Latest News

​​അപ്പച്ചൻ കണ്ണഞ്ചിറ

കേംബ്രിഡ്ജ്: കലാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും വലിയ നൃത്ത-സംഗീത-ദൃശ്യ കലോത്സവം ശനിയാഴ്ച, ഫെബ്രുവരി 22 ന് ശനിയാഴ്ച കേംബ്രിഡ്ജിലെ നെതർഹാൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ശനിയാഴ്ച ഉച്ചക്ക് രണ്ടര മുതൽ രാത്രി പത്തര വരെ നീണ്ടു നിൽക്കുന്ന കലാമാമാങ്കത്തിൽ പ്രവേശനം തികച്ചും സൗജന്യമാണ്.

ജനമനസ്സുകളിൽ എന്നെന്നും കാത്തു സൂക്ഷിക്കുന്ന നിരവധി നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച പത്മശ്രീ ഓ എൻ വി കുറുപ്പ് മാഷിന് കലാഹൃദയങ്ങളോടു ചേർന്ന് പാവന അനുസ്മരണവും സംഗീതാദാരവും സംഗീതോത്സവ വേദിയിൽ അർപ്പിക്കും. കൂടാതെ മലയാളികളുടെ സ്വന്തം ഭാവഗായകൻ യശഃശ്ശശരീരനായ പി ജയചന്ദ്രന്റെ അനുസ്മരണവും ശ്രദ്ധാഞ്ജലിയും തഥവസരത്തിൽ സമർപ്പിക്കുന്നതാണ്. പ്രഗത്ഭരായ കലാകാരുടെ സർഗ്ഗ പ്രതിഭ തെളിയിക്കുന്ന 60 ൽ പരം സംഗീത-നൃത്ത ഇനങ്ങൾ കൂടി ചേരുമ്പോൾ വർണ്ണാഭമായ മെഗാ കലാ വസന്തമാവും നെതർഹാൾ സ്‌കൂൾ വേദിയിൽ ശനിയാഴ്ച പൂവിടുക.

7 ബീറ്റ്സിന്റെ മുഖ്യ കോർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ, സണ്ണിമോൻ മത്തായി സ്വാഗതം ആശംസിക്കും. വിശിഷ്‌ട വ്യക്തിത്വങ്ങൾ അതിഥികളായെത്തുന്ന സംഗീതോത്സവത്തിനു ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്‌മയായ കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷനാണ് ആതിഥേയത്വം വഹിക്കുക.

യു കെ മലയാളികളുടെ ചരിത്ര താളുകളിൽ ഇടംപിടിച്ച അതുല്യ വ്യക്തിത്വങ്ങളെ വേദിയിൽ ആദരിക്കുന്നതോടൊപ്പം, യു കെ യിൽ ഇദംപ്രദമായി അവതരിപ്പിക്കുന്ന പുരാതന കേരള നാടോടിക്കഥകളുടെ പൂതപ്പാട്ട് അവതരണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. യു കെ യിലെ പ്രശസ്ത അവതാരകരായ രാജേഷ് നായർ ( ഡെർബി) അൻസി കൃഷ്ണൻ (സൗത്താംപ്ടൺ), ആൻ റോസ് സോണി( ലീഡ്സ്), ആന്റോ ബാബു (ബെഡ്ഫോർഡ്) എന്നിവർ സംഗീതോത്സവ പ്രോഗ്രാം കോർത്തിണക്കും. ടീം ജതി, പൂതപ്പാട്ട് ടീം, മാതംഗി ഡാൻസ് ഗ്രൂപ്പ്, കലാതിലകങ്ങളായ ആനി-ടോണി ടീം, ടീം ലിറ്റിൽ ഹാർട്ട്സ് അടക്കം പ്രശസ്ത ടീമുകൾ വേദിയിൽ കാലമാസ്മരികത വിരിയിക്കുമ്പോൾ വ്യക്തിമികവുകളുമായി ശ്രോതാക്കളെ കോരിത്തരിപ്പിക്കുവാൻ നിരവധി ഗായക നൃത്ത പ്രതിഭകളും അണിനിരക്കും.

സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്ത- നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന അരങ്ങിൽ, സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുമുള്ള സുവർണ്ണാവസരമാവും കേംബ്രിഡ്ജിലെ ദി നെതർഹാൾ സ്‌കൂൾ വേദി സമ്മാനിക്കുക.


ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക. ആകർഷകമായ സമ്മാനം വാഗ്ദാനം ചെയ്യുന്ന ‘ചാരിറ്റി റാഫിൾ ടിക്കറ്റ് ‘നറുക്കെടുപ്പും, ജീവകാരുണ്യ ധനശേഖരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട്, യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവം, തിരക്കിട്ട ജീവിതത്തിനിടയിൽ ശാന്തമായിരുന്ന് ഉള്ളു നിറയെ ആനന്ദിക്കുവാനും ആസ്വദിക്കുവാനും സുവർണ്ണാവസരം ഒരുക്കുമ്പോൾ, അതിന്റെ സീസൺ 8 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.


കേരളത്തനിമയിൽ ചൂടുള്ള രുചിക്കൂട്ടുകളുമായി ഫുഡ് സ്റ്റോളുകൾ ഉച്ചക്ക് രണ്ടു മണിമുതൽ ഹാളിനോടനുബന്ധിച്ചു തുറന്നു പ്രവർത്തിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Abraham Lukose: 07886262747
Sunnymon Mathai:07727993229
Jomon Mammoottil:
07930431445
Manoj Thomas:
07846475589
Appachan Kannanchira:
07737 956977

Venue: The Netherhall School , Queen Edith’s Way, Cambridge, CB1 8NN

കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ് നടന്നതായി വിദ്യാര്‍ഥിയുടെ പരാതി. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴുപേര്‍ക്കെതിരെയാണ് പരാതി.

സി.സി.ടി.വി. ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സമിതി റാഗിങ് നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ 11-ാം തീയതി സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ബിന്‍സ് ജോസിന്റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഇരുകൂട്ടരുടെയും പരാതിയില്‍ അന്ന് കഴക്കൂട്ടം പോലീസ് കേസെടുക്കുകയും ചെയ്തു.

സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വരാന്തയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് സംഭവം. സ്‌കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു വിദ്യാര്‍ത്ഥികള്‍ തട്ടിക്കളിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് കാലിന് ചെറിയതോതില്‍ പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി.

കാട്ടുപന്നിയെ പിടികൂടുന്നതിനായി വെച്ച സ്‌ഫോടക വസ്തു തെരുവുനായ്ക്കളോ മറ്റോ കടിച്ചു കൊണ്ട് വന്ന് സ്‌കൂള്‍ വളപ്പിലിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പഴയന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലവ് ജിഹാദ് കേസുകള്‍ക്കും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും എതിരായ നിയമ നിര്‍മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിന് മുന്നോടിയായി ഏഴ് അംഗ സമിതി രൂപീകരിച്ചു.

സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് വര്‍മയുടെ നേതൃത്വത്തിലുള്ള പാനലില്‍ സ്ത്രീ-ശിശുക്ഷേമം, ന്യൂനപക്ഷകാര്യം, നിയമം, ജുഡീഷ്യറി, സാമൂഹിക നീതി, പ്രത്യേക സഹായം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അംഗങ്ങളാണ്.

വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച സര്‍ക്കാര്‍ പ്രമേയം അനുസരിച്ച് ലവ് ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ കമ്മിറ്റി നിര്‍ദേശിക്കും. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങള്‍ അവലോകനം ചെയ്യുകയും നിയമ വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും.

ശ്രദ്ധ വാക്കര്‍ കേസിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണസഖ്യം ലവ് ജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. 2022 ല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള 27 കാരിയായ വാക്കര്‍ എന്ന സ്ത്രീയെ കൊലപ്പെടുത്തി അവരുടെ ലിവ്-ഇന്‍ പങ്കാളിയായ അഫ്താബ് പൂനാവാല മൃതദേഹം പല കഷണങ്ങളായി വെട്ടിമുറിച്ചു.

കമ്മിറ്റി രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. ‘വിവാഹം കഴിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നത് വ്യക്തിപരമായ തീരുമാനമാണ്’ എന്ന് എന്‍സിപി (ശരത് പവാര്‍) നേതാവ് സുപ്രിയ സുലെ പറഞ്ഞു.

ബിജെപിയെ വിമര്‍ശിച്ച സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസ്മി, സര്‍ക്കാര്‍ മുസ്ലീങ്ങളെ ഉപദ്രവിക്കുന്നതിലും വര്‍ഗീയത പ്രചരിപ്പിക്കുന്നതിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പറഞ്ഞു.

