞ്ഞ ഈ സ്ഥലം കണ്ടെത്തിയത്. ആയിരക്കണക്കിന് അകലെ നിന്ന് വീഡിയോ കോളിലൂടെ പറമ്പും വീടും കണ്ട് ഇഷ്ടപ്പെട്ടു. അഡ്വാൻസ് കൊടുക്കാൻ അയാൾക്ക് അധികം ആലോചിക്കേണ്ടതായി വന്നില്ല. ചെറുപ്പത്തിലെ കളിച്ചു വളർന്ന പുഴയിലെ കുട്ടൻ കടവിൻ്റെ കരയിൽ തന്നെ വീടും പറമ്പും കിട്ടിയത് ഇരട്ടി മധുരമായി…
ഫ്ലൈറ്റിലിരുന്ന് അയാൾ അകക്കണ്ണിൽ കണ്ടത് മുഴുവനും പുതിയതായി വാങ്ങിയ പുരയിടവും അരികിലൂടെ ഒഴുകുന്ന പുഴയുമായിരുന്നു. വീടിൻ്റെ മുന്നിൽ കൂടിയുള്ള പാതയുടെ അപ്പുറം സാമാന്യം വലിയ ഒരു കുന്നുമുണ്ട് . കുന്ന് ചുരത്തുന്ന ഒട്ടേറെ ചെറു അരുവികൾ ചെന്നെത്തുന്നത് പറമ്പിന് പിറകിലുള്ള പുഴയിലേയ്ക്കാണ്. പുതിയതായി വാങ്ങിയ സ്ഥലത്തിൻറെ അരികിലൂടെ ഒരു ചെറു അരുവി ഒഴുകി പുറകിലൂടെ ഒഴുകുന്ന പുഴയിൽ ചേരുന്നതിന്റെ ഓർമ്മകളിൽ അയാൾ തൻറെ സീറ്റിൽ നിവർന്നിരുന്നു.
വിമാനത്തിന്റെ ആകാശ വാതിലുകളിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോൾ അങ്ങ് മേഘ പടലങ്ങൾക്കും താഴെ ചെറിയ ചെറിയ വെളുത്ത നീണ്ട വരകൾ പോലെ . അതെല്ലാം ചെറിയ ചെറിയ പുഴകളും അരുവികളും ആണെന്ന് അയാൾക്ക് തോന്നി. അതിന്റെയെല്ലാം കരയിൽ ഏതോ രാജ്യത്തെ ഏതോ നാട്ടിലെ പേരറിയാത്ത എത്രയോ പേർ ജീവിക്കുന്നുണ്ട്…
ചെറുമയക്കത്തിൽ അയാൾ പുഴകളിലൂടെയും അരുവികളിലൂടെയും വെള്ളം ഒഴുകുന്നതിന്റെ കളകളാരവം കേട്ടു …
പണ്ട് വളരെ പണ്ടാണ് അയാൾക്ക് തോടിന്റെ ഉത്ഭവസ്ഥാനം കാണണമെന്ന് തോന്നി. വേനൽക്കാലമാണ്.
പുഴ വറ്റി വരണ്ടു കിടക്കുന്നു. അയാൾ തനിയെ നടന്നു .അധികം നീണ്ടു നിന്നില്ല യാത്ര . വറ്റിവരണ്ടു കിടന്ന പുഴയുടെ മണൽ പരപ്പിൽ വെയിൽ കാഞ്ഞു കിടന്ന ചേര പാമ്പിൻറെ ശരവേഗത്തിലുള്ള പാച്ചിലിൽ അതിലും വേഗത്തിൽ തിരിഞ്ഞോടിയത് ഓർത്ത് അയാൾ തന്നെയിരുന്നു ചിരിച്ചു.
