മെയ് 28നു ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച പ്രതിഭാ കേശവന് യുകെയിലെ പ്രിയപ്പെട്ട സുഹൃത്തുക്കളും സഖാക്കളും കണ്ണീരോടെ യാത്രാമൊഴിയേകി. കേംബ്രിഡ്‌ജ് ക്യൂയ് വില്ലേജ് ഹാളില്‍ പൊതുദർശനത്തിലും തുടർന്ന് നടന്ന അനുസ്മരണ യോഗത്തിലും പ്രതിഭയുടെ സഹോദരിയുൾപ്പെടെ അടുത്ത ബന്ധുക്കളും സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട സുഹൃത്തുക്കളും ആദരാഞ്ജലികൾ അർപ്പിച്ചു.
ശ്രീ നാരായണ ധർമ്മ സംഘം . സ്വാസ്റ്റൻ മലയാളി കമ്മ്യൂണിറ്റി, കേംബ്രിഡ്‌ജ് മലയാളി അസ്സോസിയേഷൻ , കേംബ്രിഡ്‌ജ് കേരള കൾച്ചറൽ അസോസിയേഷൻ ,കുമരകം കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെയും പ്രതിഭയുടെ സഹപ്രവർത്തകരുടെയും സഹകരണത്തോടെയാണ് കൈരളി യുകെ ചടങ്ങു സംഘടിപ്പിച്ചത്. ഒരു ഭിന്നതകൾക്കും ഇടം കൊടുക്കാതെ ഒത്തൊരുമയോടെ ഈ സംഘടനകൾ പ്രതിഭയുടെ മരണാനന്തരം ഉള്ള രേഖകൾ ശരിയാക്കുവാനും ഭൗതിക ശരീരം നാട്ടിലെത്തിക്കുവാനും ഉള്ള പ്രവർത്തനങ്ങൾ മാതൃകാപരമായി ഏറ്റെടുത്തു നടത്തി.
കേംബ്രിഡ്‌ജ് ആഡൻബ്രൂക്ക്സ് ആശുപത്രിയിൽ നഴ്‌സായിരുന്ന പ്രതിഭ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ കൈരളി യുകെയുടെ ദേശീയ കമ്മറ്റി അംഗവും കേംബ്രിഡ്‌ജ് യൂണിറ്റ് പ്രസിഡന്റുമായിരുന്നു .
പ്രതിഭയുടെ സഹപ്രവർത്തകരും വിവിധ സംഘടനാപ്രതിനിധികളും പ്രതിഭയെ ചടങ്ങിൽ അനുസ്മരിച്ചു സംസാരിച്ചു . പ്രതിഭയുടെ സാമൂഹ്യപ്രതിബദ്ധയും സഹജീവികളോടുള്ള കരുണയും സേവനതല്പരതയും ശ്ലാഘനീയമാണെന്നു അനുസ്മരണ യോഗത്തിൽ എല്ലാവരും എടുത്തുപറഞ്ഞു.
ജൂൺ 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ 11 മണിവരെയാണ് പ്രതിഭയുടെ അന്തിമ ദർശനത്തിനും ആദരാഞ്ജലികൾ അർപ്പിക്കുവാനുമായി അവസരം ഒരുക്കിയിരുന്നത്. കൈരളി യുകെ നാഷണൽ കമ്മിറ്റി അംഗം ജെറി വല്യറ ചടങ്ങുകൾ നിയന്ത്രിച്ചു.
ശ്രീനാരായണ ധർമ്മ സംഘം ചടങ്ങിൽ യുകെ പ്രാർത്ഥനാ ഗീതങ്ങൾ ആലപിച്ചു. പ്രതിഭയെ അനുസ്മരിച്ചുകൊണ്ട് കുടുംബത്തിനുവേണ്ടി കൈരളി യുകെ പ്രസിഡന്റ് പ്രിയരാജൻ സംസാരിച്ചു. പ്രതിഭയുടെ ജീവിതവും സാമൂഹ്യപ്രവർത്തനങ്ങളും അനുസ്മരിച്ച പ്രിയ അകാലത്തിലുള്ള ഈ വേർപാട് പ്രതിഭയുടെ കുടുംബത്തെപ്പോലെ കൈരളിയ്ക്കും നികത്താനാവാത്ത നഷ്ടം ആണെന്ന് പറഞ്ഞു.
അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (AIC) നു വേണ്ടി രാജേഷ് ചെറിയാൻ പ്രിയ സഖാവിനു അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
റെവ. ഫാദർ John Mihn പ്രാർത്ഥനകൾക്കും അന്ത്യോപചാര പ്രാർത്ഥനകൾ ചൊല്ലി. തുടർന്ന് ശ്രീ നാരായണ ധർമ്മ സംഘം പ്രവർത്തകർ പ്രതിഭയ്ക്ക് യാത്രാമൊഴിയേകി. പ്രതിഭയ്ക്ക് പ്രിയപ്പെട്ട ലാൽസലാം വിളിച്ചാണ് പ്രിയ സഖാക്കൾ അന്തിമ വിട നൽകിയത്.
തുടർന്ന് നടന്ന അനുസ്മരണയോഗത്തിൽ കൈരളിയുടെ കേംബ്രിഡ്‌ജ് യുണിറ്റ് അംഗവും പ്രതിഭയുടെ പ്രിയ സുഹൃത്തുമായിരുന്ന രഞ്ജിനി ചെല്ലപ്പൻ സ്വാഗതം ആശംസിച്ചു. ആഡൻബ്രൂക്ക്സ് ഹോസ്പിറ്റലിലെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വേണ്ടി സംസാരിച്ച ലിസ ഡൺലപ് , ദീപ ചെറിയാൻ എന്നിവർ പ്രതിഭയുടെ ജോലിയിലെ ആത്മാർത്ഥതയും സ്നേഹത്തോടെയുള്ള പെരുമാറ്റവും അനുസ്മരിച്ചു.
തുടർന്ന് സ്വാസ്റ്റൻ മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടി ജോജോ ജോസഫ് , കേംബ്രിഡ്‌ജ് മലയാളി അസ്സോസിയേഷനുവേണ്ടി മഞ്ജു ടോം , കൈരളി യുകെ നാഷണൽ കമ്മിറ്റിയിൽ പ്രതിഭയോടൊപ്പം പ്രവർത്തിച്ച എൽദോ പോൾ , ലിനു വർഗ്ഗീസ് , ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജ. സെക്രട്ടറി ലിയോസ് പോൾ , കേംബ്രിഡ്‌ജ് കേരള കൾച്ചറൽ അസോസിയേഷൻ പ്രതിനിധി റോബിൻ കുര്യാക്കോസ് , കുമരകം കൂട്ടായ്മ പ്രതിനിധി ജോമോൻ കുമരകം , പ്രതിഭ പ്രസിഡന്റ് ആയ കൈരളി യുകെ കേംബ്രിഡ്‌ജ് ബ്രാഞ്ച് സെക്രട്ടറി വിജേഷ് കൃഷ്ണൻകുട്ടി എന്നിവർ പ്രതിഭയെ അനുസ്മരിച്ചു സംസാരിച്ചു. യുകെ യിൽ പുതിയതായി എത്തിയ സമയത്തു ഒരു അത്യാവശ്യ ഘട്ടത്തിൽ തനിക്കു താങ്ങായിനിന്നു സഹായിച്ച പ്രതിഭയുടെ കരുണയും സഹായിക്കാനുള്ള മനസ്സും സ്വന്തം അനുഭവത്തിലൂടെ ഷഹാന വിവരിച്ചു.
പ്രതിഭയുടെ ബന്ധുവും നാട്ടുകാരനുമായ പ്രമോദ് കുമരകം പ്രതിഭയുമായുള്ള പരിചയവും , ബാല്യകാലവും പ്രതിഭയുടെ എളിമയെയും അവർ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെയും കുറിച്ച് വിശദമായി സംസാരിച്ചു.
പ്രതിഭ ഏറ്റെടുക്കുകയും തുടങ്ങിവെയ്ക്കുകയും ചെയ്ത സൽപ്രവർത്തികൾ കൂടുതൽ ഭംഗിയായി മുന്നോട്ട് കൊണ്ടുപോവും എന്ന് പ്രതിഭയോടൊപ്പം പ്രവർത്തിച്ചവർ ഉറപ്പുനല്കി.
