താക്കോലുമായി കടന്നുകളഞ്ഞ കുരങ്ങനുപിന്നാലെ പോയി താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ നിന്ന് അമ്പത് അടി താഴ്ചയിലേക്ക് വീണ യുവാവിനെ അതിസാഹസികമാി രക്ഷപ്പെടുത്തി. മലപ്പുറം ഒതുക്കുങ്ങല് പൊന്മള സ്വദേശി അയമു (38)വിനെ ആണ് രക്ഷപ്പെടുത്തിയത്.
ഫയര്‍ഫോഴ്‌സും ചുരംസംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് ലക്കിടി വ്യൂപോയിന്റില്‍ നിന്ന് താഴെക്ക് പതിച്ച യുവാവിനെ രക്ഷപ്പെടുത്തിയത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. അയമു കുടുംബത്തോ ടൊപ്പമാണ് ഇവിടെ എത്തിയത്.
കാഴ്ചകള്‍ കാണുന്നതിനിടെ ഇദ്ദേഹത്തിന്റെ കാറിന്റെ താക്കോല്‍ കുരങ്ങിന്റെ കൈയ്യില്‍ അകപ്പെടുകയായിരുന്നു. താക്കോലുമായി താഴേക്ക് കുരങ്ങന്‍ പോയപ്പോള്‍ പിന്നാലെ പോയ അയമു സിമന്റ് പടവില്‍ പിടിച്ച് താഴേക്ക് ഇറങ്ങാനുള്ള ശ്രമത്തിനിടെ ബാലന്‍സ് നഷ്ടമായി താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
വീഴ്ചയില്‍ കോണ്‍ക്രീറ്റ് പടവുകളില്‍ ശരീരഭാഗങ്ങള്‍ ഇടിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. അപകടവിവരമറിഞ്ഞ് മറ്റ് യാത്രക്കാരടക്കം നിരവധിയാളുകളാണ് വ്യൂപോയിന്റില്‍ തടിച്ചു കൂടിയത്. അതേസമയം യുവാവ് കൂടുതല്‍ താഴേക്ക് പോകാതെ മനസാന്നിധ്യത്തോടെ നിന്നതാണ് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാക്കിയത്.
കൊല്ലം കുണ്ടറ യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂര്‍ റസ്റ്റ്ഹൗസില്‍ എത്തിച്ച് മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളും പോലീസുമാരുമായി ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് പോലീസ് 4 റൗണ്ട് വെടിയുതിർത്തു. വടിവാൾ വീശിയ ഗുണ്ടകൾക്ക് നേരെ പ്രാണരക്ഷാർത്ഥം പൊലീസ് ആണ് നാല് റൗണ്ട് വെടിയുതിർത്തത്. എന്നാൽ ആർക്കും വെടിയേറ്റിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇന്നലെ രാത്രി കൊല്ലം കുണ്ടറ പടപ്പക്കരയിലാണ് സംഭവം നടന്നത്. ചെങ്ങന്നൂര്‍ സ്വദേശി ലെവിന്‍ വര്‍ഗീസിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കേസില്‍ ആറുപ്രതികളെ പിടികൂടിയിരുന്നു. രണ്ടുപേര്‍ കൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടാനാണ് ഇന്‍ഫോപാര്‍ക്ക് സിഐ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുണ്ടറയില്‍ എത്തിയത്.
വീട് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയപ്പോൾ ഇവർ പൊലീസിന് നേരെ വടിവാൾ വീശി. ഇതോടെ പ്രാണരക്ഷാർത്ഥം സി ഐ നാല് തവണ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ ആന്റണിയും ലിജോയും കായലിൽ ചാടി രക്ഷപ്പെട്ടു.
വൈദ്യുതി ഉപയോഗിക്കാതെ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ആലക്കുയന്ത്രം കണ്ടുപിടിച്ച നവജ്യോത് സാവ്നി എന്ന യുവ എഞ്ചിനീയറിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പോയന്‍റ്സ് ഓഫ് ലൈറ്റ് പുരസ്കാരം. പുരസ്കാരത്തിന്റെ ഒപ്പം ഉണ്ടായിരുന്ന കത്തിൽ പ്രധാനമന്ത്രി ഇങ്ങനെ എഴുതിയിരുന്നു. ‘നിങ്ങൾ നടത്തിയ ഈ കണ്ടുപിടിത്തം ലോകത്ത് വൈദ്യുതി സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടും. അഭിനന്ദനങ്ങൾ’ എന്നായിരുന്നു കത്തിൽ.