എന്നാല്‍ രാജ്യത്തുടനീളം ലവ് ജിഹാദ് കേസുകള്‍ വര്‍ധിച്ചു വരികയാണെന്ന് സര്‍ക്കാരിന്റെ നീക്കത്തെ ന്യായീകരിച്ച് ബിജെപി എംഎല്‍എ മംഗള്‍ ലോധ പറഞ്ഞു. ശ്രദ്ധ വാള്‍ക്കറിനെ എത്ര കഷണങ്ങളാക്കി മുറിച്ചെന്ന് നമ്മളെല്ലാം കണ്ടു. മഹാരാഷ്ട്രയില്‍ ഇത്തരം നിരവധി കേസുകളുണ്ടെന്നും ലോധ വ്യക്തമാക്കി.

അടുത്തിടെ അന്തരിച്ച നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവിന്‍റെ പരാക്രമം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്‍റെ പരാക്രമം അരങ്ങേറിയത്. പ്രദേശത്തെ വീടുകളിൽ ബഹളമുണ്ടാക്കുകയും മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ നീക്കിയത്.

പൊലീസ് യുവാവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ ഇന്ന് പുലർച്ചെയോടെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയ ഇയാൾ ജീവനക്കാരോടടക്കം തട്ടിക്കയറിയെന്നും പൊലീസ് പറ‍ഞ്ഞു.

തുടര്‍ന്ന് പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിലും ഇയാൾ ബഹളമുണ്ടാക്കിയതോടെ കൈകാലുകൾ ബന്ധിച്ചാണ് പേരൂർക്കട ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഇയാൾ സമീപത്തെ ക്ഷേത്രത്തിലെ ജീവനക്കാരനാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. നെയ്യാറ്റിൻകരയിൽ അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്തതോടെയാണ് ‘ഗോപൻ സ്വാമി’യെന്ന പേര് വൈറലായത്. കഴിഞ്ഞ മാസമാണ് അതിയന്നൂർ കാവുവിളാകത്ത് ഗോപൻസ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അയൽവാസികൾ രംഗത്ത് വന്നത്.

വീടിന് മുന്നിൽ സമാധി ഇരുത്തിയെന്ന് മകൻ അവകാശപ്പെടുന്ന കല്ലറ പൊളിച്ച് പരിശോധിച്ചെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കാര്യമായൊന്നുമുണ്ടായില്ല. നെയ്ത്തു ജോലിയും ചുമട്ട് തൊഴിലുമൊക്കെ ചെയ്തുപോന്നിരുന്ന ആളാണ് ‘ഗോപൻ സ്വാമി’ എന്നറിയപ്പെടുന്ന മണിയൻ. അതിയന്നൂർ കാവുവിളാകത്ത് പ്ലാവിളയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്.

പിന്നീട് ചുമട്ടുതൊഴിലിലേക്ക് മാറി. ആത്മീയതയുടെ വഴിയിലേക്ക് മാറിയതോടെയാണ് ഗോപൻ സ്വാമിയെന്ന പേര് സ്വീകരിക്കുന്നതും ക്ഷേത്രം നിർമിച്ച് പൂജ തുടങ്ങിയതും. ഇരുപത് വർഷത്തിനു മുൻപാണ് കാവുവിളയിൽ സ്ഥലം വാങ്ങി വീടുവെക്കുന്നത്. പിന്നീട് വീടിനോടുചേർന്ന് കൈലാസനാഥൻ മഹാദേവർ ക്ഷേത്രം നിർമിച്ചു. ഇവിടെ പൂജകള്‍ ചെയ്തു പോന്നിരുന്നു. രക്ത സമ്മർദവും പ്രമേഹവും കാരണം പാറശാലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടിയരുന്ന ഗോപൻ മാസങ്ങളായി പുറത്തിറങ്ങാനാവാതെ കിടപ്പിലുമായിരുന്നു.