പ്രതിഭയുടെ ഭൗതികശരീരം ശനിയാഴ്ച രാത്രിയിലെ എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുപോയി. കുമരകത്തുള്ള സ്വവസതിയിൽ ഞായറാഴ്ച പ്രതിഭയുടെ അന്തിമ കർമ്മങ്ങൾ നടന്നു
ഇസ്‌ലാമാബാദ്∙ മോശം കാലാവസ്ഥയെ തുടർന്ന് പാക്കിസ്ഥാൻ വ്യോമപാതയിലേക്ക് വഴിതിരിച്ചുവിട്ട് ഇൻഡിഗോ വിമാനം. അമൃത്‌സറിൽ നിന്നും അഹമ്മദാബാദിലേക്ക് പോയ ഇൻഡിഗോ വിമാനമാണ് പാക്ക് വ്യോമപാതയിലേക്ക് കടന്നത്. പാക്കിസ്ഥാനിലെ ഗുജ്രൻവാലയിൽ എത്തിയ വിമാനം സുരക്ഷിതമായി ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് മടങ്ങിയെത്തി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഇൻഡിഗോ വിമാനം 6E-645 ആണ് വഴിതിരിച്ചുവിട്ടത്. പാക്കിസ്ഥാൻ എയർട്രാഫിക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടാണ് വിമാനം നിയന്ത്രിച്ചത്. ഫ്ലൈറ്റ് റഡാർ അനുസരിച്ച്, 454 ഗ്രൗണ്ട് വേഗതയിലുള്ള ഇന്ത്യൻ വിമാനം ശനിയാഴ്ച വൈകിട്ട് 7.30ന് ലാഹോറിന് വടക്ക് പ്രവേശിച്ച് രാത്രി 8.01ന് ഇന്ത്യയിലേക്ക് മടങ്ങിയെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ അസ്വഭാവികതയില്ലെന്നും മോശം കാലാവസ്ഥയിൽ ഇത്തരം കാര്യങ്ങൾ രാജ്യാന്തരനിയമമനുസരിച്ച് അനുവദനീയമാണെന്നുമുള്ള പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ പ്രതികരണവും റിപ്പോർട്ടിലുണ്ട്. ഇതിന് സമാനമായി കഴിഞ്ഞ മേയിൽ കനത്ത മഴയെ തുടർന്ന് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച് ഉദ്ദേശം 10 മിനിറ്റ് തങ്ങിയിരുന്നു.
കണ്ണൂർ∙ തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുകാരനു ദാരുണാന്ത്യം. മുഴുപ്പിലങ്ങാട് കെട്ടിനകത്തെ നിഹാൽ നിഷാദാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. കളിക്കുന്നതിനിടയിലാണു കുട്ടിയെ കാണാതായത്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തിയത്.
വീട്ടിൽ നിന്നും അരക്കിലോമീറ്റർ അകലെയാണു കുട്ടി കിടന്നിരുന്നത്. കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുവലിച്ചതാകാം എന്നാണു കരുതുന്നത്. ശരീരമാസകലം കടിയേറ്റ പാടുണ്ട്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണു നിഹാൽ. സംസാരശേഷിയും ഇല്ലായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
മിനു നെയ്‌സൺ പള്ളിവാതുക്കൽ
ഏത്തപ്പഴം ഇടിയപ്പം
ചേരുവകൾ:
1 . 2 ഏത്തപ്പഴം
2 . 1 കപ്പ് അരി പൊടി (ഇടിയപ്പം പൊടി )
3 . 1 tsp നെയ്യ്
4 . 1/4 tsp ഉപ്പ്
5 . 1/2 കപ്പ് തേങ്ങ ചിരകിയത്
തയ്യാറാക്കുന്ന രീതി
Step 1
ഏത്തപ്പഴം ആവിയിൽ വേവിക്കുക. തൊലി കളഞ്ഞതിന് ശേഷം അരച്ചെടുക്കുക.
Step 2
ഒരു പാത്രത്തിൽ അരിപ്പൊടിയും നെയ്യും ഒരു നുള്ള് ഉപ്പും, ഏത്തപ്പഴം പേസ്റ്റും ചേർത്ത് നന്നായി ഇളക്കുക.
Step 3
ആവശ്യമെങ്കിൽ ചൂടുവെള്ളം ചേർത്ത് നന്നായി കുഴയ്ക്കുക.
Step 4
ഇടിയപ്പം പ്രസ്സ് നെയ്യ് ഉപയോഗിച്ച് ഗ്രീസ് ചെയ്യുക.
Step 5
ഇടിയപ്പം പ്രസ്സിൽ മാവ് നിറയ്ക്കുക.
Step 6
ഇടിയപ്പത്തട്ടിൽ കുറച്ചതു തേങ്ങ ചിരകിയത് വിതറി, അതിനുമുകളിൽ ഇടിയപ്പം ഉണ്ടാക്കുക.
