Latest News

വീട്ടില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ പുസ്തകമെടുക്കാന്‍ വീട്ടിലേക്ക് തന്നെ മടങ്ങിയ പെണ്‍കുട്ടി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍. കോഴിക്കോട് എകരൂരിലാണ് പതിനഞ്ചുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

എകരൂര്‍ തെങ്ങിനി കുന്നുമ്മല്‍ അര്‍ച്ചന(15)യാണ് മരിച്ചത്. ഇന്ന് രാവിലെ അമ്മയുടെ കൂടെ വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി അച്ഛമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. അമ്മ മകളെ ഇവിടെ നിര്‍ത്തി ആശുപത്രി ആവശ്യത്തിനായി കോഴിക്കോടേക്ക് പോയി.

പിന്നാലെ അച്ഛമ്മയോട് ഒരു പുസ്തകം വീട്ടില്‍ ഉണ്ടെന്നും അത് എടുത്ത് വരാമെന്നും പറഞ്ഞ് പെണ്‍കുട്ടിയും വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു.പിന്നീട് പെണ്‍കുട്ടിയെ ഇവര്‍ താമസിക്കുന്ന ഷെഡ് പോലുള്ള വീട്ടില്‍ തീപിടിച്ച് പൊള്ളലേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്.

വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട് തൊഴിലുറപ്പ് ജോലിക്കാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അര്‍ച്ചനയുടെ മൃതദേഹം വീടിനകത്തു നിന്നും കണ്ടെത്തിയത്.

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വെച്ച് കാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഡല്‍ഹിയിലേക്കുള്ള ഹൈദരാബാദ് സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ വെച്ച് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സംഭവം.

ഈ വിമാനത്തിലെ യാത്രക്കാരിലൊരാള്‍ കാബിന്‍ ക്രൂവിനോട് ആക്രോശിക്കുന്നിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയവരെ ഉടനെ തന്നെ ക്യാബിന്‍ക്രൂ അംഗങ്ങള്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പിക്കുകയായിരുന്നു.

പുറത്തെത്തിയ വീഡിയോയില്‍ ഒരു യാത്രക്കാരന്‍ വനിതാ ക്യാബിന്‍ ക്രൂവിനോട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും, മറ്റൊരു യാത്രക്കാരന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ എത്തുന്നതും വ്യക്തമാണ്. കൂടാതെ പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരന്‍ ജീവനക്കാരിയുടെ ദേഹത്ത് സ്പര്‍ശിച്ചതായും മറ്റു ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയില്‍നിന്ന് വിമാനം പുറപ്പെടാനൊരുങ്ങവെയാണ് യാത്രക്കാരന്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയത്. അവരെ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തതായും സ്‌പൈസ്ജെറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു. സംഭവം ക്യാബിന്‍ ക്രൂ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു.

വിമാനത്തില്‍ അപമര്യാദയായി പെരുമാറിയ യാത്രക്കാരനെയും അയാള്‍ക്കൊപ്പമുണ്ടായിരുന്ന വ്യക്തിയെയും സ്‌പൈസ് ജെറ്റ് പുറത്താക്കിയെന്നും കുറിപ്പില്‍ പറയുന്നു.അതേസമയം, യാത്രക്കാരന്‍ പിന്നീട് ക്ഷമാപണം എഴുതി നല്‍കിയെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അയാള്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദം നല്‍കിയില്ല.

തെങ്ങില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. കണ്ടല്ലൂര്‍ തെക്ക് ആദിലില്‍ കുന്നേല്‍ തെക്കതില്‍ കൃഷ്ണ ചൈതന്യ കുമാരവര്‍മ്മ ആണ് മരിച്ചത്.

സുനില്‍ നിഷ ദമ്പതികളുടെ മകനാണ് ആദില്‍. പതിനേഴ് വയസ്സായിരുന്നു. തത്തയെ പിടിക്കുന്നതിനായി തെങ്ങില്‍ കയറിയപ്പോഴാണ് അപകടമുണ്ടായത്. തത്തയെ പിടിക്കാനായി മുകള്‍ ഭാഗമില്ലാത്ത ഉണങ്ങി നിന്നിരുന്ന തെങ്ങിലാണ് ആദില്‍ കയറിയത്.

അപ്പോള്‍ മടല്‍ ഭാഗം പാതി വെച്ച് ഒടിഞ്ഞുവീഴുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മുതുകുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു മരിച്ച കൃഷ്ണ. സഹോദരി: മധുര മീനാക്ഷി.

