അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് താൽക്കാലിക സ്റ്റേ. ട്രംപിന്റെ ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തു. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്തത്.
വാഷിങ്ടന്‍, അരിസോണ, ഇല്ലിനോയിസ്, ഒറിഗോണ്‍ എന്നീ നാല് സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പ്രകാരം പരിഗണിച്ച കേസിലാണ് ട്രംപിന്റെ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്. മാത്രമല്ല ട്രംപിന്റെ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനമാണെന്നും ജഡ്ജ് ജോണ്‍ കോഗ്‌നോര്‍ ചൂണ്ടിക്കാട്ടി.
ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ജന്മവകാശ പൗരത്വം ഒഴിവാക്കുന്ന ഉത്തരവില്‍ ഒപ്പുവച്ചത്. പുതിയ ഉത്തരവനുസരിച്ച് മാതാപിതാക്കളിലൊരാള്‍ക്കെങ്കിലും പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞിന് യുഎസില്‍ പൗരത്വം ലഭിക്കില്ല. എന്നാല്‍ യുഎസില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൗരത്വം ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്നമായ ലംഘനമാണ് ട്രംപിന്റെ ഉത്തരവെന്ന് വാദിച്ചാണ് ഡമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചത്.
അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ യുസിലെ വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്ന ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തിൽ വരാനിരുന്നത്.
നിർമാതാവ് സാന്ദ്രാ തോമസിന്റെ പരാതിയിൽ സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണനെതിരെ കേസ്. ഹേമാ കമ്മിറ്റിയിൽ മൊഴിനൽകിയതിന്റെ വിരോധത്തിൽ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുന്നത്. ബി.ഉണ്ണിക്കൃഷ്ണനെ ഒന്നാം പ്രതിയും നിർമാതാവ് ആന്റോ ജോസഫിനെ രണ്ടാം പ്രതിയുമാക്കിയാണ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സിനിമാ മേഖലയിൽനിന്ന് തന്നെ മാറ്റിനിർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സാന്ദ്ര തോമസിന്റെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ സിനിമയിൽ അവസരം നിഷേധിക്കുകയാണ്. തനിക്ക് സിനിമ നൽകരുതെന്ന് മേഖലയിലെ മറ്റുള്ളവരോടും നിർദേശിച്ചിരിക്കുകയാണ്. അതുകൊണ്ട് സിനിമയിൽനിന്ന് മാറിനിൽക്കേണ്ടിവന്നിരിക്കുകയാണ്. സംഘടനായോഗത്തിൽവെച്ച് തന്നെ അപമാനിച്ചുവെന്നും സാന്ദ്രാ തോമസ് പരാതിയിൽ പറഞ്ഞു.
സെൻട്രൽ പോലീസിൽ പരാതി നൽകിയപ്പോൾ പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല. പിന്നീടിവർ കോടതിയെ സമീപിച്ചു. കോടതിയുടെ നിർദേശപ്രകാരമാണിപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചായിരുന്നു നടപടി.
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്‌ക്കെതിരേ ഉന്നയിച്ച വിമർശനങ്ങളിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടതിനെ തുടർന്ന് സംഘടന കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയത്. ഈ നടപടി എറണാകുളം സബ് കോടതി നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണ്.
തിരുവനന്തപുരം മുട്ടട സ്വദേശികളായ ദമ്പതിമാർ നെയ്യാറിൽ മരിച്ച നിലയിൽ. സ്നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ഇവരുടെ മൃതദേഹങ്ങൾ നെയ്യാറിൽ നിന്ന് കണ്ടെത്തിയത്.
അരുവിപ്പുറം ക്ഷേത്രത്തിന് സമീപമായിരുന്നു ഇവരുടെ കാർ പാർക്ക് ചെയ്തിരുന്നത്. കാറിന്റെ താക്കോൽ മരണപ്പെട്ട പുരുഷന്റെ പോക്കറ്റിൽ നിന്ന് ലഭിച്ചു. കൈകൾ കെട്ടിയ നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹം. ഇവരുടെ ചെരുപ്പും ഒരു ഫ്രൂട്ടിയുടെ കുപ്പിയും പോലീസ് കണ്ടെത്തി.
