Latest News

റോമി കുര്യാക്കോസ്

യു കെ: സമരനായകനും യുവ എം എൽ യുമായ രാഹുൽ മാങ്കൂട്ടത്തിൽ ഫെബ്രുവരി 13ന് യു കെയിൽ എത്തും. രാഹുലിന്റെ ആദ്യ വിദേശരാജ്യ യാത്ര എന്ന പ്രത്യേകതയും യു കെ യാത്രയ്ക്കുണ്ട്. തന്റെ ഹ്രസ്വ സന്ദർശനത്തിൽ രാഹുൽ യു കെയിൽ മൂന്ന് പൊതു ചടങ്ങുകളിൽ പങ്കെടുക്കും.

13ന് കവൻട്രിയിലെ ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിക്കുന്ന മീറ്റ് & ഗ്രീറ്റ് വിത്ത് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ആണ് യു കെയിലെ അദ്ദേഹത്തിന്റെ ആദ്യ പൊതു ചടങ്ങ്. വൈകിട്ട് 7 മണി മുതൽ 10 മണി വരെ ക്രമീകരിച്ചിരിക്കുന്ന ചടങ്ങിൽ രാഹുലുമായി നേരിട്ട് സംവേദിക്കുന്നതിനും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനുമുള്ള അവസരം സംഘാടകർ ഒരുക്കും. സുരക്ഷയും തിരക്കും പരിഗണിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പരിപാടിയിൽ പങ്കെടുക്കുവാനുള്ള അവസരം. +447436514048 എന്ന നമ്പറിൽ വിളിച്ച് പരിമിതമായ സീറ്റുകൾ
മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

13/02/25, 7PM – 10PM
Venue:
The Tiffin Box Restaurant
7-9 The Butts, Coventry
CV1 3GJ

ഫെബ്രുവരി 14, വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ബോൾട്ടനിൽ ഒ ഐ സി സി (യു കെ) ഓഫീസ് കെട്ടിടത്തിന്റെയും പ്രിയദർശിനി ലൈബ്രറിയുടെയും ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിക്കും. കെ പി സി സി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ, കെ പി സി സി ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് മുൻ പ്രസിഡന്റ്‌ മഹാദേവൻ വാഴശ്ശേരിൽ എന്നിവർ മുഖ്യാതിഥികൾ ആയി ചടങ്ങിൽ പങ്കെടുക്കും.

ഒ ഐ സി സിക്ക്‌ സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന ചിരകാലസ്വപ്നമാണ് ബോൾട്ടനിൽ ഓഫീസ് തുറക്കുന്നതോടുകൂടി യാഥാർഥ്യമാകുന്നത്. ഓഫീസിനോടനുബന്ധിച്ച് ഒരുക്കുന്ന പ്രിയദർശിനി ലൈബ്രറിയിൽ ചരിത്രം, പഠനം, മഹാന്മാരുടെ ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, ചെറുകഥ, നോവൽ, കവിതാ സമാഹാരങ്ങൾ, കുട്ടികൾക്കായുള്ള രചനകൾ എന്നിങ്ങനെ വിവിധ ശ്രേണിയിലുള്ള പുസ്തകങ്ങൾ ഒരിക്കിയിട്ടുണ്ട്. കുട്ടികൾക്കായുള്ള പ്ലേ സ്റ്റേഷൻ ആണ് മറ്റൊരു ആകർഷണം. പുതുതായി രൂപീകരിച്ച ഒ ഐ സി സി (യു കെ) ബോൾട്ടൻ, അക്രിങ്ട്ടൻ, ഓൾഡ്ഹം യൂണിറ്റുകളുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ, പ്രിയദർശിനി ലൈബ്രറിയുടെ ആദ്യ മെമ്പർഷിപ്പ്‌ വിതരണവും ചടങ്ങിൽ വച്ച് നിർവഹിക്കപ്പെടും.

14/02/25, 6PM
Venue
No. 4, Beech Avenue
Farnworth Bolton
BL4 0AT

 

ഫെബ്രുവരി 15ന് രാവിലെ 9മണിക്ക്, ഉമ്മൻ‌ചാണ്ടി മെമ്മോറിയൽ ട്രോഫി / പി റ്റി തോമസ് മെമ്മോറിയൽ ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടിയുള്ള മെൻസ് ഡബിൾസ് / 40 വയസ്സിന് മുകളിൽ പ്രായമുള്ള മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റിന്റെ ഉദ്ഘാടനം രാഹുൽ നിർവഹിക്കും. കെ പി സി സി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ, കെ പി സി സി ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് മുൻ പ്രസിഡന്റ്‌ മഹാദേവൻ വാഴശ്ശേരിൽ എന്നിവർ മുഖ്യാതിഥികൾ ആയി ചടങ്ങിൽ പങ്കെടുക്കുകയും സമാപന സമ്മേളനത്തിൽ സമ്മാനദാനം നിർവഹിക്കുകയും ചെയ്യും.

15/02/25, 9 AM
Venue
St Peter’s CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST4 2RR

പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന്റെ ഭാഗമായി വിതരണം ചെയ്ത പാലും മുട്ടയും വാങ്ങുന്നതില്‍ ബില്‍തുകയില്‍ തട്ടിപ്പ് നടത്തി സ്‌കൂളിലെ പ്രധാനാധ്യാപിക കൈപ്പറ്റിയ പണം തിരിച്ചടയ്ക്കണമെന്ന് റിപ്പോര്‍ട്ട്.

പാലും മുട്ടയും വിതരണത്തില്‍ തട്ടിപ്പ് നടത്തിയ എടവണ്ണ ജി.എം.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപിക 1.22 ലക്ഷം തിരിച്ചടക്കണമെന്നാണ് ധനകാര്യ റിപ്പോര്‍ട്ട്. സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി 2022 ജൂണ്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെ സ്‌കൂളിലേക്ക് വാങ്ങിയ പാലിന്റെയും മുട്ടയുടെയും കണക്ക് രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.

പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള 281 കുട്ടികളാണ് ഭക്ഷണ പരിപാടിയിലുള്ളത്. ഇവര്‍ക്ക് നല്‍കുന്ന പാലിന്റെയും മുട്ടയുടെയും കണക്കിലാണ് കള്ളക്കളി നടത്തിയത്. യഥാര്‍ഥത്തില്‍ വാങ്ങിയ പാലിനേക്കാളും മുട്ടയേക്കാളും കൂടുതല്‍ വാങ്ങിയതായി കാണിച്ച്‌ കണക്ക് തയാറാക്കി. പാലില്‍ അധികമായി കൈപ്പറ്റിയ 71240 രൂപ, സ്‌കൂള്‍ പ്രധാനാധ്യാപിക കെ. ബിന്ദുവില്‍നിന്നും ഈടാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ.

2022 ജൂണ്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെ സ്‌കൂളിലേക്ക് വാങ്ങിയ മുട്ടയുടെ എണ്ണവും കൂട്ടികാണിച്ചാണ് രജിസ്റ്റരില്‍ രേഖപ്പെടുത്തിയത്. യഥാര്‍ഥത്തില്‍ വാങ്ങിയതിനേക്കാള്‍ അധികമായി കൈപ്പറ്റിയ 51,266 രൂപ പ്രധാനാധ്യാപിക കെ. ബിന്ദുവിനിന്നും തിരിച്ചടക്കണമെന്നാണ് റിപ്പോര്‍ട്ട്. പാല്‍, മുട്ട എന്നിവ വിതരണം നടത്തിയതില്‍ ക്രമക്കേട് നടത്തിയതിനു കെ. ബിന്ദുവിനെതിരെ ഭരണ വകുപ്പ് നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു.

സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടി വിവിധ ഫണ്ടുകളുടെ വിനിയോഗം തുടങ്ങിയ ബന്ധപ്പെട്ട പരിശോധന നടത്തിയത്. ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട സ്‌കൂള്‍ 2022-23, 2023- 24 വര്‍ഷത്തെ ചെലവുകളുമായി ബന്ധപ്പെട്ട രേഖകള്‍, രജിസ്റ്ററുകള്‍, ബില്ലുകള്‍, വൗച്ചറുകള്‍ തുടങ്ങിയവയാണ് പരിശോധന നടത്തിയത്.

വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. വിതരണം ചെയ്യുന്ന ദിവസങ്ങളില്‍ ശരാശരി 40 ലിറ്റര്‍ പാലും 263 മുട്ടയും വിതരണം ചെയ്തതായി ബില്ല് സമര്‍പ്പിച്ചു. തുടര്‍ന്ന് അടുക്കളയും സന്ദര്‍ശിച്ച്‌ പാചകക്കാരുമായി സംസാരിച്ചപ്പോഴാണ് ബില്ലില്‍ രേഖപ്പെടുത്തിയ പാലും മുട്ടയില്‍ വിതരണം ചെയ്യുന്നില്ലെന്ന് വ്യക്തമായത്.

കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യുന്ന ദിവസങ്ങളില്‍ ഏകദേശം 40 ലിറ്റര്‍ പാല്‍ വീതം വാങ്ങിയതായി രണ്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനനുസരിച്ച്‌ ബില്ലുകള്‍ തുക ക്ലെയിം ചെയ്തു. എന്നാല്‍, ശരാശരി 25 ലീറ്റര്‍ പാല്‍ മാത്രമാണ് ഒരു ദിവസം കുട്ടികള്‍ക്കായി വാങ്ങുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പാലിന്റെ അളവ് കൂടുതല്‍ കാണിച്ച്‌ തുക കൈപ്പറ്റിയതു സംബന്ധിച്ച്‌ ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയുണ്ടായിരുന്ന കെ. സാലിമ, പ്രധാനാധ്യാപിക കെ. ബിന്ദു എന്നിവരില്‍ നിന്നും വിശദീകരണം തേടി. ഉച്ചഭക്ഷണ പരിപാടിയുടെ ചെലവഴിച്ച തുക കൃത്യസമയത്ത് ലഭിക്കാത്തതും പാലോ മുട്ടയോ ഉള്ള ദിവസങ്ങളില്‍ കുട്ടിയൊന്നിന് 150 എം.എല്‍ പാലും ഒരു മുട്ടയും നല്‍കുന്നുവെന്നാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, പാലും മുട്ടയും കഴിക്കാത്ത നിരവധി കുട്ടികള്‍ ഉണ്ട്. രജിസ്റ്ററില്‍ തെറ്റായ കണക്ക് കാണിക്കുന്നതെന്ന് കെ. സാലിമ അറിയിച്ചു. ഇക്കാര്യം പ്രധാനാധ്യാപികയായ കെ. ബിന്ദുവും സമ്മതിച്ചു.

മുട്ട നല്‍കേണ്ട ദിവസങ്ങളിള്‍ ശരാശരി 263 മുട്ട വീതം വാങ്ങിയതായി രജിസ്റ്ററില്‍ എഴുതി. എന്നാല്‍ എന്നാല്‍ 100 മുട്ട മാത്രമാണ് ഒരു ദിവസം ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുട്ട നല്‍കേണ്ട ദിവസങ്ങളില്‍ തോരന്‍ രൂപത്തില്‍ ഉച്ചഭക്ഷണത്തോടൊപ്പമാണ് മുട്ട നല്‍കിയിരുന്നത്. ഇത്തരത്തില്‍ ബില്ലില്‍ ക്ലെയിം ചെയ്യുന്നതിനെക്കാള്‍ ശരാശരി 163 മുട്ടയോളം കുറവാണ് യഥാര്‍ഥത്തില്‍ ഉപയോഗിക്കുന്നത്.

ഇതു സംബന്ധിച്ച വിശദീകരണം തേടി. ഉച്ചഭക്ഷണ പരിപാടിക്കായി ചെലവഴിക്കുന്ന തുകകള്‍ യഥാസമയത്ത് ലഭിക്കാറില്ലായെന്നും സ്‌കൂളിലെ മുഴുവന്‍ കുട്ടികളും കഴിക്കാറില്ല എന്നും, ഉച്ചഭക്ഷണപരിപാടിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ എണ്ണം എം.ഡി.എം സൈറ്റില്‍ ചേര്‍ക്കുമ്ബോള്‍ കുട്ടികളുടെ എണ്ണത്തിനാനുപാതികമായ മുട്ടകളുടെ എണ്ണം രജിസ്റ്ററില്‍ വരുന്നതാണ് മുട്ടയുടെ എണ്ണത്തില്‍ വരുന്ന വ്യത്യാസത്തിന് കാരണം എന്നതാണ് ചുമതലയുള്ള അധ്യാപികയും പ്രധാനാധ്യാപികയും നല്‍കിയ വിശദീകരണം. എന്നാല്‍ മുട്ടയുടെ എണ്ണത്തിനനുസരിച്ച്‌ ബില്ലുകള്‍ തയാറാക്കി ആനുപാതികമായ തുക കൈപ്പറ്റുന്നത് അംഗീകരിക്കാവുന്നതല്ല. ഇതിനാല്‍ത്തന്നെ ഈ വിശദീകരണം അംഗീകരിക്കാവുന്നതല്ലെന്നാണ് റിപ്പോര്‍ട്ട്.

എന്‍. ബിരേന്‍ സിങ് മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബിരേന്‍ സിങിന്റെ രാജി.

ഇംഫാലിലെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് ബിരേന്‍ സിങ് രാജിക്കത്ത് കൈമാറി. മന്ത്രിമാരും ബിജെപി എംഎല്‍എമാരും അദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഇന്ന് രാവിലെ ബിരേന്‍ സിങ് ഡല്‍ഹിയിലെത്തി അമിത് ഷായടക്കമുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനു മുകളിലായി സംസ്ഥാനത്ത് അരങ്ങേറുന്ന വംശീയ കലാപം അവസാനിപ്പിക്കാന്‍ കഴിയാത്തതാണ് രാജിയിലേക്ക് നയിച്ചത്.

രാജ്യത്തൊട്ടാകെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നാടാകെ കത്തിയെരിയുമ്പോഴും മുഖ്യമന്ത്രി ബിരേന്‍ സിങ് ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയില്ലെന്നായിരുന്നു വിമര്‍ശനം. നിരവധി വിദേശ രാജ്യങ്ങള്‍ സംഭവത്തെ അപലപിച്ചിരുന്നു.

2023 മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കുക്കി-മെയ്‌തേയി കലാപത്തില്‍ ഇതുവരെ ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. നിരവധി പേര്‍ ഭവന രഹിതരായി. നൂറ് കണക്കിന് ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കി. അമ്പതിനായിരത്തോളം ആളുകള്‍ പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഭർത്താവിന്റെ കാല് തല്ലിയൊടിക്കാൻ 5 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നല്‍കിയ ഭാര്യ അറസ്റ്റില്‍. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. വീട്ടിലെ ജോലിക്കാരിയുമായി ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ ക്വട്ടേഷൻ നല്‍കിയത്.

കല്‍ബുറഗിയിലെ ഗാസിപുർ സ്വദേശിനിയായ ഉമാ ദേവി എന്നയാളും ഇവരെ സഹായിച്ചവരും അടക്കം മൂന്ന് പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. രണ്ട് കാലും വലതു കയ്യും ഒടിഞ്ഞ് ചികിത്സയില്‍ കഴിയുന്ന 62കാരന്റെ മകന്റെ പരാതിയിലാണ് അറസ്റ്റ്.

മുപ്പത് വർഷം മുൻപാണ് ഉമാദേവിയും ഗാസിപൂർ സ്വദേശിയുമായ വെങ്കടേഷ് മാലിപാട്ടീലും പ്രേമിച്ച്‌ വിവാഹം കഴിച്ചത്. അടുത്തിടെയായി ഭർത്താവിന് തന്നോട് താല്‍പര്യമില്ലെന്ന സംശയത്തിന് പിന്നാലെയാണ് വീട്ടിലെ ജോലിക്കാരിയുമായി ഭർത്താവ് അടുപ്പത്തിലാണെന്ന ധാരണ ഉമാദേവിക്ക് തോന്നുന്നത്.

ഇതിന് പിന്നാലെ വെങ്കടേഷിന്റെ കാല് തല്ലിയൊടിക്കാനായി ആരിഫ്, മനോഹർ, സുനില്‍ എന്നിവർക്ക് ക്വട്ടേഷൻ നല്‍കുകയായിരുന്നു. ഓരോരുത്തർക്കും ഇതിനായി ഉമാദേവി അഡ്വാൻസും നല്‍കി. പിതാവിന് മർദ്ദനമേറ്റതിന് പിന്നാലെ ഉമാദേവിയുടെ മകൻ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അമ്മ അറസ്റ്റിലായത്.

എന്നാല്‍ ഭാര്യ ക്വട്ടേഷൻ നല്‍കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ജയില്‍മോചിതയായാല്‍ ഉമാദേവിക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്നുമാണ് ആക്രമണത്തിനിരയായ വെങ്കടേഷ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനുവരി 18നായിരുന്നു 62കാരൻ ആക്രമിക്കപ്പെട്ടത്. അൻപതിനായിരം രൂപ വീതമാണ് 61കാരി ക്വട്ടേഷന് അഡ്വാൻസ് തുക നല്‍കിയത്. ബ്രഹ്‌മപുര പൊലീസാണ് കേസില്‍ 62കാരന്റെ ഭാര്യ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ വിജയത്തിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് ആവര്‍ത്തിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സി.പി.എം. തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണ അദ്ദേഹം കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. ബി.ജെ.പി. വിരുദ്ധ രാഷ്ട്രിയം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാവുന്നില്ലെന്നും എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

ഡല്‍ഹി പോലെ തന്ത്രപ്രധാനമായ ഒരു പ്രദേശത്തിന്റെ ഭരണം 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബി.ജെ.പിക്ക് ലഭിച്ചിരിക്കുകയാണ്. ആരാണ് ആ ഭരണം ബി.ജെ.പിക്ക് നല്‍കിയത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, അത് കോണ്‍ഗ്രസാണ്. ഇന്ത്യ മുന്നണിയുടെ ഭാഗമായി കോണ്‍ഗ്രസിനും എ.എ.പിക്കും യോജിച്ച് നില്‍ക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസാണെന്നാണ് എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തിയത്.

