Latest News

ബോൾട്ടൻ: ഗാന്ധിജയന്തി ദിനത്തിൽ ബോൾട്ടൻ ചിൽഡ്രൻസ് പാർക്കിൽ ഐ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെരുവ് ശുചീകരണത്തിൽ പങ്കാളികളായ 22 വോളന്റിയർമാർക്ക് ബോൾട്ടൻ കൗൺസിലിന്റെ അഭിന്ദനം.

ബോൾട്ടനിലെ തെരുവ് ശുചീകരണവുമായി ബന്ധപ്പെട്ട് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ‘ലവ് ബോൾട്ടൻ, ഹേറ്റ് ലിറ്റർ’ സംവിദാനത്തിന്റെ മേൽനോട്ടവും ചുമതലയും വഹിക്കുന്ന ഉദ്യോഗസ്ഥനായ (വോളന്റീയർ കോർഡിനേറ്റർ) ഗാരത്ത് പൈക്കാണ് സേവാ ദിനത്തിന്റെ ഭാഗമായ ഐ സി വോളന്റിയർമാരെ അഭിനന്ദിച്ചുകൊണ്ടുള്ള കത്ത് കൈമാറിയത്. ഐ സിയുടെ വനിതാ – യുവജന പ്രവർത്തകരടക്കം 22 ‘സേവ വോളന്റിയർ’മാരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്.

ഒക്ടോബർ 2 ന് സംഘടിപ്പിച്ച തെരുവ് ശുചീകരണം ഇവിടുത്തെ തദ്ദേശ്ലീയരുടെയും മാധ്യമ പ്രവർത്തകരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയും ജീവിക്കുന്ന ചുറ്റുപാടുകൾ ശുചിയായി സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ ഒരു ഇന്ത്യൻ സംഘടന കാണിച്ച മാതൃകാപരമായ പ്രവർത്തിയായാണ് ഐ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ, സംഘടിപ്പിക്കപ്പെട്ട തെരുവ് ശുചീകരണത്തെ തദ്ദേശീയർ ഉൾപ്പടെയുള്ള ജനങ്ങൾ നോക്കി കണ്ടത്.

തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയില്‍ മുട്ടം ശങ്കരപ്പിള്ളിയില്‍ കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞും മുത്തശ്ശിയും മരിച്ചു. കനത്ത മഴയ്ക്കിടെ വൈകീട്ട് 4.45നാണ് അപകടം.

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയും വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ ഷാമോന്റെ മാതാവ് ആമിന (60), മകള്‍ മിഷ മറിയം(നാല് മാസം) എന്നിവരാണ് മരിച്ചത്.

ഷാമോനാണ് കാര്‍ ഓടിച്ചിരുന്നത് ഭാര്യയും മറ്റൊരു മകളും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ക്കും പരിക്കുണ്ട്. നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച കാര്‍ മലങ്കര ജലാശയത്തിനായി ഏറ്റെടുത്ത സ്ഥലത്തേയ്ക്ക് പതിക്കുകയായിരുന്നു.

ഇരുവരേയും ഗുരുതര പരിക്കുകളോടെ തൊടുപുഴ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂലമറ്റം ഭാഗത്തുനിന്നും വെങ്ങല്ലൂരേയ്ക്ക് വരുമ്പോഴാണ് അപകടം.

നെടുമ്പാശ്ശേരിയിൽ 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാർഥി പിടിയില്‍. കായംകുളം ഗവണ്‍മെന്‍റ് ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കർ (21) ആണ് പിടിയിലായത്.

റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നെടുമ്ബാശേരി പോലീസും ചേർന്നാണ് ശിവശങ്കറിനെ പിടികൂടിയത്. ബൈക്കില്‍ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തു കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ എയർപോർട്ട് ഭാഗത്ത് വില്‍പ്പനക്കെത്തിച്ചപ്പോഴണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോട് പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ സുനീറയാണ് മരിച്ചത്. വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയുണ്ട്. മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. പുതുപ്പാടി, കണ്ണപ്പന്‍കുണ്ട്,കോടഞ്ചേരി , അടിവാരം മേഖലകളിലാണ് കനത്ത മഴ പെയ്തത്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുതുപ്പാടി മണല്‍ വയല്‍ പാലത്തിന്‍റെ മുകളില്‍ വെള്ളം കയറി. പേരാമ്പ്ര കൂരാച്ചുണ്ട് മേഖലയിലും മഴ ശക്തമാണ്. മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സംസ്ഥാനത്ത് നിലവില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. നാളെ വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്. കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്.

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടാനാണ് സാധ്യത. അറബിക്കടലിൽ കേരള തീരത്തോട് അടുത്ത് രൂപപ്പെട്ട തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ പോകുന്ന ന്യൂനമർദവും കാരണം സംസ്ഥാനത്ത് മിന്നൽപ്രളയങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ മഴയുടെ സാധ്യത ഉയർന്നിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്, അതേസമയം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നിലവിലുണ്ട്.

അടുത്ത ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിലും യെല്ലോ മുന്നറിയിപ്പുകൾ തുടരും. 20-21 തീയതികളിൽ പല ജില്ലകളിലും മഴയ്ക്കുള്ള മുന്നറിയിപ്പുകൾ തുടരാനാണ് സാധ്യത. അതേസമയം, കടുത്ത മുന്നറിയിപ്പുകൾ നൽകേണ്ട സാഹചര്യം ഉണ്ടാകാനും സാധ്യതയുണ്ട്. ഒക്ടോബർ അവസാനംവരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

കേരളത്തിലെ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പുകളിലുണ്ടായ നഷ്ടം തിരിച്ചുപിടിക്കുന്നതിൽ ഗുരുതരമായ നീണ്ടുപോക്ക് റിപ്പോർട്ട് ചെയ്‌തിരിക്കുന്നു. ഇപ്പോഴും ഏകദേശം 22 കോടി രൂപയാണ് സർക്കാർ വകുപ്പുകൾക്ക് തിരിച്ചുപിടിക്കാനുള്ളത്.

നിയമസഭയിൽ ഒക്ടോബർ 9-ന് വെച്ച സിഎജി റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. മൊത്തം 84 തട്ടിപ്പ് കേസുകളിൽ 37 കേസുകളിൽ റിക്കവറിക്ക് കോടതി ഉത്തരവുണ്ടായിട്ടും നടപടിയുണ്ടായിട്ടില്ല. 12 കേസുകളിൽ ജപ്തി നടപടികൾ പോലും ആരംഭിച്ചിട്ടില്ല. ഇവയിൽ ചിലത് 25 മുതൽ 50 വർഷം പഴക്കമുള്ളവയാണ്. 20 മുതൽ 25 വർഷം പഴക്കമുള്ള 15 കേസുകളിലും ഇതുവരെ നടപടിയില്ല. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ 17.82 കോടി രൂപയുടെ 19 തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഒന്നിലും നിയമനടപടി തുടങ്ങിയിട്ടില്ല. ഇതിൽ 10.61 കോടി രൂപയുടെ 13 കേസുകളിൽ വകുപ്പുതല നടപടി പോലും ഉണ്ടായിട്ടില്ല. ഇപ്പോൾ 20 കേസുകൾ കോടതിയിൽ പരിഗണനയിലാണ്.

വകുപ്പുതലത്തിൽ ട്രഷറി വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ റിക്കവറി നടപടികൾ തീരാനുള്ളത്. 14 കേസുകളിൽ നിന്നായി 4.1 കോടി രൂപ തിരിച്ചുപിടിക്കാനുണ്ട്. തദ്ദേശവകുപ്പിൽ 13 കേസുകളിലായി 11.3 കോടി രൂപയും സഹകരണവകുപ്പിൽ ഒരു കേസിലൂടെ 2.93 കോടി രൂപയും തിരിച്ചുപിടിക്കാനുണ്ട്. കൃഷി, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലോട്ടറി, മൈനിങ് ആൻഡ് ജിയോളജി, വനം തുടങ്ങിയ വകുപ്പുകളിലാണ് കൂടുതൽ തട്ടിപ്പുകളും കേസുകളും രേഖപ്പെടുത്തിയിരിക്കുന്നത്.

കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാര്‍ഡിലെ കൗണ്‍സിലറും സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.പി. രാജേഷിന് വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്. കണിയാര്‍ക്കുന്ന് കുന്നുമ്മല്‍ ഹൗസില്‍ താമസിക്കുന്ന പി. ജാനകി (77)യുടെ ഒരു പവനിലധികം തൂക്കമുള്ള മാലയാണ് മോഷണം പോയത്. ഉച്ചയ്ക്ക് 12.30 ഓടെ വീടിന്റെ പിന്‍വശത്ത് മീന്‍ മുറിക്കുമ്പോഴാണ് ഹെല്‍മറ്റ് ധരിച്ച വ്യക്തി മാല പൊട്ടിച്ച് വീടിനുള്ളിലേക്ക് കയറി മുന്‍വശത്തുകൂടെ രക്ഷപ്പെട്ടത്.

കാഴ്ചക്കുറവുള്ളതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിയാതെയിരുന്ന ജാനകിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് സ്‌കൂട്ടറില്‍ കയറി കടന്നുകളഞ്ഞിരുന്നു. സംഭവസ്ഥലത്ത് എത്തി പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ നഗരസഭ കൗണ്‍സിലറായ രാജേഷ് എന്നാണ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ, രാജേഷിനെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.

മുട്ടറ മരുതിമലയുടെ മുകളിൽ നിന്നു താഴേക്ക് വീണു വിദ്യാർത്ഥിനി മരിക്കുകയും ഒരാൾക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഇവർ സ്വയമേ മലയിൽ നിന്ന് ചാടുകയായിരുന്നു എന്നാണ് കരുതുന്നത്. രണ്ട് വിദ്യാര്‍ഥിനികളും ഉച്ചമുതലേ പാറയ്ക്കുമുകളില്‍ ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പാറയുടെ മുകളില്‍ സുരക്ഷാവേലിക്ക് 30 മീറ്റര്‍ മാറി അപകടകരമായി ഇരിക്കുന്ന വിദ്യാര്‍ഥിനികളെ, മുട്ടറ ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന യുവാവ് കണ്ടു. ഇയാള്‍ പോലീസില്‍ വിവരമറിയിച്ചു. ഉടന്‍ എത്താമെന്നും ശ്രദ്ധിക്കണമെന്നും പോലീസ് നിര്‍ദേശിച്ചതായി യുവാവ് പറഞ്ഞു. .

സുരക്ഷാ ജീവനക്കാരൻ പാറമുകളിലെത്തി കുട്ടികളോട് സംസാരിക്കുന്ന സമയത്ത്, ഇരുവരും താഴേക്ക് ചാടിയതായാണ് സംശയം. ഉടൻ നാട്ടുകാരുടെയും പ്രദേശവാസികളുടെയും സഹായത്തോടെ ഇരുവരെയും ഗുരുതര പരിക്കുകളോടെ മിയ്യണ്ണൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. മീനു അവിടെ മരിക്കുകയായിരുന്നു, സുവർണ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.

കാണാതായ മീനുവിന്റെയും സുവർണയുടേയും സ്കൂൾ ബാഗുകൾ പെരിങ്ങനാട് സ്കൂളിന് സമീപത്തെ ഒരു കടയിൽ നിന്നും കണ്ടെത്തിയിരുന്നു . ബാഗുകളിലുണ്ടായ പുസ്തകങ്ങൾ കുട്ടികൾ എവിടേക്ക് പോകാൻ ശ്രമിച്ചുവെന്ന് സൂചിപ്പിക്കുന്ന സൂചനകളാണെന്നും പൊലീസ് പറഞ്ഞു. ബാഗുകളും പുസ്തകങ്ങളും ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. വീട്ടില്‍നിന്ന് രാവിലെ സ്‌കൂളിലേക്കുപോയ കുട്ടികളെ തിരക്കി രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയിരുന്നു. അപ്പോഴാണ് കുട്ടികള്‍ സ്‌കൂളില്‍ ഇല്ലെന്ന വിവരം മനസ്സിലാകുന്നത്.

അർജന്റീന ഫുട്ബോൾ ടീം നവംബറിൽ കേരളത്തിൽ സൗഹൃദ മത്സരം കളിക്കാനെത്താൻ സാധ്യത കുറവാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . സംഘാടകർ തുടർച്ചയായി കരാർ ലംഘനങ്ങൾ നടത്തുന്നെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്ഐ) അറിയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ആവശ്യമായ ക്രമീകരണങ്ങൾ പൂരിപ്പിക്കാൻ പരാജയപ്പെട്ടിട്ടുണ്ടെന്നതിനാലാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ സ്റ്റേഡിയം, ഹോട്ടൽ എന്നിവ സന്ദർശിച്ചെങ്കിലും ആവശ്യമായ സജ്ജീകരണങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

നവംബർ 17ന് കൊച്ചിയിൽ ഓസ്ട്രേലിയക്കെതിരെ കളിക്കാൻ തയാറായിരുന്ന ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീമിന്റെ ഈ സന്ദർശനത്തെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് നിലവിൽ ലഭിച്ചിട്ടില്ലെന്ന് കേരള കായിക മന്ത്രി വി. അബ്ദു റഹിമാൻ വ്യക്തമാക്കി. “ടീം കേരളത്തിൽ കളിക്കാനെത്തുമെന്നു മുൻ‌കൂട്ടി അറിയിച്ചിരുന്നു, അതനുസരിച്ചുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നു,” മന്ത്രി പറഞ്ഞു.

അതേസമയം, സ്പോൺസർ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അർജന്റീന ടീം നവംബർ-17ന് കൊച്ചിയിൽ കളിക്കും എന്ന ഉറപ്പുനൽകി., “അർജന്റീന ടീമിന്റെ അംഗങ്ങളുടെ വിസ നടപടിക്രമങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നുണ്ടന്നും ടീം പിൻമാറിയതായി അറിയില്ലെന്നും ആണ് സംഘടകരുടെ നിലപാട്.

തിരുവനന്തപുരം: കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പുനഃസംഘടനയെ തുടർന്ന് പാർട്ടിക്കുള്ളിൽ അതൃപ്തി കനക്കുകയാണ്. മുതിർന്ന നേതാവ് കെ മുരളീധരൻ മുന്നോട്ട് വെച്ച ഒറ്റ പേരായ കെ.എം. ഹാരിസിനെ പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതാണ് അമർഷത്തിന് കാരണമായത്. ന്യൂനപക്ഷ സെൽ വൈസ് ചെയർമാനായ ഹാരിസിനെ ഭാരവാഹിയാക്കാത്തതിൽ മുരളിയും അദ്ദേഹത്തിന്റെ അനുയായികളും നിരാശ പ്രകടിപ്പിച്ചു.

പുനഃസംഘടനയിലൂടെ 13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി ജംബോ പട്ടികയാണ് പുറത്തുവിട്ടത്. സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ലിജുവിനെ മാറ്റി വൈസ് പ്രസിഡന്‍റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ പാലോട് രവിയെയും വൈസ് പ്രസിഡന്‍റാക്കി നിയമിച്ചു. രാഷ്ട്രീയകാര്യ സമിതിയിലും ആറ് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി.

അതേസമയം, പുനഃസംഘടനയിൽ പരിഗണിക്കാത്തതിൽ നിരാശപ്പെട്ട് വനിതാ നേതാവ് ഡോ. ഷമ മുഹമ്മദ് തുറന്ന നിലപാട് എടുത്തു. കഴിവ് മാനദണ്ഡമോ എന്ന പരിഹാസ പോസ്റ്റിലൂടെ അവർ അതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും സജീവമായിരുന്നിട്ടും പട്ടികയിൽ ഇടം ലഭിക്കാതിരുന്നതാണ് ഷമയെ നിരാശപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Copyright © . All rights reserved