Latest News

വിനോദ യാത്രക്കിടെ സഹപ്രവര്‍ത്തകന്റെ മകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് പഹൽഗാം പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വടകര കോട്ടക്കല്‍ സ്വദേശിയും നാദാപുരം പേരോട് എംഐഎ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ അഷ്‌റഫി(45)നാണ് പൊലീസ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ പഹല്‍ഗാം പൊലീസ് കഴിഞ്ഞ ദിവസമാണ് അഷ്റഫിനെ കേരളത്തിലെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ അനന്ത്‌നാഗ് കോടതിയിലാണ് ഹാജരാക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കശ്മീര്‍ വിനോദയാത്രക്കിടെ തന്‍റെ സഹപ്രവർത്തകന്‍റെ മകളായ 13കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ അഷ്റഫ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർത്ഥിനി വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അഷ്‌റഫ് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. പിന്നീട് കേസ് പഹല്‍ഗാം പൊലീസ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതു. തുടര്‍ന്നാണ് അവിടെ നിന്നും പൊലീസുകാര്‍ പേരാമ്പ്രയിലുള്ള പ്രതിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പത്തനംതിട്ട തിരുവല്ലയിൽ ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം. തിരുവല്ല പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നത്. രാത്രി എട്ടോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ ഒന്നാകെ തീ ആളിപ്പടര്‍ന്നു. വലിയരീതിയിലുള്ള തീപിടുത്തമാണ് ഉണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്ന് തീ മുകളിലേക്ക് ആളിപ്പടര്‍ന്നു. തീ പടരുന്നത് കണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു

സംഭവത്തെതുടര്‍ന്ന് തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണില്‍ മുഴുവൻ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിച്ചു. വലിയ രീതിയിൽ പൊട്ടിത്തെറിയുണ്ടായതിനാൽ തീ അണയ്ക്കുന്നതിന് വെല്ലുവിളി നേരിട്ടു. ഗോഡൗണിന് സമീപത്ത് ജവാൻ മദ്യ നിര്‍മാണ യൂണിറ്റുമുണ്ട്.

ഔട്ട്ലെറ്റിന്‍റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി എന്ന വാര്‍ത്ത കേട്ടാണ് 2017 ഏപ്രില്‍ 8-ന് തലസ്ഥാനം ഉണരുന്നത്. മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഒരാളുടെ മൃതദേഹം പൊളിത്തീന്‍ കവറിലാക്കി പുതപ്പുകൊണ്ടു പൊതിഞ്ഞ നിലയിലും. നാലുപേരെയും അതിക്രൂരമായി കൊലപ്പെടുത്തിയത് വീട്ടിലെ മൂത്തമകന്‍, കേഡല്‍ ജീന്‍സണ്‍ രാജ. തിരുവനന്തപുരം നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയിന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടിലെ താമസക്കാരായ ഡോ. ജീന്‍ പദ്മ,ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസറുമായ രാജ തങ്കം,മകള്‍ കാരലിന്‍, ബന്ധുവായ ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. മൂത്തമകന്‍ കേഡല്‍ ഒളിവിലായിരുന്നു. സംഭവസ്ഥലത്തു നിന്ന് രണ്ടു വെട്ടുകത്തിയും രക്തം പുരണ്ട ഒരു മഴുവും ഒരു കന്നാസ് പെട്രോളും പോലീസ് കണ്ടെത്തി. അതിനൊപ്പം തുണിയും ഇരുമ്പും പ്ലാസ്റ്റിക്കും കൊണ്ടുണ്ടാക്കിയ ഒരു മനുഷ്യരൂപവും.

വീടിന്റെ മുകള്‍നിലയില്‍ നിന്ന് പുകയുയര്‍ന്നതോടെയാണ് അരുംകൊല നാടറിഞ്ഞത്. മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ അവയ്ക്ക് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു. കൊല്ലപ്പെട്ട ഡോക്ടര്‍ ജീന്‍ പദ്മയുടെ സഹോദരന്‍ ജോസ് ഇവരുടെ വീടിന്റെ തൊട്ടടുത്താണ് താമസം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേഡലിന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്ന് ജോസ് പോലീസിനോട് പറഞ്ഞു. വീട്ടുജോലിക്കാരിയോട് അച്ഛനും അമ്മയും സഹോദരിയും വിനോദയാത്രയ്ക്ക് പോകുമെന്നും അതിനാല്‍ വീട്ടില്‍ ഭക്ഷണമുണ്ടാക്കാനായി വരേണ്ടെന്നും കേഡല്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു.സംഭവം നടക്കുന്ന എട്ടാം തീയതി രാത്രി പത്തരയോടെ ആരോ തന്റെ വീട്ടുവളപ്പില്‍ കടന്നിരുന്നതായും അയാളുടെ കാലില്‍ പൊളളലേറ്റതിന്റെ അടയാളം കണ്ടിരുന്നു എന്നും ജോസ് പോലീസിന് മൊഴി നല്‍കി. പിന്നാലെ പന്ത്രണ്ടരയോടെയാണ് വീടിന് തീപിടിക്കുന്നത് സമീപവാസികള്‍ കാണുന്നതും പോലീസിനെ വിവരമറിയിക്കുന്നതും. ഇതോടെ കൊലപാതകം നടത്തിയ ശേഷം കേഡല്‍ രക്ഷപ്പെട്ടാതാകാമെന്ന് പോലീസ് ഉറപ്പിച്ചു.

കൊലപാതകത്തിന് ശേഷം കേഡല്‍ ചെന്നൈയിലേക്ക് കടന്നിരുന്നു. തിരിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെിയപ്പോഴാണ് പോലീസ് പിടികൂടുന്നത്. പിടിയിലായ ശേഷം മാനസികരോഗമുള്ളയാളെ പോലെയായിരുന്നു കേഡലിന്റെ പെരുമാറ്റം. പരസ്പരവിരുദ്ധവും അവിശ്വസനീയവുമായ കാര്യങ്ങള്‍ പറഞ്ഞ് പോലീസിനെ കുഴക്കി. ഒട്ടും കൂസലില്ലാതെ പുഞ്ചിരിച്ചുകൊണ്ടായിരുന്നു കേഡല്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പ്പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ പദ്ധതി താന്‍ പരീക്ഷിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
തുടര്‍ന്ന് ചോദ്യംചെയ്യലിന് പോലീസ് സൈക്യാട്രി ഡോക്ടറായ മോഹന്റോയിയുടെ സഹായംതേടി. ഡോക്ടറോട് പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകസമയത്തും ശേഷവും പ്രതി പെരുമാറിയത് മാനസികാരോഗ്യത്തോടുതന്നെയെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചെന്നൈയിലേക്കു കടക്കുമ്പോള്‍ പണം, തിരിച്ചറിയല്‍രേഖകള്‍, വസ്ത്രങ്ങള്‍ തുടങ്ങി രക്ഷപ്പെടുന്നതിനുള്ള സാധനങ്ങളെല്ലാം കൃത്യമായി കൊണ്ടുപോയിരുന്നു.