ജനുവരി ആദ്യവാരം ഗോപൻ സ്വാമി മരിച്ചു. ഗോപന്‍റെ മരണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ ജനുവരി 16ന് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി വീണ്ടും സംസ്‌കരിച്ചു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കാത്തിരിക്കുകയാണ് പൊലീസ്. ഇതിനിടെയാണ് സ്വാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്നാരോപിച്ച് യുവാവിന്‍റെ പരാക്രമം. മാനസിക പ്രശ്നമുള്ള യുവാവാണെന്ന് കണ്ടതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

അപ്പച്ചൻ കണ്ണഞ്ചിറ

കവൻട്രി: യു കെ സന്ദർശിച്ച യുവ എം എൽ എ രാഹുലിന് കവൻട്രിയിൽ ഗംഭീര പൗരസ്വീകരണവും ആദരവും ഒരുക്കി ഒ ഐ സി സി (യു കെ). കൊവൻട്രിയിലെ ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ച പൗരസ്വീകരണത്തിൽ യു കെയുടെ വിവിധ ഇടങ്ങളിൽ നിന്നും എത്തിച്ചേർന്ന നിരവധി പേർ പങ്കെടുത്തു.Image.png
തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി സംഘടിപ്പിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഒ ഐ സി സി നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് നിർവഹിച്ചു. നാഷണൽ വക്താവും പ്രോഗ്രാം കോർഡിനേറ്ററുമായ റോമി കുര്യാക്കോസ് ആമുഖ പ്രസംഗം നൽകി. ചടങ്ങിൽ വർക്കിംഗ്‌ പ്രസിഡന്റ്‌ മണികണ്ഠൻ ഐക്കാട് ആശംസകൾ നേർന്നു.


പരിപാടിയിൽ പങ്കെടുത്തവരുമായി സംവാദിക്കുന്നതിനും രാഹുൽ സമയം കണ്ടെത്തി. സദസ്സിന്റെ ചോദ്യങ്ങൾക്ക് കാച്ചിക്കുറുക്കിയും ചിന്തിപ്പിക്കുന്നതുമായ മറുപടികളിലൂടെ അദ്ദേഹം പരിപാടിയിലെ മിന്നും താരമായി മാറി.

ചടങ്ങിൽ വച്ച് ഒ ഐ സി സി (യു കെ) കവന്ററി യൂണിറ്റ് രാഹുലിന് സ്നേഹാദരവ് നൽകി. സംഘടനയുടെ കവന്ററി, ലെസ്റ്റർ യൂണിറ്റുകളുടെ ഇൻസ്റ്റലേഷനും ഭാരവാഹികൾക്കുള്ള ചുമതലാപത്രം കൈമാറുന്ന ചടങ്ങും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

യു കെയിലെ ജനങ്ങൾ തനിക്ക് നൽകുന്ന സ്നേഹത്തിനും അംഗീകാരത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച ശ്രീ. രാഹുൽ പരിപാടിയിൽ പങ്കെടുത്തവരോടൊപ്പം സ്നേഹവിരുന്നും ആസ്വദിച്ച ശേഷമാണ് മടങ്ങിയത്. കവൻട്രി യൂണിറ്റ് പ്രസിഡന്റ്‌ ഡോ. ജോബിൻ സെബാസ്റ്റ്യൻ നന്ദി പ്രകാശിപ്പിച്ചു.

 

 

അപ്പച്ചൻ കണ്ണഞ്ചിറ

ബെർമിങ്ങാം : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ടും യുവ നിയമസഭാ സാമാജികനുമായ രാഹുൽ മാങ്കൂട്ടത്തിലിന് ബർമിങ്ങാം എയർപോർട്ടിൽ വച്ച് ഒ ഐ സി സി (യു കെ) ഗംഭീര സ്വീകരണം ഒരുക്കി. നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ പൂച്ചെണ്ട്‌ നൽകിയാണ് രാഹുലിനെ സ്വീകരിച്ചത്.

നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, വിവിധ യൂണിറ്റുകളുടെ പ്രതിനിധികൾ അടക്കം നിരവധി പേർ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു.

പാലക്കാട്ടെ ഐതിഹാസിക വിജയത്തിന് ശേഷം രാഹുൽ നടത്തുന്ന ആദ്യ വിദേശരാജ്യ സന്ദർശനമാനിത്. ഒ ഐ സി സി (യു കെ) യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് രാഹുൽ യു കെയിൽ എത്തിയിരിക്കുന്നത്.


