Latest News

ആലത്തൂരിൽനിന്ന് കാണാതായ നാല് ഒമ്പതാംക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്താനായി പോലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ഇതിനിടെ സഹപാഠികളായ നാലുപേരും തമിഴ്നാട്ടിൽ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് നിലവിൽ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

പാലക്കാട് ആലത്തൂരിൽനിന്നുള്ള പോലീസ് സംഘങ്ങളാണ് തമിഴ്നാട്ടിലെ പലയിടങ്ങളിലും തിരച്ചിൽ തുടരുന്നത്. പൊള്ളാച്ചിയിൽ ഇവരെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. എന്നാൽ പൊള്ളാച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

ആലത്തൂരിൽനിന്ന് വീട് വിട്ടിറങ്ങിയ നാല് വിദ്യാർത്ഥികളും ആദ്യം പാലക്കാട്ടേക്ക് പോയതായാണ് പോലീസിന്റെ നിഗമനം. ആലത്തൂർ ദേശീയപാതയിൽ സ്വാതി ജംങ്ഷനിലേക്ക് വിദ്യാർത്ഥികൾ നടന്നുപോകുന്നത് കണ്ടവരുണ്ട്. ഇവിടെനിന്ന് ബസിൽ കയറി ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് നിഗമനം. പാലക്കാട് ബസ് സ്റ്റാൻഡിൽനിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.

നവംബർ മൂന്നാം തീയതിയാണ് ആലത്തൂർ സ്വദേശികളായ നാല് വിദ്യാർഥികളെ കാണാതായത്. ഇതിൽ രണ്ടുപേർ ഇരട്ടസഹോദരിമാരാണ്. എല്ലാവരും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഇവരിലൊരാളുടെ കൈയിൽ മൊബൈൽ ഫോണുണ്ടെങ്കിലും മൂന്നാം തീയതി മുതൽ ഇത് സ്വിച്ച് ഓഫാണ്. ഇവർ പ്രത്യേക ലക്ഷ്യം വെച്ച് യാത്ര തിരിച്ചതല്ലെന്നും വെറുതെ കറങ്ങി നടക്കുകയാണെന്നുമാണ് പോലീസ് നൽകുന്ന വിവരം.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിയേറ ലിയോണില്‍ ചോര്‍ന്ന എണ്ണ ശേഖരിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറിലേറെ പേര്‍ മരിച്ചു. തലസ്ഥാനമായ ഫ്രീ ടൗണില്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനമുണ്ടായത്.

എണ്ണ ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കൂട്ടിയിടിയില്‍ ടാങ്കറില്‍ നിന്ന് വലിയ രീതിയില്‍ എണ്ണ ചോരാന്‍ തുടങ്ങി. പരിസരവാസികള്‍ ചോര്‍ന്ന എണ്ണ ശേഖരിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

മരണസംഖ്യ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. നഗരത്തിലെ ആശുപത്രികളെല്ലാം പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് വിവരം. സംഭവസ്ഥലത്തേതെന്ന് കരുതുന്ന നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവയിലൊക്കെ തകര്‍ന്ന ടാങ്കറിന് സമീപം മൃതദേഹങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുന്നതായി കാണാം.

