തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ വൈകുന്നേരമാണ് നടുവിൽ സ്വദേശിനിയായ കെ ഷാഹിദ (46) ന് നേരെ ആസിഡ് ആക്രമണമുണ്ടായത്. ഷാഹിദയുടെ രണ്ടാം ഭർത്താവ് ആയ ചപ്പാരപ്പടവ് സ്വദേശി അഷ്‌കർ (52) ആണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാഹിദ കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിന് പിന്നാലെ പ്രതി അഷ്കറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
തളിപ്പറമ്പ് മാർക്കറ്റ് റോഡിന് സമീപത്ത് വെച്ചാണ് ഷാഹിദയ്ക്ക് നേരെ അഷ്‌കർ ആസിഡ് ആക്രമണം നടത്തിയത്. കോടതിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷാഹിദയെ വഴിയിൽ കത്ത് നിന്ന് അഷ്‌കർ ആക്രമിക്കുകയായിരുന്നു. ഷാഹിദയോട് സംസാരിക്കുകയും തർക്കിക്കുകയും ചെയ്തതിന് പിന്നാലെ കൈയ്യിൽ കരുതിയിരുന്ന ആസിഡ് ഷാഹിദയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിൽ ഷാഹിദയുടെ തലമുടിയും വസ്ത്രങ്ങളും കരിഞ്ഞ് പോയിരുന്നു. ഷാഹിദയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അഷ്കറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
അതേസമയം ഷാഹിദയുടെ രണ്ടാമത്തെ ഭർത്താവാണ് അഷ്‌കർ. ഏഴു മാസം മുൻപ് ഷാഹിദ മതാചാര പ്രകാരം അഷ്കറിനെ വിവാഹം ചെയ്തിരുന്നതായും ഏഴ് മാസത്തോളം കൂടെ താമസിച്ചിരുന്നതായും അഷ്‌കർ പറയുന്നു. ഏഴ് മാസം കൂടെ കഴിഞ്ഞതിന് ശേഷം തന്നെ ഒഴിവാക്കി ഷാഹിദ ആദ്യ ഭർത്താവിന്റെ കൂടെ പോയി താമസിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും അഷ്‌കർ പറയുന്നു.
പ്രായപൂര്‍ത്തിയാവാത്ത മലയാളി വിദ്യാര്‍ത്ഥിനിയെ അപമാനിച്ച മലയാളിയായ കോളജ് പ്രിന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍. വൈഎംസിഎ കോളേജ് പ്രിന്‍സിപ്പല്‍ ആയ കോതമംഗലം സ്വദേശി ജോര്‍ജ് അബ്രഹാമാണ് പിടിയിലായത്.
ലൈംഗിക പീഡന പരാതിയില്‍ ജോര്‍ജ് മുമ്പും പിടിയിലായിട്ടുണ്ട്. ജാമ്യത്തില്‍ ഇറങ്ങി ജോലിയില്‍ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ്. കോളജിലെ ജിം ട്രെയിനിങ്ങിനിടയില്‍ 18 വയസ്സ് തികയാത്ത ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയെ ഇയാള്‍ കടന്നുപിടിച്ചു എന്നാണ് ആരോപണം.
ഇതിന് പിന്നാലെ പെണ്‍കുട്ടി പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് പറയരുതെന്ന് ഭീഷണിയും ഉണ്ടായി. തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റിന് പെണ്‍കുട്ടി നല്‍കിയ പരാതി സയ്താപേട്ട് പോലീസിനു കൈമാറി. ഇതോടെയാണ് ഇന്നലെ അറസ്റ്റിലായത്.
മുമ്പ് പി ജി വിദ്യാര്‍ഥിനിക്ക് അശ്ലീല മെസ്സേജുകള്‍ അയച്ചതിനും, ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതിനും അദ്യാപകനെതിരെ കേസ് എടുത്തിരുന്നു. വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ജോര്‍ജ് എബ്രഹാം വീണ്ടും ജോലിയില്‍ പ്രവേശിച്ചു. രണ്ടാഴ്ചയ്ക്കുശേഷം സമാനമായി കേസില്‍ വീണ്ടും അറസ്റ്റ്. അധ്യാപകനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് പഞ്ഞിക്കിട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.
സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ മാവൂര്‍ കല്‍പള്ളിയിലാണ് അപകടം. മാവൂര്‍ അടുവാട് സ്വദേശി അര്‍ജുന്‍ സുധീര്‍ ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റു.
സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അര്‍ജുന്‍. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം ബസ് പാടത്തേക്ക് മറിയുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
രാവിലെ 10 മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന കാശിനാഥ് ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാവൂര്‍ -കോഴിക്കോട് റോഡില്‍ കല്‍പള്ളി ഗ്രൗണ്ടിന് എതിര്‍വശത്തേക്കാണ് ബസ് മറിഞ്ഞത്. മാവൂര്‍ പൊലീസും മുക്കത്തുനിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ വീപ്പയ്ക്കുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബെംഗളൂരുവിലെ സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷന്റെ പ്രധാന ഗേറ്റിന് സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ട യുവതിയ്ക്ക് 32-35 വയസ് പ്രായമുണ്ടാകുമെന്ന് കര്‍ണാടക പോലീസ് സൂപ്രണ്ട് (റെയില്‍വേ) എസ്.കെ സൗമ്യലത പറഞ്ഞു. മരണപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും ബെംഗളൂരുവില്‍ സമാനമായ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡിസംബര്‍ രണ്ടാംവാരം എസ്എംവിടി സ്റ്റേഷനിലെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ചാക്കില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ഒരു യാത്രക്കാരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.
സമാന രീതിയില്‍ ജനുവരി നാലിന് യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളില്‍ യുവതിയുടെ അഴുകിയ മൃതദേഹം റെയില്‍വേ പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മൂന്ന് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല
കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരനെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാങ്കാവ് വാരിയത്ത് വീട്ടില്‍ ജിശാന്ത് (കുട്ടന്‍-32) ആണ് മരിച്ചത്. തിങ്കളാഴ്ച ആനിഹാള്‍ റോഡിന് സമീപത്തെ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ കയര്‍ ചുറ്റിയനിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതോടെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.
ഞായറാഴ്ച രാത്രിയാണ് ജിശാന്ത് സുഹൃത്തിനൊപ്പം നഗരത്തിലേക്ക് എത്തിയത്. പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ സാധിക്കാത്തതോടെ കുടുംബം കോഴിക്കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് പൊലീസെത്തുന്നത്.
തുടര്‍ന്ന് കിണറിനുള്ളില്‍ കയറുകൊണ്ട് ചുറ്റിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണും പണവും നഷ്ടപ്പെട്ടിട്ടില്ല. ഇതിനാല്‍ മോഷണശ്രമത്തിനിടെയിലെ കൊലപാതകമായി കരുതാനാകില്ലെന്നാണ് വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പേരടം സ്വദേശിനി പ്രീത (17) നെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ജീവനൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊല്ലം പേരടം വിവേകാനന്ദ ഹയർസെക്കണ്ടറി സ്കൂളിലെ വിഎച്എസ്‌ഇ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് പ്രീത. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആശുപത്രി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ടോം ജോസ് തടിയംപാട്
തിങ്കളാഴ്ച വൈകുന്നേരം ലിവർപൂൾ അക്ഷയ ഹോട്ടലിൽ നടന്ന കാരശേരി മാഷിനോട് സംസാരിക്കാം എന്നപരിപാടി അതി ഗംഭീരമായി, പങ്കെടുത്ത ആളുകൾ മാഷിലെ ജ്ഞാനമണ്ഡലത്തെ കൂടുതൽ പ്രൊജലമാക്കുന്ന വൈവിധ്യമാർന്ന ചോദ്യങ്ങൾ ഉന്നയിച്ചതോടെ മാഷിന്റെ വാക്‌ധോരണിയിലൂടെ അറിവിന്റെ നിർഗമനമാണ് പുറത്തേക്കു വന്നത് .

പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം ഒരു പുതിയ അനുഭവമായി മാറി .42 വർഷം മുൻപ് കോടഞ്ചേരി ഗവണ്മെന്റ് കോളേജിലെ അധ്യാപകൻ ആയിരുന്നപ്പോൾ പ്രസിദ്ധീകരിച്ച മാഗസിൻ കൊണ്ടാണ് ആ കോളേജിലെ പൂർവ വിദ്യാർത്ഥി ആന്റോ ജോസ് എത്തിയത് മാഗസിനിൽ മാഷിന്റെ യുവാവായ ഫോട്ടോയും ലേഖനങ്ങളും കണ്ടത് വലിയ സന്തോഷമായി എന്ന് മാഷ് പറഞ്ഞു . മാഷിന്റെ പുസ്തകങ്ങൾ കൊണ്ടുവന്നവർ അതിൽ മാഷിനെ കൊണ്ട് ഒപ്പിടിപ്പിച്ചു കൂടാതെ എല്ലാവരും മാഷിന്റെ കൂടെനിന്നു ഫോട്ടോയെടുത്തു .സണ്ണി മണ്ണാറത്തു ,ലാലു തോമസ് എന്നിവർ മാഷിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു വേൾഡ് മലയാളി അസോസിയേഷൻ നോർത്ത് വെസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് ബൊക്ക നൽകി ആദരിച്ചു .

ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിദ്ധീകരിച്ച സോവനീയർ പ്രസിഡണ്ട് ജോയ് അഗസ്തി മാഷിന് സമ്മാനിച്ചു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്‌ക്കു വേണ്ടി സാബു ഫിലിപ്പ് ഉപഹാരം സമ്മാനിച്ചു . നോട്ടിംഗം മാഞ്ചെസ്റ്റർ എന്നിവിടങ്ങളിൽ നിന്നും ആളുകൾ എത്തിയിരുന്നു .

വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിപാടി 9 .30 വരെ നീണ്ടു നിന്നും പരിപാടിക്ക് തമ്പി ജോസ് സ്വാഗതം ആശംസിച്ചു ടോം ജോസ് തടിയംപാട് അധ്യക്ഷനായിരുന്നു ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോയ് അഗസ്തി ,വിറാൾ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോഷി ജോസഫ് ,ബിജു ജോർജ് , ആന്റോ ജോസ് ,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .യോഗത്തിനു എൽദോസ് സണ്ണി നന്ദി പറഞ്ഞു.ലിവർപൂൾ പബ്ലിക് ഫോറമാണ് പരിപാടികൾ സംഘടിപ്പിച്ചത് .




പത്തനാപുരം ഗർഭാശയ മുഴ നീക്കാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം വയർ കൂട്ടി യോചിപ്പിക്കാനാവാതെ ദുരിത ജീവിതം അനുഭവിക്കുകയാണ് വാഴപ്പാറ സ്വദേശിനി ഷീബ (48). കുവൈറ്റിൽ വീട്ട് ജോലി ചെയ്യുകയായിരുന്ന ഷീബ കൊറോണ കാലത്ത് നാട്ടിലെത്തുകയായിരുന്നു. ഗർഭാശയത്തിൽ മുഴ കണ്ടതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയും ചെയ്തു.
അതേസമയം ഒന്നര മാസത്തിന് ശേഷം ശസ്ത്രക്രിയ ചെയ്തതിന് സമീപത്തായി വീണ്ടും മുഴയുടെ രൂപത്തിൽ കല്ലിപ്പ് കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാൽ വീണ്ടും ഇതാവർത്തിച്ചതോടെ ആശുപത്രി ചികിത്സ നിഷേധിച്ചു. തുടർന്ന് ഷീബ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മാസങ്ങളുടെ ഇടവേളയിൽ അഞ്ചോളം ശസ്ത്രക്രിയകൾ വീണ്ടും നടത്തി.
