Latest News

ഈ വർഷം നടക്കുന്ന ബർമിംഗ്ഹാം ഐ ബി എസ് എ ലോക ഗെയിംസിൽ ഇന്ത്യൻ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ടീം പങ്കെടുക്കും. കാഴ്ച വൈകല്യമുള്ള കായികതാരങ്ങൾക്കായുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര ഇവന്റാണ് ബർമിംഗ്ഹാമിൽ അരങ്ങേറാൻ പോകുന്ന ഐ ബി എസ് എ ലോക ഗെയിംസ്. 70 രാജ്യങ്ങളിൽ നിന്നുള്ള 1250-ലധികം മത്സരാർത്ഥികളാണ് ഈ വർഷം ഐ ബി എസ് എ ലോക ഗെയിംസിൽ പങ്കെടുക്കുക. 2023 ഓഗസ്റ്റ് 14 മുതൽ 27 വരെ ബർമിംഗ്ഹാം സർവകലാശാലയിലായിരിക്കും മത്സരങ്ങൾ നടക്കുക. മത്സരങ്ങളുടെ കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. https://www.ibsagames2023.co.uk/

ഇന്ത്യൻ ടീമിനെ പിന്തുണച്ച് യുകെയിലെ ഇന്ത്യൻ പ്രവാസികളോട് സ്റ്റേഡിയത്തിലെത്തണം എന്ന് അധികൃതർ അഭ്യർത്ഥിച്ചു. സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കാത്തതിനാൽ ഇന്ത്യൻ ടീമിനെ പിന്തുണച്ചുകൊണ്ടുള്ള സംഭാവനകളും അധികൃതർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിദേശ കറൻസിയിലെ സംഭാനകൾക്കായി താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.justgiving.com/crowdfunding/womensblindfootballindia
ഐആർഎസിലെ സംഭാവനയ്ക്ക് താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.ketto.org/fundraiser/indian-womens-blind-football-team-for-world-championship-2023

ഇന്ത്യൻ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് മലയാളം യുകെയുടെ വായനക്കാരുടെ പിന്തുണ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി +91-9349985555, +91-9447132363, +44 7827 377121 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

റ്റിജി തോമസ്

നിമിഷങ്ങൾക്കകം ലിഫ്റ്റിലൂടെ 140 അടി താഴ്ച്ചയിലുള്ള കൽക്കരി ഖനിയിൽ ഞങ്ങൾ എത്തിച്ചേർന്നു. അക്ഷരാർത്ഥത്തിൽ പെരുച്ചാഴി നിൽക്കുന്നതു പോലെ തുരങ്കത്തിലായിരുന്നു ഞങ്ങൾ . വെയ്ക് ഫീൽഡിലെ സ്ഥലമായ ഓവർട്ടണിലെ കാപ്‌ഹൗസ് കൽക്കരി ഖനിയിയുടെ ഉള്ളിലാണ് ഞങ്ങളെന്ന് ഗൈഡ് മൈക്ക് പറഞ്ഞു .

1863 -ല്‍ ആരംഭിച്ച കാപ്‌ഹൗസ് കൽക്കരി ഖനി 1985 -ലാണ് പ്രവർത്തനം നിർത്തിയത്. അതിനു ശേഷം 1988 -ൽ കോൾ മൈനിങ് മ്യൂസിയമായി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഞങ്ങൾ തുരങ്കപാതയിലൂടെ മൈക്കിൻ്റെ നിർദ്ദേശാനുസരണം നടന്നു. ആദ്യകാലം തൊട്ട് ആധുനിക കാലഘട്ടം വരെയുള്ള കൽക്കരി ഖനനത്തിന്റെ നാൾവഴികളെ അതിൻറെ തനതായ രീതിയിൽ അടുത്തറിയാൻ സാധിക്കുന്ന തരത്തിലായിരുന്നു ഞങ്ങളുടെ യാത്ര .

ഒരാൾക്ക് മാത്രം നൂർന്ന് അപ്പുറം കടക്കേണ്ടുന്ന ഒരു ഉപപാത ഞാനും ജോജിയും ഒഴിവാക്കിയപ്പോൾ സഹയാത്രികനായ പീറ്റർ അതിനു തയ്യാറായി. തുരങ്കപാതയിൽ നിന്ന് പുറത്തുവന്നപ്പോൾ പീറ്ററിന്റെ മുഖത്ത് പ്രത്യേക അഭിമാനം നിഴലിച്ചിരുന്നു. ആ ഘട്ടത്തിലാണ് ഞങ്ങളുടെ കൂടെയുള്ള മൂന്നാമനായ പീറ്ററിനെ ഞാൻ കൂടുതൽ പരിചയപ്പെട്ടത്. പീറ്റർ മ്യൂസിയത്തിൽ എത്തിയത് തൻറെ മുത്തച്ഛൻറെ ഓർമ്മ പുതുക്കാനാണ്. പീറ്ററിന്റെ മുത്തച്ഛൻ ജീവിതകാലം മുഴുവൻ ജോലി ചെയ്തിരുന്ന കൽക്കരി ഖനിയിലാണ് ഞങ്ങളിപ്പോൾ. തന്റെ പൂർവ്വപിതാമഹനോടുള്ള സ്നേഹവും ആദരവും അയാളുടെ ഓരോ വാക്കുകളിലും പ്രവർത്തനങ്ങളിലും അടുത്തറിയാൻ എനിക്ക് സാധിച്ചു.

ആദ്യകാലങ്ങളിലെ കൽക്കരി ഖനികളിലെ ദുരവസ്ഥയും ക്രൂരമായ ജോലി സാഹചര്യങ്ങളും അതേപടി ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു. ഖനനത്തിന്റെ ആദ്യകാലങ്ങളിൽ ജീവനക്കാർ ശരിക്കും അടിമകളെപോലെയായിരുന്നു.

ഇംഗ്ലണ്ടിലെ കൽക്കരി ഖനനത്തിന്റെ ആദ്യ നാളുകളിൽ സ്ത്രീകളും കുട്ടികളും ഖനികളിൽ ജോലി ചെയ്തിരുന്നു. അവരുടെ ജീവിതം നരകതുല്യവുമായിരുന്നു. പലപ്പോഴും ചെറിയ തുരങ്കപാതകളിലൂടെ ട്രോളികളിൽ കൽക്കരി വഹിച്ചു കൊണ്ട് പോകുന്നത് കുട്ടികളും സ്ത്രീകളുമായിരുന്നു. അവരുടെ ശരീരത്തിന്റെ വലുപ്പ കുറവാണ് ഇടുങ്ങിയ ഇടനാഴികളിലെ ഈ രീതിയിലുള്ള ജോലിക്കായി അവരെ നിയോഗിക്കാൻ കാരണമായത് . പിഞ്ചുകുഞ്ഞുങ്ങളും ഇങ്ങനെ ജോലി ചെയ്തവരിൽ ഉൾപ്പെട്ടിരുന്നു. ഇംഗ്ലണ്ടിൽ സ്ത്രീകളും കുട്ടികളും കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നത് നിയമം മൂലം നിരോധിക്കപ്പെടുന്നത് വരെ ഇതായിരുന്നു സ്ഥിതി. പിന്നീട് വളരെ വർഷങ്ങൾക്കുശേഷമാണ് ഖനികൾക്ക് പുറത്തുള്ള ജോലികൾക്ക് സ്ത്രീകളെ നിയോഗിക്കുന്നത് അനുവദിച്ചത്. നേരത്തെ മ്യൂസിയത്തിൽ 1812 -ലെ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഗേറ്റർ ഷെഡ്ഡിലുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞ ഒരു 8 വയസ്സുകാരന്റെ ഓർമ്മ തുരങ്ക പാതയിലൂടെ യാത്ര ചെയ്തപ്പോൾ ഒരു നീറ്റലായി എൻറെ മനസ്സിലുണ്ടായിരുന്നു. തോമസ് ഗാർഡർ എന്നായിരുന്നു അവന്റെ പേര്. ചെറുപ്രായത്തിൽ ജീവൻ വെടിഞ്ഞ ഒട്ടേറെ പേരുകൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ തോമസിന്റെ പേരാണ് മനസ്സിൽ തങ്ങി നിന്നത്.

പലപ്പോഴും ഖനികളിൽ പത്തും പന്ത്രണ്ടും മണിക്കൂർ വരെ കുട്ടികൾ ജോലി ചെയ്യേണ്ടതായി വന്നിരുന്നു. ഭാരമുള്ള കൽക്കരി വണ്ടികൾ തള്ളുകയോ വലിക്കുകയോ ചെയ്യുക, കൊട്ടകളിലോ ചാക്കുകളിലോ കൽക്കരി കൊണ്ടുപോകുക തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുള്ള ജോലികൾക്കും കുട്ടികളെ നിയോഗിച്ചിരുന്നു. ഖനികളിലെ തുടർച്ചയായുള്ള ജീവിതം പലരെയും നിത്യരോഗികളാക്കി . പ്രായപൂർത്തിയായ തൊഴിലാളികളെക്കാൾ കുറഞ്ഞ ശമ്പളം മാത്രം നൽകിയാൽ മതിയെന്നതായിരുന്നു കുട്ടികളെ ഖനികളിൽ ജോലിക്കായി നിയോഗിക്കുന്നതിന് ഒരു കാരണമായത്. അതോടൊപ്പം കുട്ടികൾക്ക് മാത്രം നുഴഞ്ഞുകയറാവുന്ന തുരങ്ക പാതകളിലെ ജോലിയും ഒരു കാരണമായി.

തങ്ങളുടെ മാതാപിതാക്കൾ ഖനികളിൽ ജോലി ചെയ്യുമ്പോൾ ഏറ്റവും ഇളയ കുട്ടികൾ ഭൂമിക്കടിയിലെ അവർ മുന്നേറുന്ന പാതയുടെ ആരംഭത്തിൽ ഇരുട്ടിലായിരിക്കും. ട്രാപ്പർമാർ എന്നാണ് ഇവരെ വിളിച്ചിരുന്നത്. ഇടയ്ക്ക് ശുദ്ധ വായു കടന്നു വരാൻ ട്രാപ്പ് ഡോറുകൾ എന്ന് വിളിക്കപ്പെടുന്ന തടി വാതിലുകൾ തുറക്കുകയും അടയ്ക്കുകയും ആയിരുന്നു ഇവരുടെ ജോലി. പലപ്പോഴും 12 മണിക്കൂറോളം ഇങ്ങനെ ഇരുട്ടിൽ ഇരിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു ഈ പാവം കുട്ടികൾ.