സംഭവത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാകിസ്താൻ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ആറ് മത്സ്യത്തൊഴിലാളികളെ പാകിസ്താൻ തട്ടിക്കൊണ്ടുപോയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. ശ്രീധർ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പാക് നാവികസേനാംഗങ്ങൾ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു നേരെ വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ആറ് മത്സ്യത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയതായും വിവരമുണ്ട്. ജൽപാരി എന്ന ബോട്ടിനുനേരെയാണ് ആക്രമണമുണ്ടായത്. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇന്ത്യയുടെ പ്രതീക്ഷകൾ വെറുതെയായി. ഗ്രൂപ്പ് രണ്ടിൽ നിന്നും പാകിസ്ഥാന് പിന്നാലെ രണ്ടാം സ്ഥാനക്കാരായി സെമി ഫൈനലിലേക്ക് കടന്ന് ന്യൂസിലൻഡ്. അഫ്ഗാനിസ്ഥാനെതിരായ മത്സരം എട്ട് വിക്കറ്റിന് ജയിച്ചതോടെയാണ് അഞ്ച് മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റ് നേടി ന്യൂസിലൻഡ് സെമിയിലേക്ക് കടന്നത്. ന്യൂസിലൻഡ് ജയിച്ചതോടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും യോഗ്യത നേടാതെ പുറത്തായി. അഫ്ഗാനിസ്ഥാൻ ജയിച്ചിരുന്നെങ്കിൽ റൺറേറ്റ് അടിസ്ഥാനമാക്കിയുള്ള കണക്കിൽ മുന്നേറാമെന്ന ഇന്ത്യൻ പ്രതീക്ഷകൾക്കാണ് ഇതോടെ വിരാമമായത്.

അഫ്ഗാനിസ്ഥാൻ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു. കുഞ്ഞൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലൻഡിന്റെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാനിസ്ഥാൻ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഡെവോൺ കോൺവേയും ചേർന്ന് അഫ്ഗാന്റെ വിജയപ്രതീക്ഷകൾ തല്ലിക്കെടുത്തുകയായിരുന്നു. വില്യംസൺ 42 പന്തിൽ 40 റൺസോടെയും കോൺവേ 32 പന്തിൽ 36 റൺസോടെയും പുറത്താകാതെ നിന്നു. മാർട്ടിൻ ഗപ്റ്റിൽ (28), ഡാരിൽ മിച്ചൽ (17) എന്നിവരാണ് പുറത്തായത്.

അഫ്ഗാനിസ്ഥാന് വേണ്ടി മുജീബുർ റഹ്മാൻ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റിൽ 124 റൺസാണ് നേടിയത്. 48 പന്തിൽ 73 റൺസെടുത്ത നജീബുള്ള സദ്രാൻ ഒഴികെ അഫ്ഗാൻ നിരയിൽ മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. അഫ്ഗാൻ നിരയിൽ സദ്രാന് പുറമെ രണ്ട് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ബൗളിങ്ങിൽ ന്യൂസിലൻഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി ബോൾട്ടും രണ്ട് വിക്കറ്റ് വീഴ്ത്തി സൗത്തിയും തിളങ്ങി.

ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 5.1 ഓവറില്‍ 19 റണ്‍സെടുക്കുന്നതിനിടെ തന്നെ അവര്‍ക്ക് മുഹമ്മദ് ഷഹ്‌സാദ് (4), ഹസ്രത്തുള്ള സസായ് (2), റഹ്മാനുള്ള ഗുര്‍ബാസ് (6) എന്നിവരെ നഷ്ടമായി. കൂട്ടത്തകർച്ച മുന്നിൽ കണ്ട അഫ്ഗാനെ നജീബുള്ള സദ്രാന്റെ ഒറ്റയാൾ പോരാട്ടമാണ് മുന്നോട്ട് കൊണ്ടുപോയത്. നാലാം വിക്കറ്റിൽ ഗുൽബാദിൻ നൈബിനൊപ്പം 36 റൺസ് കൂട്ടിച്ചേർത്ത സദ്രാൻ അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ നബിക്കൊപ്പം കൂട്ടിച്ചേർത്ത 59 റൺസിന്റെ കൂട്ടുകെട്ടാണ് അവരെ 100 കടത്തിയത്. ഇരുവരും പുറത്തായതോടെ ഡെത്ത് ഓവറുകളിൽ അഫ്ഗാൻ സ്കോർ ഉയർത്താൻ കഴിയാതെ 124 ൽ ഒരുങ്ങുകയായിരുന്നു.

കോട്ടയത്ത് കെഎസ്ആർടിസി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണന്ത്യം. കുറപ്പന്തറ ഇലവത്തിൽ രഞ്ജിൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോട്ടയം നീലിമംഗലം പാലത്തിലായിരുന്നു അപകടം.