പണ്ട് പാലങ്ങൾ കുറവായിരുന്നു. വഴിമുറിച്ച് തോട് ഒഴുകിയിരുന്ന സ്ഥലത്ത് വെള്ളം തെറ്റിച്ച് സ്കൂളിൽ പോയിരുന്നത് ഓർമ്മയായി അയാളിലേയ്ക്ക് വീണ്ടുമെത്തി. മഴ കനക്കുന്ന സമയങ്ങളിൽ ഒറ്റത്തടി പാലത്തിലൂടെ കടക്കണമായിരുന്നു.
തോട്ടിൽ പല ഇടങ്ങളിലായി ഒട്ടേറെ കുളിക്കടവുകൾ. കടവുകൾക്കെല്ലാം ഓരോരോ പേരുകൾ ഉണ്ടായിരുന്നു. വെള്ളപ്രാമുറി കടവ് , നായ്ക്കൻ കടവ് പിന്നെ കുട്ടൻ കടവും…
പല കടവുകൾ ഓരോരോ വീട്ടുപേരുകളിൽ അടയാളപ്പെടുത്തിയപ്പോൾ കുട്ടൻ കടവ് മാത്രം വേറിട്ട് നിന്നു .
കുട്ടികളുടെ കളി സംഘത്തിലെ നേതാവായിരുന്ന ജാനകി ആണ് കുട്ടൻ കടവിന്റെ ചരിത്രം പറഞ്ഞത് . പണ്ട് വളരെ പണ്ട് കുട്ടൻ എന്നൊരാൾ അവിടെ ജീവിച്ചിരുന്നത്രേ.
കിറുക്കൻ കുട്ടൻ …
കുട്ടനെ കുറിച്ച് ജാനകി ഒട്ടേറെ കഥകൾ പറഞ്ഞു. ജീവിതത്തിൻറെ നല്ലൊരു സമയം കുട്ടൻ കുളിക്കടവിലായിരുന്നത്രെ.
നാട്ടിലെ ഏറ്റവും നല്ല കുളികടവ് കുട്ടൻ കടവായിരുന്നു. കടവിൽ നിന്ന് തുണികൾ അലക്കുവാൻ പാകത്തിലുള്ള പാറക്കല്ലുകൾ മറ്റുള്ള കടവുകളെക്കാൾ കുട്ടൻ കടവിനെ വ്യത്യസ്തമാക്കി.
പക്ഷേ കുട്ടൻ കടവിൽ പണ്ടൊക്കെ ആണുങ്ങൾ മാത്രമേ കുളിക്കാൻ എത്താറുണ്ടായിരുന്നുള്ളൂ അത്രെ .കിറുക്കൻ കുട്ടൻ എല്ലാ ദിവസവും പത്തും പന്ത്രണ്ടും തവണ കുളിക്കാനായി കടവിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുട്ടൻ ഉണ്ടായിരുന്ന കാലത്ത് പെണ്ണുങ്ങൾ കുട്ടൻ കടവിൽ നിന്ന് അകന്നുനിന്നു. കുളിക്കാത്തപ്പോൾ അയാൾ മീൻ പിടിക്കാനായി തോട്ടിലുണ്ടാവും. എത്ര മുഴുത്ത മീനിനെയും പാമ്പിനെക്കാൾ വലുപ്പമുള്ള ആരകനെയും പാറക്കെട്ടുകൾക്കിടയിൽ നിന്ന് അയാൾ പിടിക്കും…
പിന്നെന്നോ കുട്ടൻ ഓർമ്മയായപ്പോൾ അന്നാട്ടിലെ ഏറ്റവും പ്രശസ്തമായ കുളിക്കടവായി കുട്ടൻ കടവ് മാറി… എത്രപേർക്ക് വേണമെങ്കിലും കുളിക്കാനും തുണി തല്ലി അലക്കാനും ഉള്ള പാറക്കെട്ടുകൾ കുട്ടൻകടവിനെ മറ്റുള്ള കടവുകളേക്കാൾ ജനപ്രിയമാക്കി…
അവധി ദിവസങ്ങളിൽ കുട്ടികൾ എല്ലാവരും ഒന്നിച്ച് കുളിക്കാനിറങ്ങും. ഏത് കടവ് വേണമെന്ന് തീരുമാനിച്ചിരുന്നത് കൂട്ടത്തിലെ നേതാവായിരുന്നു.
