Latest News

യുകെയിൽ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ അഭിഷേകാഗ്നിയായി പതിനാലാം വർഷത്തിലേക്ക് കടക്കുന്നു .

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മെഗാ ബൈബിൾ കൺവെൻഷൻ നവംബർ 11 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. കൺവെൻഷൻ നയിക്കാൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ആത്മീയ നേതൃത്വം റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ യുകെ യിലെത്തും. കൺവെൻഷനൊരുക്കമായി അഭിഷേകാഗ്നി മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിൽ, സിസ്റ്റർ ഡോ: മീന ഇലവനാൽ , ബ്രദർ ജോസ് കുര്യാക്കോസ് , ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നാളെമുതൽ സൂം പ്ലാറ്റ്‌ ഫോമിൽ പ്രത്യേക പരിശുദ്ധാത്മ നവനാൾ നൊവേന നടക്കും. താഴെ കൊടുക്കുന്ന ലിങ്കിൽ ജോയിൻ ചെയ്ത് ഈ ശുശ്രൂഷയുടെ ഭാഗമാകുവാൻ അഭിഷേകാഗ്നി ടീം യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

https://us06web.zoom.us/j/85607798931?pwd=d2JJS1E4OW96bm0wcnhQYXNwUDYvQT09

ദിവസവും രാത്രി 8.30 മുതൽ 9.15 വരെയാണ് നൊവേന നടക്കുക . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഭാഷകളിൽ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്നി ടീമിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പൊസ്തലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന രൂപത കലോത്സവ മത്സരങ്ങൾക്ക് മുന്നോടിയായുള്ള റീജിയണൽ മത്സരങ്ങൾ പൂർത്തിയായി . രൂപതയിലെ പന്ത്രണ്ട് റീജിയണുകളിലായി നടത്തപ്പെട്ട മത്സരങ്ങളിൽ ഓരോ ഇടവക / മിഷൻ / പ്രൊപ്പോസഡ്‌ മിഷനുകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് മാറ്റുരച്ചത്. ബൈബിൾ പ്രതിഷ്ഠയോടുകൂടി ആരംഭിച്ച ഓരോ റീജിയണിന്റെയും മത്സരങ്ങൾ വിശ്വാസത്തിന്റെ വലിയ പ്രഘോഷണമായി മാറി . വചനമായി അവതരിച്ച ദൈവത്തെ കലയുടെ രൂപത്തിൽ വിവിധ സ്റ്റേജുകളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ വലിയ ഒരു വിശ്വാസ സാക്ഷ്യത്തിന് വേദിയായി ഓരോ മത്സരങ്ങളും . രൂപത മത്സരങ്ങൾ നവംബർ 18 ന് സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടും . റീജിയണുകളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥികളാണ് രൂപത മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്. ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ ,പതിനാറില്പരം സ്റ്റേജുകളിലായി നടത്തപ്പെടുന്ന രൂപത മത്സരങ്ങൾ, ബ്രിട്ടണിലെത്തന്നെ ഏറ്റവും വലിയ ബൈബിൾ അധിഷ്ഠിത മത്സരങ്ങൾക്കാണ് സാക്ഷിയാവുന്നത് . രൂപത മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി നൂറിൽപരം വോളന്റീർസിന്റെ സഹായത്തോടെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു .

രൂപത കലോത്സവ മത്സരങ്ങളോട് ചേർന്ന് നടത്തപ്പെടുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 31 നാണ് .റീജിയണൽ മത്സരങ്ങളിൽ നിന്നും രൂപത മത്സരങ്ങൾക്ക് യോഗ്യത നേടിയവരുടെ പേരുകൾ ഒക്ടോബർ 31 ന് മുമ്പ് രൂപത ബൈബിൾ അപ്പസ്റ്റോലേറ്റിൽ ലഭിക്കേണ്ടതാണെന്ന് ബൈബിൾ അപ്പോസ്തലേറ്റിന് വേണ്ടി പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