1842 ഓഗസ്റ്റ് 4 – ന് ബ്രിട്ടനിലെ ഖനികളിൽ സ്ത്രീകളും 10 വയസ്സിൽ താഴെയുള്ള കുട്ടികളും മണ്ണിനടിയിൽ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം വരുന്നതിന് മുൻപ് ഖനികളിൽ ഭാര്യയും ഭർത്താവും കുട്ടികളും ഉൾപ്പെടെയുള്ള മുഴുവൻ കുടുംബാംഗങ്ങളും ജോലി ചെയ്യുന്നത് സാധാരണമായിരുന്നു. അങ്ങനെ ജോലി ചെയ്യുന്ന ഒരു കുടുംബത്തിൻറെ പ്രതീകാത്മകമായ ചിത്രീകരണം ഖനിയിലൂടെയുള്ള യാത്രയിൽ നമുക്ക് കാണാൻ സാധിക്കും. ഖനികളിൽ നിന്ന് കൽക്കരി അടർത്തിയെടുക്കുന്ന മുതിർന്നവർക്ക് മാത്രമേ വെളിച്ചം നൽകുന്ന വിളക്കുകൾ ഉണ്ടായിരുന്നുളളൂ . ട്രാപ്പർമാരായും മറ്റു ജോലികളിൽ ഏർപ്പെടുന്ന കുട്ടികൾ കൂരിരുട്ടിലാണ് ചിലവഴിക്കേണ്ടി വന്നിരുന്നത്. എന്തിനുവേണ്ടിയാണ് കുട്ടികളുടെ കാലിൽ ചരട് കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നത് എന്ന ചോദ്യത്തിന് വിശദമായി തന്നെ ഗൈഡ് മറുപടി നൽകി .ഒന്നാമത് ഇരുട്ടിൽ അവർ തുരങ്ക പാതയിലേക്ക് എവിടെയെങ്കിലും പോകാനുള്ള സാധ്യത ഒഴിവാക്കുക എന്നതായിരുന്നു. അതുകൂടാതെ കുട്ടികൾ ഉറങ്ങി പോയെങ്കിൽ അവരെ വിളിച്ചുണർത്താനുമായും ഈ ചരടുകൾ ഉപയോഗിച്ചിരുന്നു! ട്രാപ്പർമാരായ ജോലിചെയ്യുന്ന കുട്ടികൾ പലപ്പോഴും ഇരുട്ടിൽ തളർന്ന് ഉറങ്ങി പോവുകയാണെങ്കിൽ മുതിർന്നവർ കാലിൽ കെട്ടിയിരുന്ന ചരട് ദൂരെ നിന്ന് വലിക്കുകയായിരുന്നു ചെയ്തിരുന്നത് . ഗൈഡിന്റെ വിവരണം ഭീതിയോടെയല്ലാതെ ശ്രവിക്കാനായില്ല .

ഭൂമിക്കടിയിലെ ഈ തുരങ്ക പാതയിൽ ഞങ്ങൾ നാലുപേർ മാത്രമേയുള്ളൂ. ആർക്കെങ്കിലും ഒരു അത്യാസന്ന നില വന്നാൽ എന്ത് ചെയ്യും. ഗൈഡിന് പെട്ടെന്ന് ദേഹാസ്വസ്ഥ്യം ഉണ്ടായാൽ ഞങ്ങൾ മൂന്നുപേരും ഇവിടെ കുടുങ്ങി പോകുമോ ? എന്റെ മനസ്സിൽ ഈ വിധ ചോദ്യങ്ങൾ ഉണ്ടായെങ്കിലും അത് പുറത്തേയ്ക്ക് വന്നില്ല .

ഗൈഡിൻെറ ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു പക്ഷേ ഖനികളിൽ മൊബൈൽ അനുവദനീയമായിരുന്നില്ല. ഏതെങ്കിലും രീതിയിൽ തീ പിടിക്കാനോ പൊട്ടിത്തെറിക്കാനോ സാധ്യതയുള്ള വസ്തുക്കൾ ഖനികളിലേയ്ക്ക് കൊണ്ടുപോകാൻ സന്ദർശകർക്ക് അനുവാദമില്ല .

കോൾ മൈനിങ് മ്യൂസിയം തുടങ്ങിയപ്പോൾ മുതൽ ഗൈഡ് ആയി ജോലിചെയ്യുന്ന മൈക്ക് ഈ ഖനിയിലെ തന്നെ തൊഴിലാളി ആയിരുന്നെന്ന് അഭിമാനത്തോടെയാണ് പറഞ്ഞത്. കൽക്കരി ഖനനത്തിന്റെ ഭാഗമാകാത്ത ഒരാൾക്ക് എങ്ങനെ ഇത്രമാത്രം ആധികാരികതയോടെ കാര്യങ്ങളെ വിശദീകരിച്ചു തരാനാവും.   ഖനികളിൽ തീപിടുത്തത്തിന് കാരണമാകുന്ന അപകടകരമായ വാതകങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിന് ആദ്യകാലങ്ങളിൽ എലികളെയും കാനറികൾ ( ഒരു തരം ചെറുപക്ഷികൾ ) ഉപയോഗിച്ചിരുന്നതായി മൈയ്ക്ക് പറഞ്ഞു. കൂട്ടിലടച്ച ഈ ജീവികളുടെ അസ്വാഭാവിക പ്രതികരണങ്ങൾ അപകട സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ തൊഴിലാളികളെ സഹായിച്ചിരുന്നു. ശാസ്ത്രം പുരോഗമിച്ചപ്പോൾ ഗ്യാസ് ഡിറ്റക്ടർ സെൻസറുകൾ ഏന്നിവ അപകടങ്ങളെ കുറിച്ച് കാര്യക്ഷമമായ മുന്നറിയിപ്പ് നൽകുന്നത് ഉപയോഗിച്ച് തുടങ്ങി.

ഖനികളിൽ നിന്ന് പുറത്തുവന്നതിനുശേഷമാണ് പീറ്ററുമായി കൂടുതൽ സംസാരിച്ചത്. മുത്തശ്ശന്റെ വിയർപ്പ് വീണ ഖനി പാതയിലൂടെ യാത്ര ചെയ്തതിന്റെ ഗൃഹാതുരത്വത്തിലായിരുന്നു അദ്ദേഹം.

“ഞാൻ ഇനിയും വന്നേക്കാം…”

പിരിയാൻ നേരത്തെ പീറ്റർ ഞങ്ങളോട് പറഞ്ഞു.

മറ്റുള്ളവർക്ക് വെളിച്ചവും ഊർജവും നൽകാൻ ഇരുട്ടിലും ഇടുങ്ങിയ തുരങ്കത്തിലും നിരന്തരമായ അപകടങ്ങളിലും ജീവൻ ഹോമിക്കപ്പെട്ട ഖനി തൊഴിലാളികളുടെ വേദന മനസ്സിൽ വിങ്ങലായി കുറേക്കാലത്തേക്ക് നിലനിന്നു , മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പരിചയപ്പെട്ട മെക്കാനിക്കൽ എൻജിനീയർ ആയി ജോലി ചെയ്യുന്ന അലൻ ചാൽക്കയുടെ പ്രസാദാത്മകമായ പുഞ്ചിരിയ്ക്കും സുഖാന്വേഷണത്തിനും മനസ്സിന്റെ വിങ്ങലുകളെ ശമിപ്പിക്കാനായില്ല .

ഖനിയിലൂടെയുള്ള യാത്രയിൽ ഞാൻ ഗൈഡിനോട് ചോദിച്ച ചോദ്യം പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നു. ഈ ഖനി തുരങ്കത്തിൽ എത്ര മൈലുകൾ ഉണ്ടായിരിക്കും ? അതിന് കൃത്യമായ ഒരു ഉത്തരം ഇല്ലായിരുന്നു. ഖനികൾ സ്വകാര്യ ഉടമസ്ഥതയിൽ ആയിരുന്നപ്പോൾ ഖനനത്തിന് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പെരുച്ചാഴിയുടെ തുരങ്ക പാത പോലെ ഖനനപാതകളും കൃത്യതയില്ലാതെ കാൽക്കരി തേടി നീണ്ടു നീണ്ടുപോയി. മൈൻ സേർച്ചിങ്ങിനെ കുറിച്ച് മടക്കയാത്രയിൽ ജോജി വിശദമായി പറഞ്ഞു.മൈനിങ്ങ് നിലവിലുള്ള സ്ഥലങ്ങളിൽ വീടുകൾ എടുക്കുമ്പോൾ മൈൻ സെർച്ചിങ് നടത്തിയിരിക്കണം. വീട് മേടിക്കുന്ന ആൾ ഏർപ്പെടുത്തുന്ന സോളിസിറ്റർ ആണ് ഗവൺമെൻറ് ഏജൻസിയുടെ സഹായത്തോടെ റിപ്പോർട്ട് തയ്യാറാക്കുന്നത്.

ഖനികളിൽ നിന്ന് ശേഖരിച്ച കൽക്കരിയുടെ ചെറുകഷണങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നായിരുന്നു എൻറെ ആഗ്രഹം. പക്ഷേ പിന്നീടുള്ള പല ദിവസങ്ങളിലും അർദ്ധനഗ്നരായ കാൽക്കരി ഖനിയിൽ കഴിയുന്ന കുട്ടികളുടെ ചിത്രം എൻറെ ഉറക്കം കെടുത്താൻ തുടങ്ങി. ഇരുട്ടിൽ ശ്വാസം കിട്ടാതെ ഭൂഗർഭ അറയിൽ ജീവൻ ഹോമിച്ച കുട്ടികളുടെ ചിത്രങ്ങൾ എൻെറ സ്വപ്നങ്ങളെ പോലും അലോസര പെടുത്തിയപ്പോൾ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ ഖനിയിൽ നിന്ന് ശേഖരിച്ച കൽക്കരി തുണ്ടുകൾ ഞാൻ ഇംഗ്ലണ്ടിന്റെ മണ്ണിൽ തന്നെ ഉപേക്ഷിച്ചു.

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….

ലിഫ്റ്റ് പാതാളത്തിലേയ്ക്ക് പാഞ്ഞു കൊണ്ടേയിരിക്കുന്നു. ഒരു ഘട്ടത്തിൽ ഒറ്റപ്പെടലിന്റെയും പുറംലോകത്ത് ഇനി ഒരിക്കലും എത്തില്ലെന്ന വേവലാതിയിലും എനിക്ക് ബോധം മറയുന്നത് പൊലെ തോന്നി…യുകെ സ്‌മൃതികൾ : നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ : അധ്യായം 8 ഭാഗം 4

ഇംഗ്ലണ്ടിലെ ഖനി തൊഴിലാളികൾക്കിടയിൽ നടന്ന എല്ലാ സമര മുന്നേറ്റങ്ങളിലും വെയ്ക്ക് ഫീൽഡിലെയും യോർക്ക് ഷെയറിലെയും ഖനി തൊഴിലാളികൾ മുന്നണി പോരാളികളായിരുന്നു…യുകെ സ്‌മൃതികൾ : നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ : അധ്യായം 8 ഭാഗം 3

https://malayalamuk.com/uk-smrithikal-chapter-8-part-2/

ചരിത്രത്തിൻറെ കറുത്ത ഓർമ്മകളെ ഒട്ടും ഒളിച്ചു വയ്ക്കാതെ ഇവിടെ പുനരവതരിപ്പിരിക്കുന്നു എന്നത് നാഷണൽ കോൾ മൈനിങ്ങ് മ്യൂസിയത്തിന്റെ പ്രത്യേകതയാണ്…യുകെ സ്‌മൃതികൾ : അദ്ധ്യായം 8 ഭാഗം 1. നാഷണൽ കോൾ മൈനിങ് മ്യൂസിയം ഇംഗ്ലണ്ട്

ഒരു ഉത്സവ അന്തരീക്ഷത്തിലേക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ വിദ്യാർത്ഥികളും മാതാപിതാക്കളും ടേസ്റ്റ് ടൈമിൽ പങ്കെടുക്കാനായിട്ട് എത്തിച്ചേർന്നിട്ടുണ്ട്….യുകെ സ്‌മൃതികൾ : അധ്യായം 7 . ടേസ്റ്റ് ടൈം

പ്രകാശം പരത്തുന്ന സൗഹൃദത്തിന്റെ ഇത്തരം തുരുത്തുകൾ പലപ്പോഴും നമ്മൾക്ക് ഒരു വലിയ പ്രഹേളികയാണ്… യുകെ സ്‌മൃതികൾ : അധ്യായം 6. പ്രകാശം പരത്തുന്ന സൗഹൃദങ്ങൾ

എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.

