ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്തമാസം വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനകള്‍ പുറത്തു വരുന്നു. ഭവന വായ്പയായ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ ഇതുകാരണം കൂടുതല്‍ ബുദ്ധിമുട്ടായേക്കും. യുകെയിലെ ഔദ്യോഗിക പലിശ നിരക്ക് തീരുമാനിക്കുന്ന ഒന്‍പതംഗ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് 3 ശതമാനത്തില്‍ നിന്നും 3.5 ശതമാനമാക്കി ഉയര്‍ത്തിയേക്കും എന്നാണു സൂചന.
ആഗോളമാന്ദ്യം ഉണ്ടായ 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാകും ഇത്. കഴിഞ്ഞ മാസം 0.75 ശതമാനമായിരുന്നു പലിശ നിരക്കില്‍ വര്‍ധന വരുത്തിയത്. 1989 ന് ശേഷം ഒറ്റയടിക്കുണ്ടായ ഏറ്റവും വലിയ വർധന ആയിരുന്നു അത്. ഡിസംബറില്‍ 0.5 ശതമാനം കൂടി വർധിപ്പിക്കുന്നതോടെ മോര്‍ട്ട്‌ഗേജിന്റെ തിരിച്ചടവ് തുകകളും കുത്തനെ ഉയരും. ഇതു സാധാരണക്കാർക്കു കൂടുതൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും.
ഭാഗികമായിട്ടെങ്കിലും ഉയരുന്ന ഊര്‍ജ്ജവില, തൊഴിലാളി ക്ഷാമം, ബ്രെക്‌സിറ്റിന്റെ അനന്തരഫലമായി വിതരണശൃംഖലയില്‍ ഉണ്ടായ തടസ്സങ്ങള്‍ എന്നിവ മൂലമുണ്ടായതെന്ന് കരുതുന്ന പണപ്പെരുപ്പം തടയുന്നതിനുള്ള നടപടി ആയിട്ടാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്.
പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതോടെ വായ്പയെടുക്കല്‍ ചെലവേറിയതാകും. ഇതു പണം ചെലവാക്കാതെ സമ്പാദിക്കാന്‍ ആളുകള്‍ക്കു പ്രേരണ നല്‍കും. അതോടെ ചരക്കുകള്‍ക്ക് ആവശ്യക്കാര്‍ കുറയുകയും വില വർധിക്കാതെ തടയുകയും ചെയ്യും. അങ്ങനെ വലിയൊരു പരിധി വരെ പണപ്പെരുപ്പം തടയാന്‍ ആകും. 2022 ഒക്‌ടോബറില്‍ യുകെയിലെ പണപ്പെരുപ്പ നിരക്ക് 11.1 ശതമാനം വരെ എത്തിയിരുന്നു.
‘ഹരികൃഷ്ണന്‍സ്’ സിനിമയ്ക്ക് രണ്ട് ക്ലൈമാക്‌സ് വരാനുണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞ് മമ്മൂട്ടി. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ഹരികൃഷ്ണന്‍സ് മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഹരിയും കൃഷ്ണനും സ്‌നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം.
1998ല്‍ എത്തിയ ചിത്രത്തിന് എന്തുകൊണ്ടാണ് രണ്ട് ക്ലൈമാക്‌സ് വന്നത് എന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്താനായാണ് രണ്ട് ക്ലൈമാക്‌സ് വച്ചത് എന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ രണ്ട് ക്ലൈമാക്‌സ് ആകുമ്പോള്‍ കൂടുതല്‍ ആളുകള്‍ കാണും എന്ന് വിചാരിച്ചാണ് ഇത് ചെയ്തത് എന്നാണ് മമ്മൂട്ടി പറയുന്നത്.
ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ടുപേരും ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു. ആ പെണ്‍കുട്ടി ആരെ തിരഞ്ഞെടുക്കുന്നു എന്നതാണ് ആ സിനിമയുടെ അവസാനം. അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണ ഉപാധിയായി രണ്ട് തരത്തിലുള്ള ക്ലൈമാക്‌സുകള്‍ വച്ചിരുന്നു. ഒന്ന് മീരയെ ഹരിക്ക് കിട്ടുന്നതും, മറ്റൊന്ന് മീരയെ കൃഷ്ണന് കിട്ടുന്നതും.
അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ചെയ്ത കാര്യമല്ല. ഒരു നഗരത്തില്‍ തന്നെ രണ്ട് തിയേറ്ററുകളില്‍ രണ്ട് തരം കഥാന്ത്യങ്ങള്‍ ഉണ്ടാകുമ്പോള്‍, രണ്ട് തരവും കാണാന്‍ ആളുകള്‍ വരും എന്നുള്ള ദുര്‍ബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്‌തൊരു കാര്യമാണ്.
പക്ഷേ ഈ പ്രിന്റുകള്‍ അയക്കുന്ന ആളുകളുടെ കൂട്ടത്തിലുള്ള ചിലര്‍ക്ക് പറ്റിയ അബന്ധമാണ് രണ്ട് ഭാഗങ്ങളിലേക്ക് ആയി പോയത്. അതിന്റെ ഉദ്ദേശം വളരെ നല്ലതായിരുന്നു. എന്നാലും രണ്ട് പേര്‍ക്ക് കിട്ടിയാലും കാണാത്ത, കാണുന്ന, സന്തോഷമുള്ള, സന്തോഷമില്ലാത്ത ഒരു സിനിമ പ്രേക്ഷകര്‍ നമുക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ആ സിനിമ ഇത്രയും വലിയ വിജയമായതും ഈ വേദിയില്‍ ഹരികൃഷ്ണന്‍സിനെ പറ്റി സംസാരിക്കാന്‍ ഇടയായതും.
ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി പതിനഞ്ചുകാരന്‍ ഗുരുതരാവസ്ഥയിലായി. ഫറോക്ക് സ്വദേശിയായ പത്താം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തിലാണ് സ്റ്റീല്‍ മോതിരം കുടുങ്ങിയത്. അഗ്‌നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.
ഇന്നലെ രാവിലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മോതിരം കുടുങ്ങി ജനനേന്ദ്രിയം വീര്‍ത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. ഡോക്ടര്‍മാരുടെ കൂടി സഹായത്തോടെ പ്രത്യേക ഫ്‌ലക്‌സിബിള്‍ ഷാഫ്റ്റ് ഗ്രൈഡര്‍ ഉപയോഗിച്ച് അഗ്‌നിരക്ഷാ സേന മോതിരം മുറിച്ചെടുക്കുകയായിരുന്നു.
ശനിയാഴ്ച യൂട്യൂബില്‍ വീഡിയോകള്‍ കണ്ടാണ് മോതിരം ജനനേന്ദ്രിയത്തിലിട്ടതെന്ന് പതിനഞ്ചുകാരന്‍ പറഞ്ഞു. ഊരിയെടുക്കാന്‍ സാധിക്കാതായതോടെ വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു.
കടുത്ത ശാരീരിക പീഡനത്തിന്റേയും മാനസീക പിരിമുറുക്കത്തിന്റെയും അന്‍പതോളം വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തിയ 53കാരിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. അമേരിക്കയിലെ ടെക്സാസ് സ്വദേശിനിയായ മെലീസ ഹൈസ്മിത്ത് ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ യഥാര്‍ത്ഥ അച്ഛനമ്മമാരെ കണ്ടെത്തി വാര്‍ത്തകളില്‍ ഇടം നേടിയത്.
ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തിലെ താമസക്കാരിയായിരുന്നു മെലീസ. 1971 ഓഗസ്റ്റ് 23നാണ് മെലീസയെ ഒരു സ്ത്രീ തട്ടിക്കൊണ്ടുപോയത്. അന്ന് 21 മാസമായിരുന്നു മെലീസയുടെ പ്രായം. ഇവരുടെ അമ്മയായ അള്‍ട്ട അപ്പാന്‍ടെന്‍കോ ഭര്‍ത്തായ ജെഫ്രി ഹൈസ്മിത്തില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം കുഞ്ഞായിരുന്ന മെലീസയെ നോക്കാനായി റൂത്ത് ജോണ്‍സണ്‍ എന്ന ഒരു ആയയെ നിയമിച്ചിരുന്നു. ഇവരാണ് മെലീസയെ തട്ടിക്കൊണ്ടുപോയത്.
