അവയവദാനം മഹാദാനം എന്ന മഹത്തായ സന്ദേശം ഉൾകൊള്ളുകൊണ്ട് ലിമ ലിവർപൂൾ, ഡോവ്കോട്ട് ലേബർ ക്ലബ്ബിൽ വച്ച് സംഘടിപിച്ച ബ്ലഡ് സ്റ്റേo സെൽ ഡോണർ രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുത്ത് നിരവധി നല്ലവരായ മലയാളികൾ ബ്ലഡ് സ്റ്റം സെൽ ഡോണർ രജിസ്റ്റർ ചെയ്തു.
എന്താണ് “ Blood stem cell donar registration“ കൊണ്ട് ഉദ്ദേശിക്കുന്നത്?.ഏതെങ്കിലും ക്യാൻസർ രോഗിക്ക് ബ്ളഡിലെ സ്റ്റെം സെൽ ആവശ്യമായി വരുന്ന പക്ഷം അനുയോജ്യമായ ദാദാക്കളെ എത്രയും പെട്ടന്ന് കണ്ടുപിടിക്കുന്നതിനായി നമ്മുടെ വായിൽ നിന്നും സ്വാബ് കളക്റ്റ് ചെയ്ത് നമ്മുടെ ഡീറ്റയിൽസ് റിക്കാർഡ് ചെയ്ത് സൂക്ഷിക്കുന്നതാണ് ഈ പ്രോസസ്സ്.

യുകെയിലെ DKMC, Delete Cancer തുടങ്ങിയവയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന Upahar എന്ന ചാരിറ്റി സംഘടനയും ആയി സഹകരിചാണ് Lima Liverpool ഈ ഇവന്റ് സംഘടിപ്പിച്ചത്.
എത്‌നിക് മൈനോറിറ്റി ഗ്രൂപ്പിലുള്ള നമുക്ക് ഇതേ മൈനോറിറ്റി ഗ്രൂപ്പിൽ ഉള്ളവരുടെ സ്റ്റെം സെൽ മാത്രമേ മാച്ച് ആവുകയുള്ളൂ. അതു തന്നെയാണ് ഇത്തരം ഒരു കാമ്പയിൻ ലിമ സംഘടിപ്പിച്ചതിന്റെ പ്രധാന ഉദ്ദേശവും.

അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓൺലൈൻ ക്വിസ് . കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാണ് പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന കേരളീയം ഓൺലൈൻ ക്വിസ് മത്സരം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ക്വിസ് മത്സരമായി കേരളീയം ക്വിസിനെ മാറ്റുകയാണു സംഘാടകരുടെ ലക്ഷ്യം. മെഗാ ക്വിസിലൂടെ നാടിന്റെ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും മത്സരം ലക്ഷ്യമിടുന്നു.
പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ഒക്ടോബർ 19ന് ഇന്ത്യൻ സമയം വൈകിട്ട് 7.30ന് നടക്കും.ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാം. ഓൺലൈൻ ക്വിസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ keraleeyam.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നവർക്ക് മോക്ക് ടെസ്റ്റിന് അവസരമുണ്ട്. വ്യക്തിഗതമായി സംഘടിപ്പിക്കുന്ന ക്വിസിൽ എല്ലാവരും ഒരേ സമയത്തായിരിക്കും മൽസരിക്കുന്നത്.
ആകെ 50 ചോദ്യങ്ങൾ അടങ്ങുന്ന ക്വിസിലെ ഓരോ ഉത്തരങ്ങൾക്കും അനുവദിക്കുന്ന സമയം പത്ത് സെക്കൻഡായിരിക്കും. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിൽ ആയിരിക്കും. മത്സരത്തിന്റെ വിശദാംശങ്ങൾ കേരളീയം വെബ്‌സൈറ്റിൽ ലഭ്യമാണ്.
കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്‌കാരം, സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് അറിയിപ്പ് ലഭിക്കും. തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന കേരളീയം മെഗാക്വിസ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാൻ വിജയികൾക്ക് അവസരമുണ്ട്. പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈനായി പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. ഓൺലൈൻ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യാനായി ഇതോടൊപ്പം ചേർത്തിട്ടുള്ള ക്യൂആർ കോഡ് സ്‌കാൻ ചെയ്യുക.