ഇനി ശസ്ത്രക്രിയ നടത്താൻ സാധിക്കില്ലെന്നും വയർ കൂട്ടിയോജിപ്പിക്കാൻ ആവില്ലെന്നും ഡോക്ടർമാർ അറിയിച്ചതായി ഷീബ പറയുന്നു. ആദ്യത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ആവിശ്യമായ സഹായം ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ഷീബ ആരോപിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ആശുപത്രിക്ക് പുറത്ത് മുറിയെടുത്ത് മാറണമെന്ന് ആവിശ്യപെടുകയായിരുന്നു. പണമില്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങിയെന്നും രക്തത്തിൽ കുളിച്ചാണ് വീട്ടിലെത്തിയതെന്നും ഷീബ പറയുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയാൻ സമ്മതിച്ചില്ല. തുടർന്ന് നിരവധിപേർക്ക് പരാതി നൽകിയെങ്കിലും ഒന്നിനും നടപടിയുണ്ടായില്ലെന്നും ഷീബ പറയുന്നു. വയർ തുറന്ന നിലയിലായതിനാൽ ഉള്ളിലെ അവയവങ്ങൾ കാണുന്ന തരത്തിലാണ് പലപ്പോഴും അണുബാധ ഉണ്ടാകുന്നതായും ഷീബ പറയുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സ പിഴവാണ് കാരണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വാദം.
അടിവസ്ത്രത്തിനുളിൽ ഒളിപ്പിച്ച് ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച കൊണ്ടോട്ടി നരിക്കുനി സ്വദേശി അസ്മ ബീവി (32) നെ കഴിഞ്ഞ ദിവസം കസ്റ്റംസ് പിടികൂടിയിരുന്നു. ഞായറാഴ്ച രാത്രി ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ് പ്രസ് വീമാനത്തിലാണ് അസ്മ ബീവി സ്വർണം കടത്തിയത്. കസ്റ്റംസ് പരിശോധനയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കൂടി രൂപയുടെ സ്വർണ മ്രിശ്രിതം പിടിച്ചെടുക്കുകയായിരുന്നു.
രണ്ടാഴ്ച മുൻപാണ് ഭർത്താവിനെ കാണാൻ അസ്മ ഭീവി ദുബായിലെത്തിയത്. ഒരു കോടിയുടെ സ്വർണം കടത്തുന്നതിന് നാലാപത്തിനായിരം രൂപയും വിമാന ടിക്കറ്റുമാണ് അസ്മ ഭീവിക്ക് പ്രതിഫലമായി ലഭിച്ചത്. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് അസ്മ ബീവി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നേരത്തെ സ്വർണം കടത്തിയിട്ടുണ്ടോ എന്നുള്ള കാര്യം അന്വേഷിച്ച് വരികയാണ്.
കാരൂർ സോമൻ
കൊച്ചിയിലെ വിഷപ്പുക കണ്ടപ്പോൾ അമേരിക്കയിൽ നിന്നെത്തിയ ടൂറിസ്റ്റുകൾ പറ ഞ്ഞത്. ‘ന്യൂയോർക്കിലെ മൂടൽമഞ്ഞിന് പോലും ഇത്ര ഭംഗിയില്ല’.പാവം മനുഷ്യരെ മലയാളിയെ കഴുതകളാക്കി, വർഗ്ഗീയവാദികളാക്കി,മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കി കാലം കഴിച്ചുകൂട്ടുന്നു. ഇതിലൂടെ ഒരു കൂട്ടർ കൊള്ള മുതൽ വാരിക്കൂട്ടി ജനങ്ങളെ പറ്റിക്കുന്നു. കൊച്ചി നഗരത്തിൽ വളർന്നുപൊന്തിയത് കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ അഗ്‌നി ബാധയിൽ നിന്ന് വിഷം ചീറ്റുന്ന പുകപടലങ്ങളാണ്. ഞാൻ അതുവഴി സഞ്ചരിച്ചപ്പോൾ കരുതിയത് നഗരത്തിന് ശോഭ പരത്താൻ ആകാശ ഗംഗയിൽ നിന്നെത്തിയ മഞ്ഞുപടലങ്ങളായിരിക്കുമെന്നാണ്.
