കോട്ടയം ജില്ലയിലെ പ്രകൃതിരമണീയമായ അരിക്കുഴി വെള്ളച്ചാട്ടം ഉൾപ്പെടുന്ന ഭൂപ്രദേശം ആയ ഉഴവൂർ പഞ്ചായത്തിലെ പയസ്മൗണ്ടിൽ നിന്നും യുകെയിലേക്ക് കുടിയേറി പാർത്ത കുടുംബാംഗങ്ങളുടെ ആദ്യത്തെ സംഗമം ബർമിഹാമിലെ കോർപ്പസ് ക്രിസ്റ്റി ചർച്ച് ഹാളിൽ വച്ച് ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ പത്തുമണി മുതൽ വൈകുന്നേരം 4 മണി വരെ നടത്തപ്പെടുന്നതാണ് രാവിലെ പത്തുമണിക്ക് തുടങ്ങുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം പള്ളിയുടെ ഹാളിൽ വച്ച് നടക്കുന്ന പരിപാടി മുൻ ഉഴവൂർ ബ്ലോക്ക് പ്രസിഡണ്ടും പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീമതി മോളി ലൂക്കാ ഉദ്ഘാടനം ചെയ്യുന്നതാണ് തുടർന്ന് കുട്ടികളുടെ പരിപാടിയും അതേ തുടർന്ന് യുകെയിലെ പ്രശസ്ത ഗായകരായ കാഥികൻ ജയ് മോനും ലക്സി എബ്രഹാം എന്നിവർ നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ എത്രയും പെട്ടെന്ന് കോഡിനേറ്റർ മാരായ സിബി മുളകനാലിനെയോ (07723759634) ജൈബി പുന്നിലത്തിനെയോ (07788817277)
റിച്ചാർഡ് മഴുപ്പേൽ (07846016839)നെയോ ബന്ധപ്പെടേണ്ടതാണ്. ഹാളിന്റെ പോസ്റ്റ് കോഡ്
CORPUS CHRISTI CHURCH HALL
LITTLETTON ROAD
STECHFORD. B33 8BJ.
ചുരുങ്ങിയ കാലത്തെ പ്രവർത്തനം കൊണ്ട് യുകെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ പുരോഗമന സാംസ്‌കാരിക സംഘടന കൈരളി യുകെയുടെ ദേശീയ സമ്മേളനം 2025 ഏപ്രിൽ 25, 26 തീയതികളിൽ ഇംഗ്ലണ്ടിലെ ന്യൂബറിയിൽ വെച്ച് നടക്കുന്നു.
ഏപ്രിൽ 25ന് നടക്കുന്ന പൊതു സമ്മേളനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഗസൽ ഗായകൻ അലോഷിയുടെ ഗാനസന്ധ്യയ്ക്കൊപ്പം വൈവിദ്ധ്യമാർന്ന കലാ പരിപാടികൾ പൊതു പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. ഉച്ച മുതൽ രാത്രി വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ സൗജന്യവും പങ്കെടുക്കുവാൻ മുൻകൂറായി ടിക്കറ്റ് എടുക്കുകയോ റജിസ്റ്റർ ചെയ്യേണ്ടതായോ ആവശ്യമില്ല. പൊതു പരിപാടിയിൽ യുകെയിലെ മലയാളി സമൂഹത്തിനു മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കും. അന്നേ ദിവസം വിവിധ സ്റ്റാളുകളും ഫുഡ് ട്രക്കുകളും സമ്മേളന നഗരിയിൽ ഉണ്ടായിരിക്കും. കൈരളി യുകെയുടെ നാൽപതിലധികം യൂണിറ്റുകളിൽ നിന്നും വിവിധ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് ഈ പരിപാടി ആസ്വദിക്കാൻ എത്തിച്ചേരുന്നത്.
ഏപ്രിൽ 26 ന് നടക്കുന്ന പ്രതിനിധി സമ്മേളനം കൈരളി യുകെയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി വരും കാലങ്ങളിൽ കൈരളി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യും. ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനായി വിപുലമായ സംവിധാനങ്ങളും സ്വാഗത സംഘവും രൂപീകരിച്ച് ഒരുക്കങ്ങൾ നടക്കുന്നു. സമ്മേളനത്തിൽ ഭാഗമാകുവാൻ യുകെ യിലെ മുഴുവൻ മലയാളികളേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി കൈരളിയുടെ കേന്ദ്ര കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പിനും കൈരളിയുമായി ഫേസ്ബുക്ക് ഇൻസ്റ്റ അക്കൗണ്ടുകൾ വഴി ബന്ധപ്പെടുക.
റോയ് തോമസ്
എക്സിറ്റർ: അടുത്തു കാലത്തായി സാധാരണക്കാരായ പ്രവാസി മലയാളികൾക്ക് തുറന്നു കിട്ടിയ സ്വപ്ന തുല്യമായ തൊഴിൽ മേഖലയാണ് ട്രെക്ക് ഡ്രൈവിങ് ജോലി. ആ ജോലി സാധ്യത പ്രത്യേകിച്ച് കോവിഡാനന്തരം ഇംഗ്ലണ്ടിലെ മലയാളികളും ഉപയോഗപ്പെടുത്തി വരുന്നു.