മോഹന്‍ലാലിന് ഒപ്പമുള്ള സിനിമ ഉടനുണ്ടാകുമെന്ന് റിയലിസ്റ്റിക് സിനിമകളുടെ എഴുത്തുകാരന്‍ ശ്യാം പുഷ്‌കരന്‍. തങ്കം സിനിമയുടെ വാര്‍ത്താ സമ്മേളനത്തിനിടെ ആയിടുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മാസ് ചിത്രം ആണോ എന്നൊന്നും തീരുമാനം ആയിട്ടില്ല. എന്തായാലും പണി നടക്കുമെന്നും ശ്യാം പറഞ്ഞു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ശ്യാം പുഷ്‌കരനും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമം, ഷാരൂഖ് ഖാനെ നായകനാക്കി ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഹിന്ദി സിനിമ വരുന്നുണ്ട്. ഷാരൂഖ് ഖാനെപ്പോലെ ഒരു വലിയ താരത്തെവച്ച് സിനിമ ചെയ്യണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം അതിനായി മാറ്റിവെക്കണം. അതിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായാല്‍ അദ്ദേഹത്തെ ഒന്നുകൂടി കാണണം. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം ശ്യാം പുഷ്‌കരന്‍ പറഞ്ഞിരുന്നു.

ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. സഹീദ് അരാഫത്ത് ആണ് സംവിധാനം. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. രാജസ്ഥാനില്‍ ചിത്രീകരണം പുരോ?ഗമിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറില്‍ ഷിബു ബേബി ജോണ്‍ ആണ്.

 

ഗുജറാത്ത് കലാപത്തെപ്പറ്റിയുള്ള ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന വിവാദ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം അറിയിച്ചത്.

ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാറും ഇന്നലെ പറഞ്ഞിരുന്നു. അറച്ച് നില്‍ക്കുന്നത് എന്തിന്. ലോകത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ആരുടെയും അനുവാദത്തിന് കാത്തിരിക്കേണ്ട കാര്യമില്ല. സോഷ്യല്‍മീഡിയയില്‍ നിയന്ത്രിക്കാം. രാജ്യത്ത് ആരും കാണാന്‍ പാടില്ലെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുക.”കെ അനില്‍കുമാര്‍ പറഞ്ഞു.

ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനോടും ട്വിറ്ററിനോടും കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡോക്യുമെന്ററി രാജ്യത്ത് ബ്ലോക്ക് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.

ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരുന്നു. വിവാദവിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കിയിരുന്നു. വബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും ബിബിസി അറിയിച്ചിരുന്നു.

തെലുങ്ക് നടൻ സുധീർ വർമയെ മരിച്ച നിലയിൽ കണ്ടെത്തി. 33 വയസായിരുന്നു. ജനുവരി 18-ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ സുധീറിനെ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ജീവനൊടുക്കാനുള്ള കാരണം ഇതുവരെ വ്യക്തമായില്ല. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനുവരി 20-ന് വിശാഖപ്പട്ടണത്തെ ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി താരത്തെ മാറ്റി. ഞായറാഴ്ചയോടെ താരത്തിന്റെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. നാടക രംഗത്ത് നിന്നാണ് സുധീർ സിനിമാ ലോകത്തേയ്ക്ക് എത്തിയത്. ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘കുന്ദനപ്പു ബൊമ്മ’, സെക്കന്റ് ഹാൻഡ് എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.

‘കുന്ദനപ്പു ബൊമ്മ’യിൽ സുധീർ വർമയോടൊപ്പം അഭിനയിച്ച സുധാകർ കൊമകുലയാണ് നടന്റെ മരണ വാർത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. യുവനടന്റെ മരണത്തിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. സിനിമാ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലായിരുന്നു താരമെന്നും അവസരങ്ങൾ ലഭിക്കാത്തതിൽ നിരാശനായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.

ക്രിസ്ത്യാനികളുടെ എണ്ണം വളരെ കൂടുതലുണ്ടായിരുന്ന ബ്രിട്ടനില്‍ ലക്ഷക്കണക്കിന് പേര്‍ മതമില്ലാത്തവരായി മാറുന്നുവെന്ന് കണക്കുകള്‍. ാലക്ഷക്കണക്കിന് ഇംഗ്ലീഷ്, വെല്‍ഷ് ക്രിസ്ത്യാനികളാണ് ഒരു ദശകത്തിനിടെ മതവിശ്വാസത്തോട് വിട പറഞ്ഞത്.