പിന്നീട് മെലാനിയ വാള്‍ഡന്‍ എന്ന പേരിലാണ് മെലീസ വളരാന്‍ തുടങ്ങിയത്. എന്നാല്‍ റൂത്ത് ജോണ്‍സണും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് മെലീസ തുറന്നുപറയുന്നു. കടുത്ത ലൈംഗികാതിക്രമം താന്‍ അനുഭവിച്ചിരുന്നതായും പീഡനം സഹിക്കാനാവാതെ 15 വയസ്സുള്ളപ്പോള്‍ ആ വീട്ടില്‍ നിന്നും ഓടിപ്പോയി, തെരുവുകളില്‍ ജോലി ചെയ്തും മറ്റുമാണ് ജീവിച്ചിരുന്നതെന്നും മെലീസ പറഞ്ഞു.
മാതാപിതാക്കളുടെ മുഖം പോലും മെലീസയ്ക്ക് ഓര്‍മ്മയില്ലായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മെലീസ തന്റെ മാതാപിതാക്കളെ ആദ്യമായി കാണുന്നത്. മെലീസയ്ക്ക് ഇപ്പോള്‍ 53 വയസ്സുണ്ട്. 51 വര്‍ഷത്തിന് ശേഷമാണ് തന്റെ മാതാപിതാക്കളെ അവര്‍ ആദ്യമായി കാണുന്നത്.
മെലീസ ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തില്‍ തന്നെയാണ് താമസിച്ചിരുന്നതെന്ന കാര്യം അവരുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കും അറിയില്ലായിരുന്നു. ഇരുവര്‍ക്കുമിടയില്‍ ഏകദേശം 20 മിനിറ്റ് ദൂരം യാത്ര മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നിട്ടും പരസ്പരം അറിയാന്‍ ഏകദേശം 51 വര്‍ഷം കാത്തരിക്കേണ്ടി വന്നു.
പേനിന്റെ കടിയേറ്റ് മുപ്പത് പേര്‍ ചികിത്സയില്‍. നെടുങ്കണ്ടത്താണ് സംഭവം. ഹാര്‍ഡ് ടിക് ഇനത്തില്‍ പെട്ട പേനുകളാണ് കടിച്ചത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്.
കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേനുകളാണിവ. വനമേഖലയോട് ചേര്‍ന്ന കുരുമുളക് തോട്ടങ്ങളില്‍ പണിയെടുക്കുന്നുവര്‍ക്കും കുട്ടികള്‍ക്കുമാണ് ഈ പേനിന്റെ കടിയേറ്റത്. കടിയേറ്റ പലര്‍ക്കും ശരീരമാസകലം മുറിവുണ്ടായിട്ടുണ്ട്.
ഈ പേനിന്റെ കടിയേറ്റ ഭാഗം ചുവന്ന തടിക്കുകയും ഒരാഴ്ചയോളം അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും വനാതിര്‍ത്തിയോട് ചേര്‍ന്ന പുല്‍മേടുകളിലെ ഭൂപ്രകൃതിയുമാവാം പേനുകള്‍ പെരുകാന്‍ ഇടയാക്കിയത്.
അതേസമയം, പേന്‍ കടിയേറ്റവരുടെ വിവരങ്ങളും ആരോഗ്യ സ്ഥിതിയും ശേഖരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പനിയോ മറ്റ് അസ്വസ്ഥതയോ അനുഭവപ്പെടുന്ന പ്രദേശവാസികള്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് പോര്‍ച്ചുഗല്‍ തോറ്റ് പുറത്തായിരുന്നു. എക്കാലത്തെയും മികച്ച പുരുഷ ഗോളടി വീരനായി പേരെടുത്തിട്ടും അവസാന മത്സരങ്ങളില്‍ ബെഞ്ചിലിരുന്ന് ആരാധകരെ പോലും കരയിച്ച പോര്‍ച്ചുഗല്‍ ഇതിഹാസം റൊണാള്‍ഡോ വിങ്ങിപ്പൊട്ടിയാണ് മത്സരം കഴിഞ്ഞ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. ഇതിന്റെ വീഡിയോയെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്ന് ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഭാഗ്യവശാല്‍, പോര്‍ച്ചുഗലിന് വേണ്ടി ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തിലുള്ള നിരവധി കിരീടങ്ങള്‍ നേടാന്‍ സാധിച്ചു. പക്ഷേ തന്റെ രാജ്യത്തിന്റെ പേര് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ സ്ഥാപിക്കുക എന്നതായിരുന്നു വലിയ സ്വപ്നം. അതിന് വേണ്ടി പൊരുതി. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനമായി പ്രയത്‌നിച്ചു. അഞ്ച് തവണയായി ലോകകകപ്പിനെത്തി രാജ്യത്തിനായി ഗോള്‍ നേടാന്‍ സാധിച്ചു. എല്ലായ്പ്പോഴും മികച്ച കളിക്കാരുടെ ഒപ്പവും ദശലക്ഷക്കണക്കിന് പോര്‍ച്ചുഗീസുകാരുടെ പിന്തുണയിലും രാജ്യത്തിനായി എല്ലാം നല്‍കിയെന്നും റൊണാള്‍ഡോ കുറിച്ചു.