കേരളീയം ഓൺലൈൻ ക്വിസ് ക്യൂആർ കോഡ്.\

കാളിയാർ പുഴ ഇന്നലെ നാലു ജീവനുകളെ കവർന്നെടുക്കുമായിരുന്നു. ഓസ്ട്രേലിയയിൽ നിന്നും അവധിക്കു വന്ന റോയി , ഭാര്യ , രണ്ടു മക്കൾ എന്നിവർ ഇന്നലെ വൈകിട്ട് കാലാമ്പൂർ ഭാഗത്ത് പുഴയിൽ കുളി കഴിഞ്ഞ് കയറിപ്പോരുന്ന നേരത്താണ് ഒരു കുട്ടി കാൽവഴുതി പുഴയിലേക്കു വീണത്. രക്ഷിക്കാൻ ആദ്യം ചാടിയത് ഇളയ കുട്ടിയാണ്. രണ്ടാളും ഒഴുക്കിലകപെട്ടപ്പോൾ റോയിയും ഭാര്യയും രക്ഷിക്കാനായി പുഴയിൽ ഇറങ്ങി. നാലുപേരും ഒഴുക്കിൽ പെട്ടു. കണ്ടു നിന്ന പെൺകുട്ടി നേരെ കടവിനടുത്തുള്ള വീട്ടിലേക്ക് പാഞ്ഞു. ശരിക്കും മലയാളം പോലും ആ കുഞ്ഞിന് വശമില്ല. പക്ഷേ ശശിയേട്ടന് കാര്യം മനസിലായി. പുഴയുടെ ആഴങ്ങൾ പോലും ഹൃദിസ്ഥമായ കരുത്തനായ ശശിയേട്ടൻ ആദ്യം ഒഴുക്കിൽപ്പെട്ട കുട്ടികളെ കരക്കെത്തിച്ചു. അപ്പോഴേക്കും റോയിയും ഭാര്യയും കടവിൽ നിന്ന് നൂറു മീറ്ററിലധികം ഒഴുകി മാറിയിരുന്നു. ഒരു കമ്പിൽ കഷ്ടിച്ചു പിടിച്ച് നിന്നതു കൊണ്ട് ആഴങ്ങളിലേക്ക് പോയില്ല. ക്ഷണനേരത്തിൽ നീന്തിയെത്തി ഇരുവരേയും കരക്കടുപ്പിച്ചു. പോലീസും ഫയർഫോഴ്സും എത്തും മുന്നേ ശശിയേട്ടൻ ഏകാംഗ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയിരുന്നു.

ഇന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പൗരാവലി അത്തിമറ്റം ശശി ഏട്ടനെ ആദരിച്ചു.
ജനപ്രതിനിധികളുടേയും എം എല്‍ എ മാത്യു കുഴലാടൻ്റെയും സാന്നിധ്യത്തിൽ ആയിരുന്നു പൗരാവലി നാല് ജീവൻ രക്ഷിച്ച അദ്ദേഹത്തിന് ആദരം നൽകിയത്..
നാവിൽ നാടിന്റെ മുഴുവൻ രുചികളുമായി കേരളീയം ഭക്ഷ്യമേള നഗരത്തിലെത്തുന്നു. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന മലയാളത്തിന്റെ മഹോത്സവം കേരളീയത്തിന്റെ ഭാഗമായാണ് നാളിതുവരെ കണ്ടിട്ടില്ലാത്ത രുചിമേളം അനന്തപുരിക്ക് വിരുന്നൊരുക്കുന്നത്. 11 വ്യത്യസ്തതരത്തിലുള്ള ഭക്ഷ്യമേളകളാണ് ഒരാഴ്ചക്കാലം നഗരത്തിൽ രുചിലോകം തീർക്കാനെത്തുന്നത്.