മതിലുകൾ ഇല്ലാത്ത ലോകം. യുകെ സ്‌മൃതികൾ : അധ്യായം 4

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

സോണി കെ ജോസഫ്

പൂഞ്ഞാർ പുലി എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന പി.സി.ജോർജിനെ തോൽപ്പിച്ച് കേരളാമാകെ
ഞെട്ടിപ്പിച്ച പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാർ മണ്ഡലത്തിലെങ്ങും നിറസാന്നിധ്യമാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

മണ്ഡലത്തിൻ്റെ ഒരോ മേഖലയിലും അദേഹം സദാ കർമ്മനിരതൻ ആയിരിക്കുന്നു . തന്നെ വിജയിപ്പിച്ച പൂഞ്ഞാർ ജനങ്ങളുടെ ഒരോ വിശേഷങ്ങളിലും, സന്തോഷങ്ങളിലും സങ്കടങ്ങളിലും രാഷ്ട്രിയക്കാരൻ്റെ നാട്യങ്ങളിൽ ഒന്നും തന്നെ ഇല്ലാതെ അദേഹവും കടന്നു ചെല്ലുന്നു. സാധാരണക്കാരിൽ ഒരാളായി സാധാരണക്കാർക്ക് ഒപ്പം എല്ലാവരെയും അടുത്തറിഞ്ഞ് നീങ്ങുന്നു പൂഞ്ഞാറിൻ്റെ ഈ പുതിയ ജനനായകൻ. ഒരിക്കൽ അടുത്തറിയുന്നവർക്ക് ഈ എം.എൽ.എ യെ കൂറിച്ച് പറയാൻ വാക്കുകൾ ഏറെയാണ്. മനസിലാക്കിയവർ തങ്ങൾക്ക് ഒപ്പം ചേർത്തുനിർത്തുന്നു ഈ ജനപ്രതിനിധിയെ. അതാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്ന എം.എൽ.എ.

ഇപ്പോൾ തൻ്റെ ബാല്യ കാല ഗുരുവിനെ വിസ്മയിപ്പിച്ചിരിക്കുകയാണ് പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. അതായാത് തൻ്റെ പ്രാരംഭ വിദ്യാഭ്യാസ കാലഘട്ടമായ എൽ.പി, യു.പി കാലഘട്ടത്തിൽ തന്നെ പഠിപ്പിച്ച ജോസഫ് സാർ തൻ്റെ മണ്ഡലത്തിൽ ഉണ്ടെന്ന് അറിഞ്ഞ് മുണ്ടക്കയം വരിക്കാനി കല്ലറയ്ക്കൽ വീട്ടിൽ എം.എൽ.എ ഓടിയെത്തിയപ്പോൾ 83 വയസായ ആ റിട്ടേഡ് അധ്യാപകന് സന്തോഷത്തിന് അതിരില്ലായിരുന്നു. ഒരു 45 വർഷം മുൻപ് തന്നെ പഠിപ്പിച്ച തൻ്റെ ഗുരുവിനെ കാണാൻ ജോസഫ് സാറെ എന്ന് വിളിച്ച് ആ പഴയ കുട്ടിയായി എം.എൽ.എ എത്തുകയായിരുന്നു. ഇന്ന് പലപ്പോഴും ഹൈസ്ക്കുളും കോളേജും ഉപരിപഠനവുമെല്ലാം കഴിയുമ്പോൾ നമുക്ക് ധാരാളം പേർ ഗുരുക്കന്മാരായി വരും. പലപ്പോഴും നമ്മുടെ ആദ്യകാല ഗുരുക്കന്മാരെ നാം പലപ്പോഴും മറക്കുകയാണ് പതിവ്.

ശരിക്കും പറഞ്ഞാൽ ഓരോരുത്തരുടെയും വിദ്യാഭ്യാസ കാലഘട്ടത്തിൽ ഏറ്റവും അധികം കഷ്ടപ്പെട്ടിട്ടുള്ളത് ആദ്യകാല ഗുരുക്കന്മാരായ എൽ.പി, യു.പി അധ്യാപകരാണെന്ന് ഇന്ന് പലപ്പോഴും പലരും മറന്നു പോകുന്നിടത്താണ് എം.എൽ.എ തൻ്റെ വിദ്യാഭ്യാസത്തിൻ്റെ ആരംഭ കാലത്തെ അധ്യാപനായ കെ.ആർ. ജോസഫ് സാറിനെ തേടി അദേഹത്തിൻ്റെ വീട്ടിൽ എത്തി മറ്റൊരു മാതൃക സൃഷ്ടിച്ചത്. തങ്ങളുടെ വ്യക്തിപരമായും മാനസികപരവും വിദ്യാഭ്യാസപരവുമായ വളർച്ചയ്ക്കും വേണ്ടി ഏറ്റവും അധികം കഷ്ടപ്പെട്ടിട്ടുള്ള ഈ അധ്യാപകരെയാണ് എന്നും ഓർക്കേണ്ടത് എന്ന വ്യക്തമായ സന്ദേശമാണ് എം.എൽ.എ പുതു തലമുറയ്ക്ക് ഇതിലൂടെ നൽകുന്നത്. 1973 മുതൽ 80 വരെയുള്ള കാലഘട്ടത്തിലാണ് ജോസഫ് സാർ മുണ്ടക്കയത്തിനടുത്തുള്ള പെരുവന്താനം ഗവൺമെൻ്റ് യു.പി.സ്ക്കുളിൽ അധ്യാപകനായി സേവനം അനുഷ്ടിച്ചത്. അന്ന് ആ സ്ക്കുളിലെ തൻ്റെ ക്ലാസിൽ പഠിച്ച ഒരു കൊച്ചു വിദ്യാർത്ഥിയായിരുന്നു ഇന്നത്തെ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്ന് തിരിച്ചറിവ് ഉണ്ടായത് രണ്ട് വർഷത്തിനുശേഷമാണ്.

പി.സി.ജോർജിനെതിരെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പൂഞ്ഞാറിൽ മത്സരിക്കുമ്പോൾ അവിടുത്തെ ഒരു വോട്ടർ ആയിരുന്നു കെ.ആർ. ജോസഫ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ജോസഫ് സാറും. പക്ഷേ,
പി.സി.ജോർജിനെതിരെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഒരിക്കലും തൻ്റെ ശിഷ്യനാണെന്ന് ജോസഫ് സാർ കരുതിയിരുന്നില്ല. പെൻഷൻ പറ്റി വീട്ടിൽ സ്വസ്ഥമായി ഇരിക്കുന്നതിനാൽ ഇലക്ഷൻ സമയത്തും ഗുരുവിനും ശിഷ്യനും നേരിൽ കാണാനോ പരസ്പം മനസിലാക്കാനോ സാധിച്ചുമില്ല എന്നതാണ് സത്യം. മത്സരിക്കുന്നത് ഏതോ ഒരു സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്ന് മാത്രം ഈ പ്രായമുള്ള അധ്യാപകന് അറിയാം. അങ്ങനെയിരിക്കെ ഒരു ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ പെരുവന്താനത്ത് മുൻപ് പഠിപ്പിച്ച യൂനൂസ് എന്ന ശിഷ്യൻ ജോസഫ് സാറിനെ കണ്ട് ഓടിയെത്തി. വിശേഷങ്ങൾ പറയുന്നതിനിടയിൽ യുനൂസ് ഒരു കാര്യം ജോസഫ് സാറിനോട് സൂചിപ്പിച്ചു. പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ സാറിൻ്റെ ശിഷ്യൻ ആണെന്ന്. ഇത് കേട്ടപ്പോൾ ജോസഫ് സാറിന് അത് ആദ്യം വിശ്വാസമായില്ല. അപ്പോൾ യൂനൂസ് പറഞ്ഞു. സാർ എന്നെ പഠിപ്പിച്ചെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അവനെയും പഠിപ്പിച്ചതാണ്. ഞങ്ങൾ ഒരുമിച്ച് ഒരു ക്ലാസിലാണ് പഠിച്ചതെന്നും യൂനൂസ് സൂചിപ്പിച്ചു. അപ്പോഴാണ് അല്പമെങ്കിലും വിശ്വാസം ഇക്കാര്യത്തിൽ ജോസഫ് സാറിന് ഉണ്ടായത്. പിന്നെ ജോസഫ് സാർ എം.എൽ.എ യുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് തൻ്റെ പഴയ ശിഷ്യനെ വിളിക്കുകയായിരുന്നു. ആ ഒറ്റവിളിയിൽ എം.എൽ.എ തൻ്റെ ആദ്യകാല അധ്യാപകൻ ജോസഫ് സാറിനെ തിരിച്ചറിഞ്ഞു.

അങ്ങനെ വിശേഷങ്ങൾ ഒക്കെ തിരിക്കി ഇരുവരും ഫോൺ വെയ്ക്കുകയും ചെയ്തു. അപ്പോഴും ജോസഫ് സാർ ഒരിക്കലും വിചാരിച്ചില്ല തന്നെ കാണുവാൻ തൻ്റെ പൂർവ്വ ശിഷ്യൻ എത്തുമെന്ന്. എത്രയോ അധ്യാപകർ തനിക്ക് ശേഷം എം.എൽ.എ യെ പഠിപ്പിച്ചിരിക്കുന്നു. അപ്പോൾ തനിക്ക് എന്ത് പ്രത്യേകതയെന്ന് ജോസഫ് സാർ ചിന്തിച്ചു. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ജോസഫ് സാറിൻ്റെ ഫോൺ നമ്പരിലേയ്ക്ക് ഒരു കോൾ വരുന്നു. നോക്കിയപ്പോൾ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. അക്ഷരാർത്ഥത്തിൽ ജോസഫ് സാർ ഞെട്ടിയെന്ന് വേണം പറയാൻ. എം.എൽ. എ ജോസഫ് സാറിനോട് പറഞ്ഞു. എനിക്ക് സാറിനെ കാണണം . ഞാൻ സാറിനെ കാണാൻ ഈ ദിവസം സാറിൻ്റെ വരിക്കാനിയിലെ വീട്ടിൽ എത്തും.