കൊലപാതകം നടത്തുന്നതിനും തെളിവു നശിപ്പിക്കുന്നതിനും ആസൂത്രിതമായ നീക്കമാണ് പ്രതി നടത്തിയതെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മഴു ഓണ്‍ലൈനിലാണ് വാങ്ങിയത്. യുട്യൂബിലൂടെ കൊലപാതകം നടത്തുന്നവിധം പല ആവര്‍ത്തി കണ്ടുപഠിച്ചു. മനുഷ്യശരീരത്തിന്റെ ഡമ്മിയുണ്ടാക്കി അതിലും പരിശീലിച്ചു. ഇതെല്ലാം അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും കോടതിയില്‍ തെളിയിക്കാനായി. കൂടാതെ താന്‍കൂടി മരിച്ചുവെന്നുവരുത്താന്‍ ഡമ്മിയും കത്തിക്കാന്‍ ശ്രമിച്ചു. പിന്നീട് കുടുംബത്തോടുള്ള പകയാണ് കൂട്ടക്കൊലയ്ക്ക് തന്നെ പ്രേരിപ്പിച്ചത് എന്ന് കേഡല്‍ പോലീസിനോട് സമ്മതിച്ചു. കേഡലിനു വീട്ടില്‍നിന്നു നേരിടേണ്ടിവന്ന അവഗണനയും പിതാവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്ന നിരന്തരമായ ശകാരവുമാണ് പ്രതികാരത്തിനു കാരണം.

തിരുവനന്തപുരത്തെ സമ്പന്ന കുടുംബങ്ങളിലൊന്നായിരുന്നു രാജയുടെയും ജീന്‍ പദ്മയുടേതും. വീട്ടിലെല്ലാവര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്വയം വിരമിക്കലെടുത്ത ഡോ ജീന്‍ ഏതാനും വര്‍ഷം വിദേശത്ത് ജോലി ചെയ്തു. പിന്നീട് ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും കുറേക്കാലം ജോലി നോക്കി. മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളേജ് അധ്യാപകനായിരുന്നു രാജ. ഇളയമകള്‍ കരോലിന്‍ ചൈനയില്‍ നിന്ന് എംബിബിഎശ് ബിരുദം പൂര്‍ത്തിയാക്കി നാട്ടില്‍ വന്നതാണ്. പ്ലസ്ടു കഴിഞ്ഞ് കേഡലും വിദേശത്തേക്ക് ഉപരിപഠനത്തിന് പോയി. ആദ്യം ഓസ്‌ട്രേലിയയില്‍ എംബിബിഎസിന് ചേര്‍ത്തു. എന്നാല്‍ ഇത് പൂര്‍ത്തിയാക്കാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് കോഴ്‌സിന് ചേര്‍ന്നു. അതും പകുതി വഴിയില്‍ ഉപേക്ഷിച്ച് തിരിച്ചെത്തി. വീടിന്റെ മുകള്‍ നിലയില്‍ മുഴുവന്‍ സമയവും കമ്പ്യൂട്ടറിലാണ് കേഡല്‍ ചെലവഴിച്ചിരുന്നത്. കൂട്ടുകാരാരും ഉണ്ടായിരുന്നില്ല. തന്നേക്കാളേറെ പരിഗണന വീട്ടില്‍ സഹോദരിക്ക് ലഭിക്കുന്നു എന്ന ചിന്തയും കേഡലിനുണ്ടായിരുന്നു.

ഇതൊക്കെ പ്രൊഫസറായിരുന്ന അച്ഛന്റെ എതിര്‍പ്പിനു കാരണമായി. ഈ വൈരാഗ്യം അച്ഛനെ വകവരുത്തുന്നതിനുള്ള മാനസികാവസ്ഥയിലേക്ക് എത്തിച്ചെന്നും കേഡല്‍ സമ്മതിച്ചു. ആദ്യം അച്ഛനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. അമ്മ ഡോ. ജീന്‍ പദ്മത്തെയാണ് കേഡല്‍ ആദ്യം കൊലപ്പെടുത്തിയത്. താന്‍ നിര്‍മിച്ച വീഡിയോ ഗെയിം കാണിക്കാന്‍ എന്ന വ്യാജേന അമ്മയെ മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ച് കസേരയില്‍ ഇരുത്തിയശേഷം മഴുകൊണ്ട് തലയ്ക്കുപുറകില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കിടപ്പുമുറിയില്‍ ഒളിപ്പിച്ചശേഷം ഒന്നും സംഭവിക്കാത്തപോലെ താഴെ എത്തിയ പ്രതി അന്ന് വൈകീട്ടോടെ അച്ഛന്‍ രാജതങ്കത്തെയും സഹോദരി കരോളിനെയും മുകളിലത്തെ നിലയിലെത്തിച്ച് അമ്മയെ കൊന്നപോലെ തലയ്ക്കുപിന്നില്‍ വെട്ടി കൊലപ്പെടുത്തി. ഈ മൃതദേഹങ്ങളും ഒളിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന ആന്റി ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി കേഡലിനോട് അന്വേഷിച്ചെങ്കിലും അവരെല്ലാം ചേര്‍ന്ന് കന്യാകുമാരിക്ക് ടൂര്‍ പോയി എന്നായിരുന്നു മറുപടി.

അടുത്തദിവസം രാത്രിയാണ് കേഡല്‍ ലളിതയെ കൊലപ്പെടുത്തിയത്. അമ്മ ഫോണില്‍ വിളിക്കുന്നുവെന്ന് കള്ളം പറഞ്ഞ് മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ചായിരുന്നു കൊല. മറ്റു കൊലകള്‍ക്ക് ഉപയോഗിച്ച അതേ മഴു ഉപയോഗിച്ച് തലയ്ക്കുപിന്നില്‍ വെട്ടി കൊന്നശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒളിപ്പിക്കുകയും ചെയ്തു. അടുത്തദിവസം ജോലിക്കാരി കേഡലിനോട് ലളിതയെക്കുറിച്ച് അന്വേഷിച്ചു. രാത്രി അമ്മയും അച്ഛനും സഹോദരിയും തിരികെ വന്നെന്നും ആന്റിയെക്കൂടി വിളിച്ചുകൊണ്ടു വീണ്ടും ടൂര്‍ പോയിരിക്കുകയാണ് എന്നുമായിരുന്നു മറുപടി. അടുത്ത രണ്ടു ദിവസങ്ങളിലും ഇതേ കള്ളംതന്നെ കേഡല്‍ പറഞ്ഞു. കൊലപാതകവിവരം പുറത്തറിഞ്ഞതുമില്ല.