ആ വലിയ സ്വപ്നത്തിലേക്കുള്ള പോരാട്ടത്തിന് മുന്നില്‍ ഒരിക്കലും മുഖം തിരിച്ചിട്ടില്ല. ആ സ്വപ്നം ഇന്നലെ അവസാനിച്ചു. ഒരുപാട് പറഞ്ഞിട്ടുണ്ട്, ഒരുപാട് എഴുതിയിട്ടുണ്ട്, ഒരുപാട് ഊഹിക്കപ്പെടുന്നു… പക്ഷേ പോര്‍ച്ചുഗലിനോടുള്ള സമര്‍പ്പണം ഒരു നിമിഷം പോലും മാറിയിട്ടില്ലെന്ന് എല്ലാവരും അറിയണമെന്നാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടെയും ലക്ഷ്യത്തിനായി പോരാടുന്ന ഒരാളായിരുന്നു താന്‍. സഹകളിക്കാരോടും രാജ്യത്തോടും ഒരിക്കലും പുറംതിരിഞ്ഞുനില്‍ക്കില്ല.
ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല. പോര്‍ച്ചുഗലിന് നന്ദി. നന്ദി ഖത്തര്‍… സ്വപ്നം നീണ്ടുനില്‍ക്കുമ്പോള്‍ അത് മനോഹരമായിരുന്നു… ഇപ്പോള്‍, കാലാവസ്ഥ നല്ല ഉപദേശകനായിരിക്കുമെന്നും ഓരോരുത്തരെയും അവരവരുടെ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാമില്‍ എഴുതി.
തൊടുപുഴ : കാൽപന്ത് കളിയിൽ അച്ചടക്കത്തോടെ മുൻ മന്ത്രിയും കേരള കോൺഗ്രസ്സ് ചെയർമാനുമായ പി.ജെ ജോസഫും നേതാക്കളും തൊടുപുഴയിൽ അണിനിരന്നത് ആവേശവും കൗതുകവുമായി. കെ – ബോൾ 2022 നേതൃത്വത്തിൽ മതമൈത്രി സന്ദേശം പകർന്നും മയക്കുമരുന്നിനുമെതിരായും തൊടുപുഴയിൽ സംഘടിപ്പിച്ച സംസ്ഥാന ടർഫ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ശ്രദ്ധേയമായി.
കേരളാ കോൺഗ്രസ്റ്റ് സംസ്ഥാന കമ്മിറ്റി ടീമും യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം ടീമും തമ്മിൽ നടന്ന സൗഹൃദ മത്സരം കിക്കോഫ് നടത്തി ടൂർണ്ണമെന്റ് പി.ജെ.ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി -യുവജനങ്ങളെ മയക്കുമരുന്നിനടിമകളാക്കാതിരിക്കാൻ കായിക വിനോദം പ്രോത്സാഹിപ്പിക്കണമെന്ന് പി.ജെ ജോസഫ് എം എൽ എ പറഞ്ഞു. മതേതരത്വത്തിന്റെ സന്ദേശവാഹകരാക്കാനും കായികക്ഷമതയുള്ള തലമുറ സൃഷ്ടിക്കാനും യുവജനതയ്ക്ക് കഴിയണമെന്നും ജോസഫ് പറഞ്ഞു.