ആദ്യം അവരുടെ നേതാവ് ഇന്ദിരയായിരുന്നു. ഇന്ദിര മുതിർന്ന് കോളേജിൽ ചേർന്നപ്പോൾ ജാനകി… അതിന് ശേഷം താനായിരുന്നു നേതാവ്.
പക്ഷേ ആരെങ്കിലും പാമ്പ് എന്ന് വിളിച്ചു പറഞ്ഞു പേടിപ്പിക്കുമ്പോൾ ആദ്യം കരയിലേയ്ക്ക് ഓടിക്കയറുന്ന കാര്യത്തിലും താൻ മുന്നിൽ ആയിരുന്നു. കടവിലെ കല്ലുകൾക്കിടയിലെ മുഷിയേയും ആരകനെയും പേടിയില്ലാത്ത , പാമ്പിനെ കണ്ട് പേടിക്കുന്ന സംഘാംഗങ്ങളെ മൂങ്ങാംകുഴിയിട്ട് പിടിച്ച് പൊക്കി തെളിവ് കാണിച്ച് അത് വെറും കമ്പാണെന്ന് തെളിയിക്കുന്ന ഇന്ദിരയുടെ നേതൃപാടവം ഒരിക്കലും തനിക്ക് ആർജിക്കാനായില്ല.
പക്ഷേ വെള്ളം തെറ്റി കളിയിൽ താനായിരുന്നു വിജയിച്ചിരുന്നത് …
വെള്ളം കൈകളിൽ എടുത്ത് എതിരാളിയുടെ കണ്ണുകളിലേയ്ക്ക് തന്നെ എയ്തു വിടുന്ന വിദ്യ …
രണ്ടുപേർ നേർക്ക് നേർ നിന്ന് വെള്ളം തെറ്റി കളിക്കുമ്പോൾ ജല കണങ്ങൾ ആകാശത്ത് ഏറ്റുമുട്ടി ചിതറി തെറിക്കാറാണ് പതിവ്. പക്ഷേ എതിരാളിയുടെ കണ്ണുകളിലേയ്ക്ക് ഏറ്റവും ശക്തമായി വെള്ളം തെറ്റിച്ച് കീഴ്പ്പെടുത്തുന്നതിൽ താൻ എപ്പോഴും ജയിച്ചു കൊണ്ടേയിരുന്നു.
കുട്ടികളുടെ കളികളിൽ വെള്ളം കലങ്ങുമ്പോൾ അലക്കാനും കുളിക്കാനും വരുന്ന പെണ്ണുങ്ങൾക്ക് ദേഷ്യം വരും.
” മൂങ്ങയെ പോലെ കണ്ണുകൾ ചുവന്നത് കണ്ടില്ലേ …”
” ഒത്തിരിനേരമായല്ലോ തുടങ്ങിയിട്ട് …ഇതുവരെ വീട്ടിൽ പോകാറായില്ലേ … നട്ടുച്ചയായല്ലോ …”
പിറുപിറുക്കലുക്കൾക്കിടയിൽ അവർ അടുത്ത കടവിലേയ്ക്ക് ഊളയിടും.
ഇന്ന് താൻ വരുമ്പോൾ അവർ ആരെങ്കിലും അവിടെ ഉണ്ടാകുമോ ?
ഇന്ദിരയും ജാനകിയും ജോജിയും ബിജുവും ഷൈനിയും ഷെർലിയും ഷെർമിയും സിബിയും എല്ലാം ഇപ്പോൾ എവിടെയാണ് ആവോ …
വീട്ടിൽ വന്ന് ബാഗുകൾ ഇറക്കി വയ്ക്കാൻ കൂടി എന്നു വരുത്തി അയാൾ പുഴയിലേക്ക് നടന്നു. നടപ്പല്ലായിരുന്നു ശരിക്കും അയാൾ ഓടുകയായിരുന്നു.