ബെഡ്ഫോർഡ്: ബെഡ്ഫോർഡ് കേന്ദ്രീകരിച്ച് കുർബ്ബാനയും ശുശ്രുഷകളും നടത്തിപ്പോരുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള മാസ്സ് സെന്റർ, മിഷനായി ഉയർത്തി. ബെഡ്ഫോർഡ് തിരുന്നാളിനോടനുബന്ധിച്ചുള്ള ശുശ്രുഷയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കുർബ്ബാന കേന്ദ്രത്തെ മിഷനായി പ്രഖ്യാപിക്കുകയും ട്രസ്റ്റികൾക്കു ഡിക്രി കൈമാറുകയും ആയിരുന്നു. ബെഡ്ഫോർഡിലും പരിസരങ്ങളിലുമായി താമസിക്കുന്ന നസ്രാണി കത്തോലിക്കരുടെ ചിരകാല അഭിലാഷമാണ് ഇതോടെ നിറവേറ്റപ്പെട്ടിരിക്കുന്നത്.

പ്രഥമ തിരുന്നാൾ ദിനത്തിൽ രാവിലെ ഒമ്പതു മണിക്ക് ജപമാല സമർപ്പണവും, വി.അൽഫോൻസാമ്മയോടുള്ള നൊവേനയുടെ സമാപനവും, തിരുന്നാൾ കൊടിയേറ്റും നടന്നു. തുടർന്ന് ഫാ.എബിൻ നീരുവേലിൽ വി സി, ഫാ.ജോബിൻ കൊശാക്കൽ എന്നിവർ സംയുക്തമായി ആഘോഷമായ തിരുന്നാൾ കുർബ്ബാന അർപ്പിച്ചു.

പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ബെഡ്ഫോർഡിൽ നടന്നുവന്നിരുന്ന ദശ ദിന ജപമാലയുടെ സമാപന സമർപ്പണം നടന്നു. തിരുന്നാളിന് മുഖ്യകാർമ്മികനായി എത്തിയ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനെ മിഷനംഗങ്ങൾ ദേവാലയ അങ്കണത്തിലേക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ച് ആനയിച്ചത്.

24 ഓളം വരുന്ന തിരുന്നാൾ പ്രസുദേന്തിമാരെ വാഴിച്ച ശേഷം ആരംഭിച്ച ഭക്തിനിർഭരമായ തിരുന്നാൾ ദിവ്യബലിയിൽ ബിഷപ്പ് മാർ സ്രാമ്പിക്കൽ മുഖ്യകാർമ്മീകനായി. 2005 ൽ ബെഡ്ഫോർഡിൽ വിശുദ്ധബലിക്ക് ആരംഭം കുറിച്ച ഫാ. മാത്യു വണ്ടാലക്കുന്നേൽ, മിഷൻ പ്രീസ്റ്റ് ഫാ.എബിൻ നീരുവേലിൽ വി സി എന്നിവരും സഹകാർമ്മികരായി. തിരുന്നാൾ കുർബ്ബാനക്കു ശേഷം, ലദീഞ്ഞും തുടർന്ന് വിശുദ്ധരുടെ രൂപങ്ങൾ ഏന്തി ദേവാലയം ചുറ്റി നടത്തിയ പ്രദക്ഷിണം പ്രധാന വേദിയായ ജോൺ ബനിയൻ സെന്ററിൽ സമാപിച്ചു.

ഉയർന്ന ഗ്രേഡുകൾ നേടിയ മതബോധന സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ മാർ ജോസഫ് സ്രാമ്പിക്കൽ തദവസരത്തിൽ വിതരണം ചെയ്തു.

ജോണ് ബനിയൻ സെന്ററിൽ നടത്തിയ ഇടവക ദിനാഘോഷം ബെഡ്ഫോർഡ് ആംഗ്ലിക്കൻ രൂപതയുടെ ബിഷപ്പ് റിച്ചർഡ് അറ്റ്കിൻ ഉദ്ഘാടനം ചെയ്തു. ബെഡ്ഫോർഡ് ആൻഡ് കെംപ്സ്റ്റൻ എംപി മുഹമ്മദ് യാസിൻ, മിഷൻ ഡയറക്ടർ ഫാ.എബിൻ നീരുവേലിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോബിൻ കൊശാക്കൽ, ക്രൈസ്റ്റ് ചര്ച്ച് വികാരി ഫാ റിച്ചാർഡ് അലഡിക്സ്, ഫാ. മാത്യു വണ്ടാലക്കുന്നേൽ, ഫാ. മാത്യു പീടികയിൽ തുടങ്ങിയ വൈദികരും പാരീഷ് ഡേയിൽ സന്നിഹിതരായിരുന്നു.