കോണ്‍ഗ്രസ് ഇപ്പോഴും പഴയ വല്ല്യേട്ടന്‍ മനോഭാവം തുടരുകയാണ്. ഞങ്ങള്‍ മഹാമേരുവാണെന്നാണ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും അതിനു മുന്‍പ് നടന്ന തിരഞ്ഞെടുപ്പിലും ഈ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ സീറ്റ് വട്ടപൂജ്യമാണ്. യോജിച്ച് മത്സരിച്ചില്ലെങ്കില്‍ അവിടെ ബി.ജെ.പിക്കായിരിക്കും മുന്‍കൈ കിട്ടുകയെന്ന് ഇന്ത്യന്‍ രാഷ്ട്രിയത്തിന്റെ എന്തെങ്കിലും ഭാഗമറിയുന്ന എല്ലാവര്‍ക്കും അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് ആണെന്ന് കഴിഞ്ഞ ദിവസവും എം.വി ഗോവിന്ദന്‍ ആരോപിച്ചിരുന്നു. സ്വയം ഇല്ലാതാകാനും ആം ആദ്മി പാര്‍ട്ടിയെ തോല്‍പിക്കാനും കോണ്‍ഗ്രസ് ചിന്തിച്ചതുകൊണ്ടാണ് ബി.ജെ.പി അധികാരത്തില്‍വന്നതെന്നായിരുന്നു എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തിയത്. ആം ആദ്മി പാര്‍ട്ടിയാണ് പ്രധാന ശത്രുവെന്ന നിലപാട് കോണ്‍ഗ്രസ് എടുത്തതുകൊണ്ടാണ് ബിജെപി ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ലാലി രംഗനാഥ്

പലതരം മെനുവോട് കൂടിയ പ്രഭാത ഭക്ഷണവും കഴിഞ്ഞ് അല്പംപോലും വിശ്രമിക്കാൻ നിൽക്കാതെ എല്ലാവരും സുന്ദരിയെ കാണാനുള്ള ആവേശവുമായി പെട്ടെന്ന് തന്നെ റെഡിയായി ഹോട്ടലിന്റെ ലോബിയിൽ വന്നു.

മണാലിയിലെ ഞങ്ങളുടെ ആദ്യത്തെ യാത്ര “ഹിഡിമ്പ” ക്ഷേത്രത്തിലേയ്ക്കായിരുന്നു. നഗരപ്രദക്ഷിണവും ‘വസിഷ്ഠ’ ഗ്രാമ സന്ദർശനവും കൂടി ഉൾപ്പെടുത്തിയാണ് ഇന്നത്തെ യാത്രയെന്നറിയിക്കുക മാത്രമല്ല, ആ സ്ഥലത്തെ പ്രത്യേകതകളെക്കുറിച്ച് കൂടി ഹാരിസ് വിശദീകരിച്ചപ്പോൾ കാണാനുള്ള കൗതുകമേറി വന്നു.

ശരീരമാകെ അരിച്ചുകയറുന്ന തണുപ്പിനെ പ്രതിരോധിക്കാൻ സ്വെറ്ററും തൊപ്പിയും കൂട്ടിനു ണ്ടായിരുന്നെങ്കിലും മനസ്സിന്റെ കുളിർമ്മയ്ക്ക് ആവരണമിടാനാകാത്തത് കൊണ്ട് തന്നെ, കുളിരുള്ള മനസ്സുമായി ഞങ്ങളെല്ലാവരും ഒമ്പതുമണിക്ക് തന്നെ ഹിഡിമ്പ ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെട്ടു. മഹാഭാരത കഥയിലെ ഭീമസേനന്റെയും ഹിടിമ്പ എന്ന രാക്ഷസിയുടെയും പ്രണയത്തിന്റെ സ്മാരകമായും നാടോടിക്കഥകളിൽ സൂചനയുണ്ടത്രേ.

ബസ്സിനു പുറത്തേക്കാഴ്ചകൾ മനോഹരമെന്ന ഒറ്റവാക്കിൽ ഒതുങ്ങുന്നതായിരുന്നില്ല. അത്രയ്ക്ക് ഭംഗിയായിരുന്നു മഞ്ഞണിഞ്ഞ മണാലിക്ക്. കാഴ്ചകൾ കണ്ടിരുന്ന്‌, ലക്ഷ്യസ്ഥലമെത്തിയത് ഞാനറിഞ്ഞതേയില്ല.ബസ്സിറങ്ങി അല്പദൂരം നടന്ന് വേണം ക്ഷേത്രത്തിലെത്താൻ. ഉയരം കൂടിയ ദേവാദാരു മരങ്ങൾക്കിടയിലൂടെ , ഹിമാലയൻ സൗന്ദര്യവുമാസ്വദിച്ചുകൊണ്ട് ക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ പാടാനറിയാത്ത ഞാൻ പോലും പാടിപ്പോയി..

“ആരേയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ…” എന്ന്.

തടിയും കല്ലും കൊണ്ട് നിർമ്മിച്ച ഹിഡിമ്പക്ഷേത്രം പ്രാചീന ആർക്കിടെക്സ്ചർ രീതികളുടെ ഒരു ശേഷിപ്പാണ്. വ്യത്യസ്തമായ രീതിയിലുള്ള ഒരു പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. ഒത്ത നടുവിൽ ചെറിയൊരു ദേവി വിഗ്രഹവുമായി ഒരു ഗുഹ. ചുറ്റുമായി അമ്പലം. മഹാഭാരതകഥയിലെ ഭീമസേനന്റെ ഭാര്യ ഹിടിമ്പി ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.

ആദ്യ കാഴ്ചയിൽ ഒരു മാന്ത്രിക ചിത്രത്തിന്റെ പശ്ചാത്തലമാണോയെന്നെനിക്ക് സംശയം തോന്നിപ്പോയി ക്ഷേത്രത്തിനുള്ളിൽ കടന്നപ്പോൾ. മരം കൊണ്ടാണ് ചുവരും മേൽക്കൂരയും നിർമ്മിച്ചിരിക്കുന്നത്. ചുവരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മാൻ തലയോട്ടികൾ പതിപ്പിച്ചിട്ടുണ്ട്. സത്യത്തിൽ അവിടെ നിന്നപ്പോൾ ദൈവീക ചിന്തകൾക്കപ്പുറം എന്റെ മനസ്സിനെ ഭരിച്ചത് ചെറിയൊരു ഭയമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ ഈ ക്ഷേത്രനിർമ്മിതി മണാലിയിലെ മാറ്റി നിർത്താനാവാത്ത ഒരു സന്ദർശനസ്ഥലമാണെന്നതിൽ തർക്കമൊന്നുമില്ല. ‘ദുംഗ്രി’ എന്ന പാർക്കിന്റെ നടുവിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എന്നത് ആകർഷണീയമായ ഒരു കാര്യവുമാണ് .

അല്പനേരം ഞങ്ങളെല്ലാവരും ക്ഷേത്രത്തിനുള്ളിലും പുറത്തുമായി ചെലവഴിച്ച് പുറത്ത് കടക്കുമ്പോൾ, ചുറ്റും കമ്പിളി ഉടുപ്പുകളും മറ്റും വിൽക്കുന്ന കച്ചവടക്കാരുടെ ( കൂടുതലും ഹിമാലയൻ സുന്ദരികളാണ്) തിരക്കായിരുന്നു.

പക്ഷേ എന്നെ ഏറെ ആകർഷിച്ചത് ദേവദാരു മരങ്ങൾക്കിടയിൽ, സ്വപ്നം പൂത്ത മിഴികളുമായി പരസ്പരം പ്രണയം പങ്കുവെക്കുന്ന ദമ്പതികളുടെ ശരീരഭാഷയാണ്. ഫോട്ടോകൾക്ക് വേണ്ടി സ്വയം മറന്നവർ പോസ് ചെയ്യുന്നത് വെറുതെ നോക്കി നിന്നപ്പോൾ മനസ്സിന്റെ കുളിരിന് ഹൃദ്യതകൂടി. യൗവനവും വാർദ്ധക്യവുമെല്ലാം യുവത്വത്തിൽ എത്തിനിൽക്കുന്ന കാഴ്ച…സുന്ദരം.

അവിടെ കണ്ട മറ്റൊരു കാഴ്ച കണ്ണിന് കുളിർമ പകരുന്ന ഒന്നായിരുന്നു . അതിൽ ഞാനുമൊന്ന് ഭ്രമിച്ചു. മണാലിക്കാരുടെ ഔദ്യോഗിക വസ്ത്രമായ “പാട്ടു”വുമണിഞ്ഞ് നിൽക്കുന്ന ടൂറിസ്റ്റുകളെ കണ്ടപ്പോൾ എനിക്കും ആ വസ്ത്രമണിഞ്ഞൊരു ഫോട്ടോ എടുത്താലോയെന്നൊരു മോഹം വെറുതെ മനസ്സിൽ കടന്നുകൂടി..

” പലരും ഉപയോഗിക്കുന്ന ഒന്നാണ്.. കോവിഡ് കാലമൊക്കെയാണ്”..
ഈ വക ദുഷ്ചിന്തകളൊക്കെ പാടേ മറന്ന് “പാട്ടു” അണിയാനുള്ള തിടുക്കമായിരുന്നു പിന്നീട്. ഹിമാലയൻ സുന്ദരിമാർ എന്നെ വസ്ത്രമണിയിക്കാൻ മത്സരിച്ചപ്പോൾ, എന്റെ കോസ്റ്റൂമെറെ തിരഞ്ഞെടുക്കാനെനിക്ക് അൽപ്പമൊന്നു പണിപ്പെടേണ്ടി വന്നുവെന്നുള്ളത് മറ്റൊരു കാര്യം.