തട്ടുകട ഭക്ഷണം മുതൽ പഞ്ചനക്ഷത്രഭക്ഷണം വരെ കേരളീയത്തിലെ സന്ദർശകർക്ക് ആസ്വദിക്കാനാവുന്ന തരത്തിൽ വ്യത്യസ്തയുടെ വിഭവങ്ങളാണ് ഒരുക്കുന്നത്. കേരളത്തിലെ തനത് വിഭവങ്ങൾ അണിനിരത്തിക്കൊണ്ട് കനകക്കുന്നിൽ നടക്കുന്ന ബ്രാൻഡഡ് ഫുഡ് ഫെസ്റ്റിവൽ ആണ് മേളയിലെ പ്രധാന ആകർഷണം. രാമശ്ശേരി ഇഡലി,അമ്പലപ്പുഴ പാൽപ്പായസം,തലശ്ശേരി ദം ബിരിയാണി,അട്ടപ്പാടി വന സുന്ദരി,പൊറോട്ടയും ബീഫും തുടങ്ങി കേരളത്തിന്റെ സവിശേഷമായ ഭക്ഷണങ്ങളെ ബ്രാൻഡ് ചെയ്ത് അവതരിപ്പിക്കുന്ന ബ്രാൻഡഡ് ഫെസ്റ്റിവൽ ഭക്ഷണ പ്രേമികൾക്കു രുചിയുടെ കേരളപ്പെരുമ സമ്മാനിക്കും. എ.കെജി സെന്റർ മുതൽ സ്‌പെൻസർ ജംഗ്ഷൻ വരെയും സ്‌പെൻസർ ജംഗ്ഷൻ മുതൽ വാൻറോസ് ജംഗ്ഷൻ വരെയുമുള്ള വീഥികളിലെ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റും അതിനൊപ്പം അരങ്ങേറുന്ന തെരുവുകലാവിരുന്നും സവിശേഷ അനുഭവം സമ്മാനിക്കും.
മാനവീയം വീഥിയിൽ കേരളത്തിന്റെ പരമ്പരാഗത ഭക്ഷണങ്ങളുടെയും അടുക്കളയിലെ പഴയകാല വസ്തുക്കളുടെയും പ്രദർശനവുമായി എത്തുന്ന പഴമയുടെ തനിമയാണ് മറ്റൊരു വിരുന്ന്. സെൻട്രൽ സ്റ്റേഡിയത്തിലെ മുഖ്യവേദിയിലാണ് ഫൈവ് സ്റ്റാർ ഫെസ്റ്റിവൽ അരങ്ങേറുക. പട്ടികവർഗ വികസനവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എത്‌നിക് ഭക്ഷ്യമേള,കുടുംബശ്രീ ഭക്ഷ്യമേള,പാലുംപാലുൽപ്പന്നങ്
ഫുഡ് വ്‌ളോഗർമാരുമായി മന്ത്രിയുടെ കൂടിക്കാഴ്ച
കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയ്ക്കു മുന്നോടിയായി കേരളത്തിലെ പ്രശസ്ത വ്‌ളോഗർമാരുടെ മീറ്റ് സംഘടിപ്പിക്കുന്നു. കേരളീയം സ്വാഗതസംഘം കമ്മിറ്റി ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുമായി ഒക്ടോബർ 10 വൈകിട്ട് നാലരയ്ക്കു മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് യോഗം. കേരളീയം ഭക്ഷ്യമേള കമ്മിറ്റിയുടെ ചെയർമാൻ എ.എ. റഹീം എം.പി,കമ്മിറ്റി കൺവീനറായ കെ.ടി.ഡി.സി. എം.ഡി. ശിഖ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.