ഒരുവർഷം മുമ്പാണ് ഇവരുടെ മകൻ മരിച്ചത്. ഇക്കാര്യത്തിൽ സ്നേഹദേവും ശ്രീലതയും മാനസിക ബുദ്ധിമുട്ടിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
പെൺകുട്ടികളുടെ വിവാഹ പ്രായം ഒമ്പത് വയസാക്കി കുറയ്‌ക്കാനുള്ള നിയമ ഭേദഗതി ഇറാഖ് പാർലമെന്റ് പാസാക്കി. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുൾപ്പെടെയുള്ള കുടുംബകാര്യങ്ങളിൽ ഇസ്‌ലാമിക കോടതികൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതികൾ. സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 1958ലെ ഏകീകൃത കുടുംബ നിയമമാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്. ഇറാഖ് നിയമം മന്ത്രാലയമാണ് വിവാദ ഭേദഗതി അവതരിപ്പിച്ചത്.
നിലവിൽ ഇറഖിലെ പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 ആണ്. കഴിഞ്ഞ വർഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കൊണ്ടുവന്നത്. പിന്നാലെ എതിർപ്പുകളെ തുടർന്ന് ഇത് പിൻവലിച്ചു. എന്നാൽ ഷിയാ വിഭാഗം ഇതിനെ പിന്തുണച്ചതോടെ ഓഗസ്റ്റിൽ ബിൽ വീണ്ടും പാർലമെന്റി എത്തി.
കുട്ടികളിൽ പാശ്ചാത്യ സംസ്കാരം ഇല്ലാതാക്കാനും ഇസ്ലാമിക രീതികൾ ശക്തമാക്കാനും ആണ് ബില്ലെന്നാണ് ഷിയാ വിഭാഗം വാദിക്കുന്നത്. കൂടാതെ ഭേദഗതി രാജ്യത്ത് ശരിയത്ത് നിയമത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും പെൺകുട്ടികൾ വഴിതെറ്റി പോകാതെ രക്ഷിക്കും എന്നുമാണ് ഇവരുടെ മറ്റൊരു വാദം.
ഇത്രയും ചെറുപ്രായത്തിൽ വിവാഹം കഴിപ്പിക്കുന്നത് പെൺകുട്ടികളുടെ അവകാശം ഹനിക്കുന്നതിന് തുല്യമാണെന്ന് ഇറാഖി വിമൻസ് ലീഗ് നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ ഇൻതിസാർ അൽ-മയാലി മുന്നറിയിപ്പ് നൽകി. ചില അംഗങ്ങൾ ദിലീലിന് വീട്ടുനിന്നതായും റിപ്പോർട്ടുണ്ട്.
ജിൻസി കോരത്
ലണ്ടൻ: ഗിൽഫോർഡ് മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷം വ്യത്യസ്തതയാർന്ന കലാപരിപാടികളുടെ വിസ്മയ കാഴ്ചകളൊരുക്കി വർണ്ണാഭമായി നടന്നു. ആഘോഷങ്ങളുടെ ഇടയിലേക്ക് കുട്ടികൾക്ക് സമ്മാനങ്ങളുമായി എത്തിയ സാന്താക്ലോസ് കുട്ടികൾക്കും മുതിർന്നവരോടുമൊപ്പം നടത്തിയ തകർപ്പൻ ഡാൻസ് മുഴുവൻ കാണികൾക്കും വിസ്മയകരവും അപൂർവ്വവുമായ ദൃശ്യാനുഭവമായി മാറി.
