നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ട് കഥകൾ മാത്രമാണ് എന്ന് പറഞ്ഞു വച്ചത് ബെന്യാമിനെന്ന എഴുത്തുക്കാരനാണ്. മണലാരണ്യങ്ങളിലെ തൊഴിൽ ജീവിതത്തിന്റെ നരകയാതനകൾ നജീബ് എന്ന മനുഷ്യനിലൂടെ ബെന്യാമിൻ ലോകത്തോട് വിളിച്ചു പറഞ്ഞപ്പോൾ ആ വേദനകളോട് ഐക്യപെടാൻ ഗൾഫ് സ്വപ്‌നങ്ങളുമായി കടൽ കടന്ന ലക്ഷകണക്കിന് മനുഷ്യർ തങ്ങളുടെ നാവുയർത്തി. വലിയൊരു ദിവാസ്വപ്നത്തിൽ നിന്ന് പിരണ്ടുണർന്ന ഞെട്ടൽ മലയാളി സമൂഹത്തിനുണ്ടായി. കിടപ്പാടവും കെട്ടുതാലിയും വിറ്റു എങ്ങനെയും കടൽ കടക്കാൻ കാത്ത് നിന്ന മനുഷ്യർ അക്കരെ നിധി നിറഞ്ഞ പറുദീസ മാത്രമല്ല ചതികുഴികളും അരക്ഷിതമായ ഏകാന്തതയുമുണ്ടായേക്കാം എന്ന് ചിന്തിച്ചു തുടങ്ങി.

ഗൾഫ് സ്വപ്നങ്ങളുടെ എൺപതുകൾ താണ്ടി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നിൽക്കുമ്പോൾ, കേരളത്തിൽ യുവതയെ അപ്പാടെ ചൂഴ്ന്ന് നിൽക്കുന്നത് യൂറോപ്യൻ സ്വപ്നങ്ങളാണ്. ബ്രിട്ടൻ,കാനഡ, അയർലൻഡ് എന്നിങ്ങനെയുള്ള അനേകം പാശ്ചാത്യരാജ്യങ്ങളിലേക്ക് നമ്മുടെ മലയാളിയുവത്വം കൂട്ടപലായനം നടത്തുമ്പോൾ, അവരുടെ ആ തീവ്രയൂറോപ്യൻ സ്വപ്നങ്ങളെ മുതലെടുക്കാൻ ചതികുഴികൾ നാട്ടി മനുഷ്യർ കാത്തിരിക്കുന്നുണ്ട് എന്ന് അവരെ അറിയിക്കേണ്ട ഉത്തരവാദിത്വം അവർക്ക് മുൻപേ നടന്നവർക്കുണ്ട്. ആ ഉത്തമബോധ്യത്തിലാണ് കൈരളി യുകെ ഇവിടെക്ക് എത്തുന്ന മലയാളികൾക്കിടയിലെ തൊഴിൽ പ്രശ്നങ്ങളെ കുറിച്ച് വളരെ സൂക്ഷമമായൊരു അന്വേഷണം യുകെ മലയാളി സമൂഹത്തിൽ നടത്താൻ മുൻകൈയെടുത്തത്. കുറച്ച്‌ നാളുകളായി ഒറ്റപ്പെട്ട ചില സംഭവങ്ങളിൽ തുടങ്ങിയ ഈ പ്രശ്നം ഇന്ന് ഞെട്ടിപ്പിക്കുന്ന നിലയിലേയ്ക്ക് വളരുകയും ഗൗരവമായി നോക്കി കാണേണ്ട വലിയൊരു സാമൂഹികപ്രശ്നം ഇതിനുള്ളിലുണ്ടെന്നും ഞങ്ങൾ മനസിലാക്കുകയും ചെയ്തു.