രാത്രി പന്ത്രണ്ടു മണിവരെ നീണ്ടു നിന്ന സൺഡേ സ്കൂളിന്റെ വാർഷികവും, ഭക്ത സംഘടനകളുടെ കലാ പരിപാടികളും ഏറെ ആകർഷകവും വിശ്വാസദീപ്തവുമായി. തിരുന്നാളിനോടനുബന്ധിച്ച് സ്നേഹവിരുന്നും, കരിമരുന്നു കലാപ്രകടനവും കമ്മിറ്റി ക്രമീകരിച്ചിരുന്നു.

സമാപന ദിനമായ മൂന്നാം ദിവസം മരിച്ചവിശ്വാസികളുടെ ഓർമ്മത്തിരുന്നാളിൽ വിശുദ്ധ ബലിയും ഒപ്പീസും നടത്തിയ ശേഷം തിരുന്നാളിന് കൊടിയിറങ്ങി.

മാത്യു കുരീക്കൽ ( കൺവീനർ), രാജൻ കോശി, ജയ്മോൻ ജേക്കബ്‌, ജോമോൻ മാമ്മൂട്ടിൽ, ജൊമെക്സ് കളത്തിൽ, ആന്റോ ബാബു, ജെയ്‌സൺ ജോസ് എന്നിവർ തിരുന്നാൾ ആഘോഷത്തിന് നേതൃത്വം വഹിച്ചു.

ഉണ്ണികൃഷ്ണൻ ബാലൻ

നോർത്തേൺ ഐലണ്ട് : കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലണ്ടൻ ഡറിയിലെ തടാകത്തിലുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞ റൂവൻ സൈമൺന്റെ സ്മരണാർത്ഥം നവംബർ ഒന്നിന് സമീക്ഷ യു കെ ലിസ്ബൺ യൂണിറ്റ് ‘കോഫി ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നു.

സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവനും നഷ്ടപ്പെടുത്തിയ റൂവന്റെ ധീരതക്കും, നിസ്വർത്ഥതക്കുമുള്ള ആദരവും , റൂവന് നൽകുന്ന സ്മരണാഞ്ജലിയുമായിരിക്കും ഈ ‘കോഫി ഫെസ്റ്റിവൽ’.

ലിസ്ബൺ റാക്കറ്റ് ക്ലബ്ബിൽ നവംബർ ഒന്ന് ഉച്ചക്ക് രണ്ട് മണി മുതൽ ഏഴ് മണി വരെ നടക്കുന്ന പരിപാടിയിൽ വ്യത്യസ്ത രീതിയിൽ തയ്യാറാക്കിയ കോഫികളും, കേരളത്തിന്റെ വൈവിദ്ധ്യമാർന്ന പല ഹാരങ്ങളും അതിഥികൾക്കായി ഒരുക്കിയിരിക്കുന്നു.

റൂവന്റെ ഓർമ്മയക്കായി കേരളത്തിലെ ഒരു നിർധന കുടുംബത്തിന് വേണ്ടി ഒരുങ്ങുന്ന ‘സ്നേഹഭവന’ ത്തിന്റെ നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവനക സ്വീകരിക്കുക എന്നതാണ് ഈ ‘കോഫി ഫെസ്റ്റിവലി’ന്റെ മുഖ്യ ഉദ്ദേശം.

പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് കോഫിയുടെ ചരിത്രം, വ്യത്യസ്ത രാജ്യങ്ങളിലെ കോഫിയുടെ സവിശേഷതകൾ, രുചിഭേദങ്ങൾ, ചായ, കോഫി, ലലുഭക്ഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഓരോ രാജ്യത്തിന്റെയും സാംസ്കാരികപശ്ചാത്തലം.. എന്നിവയെല്ലാം ഈ പരിപാടിയിൽ ചർച്ചാ വിഷയങ്ങളാകും.
കോഫി എന്ന പാനീയത്തെക്കുറിച്ചുളള ചർച്ച ഓരോ രാജ്യത്തിന്റെ ചരിത്രത്തിലേക്കും, സംസ്കാരത്തിലേക്കും വെളിച്ചം വീശുന്ന ആശയസംവാദ വേദി കൂടിയായി മാറുമെന്ന് സമീക്ഷ ലിസ്ബൺ യൂണിറ്റ് ഭാരവാഹികളായ ശ്രീ വൈശാഖ് മോഹൻ (സെക്രട്ടറി), ശ്രീ സ്മിതേഷ് ശശിധരൻ (പ്രസിഡന്റ്) എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചു.

‘കോഫി ഫെസ്റ്റ്’ ന്റെ ഔപചാരികമായ ഉദ്ഘാടനം ബെൽ ഫാസ്റ്റ് മലയാളി അസ്സോസ്സിയേഷൻ ജന.സെക്രട്ടറി ശ്രീ ജയൻ മലയിൽ നിർവ്വഹിക്കും. സമീക്ഷ യു.കെ ദേശീയ സമിതി അംഗം ശ്രീ.ബൈജു നാരായണൻ, ശ്രീ. ജോസഫ് കുര്യൻ ( ഷാജി – ബാലിമിന ), ശ്രീ മഹേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

റൂവൺ സൈമൺന്റെ സ്മരണാർത്ഥം സമീക്ഷ യു.കെ ലിസ്ബൺ യൂണിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ കാരുണ്യ പ്രവർത്തിന്റെ ഭാഗമാകാൻ എല്ലാ പ്രിയ സഹോദരങ്ങളേയും ഹൃദയപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററും, അഭിഷിക്ത തിരുവചന ശുശ്രുഷകയും, അനുഗ്രഹീത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ് എച്ച് നയിക്കുന്ന ഓൺലൈൻ ശുശ്രുഷകൾ ‘സൂം’ പ്ലാറ്റുഫോമിലൂടെ നവംബർ 19 മുതൽ 22 വരെ ലഭ്യമാവും.
ആന്തരിക സൗഖ്യം, രോഗശാന്തി, ആരാധന, വിടുതൽ, വചന സന്ദേശം തുടങ്ങിയ ആല്മീയ ശുശ്രുഷാ മേഖലകൾ സംയോജിപ്പിച്ച് നടത്തപ്പെടുന്ന  ഓൺലൈൻ അഭിഷേക ശുശ്രുഷകളാണ് സിസ്റ്റർ ആൻ മരിയ വിഭാവനം ചെയ്യുന്നത്.
ഇന്ത്യ,അമേരിക്ക, യു കെ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ സൗകര്യ പ്രദമായി പങ്കുചേരുവാൻ ഉതകുന്ന വിധത്തിലാണ് ധ്യാന ശുശ്രുഷകൾ ZOOM ലൂടെ ക്രമീകരിച്ചിരിക്കുന്നത്.
ആന്തരിക മുറിവുകളെയും, ശാരീരിക-മാനസ്സീക രോഗങ്ങളെയും സൗഖ്യപ്പെടുത്തി മനസ്സിനും ശരീരത്തിനും സ്വസ്ഥതയും ശാന്തിയും  ആരോഗ്യവും പകരുന്ന തിരുവചനത്തിലൂന്നിയുള്ള ശുശ്രുഷകളിൽ പങ്കു ചേർന്ന് കൃപകളും അനുഗ്രഹങ്ങളും വിടുതലും പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
CONTACT: + 44 7915 602258, +44 7848 808550
ZOOM MEETING ID: 597 220 6305
 PASS CODE: 1947

IND(01:00-02:30),UK(19:30-21:00),USA(14:30-16:00),AUS(06:30-08:00)

