Latest News

ഒളിച്ചോടാന്‍ നേരം കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ കാമുകന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് നാലു വയസ്സുള്ള മകനെ അടിച്ചുകൊന്ന് യുവതി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലെ കുന്തഖാലി വില്ലേജിലാണ് ക്രൂരമായ സംഭവം ഉണ്ടായത്.

മഫൂസ എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്. മഫൂസ എന്ന യുവതി അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും നാടുവിട്ട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖ് വിസമ്മതിക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് കുട്ടിയെ കൊല്ലാന്‍ മഫൂസ തീരുമാനിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടിയുടെ മൃതദേഹം പ്രദേശവാസികളാണ് കണ്ടെടുത്തത്. ക്രൂരമായി മര്‍ദ്ദനമേറ്റതിനാല്‍ കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. നേരത്തേയും കുട്ടിയെ അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖ് മര്‍ദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മാവന്‍ അബു സിദ്ധീഖി പറയുന്നു.

കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണെന്ന് ബറൈയ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മസൂദ് ഹസന്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, മഫൂസയും അബ്ദുള്‍ ഹുസൈന്‍ ഷെയ്ഖും ഒളിവിലാണ്.

സിവില്‍ സര്‍വീസ് പരിശീലന വേദിയില്‍ ജാതീയത പരാമര്‍ശവുമായി എഡിജിപി എസ് ശ്രീജിത്ത്. കേരളത്തിലെ പ്രബല സമുദായം നായന്‍മാരാണെന്നും മറ്റ് സമുദായങ്ങള്‍ അവരുടെ രീതികള്‍ പകര്‍ത്തുകയായിരുന്നുവെന്നുമാണ് ശ്രീജിത്ത് പറഞ്ഞു.

യുപിഎസ്സി കേരളയുടെ യൂ ട്യൂബ് പേജിലാണ് ഈ വിദ്വേഷ പരാമര്‍ശത്തിന്റെ വീഡിയോ പങ്കുവച്ചത്. പരിശീലന ക്ലാസിലുണ്ടായിരുന്ന മുസ്ലിം പെണ്‍കുട്ടിയോട് തറവാട്ടില്‍ ആരൊക്കെയുണ്ടെന്ന് ശ്രീജിത്ത് ചോദിക്കുന്നു. ആ കുട്ടി എല്ലാവരുമുണ്ടെന്ന് മറുപടിയും പറയുന്നു. എന്നാല്‍, ഫിദയ്ക്ക് എന്നാടോ തറവാട് വന്നത് എന്നായിരുന്നു ശ്രീജിത്ത് സദസിനോട് ചോദിക്കുന്നത്.

‘ഫിദ ഇസ്‌ലാം അല്ലേ, നിനക്കെവിടെയാടോ തറവാട്. ഈ തറവാട് എന്നത് നായര്‍ കണ്‍സപ്റ്റ് ആണ്. തറവാട് എന്ന വാക്ക് നായരുടെ വാക്കാണ്. ഇവിടെ ഉള്ള എല്ലാവരും ഇപ്പോള്‍ തറവാട് എന്ന് പറയും. മനസ്സിലായോ? നമ്പൂതിരിയാണ് ഡൊമിനന്റ് കാസ്റ്റ് എങ്കില്‍ നമ്മള്‍ ഇല്ലം അല്ലെങ്കില്‍ മന എന്ന് പറയും. ഇപ്പോള്‍ ആശാരിമാരും ഈഴവന്‍മാരും തറവാട് എന്ന് പറയും.

ഫിദ പറയുന്നു തറവാടെന്ന്. എടോ നിങ്ങള്‍ക്ക് ജാതിയില്ല എന്ന കാര്യം അറിയോ? പ്രവാചകന് ജാതിയുണ്ടായിരുന്നോ?’ ‘എന്നാല്‍ ഇവര്‍ ഇവിടെ എന്ത് ചെയ്യുന്നു. ഒരു പ്രത്യേക ജാതിയുടെ ഭാഷകള്‍ മാത്രം ഉപയോഗിക്കുന്നു. സംജ്ഞകള്‍ മാത്രം ഉപയോഗിക്കുന്നു. അതാണ് ഡൊമിനന്റ് കാസ്റ്റിന്റെ പ്രത്യേകത’. ഇതായിരുന്നു ശ്രീജിത് ഐപിഎസ് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകളാണ് ഈ വീഡിയോയെ വിമര്‍ശിക്കുന്നത്.

എസ്എംഎ ബാധിതനായ ഒന്നരവയസ്സുകാരന്‍ നിര്‍വാണിന് കാരുണ്യ മനസ്സുകളുടെ സഹായ ഹസ്തം. നിര്‍വാണിന്റെ ചികിത്സക്കായി രൂപീകരിച്ച അക്കൗണ്ടിലേക്ക് 18 കോടിയുടെ കനിവെത്തി. നിര്‍വാണിന് പിച്ച വച്ച് ഓടിച്ചാടി നടക്കാന്‍ ഇനി മരുന്ന് എത്തിയാല്‍ മതി. അവശ്യമായ തുക എത്തിയതോടെ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് കുടുംബം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് നിര്‍വാണിന് വേണ്ടിയുള്ള അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ സഹായമെത്തിയത്. നിര്‍വാണിന്റെ ചികിത്സക്കായി രൂപീകരിച്ച അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ ഡോളര്‍ (ഏകദേശം 11.6 കോടി ഇന്ത്യന്‍ രൂപ) അജ്ഞാത വ്യക്തിയാണ് സംഭാവന ചെയ്തത്. മരുന്നിനുള്ള ഓര്‍ഡര്‍ നല്‍കുകയാണെന്നും അറിയിച്ചിരുന്നു. മരുന്ന് എത്തുമ്പോഴേക്കും ഒരു കോടി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷ കനിവുള്ള മനസ്സുകള്‍ കൈവിട്ടില്ല.

പേരും വ്യക്തി വിവരങ്ങളും പങ്കുവയ്ക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാണ് ആ ഏറ്റവും വലിയ കാരുണ്യ മനസ്സ് നിര്‍വാണിനായി 11.6 കോടി നല്‍കിയത്. 17.3 കോടി രൂപ വില വരുന്ന സോള്‍ജെന്‍സ്മ മരുന്നാണ് കുഞ്ഞ് നിര്‍വാണിന് ആവശ്യം.

ജനുവരിയില്‍ മൂന്നാഴ്ച നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നിര്‍വാണിന് സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി സ്ഥിരീകരിച്ചത്. ജനിച്ച് പതിമൂന്ന് മാസം പിന്നിട്ടിട്ടും നിര്‍വാണിന് ഇരിക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിച്ചിട്ടില്ല. കുഞ്ഞിന് രണ്ട് വയസ്സാകുന്നതിന് മുമ്പ് മരുന്ന് നല്‍കിയാല്‍ മാത്രമേ പ്രയോജനം ഉള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് കുടുംബം സുമനസ്സുകളുടെ സഹായം തേടിയത്.

യുവാക്കളുടെ ഇഷ്ട്ട താരമായി മാറിയ നടനാണ് ആസിഫ് അലി. കഥ തുടരുന്നു ആയിരുന്നു താരത്തിന്റ രണ്ടാമത്തെ ചിത്രം. ആസിഫ് അഭിനയിച്ച മിക്ക ചിത്രങ്ങളും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയവയായിരുന്നു. അപൂർവ രാഗം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിന് നിരവധി അവാർഡുകൾ സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇതു നമ്മുടെ കഥ, സാൾട്ട് ആൻഡ് പെപ്പർ, കെട്യോളാണെന്റെ മാലാഖ, കൂമൻ, കൊത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.