ഞങ്ങൾക്ക് ലഭിച്ച ഒട്ടുമിക്ക പരാതികളും കെയര്‍ ഹോം മേഖലയെ സംബന്ധിക്കുന്നത്‌ ആയിരുന്നതിനാൽ ഞങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുമായി ചേർന്ന് ഒരു തുറന്ന ചർച്ചക്ക് വേദിയൊരുക്കുകയുണ്ടായി. യുകെയിലേക്ക് കുടിയേറുന്ന ഒട്ടുമിക്ക മലയാളികളും തൊഴിൽ കണ്ടെത്തുന്ന കെയർ ഹോം മേഖലയിൽ നിന്ന് ഞങ്ങൾക്ക് ഈ ചർച്ചയെ പ്രതി ലഭിച്ച പ്രതികരണങ്ങൾ വളരെ വലുതായിരുന്നു. നിർഭയമായി തുറന്നു സംസാരിക്കാൻ കൈരളി യുകെ വേദിയൊരുക്കുന്നു എന്ന പരസ്യം കണ്ടറിഞ്ഞു ഞങ്ങളുടെ പാനലിലേക്ക് പലരും വിളിച്ചു. പക്ഷെ ഞങ്ങളെ ആശങ്കപ്പെടുത്തിയ വസ്തുത ഇതിൽ പലരും തങ്ങളുടെ പേര് വെളിപ്പെടുത്താതെ കുറെ വിവരങ്ങൾ വെളിപ്പെടുത്താനുണ്ട് എന്ന മുഖവുരയോടെയാണ് സ്വന്തം ദുരനുഭവങ്ങൾ പങ്കുവെച്ചത്. വളരെ ഒറ്റപ്പെട്ട നിലയിൽ,യാതൊരു നിയമസഹായങ്ങളും ലഭിക്കാതെ, മാനസികമായി തകർന്ന് കഴിയുന്നവർ മുതൽ നീണ്ട നിയമപോരാട്ടങ്ങളിലൂടെയും തുറന്ന പ്രതികരണങ്ങളിലൂടെയും കടന്ന് പോകുന്നവർ വരെയുള്ള നിരവധി പേരെ ഞങ്ങൾക്ക് നേരിട്ടറിയാൻ സാധിച്ചു.

ഇവരുടെ പ്രശ്നങ്ങളെ വിലയിരുത്താൻ കഴിയുന്ന കെയർ ഹോം മേഖലയിലെ വിദഗ്ധരെയും നിയമോപദേശകരെയും മാധ്യമപ്രവർത്തകരെയും മറ്റ് സംഘടനകളെയും ഒന്നിച്ചു കോർത്തിണക്കി കൈരളി യുകെ ഓഗസ്റ്റ് 19 നു ഒരു ഓപ്പൺ ഫോറം നടത്തുകയുണ്ടായി.ആ ചർച്ചയിൽ നിന്ന് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് ഒട്ടനവധി മലയാളികൾ ഹെൽത്ത്‌ കെയർ വിസ കിട്ടിയ തൊഴിലിടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരോ അല്ലെങ്കിൽ അത് കിട്ടാനുള്ള ശ്രമങ്ങളിൽ ചതിക്കപ്പെട്ടവരോ ആണ്. ഫെബ്രുവരി 2022 ലെ കണക്കുകൾ പ്രകാരം 2020/21 നും 2021/22 നുമിടയിൽ യുകെ സോഷ്യൽ കെയർ മേഖലയിലെ തൊഴിൽ സാധ്യത 7.0% നിന്ന് 10.7% ലേക്ക് കുത്തിക്കും എന്നാണ്. അതായത് 110,000 ഒഴിവുകളിൽ നിന്ന് 165,000 ലേക്ക് ഒഴിവുകളുടെ സംഖ്യ ഉയരും.ഇത്രയും വലിയ തോതിലുള്ള തൊഴിലവസരങ്ങൾ യുകെ കെയർ മേഖലയിൽ ഉയർന്നു വരുന്ന സാഹചര്യത്തിൽ അതിനോടൊപ്പം തന്നെ വമ്പൻ തുക അനധികൃതമായ പ്രതിഫലം ഈടാക്കുന്ന, അക്ഷരാർത്ഥത്തിൽ അടിമ കരാറുകൾക്ക് സമാനമായ തൊഴിൽ വ്യവസ്ഥകൾ നടപ്പിലാക്കുന്ന ഭീമൻ റിക്രൂട്ട്മെന്റ് തട്ടിപ്പുകൾക്കും ഇവിടെ അരങ്ങൊരുങ്ങുകയാണ്. ഇത്തരം ചതിക്കുഴികളെ കുറച്ചു പുറംലോകത്തിന് അറിവ് ഉണ്ടാവുകയും അത് തടയാൻ വേണ്ട നടപടികൾ സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉടനടി ഉണ്ടാക്കുന്നതിനുവേണ്ടിയാണ് കൈരളി യുകെയുടെ ഈ ശ്രമങ്ങൾ.

