ഓണക്കാലമായാൽ മലയാളികളുടെ മനസ്സ്‌ ആമോദത്താൽ തുടി കൊട്ടും. പൂവിളികളും പൂക്കാലവുമൊക്കെയായി മാവേലി മന്നനെ വരവേൽക്കാനുള്ള ലോകമെങ്ങുമുള്ള മലയാളികൾ ഒരുമിക്കും.

കേരളത്തിൽ ആഘോഷിക്കുന്നതിനേക്കാൾ കെങ്കേമമായി ഓണം കൊണ്ടാടാൻ പ്രവാസികളായ മലയാളികൾ ശ്രമിക്കാറുണ്ട്‌. യു കെ മലയാളികളും അക്കാര്യത്തിൽ ഒട്ടും പിറകിലല്ല. സമീപകാലത്തായ്‌ ഒട്ടേറെ മലയാളികൾ യു കെ യിലേക്ക്‌ കുടിയേറുകയും, തൽഫലമായി ഓണവും വിഷുവുമൊക്കെ നാട്ടിലെ പോലെ തന്നെ എല്ലാ തനിമയോടും കൂടി യുകെയിലും ആഘോഷിക്കാനുള്ള അവസരവും കൈവന്നിരിക്കുകയാണ്.

യു കെ യിലെ എണ്ണമറ്റ മലയാളി അസോസിയേഷനുകൾ ഒക്കെയും ഇപ്പോൾ ഓണാഘോഷത്തിരക്കിലാണ്. ഓണമൽസരങ്ങളും വടംവലിയും കലാപ്രകടനങ്ങളും ഒക്കെയായി എല്ലാ അസോസിയേഷനുകളും സജീവമാണ്. യു കെ യിലെ വെസ്റ്റ്‌ യോർക്ക്ഷെയറിലെ ലീഡ്സ്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികളും വ്യത്യസ്തമായ പരിപാടികളാൽ സമ്പന്നമായിരുന്നു.

വിഭവസമൃദ്ധമായ ഓണസദ്യയും, ഓണാഘോഷത്തിനു മാറ്റു കൂട്ടുന്ന മാസ്മരിക കലാപ്രകടനങ്ങളും, ചെണ്ടമേളവും, തിരുവാതിരയും, സിനിമാറ്റിക്‌ ഡാൻസും വൈകുന്നേരത്തെ ഡിന്നറും ഒക്കെയായി സെപ്റ്റംബർ 2 ശനിയാഴ്ച , രാവിലെ 10:30 മുതൽ വൈകുന്നേരം 8 മണി വരെ നീണ്ടു നിന്ന ഓണപരിപാടികളുമായ്‌ ലീഡ്സ്‌ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു.

ഇത്തവണത്തെ ലീഡ്സിലെ ഓണാഘോഷത്തിനു മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. ലീഡ്സ്‌ നിവാസിയും കേരളത്തിലെ കൊല്ലം സ്വദേശിയുമായ എഴുത്തുകാരൻ ശ്രീ. സന്തോഷ്‌ റോയിയുടെ ‘ബർഗ്ഗർ തിന്നുന്ന എലികൾ’ എന്ന കവിതാസമാഹാരവും ഓണാഘോഷ പരിപാടികൾക്കിടെ ലീഡ്സ്‌ മലയാളികൾക്കു മുൻപിൽ പ്രകാശനം ചെയ്തു.

അങ്ങനെ വ്യത്യസ്തമായ പരിപാടികളാൽ സമ്പന്നമായിരുന്ന ലീഡ്സ്‌ മലയാളി അസോസിയേഷന്റെ ഓണപരിപാടികൾക്ക്‌ നേതൃത്വം നൽകിയത്‌ ശ്രീ. സാബുഘോഷ്‌ പ്രസിഡന്റ്‌ ആയ കമ്മറ്റിയായിരുന്നു.

ലീഡ്സ്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉത്ഘാടനം പ്രസിഡന്റ്‌ ശ്രീ. സാബുഘോഷും കമ്മറ്റി അംഗങ്ങളും സ്പോൺസെഴ്സും ചേർന്ന് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.

കമ്മറ്റി അംഗങ്ങളായ ശ്രീ. ബിനോയ്‌ ജേക്കബ്‌, അലക്സ്‌ ജേക്കബ്‌, നിഥിൻ സ്റ്റാൻലി, അജു ബേബി, ബിനുമോൻ ജേക്കബ്‌ എന്നിവർ ആഘോഷ പരിപാടികൾക്കുള്ള പിന്തുണ നൽകി.