ഉയർന്ന വിദ്യാഭ്യസ യോഗ്യതയില്ലാത്തവർക്കും സുന്ദരമായൊരു ജീവിതം കെട്ടിപിടുത്തുവാൻ സഹായമാവുന്ന വേതനവും ജോലി സാഹചര്യവും ലഭ്യമാകുന്നതു കൊണ്ട് കൂടുതൽ ചെറുപ്പക്കാരും മധ്യവയ്സകരും ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ മലയാളികളായ ട്രെക്ക് ഡ്രൈവറന്മാരുടെ എണ്ണം ഇരുന്നൂറ് കഴിഞ്ഞു എന്നത് നമുക്കും സന്തോഷകരമായ കാര്യമാകുന്നതോടൊപ്പം തന്നെ ലോകത്തിൻ്റെ അവശ്യ സേവന മേഖലയിൽ അവർ ഭാഗമാകുന്നുവെന്നത് ഒരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യവുമാണ്.
തങ്ങളുടെ സൗഹൃദങ്ങളും, തൊഴിൽ സംബന്ധമായ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നുതിനും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനുമായി ഇംഗ്ലണ്ടിലെ ട്രെക്ക് ഡ്രൈവന്മാർ എല്ലാ വർഷവും നമ്മേളിക്കാറുണ്ട്. മലയാളി ട്രക്ക് ഡ്രൈവേഴ്സ് യുണൈറ്റഡ് കിങ്ങ്ഡത്തിൻ്റെ മൂന്നാമത് കൂട്ടായ്മ കഴിഞ്ഞ വാരാന്ത്യത്തിൽ പീക്ക് ഡിസ്ട്രക്റ്റിലെ തോൺബ്രിഡ്ജ് ഔട്ട്ഡോർസിൽ ചേരുകയുണ്ടായി.
തൊഴിൽ മേഖലയിലെ സ്വന്തം അനുഭവങ്ങൾ പങ്കു വയ്ക്കുകയും കൂടുതൽ മലയാളികളെ ഈ മേഖലയിലേക്ക് കടന്നുവരുവാൻ സഹായിക്കാനാവും വിധം കൂട്ടായ്മയുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്ന കാര്യങ്ങളടക്കമുള്ള വിഷയങ്ങൾ കൂട്ടായ്മയിൽ ചർച്ച ചെയ്തു. സ്വന്തമായി ലോജിസ്റ്റിക് ബിസ്സിനസ്സ് നടത്തുന്നതിൻ്റെ സാധ്യതകളെ കുറിച്ച് ബിജോ ജോർജ്, ജയേഷ് ജോസഫ്, ബിൻസ് ജോർജ് എന്നിവർ. തങ്ങളുടെ അനുഭങ്ങൾ പങ്കു വച്ചത് മറ്റുള്ളവർക്ക് കൂടുതൽ പ്രചോദനവും പ്രതിക്ഷയും നൽകുന്ന കാര്യമായിരുന്നു.
2025-26 കാല ഘട്ടത്തിലെ പുതിയ കമ്മറ്റിയംഗങ്ങളായി റോയ് തോമസ് (എക്സിറ്റർ), ജെയ്ൻ ജോസഫ് ( ലെസ്റ്റർ) അമൽ പയസ് (അബ്രഡിയൻ) അനിൽ അബ്രാഹം (അയൽ സ്ബറി ) ജിബിൻ ജോർജ് (കെൻ്റ്) എന്നിവരെ ഐക്യകണ്ഠേന പ്രസ്തുത യോഗത്തിൽ തെരഞ്ഞെടുത്തു.
കൂട്ടായ്മയോട് അനുബന്ധിച്ച നടന്ന യോഗത്തിൽ തോമസ് ജോസഫ് മുഖ്യ പ്രഭാഷണവും ബിജു തോമസ് സ്വാഗതവും റോയ് തോമസ് നന്ദിയും രേഖപ്പെടുത്തി.
മലയാളി ട്രക്ക് ഡ്രൈവേഴ്സ് യുണൈറ്റഡ കിങ്ഡം പുതിയ ലോഗോയുടെ പ്രകാശനം കോശി വർഗീസും റെജി ജോണും ചേർന്ന് നടത്തുകയുണ്ടായി.
വിഭവ സമൃദ്ധമായ ഭക്ഷണങ്ങളും രാവേറെ നീണ്ടു നില്ക്കുന്ന ആഘോഷങ്ങൾക്കും ശേഷം എംടിഡിയുകെ അംഗങ്ങൾ മൂന്നാം ദിനം പീക്ക് മലനിരകളെറങ്ങി യുകെയിലെ നിരത്തിലൂടെ തെല്ലും അഭിമാനത്തോടും സന്തോഷത്തോടും സ്വഭവനങ്ങളിലേക്ക് മടങ്ങി.