ശരിക്കും പറഞ്ഞാൽ സന്തോഷം കൊണ്ട് ജോസഫ് സാറിൻ്റെ കണ്ണ് നിറഞ്ഞു. ഒന്നും പറയാൻ വാക്കുകൾ ഇല്ലായിരുന്നു. പറഞ്ഞതുപോലെ എം.എൽ.എ തൻ്റെ പഴയ ഗുരുവിനെ കാണാൻ അദേഹത്തിൻ്റെ വീട്ടിൽ എത്തി. ജോസഫ് സാറേ എന്ന് നീട്ടിവിളിച്ച് തൻ്റെ കൈകളിൽ പിടിച്ച തൻ്റെ ആ പഴയ കുട്ടിയെ ജോസഫ് സാർ അതീവസ്നേഹത്തോടെ സ്വീകരിച്ചു. പോകാൻ നേരം എം.എൽ.എ തൻ്റെ പ്രിയ ഗുരുനാഥനെയും
അദേഹത്തിൻ്റെ സഹധർമ്മിണിയെയും ചേർത്ത് നിർത്തി ഫോട്ടോയും എടുത്താണ് പോയത്. ഈ വിശേഷം ആരോടും പറയുമ്പോൾ 83 കാരാനായ ഈ റിട്ടേഡ് അധ്യാപകന് ആയിരം നാവാണ്. തൻ്റെ ശിഷ്യൻ തന്നെയാണ് തൻ്റെ നിയോജകമണ്ഡലത്തിലെ എം.എൽ.എ എന്ന് പറയുന്നതിൽ അതിനേക്കാളേറെ അഭിമാനവും ഇന്ന് ജോസഫ് സാറിനുണ്ട് .

ഈ പ്രായത്തിൽ തനിക്ക് കിട്ടുന്ന ഏറ്റവും വലിയ ബഹുമതിയാണ് എം.എൽ.എ ആയ പ്രിയ ശിഷ്യൻ തന്നെ കാണാൻ വന്നതെന്ന് അദേഹം സന്തോഷത്തോടെ ഓർക്കുകയും ചെയ്യുന്നു. താൻ ഏതൊക്കെ സ്ക്കുളിൽ പഠിപ്പിച്ചിട്ടുണ്ടോ അവിടെ പഠിപ്പിച്ച വിദ്യാർത്ഥികളോട് എല്ലാം വലിയൊരു വ്യക്തിബന്ധം എന്നും സൂക്ഷിക്കുന്ന ആളാണ് ജോസഫ് സാർ. താൻ പഠിപ്പിച്ചതിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള വിദ്യാർത്ഥികൾ പെരുവന്താനം സ്ക്കുളിലെ കുട്ടികൾ ആയിരുന്നു എന്ന് ജോസഫ് സാർ പലപ്പോഴും പറയാറുമുണ്ട്. അവിടെയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യും പഠിച്ചത്.

പെരുവന്താനം സ്ക്കുളിലെ പഴയ വിദ്യാർത്ഥികളുമായി സാറിന് ഇന്നും നല്ല ബന്ധമാണൂള്ളത്. ഒരു പക്ഷേ, മക്കളെപ്പോലെ തന്നെയോ അതിലേറേയോ പെരുവന്താനത്തെ കുട്ടികളെ ജോസഫ് സാർ സ്നേഹിച്ചിരുന്നു എന്നതാണ് വാസ്തവം. ആ കൊടുത്ത സ്നേഹമാണ് എം.എൽ,എ തിരിച്ച് ജോസഫ് സാറിനും കൊടുത്തത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്ന ജനകീയ നേതാവിൻ്റെ എളിമയും വിനയവും ലാളിത്യവും ആണ് ഇവിടെ
പ്രകടമാകുന്നത്. അങ്ങനെ പൂഞ്ഞാറിൻ്റെ ജനനായകൻ ജോസഫ് സാറിനെപ്പോലെ തന്നെ മറ്റ് ഒരോ ആളുകളുടെയും മനസ്സിൽ നന്മകൊണ്ട് ഓളം സൃഷ്ടിച്ചു മുന്നേറുകയാണ്. ഇത് തന്നെയാണ് അദേഹത്തിൻ്റെ എല്ലാ വിജയങ്ങൾക്ക് പിന്നിലും… മുണ്ടക്കയത്തിനടുത്ത് വരിക്കാനിയിൽ കല്ലറയ്ക്കൽ വീട്ടിൽ ആണ് ജോസഫ് സാർ ഇപ്പോൾ താമസിക്കുന്നത്. ഭാര്യ ഫിലോമിനാ ടീച്ചർ റിട്ടേഡ് ഹെഡ് മിസ് ട്രസും ആണ്.

വരുന്ന ലോകസഭാതിരഞ്ഞെടുപ്പോടെ ഭരണതലത്തിൽ വലിയ മാ​റ്റങ്ങൾ ഉണ്ടാകുമെന്ന പ്രവചനവുമായി ജ്യോതിഷി. 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാതിരഞ്ഞെടുപ്പിനെക്കുറിച്ചുളള കർണാടക തുമക്കൂരു തിപ്തൂർ നൊവനിയക്കര ശനി ക്ഷേത്രത്തിലെ ജ്യോതിഷിയായ ഡോ. യശ്വന്ത് ഗുരുജിയുടെ പ്രവചനമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഒരു വനിതാ പ്രധാനമന്ത്രി ഉണ്ടാകുമെന്നുളള പ്രവചന വീഡിയോയാണ് തരംഗമാകുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ല എന്നും രാജ്യത്ത് കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പ്രവചിച്ചു.2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിനുശേഷം അധികാര കൈമാ​റ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുൻപ് തിരഞ്ഞെടുപ്പ് നടത്തിയാൽ നരേന്ദ്രമോദിക്ക് തുടർഭരണം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമതാ ബാനർജി,സോണിയ ഗാന്ധി,പ്രിയങ്കാ ഗാന്ധി തുടങ്ങിയവരിൽ ആരാകും അടുത്ത പ്രധാനമന്ത്രി എന്ന ചോദ്യത്തിന് ഫെബ്രുവരി കഴിഞ്ഞതിനുശേഷം പ്രവചനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയം പ്രവചിച്ച് ശ്രദ്ധ നേടിയ ജ്യോതിഷിയാണ് ഡോ. യശ്വന്ത് ഗുരുജി.

 

‘പ്രവാസി മലയാളികൾ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കൽ ടൂറിസം’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ 13/08/23 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30 നും യുകെ സമയം 2 മണിക്കും.
സൂം മീറ്റിംഗിൽ ചേരുക: സൂം മീറ്റിംഗ് ഐഡി: 882 5601 3714, പാസ്‌കോഡ്: 629411
https://us02web.zoom.us/j/88256013714?pwd=ZjFER3ZuMnd0WGVNQS8ycU1YVTdMZz09

സൂം പ്ലാറ്റ്‌ഫോമിൽ ‘പ്രവാസി മലയാളികൾ കേരളത്തിലേക്കുള്ള ആരോഗ്യ മെഡിക്കൽ ടൂറിസം’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ 13/08/23, ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 6.30, ദുബായ് സമയം 5, യുകെ സമയം 2, ജർമ്മൻ സമയം 3 നും, ന്യൂയോർക്ക് സമയം രാവിലെ 9 നും നടത്തും. സെമിനാറിന്റെ ദൈർഘ്യം 3 മണിക്കൂറാണ്. വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറവും ഇന്റർനാഷണൽ ടൂറിസം ഫോറവും സംയുക്തമായാണ് ഇത് സംഘടിപ്പിക്കുന്നത്. ലോകത്തെ വിവിധ കൗണ്ടികളിൽ നിന്നുള്ള 11 പേർ പങ്കെടുക്കും, വിവിധ രാജ്യങ്ങളിൽ നിന്ന് നിന്നുള്ള 25 ഡബ്ല്യുഎംസി ആഗോള, പ്രാദേശിക നേതാക്കളും സെമിനാറിൽ സംസാരിക്കും, കൂടാതെ ചോദ്യോത്തരങ്ങൾക്കുള്ള അവസരവും ഉണ്ടായിരിക്കും.

ഉദ്ഘാടന പരിപാടിയുടെ വിശദാംശങ്ങൾ ഇങ്ങനെ. ഡബ്ല്യുഎംസിയുടെ ഗ്ലോബൽ ചെയർമാനായ ശ്രീ ഗോപാല പിള്ള ഉദ്ഘാടനം ചെയ്യും. ഡബ്ല്യുഎംസിയുടെ ഗ്ലോബൽ പ്രസിഡന്റ്, യു.എ.ഇ. ശ്രീ ജോൺ മത്തായിയുടെ പ്രധാന പ്രസംഗം ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ഹെൽത്ത് ആന്റ് മെഡിക്കൽ ഫോറം, യുകെ പ്രസിഡന്റ്, ഡോ ജിമ്മി ലോനപ്പൻ മൊയലന്റെ അദ്ധ്യക്ഷതയും കോഓർഡിനേഷൻ, ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ടൂറിസം ഫോറം പ്രസിഡന്റ്, ജർമ്മനിയിലെ ശ്രീ തോമസ് കണ്ണങ്കേരിൽ കോ-കോഓർഡിനേഷൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിയുടെ യു.എസ്.എ., പ്രസംഗം, ഗ്ലോബൽ വൈസ് പ്രസിഡന്റ് (ഫോറങ്ങൾ) കണ്ണുബേക്കറുടെ യു.എ.ഇ. പ്രസംഗം, അജണ്ടയുടെ ആമുഖം ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർ പേഴ്‌സൺ ശ്രീമതി മേഴ്‌സി തടത്തിൽ, യുകെ, ഗ്ലോബൽ ട്രഷറർ, ഡബ്ല്യുഎംസി, ശ്രീ സാം ഡേവിഡിന്റെ പ്രസംഗം, ഡബ്ല്യുഎംസിയുടെ ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി ശ്രീ രാജേഷ് പിള്ളയുടെ പ്രസംഗം, ഹെൽത്ത് & മെഡിക്കൽ ഫോറം, ഡബ്ല്യുഎംസി, ട്രഷറർ, നഴ്‌സ് റിക്രൂട്ടർ, യുകെ ശ്രീമതി റാണി ജോസഫിന്റെ പ്രസംഗ സമയവിവരണം, കൂടാതെ ഇന്ത്യയിലെ ബിസിനസ് വിമൻ, ഹെൽത്ത് & മെഡിക്കൽ ഫോറത്തിന്റെ അസോസിയേറ്റ് സെക്രട്ടറി ശ്രീമതി ടെസ്സി തോമസ് നന്ദി രേഖപ്പെടുത്തും.

പാനൽ ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ ടൂറിസം സ്‌പെഷ്യലിസ്റ്റ് സ്പീക്കർമാരുടെ പാനലിൽ കിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ എം നജീബ്, സിട്രിൻ എംഡി പ്രസാദ് മഞ്ഞളി, റിസോർട്ട് ഉടമ ടി എൻ കൃഷ്ണ കുമാർ, സാമൂഹിക പ്രവർത്തകൻ, ഡോ അബ്ദുല്ല ഖലീൽ, ഓർത്തോപീഡിക് സർജൻ, അൽ ഷെഫാ ഹോസ്പിറ്റൽ ഡയറക്ടർ, പെരിന്തൽമണ്ണ, ഡോ. മനോജ് കലൂർ, എം.ഡി & ചീഫ് ആയുർവേദ ഫിസിഷ്യൻ, വിലാസിനി വൈദ്യ ശാല, കോഴിക്കോട്, ഗിന്നസ് റെക്കോർഡ് ഉടമ ബിസിനസ് പ്രസംഗം, എം.എ റഷീദ് മുഹമ്മദ്, മിസ്റ്റർ പ്രസാദ് കുമാർ, മെഡിഹോം ഫാമിലി ക്ലിനിക് ഗ്രൂപ്പ്, ഇന്ത്യ, റിസോർട്ട് ഉടമയും ബിൽഡറുമായ നജീബ് ഈസ്റ്റെന്യൂ, ദുബായ്, മോട്ടിവേഷണൽ സൈക്കോളജിസ്റ്റും സ്പീക്കറുമായ ഡോ. ലൂക്കോസ് മണ്ണിയോട്ട്, ഒമാൻ, റിസോർട്ട് ഉടമയും ടൂറിസം ഓപ്പറേറ്ററുമായ രാജഗോപാലൻ നായർ, രാജേഷ് ശിവതാണു പിള്ള, ആയുർവേദ ടൂർ ഓപ്പറേറ്റർ, ജർമ്മനി നിരവധി ആളുകളാണ്.