ഒ ഐ സി സി (യു കെ) യുടെ ബോൾട്ടനിൽ ഒരുക്കിയ നാഷണൽ കമ്മിറ്റി ഓഫീസ്, പ്രിയദർശിനി ലൈബ്രറി, ഉമ്മൻ ചാണ്ടി, പി ടി തോമസ് മെമ്മോറിയൽ ട്രോഫിക്ക്‌ വേണ്ടിയുള്ള ഓൾ യു കെ മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് എന്നിവയുടെ ഉദ്ഘാടനം രാഹുൽ നിർവഹിക്കും.

കവൻട്രിയിലെ ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തിലും ടോക്ക് ഷോയിലും അദ്ദേഹം പങ്കെടുക്കും.

പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ച കേസില്‍ പൊലീസിനെ വട്ടം കറക്കിയ പ്രതി പിടിയില്‍. തൃശൂര്‍ ജില്ലയില്‍ നിന്ന് 36 മണിക്കൂറിന് ശേഷമാണ് പ്രതി പിടിയിലായത്. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് പിടിയിലായതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് ഇയാള്‍ ഉള്ളതെന്നാണ് സൂചന. പേരാമ്പ്രയിലെ ചെറുകുന്ന് പ്രദേശത്ത് ഇന്ന് പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. പ്രതിയില്‍ നിന്ന് പത്ത് ലക്ഷം രൂപ കണ്ടെടുത്തു. വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഫെബ്രുവരി 14 നാണ് പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടന്നത്. ജാക്കറ്റും ഹെൽമറ്റും ധരിച്ച് ഇരുചക്രവാഹനത്തിയ പ്രതി ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപയാണ് പ്രതി മോഷ്‌ടിച്ചത്. മോഷണ സമയം മാനേജരും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നത്.

പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് കൊല്ലപ്പെട്ടു. പെരുന്നാട് മാമ്പാറ സ്വദേശി ജിതിൻ (36) ആണ് മരിച്ചത്. ഞായാറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിനു കുത്തേറ്റത്.

മഠത്തുംമൂഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ നേരത്തെ സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിനു പിന്നിൽ രാഷ്ട്രീയ തർക്കം ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിതിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അനധികൃതമായി കുടിയേറാൻ ശ്രമിച്ച് പിടിയിലായതിനെ തുടർന്ന് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരിൽ രണ്ടുപേരെ കൊലപാതക കേസിൽ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി അമൃത്‌സർ വിമാനത്താവളത്തിൽ അമേരിക്കയുടെ സി-17 സൈനിക വിമാനത്തിലെത്തിച്ച 116 പേരിൽ പട്യാല ജില്ലയിലെ രാജ്‌പുരയിൽ നിന്നുള്ള രണ്ട് യുവാക്കളെയാണ് പോലീസ് പിടികൂടിയത്.

2023 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ പ്രതികളായ സണ്ണി എന്ന സന്ദീപ് സിങ്, പ്രദീപ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്‌പി) നാനക് സിങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്പുര പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അമൃത്‌സർ വിമാനത്താവളത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

നാടുകടത്തപ്പെട്ട് അമൃത്‌സറിലെത്തുന്ന ഇന്ത്യക്കാരിൽ കൊലപാതകകേസിൽ ഉൾപ്പെട്ടവരുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് കൃത്യമായ ജാഗ്രതയോടെ നടത്തിയ ഇടപ്പെടലിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കി.

2023 ജൂണിലാണ് സന്ദീപിനും മറ്റ് നാല് പേർക്കുമെതിരെ രാജ്പുര പോലീസ് കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് നടന്ന അന്വേഷണത്തിൽ സന്ദീപിനും കേസിൽ പങ്കുണ്ടെന്ന് വ്യക്തമാകുകയും എഫ്ഐആറിൽ പേര് ചേർക്കുകയുമായിരുന്നു.

ശനിയാഴ്ച രാത്രി 11.40 ഓടെയാണ് അമേരിക്കൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ ഇന്ത്യക്കാരെ അമൃത്‌സർ വിമാനത്താവളത്തിലെത്തിച്ചത്. കൈവിലങ്ങണിയിച്ചും കാലിൽ ചങ്ങലകൊണ്ട് ബന്ധിച്ചുമാണ് ഇത്തവണയും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചതെന്നാണ് വിവരം. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, യു.പി, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഈ ആഴ്ചതന്നെ മൂന്ന് വിമാനങ്ങളിലായി കൂടുതൽ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.

RECENT POSTS
Copyright © . All rights reserved