Latest News

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ പ്രകോപിതനായി മുതലാളിയുടെ വീട് പൊളിച്ച് തൊഴിലാളിയുടെ പ്രതികാരം. തൊഴിലുടമയുടെ മുന്നിൽ കരയാനോ കാലുപിടിക്കാനോ നിൽക്കാതെ ഭൂവുടമയുടെ കായലോരത്തെ ആഡംബരവസതികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുകളഞ്ഞും പ്രദേശം മുഴുവൻ താറുമാറാക്കിയുമാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

കാനഡയിലെ കൽഗറിയിലാണ് സംഭവം. പോലീസെത്തുന്നതിന് മുമ്പ് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ രോഷം തീർക്കാൻ തടാകത്തിന്റെ സമീപത്തുള്ള പ്രദേശം മുഴുവൻ ആ തൊഴിലാളി നശിപ്പിച്ചു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

ഒടുവിൽ തൊഴിലാളിസമൂഹം ഉണർന്നിരിക്കുന്നു’ എന്ന് ഒരാൾ പ്രതികരിച്ചപ്പോൾ ‘ഇതിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിൽ ഇയാൾ അറസ്റ്റിലായേനെ’ എന്ന് മറ്റൊരാൾ പ്രതികരിച്ചു. സംഭവത്തിൽ അമ്പത്തിയൊമ്പതുകാരനെ അറസ്റ്റ് ചെയ്തതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഇയാൾക്ക് വലിയൊരു തുക പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

 

കുടുംബവഴക്കിനെ തുടർന്ന് സഹോദരൻ ജ്യേഷ്ഠനെ അടിച്ചുകൊലപ്പെടുത്തി. കൊപ്പം മുളയൻകാവിലാണ് സംഭവം. കുലുക്കല്ലൂർ നടക്കിൽവീട്ടിൽ സൻവർ ബാബു(40)വാണ് കൊല്ലപ്പെട്ടത്.

സൻവർ ബാബുവിനെ അനുജൻ സക്കീർ മരക്കഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സക്കീറിനെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.

മൊബൈലിൽ പാട്ട് ഉറക്കെവെച്ചതുമായി ബന്ധപ്പെട്ടാണ് സഹോദരങ്ങൾ തമ്മിൽ തർക്കം ഉണ്ടായതെന്നാണ് വിവരം. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമികവിവരം.

സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴമുന്നറിയിപ്പിൽ, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം തീയതി ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും നാലാം തീയതി എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. രണ്ടാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിലും മൂന്നാംതീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിലും നാലാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും അഞ്ചാം തീയതി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ;

04-08-2022: തിരുവനന്തപുരം, കൊല്ലം
05-08-2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
06-08-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

അറിവ് അന്വർത്ഥമാകുന്നത് പുതുതലമുറകൾക്ക് ചൈതന്യം പകരുമ്പോഴാണ് . സ്വാർത്ഥരായ പഴയ തലമുറക്കാർക്ക് ആ വിശാലമായ ലക്ഷ്യവുമില്ല അതിനുള്ള വരമൊഴിയെന്ന മാർഗവുമില്ല. അതുണ്ടായപ്പോൾ അവർ അത് സാധിച്ചു . അതുവരെ ഉണ്ടായിരുന്ന വായ്മൊഴിയെന്ന അമൂല്യ ധനം ആ തലമുറയോടെ അസ്തമിക്കുകയായിരുന്നു പതിവ്. ഡോ. ഐഷയുടെ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന അമൂല്യ ഗ്രന്ഥം ഈ കുറവ് നികത്തി.

മുന്നറിവുകളും സ്വന്തം പരീക്ഷണ നിരീക്ഷണ ഫലങ്ങളും ഡോ. കരുക്കളാക്കി കൊണ്ടാണ് വിശദമായും വ്യക്തമായും ലളിതമായും സരസമായും ഈ എഴുത്തുകാരി കരുതിവെച്ചിരുന്ന ഡയറിക്കുറിപ്പെന്ന രൂപരേഖയായി മാറി. ആകർഷണീയമായ ആ ഓർമ്മച്ചെപ്പ് അറിവുകളുടെ രഹസ്യ കലവറയായിരുന്നു. അതു കേവലം രണ്ടു കടലാസിൽ പ്രതിഫലിപ്പിക്കാവുന്ന യജ്ഞം ആയിരുന്നില്ല.

