Latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.ഇ കെ നയനാര്‍, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്നു. മികച്ച സമാചികനെന്ന് വിശേഷണമുണ്ടായിരുന്ന ആര്യാടന്‍ മുഹമ്മദ്, കോണ്‍ഗ്രസിലെ പല തന്ത്രപ്രധാന നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.

1935 മെയ് 15ന് ആര്യാടന്‍ ഉണ്ണീന്‍-കാദിയുമ്മ ദമ്പതികളുടെ മകനായി നിലമ്പൂരിലായിരുന്നു ജനനം. 1852ല്‍ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം, 1958 മുതല്‍ കെപിസിസി അംഗമായിരുന്നു. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലത്ത് ഇ.കെ. നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

സുജിത് തോമസ്

ചേരുവകൾ

• ചെറുപയർ പരിപ്പ് – 1 1/2കപ്പ്
• ഉണക്കലരി – 1/2കപ്പ്
• തേങ്ങാപ്പൽ രണ്ടാം പാൽ -1 1/2 -2 ലിറ്റർ
• ഒന്നാം പാൽ – 1/2-3/4 ലിറ്റർ
• ശർക്കര -750-800ഗ്രാം
• നെയ്യ് -2സ്പൂൺ
• ചുക്കുപൊടി – 1/4ടീസ്പൂൺ
• ജീരകം പൊടിച്ചത് -1/4 ടീസ്പൂൺ
• കശുവണ്ടി – മുന്തിരിങ്ങ -ആവശ്യത്തിന്

പാചകം ചെയുന്ന വിധം

ഒരു പാത്രത്തിൽ ചെറുപയർ പരിപ്പ് ഇളം ബ്രൌൺ നിറമാകുന്നത് വരെ, ചെറു തീയിൽ വറക്കുക (ഏകദേശം 5-6 മിനിട്ട്). അതിനുശേഷം നന്നായി കഴുകിയ പരിപ്പ് തിളച്ച വെള്ളത്തിൽ വേവിക്കുക.

ശർക്കര വേറെ ഒരു പാത്രത്തിൽ കുറച്ച് വെള്ളമൊഴിച്ച് (1/2 കപ്പ് )ഉരുക്കുക.

വെന്ത പരിപ്പിലേയ്ക്ക് ശർക്കരപാനി ഒഴിക്കുക. അതിന് ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് കുറുകുന്നത് വരെ ഇളക്കികൊണ്ടിരിയ്ക്കുക. നെയ്യ് ചേർത്ത് വീണ്ടും ഇളക്കുക.

പായസം ആവശ്യത്തിന് കുറുകി കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് ഇളക്കുക. ഏകദേശം 4-5 മിനിട്ട് കഴിയുമ്പോൾ ജീരകപ്പൊടിയും, ചുക്കുപൊടിയും ചേർത്ത് ഇളക്കിയശേഷം വാങ്ങിവയ്ക്കുക.

നെയ്യിൽ വറുത്ത കശുവണ്ടി, മുന്തിരിങ്ങ എന്നിവയും, ആവശ്യമെങ്കിൽ നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും ചേർത്താൽ സ്വാദിഷ്ടമായ പരിപ്പുപായസം റെഡി.

 

ന്യൂസ് ഡെസ്‌ക്.
മലയാളം യുകെ ന്യൂസിന്റെ 2022 ലെ മികച്ച സംഘാടകനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച സംഘാടകനുള്ള അവാര്‍ഡ് ലീഡ്‌സ് സീറോ മലബാര്‍ ഇടവക വികാരി ഫാ. മാത്യൂ മുളയോലിക്ക്.
തന്റെ സംഘടനാ പ്രാവീണ്യത്തിലൂടെ വെസ്റ്റ് യോര്‍ക്ഷയറിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളി സമൂഹത്തിന് നല്‍കിയ സംഭാവനകളെ മാനിച്ചാണ് ഫാ. മുളയോളിയെ മലയാളം യുകെ ഡയറക്ടര്‍ ബോര്‍ഡ് അടങ്ങുന്ന അവാര്‍ഡ് ജൂറി ഐക കണ്‌ഠേന തിരഞ്ഞെടുത്തത്. മലയാളം യുകെ ന്യൂസ് ടീം അതീവ ശ്രദ്ധയോടെ ഫാ. മുളയോലിയുടെ പ്രവര്‍ത്തനങ്ങളെ പഠിച്ചിരുന്നു. കൂടാതെ പൊതു സമൂഹം ഫാ. മുളയോളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പിന്തുണയും മുതല്‍ക്കൂട്ടായി.

