മാർ ജോസഫ് സ്രാമ്പിക്കൽ
കരുണയുടെയും ദാരിദ്ര്യത്തിൻ്റെയും പ്രതീകമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ 2025 ഏപ്രിൽ 21-നു നിത്യപിതാവിൻ്റെ സന്നിധിയിലേക്കു ജീവൻ്റെ കിരീടം നേടാനായി കടന്നുപോയി.
2016 ജൂലൈ 16-ാം തീയതി കരുണയുടെ അസാധാരണ ജൂബിലിവർഷത്തിൽ പൗരസ്ത്യ പാരമ്പര്യങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് പാപ്പായാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത സ്ഥാപിച്ചതും അതിൻ്റെ പ്രഥമ മെത്രാനായി എന്നെ നിയമിച്ചതും. പൗരസ്ത്യസുറിയാനി ആരാധനക്രമവും ദൈവശാസ്ത്രവും ആധ്യാത്മികതയും ശിക്ഷണക്രമവും സംസ്കാരവും ഗ്രേറ്റ് ബ്രിട്ടണിൽ വളർന്നു പന്തലിക്കുന്നതിനാണ് പാപ്പാ നമ്മുടെ രൂപത സ്ഥാപിച്ചത്. പരിശുദ്ധ പിതാവുമായി വ്യക്തിപരമായി നടത്തിയ ഏഴു കൂടിക്കാഴ്ചകൾ ദൈവകരുണയുടെ അവിസ്മരണീയവും അവാച്യവുമായ അനുഭവമാണ് സമ്മാനിച്ചത്. പരിശുദ്ധ പിതാവ് നിത്യതയിലേക്കു പ്രവേശിക്കുന്ന ഈ സമയത്ത് കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ ആ സുകൃതജീവിതത്തെ അനുസ്മരിക്കുകയും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രാർത്ഥനകൾ സമർപ്പിക്കുകയും ചെയ്യുന്നു.
മിശിഹായിൽ സ്നേഹപൂർവ്വം,
യൗസേപ്പ് സ്രാമ്പിക്കൽ
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ മെത്രാൻ
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ ‘സർഗം സ്റ്റീവനേജ്’ ഒരുക്കുന്ന ഈസ്റ്റർ-വിഷു-ഈദ് ആഘോഷം ഏപ്രിൽ 27 ന് ഞായറാഴ്ച്ച ആർഭാടമായി കൊണ്ടാടുന്നു. ആഘോഷവും വിപുലമായും സംഘടിപ്പിക്കുന്ന ‘സർഗം ഹോളി ഫെസ്റ്റ്സ്’ നെബ് വർത്ത് വില്ലേജ് ഹാളിൽ ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിമുതൽ രാത്രി ഒമ്പതുമണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സർഗ്ഗം ഭാരവാഹികൾ.
ഈസ്റ്ററും, വിഷുവും, ഈദുൾ ഫിത്തറും നൽകുന്ന നന്മയുടെ സന്ദേശങ്ങൾ സമന്വയിപ്പിച്ച് ഒരുക്കുന്ന ‘സർഗം ഹോളി ഫെസ്റ്റ്സ്‘ ആകർഷകങ്ങളായ കലാപരിപാടികൾ അരങ്ങു വാഴുന്ന ‘കലാസന്ധ്യ’, സംഗീതസാന്ദ്രത പകരുന്ന ‘സംഗീത നിശ’ അടക്കം നിരവധി ആകർഷകങ്ങളായ പരിപാടികൾ സദസ്സിനായി അണിയറയിൽ ഒരുങ്ങുന്നതായി സർഗം പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.