കടും ചുവപ്പ് നിറമുള്ളതാണീ വസ്ത്രം. കട്ടിയേറിയ കടും നിറത്തിലുള്ള ഈ ഷാൾ നമ്മുടെ വസ്ത്രത്തിന് മുകളിൽ പ്രത്യേക രീതിയിൽ, ‘ബൂമിനി’ യെന്നറിയപ്പെടുന്ന സിൽവർ പിന്നുകളുപയോഗിച്ചുറപ്പിക്കും. സിൽവർ ആഭരണങ്ങളും വില്പനക്കാർ തന്നെ അണിയിക്കും. പുതിയൊരു വേഷത്തിൽ നമ്മളെ കാണുമ്പോളുണ്ടാകുന്ന ഒരു കൗതുകം.. അതൊരു നല്ല അനുഭവം തന്നെയായിരുന്നു.

പാട്ടുവുമണിഞ്ഞു നിന്നപ്പോൾ ഹിമാലയൻ സൗന്ദര്യം എന്നിലേക്ക് ആവാഹിക്കപ്പെട്ടോയെന്ന്, ഒരു നിമിഷം ഭർത്താവെടുത്ത എന്റെ ഫോട്ടോയിൽ നോക്കി വെറുതെ ഒന്ന് സംശയിക്കുകപോലും ചെയ്തു ഞാൻ. സംശയമായത് കൊണ്ട് ആരോടും പറഞ്ഞൊന്നുമില്ല കേട്ടോ..

സംഘങ്ങളെല്ലാവരും തന്നെ ഫോട്ടോയെടുപ്പിന്റെ തിരക്കിലായിരുന്നു. ദേവദാരു മരങ്ങളുടെയും ദേവീക്ഷേത്രത്തിന്റെയും പശ്ചാത്തലം അത്രമേൽ ഹൃദയഹാരിയായ ഒന്നായിരുന്നു. കൂടെ അരിച്ചു കയറുന്ന തണുപ്പ് കൂടി ആയാലോ..

ഉച്ചയോടടുത്തപ്പോൾ ഹിഡിമ്പ ദേവിയോട് യാത്ര പറഞ്ഞിറങ്ങിയ ഞങ്ങൾ ഭക്ഷണശേഷം “വസിഷ്ഠ” ഗ്രാമ സന്ദർശനം ലക്ഷ്യമാക്കി യാത്ര തുടർന്നു…

തുടരും….

 

ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര

അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം

 

ബിനോയ് എം. ജെ.

നാം പുറത്തേക്ക് നോക്കുമ്പോൾ ജഗത്തിനെ കാണുന്നു. ഈ ജഗത്താവട്ടെ നാനാത്വത്തിൽ അധിഷ്ഠിതവും, വൈരുധ്യങ്ങൾ നിറഞ്ഞതും, അപേക്ഷികവും ആണ്. അത് ദ്വൈതമാണ്. എവിടെ നോക്കിയാലും പ്രശ്നങ്ങൾ! ആ പ്രശ്നങ്ങൾക്ക് പരിഹാരവും ഉണ്ടാവാം. എന്നിരുന്നാലും ആ പരിഹാരങ്ങളും ശാശ്വതങ്ങളല്ല.ഇവിടുത്തെ സുഖദു:ഖങ്ങൾ പരിമിതങ്ങളാണ്. സുഖം ദു:ഖത്തിനും ദു:ഖം സുഖത്തിനും വഴിമാറുന്നു. എല്ലാം മാറി മറിയുന്നു. ശാശ്വതമായി യാതൊന്നുമില്ല. ഈശ്വരൻ എവിടെയോ തിരോഭവിച്ചിരിക്കുന്നു. ചിലർ ഈശ്വരൻ ഉണ്ടെന്ന് വാദിക്കുന്നു; ചിലർ ഈശ്വരൻ ഇല്ലെന്ന് വാദിക്കുന്നു. രണ്ടു കൂട്ടർക്കും സത്യസന്ധത പോരാ.ഈശ്വരൻ ഉണ്ടെങ്കിൽ അതിനെ ഒന്ന് കാട്ടിത്തരൂ… ഇല്ലെങ്കിൽ ഈ നാനാത്വത്തിന്റെ പിറകിലത്തെ ഏകത്വമെന്താണ്?

സംഘർഷഭരിതമായ ഈ ജഗത് എവിടെ നിന്നും വരുന്നു?അത് ഈശ്വരന്റെ സൃഷ്ടിയൊന്നുമല്ല. മറിച്ച് അത് നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണ്. മനസ്സുള്ളിടത്തൊക്കെ ജഗത്തും ഉണ്ട്. ജഗത് ഉള്ളിടത്തൊക്കെ മനസ്സും ഉണ്ട്. ജഗത്തിനെ ഇല്ലാതാക്കുവാനുള്ള കഴിവ് മനസ്സിനുണ്ട്. കാരണം ജഗത്തിന്റെ നിലനിൽപ്പ് നിങ്ങളുടെ മനസ്സിനെ ആശ്രയിച്ചാണ് കിടക്കുന്നത്. മനസ്സ് എല്ലാറ്റിനെയും വിഭജിക്കുന്നു. അത് മനസ്സിന്റെ പ്രകൃതമാണ്. മനസ്സ് അദ്വൈതത്തെ വിഭജിച്ച് ദ്വൈതമാക്കുന്നു. ഒന്നിനെ വിഭജിക്കുമ്പോൾ രണ്ടുണ്ടാകുന്നു. രണ്ടിൽ നിന്നും നാനാത്വം ജനിക്കുന്നു. ഇപ്രകാരം മനസ്സ് ജഗത്തിന് രൂപം കൊടുക്കുന്നു. പിന്നീട് അങ്ങോട്ട് പ്രശ്നങ്ങളുടെ ഒരു ഘോഷയാത്രയാണ്. അവ ഒരിക്കലും അവസാനിക്കുന്നില്ല. പ്രശ്നങ്ങളെ നേരിട്ട് മനുഷ്യന്റെ മനസ്സ് കല്ലുപോലെ ആയിരിക്കുന്നു. ഭൂരിപക്ഷം ആളുകളും ജീവിതം മടുത്തു. ഇതിൽ നിന്നൊക്കെ ഒരു മോചനം എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ അതെങ്ങിനെ സാധിക്കും? ഇതൊരു വലിയ ചോദ്യമാണ്. ജഗത്തിനെ ജയിക്കുക! നാനാത്വത്തെ ജയിക്കുക! ദ്വൈതത്തെ ജയിക്കുക! മനസ്സിനെ ജയിക്കുക! ചിന്തയെ ജയിക്കുക! മായ തിരോഭവിക്കുമ്പോൾ യഥാർത്ഥ സത്യം പ്രകാശിക്കുന്നു. ജഗത് തിരോഭവിക്കുമ്പോൾ ഈശ്വരൻ പ്രകാശിക്കുന്നു. രണ്ടില്ലാതാകുമ്പോൾ ഒന്ന് മാത്രം ശേഷിക്കുന്നു. ആ ശേഷിക്കുന്ന തത്വം നിങ്ങൾ തന്നെയാണ്.

‘ജഗത്’ എന്നു പറയുന്ന ഒന്നവിടില്ല. ഉള്ളത് ഈശ്വരൻ മാത്രം. ദുഃഖം ഒരു മിഥ്യയാണ്. ഉള്ളത് അനന്താനന്ദം മാത്രം. ഈശ്വരൻ എന്ന ആ ഭാവാത്മക സത്തയെ ഒന്നു കണ്ടാൽ മതി സകല ക്ലേശങ്ങളും തിരോഭവിക്കും. സുഖ- ദു:ഖങ്ങൾ ദ്വൈതമാണ്. അത് ജഗത്തിലേ ഉള്ളൂ; ഈശ്വരനിൽ ഇല്ല. പരിമിത സത്തയിൽ(ജഗത്തിൽ) അനന്താനന്ദം അസാധ്യം. അനന്ദ സത്തയിൽ(ഈശ്വരനിൽ) ദുഃഖങ്ങളും അസാധ്യം. ഈശ്വരനെ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുവിൻ. ഈശ്വരനെ കാണുമ്പോൾ ജഗത് തിരോഭവിച്ചുകൊള്ളും. പ്രശ്നവും അതിന്റെ പരിഹാരവും നിങ്ങളുടെ കാഴ്ചപ്പാടിൽ ആണ് കിടക്കുന്നത്. ഈശ്വരനെ കാണേണ്ടിടത്ത് ജഗത്തിനെ കാണുന്നതാണ് നമ്മുടെ പ്രശ്നം. രണ്ടുള്ളിടത്തൊക്കെ സംഘർഷവും ഉണ്ട്. പാശ്ചാത്യ ചിന്തകനായ ഹേഗൽ ഈ സംഘട്ടനത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഏതൊരാശയത്തിനും (Thesis)എതിരായി മറ്റൊരാശയം(Anti-thesis) നിലനിൽക്കുന്നു. ഇവ തമ്മിലുള്ള സംഘട്ടനത്തിൽ നിന്നും മൂന്നാമതൊരാശയം(Synthesis) ജന്മമെടുക്കുന്നു. എന്നാൽ ഈ പുതിയ ആശയത്തിനെതിരെയും ഒരു വിപരീതാശയം ജനിക്കുന്നു. അവ തമ്മിലുള്ള സംഘട്ടനത്തിൽ നിന്നും പിന്നെയും പുതിയ ഒരാശയം ജനിച്ചു വീഴുന്നു. ഈ പ്രക്രിയ അനന്തമായി നീളുന്നു. ഈ സംഘട്ടനത്തിനും പ്രശ്നങ്ങൾക്കും എന്താണ് പരിഹാരം? രണ്ടിനെ തള്ളിക്കളയുവിൻ! അപരിമിതമായ ആ ഏക ആശയത്തെ അന്വേഷിക്കുവിൻ! നിങ്ങൾ പരിമിതമായ ഒരാശയത്തെ യാണ് തിരയുന്നതെങ്കിൽ തീർച്ചയായും നിങ്ങൾ പരാജയപ്പെടും. കാരണം എല്ലാ പരിമിതികളും മിഥ്യയാണ്.