നഗരത്തെ ശ്വാസം മുട്ടിക്കുന്ന അഗ്‌നി ജ്വാലകളെ കൊച്ചി മനുഷ്യബോംബ് എന്ന് വിളിക്കാം. അത്രയ്ക്ക് മാരകമാണ് അതിൽ നിന്ന് വരുന്ന മീഥേൻ ഗ്യാസ്. ഒരാഴ്ചയിൽ കൂടുതലായി തീ അണക്കാൻ സാധിച്ചിട്ടില്ല. തീ അണച്ചാലും ഇതിലൂടെ തലമുറകൾക്ക് വരാനിരിക്കുന്ന മാന സിക ആരോഗ്യ പ്രതിസന്ധികൾ ധാരാളമാണ്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തള്ളു മ്പോൾ അതിൽ നിന്നുണ്ടാകുന്ന മാരക വിഷമാണ് ഡയോക്‌സിനുകൾ. ഇത് ഉടലെടുക്കുന്നത് രാസസംയുക്തങ്ങളിൽ നിന്നാണ്. അറിവിൽ പണ്ഡിതന്മാരെന്ന് പൊങ്ങച്ചം പറഞ്ഞു നടക്കു ന്നവർക്ക് ഇതുവല്ലതുമറിയാമോ?
കേരളമെന്ന് കേട്ടാൽ രക്തം തിളക്കണമെന്ന് കവികൾ, നമ്മുടെ നാട് മറ്റുള്ളവർക്ക് മാതൃക, സകല ശാസ്ത്രങ്ങളിലും അറിവിലും ബഹുമിടുക്കർ, ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ പറഞ്ഞവരുടെ പാദങ്ങളിൽ ഒന്ന് പ്രണമിക്കണമെന്നുണ്ട്. സ്വന്തം വീടും നാടും വൃത്തിയായി സൂക്ഷിക്കാനറിയാത്ത, അഴിമതികളിൽ അഭയം തേടി ജീവിക്കുന്നവരാണ് ഈ ഗീർവാണങ്ങൾ മുഴക്കുന്നത്. കൊച്ചിയിലെ ബ്രന്മപുരം മാലിന്യകൂമ്പാരങ്ങളിൽ നിന്ന് ഉരുണ്ടു കൂടി ഉയരുന്ന ഭീകരമായ വിഷപ്പുകയിൽ പരീക്ഷീണരായ മനുഷ്യർ ശ്വാസം മുട്ടുന്നു, ഛർദ്ദിക്കുന്നു, വയറിളകുന്നു, പനി, ചുമ, വീടുകളിൽ രോഗികളായി കഴിയുന്നവർ തലചുറ്റി വീഴുന്നു, കണ്ണുകൾക്ക് മന്ദത, ചൊറിച്ചിൽ, ത്വക്ക് രോഗങ്ങൾ, കുഞ്ഞുങ്ങൾ ശ്വാസമെടുക്കാനാകാതെ വീർപ്പുമുട്ടുന്നു. കാൻസർ മുതൽ വന്ധ്യതവരെ സംഭവിക്കാം. കൊച്ചി നഗരത്തിൽ നടക്കാ നിറങ്ങിയ ജസ്റ്റിസ് ഭട്ടിക്കും ശ്വാസം മുട്ടലും ഛർദ്ദിയുമുണ്ടായി. ഇതെല്ലം സൂചിപ്പിക്കുന്നത് കൊച്ചിയായാലും കോഴിക്കോടായാലും ഭരണകൂടങ്ങളുടെ ഉദാസീനത, കെടുകാര്യസ്ഥതയാണ്. ജീവിക്കാനുള്ള ഓരോ പൗരന്റെ നേരെയുള്ള മൗലികമായ നിയമ ലംഘനമാണ് നടന്നത്. ഇതി നുത്തരവാദികളെ തുറുങ്കിലടക്കേണ്ടതല്ലേ?
നല്ല ഭരണാധിപന്മാരുടെ, സർഗ്ഗ പ്രതിഭകളുടെ അദ്ധ്വാനത്തിൽ നിന്നാണ് ഓരോ പുതിയ സംസ്‌കാരങ്ങൾ ഉടെലെടുക്കുന്നത്. കേരളത്തിൽ സാംസ്‌കാരിക ദുരന്തങ്ങളാണ് പലപ്പോഴും അടയാളപ്പെടുത്തുന്നത്. ഒടുവിൽ വാദിയും പ്രതിയും ഒത്തുതീർപ്പിന്റെ പാതയിലെത്തി സത്യത്തെ, നിയമങ്ങളെ വിഴുങ്ങുന്നു. പര സ്പരം ഒത്തുതീർപ്പല്ല വേണ്ടത് കുറ്റവാളികളെ ജയിൽ വാസത്തിന് വിടണം ഇല്ലെങ്കിൽ അഴിമതി, ഭരണകൂടങ്ങളുടെ താന്തോന്നിത്വം, കെടുകാര്യസ്ഥത കൊച്ചിയിലെ വിഷപ്പുകപോലെ ആളിപ്പടർന്ന് എരിയുന്ന ചിതകളായി ശ്മശാന മണ്ണിലേക്ക് മനു ഷ്യരെ അയച്ചുകൊണ്ടിരിക്കും.ഇതുമൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതം എത്രയോ വലു താണ്. ഇത് കേരള ജനത കാണുന്നില്ലേ? ഇവിടുത്തെ കോടതികൾ കാണുന്നില്ലേ?