Step 7
ഒരു സ്റ്റീമറിൽ 7-8 മിനിറ്റ് ആവിയിൽ വേവിക്കുക.
Step 8
ഇടിയപ്പം ഒരു സെർവിംഗ് പ്ലേറ്റിലേക്ക് മാറ്റുക.
Step 9
തേങ്ങാപാലിൽ അൽപ്പം പഞ്ചസാരയും, ഏലക്കാപ്പൊടിയും ചേർത്തും ഏത്തപ്പഴം ഇടിയപ്പം ആസ്വദിക്കാം.
മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മടമ്പം: മടമ്പം ലൂർദ് ഫൊറോനാപള്ളി ഇടവകാംഗമായ മുല്ലൂർ എം. പി. ജോയി (75) നിര്യാതനായി. സംസ്കാരം പിന്നീട് . ഭാര്യ: കൊട്ടൂർ വയൽ പൂവത്തുംമൂട്ടിൽ കുടുംബാംഗം ചിന്നമ്മ ജോയി, മക്കൾ : മനേഷ് ഫിലിപ്പ് (യുകെ), മിനി അഭിലാഷ് (യുകെ), സിമി റോബിൻ (ഓസ്ട്രേലിയ, നിമി ഷൈജു (യുകെ). മരുമക്കൾ : ബെറ്റി മനേഷ് (യുകെ), അഭിലാഷ് നന്ദിക്കാട് (യുകെ), റോബിൻ മാവേലി പുത്തൻപുരയിൽ (ഓസ്ട്രേലിയ), ഷൈജു ഓരത്ത് (യുകെ ) . സഹോദരങ്ങൾ: ചാണ്ടി, ഫാ. ജേക്കബ് മുല്ലൂർ, അബ്രഹാം, മേരി, ആനിയമ്മ (യുകെ), സാലി (തിരുവനന്തപുരം).
മിനി അഭിലാഷിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ സീനിയർ വിഭാഗം സയൻസ് അധ്യാപിക തെന്നടി സെൻറ് റീത്താസ് ഇടവകാംഗവും, ആലപ്പുഴ തകഴി പുതുപ്പറമ്പിൽ വർഗീസ് ഇയ്യോയുടെ ഭാര്യയുമായ പ്രിൻസി സന്തോഷ് (50) ജൂൺ 10 ശനിയാഴ്ച കുവൈറ്റിൽ നിര്യാതയായി. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. മക്കൾ : ഷോൺ , അയോണ (ഇരുവരും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ ) .
സംസ്കാര ശുശ്രൂഷ പിന്നീട് നാട്ടിൽ നടക്കും.
പ്രിൻസി സന്തോഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഒന്നാം വിവാഹവാർഷികത്തിൽ പൊന്നോമനകളുടെ ചിത്രം പങ്കുവച്ച് നയൻതാരയും വിഘ്നേഷ് ശിവനും. ഇരട്ടക്കുട്ടികളായ ഉയിരിനെയും ഉലകത്തിനെയും നെഞ്ചോട് ചേർത്ത് താലോലിക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് വിഘ്നേഷ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘‘എൻ ഉയിരോട ആധാരം നീങ്കൾധാനേ….ഒരുപാട് മനോഹരനിമിഷങ്ങളിലൂടെയാണ് ഒരുവർഷം കടന്നുപോയത്. ഉയർച്ചയും താഴ്ചകളുമുണ്ടായി. അപ്രതീക്ഷിതമായ തിരിച്ചടികൾ…പരീക്ഷണത്തിന്റെ സമയങ്ങളായിരുന്നു. എന്നാൽ അനുഗ്രഹം ചൊരിയുന്ന കുടുംബത്തിനരികിലേക്ക് തിരിച്ചെത്തുമ്പോൾ ആ വേദനകളൊക്കെ സന്തോഷമായി മാറും. സ്വപ്നങ്ങൾ പിന്തുടരാനുള്ള നമ്മളിൽ ആത്മവിശ്വാസവും ശക്തിയും ഉണ്ടാകും.’’–നയൻതാരയുടെയും മക്കളുടെയും ചിത്രം പങ്കുവച്ച് വിഘ്നേഷ് കുറിച്ചു.