ഒന്നിനെ കാണുമ്പോൾ മനസ് അത്യധികം ഏകാഗ്രമാകുന്നു. രണ്ടിനേയും, നാനാത്വത്തെയും കാണുമ്പോൾ നമ്മുടെ ഏകാഗ്രത തകരുന്നു. ഏകാഗ്രത തകരുമ്പോൾ സംഘർഷങ്ങൾ മനസ്സിൽ അരങ്ങേറുന്നു. മനസ്സിനെ സ്വരച്ചേർച്ചയിൽ എത്തിക്കുക എന്നതാണ് നമ്മുടെ ദൗത്യം. അവിടെ നാം സ്വയം മറക്കുന്നു. പിന്നീട് നിങ്ങളെ ബാധിക്കുവാൻ ജഗത്തിനാവില്ല. ജഗത് നിങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ പിടിപ്പുകേട് കൊണ്ടാണ്. നിങ്ങൾ ജഗത്തിനെ കാണുന്നതുകൊണ്ടാണ് അത് നിങ്ങളെ ബാധിക്കുന്നത്. ഇല്ലാത്ത ഒരു സത്തയ്ക്ക് ജന്മം കൊടുത്താൽ അത് ഒരു ഭൂതം പോലെ നിങ്ങളെ ബാധിക്കുകയും പിന്തുടരുകയും ചെയ്യും.

അദ്വൈതവും ദ്വൈതവും തമ്മിലുള്ള വ്യത്യാസം അനന്താനന്ദവും അനന്ത ദുഃഖവും തമ്മിലുള്ള വ്യത്യാസമാണ്. അവ സ്വർഗ്ഗവും നരകവും പോലെ വ്യത്യസ്തങ്ങളാണ്. ഈശ്വരനെ അറിയുമ്പോൾ – അല്ല ഈശ്വരനാകുമ്പോൾ – അദ്വൈതം സാക്ഷാത്കരിക്കപ്പെടുന്നു. അവിടെ ക്ലേശങ്ങൾക്ക് ഒന്നെത്തിനോക്കുവാൻ പോലും കഴിയുന്നില്ല. അവിടെ എല്ലാം അതിന്റെ പൂർണ്ണതയിലാണ്. അതിന്റെ സൗന്ദര്യം വർണ്ണനകൾക്കും അതീതമാണ്. അതിനെക്കുറിച്ച് പറയുവാൻ ഭാഷ അശക്തമാണ്. അവിടെ ഞാനെന്നും നീയെന്നുമുള്ള ഭേദഭാവനയില്ല. സമസ്തവും ഈശ്വരനിൽ ലയിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

എം. ജി.ബിജുകുമാർ

വൈകുന്നേരം കോളേജ് അധ്യാപികയായ സാരംഗി ഡി.ടി.പി സെന്ററിന്റെ ഉള്ളിൽ ഫാനിന്റെ ചുവട്ടിലിരുന്ന് കയ്യിലുള്ള പേപ്പറിലൂടെ കണ്ണോടിക്കുമ്പോഴാണ് ഒരു പയ്യൻ അവിടേക്ക് കയറി വന്നത്. പേപ്പറിൽ നിന്ന് മുഖമുയർത്താതെ കണ്ണുയർത്തി അലസമായിട്ടൊന്നു നോക്കിയിട്ട് അവൾ വീണ്ടും കടലാസിലേക്ക് കണ്ണുംനട്ടിരുന്നു. നോട്ട് തയ്യാറാക്കിയത് ടൈപ്പ് ചെയ്യിച്ച് പ്രിന്റ് എടുത്ത് പ്രൂഫ് റീഡിങ്ങ് നടത്തുന്നതിനിടയിൽ മുഖമുയർത്തി നോക്കുമ്പോൾ അല്പം മുമ്പ് കയറിവന്ന പയ്യൻ സ്ക്രീനിലേക്ക് നോക്കിയിട്ട് സാരംഗിയെ നോക്കി മന്ദഹസിച്ചു. മന്ദഹാസത്തിന് മറുപടി നൽകാതെ എവിടെയോ കണ്ട് പരിചയമുള്ള രൂപം എന്ന തോന്നലിൽ അവനെത്തന്നെ ശ്രദ്ധിച്ച് കണ്ണു ചിമ്മാതെയിരുന്നു.

പ്രൂഫ് റീഡിങ്ങ് തുടരുമ്പോൾ ഇവനെ എവിടെയാവും കണ്ടിട്ടുണ്ടാവുക എന്ന ചിന്ത അവളിൽ നിന്നും വിട്ടൊഴിയാൻ മടിച്ചു. ഏകദേശം
ഇരുപത്തിയഞ്ചിൽ താഴെ മാത്രം പ്രായമുള്ള ഇവൻ്റെ മുഖ സാദൃശ്യമുള്ള ആരോ തന്റെ അടുത്ത സ്നേഹിതയോ സ്നേഹിതനോ ആയിട്ടുണ്ടെന്ന് അവൾ തീർച്ചപ്പെടുത്തുമ്പോഴും അതാരെന്ന് മാത്രം മനസ്സിൽ തെളിഞ്ഞിന്നില്ല. എന്തായാലും അവനോട് ചോദിക്കുന്നില്ല എന്നുതന്നെ അവൾ തീരുമാനിച്ചു.

“ടീച്ചറേ.. നാളെ കോളേജ് അവധിയല്ലേ, അതിനാൽ ഇന്നുതന്നെ കംപ്ളീറ്റ് പ്രിൻറ് എടുത്ത് തരാം. പ്രൂഫ് തിരുത്തി തന്നിട്ട് പോയാൽ മതി. അടുത്ത ദിവസം വരുമ്പോഴേക്കും കറക്ടാക്കി പ്രിൻ്റ് എടുത്ത് വെച്ചേക്കാം” ഡി.റ്റി.പി വർക്ക് ചെയ്യുന്നയാൾ ഇത്രയും പറഞ്ഞ് തന്റെ ജോലി തുടരുമ്പോൾ അതിനുശേഷം ക്ഷേത്രത്തിലെ നോട്ടീസ് ചെയ്യാൻ എത്തിയ ആ പയ്യൻ ആരെയൊക്കെ ഫോണിൽ വിളിച്ച് പരസ്യത്തിനെപ്പറ്റിയൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു.

അല്പസമയം കടന്നുപോയി. തനിക്കു പരിചയമുള്ള അവന്റെ മുഖസാദൃശ്യമുള്ളയാൾ ആരായിരുന്നു എന്ന ചിന്തയിൽ കണ്ണടച്ച് അവൾ കസേരയുടെ പിന്നിലേക്ക് തല ചേർത്തിരുന്നു.

കുറച്ചു നിമിഷങ്ങൾക്ക് ശേഷമാണ് ഒരു പേര് അവളുടെ ഉള്ളിലേക്ക് ഇരച്ചെത്തിയത്.
” യമുനാ ദേവി ”

ഒന്നാം ക്ലാസ് മുതൽ ബിരുദം വരെയും പോസ്റ്റ് ഗ്രാജുവേഷൻ്റെ ആദ്യവർഷത്തിൻ്റെ പകുതി വരെയും തന്റെ ഒപ്പം പഠിച്ച യമുനാ ദേവിയുടെ മുഖ സാദൃശ്യമാണ് ഈ പയ്യനെന്ന് മനസിലാക്കുമ്പോൾ അവളിൽ അധ്യയനകാല ഓർമ്മകളെ പുൽകുവാനുള്ള വെമ്പലുണ്ടായി.

അവളുടെ ഓർമ്മകൾ ഇരുപത്തിയഞ്ച് വർഷം പിന്നിലേക്ക് പാഞ്ഞു. വ്യത്യസ്തമായ സ്ഥലങ്ങളിൽ നിന്നാണ് വരുന്നതെങ്കിലും വിദ്യാലയത്തിൽ വെച്ച് ചങ്ങാതിമാരായവരായിരുന്നു യമുനയും സാരംഗിയും. സംസ്കൃത ബിരുദ കോഴ്സ് ഒരുമിച്ച് ചെയ്തപ്പോഴുണ്ടായതും ജീവിതത്തിൽ സാരംഗിയെ ഒരുപാട് കരയിച്ചതുമായ ഒരു സംഭവത്തിന് ഉത്തരവാദിയായ യമുനയെ പൂർണ്ണമായും മറക്കാൻ അവൾക്ക് സാധിക്കുമായിരുന്നില്ല.

ചിന്തകൾ പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ കോളേജിലെ വരാന്തകളും ഇടനാഴികളും വാക മരങ്ങളും ചെമ്പകച്ചില്ലകളുമൊക്കെ തൻ്റെ മനസ്സിൽ സുഗന്ധം പൊഴിക്കുന്നതായി അവൾക്ക് തോന്നി. നല്ല സൗഹൃദങ്ങളും തമാശകളും ഒരുമിച്ചുള്ള ഭക്ഷണമൊക്കെയായി രസകരമായ കോളേജ് ജീവിതമായിരുന്നു അത്.