കേരളത്തിൽ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും മാലിന്യങ്ങളും നായ്ക്കളുമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ളുള്ളവർക്കറിയാം അവിടുത്തെ വഴിയോരങ്ങളിൽ നായ്ക്കളെ കാണാറില്ല. നായ്ക്കൾ അനുസരണയോടെ വീടിനുള്ളിൽ പാർക്കുന്നു. മാലിന്യങ്ങൾ ആരും റോഡുകളിൽ വലിച്ചെറിയാറില്ല. അതിനാൽ വീടുകളും നഗരങ്ങളും സൗന്ദര്യപ്പൊലിമ യോടെ നിലകൊള്ളുന്നു. ഓരോ വീടുകൾക്ക് മുന്നിലും മാലിന്യ ങ്ങൾ, ഉപയോഗയോഗ്യമല്ലാ ത്തവയെ തരംതിരിച്ചിടാനുള്ള വീപ്പകൾ അവിടുത്തെ മുനിസിപ്പാലിറ്റികൾ കൊടുത്തിട്ടുണ്ട്. എല്ലാം മാസവും അതിനുള്ള തുക നികുതിയിനത്തിൽ ഈടാക്കുന്നു. നികുതി വാങ്ങുക മാത്രമല്ല ഗുണ നിലവാരമുള്ള ജൈവ വസ്തുക്കളായി അവയെ തരംതിരിച്ചു് വിറ്റ് ലാഭമുണ്ടാ ക്കുന്നു. ശാസ്ത്ര സാങ്കേതിക സാഹിത്യമടക്കം പാശ്ചാത്യരിൽ നിന്ന് കടമെടുക്കുന്ന അല്ലെങ്കിൽ കോപ്പിയടിക്കുന്ന മലയാളിക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾക്ക് ഇതൊന്ന് കോപ്പി യടിച്ചൂടെ? കേരളത്തിലെ വീടുകളിൽ ധാരാളം ഗ്ലാസ് കുപ്പികളുണ്ട്. അതിനെ നിർമ്മാർജ്ജനം ചെയ്യാനുള്ള സംവിധാനങ്ങളില്ല. പാശ്ചാത്യർ കുട്ടികളെ സ്‌കൂളിൽ ആദ്യം പഠിപ്പിക്കുന്നത് ശുചി ത്വമാണ്. കുട്ടികൾ വളർന്നുവരുന്നത് അച്ചടക്കമുള്ള കുട്ടികളായിട്ടാണ്. കുട്ടികളുടെ മനസ്സിനെ മലിനമാക്കുന്ന ജാതിമത രാഷ്ട്രീയം അവിടെ പഠിപ്പിക്കുന്നില്ല. നമ്മുടെ നാട്ടിൽ നിന്ന് കൃഷി പഠി ക്കാൻ ഇസ്രായേലിൽ പോയി മുങ്ങി പൊങ്ങിയ ഒരാളെപ്പറ്റി വാർത്തകളിൽ കണ്ടു. എന്തു കൊണ്ട് മാലിന്യത്തെ എങ്ങനെ നിർമ്മാർജ്ജനം ചെയ്യാമെന്ന് പഠിച്ചില്ല? വേണ്ടുന്ന പരിശീലനം നേടിയില്ല? മനുഷ്യരുടെ സുരക്ഷിതത്വം ആരോഗ്യം അധികാരത്തിലുള്ളവരെ അലട്ടിയില്ല? മനുഷ്യരുടെ മൗലിക അവകാശങ്ങളെ പുച്ഛത്തോടെ തള്ളുന്നത് ആരാണ്?