യാത്രയ്ക്കിടെ തീവണ്ടിയില്‍വെച്ചു സൗഹൃദംസ്ഥാപിച്ച യുവാവ് പിന്നീട് വീട്ടിലെത്തി പ്രായമായ ദമ്പതിമാരുടെ ആറുപവന്‍ സ്വര്‍ണം കവര്‍ന്നു. വളാഞ്ചേരി കോട്ടപ്പുറം പെട്രോള്‍പമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രനെയും (75) ഭാര്യ ചന്ദ്രമതി(63)യെയുമാണ് ഇയാള്‍ മയക്കിക്കിടത്തി താലിമാലയും മറ്റൊരു മാലയും വളയുമുള്‍പ്പെടെ ആറുപവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നത്.
ചന്ദ്രനും ഭാര്യ ചന്ദ്രമതിയും കഴിഞ്ഞ ചൊവ്വാഴ്ച മുട്ടുവേദനയ്ക്ക് ഡോക്ടറെ കാണാന്‍ കൊട്ടാരക്കരയില്‍ പോയിരുന്നു. മുംബൈയിലേക്കുള്ള ലോകമാന്യതിലക് ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്കയാത്ര. സീറ്റില്ലാതെ പ്രയാസപ്പെട്ട് വടികുത്തി നില്‍ക്കുന്ന ചന്ദ്രനടുത്തേക്ക് 35 വയസ്സു തോന്നിക്കുന്ന ഇയാള്‍ നാവികസേനയില്‍ ഉദ്യോഗസ്ഥനാണെന്നും പേര് നീരജാണെന്നും പറഞ്ഞ് പരിചയപ്പെട്ടു. താമസിയാതെ ചന്ദ്രമതിക്കും ഇയാള്‍ സീറ്റ് തരപ്പെടുത്തിനല്‍കി. തുടര്‍ന്ന് ഇവര്‍ക്കൊപ്പമിരുന്ന് കൊട്ടാരക്കരയ്ക്കു പോയ കാര്യമന്വേഷിച്ചു.
മുട്ട് മാറ്റിവെക്കുന്നതിന് ലക്ഷങ്ങളാണ് ആശുപത്രികള്‍ വാങ്ങുന്നതെന്നും നാവികസേനാ ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയ ചെയ്യാന്‍ സൗകര്യമുണ്ടെന്നും താന്‍ ശ്രമിച്ചുനോക്കട്ടെയെന്നും പറഞ്ഞപ്പോള്‍ അവരത് വിശ്വസിച്ചു. ഇതിനിടെ ചന്ദ്രന്റെ ഫോണ്‍നമ്പരും വാങ്ങി. സ്‌നേഹത്തോടെ പെരുമാറിയ യുവാവ് ചേര്‍ത്തലയില്‍ ഇറങ്ങിയെന്നാണ് ചന്ദ്രന്‍ പറയുന്നത്.
ബുധനാഴ്ച രാവിലെ യുവാവ് ചന്ദ്രനെ ഫോണില്‍ വിളിച്ച് ശസ്ത്രക്രിയയുടെ കാര്യങ്ങള്‍ ശരിയാക്കിയിട്ടുണ്ടെന്നും നേരത്തേ ചികിത്സിച്ച കേസ് ഹിസ്റ്ററിയുണ്ടെങ്കില്‍ അതും ആവശ്യമായ മറ്റു രേഖകളും അടിയന്തരമായി വേണമെന്നും താമസിക്കുന്ന സ്ഥലം പറഞ്ഞാല്‍ താന്‍ വന്നു വാങ്ങിക്കൊള്ളാമെന്നും പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെ ഇയാള്‍ ചന്ദ്രന്റെ വീട്ടിലെത്തി. ജ്യൂസ് കുടിച്ചശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനുമുന്‍പേ അസ്വസ്ഥത അനുഭവപ്പെട്ട ചന്ദ്രന് രണ്ട് ചെറിയ ഗുളിക നല്‍കി. ഗ്യാസിന്റെ കുഴപ്പമാണെന്നും ഉടനെ മാറുമെന്നുമാണ് യുവാവ് പറഞ്ഞതെന്ന് ചന്ദ്രന്‍ പറഞ്ഞു.
‘നല്ലതാണ്, ചേച്ചിക്കും കഴിക്കാം’ എന്നു പറഞ്ഞപ്പോള്‍ അവരും ഗുളിക കഴിച്ചു. ഏതാനും സമയത്തിനുള്ളില്‍ ഇരുവരുടെയും ബോധം നഷ്ടപ്പെട്ടു. പിന്നെ എല്ലാം എളുപ്പമായി. അലമാരയില്‍നിന്നെടുത്ത ആഭരണങ്ങളുമായി യുവാവ് കൂസലില്ലാതെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. വളാഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.
തൃശ്ശൂര്‍ ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച. പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ പട്ടാപ്പകല്‍ ജീവനക്കാരെ ബന്ദികളാക്കിയാണ് പണം കവര്‍ന്നത്. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയാണ് കവര്‍ന്നത്.
ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയിലാണ് നാടിനെ നടുക്കിയ സംഭവം. മോഷണ സമയത്ത് മാനേജറും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. മോഷ്ടാവിന്റെ കൈയില്‍ ആയുധമുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മോഷണം നടന്നത്.
കൗണ്ടറില്‍ എത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകര്‍ത്ത ശേഷം പണം കവരുകയായിരുന്നു. ബൈക്കില്‍ എത്തിയ അക്രമിയാണ് കവര്‍ച്ച നടത്തിയത്. തൃശ്ശൂര്‍ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്നാണ് വിവരം.
പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണത്തിനായി പോയ സമയത്താണ് മോഷ്ടാവ് എത്തിയതെന്നാണ് വിവരം. ബാങ്കിലുണ്ടായിരുന്ന മാനേജരെയും മറ്റൊരു ജീവനക്കാരനെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി ടോയ്ലറ്റിനുള്ളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം.
കത്തിയുമായി ബാങ്കിനുള്ളിലേക്ക് കയറിയ മോഷ്ടാവ് പണം എവിടെയാണ് ഇരിക്കുന്നതെന്ന് ചോദിച്ച ശേഷം കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടര്‍ തല്ലിപൊളിക്കുകയും ട്രേയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയുമായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. മോഷ്ടാവ് ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നും സംസാരിച്ച ഭാഷ ഏതായിരുന്നുവെന്ന് വ്യക്തമല്ലെന്നും ജീവനക്കാര്‍ പറയുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സി.സി.ടി.വി. ദൃശ്യങ്ങള്‍ ആദ്യഘട്ടത്തില്‍ പരിശോധിച്ചിരുന്നെങ്കിലും മോഷ്ടാവ് ഹെല്‍മറ്റും ഗ്ലൗസും ധരിച്ച നിലയിലായിരുന്നതിനാല്‍ മോഷ്ടാവിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വിരലടയാള പരിശോധനയുള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസ് ശേഖരിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകര്‍ത്താണ് പണം അപഹരിച്ചത്. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നു എസ്പി ബി. കൃഷ്ണകുമാര്‍ പറഞ്ഞു. തുടര്‍ന്നു കയ്യില്‍ കിട്ടിയ കറന്‍സികള്‍ എടുത്ത ശേഷം രക്ഷപെടുകയായിരുന്നു. തിരക്കേറിയ ജംക്ഷനില്‍ പട്ടാപ്പകലായിരുന്നു കവര്‍ച്ച. പണം അപഹരിച്ച ശേഷം ഇയാള്‍ ബൈക്കില്‍ കയറി സ്ഥലം വിടുകയായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. അക്രമി ബൈക്കില്‍ ബാങ്കിന് മുന്നിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
ജൂൺ ഒന്ന് മുതൽ സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. വിവിധ സിനിമാ സംഘടനകൾ ചേർന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാർ സിനിമ സമരമടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ ഇതിന് പിന്നാലെ സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗമായ ആൻറണി പെരുമ്പാവൂർ രംഗത്തെത്തുകയായിരുന്നു. ഇതോടെ ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച്കൊണ്ട് പൃഥിരാജും ബേസിൽ ജോസഫുമുടക്കമുള്ളവർ എത്തിയതോടെയാണ് ചർച്ച ചൂടുപിടിച്ചത്.
എന്നാൽ ആന്റണി പെരുമ്പാവൂരിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് പറയുകയാണ് ജി സുരേഷ് കുമാർ. ആന്റണി പെരുമ്പാവൂരിന് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസം ഫെയിസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞ ആരോപണങ്ങൾ ആരോ പറയിപ്പിക്കുന്നതാണെന്നും അദ്ദേഹം ആർക്കോ വേണ്ടി വിഴുപ്പലക്കുകയാണെന്നും സുരേഷ് കുമാർ പറയുന്നു.
സംഘടന രണ്ട് തട്ടിലോ പിളർപ്പിലോ അല്ല. രണ്ടുപേർ മാത്രമേ ഒരു തട്ടിൽ ഉണ്ടാകുക ഉള്ളൂ. ബാക്കി എല്ലാവരും ഒറ്റത്തട്ടിലാണ്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനം മാതൃഭൂമി അടക്കമുള്ള എല്ലാ മാധ്യമങ്ങളും കവർ ചെയ്തിരുന്നതാണ്. അതിൽ നിന്ന് തന്നെ കാര്യങ്ങളെല്ലാം വ്യക്തമാണ്. ആ വാർത്താ സമ്മേളനത്തിൽ ഞാൻ മാത്രമല്ല സംസാരിക്കുന്നത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആണ്. പ്രസിഡന്റ് അവധിയായതിനാൽ എനിക്ക് ഇപ്പോൾ പ്രസിഡന്റ് ഇൻ ചാർജ് ആണ്. അതുകൊണ്ടാണ് ആ വാർത്ത സമ്മേളനത്തിൽ ഞാൻ സംസാരിച്ചത്. അത് സംഘടനയുടെ പൊതുവായ തീരുമാനമാണ്. സംഘടന ആലോചിച്ച് എടുത്ത തീരുമാനമാണ് ഞാൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്റെ കൂടെ എല്ലാവരും ഉണ്ടായിരുന്നതാണ്. ബി.ഉണ്ണികൃഷ്ണൻ, സിബി മലയിൽ, ഫെഫ്കയിലെ അംഗങ്ങൾ ഫിയോക്കിലെ അംഗങ്ങളെല്ലാവരും ഉണ്ടായിരുന്നതാണ്. അപ്പോൾ എന്റെ മാത്രം അഭിപ്രായമാണെന്ന് എങ്ങനെയാണ് പറയുക.
