Latest News

ഷോപ്പിംഗ് മാളിൽ നിന്ന് ചോക്കലേറ്റ് മോഷ്ടിക്കുന്ന വീഡിയോ വൈറലായതിൽ മനംനൊന്ത് കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. ആലിപുർദ്വാർ ജില്ലയിലെ ജയ്ഗാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് മൂന്നാംവർഷ ബിരുദ വിദ്യാർഥിനി ജീവനൊടുക്കിയത്. വീട്ടിലെ മുറിയിൽ ആണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ 29-ന് സഹോദരിയോടൊപ്പം പെൺകുട്ടി സമീപത്തെ ഷോപ്പിങ് മാളിൽ പോയിരുന്നു.

അവിടെനിന്ന് ചോക്കലേറ്റ് മോഷ്ടിച്ച് പുറത്തിറങ്ങുന്നതിനിടെയാണ് പെൺകുട്ടി പിടിയിലായത്. ശേഷം, പെൺകുട്ടി ചോക്കലേറ്റിന്റെ പണം നൽകുകയും കടയുടമകളോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ കടയിൽ ഉണ്ടായിരുന്ന ആളുകൾ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. നിമിഷ നേരംകൊണ്ട് വീഡിയോ വൈറലായി.

ഇതിൽ മാനക്കേട് ഭയന്നാണ് മകൾ ജീവനൊടുക്കിയതെന്ന് പിതാവ് പറഞ്ഞു. പെൺകുട്ടി ജീവനൊടുക്കിയതിന് പിന്നാലെ പ്രദേശവാസികൾ ഷോപ്പിങ് മാളിനു പുറത്ത് പ്രതിഷേധവുമായി രംഗത്തെത്തി. വീഡിയോ ചിത്രീകരിച്ച് ഓൺലൈനിൽ പങ്കുവെച്ചവർക്കതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ചേർത്തല പള്ളിപ്പുറം തിരുനല്ലൂരിലെ ആളൊഴിഞ്ഞ പുരയിടത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാർഡ് കരിയിൽ അനന്തകൃഷ്ണൻ (കിച്ചു-23), സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ സ്വദേശിനി ഷിബുവിന്റെ മകളും പ്ലസ് ടു വിദ്യാർഥിനിയുമായ എലിസബത്ത് (17) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാതി ഏഴുമണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അനന്തകൃഷ്ണൻ തൂങ്ങി മരിച്ച നിലയിലും എലിസബത്തിനെ തറയിൽ കിടക്കുന്ന അവസ്ഥയിലുമാണ് കണ്ടെത്തിയത്. സ്‌കൂളിൽ പെൺകുട്ടി പരീക്ഷയ്ക്ക് എത്തിയില്ലെന്ന വിവരം സ്‌കൂൾ അധികൃതർ വിളിച്ച് അറിയിച്ചപ്പോഴാണ് വീട്ടുകാരും വിവരം അറിഞ്ഞത്.

ശേഷം, മകളെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ കൊപ്ര ഷെഡിൽ മൃതദേഹങ്ങൾ കണ്ടത്. ഫാബ്രിക്കേഷൻ ജീവനക്കാരനാണ് അനന്തകൃഷണൻ. ജീജയാണ് അമ്മ. പരേതയായ ബിന്ദുവാണ് എലിസബത്തിന്റെ അമ്മ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എറണാകുളം ജില്ലയിൽ എടയ്ക്കാട്ട് വയൽ തക്ഷശിലയുടെ പ്രിയ സൗഹൃദ കൂട്ടായ്മയിൽ പിറന്ന “എൻ്റെ കാർത്തുമ്പിക്ക് ” എന്ന പ്രണയ ആൽബം ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. പ്രശസ്ത ശിൽപ്പി ശിവദാസ് എടയ്ക്കാട്ട് വയലിൻ്റെ മകൻ അജിത്ത് ശിവദാസാണ് ഈ ഗാനത്തിൻ്റെ രചന നിർവ്വഹിച്ചത്.