കൊലകള്‍ നടത്തിയതിന്റെ അടുത്തദിവസം മൃതദേഹങ്ങള്‍ കത്തിക്കാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു. ഇതിനിടെ ഇയാള്‍ക്ക് നിസ്സാര പൊള്ളലേറ്റു. അടുത്തദിവസം രാത്രി മൃതദേഹങ്ങള്‍ വീണ്ടും കത്തിക്കാന്‍ ശ്രമിച്ചു. തീ ആളിപ്പടരുന്നതുകണ്ട് അയല്‍ക്കാര്‍ അഗ്‌നിശമനസേനയെ വിവരം അറിയിക്കുകയും അവരെത്തി തീ അണയ്ക്കുകയും ചെയ്തു. അതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീ നിയന്ത്രണാതീതമായതോടെ കേഡല്‍ ചെന്നൈയിലേക്കുപോയി. ഇവിടെ നിന്ന് തിരിച്ചെത്തുമ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്.

കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം ആശയവിനിമയം കുറവായിരുന്നു. പലപ്പോഴും മെസേജുകളിലൂടെയാണ് അവര്‍ പരസ്പരം സംസാരിച്ചിരുന്നത്. ഒരുവീട്ടിലായിട്ടും ആഹാരം കഴിച്ചോ എന്നുപോലും മെസേജുകളിലൂടെയാണ് ചോദിച്ചിരുന്നത്. വീട്ടുകാരോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായി പ്രതി ഡോക്ടറോട് വെളിപ്പെടുത്തിയതെന്നും കേസിലെ പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന്‍ പറയുന്നു.
കേസില്‍ അറസ്റ്റിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ച കേഡലിന്റെ ജയിലിലെ പെരുമാറ്റവും അടിമുടി വിചിത്രമായിരുന്നു. ജയില്‍വാസത്തിനിടെ കേഡല്‍ സഹതടവുകാരനെ ആക്രമിച്ച സംഭവവുമുണ്ടായി. ഇതോടെ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്കായിരുന്നു കേഡലിന്റെ വാസം. ഇതിനിടെ, വിചാരണ നേരിടാനുള്ള മാനസികാരോഗ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതോടെ കൂട്ടക്കൊലക്കേസിലെ വിചാരണ ആരംഭിക്കാനും ഏറെനാള്‍ വൈകിയിരുന്നു.

ജയിലില്‍ കളിയും ചിരിയുമായി കഴിഞ്ഞിരുന്ന കേഡല്‍ ആദ്യനാളുകളില്‍ ജയില്‍ ജീവനക്കാര്‍ക്കും അത്ഭുതമായിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളപ്പോള്‍ വ്യക്തിശുചിത്വത്തില്‍ ശ്രദ്ധ ചെലുത്താറില്ലെന്നതൊഴിച്ച് മറ്റു പ്രശ്നങ്ങളൊന്നും ജയിലില്‍ ഉണ്ടാക്കിയിരുന്നില്ല. ഇതിനിടെ ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി കേഡല്‍ ഗുരുതരാവസ്ഥയിലായി. ഏറെദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്. ജയിലില്‍വെച്ച് താന്‍ മാതാപിതാക്കളുമായി സംസാരിക്കാറുണ്ടെന്നായിരുന്നു കേഡലിന്റെ അവകാശവാദം. പത്തുവര്‍ഷത്തിലേറെ ആസ്ട്രല്‍ പ്രൊജക്ഷനും സാത്താന്‍സേവയും പരിശീലിച്ച തനിക്ക് ആത്മാക്കളുമായി സംസാരിക്കാന്‍ കഴിയുമെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പലപ്പോഴും കേഡലിന്റെ വിചിത്രമായ അവകാശവാദങ്ങളും പെരുമാറ്റവും ജയില്‍ജീവനക്കാരെ അമ്പരപ്പിച്ചു. പ്രതി മാനസികാരോഗ്യം വീണ്ടെടുത്തതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതോടെ കഴിഞ്ഞ നവംബറിലാണ് നന്തന്‍കോട് കൂട്ടക്കൊല കേസില്‍ വിചാരണ ആരംഭിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ കേഡല്‍ കുറ്റം നിഷേധിച്ചിരുന്നു. തനിക്ക് മാനസികപ്രശ്നമുണ്ടെന്നായിരുന്നു ഇയാള്‍ കോടതിയിലും വാദിച്ചത്. സാഹചര്യത്തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് കേഡല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിൻ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. രണ്ടു ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബെയ്‌ലിന്‍ ദാസ് തന്റെ ജൂനിയറായ ശ്യാമിലി എന്ന അഭിഭാഷകയെ മര്‍ദിച്ചതെന്നാണു പരാതി. മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷകയ്‌ക്കൊപ്പമാണെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പള്ളിച്ചല്‍ പ്രമോദ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ നടപടി ആവശ്യമാണെന്നു തോന്നിയതു കൊണ്ടാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. അഭിഭാഷകയെ ഉപദ്രവിച്ച വിവരമറിഞ്ഞ് അവിടെ പോയി അവരെ കണ്ടുവെന്ന് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു. സംഘടന ഒപ്പമുണ്ടെന്ന് അവരോടു പറഞ്ഞു. പൊലീസ് നടപടികള്‍ക്കും അന്വേഷണത്തിനും ചികിത്സയ്ക്കും വേണ്ട സഹായം നല്‍കുമെന്നു അറിയിച്ചുവെന്നും സെക്രട്ടറി വ്യക്തമാക്കി. നടന്ന സംഭവങ്ങളെക്കുറിച്ച് ബെയ്‌ലിന്‍ ദാസ് ബാര്‍ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്യണം.

കോടതി വളപ്പിനുള്ളില്‍ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ സീനിയര്‍ അഭിഭാഷകനായ ബെയ്​ലിന്‍ ദാസ് ക്രൂരമായി ആക്രമിച്ചത്. മുഖത്ത് സാരമായി പരുക്കേറ്റ ശ്യാമിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്യാമിലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബെയ്‌ലിന്‍ ദാസിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതില്‍നിന്ന് പൊലീസിനെ തടഞ്ഞെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