കൈരളി യുകെ ബിർമിംഗ്ഹാം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇൻസ്റ്റാഗ്രാം ഓണം റീൽസ് മത്സരം ഒക്ടോബർ പത്താം തീയതിക്ക് മുൻപ് സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു. ഓണം പ്രമേയമായി അവതരിപ്പിക്കേണ്ട റീൽസുകൾ ഓഗസ്റ്റ് 30ന് ശേഷം പോസ്റ്റ് ചെയ്തവ ആയിരിക്കണം, കൂടാതെ കൈരളി യുകെയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗന്റിനെ @kairaliuk ടാഗ് ചെയ്തവയും ആയിരിക്കേണം. പങ്കെടുക്കുന്നവർ നിർബന്ധമായും അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പബ്ലിക് ആക്കുകയും #kottumkuravayum2k22 #reelseduthonam എന്നീ ഹാഷ്ടാഗുകൾ പോസ്റ്റിൽ ഉൾപ്പെടുത്തുകയും വേണം.
പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന മത്സരത്തിൽ ഇൻസ്റ്റാഗ്രാമിലെ തന്നെ പ്രമുഖർ ആണ് വിധികർത്താക്കൾ ആയി എത്തുന്നത്. 30 സെക്കൻഡിൽ കുറയാത്തതും 120 സെക്കൻഡിൽ കൂടാത്തതും ആയ വീഡിയോകൾ സർഗ്ഗാത്മകത, അവതരണം, ചിത്രീകരണം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും വിലയിരുത്തപ്പെടുക. 250 പൗണ്ട് ആണ് വിജയിക്ക് സമ്മാനമായി ലഭിക്കുന്നത്.
ദൈവ വചനത്തെ ഉള്‍ക്കൊള്ളുവാനും സ്വായത്തമാക്കുവാനും അത് പുതുതലമുറയിലേക്ക് പകരുവാനുമുള്ള ഒരവസരമായി ബൈബിള്‍ കലോത്സവത്തെ കണ്ട്, കലാസ്വാദകരെയും വിശ്വാസ സമൂഹത്തെയും ഒരു പോലെ വിസ്മയിപ്പിക്കുന്ന ദൃശ്യ ശ്രവ്യ വർണ്ണവിസ്മയങ്ങളുടെ മാധുര്യമാർന്ന മികവിന്റെ മാറ്റുരയ്ക്കലാണ് ഇന്നു നടക്കുന്ന സ്കോട്ട് ലാൻഡ് റീജിയണല്‍ ബൈബിള്‍ കലോത്സവത്തിലുടനീളം അനുഭവവേദ്യമാകുക.

ലിവിംഗ് സ്റ്റണിലെ ഇൻ വെർലാമോൻഡ് കമ്യൂണിറ്റി ഹൈസ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ മത്സര വേദിയിൽ സ്കോട്ട് ലാൻഡ് റീജിയണിലെ 5 മിഷനുകളിൽ നിന്നും 150 ൽ പരം കലാപ്രതിഭകളാണ് മത്സരാർത്ഥികളായി മാറ്റുരക്കുന്നത്. 16 ഇനങ്ങളിലായി 5 സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക.രാവിലെ 9 മണിയ്ക്ക് ആരംഭിയ്ക്കുന്ന സ്കോട്ട് ലാൻഡ് ബൈബിൾ കലോത്സവത്തിന്റെ ദൃശ്യ മഹോത്സവത്തിന് ആവേശം പകരാനും , പ്രോത്സാഹിപ്പിക്കാനും , അനുമോദിക്കാനുമായി എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
മത്സര വേദി :
Inverlamond Community High school,
Willowbank,
Ladywell,
Livingston
EH54 6HW
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഇംഗ്ലണ്ടും പത്ത് പൗണ്ടും കണ്ടാൽ കെട്ടിയോനെ ആട്ടി ഓടിക്കുന്നവളുമാരാണ് പെണ്ണുങ്ങളെന്ന് വിശ്വസിക്കുകയും അതിനെ സ്ഥാപിക്കുകയും ചെയ്യുന്നവരോട് സഹതാപം മാത്രം . …
അതെങ്ങനാ പെണ്ണൊന്ന് എതിർത്തു സംസാരിച്ചാൽ … പെണ്ണൊരു ദിവസം കൂടി കൂടുതൽ സ്‌കൂളിൽ പോയാൽ …
പെണ്ണൊന്ന് തിരിഞ്ഞു കിടന്നാൽ ….
പെണ്ണൊന്ന് പത്തു പേരോട് മിണ്ടിയാൽ ….