ഗിൽഫോർഡ് കിംഗ്സ് കോളേജ് ഓഡിറ്റോറിയത്തിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ജി എം സി എയിലെ പ്രതിഭാധനരായ കുട്ടികളും മുതിർന്നവരും ചേർന്നവതരിപ്പിച്ച മനോഹരമായ നേറ്റിവിറ്റിഷോയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ജി എം സി എ പ്രസിഡന്റ് മോളി ക്ലീറ്റസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ലോക കേരളസഭാംഗവും മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ് ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. ഓരോ വർഷവും ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ നടത്തുമ്പോൾ വിണ്ണിലെ സന്തോഷവും സമാധാനവും ഭൂമിയിലെ മനുഷ്യരുടെ ഹൃദയങ്ങളിലും നിറയുന്നുണ്ടോയെന്ന് നാം പുനഃപരിശോധന നടത്തേണ്ടതാണെന്നും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിൽ വിതറി മാനവ മനസ്സുകളിൽ സന്തോഷം നിറയാൻ എല്ലാവരുടെയും ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കിടയാകട്ടെയെന്നും സി എ ജോസഫ് തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
ജി എം സി എ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചേർന്ന് തിരിതെളിച്ച് ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി നിക്സൺ ആന്റണി സ്വാഗതം ആശംസിച്ചു. തുടർന്ന് ഇടവേളയില്ലാതെ നടന്ന വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ അരങ്ങേറിയപ്പോൾ അപൂർവ്വമായ ദൃശ്യ വിസ്മയകാഴ്ചകളാണ് സദസ്സിന് സമ്മാനിച്ചത്. ജിഎംസിഎയുടെ നേതൃത്വത്തിൽ ഓരോ ഭവനങ്ങളിലും നടത്തിയ കാരോൾ സന്ദർശനാവസരത്തിൽ ഏറ്റവും മികച്ച ദീപാലങ്കാരത്തിന് ഏർപ്പെടുത്തിയ സമ്മാനം രാജീവ് -ബിൻസി ദമ്പതികൾ സെക്രട്ടറി നിക്‌സൺ ആന്റണിയിൽ നിന്നും ഏറ്റുവാങ്ങി. മികച്ച അവതാരകയായി എത്തി മുഴുവൻ പരിപാടികളും ചിട്ടയോടെ അവതരിപ്പിക്കുവാൻ അവസരമൊരുക്കിയ സാറാ മറിയം ജേക്കബ്ബ് ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.
ജി എം സി എ ഭാരവാഹികളോടൊപ്പം ആഘോഷ കമ്മറ്റി അംഗങ്ങളായ സ്നോബിൻ മാത്യു, ജിൻസി ഷിജു, വിനോദ് ജോസഫ് , രാജീവ് ജോസഫ്, സനു ബേബി, ഷിജു മത്തായി, ക്ളീറ്റസ് സ്റ്റീഫൻ തുടങ്ങിയവരാണ് ഇത്തവണത്തെ ക്രിസ്മസ് പുതുവത്സരാഘോഷം വിജയകരമായി നടത്തുന്നതിന് നേതൃത്വം കൊടുത്തത്. പരിപാടികളിൽ പങ്കെടുത്ത മുഴുവനാളുകൾക്കും കൾച്ചറൽ കോർഡിനേറ്റർ ഫാൻസി നിക്സന്റെ കൃതജ്ഞത പ്രകാശനത്തോടെ ആഘോഷ പരിപാടികൾ സമംഗളം പര്യവസാനിച്ചു.
റോമി കുര്യാക്കോസ്
സ്റ്റോക്ക് – ഓൺ – ട്രെന്റ്: ഫെബ്രുവരി 15 – ന് ഒ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന പ്രഥമ മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റിലേക്കുള്ള രജിസ്‌ട്രേഷൻ തുടരുന്നു.
സ്റ്റോക്ക് – ഓൺ – ട്രെൻന്റിലെ സെന്റ്. പീറ്റേഴ്സ് കോഫ് അക്കാഡമിയിൽ വച്ച് രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിക്കും. യു കെയിൽ ആദ്യമായി രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന പൊതു വേദി എന്ന പ്രത്യേകതയും ഒ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിനുണ്ട്.
രാഹുലിന് പുറമെ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം എം നസീർ, കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, ഇൻകാസ് മുൻ പ്രസിഡന്റ് എം മഹാദേവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
32 ടീമുകൾ മാറ്റുരയ്ക്കുന്ന ഇന്റർമീഡിയേറ്റ് വിഭാഗം, 16 ടീമുകൾ മത്സരിക്കുന്ന നാൽപത് വയസിനു മുകളിൽ പ്രായമുള്ള വിഭാഗം എന്നിങ്ങനെ രണ്ട് കാറ്റഗറികളായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ടീമുകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരം ഫെബ്രുവരി 3 വരെ മാത്രമായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്ക് മാത്രമായിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുക.