ഈ പ്രണയ ഗാനം ആലപിച്ചത് പ്രശസ്ത ഗായകൻ ഗണേഷ് സുന്ദരം. ബിനോജ് ഗോപിനാഥ് സംഗീത സംവിധാനം നിർവ്വഹിച്ചപ്പോൾ   ഓർക്കസ്ട്രേഷന്റെ ചുമതല വിജയ് ജേക്കബ്ബിനായിരുന്നു .  ആൽബം സംവിധാനം ബിപിൻ എസ് നായർ. കോഓഡിനേറ്ററായി പ്രവർത്തിച്ചത് രാജൻ ആണ്. ദിപേഷ് ദാസൻ  ആണ്  മനോഹരമായി ഈ ആൽബം ചിത്രീകരിച്ചത്.

ഐസിസി ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡിനെതിരായ ടി20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിന് അഞ്ച് ദിവസങ്ങൾക്ക് ശേഷം നടക്കുന്ന പര്യടനത്തിൽ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചു. ഹാർദിക് പാണ്ഡ്യയാണ് ടി20 ടീമിനെ നയിക്കുന്നത്. ശിഖാർ ധവാനാണ് ഏകദിന ടീമിനെ നയിക്കുന്നത്.

സഞ്ജു സാംസൺ ഏകദിന ടീമിലും ടി20 ടീമിലും ഇടം നേടി. റിഷഭ് പന്താണ് രണ്ട് പരമ്പരയിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ.

ഇന്ത്യൻ ടി20 ടീം ; ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (vc), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (WK), വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ , മൊഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉംറാൻ മാലിക്.

ഇന്ത്യൻ ഏകദിന ടീം ; ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (vc & wk), ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (WK), വാഷിങ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, ഷഹബാസ് അഹമ്മദ്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ് , ദീപക് ചാഹർ, കുൽദീപ് സെൻ, ഉമ്രാൻ മാലിക്

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ പാലസിലെത്തിയാണ് മുഖ്യമന്ത്രി പിണറായി ഉമ്മന്‍ചാണ്ടിയെ ജന്മദിനാശംസകള്‍ അറിയിച്ചത്.ചികിത്സയ്ക്കായി ജര്‍മ്മനിയില്‍ പോകാന്‍ തയ്യാറെടുക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു. പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയ ശേഷം വീണ്ടും കാണാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. സുഖവിവരങ്ങള്‍ അന്വേഷിച്ച് അല്‍പസമയം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

79-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് ആലുവ ഗസ്റ്റ് ഹൗസില്‍ എത്തിയത്. നടന്‍ മമ്മൂട്ടിയും ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ ഗസ്റ്റ് ഹൗസിലെത്തി. ജര്‍മ്മനിയിലേക്ക് ചികിത്സയ്ക്ക് പോകുന്ന ഉമ്മന്‍ചാണ്ടി അസുഖം ഭേദമായി എത്രയും പെട്ടെന്ന് തിരികെ വരട്ടെയെന്ന് ആശംസിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. പൂക്കള്‍ സമ്മാനിച്ചു കൊണ്ടാണ് മമ്മൂട്ടി ഉമ്മന്‍ ചാണ്ടിയെ കാണാനെത്തിയത്. എല്ലാ പ്രാവശ്യത്തേയും പോലെ ലളിതമായ പിറന്നാള്‍ ആഘോഷമാണ് ഇത്തവണയും നടന്നത്. 2015ന് ശേഷം തന്റെ ശബ്ദത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടായി എന്നും ഇത്രയും അധികം ദിവസം നീണ്ടുനില്‍ക്കുന്നത് ഇതാദ്യമാണ് എന്നും ഉമ്മന്‍ ചാണ്ടി മമ്മൂട്ടിയോട് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണ് എന്നും ചികിത്സക്ക് കുടുംബം തടസം നില്‍ക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇത്തരം പ്രചരണങ്ങളില്‍ കുടുംബം വളരെയധികം ദുഃഖിതരാണ്. വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.1943 ഒക്ടോബര്‍ 31ന് കോട്ടയം കുമരകത്താണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെഎസ്‌യുവിലുടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. 1970ല്‍ പുതുപ്പള്ളിയില്‍ നിന്നും നിയമസഭയില്‍ എത്തി. കെഎസ് യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.