മികച്ച സംഘാടകനുള്ള അവാര്‍ഡ് ഫാ. മുളയോലിക്ക് ഒക്ടോബര്‍ എട്ടാം തീയതി കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ സമ്മാനിക്കപ്പെടും.

സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് കേന്ദ്രമായ കുര്‍ബാന സെന്ററിനെ നയിക്കാന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയുക്തനായ ഫാ. മാത്യൂ മുളയോലില്‍ ഭൂമി ശാസ്ത്രപരമായി ചിതറി കിടക്കുന്നതും യുകെയിലെ മറ്റ് പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എണ്ണത്തില്‍ കുറവായതുമായ മലയാളി സമൂഹത്തെ ഏകോപിപ്പിക്കാനും സാമൂഹ്യമായി ഉയര്‍ത്താനും സ്തുത്യര്‍ഹമായ സേവനമാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ലീഡ്‌സില്‍ സീറോ മലബാര്‍ സഭ സ്വന്തമായി ദേവാലയം കരസ്തമാക്കിയിരുന്നു.
യുകെയിലെ സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ലീഡ്‌സിലാണ് ഒരു ചാപ്ലിന്‍സി ആദ്യമായി ദേവാലയം വാങ്ങുന്നത്. നിസ്വാര്‍ത്ഥമായ പ്രയത്‌നത്തിന്റെ ഫലമാണ് മികച്ച സംഘാടകനുളള അവാര്‍ഡ്.

ഒക്ടോബര്‍ എട്ടാം തീയതി യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ അവാര്‍ഡ് നൈറ്റില്‍ വിസ്മയങ്ങള്‍ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്.
അവാര്‍ഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയോടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്..

 

ഉത്തരാഖണ്ഡിലെ റിസോർട്ടിൽ ജോലി ചെയ്തിരുന്ന 19കാരിയായ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസിൽ മുതിർന്ന ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ. വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യ എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിൽ പുൽകിതിനെ കൂടാതെ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

പുൽകിതിന്റെ ഉടമസ്ഥതയിൽ പൗരി ജില്ലയിലുള്ള യംകേശ്വറിലെ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ പെൺകുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലിൽനിന്നാണ് കണ്ടെത്തിയത്. റിസോർട്ടിൽ എത്തിയവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണറിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിൽ റിസോർട്ട് പൊളിച്ചുനീക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഉത്തരവിട്ടു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് ബിജെപി, ആർഎസ്എസ് പ്രവർത്തകൻ കൂടിയാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് പുൽകിത് തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് റിസോർട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പെൺകുട്ടിയെ പുൽകിത് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയത്.

24 പവനും ബുള്ളറ്റും 3 ലക്ഷം രൂപയും നൽകിയിട്ടും സ്ത്രീധനം പോരെന്ന് പറഞ്ഞ് യുവതിയെ ഭർതൃവീട്ടിൽ നിന്നും പുറത്താക്കി. 20 ദിവസത്തോളം ഒരു തീർപ്പിനായി കാത്തിരുന്ന യുവതി ഗതികെട്ട് കമ്പിപ്പാരയുമായി എത്തി വാതിൽകുത്തിപ്പൊളിച്ച് അകത്തുകയറി. തിരുവാറൂർ ജില്ലയിലെ മയിലാടുതുറൈയിലെ പ്രവീണയാണ് (30) ഭർത്താവ് നടരാജന്റെ (32) വീടിനുമുന്നിൽ 20 ദിവസം കാത്തിരുന്നശേഷം അകത്തുകയറിയത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും നടരാജന്റെ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ പ്രവീണയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങി. ചെന്നൈയിലെ ഒരു സ്വകാര്യകമ്പനിയിലാണ് നടരാജന് ജോലി. നടരാജൻ ഇല്ലാത്ത സമയം നോക്കിയാണ് പ്രവീണയെ വീട്ടുകാർ പുറത്താക്കിയത്.