അത് തുറക്കും മുമ്പ് ഐഷ ഡോക്ടറുടെ പരിസരവും പൈതൃകവും ഒന്ന് ചികഞ്ഞു നോക്കുന്നത് നന്നെന്നു കരുതുന്നു.

നാട്ടിക കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പൽ ബി. ശ്യാം ലാൽ ആണ് ഡോക്ടർ ഐഷയുടെ വലംകൈയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രിയതമൻ . ആ തണൽ തഴുകിവരുന്ന മന്ദമാരുതനാണ് തന്റെ സഖിയുടെ പിൻബലവും ആന്തരിക ചൈതന്യവും . ഭാര്യയും ഭർത്താവും വിദ്യാധനം കൈകാര്യം ചെയ്യുന്ന ഒരേ തൊഴിലുകാർ. മാത്രമല്ല അനിയത്തി പ്രൊഫ. ഡോ. അനിത വി.യും അക്ഷരക്കുളത്തിൽ തന്നെ നീന്തിക്കുളിക്കുന്ന അരയന്ന പക്ഷികൾ . പ്രകൃതി ഒരുക്കിയ അതിമനോഹരമായ സാഹചര്യങ്ങൾ .

വിദ്യാഭ്യാസ നിലവാരം ഉരച്ചു നോക്കിയാൽ ഡോ. ഐഷ ഉയർന്ന തസ്തികയിലുള്ള ഏത് രാജ്യസേവ നടത്താനും കഴിവുറ്റ വ്യക്തിയാണ്. എങ്കിലും തന്റെ ചിറക്കര ഗ്രാമം ചുറ്റിപ്പറ്റി സേവ ചെയ്യുന്നതിൽ പ്രത്യേക ഔത്സുക്യമുണ്ട്. ഡോ. ഐഷാ വിദ്യാദേവതയുടെ വിവിധ ശാഖകളിൽ അസാമാന്യ പാടവം തെളിയിച്ച വ്യക്തിയാണ്. ഡിഗ്രി നേടിയതിനു ശേഷവും വൈവിദ്ധ്യമാർന്ന അറിവ് നേടുന്നതിൽ ഡോക്ടർ താല്പരയായിരുന്നു. എംസിഎ എടുത്തത് കോഴിക്കോട് റീജിയണൽ എൻജിനീയറിങ് കോളേജിൽ നിന്നാണ്. എം ബി എ എടുത്തത് ഇഗ്നൗവിൽ നിന്ന് . പി എച്ച് ഡി എടുത്തത് കുസാറ്റ് കമ്പ്യൂട്ടർ സയൻസിൽ . മാത്രമോ എൻ എസ് ഐ എമ്മിന്റെ ഹിപ്നോട്ടിക് കൗൺസിലിംഗ് യോഗ ആന്റ് നാച്ചുറോപ്പതി കോഴ്സും ഈക്കൂട്ടത്തിൽ കരസ്ഥമാക്കിക്കഴിഞ്ഞു.

ഇതൊക്കെ നേടിയെങ്കിലും തന്റെ ചിറക്കര ഗ്രാമസേവയാൽ സന്തുഷ്ടയാകുകയായിരുന്നു ഡോ. ഐഷയുടെ മോഹം . വിത്തു ഗുണം പത്തു ഗുണമെന്നാണ് പഴമൊഴി. മതാശുദ്ധിയെന്ന പൈതൃക സ്വത്ത് ഐഷ ഡോക്ടറുടെ ഐശ്വര്യവും കൈത്താങ്ങും. അധ്വാനത്തിൽ കര വിരുതും കൂടി കലർന്നപ്പോൾ ജീവിതവീഥി പ്രകാശപൂരിതമായി ഭവിച്ചു.