സാവ്നി ഇത്തരമൊരു ആശയത്തെ കുറിച്ച് ആദ്യമായി ചിന്തിക്കുന്നത് സന്നദ്ധ സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്ത്യ ചുറ്റി സഞ്ചരിക്കുന്നതിനിടെയാണ്. സൗത്ത് ഇന്ത്യയിൽ ചില പ്രദേശങ്ങളിൽ കല്ലിൽ തുണി അലക്കുന്ന നിർധനരായ സ്ത്രീകളെ കണ്ടപ്പോൾ ആണ് സാവ്നിക് വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന ഒരു അലക്ക് യന്ത്രം എന്ന ആശയം മനസ്സിലേക്ക് വരുന്നത്.
കല്ലിൽ തുണി അലക്കുന്നതിനേക്കാൾ 50% വെള്ളവും 75% സമയവും ഈ യന്ത്രം ഉപയോഗിച്ച് ലാഭിക്കാം എന്നതാണ് സാവ്നിയുടെ ഈ അലക്ക് യന്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാവ്നി ഈ അലക്ക് യന്ത്രത്തിന് ഇട്ടിരിക്കുന്നത് തൻറെ അയൽക്കാരിയുടെ പേരാണ്. ദിവ്യ എന്നാണ് സാവ്നിയുടെ അയൽക്കാരിയുടെ പേര്. ഈ പേര് തന്നെ അദ്ദേഹം അലക്ക് യന്ത്രത്തിലും നല്കുക ആയിരുന്നു.
വിവിധ പ്രദേശങ്ങളിലുള്ള അനാഥാലയങ്ങൾ , വിദ്യാലയങ്ങൾ എന്ന് തുടങ്ങി 300 ൽ അധികം സ്ഥലത്ത് ഈ അലക്ക് യന്ത്രം ഇതിനോടകം തന്നെ അദ്ദേഹം വിതരണം ചെയ്തു കഴിഞ്ഞു. ഇനിയും കൂടുതൽ വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. സാവ്നിയുടെ ഈ ആശയത്തിന് സമൂഹ മാധ്യമത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും ടെലിവിഷൻ പരമ്പരയ്ക്ക് നിരവധി ആരാധകരാണ്. കാരണം അത്രത്തോളം ജനമനസ്സുകളിൽ ആഴത്തിൽ സ്വാധീനിച്ച പരമ്പരയാണ് ഇത്. സീരിയൽ പോലെ തന്നെ സീരിയലിലെ താരങ്ങൾക്കും നിരവധി ആരാധകരാണുള്ളത്. 2015 ഡിസംബറിലാണ് ഉപ്പും മുളകും പരമ്പര തുടങ്ങുന്നതും അന്ന് മുതൽ ഇന്നോളം റേറ്റിംഗിൽ മുൻപിലാണ് സീരിയൽ. എന്നാൽ സീരിയലിൽ ഇടക്ക് ചില കഥാപാത്രങ്ങൾ മാറി നിന്നിരുന്നെങ്കിലും അതിന്റെതായ കുറവൊന്നും ഇല്ലാതെ തന്നെയാണ് അതി ഗംഭീരമായി സീരിയൽ ബാലുവും നീലുവും പിള്ളേരും വൻ ഹിറ്റാക്കി മാറ്റിയിരുന്നത്.
സീരിയലിലെ ഭവാനിയമ്മയ്ക്കും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലുള്ളത്. എന്നാൽ ഇടക്ക് വച്ച് ചില വിവാദങ്ങളിൽ നിറഞ്ഞു നിന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ഭവാനിയമ്മ എന്ന കെപിഎസി ശാന്ത ഇപ്പോൾ സീരിയലിൽ നിന്നും വിട്ടു നിൽക്കുകയാണ്. ശാന്ത കെപി എസി നാടകങ്ങളിലൂടെയായിരുന്നു ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാൽ 2015 ൽ ഉപ്പും മുളകും സീരിയൽ തുടങ്ങുമ്പോൾ മുതൽ ഉണ്ടായിരുന്ന ശാന്തയുടെ തിരിച്ചുവരവിനാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്. സീരിയലിൽ എത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു.