പെണ്ണൊന്ന് കറങ്ങുന്ന കസേരയിൽ ഇരുന്നാൽ അവൾ പിന്നെ വശീകരിക്കുന്നവളോ തന്റേടിയോ ആയി ….
ഇങ്ങനുള്ളവർ തന്റെ ചങ്ങല പൊട്ടിച്ചു പുറത്തിറങ്ങുമ്പോൾ കുടുംബം നശിപ്പിച്ചവളായ് ….
അവന്റെ തലോടലുകൾ മനസിലാക്കി വെളിയിൽ വരുമ്പോൾ അതെ അവളാണ് കുടുംബം നശിപ്പിച്ചതെന്ന ചീത്തപ്പേരായി ….
എന്നാൽ നിങ്ങൾ അറിയുക നിങ്ങൾക്കൊക്കെ അറിയാവുന്ന ആ തടത്തിൽ പണിയെടുത്തും ചാണകം വാരിയും കൈക്കുള്ളിലെ വൃണങ്ങൾ ആരും കാണാതെ മറച്ചു പിടിച്ചും ജീവിച്ചിരുന്ന അവളല്ല ഇന്നത്തെ പെണ്ണുങ്ങൾ ….
തന്നെ ചൂഷണം ചെയ്യുന്നുണ്ടെന്ന് ഞൊടിയിടയിൽ മനസിലാക്കാനുള്ള വിവരമൊക്കെ ഇന്നത്തെ പെണ്ണുങ്ങൾക്കുണ്ട് ….
അതിനാൽ ഇന്ന് പെണ്ണുങ്ങൾക്കെതിരെ പഴയപോലെ മസിലിന്റെ തരിപ്പ് കാണിക്കാൻ പറ്റാത്തവൻമാർ ഇപ്പോൾ പെണ്ണുങ്ങളെ ഗ്യാസ്‌ലിഗറ്റിങ്ങിലൂടെ കടത്തിവിട്ട് സംതൃപ്തിനേടുന്നു ….
അതായത് ഇതെല്ലം നിന്റെ മിഥ്യാധാരണകൾ ആണെന്ന് പറഞ്ഞു സ്ഥാപിക്കുക …
നീ ഭയങ്കര ഇമോഷണലാണെന്ന് പറയുക ….
നീ വീട്ടിൽ ഒന്നും ചെയ്യുന്നില്ലെന്ന് സ്ഥാപിക്കുക ..
ഞാനാണ് കുട്ടികളെ നോക്കുന്നത് പറയുക ….
നിനക്ക് ഏതു നേരവും ഫോണിൽ തോണ്ടലാണ് പണിയെന്ന് മോങ്ങുക …
ഞാൻ കാരണമാണ് ഈ വീട് തന്നെ നിലനിന്ന് പോകുന്നതെന്ന് വിശ്വസിപ്പിക്കുക …..
നീ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് പറഞ്ഞുറപ്പിക്കുക….
അങ്ങനെയങ്ങനെ പലതരത്തിലുള്ള മിഥ്യാധാരണകൾ ഇഞ്ചിഞ്ചെ കുത്തിവച്ചു ഇമോഷണലി നമ്മളെ ശ്വാസം മുട്ടിച്ചു കൊല്ലുക , നമ്മളെ നമ്മൾ അല്ലാതെ ആക്കി തീർക്കുക അതാണ് ഗ്യാസ്‌ലൈറ്റിംഗ് ….