കൂടുതലും വളരെ ദരിദ്രസാഹചര്യത്തിലെ നിന്നും എത്തുന്നവരാണു ഇത്തരം ഏജൻസികളുടെ തട്ടിപ്പുകളിൽ വീഴുന്നത്. നാട്ടിൽ വീട് പണയം വച്ചോ കടം വാങ്ങിയോ യുകെയിലേക്ക് പോരുന്ന ഇത്തരക്കാർ ഇവിടെ വന്നതും നാട്ടിലെ ബാധ്യതകൾ കൊണ്ട് എന്ത് നിലയിലും ചൂഷണം ചെയ്യപെടാവുന്ന നിലയിലേക്ക് എത്തിപ്പെടുന്നു. ഇവിടെ യുകെയിലെ ഉയർന്ന ജീവിതചിലവുകൾ കൂടിയാകുമ്പോൾ അവരുടെ അവസ്ഥ ദയനീയമാകുന്നു. പലരും ഫുഡ് ബാങ്കുകളെ ആശ്രയിച്ചും ഇന്ത്യൻ സമൂഹത്തിന്റെ സഹായങ്ങളിലും തുടരുന്ന സാഹചര്യമാണുള്ളത്. നാട്ടിലെ ബാധ്യതകൾ കാരണം അവർക്ക് തിരിച്ചു പോകാനോ, ഇവിടെ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനോ കഴിയാറില്ല.

സാമ്പത്തികമായി ഇവർ നേരിടുന്ന ചൂഷണങ്ങൾ പ്രധാനമായും കണക്കിൽ എടുത്താൽ അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് അവരുടെ സി.ഒ.എസ്സിനായി (കമ്പനിയുടെ ഓഫർ ലെറ്റർ) വാങ്ങുന്ന വമ്പിച്ച അനധികൃതമായ ഫീസാണ്. പത്ത്‌‌ മുതൽ ഇരുപത്തിയഞ്ച്‌ ലക്ഷം രൂപ വരെയാണു ജോലിക്ക് വേണ്ട നിർബന്ധിത പരിശീലനങ്ങൾക്കും ഡി.ബി.എസ് ചെക്കിങ്ങിനും വേണ്ടി അനധികൃതമായി ഏജൻസികൾ ഈടാക്കുന്നത്. ഏജൻസികളുടെ ഇന്ത്യയിലെ പേഴ്സണൽ അക്കൗണ്ടുകളിൽ പല ഘട്ടങ്ങളായി ഈ തുക കൈ പറ്റുന്നു.

