Latest News

കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചന സംശയിക്കുന്ന ചോദ്യങ്ങളുമായുള്ള വീഡിയോ സന്ദേശത്തിൽ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും വിജയ് വെല്ലുവിളിച്ചു. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നും വിജയ് തുറന്നടിച്ചു. തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.

ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം. അതിനാൽ തന്നെ സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടിയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാൽ, നടക്കാൻ പാടില്ലാത്തത് സംഭവിച്ചുപോയെന്നും വികാരാധീനനായി വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സത്യം പുറത്തുവരുമെന്ന് പറഞ്ഞ വിജയ്, സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന സൂചനയും നൽകി. അപകടം ഉണ്ടായശേഷം കരൂരിൽ തുടരാതിരുന്നതിലും വിജയ് വിശദീകരണം നൽകി. ഉടൻ തന്നെ കരൂരിലെത്തി എല്ലാവരെയും കാണുമെന്നും രാഷ്ട്രീയം ശക്തമായി തുടരുമെന്നും വിജയ് വ്യക്തമാക്കി.

ബംഗ്ലാദേശിലെ ധാക്കയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. രാജസ്ഥാനിലെ ഝലാവര്‍ സ്വദേശിനിയായ നിദാ ഖാനെ(19)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ധാക്കയിലെ അദ് ദിന്‍ മൊമിന്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് ബിരുദ വിദ്യാര്‍ഥിനി ആയിരുന്നു നിദ. മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

ശനിയാഴ്ച ഹോസ്റ്റല്‍ മുറിയിലാണ് നിദയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാദേശിക അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം ബംഗ്ലാദേശ് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നിദ പഠിച്ചിരുന്ന കോളേജ് അധികൃതര്‍ വിഷയത്തില്‍ പ്രസ്താവന പുറപ്പെടുവിക്കാത്തതിനെതിരേ പലരും ഇതിനകം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ ഇടപെടാന്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഐഎംഎസ്) വിദേശകാര്യമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ഓണം ആഘോഷങ്ങൾ സംഘടിപ്പിച്ചു. 2025 സെപ്റ്റംബർ 27 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ഓണം ആഘോഷങ്ങൾ നടത്തിയത്.ബഹുമാന്യ ക്രോയ്ഡൺ മേയർ ജയ്സൺ പെറി വിശ്ഷ്ട അതിഥി ആയിരുന്നു. ഓണാഘോഷത്തോടെനുബന്ധിച്ചു

മാവേലി എഴുന്നളത്ത്

ദീപം തെളിയിക്കൽ

ഓണപ്പാട്ട് (LHA ടീം)

ഓണപ്പാട്ട് (നിവേദിത)

നൃത്തം [LHA കുട്ടികൾ]

കൈകൊട്ടിക്കളി (LHA പെൺകുട്ടികൾ)

ഓണപ്പാട്ട് (റാഗി സ്വിന്റൺ)

നൃത്തം (സംഗീത ഓക്സ്ഫോർഡ്)

തിരുവാതിര (LHA ടീം)

നൃത്തശിൽപ്പം (ആശാ ഉണ്ണിത്താൻ)

കഥകളി (വിനീത് പിള്ള)

ഇലഞ്ഞിതറ മേളം (വിനോദ് നവധാര)

ദീപാരാധന

പ്രസാദം ഉട്ട് [ഓണസദ്യ] എന്നിവ നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു.

തമിഴ്നാട്ടിലെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് നിർണ്ണായക നീക്കങ്ങളിലേക്ക് കടക്കുന്നു. ടിവികെ ഭാരവാഹികളായ ബുസി ആനന്ദിനെയും നിർമൽ കുമാറിനെയും അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലാണ് എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതും, മുന്നറിയിപ്പ് നൽകിയിട്ടും നേതാക്കൾ അനുസരിക്കാതിരുന്നതും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, റാലിക്കെത്താൻ വിജയ് മനപ്പൂർവം നാല് മണിക്കൂർ വൈകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.

ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 65 കാരി സുഗുണയുടെ മരണമാണ് ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്തത്. പൊലീസിന്റെയും സംഘാടകരുടെയും വീഴ്ചകളാണ് ദുരന്തത്തിന് കാരണമായതെന്ന് ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കി. അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. എ.ഡി.എസ്.പി പ്രേമാനന്ദനാണ് അന്വേഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം, ടിവികെ അധ്യക്ഷൻ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. വിജയ് കരൂരിലെ ദുരന്തഭൂമി സന്ദർശിക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും എൽ മുരുകനും സ്ഥലത്തെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. രാഹുൽ ഗാന്ധി വിജയിയെ ഫോൺ വഴി ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വാദപ്രതിവാദങ്ങളും ശക്തമാകുന്നുണ്ട്.

വാഷിങ്ടൺ ∙ അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% തീരുവ (താരിഫ്) ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍ ‘ മുഖാന്തിരമാണ് അദ്ദേഹം തീരുമാനത്തെ കുറിച്ച് അറിയിച്ചത്.

വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ “മോഷ്ടിച്ചു” എന്ന് ട്രംപ് ആരോപിച്ചു. “ഒരു കുഞ്ഞിന്റെ കയ്യില്‍നിന്ന് മിഠായി പിടിച്ചെടുക്കുന്നതു പോലെയാണ് അമേരിക്കയുടെ സിനിമാ വ്യവസായത്തെ വിദേശ രാജ്യങ്ങള്‍ തട്ടിയെടുത്തത്,” എന്ന് അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

കാലിഫോര്‍ണിയയുടെ സിനിമാ വ്യവസായം ഗവര്‍ണറുടെ ദൗര്‍ബല്യത്താല്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടുവെന്നും, പതിറ്റാണ്ടുകളായി തുടരുന്ന ഈ പ്രശ്നം അവസാനിപ്പിക്കാന്‍ വിദേശ സിനിമകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുന്നതാണെന്നും ട്രംപ് വ്യക്തമാക്കി.

ഇതിന് മുമ്പ് തന്നെ, മേയ് മാസത്തില്‍ ട്രംപ് ഇത്തരം തീരുവ ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കിയിരുന്നു. നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വാണിജ്യ വകുപ്പിനും യുഎസ് ട്രേഡ് റെപ്രസെന്ററ്റീവിനും അദ്ദേഹം അധികാരം നല്‍കിയിട്ടുണ്ട്.

സൗഹൃദത്തിന്റെ സൗരഭ്യവും, പങ്കാളിത്തത്തിന്റെ പൂക്കളും, മലയാളിത്തനിമയുടെ ഓണക്കൊലുസും ചേർന്ന്, സൗത്താംപ്ടൺ മലയാളി അസോസിയേഷൻ (MAS) 2025 സെപ്റ്റംബർ 13-ന് വികം കമ്മ്യൂണിറ്റി ഹാളിൽ ഭംഗിയായി ഓണം ആഘോഷിച്ചു.

UKMA സൗത്ത് ഇസ്റ്റ് റീജിയൻ പ്രസിഡന്റ് ജിപ്സൺ തോമസ് ഉദ്ഘാടനം നിർവഹിച്ചു. MAS പ്രസിഡന്റ് മാൽക്കം പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. പ്രിയപ്പെട്ട ജന്മനാട്ടിന്റെ ഓർമ്മകളും സംസ്കാരത്തിന്റെ സൗന്ദര്യവും പങ്കുവെച്ച് അനവധി മലയാളികൾ ഒരുമിച്ച് ചേർന്നത് സംഗമത്തിനെ കൂടുതൽ നിറവേകി.

കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതിയ ഓണസദ്യ, മലയാളിത്തനിമ പുതുക്കിയ മെഗാ തിരുവാതിര, വർണ്ണപ്പകിട്ടാർന്ന കലാപരിപാടികൾ – എല്ലാം ചേർന്ന് ഓണക്കാലത്തിന്റെ മധുരത്വം പ്രേക്ഷകർക്കു സമ്മാനിച്ചു.

സെക്രട്ടറി പ്രസാദ് ഹൃദയം നിറഞ്ഞ സ്വഗതം നേർന്നു. UKMA നാഷണൽ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ ആശംസകൾ അർപ്പിച്ചു. MAS കമ്മിറ്റി അംഗങ്ങളായ മായ അനീഷ്, ജിജോ ഫ്രാൻസിസ്, മാത്യു എബ്രഹാം, ഷിജുമോൻ ചാക്കോ, ഡയ്സി ജേക്കബ്, സൗമ്യ എബ്രഹാം, വരൂൺ ജോൺ, ഷമീർ കെ പി എന്നിവർ നേതൃത്വം നൽകി. ജോയിൻ്റ് സെക്രട്ടറി കൃഷ്ണവേണി നന്ദിപറഞ്ഞ് ചടങ്ങ് സമാപിച്ചു.

ഒരുമ, സൗഹൃദം, ഓർമ്മകൾ – ഇതെല്ലാം ചേർന്ന് MAS ഓണാഘോഷം 2025, പ്രവാസ മലയാളികളുടെ ഹൃദയങ്ങളിൽ ഒരിക്കലും മായാത്തൊരു ഓണാഘോഷമായി മാറി.

വാഷിങ്ടൺ ∙ യുഎസിലെ മിഷിഗണിൽ നടന്ന വെടിവയ്പ്പിൽ 2 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ‘ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് ‘ പള്ളിക്കുള്ളിലാണ് വെടിവയ്പ്പ് നടന്നത്.

അക്രമി ആദ്യം തന്റെ ട്രക്ക് ഉപയോഗിച്ച് പള്ളിയുടെ അകത്ത് ഇടിച്ചു കയറുകയായിരുന്നു. തുടർന്നാണ് വെടിവയ്പ്പ് ആരംഭിച്ചത്. പിന്നീട് പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ ഇയാളെ വധിച്ചു. ആക്രമണത്തിനിടെ പള്ളിക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്. വെടിവച്ച വ്യക്തി തന്നെയാണ് പള്ളി തീയിട്ടതെന്നാണ് സൂചന. അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കി.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ പ്രതികരിച്ചു. പ്രത്യേകിച്ച് ‘ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് ‘ പ്രസിഡന്റ് റസ്സൽ എം. നെൽസന്റെ മരണത്തിന്റേതിനു പിന്നാലെയാണ് ആക്രമണം നടന്നത്. അമേരിക്കൻ മതനേതാവ് ജോസഫ് സ്മിത്ത് 19-ാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ് മോർമോൺ സഭ. ദ് ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയ്ന്റ്സ് എന്നതാണ് ഔദ്യോഗികനാമം.