സമ്മാനങ്ങൾ
ഡബിൾസ് ഇന്റർമീഡിയേറ്റ് വിഭാഗം:
£301+ ട്രോഫി
£201+ ട്രോഫി
£101+ ട്രോഫി
40 വയസ്സിനു മുകളിലുള്ള വിഭാഗം:
£201+ ട്രോഫി
£101+ ട്രോഫി
£75 + ട്രോഫി
ഇതോടൊപ്പം നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ഒന്നിൽ വിളിച്ചു ടീമുകൾക്ക് മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ടീമുകൾക്ക് ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള ഡാറ്റാ ഫോമും സംഘാടകർ ക്രമീകരിച്ചിട്ടുണ്ട്.
രജിസ്ട്രേഷൻ ഫോം:
https://forms.gle/DFKCwdXqqqUT68fRA
ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിജീ കെ പി ചീഫ് കോർഡിനേറ്ററായി ഒരു സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക:
ഷൈനു ക്ലെയർ മാത്യൂസ്: +44 7872 514619
വിജീ കെ പി: +44 7429 590337
ജോഷി വർഗീസ്: +44 7728 324877
റോമി കുര്യാക്കോസ്: +44 7776646163
ബേബി ലൂക്കോസ്: +44 7903 885676
മത്സരങ്ങൾ നടക്കുന്ന വേദി:
St Peter’s CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST4 2RR
രാജേഷ് നടേപ്പിള്ളി
ജനുവരി അഞ്ചിന് വിൽഷെയർ മലയാളീ അസോസിയേഷന്റെ ക്രിസ്മസ് – പുതുവത്സര ആഘോഷപരിപാടികളോടനുബന്ധിച്ചു വിൽഷെയർ മലയാളികൾക്ക് കൂടുതൽ തിളക്കവും ആവേശവും പകർന്നുകൊണ്ട് 2025-2026 പ്രവർത്തന വർഷത്തിലേക്കുള്ള പുതിയ നേതൃനിര ശ്രീമതി ജിജി സജിയുടെ നേതൃത്വത്തിൽ 32 അംഗ കമ്മിറ്റി സ്ഥാനം ഏറ്റെടുക്കുകയുണ്ടായി.
കാൽനൂറ്റാണ്ടിനോടടുത്ത പാരമ്പര്യവും യു കെയിലെ തന്നെ ഏറ്റവും വലിയ അസ്സോസിയേഷനുകളിൽ ഒന്നായ വിൽഷയെർ മലയാളീ അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മഹിളാരത്നം പ്രസിഡണ്ട് ആയി കടന്നുവന്നിരിക്കുന്നതു എന്നത് ശ്രദ്ധേയവും പ്രശംസനീയവും ആണ്. ജിജി സജി പ്രസിഡന്റായും, ടെസ്സി അജി – വൈസ് പ്രസിഡന്റ്, ഷിബിൻ വര്‍ഗീസ്സ് – സെക്രട്ടറി, തേജശ്രീ സജീഷ് – ജോയിന്റ് സെക്രട്ടറി, കൃതിഷ് കൃഷ്ണൻ – ട്രെഷറർ, ബൈജു വാസുദേവൻ – ജോയിന്റ് ട്രെഷറർ എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിക്കൊപ്പം, ഏരിയ റെപ്രെസന്ററ്റീവ്സ്, വിമൻസ് ഫോറം റെപ്രെസെൻറ്റിവ്സ്, പ്രോഗ്രാം കോർഡിനേറ്റർസ്, സ്പോർട്സ് കോർഡിനേറ്റർസ്, മീഡിയ/വെബ്സൈറ്റ് കോർഡിനേറ്റർസ്, യുക്മ റെപ്രെസെന്ററ്റീവ്സ്, ഓഡിറ്റർ എന്നിങ്ങനെയുള്ള ഒരു പാനൽ കമ്മറ്റിയാണ് നവ നേതൃത്വത്തിലേക്ക് കടന്നുവന്നിരിക്കുന്നത്.
പ്രവർത്തന മികവുകൊണ്ടും സംഘടനാ ശക്തികൊണ്ടും കരുത്തുറ്റ വിൽഷെയർ മലയാളി അസോസിയേഷന് പരിചയ സമ്പന്നതയും നവീന ആശയങ്ങളും ഊർജ്വസ്വലരായ പുതുമുഖങ്ങളും കൂടി ചേരുമ്പോൾ ഒരു മികച്ച നേതൃനിരയാണ് 2025-2026 കാലയളവിൽ അസോസിയേഷനെ പ്രതിനിധീകരിക്കുന്നത്.