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഡിസംബർ മാസം 16 ന് ശനിയാഴ്ച ലണ്ടൻ റീജൻ ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകും.
പ്രശസ്ത ധ്യാന ഗുരുവും, സീറോ മലബാർ യൂത്ത്  അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും, മ്യൂസിഷ്യനും, ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്‌ടാവും ആയ ഫാ. ബിനോജ് മുളവരിക്കൽ ലണ്ടൻ ബൈബിൾ കൺവെൻഷൻ നയിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ SH വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.
ലണ്ടൻ റീജണിലെ മിഷനുകളുടെ കോർഡിനേറ്ററും ഇവാഞ്ചലൈസേഷൻ ഡയറക്ടറുമായ ഫാ.ജോസഫ് മുക്കാട്ട് സഹകാർമികത്വം വഹിക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം അരുളുകയും ചെയ്യും.
ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ രാവിലെ ഒമ്പതരക്ക് ആരംഭിച്ചു വൈകുന്നേരം നാലു മണിയോടെ സമാപിക്കും. തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ റീജണൽ കോർഡിനേറ്റർ മാത്തച്ചൻ വിളങ്ങാടൻ എന്നിവർ അറിയിച്ചു.
കുമ്പസാരത്തിനും,സ്പിരിച്യുൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ലഘുഭക്ഷണം ക്രമീകരിക്കുന്നതാണ്.
കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ക്രമീകരിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മാത്തച്ചൻ വിളങ്ങാടൻ – 07915602258

Venue: Sir Walter Raleigh  Drive, Rayleigh SS6 9BZ

ലണ്ടൻ• മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ,യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനത്തിന്റെ മാതൃദേവാലയമായ ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ ഇടവക പെരുന്നാൾ ഒക്ടോബർ 29 മുതൽ നവംബർ 5 വരെ നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മുഖ്യകാർമ്മികത്വം വഹിക്കും.

 

ഇന്ന് നടക്കുന്ന പെരുന്നാൾ കൊടിയേറ്റ് ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശി നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കൺവൻഷനും പ്രധാന പെരുന്നാൾ ദിവസങ്ങളിൽ ഒന്നായ നവംബർ 4 ന് എല്ലാ വർഷവും നടത്തി വരാറുള്ള തീർത്ഥാടനവും നടക്കും. ലണ്ടനിലെ വിവിധ ഓർത്തഡോക്സ് ഇടവകളിൽ നിന്നും പ്രാർത്ഥന കൂട്ടായ്മകളിൽ നിന്നും തീർത്ഥാടകർ പദയാത്രയായി പള്ളിയിലേക്ക് എത്തി ചേരും. ഉച്ചയ്ക്ക് 12 മണിക്ക് തീർത്ഥാടകകർക്കുള്ള സ്വീകരണവും ഉച്ച നമസ്കാരവും കഞ്ഞി നേർച്ചയും ഉണ്ടായിരിക്കും.

 

വൈകിട്ട് 5 ന് സന്ധ്യ നമസ്കാരവും കണവൻഷൻ പ്രസംഗവും അതെ തുടർന്ന് പുണ്യസ്മൃതിയും ശ്ലൈഹീക വാഴ്‌വും ഉണ്ടായിരിക്കും. പ്രധാന പെരുന്നാൾ ദിവസമായ നവംബർ 5 ന് രാവിലെ 8.30 ന് പ്രഭാത നമസ്ക്കാരവും 9.30 ന് വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് ഭക്തി നിർഭരമായ റാസയും ശ്ലൈഹീക വാഴ്‌വും നേർച്ചവിളമ്പും ഉണ്ടായിരിക്കും. പെരുന്നാൾ ക്രമികരണങ്ങൾക്ക് ഇടവക ട്രസ്റ്റി സിസൻ ചാക്കോ, സെക്രട്ടറി ബിജു കൊച്ചുണ്ണുണി, പെരുന്നാൾ കൺവീനർ റോയസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്‌.