2021-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും 5.72 മില്ല്യണ്‍ ക്രിസ്ത്യാനികളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ദശകം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 17% ഇടിവാണിത്. ഇക്കാലയളവില്‍ ഒരു മതവിശ്വാസത്തെയും പിന്തുടരുന്നില്ലെന്ന് വ്യക്തമാക്കിയത് 8 മില്ല്യണിലേറെ ജനങ്ങളാണ്, 57 ശതമാനമാണ് വര്‍ദ്ധന. രാജ്യത്തെ എല്ലാ മേഖലകളിലും ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. 2011-ല്‍ 33.25 മില്ല്യണോളം ഉണ്ടായിരുന്ന വിശ്വാസികളുടെ എണ്ണം 2021 സെന്‍സസില്‍ 27.5 മില്ല്യണായാണ് ചുരുങ്ങിയത്. എന്നാല്‍ സാത്താനിസം പോലുള്ള മതവിശ്വാസങ്ങള്‍ പോലും ഈ ഘട്ടത്തില്‍ ജനപ്രിയമായി മാറിയെന്നത് എടുത്തു പറയേണ്ടുന്ന വിഷയമാണ്.

നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ 2011-ലെ കണക്കുകളില്‍ നിന്നും ഏകദേശം 410,000 കുറവ് ക്രിസ്ത്യാനികളാണ് 2021-ലെത്തുമ്പോള്‍ ഉള്ളത്. 1.75 മില്ല്യണില്‍ നിന്നും 1.3 മില്ല്യണായാണ് വിശ്വാസികളുടെ എണ്ണം ഇടിഞ്ഞത്. അതേസമയം ഈ മേഖലയില്‍ മതമില്ലാത്തവരുടെ എണ്ണത്തില്‍ 450,000 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 74% വര്‍ദ്ധന. ഒരു മതവിശ്വാസമെങ്കിലും ഉള്ളവരുടെ എണ്ണം ഒരു മില്ല്യണായും വര്‍ദ്ധിച്ചു. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലാണ് ക്രിസ്തീയ വിശ്വാസത്തെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 2021 സെന്‍സസില്‍ 850,000 കുറവ് ആളുകളാണ് ക്രിസ്ത്യാനിയാണെന്ന് രേഖപ്പെടുത്തിയത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 93-ാം വയസ്സില്‍ വിവാഹിതനായി എഡ്വിന്‍ ആല്‍ഡ്രിന്‍. വെള്ളിയാഴ്ച തന്റെ 93-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ആല്‍ഡ്രിന്റെ വിവാഹം. അദ്ദേഹത്തിന്റെ നാലാമത്തെ വിവാഹമാണിത്. സമൂഹ മാദ്ധ്യമത്തിലൂടെയാണ് ആല്‍ഡ്രിന്‍ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.

കെമിക്കല്‍ എന്‍ജിനിയറിംഗില്‍ പിഎച്ച്ഡി നേടിയ 63കാരിയായ ഡോ. ആന്‍ക ഫൗറിനെയാണ് ആല്‍ഡ്രിന്‍ വിവാഹം കഴിച്ചത്. ആല്‍ഡ്രിന്റെ കമ്പനിയായ ബസ് ആല്‍ഡ്രിന്‍ വെഞ്ചേഴ്‌സിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് അന്‍ക. ലോസ്ആഞ്ചലസില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

നീല്‍ ആംസ്‌ട്രോംഗിന് പിന്നാലെ ചന്ദ്രനില്‍ കാലുകുത്തിയ വ്യക്തിയാണ് ബസ് ആല്‍ഡ്രിന്‍ (എഡ്വിന്‍ ആല്‍ഡ്രിന്‍). 1969 ജൂലായ് 21നാണ് അമേരിക്കയുടെ അപ്പോളോ 11 യാത്രികനായ നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രോപരിതലത്തിലിറങ്ങിയ ആദ്യ മനുഷ്യനായി ചരിത്രം കുറിച്ചത്. 19 മിനിട്ടുകള്‍ക്ക് ശേഷമാണ് ബസ് ആല്‍ഡ്രിന്‍ ചന്ദ്രോപരിതലത്തിലിറങ്ങിയത്. ദൗത്യ സംഘത്തിലെ മൂന്നാമനായ മൈക്കല്‍ കോളിന്‍സ് അപ്പോള്‍ കമാന്‍ഡ് മോഡ്യൂളിനെ നിയന്ത്രിച്ച് ചന്ദ്രനെ വലംവയ്ക്കുകയായിരുന്നു.