ഗ്യാസ് ലൈറ്റിംഗ് എന്നൊരു ഇംഗ്ലീഷ് മൂവി ഉണ്ട് . അതിലെ കഥാപാത്രങ്ങളായ നായകനും നായികയും വിവാഹശേഷം പുതിയ ഒരു ബംഗ്ലാവിലേക്ക് താമസം മാറുന്നു . ബംഗ്ലാവിലെ ലൈറ്റുകളെല്ലാം തന്നെ അന്നത്തെ കാലത്തു ഗ്യാസ് ഉപയോഗിച്ചാണ് വർക്ക് ചെയ്യിച്ചിരിക്കുന്നത് . നായകൻ പുറത്തു പോകുമ്പോൾ വീട്ടിലെ ഗ്യാസ്‌ലൈറ്റ് ഡിം ആക്കി പോവുകയും വരുമ്പോൾ മുഴുവനായി ഓണക്കുകയും ചെയ്യുന്നു . എന്തുകൊണ്ടാണ് നിങ്ങൾ പുറത്തുപോകുമ്പോൾ ലൈറ്റുകളുടെ വെട്ടം കുറയുന്നത് എന്ന് ചോദ്യം ചെയ്യുന്ന ഭാര്യയോട് അത് നിന്റെ തോന്നലാണെന്ന് പറഞ്ഞു അവളെ പതുക്കെ ഒരു മാനസികരോഗിയാക്കി എടുക്കുന്ന നായകൻ …..
അതെ സ്ത്രീയുടെമേൽ മേൽ ആധിപത്യം നേടാൻ പറ്റാത്ത സാഹചര്യങ്ങളിൽ അവൻ അവളുടെമേൽ എന്തിനും ഒരു നിയന്ത്രണം കൊണ്ടുവരുകയും ചില വാക്കുകൾ നീയാണ് കുറ്റക്കാരി നീയാണ് തെറ്റ് നീയാണ് പ്രശ്നം എന്ന് പലവട്ടി റിപ്പീറ്റ് ചെയ്തു ചെയ്ത് അവളെ അവൾ അതാണെന്ന് വിശ്വസിപ്പിച്ചെടുക്കുക ….
കാലക്രമേണ, അവൾ ചിന്തിക്കുന്ന പ്രവർത്തിക്കുന്ന കാര്യങ്ങളെല്ലാം തന്നെ തെറ്റാണെന്ന് അവൾക്ക് തോന്നുകയും എന്തിനും ഏതിനും ആ വ്യക്തി തന്റെ പങ്കാളിയെ വളരെയധികം ആശ്രയിക്കാൻ തുടങ്ങുകയും ചെയ്യുന്നു ….അവനില്ലാതെ വേറൊരു ജീവിതത്തെക്കുറിച്ചു അവൾക്ക് ചിന്തിക്കാൻ പോലും പറ്റാതാകുന്നു …
അങ്ങനെ താനാണ് തെറ്റുകാരിയെന്ന് സ്വയം വിശ്വസിച്ചു അവിടെത്തന്നെ ജീവിച്ചുതീർക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നു ….
പക്ഷെ ഇന്ന് കേരളം വിട്ടിറങ്ങിയ പെണ്ണുങ്ങൾ ഭർത്താവിന്റെ ഗ്യാസ്‌ലൈറ്റിംഗ് ഏൽക്കാതെ പുറത്തു ചാടുന്നുണ്ടെങ്കിൽ ഒന്നാമതായി അവരെ ഇവിടെ സിസിടിവി വെച്ച് പിടിച്ചു പെണ്ണാണ് കുറ്റക്കാരിയെന്നു പറഞ്ഞു നാറിക്കാൻ ഇവിടാർക്കും സമയമില്ല …
കുട്ടികളെ മാത്രം ഓർത്തു നശിച്ച ജീവിതം അക്രമിയുടെ കൂടെത്തന്നെ ജീവിച്ചു പാഴാക്കുമ്പോൾ ഓരോദിവസവും ഹോളിഡേ ആയി ആഘോഷിക്കപ്പെടേണ്ട കുട്ടികളുടെ ജീവിതം കൂടെയാണ് തന്നോടൊപ്പം പാഴാകുന്നതെന്ന ചിന്ത ഇന്നത്തെ പെണ്ണിന് ഉണ്ടാകുന്നു ….
അതിനാൽ ഞാനാരുന്നു അവളെ കേരളത്തിന് പുറത്തു കൊണ്ടുവന്നത് , ഞാനാണ് അവളെ പഠിപ്പിച്ചത് , ഞാനാണ് …..ഞാനാണ് …..ഞാനാണ് ….അത് ചുമ്മാ കണ്ണാടി നോക്കി ഇരുന്നങ്ങ് പറയുക മാത്രമേ ഇന്ന് നിവൃത്തിയുള്ളൂ ….