നീലിമംഗലം പാലത്തിൽ വെച്ച് രഞ്ജിൻ സഞ്ചരിച്ചിരുന്ന ഓട്ടോയും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചിങ്ങവനം, ചങ്ങനാശ്ശേരി മേഖലകളിലെ വിവിധ സ്ഥലങ്ങളിൽ ഇറച്ചി എത്തിച്ച ശേഷം തിരികെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.

പാലത്തിന്റ പ്രവേശന ഭാഗത്തെ കുഴിയിൽ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

തിരുവനന്തപുരം: കേരളമാകെ ബാധകമായ ഏകീകൃത ക്രിസ്ത്യൻ വിവാഹ രജിസ്‌ട്രേഷൻ നിയമത്തിന് നിയമപരിഷ്കരണ കമ്മിഷൻ കരട് തയ്യാറാക്കി. സർക്കാർ ആവശ്യപ്പെട്ടപ്രകാരം ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതിയാണ് ‘കേരള ക്രിസ്ത്യൻ മാര്യേജ് രജിസ്‌ട്രേഷൻ ബില്ലി’ന്റെ കരട് സമർപ്പിച്ചത്. ക്രിസ്ത്യൻ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ കേരളത്തിൽ ഏകീകൃത നിയമമില്ലാത്തും രജിസ്‌ട്രേഷന് പ്രത്യേക സംവിധാനമില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.1095-ലെ ക്രിസ്ത്യൻ സിവിൽ വിവാഹനിയമം പഴയ കൊച്ചി സംസ്ഥാനത്തും 1872-ലെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹനിയമം മലബാർ പ്രദേശത്തും മാത്രം ബാധകമായവയാണ്. പഴയ തിരുവിതാംകൂർ മേഖലയ്ക്ക് നിയമം നിലവിലില്ല. അതേസമയം, 1955-ലെ ഹിന്ദു വിവാഹനിയമം അനുസരിച്ച് ഹിന്ദു വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ പ്രത്യേക അതോറിറ്റിയുണ്ട്. 1954-ലെ സ്പെഷ്യൽ വിവാഹനിയമം അനുസരിച്ചും രജിസ്‌ട്രേഷൻ അതോറിറ്റിയുണ്ട്.

നിയമപരമായ ഒരു അതോറിറ്റി നൽകുന്ന സാധുവായ വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാത്തത് വിദേശങ്ങളിൽ കുടിയേറുകയും തൊഴിൽതേടുകയും ചെയ്യുമ്പോൾ തടസ്സമാകുന്നു. ക്രിസ്ത്യൻ വിവാഹങ്ങൾ ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നത് 2008-ലെ വിവാഹ രജിസ്‌ട്രേഷനുള്ള പൊതു ചട്ടങ്ങൾ അനുസരിച്ചാണ്. ഇതിന് നിയമത്തിന്റെ അടിസ്ഥാനമില്ല. സർക്കാരിന്റെ നയപരമായ തീരുമാനം അനുസരിച്ചുള്ളതാണ്. നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത സർട്ടിഫിക്കറ്റ് പല വിദേശരാജ്യങ്ങളും നിരസിക്കുന്നുണ്ട്. കരട് ബില്ലിലെ വ്യവസ്ഥകൾ പ്രകാരം, വിവാഹിതരാകാൻ ഉദ്ദേശിക്കുന്നവർ അതത് പ്രദേശത്തെ വിവാഹ ഓഫീസർക്ക് സത്യപ്രസ്താവനകൾ ഉൾപ്പെടെ നോട്ടീസ് നൽകണം. വിവാഹ ഓഫീസർ ക്രിസ്ത്യൻ സഭകൾ നിശ്ചയിക്കുന്നവരായിരിക്കും. അതായത്, വികാരിമാരുടെ കാർമികത്വത്തിലായിരിക്കും വിവാഹം. നോട്ടീസ് വിവാഹ ഓഫീസർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. എതിർപ്പുള്ളവർ ഏഴുദിവസത്തിനകം അറിയിക്കണം. പരാതികൾ ഉയർന്നാൽ ഏഴുദിവസത്തിനകം അന്വേഷിക്കണം. മതിയായ കാരണമുണ്ടെങ്കിൽ കൂടുതൽ സമയമെടുക്കാം.