കുട്ടൻ കടവിലേക്ക് ഇറങ്ങാറുള്ള വഴിയിൽ കാട് മൂടിയിരിക്കുന്നു. കടവ് മനുഷ്യസ്പർശന മേൽക്കാതെ വിജനമായിരിക്കുന്നു . എല്ലാവരും രണ്ട് കരകളിലും കൽകെട്ടുകൾ കെട്ടിയതോടെ പുഴയുടെ വീതി ശുഷ്കിച്ച് വളരെ കുറഞ്ഞിരിക്കുന്നു.
കടവിൽ ആരെങ്കിലും കുളിക്കാനും അലക്കാനും വന്നതിന്റെ ലക്ഷണം ഒന്നുമില്ല . അലക്കാനായി ആരെങ്കിലും കല്ലുകളിൽ പറ്റിപ്പിടിച്ച സോപ്പിൽ കാലിട്ട് ഉരയ്ക്കാൻ അയാൾ കൊതിച്ചു.
കുളിക്കടവിലും കല്ലുകളിലും പ്ലാസ്റ്റിക് കവറുകളിൽ എന്തൊക്കെയോ സാധനങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നു .
പുഴയ്ക്ക് അക്കരെ വയലിൽ കലപ്പ സൃഷ്ടിച്ച ഓവുചാലുകൾ ഇല്ല . വയലു തന്നെയില്ല…
വയലെല്ലാം കൊക്കോ തോട്ടങ്ങളായി പണ്ടേ മാറിയിരുന്നു. ഉപേക്ഷിക്കപ്പെട്ട കൊക്കോ ചെടികളിൽ അണ്ണാൻ തുളച്ച കൊക്കോ കായകൾ ഉണർത്തിയ ശ്മശാന പ്രതീതി മാത്രം.
പണ്ട് സ്വപ്നത്തിൽ വർണ തേര് ഉണർത്തിയ ചേറിൻറെ മണം ഇനി സ്വപ്നങ്ങളിൽ മാത്രം. മാനത്ത് കണ്ണിയും പള്ളത്തിയും കല്ലട മുട്ടിയും പോയിട്ട് ഒരു വാഴയ്ക്കാ വരയാൻ പോലുമില്ല.
വേനൽ കാലത്ത് വെള്ളത്തിനായി തോട്ടിൽ കുഴിച്ച ഓലിയിൽ നിന്ന് വെള്ളമെടുത്ത് തുളുമ്പാതിരിക്കാൻ ഇല പറച്ചിട്ട് നടന്നു നീങ്ങുന്ന ഇന്ദിര ഇപ്പോൾ എവിടെയായിരിക്കും….
പെട്ടെന്ന് ഒരു തളർച്ചയോടെ അയാൾ പുഴക്കരയിലിരുന്നു. അസഹ്യമായ ദുർഗന്ധത്തിൽ അയാൾ വെട്ടിവിയർത്തു. ദുർഗന്ധ കാറ്റിൽ അയാളുടെ വിയർപ്പ് കണങ്ങൾ വാനിലേയ്ക്ക് ഉയർന്നു .
പുഴയിൽ ഒഴുക്കേ ഇല്ല … ഗ്രാമത്തെ ശുദ്ധീകരിച്ചിരുന്ന പുഴ. പുഴയിലേയ്ക്ക് ഇറങ്ങാനുള്ള ശ്രമം തടഞ്ഞ് ഒരു സ്വരം കേട്ടു.
“ഇറങ്ങണ്ട… ഇവിടെ ഇപ്പോൾ ആരും ഇറങ്ങാറില്ല …കുളിക്കാനും ഒന്നിനും ….”