നന്നായി പഠിച്ചിരുന്ന തനിക്ക് റാങ്ക് ലഭിക്കുമെന്ന് അധ്യാപകരും ബന്ധുക്കളും സുഹൃത്തുക്കളും എപ്പോഴും പറയുമായിരുന്നു എന്ന് അവളോർത്തു. തന്റെ അടുത്ത സുഹൃത്തായിരുന്ന യമുനാദേവിക്കും റാങ്ക് സ്വപ്നം ഉണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയത്. അതിന് അവൾ കണ്ടുപിടിച്ച വഴി ദൈവത്തിന് നിരക്കാത്തതായി പോയി എന്ന് മാത്രം.

തന്റെ കണ്ണട ഊരിവെച്ച് കണ്ണടച്ച് കസേരയിൽ ചാരിയിരുന്ന് അവൾ ആ സംഭവങ്ങളുടെ ഇരുണ്ട ഓർമ്മകളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

“ഡീ സാരംഗീ.. നമുക്ക് സബ്സിഡറി പേപ്പറുകൾ പിന്നീട് ഇംപ്രൂവ്മെന്റ് പരീക്ഷ വരുമ്പോൾ എഴുതാം. മെയിൻ സബ്ജക്റ്റ് നമുക്ക് നന്നായി പഠിക്കുവാൻ സമയം കിട്ടുകയും ചെയ്യും.”
വളരെ കാര്യമായിട്ടാണ് യമുന അത് പറഞ്ഞത്. അടുത്ത സുഹൃത്തായതിനാൽ അവളുടെ അഭിപ്രായത്തിനോട് യോജിച്ച് അതുമതിയെന്ന് തീരുമാനിക്കുകയും ചെയ്തു.

“ഔട്ട്ലൈൻ ഓഫ് ഇന്ത്യൻ കൾച്ചർ ” ഒന്നും രണ്ടും ഭാഗങ്ങളായിരുന്നു ആ വിഷയങ്ങൾ. പരീക്ഷാ ദിനമെത്തി. താൻ സബ്സിഡറി പരീക്ഷയ്ക്ക് എഴുതാൻ പോയില്ല. പരീക്ഷകൾക്ക് ശേഷം ക്ളാസ്സ് തുടങ്ങിയപ്പോഴാണ് അറിഞ്ഞത് പറഞ്ഞതിനു വിപരീതമായി യമുന രണ്ടു പരീക്ഷകളും എഴുതുകയും ചെയ്തുവെന്ന വിവരം.

” നീ എന്തിനാണ് എന്നോട് എഴുതേണ്ടെന്ന് പറഞ്ഞ പരീക്ഷകൾ എഴുതിയത്?”
അൽപ്പം നീരസത്തോടെയാണ് സാരംഗി അത് ചോദിച്ചത്.

” അത് വീട്ടിൽ വഴക്ക് പറഞ്ഞെടീ. എഴുതിയേ പറ്റു എന്ന് നിർബന്ധം പറഞ്ഞപ്പോൾ വെറുതേ പോയതാണ്.”
അല്പം പോലും മുഖഭാവത്തിൽ വ്യത്യാസവും വരുത്താതെയാണ് യമുനയങ്ങനെ പറഞ്ഞത്. അപ്പോഴും അത് സത്യമാവുമെന്ന് കരുതി അവളോട് വിരോധം കാണിച്ചിരുന്നില്ല.

പിന്നീട് ഇംപ്രൂവ്മെന്റ് വന്നപ്പോൾ താൻ നന്നായി പരീക്ഷ എഴുതുകയും ചെയ്തു. മൂന്നാം വർഷം പരീക്ഷയുടെ റിസൾട്ട് വരുന്ന സമയമായി. ഏവരും പ്രതീക്ഷിക്കുന്നത് പോലെ റാങ്ക് കിട്ടുമെന്ന് സാരംഗിയും സ്വപ്നം കണ്ടിരുന്നു.

റിസൾട്ട് വരുന്ന ദിവസം ക്ഷേത്ര ദർശനമൊക്കെ കഴിഞ്ഞ് ടേപ്പ് റിക്കോർഡറിൽ പാട്ടും കേട്ട് വീട്ടിലിരിക്കുമ്പോൾ ലാൻഡ് ഫോണിൽ മണി മുഴങ്ങി . അതെടുക്കുമ്പോൾ കാതിൽ മുഴങ്ങിയ, കോളേജിലെ ടീച്ചറിന്റെ സന്തോഷം നിറഞ്ഞ വാചകം ഇന്നും മനസ്സിലുണ്ട്.
“സാരംഗിക്കുട്ടീ… പരീക്ഷാഫലം പ്രഖ്യാപിച്ചു നിനക്കാണ് ഏറ്റവും കൂടുതൽ മാർക്ക്.. ”
അത് കേട്ടപ്പോൾ തുള്ളിച്ചാടാൻ തോന്നി.
“നീ ഇന്നും നാളെയും വീട്ടിൽ തന്നെയിരിക്കണം. എങ്ങുമിറങ്ങിപ്പോയേക്കരുത്. പത്രക്കാർ ചിലപ്പോൾ വന്നേക്കാം”
അതുകൂടി കേട്ടപ്പോൾ ഹൃദയമിടിപ്പ് കൂടി.
ടീച്ചർ ഫോൺ വെച്ചപ്പോഴേക്കും അമ്മയോട് വിവരം പറയാനായി അടുക്കളയിലേക്കോടി.
പരന്ന പാത്രത്തിലേക്ക് തൊലി ചെത്തിയ പഴുത്ത മാങ്ങ കഷണിച്ചിട്ടു കൊണ്ടിരുന്ന അമ്മയുടെ
ഇരു കയ്യിലും പിടിച്ചു വിവരമറിയിക്കുമ്പോഴേക്കും അവർ സന്തോഷത്തോടെ അവളെ ചേർത്തു പിടിച്ചു.
” ഏറ്റവും കൂടുതൽ മാർക്ക് കിട്ടാൻ മഹാദേവൻ്റെ സന്നിധിയിൽ വഴിപാട് നേർന്നിരുന്നു എന്തായാലും ഭഗവാൻ കൈവിട്ടില്ല”
അമ്മയുടെ ശബ്ദത്തിൽ നന്ദിയുടെയും ഭക്തിയുടെയും നിറവ്.

റാങ്ക് സ്വപ്നവുമായി ടെറസ്സിൽ നിൽക്കുമ്പോൾ താൻ തറയിൽ നിന്നും പൊങ്ങി മേഘപാളികളിൽ വരെ ഉയർന്നു പോകുന്ന ഒരു പ്രതീതി ഉണ്ടാകുന്നതായി അവൾക്ക് തോന്നി.
എന്നാൽ നേരം ഇരുട്ടിയിട്ടും പത്രക്കാർ വിളിക്കുകയോ വരികയാേ ചെയ്തില്ല. ഇതിനെപ്പറ്റിയുള്ള ആലോചനയിൽ രാത്രിയിൽ ഉറക്കം വന്നില്ല. എന്നിട്ടും പുതപ്പെടുത്ത് തല വഴി മൂടിപ്പുതച്ചു കിടന്നു. അൽപ്പനേരം കഴിഞ്ഞിട്ടും
നിദ്രയെത്താത്തതിനാൽ തുറന്നിട്ട ജനാല വഴി പുറത്തു നിന്നും അകത്തേക്ക് വെളിച്ചമടിച്ചു കയറുന്ന സ്ട്രീറ്റ് ലൈറ്റിലേക്ക് നോക്കി വെളുപ്പാൻ കാലം വരെ ചാരിയിരുന്നു. ക്ഷേത്രത്തിൽ ഹരിനാമകീർത്തനം മുഴങ്ങുമ്പോഴാണ്
” സാരംഗി ജി കുറുപ്പിന് ഒന്നാം റാങ്ക് ” എന്ന തലക്കെട്ടിൽ പത്രം ഇറങ്ങുന്നതും സ്വപ്നം കണ്ട് അവൾ ഉറങ്ങിയത്.

മഞ്ഞ് പൊഴിയുന്ന പ്രഭാതത്തിൽ മുറ്റത്ത് പൊഴിഞ്ഞു കിടക്കുന്ന ചെമ്പകപ്പൂക്കൾ കയ്യിലെടുത്ത് മനോരാജ്യങ്ങളിലേക്ക് വഴുതാതെ കഴിഞ്ഞ ദിവസം പത്രക്കാരെയും പ്രതീക്ഷിച്ചിരുന്നെങ്കിലും അവരെത്താത്തതിൻ്റെ നിരാശ നിറഞ്ഞ മനസ്സുമായി ചെമ്പകച്ചുവട്ടിലെ കൽക്കെട്ടിലിരുന്നു. അല്പസമയത്തിനുള്ളിൽ സൈക്കിൾ മണി മുഴങ്ങുകയും പത്രം മുറ്റത്തേക്ക് വീശി എറിയപ്പെടുകയും ചെയ്തു.
അവൾ പത്രമെടുത്ത് പേജുകളിലൂടെ കണ്ണോടിക്കുമ്പോൾ തന്റെ സഹപാഠിയുടെ ചിരിച്ചു കൊണ്ടിരിക്കുന്ന പടത്തിന് താഴെ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ കണ്ണിൽ ഇരുട്ട് കയറി.
“ഒന്നാം റാങ്ക് യമുനാദേവിക്ക് ”

കണ്ണുനിറഞ്ഞ് നീർത്തുള്ളികൾ പത്രത്തിലേക്ക് അടർന്നു വീണു.
ടീച്ചറിന് തെറ്റിപ്പോയതാവുമെന്ന് പറഞ്ഞ് അമ്മ അവളെ സമാധാനിപ്പിച്ചു.