ഇന്നത്തെ പെണ്ണുങ്ങൾ അവൾ ജീവിക്കാൻ പഠിച്ചിരിക്കുന്നു എന്നോർത്തു ആകെ വെപ്രാളവും പരവേശവും എടുക്കുന്നവർക്ക് എടുക്കാം …. ഇനി നമ്മളെ അതിന് കിട്ടില്ല ….
പോടേയ് പോയി വല്ല പണീമെടുത്തു ജീവിക്കടെ ….
ഹരിഗോവിന്ദ് താമരശ്ശേരി
മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയും ആറാമത്തെ ഇൻഡ്യാക്കാരനുമായ ശ്രീ അശോക് കുമാർ വര്ഷം തോറും നടത്തിവരാറുള്ള മാരത്തോൺ ചാരിറ്റി ഇവൻറ് 2023 ഒക്ടോബർ 8 ന് സെൽസ്ഡൻ കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറും. ഒക്ടോബർ 8 ന് വൈകിട്ട് 3:30 മുതൽ വിവിധ കലാപരിപാടികളോടുകൂടി ആരംഭിക്കുന്ന പരിപാടിയിൽ ക്രോയ്ടോൻ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും.

ഈ വർഷത്തെ ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക അൽഷിമേഴ്‌സ് റിസേർച് യുകെയ്ക്ക് കൈമാറുമെന്ന് ശ്രീ അശോക് കുമാർ അറിയിച്ചു.

തൻറെ 53-) മത്തെ വയസ്സിൽ 2014ൽ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാർ രണ്ടര വർഷംകൊണ്ടാണ് ലോകത്തിലെ പ്രമുഖ ആറ് മാരത്തോൺ ഉൾപ്പടെ 17 മാരത്തോണുകൾ ഓടി പൂർത്തിയാക്കിയത്. അശോക് കുമാർ ഇതുവരെ £34,000.00 പൗണ്ട് ഒമ്പതോളം ചാരിറ്റി ഇവന്റുകൾ വഴി സമാഹരിച് ഒട്ടേറെ സന്നദ്ധ സംഘടനകൾക്ക് സംഭാവന നൽകിയിട്ടുണ്ട്.
Venue : Selsdon Community Hall, 132 Addington road, CR2 8LA
Date and Time : Sunday, 8th October 2023 from 3.30pm to 8.30 pm
യു കെ യിലെ പ്രമുഖ മലയാളി സംഘടനയായ കൈരളി യു കെ യുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന കൈരളി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 7 ശനിയാഴ്ച യു കെ സമയം വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന കെ.ജി ജോർജ് അനുസ്മരണത്തിൽ പ്രശസ്ത മലയാള ചലച്ചിത്ര നിരൂപകനായ ശ്രീ ജി.പി രാമചന്ദ്രൻ , നവാഗത സംവിധായകനും തിരക്കഥാ കൃത്തുമായ ശ്രീ കമൽ കെ എം എന്നിവർ മുഖ്യാഥിതികൾ ആയിരിക്കും.
കഴിഞ്ഞ സെപ്റ്റംബർ 24 ന് അന്തരിച്ച ശ്രീ .കെ.ജി ജോർജ് മലയാള ചലച്ചിത്ര ചരിത്രത്തിലേക്ക് തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങൾ സമ്മാനിച്ചു കൊണ്ടാണ് കടന്നു പോയത്. സ്വപ്‌നാടനം , യവനിക, ആദാമിൻ്റെ വാരിയെല്ല്,, മറ്റൊരാൾ, ഈ കണ്ണി കൂടി, ഇരകൾ, ഉൾക്കടൽ, മേള , കോലങ്ങൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, പഞ്ചവടി പാലം തുടങ്ങിയ സിനിമകൾ എല്ലാം തന്നെ മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്ന നവാഗതകർക്ക് പാഠപുസ്തകങ്ങൾ എന്ന പോലെ കാലഘട്ടത്തെ അതി ജീവിക്കുന്ന ദൃശ്യാവിഷ്ക്കരണമായി അഭ്ര പാളികളിൽ പ്രതിഭയുടെ കൈയൊപ്പ് പതിപ്പിച്ച കലാകാരനാണ് ശ്രീ കെ .ജി ജോർജ്.