പഴമക്കാരിൽ മങ്ങിക്കിടന്ന വിദ്യാഭ്യാസം,മന:ശുദ്ധി, സഹകരണ ശീലം എന്നീ മൂല്യങ്ങൾ പരിരക്ഷിക്കുകയാണ് ഡോ. ഐഷാ വി .യുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ . പഴയതിനെ ദീർഘവീക്ഷണത്തോടെ പഠിച്ചതിനുശേഷമാണ് പുതിയതിനെ ഡോ. സ്വാഗതം ചെയ്തു കാണുന്നത്. സാധാരണക്കാർക്ക് അലഭ്യമായ പാഠങ്ങളാണ് ഡോ. അനുവാചകർക്ക് നൽകി പ്രബുദ്ധരാക്കുന്നത്.

റഫർ അദ്ധ്യായം 11

ഭക്ഷ്യവസ്തുക്കളുടെ കേടുകൂടാതുള്ള സംരക്ഷണക്കാലത്തെപ്പറ്റിയാണ് പറയുന്നത് ശ്രദ്ധിക്കുക.
കുരുമുളക് കേടുകൂടാതെ 25 വർഷം ഇരിക്കും. കൂവക്കിഴങ്ങു പൊടി 10 വർഷവും മഞ്ഞൾപൊടി അഞ്ചുവർഷവും ഇരിക്കുമ്പോൾ പിണംപുളി 10 വർഷം വരെ കേടില്ലാതെ ഇരിക്കും. കൃഷിരീതിയെപ്പറ്റി പറയുകയാണ്, കള പറിച്ചു കഴിഞ്ഞാൽ ചാരം കലക്കിയ വെള്ളം തളിച്ചാൽ ചെടിക്ക് തഴച്ചു വരാൻ കഴിയും. ആൽക്കലിയാണ് ചാരം. അത് നനഞ്ഞാൽ ചൂടിനെ കുറയ്ക്കാൻ കഴിയും.

അദ്ധ്യായം 91ൽ ആമയെപ്പറ്റിയുള്ള കാണാപ്പുറങ്ങൾ കാട്ടുകയാണ് ഡോക്ടർ. കാസർകോഡ് നെല്ലിക്കുന്നിൽ കടലാമ , കൂട്ടംകൂട്ടമായി കരയ്ക്കു വരുന്നത് സുരക്ഷിതമായി മുട്ടയിട്ട് വിരിയിക്കാനാണ്. ആമ മുട്ട വലുതും , തോടില്ലാത്തതും പകരം തോൽ ആവരണമുള്ളതുമാണ്. മുട്ടകൾ കര സംരക്ഷിക്കുമെന്ന ഒരു വിശ്വാസവും സമൂഹത്തിലുണ്ട് .

ആമയ്ക്ക് 500 വർഷം ആയുസ്സുണ്ട്. മാവേലിക്കരയിലും ആമക്കുളങ്ങളുണ്ടായിരുന്നു. ആമക്കുളങ്ങൽ നികത്തി പുതുമണ്ണ് മുകളിൽ ഇട്ട് മണ്ണ് കൃഷിയോഗ്യമാക്കി മാറ്റുന്നു.

അദ്ധ്യായം 91 പഴയ തലമുറ :-

അച്ഛൻറെ പേരിനപ്പുറം ആർക്കും അറിയില്ല .സ്ത്രീകളുടെ പരമ്പര നാമവും അറിയില്ല. താഴ്ന്നവരെ കുറവനെന്നും തേവനും മറ്റുമാണ് വിളി. ദേവി എന്ന നാമം മുന്തിയ ജാതിക്കാർക്കുള്ളതാണ്. പകരം തേവി എന്ന് തീണ്ടവർക്ക് വിളിപ്പേരാക്കാം.

കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചാന്നാർ എന്നായിരുന്നു രാജാവ് നൽകിയിരുന്ന വിളിപ്പേര്. പുതിയ തലമുറയ്ക്ക് മഹത്വമുള്ള മാനുഷിക മൂല്യങ്ങൾ കൊടുക്കാൻ വിദ്യാഭ്യാസം നൽകുന്നതാണ് ഒരു വഴി. സ്വയം പര്യാപ്തരായി ജീവിതം നയിക്കാൻ കരുത്തുള്ളവരാക്കുകയാണ് സമുദായ സേവനം .