ഡബ്ല്യുഎംസിയുടെ താഴെപ്പറയുന്ന ഭാരവാഹികളായ ശ്രീ തോമസ് അറമ്പൻകുടി, ജർമ്മനി, ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഡബ്ല്യുഎംസി, ശ്രീ ജെയിംസ് ജോൺ, ബഹ്‌റൈൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഡബ്ല്യുഎംസി, എന്നിവർ പ്രസംഗിക്കും. എൻജിനീയർ കെ പി കൃഷ്ണകുമാർ, ഇന്ത്യ, ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഡബ്ല്യുഎംസി, ശ്രീ ജോസഫ് ഗ്രിഗറി, ജർമ്മനി, ഗ്ലോബൽ വൈസ് ചെയർമാൻ, ഡബ്ല്യുഎംസി, ശ്രീ ഡേവിഡ് ലൂക്ക്, ഒമാൻ, ഗ്ലോബൽ വൈസ് ചെയർമാൻ, ഡബ്ല്യുഎംസി, ശ്രീമതി ലളിത മാത്യു, ഇന്ത്യ, പ്രസിഡന്റ്, ഗ്ലോബൽ വിമൻസ് ഫോറം, ഡബ്ല്യുഎംസി, ശ്രീ. ചെറിയാൻ ടി കീക്കാട്, യുഎഇ പ്രസിഡന്റ്, ഇന്റർനാഷണൽ ആർട്സ് & കൾച്ചറൽ ഫോറം, ഡബ്ല്യുഎംസി, ശ്രീ അബ്ദുൾ ഹക്കിം, അബുദാബി, ഇന്റർനാഷണൽ എൻആർകെ ഫോറം, ഡബ്ല്യുഎംസി, ശ്രീ ജോളി പടയാട്ടിൽ, ജർമ്മനി, പ്രസിഡന്റ്, യൂറോപ്യൻ റീജിയൻ, ഡബ്ല്യുഎംസി, ജോളി തടത്തിൽ, ജർമ്മനി, ചെയർമാൻ, യൂറോപ്യൻ റീജിയൻ, ഡബ്ല്യുഎംസി, ജോൺസൺ തലച്ചെല്ലൂർ, യുഎസ്എ, പ്രസിഡന്റ്. അമേരിക്കൻ മേഖല, ഡബ്ല്യുഎംസി, പ്രസിഡന്റ്, ശ്രീ അനീഷ് ജെയിംസ്, യുഎസ്എ, ജനറൽ സെക്രട്ടറി, അമേരിക്കൻ മേഖല, ഡബ്ല്യുഎംസി, ഡോ വിജയലക്ഷ്മി, തിരുവനന്തപുരം, ചെയർപേഴ്സൺ, ഇന്ത്യ റീജിയൻ, ഡബ്ല്യുഎംസി, ഡോ. അജിൽ അബ്ദുള്ള, കാലിക്കറ്റ്, ഇന്ത്യ റീജിയൻ ജനറൽ സെക്രട്ടറി, ഡബ്ല്യുഎംസി, ശ്രീ രാധാകൃഷ്ണൻ തിരുവത്ത്, ബഹ്‌റൈൻ, മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ, ഡബ്ല്യുഎംസി, ശ്രീ ഷൈൻ ചന്ദ്രസേനൻ, യു.എ.ഇ, പ്രസിഡന്റ്, മിഡിൽ ഈസ്റ്റ് റീജിയൻ, ഡബ്ല്യുഎംസി.

സ്പെഷ്യലിസ്റ്റ് സ്പീക്കറുകളുടെ പാനലിന്റെ ആമുഖം ശ്രീ ലിതീഷ്രാജ് പി തോമസ്, മാഞ്ചസ്റ്റർ, ചെയർമാൻ, നോർത്ത് വെസ്റ്റ് യുകെ പ്രൊവിൻസ്, ഡബ്ല്യുഎംസി, ജോസ് കുമ്പിളുവേലിൽ, കൊളോൺ, മീഡിയ, ജർമ്മൻ പ്രവിശ്യ പ്രസിഡന്റ്, ഡോ മുഹമ്മദ് നിയാസ്, ഓർത്തോപീഡിക് സർജൻ, കോഴിക്കോട്, അസോസിയേറ്റ് സെക്രട്ടറി, ഹെൽത്ത് & മെഡിക്കൽ ഫോറം, ഡബ്ല്യുഎംസി, ശ്രീ സൈബിൻ പാലാട്ടി, ബിസിനസ്, ബിർമിംഗ്ഹാം, പ്രസിഡന്റ്, യുകെ പ്രവിശ്യ, ഡബ്ല്യുഎംസി, മിസ്റ്റർ ജോൺ ജോർജ്, ബിസിനസ്, യുഎസ്എ, പ്രസിഡന്റ്, ന്യൂയോർക്ക് പ്രവിശ്യ, ഡബ്ല്യുഎംസി, ശ്രീ ഡെയ്‌സ് ഇഡിക്കുല്ല, യുഎഇ, പ്രസിഡന്റ്, അജ്മാൻ പ്രവിശ്യ, ഡബ്ല്യുഎംസി, മിസ്റ്റർ പോൾ വർഗീസ്, എഞ്ചിനീയർ, കെന്റ്, വൈസ് ചെയർമാൻ, യുകെ പ്രൊവിൻസ്, ഡബ്ല്യുഎംസി, ഡോ. ഗ്രേഷ്യസ് സൈമൺ, സൈക്യാട്രിസ്റ്റ്, കെന്റ്, ജനറൽ സെക്രട്ടറി, യുകെ പ്രൊവിൻസ്, ഡബ്ല്യുഎംസി, ഡോ. മിനു ജോർജ്, ഫ്ലോറിഡയിലെ വാൾഗ്രീൻസ് ഫാർമസി മാനേജർ, യുഎസ്എ, ഡബ്ല്യുഎംസി, ഹെൽത്ത് & മെഡിക്കൽ ഫോറം അസോസിയേറ്റ് സെക്രട്ടറി, ശ്രീമതി ബാവ സാമുവൽ, വിമൻസ് ഫോറം സെക്രട്ടറി, മിഡിൽ ഈസ്റ്റ് റീജിയൻ, ഡബ്ല്യുഎംസി, ശ്രീ. സെബാസ്റ്റ്യൻ ബിജു, ഡബ്ലിൻ, പ്രസിഡന്റ്, അയർലൻഡ് പ്രൊവിൻസ്, ഡബ്ല്യുഎംസി.

പാനലിലെ ഓരോ സ്പീക്കറുടെയും സമയക്രമം 1 മിനിറ്റിനുള്ള ആമുഖം, 4 മിനിറ്റിനുള്ള പ്രസംഗം അല്ലെങ്കിൽ അവതരണം, 2 മിനിറ്റിനുള്ള ചോദ്യോത്തരങ്ങൾ, ഓരോ ഡബ്ല്യുഎംസി ഭാരവാഹികളുടെയും പ്രസംഗം 3 മിനിറ്റ് വരെ ആയിരിക്കും. ഡബ്ല്യുഎംസി യുകെ പ്രൊവിൻസ് ട്രഷറർ ജിയോ ജോസഫും യുകെയിലെ മാഞ്ചസ്റ്ററിലെ ഫിലിം ഇൻഡസ്ട്രിയിലെ സോണി ചാക്കോയുമാണ് പ്രസ് ആന്റ് മീഡിയ സപ്പോർട്ട് ചെയ്യുന്നത്.

വ്യക്തതകൾക്ക്, ദയവായി ബന്ധപ്പെടുക: ഡോ ജിമ്മി മൊയലൻ ലോനപ്പൻ, യുകെ, പ്രസിഡന്റ്, ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം, WhatsApp: 0044-7470605755, ശ്രീ തോമസ് കണ്ണങ്കേരിൽ, ജർമ്മനി, പ്രസിഡന്റ്, ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ടൂറിസം ഫോറം, WhatsApp: 0091-9446860730.

പ്രശസ്‌ത മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോള്‍ വിതുരക്ക് സമീപം തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളരെ ജനപ്രീതിയുള്ള താരമാണ് വിതുര തങ്കച്ചൻ. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് തങ്കച്ചൻ ശ്രദ്ധിക്കപ്പെടുന്നത്.

 

ബിനോയ് എം. ജെ.

ഒരിക്കൽ നാരദമഹർഷി സനത്കുമാരന്റെയരികിൽ വിദ്യ അഭ്യസിക്കുവാനായി ചെന്നു. അപ്പോൾ സനത്കുമാരൻ പറഞ്ഞു “നിങ്ങൾക്ക് അറിയാവുന്നത് എന്നോട് പറയുവിൻ, അപ്പോൾ അറിഞ്ഞു കൂടാത്തവ ഞാൻ നിങ്ങളോട് പറയാം.” അതെ, അറിയാവുന്നവയുടെ മുകളിലാണ് അറിഞ്ഞു കൂടാത്തവയെകുറിച്ചുള്ള വിജ്ഞാനം കെട്ടിപ്പടുക്കേണ്ടത്. അതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപരമായ തത്വം. മനുഷ്യന്റെ നൈസർഗ്ഗികമായ വൈജ്ഞാനിക പുരോഗതിയും ഇപ്രകാരം തന്നെ. ഒന്നും അറിഞ്ഞു കൂടാത്ത ഒരു മനസ്സിലേക്ക് പുതിയ കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ മനസ്സിന് അതിനെ വേണ്ടവണ്ണം ഉൾക്കൊള്ളുവാനാവില്ല. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പറ്റിയിരിക്കുന്ന തകരാറും ഇതുതന്നെ. ഒന്നും അറിഞ്ഞു കൂടാത്ത ഒരു ശിശുവിന്റെ മനസ്സിലേക്ക് അറിഞ്ഞു കൂടാത്ത കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നു. അവന് അതൊട്ട് മനസ്സിലാകുന്നുമില്ല. ഇത് പാശ്ചാത്യരുടെ ഒരു രീതിയാണ്.