അവളുടെ മാർക്ക് അറിഞ്ഞപ്പോഴാണ് തന്നേക്കാൾ 76 മാർക്കിന് താഴെയാണ് യമുനയുടെ മാർക്ക് എന്ന്.
അടുത്ത ദിവസം തന്നെ ഇതേപ്പറ്റി അന്വേഷിക്കാനായി അച്ഛനും അമ്മാവനുമാെപ്പം യൂണിവേഴ്സിറ്റിയിൽ എത്തി.

“തന്റെ മകളേക്കാൾ 76 മാർക്ക് കുറവുള്ള യമുനയ്ക്ക് എങ്ങനെ ഒന്നാം റാങ്ക് കിട്ടി? ” അച്ഛൻ ഓഫീസിലിരുന്നവരോട് കയർത്തു.കൂടെയുണ്ടായിരുന്ന അമ്മാവൻ അച്ഛനെ തണുപ്പിക്കാൻ ശ്രമിച്ചു.

“ആദ്യം പരീക്ഷ എഴുതാതിരിക്കുകയോ, ആദ്യമെഴുതുകയും മാർക്ക് കുറയുകയും ചെയ്ത് ഇംപ്രൂവ്മെൻ്റ് പരീക്ഷയെഴുതുകയോ ചെയ്തിട്ട് പിന്നീട് അവസാന വർഷ പരീക്ഷയെഴുതി മാർക്ക് കൂടുതൽ കിട്ടിയാലും റാങ്കിനു പരിഗണിക്കില്ല എന്നാണ് യൂണിവേഴ്സിറ്റിയുടെ നിയമം”
അയാൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി.

അതെന്ത് നിയമമെന്ന് പറഞ്ഞ് രോഷാകുലനായ അച്ഛനെ അമ്മാവൻ പിടിച്ചു വെളിയിലേക്ക് കൊണ്ടുവന്നു. നിറഞ്ഞ കണ്ണുകളോടെ ഞാനും അവരോടൊപ്പം വെളിയിലേക്കിറങ്ങി.

അപ്പോഴാണ് യമുനയുടെ ചതിയെപ്പറ്റി മനസ്സിലായത്. കളിക്കൂട്ടുകാരിയെ വിശ്വസിച്ചത് മൂലം തന്റെ സ്വപ്നമാണ് തകർന്നതെന്ന ദുഖഭാരവും പേറി അവരോടൊപ്പം വീട്ടിലേക്ക് മടങ്ങി.

ആഴ്ചകളോളം എടുത്തു അതിൽ നിന്നും മോചിയാവാനെന്ന കാര്യം ഇന്നും മറന്നിട്ടില്ല.

യൂണിവേഴ്സിറ്റി കോളേജിൽ പോസ്റ്റ് ഗ്രാജുവേഷന് അഡ്മിഷൻ കിട്ടിയപ്പോൾ യമുനയും അവിടെത്തന്നെയുണ്ടായിരുന്നു.
ഒരേ ഹോസ്റ്റലിൽ തന്നെയായിരുന്നു രണ്ടു പേരും. റൂംമേറ്റ് ആക്കണമെന്നും അന്ന് മന:പ്പൂർവം ചെയ്തതല്ല എന്നും പറഞ്ഞ് വീണ്ടും തന്റെ ഒപ്പം കൂടി.പലതവണ ഇതാവർത്തിച്ചപ്പോൾ ഒരുപക്ഷേ അവൾ പറഞ്ഞത് ശരിയായിരിക്കുമെന്ന് ചിന്തിച്ച് അവളെ തൻ്റെ റൂം മേറ്റ് ആക്കി. വീട്ടിലറിയിച്ചാൽ പഠനം വരെ നിർത്തിയേക്കാമെന്ന ചിന്തയിൽ ആരോടും ഇക്കാര്യം പറഞ്ഞതുമില്ല.

അവളുടെ ചതിയിൽപ്പെട്ട് ഉള്ള് അത്രമേൽ ഉടഞ്ഞുപോയിട്ടും മനസിനെ അത്രമേൽ മുറിവേൽപ്പിച്ചിട്ടും യമുനയെ എങ്ങനെ വീണ്ടും റൂം മേറ്റ് ആക്കാൻ കഴിഞ്ഞു എന്ന് ചിന്തിച്ച് പിന്നീട് സ്വയം അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാൽ ഇരുവരെ അതിനൊരുത്തരം കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല.

ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു.
അധ്യാപിക ആവുക എന്ന തൻ്റെ സ്വപ്നത്തിന് ചിറക് വിരിച്ച് പറക്കാൻ സഹായിക്കുന്ന പുതിയ സ്ഥലവും പരിസരവും അവൾ ആസ്വദിച്ചു തുടങ്ങി.
കലാലയത്തിൽ തലയുയർത്തി നിൽക്കുന്ന തണൽമരങ്ങളും അതിനെ തഴുകുന്ന കുളിർ കാറ്റുമൊക്കെ അവളിൽ പുതുമയാർന്ന ഒരു നിർവൃതിയും ആത്മവിശ്വാസവും നിറച്ചു.
നഗരത്തിൽ നിൽക്കുമ്പോഴും ഗ്രാമത്തിന്റെ സൗന്ദര്യത്തിൽ മയങ്ങി കിടക്കുകയായിരുന്നു സാരംഗിയുടെ ചിന്തകളും മനസ്സും. നാട്ടിടവഴികളും വയലും പുഴയും തോടുകളും സുഗമമായ ശീതളങ്കാറ്റുമൊക്കെ അവളുടെ ഉള്ളിൽ അലയടിക്കുന്നതിനാൽ നഗരത്തിന്റെ ശബളിമ അവളിൽ ചലനങ്ങൾ ഉണ്ടാക്കിയില്ല.

എന്നാൽ ഉച്ചയ്ക്ക് കഴിക്കാൻ അമ്മയുണ്ടാക്കി തന്നു വിടുമായിരുന്ന രുചികരമായ ഭക്ഷണം മാത്രമായിരുന്നു അവൾക്ക് “മിസ്സ് ” ചെയ്യുന്നതായി തോന്നിയിരുന്നത്. അതിൽ നുറുക്ക് ഗോതമ്പു കൊണ്ട് ഉണ്ടാക്കുന്ന ഉപ്പുമാവിനോട് സാരംഗിയെപ്പോലെ യമുനയ്ക്കും വലിയ ഇഷ്ടമായിരുന്നു. കോളേജിൽ കൊണ്ടു വന്നാൽ യമുനയായിരുന്നു അതിൽ ഭൂരിഭാഗവും കഴിച്ചിരുന്നതും.

ഒരു മാസം കഴിഞ്ഞപ്പോഴേക്കും കോളേജിലും ഹോസ്റ്റലിലുമൊക്കെ ഒരാൾ യമുനയെ കാണാൻ സ്ഥിരമായി വന്നു തുടങ്ങി. അത് ആരാണെന്ന ചോദ്യത്തിന് “ഡേവിഡ് ” എന്ന് മാത്രം അവൾ മറുപടി നൽകി. അവർ തമ്മിൽ അരുതാത്തബന്ധങ്ങളും ഉണ്ടെന്ന മനസ്സിലാക്കിയപ്പോൾ യമുനയെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ പലതവണ ശ്രമിച്ചു. കാരണം അയാൾ ശരിയല്ലെന്ന് അയാളുടെ മുഖത്തെഴുതി വെച്ചിട്ടുണ്ടായിരുന്നു. പക്ഷേ യമുനയ്ക്ക് പറയാൻ ന്യായീകരണങ്ങൾ ഏറെയുണ്ടായിരുന്നു.

“ഇത് കണ്ടോ ? ഇദ്ദേഹം പറഞ്ഞിരിക്കുന്നത് എന്താണെന്ന് അറിയില്ലേ?” മോതിരത്തിലുള്ള ഗുരുദേവന്റെ ചിത്രം കാണിച്ചിട്ട് അവൾ ചോദിച്ചു.
മറുപടി പറയാതെ നിന്ന തൻ്റെ നേരെ അവജ്ഞയോടെ “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് കേട്ടിട്ടില്ലേ. ഇതും അത്രേയുള്ളൂ” എന്ന് പറഞ്ഞ് അവൾ പുറത്തേക്ക് പോയി.
സ്വന്തം തെറ്റിനെ ന്യായീകരിക്കാൻ ആ മഹാത്മാവിനെ പോലും ഇക്കാര്യത്തിലേക്ക് വലിച്ചിഴച്ചതിനാൽ അവളോട് പുച്ഛം തോന്നി.

പാർക്കിലും ബീച്ചിലും സിനിമ ശാലകളിലും അവർ കറങ്ങി നടക്കുന്നതിനിടയിൽ ചില ദിവസങ്ങളിൽ ഹോസ്റ്റലിൽ വരാറുമില്ലായിരുന്നു.