നിഷ്കളങ്കമായ ഡോക്ടറുടെ സേവനങ്ങൾ ചിറക്കര ഗ്രാമത്തിൽ നിസ്തർക്കം വെളിച്ചം വീശുമെന്ന് ഡോ. ഐഷാ വി .യുടെ ചരിത്രത്തിൽ മുദ്രണം ചെയ്യുവാൻ ‘ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ’ എന്ന ഒറ്റ ഗ്രന്ഥം മതിയാകും എന്ന് സർവ്വാത്മനാ ഏവരും സമ്മതിക്കും.

ഭാവുകങ്ങൾ നേർന്നുകൊണ്ട്

ആറ്റിങ്ങൽ സി ദിവാകരൻ

കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ വ്യാപകമാണ്. വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ഇന്ന് മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ മഴക്കെടുതിയില്‍ മരണം ഒമ്പതായി.

കൂട്ടിക്കല്‍ ചപ്പാത്തില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ റിയാസ് എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയിലെ സാധനങ്ങള്‍ എടുത്തുമാറ്റുന്നതിനിടെ ഒഴുക്കില്‍പെട്ട സാധനങ്ങള്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റിയാസ് ഒഴുക്കില്‍ പെട്ടത്.

തീക്കോയി ഒറ്റഊട്ടിയില്‍ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ ഉരുള്‍പൊട്ടലുണ്ടായി. മണിമലയാര്‍ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതോടെയാണ് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായത്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

മീനച്ചിലാര്‍ കരകവിഞ്ഞതോടെ പാലാ കൊട്ടാരമറ്റം ഭാഗത്ത് റോഡില്‍ വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും കൂട്ടിക്കലും വെള്ളംകയറി. കാഞ്ഞിരപ്പള്ളിയില്‍ അഞ്ച് ദിരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ചിറക്കടവില്‍ വെള്ളം കയറിയതോടെ മൂന്നു വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.

ആലപ്പുഴ തോട്ടപ്പള്ളിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ കുടുങ്ങി. കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തില്‍ ബോട്ട് സുരക്ഷിതമാണ്. പത്ത് തൊഴിലാളികളാണ് ബോട്ടിലുള്ളത്. ബോട്ട് വൈകാതെ കരയിലേക്ക് കെട്ടിവലിച്ച് അടുപ്പിക്കാനാണ് ശ്രമം. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.

എറണാകുളത്ത് പെരിയാറും മൂവാറ്റുപുഴയാറിലൂം ജലനിരപ്പ് ഉയര്‍ന്നു. മൂവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ആലുവ ശിവക്ഷേത്രം പൂര്‍ണ്ണമായൂം മുങ്ങി. പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാര്‍ക്കുകയാണ്. ആലുവ മൂന്നാര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് കാണാതായ പൗലോസ് എന്നയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. മൂവാറ്റുപുഴ കൊച്ചങ്ങാടിയില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. ഏലൂരിലും 15 വീടുകളില്‍ വെള്ളം കയറി.

ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. പറമ്പിക്കുളത്ത് നിന്ന് വെള്ളം എത്തിയതോടെ പെരിങ്ങല്‍കൂത്തില്‍ ജലനിരപ്പ് ഉയര്‍ന്നു. ഡാം തുറന്നുവിട്ടതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. ആതിരപ്പിള്ളി പിള്ളപ്പാറയില്‍ ഒഴുക്കില്‍പെട്ട ആന രക്ഷപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു.

പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 20 എന്‍ഡിആര്‍എഫ് സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ചെങ്ങന്നൂരും തിരുവണ്ടൂരും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. പമ്പ, അച്ചന്‍കോവിലാര്‍ എന്നിവ കരകവിഞ്ഞ് ഒഴുകയുകയാണ്.

ഇടുക്കി ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. വലിയവീട്ടില്‍ ആലീസിനാണ് പരിക്കേറ്റത് മണ്ണിടിഞ്ഞ് വീടിന്റെ ഒരു ഭാഗത്തേക്ക് പതിക്കുകയായിരുന്നു.

കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ മൂന്നു വയസ്സുകാരി തസ്ലീന, രാജേഷ് എന്നിവര്‍ മരിച്ചു. ഇന്നലെ നാലിടത്താണ് ഉരുള്‍പൊട്ടിയത്. മണാലില്‍ ചന്ദ്രന്‍ എന്നയാളെ കാണാതായി. അമ്പതോളം കടകളിലും നിരവധി വീടുകളിലും വെള്ളം കയറി. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി.

വയനാട് മുത്തങ്ങ പുഴ കരകവിഞ്ഞു. ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. അതിതീവ്ര മഴയ്ക്കും പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്നു മുതല്‍ വ്യാഴാഴ്ചവരെ അതിതീവ്രമായ മഴ ഒറ്റപ്പെട്ട മേഖലകളില്‍ ലഭിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മലയോര മേഖലകളിലാണ് അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യത.
എല്ലാ ജില്ലകളിലും പരക്കേ ശക്തമായ മഴ ലഭിക്കും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി.

മണിമലയാര്‍, അച്ചന്‍കോവിലാര്‍, കരമനയാര്‍ എന്നിവ കരകവിഞ്ഞതോടെ ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് ഉയരുന്നതോടെ കൂടുതല്‍ ഡാമുകള്‍ തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു

പള്ളി വികാരി ചമഞ്ഞ് വീട്ടിലെത്തിയയാൾ വൃദ്ധയുടെ ഒരു പവന്റെ സ്വർണ വളയുമായി കടന്നു. പറവൂർ ഗലീലിയ പറയകാട്ടിൽ മേരി ഫ്രാൻസിസിന്റെ വളയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. മേരി ഫ്രാൻസിസ് മാത്രം വീട്ടിലുണ്ടായിരുന്ന സമയം പാന്റ്സും ഷർട്ടും ധരിച്ചെത്തിയ ഒരാൾ താൻ ഇറ്റലിയിലെ പള്ളി വികാരിയാണെന്ന് പരിചയപ്പെടുത്തി. വീടിന് ഐശ്വര്യമില്ലെന്നും മേരി ഫ്രാൻസിസിന് വളരെയധികം പ്രയാസങ്ങളുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഇത് മാറാൻ താൻ പ്രാർത്ഥന നടത്താമെന്ന് പറഞ്ഞ് മേരിയുടെ തലയിൽ കൈ കൊണ്ട് ഉഴിഞ്ഞ ശേഷം കൈയിൽക്കിടന്ന വള ഊരിയെടുത്തു. എന്തിനാണ് വള ഊരിയതെന്ന് ചോദിപ്പോൾ പ്രാർത്ഥനക്കാണെന്നും വൈകിട്ട് 5 മണിക്ക് തിരികെ നൽകാമെന്നും പറഞ്ഞ് ഇവിടെ നിന്ന് കടന്നുകളഞ്ഞു. വൈകിട്ട് ഇയാളെ കാണാതിരുന്നതിനെത്തുടർന്ന് മേരി ഫ്രാൻസിസ് പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകി. സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

വെസ്റ്റ് യോർക്ക്ഷയറിലെ വെയ്ക്ഫീൽഡിൽ താമസിക്കുന്ന റോഷൻ കിടങ്ങന്റെ മാതാവ് തൃശ്ശൂർ വേലൂർ കിടങ്ങൻ ആന്റോയുടെ ഭാര്യയുമായ ഫിലോമിന (60 ) നിര്യാതയായി . മൃതസംസ്ക്കാരശുശ്രൂഷകൾ വേലൂർ സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിൽ വച്ച് തിങ്കളാഴ്ച (01-08-2022) ഉച്ചകഴിഞ്ഞ് 4 മണിക്ക് നടത്തപ്പെടും.

