Latest News

പ്രവാസി മലയാളി സൗദിയിൽ മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി നെല്ലിക്കാട്ടിൽ വീട്ടിൽ ഉദയകുമാർ സരസു ആണ് മരിച്ചത്. 54 വയസ്സായിരുന്നു. രാവിലെ ജോലിക്ക് പോകാൻ വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നോക്കിയപ്പോൾ കിടക്കയിൽ മരിച്ചുകിടക്കുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കളും സഹ പ്രവർത്തകരും ചേർന്ന് കമ്പനി അധികൃതരെ അറിയിക്കുകയായിരുന്നു. കമ്പനി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ദീർഘ കാലമായി ഉദയകുമാർ സൗദിയിൽ പ്രവാസിയാണ്. ദമ്മാമിലുള്ള ഒരു സ്വകാര്യ കമ്പനിയുടെ ഫാക്ടറിയിൽ പ്രൊഡക്ഷൻ വിഭാ​ഗത്തിൽ ജീവനക്കാരനായിരുന്നു. മഞ്ജുഷയാണ് ഭാര്യ. പിതാവ്: എൻ കൃഷ്ണൻ. മാതാവ്: സരസു. മകൾ: പൊന്നു. തുടർ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവി(ആര്‍സിബി)ന്റെ മാര്‍ക്കറ്റിങ് മേധാവി അടക്കം നാലുപേര്‍ അറസ്റ്റില്‍. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ‘ഡിഎന്‍എ’യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെയാണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു വിമാനത്താവളത്തില്‍വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ദുരന്തത്തില്‍ ആര്‍സിബി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നത്. അതേസമയം, സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഒളിവില്‍പോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

ആര്‍സിബിയുടെ ഐപിഎല്‍ കീരിടനേട്ടത്തിന്റെ ആഘോഷപരിപാടികള്‍ക്കിടെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ചത്.

സംഭവത്തില്‍ ബെംഗളൂരു പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദയുള്‍പ്പെടെ ഉന്നത പോലീസുദ്യോഗസ്ഥരുടെപേരില്‍ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അഡീഷണല്‍ കമ്മിഷണര്‍, ഡിസിപി (സെന്‍ട്രല്‍), അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍, കബ്ബണ്‍പാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവരെ സസ്‌പെന്‍ഡ്‌ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ദുരന്തത്തെപ്പറ്റി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ ഡി. കുഞ്ഞ ഏകാംഗകമ്മിഷന്‍ അന്വേഷിക്കുമെന്നും പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍, ആഘോഷപരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎന്‍എ നെറ്റ്വര്‍ക്ക് എന്നിവയുടെ പ്രതിനിധികളെ അറസ്റ്റ്‌ചെയ്യാന്‍ നിര്‍ദേശംനല്‍കിയതായും മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. ഷൈനിന് പരിക്കുണ്ട്. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ച് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

ഷൈനിനെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനും പിതാവും മാതാവും ഒരുസഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൈനിൻ്റെ അമ്മയ്ക്കും പരിക്കുണ്ട്. ചികിത്സാർത്ഥം ബെംഗളൂരു പോയി മടങ്ങവേയാണ് അപകടമുണ്ടായത്.

യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമെർ ഈയിടെ അവതരിപ്പിച്ച  ലേബർ പാർട്ടി സർക്കാരിന്റെ പുതിയ കുടിയേറ്റ  നയം സമൂഹത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.  രാജ്യം ഒരു അപരിചതരുടെ ദ്വീപ് ആയി മാറുന്നു എന്ന ആപൽക്കരമായ  പ്രയോഗത്തിലൂടെ വലതുപക്ഷ പാർട്ടികൾ മുന്നോട്ട് വെയ്ക്കുന്ന  കുടിയേറ്റം നിയന്ത്രിക്കണം എന്ന ആശയം ആണ് പ്രധാനമന്ത്രിയുടെ  പുതിയ നയത്തിന്റെ കാതൽ . ഇത് ഈ രാജ്യത്തു കുടിയേറിപ്പാർത്ത ഒട്ടനവധി പ്രവാസി ജോലിക്കാരുടെ ഭാവി ആണ് അനിശ്ചിതത്വത്തിലാക്കിയിട്ടുള്ളത്. പുതിയ നിയമങ്ങൾ വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിക്കും.

യുകെയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ ‘കൈരളി യുകെ’ പ്രവാസി സമൂഹത്തിന്റെ വളർന്നു വരുന്ന ആശങ്കകൾ ചർച്ചചെയ്യാനും  ഈ ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നിയമത്തിൽ കഴിയാവുന്ന ഭേദഗതികൾ വരുത്തുന്നതിന് സർക്കാരിന്റെമേൽ സമ്മർദ്ദം ചെലുത്താനുമായി ഓൺലൈൻ യോഗം സംഘടിപ്പിച്ചു
ബ്രിട്ടീഷ് മുൻ  എംപി യും സ്കോട്ടിഷ് നാഷണൽ പാർട്ടി നേതാവുമായ മാർട്ടിൻ ഡേ, പ്രമുഖ അഭിഭാഷകൻ സന്ദീപ് പണിക്കർ എന്നിവർ സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തെക്കുറിച്ചും ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും  വിശദീകരിച്ചു.  പുതിയ നിയമങ്ങൾ തങ്ങളുടെ തൊഴിൽ സാധ്യതകളെയും കുടുംബ ജീവിതത്തെയും സാരമായി ബാധിക്കുമെന്ന ഭയമാണ് പലർക്കുമുള്ളത്. ഈ മാറ്റങ്ങൾ യുകെയുടെ സമ്പദ്‌വ്യവസ്ഥയിലും ആരോഗ്യ സംരക്ഷണ മേഖലയിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കുടിയേറ്റ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.

കുടിയേറ്റ സമൂഹത്തിനിടയിൽ വർധിച്ചു വരുന്ന ഭയവും അനിശ്ചിതത്വവും ഒഴിവാക്കുന്നതിനു സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും, നയത്തിൽ  ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാനും യോഗത്തിൽ ധാരണയായി.

യോഗത്തിൽ കൈരളി യുകെ പ്രസിഡന്റ് രാജേഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. കൈരളി യുകെ സെക്രട്ടറി നവീൻ ഹരി സ്വാഗതം പറഞ്ഞു. ലോക കേരളസഭാ അംഗം കുര്യൻ ജേക്കബ് സംസാരിച്ചു. ചർച്ചയുടെ പൂർണ്ണ രൂപം ഇവിടെ ലഭ്യമാണ് – https://youtu.be/tlS9SzPogqA


ന്യൂസ് ഡെസ്ക്, മലയാളം യുകെ

മിൽട്ടൺ കെയിൻസിൽ താമസിക്കുന്ന കൂടല്ലൂർ മൈലപ്പറമ്പിൽ ബേബിയുടെ പിതാവ് മൈലപറമ്പിൽ മത്തായി (85) നിര്യാതനായി . വിസിറ്റിംഗ് വിസയിൽ മകനും കുടുംബവും ഒപ്പം താമസിക്കാൻ എത്തിയപ്പോഴാണ് മരണം സംഭവിച്ചത്. . മൃത സംസ്കാര ശുശ്രൂഷ 2025 ജൂൺ 5 വ്യാഴാഴ്ച മിൽട്ടൺ കെയിൻസ് സെൻറ് എഡ്വേർഡ് കാത്തലിക് ദേവാലയത്തിൽ രാവിലെ 11 മണിക്ക് ആരംഭിക്കും. ഭാര്യ പരേതയായ മറിയം ഏറ്റുമാനൂർ ഐക്കര തുണ്ടത്തിൽ കുടുംബാംഗം

മക്കൾ : ബേബി , മിനി
(മരുമക്കൾ: അനുമോൾ പിള്ളവീട്ടിൽ , ഡോ:സോന ഡൽഹി.

ബേബിയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Funeral service at
St Edward the confessor Catholic Church. Burchard Cres, MK5 6DX

Burial at Selbourne Avenue, MK3 5BX

മൃതസംസ്കാര ശുശ്രൂഷയുടെ തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പൂർണ ചന്ദ്ര, ഭൂമിക്, പ്രജ്വൽ, ചിന്മയി ഷെട്ടി, സഹാന, അക്ഷത, ദിവ്യാംശി, ശിവ് ലിംഗ്, മനോജ്, ദേവി, ശ്രാവൺ എന്നിവരാണ് മരിച്ചത്. ഇവരിൽ എട്ടുപേരും ബംഗളൂരു സ്വദേശികളാണ്. 14- കാരി ദിവ്യാംശി അടക്കം മരിച്ചവരിൽ 5 സ്ത്രീകളും 6 പുരുഷന്മാരും ഉൾപ്പെടും. ശ്രാവൺ കർണാടക ചിന്താമണി സ്വദേശിയാണ്. അംബേദ്കർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംവർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു. ആന്ധ്രയിൽ നിന്നുള്ള ദേവി താമസിക്കുന്നത് കോയമ്പത്തൂരിലാണ്. മനോജ് എന്ന മംഗലൂരു സ്വദേശിയും മരിച്ചവരിലുൾപ്പെടും. ശ്രാവൺ ഒഴികെ മറ്റെല്ലാവരുടെയും മൃതദേഹം ബന്ധുക്കൾക്ക് പോസ്റ്റുമോർട്ടതിന് ശേഷം വിട്ടുകൊടുത്തു. വിവരമറിഞ്ഞ് എത്തിയ ശ്രാവണിന്റെ അച്ഛനും അമ്മയും ബൗറിങ് ആശുപത്രിക്ക് സമീപം തളർന്നുവീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അല്പസമയത്തിനകം ശ്രാവണിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തും.