2022 ജൂണ്‍ 9നായിരുന്നു ഇവരുടെ വിവാഹം. ഒന്നാം വിവാഹവാർഷികമായി ബന്ധപ്പെട്ടുള്ള കുറിപ്പും വിഘ്നേഷ് പങ്കുവയ്ക്കുകയുണ്ടായി. ‘‘നമ്മള്‍ ഇന്നലെ വിവാഹിതരായതുപോലെ തോന്നുന്നു. അതിനിടയിലാണ് സുഹൃത്തുക്കള്‍ ഹാപ്പി ഫസ്റ്റ് ഇയര്‍ വെഡ്ഡിങ് ആനിവേഴ്‌സറി ആശംസകള്‍ അയയ്ക്കുന്നത്. ലവ് യൂ തങ്കമേ, എല്ലാവിധ അനുഗ്രഹവും സ്‌നേഹത്തോട് കൂടിയും നമ്മളൊന്നിച്ചുള്ള ജീവിതം തുടങ്ങി. ഇനിയും കുറേ പോവാനുണ്ട്. ഒന്നിച്ച് ചെയ്യാന്‍ കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്.’’–വിഘ്നേഷ് പറയുന്നു.
ഉയിർ, ഉലകം എന്നാണ് പൊന്നോമനകളുടെ ഓമനപ്പേര്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ ‘എൻ’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന് വിഘ്നേഷ് പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഉയിർ, ഉലകം എന്നായിരുന്നു കുഞ്ഞുങ്ങളെ പരിചയപ്പെടുത്തിയത്.
പഠാന് ശേഷം ഷാറുഖ് ഖാൻ നായകനാകുന്ന ജവാൻ സിനിമയാണ് നയൻതാരയുടെ പുതിയ റിലീസ്. തമിഴ് സംവിധായകനായ അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍.
പാരിസ്: സിറിയയിൽ നിന്നുള്ള അഭയാർത്ഥി നടത്തിയ അക്രമത്തിൽ ഫ്രാൻസിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന പ്ലേ ഗ്രൗണ്ടിലാണ് കത്തിയുമായി എത്തിയ ഇയാൾ കൊലവിളി നടത്തിയതും അക്രമം നടത്തിയതും . ഒരു കൈ കൊണ്ട് കഴുത്തിൽ കിടന്ന കുരിശുമാലയിൽ പിടിച്ചും മറുകയ്യിൽ കത്തിയും പിടിച്ചാണ് ഇയാൾ പാർക്കിലേക്ക് എത്തിയത്. യോശുവേ സ്‌തോത്രം എന്നു വിളിച്ചു കൊണ്ട് ഇയാൾ പ്രാമിൽ കിടന്ന ഒരു കുരുന്നിലെയാണ് ആദ്യം കുത്തിയത്. കുഞ്ഞിനെ ഇയാൾ തുരുതുരാ കുത്തി. കുട്ടിയുടെ അമ്മ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാൾ കുട്ടിയെ വീണ്ടും വീണ്ടും കുത്തുകയായിരുന്നു.
ഇയാളുടെ ആക്രമണത്തിൽ പാർക്കിലുണ്ടായിരുന്ന നാലു കുട്ടികൾക്ക് കുത്തേറ്റു. അബ്ദുൽമാഷ് എന്ന 31കാരനാണ് ആക്രമണം നടത്തിയത്. കുരിശുധരിച്ചെത്തിയ ഇയാൾ യോശുവേ സ്‌തോത്രം എന്നു ഉറക്കെ വിളിച്ചു കൊണ്ട് ആക്രമണം അഴിച്ചു വിടുകയായിരുന്നു. തെക്കു-കിഴക്കൻ ഫ്രാൻസിലെ അന്നസി ടൗണിലെ ലേക്‌സൗഡ് പാർക്കിൽ ഇന്നലെ രാവിലെ 9.45നാണ് ഇയാൾ ആക്രമണം നടത്തിത്.
കുത്തേറ്റ നാലു കുട്ടികളേയും രണ്ട് മുതിർന്നവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്. അതേസമയം ഭീകരവാദവുമായി ബന്ധപ്പെട്ട ആക്രമണമല്ലെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ ഇയാൾ സ്വീഡിഷ് പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ഭാര്യയുമായി വേർ പിരിയുകയും ചെയ്തിരുന്നു. ഇതിലെ അസ്വാസ്ഥ്യമാണ് കത്തിക്കുത്തിലേക്ക് നീണ്ടത്. 22 മാസത്തിനും മൂന്ന് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ കുത്തി വീഴ്‌ത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് മുതിർന്നവരുടേയും നില ഗുരുതരമാണ്.