ആന്റണി ഇപ്പോൾ പറയുന്നത് സ്വന്തം അഭിപ്രായമല്ല. മറ്റാരോ ആന്റണിയെക്കൊണ്ട് പറയിപ്പിക്കുകയാണ്. ആന്റണിയെക്കൊണ്ട് പറയിപ്പിക്കുന്നവർ മുമ്പിൽ വന്നു പറയുകയാണ് വേണ്ടത്.
സിനിമയുടെ ബജറ്റിനെക്കുറിച്ച് ഞാൻ എവിടെയെങ്കിലും പറഞ്ഞതായി നിങ്ങൾ കണ്ടിരുന്നോ? ഒരു മാധ്യമത്തിന് ഫോൺ ഇൻ ആയി നൽകിയ ഒരു അഭിമുഖത്തിനിടെയാണ് എമ്പുരാന്റെ നിർമ്മാണ ചിലവിനെ കുറിച്ച് പറഞ്ഞത്. എന്നാൽ അത് ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ അത് പിഴവാണെന്ന് മനസ്സിലാക്കി അത് ഒഴിവാക്കാൻ അവരോട് ആവശ്യപ്പെടുകയും അവർ അത് ഒഴിവാക്കുകയും ചെയ്തിരുന്നു. പിന്നീട് തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് മനസിലാക്കി അക്കാര്യത്തിൽ ക്ഷമാപണം നടത്തുകയും ചെയ്തു. ഒരു സിനിമയുടെ ബജറ്റിനെക്കുറിച്ച് ഞാൻ പറഞ്ഞു, അത് പിൻവലിക്കുകയും ചെയ്തു. അതാണോ വലിയ പ്രശ്നം. എന്നാൽ ഇപ്പോൾ മറ്റുള്ളവർ അത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.
ആന്റണിക്ക് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ല. അദ്ദേഹത്തെക്കൊണ്ട് ഇക്കാര്യങ്ങളെല്ലാം ആരോ പറയിപ്പിക്കുന്നതാണ്. അല്ലാതെ അദ്ദേഹം ഇത്തരം കാര്യങ്ങൾ പറയില്ല. അദ്ദേഹം അസോസിയേഷനിലെല്ലാം ഉണ്ടായിരുന്നു. അന്നെല്ലാം നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഞങ്ങൾ എല്ലാവരും കൂടെ നിന്നിട്ടുണ്ട്. ഫിയോക് ചെയർമാനായി പ്രവർത്തിച്ചിരുന്നു. അന്നെല്ലാം ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഞങ്ങളെല്ലാം കൂടെ നിന്നിട്ടുണ്ട്. ഇപ്പോൾ പറയുന്നതും ചെയ്യുന്നതുമെല്ലാം മറ്റാർക്കോ വേണ്ടിയാണ്. വ്യക്തിപരമായി ആന്റണിയും ഞാനും തമ്മിൽ യാതൊരു പ്രശ്നവുമില്ല. ഞങ്ങൾ തമ്മിൽ ശത്രുക്കളൊന്നുമല്ല. ആന്റണി ആർക്കോ വേണ്ടി വിഴുപ്പലക്കുകയാണ്. തെറ്റായ ആരോപണങ്ങളാണ് ആന്റണി ഉന്നയിക്കുന്നത്.
നടന്മാർ നിർമിക്കുന്ന സിനിമ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ സമ്മതിക്കില്ലെന്ന യാതൊരു വിധ പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല. തീയേറ്റർ ഉടമകളാണ് ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. തീയേറ്റർ ഉടമ വിജയകുമാറാണ് അക്കാര്യങ്ങൾ സംസാരിച്ചത്. സംയുക്തമായി എടുത്ത തീരുമാനങ്ങളാണ് വാർത്ത സമ്മേളനത്തിൽ ഓരോ ആൾക്കാരായി പറഞ്ഞത് അതിൽ എന്നെ മാത്രം കരുവാക്കരുത്. സിനിമ ഇൻഡസ്ട്രി എന്റെ കൈയിൽ നിക്കണമെന്ന് പറഞ്ഞ് ചരട് പിരിക്കാനുള്ള അമാനുഷിക ശക്തിയൊന്നും എനിക്കില്ല.