“എന്തു പറ്റി …”
ചൊറിയും…”
പറഞ്ഞയാൾ വാചാലനായി . പുഴയുടെ തീരത്തെ അറവുശാലകളെ കുറിച്ച് … ഇറച്ചി കോഴി കടകളെ കുറിച്ച് ….
ഇവിടെയാണത്രേ അടുത്ത സ്ഥലങ്ങളെക്കാൾ അറവുശാലകൾ ഉള്ളത്.
“പോത്തും പന്നിയും കോഴിയും എല്ലാം യഥേഷ്ടം കിട്ടും”
അതു പറയുമ്പോൾ അയാളുടെ കണ്ണുകളിൽ അഭിമാനം തുളുമ്പിയിരുന്നു.
പഴയ പരിചയക്കാരോടൊക്കെ സംസാരിച്ചപ്പോൾ അവസാനം അയാൾ പറഞ്ഞത് പുഴകളെ കുറിച്ചായിരുന്നു…
” മഴപെയ്താൽ വെള്ളം നല്ലതാകുമായിരിക്കും… അല്ലെ …”
” ഒഴുക്കു വെള്ളത്തിൽ അഴുക്കില്ലന്നല്ലേ പറയാറ് ”
പഴമക്കാരിലൊരാൾ പറഞ്ഞു .
“ഇത് പ്രാക്കാണ് … പണ്ട് കാലത്തെ നഞ്ച് കലക്കിയതിന്റെ ശാപം …”
പനക്കായും ചാരവും കൂട്ടി ചാറ് പരുവത്തിലാക്കി പണ്ട് പുഴയിൽ കലക്കുമായിരുന്നു മീൻപിടിക്കാൻ . കണ്ണുപൊട്ടി മീൻ മയങ്ങി പൊങ്ങിവരും. വലിയ മീനുകളെ പിടിക്കും ആയിരക്കണക്കിന് മീൻ കുഞ്ഞുങ്ങൾ ചത്തുമലക്കും. വളർച്ചയെത്താത്ത പൊടിമീൻ കുഞ്ഞുങ്ങളുടെ ശാപം …
തിരിച്ചുള്ള യാത്രയിൽ എയർപോർട്ടിൽ കാത്തിരിക്കവേ അയാളുടെ ഗൃഹാതുരത്വം വറ്റിവരണ്ടിരുന്നു.
അപ്പാ പുഴയിൽ മുങ്ങി കുളിച്ചോ എന്ന് ഓരോ പ്രാവശ്യവും ചോദിക്കുന്ന മകളുടെ മുഖം അയാൾക്ക് ഓർമ്മ വന്നു.
ചീഞ്ഞളിഞ്ഞ വെള്ളത്തിൻറെ ദുർഗന്ധം ആയിരക്കണക്കിന് കിലോമീറ്ററുകൾക്ക് അപ്പുറത്ത് ഭാര്യയും മകളും കാത്തിരിക്കുന്ന അന്യദേശത്ത് ചെന്നാലും തന്നെ വേട്ടയാടുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു. കുഞ്ഞിലെ പുഴയിൽ കുളിക്കുമ്പോൾ കവിൾ കൊണ്ട വെള്ളത്തിൻറെ ഓർമ്മയിൽ അയാൾക്ക് പെട്ടെന്ന് ഓക്കാനം വന്നു. പറന്നുയർന്ന വിമാനത്തിൽ നിന്ന് താഴേയ്ക്ക് നോക്കാതെ അയാൾ കണ്ണടച്ചിരുന്നു.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
ഫോട്ടോ കടപ്പാട് : അഞ്ജു റ്റിജി
പിങ്കി എസ്
ഓണമെന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് കുട്ടിക്കാലത്ത് ഗ്രാമാന്തരീക്ഷത്തിലുള്ള അമ്മൂമ്മയുടെ വീട്ടിലേക്കുള്ള യാത്രകളും അവിടുത്തെ കളികളും ഓണഓർമ്മകളുമാണ്. തിരുവോണത്തിന് അച്ഛന്റെ വീട്ടിൽ , അച്ഛന്റെ എല്ലാ സഹോദരങ്ങളോടും , അവരുടെ കുട്ടികളോടും അപ്പൂപ്പനോടും അമ്മൂമ്മയോടും കൂടി വിഭവസമൃദ്ധമായ സദ്യ കഴിച്ച ശേഷം അവിട്ടത്തിനു രാവിലെ അമ്മ വീട്ടിലേക്കുള്ള യാത്ര. വഴിക്കണ്ണുമായി പെൺ മക്കളേയും അവരുടെ കൊച്ചു മക്കളേയും കാത്തിരിക്കുന്ന അമ്മൂമ്മ . അവിടെ എത്തിയാലുടനെ ഞങ്ങൾ പിള്ളേർ സെറ്റിന് സദ്യയേക്കാൾ ഉപരി ഓണക്കളികൾ കാണാനും കളിക്കാനുമാണ് ആവേശം.