പരാതി ശരിയെങ്കിൽ വിവാഹം നടത്തിക്കൊടുക്കരുത്. ഇക്കാര്യത്തിൽ വിവാഹ ഓഫീസറുടെ തീരുമാനം അന്തിമമായിരിക്കും. ഇരുകൂട്ടരും ആവശ്യപ്പെടുന്ന വിധം സൗകര്യപ്രദമായ സ്ഥലത്തും സമയത്തും വിവാഹ ഓഫീസർ വിവാഹം നടത്തിക്കൊടുക്കണം. മറ്റൊരു വിവാഹ ഓഫീസറുടെ കീഴിലാണ് വിവാഹത്തിന് സൗകര്യമെങ്കിൽ അപേക്ഷ അങ്ങോട്ടുമാറ്റാം. ഈ നിയമപ്രകാരം നടത്തുന്ന എല്ലാ വിവാഹങ്ങളും നിർബന്ധമായി രജിസ്റ്റർ ചെയ്തിരിക്കണം. തദ്ദേശഭരണ സെക്രട്ടറിയാണ് വിവാഹ രജിസ്ട്രാർ. തദ്ദേശഭരണ സെക്രട്ടറി ക്രിസ്ത്യൻ വിവാഹങ്ങൾക്കു മാത്രമായി പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കും. രജിസ്‌ട്രേഷന്, വിവാഹ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനകം രജിസ്ട്രാർക്ക് അപേക്ഷിക്കണം.

വിവാഹ രജിസ്റ്ററിൽ വധുവും വരനും രണ്ടു സാക്ഷികളും ഒപ്പിടണം. അപേക്ഷിക്കാൻ വൈകിയാൽ മതിയായ കാരണം കാണിക്കണം. അധികാരപ്പെടുത്താത്തവർ ഈ നിയമപ്രക്രാരമുള്ള വിവാഹം നടത്തിക്കൊടുക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയാൽ മൂന്നുവർഷംവരെ തടവും പതിനായിരം രൂപയുമാണ് ശിക്ഷയായി നിർദേശിച്ചിട്ടുള്ളത്.

കോൺഗ്രസുമായുള്ള ഒത്തുതീർപ്പു ചർച്ചയിൽനിന്നു നടൻ ജോജു ജോർജിനെ പിന്തിരിപ്പിച്ചതു സിപിഎം ആണെന്ന ആരോപണവുമായി കെ.ബാബു എംഎൽഎ. ഒരു സിപിഎം എംഎൽഎയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പു വേണെന്ന ആവശ്യം ഉയർന്നതോടെയാണ് ചർച്ച നടക്കാതെ പോയതെന്നും ബാബു പറഞ്ഞു. റോഡ് ഉപരോധിച്ചതിനെതിരെ രംഗത്തെത്തിയ ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ തകർത്ത കേസിൽ ആറു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കോൺഗ്രസ് നേതാക്കളിൽ ഒരാളെ അറസ്റ്റു ചെയ്തെങ്കിലും ബാക്കിയുള്ളവരുടെ അറസ്റ്റ് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ജോജുവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം ഒത്തുതീർപ്പിനു ശ്രമിച്ചത്. നടന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടായിരുന്നു ഒത്തുതീർപ്പു ശ്രമം. എന്നാൽ തന്റെ കാർ നന്നാക്കി നൽകുകയും അവഹേളിച്ച കോൺഗ്രസ് പരസ്യമായി മാപ്പു പറയുകയും വേണമെന്നു ജോജു ആവശ്യപ്പെട്ടു.