മക്കൾ :- റോഷൻ (യുകെ) , ബിന്ധിയ, പരേതനായ ജെറി.
മരുമക്കൾ :- സിജി (യുകെ) , ജോയ്

റോഷൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലിവര്‍പൂള്‍ : ഇംഗ്ലണ്ടിലെ നോര്‍ത്ത്‌ വെസ്റ്റ് കേന്ദ്രമാക്കി വേൾഡ്‌ മലയാളി കൗണ്‍സിലിന്റെ പുതിയ പ്രോവിന്‍സ്‌ രൂപീകരിച്ചു. കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി ആഗോള തലത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ രണ്ടാമത്തെ പ്രൊവിന്‍സിനാണ്‌ നോര്‍ത്ത്‌ വെസ്റ്റില്‍ തുടക്കമായത്‌. ജൂലൈ 24ന്‌ സൂം പ്ലാറ്റ് ഫോമിലൂടെ നടന്ന ചടങ്ങില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്‍ ചെയര്‍മാന്‍ ശ്രീ ജോളി തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യൂറോപ്പ്‌ റീജിയന്‍ പ്രസിഡന്റ്‌ ശ്രീ ജോളി എം പടയാറ്റില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ വൈസ്‌ പ്രസിഡന്റ് ശ്രീ തോമസ്‌ അറമ്പന്‍കുടി നോര്‍ത്ത്‌ വെസ്റ്റ് ഇംഗ്ലണ്ട് പ്രോവിന്‍സിന്റെ രൂപീകരണം സംബന്ധിച്ച ഓദ്യോഗിക പ്രഖ്യാപനം നടത്തി. തുടര്‍ന്ന്‌ നോര്‍ത്ത്‌ വെസ്റ്റ് ഇംഗ്ലണ്ട്‌ പ്രൊവിന്‍സ്‌ ചെയര്‍മാന്‍ ശ്രീ ലിദീഷ്‌രാജ് പി തോമസ് നിയുക്ത ഭാരവാഹികളെ സദസ്സിന്‌ പരിചയപ്പെടുത്തി. തദവസരത്തില്‍ പ്രോവിന്‍സ്‌ രൂപീകരണത്തിന്‌ ഗ്ലോബല്‍ റീജിയണല്‍ ഭാരവാഹികളുടെ നിസീ മമായ സഹകരണത്തിന്‌ നന്ദി പറഞ്ഞിതിനൊപ്പം പ്രോവിന്‍സ്‌ രൂപീകരണത്തിന്‌ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ വേള്‍ഡ്‌ മെഡിക്കല്‍ ഫോറം പ്രസിഡന്റ്‌ ശ്രീ ജിമ്മി മൊയലന്‍ ലോനപ്പന്‌ നന്ദി പറയുകയും ചെയ്തു.

ശ്രീ പി സി മാത്യു, ശ്രീ ഗ്രിഗറി മേടയില്‍, ശ്രീ പിന്റോ കണ്ണംപള്ളി, ശ്രീ തോമസ്‌ കണ്ണങ്കേരില്‍, ശ്രീ ജോസ്‌ കുമ്പിളുവേലില്‍, ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍, ശ്രീ രാജു കുന്നക്കാട് , ശ്രീ ബാബു ചെമ്പകത്തിനാല്‍ തുടങ്ങിയവര്‍ പുതിയ പ്രോവിന്‍സിനും നിയുക്ത ഭാരവാഹികള്‍ക്കും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന്‌ ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ ഗോപാല പിള്ള നിയുക്ത ഭാരവാഹികള്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ്‌ റീജിയന്‍ സെക്രട്ടറി ശ്രീ ബാബു തോട്ടപ്പള്ളി നന്ദി പ്രകാശിപ്പിച്ചു. ശ്രീമതി മേഴ്‌സി തടത്തില്‍ മോഡറേറ്ററായിരുന്നു.