മറ്റൊരു ജൂനിയറുമായുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സംസാരിക്കാന്‍ ശ്രമിച്ചപ്പോഴാണ് സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ചതെന്ന് ശ്യാമിലി പറഞ്ഞു. ‘‘കോടതിയില്‍ എത്തിയപ്പോള്‍ അടുത്തുചെന്ന് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു സീനിയറോട് പറഞ്ഞു. നീ പറയുന്നതൊന്നും എനിക്കു കേള്‍ക്കേണ്ടെന്നാണ് മറുപടി പറഞ്ഞത്. പിന്നാലെ ഇറങ്ങിപോകാൻ തുടങ്ങി. സര്‍ തന്നെ ആ ജൂനിയറിന് മുന്നറിയിപ്പു നല്‍കണം. അല്ലെങ്കില്‍ എനിക്കു ചെയ്യേണ്ടിവരുമെന്നു അപ്പോൾ ഞാൻ പറഞ്ഞു. തുടര്‍ന്ന് എന്റെ കാര്യത്തില്‍ ഇടപെടരുതെന്നും ജോലി ചെയ്യാൻ വന്നാൽ അതു ചെയ്താൽ മതിയെന്നും അടുത്തുനിന്ന ജൂനിയറിനോടു ഞാൻ പറഞ്ഞു. അപ്പോള്‍ നീ ഇത് ആരോടാണ് സംസാരിക്കുന്നതെന്നു ചോദിച്ച് അവരുടെ മുന്നില്‍ വച്ച് സർ മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ് താഴെ വീണിട്ട് വീണ്ടും അടിച്ചു.’’– ശ്യാമിലി പറഞ്ഞു.

തീവ്രവാദത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സേനകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഈ വിജയം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുതൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യം നേടിയ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിജയത്തിന്റെ ഈ വീര്യം രാജ്യത്തെ എല്ലാ അമ്മമാര്‍ക്കും എല്ലാ സഹോദരിമാര്‍ക്കും രാജ്യത്തെ എല്ലാ പെണ്‍മക്കള്‍ക്കും സമര്‍പ്പിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറുമൊരു പേര് മാത്രമല്ല. ഇത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരത്തിന്റെ പ്രതിബിംബമായിരുന്നു. സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോര്‍മുഖത്ത് സേനകള്‍ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ചവച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ സൈന്യത്തിന് സല്യൂട്ട്. സൈന്യത്തിന്റേത് അസാമാന്യ ധീരതയാണ്. രാജ്യത്തിന്റെ കഴിവും ക്ഷമയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാം കണ്ടു. സായുധ സേനയേയും സൈന്യത്തെയും രഹസ്യാന്വേഷണ ഏജന്‍സിയേയും ശാസ്ത്രജ്ഞരേയും അഭിവാദ്യം ചെയ്യുന്നു.

പഹല്‍ഗാമില്‍ അവധിയാഘോഷിക്കാനെത്തിയ സാധാരണക്കാരെയാണ് മതം ചോദിച്ച് കൊലപ്പെടുത്തിയത്. ഭീകരവാദികള്‍ കാണിച്ച ക്രൂരത ലോകത്തെ തന്നെ പിടിച്ചുകുലുക്കി. കുടുംബങ്ങളുടെ മുന്നില്‍ വെച്ചാണ് സാധാരണക്കാരെ ഭീകരവാദികള്‍ കൊലപ്പെടുത്തിയത്. ഭീകരരെ തുടച്ചുനീക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നും മോഡി വ്യക്തമാക്കി. ആണവ ഭീഷണി ഇന്ത്യയോട് വേണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതൊരിക്കലും വെച്ചുപൊറുപ്പിക്കില്ല.

ഇന്ത്യയ്‌ക്കെതിരായ ഭീകരവാദ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നേരിടേണ്ടി വരും. പ്രതികരണം എങ്ങനെവേണമെന്ന് തങ്ങള്‍ തീരുമാനിക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചയുണ്ടെങ്കില്‍ അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കാശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും അദേഹം വ്യക്തമാക്കി.

ഇന്ത്യ നല്‍കിയ കനത്ത തിരിച്ചടി ഭീകരവാദികള്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇന്ത്യന്‍ മിസൈലും ഡ്രോണുകളും പാകിസ്ഥാനിലെ സ്ഥലങ്ങള്‍ ആക്രമിച്ചപ്പോള്‍ ഭീകരവാദികളുടെ കെട്ടിടങ്ങള്‍ മാത്രമല്ല അവരുടെ ധൈര്യവും തകര്‍ന്നു. തിരിച്ചടിയിലൂടെ ഇന്ത്യ തകര്‍ത്തത് ഭീകരതയുടെ യൂണിവേഴ്‌സിറ്റിയാണെന്നും മോഡി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.

ജമ്മുവിലെ സാംബയില്‍ പാകിസ്ഥാൻ്റെ ഡ്രോണ്‍ ആക്രമണ ശ്രമം. കണ്ടെത്തിയ പാക് ഡ്രോണുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലെ അമൃത്സറിലും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തെ തുടര്‍ന്ന് സാംബയിലും അമൃത്‌സറിലെ ചിലയിടങ്ങളിൽ ഭാഗികമായും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ജമ്മുവിലെ അ​ഖ്നൂരിലും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചതിനു പിന്നാലെയാണ് ജമ്മുവിലെ സാംബയ്ക്കു സമീപം ഡ്രോണുകൾ കണ്ടെത്തുന്നത്. ആദ്യ സെറ്റ് ഡ്രോണുകൾക്കെതിരേ തന്നെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

ആണവായുധങ്ങളുടെ പേരിലുള്ള ഭീഷണി ഇന്ത്യയോടുവേണ്ടെന്നും അത് പറഞ്ഞുള്ള ബ്ലാക്മെയിലിങ് വിലപ്പോകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. 22 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പാകിസ്താനും ഭീകരതയ്ക്കുമെതിരേ ശക്തമായ താക്കീതാണ് പ്രധാനമന്ത്രി നൽകിയത്. ഇന്ത്യയ്ക്കെതിരായ ഭീകരവാദ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

സാംബയിൽ ഡ്രോൺ അക്രമ ശ്രമം ഉണ്ടായി പത്തുപതിനഞ്ച് മിനിട്ടിനുള്ളില്‍ പുതിയ ട്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.

തീരുവ കുറയ്ക്കാന്‍ പരസ്പരം ധാരണയായതോടെ, യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം. പരസ്പരം മത്സരിച്ച് വര്‍ധിപ്പിച്ച താരിഫ് 115 ശതമാനം വെട്ടിക്കുറയ്ക്കാനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. ഇതോടെ, ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള യുഎസ് താരിഫ് 145ല്‍ നിന്ന് 30 ശതമാനമായി കുറയും. പകരം ചൈന പ്രഖ്യാപിച്ച 125 ശതമാനം താരിഫ് 10 ശതമാനമായും കുറയും. ആഗോള സാമ്പത്തികക്രമത്തെ പോലും ബാധിച്ച വ്യാപാരയുദ്ധത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.

സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന സാമ്പത്തിക-വ്യാപാര ചർച്ചകൾക്കു ശേഷമാണ് സംയുക്ത പ്രഖ്യാപനം. മെയ് 14ഓടെ തീരുമാനം നടപ്പാകും. ആദ്യഘട്ടത്തില്‍ 90 ദിവസത്തേക്കാണ് താരിഫ് പിന്‍വലിക്കുന്നത്. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിന് പ്രത്യേക സംവിധാനം കൊണ്ടുവരും.