ആർസിബിയുടെ ഐപിൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ കർണാക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്യാവുന്നതിന്‍റെ പരമാവധി സജ്ജീകരണമൊരുക്കിയെന്ന് പറയുമ്പോഴും ഉത്തരവാദിത്തത്തിൽ നിന്നൊഴിയുന്നില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ വ്യക്തമാക്കി. പരിക്കേറ്റ 47 പേരും അപകടനില തരണം ചെയ്തെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സർക്കാരിന്‍റെ മാത്രം പിഴവാണ് ദുരന്തമെന്ന വിമർശനം പ്രതിപക്ഷം ശക്തമായി ഉയത്തുന്നുണ്ട്. ഐപിഎൽ ഭരണസമിതിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടു. പുറത്ത് ദുരന്തമുണ്ടായപ്പോഴും സ്റ്റേഡിയത്തിൽ ആഘോഷം തുടർന്നതിലും വിമർശനം ശക്തമാണ്. എന്നാൽ ദുരന്തത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ പരിപാടിയിൽ മാറ്റം വരുത്തിയെന്നാണ് ആർസിബിയുടെ വിശദീകരണം.

അമേരിക്കയിലേക്ക് 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, കോംങ്കോ, എക്വിറ്റോറിയൽ ഗിനി, ഹെയ്തി, എറിട്രിയ, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുളളവർക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധിച്ചത്.

തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് അനിവാര്യമാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം.

എരുമേലി മൂക്കൂട്ടുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ മോഷണംപോയി. ക്ഷേത്രത്തിലെ മതിൽ ചാടിയാണ് മോഷ്ടാവ് അകത്ത് കടന്നത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചുറ്റുമതിലിന്‍റെ ഒരു ഭാഗം പൊളിച്ചിട്ടിരിക്കുകയാണ്. ഇതുഴിയാണ് മോഷ്ടാവ് അകത്തേക്ക് കയറിയത്.

തൊപ്പിയും കോട്ടും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ഇയാൾ ക്ഷേത്രത്തിന്‍റെ മുറ്റത്ത് നിൽക്കുന്നതും നാലമ്പത്തിൽ കയറുന്നതും ശ്രീകോവിൽ തുറക്കാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ശ്രീകോവിലിന് മുമ്പിലെ കാണിക്കവഞ്ചിയാണ് മോഷ്ടിച്ചത്. ഉപദേവാലയത്തിന്‍റെ മുന്നിലെ കാണിക്കവഞ്ചി എടുക്കാൻ ശ്രമവും നടന്നു. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ കേസെടുത്ത എരുമേലി പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയെ സംബന്ധിച്ച് പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനായ ‘സർഗ്ഗം സ്റ്റീവനേജും’, പ്രാദേശിക ബാഡ്മിന്റൺ ക്ലബ്ബായ ‘സ്റ്റീവനേജ് സ്മാഷേഴ്‌സും’ സംയുക്തമായി സംഘടിപ്പിച്ച ‘ഓൾ യു കെ ഓപ്പൺ മെൻസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്’ ആവേശോജ്ജ്വലമായി.

അഡ്വാൻസ്ഡ്-ഇന്റർമീഡിയേറ്റ് വിഭാഗങ്ങളിലായി നടത്തിയ ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്’ മിന്നിമറയുന്ന സർവ്വീസുകളുടെയും, തീ പാറുന്ന സ്മാഷുകളുടെയും, മിന്നൽ പിണർ പോലെ കുതിക്കുന്ന ഷട്ടിലുകളുമായി ആവേശം മുറ്റി നിന്ന ഇഞ്ചോടിഞ്ചു പോരാട്ടമാണ് കാണികൾക്കു സമ്മാനിച്ചത്.

‘സർഗ്ഗം-സ്മാഷേഴ്സ്’ മെൻസ് ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിന് സ്റ്റീവനേജ് ‘മാരിയോട്ട്സ് ജിംനാസ്റ്റിക്‌സ് ക്ലബ്ബ്’ ഇൻഡോർ സ്റ്റേഡിയം വേദിയായപ്പോൾ തിങ്ങി നിറഞ്ഞ ഗാലറിയെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച കായികപോർക്കളത്തിലെ തീപാറുന്ന മത്സരത്തിൽ അഡ്വാൻസ്ഡ് മെൻസ് വിഭാഗത്തിൽ സന്തോഷ്-പ്രിജിത്
ജോഡി ചാമ്പ്യൻ പട്ടവും, ലെവിൻ -സുദീപ് ടീം റണ്ണറപ്പും, ജെഫ് അനി- ജെറോമി ജോഡി മൂന്നാം സ്ഥാനവും നേടി.