കുട്ടികളുടെ മനസ്സ് ഒരു വെള്ളകടലാസ്സാണെന്ന വാദം ഒട്ടും തന്നെ ശരിയല്ല. അനന്തമായ വിജ്ഞാനം ഉള്ളിൽ ഉറങ്ങികിടപ്പുണ്ട്. അതിൽ അല്പമെങ്കിലും ബോധമനസ്സിലേക്ക് വരേണ്ടിയിരിക്കുന്നു. ആ അറിവിന്റെ ശകലത്തെ വളർത്തികൊണ്ടു പോവുക. ഓരോ ദിവസവും കഴിയുംതോറും അത് കൂടുതൽ കൂടുതൽ വളർന്നുവരട്ടെ. അറിവിന്റെ ആ ബീജം ഒരുനാൾ പൂർണ്ണ വളർച്ചയിലെത്തും. ഇതാണ് ആരോഗ്യകരമായ വിദ്യാഭ്യാസത്തിന്റെ രീതി. വായിക്കുവാൻ പഠിക്കുന്നതിന് മുൻപുതന്നെ ചിന്തിക്കുവാൻ പഠിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം ആ വായനകൊണ്ട് പ്രയോജനമില്ല. അൽപമെങ്കിലും ചിന്തിക്കാത്തവരായി ആരാണീലോകത്തിലുള്ളത്? കുട്ടികളും അൽപമൊക്കെ ചിന്തിക്കുന്നവരാണ്. അതിനാൽതന്നെ സ്വന്തമായി അറിവു സമ്പാദിക്കുവാനുള്ള കഴിവും കുട്ടികളിലുണ്ട്. മുതലക്കുഞ്ഞിനെ നീന്ത് പഠിപ്പിക്കേണ്ടതില്ല. മനുഷ്യശിശുവിനെ അറിവ് സമ്പാദിക്കുവാനും പഠിപ്പിക്കേണ്ടതില്ല. അതവന് നൈസർഗ്ഗികമായും അറിയാം. അവൻ താനെ വളർന്നുകൊള്ളും. അപ്പോൾ പിന്നെ സമൂഹത്തിന്റെ ജോലി എന്താണ്? പോകുന്നതിലേ അടിക്കുവിൻ! അപ്പോൾ അവർ തനതായ രീതിയിൽ അറിവ് സമ്പാദിക്കുകയും വളർന്ന് വികസിക്കുകയും ചെയ്യും. അങ്ങനെ അവരിലെ സർഗ്ഗശേഷി ഉണരുകയും സമൂഹത്തിന് എന്തെങ്കിലും ഒക്കെ സംഭാവന ചെയ്യുവാൻ അവർക്ക് കഴിയുകയും ചെയ്യും.

ചിന്തയാണ് ഇവിടുത്തെ ഏറ്റവും വലിയ ഉപകരണം. ചിന്തിക്കാതെ എങ്ങനെയാണ് വളരുക? വായന പോലും ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ്. “ചിന്തയാണ് ഏറ്റവും വലിയ പഠനോപാധി” എന്ന് ആധുനിക മനശ്ശാസ്ത്രജ്ഞന്മാരും പറയുന്നു. ആ ചിന്താശീലത്തെ നിരുത്സാഹപ്പെടുത്താതെയിരിപ്പിൻ. സിലബസ്സിന്റെയും പാഠപുസ്തകങ്ങുളുടെയും താങ്ങാനാവാത്ത ഭാരം ചുമക്കുന്ന ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കുവാൻ എവിടെ സമയം? കുട്ടികൾക്ക് മാത്രമല്ല മുതിരുന്നവർക്കും ഇന്ന് ചിന്തിക്കുവാനറിയില്ലെന്നായിരിക്കുന്നു. ഗവേഷണ പഠനങ്ങളിൽ ഏർപ്പെടുന്നവർ ചിന്തിക്കുവാനായി പാടുപെടുന്നു. പക്ഷേ അവരതിൽ വിജയിക്കുന്നില്ല. അതുകൊണ്ടാണ് സ്വയം തൊഴിൽ കണ്ടെത്തുന്നതിലും സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്യുന്നതിലും അവർ പരാജയപ്പടുന്നത്. അവർക്ക് ആരെങ്കിലും ഒക്കെ തൊഴിൽ കൊടുക്കേണ്ടിയിരിക്കുന്നു. ഇത് ലജ്ജാകരമല്ലേ? പ്രതിഭയുള്ളവർ വളരെ വളരെ വിരളം. നമ്മുടെ വിദ്യാഭ്യാസം കുട്ടികളിലെ പ്രതിഭയെ കൊന്നുകളയുന്നു.

അതുകൊണ്ടാണ് ചെറുപ്രായത്തിൽ കുട്ടികളെ ഒന്നും പഠിപ്പിക്കരുതെന്ന് പറയുന്നത്. അവരിലെ തനതായ വിജ്ഞാനം താനെ ഉണരട്ടെ! അതിനുള്ള സമയവും സാവകാശവും അവർക്ക് കൊടുക്കുവിൻ. പൂവിനോടും ശലഭത്തോടും സല്ലപിക്കുന്ന കുരുന്നു ശൈശവത്തിൽ അവരെ ബലം പ്രയോഗിച്ച് രസതന്ത്രവും ഗണിതശാസ്ത്രവും പഠിപ്പിച്ചാൽ അവരിലെ നൈസർഗ്ഗികമായ സർഗ്ഗശേഷി ഉണരാതെ പോവും. കഴകംകെട്ട ഒരു സമൂഹത്തെ വാർത്തെടുക്കുവാനേ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഉപകരിക്കൂ. വിദ്യാഭ്യാസം തുടക്കം മുതലേ അന്വേഷണാത്മകവും ഗവേഷണാത്മകവും ആവേണ്ടിയിരിക്കുന്നു. അത് ആകെകൂടി പുതിയ ഒരാശയത്തെ വളർത്തിയെടുക്കുവാൻ വേണ്ടിയാവണം. ഓരോ വ്യക്തിയും പുതുമയുള്ള ഒരാശയത്തിന്റെ ബഹിർസ്ഫുരണമാണ്. ആ ആശയം എന്താണെന്ന് അയാൾക്കേ അറിയൂ. ബാഹ്യലോകത്തിന് അറിഞ്ഞുകൂടാ. അതങ്ങിനെയാണെങ്കിൽ ഒരാൾ എന്തുപഠിക്കണമെന്നും എന്തു വായിക്കണമെന്നും അയാൾ തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു. അപ്പോൾ മാത്രമേ അയാൾക്ക് ആത്മാവിഷ്കാരം കിട്ടൂ.

ഇന്നത്തെ നമ്മുടെ വികലമായ സാമൂഹിക വ്യവസ്ഥിതിയിൽ സമൃഹത്തിന് വേണ്ടത് കംപ്യൂട്ടറിന് സമാനമായ കുറെ വ്യക്തികളെയാണ്; പ്രതിഭയുള്ള വ്യക്തിത്വങ്ങളെയല്ല. കാരണം പ്രതിഭയുള്ളവർ സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്യും. സമൂഹത്തിന് മാറേണ്ടതായി വരും. അത് അപകടമാണ്. സ്വയം മാറുവാൻ മടികാണിക്കുന്ന സമൂഹം വ്യക്തികളെ മാറ്റുവാനായി കിണഞ്ഞു പരിശ്രമിക്കുന്നു. ഇതിൽ ഒളിഞ്ഞുകിടക്കുന്ന ചതി നാമിനിയും തിരിച്ചറിഞ്ഞിട്ടില്ല. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ പരിശീലിപ്പിച്ച് തുടങ്ങിയാൽ അവരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്ന് സമൂഹത്തിന് നന്നായി അറിയാം. കുട്ടികൾക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. അത് കൊടുത്താലേ അവർ രക്ഷപെടൂ. എല്ലാ സിലബസ്സും എടുത്തു കളയുവിൻ. അവർക്ക് പഠിക്കുവാൻ വേണ്ട സാഹചര്യങ്ങൾ മാത്രം ഒരുക്കികൊടുക്കുവിൻ. പഠിക്കേണ്ടത് അവരാണ്. അതവരുടെ വ്യക്തിപരമായ കാര്യമാണ്. അവർ പഠിച്ചുകൊള്ളും. കുട്ടികൾ ആക്ടീവ് ആവട്ടെ; അദ്ധ്യാപകർ പാസ്സീവും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

മാത്യൂ ചെമ്പുകണ്ടത്തിൽ

അരനൂറ്റാണ്ടിലേറെക്കാലം കേരള രാഷട്രീയത്തിൽ നിറഞ്ഞുനിന്ന കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം അദ്ദേഹത്തിന്‍റെ ഇടവകയായ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയ സെമിത്തേരിയിലെ പുഷ്പാലംകൃതമായ കല്ലറയിൽ നിത്യവിശ്രമത്തിലാണ്. അദ്ദേഹത്തിന്‍റെ ശവകുടീരത്തിലേക്ക് വിദൂരങ്ങളില്‍നിന്നുപോലും സന്ദര്‍ശകരെത്തി ആദരാഞ്ജലികളര്‍പ്പിക്കുന്ന വാർത്തകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

സാധാരണ രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തനായി തികച്ചും സാത്വികനായ ഒരു രാഷ്ട്രീയക്കാരനായിരുന്നു ഉമ്മന്‍ ചാണ്ടി. എന്നാൽ ഈ യാഥാർത്ഥ്യം വളരെ വൈകിയാണ് കേരളജനത മനസ്സിലാക്കിയത്. അപ്പോഴേക്കും അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയെ ഏറെ ആക്ഷേപിച്ച എതിരാളികളും അദ്ദേഹത്തിനെതിരേ പരിഹാസവും അവഹേളനവും പ്രചരിപ്പിച്ച മാധ്യമങ്ങളും ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിസ്തുതികളുടെ പ്രചാരകരായി മാറുന്നതാണ് നാം കാണുന്നത്.

ജപ്പാനിലെ ബുദ്ധമത സമൂഹത്തില്‍ ഏറെ സ്വാധീനശക്തിയുണ്ടായിരുന്ന ആത്മീയ ഗുരുവും സന്യാസിയുമായിരുന്ന ഹാക്കുയിനെപ്പറ്റിയുള്ള (Hakuin Ekaku) ഒരു കഥയാണ് ഉമ്മൻ ചാണ്ടിയുടെ അപദാനങ്ങൾ ഓരോരുത്തരും വാഴ്ത്തിപ്പാടുമ്പോൾ ഓര്‍മ്മ വരുന്നത്. ആ കഥ ഇപ്രകാരമാണ്:

ധനികനായ ഒരു പൗരപ്രമുഖന്‍റെ മകള്‍ക്ക് അവിഹിതബന്ധത്തില്‍ ഒരു കുഞ്ഞുണ്ടായി. കുഞ്ഞിന്‍റെ പിതൃത്വം അവൾ ഗുരുവായ ഹാക്കുയിനില്‍ ആരോപിച്ചു. ഇതറിഞ്ഞ് ജനങ്ങള്‍ ഇളകി മറിഞ്ഞു. അവര്‍ ആക്രോശത്തോടെ ഗുരുവിന്‍റെ അടുക്കലെത്തി ആരോപണങ്ങൾ ഉന്നയിച്ചു. ഇതറിഞ്ഞ ഹാക്കുയിന്‍ ജനക്കൂട്ടത്തോട് ആകെ ചോദിച്ചത് ”അങ്ങനെയോ” എന്നു മാത്രമായിരുന്നു.