തുടർന്ന് ഭർതൃകുടുംബം ബന്ധുവീട്ടിലേക്ക് മാറുകയും ചെയ്തു. എന്നാൽ പ്രവീണ ഭർതൃവീട്ടിൽ നിന്നും പോകാനും കൂട്ടാക്കിയില്ല. അവർ 20 ദിവസം വീടിനുപുറത്തുതന്നെ പാചകം ചെയ്ത് താമസിക്കുകയായിരുന്നു. ഭർതൃവീട്ടുകാർക്കെതിരെ മയിലാത്തുറൈ ഡിഎസ്പി വസന്തരാജിന് പരാതിയും നൽകി. കഴിഞ്ഞ ദിവസം നടരാജന്റെ ബന്ധുക്കൾ വീട്ടിലെത്തുകയും പശുക്കളെ പരിചരിച്ച ശേഷം തിരിച്ചുപോയി.

തന്റെ കാര്യത്തിൽ തീരുമാനം എടുക്കാതെ വന്നതോടെ പ്രവീണ വീട് കമ്പിപ്പാര കൊണ്ട് കുത്തിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസിനോട് ഇത്രയും നാളായി തന്റെ ഭർത്താവിനെക്കുറിച്ച് വിവരമില്ലെന്നും അദ്ദേഹത്തെ കണ്ടെത്തി തരണമെന്നും പ്രവീണ ആവശ്യപ്പെട്ടു. ഭർത്താവ് തന്നെ വേണ്ടെന്ന് പറയുകയാണെങ്കിൽ താൻ വീട്ടിൽ നിന്നും ഇറങ്ങാമെന്നും പ്രവീണ വ്യക്തമാക്കി.

മനുഷ്യരാശിയ്ക്ക് ഭീഷണിയായി മറ്റൊരു വൈറസ് കൂടി. വവ്വാലില്‍ കണ്ടെത്തിയ ഖോസ്ത 2 വൈറസിന് മനുഷ്യനില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

2020 ല്‍ റഷ്യയിലാണ് ആദ്യമായി ഖോസ്ത 2 വൈറസ് കണ്ടെത്തുന്നത്. അന്ന് ഈ വൈറസ് മനുഷ്യനില്‍ പ്രവേശിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് മനുഷ്യന് ഈ വൈറസ് വെല്ലുവിളിയാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

നിലവിലുള്ള വാക്സിനുകള്‍ ഖോസ്ത 2 വൈറസിനെതിരെ ഫലപ്രദമാകില്ലെന്നാണ് റിപ്പോര്‍ട്ട്. പിഎല്‍ഒഎസ് എന്ന ജേണലില്‍ നല്‍കിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കൊറോണ വൈറസിന്റെ ഇനത്തില്‍ തന്നെ പെടുന്ന സാര്‍ബികോവൈറസാണ് ഖോസ്ത 2. ഖോസ്ത 1 മനുഷ്യ ശരീരത്തില്‍ പ്രവേശിക്കില്ല എന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

വവ്വാലുകള്‍, റക്കൂണ്‍, വെരുക് എന്നിവയില്‍ നിന്നാണ് ഖോസ്ത 2 വൈറസ് മനുഷ്യനിലേക്ക് പകരാന്‍ സാധ്യത. ഖോസ്ത 2 മനുഷ്യ ശരീരത്തില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകില്ലെങ്കിലും വൈറസ് കോവിഡ് വൈറസുമായി കൂടിച്ചേര്‍ന്നാല്‍ അത് വലിയ വിപത്തിനാകും കാരണമാകുക.

നിലവില്‍ കോവിഡ് വൈറസിനെതിരെ മാത്രമല്ല മറിച്ച് സാര്‍ബികോവ് വൈറസ് ഇനത്തില്‍പ്പെടുന്ന എല്ലാ വൈറസിനെതിരെയും ഫലപ്രദമായ ഒരു വാക്സിന്‍ കണ്ടെത്തിയിട്ടില്ല. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.

ബിജോ തോമസ് അടവിച്ചിറ

ആവേശകരമായ മത്സരത്തിൽ നെഹ്റു ട്രോഫിക്ക് പിന്നാലെ രാജീവ് ഗാന്ധി ട്രോഫിയിലും കിരീടമണിഞ്ഞ് മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍. ചാമ്പ്യന്‍സ് സ്‌പോര്‍ട്‌സ് ലീഗിന്റെ രണ്ടാം സീസണില്‍, പുളിങ്കുന്ന് ജലോത്സവത്തില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാട്ടില്‍ തെക്കേതില്‍, വീയപുരം ചുണ്ടനെയും നടുഭാഗം ചുണ്ടനെയും പിന്നിലാക്കിയാണ് വിജയികളായത്.