എനിക്ക് ആരേയും പേടിയില്ല, ഇവിടുത്തെ ഒരു താരത്തിനേയും പേടിയില്ല. അതുകൊണ്ട് തന്നെ ഞാൻ മുഖം നോക്കാതെ സംസാരിക്കും. പേടിയുള്ളവരുണ്ട്. അവരൊക്കെ മിണ്ടാതിരിക്കുകയുമാണ്. എല്ലാവരും കൂടി തീരുമാനിച്ചെടുത്ത കാര്യമാണ് പറഞ്ഞത്. പക്ഷേ ആന്റണി തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാനല്ല തീരുമാനമെടുത്തത്.
നടന്മാർ നിർമിക്കുന്ന സിനിമ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലായെന്നത് സംബന്ധിച്ച് സംഘടന ഒന്നടങ്കം ആലോചിച്ച് എടുത്ത തീരുമാനമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതിന് മുമ്പുള്ള ജനറൽ ബോഡിയിൽ ഇത്തരത്തിൽ നിർമിക്കുന്ന സിനിമ കുറച്ച് നാൾ നിർത്തിവെക്കണമെന്ന് തീരുമാനിച്ചു. അതിന് ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആലോചന നടത്തി തീരുമാനിച്ച ശേഷമാണ് ബാക്കിയുള്ള സംഘടനകളുമായി സംസാരിച്ചത്. അതിന് ശേഷമാണ് മറ്റ് സംഘടനകളുമായി ചേർന്ന് മീറ്റിംഗ് വിളിച്ചത്. സിനിമ പ്രദർശിപ്പിക്കുന്നത് ഞങ്ങളല്ല. സിനിമ പ്രദർശിപ്പിക്കുന്ന ആൾക്കാരാണ് അത്തരമൊരു തീരുമാനം പറഞ്ഞത്. നടന്മാർ വാങ്ങുന്ന അമിത പ്രതിഫലം നിർത്തലാക്കുന്നതിന് ഒരു നടപടി വേണമെന്ന തീരുമാനം നേരത്തേ ഉണ്ടായിരുന്നതാണ്. ഞാൻ ഒറ്റക്ക് എടുത്ത തീരുമാനമെന്ന് പറയുന്നത് തെറ്റാണ്. സംഘടനകളുമായി കൂടിയാലോചിച്ച ശേഷമാണ് വാർത്ത സമ്മേളനം വിളിക്കുന്നത്.
സിനിമ സമരമെന്നത് സംഘടനകളുടെ സംയുക്ത തീരുമാനമാണ്. അതുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. ഞങ്ങളെ ആരും ഉടുക്ക് കൊട്ടി പേടിപ്പിക്കണ്ടായെന്നാണ് പറയാനുള്ളത്. എല്ലാവരോടും സംസാരിച്ചതിന് ശേഷമാണ് മുന്നോട്ട് പോകുന്നത്. ഇനി ഈ വിഷയത്തിൽ സർക്കാരിനോടും സംസാരിക്കും. സമരം പ്രാഖ്യാപിച്ചുവെന്ന് പറഞ്ഞുകൊണ്ട് കുറച്ച് പേർക്ക് മാത്രം ഹാലിളകേണ്ട കാര്യമെന്താണെന്ന് മനസിലാകുന്നില്ല.
സിനിമാ സംഘടനയിലെ തർക്കത്തിൽ ആന്റണി പെരുമ്പാവൂരിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. സംഘടനാകാര്യങ്ങൾ പരസ്യമായി പറഞ്ഞത് ഭരണസമിതിയുടെ തീരുമാനമാണ്. സാമൂഹിക മാധ്യമങ്ങൾ വഴി ചോദ്യം ചെയ്തത് തെറ്റാണെന്നും യോഗത്തിന് വരാതെ ആന്റണി പരസ്യ നിലപാടെടുത്തത് അനുചിതമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി. സംഘടനക്കെതിരായും വ്യക്തിപരമായും നടത്തുന്ന നീക്കത്തെ ഉത്തരവാദിത്തമുള്ള സംഘടന എന്ന നിലയിൽ പ്രതിരോധിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു.
അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയ 119 ഇന്ത്യക്കാരെ കൂടി അമേരിക്ക തിരിച്ചയച്ചു. ഇവരുമായി പുറപ്പെട്ട വിമാനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി അമൃത്സറില്‍ ലാന്‍ഡ് ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു.എസ് സന്ദര്‍ശനത്തിനിടയിലാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇത് രണ്ടാം തവണയാണ് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ അമേരിക്ക പുറത്താക്കുന്നത്.