ജനങ്ങൾ ഈ ക്രൂരതയുടെ നടുക്കത്തിൽ നിന്നും ഇനിയും മോചിതരായിട്ടില്ല. അഭയാർത്ഥിയായി സിറിയയിൽ നിന്നും എത്തിയതാണ് ഇയാൾ. അതിനാൽ തന്നെ വരും ദിവസങ്ങളിൽ ഫ്രാൻസിന്റെ അഭയാർത്ഥി നിയമങ്ങളിൽ മാറ്റം വന്നേക്കും. പത്ത് വർഷം മുൻപ് ഇയാൾക്ക് സ്വീഡൻ അഭയാർത്ഥി സ്റ്റാറ്റസ് നൽകിയിരുന്നു. പിന്നീടാണ് ഫ്രാൻസിൽ എത്തിയത്. ഇയാൾക്കും ഇയാൾ കുത്തിയ അതേ പ്രായത്തിലുള്ള ഒരു കുട്ടിയുണ്ട്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമോ മാനസിക പ്രശ്നമോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ പേടിച്ചരണ്ട നാട്ടുകാർ രാത്രിയിൽ പാർക്കിൽ ഒത്തുകൂടുകയും ഇരകാളായവർക്ക് വേണ്ടി മെഴുകുതിരി തെളിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.
മാവേലിക്കര: പുന്നമ്മൂട്ടിൽ ആറു വയസുകാരിയായ മകളെ മഴുകൊണ്ട് വെട്ടിക്കൊന്നതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതി. ആലപ്പുഴ മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ ചികിത്സയിലുള്ള ശ്രീമഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങിയതായാണ് വിവരം. മാവേലിക്കര സബ് ജയിലിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് ശ്രീമഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.
ബുധനാഴ്ച രാത്രി എട്ടോടെയാണ് മകൾ നക്ഷത്രയെ ശ്രീമഹേഷ് മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയത്. തൊട്ടടുത്തു സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ സോഫയിൽ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന മഹേഷ് അവരെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കു വെട്ടേറ്റു. ഓടിയെത്തിയ സമീപവാസികളെ ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം പൊലീസ് പിടിയിലായ ഇയാൾ മാവേലിക്കര സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച പ്രതിയേ പൊലീസ് അഞ്ചു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇയാൾ മൂന്നുപേരെയാണ് കൊല്ലാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാൻ ലക്ഷ്യമിട്ടത്.
പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നു. ഇയാളുടെ സ്വഭാവദൂഷ്യം കാരണമാണ് ഇവർ വിവാഹത്തിൽ നിന്നും പിന്മാറിയതെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകം നടത്തുന്നതിനായി ഓൺലൈനിൽ മഴു വാങ്ങാൻ ശ്രീമഹേഷ് ശ്രമിച്ചിരുന്നു. ഓർഡർ ചെയ്‌തെങ്കിലും ലഭിച്ചില്ല. തുടർന്ന് മഴു മാവേലിക്കരയിൽ നിന്നും പണികഴിപ്പിച്ചെടുക്കുകയായിരുന്നു. ഇതുകൊണ്ടാണ് ഇയാൾ മകൾ നക്ഷത്രയുടെ കഴുത്ത് അറുത്തുകൊലപ്പെടുത്തിയത്. വ്യാഴാഴ്ച വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കട്ടിലിന് അടിയിൽ നിന്നും മഴു കണ്ടെടുത്തിരുന്നു. വ്യക്തമായ ഗൂഢാലോചനയ്ക്ക് തെളിവാണ് ഈ മഴു.
അതിനിടെ ശ്രീമഹേഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യയുടെ മാതാപിതാക്കൾ രംഗത്തു വന്നു. ഭാര്യ വിദ്യയേയും ഇയാൾ കൊലപ്പെടുത്തിയതാണെന്ന് സംശയമുള്ളതായി വിദ്യയുടെ അമ്മ രാജശ്രീ ആരോപിച്ചു. പ്രതി പണം ചോദിച്ചിരുന്നുവെന്നും അല്ലെങ്കിൽ മൂന്നുപേരും ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യാ പിതാവ് ലക്ഷ്മണൻ പറഞ്ഞു. മൂന്നുവർഷം മുൻപാണ് ശ്രീമഹേഷിന്റെ ഭാര്യ വിദ്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ ആത്മഹത്യ എന്നായിരുന്നു കണ്ടെത്തൽ.