പെരുന്നാളിനോട് അനുബന്ധിച്ച് റാഫിൾ നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു. ഒന്നാം സമ്മാനമായി ഒരു പവൻ സ്വർണ്ണം, രണ്ടാം സമ്മാനമായി ആപ്പിൾ വാച്ച്, മൂന്നാം സമ്മാനമായി ആമസോൺ ഫയർ എച്ച് ഡി ടാബ്ലറ്റ് എന്നിവ നൽകും. നവംബർ 4, 5 തീയതികളിൽ ജെക്യൂബ് മൾട്ടിമീഡിയയിലൂടെ പെരുന്നാൾ ലൈവും ഉണ്ടായിരിക്കുന്നതാണ്.

കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. നിരവധിപ്പോര്‍ക്ക് പരുക്കേറ്റു. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം. നിരവധി ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നാണ് വിവരം. 23 പേര്‍ക്ക് പരുക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടര്‍ സ്‌ഫേടനമുണ്ടായെന്ന് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടയാള്‍ പറഞ്ഞു. രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വാറ്റ്ഫോർഡ്‌ വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ വാർഷിക കൺവൻഷൻ ഒക്ടോബർ 27 വെള്ളി, 28 ശനി തിയ്യതികളിൽ വൈകുന്നേരം 6.30 മുതൽ 9 മണിവരെയും യൂത്ത് സെമിനാർ ഒക്ടോബർ 27 വെള്ളി വൈകുന്നേരം 3 മണി മുതൽ 5 മണിവരെയും നടത്തപ്പെടുന്നു.

കർത്തൃദാസൻ പാസ്റ്റർ ജോർജ് അലകസാണ്ടർ (യു. എസ്. എ) ദൈവ വചനം ശുശ്രൂഷിക്കുകയും ഡോക്ടർ ബ്ലെസൻ മേമന യൂത്ത്‌ സെമിനാർ നയിക്കുകയും ചെയ്യുന്നു.

ഐ പി സി യൂക്കെ & അയർലൻഡ്‌ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ്ജ് കൺവൻഷൻ ഉദ്‌ഘാടനം നിർവ്വഹിക്കുകയും. റീജിയൻ സെക്രട്ടറി പാസ്റ്റർ ഡീഗൾ ലൂയിസ് ഒക്ടോബർ 28നു ആമുഖ പ്രസംഗം നടത്തുകയും ചെയ്യും.

സ്ഥലം- HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE.

ഈ മീറ്റിംഗിലേക്കു ഏവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു. ദൈവ വചനം കേൾക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും ഇത് ഒരു വിലയേറിയ അവസരമാകും.

Free Parking available on site. Further details please contact Pastor Johnson George #07852304150 / Roy Chacko #07341430791 Website: wbpfwatford.co.uk & Email [email protected]

ഓണാഘോഷപ്പെരുമഴ യു.കെയിലെങ്ങും പെയ്തൊഴിഞ്ഞപ്പോഴാണ് ഒരു കലാ-കായികമാമാങ്കത്തിന്റെ ഒരുക്കങ്ങൾ സമീക്ഷ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ യുകെയിൽ മുഴുവൻ നിലനിന്ന പ്രതികൂല കാലാവസ്ഥയെ കുറിച്ച് ഏറെ ആശങ്കകളും , ഉൽക്കണ്ഠയും ഉണ്ടായിരുന്നു എങ്കിലും എല്ലാ ആശങ്കകളേയും അസ്ഥാനത്താക്കിക്കൊണ്ട് എല്ലാ ഉൽക്കണ്ഠകളേയും കാറ്റിൽ പറത്തിക്കൊണ്ട് ചെംസ്ഫോർഡിന്റെ മണൽത്തരികളെപ്പോലും കോരിത്തരിപ്പിക്കുന്ന വിജയഭേരിയോടെയാണ് സമ്മർ ഫെസ്റ്റിന് ഒക്ടോബർ 22 ഞായറാഴ്ച്ച തിരശ്ശീല വീണത്.

