Latest News

സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച നടന്റെ പേര് നടി വിൻസി അലോഷ്യസ് ഉടൻ വെളിപ്പെടുത്തുമെന്ന് താരസംഘടനയായ അമ്മ. വിൻസിയുമായി സംസാരിച്ചെന്നും പേര് വെളിപ്പെടുത്തിയാൽ ഉടൻ തന്നെ നടനെതിരെ നടപടിയുണ്ടാകുമെന്നും അമ്മ ഭാരവാഹി ജയൻ ചേർത്തല അറിയിച്ചു. പുരസ്കാരങ്ങൾക്ക് പരിഗണിക്കുമ്പോൾ നടീ നടൻമാരുടെ അഭിനയം മാത്രമല്ല സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ജയൻ ചേർത്തല ആവശ്യപ്പെട്ടു. പരാതി ലഭിച്ചാലുടൻ കേസെടുക്കുമെന്ന് എക്സൈസും പൊലീസും അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ വിൻസിയുമായി സംസാരിക്കുമെന്നാണ് വിവരം.

സിനിമാ സെറ്റിൽ വച്ച് നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിൻസി അലോഷ്യസ് കഴിഞ്ഞ ദിവസം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത്. ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് താൻ ആ പ്രസ്താവന നടത്തിയതെന്നതിനെക്കുറിച്ചും വിൻസി പറയുന്നുണ്ട്.

‘ഞാൻ ഒരു സിനിമയുടെ ഭാഗമായപ്പോൾ ആ സിനിമയിലെ പ്രധാന താരത്തിൽ നിന്നും നേരിടേണ്ടി വന്ന അനുഭവമാണ് ആ പ്രസ്താവനയ്ക്ക് കാരണം. അയാൾ ലഹരി ഉപയോഗിച്ച് എന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറി. മോശമെന്ന് പറയുമ്പോൾ, എന്റെ വസ്ത്രത്തിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ അത് ശരിയാക്കാൻ പോയപ്പോൾ ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്കായി. എല്ലാവരുടെയും മുന്നിൽവച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം കൂടി പറയുകയാണെങ്കിൽ, ഒരു സീൻ പ്രാക്ടീസ് ചെയ്യുമ്പോൾ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമ സെറ്റിൽ ഇതുപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അതിന്റെ ദൂഷ്യഫലങ്ങളൊക്കെ മറ്റു വശങ്ങളാണ്. സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് അതൊരു ശല്യമായി മാറുമ്പോൾ അവർക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല. എനിക്ക് അങ്ങനെ ജോലി ചെയ്യാൻ താൽപര്യമില്ല. എന്റെ വ്യക്തിപരമായ അനുഭവം കൊണ്ട് ഞാൻ എടുക്കുന്ന തീരുമാനമാണ്’ -വിൻസി വീഡിയോയിൽ പറഞ്ഞു.

ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍.

എറണാകുളം പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ നിരന്തര പ്രേരണയിലാണ് പി.ജി മനു തൂങ്ങിമരിച്ചതെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പി ജി മനുവിൻ്റെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകർത്തിയത് ഇയാളെന്നാണ് പൊലീസ് പറയുന്നത്.

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായിരുന്നു മുൻ ഗവണ്‍മെൻ്റ് പ്ലീഡർ കൂടിയായ പി.ജി മനു. കർശന വ്യവസ്ഥയോടെ ജാമ്യത്തില്‍ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് പിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നത്.

പിജി മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിച്ചിരുന്നു.

മനു മരണത്തിന് മുൻപ് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് സഹപ്രവർത്തകൻ കൂടിയായ അഡ്വ.ബി.എ.ആളൂർ പ്രതികരിച്ചത്. പീഡന കേസില്‍ യുവതിയുടെ വീട്ടില്‍ കുടുംബത്തോടൊപ്പം എത്തി മാപ്പ് പറയുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് പി.ജി മനു മാനസികമായി തകർന്നത്. ഇക്കാരണത്താല്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമെന്ന് മനുവിന് ഭയമുണ്ടായിരുന്നു.

ദൃശ്യങ്ങള്‍ ചിത്രീകരിച്ചവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ നിയമ നടപടിയുമായി നീങ്ങുമെന്നും മനുവിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ആളൂർ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് താപനില ഉയരുന്ന സഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

2025 ഏപ്രിൽ 16, 17 തിയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2025 ഏപ്രിൽ 16, 17 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

പകൽ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കാനും ശ്രദ്ധിക്കണം.