ചൈനയില്‍ നിന്ന് സ്റ്റേറ്റ് കൗണ്‍സില്‍ വൈസ് പ്രീമിയര്‍ ഹെ ലിഫെങ്, യുഎസില്‍നിന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, യുഎസ് വ്യാപാര പ്രതിനിധി ജമീസണ്‍ ഗ്രീര്‍ എന്നിവര്‍ ചര്‍ച്ചകള്‍ തുടരും. യുഎസിലും, ചൈനയിലുമായോ അല്ലെങ്കില്‍ ഇരു രാജ്യങ്ങളുടെയും ധാരണപ്രകാരം മൂന്നാം രാജ്യത്തിലോ ചര്‍ച്ചകള്‍ നടക്കും. തുടര്‍ ചര്‍ച്ചകളിലാകും താരിഫ് ഏത് നിരക്കില്‍ തുടരണം എന്നതുള്‍പ്പെടെ തീരുമാനിക്കപ്പെടുക.

അധികാരമേറ്റതിനു പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതികൾക്ക് കനത്ത തീരുവ ചുമത്തിയത്. തിരിച്ചടിയെന്നോണം ചൈനയും യുഎസ് ഇറക്കുമതിക്കുള്ള തീരുവ വര്‍ധിപ്പിച്ചതോടെയാണ് വ്യാപാരബന്ധം സങ്കീര്‍ണമായത്. പത്ത് ശതമാനം വീതമായിരുന്നു ട്രംപിന്റെ ആദ്യ രണ്ട് വർധനകൾ. ഇതിനോട് അളന്നുമുറിച്ച സമീപനമാണ് ചൈന സ്വീകരിച്ചത്.

പിന്നാലെ 34 ശതമാനം തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചു. ചൈന തിരിച്ച് യുഎസിനു മേല്‍ 34 ശതമാനം തീരുവയും ചുമത്തി. വിവിധ യുഎസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിര്‍ണായക ധാതു കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പേരാവൂർ എംഎൽഎ സണ്ണി ജോസഫ്. ക്രൈസ്തവ വിഭാഗത്തിൽ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഒരാളെത്തുന്നത് 21 വർഷത്തിന് ശേഷമാണ്.

സാമുദായിക സന്തുലനത്തിന്റെ ഭാഗമായി ഈഴവ വിഭാഗത്തിൽ നിന്നുള്ള അടൂർ പ്രകാശ് യുഡിഎഫ് കൺവീനറായും പി. സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവർ‌ വർക്കിങ് പ്രസിഡന്റുമാരായും ചുമതലയേറ്റു.അതേസമയം സണ്ണി ജോസഫിൻ്റെ അധ്യക്ഷ പദവിയിൽ പരസ്യ അതൃപ്തിയുമായി ആന്റോ ആന്റണി രംഗത്തെത്തി.

അഭിമാനവും സന്തോഷവും നിറഞ്ഞ ദിവസമെന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞത്. സൗമ്യനായ നേതാവാണ് സണ്ണി ജോസഫ്. ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നിൽക്കുന്നയാൾ. വളരെ ധീരനായ നേതാവിനെ തന്നെയാണ് പുതിയ അധ്യക്ഷനാക്കിയത്. അടൂർ പ്രകാശിൽ വലിയ പ്രതീക്ഷയുണ്ടെന്നും ഒരു ടീം പാക്കേജ് വേണം എന്നത് കൊണ്ടാണ് ഹസനെ മാറ്റിയതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

സാമുദായിക, ഗ്രൂപ്പ് സമവാക്യങ്ങൾ ഏറെക്കുറെ പാലിച്ചുകൊണ്ടായിരുന്നു സംസ്ഥാന കോൺഗ്രസിലെ പൊളിച്ചെഴുത്ത്. അനിവാര്യമായ പടിയിറക്കത്തെ പരമാവധി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കെ. സുധാകരൻ ഒടുവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങി.

മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി സുധാകരനെ കോൺഗ്രസ് പ്രസിഡന്റാക്കണമെന്ന് വാദിച്ച സണ്ണി ജോസഫ്, സുധാകരന് പകരക്കാരനായി എത്തിയെന്നതാണ് മറ്റൊരു രാഷ്ട്രീയ കൗതുകം. കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധാകരൻ മാറിയപ്പോഴും പകരക്കാരനായത് സണ്ണി ജോസഫായിരുന്നു.

ബിർമിംഗ്ഹാം, യുകെ 2025 മെയ് 3: പ്രഫഷനൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്‌സ് (PAIR) ജൂലൈ അഞ്ചിന് അപ്പോളോ ബക്കിങ്ങാം ഹെൽത്ത് സയൻസസ് ക്യാംപസിൽ വെച്ച് രാജ്യാന്തര റേഡിയോഗ്രാഫേഴ്‌സ് കോൺഫറൻസ് (IRC2025) നടത്തുന്നു. വിവിധ രാജ്യങ്ങളിൽ നിന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള റേഡിയോഗ്രാഫി പ്രഫഷനലുകളെ ഒരുമിപ്പിക്കാനും അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനും ലക്ഷ്യമിട്ടുള്ള ഈ സമ്മേളനത്തിന്റെ പ്രധാന പ്രമേയം ” Building Bridges in Radiology: Learn | Network | Thrive”. ജോലി ചെയ്യുന്ന രാജ്യാന്തരതലത്തിൽ പരിശീലനം നേടിയ റേഡിയോഗ്രാഫർമാരുടെ വൈവിധ്യം, തൊഴിൽപരമായ വളർച്ച, അതുല്യമായ സംഭാവനകൾ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് കോൺഫറൻസിന്റെ ലക്ഷ്യം.

സമ്മേളനത്തിൽ പോസ്റ്ററുകളും പ്രബന്ധങ്ങളും അവതരിപ്പിക്കാൻ അവസരമുണ്ട്. അബ്സ്ട്രാക്റ്റുകൾ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 16 ആണ്. ഡയഗ്നോസ്റ്റിക് ഇമേജിങ്ങിലെ പുതിയ പ്രവണതകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്ക്. രോഗികളുടെ പരിചരണം, റേഡിയോഗ്രാഫർമാരുടെ തൊഴിൽപരമായ വികസനം തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും.

കോൺഫറൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ,

അബ്സ്ട്രാക്റ്റ് സമർപ്പിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ. രജിസ്ട്രേഷൻ വിവരങ്ങൾ, എന്നിവ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്:

https://sites.google.com/view/irc2025uk/

ഈ പരിപാടിക്ക് സൊസൈറ്റി ആൻഡ് കോളേജ് ഓഫ് റേഡിയോഗ്രാഫേഴ്‌സിൽ നിന്ന് CPD അക്രഡിറ്റേഷൻ നേടാനുള്ള ശ്രമത്തിലാണ് സംഘാടക സമിതി. HCPC ലൈസൻസ് പുതുക്കലിനായി നിങ്ങളുടെ CPD പോയിന്റുകൾ നേടുന്നതിന് ഇത് സഹായകരമാകും

പ്രൊഫഷണൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്‌സ് (PAIR) യുകെയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരായ റേഡിയോഗ്രാഫർമാരുടെ ഒരു കൂട്ടായ്‌മയാണ്. യുകെയിലെ റേഡിയോഗ്രാഫർമാരുടെ പ്രൊഫഷണൽ ട്രേഡ് യൂണിയനായ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സിന് (SoR) കീഴിൽ ഒരു പ്രത്യേക താൽപ്പര്യ ഗ്രൂപ്പായി ഇന്ത്യൻ റേഡിയോഗ്രാഫർമാരുടെ പ്രൊഫഷണൽ അലയൻസ് (PAIR) പ്രവർത്തിക്കുന്നു. ഇന്ത്യൻ റേഡിയോഗ്രാഫർമാരുടെ പ്രയോജനത്തിനായി PAIR ഓൺലൈനിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്, ഇതിൽ പാസ്റ്ററൽ സപ്പോർട്ട്, യുകെയിൽ റേഡിയോഗ്രാഫറായി ജോലി തേടുന്നവർക്കുള്ള കരിയർ ഉപദേശം എന്നിവ ഉൾപ്പെടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ന് ലോക നഴ്‌സ് ദിനം കാവലാളായി കണ്‍ചിമ്മാതെ ഭൂമിയിലെ മാലാഖമാര്‍ യുകെയിലെ ഓരോ നേഴ്സുമാരുടെയും ദിനം. യുകെയിലെ എല്ലാ നേഴ്സുമാർക്കും കേരള നേഴ്സസ് യുകെയുടെ ഹൃദയം നിറഞ്ഞ നേഴ്സസ് ഡേ ആശംസകൾ . നേഴ്സയുടെ ഡേയുടെ ഭാഗമായി കേരള നേഴ്സസ് യു കെ അണിയിച്ച് ഒരുക്കുന്ന രണ്ടാമത് നഴ്സസ് ഡേ ആഘോഷങ്ങളും , കോൺഫറൻസും അടുത്ത ശനിയാഴ്ച (മെയ് 17ന്) അതിവിശാലമായ ലെസ്റ്ററിലെ പ്രജാപതി ഹാളിൽ വച്ച് നടക്കും. ആയിരം നഴ്സുമാർക്കാണ് ഇത്തവണത്തെ കോൺഫറൻസിൽ സംബന്ധിക്കുന്നത്. ഒരു ദിവസം കൊണ്ടുതന്നെ ആയിരം ടിക്കറ്റുകളും വിറ്റ് തീർന്നു ചരിത്രത്തിൻ്റെ ഭാഗമായ ഇരിക്കുകയാണ് കേരള നേഴ്സസ് യു കെയുടെ രണ്ടാമത് നഴ്സസ് ഡേ ആഘോഷങ്ങളും കോൺഫറൻസു നഴ്സസ്
ഡേ ആഘോഷങ്ങളും. കോൺഫറൻസിന്റെ വിജയത്തിനുവേണ്ടി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. രാവിലെ കൃത്യം എട്ടുമണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതും കൃത്യം 9 മണിക്ക് തന്നെ കോൺഫ്രൻസ് ആരംഭിക്കുന്നതാണ്.

പ്രഥമ കോൺഫെറൻസിനെപോലെ തന്നെ ഒട്ടേറെ പുതുമകൾ നിറച്ചതാണ് ശനിയാഴ്ച നടക്കുന്ന രണ്ടാമത് കോൺഫറൻസും കോൺഫെറൻസിന്റെ ഭാഗമായി നടത്തുന്ന abstract കോമ്പറ്റീഷന്റെ ഫൈനൽ മത്സരങ്ങൾ കോൺഫ്രൻസ് വേദിയിൽ വച്ച് നടക്കും.

രണ്ടാമത് നേഴ്സിങ് കോൺഫ്രൻസിലും നേഴ്സ് ഡേ ആഘോഷങ്ങളിലും മുഖ്യാതിഥിയായി NMC Interim Chief Executive and Registrar Paul Rees MBE പങ്കെടുത്തു സംസാരിക്കും.പോൾ റീസിനൊപ്പം യുകെയിലെ മലയാളി നേഴ്സ്മാരുടെ അഭിമാനമാ പാത്രങ്ങളായ ആർ‌സി‌എൻ പ്രസിഡൻറ് ബിജോയ് സെബാസ്റ്റ്യൻ, kent & Ashford എം പി സോജൻ ജോസഫ് എന്നിവർ പങ്കെടുക്കും ഇവരെ കൂടാതെ പ്രത്യേക ക്ഷിണിതാക്കളായി University Hospitals of Leicester(General ,Royal and Glenfield Hospitals ) Chief Executive യായ Richard Mitchellയും chief nursing officer യായ Julie Hogg പങ്കെടുത്തു സംസാരിക്കും .

ഈ വർഷത്തെ കോൺഫറൻസിൽ വിവിധ സബ്‌ജെക്ടുകളെ മുൻ നിറുത്തി സെക്ഷനുകൾ നൽകാൻ സ്പീക്കേഴ്സ് ആയി എത്തുന്നത് തങ്ങളുടെ കരിയറിൽ വളരെയധികം വ്യക്തി മുദ്ര പതിപ്പിച്ച ഡോക്ടർ മഞ്ജു സി പള്ളം, ഡോക്ടർ ഡില്ലാ ഡേവിസ്, റോസ് മേരി മാത്യു തോമസ്, ഷീബ ഫിലിപ്പ് എന്നിവരാണ്.നഴ്സിംഗ് മേഖലയില്‍ ഇവരുടെ പ്രവര്‍ത്തി പരിചയവും വിജ്ഞാനവും എല്ലാം ശനിയാഴ്ച കോൺഫെറെൻസിൽ പങ്കെടുക്കുന്ന എല്ലാവർക്കും തങ്ങളുടെ മുന്നോട്ടുള്ള നഴ്സിംഗ് കരിയറില്‍ മുതല്‍ കൂട്ടാകുമെന്ന് ഉറപ്പാണ്.