മറ്റൊരു ചൂഷണം എന്തെന്നാൽ ഇവിടെ വന്ന ശേഷം നൽകപ്പെടുന്ന താമസസൗകര്യങ്ങൾക്കായി ആറുമാസത്തെ വാടക മുൻകൂറായി ഇവരുടെ കയ്യിൽ നിന്നും കൈപ്പറ്റുന്നു. എന്നാൽ ഇവിടെ വന്നു കഴിഞ്ഞാൽ ഒരുപക്ഷേ അവർക്ക് നൽകപ്പെടുന്നത് മറ്റുള്ളവർക്ക് ഒപ്പമുള്ള ഷെയേർഡ് അക്കോമഡേഷനാകും. ഒരുപക്ഷേ വളരെ അപരിചിതരായ മനുഷ്യരുമായി മുറി പങ്കിടേണ്ട അവസ്ഥ വരെ വന്നേക്കാം.

ഞങ്ങളുടെ ചർച്ചയിൽ ചിലരുടെ അനുഭവങ്ങളിൽ നിന്നും വെളിപ്പെട്ട മറ്റൊരു ഭയാനകമായ വസ്തുത എന്തെന്നാൽ ഇവിടെയ്ക്ക് തൊഴിലിനായി കൊണ്ട് വന്ന ശേഷം കെയർ ഹോമിലെ തൊഴിലാളികളുടെയിടയിൽ തള്ളുകയല്ലാതെ തൊഴിൽ നിലവിൽ ഉണ്ടോ ഇല്ലയോ എന്നുപോലും വ്യക്തമാക്കാത്ത ഏജൻസിളുണ്ട് എന്നതാണ്. എന്ന് തൊഴിൽ പ്രവേശിക്കാൻ കഴിയും എന്നു പോലും കൃത്യമായി ധാരണയില്ലാതെ നാട്ടിൽ നിന്ന് വന്ന മനുഷ്യർ ഇവിടെ പലവിധ ചാരിറ്റി സംഘടനകളുടെയും ഫുഡ് ബാങ്കുകളുടെയും ഔദാര്യത്തിൽ മാത്രം ജീവിച്ചു പോവുകയാണ്. എന്തിന് ഇവിടെ വന്നതിന് ശേഷം തങ്ങളുടെ തൊഴിൽ ദാദാവിന്റെ ലൈസൻസ് നഷ്ടപ്പെട്ടു എന്ന ഞെട്ടിക്കുന്ന സത്യം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു ഡിപ്പോർട്ട് ചെയ്യപെടുന്ന നിമിഷം കാത്തിരിക്കുന്നവർ വരെയുണ്ട്. ഇവർക്ക് നേരിട്ട കനത്ത സാമ്പത്തിക മാനസിക ആഘാതങ്ങൾക്ക് കൃത്യമായ പരിഹാരം പോലും കാണാതെ തിരിച്ചു പോകാനോ മറ്റു ജോലി കണ്ട് പിടിക്കാനോ പറഞ്ഞ് തടി തപ്പുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.

ഇത്രയും കടുത്ത മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്ന ഇവർക്കിടയിൽ വിഷാദം, ആത്മഹത്യ പ്രവണത, ട്രോമ എന്നിവ വളരെ കൂടുതലാണ്. പലരും തങ്ങളുടെ ദയനീയത ഒന്ന് പുറത്തുപോലും പറയാനാകാതെ പേടിച്ചു കഴിയുന്ന അവസ്ഥയാണ് ഇവിടെ. അവരുടെ തിരിച്ചടവുകൾ കഴിയുന്നവരേക്കും ബിആർപി (വിസ) കാർഡുകൾ പോലും നൽകാതെ പിടിച്ചു വച്ചിരിക്കയാണ്. അവരുടെ വിസകൾ പൂർണ്ണമായും എംപ്ലോയറുടെ കൈയിലായതിനാൽ അക്ഷരാർത്ഥത്തിൽ നിശബ്ദരാക്കപ്പെട്ട് എല്ലാം സഹിക്കുകയാണ് ഇവർ. എംപ്ലോയറുടെ ആവശ്യപ്രകാരം മൂന്നും നാലും തവണ താമസസൗകര്യം മാറേണ്ടി വരുന്ന ഇവർക്ക് പലപ്പോഴും കുട്ടികളെയും കൊണ്ടാണ് ഈ പ്രതിസന്ധിയിലൂടെ കടന്നു പോകേണ്ടി വരുന്നത്. തങ്ങൾക്ക് ട്രെയിനിങ്‌ നൽകിയ മേഖലയിൽ നിന്ന് തികച്ചും വിരുദ്ധമായ ഇടങ്ങളിൽ തൊഴിൽ ചെയ്യേണ്ടി വരുന്ന അവസ്ഥയും കുറവല്ല. വൃദ്ധരുടെ ശുശ്രൂഷയ്ക്കായി കൊണ്ടുവന്ന ശേഷം ഓട്ടിസം, മാനസികരോഗം എന്നിങ്ങനെയുള്ള സ്പെഷ്യാലിറ്റി കെയർ വേണ്ടയിടങ്ങളിൽ തൊഴിൽ ചെയ്യാൻ നിർബന്ധിക്കുക എന്നിങ്ങനെയുള്ള അവസ്ഥകൾ പലരും പുറത്തു പറയാൻ കൂടി ഭയക്കുന്നു.