കൊല്ലം പൂരത്തിന്റെ കുടമാറ്റത്തില്‍ ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രവും ഇടംപിടിച്ചു. നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഹെഡ്‌ഗേവാറിന്റെ ചിത്രവും ഉയര്‍ന്നത്. പുതിയകാവ് ക്ഷേത്രത്തിന്റെ കുടമാറ്റത്തിലാണ് ആര്‍എസ്എസ് നേതാവ് ഇടംപിടിച്ചത്.

ബി.ആര്‍.അംബേദ്കര്‍, ശ്രീനാരായണഗുരു തുടങ്ങിയവരുടെ ചിത്രങ്ങളും കുടമാറ്റത്തില്‍ ഉണ്ടായിരുന്നു. ക്ഷേത്രോത്സവങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളോ നേതാക്കളുടെ ചിത്രങ്ങളോ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. ഇതിനിടയില്‍ കുടമാറ്റത്തില്‍ ഹെഡ്‌ഗേവാറുടെ ചിത്രമുയര്‍ന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

കൊല്ലം കരുനാഗപ്പള്ളിയില്‍ അമ്മ 2 പെണ്‍മക്കള്‍ക്കൊപ്പം തീ കൊളുത്തി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് സൗത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.

പുത്തൻ കണ്ടത്തില്‍ താര (35), മക്കളായ ആത്മിക (6), അനാമിക (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്.

കോട്ടയം പേരൂരില്‍ മീനച്ചിലാറ്റില്‍ ചാടിയ അഭിഭാഷകയും 2 മക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കല്‍ ജിമ്മിയുടെ ഭാര്യ ജിസ്മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.

കരുനാഗപ്പള്ളി ആദിനാട് പെണ്‍മക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം അമ്മയായ താര സ്വയം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരയും തൊട്ട് പിന്നാലെ പെണ്‍കുട്ടികളും മരിച്ചത്.

കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. ഭർത്താവിൻ്റെ വീട്ടുകാരുമായി സ്വത്ത് സംബന്ധിച്ച്‌ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൂവരുടെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മീനച്ചിലാറ്റില്‍ മക്കളോടൊപ്പം ജീവനൊടുക്കിയ ജിസ്മോള്‍ മുത്തോലി പഞ്ചായത്ത് മുൻ അംഗവും 2019- ’20 കാലയളവില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ആയിരുന്നു. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിക്കുകയായിരുന്നു.

കോട്ടയം അയർക്കുന്നം റോഡില്‍ സർ‌വീസ് നടത്തുന്ന സ്വകാര്യ ബസ്സിന്റെ ഉടമയാണ് യുവതിയുടെ ഭർത്താവ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുട്ടികള്‍ക്ക് വീട്ടില്‍ വെച്ച്‌ വിഷം നല്‍കിയ ശേഷം ജിസ്മോള്‍ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിന് ശേഷം സ്കൂട്ടറില്‍ കയറി കടവില്‍ എത്തി പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ ഇവരെ കരയ്ക്കെത്തിച്ച്‌ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ ഭർത്താവിൻ്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ ആശുപത്രിയില്‍ പോയിരുന്നു. അവർ എത്തുന്നതിന് മുമ്ബാണ് ആത്മഹത്യ. സ്കൂട്ടറില്‍ മക്കളുമായി എത്തിയ ജിസ്‌മോള്‍, മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു.

ജിസ്മോളുടെ ഭർത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. ഇതുവരേയും കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. ബന്ധുക്കളും നാട്ടുകാരും സംഭവത്തിൻ്റെ ഞെട്ടലാണ്.

ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചുമക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവരാണ് മരിച്ചത്. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരുകയായിരുന്നു. നേരത്തെ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തുകയും രണ്ടു കുട്ടികളെയും കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയത്തുതന്നെയാണ് അമ്മയെ പുഴക്കരയിൽ ആറുമാനൂർ ഭാഗത്തുനിന്ന് നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് ഇവരെയും ആശുപത്രിയിൽ എത്തിച്ചു.

ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് കണ്ണമ്പുര ഭാഗത്തുനിന്ന് ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തിയത്. സ്‌കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

കുവൈറ്റ് സിറ്റി: ബ്രദറൺ ബിലീവേഴ്സ് അസംബ്ലി കുവൈറ്റ് സഭയിലെ അംഗം പത്തനംതിട്ട മേക്കോഴൂർ മോടിയിൽ ഭവനത്തിൽ ബ്രദർ ജിജിയുടെയും സിസ്റ്റർ ആശ ജിജിയുടെയും മകൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ + 2 (ക്ലാസ്സ്‌ XII G) വിദ്യാർത്ഥിനിയായ ഷാരോൺ ജിജി സാമുവലാണ് (16 വയസ്സ) ഏപ്രിൽ 15 ചൊവ്വാഴ്ച്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ വച്ച് മരണമടഞ്ഞത്.

രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാരോൺ ജിജി ജനിച്ചതും വളർന്നതും കുവൈത്തിലാണ്. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് പിതാവ് ബ്രദർ ജിജി. മാതാവ് സിസ്റ്റർ ആശ ജിജി കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയത്തിൽ ഫിസിയോതെറാപ്പിസ്റ്റാണ്. ഏക സഹോദരി ആഷ്‌ലി ഫിലിപ്പീൻസിൽ എം ബി ബി എസ് വിദ്യാർഥിനിയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാരം പിന്നീട് നാട്ടിൽ വച്ച് നടത്തും.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംയുകതമായി നടത്തിയ വിഷു ആഘോഷം വർണ്ണാഭമായി. കെന്റിലെ റോചെസ്റ്റർ എന്ന സ്ഥലത്തുള്ള അമ്പലത്തിൽ വച്ചാണ് വിഷു ആഘോഷിച്ചത്. വിഷു കണി, വിഷു കൈനീട്ടം, വിഷു സദ്യ എന്നിവ വിഷു ആഘോഷങ്ങൾക്ക് പകിട്ടേകി. ക്ഷേത്രം പൂജാരി വിഷ്ണു രവി, വാണി സിബികുമാർ, സിന്ധു രാജേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കെന്റ് ഹിന്ദു സമാജം കൂട്ടായ്മയിലെ കുടുംബങ്ങൾ അവരവരുടെ വീടുകളിൽ നിന്ന് പാചകം ചെയ്ത് കൊണ്ടുവന്ന സദ്യ വട്ടങ്ങൾ ആഘോഷത്തിന് മാറ്റു കൂട്ടി. വിഷു ആഘോഷങ്ങൾക്ക് ശേഷം എല്ലാ മാസവും നടത്തി വരാറുള്ള അയ്യപ്പ പൂജയും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി പേർ വിഷു ആഘോഷങ്ങളിൽ പങ്കെടുത്തു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെയിംസ് ഡേവിഡ് വാന്‍സ് ഈ മാസം 21 ന് ഇന്ത്യയിലെത്തും. 24 വരെയാണ് സന്ദര്‍ശനം. ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷയും ജെ.ഡി വാന്‍സിനൊപ്പമുണ്ടാകും. യു.എസ് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷം വാന്‍സിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.

സാമ്പത്തിക സഹകരണം, പ്രതിരോധ പങ്കാളിത്തം, പ്രാദേശിക സുരക്ഷ എന്നിവയിലൂന്നി അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സന്ദര്‍ശന വേളയില്‍ വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.

ന്യൂഡല്‍ഹിയിലെ ഔദ്യോഗിക പരിപാടികള്‍ക്ക് പുറമേ, ഇന്ത്യയുടെ ചരിത്ര പ്രധാന കേന്ദ്രങ്ങളായ ജയ്പൂര്‍, ആഗ്ര തുടങ്ങിയവ വാന്‍സും ഭാര്യയും സന്ദര്‍ശിക്കും. യു.എസ് വൈസ് പ്രസിഡന്റ് വാന്‍സിന്റെയും ഭാര്യയുടെയും സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചു. വാഴച്ചാല്‍ സ്വദേശികളായ അംബിക(30), സതീഷ്‌(34) എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയ്ക്കുള്ള വഞ്ചിക്കടവിലാണ് സംഭവം. കഴിഞ്ഞ ദിവസം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു ഇവർ. നാലംഗ സംഘമാണ് കാട്ടിലേക്ക് പോയത്.

താൽക്കാലികമായി ഒരു ഷെഡ് പണിതാണ് അവർ അവിടെ വിശ്രമിച്ചിരുന്നത്. കാട്ടാന വന്നപ്പോൾ നാല് പേരും ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. രക്ഷപ്പെട്ടവർ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അംബികയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്നാണ് കണ്ടെത്തിയത്. സതീഷിന്റെ മൃതദേഹം പാറയിൽ കിടക്കുന്ന നിലയിലായിരുന്നു.

ഞായറാഴ്ച രാത്രി അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തിൽനിന്നു സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് തിരിച്ചുവരുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ വനംമന്ത്രി എ.കെ ശശീന്ദ്രൻ അന്വേഷണത്തിന് നിർദേശം നൽകി. പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ്‌ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved