Latest News

പൂജയ്ക്ക് ശേഷം പുറത്തിറക്കിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം.

ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അമിതവേഗതയില്‍ വന്ന കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൂജയ്ക്ക് ശേഷം ആദ്യമായി പുറത്തേക്കെടുത്ത പുത്തന്‍ കാര്‍ ആള്‍കൂട്ടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അമിത വേഗത്തില്‍ എത്തിയ കാര്‍ വഴിയിലുള്ളവരെയെല്ലാം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിസി 337 വകുപ്പ് പ്രകാരം ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

 

നിക്ഷേപ തട്ടിപ്പ് കേസില്‍ തൃശൂര്‍ സ്വദേശി സ്വാതി റഹിം അറസ്റ്റില്‍. ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്ന സ്വാതി റഹീം. മൂന്നുപരാതികളിലാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതികള്‍ നല്‍കുമെന്നാണ് സൂചന.

ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്‌സിന്റെ ഉടമയായ സ്വാതി റഹിം സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞാണ് ഒട്ടേറെ പേരില്‍ നിന്നായി നിക്ഷേപങ്ങള്‍ വാങ്ങിയത്. നിക്ഷേപകരെയെല്ലാം പ്രതിമാസം വലിയൊരു തുക കിട്ടുമെന്ന് വിശ്വസിപ്പിച്ചു.

എന്നാല്‍ ലാഭം കിട്ടിയില്ല. ഇയാള്‍ക്കെതിരെ മൂന്നു വര്‍ഷത്തിനിടെ പരാതികളുണ്ട്. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. തൃശ്ശൂരില്‍ വെച്ചായിരുന്നു സേവ് ബോക്‌സിന്റെ ലോഞ്ചിങ്ങ് . വലിയ പരിപാടിയായിരുന്നു. ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്തിരുന്നു.

പരിപാടിയില്‍ വെച്ച് പുതിയ ഐ ഫോണുകളെന്ന പേരില്‍ സിനിമാ താരങ്ങള്‍ക്ക് സമ്മാനം നല്‍കിയിരുന്നു. എന്നാല്‍ ഈ സമ്മാനം തട്ടിപ്പായിരുന്നു. ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പൊടി തട്ടി പുതിയ കവറില്‍ നല്‍കിയാണ് അന്ന് ചലച്ചിത്ര താരങ്ങളെ പറ്റിച്ചത്.

സേവ് ബോക്‌സിന്റെ പേര് പറഞ്ഞ് ഒട്ടേറെ സിനിമാ താരങ്ങളുമായി സ്വാതി ബന്ധം ഊട്ടിയുറപ്പിച്ചു. സ്വാതിയുടെ വാക്‌സാമര്‍ഥ്യത്തില്‍ വീണ് പണം നിക്ഷേപിച്ചവരാണ് ഭൂരിഭാഗവും. നിക്ഷേപ തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണ, സ്വാതിയുടെ പക്കല്‍ നിന്ന് അഞ്ചു ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്.

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ഡയമണ്ട് കട്ട്സ്

ചേരുവകൾ

1 . 1 കപ്പ് മൈദ/മാവ്
2 . 2 tsp വെണ്ണ
3 . 1/4 tsp ഉപ്പ്
4 . 1 tsp ബേക്കിംഗ് പൗഡർ
5 . 1/2 tsp ഏലയ്ക്ക പൊടിച്ചത്
6 . 1/2 കപ്പ് പൊടിച്ച പഞ്ചസാര
7 . വറുക്കാനുള്ള എണ്ണ


ഡയമണ്ട് കട്ട്സ് എങ്ങനെ ഉണ്ടാക്കാം

Step 1
ഒരു ബൗളിൽ മൈദ, വെണ്ണ, ഉപ്പ്, ബേക്കിംഗ് പൗഡർ, ഏലയ്ക്കാപ്പൊടി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി കുഴക്കുക; ഇത് ഏകദേശം 10 മിനിറ്റ് മൂടി വെക്കുക.

Step 2
ഈ മാവ് 3 തുല്യ ഭാഗങ്ങളായി വിഭജിക്കുക;അതിനുശേഷം നന്നായി പരത്തുക
ഒരു പിസ്സ കട്ടർ അല്ലെങ്കിൽ കത്തി ഉപയോഗിച്ച് ഡയമണ്ട് ആകൃതിയിൽ മുറിക്കുക.

Step 3
ഒരു പാനിൽ എണ്ണ ചൂടാക്കി ഡയമണ്ട് കട്ട്‌സ് ഇട്ട് ഡീപ് ഫ്രൈ ചെയ്തശേഷം കോരി എടുക്കുക.
ശേഷം അതിലേക്കു പഞ്ചസാര പൊടിച്ചത് വിതറുക

ഡയമണ്ട് കട്ട്സ് റെഡി; ചൂട് ചായ / കോഫിക്കൊപ്പം ആസ്വദിക്കുക.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

ഡോ. ഐഷ വി

അച്ഛൻ സർവ്വേ ഡിപാർട്ട്മെന്റിൽ ജോലി ചെയ്യുന്ന സമയത്ത് ജോലിയ്ക്കിടെയുണ്ടായ വീഴ്ചയിൽ കലശലായ നടുവേദന വന്നത് മൂലം രണ്ട് തവണ ആറാറു മാസം വീതം അച്ഛന് വീട്ടിൽ തന്നെ കഴിയേണ്ടി വന്നു. അങ്ങനെ രണ്ടാമത്തെ ബെഡ് റെസ്റ്റിൽ കഴിയുന്ന സമയത്തായിരുന്നു എനിക്ക് കോഴിക്കോട് ആർ.ഇ.സിയിലെ എം സി എ പ്രവേശന പരീക്ഷ വന്നത്. പരീക്ഷയെഴുതാൻ രണ്ട് സെന്റർ ഉണ്ടായിരുന്നു. ഒന്ന് കോഴിക്കോട് ആർ ഇസിയും രണ്ട് തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജും. ഞാൻ തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജാണ് സെന്ററായി തിരഞ്ഞെടുത്തത്.

പലയിടത്തും ടെസ്റ്റ് എഴുതാൻ കൊണ്ടുപോകുന്നത് അച്ഛനായിരുന്നു. എന്നാൽ അത്തവണ അച്ഛൻ കിടപ്പിലായിരുന്നു. എന്റെ പരീക്ഷയുടെ തലേന്നിന്റെ തലേന്ന് അച്ഛനെഴുന്നേറ്റ് നടന്നു നോക്കി. എനിക്ക് കൂട്ടുവരാൻ പറ്റുമോ എന്ന് ഉറപ്പില്ല. അങ്ങനെ ഞാൻ അമ്മയേയും കൂട്ടിപ്പോയാലോ എന്നു വരെ ചിന്തിച്ചു. അച്ഛൻ എന്നെ അടുത്ത് വിളിച്ചിരുത്തി സ്നേഹപൂർവ്വം പറഞ്ഞു. മോൾ ഈശ്വരവിശ്വാസിയാകണം. അത് നാം ചെയ്യുന്ന കാര്യങ്ങളുടെ പൂർത്തീകരണത്തിനും മനസ്സിന് ഉപരതിയുണ്ടാകാനും സഹായകരമാകും. പ്രമുഖ ശാസ്ത്രജ്ഞർ പോലും തികഞ്ഞ ഈശ്വരവിശ്വാസികളായിരുന്നു. അങ്ങനെ തികഞ്ഞ ഈശ്വര വിശ്വാസിയാകുകയാണെങ്കിൽ ആർ ഇ സി യിൽ നിന്ന് തിരിച്ചു വരുന്ന വഴി ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ടുപോകാം.

കൗമാരത്തിൽ ഞാൻ തികഞ്ഞ നിരീശ്വരവാദിയായി മാറിക്കഴിഞ്ഞിരുന്നു. ആ എന്നോടാണ് അച്ഛൻ അങ്ങനെ ആവശ്യപ്പെട്ടത്. മറ്റാരേയും ആശ്രയിക്കാതെ മനസ്സിന് ആശ്രയിക്കാൻ പറ്റിയതാണീശ്വരൻ.
പിന്നെയച്ഛൻ ഒരു ശ്ലോകം ചൊല്ലി കേൾപ്പിച്ചു : ” കാണപ്പെട്ടില്ല കാണുമതിന് കണ്ണില്ല കൈയ്യില്ല കാലില്ല സ്ഥൂണ പ്രായം ചെറുതു പറയാനില്ല മറ്റൊന്നുമില്ല. ഇക്കാണും ബ്രഹ്മാണ്ഡ നടന കലാശാലയാണെന്റെ ദൈവം.” ഈ പ്രഞ്ചത്തെ ഇത്ര മനോഹരമായി നിലനിർത്തുന്ന, അതിന്റെ ചലനത്തെ , താളത്തെ നിയന്ത്രിയ്ക്കുന്ന എന്തോ ഒരു ശക്തി ഉണ്ടെന്ന് കൗമാരത്തിൽ നിന്ന് യൗവ്വനത്തിലേയ്ക്കുള്ള പ്രയാണത്തിനിടയിൽ ചിലപ്പോഴൊക്കെ എനിക്കും തോന്നിയിരുന്നു.

അച്ഛനെയും അമ്മയെയും സംബന്ധിച്ചിടത്തോളം അന്ധവിശ്വാസങ്ങളോ അനാചാരങ്ങളോ ഒട്ടുമേ ഇല്ലായിരുന്നു. ഞാൻ അച്ഛൻ പറഞ്ഞ കാര്യം സ്വീകരിച്ചു. അച്ഛന് തീരെ വയ്യെങ്കിലും എന്നോടൊപ്പം വരാൻ തയ്യാറായി. ഞങ്ങൾ ഒരു ട്രെയിനിൽ കയറി ഷൊർണൂരിൽ ഇറങ്ങി. അന്നുച്ചയ്ക്ക് തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ പോയി ടെസ്റ്റെഴുതി. പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ എനിക്ക് അഡ്മിഷൻ കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്തായില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എഴുതിയ പരീക്ഷയിൽ ആറാം സ്ഥാനക്കാരിയാകുവാൻ എനിക്ക് കഴിഞ്ഞു. ആർ.ഇ.സിയിൽ അഡ്മിഷൻ നേടി തിരിച്ചു വരുന്ന വഴി അച്ഛൻ എന്നെ ഗുരുവായൂരിൽ കൊണ്ടുപോയി. അത് എന്നെ സംബന്ധിച്ചിടത്തോളം ആസ്തികതയുടെ തുടക്കമായിരുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന്‍ സിനിമയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.

പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല. പക്ഷെ അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.

ക്രമസമാധാനം തകര്‍ന്നാലോ കേസെടുക്കുകയോ ചെയ്താല്‍ അപ്പോള്‍ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

ദുബൈയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ കണ്ണൂർ സ്വദേശിയായ യുവാവ് എയർപോർട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു.പഴയങ്ങാടി താവം പള്ളിക്കര സുബുലുസ്സലാം മദ്രസക്ക് സമീപത്തുള്ള വി പി മുനീർ (33) ആണ് മരിച്ചത്.

എയർപോർട്ടിലെത്തിയപ്പോൾ ദേഹാസ്വസ്ഥ്യമുണ്ടായി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും ഒരു മകളും അടങ്ങിയതാണ് കുടുംബം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

ഇലന്തൂർ നരബലി കേസിൽ ലോട്ടറി വില്പനക്കാരിയായ റോസ്‌ലിയെ കൊലപ്പെടുത്തിയതിന് കുറ്റപത്രം ഇന്ന് സമർപ്പിക്കും. പെരുമ്പാവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. നരബലി കേസിലെ ഏറ്റവും ക്രൂരവും പ്രൈശാചികവുമായ കൊലപാതകമാണ് റോസ്‌ലിയുടേത്. നരബലി കേസിൽതമിഴ്നാട് സ്വദേശി പത്മ കൊല്ലപ്പെട്ടതിന്റെ കുറ്റപത്രം ജനുവരി ആറിന് സമർപ്പിച്ചിരുന്നു.

റോസ്‌ലിയെ നരബലിക്കായി കട്ടിലിൽ കെട്ടിയിട്ടതിന്റെ തെളിവുകൾ ഫേസ്‌ബുക്ക് ചാറ്റിൽ നിന്നും പൊലീസിന് ലഭിച്ചു. റോസ്‌ലിയെ കൊലപ്പെടുത്തുന്നതിന് മുൻപ് എടുത്ത ചിത്രമാണ് ഫേസ്‌ബുക്ക് ചാറ്റിൽ നിന്നും പോലീസ് വീണ്ടെടുത്തത്. എറണാകുളത്ത് ലോട്ടറി വിൽപ്പന നടത്തിയിരുന്ന റോസ്‌ലിയെ 2022 ജൂൺ എട്ടാം തീയതി മുതലാണ് കാണാതായത്. റോസ്‌ലിയെ നരബലിക്കായി ഷാഫി തട്ടികൊണ്ട് പോകുകയായിരുന്നു. റോസ്‌ലിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങൾ പാകം ചെയ്ത് കഴിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വളരെ ക്രൂരവും പൈശാചികവുമായാണ് പ്രതികൾ റോസ്‌ലിനോട് പെരുമാറിയത്.

അതേസമയം കൊല്ലപ്പെട്ടവർ ഇലന്തൂരിലുള്ള ഭഗൽസിങ്ങിന്റെ വീട്ടിൽ എത്തിയതിന് ദൃക്‌സാക്ഷികൾ ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു. എന്നാൽ പ്രതികളുടെ മൊഴിയും ഡിഎൻഎ ഫിംഗർ പ്രിന്റ് തുടങ്ങിയവയെ പോലീസ് ആശ്രയിക്കുകയായിരുന്നു. കേസിൽ കിട്ടാവുന്ന എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ,വാട്സാപ്പ് ഫേസ്‌ബുക്ക് ചാറ്റുകൾ, തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്. റോസ്‌ലിയെ പൂർണ നഗ്നയാക്കി കട്ടിലിൽ കെട്ടിയിട്ടാണ് കൊലപാതകം നടത്തിയത്. ജീവനോടെ റോസ്‌ലിയുടെ അവയവങ്ങൾ മുറിച്ചെടുത്തതായി പ്രതികൾ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

മകളോട് അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്ത പിതാവിനെ മദ്യപസംഘം ആക്രമിച്ചു. തൊട്ടുപിന്നാലെ പിതാവ് ജീവനൊടുക്കി. ആയുർ സ്വദേശി അജയകുമാറാണ് മദ്യപസംഘത്തിന്റെ ആക്രമണത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.

ട്യൂഷൻ കഴിഞ്ഞ് മകൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ നാല് പേരടങ്ങുന്ന സംഘം വഴിയിൽ നിന്ന് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അജയകുമാറിനെ മകളുടെ മുന്നിൽവെച്ച് സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ അജയകുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു. അക്രമികളുടെ മർദ്ദനത്തിൽ അജയകുമാറിന്റെ മുഖത്ത് പരിക്കേറ്റിരുന്നു.

അതേസമയം പോലീസിൽ പരാതി നൽകാൻ വീട്ടുകാരും ബന്ധുക്കളും അജയകുമാറിനോട് ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മർദ്ധിക്കുമോ എന്ന ഭയം കാരണം പോലീസിൽ പരാതി നൽകിയില്ല. പിറ്റേദിവസം രാവിലെ അജയകുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മർദ്ദനത്തിൽ മനം നൊന്താണ് അജയകുമാർ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.

 

ജോഷിമഠിൽ റേഷൻ വിതരണവും മറ്റും നടത്തി സഹായം ചെയ്ത മലയാളി വൈദികൻ മടക്ക യാത്രയിലുണ്ടായ അപകടത്തിൽ മരിച്ചു. ബിജ്നോർ രൂപതാംഗവും കോഴിക്കോട്ട് ചക്കിട്ടപാറ സ്വദേശിയുമായ ഫാ. മെൽവിൻ പള്ളിത്താഴത്ത് ആണ് മരിച്ചത്. 31 വയസായിരുന്നു. കാർ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് മെൽവിൻ മരിച്ചത്.