ഇത്തരം ക്രൂരമായ തൊഴിൽ ചൂഷണങ്ങൾക്കെതിരെ സമഗ്രമായ ബോധവൽക്കരണവും സർക്കാരിൽ നിന്നുള്ള ശക്തമായ ഇടപെടലുകളും ഉടനടി വേണം. ഇല്ലെങ്കിൽ ഈ സാഹചര്യത്തിന് ഇരകളായ നിരവധി മനുഷ്യരുടെ ദുരിതങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും. ഈ വിഷയത്തെ സൂചിപ്പിച്ചുകൊണ്ടുള്ള വിശദമായ പരാതി യുകെ സർക്കാരിന് കൈരളി യുകെ സമർപ്പിച്ചു കഴിഞ്ഞു. മലയാളി സമൂഹത്തിനിടയിൽ ഇതേ പറ്റിയുള്ള വ്യക്തമായ ബോധവൽക്കരണമാണ് ഇനി വേണ്ടത്. മറ്റൊരു രാജ്യത്തിൽ അജ്ഞാതമായ തൊഴിലിടങ്ങളിൽ ചതിക്കപ്പെട്ടു നരകിച്ചു കഴിയേണ്ട അവരല്ല നമ്മുടെ യുവതിയുവാക്കൾ. അവരുടെ സാമൂഹ്യവും മാനസികവുമായ ക്ഷേമം നമ്മുടെ എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണ്.

യുകെയിലെ കെയർ ജോലികളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വാട്ട്സാപ്പ്‌ കൂട്ടായ്മയിലേക്ക്‌ സ്വാഗതം. താഴെ കാണുന്ന ലിങ്ക്‌ ഉപയോഗിച്ച്‌ ഇതിൽ അംഗമാകാം. മറ്റ് ഫോർവേഡുകളോ പ്രമോഷനുകളോ അനുവദനീയമല്ല. https://chat.whatsapp.com/HNjoFFxrfVL2lgzK5ulqjW

ഇതോടോപ്പം നിങ്ങൾക്ക്‌ ഉപകാരപ്പെടുന്ന ലിങ്കുകൾ കൂടി ഷെയർ ചെയ്യുന്നു,

യുകെയിലെ കെയർ രംഗത്തെ പ്രശ്നങ്ങൾ കൈരളി നടത്തിയ ചർച്ച: https://fb.watch/mJsTgH7Ixd/

നിങ്ങൾക്ക്‌ ജോലി നൽകിയ കമ്പനി വിവരങ്ങൾ അറിയുവാൻ: https://www.gov.uk/get-information-about-a-company

നിങ്ങളുടെ കമ്പനിക്ക് സ്പോൺസർഷിപ്പ് ലൈസൻസ് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുവാൻ: https://www.gov.uk/government/publications/register-of-licensed-sponsors-workers