ഇപ്പോഴിതാ കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മമ്ത മോഹദാസും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ അനിഖ സുരേന്ദ്രനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ വയറലാവുന്നു. മംമ്തയും ആസിഫും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ അവതാരിക അനിഖയുടെ ഒരു മെസ്സേജ് ഇരുവരെയും കാണിക്കുകയായിരുന്നു. കഥ തുടരുന്നു എന്ന ചിത്രത്തിൽ ഇരുവരുടെയും മകളായിട്ടായിരുന്നു അനിഖ അന്ന് അഭിനയിച്ചത്. നിങ്ങളുടെ രണ്ടാമത്തെ ചിത്രത്തെ കുറിച്ച് പറയുമ്പോൾ തന്നെ കുറിച്ചും എന്തെങ്കിലുമൊക്കെ പറയണം എന്നായിരുന്നു അനിഖയുടെ മെസ്സേജ്.

കഥ തുടരുന്നു എന്ന ചിത്രം തീയറ്ററിൽ കണ്ട് ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ തോന്നിയ അതേ കാര്യമായിരുന്നു തന്റെ സുഹൃത്ത് തന്നോട് ചോദിച്ചത്. ആ കൊച്ചിന് മാങ്ങ ചോദിക്കാൻ കണ്ട നേരം എന്ന്. ഇല്ലെങ്കിൽ താൻ ആ സിനിമയിൽ മൊത്തം ഉണ്ടായിരുന്നേനെ എന്ന് ആസിഫ് പറയുന്നു. ഇപ്പോഴും തന്റെ മകൾ ആ പാട്ട് കാണുമ്പോൾ അത് ആരാ ആ കുട്ടി എന്ന് ചോദിക്കും. താൻ അവളെ മടിയിലിരുത്തി കീബോർഡ് വായിച്ചുകൊടുക്കുമ്പോൾ അവളോട് പറഞ്ഞിട്ടുണ്ട് നീ വലുതാവുമ്പോൾ എന്റെ ഹീറോയിൻ ആയി അഭിനയിക്കുമെന്ന്. താൻ തമാശയ്ക്ക് പറഞ്ഞതാണ്. എന്നാൽ ഇപ്പോൾ കഥ കേൾക്കാൻ തുടങ്ങിയപ്പോൾ ഹീറോയിനായി അനിഖയെ ആൾക്കാർ സജസ്റ്റ് ചെയ്തു തുടങ്ങി എന്ന് താരം പറയുന്നു.

ലണ്ടൻ: ലണ്ടൻ ബോറോ ഓഫ് എൻഫീൽഡ് യൂത്ത് കൗൺസിൽ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴക്കാരൻ ഡാരൻ പ്രിൻസ് പോളിന് ഉജ്ജ്വല വിജയം. ലണ്ടൻ ബോറോ ഓഫ് എൻഫീൽഡ് യൂത്ത് കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച 32 പ്രഗത്ഭരായ മത്സരാർഥികളിൽ നിന്നും വലിയ ഭൂരിയപക്ഷത്തോടെ കൗണ്സിലറായി തെരഞ്ഞെടുക്കപ്പെട്ട ഡാരൻ പോൾ, തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട 20 കൗൺസിലർമാർക്ക് ഒന്നിച്ചു കൂടുവാനും, പരസ്പരം പരിചയപ്പെടുത്തുന്നതിനും, ആശയങ്ങളും, ലക്ഷ്യങ്ങളും, പദ്ധതികളും പ്രകടിപ്പിക്കുവാനും കിട്ടിയ വേദിയാണ് ഡാരൻ തനിക്കു അനുകൂലമാക്കിയത്.

ഡാരൻ മുന്നോട്ടു വെച്ച തന്റെ പ്രകടനപത്രികയിലൂടെ യുവജനത നേരിടുന്ന പ്രശ്നങ്ങളും, പ്രതിസന്ധികളും,സുരക്ഷാ വീഴ്ചകളും വ്യക്തതയോടെ അവതരിപ്പിക്കുകയും, അതിനുള്ള കൃത്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. തന്നിലുള്ള മികച്ച വാഗ്മി, ദീർഗ്ഗ വീക്ഷണം, സാമൂഹിക പ്രതിബന്ധത, നേതൃത്വ പാഠവം എന്നിവ സദസ്സിൽ പ്രതിഫലിപ്പിക്കുവാനും, കായിക-വിദ്യാഭ്യാസ, കലാ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ നിരത്തിവെക്കുവാനും തനിക്കു ലഭിച്ച ഹൃസ്യ സമയത്തിനുള്ളിൽ ഏവരുടെയും ശ്രദ്ധപിടിച്ചു നേടുവാനും, അവർക്കു പ്രചോദനമാകുവാനും കഴിഞ്ഞ ഡാരൻ പോളിന് മേയർ പദവി ‘ഈസി വാക്കോവർ’ ആവുകയായിരുന്നു.

ഡാരൻ പ്രിൻസ് പോൾ ഇനി എൻഫീൽഡിലും പരിസരത്തുമായി നിവസിക്കുന്ന പതിനൊന്നിനും, പതിനേഴിനും ഇടയിൽ പ്രായമുള്ള ആയിരക്കണക്കിന് വരുന്ന യുവജനതയെ പ്രതിനിധീകരിച്ച് അവരുടെ ആരോഗ്യ-സുരക്ഷ-മാനസ്സിക-ക്ഷേമ മേഖലകളിൽ ആവശ്യമായ സേവനങ്ങൾ സംജാതമാക്കുക, യുവാക്കളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുക, പ്രാദേശിക വിഷയങ്ങളിൽ കൗൺസിൽ എടുക്കുന്ന നയങ്ങളെയും, പ്രധാന തീരുമാനങ്ങളെയും ക്രിയാത്മകമായി സ്വാധീനിക്കുക, സമൂഹത്തിൽ യുവജനതക്കായി ശബ്ദിക്കുക, കൗണ്സിലമാരുടെ പ്രവർത്തനങ്ങളിൽ സഹായിക്കുക അടക്കം ഇനി യൂത്ത് മേയർ എന്ന പദവിയിൽ ഡാരൻ പ്രിൻസ് എൻഫീൽഡ് ബോറോയിലെ യുവാക്കൾക്കിടയിൽ മുഖ്യ നേതൃത്വം വഹിക്കും.

എൻഫീൽഡിലെ യുവാക്കളുടെ താൽപ്പര്യങ്ങൾ രാഷ്ട്രീയനേതൃത്വത്തിലും, എൻഫീൽഡ് നിവാസികൾക്കിടയിലും, എൻഎച്ച്എസ് പോലുള്ള പൊതു സേവനമേഖലകളിലും ഇനി യുവജനതയെ പ്രതിനിധീകരിക്കുക ഈ മിടുക്കനായിരിക്കും. കൗൺസിൽ അസംബ്ലിയിലെ എല്ലാ പ്ലാനിങ്, അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിലും ഡാരൻ പങ്കെടുക്കും. പ്രാദേശിക യൂത്ത് ബജറ്റ് തയ്യാറാക്കുവാൻ സഹായിക്കുക, ചില സുപ്രധാന പരിപാടികളിൽ മേയർക്കൊപ്പം പങ്കു ചേരുക, ഫുൾ കൗൺസിൽ മീറ്റിംഗുകളിൽ പങ്കെടുക്കുക, പ്രാദേശികമായി തിരഞ്ഞെടുക്കുന്ന നല്ല ചാരിറ്റി പ്രവർത്തനത്തിൽ നേതൃത്വം വഹിക്കുക എന്നിവ ഉത്തരവാദിത്വങ്ങളിൽ പെടും. എന്നിരുന്നാലും വോട്ടിങ് അധികാരം ഉണ്ടായിരിക്കില്ല.

അദ്ധ്യാപകരുടെ താൽപ്പര്യവും പ്രോത്സാഹനവുമാണ് യൂത്ത് കൗൺസിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരാർത്ഥിയാകുവാൻ ഉള്ള പ്രചോദനം ഡാരന് ലഭിച്ചതെന്ന വസ്തുത തന്നെ ഡാരന്റെ അർഹമായ അംഗീകാരത്തിന്റെ സാക്ഷ്യപത്രമാണ്.