രണ്ട് മണിക്കൂര്‍ ആംസ്‌ട്രോംഗും ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ തുടര്‍ന്നു. ജൂലായ് 24ന് മൂവരും വിജയകരമായി ഭൂമിയില്‍ തിരിച്ചെത്തി. നീല്‍ ആംസ്‌ട്രോംഗ് 2012ല്‍ 82-ാം വയസിലും മൈക്കല്‍ കോളിന്‍സ് 2021ല്‍ 90-ാം വയസിലും അന്തരിച്ചു. ചന്ദ്രനില്‍ ഇതുവരെ കാലുകുത്തിയ 12 പേരില്‍ ജീവിച്ചിരിക്കുന്ന നാല് പേരില്‍ ഒരാളാണ് ആല്‍ഡ്രിന്‍. 1972 ഡിസംബര്‍ 11ന് ചന്ദ്രനിലിറങ്ങിയ അപ്പോളോ 17 ആണ് അവസാനമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചത്.

ചന്ദ്രനിലേക്കുള്ള ബഹിരാകാശ യാത്രയ്ക്ക് മുന്‍പ് യുഎസ് എയര്‍ഫോഴ്‌സ് ഓഫീസറായിരുന്ന ആല്‍ഡ്രിന്‍ കൊറിയന്‍ യുദ്ധത്തിലടക്കം യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. 1966ല്‍ നാസയുടെ ജെമിനി 12ലൂടെയും ആല്‍ഡ്രിന്‍ ബഹിരാകാശത്ത് എത്തിയിരുന്നു. 1971ല്‍ അദ്ദേഹം നാസയില്‍ നിന്ന് വിരമിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിക്ക് കോടതി 100 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. പ്രമാടം കൈതക്കര സ്വദേശി ബിനുവിനാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ പിഴയൊടുക്കാനും കോടതി വിധിച്ചു. രണ്ടര ലക്ഷം രൂപയാണ് പിഴയായി കോടതി വിധിച്ചത്.

ഇത് പെൺകുട്ടിയ്ക്ക് നൽകണം. ശിക്ഷ ഒന്നിച്ചോ അല്ലാതെയോ അനുഭവിക്കാമെന്നും ഉത്തരവിൽ പറയുന്നു. ഒന്നിച്ച് അനുഭവിക്കുകയാണെങ്കിൽ 80 വർഷം തടവിൽ കഴിയേണ്ടിവരും. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം.ബിനുവിന്റെ വീടിന് അടുത്താണ് പെൺകുട്ടിയുടെ ബന്ധു വീട്. ഇവിടെയെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

ഗർഭിണിയായതോടെ ബന്ധുക്കൾ പെൺകുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ബിനുവിന്റെ ക്രൂരത പുറത്ത് വന്നത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ബിനു ഒളിവിൽ പോയി. തുടർന്നുള്ള അന്വേഷണത്തിൽ പത്തനംതിട്ട വനിതാ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിവേഗത്തിലായിരുന്നു കേസിന്റെ വിചാരണ. പീഡനം, തട്ടിക്കൊണ്ട് പോകൽ തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചു. ജുബൈലിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശിയുമായ മുഹമ്മദലി (58) ആണ് മരിച്ചത്. പിന്നാലെ, പ്രതിയായ സഹപ്രവർത്തകൻ തമിഴ്നാട് സ്വദേശി മഹേഷ് (45) ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ജുബൈലിൽ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന മഹേഷ് കത്തികൊണ്ട് കുത്തുകയായിരുന്നു. പരുക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാർന്ന് കുഴഞ്ഞുവീണ് മരിച്ചു.

പിന്നാലെ, മഹേഷ് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. മുഹമ്മദലിയെ കൊലപ്പെടുത്തിയതിന്റെ കുറ്റബോധം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് പറഞ്ഞു. തമിഴ്നാട് ചെന്നൈ സ്വദേശിയായ മഹേഷ് അഞ്ചു വർഷമായി ഇതേ കമ്പനിയിൽ മെഷീനിസ്റ്റായി ജോലി ചെയ്യുകയാണ്.

താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെൺമക്കളുണ്ട്. കമ്പനി അധികൃതരും ജുബൈലിലെ സന്നദ്ധ പ്രവർത്തകരും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ജുബൈൽ ജനറൽ ആശുപത്രിയിലെത്തി നടപടികൾക്ക് നേതൃത്വം നൽകുന്നു.

Copyright © . All rights reserved