അനുദിന ആത്മീയ ജീവിതചര്യകളും ധ്യാനവുമെല്ലാം ഉപേക്ഷിച്ച് കുഞ്ഞിനെ പോറ്റുന്നതിനായി പിറ്റേന്നുമുതല്‍ ഹാക്കുയിൻ്റെ ദിനചര്യകൾ മാറി. അദ്ദേഹം വിറകുവെട്ടാന്‍ വനത്തിൽ പോയി. ഒരു അച്ഛനിണങ്ങിയ മനസ്സോടെ കുഞ്ഞിനെ പോറ്റുവാന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു. ഗ്രാമീണര്‍ എന്നും അദ്ദേഹത്തെ നിന്ദിച്ചുകൊണ്ടേയിരുന്നു.

അഞ്ചാറു കൊല്ലം കഴിഞ്ഞപ്പോൾ കുറ്റബോധം സഹിക്കവയ്യാതെ പെണ്‍കുട്ടി ഗ്രാമീണരോടു സത്യം വെളിപ്പെടുത്തി, ഗുരുവല്ല, ഒരു വ്യാപാരിയുടെ മകനാണ് തന്‍റെ കുഞ്ഞിന്‍റെ അച്ഛനെന്ന്!

ദുഃഖഭാരത്തോടെ ഗ്രാമവാസികള്‍ ഒന്നടങ്കം ഗുരുവിന്‍റെ അടുക്കലെത്തി അദ്ദേഹത്തോടു മാപ്പുപറഞ്ഞു. അപ്പോഴും ഗുരുവിന്‍റെ മറുപടി ”അങ്ങനെയോ” എന്നു മാത്രമായിരുന്നു. പിറ്റേന്നു മുതൽ മഴു മാറ്റിവച്ച് അദ്ദേഹം തന്‍റെ ധ്യാനം പുനഃരാരംഭിച്ചു. (കടപ്പാട്: രമണീയം ഈ ജീവിതം, റവ ഫാ ബോബി കട്ടിക്കാട്)

മഹാത്മാക്കൾ ദുരാരോപണങ്ങള്‍ക്ക് വിധേയരാകുമ്പോൾ, അവരുടെ സഹനത്തിന്‍റെ വേളകളിൽ വച്ചുപുലര്‍ത്തുന്ന നിശ്ശബ്ദതയാണ് അവരുടെ മഹത്ത്വം വര്‍ദ്ധിപ്പിക്കുന്നത്. കുരിശിൻ്റെ വഴിയിൽ സഞ്ചരിക്കുമ്പോൾ “കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അവൻ നിശ്ശബ്ദനായിരുന്നു” എന്നാണ് തിരുവചനം സാക്ഷ്യപ്പെടുത്തുന്നത്. ക്രിസ്തുവിൻ്റെ ആത്മാവിനാൽ നയിക്കപ്പെടുന്നവരിലും ഈ സവിശേഷത കാണാൻ കഴിയും. ഈ അര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി മഹാനായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഓരോ പൊതുസേവകൻ്റെ മുന്നിലും ഉമ്മന്‍ചാണ്ടി എന്ന പൊതുപ്രവര്‍ത്തകന്‍ ഒരു മഹാപര്‍വ്വതംതന്നെയാണ്. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെയെല്ലാം നിശ്ശബ്ദനായി അദ്ദേഹം നേരിട്ടു. പ്രതികാരവാഞ്ഛയോടെ എതിരാളികളെ വെട്ടിനുറുക്കുന്ന കേരള രാഷ്ട്രീയ സംസ്കാരത്തിന് ബദലായി സഹനത്തിന്‍റെ മഹത്വം തൻ്റെ ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടാണ് മഹാനായ ഉമ്മന്‍ചാണ്ടി കടന്നുപോയത്. അദ്ദേഹത്തിൻ്റെ എതിരാളികൾ ഇപ്പോൾ നിശ്ശബ്ദരാണ്; ജനഹൃദയങ്ങളില്‍ ഇന്നദ്ദേഹം ഒരു മഹാത്മാവായി ആദരിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമസ്ഥാനിലേക്ക് ദിവസേനെ മെഴുതിരികളും പൂക്കളുമായെത്തുന്നവർ ഏറ്റുപറയുന്നത് ഈ യാഥാർത്ഥ്യമാണ്.

ഉമ്മന്‍ ചാണ്ടിയും വിശുദ്ധപദവിയും

കേരളം കണ്ട മഹാനായ രാഷ്ട്രീയ നേതാവ് എന്ന പേരിലാണ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്ക് ആദ്യമൊക്കെ ജനങ്ങള്‍ എത്തിച്ചേര്‍ന്നതെങ്കിലും ക്രമേണ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പശ്ചാത്തലം അപ്രസക്തമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇപ്പോള്‍ ഈ കല്ലറയില്‍ അന്ത്യവിശ്രമംകൊള്ളുന്ന വ്യക്തിക്ക് അമാനുഷികമായ ശക്തിവിശേഷം കൈവന്നതായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. അത്ഭുതസിദ്ധികളുള്ള ഒരു മൂർത്തിയായി ഉമ്മന്‍ ചാണ്ടി വാഴ്ത്തപ്പെടുന്നു. അദ്ദേഹത്തിന്‍റെ മധ്യസ്ഥതയിലൂടെ അത്ഭുതങ്ങള്‍ സംഭവിച്ചുവെന്ന പ്രചാരണം സമൂഹത്തിൽ ശക്തമാകുന്നു. അദ്ദേഹത്തിന്‍റെ ശവകുടീരത്തിൽ മെഴുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനുമാണ് ഇപ്പോൾ ജനങ്ങള്‍ എത്തിച്ചേരുന്നത്.

ഉമ്മന്‍ ചാണ്ടിയെ ക്രൈസ്തവസഭ ഒരു വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമാണ്. ചില മാധ്യമങ്ങളും ഏതാനും രാഷ്ട്രീയക്കാരും ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നു.

വിശുദ്ധ പദവിയും സുറിയാനിസഭയുടെ നിലപാടും

ഉമ്മന്‍ ചാണ്ടി അംഗമായിരുന്ന സുറിയാനി ഓര്‍ത്തഡോക്സ് സഭയില്‍ വിശുദ്ധനായി ഒരുവ്യക്തി പരിഗണിക്കപ്പെടണമെങ്കില്‍ അതിന് നിരവധി മാനദണ്ഡങ്ങളുണ്ടെന്നാണ് മണര്‍കാട് യാക്കോബായ കത്തീഡ്രല്‍ വികാരി റവ ഫാ. മാത്യൂ മണവത്ത് പറയുന്നത്. സാധാരണ ഭൗതികജീവിതം നയിക്കുന്ന പുരോഹിതന്മാര്‍ക്കും വിശ്വാസികള്‍ക്കും അപ്രാപ്യമായ കാര്യമാണിതെന്ന് റവ മണവത്ത് തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

“സാധാരണ ഭൗതികജീവിതം നയിക്കുന്ന പുരോഹിതന്മാര്‍ക്കും വിശ്വാസികള്‍ക്കും അപ്രാപ്യമായ കാര്യമാണത്. അതിനാല്‍ സാധാരണക്കാരെ ആരെയും വിശുദ്ധഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നല്ല മനുഷ്യനായതുകൊണ്ടോ ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തതുകൊണ്ടോ കല്ലറയ്ക്കല്‍ ജനസഹസ്രങ്ങള്‍ എത്തി തിരികത്തിച്ചതുകൊണ്ടോ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുവെന്ന് ചിലര്‍ അവകാശപ്പെടുന്നതു കൊണ്ടോ ഒരു വ്യക്തി വിശുദ്ധനായി പരിഗണിക്കപ്പെടുകയില്ല. ആഴമായ പ്രാര്‍ത്ഥനാജീവിതം, വ്രതവിശുദ്ധി, ഉപവാസം, ദൈവശാസ്ത്രപരമായ അറിവ്, ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രകൃത്യാതീതമായ വരങ്ങള്‍, ആഴമേറിയ ക്ഷമ, സഹനം, സ്നേഹം എന്നിവ പ്രദര്‍ശിപ്പിച്ച്, വിശ്വാസതീക്ഷ്ണതയില്‍ ജ്വലിച്ച് ജീവിച്ചു മരിച്ചവരാണ് സുറിയാനി സഭയില്‍ വിശുദ്ധന്‍ എന്നറിയപ്പെടുന്നത്” ഫാ. മാത്യൂ മണവത്ത് പറയുന്നു.

“സിറിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് ഭാരതത്തില്‍ എടുത്തുപറയാന്‍ രണ്ട് വിശുദ്ധരാണ് കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളത്. യല്‍ദോ മാര്‍ ബസേലിയോസ് ബാവായും പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും. ലൗകികജീവിതം ഉപേക്ഷിച്ചു പാപസാഹചര്യങ്ങളെ എതിര്‍ത്തു തോല്പിച്ചവരും പ്രാര്‍ത്ഥനയും ഉപവാസവും ജീവിതവൃതമാക്കിയവരുമായിരുന്നു ഈ സന്യാസീവര്യന്മാര്‍” ഫാ. മാത്യൂ മണവത്ത് വ്യക്തമാക്കുന്നു.

മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ചതിക്കുഴികൾ സഭ തിരിച്ചറിയണം

മാധ്യമങ്ങളുടെയോ രാഷ്ട്രീയക്കാരുടെയോ ആരവാരങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നവരല്ല ക്രൈസ്തവസഭയിലെ വിശുദ്ധര്‍. ഈ വസ്തുത തിരിച്ചറിയാതെയാണ് പലരും ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനാക്കണമെന്നു പറയുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ പൈശാചികമായ ആവേശത്തോടെയാണ് കേരളത്തിലെ എല്ലാ മാധ്യമങ്ങളും വേട്ടയാടിയത്. അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന പലരും ജോബിൻ്റെ പുസ്തകത്തിൽ വായിക്കുന്ന (Book of Job) “വേദനിപ്പിക്കുന്ന ആശ്വാസദായകന്മാരായി” (miserable comforters) ആരോപണശരങ്ങൾക്കു മൂർച്ചകൂട്ടിക്കൊണ്ടിരുന്നു. അന്വേഷണങ്ങളുടെയെല്ലാം ഒടുവിൽ അദ്ദേഹം നിരപരാധിയായിരുന്നു എന്നു തെളിഞ്ഞപ്പോള്‍ അദ്ദേഹത്തോടു ക്ഷമചോദിക്കാനുള്ള യാതൊരു മാന്യതയും കാണിക്കാത്ത മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഇപ്പോള്‍ അദ്ദേഹത്തെ വിശുദ്ധനാക്കണമെന്ന് ആവശ്യപ്പെടുന്നു! ഇത് വെറും കാപട്യമാണ്. അവരുടെ നിലനില്‍പ്പിനും വയറ്റിപ്പിഴപ്പിനും വേണ്ടിയുള്ള തന്ത്രങ്ങള്‍ മാത്രമാണിതൊക്കെ.

ക്രൈസ്തവസഭയുടെ പ്രബോധനങ്ങള്‍ക്കും പാരമ്പര്യമായി അനുവര്‍ത്തിച്ചുപോരുന്ന കീഴ്-വഴക്കങ്ങള്‍ക്കും കടകവിരുദ്ധമായി മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന പുത്തന്‍പ്രവണതകളിൽ സഭ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന് സഭാനേതൃത്വങ്ങള്‍ പരിശോധിക്കണം. ഈ ചതിക്കുഴിയില്‍ ക്രൈസ്തവസഭ വീഴരുത്. അത്തരം ദുഷ്പ്രവണതകളില്‍നിന്ന് സഭയെയും വിശ്വാസികളെയും സംരക്ഷിക്കാനുള്ള ബാധ്യത ഉമ്മന്‍ ചാണ്ടിയെ സ്നേഹിക്കുന്നവർക്കും അദ്ദേഹം അംഗമായിരുന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തിനുണ്ട് എന്ന വസ്തുത മറക്കരുത്.