ഇതോടെയാണ് ഒത്തുതീർപ്പു നീക്കത്തിൽനിന്നു കോൺഗ്രസ് പിന്മാറിയത്. അറസ്റ്റിലായ പ്രതിയുടെ ജാമ്യഹർജിയിൽ കക്ഷിചേരാൻ ജോജു ശ്രമിക്കുകയും ചെയ്തു. ഉപരോധ സമരത്തിനിടെ ജോജു മനഃപൂർവം പ്രകോപനം നടത്തുകയായിരുന്നെന്നു കെ.ബാബു പറഞ്ഞു. മാസ്ക് ധരിക്കാത്തതിന് എന്തു നടപടിയാണ് സ്വീകരിച്ചതെന്നു പൊലീസ് പറയണം.

ഫാൻസി നമ്പർ പ്ലേറ്റ് കാറിൽ ഘടിപ്പിച്ചതിന് മോട്ടർ വാഹന വകുപ്പ് കേസ് എടുത്തിട്ടുണ്ട്. ജോജു മാന്യത ചമയരുത്. സിനിമാ ഷൂട്ടിങ്ങുകൾ പലതും ഗതാഗതം തടസ്സപ്പെടുത്തി ചെയ്യാറുണ്ട്. നിരത്തിൽ ഗതാഗതം തടസ്സപ്പെടുത്തി സിനിമാ ചിത്രീകരണം നടത്തില്ലെന്നു കോൺഗ്രസ് തീരുമാനിച്ചാൽ എന്താകും അവസ്ഥയെന്നും ബാബു ചോദിച്ചു.

സ്‌കൂളില്‍നിന്നു മടങ്ങവേ അഞ്ചു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്ന പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി വ്യാജം. സ്‌കൂളില്‍ പോകാനുള്ള മടികാരണം പെണ്‍കുട്ടി കെട്ടിച്ചമച്ചതാണെന്നാണ് സൂചന. ലോക്ക്ഡൗണ്‍ കാലത്ത് നിരന്തരമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ പെണ്‍കുട്ടി മൊബൈല്‍ ഗെയ്മുകള്‍ക്ക് അടിമയായിരുന്നു. ക്ലാസ് തുടങ്ങുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഇനി സ്‌കൂളില്‍ പോകുന്നില്ലെന്നും കുട്ടി വീട്ടില്‍ പറഞ്ഞു.

എന്നാല്‍, മൊബൈല്‍ തിരികെ വാങ്ങി സ്‌കൂളിലേക്കു പോകണമെന്നു വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി കുട്ടിയുടെ കൈയില്‍ എപ്പോഴും മൊബൈല്‍ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈല്‍ ഒപ്പം കാണും. സ്‌കൂള്‍ തുറന്നതോടെ മൊബൈല്‍ കൈയില്‍നിന്നു പോകുമെന്ന ചിന്ത കുട്ടിയെ മാനസികാഘാതത്തിലേക്ക് നയിച്ചതാണ് വ്യാജ പീഡിനകഥ ചമയ്ക്കാന്‍ പ്രേരിപ്പിച്ചത്.

സ്‌കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു രക്ഷാകര്‍ത്താക്കളോടു പറഞ്ഞത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവസ്ഥലം പരിശോധിച്ച പോലീസ് സിസി ടിവി ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

തുടക്കം മുതലുള്ള പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യം പോലീസ് ശ്രദ്ധിച്ചിരുന്നു. കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോള്‍ സംഭവ സമയത്ത് ഇവര്‍ സ്ഥലത്തില്ലായിരുന്നു എന്നും പോലീസിന് വിവരം ലഭിച്ചു.

വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവു ലഭിച്ചില്ല. പരാതി ആരുടെയെങ്കിലും പ്രേരണയാല്‍ നല്‍കിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

പാലക്കാട് നിന്നും വീണ്ടും രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. എഎസ്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളും ഇരട്ട സഹോദരിമാരുമായ ശ്രേയ, ശ്രേജ എന്നിവരെയാണ് കാണാതായത്. കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയുടെ തിരോധാനത്തിന് രണ്ടുമാസം പിന്നിടവെയാണ് 14 വയസ്സുള്ള ഇരട്ട സഹോദരിമാരെ കാണാതാകുന്നത്.

കഴിഞ്ഞ ബുധനാഴ്ച ( നവംബര് 3) മുതലാണ് ഇരുവരെയും കാണാതാകുന്നത്. ഇവരുടെ ക്ലാസ്സില്‍ പഠിക്കുന്ന ചുണ്ടക്കാട് സ്വദേശി അര്‍ഷാദ്, മേലാര്‍കോട് സ്വദേശി അഫ്‌സല്‍ മുഹമ്മദ് എന്നിവരെയും കാണാതായിട്ടുണ്ട്. ഇവര്‍ പാലക്കാട് നഗരത്തില്‍ ഉച്ചയ്ക്ക് 3.30 ഓടെ കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇവര്‍ ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളില്‍ ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്. അതേസമയം, തങ്ങള്‍ വിനോദയാത്രയ്ക്ക് പോകുമെന്ന് പെണ്‍കുട്ടികള്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു.

എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പെണ്‍കുട്ടികളുടെ കൈവശം മൊബൈല്‍ ഉള്ളതായി വീട്ടുകാര്‍ക്ക് അറിവില്ല. എന്നാല്‍ ഇവര് സ്വകാര്യമായി മൊബൈല്‍ഫോണ് കൈവശം വെച്ചിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി സ്വപ്‌ന സുരേഷ് അട്ടകുളങ്ങര ജയിലിന് പുറത്തിറങ്ങി. സ്വപ്നയുടെ അമ്മ പ്രഭ വനിതാ ജയിലിലെത്തി രേഖകള്‍ അധികൃതര്‍ക്ക് കൈമാറി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതെങ്കിലും നടപടിക്രമങ്ങള്‍ വൈകിയതു മൂലം മോചനം നീളുകയായിരുന്നു. ഒരു വര്‍ഷവും മൂന്നു മാസവും ജയിലില്‍ കഴിഞ്ഞ ശേഷമാണ് സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായത്. പ്രതിചേര്‍ക്കപ്പെട്ട ആറ് കേസുകളിലും ജാമ്യം ലഭിച്ചതിനാലാണ് മോചനം സാധ്യതമായത്.

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയെ പാര്‍പ്പിച്ചിരുന്നത്. സ്വപ്ന ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ്, ഇഡി കേസുകളിലും സ്വപ്നയ്ക്ക് നേരത്തെ ജാമ്യം കിട്ടിയെങ്കിലും വ്യവസ്ഥകള്‍ പാലിച്ച് ഉത്തരവ് നടപ്പാക്കിയിരുന്നില്ല.

എന്‍ഐഎ കേസ് ഉള്‍പ്പടെ എല്ലാ കേസുകളിലും ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും സ്വപ്നയ്ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് സ്വപ്നയ്ക്ക് ജയില്‍ നിന്നും ഇറങ്ങാനാകാഞ്ഞത്. 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവുമാണ് ഹൈക്കോടതി ഉത്തരവിലെ ജാമ്യ വ്യവസ്ഥ.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ ഹാജരാക്കിയ രേഖകള്‍ വെച്ച് തീവ്രവാദക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കളളക്കടത്തും അതുമായി ബന്ധപ്പെട്ട ഗൂഡാലോചനയും നടന്നെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. സ്വര്‍ണക്കളളക്കടത്ത് രാജ്യത്തിന്റെ സ്ഥിരതയെ അട്ടിമറിക്കുന്ന സാമ്പത്തിക തീവ്രവാദമെന്ന എന്‍.ഐ.എ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 

RECENT POSTS
Copyright © . All rights reserved