പുതിയ ഭാരവാഹികളായി ലിദീഷ്‌രാജ് പി തോമസ് (ചെയര്‍മാന്‍), ലിജി ജോബി (വൈസ്‌ ചെയര്‍മാന്‍), ഡോ. ബിന്റോ സൈമണ്‍ (വൈസ്‌ ചെയര്‍മാന്‍, സെബാസ്ററ്യൻ ജോസഫ്‌ (പ്രസിഡന്റ്‌ ), ഫെമി റൊണാള്‍ഡ്‌ തോണ്ടിക്കല്‍ (വൈസ്‌ പ്രസിഡന്റ്‌), ബിനു വര്‍ക്കി (വൈസ്‌ പ്രസിഡന്റ്‌), ആല്‍വിന്‍ ടോം (സെക്രട്ടറി) വിഷ്ണു നടേശന്‍ (ജോ. സെക്രട്ടറി), ലിന്റന്‍ പി ലാസര്‍ (ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്‌ ഗണേശന്‍, വര്‍ഗീസ്‌ ഐപ്പ്‌, ജിനോയ്‌ മാടന്‍, സുനിമോന്‍ വര്‍ഗീസ്‌, ജിതിന്‍ ജോയി, ബെന്‍സണ്‍ ദേവസ്യ, ഷിബു പോള്‍ എന്നിവരാണ്‌ ഏക്ടിക്യൂട്ടിവ്‌ കമ്മറ്റി അഗംങ്ങള്‍. 1995 ലാണ്‌ ന്യുജഴ്‌സി ആസ്ഥാനമായി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ രൂപീകൃതമായത്. ഈ വര്‍ഷം ജൂണ്‍ 23 മുതല്‍ 26 വരെ ബഹ്റൈനില്‍ നടന്ന പത്തൊന്‍പതാമത്‌ ഗ്ളോബല്‍ സമ്മേളനത്തിന്‌ ശേഷം ആദ്യമായി രൂപികരിക്കുന്ന പ്രൊവിന്‍സാണ്‌ ഇംഗ്ലണ്ടിലെ നോര്‍ത്ത്‌ വെസ്റ്റിലേത്‌.

 

വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കും ദാരുണാന്ത്യം. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇടുക്കി ചക്കുപള്ളം സ്വദേശികളായ ഇവർ പത്തു വർഷമായി പത്തനംതിട്ട കുമ്പനാട് ആണ് താമസിക്കുന്നത്. മരിച്ച ചാണ്ടി മാത്യു പാസ്റ്റർ ആണ്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന KL-01-AJ-2102 മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. 20 മിനിറ്റോളം കാർ വെള്ളത്തിൽ മുങ്ങിക്കിടന്നെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. പുറകിലുണ്ടായിരുന്ന കാർ കാണ്മാനില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് ആദ്യഘട്ടത്തിൽ തിരിച്ചിൽ നടത്തിയത്. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന എത്തിയാണ് കാർ കരക്കെത്തിച്ചത്.

വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തിൽ അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കാറിലുണ്ടായിരുന്നു വിദ്യാർത്ഥിനിയുടെ കോളേജ് ഐഡി കാർഡിലെ വിവരങ്ങളിൽ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. പരുമലയിലെ കോളേജിലെ വിദ്യാർത്ഥിനിയാണെന്ന് വ്യക്തമായതോടെ ഇതനുസരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

ആൺസുഹൃത്തിനൊപ്പം ഭാര്യയെ കണ്ടതിൽ രോഷം പൂണ്ട് ഭാര്യയെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. മരത്തിൽ കെട്ടിയിട്ട ശേഷമാണ് ക്രൂരമായി മർദ്ദിച്ചത്. സുഹൃത്തിനെ മറ്റൊരു മരത്തിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ ഖമേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭാര്യയെ കയറുകൊണ്ട് മരത്തിൽ കെട്ടിയിട്ട ശേഷം വടികൊണ്ട് അടിക്കുന്നതാണ് വീഡിയോയിൽ ഉളളത്. ഏഴു മണിക്കൂറോളം ഭർത്താവ് ഭാര്യയെ മരത്തിൽ കെട്ടിയിട്ടുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ ഭർത്താവും ഭർതൃസഹോദരനും ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ, ദേശീയ വനിതാ കമ്മിഷനും (എൻസിഡബ്ല്യു) കേസെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൻസിഡബ്ല്യു ചെയർപഴ്‌സൺ രേഖ ശർമ രാജസ്ഥാൻ ഡിജിപിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

Copyright © . All rights reserved