ആവേശകരമായ മത്സരത്തിനൊടുവിലാണ് കാട്ടില്‍ തെക്കേതില്‍ ജേതാക്കളായത്. ഫൈനലില്‍   പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനുമായിരുന്നു എതിരാളികള്‍. ഒപ്പത്തിനൊപ്പം തുഴഞ്ഞെത്തിയെങ്കിലും അവസാന കുതിപ്പില്‍ കാട്ടില്‍ തെക്കേതില്‍ മുന്നിലെത്തുകയായിരുന്നു. വീയപുരം ചുണ്ടന്‍ രണ്ടാം സ്ഥാനത്തും നടുഭാഗം ചുണ്ടന്‍ മൂന്നാം സ്ഥാനത്തുമെത്തി.

ലീഗില്‍ കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടനാണ് നാലാം സ്ഥാനത്തുള്ളത്. കേരള പൊലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം, കൈനകരി യുബിസിയുടെ കാരിച്ചാൽ, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ മങ്കൊമ്പ് സെന്റ് പയസ് ടെൻത്, എടത്വ വില്ലേജ് ബോട്ട് ക്ലബിന്റെ ദേവസ്, കുമരകം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി എന്നിവരാണ് തുടര്‍സ്ഥാനങ്ങളിലെത്തിയത്. നെഹ്റു ട്രോഫിയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍ എത്തിയ ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിച്ചത്.

ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ ആദ്യമത്സരമായ നെഹ്റു ട്രോഫിയില്‍ കാട്ടില്‍ തെക്കേതിലായിരുന്നു വിജയി. നടുഭാഗം ചുണ്ടനായിരുന്നു രണ്ടാം സ്ഥാനം. കരുവാറ്റയില്‍ നടന്ന ലീഗിലെ രണ്ടാം മത്സരത്തില്‍ നടുഭാഗം ചുണ്ടനായിരുന്നു ഒന്നാമത് എത്തിയത്. ലീഗില്‍ ഇരുടീമുകളും തുല്യ നിലയിലായതിനാല്‍ ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് പതാക ഉയർത്തിയ വള്ളം കളി. തുടർന്നു ചീഫ് വിപ്പ് എൻ.ജയരാജ് എംഎൽഎ ജലമേള ഉദ്ഘാടനം ചെയ്തു.കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് അധ്യക്ഷത വഹിച്ചു.

കേരളത്തിലെ പ്രധാന വള്ളം കളി മത്സരങ്ങളെ കോര്‍ത്തിണക്കി നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) 2019 ലാണ് ഐപിഎല്‍ മാതൃകയില്‍ തുടങ്ങിയത് കോവിഡും മറ്റ് തടസ്സങ്ങളും ഉണ്ടായതോടെ സിബിഎല്‍ തുടരാന്‍ സാധിച്ചില്ല. കേരള ടൂറിസത്തിന് ഒരു മുതല്‍ക്കൂട്ടായതുകൊണ്ടാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സിബിഎല്‍ സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്.

പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി ചാംപ്യൻസ് ബോട്ട് ലീഗ് മത്സര വള്ളംകളിക്കു മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് മത്സരവും സാംസ്കാരിക സമ്മേളനവും നടത്തി. വഞ്ചിപ്പാട്ട് മത്സരത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിലെ 11 ടീമുകൾ മത്സരത്തിൽ‍ പങ്കെടുത്തു.പുരുഷൻമാരുടെ വിഭാഗത്തിൽ രമേശൻ ക്യാപ്റ്റനായിട്ടുള്ള നീർക്കുന്നം വഞ്ചിപ്പാട്ട് സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്ത്രയോസ് ക്യാപ്റ്റനായിട്ടുള്ള കിടങ്ങറ വഞ്ചിപ്പാട്ട് സംഘം രണ്ടാം സ്ഥാനവും ഷാജിമോൻ ക്യാപ്റ്റനായിട്ടുള്ള നടുഭാഗം വഞ്ചിപ്പാട്ടു സംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വനിതാ വിഭാഗത്തിൽ മെർലിൻ ക്യാപ്റ്റനായിട്ടുള്ള കരുമാടി നവിതം വഞ്ചിപ്പാട്ടു സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൃഷ്ണകുമാരി ക്യാപ്റ്റനായിട്ടുള്ള ചമ്പക്കുളം കാവ്യാജ്‍ഞലി വഞ്ചിപ്പാട്ടു സംഘം രണ്ടാം സ്ഥാനവും പ്രീതാ ബാബു ക്യാപ്റ്റനായിട്ടുള്ള ചതുർഥ്യാകരി വിനോഭാനഗർ വഞ്ചിപ്പാട്ടു സംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് വഞ്ചിപ്പാട്ടു മത്സരം ഉദ്ഘാടനം ചെയ്തു. കൾച്ചറൽ കമ്മിറ്റി ചെയർമാൻ ‌പത്മകുമാർ മനോജ് രാമമന്ദിരം അധ്യക്ഷത വഹിച്ചു. കൺവീനർ രജനി ഉത്തമൻ, വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, പി.കെ.വിജയൻ പനച്ചിപറമ്പ്, എസ്.ജത‌‌ീന്ദ്രൻ, ചന്ദ്രൻ മുറിപ്പുരയ്ക്കൽ, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പുളിങ്കുന്ന് പൊലീസ് സബ് ഇൻസ്പെക്ടർ ജി.വിജയകുമാർ സമ്മാനദാനം നിർവഹിച്ചു.

പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ നടത്തിയ ഘോഷയാത്രയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 15–ാം വാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 7–ാം വാർഡ് രണ്ടാം സ്ഥാനവും 10–ാം വാർഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുളിങ്കുന്ന് റോഡ് മുക്കിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് ഫ്ലാഗ് ഓഫ് ചെയ്തു.

ഘോഷയാത്ര പുളിങ്കുന്ന് സെന്റ്.ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ചു. തുടർന്നു നടത്തിയ സാംസ്‌കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റോജി മണല, പ്രീതി സജി, പഞ്ചായത്തംഗങ്ങളായ മനോജ് കാനാച്ചേരി, നീനു ജോസഫ്, ലീലാമ്മ ജോസഫ്, അന്നമ്മ ജോസഫ്, ജോഷി കൊല്ലാറ, പത്മകുമാർ‍ മനോജ് രാമമന്ദിരം, പുഷ്പാ ബിജു, രജനി ഉത്തമൻ, ഷൈലജ അജികുമാർ, ജോസഫ് ജോസഫ് മാമ്പൂത്തറ, ലീനാ ജോഷി, വിധു പ്രസാദ്, ശോഭന സനഹാസനൻ, പത്മജ അഭിലാഷ് എന്നിവർ പ്രസംഗിച്ചു.

 

ലിങ്കൺഷയറിലെ സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ രജിസ്ട്രാറായ ഡോ. റിതേഷിനെ സഹായിക്കുവാൻ ഹള്ളിലെ ഇന്ത്യൻ സമൂഹം രംഗത്ത്. ഹോഡ്കിൻ ലിംഫോമ ബാധിച്ച ഡോ. റിതേഷിന് സ്റ്റെം സെൽ ചികിത്സ ആവശ്യമാണ്. ചികിത്സയുടെ മറ്റു ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി മുന്നോട്ട് പോവുകയാണ് ഡോ. റിതേഷും കുടുംബവും. ഹള്ളിലാണ് ഡോ. റിതേഷ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഡോ. റിതേഷിൻ്റെ ഭാര്യ ലീമ ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. രണ്ടു പെൺകുട്ടികളുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുന്ന റിയയും നൈനയും.

ഡോ. റിതേഷിന് അടിയന്തിരമായി ആവശ്യമുള്ള സ്റ്റെം സെൽ ചികിത്സ താമസിയാതെ നടത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിൻ്റെ കുടുംബം. എന്നാൽ ഇതുവരെ യോജിച്ച ഒരു ഡോണറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള പരിശ്രമത്തിലാണ് ലീമയും സുഹൃത്തുക്കളും. ബ്ളഡ് ക്യാൻസർ പോലുള്ള നൂറിലധികം മാരക  രോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷയാണ് സ്റ്റെം സെൽ മാറ്റിവയ്ക്കൽ ചികിത്സ. രക്തദാനം പോലെ തന്നെ വളരെ എളുപ്പവും സുരക്ഷിതവുമാണ് സ്റ്റെം സെൽ ഡൊണേഷനും. രക്തദാനത്തിനു രക്ത ഗ്രൂപ്പ് സാമ്യം വേണ്ടതുപോലെ സ്റ്റെം സെൽ ഡൊണേഷന് ജനിതക സാമ്യം ആവശ്യമാണ്.