ഇന്റർമീഡിയറ്റ് കാറ്റഗറിയിൽ നിതിൻ-അക്ഷയ് ജോഡി ജേതാക്കളായപ്പോൾ, സിബിൻ-അമീൻ ജോഡി റണ്ണറപ്പും, പ്രവീൺ- ഗ്ലാഡ്‌സൺ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കാഷ് പ്രൈസും, ട്രോഫിയും, ജേഴ്സിയും സമ്മാനിച്ചു.

കായിക പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിൽ നടത്തപ്പെട്ട സമ്മാനപ്പെരുമയുടെ ബാഡ്മിന്റൺ മത്സരമെന്ന നിലയിൽ, യു കെ യിലെ നാനാ ഭാഗങ്ങളിൽ നിന്നും ബാഡ്മിന്റൺ ലോകത്തെ ‘കുലപതികൾ’ മാറ്റുരക്കുവാനെത്തിയിരുന്നു. മുൻ ബംഗ്ളാദേശ്, നേപ്പാൾ ദേശീയ താരങ്ങളും, കേരളത്തിനും, തമിഴ് നാടിനും, മഹാരാഷ്‌ട്രയ്ക്കും വേണ്ടി കളിച്ചിട്ടുള്ള കളിക്കാരും അഡ്വാൻസ്ഡ് ലൈനപ്പിൽ നിരന്നപ്പോൾ, യു കെ യിലെ പ്രഗത്ഭ താരനിര തന്നെ ഇന്റർമീഡിയേറ്റിൽ മാറ്റുരച്ചു.

അഡ്വാൻസ്ഡ് കാറ്റഗറിയിൽ മൂന്നാം സ്ഥാനത്തെത്തിയ സ്‌കൂൾ വിദ്യാർത്ഥികളായ ജെഫ് അനി, ജെറോമി കൂട്ടുകെട്ട് മത്സരത്തിൽ കാണികളെ ആവേശഭരിതരാക്കി കയ്യടിയും, ആർപ്പുവിളികളും നേടി ടൂർണമെന്റിൽ തിളങ്ങി. സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസഫ് അണ്ടർ 17 വിഭാഗത്തിൽ ഇംഗ്ലണ്ടിനെ പ്രനിധീകരിക്കുന്ന താരമാണ്.

മനോജ് ജോൺ, സാബു ഡാനിയേൽ,ജോർജ്ജ് റപ്പായി, അനൂപ് മഠത്തിപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ സർഗം ഭാരവാഹികളും, വിജോ മാർട്ടിൻ, ടോം ആന്റണി, അനൂബ് അന്തോണി, ക്ലിൻസ്‌ എന്നിവരുടെ നേതൃത്വത്തിൽ സ്മാഷേഴ്‌സും ഓൾ യു കെ ഓപ്പൺ മെൻസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിനായി കൈകോർക്കുകയായിരുന്നു. ടെസ്സി ജെയിംസ് മത്സരങ്ങൾ കോർഡിനേറ്റ് ചെയ്തു.

ആര്‍സിബിയുടെ ഐപിഎല്‍ കിരീടവിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്. വൻജനക്കൂട്ടമാണ്‌ സ്‌റ്റേഡിയത്തിന് സമീപം തടിച്ചുകൂടിയത്.

ബുധനാഴ്ച ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വന്‍ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ടീമിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ഒട്ടേരെപേരാണ് ഇവിടേക്ക് എത്തിച്ചേര്‍ന്നത്. ഇത് വലിയ തിക്കും തിരക്കിനും ഇടയാക്കി. ബെംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ജനക്കൂട്ടം ദൃശ്യമായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആളുകള്‍ തടിച്ചൂകൂടിയതാണ് അപകടത്തിന് വഴിവെച്ചത്. 25-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം.

ആളുകള്‍ വന്‍ തോതില്‍ എത്തിച്ചേരുന്നതു സംബന്ധിച്ച് പോലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിക്ടറി പരേഡടക്കം നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരേഡ് നടത്താമെന്ന നിലപാടാണ് കെസിഎ യും ആര്‍സിബിയും സ്വീകരിച്ചത്. വിക്ടറി പരേഡ് നടക്കുന്നതിന് മുന്നോടിയായാണ് അപകടം നടന്നതെന്നാണ് വിവരം.

Copyright © . All rights reserved