പുറത്തെവിടെയോ വെച്ച് ഇവരെ ഒരുമിച്ചു കണ്ട പരിചയക്കാരിൽ ആരോ സംഭവം അവളുടെ വീട്ടിലറിയിച്ചു. കോളേജിൽ എത്തിയ വീട്ടുകാർ അവളെയും പിടിച്ചിറക്കി നാട്ടിലേക്ക് പോന്നു. അവളുടെ പഠനം അതോടെ മുടങ്ങി. അതോടെ ഡേവിഡ് ഇതൊരവസരമായെടുത്ത് സ്ഥലം കാലിയാക്കിയിരുന്നു.

കുറച്ചു മാസങ്ങൾക്ക് ശേഷം അവളെ സ്വജാതിയിൽപ്പെട്ട യുവാവുമായി വിവാഹം നടത്തുകയും ഗുജറാത്തിൽ ജോലിയുള്ള വരൻ അവളെ തൻ്റെയൊപ്പം ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.അതോടെ യമുനയുടെ പഠനവുമവസാനിച്ചു.
പിന്നീടവളെ കണ്ടിട്ടേയില്ല.

ഇടയ്ക്കൊക്കെ സുഹൃത്തുക്കളെ കാണുമ്പോൾ പറയുമായിരുന്നു യമുനയുടെയും ഡേവിഡിൻ്റെയും കാര്യം അവളുടെ വീട്ടിലറിയിച്ചത് സാരംഗിയാണെന്നാണ് യമുന ഉറച്ചു വിശ്വസിക്കുന്നതെന്ന്.
അത് കേൾക്കുമ്പോൾ തന്റെ ചിന്തയിൽ പോലും ഇല്ലാത്ത കാര്യത്തിന് പഴികേൾക്കേണ്ടി വരുന്നതിൽ സങ്കടമുണ്ടാകുമായിരുന്നു.
അതിനാൽ പിന്നീട് ഒരിക്കലും അവളെ കാണണമെന്നോ സംസാരിക്കണമെന്നോ തോന്നിയിട്ടില്ല. അതിന് ശ്രമിച്ചിട്ടുമില്ല. അല്ലെങ്കിലും അവനവനോട് മാത്രം അനുകമ്പയുള്ള യമുനയെപ്പറ്റിയുള്ളതൊന്നും ഇനി ഓർക്കാൻ ശ്രമിക്കില്ല എന്ന് പി.ജി.പഠനത്തിനു ശേഷം ട്രാവൽ ബാഗും തോളിലിട്ട് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറുന്നതിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു.

“ഒരുപക്ഷേ ഇവൻ യമുനയുടെ മകനായിരിക്കുമോ?” എന്ന ചിന്തയിൽ ഓർമ്മകളിൽ നിന്നിറങ്ങി സാരംഗി  മുഖമുയർത്തി നോക്കി. പക്ഷേ അവനോടത് ചോദിക്കാൻ തോന്നിയില്ല. മുറിഞ്ഞുപോയ ബന്ധങ്ങളെ ചേർത്തുവെക്കാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.

പ്രൂഫ് തിരുത്തി പ്രിന്റ് എടുത്ത് പൈസയും കൊടുത്തിറങ്ങുമ്പോൾ  സാരംഗിയുടെ മനസ്സിൽ ആ പയ്യനെപ്പറ്റിയുള്ള ചിന്ത ഒഴിഞ്ഞിരുന്നില്ല.
ക്ഷേത്രത്തിനു സമീപം ബസ്സിറങ്ങി വരണ്ട പാടങ്ങൾക്ക് നടുവിലെ മൺപാതയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ഒരു ചോദ്യം മാത്രം അവളുടെയുള്ളിൽ മുഴങ്ങുന്നുണ്ടായിരുന്നു. “അവൻ യമുനയുടെ മകൻ ആയിരിക്കുമോ?

എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്നൊരു കഥാസമാഹാരം പുറത്തിറക്കാനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചിട്ടുണ്ട്.
പുസ്തകത്തിൻ്റെ കവർ പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദൻ പ്രകാശനം ചെയ്തു. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു

സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം നൽകാമെന്നുപറഞ്ഞ് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പോലീസ്. ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് കണ്ടെത്തൽ. കസ്റ്റഡിയിലുള്ള അനന്തുവിനെ ഞായറാഴ്ച എറണാകുളം ഹൈക്കോടതി ജങ്ഷനിൽ ഇയാൾ താമസിച്ചിരുന്ന രണ്ട് ഫ്ളാറ്റുകളിലും കടവന്ത്രയിൽ അനന്തുകൃഷ്ണന്റെ ഓഫീസായി പ്രവർത്തിച്ച സോഷ്യൽ ബീ വെഞ്ച്വേഴ്സിലുമെത്തിച്ച് തെളിവെടുക്കും.

അനന്തുവിന്റെ വാട്‌സാപ്പ് ചാറ്റുകളും പോലീസിന് ലഭിച്ചു. രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ പണം നൽകിയെന്ന് അനന്തു മൊഴി നൽകിയിരുന്നു. 2023 അവസാനമാരംഭിച്ച സ്കൂട്ടർവിതരണ പദ്ധതിപ്രകാരം ഇനിയും ആയിരക്കണക്കിനാളുകൾക്ക് സ്കൂട്ടർ ലഭിക്കാനുണ്ടെന്നും വ്യക്തമായി.

എൻ.ജി.ഒ. കോൺഫെഡറേഷനിൽനിന്ന് പണം വകമാറ്റിയാണ് അനന്തു വിവിധയിടങ്ങളിൽ ഭൂമി വാങ്ങിയതെന്നും വ്യക്തമായി. തൊടുപുഴ മുട്ടത്തും കുടയത്തൂരിലും സ്ഥലം വാങ്ങി. ഇവിടെത്തന്നെ മറ്റൊരു സ്ഥലത്തിന് അഡ്വാൻസ് കൊടുത്തതായും ഒന്നരക്കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ തട്ടിപ്പുകേസിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ ഇപ്പോഴുമെത്തുന്നുണ്ട്. എറണാകുളം റൂറൽ ജില്ല, ഇടുക്കി എന്നിവിടങ്ങളിൽ ശനിയാഴ്ചയും പരാതികളെത്തി. മാള സ്റ്റേഷനിൽ രണ്ടുകേസുകൾ കൂടി എടുത്തു. ഇതോടെ നിലവിൽ തൃശ്ശൂർ ജില്ലയിൽ നാലുകേസുകളായി. തൃശ്ശൂർ സിറ്റി പോലീസിന് കീഴിൽ പതിനഞ്ച് പരാതികളും ലഭിച്ചിട്ടുണ്ട്.

വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ആള്‍ത്തുളയുടെ മൂടി തകര്‍ന്നുവീണ് പരിക്കേറ്റ യുവതികളില്‍ ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ തോളൂര്‍ പള്ളാട്ടില്‍ മനോജിന്റെയും ശര്‍മിളയുടെയും മകള്‍ പി.എം.മനീഷ (26)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.15-ഓടെ ചാത്തന്നൂര്‍ തിരുമുക്ക് എം.ഇ.എസ്. എന്‍ജിനിയറിങ് വനിതാ ഹോസ്റ്റലിലായിരുന്നു അപകടം. കൊല്ലം മേവറം മെഡിസിറ്റി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ 10.21-ഓടെയാണ് ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചത്.

മനീഷയുടെ ബന്ധുക്കള്‍ ബുധനാഴ്ച രാവിലെതന്നെ ആശുപത്രിയില്‍ എത്തിയിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മനീഷയ്‌ക്കൊപ്പം ആള്‍ത്തുളയിലൂടെ വീണ കണ്ണൂര്‍ സ്വദേശി സ്വാതി സത്യന്‍ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സ്വാതിയില്‍നിന്ന് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയുടെ മുകളിലിരുന്ന് കാപ്പി കുടിച്ചശേഷം ഇരുവരും ആള്‍ത്തുളയുടെ മേല്‍മൂടിക്കു മുകളിലിരുന്നു. ഇതേസമയംതന്നെ മേല്‍മൂടിതകര്‍ന്ന് മനീഷയും സ്വാതിയും ആള്‍ത്തുളയിലൂടെ താഴേക്ക് പതിക്കുകയായിരുന്നു. ആള്‍ത്തുളയിലേക്കു വീണ മനീഷയുടെ മുകളിലേക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് പാളികളും പതിച്ചിരുന്നു. മനീഷയുടെ ദേഹത്തേക്കാണ് സ്വാതി പതിച്ചത്.

കുറച്ചു സമയത്തിനുശേഷം സ്വാതി പൈപ്പുകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി ആള്‍ത്തുളയ്ക്കു താഴെയുള്ള കമ്പികൊണ്ടുള്ള ചെറിയവാതില്‍ തുറന്ന് പുറത്തേക്ക് ഇഴഞ്ഞിറങ്ങി, ഹോസ്റ്റല്‍ കെട്ടിടത്തിന്റെ കാര്‍ പോര്‍ച്ചിലേക്ക് എത്തുകയായിരുന്നു. സ്വാതി പുറത്തെത്തിയത് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടുമാത്രമാണ് ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കാനായത്.

മേവറം മെഡിസിറ്റി ആശുപത്രിയിലെ എച്ച്.ആര്‍.വിഭാഗം ജീവനക്കാരിയായിരുന്നു മനീഷ. സഹോദരന്‍ മിഥുന്‍. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.

Copyright © . All rights reserved