കുടുംബത്തിൽനിന്നോ സഹോദരങ്ങളിൽനിന്നോ ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വെറും 25% മാത്രമാണ്. മിക്കപ്പോഴും കുടുംബത്തിനു പുറത്തുനിന്ന് ഒരു ദാതാവിനെ അന്വേഷിക്കേണ്ടി വരുന്നു. പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. അതായത് യോജിച്ച സ്റ്റെം സെൽ കുടുംബക്കാരിൽനിന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും.  18 മുതൽ 50 വയസ്സ് വരെ പ്രായമുള്ള ആർക്കും സ്റ്റെം സെൽ ഡോണറായി രജിസ്റ്റർ ചെയ്യാം.

യുകെയിൽ നിരവധി പേർക്ക് സ്റ്റെം സെൽ ചികിത്സ ആവശ്യമായി വരുന്നുണ്ടെങ്കിലും ഏഷ്യൻ വംശജർ ഡോണേഷൻ ലിസ്റ്റിൽ വളരെ കുറവാണ്. ഏഷ്യൻ എത്നിക് ഒറിജിനിൽ ഉള്ളവർക്ക് അതേ വംശത്തിൽ നിന്നുള്ളവരുടെ സ്റ്റെം സെൽ മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ. നിലവിൽ ഡോ. റിതേഷിന് പറ്റിയ ഒരു ഡോണർ യുകെ – യൂറോപ്പ് സ്റ്റെം സെൽ ഡോണർ രജിസ്റ്ററിൽ ഇല്ല.

ഡോ. റിതേഷിനായി സ്റ്റെം സെൽ നൽകാൻ പറ്റിയ ദാതാവിനായുള്ള അന്വേഷണത്തിൽ നിങ്ങൾക്കും ഒരു കൈ സഹായിക്കാൻ കഴിയും. സമാനമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യൻ കമ്യൂണിറ്റികളുടെയോ വ്യക്തികളുടെയോ വിവരങ്ങൾ  കൈമാറാം. സ്റ്റെം സെൽ ഡൊണേഷനായുള്ള സ്വാബ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്നവരും ദയവായി ഈ നമ്പരുകളിൽ ബന്ധപ്പെടുക.

Leema Ritesh : 07828819837
Binoy Joseph : 07915660914

ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ മെഡിക്കൽ ഫോറം 2022 ഒക്ടോബർ 2 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ 9.30 വരെയും, യുകെ സമയം 3 മുതൽ 5 വരെയും സൂം പ്ലാറ്റ് ഫോമിൽ പൊതുജന അവബോധത്തിനായി ഓൺലൈൻ മെഡിക്കൽ സെമിനാർ നടത്തും.

വിഷയങ്ങളും പ്രഭാഷകരും ഇവയാണ് : 1. സ്ട്രോക്ക് അവബോധം ഡോ : വി. ടി. ഹരിദാസ്, ന്യൂറോളജീസ്റ്റ്, തൃശൂർ, 2. രോഗം തടയുന്നതിനും അപ്പുറം, ആരോഗ്യകരമായ ജീവിത ശൈലിക്ക് സന്തോഷകരമായ പ്രചോദനത്തിനായി ഡോ : പോൾ ഈനാശു സൈക്യർട്ടിസ്റ്റ്, യു കെ യിലെ സ്കാർബറോ. 3.റേഡിയോളജിസ്റ്റ് ഡോ: റിജോ മാത്യു സി. കൊച്ചി.

കൂടുതൽ വിവരങ്ങൾക്ക് വേൾഡ് മലയാളി കൌൺസിൽ ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്‌ ഡോ : ജിമ്മി ലോനപ്പൻ മൊയ്‌ലനെ ബന്ധപ്പെടുക.

WhatsApp :00447470605755.
ഈ മെയിൽ [email protected].

സൂം മീറ്റിംഗ് ഐ ഡി :81322891380
പാസ്‌ കോഡ് : 429471.

മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ കേസെടുത്തതില്‍ പ്രതികരിച്ച് നടന്‍ ശ്രീനാഥ് ഭാസി. ചട്ടമ്പി സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

കേസില്‍ നടനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിരുന്നു.

അതേസമയം, അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന യൂട്യൂബ് ചാനല്‍ അവതാരക നല്‍കിയ പരാതിയില്‍ മരട് പോലീസ് കേസെടുത്തിരുന്നു. നടന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനാഥ് ഭാസിക്കെതിരെ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഐപി സി 354 എ (1) (4), 294 ബി, 509 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

RECENT POSTS
Copyright © . All rights reserved