നഴ്‌സിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് ഈ വർഷത്തെ പ്ലീനറി സെഷന്‍ കൈകാര്യം ചെയ്യുന്നത്. നാല് സബ്ജക്ടുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പങ്കെടുക്കുന്നവരിലേക്ക് എത്തും എന്നതാണ് പ്ലീനറി സെഷന്റെ പ്രത്യേകത. അതോടൊപ്പം പങ്കെടുക്കുന്നവർക്ക് പ്ലീനറി സെഷന്‍ ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും,
രണ്ടാമത് കോൺഫറൻസിന്റെ പ്ളീനറി സെഷനുകൾ നടത്താൻ മുന്നോട്ടു വരുന്നത് നേഴ്സിങ് രംഗത്ത് തങ്ങളുടേതായ വ്യക്തിത്വത്തിൽ പതിപ്പിച്ച ലോമി പൗലോസ്, ലീമ ഫിലിപ്പ്, പാൻസി ജോസ്, ധന്യ രാധാമണി ധരൻ , അവരോടൊപ്പം പാനൽ മോഡറേറ്ററായി സോണിയ മാണിയും പ്രവർത്തിക്കും.

കോൺഫറൻസിന്റെ വിജയത്തിനുവേണ്ടി നിരവധി നേഴ്സുമാർ അടങ്ങിയ വിപുലമായ സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞത് . ഈ വർഷത്തെ കോൺഫറൻസിന്റെ എല്ലാ കമ്മിറ്റികളെയും കോർത്തിണക്കുന്ന പ്രോഗ്രാം ലീഡായി മിനിജ
ജോസഫ് ആണ് പ്രവർത്തിക്കുന്നത്.

ഈ വർഷത്തെ കോൺഫറൻസിന്റെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നിർവഹിച്ചിരിക്കുന്നത് അലക്സ് ചാലയിലിന്റെ നേതൃത്വത്തിലുള്ള രജിസ്ട്രേഷൻ ടീമാണ്. ജിനി അരുൺ(Mentor), ലൈബീ സുനിൽ , അന്ന ഫിലിപ്പോസ്, സിനോ റോബി, ശ്രീജ മുരളി, വിൻസി ജേക്കബ് എന്നിവരാണ്. അവരുടെ പരിശ്രമത്തിൻ്റെ ഫലമായി ഒരു ദിവസത്തിനുള്ളിൽ കോൺഫറൻസിന്റെ മുഴുവൻ രജിസ്ട്രേഷനും പൂർത്തിയാക്കുവാൻ ഈ കമ്മിറ്റിക്ക് സാധിച്ചു.

കോൺഫറൻസിലേക്ക് എത്തി അതിഥികളെ കണ്ടെത്തിയത് ഉദ്ഘാടനം ചടങ്ങുകൾ നടത്തുന്നതും സ്റ്റെഫി ഹർഷൽ ലീഡായ Inaguration & lnvitation കമ്മിറ്റിയാണ് . ഡോക്ടർ അജിമോൾ പ്രദീപ് , സിജി സലിംകുട്ടി , ധന്യ രാധാമണി ധരൻ എന്നിവരും ഈ കമ്മിറ്റിയിൽ ചേർന്ന് പ്രവർത്തിക്കുന്നു.

നഴ്സിംഗ് ഡേആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മനോഹരമായ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ ഈ വർഷം കോഡിനേറ്റ് ചെയ്യുന്നത് ആനി പാലിയത്ത് ലീഡായ cultural കമ്മിറ്റിയാണ് , സീമ സൈമൺ , ലെയ സൂസൻ പണിക്കർ ,ദിവ്യശ്രീ വിജയകുമാർ ,റിഞ്ചു റാഫേൽ , ബെന്‍സി സാജു എന്നിവര്‍ കൾച്ചറൽ കമ്മിറ്റിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.ഈ വർഷം നഴ്‌സ്മാർ അവതരിപ്പിക്കുന്ന വെൽക്കം ഡാൻസ് ഏവരും ഏറ്റവും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

യു .കെയുടെ നാനാഭാഗത്ത് നിന്നും കോൺഫറൻസിൽ എത്തുന്ന നഴ്സുമാരെ സ്വീകരിക്കാനായി ബ്ലെസ്സി ഷാജിയുടെ നേതൃത്വത്തിൽ വെൽക്കം കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കി കാത്തിരിക്കുകയാണ് . അജീഷ് ദേവ്, ആനി പോൾ, അനു അനീഷ്, ചിത്ര എബ്രഹാം, എൽസി കുമാർ, ജോജോ തോമസ്, ജോമോൻ മാത്യു, മനു മാർട്ടിൻ, മിനി ആന്റോ, മോൾബി ജയിംസ്, പ്രീതി നായർ, സിമ്മി തോമസ്, സോഫി ചാക്കോ, സ്റ്റെഫി ഡെൻസൺ എന്നിവരാണ് വെൽക്കം കമ്മിയിലെ മറ്റ് കമ്മിറ്റി മെമ്പേഴ്സ്. കോൺഫറൻസിലെ നഴ്സുമാർക്ക് വേണ്ടി എജുക്കേഷൻ സെഷൻ പ്ളീനറി സെഷൻ കോർഡിനേറ്റ് ചെയ്തിരിക്കുന്നത് സന്ധ്യാ പോൾ ലീഡ് ചെയ്യുന്ന എഡ്യൂക്കേഷൻ കമ്മിറ്റിയാണ്. സോണിയ മാണി , സീമ സൈമൺ ,മിനിജ ജോസഫ് (Mentor)എന്നിവരും എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിച്ചു വരുന്നു.

ഈ വർഷത്തെ കോൺഫറൻസിന്റെ ഫുഡ് സംബന്ധമായ എല്ലാ കാര്യങ്ങളും ഒരുക്കിക്കൊണ്ടിരിക്കുന്നത് പ്രീജ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഫുഡ് കമ്മറ്റിയാണ്. ഷാജി വെള്ളൻചേരി , ഉഷ അനിൽകുമാർ, സുദിൻ ചന്ദ്രൻ, ബിൻസി മാത്യു, നിജി മൂർത്താട്ടിൽ, മേഴ്സി അബി , ജിജി തോമസ്, ഷിബു ഭാസ്കരൻ, സേതുലക്ഷ്മി,ജെസ്സിൻ ആന്റണി (Mentor)എന്നിവരും ഈ കമ്മറ്റിയിൽ ചേർന്ന് പ്രവർത്തിക്കുന്നു.

മെയ് 17ന് LED വാളിൽ അത്ഭുതങ്ങൾ തീർക്കുവാൻ ടെക്നിക്കൽ വിഭാഗം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത് ചാൾസ് എടാട്ട് ലീഡായി പ്രവർത്തിക്കുന്ന ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റിയാണ്. വിജി അരുൺ , ജിജോ വാളിപ്ലാക്കിൽ , ദീപ ജോസഫ്, ഷിനി ജിജയി എന്നിവരും ഈ കമ്മിറ്റിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു .കോൺഫറൻസിന്റെ ഫൈനാൻഷ്യൽ കാര്യങ്ങൾ നല്ല രീതിയിൽ കൊണ്ട് പോകുന്നതിനു വേണ്ടി മിനി രാജുവിന്റെ നേതൃത്വത്തിലുള്ള ഫൈനാൻസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ് , മാത്തുക്കുട്ടി ആനുകുത്തിക്കൽ(Mentor)സ്മിതാ സൈമൺ, സെൽമ ഫ്രാൻസിസ് , ബോബി ഡൊമിനിക് എന്നിവരാണ് ഫിനാൻസ് കമ്മിറ്റിയിലെ മറ്റ് മെമ്പേഴ്സ്.