ചെമ്സ്ഫോർഡ് മേയർ കൗൺസിലർ ലിൻഡ മസ്‌കോട്ട് സമീക്ഷ യുകെ സമ്മർഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി, നാഷ്ണൽ വൈസ് പ്രസിഡൻറ് ശ്രീ ഭാസ്കർ പുരയിൽ, ചെംസ്ഫോർഡ് യൂണിറ്റ് പ്രസിഡൻറ് ശ്രീ ആന്റണി ജോമോൻ ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത വാശിയേറിയ വടംവലി മത്സരവും തിരുവാതിരകളി മത്സരവും ഹൃദ്യമായ കലാപരിപാടികളും ഒക്കെയായി ഓണഗ്രാമം കാണികൾക്ക് മറക്കാൻ കഴിയാത്ത ഒന്നായി മാറി .
യുകെയിലെ പ്രഗത്ഭൻമാർ മാറ്റുരച്ച വാശിയേറിയ വടംവലി മത്സരത്തിൽ ഹെയർഫോർഡ് അച്ചായൻസ് ഒന്നാം സ്ഥാനം കരസ്തമാക്കി. ടൺബ്രിഡ്ജ് വെൽസ് ടസ്കേഴ്സ് കെന്റ് കിംഗ്സ് രണ്ടാം സ്ഥാനം, വോർസെസ്റ്റർ തെമ്മാഡിസ് മൂന്നാം സ്ഥാനം, ടൺബ്രിഡ്ജ് വെൽസ് കെന്റ് റോയൽസ് നലാം സ്ഥാനം, എസ്എംസി സാലിസ്ബറി അഞ്ചാം സ്ഥാനം, എവർഷൈൻ കാന്റർബറി ആറാം സ്ഥാനം, സ്റ്റോക്ക് ലയൺസ് ഏഴാം സ്ഥാനം, തൊമ്മനും മക്കളും എട്ടാം സ്ഥാനം എന്നിവരാണ് മറ്റു വിജയികൾ.

മലയാളികളുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും ഈണവും താളവും ഒക്കെയായി അരങ്ങേറിയ വാശിയേറിയ തിരുവാതിര കളി മത്സരം ഒണഗ്രാമത്തിന്റെ മാറ്റു കൂട്ടി. മത്സരത്തിൽ തനിമ നോർത്താംപ്റ്റൺ ഒന്നാം സ്ഥാനവും, കെറ്ററിംഗ് ഗേൾസ് രണ്ടാം സ്ഥാനവും, ബി.എം.എ ബെഡ്ഫോർഡ് മൂന്നാം സ്ഥാനവും, തുമ്പപൂ വോർത്തിംഗ് നാലാംസ്ഥാനവും നേടി.


വാശിയേറിയ മത്സരങ്ങൾക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിന് സമീക്ഷയുകെ നാഷ്ണൽ പ്രസിഡൻറ് ശ്രീ ശ്രീകുമാർ ഉള്ളപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനത്തിലും സമ്മാനദാനത്തിലും നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. കുമാരി തൃഷ സുധി, ശ്രീ വിഷ്ണു ദാസ് എന്നിവരുടെ ഗാനാലാപനവും കുമാരി അക്സ രാജേഷിന്റെ ചടുലമായ നൃത്തച്ചുവടുകളും സദസ്സിന് ഏറെ ഹൃദ്യമായി.

സമ്മർ ഫെസ്റ്റിന്റെ വിജയത്തിനായി അരങ്ങിലും, അണിയറയിലും പ്രവർത്തിച്ച മുഴുവൻ സഹോദരങ്ങളെയും സമീക്ഷ യുകെ ഹൃദയത്തോട് ചേർത്ത് വെച്ച് നന്ദിയും കടപ്പാടും അറിയിക്കുന്നതായും, കലാ, സാംസ്കാരിക പ്രവർനത്തിന്റെ പുതിയ വഴികൾ തേടി സമീക്ഷയുകെ യാത്ര തുടരുമ്പോൾ തുടർന്നും യുകെയിലെ മുഴുവൻ മലയാളി സമൂഹത്തിന്റെ അകമൊഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നതായും സംഘാടകർ അറിയിച്ചു.

Copyright © . All rights reserved
➤