മമ്മൂട്ടിയെക്കുറിച്ച് രസകരമായ കുറിപ്പ് പങ്കുവെച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. മമ്മൂട്ടിയുടെ വീട് സന്ദർശിച്ചതിനെക്കുറിച്ചുള്ള കുറിപ്പിൽ ശ്രീരാമൻ നടന്റെ പേര് പറയുന്നില്ല. എന്നാൽ മമ്മൂട്ടിയുടെ പിന്നിൽ നിന്നുള്ള ചിത്രം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫി നിരോധിച്ചാൽ ആളറിയാതെ എടുത്തതാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം നടന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വി കെ ശ്രീരാമന്റെ കുറിപ്പ്:

ചെടികളുടെയും മരങ്ങളുടേയും കിളികളുടെയും പൂമ്പാറ്റകളുടെയും നാടൻ പേരുകളും ശാസ്ത്രീയ നാമങ്ങളും പറഞ്ഞു തന്നു കൊണ്ട് വനചാരി മുമ്പെ നടന്നു. ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പുള്ളതുകൊണ്ട് പിന്നിൽ നിന്ന് ഒളിക്കാമറ വെച്ചാണ് വന്യൻ്റെ ഫോട്ടം പിടിച്ചത്. എന്നിട്ടും ജ്ഞാനദൃഷ്ടിയാൽ അതു കണ്ടു തിരിഞ്ഞു നിന്ന് എന്നെ നോക്കി ഭസ്മമാക്കാൻ ശ്രമിച്ചു.

ഞാൻ വടുതലവടാശ്ശേരി ഉണ്ണിമാക്കോതയേയും കണ്ടര് മുത്തപ്പനേയും സേവിച്ചുപാസിച്ച ആളായ കാരണം ഇന്നെ ഒന്നും ചെയ്യാൻ പറ്റീല്ല. ന്നാലും വെറുതെ വിടാൻ പറ്റില്ലല്ലോ? ഞാനൊരു പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ചു.” ബടെ ഇങ്ങളെന്തിനാ ഇങ്ങനെ കോങ്ക്രീറ്റം ഇട്ടത്. സ്വാഭാവിക റെയിൻഫോറസ്റ്റിൻ്റെ ഇക്കോളജിക്കൽ ബാലൻസ്പോവില്ലെ?”ആ ചോദ്യത്തിലെ എൻ്റെ ജ്ഞാനപ്പെരുമ കേട്ട് ഞ്ഞെട്ടിയിട്ടുണ്ടാവുമെന്ന് ഉറപ്പ്. എന്നാൽ അതു പുറത്തു കാണിക്കാതെ ഇങ്ങനെ പറഞ്ഞു. ചെളിപ്പറ്റുള്ള മണ്ണാൺഡാ. കോൺക്രീറ്റിട്ടില്ലെങ്കി നടന്നാ ബാലൻസുപോയി മലർന്നു വീഴും. ” എന്നാൽ പിന്നെ മറ്റൊരു വഴി ചിന്തിക്കായിരുന്നു ”

എന്തു വഴി? ” തോടുണ്ടാക്കി, രണ്ടു സൈഡിലും കണ്ടൽകാടു വെച്ചു പിടിപ്പിക്കുക. എന്നിട്ട് ആ തോട്ടിലൂടെ കൊതുമ്പുവള്ളത്തിൽ വീട്ടിലേക്കു വരാലോ? പിന്നെ ആ പാട്ടും പാടാം”ഏതു പാട്ട്? “ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ” അത് ഫിമെയ്ൽ വോയ്സല്ലേ? “ഡ്യുവെറ്റായും കേട്ടിട്ടുണ്ട്”ഉത്തരം ഒന്നുമുണ്ടായില്ല. അപ്പാേൾ ഞാൻ ചോദിച്ചു. “എന്താ ഒന്നും മുണ്ടീലാ എന്താ ങ്ങള് ചിന്തിക്കണത്?” ഏത് നാശം പിടിച്ച നേരത്താണ് ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിയ്ക്കായിരുന്നു. അത്രയും പറഞ്ഞ് അല്പനേരത്തിനു ശേഷം വീണ്ടും വന്യമായ വിവരണം തുടർന്നു.

സൂർത്തുക്കളേ, ഇതങ്ങേരല്ലെ ഇങ്ങേരല്ലെ ഇന്നയാളല്ലേ എന്നൊന്നും എന്നോട് ചോദിക്കരുത്. ഇയ്ക്ക് ആളെ നിശ്ശല്ല. ഞാനിതുവരെ മുഖം ശരിക്കു കണ്ടിട്ടില്ല. സൗണ്ട് മാത്രേ കേട്ടിട്ടുള്ളൂ.

ശുചിമുറിയിലെ ലൈസോള്‍ കുടിച്ച് ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ചയെന്ന് സൂചന. ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് റൂറല്‍ എസ്പി ഡി ശില്‍പ പ്രതികരിച്ചു.

ഇതിനിടെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാനായി ഗ്രീഷ്മ നടത്തിയ നാടകമാണ് ലൈസോള്‍ കുടിച്ച സംഭവമെന്നും സൂചനയുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ കൂടുതല്‍ സമയം ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതിയാകാം നീക്കമെന്നും സംശയമുണ്ട്. എന്നാല്‍ ആശുപത്രിയിലെത്തിച്ച് ഛര്‍ദ്ദിക്കാനുള്ള മരുന്ന് നല്‍കിയതോടെ പെണ്‍കുട്ടി സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്.

അതേസമയം, ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും റൂറല്‍ എസ്പി ഡി ശില്‍പ വ്യക്തമാക്കി. സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാലു വനിതാ പൊലീസുകാരുടെ സംരക്ഷണയിലായിരുന്നു ഗ്രീഷ്മ.

സുരക്ഷാ പരിശോധന നടത്തിയ ശുചിമുറി ആയിരുന്നു ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് അല്ല ഗ്രീഷ്മ ഉപയോഗിച്ചത്. പോലീസുകാര്‍ മറ്റൊരു ശുചിമുറിയില്‍ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ ലഭിക്കും.

വിദ്യാര്‍ത്ഥിയായ ഷാരോണിനെ വധിച്ച കേസിലെ പ്രതി ഗ്രീഷ്മ പോലീസിന് നല്‍കിയ മൊഴി ഞെട്ടിക്കുന്നത്. ഷാരോണിനോടുള്ള വൈരാഗ്യമാണ് വിഷം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഗ്രീഷ്മയുടെ മൊഴി.

ഷാരോണിന്റെ പക്കല്‍ തന്റെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നുവെന്നും ഇത് പലതവണ തിരികെ ചോദിച്ചിട്ടും ഷാരോണ്‍ നല്‍കിയിരുന്നില്ല. ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ഷാരോണ്‍ തയ്യാറായില്ല. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നിരുന്നെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. ആത്മഹത്യാ ഭീഷണി ഉള്‍പ്പെടെ മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയില്ല. ഇതോടെയാണ് ക്രൂരമായ കൊലപാതകത്തിന് ഗ്രീഷ്മ പദ്ധതിയിട്ടത്.

കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. ഗ്രീഷ്മയുടെ മാതാപിതാക്കള്‍, അമ്മാവന്‍, ബന്ധുവായ മറ്റൊരു യുവതി എന്നിവരെ പോലീസ് കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. റൂറല്‍ എസ്പി ഓഫീസിലെ ചോദ്യംചെയ്യലിന് ശേഷം ഇവരെ നാലിടങ്ങളിലായാണ് ചോദ്യം ചെയ്തത്.

ഒരാളെ റൂറല്‍ എസ്പി ഓഫീസിലും മറ്റുള്ളവരെ വട്ടപ്പാറ, വെഞ്ഞാറമൂട്, അരുവിക്കര പോലീസ് സ്റ്റേഷനുകളില്‍ എത്തിച്ചുമാണ് ചോദ്യംചെയ്തത്. ഈ നാലുപേരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന.

അതുകൊണ്ട് ഇവരെ തിങ്കളാഴ്ച വിശദമായി ചോദ്യംചെയ്ത് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നേക്കും. ഇതിനിടെ കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ രാമവര്‍മന്‍ചിറയിലെ ഗ്രീഷ്മയുടെ വീടിന് നേരേ കല്ലേറുണ്ടായി. അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് അജ്ഞാതര്‍ ആക്രമിച്ചത്. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് വീണ് 91 ജീവൻ പൊലിയാൻ ഇടയാക്കിയത് ഒരു കൂട്ടം യുവാക്കളുടെ പരാക്രമം മൂലമെന്ന് ആരോപണം. അപകടം അവർ മനഃപൂർവ്വം ക്ഷണിച്ചു വരുത്തിയതായിട്ടാണ് അനുഭവപ്പെട്ടതെന്നുമാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നത്. അപകടത്തിനു മുൻപ് പാലത്തിലുണ്ടായിരുന്ന അഹമ്മദാബാദ് സ്വദേശി വിജയ് ഗോസ്വാമിയും കുടുംബവുമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

യുവാക്കൾ പാലം കുലുക്കിയപ്പോൾ പേടി അനുഭവപ്പെട്ടതോടെ പാലത്തിൽ നിന്ന് ഇറങ്ങുകയായിരുന്നുവെന്ന് ഇവർ പറയുന്നു. പിന്നാലെ കേട്ടത് അപകടം ആയിരുന്നുവെന്നും കുടുംബം പറയുന്നു. യുവാക്കൾ പാലം കുലുക്കുന്ന സമയത്ത് ആളുകൾക്ക് നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും ആക്ഷേപം ഉണ്ട്.