നാനാ മേഖലകളിൽ മികവ് പുലർത്തുന്ന ഡാരൻ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ആല്മീയ കാര്യങ്ങളിലും സജീവമാണ്. ലണ്ടൻ എൻഫീൽഡ് ഡിസ്ട്രിക്ട് ഫുട്ബോൾ ടീം, ലിമിറ്റ്‌ലെസ് ഫുട്‌ബോൾ അക്കാദമി തുടങ്ങിയ ടീമുകളിലെ മികച്ച കളിക്കാരനും, താൻ പഠിക്കുന്ന ലാറ്റിമേർ സ്കൂളിലെ സ്പോർട്സ് ക്യാപ്റ്റനും, തായ്‌ക്വോണ്ടോ ബ്ളാക്ക് ബെൽറ്റ് ജേതാവുമാണ്. ഈ ചെറുപ്രായത്തിൽത്തന്നെ തായ്‌ക്വോണ്ടോ മത്സരങ്ങളിലെ നാഷണൽ അംഗീകൃത റഫറിയാണെന്നുള്ളതും ശ്രദ്ധേയമാണ്. കൊച്ചുകുട്ടികൾക്ക് തായ്‌ക്വോണ്ടോയിലും ഫുട്‌ബോളിലും പരിശീലനം നൽകുവാനും ഡാരൻ സമയം കണ്ടെത്താറുണ്ട്.

സ്കിറ്റുകൾ തയ്യാറാക്കി സംവിധാനം ചെയ്യാറുള്ള ഡാരൻ പഠനത്തിൽ സ്ഥിരതയാർന്ന ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്നുണ്ട്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗത്തിനു നാഷണൽ ലെവൽ മത്സരത്തിൽ പലതവണയും പങ്കെടുത്തിട്ടുള്ള മിടുക്കൻ വാൽത്താംസ്‌റ്റോ ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ സജീവമായി പങ്കെടുക്കാറുണ്ട്.

ഡാരന്റെ 10 വയസ്സുള്ള സഹോദരൻ അഡ്രിയാൻ പോൾ ഹസ്റ്റ് ഡ്രൈവ് പ്രൈമറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ജ്യേഷ്‌ഠനെ പിന്തുടരുന്ന അഡ്രിയാൻ പഠനത്തിലും,തായ് ക്വോണ്ട, ഫുട്ബാൾ എന്നിവയിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നു.

ബാങ്കിങ് മേഖലയിൽ അസോസിയേറ്റ് ഡയറക്ടറായ പ്രിൻസ് പോളിന്റെയും, ക്ലിനിക്കൽ സർവീസ് മേധാവിയായ ജോമോൾ പോളിന്റെയും മകനാണ് ഡാരൻ. പ്രിൻസ് പോൾ മൂവാറ്റുപുഴ, ആനിക്കാട്ട് , വടക്കുംപാടം കുടുംബാംഗമാണ്. നോർത്ത് ലണ്ടനിൽ, എൻഫീൽഡിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്.

ബാംബോസ് ചാരലംബൗസ് (എംപി), ഡോറിസ് ജിയഗേ (മേയർ) തുടങ്ങി നിരവധി വ്യക്തികൾ ഡാരൻ പോളിനെ അഭിനന്ദിച്ചു.

ടോം ജോസ് തടിയംപാട്

അനുവിനുവേണ്ടി വയനാട് എം പി രാഹുൽ ഗാന്ധി ഇടപെട്ടു ബോഡി , നാട്ടിൽകൊണ്ടുപോകാൻ എംബസി പണം അനുവദിച്ചു. ലിവർപൂൾ സമൂഹം അനുവിന് ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നു വിടനൽകി
ഫെബ്രുവരി മാസം 12 നു മാഞ്ചസ്‌റ്റെർ ഹോസ്പിറ്റലിൽ അന്തരിച്ച വയനാട് കാട്ടിക്കുളം സ്വാദേശി അനു മാർട്ടിന്റെ മൃതശരീരം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുന്നതിനു വേണ്ടി വരുന്ന ചിലവുകൾ മുഴുവൻ ഇന്ത്യൻ ഹൈക്കമ്മീഷൻ വഹിക്കാമെന്നു അനുവിന്റെ ഭർത്താവ് മാർട്ടിൻ വി ജോർജിനെ എംബസി അറിയിച്ചു .

അനു മരിച്ച ഉടൻ തന്നെ ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ പി ഉസ്‌മാനുമായി ബന്ധപ്പെട്ടു ഫോൺ നമ്പർ സംഘടിപ്പിച്ചു വയനാട് എം എൽ എ, ടി സിദ്ദിക്കുമായി ബന്ധപ്പെടുകയും സിദ്ദിഖ് മാർട്ടിനെ വിളിച്ചു സഹായം വാഗ്‌ദാനം ചെയ്യുകയും ചെയ്തിരുന്നു .പിന്നീട് മാർട്ടിൻ എംബസിക്കു അയച്ച മെയിൽ ലണ്ടനിലെ പ്രവാസി കോൺഗ്രെസ് നേതാവ് ഡോ. ജോഷി ജോസിനു അയച്ചു കൊടുക്കുകയും അദ്ദേഹം കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി ടി ബൽറാമിന് അത് അയച്ചുകൊടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രാഹുൽഗാന്ധിയുടെ ഓഫീസിൽ നിന്നും എംബസിക്കു അനുവിന്റെ ബോഡി നാട്ടിൽ കൊണ്ടുപോകാൻ സഹായിക്കണമെന്ന് നിർദേശിച്ചു കൊണ്ട് ലെറ്റർ അയക്കുകയും ചെയ്തു ,അതിനു ശേഷം എംബസി മാർട്ടിനുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിക്കുകയും പണം അനുവദിക്കുകയുമാണ് ചെയ്തത് .രാഹുൽ ഗാന്ധിയുടെ ലെറ്റർ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു .

മാർട്ടിന് ഈ വിഷമഘട്ടത്തിൽ ലെറ്റർ തയാറാക്കാനും മറ്റുസഹായങ്ങൾ നൽകുന്നതിനും മുൻപന്തിയിൽ നിന്നത് യുക്മ , ലിമ , ലിംകാ എന്നീ സംഘടനകളാണ് .നോർക്കയും ബോഡി നാട്ടിൽ കൊണ്ടുപോകാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു എംബസിക്കു ലെറ്റർ അയച്ചിരുന്നു .

അനുവിന്റെ മുതശരീരം ഇന്നു ലെതർലൻഡ് ഔർ ലേഡി ഓഫ് ക്വീൻ ഓഫ് പീസ് പള്ളിയിൽ വച്ച് (22- 02-2023) അന്തിമ ഉപചാരം അർപ്പിച്ചു. ബിഷപ്പ് ജോസഫ് ശ്രാമ്പിക്കലിന്റെ നേതൃതത്തിൽ 6 അംഗ വൈദിക സംഘം ചടങ്ങുകൾക്കു നേതൃത്വം കൊടുത്തു വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ചടങ്ങുകൾ 7 മണിക്ക് അവസാനിച്ചു . ചടങ്ങിന് നന്ദി അറിയിച്ചു കൊണ്ട് മാർട്ടിന്റെ കസിൻ സുനിൽ മാത്യു സംസാരിച്ചു സുനിലിന്റെ സംസാരത്തിൽ അനുവും മാർട്ടിനും കഴിഞ്ഞ മൂന്നുവർഷമായി .

അനുഭവിച്ച വേദനകൾ വിവരിച്ചിരുന്നു വലിയ ഒരുകൂട്ടം മലയാളികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ, ലിവർപൂൾ മലയാളി അസോസിയേഷൻ,(ലിമ ) , യുക്മ , ലിംകാ ലിവർപൂൾ ക്നാനായ സമൂഹം എന്നിവർക്ക് വേണ്ടി ഭാരവാഹികൾ റീത്തുകൾ സമർപ്പിച്ചു.മൃതദേഹത്തെ ആദരിച്ചു
അനു, മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത് ശ്രീ വി.പി ജോർജ് & ഗ്രേസി ദമ്പതികളുടെ ഇരട്ടമക്കളിൽ ഒരാളാണ്.