ഓണക്കാലത്ത് പുലികളി, കുമ്മാട്ടിക്കളി, വടംവലി, തലപ്പന്തുകളി, ഓണത്തല്ല്, ഉറിയടി, കിളിത്തട്ടു കളി, തുമ്പി തുള്ളൽ, കുട്ടിയും കോലും കളി, കരടി കളി സീത കളി എന്നിങ്ങനെ നാടൻ കളികളുടെ ഒരു നീണ്ടനിര തന്നെയുണ്ട്. പലതവണ പറഞ്ഞു കേട്ടിട്ടുള്ള സീതകളി ഈയടുത്ത കാലത്ത് പുനരാവിഷ്ക്കരിച്ചപ്പോൾ കാണാൻ ഭാഗ്യം ലഭിച്ചു. ഓഡിറ്റോറിയത്തിൽ കാണുന്ന സീതകളിയുടെ മനോഹാരിത പതിൻമടങ്ങ് വർദ്ധിതമായിട്ടായിരിക്കണം ഗ്രാമാന്തരീക്ഷങ്ങളിൽ അന്ന് അരങ്ങേറിയിരുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരു നാടൻ അനുഷ്ഠാന കലയായ സീതകളിയിൽ രാമായണ കഥയിലെ വനയാത്ര മുതൽ സ്വർഗാരോഹണം വരെയുള്ള കഥാഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഏറെക്കുറെ അന്യംനിന്നു പോയ സീതകളിയുടെ പ്രചരണത്തിനായി ഇന്ന് കൊല്ലം പെരിനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയ ശ്രമങ്ങളാണ് നടക്കുന്നത്.
ഓണ ദിനങ്ങളിൽ വെയിലാറിക്കഴിഞ്ഞാൽ , വയലിൽ നിന്ന് വേഷം കെട്ടി വരാറുള്ള കരടി മറ്റൊരു സുഖമുള്ള ഓർമ്മയാണ്. കരടി കളി സംഘത്തിൽ സാധാരണയായി ഒന്നോ രണ്ടോ കരടിയും , ഒരു വേട്ടക്കാരനും പാട്ടു പാടാൻ കുറച്ച് ആളുകളുമാണ് കാണുക. കരടിയായി വേഷമിടുന്ന ആളിന്റെ ശരീരത്ത് വാഴയുടെ കരിയിലയും , ഈർക്കിൽ കളഞ്ഞ ഓലയും വെച്ച് കെട്ടി അലങ്കരിക്കും. മുഖത്ത് ഭാരം കുറഞ്ഞ പാലത്തടി കൊണ്ട് ഉണ്ടാക്കിയ കരടിത്തല ഉറപ്പിക്കും. വേട്ടക്കാരനായി വേഷമിടുന്ന ആളിന് കാലുറ , തൊപ്പി, മരക്കഷണം കൊണ്ട് ഉണ്ടാക്കിയ തോക്ക് അങ്ങനെ സായ്പ്പിനെ അനുസ്മരിപ്പിക്കുന്ന വേഷവിധാനമാണ്. മറ്റു സംഘാoഗങ്ങൾ കൈമണി, ഗഞ്ചിറ തുടങ്ങിയ വാദ്യോപകരണങ്ങളും കൈത്താളവുമായി കരടിപ്പാട്ട് തുടങ്ങുന്നതോടെ കരടി കളി ആരംഭിക്കും.