യു കെയിൽ എങ്ങോളമുള്ള ചലച്ചിത്രപ്രേമികളുടെ കൂട്ടായ്മയാണ് കൈരളി ഫിലിം സൊസൈറ്റി. കലാമൂല്യമുള്ളതും സാമൂഹ്യപ്രതിബദ്ധതയുള്ളതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും അണിയറ പ്രവര്‍ത്തകരുമായി ചര്‍ച്ച സംഘടിപ്പിക്കുകയും, അതിലൂടെ മലയാള സിനിമയെ ജനകീയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൈരളി ഫിലിം സൊസൈറ്റി പ്രവര്‍ത്തിച്ചുവരുന്നത്. ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത് സന്തോഷ് കീഴാറ്റൂര്‍ പ്രധാന വേഷം ചെയ്ത ‘അവനോവിലോന’, ഡോ. ബിജു സംവിധാനം ചെയ്ത്, സൂരാജ് വെഞ്ഞാറമൂട് അഭിനയിച്ച ‘പേരറിയാത്തവര്‍ ‘ രാജീവ് രവിയുടെ ‘ തുറമുഖം’ തുടങ്ങിയ സിനിമകളുടെ ചർച്ചകൾ കൈരളി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇതിനു മുമ്പ് നടത്തിയത് ശ്രദ്ധേയമായിരുന്നു.
ഒക്ടോബർ 7 ശനിയാഴ്ച യു കെ സമയം വൈകീട്ട് 5 മണിക്ക് (ഇന്ത്യൻ സമയം 9 .30 pm ) നു ഓൺലൈനിൽ നടക്കുന്ന ശ്രീ കെ ജി ജോർജ് അനുസ്മരണത്തിൽ പങ്കെടുക്കുവാനുള്ള ലിങ്ക് ഇതോടൊപ്പം നല്കുന്നു – https://fb.me/e/1ClkRBMvC
കേരളം ഇന്നേവരെ കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം 2023 ജനകീയോത്സവത്തിന് ആശംസാവീഡിയോ സന്ദേശവുമായി സൂപ്പർതാരം മോഹൻലാൽ. ഈ വീഡിയോ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ റിലീസ് ചെയ്തു.
മലയാളി എന്ന നിലയിൽ രണ്ടു കാര്യങ്ങളിലാണ് തനിക്ക് അഭിമാനം തോന്നിയിട്ടുള്ളത് എന്നു മോഹൻലാൽ ആശംസാസന്ദേശത്തിൽ പറഞ്ഞു. ലോകത്തെവിടെച്ചെന്നാലും കേരളത്തെ അറിയുക വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും പേരിലാണ്. അതു മലയാളിക്കു മാത്രം അവകാശപ്പെട്ടതാണ്. ലോകത്തെവിടെയും നിർണായകസ്ഥാനങ്ങളിൽ മലയാളികളുണ്ടാകും. താൻ പ്രവർത്തിക്കുന്ന മലയാളസിനിമയിലാണെന്നതിലും ഏറെ അഭിമാനമുണ്ട്. മലയാളി ആയതിലും കേരളത്തിൽ ജനിച്ചതിലും ഏറെ അഭിമാനിക്കുന്നുവെന്നും മോഹൻലാൽ ആശംസാസന്ദേശത്തിൽ പറഞ്ഞു.
കേരളീയത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശങ്ങളുമായി മലയാളികളുടെ പ്രിയ ഗായിക കെ.എസ്. ചിത്ര, യുവനടൻ ഷെയ്ൻ നിഗം, സിനിമാ നിർമാതാവ് സാന്ദ്രാ തോമസ്, എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപൻ തുടങ്ങി സിനിമാ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ നിരവധി പ്രമുഖർ രംഗത്ത് എത്തിയിരുന്നു.