കഴിഞ്ഞ മൂന്നു വർഷക്കാലമായിട്ട് ബ്ലഡ് ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു . അനുവിന്റെ ചികിത്സയ്ക്കുവേണ്ടി ഒരു വലിയ തുക മാതാപിതാക്കൾ മുടക്കി ഉണ്ടായിരുന്ന സ്ഥലവും വീടും വിറ്റു വളരെ തകർന്ന സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നു അനുവിന്റെ കുടുംബം എംബസിയുടെ ഈ സഹായം കുടുംബത്തിന് ഒരു വലിയ അനുഗ്രഹമായി മാറി .

അനു മാർട്ടിൻ ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ് ആഞ്ജലീന (7) ഇസബെല്ല (3) ഇരുവരും നാട്ടിലാണ് . മൂന്ന് മാസങ്ങൾ മുമ്പ് മാത്രമാണ് മാർട്ടിൻ സ്റ്റാഫ് നേഴ്സായി ലിവർപൂളിലെത്തി ച്ചേർന്നത്. മാർട്ടിന് ഒട്ടേറെ കടമ്പകൾ കടന്നുപോയെങ്കിൽ മാത്രമേ ജോലി സ്ഥിരപ്പെട്ടു മുൻപോട്ടു പോകാൻ കഴിയു .
മാർട്ടിന്റെ കുടുംബത്തെ സഹായിക്കാൻ യുക്മ ,ലിമ ,ലിംകാ ,എന്നി സംഘടനയുടെ പേരിൽ ഫണ്ട് ശേഖരണം നടത്തുന്നുണ്ട്.

അനു ലിവർപൂളിൽ എത്തിയത്, മൂന്നു മാസം മുൻപ് നാട്ടിൽനിന്നും ലിവർപൂളിൽ എത്തിയ മാർട്ടിനെ കാണുന്നതിന് വേണ്ടിയാണു. ഞാൻ എല്ലാവരെയും കണ്ടു ചേട്ടായിയെക്കൂടി കാണണം എന്നാണ് അനു മാർട്ടിനോട് പറഞ്ഞത് . ബ്രിട്ടനിലെ ചികിത്സയിൽ വലിയ പ്രതീക്ഷയും അനുവിനുണ്ടായിരുന്നു ആ പ്രതീക്ഷയും തകർന്നു അനു ഈ ലോകത്തോട് വിടപറയുകയായിരുന്നു.

അനു ലിവർപൂളിലെ വീട്ടിൽ എത്തിയപ്പോൾ തന്നെ അസുഖം മൂർച്ഛിക്കുകയും പിന്നീട് മാഞ്ചസ്റ്റെർ ആശുപത്രിയിൽ എത്തി ഈ ലോകത്തോട് വിട പറയുകയായിരുന്നു. അനുവിന്റെ ബോഡി വെള്ളിയാഴ്ച ബാംഗ്ലൂരിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മാസ്സ് എന്ന് പറഞ്ഞാല്‍ പോര മരണമാസ്. ടാറ്റയുടെ ചിറകിലേറിയുള്ള എയര്‍ ഇന്ത്യയുടെ തിരിച്ചുവരവിനെ ഇങ്ങനെ വിശേഷിപ്പിച്ചാലും തെറ്റില്ല. നഷ്ടത്തിലേക്ക് കൂപ്പുകുത്തി കേന്ദ്രസര്‍ക്കാര്‍ വിറ്റഴിച്ച എയര്‍ ഇന്ത്യയ്ക്ക് ഇങ്ങനെയൊരു തിരിച്ചുവരവുണ്ടാകുമെന്ന് എതിരാളികള്‍ പോലും കരുതിക്കാണില്ല. ലോകത്തെ മുന്‍നിര വിമാനക്കമ്പനികളെ പോലും ഞെട്ടിച്ചാണ് 470 പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള വമ്പന്‍ കരാറില്‍ എയര്‍ ഇന്ത്യ ഒപ്പിട്ടത്. ഫ്രഞ്ച് വിമാന നിര്‍മാണക്കമ്പനിയായ എയര്‍ബസ്, അമേരിക്കന്‍ കമ്പനിയായ ബോയിങ് എന്നിവയുമായാണ് കരാര്‍. ലോക വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങല്‍ കരാറാണിത്. ഇതോടെ ആഗോള വ്യോമയാന മേഖലയിലെ മുന്‍നിര ശക്തികളിലൊന്നായി എയര്‍ ഇന്ത്യ മാറും.

സുപ്രധാന കരാര്‍ ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് മാത്രമല്ല യുഎസിനും ഫ്രാന്‍സിനും ബ്രിട്ടണും വലിയ നേട്ടമാണ് സമ്മാനിച്ചത്. ഈ മൂന്ന് രാജ്യങ്ങളിലും ലക്ഷക്കണക്കിന് പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ കരാര്‍ വഴിയൊരുക്കും. ഒരു ഇന്ത്യന്‍ കമ്പനിയുടെ ഇടപാട് വഴി സമ്പന്ന രാജ്യങ്ങളില്‍ ഇത്രയധികം പേര്‍ക്ക് ജോലി ലഭിക്കുമെന്നത് ഒട്ടും ചെറിയ കാര്യമല്ല. ഇടപാടിന് പിന്നാലെ യുഎസും ഫ്രാന്‍സും ബ്രിട്ടണും ഇന്ത്യയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയതും കരാര്‍ വഴി അവര്‍ക്ക് എത്രമാത്രം നേട്ടമുണ്ടെന്നതിന്റെ തെളിവാണ്. ലോക വ്യോമയാന മേഖലയിലും കരാര്‍ വലിയ സാധ്യതകള്‍ തുറക്കും. ഇന്ത്യയുടെ സാമ്പത്തിക-തൊഴില്‍-വിനോദ സഞ്ചാര മേഖലകളിലും ഇത് പ്രതിഫലിക്കും.

എയര്‍ ഇന്ത്യ-ബോയിങ് ഇടപാടിലൂടെ അമേരിക്കയിലെ 44 സംസ്ഥാനങ്ങളിലായി 10 ലക്ഷം തൊഴില്‍ സൃഷ്ടിക്കപ്പെടും. മറ്റാരുമല്ല, ഇരുകമ്പനികളും തമ്മിലുള്ള കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാര്‍ അമേരിക്കന്‍ തൊഴില്‍ രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്ന് വ്യക്തം. ഇരുരാജ്യങ്ങളിലേയും രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള കരാര്‍ സംബന്ധിച്ച വിവരം അമേരിക്കന്‍ പ്രസിഡന്റ് തന്നെ നേരിട്ട് പ്രഖ്യാപിച്ചതിനുള്ള കാരണവും ഇതാണ്. എയര്‍ ഇന്ത്യയുടെ ഇടപാടിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച ബൈഡന്‍ ഇതുവഴി ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നും അഭിപ്രായപ്പെട്ടിരുന്നു.

എയര്‍ബസുമായുള്ള കരാര്‍ പ്രഖ്യാപനവും ഇരുരാജ്യങ്ങളിലേയും ഭരണതലവന്‍മാരുടെ സാന്നിധ്യത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ പങ്കെടുത്ത വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ ടാറ്റ സണ്‍സ്‌ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനാണ് കരാര്‍ വിവരം പ്രഖ്യാപിച്ചത്. കരാര്‍ രാജ്യത്തെ വ്യോമയാന മേഖലയിലെ സുപ്രധാന ചുവടുവയ്പ്പെന്നാണ് മോദി വിശേഷിപ്പച്ചത്. ഇതിലൂടെ ഇന്ത്യ-ഫ്രഞ്ച് ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും മോദി പ്രതികരിച്ചിരുന്നു. കരാറിലൂടെ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുകയാണെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത്.

കരാറിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഇടപാടിനെ സ്വാഗതംചയ്തിരുന്നു. പുതിയ വിമാനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏറെയും ബ്രിട്ടണിലാണ് നടക്കുക. കോടികളുടെ നിക്ഷേപവും നിരവധി തൊഴില്‍ സാധ്യതയും കരാറിലൂടെ ബ്രിട്ടണില്‍ ലഭിക്കുമെന്നും ഇന്ത്യയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഋഷി സുനക് വ്യക്തമാക്കിയിരുന്നു.

എയര്‍ബസില്‍നിന്ന് 250 വിമാനങ്ങളും ബോയിങ്ങില്‍നിന്ന് 220 വിമാനങ്ങളും വാങ്ങാനാണ് ധാരണ. അടുത്ത പത്തുവര്‍ഷം ഇതേ കരാറിന്റെ ഭാഗമായി ആവശ്യമെങ്കില്‍ 370 വിമാനങ്ങള്‍കൂടി അധികമായി വാങ്ങാനും കരാറില്‍ വ്യവസ്ഥയുണ്ട്. 470 വിമാനങ്ങള്‍ വാങ്ങിയ അതേ നിരക്കില്‍ തന്നെ 370 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ കഴിയുമെന്ന് ചുരുക്കം. അങ്ങനെയെങ്കില്‍ ആകെ 840 വിമാനങ്ങളാകും എയര്‍ ഇന്ത്യയുടെ ഭാഗമാകുക. ടാറ്റ ഏറ്റെടുത്ത ശേഷം പുതിയ വിമാനം വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ ആദ്യ ഇടപാടാണിത്.

17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യയുടെ ഭാഗമാകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിനുമുമ്പ് 2006ലാണ് അവസാനമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെട്ടത്. അന്ന് 111 വിമാനങ്ങള്‍ വാങ്ങിയതില്‍ 68 എണ്ണം ബോയിങ്ങില്‍ നിന്നും 43 എണ്ണം എയര്‍ബസില്‍ നിന്നുമായിരുന്നു. എയര്‍ ഇന്ത്യയെ അടിമുടി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി പഴക്കംചെന്ന ഈ വിമാനങ്ങളുടെ സ്ഥാനത്തേക്ക് പുത്തന്‍ വിമാനങ്ങളുടെ വരവ്.

3,400 കോടി ഡോളര്‍ (2.80 ലക്ഷം കോടി രൂപ) ചെലവിലാണ് ബോയിങ്ങില്‍നിന്ന് വിമാനം വാങ്ങുക. ഡോളറില്‍ കണക്കാക്കുമ്പോള്‍ ബോയിങ്ങിന്റെ ഇതുവരെയുള്ളതില്‍ മൂന്നാമത്തെ വലിയ കരാറാണിത്. എയര്‍ബസുമായുള്ള കരാര്‍ കൂടി ചേരുമ്പോള്‍ ആകെ ചെലവ് ആറ് ലക്ഷം കോടി രൂപ കടക്കും. ഒന്നിച്ചുള്ള വലിയ ഓര്‍ഡര്‍ ആയതിനാല്‍ തുകയില്‍ വലിയ ഇളവും എയര്‍ ഇന്ത്യയ്ക്ക് ലഭിക്കാം. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന നമ്മുടെ അയല്‍രാജ്യമായ പാകിസ്താന്‍ ഐഎംഎഫ് സഹായത്തിനായി കൈനീട്ടിയിരിക്കുമ്പോഴാണ് ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഇന്ത്യന്‍ കമ്പനിയുടെ കരാര്‍ എന്നതും ശ്രദ്ധേയമാണ്.

ആറ് ലക്ഷം കോടി രൂപ വലിയൊരു സംഖ്യയാണ്. ഇത്ര ഉയര്‍ന്ന തുക മുടക്കി ഒരു കരാറില്‍ ഒപ്പുവെക്കണമെങ്കില്‍ അതിന് പിന്നില്‍ മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടന്നിട്ടുണ്ടാകണം. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയെ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ തന്നെ കരാറിനുള്ള നീക്കങ്ങള്‍ ടാറ്റ ആരംഭിച്ചിരുന്നുവെന്നാണ് വിവരം.

മാസങ്ങള്‍ നീണ്ട രഹസ്യചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറില്‍ അന്തിമ തീരുമാനമെടുത്തത്. ഇക്കഴിഞ്ഞ ഡിസംബറോടെ ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിന് സമീപമുള്ള സെന്റ് ജെയിംസ് കോര്‍ട്ട് ആഡംബര ഹോട്ടലിലായിരുന്നു ചര്‍ച്ചകളുടെ കേന്ദ്രം. ടാറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഹോട്ടലാണിത്. ചര്‍ച്ചകള്‍ക്കായി വിമാന നിര്‍മാതാക്കളും എന്‍ജിന്‍ ഭീമന്‍മാരും ദിവസങ്ങളോളം ഹോട്ടലില്‍ തങ്ങിയിരുന്നുവെന്നും ടാറ്റയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. കേരളം, ഗോവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സീഫുഡ് വിഭവങ്ങള്‍ക്ക് പേരുകേട്ട ഈ ഹോട്ടലില്‍ കഴിഞ്ഞ ഡിസംബറിലെ ഒരുരാത്രിയില്‍ അത്താഴവിരുന്നോടെയാണ് സുപ്രധാന ചര്‍ച്ചകള്‍ അവസാനിച്ചത്.

470 വിമാനങ്ങള്‍ എന്നത് ഇത്ര വലിയ സംഖ്യയാണോ? സ്വഭാവികമായും ചിലരെങ്കിലും സംശയിച്ചേക്കാം. എയര്‍ ഇന്ത്യയില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ ആകെ എണ്ണം അറിഞ്ഞാല്‍ പുതിയ കരാര്‍ എത്രത്തോളം വലുതാണെന്ന് ബോധ്യപ്പെടും. 113 വിമാനങ്ങളാണ് നിലവില്‍ എയര്‍ ഇന്ത്യയ്ക്കുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 26 വിമാനങ്ങള്‍ കൂടി ചേര്‍ത്താലും ആകെ വിമാനങ്ങളുടെ എണ്ണം 140നുള്ളില്‍ ഒതുങ്ങും. എയര്‍ ഏഷ്യ, ടാറ്റയ്ക്ക് പങ്കാളിത്തമുള്ള വിസ്താര എന്നിവ കൂടി ചേര്‍ന്നാലും എണ്ണം 220നപ്പുറം കടക്കില്ല. ഇതിന്റെ ഇരട്ടിയിയേലറെ വിമാനങ്ങളാണ് പുതുതായി വരുന്നത്. ഇതോടെ എയര്‍ ഇന്ത്യയുടെ ആകെ വിമാനങ്ങളുടെ എണ്ണം 600 കടക്കും. രാജ്യത്തെ ആഭ്യന്തര വിമാനയാത്രാ മേഖലയില്‍ ഒന്നാം സ്ഥാനക്കാരായ ഇന്‍ഡിഗോയ്ക്ക് 305 വിമാനമാണുള്ളത്. ഇതിന്റെ ഇരട്ടിയോളം അംഗബലം എയര്‍ ഇന്ത്യ കൈവരിക്കും.

ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനി ഏതാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം പലതരത്തില്‍ നിര്‍വചിക്കാം. വരുമാനം-ആസ്തി-വിപണി വിഹിതം എന്നിവയുടെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ ഡെല്‍റ്റ എയര്‍ലൈന്‍സാണ് ഒന്നാമത്. യാത്രക്കാരുടെ എണ്ണത്തില്‍ ചൈന സതേണ്‍ എയര്‍ ഹോള്‍ഡിങ്‌സും വിമാനങ്ങളുടെ എണ്ണം കണക്കിലെടുത്താല്‍ അമേരിക്കന്‍ എയര്‍ലൈന്‍സുമാണ് ആദ്യ സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുള്ളത് തുര്‍ക്കിഷ് എയര്‍ലൈന്‍സിനാണ്. വിമാനങ്ങളുടെ എണ്ണത്തില്‍ ഒന്നാമതുള്ള അമേരിക്കന്‍ എയര്‍ലൈന്‍സിന് 934 വിമാനമുണ്ട്. ഡെല്‍റ്റാ എയര്‍ലൈന്‍സിന് 910 വിമാനവും അമേരിക്കയിലെ തന്നെ യുണൈറ്റഡ് എയര്‍ലൈന്‍സിന് 861 വിമാനവുമുണ്ട്. 500ലേറെ വിമാനമുള്ള ആറ് കമ്പനികളാണ് ലോകത്തുള്ളത്. ഇക്കൂട്ടത്തിലേക്കാണ് ഇന്ത്യന്‍ കമ്പനിയായ എയര്‍ ഇന്ത്യയും കടന്നുവരുന്നത്.

2023 അവസാനത്തോടെ കരാര്‍പ്രകാരമുള്ള പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യയ്ക്ക് ലഭ്യമായി തുടങ്ങും. 2025 പകുതിയോടെ കൂടുതല്‍ വിമാനങ്ങളും ഒന്നിച്ചെത്തും. ഇതോടെ ടാറ്റയുടെ കൈപിടിച്ച് എയര്‍ ഇന്ത്യ പറപറക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

എയര്‍ ഇന്ത്യയുടെ സുപ്രധാന നീക്കത്തോടെ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നാലെ ആഗോള വ്യോമയാന മേഖലയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ മാറും. എയര്‍ ഇന്ത്യയുടെ വികസന പദ്ധതികള്‍ ഗള്‍ഫ് രാജ്യങ്ങളിലെ വമ്പന്‍മാരായ എമിറേറ്റ്സിനും ഖത്തര്‍ എയര്‍വേസിനും ഇതിഹാദിനും ഗള്‍ഫ് എയറിനുമാണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക. ഗള്‍ഫിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും വിമാനത്തിലെ സൗകര്യങ്ങളും വര്‍ധിക്കുന്നതോടെ ഇന്ത്യക്കാരായ യാത്രക്കാര്‍ കൂടുതലായി എയര്‍ ഇന്ത്യയെ ആശ്രയിക്കുമെന്ന് കമ്പനി കരുതുന്നു. ചൈനയെ പിന്നിലാക്കി ലോകത്തെ ഏറ്റവും കുടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറാന്‍ അധികം സമയം വേണ്ടിവരില്ലെന്ന് കണക്കുകള്‍. അങ്ങനെയെങ്കില്‍ രാജ്യത്തെ വ്യോമയാന വിപണി വീണ്ടും വളരും. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ വിമാനങ്ങളും കൂടുതല്‍ സര്‍വീസുകളും ഇടംപിടിക്കും

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ഷംതോറും ഇന്ത്യയില്‍ ഏകദേശം 10 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്. നിലവില്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും പോകുന്ന യാത്രക്കാരുടെ പ്രധാന ട്രാന്‍സിറ്റ് ഹബ്ബ് ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളാണ്. എയര്‍ ഇന്ത്യയുടെ കരാര്‍ യഥാര്‍ഥ്യമാകുന്നതോടെ ഇതില്‍ വലിയ മാറ്റം വരും. ഇതുവരെ ദുബായ്, അബുദാബി, ദോഹ വിമാനത്താവളങ്ങള്‍ പോലെ ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ ഹബ്ബായി മാറും. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഓസ്‌ട്രേയിലയിലേക്കും നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണവും കൂടും. ഇത് ആഗോളതലത്തില്‍ എയര്‍ ഇന്ത്യയുടെ അടിത്തറ വിപുലപ്പെടുത്തും.

137 വിമാനത്താവളങ്ങളാണ്‌ ഇന്ത്യയിലുള്ളത്. ഇതില്‍തന്നെ കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവ ഉള്‍പ്പെടെ 24 എണ്ണം അന്താരാഷ്ട്ര വിമാനത്താവങ്ങളാണ്. അടുത്ത 15 വര്‍ഷത്തിനകം രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം നാനൂറിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 50 പുതിയ വിമാനത്താവങ്ങള്‍ക്ക് അനുമതി നല്‍കിയതും വ്യോമയാന മേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വലിയ പ്രധാന്യം നല്‍കുന്നുവെന്നതിന്റെ തെളിവാണ്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 2000 ത്തോളം വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടിവരുമെന്ന് എയര്‍ ഇന്ത്യയുടെ കരാര്‍ പ്രഖ്യാപന വേളയില്‍ മോദിയും പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് വ്യോമയാന മേഖലയില്‍ വലിയൊരു കുതിച്ചുചാട്ടത്തിനാണ് ഇന്ത്യ ശ്രമിക്കുന്നു എന്നതാണ്.

എയര്‍ ഇന്ത്യയുടെ വിമാനക്കരാര്‍ അമേരിക്കയിലും ഫ്രാന്‍സിലും മാത്രമല്ല ഇന്ത്യയിലും ലക്ഷക്കണക്കിന് തൊഴില്‍ സാധ്യതകള്‍ തുറക്കും. നിലവിലുള്ള 113 വിമാനങ്ങള്‍ പറത്താന്‍ എയര്‍ ഇന്ത്യയില്‍ 1600 പൈലറ്റുമാരാണ് ഉള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഏഷ്യ എന്നിവയ്ക്ക് 54 വിമാനങ്ങളുണ്ട്. ഇത് പറത്താനായി ഏകദേശം 850 പൈലറ്റുമാരും വിസ്താരയുടെ 53 വിമാനങ്ങങ്ങള്‍ക്കായി 600ലധികം പൈലറ്റുമാരുമുണ്ട്. പുതിയ 470 വിമാനങ്ങള്‍ സര്‍വീസിന് സജ്ജമാകുന്നതോടെ എയര്‍ ഇന്ത്യയ്ക്ക് 6500 പൈലറ്റുമാരെ ആവശ്യമായി വരും. ഇതിന് പുറമേ കാമ്പിന്‍ ക്ര്യൂ, സാങ്കേതിക, സാങ്കേതികേതര ജീവനക്കാര്‍, പരിപാലനം തുടങ്ങിയ അനുബന്ധ മേഖലകളില്‍ നേരിട്ടും അല്ലാതെയും ഏകദേശം രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

എയര്‍ബസില്‍ നിന്ന് വാങ്ങുന്ന 250 വിമാനത്തില്‍ 40 എണ്ണം വൈഡ് ബോഡി A350 വിമാനങ്ങളാണ്. ഇതിനുതന്നെ A350 1000, A350 900 എന്നീ രണ്ട് വകഭേദങ്ങളുണ്ട്. ഇതില്‍ A350 900 മോഡല്‍ 350 യാത്രക്കാരെ വഹിക്കും. A350 1000 മോഡല്‍ 410 യാത്രക്കാരേയും. ബാക്കിയുള്ള 210 എണ്ണം A 320 നിയോ നാരോ ബോഡി വിമാനങ്ങളാണ്. അതില്‍ 194 ആണ് സീറ്റിങ് കപ്പാസിറ്റി. പ്രധാനമായും 16 മണിക്കൂറിലേറെ പറക്കേണ്ടി വരുന്ന ദീര്‍ഘദൂര റൂട്ടിലാണ് വൈഡ് ബോഡി വിമാനങ്ങള്‍ ഉപയോഗിക്കുക. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള ദീര്‍ഘദൂര സര്‍വീസുകളുടെ എണ്ണം ഇതോടെ വര്‍ധിപ്പിക്കാനാകും.