ഏക താളത്തിലുള്ള കരടിപ്പാട്ടിന്
“താനിന്നെ താനിന്നെ തന്നാന തന
താന്നിനെ താനായി തന്നാന ”
എന്ന വായ്ത്താരിയാണ് അകമ്പടി.
” കാട്ടിൽ കിടന്നൊരു കള്ളക്കരടിയെ
കൂട്ടിലാക്കി ഞങ്ങൾ കൊണ്ടു വന്നേ
ഉണ്ട കിട്ടും പിന്നെ അവലു കിട്ടും
പിന്നെ വെള്ളി പണത്തിന്മേലൊന്ന് കിട്ടും ”
എന്നിങ്ങനെയാണ് കരടിപ്പാട്ട് തുടങ്ങുന്നത്.
നാടിന്റേയും നാട്ടുവഴികളുടെയുമൊക്കെ ചരിത്രം കരടിപ്പാട്ടുകളിൽ നിറയാറുണ്ട്. പാടുന്ന ആളിന്റെ മനോധർമ്മം അനുസരിച്ചുള്ള നർമ്മ ശകലങ്ങളും , ചിലപ്പോഴൊക്കെ പരിഭവങ്ങളും കരടിപ്പാട്ടിനെ കൊഴുപ്പിക്കാറുണ്ട്.
“ഓച്ചിറച്ചെന്നു കിഴക്കോട്ട് നോക്കുമ്പോൾ
മാധവിയെന്നോരു വേലക്കാരി
മൂക്കും തുളച്ചിട്ട് തൊണ്ണാനും കെട്ടീട്ട്
കണ്ടോടീ നാത്തൂനേ മൂക്കിത്തൊണ്ണാൻ ”
ഇതൊരു പ്രദേശികമായ നർമ്മ ചിത്രമാണ്.
വാമൊഴിയായി തലമുറകൾ കൈ മാറി വന്നതാണ് കരടിപ്പാട്ട്. കൊല്ലത്തിന്റെ ഒരു പ്രധാന ഓണക്കളി ആയതു കൊണ്ട് തന്നെ നീണ്ടകര പാലത്തിന്റെ ഉദ്ഭവം, നാട്ടിലെ പഴയ തറവാട്ടിൽ ആന വിരണ്ടത് ,ഉത്സവങ്ങൾ, ചവറയിൽ നിന്ന് ശാസ്താംകോട്ടയിലേക്ക് റോഡ് വന്നത്, ചവറയിലെ തെക്കൻ ഗുരുവായൂർ ക്ഷേത്രം തുടങ്ങിയ പ്രാദേശിക ചരിത്രങ്ങൾ കരടിപ്പാട്ടുകളായി ജനങ്ങളോട് സംവേദിക്കപ്പെട്ടിരുന്നു.
“വൻ പ്രിയമാർന്ന മഹാറാണി
റീജന്റ് തമ്പുരാട്ടിക്കെഴും ധർമ്മ ബുദ്ധി
അൻപോടങ്ങുണ്ടായ മൂലമീപ്പാലവും സംഭവിച്ചെന്ന് പറഞ്ഞു കേൾപ്പൂ. ”
നീണ്ടകര പ്പാലം യാഥാർത്ഥ്യമായതിന് പിന്നിലെ സംഭവം കരടിപ്പാട്ടിൽ ഇങ്ങനെ വിശദീകരിക്കുന്നു.