കേരളത്തിലെ മാലിന്യം കണ്ടാൽ ഏതൊരു സഞ്ചാരിയും ഊറിഊറി ചിരിക്കും. മത ഭ്രാന്തുപൊലെ മാലിന്യം വലിച്ചെറിയുന്ന ഭ്രാന്തന്മാരുടെ നാടായി കേരളം മാറിയിരിക്കുന്നു. ഒരു ഭാഗത്തു് പ്ലാസ്റ്റിക് ഉപയോഗം തടയുകയും കത്തിക്കയും ചെയ്യരുതെന്ന് പറഞ്ഞിട്ടാണ് കോർപ്പറേഷൻ അവിടെ തീ കത്തിക്കുന്നത്. മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കടുത്ത ദാരിദ്ര്യവും വിശപ്പുമാണ്. കേരളം അതിൽ നിന്ന് മുക്തി പ്രാപിച്ചെങ്കിലും മാലിന്യത്താൽ, അഴിമതിയിൽ അപമാനഭാരം അനുദിനമനുഭവിക്കുന്നു. കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റി നായി ചിലവിട്ടത് 14 കോടി രൂപയാണ്. കരാർ എടുത്തവരുടെ യോഗ്യത ഇന്നൊരു ചോദ്യചിഹ്ന മായി മുന്നിൽ നിൽക്കുന്നു. അവസാനം കണ്ടത് ഏകദേശം 110 ഏക്കറോളം വിസ്തീർണ്ണമുള്ള സ്ഥലത്തേക്ക് തീ അണയ്ക്കാൻ കോടികൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിട്ട് ബക്കറ്റിൽ വെള്ളം കൊണ്ടുപോകുന്ന കൗതുക കാഴ്ചയാണ്. അതിലെ അഴിമതി പുറത്തുവന്നി ട്ടില്ല. കേരള ശാസ്ത്രത്തിന്റെ മഹത്തായ ഈ ജ്ഞാന ചൈതന്യത്തെ നമിക്കുന്നു. ഇന്ത്യൻ നിയമത്തിൽ ആർട്ടിക്കിൾ 21 പറയുന്നത് മനുഷ്യർക്ക് ആഹാരം, പാർപ്പിടം, വസ്ത്രം തുടങ്ങി പല അവകാശങ്ങളുണ്ട്. അവിടെയാണ് മനുഷ്യർ അഴിമതി പുരണ്ട വിഷപ്പുക ശ്വസിക്കുന്നത്. മലയാളിയെപോലെ മാലിന്യത്തിലും കയ്യിട്ട് വാരുന്നവർ മറ്റെങ്ങും കാണില്ല. വൈദ്യുതി ഉല്പാദ നമായിരിന്നു പദ്ധതിയുടെ ലക്ഷ്യമെങ്കിലും അണയാത്ത കാട്ടുതീയിലൂടെ ഉല്പാദിപ്പിച്ചത് അഴിമതിയാണ്. കരാർ കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ച്ച, ബയോമൈനിങ്ങ് പ്രവർത്തിച്ചില്ല തുടങ്ങിയ മുടന്തൻ ന്യായവാദങ്ങളല്ല വേണ്ടത് കുറ്റവാളികളെ ജനത്തിന് മുന്നിൽ കൊണ്ടു വരണം. സർക്കാർ ഈ രംഗത്ത് കർമ്മ പദ്ധതികൾ തയ്യാറാക്കണം. നമ്മുടെ പുരോഗതി കേര ളത്തെ മാലിന്യകുമ്പാരമാക്കാനോ അതോ മാലിന്യമുക്തമാക്കാനോ? കൊച്ചിയിൽ നിന്ന് വിഷ പ്പുകയാൽ പലരും പാലായനം ചെയ്യുന്നു. ഒരു ജനതയെ ഭയാനകമായ ഭീകരതയിലേക്ക് തള്ളി വിട്ട വിഷപ്പുക ഉല്പാദിപ്പിച്ച രാജ്യദ്രോഹികളെ പിരിച്ചുവിടണം, നഷ്ടപരിഹാരം അവരിൽ നിന്ന് ഈടാക്കണം.