പഞ്ചാബ് സ്വദേശികളായ 67 പേര്‍, ഹരിയാനക്കാരായ 33 പേര്‍, ഗുജറാത്തില്‍ നിന്നുളള എട്ട് പേര്‍, മൂന്ന് ഉത്തര്‍പ്രദേശ് സ്വദേശികള്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങില്‍ നിന്ന് രണ്ട് പേര്‍ വീതം, ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുളള ഓരോ പൗരന്‍മാരുമാണ് നാളെ ഇന്ത്യയിലെത്തുന്നത്. എന്നാല്‍ ഇവരെ എത്തിക്കുന്നത് സൈനിക വിമാനത്തിലാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
അമേരിക്ക ആദ്യഘട്ടത്തില്‍ തിരിച്ചയച്ച 104 ഇന്ത്യക്കാരുമായി യു.എസ് സൈനിക വിമാനം സി 17 കഴിഞ്ഞ ആഴ്ചയാണ് അമൃത്സറിലെ ശ്രീ ഗുരു രാംദാസ്ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. പഞ്ചാബ് സ്വദേശികളായ 29 പേര്‍, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 32 പേര്‍ വീതം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതം, ചണ്ഡീഗഢില്‍ നിന്ന് രണ്ട് പേരുമാണ് അന്ന് എത്തിയത്.
ഇവരെ വിമാനത്തില്‍ എത്തിച്ചതിന്റെ വീഡിയോകളും ചിത്രങ്ങളും കടുത്ത വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. സൈനിക വിമാനത്തില്‍ കൈവിലങ്ങ് വച്ചാണ് തിരിച്ചെത്തിച്ചതെന്ന് അമേരിക്കയില്‍ നിന്ന് ആദ്യഘട്ടത്തില്‍ എത്തിയവര്‍ വെളിപ്പെടുത്തിയിരുന്നു. കാലുകളും കൈകളുമുള്‍പ്പെടെ വിലങ്ങ് വെച്ചെന്നും സീറ്റില്‍ നിന്ന് ചലിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നാണ് തിരിച്ചെത്തിയവര്‍ പറഞ്ഞത്.
ബിബിൻ കെ ജോയ്
വൂസ്റ്റർ : ഇംഗ്ലണ്ടിലെ വൂസ്റ്ററിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വൂസ്റ്റർ ഫാമിലി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മലയാളം സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ (ശനി) 2 പി എമ്മിന് മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവുമായ സി എ ജോസഫ് നിർവ്വഹിക്കും. മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ, ലോക കേരള സഭാംഗവും, റീജീയണൽ കോർഡിനേറ്ററുമായ ആഷിക്ക് മുഹമ്മദ് നാസർ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. വൂസ്റ്റർ ഫാമിലി ക്ലബ് പ്രസിഡന്റ് ജോബിൾ ജോസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഫാമിലി ക്ലബ് സെക്രട്ടറി ബിബിൻ കെ ജോയ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സവിത രവീന്ദ്രൻ കൃതജ്ഞതയും പറയും.
വൂസ്റ്റർ റഷ്വിക്ക് വില്ലേജ് ഹാളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കേരളത്തിൽ നിന്നും ഇംഗ്ലണ്ടിലെ വൂസ്റ്ററിൽ കുടിയേറിയിട്ടുള്ള മലയാളി കുടുംബങ്ങൾക്ക് തങ്ങളുടെ കുട്ടികളെ മലയാള ഭാഷ പഠിപ്പിക്കുകയും അതിലൂടെ നാടിന്റെ സംസ്കാരവും പൈതൃകവും വരും തലമുറയിലും എത്തിക്കണമെന്നുള്ള ആഗ്രഹമാണ് വൂസ്റ്റർ ഫാമിലി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ നാളെ സഫലീകൃതമാകുന്നത്. നിരവധി കുട്ടികളാണ് ‘എന്റെ മലയാളം’ എന്ന പേരിൽ ആരംഭിക്കുന്ന മലയാളം സ്കൂളിൽ ചേർന്ന് ആദ്യാക്ഷരം കുറിക്കുവാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത് .
മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ സഹകരണത്തോടെ വൂസ്റ്ററിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളികളായ കുട്ടികൾ മലയാളഭാഷ ശരിയായ രീതിയിൽ എഴുതുകയും വായിക്കുകയും സംസാരിക്കുകയും ചെയ്യണമെന്നുള്ള ലക്ഷ്യത്തോടെയാണ് മലയാളം ക്ലാസുകൾ ആരംഭിക്കുന്നത്. കുട്ടികളെ സുഗമമായ രീതിയിൽ മലയാളം പഠിപ്പിക്കുന്നതിനായി അധ്യാപകരെയും രക്ഷകർത്താക്കളെയും ഉൾപ്പെടുത്തിയുള്ള കമ്മറ്റിയും ഊർജ്ജസ്വലമായി പ്രവർത്തിച്ചുവരുന്നു.
നമുക്ക് പൈതൃകമായി ലഭിച്ചതും ജീവിതത്തിൽ എന്നും സുപ്രധാനമായ സ്ഥാനം നൽകുന്നതുമായ മാതൃഭാഷ വരും തലമുറയിലേക്കും എത്തിച്ചു കൊടുക്കുന്നതിനുവേണ്ടി വൂസ്റ്റർ ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മലയാളം സ്കൂളിന് വൂസ്റ്ററിലെ മുഴുവൻ മലയാളി കുടുംബാംഗങ്ങളുടെയും സഹകരണവും പ്രോത്സാഹനവും ഉണ്ടാവണമെന്നും ഉദ്ഘാടന പരിപാടികളിൽ എല്ലാവരും വന്ന് പങ്കെടുത്ത് വിജയിപ്പിക്കണമെന്നും വൂസ്റ്റർ ഫാമിലി ക്ലബ്ബ് പ്രസിഡന്റ് ജോബിൾ ജോസ് , വൈസ് പ്രസിഡന്റ് സിനോജ് സെബാസ്റ്റ്യൻ, സെക്രട്ടറി ബിബിൻ കെ ജോയ്, ട്രഷറർ ജോൺ ബാബു എന്നിവർ അഭ്യർത്ഥിച്ചു.