കോൺഫറൻസിൽ എത്തുന്ന നേഴ്സുമാർക്ക് തങ്ങളുടെ കരിയറിൽ വേണ്ട ഉയർച്ചയ്ക്കു വേണ്ടി തയ്യാറാക്കുന്ന കരിയർ സ്റ്റേഷനുകൾ തയ്യാറാക്കുന്ന കരിയർ അഡ്വൈസ് & സപ്പോർട്ട് ബൂത്ത് കമ്മറ്റിയുടെ ലീഡുകളായി അനീറ്റ ഫിലിപ്പും, ജോയ്സി ജോർജ് ചേർന്ന് പ്രവർത്തിക്കും. നീതു ഷാജി, മനീഷ അനീഷ്, സൗമ്യ ജോൺ , ട്രീസാ തോമസ്, ചിത്ര സൂസൻ എബ്രഹാം , ബബിത ജോസഫ്, ജിജോ മോൾ ഫിനിൽ, സുനിത സുനിൽ രാജൻ, ലൈബി സിബു , സ്മിത ടോണി എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമാണ് .കോൺഫറൻസിൽ എത്തുന്ന നഴ്സുമാർക്ക് Revalidation വേണ്ട CPD hours നൽകുന്ന സർട്ടിഫിക്കുകളും അതോടൊപ്പം ഫീഡ്ബാക്കും കളക്ട് ചെയ്യുന്നത് ബിനോയ് ചാക്കപ്പന്റെ നേതൃത്വത്തിലുള്ള ഫീഡ്ബാക്ക് കമ്മറ്റി ആയിരിക്കും. ഷോബി അന്നമ്മ, അനു ഡോണി, എൽദോ എബ്രഹാം, ബിസ്മി തോമസ്, ലാലി വർഗീസ് എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്നു.

കോൺഫ്രൻസിന്റെ ഭാഗമായി നടത്തിയ Abstraction competition നിയന്ത്രിചത് ജോയ്സി ജോർജ് ലീഡായAbstract Review കമ്മറ്റിയാണ്. ജോയ്സിയെ കൂടാതെ ഡോക്ടർ അജിമോൾ പ്രദീപ്, സിജി സലിം കുട്ടി, ചാൾസ് എടാട്ടുകാരൻ, റിൻസി സജിത്ത്, ഡോക്ടർ ഡില്ല ഡേവിസ്, റീജ ബോബി എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമാണ്. വിജയികൾക്ക് കോൺഫ്രൻസ് വേദിയിൽ വച്ച് സമ്മാനങ്ങൾ നൽകുന്നതാണ്

ഇത്രയും വിപുലമായ കമ്മിറ്റിയെ കൂടാതെ യു കെയുടെ നാനാ ഭാഗത്തു നിന്നും കോർഡിനേറ്റർസ് ആയി തിരഞ്ഞെടുക്കപ്പെട്ട, സ്റ്റാഫോർഡിൽ ഇൽ നിന്നുള്ള ജെസ്സിൻ ആന്റണി ലീഡ് ചെയ്യുന്ന county cordinators ടീമിൽ ജിജി സജി (Wiltshire), പ്രീതി നൈനാൻ ( Manchester ), ഷീജ ബ്രൂസിലി (Midlands ), സിവി ബിജു (Worcestershire), ഷാന്റി ഷാജി ( Oldham), രാജി രാജൻ ജോസഫ് (Kettering ), ബിന്ദു പീറ്റർ ( Northern Ireland),സ്റ്റെഫി ഡെൻസൺ (Leicester), പാൻസി ജോസ് ( Derbyshire), ഷോബി അന്നമ്മ (Northampton), ഷിനി ബേസിൽ ( Essex ),ആൻ ജെയിംസ് (Manchester-Bolton), ടോം സെബാസ്റ്റ്യൻ (Basildon-Essex), അനു അനീഷ് ( Leciester),സിന്ധു ആൻ (Bedfordshire), ഷിജു ചാക്കോ ( North Wales), ബീന ബോസ്കോ ( West Yorkshire), ജിൽസി പോൾ (Isle of Man), ബിന്ദു തോമസ് (Newcastle upon Tyne), ദീപാ സുരേഷ് (Staffordshire)ജിസാ ജോസഫ് (Nottinghamshire), അഞ്ചു രവീന്ദ്രൻ ( Worcestershire), നിഷാ നായർ ( Hampshire), അനില പ്രസാന്ത് ( Hertfordshire), ജിനിമോൾ സ്കറിയ ( Mid Wales), സുജേഷ് കെ അപ്പു (Cheshire), സുനിൽ തോമസ് (Dorset), ഷൈനി പൗലോസ് (Warwickshire), ജയ്ബി അനിൽ (Scotland), മഞ്ചുള സിജൻ (Somerset), ജിസാ സന്തോഷ് ( South Wales) ,ദീപ സർദാർ (Manchester-Stokport),ദീപ്തി ജോസഫ് (North London ) എന്നിവരും ചേർന്ന് കോൺഫെറൻസിന്റെ വിജയത്തിനായി ചേർന്ന് അവസാന ഒരുക്കങ്ങളുടെ പണിപ്പുരയിലാണ്.

യുകെയിലെ എല്ലാ നഴ്‌സുമാരെയും നേരില്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും രണ്ടാമത്തെ കോൺഫെറൻസും നഴ്സസ് ഡേ ആഘോഷങ്ങളും എന്നതിൽ സംശയമില്ല.യു കെയിൽ അങ്ങോളം ഇങ്ങോളമുള്ള എല്ലാ നേഴ്സ്മാരെയും ലെസ്റ്ററിൽ വച്ച് നടക്കുന്ന രണ്ടാമത് കോൺഫെറൻസിലേക്ക് വിനയപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു .

കോൺഫറൻസിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് :
മിനിജ ജോസഫ് (+44 7728 497640), ജോബി ഐത്തില്‍ ( 07956616508),സിജി സലിംകുട്ടി( +44 7723 078671)
മാത്തുക്കുട്ടി ആനകുത്തിക്കല്‍ (07944668903) എന്നീ നമ്പറുകളില്‍ ദയവായി കോണ്‍ടാക്ട് ചെയ്യുക.

Copyright © . All rights reserved