ജോഷിമഠിൽ റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ വിതരണം ചെയ്ത് മടങ്ങുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. അപകടസമയത്ത് മെൽവിനൊപ്പം രണ്ട് വൈദികരും കാറിലുണ്ടായിരുന്നു. റോഡിലെ മഞ്ഞിൽ തെന്നിയ കാർ പിന്നിലേക്ക് പോകുകയായിരുന്നു.

ഉടൻതന്നെ രണ്ട് വൈദികർ പുറത്തിറങ്ങി ടയറിന് താഴെ കല്ലുകൾ ഇട്ട് വാഹനം തടയാൻ ശ്രമം നടത്തി. പക്ഷേ, കാർ അപ്പോഴേയ്ക്കും 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയാണ് രക്ഷാപ്രവർത്തകർ മെൽവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ഋഷികേശിലെ ആശുപത്രിയിലേക്ക് മാറ്റി.

20 വർഷ കാലമായി ഒരു പാത്രത്തിൽ തന്നെ ഭക്ഷണം കഴിച്ച തന്റെ അമ്മയുടെ ഓർമ പങ്കുവച്ച് ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മ ഉപയോഗിച്ചിരുന്ന സ്റ്റീൽ പാത്രത്തിന്റെ ചിത്രവും ട്വിറ്ററിലൂടെ പങ്കുവച്ചാണ് വിക്രം എസ് ബുദ്ദനേസൻ എന്നായാളുടെ കുറിപ്പ്. ആ പ്ലേറ്റ് അമ്മ ഉപയോഗിച്ചതിന് പിന്നിലെ കാരണം അമ്മയുടെ മരണശേഷമാണ്
മകൻ വിക്രം അറിയുന്നത്.

വിക്രം ട്വീറ്ററിൽ കുറിച്ച വക്കുകൾ ഇങ്ങനെ.

‘ഇത് അമ്മയുടെ പ്ലേറ്റാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി അമ്മ ഈ പ്ലേറ്റിലാണ് ഭക്ഷണം കഴിക്കുന്നത്. തീരെ ചെറിയ ഒരു പ്ലേറ്റാണിത്. എന്നേയും ചേച്ചിയുടെ മകളായ ശ്രുതിയെയും മാത്രമാണ് അമ്മ ഈ പ്ലേറ്റിൽ ഭക്ഷണം കഴിക്കാൻ അനുവദിച്ചിട്ടുള്ളത്. എനിക്ക് സമ്മാനം കിട്ടിയതായിരുന്നു ആ പ്ലേറ്റ് എന്നത് അമ്മയുടെ മരണശേഷം സഹോദരി പറയുമ്പോൾ ആണ് ഞാൻ അറിയുന്നത്’-

1999-ൽ താൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സമ്മാനമായി ആ പ്ലേറ്റ് ലഭിച്ചതെന്നും വിക്രം പറയുന്നു. 24 വർഷം അമ്മ ഈ പ്ലേറ്റിലാണ് കഴിച്ചത്. എന്നാൽ പിന്നിലെ കാരണം അമ്മ എന്നോട് ഒരിക്കൽ പോലും പറഞ്ഞിരുന്നില്ല. മിസ് യു അമ്മ എന്നും വിക്രം ട്വീറ്റിൽ കുറിച്ചു.

നിരവധി പേരാണ് വിക്രമിൻറെ ട്വീറ്റിന് താഴെ കമൻറുകളുമായി രംഗത്തെത്തിയത്. അമ്മമാരുടെ സ്‌നേഹം നമ്മൾ പലപ്പോഴും തിരിച്ചറിയാതെ പോകുന്നുവെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ‘അമ്മമാർ എപ്പോഴും അങ്ങനെയാണ്, ഒന്നും പറയില്ല’ – എന്നാണ് മറ്റൊരാളുടെ കമൻറ്. മനോഹരമായ കുറിപ്പ് എന്നും കണ്ണു നിറയ്ക്കുന്ന കുറിപ്പ് എന്നുമൊക്കെയാണ് മറ്റ് ചില കമൻറുകൾ.

 

Copyright © . All rights reserved