ഹാളിന്റെ വിലാസം :
Rushwick Village Hall,
Branford Road, WR2 5TA.
Date and Time: 15/2/25, 2 Pm.
കൂടുതൽ വിവരങ്ങൾക്കും കുട്ടികളുടെ രജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന ഈമെയിലിൽ ബന്ധപ്പെടുക:
കാട്ടാക്കടയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ വൊക്കേഷണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി എരുമക്കുഴി സ്വദേശി ബെന്‍സണ്‍ എബ്രാഹാം ആണ് മരിച്ചത്.
സ്‌കൂളിലെ പ്രോജക്ട് കൃത്യസമയത്ത് വെക്കാന്‍ കഴിയാത്തതും ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരംവരെ കുട്ടി വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിക്കായി വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ചയായിരുന്നു പ്രോജക്ട് സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം. കഴിഞ്ഞ ദിവസം പ്രോജക്ടുമായി സ്‌കൂളില്‍ എത്തിയെങ്കിലും പ്രോജക്ടില്‍ സീല്‍ പതിക്കാനായി ഓഫീസില്‍ അനുമതിയില്ലാതെ കയറി സീല്‍ എടുത്തത് ക്ലര്‍ക്ക് കാണുകയും വഴക്കുപറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ക്ലര്‍ക്കുമായി തര്‍ക്കം നടന്നതായും പറയപ്പെടുന്നു. പിന്നാലെ പ്രിന്‍സിപ്പലിന്‍റെ ഓഫീലെത്തി കാര്യങ്ങള്‍ കുട്ടിയുടെ രക്ഷിതാവിനെ അറിയിച്ചു. ശേഷം വിദ്യാര്‍ഥി ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തുകയും ചെയ്തു. ഈ സംഭവം കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിരിക്കാമെന്നും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നുമാണ് പോലീസ് കരുതുന്നത്.
വിദ്യാര്‍ഥിയോട് കഴിഞ്ഞ ദിവസം മോശമായി പെരുമാറിയ ക്ലാര്‍ക്കിനെതിരെ നടപടി വേണമെന്നും ആര്‍.ഡി.ഒ വന്നാലേ മൃതദേഹം ഇറക്കാനാകൂ എന്നുമുള്ള നിലപാടിലാണ് ബന്ധുക്കള്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)
മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവനടത്തിപ്പില്‍ വീഴ്ചയില്ലെന്ന് ക്ഷേത്രക്കമ്മിറ്റി. ആനകളെ എഴുന്നള്ളിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണ്. മതിയായ അകലം പാലിച്ചിരുന്നു. എഴുന്നള്ളത്തിന് അനുമതിരേഖയുണ്ടെന്നും കമ്മിറ്റിയംഗം വിശദീകരിച്ചു.
അതേസമയം, അപകടത്തിൽ വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തി പറഞ്ഞു. പ്രാഥമിക റിപ്പോർട്ട് 11 മണിയോടെ നൽകും. ആനയും ജനങ്ങളും തമ്മിൽ മതിയായ അകലം ഉണ്ടായിരുന്നെന്നാണ് വിലയിരുത്തൽ.
രണ്ട് ആനകളെ എഴുന്നള്ളിക്കാൻ അനുമതിയുണ്ട്. നട്ടാന പരിപാലന ചട്ട ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ആർ. കീർത്തി ക്ഷേത്രത്തിൽ പരിശോധന നടത്തിയതിനുശേഷം പ്രതികരിച്ചു. മരിച്ച മൂന്നുപേരുടെയും പോസ്റ്റ്മോര്‍ട്ടം ഇന്നു നടക്കും.
ആന എഴുന്നള്ളത്തിലെ വീഴ്ചകളെക്കുറിച്ച് പൊലീസ് വിശദ പരിശോധന നടത്തും. സംഭവത്തിൽ ജില്ലാ കളക്ടറും ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഇരുവരോടും മന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
മരിച്ചവർക്ക് ആദരസൂചകമായി സർവകക്ഷിയോഗം പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. കൊയിലാണ്ടി നഗരസഭയിലെ 9 വാർഡുകളിൽ ആണ് ഹർത്താൽ. കതിന പൊട്ടിയത് മൂലമാണ് ആനകള്‍ ഇടഞ്ഞതെന്നു വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. വനംവകുപ്പിന്‍റെയും പൊലീസിന്‍റെയും പ്രാഥമിക നിഗമനവും ഇതാണെന്നും മന്ത്രി വ്യക്തമാക്കി.