ദീപാവലി അവധി ആഘോഷിക്കാനാണ് ഗോസ്വാമിയും സംഘവും മോർബിയിലെത്തിയത്. അപകടത്തിനു തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ, ഒരു കൂട്ടം യുവാക്കൾ പാലത്തിൽനിന്ന് ചിത്രങ്ങളും വിഡിയോയും പകർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ചിലർ പാലം കുലുക്കുന്നതും ദൃശ്യമാണ്.

കുടുംബത്തിന്റെ ആരോപണം;

അവധി ദിവസമായതിനാൽ പാലത്തിൽ വളരെയേറെ ആളുകളുണ്ടായിരുന്നു. ഞാനും കുടുംബവും പാലത്തിലുള്ള സമയത്താണ് ഒരുകൂട്ടം യുവാക്കൾ പാലം മനഃപൂർവം കുലുക്കിയത്. ഇതോടെ എവിടെയെങ്കിലും കൈകളുറപ്പിക്കാതെ പാലത്തിൽ നിൽക്കാനാകില്ലെന്ന സ്ഥിതിയായി. പാലത്തിന്റെ പാതിവഴിയിലായിരുന്ന ഞാനും കുടുംബവും, അപകടം മണത്തതോടെ അതിവേഗം തിരിച്ചുപോന്നു.

തൂക്കുപാലം കുലുക്കുന്നതിൽനിന്ന് യുവാക്കളെ തടയാൻ തിരികെ പോരും മുൻപ് ഞാൻ പാലം ജീവനക്കാരോട് ആവശ്യപ്പെട്ടതാണ്. അവർ പക്ഷേ, സന്ദർശകർക്ക് ടിക്കറ്റ് നൽകുന്ന തിരക്കിലായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനമൊന്നുമില്ലെന്നും അവർ പറഞ്ഞു. ഞങ്ങൾ അവിടെനിന്ന് പോന്ന് അധികം വൈകും മുൻപേയാണ് പാലം തകർന്നുവീണത്.

 

അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ ചാപ്ലൈനും മലയാളിയുമായ വൈദികന് നേരെ ആക്രമണം. ഇന്നലെ ഞായറാഴ്ച വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ വൈദിക വസതിയില്‍വെച്ചാണ് കമില്ലന്‍ സമൂഹാംഗവും വയനാട് മാനന്തവാടി സ്വദേശിയുമായ ഫാ. ബോബിറ്റ് തോമസിനു കുത്തേറ്റത്. വൈദിക വസതിയില്‍ എത്തിയ അക്രമിയുടെ അതിക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദികന് കുത്തേല്‍ക്കുകയായിരിന്നു. സാരമായ പരിക്കേറ്റ ഫാ. ബോബിറ്റ് വാട്ടര്‍ഫോര്‍ഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. വാട്ടര്‍ഫോര്‍ഡിലെ ആര്‍ഡ്കീന്‍ ഏരിയയിലാണ് വൈദികര്‍ താമസിക്കുന്ന ഭവനം സ്ഥിതി ചെയ്യുന്നത്.

സംഭവ സമയത്ത് ഇവിടെ താമസിക്കുന്ന മറ്റ് വൈദികർ ഉണ്ടായിരിന്നില്ല. സംഭവത്തില്‍ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണ ശ്രമമാണെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വാട്ടര്‍ഫോര്‍ഡ് ലിസ്മോര്‍ ബിഷപ്പ് അൽഫോൺസസ് കള്ളിനന്‍, സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ഫാ.ബോബിറ്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയ്ക്കു 20 വയസ് ആണെന്ന് പിന്നീട് പോലീസ് വ്യക്തമാക്കി. ക്രിമിനല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 4 പ്രകാരം വാട്ടര്‍ഫോര്‍ഡ് ഗാര്‍ഡ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്യും.

 

Copyright © . All rights reserved