ദുബായ് ∙ ഏഷ്യാകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ നേർക്കുനേർ എത്തിയ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിന്റെ ഒടുവിൽ ജയം ഇന്ത്യക്ക് . ഒൻപതാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടം ഉയർത്തുന്നത്.

ആദ്യ പത്ത് ഓവറുകളിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച പാകിസ്താനെ ഇന്ത്യയുടെ ബൗളർമാർ അടിച്ചമർത്തി. 19.1 ഓവറിൽ 146 റൺസിനാണ് പാകിസ്താൻ പുറത്തായത്. മറുപടി ബാറ്റിംഗിൽ തുടക്കം മോശമായിരുന്നെങ്കിലും തിലക് വർമ്മയുടെ (69 റൺസ്) അർധസെഞ്ചുറിയും ശിവം ദുബെയുടെ (33 റൺസ്) ഇന്നിങ്സും ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തു . ഒടുവിൽ റിങ്കു സിങ്ങിന്റെ ബൗണ്ടറിയോടെ ഇന്ത്യ 19.4 ഓവറിൽ തന്നെ വിജയലക്ഷ്യം മറികടന്നു (150/5).

പാകിസ്താനുവേണ്ടി ഓപ്പണർ സഹിബ്സാദ ഫർഹാൻ (57 റൺസ്) മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മധ്യനിര തകർന്നതോടെ ടീമിന് തിരിച്ചുവരാൻ കഴിഞ്ഞില്ല. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റുകൾ നേടി ഫൈനലിന്റെ താരം ആയി.

ഫൈനൽ വിജയത്തിനുശേഷം നടന്ന സമ്മാനദാന ചടങ്ങിൽ വിവാദം ഉയർന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ അധ്യക്ഷനും പിസിബി ചെയർമാനുമായ മുഹസിൻ നഖ്‌വി കപ്പ് കൈമാറേണ്ട സാഹചര്യത്തിൽ, ഇന്ത്യ ഔദ്യോഗികമായി ട്രോഫി ഏറ്റുവാങ്ങാതെ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് കാലതാമസത്തിനും അഭ്യൂഹങ്ങൾക്കും വഴിവച്ചു.

പാലക്കാട് വടക്കാഞ്ചേരിക്കു സമീപം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് അറസ്റ്റിലായത്.

ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ സ്കൂട്ടർ, പിന്തുടർന്ന് വന്ന വിഷ്ണു ബൈക്കോടിച്ചു ഇടിക്കുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു.

എന്നാൽ യുവതി ശക്തമായി പ്രതികരിക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ വടക്കഞ്ചേരി പൊലീസ്, സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ഇയാളെ പിടികൂടുകയായിരുന്നു.

വിഷ്ണു എറണാകുളത്ത് പോക്സോ കേസിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

തമിഴ്നാട്ടിലെ കരൂരില്‍ വിജയ്‌യുടെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ടദുരന്തത്തില്‍ 40 പേരുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും.

“കരൂരിലെ ദാരുണമായ സംഭവത്തില്‍ അതിയായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവര്‍ക്ക് കരുത്തും വേഗത്തിലുള്ള രോഗശാന്തിയും നേരുന്നു,” മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

“കരൂരിലെ ദാരുണമായ തിക്കിലും തിരക്കിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ പ്രാര്‍ത്ഥനകള്‍. പരിക്കേറ്റവര്‍ക്ക് കരുത്തും വേഗത്തിലുള്ള രോഗശാന്തിയും നേരുന്നു,” എന്ന് മോഹന്‍ലാലും പ്രതികരിച്ചു

ശനിയാഴ്ച രാത്രി കരൂരിലെ വേലുച്ചാമിപുരത്ത് വിജയ് പ്രസംഗിക്കുന്നതിനിടെ ആയിരക്കണക്കിന് ആളുകള്‍ തടിച്ചു കൂടിയപ്പോഴാണ് ദുരന്തം സംഭവിച്ചത്. 15,000 പേര്‍ക്ക് മാത്രം സൗകര്യമുള്ള സ്ഥലത്ത് 50,000 പേര്‍ തടിച്ചുകൂടിയത് അപകടത്തിന് കാരണമായി. ഇതുവരെ 95 പേര്‍ ചികിത്സയിലാണ്. 51 പേര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ സ്വകാര്യ ആശുപത്രികളിലുമാണ്. ഒരാളുടെ നില ഗുരുതരമാണ്.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കുമെന്ന് ടിവികെ അധ്യക്ഷന്‍ വിജയ് പ്രഖ്യാപിച്ചു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായമായി പ്രഖ്യാപിച്ചു.

 

RECENT POSTS
Copyright © . All rights reserved