മയക്കുമരുന്നിനെതിരായ പ്രചരണ ഭാഗമായി കെ – ബോൾ 2022 ചീഫ് കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് ദൃഢപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള യൂത്ത് ഫ്രണ്ട് , കെ.എസ്.സി നേതൃത്വത്തിലുള്ള കെ-ബോൾ2022 ടൂർണ്ണമെന്റിൽ 24 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം ടീമുമായി സൗഹൃദ മത്സരത്തിനിറങ്ങിയ പാർട്ടി സംസ്ഥാന ടീമിൽ പി.സി.തോമസ് എക്സ് എം.പി, അഡ്വ. മോൻസ് ജോസഫ് എം എൽ എ, അഡ്വ.കെ ഫ്രാൻസിസ് ജോർജ്ജ്, അപു ജോൺ ജോസഫ് , എം.മോനിച്ചൻ ,ഷിബു തെക്കുംപുറം, ജോബി ജോൺ , സജി മഞ്ഞക്കടമ്പിൽ , അജിത് മുതിരമല, രാകേഷ് ഇടപ്പുര എന്നിവർ പങ്കെടുത്തു. അഡ്വ ജോയി എബ്രഹാം എക്സ് എം.പി, അഡ്വ ജോണി നെല്ലൂർ, പ്രെഫ.എം.ജെ ജേക്കബ്ബ്, പി.എം ജോർജ്ജ്, അഡ്വ ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്ബ്, കെ.വി കണ്ണൻ, അഡ്വ.കെ.എം. ജോർജ്ജ് എന്നിവർ വിവിധ മത്സരങ്ങളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കേന്ദ്രമന്ത്രിയും കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവുമായ വി. മുരളീധരനെ പരിഹസിച്ച് സംഘ്പരിവാര്‍ സഹയാത്രികന്‍ ടി.ജി മോഹന്‍ദാസ്. രാജ്യസഭയില്‍ പ്രധാനമന്ത്രി പ്രസംഗിക്കാനെത്തുമ്പോഴെല്ലാം ക്യാമറയില്‍ വരുന്ന തരത്തില്‍ സ്ഥിരമായി മുരളീധരന്‍ കയറിപ്പറ്റുന്നുവെന്നാണ് ടിജി വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം പെരുമാറ്റം ആരും മനസിലാക്കുന്നില്ലെന്ന് കരുതരുതെന്നും മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചു.
”പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ വരുമ്പോഴൊക്കെ നമ്മുടെ വി. മുരളീധരന്‍ യാദൃച്ഛികമെന്നവണ്ണം പിറകില്‍, സൈഡിലായി വിഡിയോയില്‍ വരത്തക്കവിധം ഇരിക്കും!. കാമറ ഏത് ആംഗിളില്‍ വച്ചാലും മുരളി അതില്‍ വരും. കൊള്ളാം! നല്ല സാമര്‍ത്ഥ്യം. പക്ഷേ, ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ലെന്ന് കരുതരുത് കെട്ടോ” എന്നാണ് ട്വിറ്ററില്‍ ടിജി കുറിച്ചത്.
ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി റീ ട്വീറ്റുകളാണ് ഉണ്ടായിട്ടുള്ളത്. മുരളീധരന്‍ പാര്‍ലമെന്ററികാര്യ മന്ത്രിയാണെന്നും ഇത് മനസിലാക്കാതെ തരംതാഴരുതെന്നും ചിലര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ടിജി പറഞ്ഞത് സത്യമാണെന്നും കേരളത്തില്‍ ബിജെപിയുടെ അവസ്ഥയാണ് അദേഹം പറഞ്ഞതെന്നും ചിലര്‍ കുറിക്കുന്നു. രാജ്യസഭയില്‍ തോന്നും പടി ഒരോ അംഗത്തിനും ഇരിക്കാനാവില്ലെനും ഒരോരുത്തര്‍ക്കും സീറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും അവിടെ മാത്രമെ ഇരിക്കാന്‍ സാധിക്കുവെന്നും ചിലര്‍ ടിജിയെ ഓര്‍മ്മപ്പെടുത്തുന്നു.