‘ വെക്കടാ വെടി , വെടി വെക്കടാ ,ലാക്കു നോക്കി വെക്കടാ ” എന്ന് വേട്ടക്കാരനോട് പറയുമ്പോൾ വേട്ടക്കാരനായ സായിപ്പ് ഠോ….. എന്ന ശബ്ദം കേൾപ്പിക്കും. അതോടെ കരടി മറിഞ്ഞു വീഴും. കളി അവസാനിക്കുകയായി. അവിടുന്ന് സംഘാംഗങ്ങൾ അടുത്ത വീട്ടിലേക്ക്.
ഒരു കാലത്ത് നാട്ടിൻപുറങ്ങളിൽ വ്യാപകമായിരുന്ന കരടി കളിക്ക് മനുഷ്യന്റെ ആധുനിക ജീവിത രീതികൊണ്ടോ വയലേലകളുടെ അഭാവംകൊണ്ടോ പ്രചാരം കുറഞ്ഞു വന്നു. കൊല്ലത്തിന്റെ അല്ലെങ്കിൽ തെക്കൻ കേരളത്തിന്റെ സംഭാവനയായ കരടികളിയേയും കഥകളും ചരിത്രവും മിത്തുമൊക്കെ ഇട കലർന്ന കരടിപ്പാട്ടുകളേയും സംരക്ഷിക്കാൻ ഉള്ള ശ്രമങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാർ ശാസ്താംകോട്ട കേന്ദ്രമാക്കി മുന്നോട്ട് വരുന്നു എന്നുള്ളത് സന്തോഷമുള്ള ഒരറിവാണ്.
മനുഷ്യൻ ജീവിക്കുന്നു എന്ന് പറയുന്നത് സന്തോഷങ്ങൾ അനുഭവിക്കുമ്പോഴാണ് നമ്മുടെ അധ്വാനമടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും കുറച്ചു നേരമെങ്കിലും സന്തോഷത്തിൽ കഴിയാൻ ഉള്ള ഉപാധികളാണ്. ഓണം പോലെയുള്ള ആഘോഷങ്ങളിൽ മനുഷ്യരൊന്നായി ജൈവികമായ കൂട്ടായ്മ സ്ഥാപിച്ചിരുന്നു. സ്വീകരണ മുറിയിലെ ഡിജിറ്റൽ ചാനലുകളിൽ എത്തുന്ന വിഭവങ്ങൾ മനുഷ്യനെ നൈമിഷികമായ ആഹ്ലാദത്തിൽ എത്തിക്കുമെങ്കിലും വീണ്ടും ഏകാന്തതയുടെ പാളയത്തിൽ തന്നെ തളച്ചിടുന്നു. കൂട്ടായ സാമൂഹിക ജീവിതത്തിന്റെ , സഹകരണത്തിന്റെ , കളികളുടെ സന്തോഷം പങ്കു വെക്കുന്ന ഉത്സവങ്ങൾ ആനന്ദകരമായ ജീവിതം നമുക്ക് പ്രദാനം ചെയ്തിരുന്നു. ആ കാലങ്ങളെ ഗൃഹാതുരത്വത്തോടെ അയവിറക്കുന്നതു പോലും സന്തോഷകരമായ ജീവിതാനുഭവമാണ്.
പിങ്കി എസ്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ 52-ാം വാർഷികത്തോടനുബന്ധിച്ച് ഊർജ്ജസ്വല ബാങ്കിംഗ്, ഊർജ്ജസ്വല ഭാരതം എന്ന വിഷയത്തെ മുൻനിർത്തി രാജ്യത്തെ പ്രഗൽഭമതികളെ ഉൾക്കൊള്ളിച്ച് AlBEA നടത്തിയ ഒരു മാസം സെമിനാർ പ്രബന്ധങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്.