ഐക്യവും ഒത്തൊരുമയും ആണ് അസോസിയേഷന്റെ മുഖമുദ്ര. മുതിർന്നവരും കുട്ടികളുമുൾപ്പെടെ ഏകദേശം രണ്ടായിരത്തിൽപരം മലയാളികൾ ഉള്ള വിൽഷെയറിൽ ഒരേ ഒരു മലയാളീ സംഘടന മാത്രമേ ഉള്ളൂ എന്നത് ഏറെ അഭിമാനാർഹമാണ്. ഇത്തരത്തിൽ സംഘടനയെ ശക്തിപ്പെടുത്തി ഒന്നിച്ചു നിർത്താൻ കഠിനാധ്വാനം ചെയ്ത് സംഘടനയെ നാളിതുവരെ നയിച്ച എല്ലാ ഭരണ സമിതി അംഗങ്ങളെയും വിവിധ പോഷക സംഘടനകളെയും എല്ലാ നല്ലവരായ ആളുകളെയും ഈ അവസരത്തിൽ ഓർക്കുകയും നന്ദി അർപ്പിക്കുകയും ചെയ്യുന്നു.
കാലഘട്ടത്തിനനുസരിച്ചു മുന്നേറാനും സമൂഹത്തിന്റെ കലാ സാംസ്‌കാരിക സാമൂഹിക രംഗത്ത്, അംഗങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം പ്രവർത്തിക്കുവാൻ സാധിക്കും എന്ന ശൂഭാപ്തി വിശ്വാസത്തിൽ ആണ് നവ നേതൃത്വം. യുകെ മലയാളികളുടെ അഭിമാനമായ യുക്മയുമായി കൂടുതൽ ചേർന്ന് പ്രവൃത്തിക്കുമെന്നും പ്രസിഡന്റ് ശ്രീമതി. ജിജി സജി അറിയിച്ചു . കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ജിജി സജി അറിയിച്ചു.
വിൽഷെയർ മലയാളീ സമൂഹത്തിന്റെ കലാ കായിക സാംസ്‌കാരിക സാമൂഹിക പ്രവത്തനങ്ങൾക്കൊപ്പം, ആരോഗ്യ അവബോധ ക്ലാസുകൾ, നവാഗതർക്ക് ആവശ്യമായ പിന്തുണ, അസോസിയേഷൻ പ്രവർത്തനങ്ങളിൽ യുവ തലമുറയുടെ ഇടപെടൽ, തുടങ്ങി മലയാളീ സമൂഹത്തിന്റെ താങ്ങും തണലുമാകുന്നതിന് ഉതകുന്ന രീതിയിലുള്ള പല ആശയങ്ങളും കർമ്മ പദ്ധതികളുമായിട്ടാണ് പുതിയ പ്രവർത്തന വർഷത്തിലേക്ക് നവനേതൃത്വം കടന്നു വന്നിരിക്കുന്നത്. ഏവരുടെയും അകമഴിഞ്ഞ ആത്മാർത്ഥമായ സഹകരണം ഈ സമിതി അഭ്യർത്ഥിക്കുന്നു.
തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെന്ന യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ 40 മണിക്കൂർ പിന്നിട്ടിട്ടും കണ്ടെത്തനാകാതെ പൊലീസ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആൺ സുഹൃത്താണ് 30 കാരി ആതിരയെ കൊന്നതെന്ന് പൊലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൊലപാതകം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതി എവിടെയാണ് എന്നതിനെക്കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല.