എന്നാൽ ഈ അടുത്തായിരുന്നു നടൻ കാർത്തിക് ശങ്കറിന്റെ അമ്മ കലാദേവി ഉപ്പും മുളകിലേക്ക് എത്തിയത്. കലാദേവി പ്രേക്ഷകർക്ക് വളരെ സുപരിചതയായ നടിയാണ്. മകൻ കാർത്തിക് ശങ്കറിനൊപ്പം അഭിനയിച്ചു മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ അന്ന് തന്നെ താരം സ്ഥാനം പിടിച്ചിരുന്നു. മകനൊപ്പം സ്‌ക്രീനുകളിൽ തിളങ്ങി നിന്നിരുന്ന താരം ഇപ്പോൾ തന്റെ അഭിനയ ജീവിത്തിലെ ആദ്യ മിനി സ്‌ക്രീൻ ചുവട് വയ്ക്കാനൊരുങ്ങുന്നത് ഉപ്പും മുളകിലൂടെയാണ്. അപ്പോഴാണ് നടി ശാന്തയെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നത്.
എന്നാൽ ശാന്ത വിവാദങ്ങളിൽ പെട്ട് മാറി നിൽക്കുന്നതിനാൽ തന്നെയും താരം ഇനി വീണ്ടും തിരിച്ചു വരുമോ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ തന്റെ അഭിനയ ജീവിത്തിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കുകയും താരം തന്റെ ഭർത്താവിനും മകനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. അതിനാൽ തന്നെയും അവരെ വെറുതെ വിട്ടേക്ക് എന്ന് തുടങ്ങി നിറയെ അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ പറയുന്നത്. കായംകുളം സ്വദേശിയാണ് കെപി എസി ശാന്ത.
അശ്രദ്ധമായ വണ്ടിയോടിച്ചു എന്നാരോപിച്ചാണ് നിക്കോള്‍സിനെതിരേ ഈ ആക്രമണങ്ങള്‍ മുഴുവന്‍ നടത്തിയത്.എന്നാല്‍ അങ്ങനെ വണ്ടിയോടിച്ചതിന് തെളിവ് നല്‍കാന്‍ മര്‍ദിച്ച പോലീസുകാര്‍ക്കായില്ല.ടയര്‍ നിക്കോള്‍സ് എന്ന 29-കാരനെ പോലീസ് സംഘം ദയയുടെ ഒരു തരിമ്പുമില്ലാതെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മെംഫിസ് പോലീസാണ് ഭയാനകമായ ഈ ദൃശ്യം പുറത്തുവിട്ടത്.
പോലീസിന്റെ നിഷ്ഠൂരമായ ആക്രമണത്തിന് പിന്നാലെ നിക്കോള്‍സ് മരിച്ചു. കറുത്ത വര്‍ഗക്കാര്‍ തന്നെയായ അഞ്ചുപോലീസുകാരാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഇവര്‍ക്കെതിരെ നടപടിയെടുത്ത ശേഷമാണ് വീഡിയോ പുറത്തുവിട്ടത്.കാറില്‍നിന്ന് വലിച്ച് പുറത്തേക്കിട്ടശേഷം നിക്കോളാസിനെ പലവിധത്തില്‍ ക്രൂരമായി ആക്രമിക്കുന്നതാണ് വീഡിയോ. ഇതിനിടയില്‍ പലതവണ അയാള്‍ അമ്മേ എന്നുവിളിച്ച് അലറിക്കരയുന്നുണ്ട്, ഞാനൊന്നു വീട്ടില്‍ പെയ്‌ക്കോട്ടെ എന്ന് കേണപേക്ഷിക്കുന്നുണ്ട്.
പക്ഷേ, തങ്ങളുടെ ക്രൂരവിനോദങ്ങളില്‍ നിക്കോളാസിന് വേദനിക്കുന്നുണ്ടെന്ന് അറിയുന്നതില്‍ അങ്ങേയറ്റം ആസ്വദിക്കുകയാണ് പോലീസുകാര്‍.നിക്കോള്‍സിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ അറസ്റ്റുചെയ്ത് ഒരു ദിവസത്തിനുശേഷമാണ് വീഡിയോ പുറത്തുവിടുന്നത്. ജോര്‍ജ് ഫ്‌ളോയിഡെന്ന കറുത്ത വര്‍ഗക്കാരനെ അമേരിക്കന്‍ പോലീസ് കൊലപ്പെടുത്തിയത് ലോകവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടും, അത്തരത്തിലൊന്ന് വീണ്ടുമെങ്ങനെയാണ് ആവര്‍ത്തിക്കുന്നതെന്ന് അദ്ഭുതം കൂറുകയാണ് ലോകം.
തെറിവിളികളും അക്രമങ്ങളുമടങ്ങിയ മണിക്കൂറോളം നീണ്ട ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ആദ്യമൊരു പോലീസ് നിക്കോളാസിനെ കാറില്‍നിന്ന് പുറത്തേക്ക് വലിച്ചിടുന്നുണ്ട്. തുടര്‍ന്ന് നിലത്ത് കിടത്താന്‍ ശ്രമിക്കുന്ന പോലീസിനോട് ഞാനൊന്നും ചെയ്തില്ലെന്ന് പറയുകയാണ്. നിലത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ കണ്ണിലേക്ക് കുരുമുളക് സ്‌പ്രേയടിക്കും. തുടര്‍ന്ന് നിരന്തരമായി അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നു.
അഞ്ചുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. രണ്ടുപേര്‍ പിടിച്ചുവെച്ചും ബാക്കിയുള്ളവര്‍ ക്രൂരമായി ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏതാണ്ട് ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പുറത്തുവന്നത്. മുഖത്തും വയറിനും തുടങ്ങി ശരീരത്തില്‍ അടി കൊള്ളാത്ത ഒരിടമില്ല എന്നു പറയാനാവുന്ന വിധത്തില്‍ പെരുമാറിയിട്ടുണ്ട് പോലീസുകാര്‍.
അതേസമയം സംഭവത്തില്‍ നിക്കോള്‍സിന്റെ അമ്മ റോവോഗന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വലിയതോതില്‍ പ്രകീര്‍ത്തനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഈ സംഭവത്തിന്റെ പേരില്‍ നഗരം ചുട്ടെരിക്കാനോ തെരുവുകളില്‍ അക്രമം അഴിച്ചുവിടാനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അമ്മ പറഞ്ഞു. എന്തെന്നാല്‍ അതിനുവേണ്ടിയല്ല എന്റെ മകന്‍ നിലകൊണ്ടത്. നിങ്ങള്‍ ഇവിടെ എനിക്കുവേണ്ടിയും എന്റെ മകന്റെ കൊലപാതകത്തിനെതിരായുമാണ് നിലകൊള്ളുന്നതെങ്കില്‍ പ്രതിഷേധം തീര്‍ത്തും സമാധാനപരമായിരിക്കണമെന്നും അമ്മ പറഞ്ഞു.
This Tyre Nichols video should truly disgust every American. The vast majority of police are good people but Police brutality is a massive problem in this nation. Violence won’t fix this but we need Justice for Tyre from the Memphis Police.
— Brian Krassenstein (@krassenstein) January 28, 2023
പറക്കുംതളികകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അമേരിക്കന്‍ സര്‍ക്കാര്‍. വീണ്ടും പറക്കുംതളികയെ കണ്ടുവെന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ ദൃക്‌സാക്ഷികള്‍ ഇപ്പോള്‍ പരസ്യമായി തന്നെ ഇക്കാര്യം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. അജ്ഞാത രൂപത്തെ അമേരിക്കയിലെ ആകാശത്ത് കണ്ടുവെന്നാണ് ദൃക്‌സാക്ഷി പറയുന്നത്.
അതേസമയം ഈ രൂപം എന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ മറ്റൊരു ഗ്രഹത്തില്‍ നിന്ന് വന്ന ഒരു വസ്തുവാണ് ഇതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമിയിലുള്ള യാതൊന്നുമായും അതിന് സാമ്യമില്ല. പരിശോധനയില്‍ കണ്ടെത്തിയതും അങ്ങനെയാണ്.
ഇതുവരെ കാണാത്ത അജ്ഞാതമായ ഒരു സ്‌പേസ്ഷിപ്പിന്റെ രൂപത്തിലുള്ള വസ്തുവിനെയാണ് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന് മുകളിലായിട്ടാണ് ഇവയെ കണ്ടത്. എന്നാല്‍ പറക്കുംതളികയായിട്ടാണ് നാവികസേന ഉദ്യോഗസ്ഥര്‍ ഇതിനെ പറയുന്നത്. ആകാശത്ത് ഇത്തരമൊരു രൂപത്തെ കണ്ട് സൈനികര്‍ പോലും ഞെട്ടിയിരിക്കുകയാണ്. ഇതൊരു ഡ്രോണാണെന്ന വാദങ്ങളെ ഈ നാവികസേന ഉദ്യോഗസ്ഥന്‍ തള്ളുന്നു.
ഭൂമിയില്‍ നിന്നുള്ള ഒരു വാഹനവുമല്ല അത്. തീരെ ചെറുതായ ഒരു വാഹനമാണ് അത്. ഡ്രോണുകളുടെ ഗണത്തില്‍ വരുന്നതല്ല അതെന്ന് ഇയാള്‍ പറയുന്നു. യുഎസ്എസ് പോള്‍ ഹാമിള്‍ട്ടണിനെ നാവികനാണ് ഈ ദൃക്‌സാക്ഷി. എന്നാല്‍ തന്റെ പേരോ, മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായില്ല. ഒരു പോഡ്കാസ്റ്റിന് വേണ്ടിയാണ് ഇയാള്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തി. സാധാരണ കാണുന്ന ഡ്രോണുകളെ പോലെയല്ല ഇവ പെരുമാറിയിരുന്നത്. അതിന്റെ പറക്കലും അത്തരത്തില്‍ ഉള്ളതല്ല. ഇവ കപ്പലിന് മുകളിലൂടെ സഞ്ചരിച്ച് ബേസ് സ്റ്റേഷനിലേക്ക് മടങ്ങി പോകവുകയാണ് ചെയ്യാറുള്ളത്.
ഇത് ഒരു സ്ഥലത്തേക്ക് വരുന്നതും പോകുന്നതുമായ രീതികള്‍ തീര്‍ത്തും വിചിത്രമായിരുന്നു. സാധാരണ നിരീക്ഷണത്തിനായി അയക്കുന്ന ഡ്രോണുകള്‍ പരിശോധന കഴിഞ്ഞാല്‍ വേഗം മടങ്ങി പോകും. എന്നാല്‍ ഈ പറക്കുംതളിക അത്തരത്തിലായിരുന്നില്ല. അതുകൊണ്ട് യുഎസ് ഇന്റലിജന്‍സിനെ വിവരമറിയിച്ചു എന്നാണ് നാവികന്‍ പറയുന്നത്. പെന്റഗണ്‍ കുറച്ച് കാലമായി ഈ അജ്ഞാത ബഹിരാകാശ വാഹനത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നുണ്ട്. എന്നാല്‍ പറക്കുംതളികയെന്ന് വിശേഷിപ്പിക്കാറില്ല. അണ്‍ഐഡന്റിഫൈഡ് എരിയന്‍ ഫെനോമെന എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
ഈ നാവികന്‍ പറയുന്നത് ഇതെല്ലാം തിരിച്ചറിയാന്‍ പറ്റാത്ത വാഹനങ്ങളെന്നാണ്. അതിനര്‍ത്ഥം പറക്കുംതളികകള്‍ തന്നെയാണെന്നാണ്. പക്ഷേ ഇക്കാര്യം സ്ഥിരീകരിച്ച് പറയുന്നില്ല. യുഎഎസ് എന്ന് മാത്രമാണ് ഇപ്പോള്‍ വിളിക്കുക. അതേസമയം ഈ വാഹനത്തില്‍ അന്യഗ്രഹജീവികള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണെന്ന് യുഎസ് നാവികന്‍ പറയുന്നു. കാരണം അത്രത്തോളം വലിപ്പമുള്ള ഒന്നായിരുന്നില്ല ഇത്. അതിന് മനുഷ്യനെയോ മറ്റേതെങ്കിലും ജീവികളെയോ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലായിരുന്നു. അതുകൊണ്ട് ആളില്ലാത്ത ഒരു നിരീക്ഷണ വാഹനമായി ഇതിനെ തോന്നിയെന്ന് നാവികന്‍ പറഞ്ഞു.
ഞങ്ങളുടെ കപ്പല്‍ നിന്നിരുന്ന സ്ഥലം, സമുദ്രത്തില്‍ നിന്ന് വളരെ ഉള്ളിലോട്ടായിരുന്നു. അടുത്തൊന്നും കരയില്ലായിരുന്നു. അവിടേക്ക് ഡ്രോണുകള്‍ക്ക് ഒരിക്കലും എത്തിപ്പെടാനാവില്ല. അത് മാത്രമല്ല ഇവയിലേക്ക് പിന്നീട് കരയിലേക്ക് പോകാനും സാധിക്കില്ല. ഏതെങ്കിലും ശത്രു രാജ്യത്തിന്റെ സൈന്യം പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണമാവാന്‍ സാധ്യതയുണ്ടെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മറ്റേതെങ്കിലും ഗ്രഹത്തില്‍ വന്നതാണെന്ന കാര്യത്തെ ഇവര്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ യുഎസ് റിപ്പോര്‍ട്ടുകളെ വിദഗ്ധര്‍ തള്ളുന്നു.
ഇതൊരിക്കലും ശത്രു രാജ്യത്തിന്റെ നിരീക്ഷണ വാഹനമാവാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവയ്ക്ക് സമയത്തെയും, മറികടന്ന്, അതിന്റെ സ്വന്തം ഗുരുത്വാകര്‍ഷണത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. 1800 മൈലുകള്‍ താണ്ടി ഒരു ഡ്രോണ്‍ എത്തുകയെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ അജ്ഞാത വാഹനങ്ങള്‍ക്ക് ചിറകുകള്‍ ഉണ്ടായിരുന്നില്ല. കൃത്യമായി കാണുന്ന തരത്തിലായിരുന്നില്ല ഇവയുണ്ടായിരുന്നത്. അത് മാത്രമല്ല യുഎസ്സിനോ ഭൂമിയിലുള്ള മറ്റേതെങ്കിലും രാജ്യത്തിനോ അറിയാത്ത സാങ്കേതികവിദ്യയാണ് ഇവ ഉപയോഗിച്ചതെന്ന് വിദഗ്ധര്‍ ഉറപ്പിച്ച് പറഞ്ഞു.
കൊവിഡ് കാലത്ത് ആദ്യം വെറും ഒരു ഹോബിയായി തുടങ്ങിയ കൃഷി പടര്‍ന്ന് പന്തലിച്ചപ്പോള്‍ അസ്സല്‍ കര്‍ഷകനായി മാറി ദോഹയിലെ പ്രവാസി മലയാളി ഡോക്ടര്‍. ഇന്ന് തന്റെ അടുക്കളത്തോട്ടത്തിലെ ആറടി നീളമുള്ള പടവലം കണ്ട് അതിശയത്തിലും അതിലുപരി സന്തോഷത്തിലുമാണ് തൃശൂര്‍ക്കാരനായ ഡോ. പ്രദീപ് രാധാകൃഷ്ണന്‍.
ദോഹ നഗരത്തില്‍ മര്‍ഖിയയിലെ തന്റെ താമസസ്ഥലത്തെ അടുക്കളതോത്തിലാണ് ഡോക്ടര്‍ പൊന്നുവിളയിച്ചത്. 15 വര്‍ഷമായി ഖത്തറില്‍ താമസിക്കുന്ന ഡോക്ടര്‍ പ്രദീപ് രാധാകൃഷ്ണന്‍ ഖത്തര്‍ ഹമദ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. കോവിഡിനുശേഷമാണ് ഡോക്ടറും കുടുംബവും പച്ചക്കറികൃഷിയില്‍ ശ്രദ്ധ ചെലുത്തി തുടങ്ങിയത്.
ഇന്നിപ്പോള്‍ വെണ്ട, വഴുതന, പയര്‍, തക്കാളി, കാബേജ്, ക്വാളിഫ്‌ലവര്‍, ബീറ്റ്‌റൂട്ട്, പച്ചമുളക് തുടങ്ങിയവ അടുക്കള മുറ്റത്തുനിന്ന് വിളവെടുക്കുന്നുണ്ട്. പൂര്‍ണമായും ജൈവരീതിയിലുള്ള കൃഷിക്ക് ഖത്തറിലെ കാര്‍ഷിക കൂട്ടായ്മകളില്‍നിന്ന് ലഭിക്കുന്ന വിത്താണ് ഉപയോഗിക്കുന്നത്.
ആഗസ്റ്റ് അവസാന വാരത്തിനും സെപ്റ്റംബര്‍ ആദ്യവാരത്തിനും ഇടയിലാണ് കൃഷിക്ക് തുടക്കമിടുന്നത്. വെള്ളം ഒഴിച്ച് മണ്ണ് നന്നായി കുതിര്‍ക്കും. വാങ്ങിയ മണ്ണും മണലും കമ്പോസ്റ്റുമൊക്കെ മിക്‌സ് ചെയ്ത് വെച്ചതാണ് വീണ്ടും വെള്ളം ഒഴിച്ച് പരുവപ്പെടുത്തുന്നത്. ചെറിയ കപ്പില്‍ നട്ട വിത്തുകള്‍ മുളച്ചശേഷം മാറ്റി നടും.
ഖത്തറില്‍ നാട്ടിലേതുപോലെ കടുത്ത രീതിയില്‍ കൃഷിക്ക് ഉപദ്രവം ചെയ്യുന്ന കീടങ്ങള്‍ കുറവാണെന്നാണ് ഡോ. പ്രദീപിന്റെ അഭിപ്രായം. ചെടി വളര്‍ന്നു തുടങ്ങുന്ന സമയത്ത് കീടങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ട്. വേപ്പെണ്ണയോ പുളിച്ച കഞ്ഞിവെള്ളമോ ഒഴിച്ച് അവയെ തുരത്താന്‍ കഴിയുന്നുണ്ട്. ചെടി വളര്‍ന്നുകഴിഞ്ഞാല്‍ പിന്നെ കാര്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ലെന്ന് ഡോക്ടര്‍ പറയുന്നു.
കൊവിഡ് കാലത്ത് താല്‍ക്കാലികമായി തുടങ്ങിയ കൃഷി ഇപ്പോള്‍ സ്ഥിരമാക്കിക്കഴിഞ്ഞു. ചെടികള്‍ വളര്‍ന്നുവരുമ്പോഴും വിളവുണ്ടാകുമ്പോഴും ഉണ്ടാകുന്ന സന്തോഷം ഏറെയാണെന്നും ഡോ. പ്രദീപ് പറയുന്നു. അഭിഭാഷകയായ ഭാര്യ രശ്മിയും വിദ്യാര്‍ഥികളായ മക്കള്‍ ദേവികയും അമൃതയും ഡോക്ടറുടെ കാര്‍ഷിക താല്‍പര്യങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ട്.
മലയാളി സൈനികൻ കാശ്മീരിലെ ലഡാക്കിൽ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി നുഫൈൽ (27) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയും മരണപ്പെടുകയുമായിരുന്നു. എട്ട് വർഷത്തോളമായി ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ കഴിഞ്ഞ ആഴ്ചയാണ് വിവാഹിതനായത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ കാശ്മീരിലേക്ക് മടങ്ങിയിരുന്നു.
കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരുന്ന നുഫൈൽ രണ്ട് വർഷത്തോളമായി കാശ്‌മീരിലാണ്. വിവാഹവുമായി ബന്ധപ്പെട്ട് അവധിയിൽ നാട്ടിലെത്തിയ നുഫൈൽ ജനുവരി 2 ന് മുക്കം കുളങ്ങര സ്വദേശിനിയെ വിവാഹം ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ നുഫൈൽ ഭാര്യയെ ഫോണിൽ വിളിച്ചിരുന്നു. രാത്രിയോടെ മരിച്ചതായി വിവരം ലഭിക്കുകയായിരുന്നു.
കാലടിയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തോട് ലൈംഗീക വൈകൃതം കാണിച്ച് നഗ്നമായ നിലയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി സ്വദേശി മഹേഷ് കുമാർ (40) ആണ് അറസ്റ്റിലായത്. തമിഴ്നാട് തെങ്കാശി സ്വദേശിനിയും മഹേഷ് കുമാറിന്റെ ഭാര്യയുമായ രത്നവല്ലി (35) കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയെ കൊലപ്പെടുത്തി അടുത്തുള്ള ജാതി തോട്ടത്തിൽ മൃതദേഹം നഗ്നമാക്കി ഉപേക്ഷിച്ചതിന് ശേഷം മഹേഷ് പോലീസ് സ്റ്റേഷനിൽ എത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയതായി തെളിഞ്ഞത്.
പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ രത്നവല്ലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും മൃതദേഹത്തോട് ലൈംഗീകാതിക്രമം നടത്തിയതായും നഗ്നമാക്കിയ നിലയിൽ ജാതി തോട്ടത്തിൽ ഉപേക്ഷിച്ചതായും മഹേഷ് സമ്മതിച്ചു. തമിഴ്‌നാട് സ്വദേശികളായ ഇരുവരും വർഷങ്ങളായി കാലടിയിൽ താമസിച്ച് വരികയായിരുന്നു.
അമ്പലനടയില്‍ വിവാഹ മുഹൂര്‍ത്തത്തില്‍ വരണമാല്യവുമായി വധൂവരന്മാര്‍ നില്‍ക്കുന്നതിനിടെ വധു വരനോട് ആ സ്വകാര്യം പറഞ്ഞു. പെട്ടെന്നുള്ള അമ്പരപ്പില്‍ വരന്‍ പതറിയെങ്കിലും വധുവിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വരന്‍ വിവാഹത്തില്‍നിന്നു പിന്‍മാറി. ശുഭമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ ഇരുഭാഗത്തുനിന്നുമെത്തിയ ബന്ധുക്കള്‍ അത്യപൂര്‍വമായ നാടകീയ രംഗം കണ്ട് അമ്പരന്നു.
പറവൂര്‍ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിലാണ് വ്യാഴാഴ്ച ബന്ധുക്കള്‍ നിശ്ചയിച്ച താലിചാര്‍ത്തലിനു തൊട്ടുമുമ്പ് ഈ ജീവിതനാടകം അരങ്ങേറിയത്.
വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂര്‍ അന്നമനട സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. ക്ഷണപ്രകാരം ബന്ധുക്കളും മറ്റുമെത്തിയിരുന്നു. ആദ്യം വധുവിന്റെ സംഘമാണെത്തിയത്. പിന്നീട് വരന്റെ ആളുകളും. ക്ഷേത്രനടയില്‍ നിശ്ചിത സമയത്ത് താലി ചാര്‍ത്തുന്നതിനുള്ള കര്‍മങ്ങള്‍ നടക്കവേ കാര്‍മികന്‍ നിര്‍ദേശിച്ചിട്ടും വധു വരണമാല്യം അണിയിക്കാതെ മടിച്ചുനിന്നു.
തുടര്‍ന്ന് യുവതി വരനോട് താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അറിയിച്ചു. ഈ വിവാഹത്തിന് സമ്മതമല്ലെന്നും വീട്ടുകാരുടെ നിരന്തര നിര്‍ബന്ധത്തിനു വഴങ്ങിയാണ് സംഭവങ്ങള്‍ ഇതുവരെ എത്തിയതെന്നും അവര്‍ പറഞ്ഞു. യാഥാര്‍ഥ്യം ബോധ്യപ്പെട്ട വരന്‍ താലി ചാര്‍ത്തുന്നതില്‍നിന്നു പിന്‍മാറി. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വരനോടൊപ്പമെത്തിയ ബന്ധുക്കള്‍ വടക്കേക്കര പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. അനുരഞ്ജന ചര്‍ച്ചയില്‍ ഇരുകൂട്ടരും രമ്യതയില്‍ പിരിഞ്ഞു. വരന്റെ കുടുംബത്തിനുണ്ടായ ചെലവ് നഷ്ടപരിഹാരമായി നല്‍കാനും തീരുമാനമായി.
വധു എം.കോം. ബിരുദധാരിയാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് യുവതിയെ പെണ്ണുകാണാനെത്തിയ യുവാവും യുവതിയും തമ്മില്‍ സൗഹൃദത്തിലാകുകയായിരുന്നു. അത് ഉപേക്ഷിച്ച് ബന്ധുക്കള്‍ പുതിയ വിവാഹം ഉറപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
വെള്ളിയാഴ്ച പറവൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ യുവതിയും ഇഷ്ടത്തിലായിരുന്ന യുവാവുമായി വിവാഹം നടന്നു.