പാര്‍ലമെന്ററി കാര്യസഹമന്ത്രിയാണ് മുരളീധരന്‍. പണ്ട് വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ എല്ലാ വീഡിയോകളിലും ചിത്രങ്ങളിലും പിറകില്‍ പ്രമോദ് മഹാജന്‍ ഉണ്ടായിരുന്നു. കേരളത്തില്‍ അനേക ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വോട്ട് വില്പന അവസാനിപ്പിച്ചയാളാണ് മുരളീധരനെന്നും ചിലര്‍ മറുപടി നല്‍കിയിട്ടുണ്ട്. കേരള ബി.ജെ.പിയുടെ ബൗദ്ധിക വിഭാഗം മുന്‍ തലവന്‍ കൂടിയാണ് ടിജി മോഹന്‍ദാസ്.
ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകളും സുഹൃത്തും അറസ്റ്റിൽ. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ശ്രീലക്ഷ്മി(24) സുഹൃത്ത് പുതുപ്പള്ളി കുന്നുമുറിയിൽ പാറപ്പുറത്ത് ബിപിൻ(29)ആണ് അറസ്റ്റിലായത്.
കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവനടന്നത്. ബൈക്കിൽ വീട്ടിലേക്കു വരുവാരുന്ന രാജുവിനെ വീടിന് സമീപം കാത്തുനിന്ന ഹെൽമറ്റ് ധരിച്ച അജ്ഞാതൻ കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിപിനാണ് ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും അക്രമി ബൈക്കിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങള് ലഭിച്ചെങ്കിലും വ്യക്തമായ രൂപം ലഭിച്ചിരുന്നില്ല. ആക്രമണം നടന്ന ദിവസം രാവിലെ കുട്ടിയെ വേണ്ടരീതിയില്‍ പരിചരിക്കാത്തതുമായി ബന്ധപ്പെട്ട് ശ്രീലക്ഷ്മിയുമായി രാജു തർക്കമുണ്ടായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീലക്ഷ്മിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയത്. രാജുവുമായി വഴക്കുണ്ടായ വിവരം ശ്രീലക്ഷ്മി ബിപിനെ അറിയിച്ചിരുന്നു. തുടർന്നായിരുന്നു രാജുവിനെ കൊലപ്പെടുത്താൻ ആക്രമണം നടത്തിയത്. അടിക്കാൻ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
യുഎഇയിലെ അജ്മാനില്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്രവാസി യുവാവിനെ അജ്മാന്‍ പൊലീസ് രക്ഷപ്പെടുത്തി. ശൈഖ് ഖലീഫ പാലത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്നാണ് ഏഷ്യക്കാരനായ യുവാവ് ഭീഷണി മുഴക്കിയത്.
ഇതു സംബന്ധിച്ച വിവരം ഓപ്പറേഷന്‍ റൂമില്‍ ലഭിച്ചതായി അജ്മാന്‍ പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി പറഞ്ഞു. ഉടന്‍ തന്നെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് സംഘവും പൊലീസ് പട്രോള്‍ വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സംഭവത്തില്‍ ഇടപെട്ട അധികൃതര്‍ യുവാവിനോട് സംസാരിക്കുകയും ഇയാളെ അനുനയിപ്പിച്ച് ആത്മഹത്യാ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ പൊലീസ് പങ്കുവെച്ചിട്ടുണ്ട്. പാലത്തിന്റെ അറ്റത്ത് ഇരിക്കുകയായിരുന്ന ഇയാളെ ഉദ്യോഗസ്ഥര്‍ സംസാരിച്ച് അനുനയിപ്പിക്കുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരം തുടരുന്നതിനിടെ മറ്റൊരു ഉദ്യോഗസ്ഥന്‍ പിന്നില്‍ നിന്നെത്തി യുവാവിനെ പിടിക്കുകയും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് യുവാവിനെ ഹമീദിയ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ മൂലമാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വ്യക്തമായത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. യുവാവിന്റെ മാനസികനിലയ്ക്ക് തകരാറില്ലെന്നും മറ്റ് അസുഖങ്ങളില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ കടങ്ങള്‍ തീര്‍പ്പാക്കാനും സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നതിനായി കേസ് കമ്മ്യൂണിറ്റി പൊലീസിന് കൈമാറി.