കൊലക്ക് ശേഷം പ്രതി കൊണ്ടുപോയ ആതിരയുടെ സ്കൂട്ടർ കണ്ടെത്താനായി എന്നത് മാത്രമാണ് അന്വേഷണത്തിൽ ഇതുവരെയുണ്ടായ പുരോഗതി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആതിരയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചെല്ലാനം സ്വദേശിയായ യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഈ സമയങ്ങളിൽ യുവാവ് താമസിക്കാറുള്ള പെരുമാതുറയിലെ മുറിയിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. മൂന്ന് ദിവസം മുൻപ് ഇയാൾ തനിക്കൊപ്പം വരണമെന്നും ഇല്ലെങ്കിൽ ആതിരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭർത്താവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഫിസിയോ തെറാപ്പിസ്റ്റായ പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട്. പ്രതി തന്നെ കൊണ്ടുവന്ന കത്തികൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം സുഹൃത്തുമായുള്ള ബന്ധം ഭർത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തിൽ നിന്നും പിന്നോട്ടുപോയിരുന്നു. ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്കൂട്ടറുമെടുത്താണ് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വാഹനം വച്ച ശേഷം ട്രെയിൻ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിൻെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ അടുത്ത മുഖ്യമന്ത്രിയാര് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച അനുവദിക്കില്ലെന്ന് ഹൈക്കമാന്‍ഡ്. തിരഞ്ഞെടുപ്പില്‍ സംയുക്തനേതൃത്വം പാര്‍ട്ടിയെ നയിക്കുമെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്ന് സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി.
ഇപ്പോള്‍ നടക്കുന്ന നേതൃകലഹം അനവസരത്തിലുള്ളതാണ്. അത് പാര്‍ട്ടിയോട് അനുഭാവമുള്ളവരില്‍പ്പോലും അവമതിപ്പുണ്ടാക്കുമെന്ന വികാരവും അവര്‍ പങ്കുവെച്ചു. സാധാരണനിലയില്‍ അധികാരം കിട്ടിയാല്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായി മാറുന്നതാണ് കോണ്‍ഗ്രസില്‍ കുറച്ചുകാലമായുള്ള സമ്പ്രദായം. ഈ വിഭാഗത്തില്‍ നിലവിലുള്ള പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടുന്നുവെന്നതാണ് പ്രശ്‌നം.
കഴിഞ്ഞപ്രാവശ്യം പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റപ്പെട്ട രമേശിനെ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നതാണ് ഒരാവശ്യം. സ്വാഭാവികമായും നിലവിലുള്ള പ്രതിപക്ഷ നേതാവെന്ന നിലയില്‍ സതീശനാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടതെന്ന താത്പര്യക്കാരുമുണ്ട്.
നേതൃമാറ്റം വേണോയെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെയെന്നും വേണമെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ വേണമെന്നും രാഷ്ട്രീയകാര്യസമിതിയില്‍ ആവശ്യമുയര്‍ന്നിരുന്നു. മാറുന്നെങ്കില്‍ രണ്ടുപേരും മാറട്ടെയെന്ന ആവശ്യവും ഇതിനിടയില്‍ ചില കോണുകളില്‍നിന്ന് നിര്‍ദേശമായുയര്‍ന്നെങ്കിലും പ്രതിപക്ഷ നേതാവിനെ മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് ഗൗരവമായെടുത്തിട്ടില്ല. തര്‍ക്കം മുറുകിയതോടെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാരംഭിച്ച മിഷന്‍-25-ഉം ഏതാണ്ട് സ്തംഭനാവസ്ഥയിലായി.
ട്രെയിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഭയന്ന് പുറത്തേക്ക് ചാടിയ ആറ് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രിയിലെ ജല്‍ഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് എട്ട് പേരും മരിച്ചത്. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് വരുന്ന പുഷ്പക് എക്സ്പ്രസിന്റെ ബോഗികളിലൊന്നില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു എന്ന സംശയത്തിലാണ് യാത്രക്കാര്‍ ചാടിയതെന്നാണ് വിവരം.
എന്നാല്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായി എന്ന വിവരം റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല. തീവണ്ടിയുടെ വേഗം കുറഞ്ഞപ്പോള്‍ ചക്രത്തില്‍ നിന്ന് പുക ഉയര്‍ന്നതാണെന്നും ഇത് കണ്ട് തീപിടിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് യാത്രക്കാര്‍ ചാടിയതെന്നുമാണ് റിപ്പോര്‍ട്ട്.
ഇരുപത്തഞ്ചോളം ആളുകളാണ് ഇത്തരത്തില്‍ ചാടിയത്. ഇവര്‍ ചാടിയ ഉടനെ എതിര്‍ ദിശയിലെ ട്രാക്കിലൂടെ വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചാണ് എട്ട് പേര്‍ മരിച്ചത്. പതിനാറോളം പേരെ ട്രെയിന്‍ ഇടിച്ചെന്നാണ് പുറത്തു വരുന്ന വിവരം.