ഉമ്മന്‍ ചാണ്ടിയെന്ന പൊതുപ്രവര്‍ത്തകന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും നന്മകളും കേരളരാഷ്ട്രീയത്തില്‍ എന്നെന്നും നിലനില്‍ക്കേണ്ടതുണ്ട്. പൊതുപ്രവര്‍ത്തനത്തെ സ്വന്തം കീശവീര്‍പ്പിക്കാനുള്ള മാര്‍ഗ്ഗമായി കാണുന്ന ലോകത്തില്‍ ഗാന്ധിയന്‍ ശൈലിയിലുള്ള ലളിതജീവിതം ഇന്നും സാധ്യമാണെന്ന് അദ്ദേഹം തെളിയിച്ചു. ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്ന വ്യക്തി, താൻ കടന്നുപോകുന്ന തീച്ചൂളയുടെ ദിനങ്ങളില്‍ കൂത്തുസൂക്ഷിക്കേണ്ട സഹനസന്നദ്ധതയും പ്രതികരണരീതിയും എപ്രകാരമായിരിക്കണമെന്നും ഉമ്മന്‍ ചാണ്ടി കേരളസമൂഹത്തില്‍ വ്യക്തമായി അവതരിപ്പിച്ചു. ഈ മഹനീയ വ്യക്തിത്വം കേരളത്തിലെ സകലവിഭാഗം മനുഷ്യരുടെയും ഊര്‍ജ്ജവും പ്രചോദനവുമാണ്; മലയാളികളുടെ പൊതുസ്വത്താണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തെ ഏതെങ്കിലുമൊരു മതത്തിന്‍റെ ഭാഗമായി അവതരിപ്പിക്കുന്നതും അതിലെ ദൈവശാസ്ത്രപ്രബോധനങ്ങളും നിര്‍വ്വചനങ്ങളും നല്‍കുന്ന തലക്കെട്ടുകളില്‍ ബന്ധിച്ചിടുന്നതും കേരളത്തിലെ മതേതരസമൂഹത്തോടു ചെയ്യുന്ന പാതകമായിരിക്കും.

ജാതിമത രാഷ്ട്രീയ ഭേദമന്യേ മനുഷ്യനോടുള്ള സ്നേഹത്തില്‍ ജ്വലിച്ചുപ്രകാശിച്ച മഹാത്മാവായ ഉമ്മന്‍ചാണ്ടി സകല ജനങ്ങൾക്കും പ്രകാശമായി എക്കാലത്തും നിലനില്‍ക്കണം. ഇഹലോകവാസത്തിനൊടുവില്‍ അദ്ദേഹത്തിന് അമാനുഷിക സിദ്ധികള്‍ കൈവന്നുവെന്ന കുപ്രചാരണങ്ങളുണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടത് സുബോധമുള്ള സകല മലയാളികളുടെയും കടമയാണ്. ഇതില്‍ ഏറെ ഉത്തരവാദിത്വമുള്ളത് ഉമ്മന്‍ ചാണ്ടി അംഗമായിരുന്ന പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ചര്‍ച്ചിനും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കുമാണെന്ന് ആവർത്തിച്ചു പറയട്ടെ. രാഷ്ട്രീയക്കാരുടെ മുതലെടുപ്പിനും മാധ്യമങ്ങളുടെ കുപ്രചാരണത്തിനും സഭയെയും സഭയുടെ വിശുദ്ധപാരമ്പര്യങ്ങളെയും വേദിയാക്കരുതേയെന്നു സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന ഓരോ വ്യക്തിക്കും അദ്ദേഹത്തിനു നൽകാവുന്ന ഏറ്റവും വലിയ ആദരവ്, അദ്ദേഹം പിൻപറ്റിയ ജീവിതമൂല്യങ്ങളെ മുറുകെപ്പിടിച്ചു ജീവിതയാത്ര തുടരുക എന്നതാണ്.

റോമി കുര്യാക്കോസ്

ലണ്ടൻ: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ കുറഞ്ഞത് ഒരു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെയുടെ കേരള ചാപ്റ്റർ അഭ്യർത്ഥിച്ചു. ഉമ്മൻ ചാണ്ടിക്ക് തുടർഭരണം നൽകാൻ കഴിയാതെ പോയ കേരള ജനതക്ക് പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിലൂടെ പ്രായശ്ചിത്തം ചെയ്യുവാനുള്ള സുവർണ്ണാവസരമാണ്‌ കൈവന്നിരിക്കുന്നതെന്ന് സുജു ഡാനിയേൽ, അജിത് മുതയിൽ,അപ്പച്ചൻ കണ്ണഞ്ചിറ തുടങ്ങിയവർ പറഞ്ഞു.

പുതുപ്പള്ളി ജനത അതിന് തയ്യാറായാൽ കേരള ജനത ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയുന്നതിന് തുല്യവും, സിപിഎമ്മിന്റെ വ്യക്തിഹത്യക്കും, കുപ്രചരണങ്ങൾക്കും നൽകുന്ന ശക്തമായ മറുപടിയും ആവുമെന്ന് ഐഒസി യുകെ കേരള ചാപ്റ്റർ അഭിപ്രായപ്പെട്ടു.

സാധാരണ പ്രവർത്തകരുടെ വികാരം മാനിച്ചു കൊണ്ട് കോൺഗ്രസ്‌ ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി അതിവേഗം പ്രഖ്യാപിച്ച യുഡിഫ് നടപടിക്ക് ഐഒസി കേരള ചാപ്റ്റർ അഭിനന്ദനങ്ങൾ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐഒസി യുടെ സഹായവും വാഗ്ദാനം ചെയ്തു.

 

സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം.

മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്. സിനിമയിൽ പച്ചപിടിക്കാൻ മദ്രാസിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തെ പട്ടിണിയും പരിവട്ടവും നിറഞ്ഞ അനുഭവങ്ങൾ സിദ്ദിഖ്-ലാൽ തങ്ങളുടെ രചനകളിലൂടെ സിനിമയിലേക്ക് പറിച്ചുനട്ടു. അതുകൊണ്ടു തന്നെയാണ് എല്ലാതരത്തിലുമുള്ള പ്രേക്ഷകരുടെ പ്രീതി നേടാൻ ഇവരുടെ ചിത്രങ്ങൾക്ക് സാധിച്ചത്.

1960 ഓഗസ്റ്റ് 1 ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. സെന്റ് പോൾസ് കോളേജിൽ നിന്നാണ് ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനത്തേക്കാളേറെ കലയോടായിരുന്നു സിദ്ദിഖിന് താൽപര്യം. തുടർന്ന് കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ വിനോദരംഗത്ത് എത്തി. കലാഭവനിൽ അദ്ദേഹം എഴുതിയ സ്‌കിറ്റുകൾ വളരെ ശ്രദ്ധേയമായിരുന്നു. മിമിക്രിയും സ്‌കിറ്റുമായി വേദികളിൽ തിളങ്ങിയിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെയും സുഹൃത്ത് ലാലിനെയും കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും. തുടർന്ന് സിദ്ദിഖും ലാലും ഫാസിലിന്റെ സിനിമകളിൽ സഹസംവിധായകനായി ഏറെ കാലം പ്രവർത്തിച്ചു.

1986 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയ്ക്ക് തുടക്കമാവുകയായിരുന്നു. മോഹൻലാൽ-ശ്രീനിവാസൻ ടീം വേഷമിട്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത ചിത്രം. നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. പിന്നീട് കമലിനൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിൽ അസോസിയേറ്റ് സംവിധായകരായി ഇരുവരും പ്രവർത്തിച്ചു.

1989 ൽ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാൽ ജോഡിയുടെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. റാംജിറാവു ഗംഭീര വിജമായി. പിന്നീടങ്ങോട്ട് ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചു. അതിൽ ഫിലോമിന, എൻ.എൻ പിള്ള, മുകേഷ്, കനക എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോഡ് ഫാദർ മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമാണ്. 1991 ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരവും ഗോഡ്ഫാദറിനെ തേടിയെത്തി. ഹൽചൽ എന്ന പേരിൽ 2004 ൽ പ്രിയദർശൻ ഗോഡ്ഫാദർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.

മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ സൂപ്പർഹിറ്റുകളുടെ കഥയും തിരക്കഥയും സിദ്ദിഖ്-ലാലിന്റേതാണ്. കമൽ സംവിധാനം ചെയ്ത അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ കഥയും സിദ്ദിഖിന്റേതാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസനാണ്.

മാന്നാർ മത്തായിയ്ക്ക് ശേഷം സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞു. ലാലില്ലാതെ സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ്ലറാണ്. മമ്മൂട്ടി നായകനായ ഈ ചിത്രം വൻവിജയമായി. പിന്നീട് ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഫ്രണ്ടസ് എന്ന ചിത്രവും ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ചു. അന്യഭാഷകളിലും വലിയ ചർച്ചയായ ഫ്രണ്ട്‌സ് 2001 ൽ തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. മമ്മൂട്ടിയെ നായകനാക്കി 2003 ൽ സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലർ എന്ന ചിത്രവും ഗംഭീര വിജയം നേടി. അതിന് ശേഷം എങ്കൾ അണ്ണാ, സാധു മിരണ്ടാ തുടങ്ങി തമിഴിൽ രണ്ട് ചിത്രങ്ങൾ ഒരുക്കി.

സിദ്ദിഖിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് 2010 ൽ പുറത്തിറങ്ങിയ ബോഡിഗാർഡ്. ദിലീപ്, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തിൽ വൻ ഹിറ്റായതോടെ തമിഴിൽ 2011 ൽ കാവലൻ എന്ന പേരിൽ റീമേക്ക് ചെയ്തു. വിജയ്, അസിൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേ വർഷം തന്നെ ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്തു. സൽമാൻ ഖാനും കരീന കപൂറുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമെല്ലാം ചിത്രം ബ്ലോക് ബസ്റ്ററായി. ഹിന്ദിയിലും തമിഴിലും ഈ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചതും സിദ്ദിഖായിരുന്നു.

ലേഡീസ് ആന്റ് ജന്റിൽ മാൻ, കിം​ഗ് ലയർ, ഫുക്രി, ഭാസ്‌കർ ദ റാസ്‌കൽ (തമിഴ്) തുടങ്ങിയവയാണ് പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങൾ. 2020 ൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദർ ആയിരുന്നു അവസാന ചിത്രം. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, പൂവിന് പുതിയ പൂന്തെന്നൽ, വർഷം 16, മാനത്തെ കൊട്ടാരം, സിനിമാ കമ്പനി, മാസ്റ്റർ പീസ്, ഇന്നലെ വരെ തുടങ്ങി ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിൽ സിദ്ദിഖ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .

1984 ലാണ് സിദ്ദിഖ് വിവാഹിതനാകുന്നത്. സജിതയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവർ മക്കളാണ്.

Copyright © . All rights reserved