നാലു മുതല്‍ അഞ്ചു മണിക്കൂര്‍വരെ യാത്രവരുന്ന സര്‍വീസുകള്‍ക്കാണ് നാരോ ബോഡി വിമാനങ്ങള്‍ ഉപയോഗിക്കുക. A350 വിമാനത്തിന് റോള്‍സ് റോയ്‌സിന്റെ എന്‍ജിനാണ് കരുത്തേകുക. ബോയിങ് 777, 787 വിമാനങ്ങളില്‍ ജിഇ എയറോസ്‌പോസിന്റെ എന്‍ജിനുകളും മറ്റുള്ളവയില്‍ സിഎഫ്എം ഇന്റര്‍നാഷണല്‍ എന്‍ജിനും ഇടംപിടിക്കും. ഇതിനും കരാറായിട്ടുണ്ട്.

വലിയ പണം നല്‍കിയാണ് യാത്രയെങ്കിലും അതിനുള്ള മികച്ച സൗകര്യങ്ങളില്ല, സേവനവും അത്ര പോര. നഷ്ടത്തിലോടിയ എയര്‍ ഇന്ത്യയെക്കുറിച്ച് യാത്രക്കാര്‍ക്ക് പരാതികള്‍ പതിവായിരുന്നു. എന്നാല്‍ ഉടമസ്ഥാവകാശം ടാറ്റ നേടിയതോടെ പഴയപോലെ യാത്രക്കാരുടെ പഴി കേള്‍ക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് ഒട്ടും താത്പര്യമില്ല.

നിലവില്‍ മിക്ക വിമാനക്കമ്പനികള്‍ക്കും ഇന്‍-ഫ്ളൈറ്റ് സൗകര്യങ്ങളും സാങ്കേതിക വിദ്യകളും നല്‍കുന്നതും ടാറ്റയാണ്. അതിനാല്‍ സ്വന്തം ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയിലെ സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ അടിമുടി മാറ്റാന്‍ ടാറ്റയ്ക്ക് അധികം സമയംവേണ്ട. ഇതിനുള്ള ശ്രമങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുമുണ്ട്.

സുരക്ഷ, ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ, എന്‍ജിനിയറിങ്, നെറ്റ്വര്‍ക്ക്, ഹ്യൂമണ്‍ റിസോഴ്‌സ് എന്നിവയിലെല്ലാം എയര്‍ ഇന്ത്യ വലിയൊരു പരിവര്‍ത്തന യാത്രയിലാണ്. ഈ മാറ്റത്തിനായി ആധുനികവും കാര്യക്ഷമവുമായ പുതിയ വിമാനങ്ങള്‍ അടിസ്ഥാന ഘടകമാണെന്നും പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യയെ ആധുനിക വത്ക്കരിക്കുമെന്നും വിമാനക്കരാറിന് പിന്നാലെ ടാറ്റ വ്യക്തമാക്കിയിരുന്നു.

പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് മുമ്പേ പരിഷ്‌കരണത്തിന്റെ ഭാഗമായി എയര്‍ഇന്ത്യ ഇതിനകം 11 ബി777 വിമാനങ്ങളും 25 എ 350 വിമാനങ്ങളും വാടകയ്ക്ക് എടുത്തിരുന്നു. കെട്ടിലും മട്ടിലും പൂര്‍ണമായൊരു മാറ്റത്തിനാണ് ടാറ്റയുടെ ശ്രമം. കണ്ടുപഴകിയ എയര്‍ ഇന്ത്യയുടെ അകത്തളവും ഇനി മാറും. പൂര്‍ണമായും പുതിയ ക്യാമ്പിന്‍ ഇന്റീരിയര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ വിമാനങ്ങളില്‍ ഉള്‍പ്പെടുത്തും. 2024 മധ്യത്തോടെ ഈ രീതിയിലുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം സര്‍വീസ് തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഒരുകാലത്ത് ഇന്ത്യന്‍ വ്യോമയാന മേഖല അടക്കിവാണിരുന്ന എയര്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത് നടത്തിപ്പിലെ പിടിപ്പുകേടായിരുന്നു. നിരക്ക് കുറഞ്ഞ ബജറ്റ് എയര്‍ലൈന്‍സുകളുടെ കടന്നുവരവോടെ പതനത്തിന്റെ ആക്കം കൂടി. എങ്കിലും ഇന്നും രാജ്യത്തെ ആഭ്യന്തര വിപണിയില്‍ 26 ശതമാനം പങ്കാളിത്തം എയര്‍ ഇന്ത്യക്കുണ്ട്. പകുതിയിലേറെ വിപണി വിഹിതവുമായി (54.9 ശതമാനം) ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോ ആണ് ഒന്നാമത്. ഈ മേധാവിത്വം തിരിച്ചുപിടിക്കുക എന്നതും എയര്‍ ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണ്.

1932-ല്‍ ജെആര്‍ഡി ടാറ്റയുടെ നേതൃത്വത്തിലായിരുന്നു എയര്‍ ഇന്ത്യയുടെ തുടക്കം. 1953ല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കി. നഷ്ടത്തിലായ എയര്‍ ഇന്ത്യയെ നീണ്ട 69 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ടാറ്റ തിരിച്ചുപിടിച്ചത്. ലേലത്തില്‍ 18000 കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കിയാണ് മധുരപ്രതികാരംവീട്ടി എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റ വീണ്ടെടുത്തത്. മുമ്പ് 1990 കാലഘട്ടത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് ഇന്ത്യയില്‍ വിമാനകമ്പനിക്ക് ടാറ്റ ശ്രമിച്ചിരുന്നെങ്കിലും അന്ന് അതിന് അനുമതി ലഭിച്ചില്ല. അതേ ടാറ്റ തന്നെ ഇന്ത്യയുടെ ഔദ്യോഗിക വിമാന സര്‍വീസിനെ തിരിച്ചുപിടിച്ചു.

ഏകദേശം എഴുപതിനായിരം കോടിയുടെ സഞ്ചിത നഷ്ടമുണ്ടാക്കിയ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്നത് 2017ലാണ്. നഷ്ടം സഹിച്ച് ഇനിയും മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് കണ്ട് 2020 ഡിസംബറിലാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചത്. അവസാന റൗണ്ടില്‍ സ്പൈസ് ജെറ്റിനെ മറികടന്നാണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്. ടാറ്റ 18000 കോടി ക്വാട്ട് ചെയ്തപ്പോള്‍ സ്പൈസ് ജെറ്റ് ലേലത്തില്‍ വിളിച്ചത് 15100 കോടി രൂപയായിരുന്നു. 18000 കോടിയുടെ ഇടപാടായിരുന്നെങ്കിലും 2700 കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. ബാക്കി തുക എയര്‍ ഇന്ത്യയുടെ കടമാണ്. അത് ടാറ്റ ഏറ്റെടുത്തു.

പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടെ എത്തിച്ച് വ്യോമയാന രംഗത്ത് എയര്‍ ഇന്ത്യ ടോപ് ഗിയറില്‍ മുന്നേറ്റം ആരംഭിച്ചതിനാല്‍ രാജ്യത്തെ മറ്റു ബജറ്റ് എയര്‍ലൈന്‍സുകളും പരിഷ്‌ക്കരണ നടപടികള്‍ക്ക് വേഗം കൂട്ടും. ടാറ്റയുമായുള്ള മത്സരത്തിനായി പുതിയ വിമാനങ്ങള്‍ വാങ്ങി അവരും കൂടുതല്‍ ഇടങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും. ഇതുവഴി രാജ്യത്തെ സാമ്പത്തിക രംഗത്തും തൊഴില്‍ മേഖലയിലും തുടര്‍ന്നും കാതലായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

 

നടിയും ഹാസ്യ താരവുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ടെലിവിഷന്‍, സിനിമ രംഗത്ത് ഏറെക്കാലം തിളങ്ങിനിന്ന താരമാണ് സുബി. ചാനല്‍ ഷോകളും നടത്തിയിരുന്നു. കൊച്ചിന്‍ കലാഭവനിലുടെയാണ് സുബി കലാരംഗത്ത് എത്തുന്നത്.

കനക സിംഹാസനം, ഹാപ്പി ഹസ്ബന്‍സ്, തസ്‌കര ലഹള, ്രഡാമ, ഗൃഹനാഥന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിരുന്നു. ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് സുബി സുരേഷ് പ്രക്ഷേകരുടെ മനസ്സില്‍ ഇടംപിടിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്‌റ്റേജ് ഷോകളിലൂടെയും സുബി തിളങ്ങിനിന്നിരുന്നു. യു ട്യൂബ് ചാനലിലൂടെയും സജീവമായിരുന്നു.

കഴിഞ്ഞ മാസം 28നാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്. പിന്നീട് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി നില ഗുരുതരമാകുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച കരള്‍ മാറ്റിവയ്ക്കാന്‍ നിശ്ചയിച്ചിരുന്നു. കരള്‍ പകുത്തുനല്‍കാന്‍ ഒരു ബന്ധു തയ്യാറായി മുന്നോട്ടുവരികയും ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് ഹൃദയത്തിന്റെ പ്രഷര്‍ ഉയരുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. ഇന്നലെ വൈകിട്ട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാവിലെയോടെ മരണമടയുകയായിരുന്നുവെന്ന് നടന്‍ ടിനി ടോം പ്രതികരിച്ചു.

തന്റെ ആരോഗ്യാവസ്ഥയെപ്പറ്റി സുബി മുൻപ് പങ്കുവച്ച ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നതിനെക്കുറിച്ച് തുറന്നുപറയുകയായിരുന്നു സുബി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് തന്റെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് താരം മനസ് തുറന്നത്.

ഞാന്‍ ഒന്ന് വര്‍ക് ഷോപ്പില്‍ കയറി’ എന്ന് പറഞ്ഞുകൊണ്ട് ആണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ചത്. പിന്നാലെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ തന്റെ അസുഖത്തെ കുറിച്ച് സുബി മനസ് തുറക്കുന്നുണ്ട്. എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് ‘വര്‍ക് ഷോപ്പില്‍’ ഒന്ന് കയറേണ്ടി വന്നത്. വേറെ ഒന്നുമല്ലെന്നാണ് താരം പറയുന്നത്. ഷൂട്ടിന് പോകേണ്ടിയിരുന്നതിന്റെ തലേദിവസമാണ് വയ്യാതാകുന്നത്. നെഞ്ചുവേദനയും ശരീരവേദനുമായിരുന്നു. ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. ഇളനീര്‍ വെള്ളം കുടിച്ചപ്പോഴേക്കും ഛര്‍ദ്ദിച്ചു. നെഞ്ചു വേദന അധികമായപ്പോള്‍ ക്ലിനിക്കില്‍ പോയി ഇസിജി എടുത്തിരുന്നുവെങ്കില്‍ അതിലൊന്നും പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാല്‍ പൊട്ടാസ്യം കുറവാണെന്നും അതിന് കഴിക്കാന്‍ മരുന്ന് തരികയും ചെയ്തിരുന്നു. പക്ഷെ താന്‍ ആ മരുന്ന് കഴിച്ചിരുന്നില്ല. വര്‍ക്ക് ഒഴിവാക്കുക എന്നത് തന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പൈസയ്ക്ക് വേണ്ടിയല്ല വെറുതെ ഇരിക്കാന്‍ പറ്റാത്തത് കൊണ്ടാണ്. കൊറോണക്കാലത്ത് കുറേക്കാലം വീട്ടില്‍ ഇരുന്ന് മടുത്തിരുന്നു. ആ സമയത്ത് മരുന്നോ ഭക്ഷണമോ ശ്രദ്ധിക്കില്ല.

ഭക്ഷണം കഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചാല്‍ പോലും കഴിക്കാറില്ല. തോന്നുമ്പോള്‍ മാത്രമാണ് കഴിക്കുന്നത്. എന്നാല്‍ ആ ദുശ്ശീലമാണ് എന്നെ വീഴ്ത്തിയത്. ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. കൂടാതെ മഗ്‌നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തില്‍ കുറഞ്ഞു. അതുകാരണം പത്ത് ദിവസത്തോളം ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയായിരുന്നു. മഗ്‌നീഷ്യം ശരീരത്തില്‍ കയറ്റുന്നത് വലിയ പ്രശ്നമല്ലെങ്കിലും പൊട്ടാസ്യം കയറ്റുമ്പോള്‍ ഭയങ്കര വേദനയാണ്. ഇതിന് പുറമെ പാന്‍ക്രിയാസില്‍ കല്ല് ഉണ്ട് പക്ഷെ നിലവിലെ സാഹചര്യത്തില്‍ അത്ര പ്രശ്നമല്ല. എന്നാല്‍ ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ ചിലപ്പോള്‍ പ്രശ്നമായേക്കാം. മരുന്ന് കഴിച്ചിട്ട് മാറിയില്ല എന്നുണ്ടെങ്കില്‍ കീ ഹോള്‍ ചെയ്ത് നീക്കേണ്ടി വരും. പിന്നെ തൈറോയിഡിന്റെ പ്രശ്നമുണ്ട്. ആ മെഡിസിനും ഞാന്‍ കൃത്യമായി എടുക്കാറുണ്ടായിരുന്നില്ല. ഇനി മുതല്‍ അതും ശ്രദ്ധിക്കണണം.’- സുബി പറയുന്നു.

എന്തായാലും താന്‍ ഇപ്പോള്‍ കൃത്യമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്നാണ് സുബി പറയുന്നത്. തന്റെ ഉഴപ്പായിരുന്നു എല്ലാത്തിനും കാരണമെന്നും സുബി പറയുന്നു. വിശന്നാലും മടിച്ചിട്ട് ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. പച്ചവെള്ളം കുടിച്ച് വയറ് നിറയ്ക്കും, ഒരു നേരം ഒക്കെയാണ് കഴിച്ചിരുന്നതെന്നും സുബി പറയുന്നു. തന്റെ അനുഭവത്തില്‍ നിന്നും പഠിച്ചതാണ് ഇതെല്ലാം. ഇപ്പോള്‍ വലിയ കുഴപ്പങ്ങളൊന്നും ഇല്ല. ജീവിതത്തില്‍ തന്നെ പോലെ അടുക്കും ചിട്ടയും ഇല്ലാതെ നടക്കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് അറിവ് പകരാന്‍ വേണ്ടിയാണ് താന്‍ ഈ വീഡിയോ പങ്കുവച്ചതെന്നും സുബി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് സുബി. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ഹാസ്യ പരിപാടികളിൽ സജീവമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സുബി യൂട്യൂബ് ചാനലുമായും സജീവമായിരുന്നു. മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി.

മരിക്കുന്നതിന് 26 മിനിറ്റ് മുമ്പ് ഒരു തുടക്കത്തിന്റെ അവസാനത്ത് നിന്നാണ് മറ്റൊരു തുടക്കം ഉണ്ടാകുന്നത്. വീണ്ടും കാണാം എന്ന് പറഞ്ഞ് ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം മാറ്റിയിരുന്നു. ഇതിന് പിന്നാലെ തന്നെ സുബിയുടെ മരണവാര്‍ത്തയും എത്തിയത് അവിശ്വസനീയമായി.

അഡ്മിനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ നിരവധി പേര്‍ അവിശ്വസനീയമെന്ന് അറിയിച്ചു. സിനിമ ടെലിവിഷന്‍ രംഗത്തെ പ്രമുഖതാരം സുബി സുരേഷ് കരള്‍രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മിമിക്രി രംഗത്ത് നിന്നും ടെലിവിഷന്‍ രംഗത്ത് എത്തിയ താരം ആങ്കറായിട്ടാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് സിനിമാതാരമായി വളരുകയൂം ചെയ്തു.

ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 41 വയസ്സാണ്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

RECENT POSTS
Copyright © . All rights reserved