ഉച്ചക്ക് കൃത്യം മൂന്ന് മണിക്ക് ‘സ്റ്റാർട്ടർ മീൽ’ വിളമ്പുന്നതും നാല് മണിയോടെ വിതരണം നിർത്തി ഈസ്റ്റർ-വിഷു- ഈദ് ആഘോഷത്തിന്റെ സാംസ്ക്കാരിക പരിപാടികൾക്ക് ആരംഭം കുറിക്കും. വർണ്ണാഭമായ കലാവിരുന്നും, സ്വാദിഷ്‌ടമായ ഭക്ഷണ വിഭവങ്ങളും, ഗംഭീരമായ ഗാനമേളയും, ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കുന്ന സർഗ്ഗം ആഘോഷ സദസ്സിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ സർഗ്ഗം ഭാരവാഹികളുമായി ബന്ധപ്പെട്ട് പ്രവേശനം നേടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:-
മനോജ് ജോൺ (പ്രസിഡന്റ്) – 07735285036
അനൂപ് മഠത്തിപ്പറമ്പിൽ (സെക്രട്ടറി) – 07503961952
ജോർജ്ജ് റപ്പായി (ട്രഷറർ) – 07886214193
April 27th Sunday, 14:00-21:00
Knebworth Village Hall, Park Lane , Knebworth, SG3 6PD
അമേരിക്കയില്‍ വാഹനപാകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്ന കോഴിക്കോട് വടകര സ്വദേശിനി ഹെന്ന(21)യാണ് മരിച്ചത്.
വടകര സ്വദേശി അസ്ലമിന്റെയും ചേളന്നൂര്‍ സ്വദേശി സാജിദയുടെയും മകളാണ് മരിച്ച ഹെന്ന.രക്ഷിതാക്കള്‍ക്കൊപ്പം ന്യൂജഴ്‌സിയിലാണ് താമസിച്ചിരുന്നത്.
കോളേജിലേക്ക് പോകുന്ന വഴിയില്‍ ഹെന്ന സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് തുടക്കം കുറിക്കുന്ന നടപടിക്രമങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന് പ്രധാന ചുമതല. കര്‍ദിനാള്‍ സംഘത്തിലെ ഒന്‍പത് ഇലക്ടറല്‍മാര്‍ക്ക് ചുമതലകള്‍ ഏല്‍പിക്കുന്നതിനായി നറുക്കെടുക്കുക അദേഹമാകും. വോട്ടെണ്ണുന്ന മൂന്ന് കര്‍ദിനാള്‍മാര്‍, രോഗം കാരണം സന്നിഹിതരാകാന്‍ കഴിയാത്ത ഇലക്ടറല്‍മാരില്‍ നിന്ന് ബാലറ്റ് ശേഖരിക്കുന്ന മൂന്ന് കര്‍ദിനാള്‍മാര്‍, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്ന് കര്‍ദിനാള്‍മാര്‍ എന്നിവരെ മാര്‍ ജോര്‍ജ് കൂവക്കാട് തിരഞ്ഞെടുക്കും.
കൂടാതെ അതീവ രഹസ്യമായി കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റെന്‍ ചാപ്പലിന്റെ വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലാകും. വോട്ട് പരിശോധനയ്ക്ക് ശേഷം ബാലറ്റുകള്‍ കത്തിക്കാനുള്ള മേല്‍നോട്ടവും അദേഹത്തിനാണെന്നാണ് സൂചന.
പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന് കര്‍ദിനാള്‍ കോളജിന്റെ സെക്രട്ടറിയെയും പേപ്പല്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്‍സിന്റെ മാസ്റ്ററെയും തിരഞ്ഞെടുത്ത് ഹാളിലേക്ക് വിളിപ്പിക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലാകും.
2024 ഡിസംബര്‍ ഏഴിന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം നടത്തിയത്. കര്‍ദിനാള്‍ കൂവക്കാടിന് അള്‍ജീരിയ, ദക്ഷിണ കൊറിയ, ഇറാന്‍, കോസ്റ്റാറിക്ക, വെനസ്വേല എന്നീ രാജ്യങ്ങളില്‍ വിവിധ സുപ്രധാന നയതന്ത്ര ചുമതലകളില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. 2020 മുതല്‍ അദ്ദേഹം വത്തിക്കാനില്‍ താമസിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്താരാഷ്ട്ര യാത്രകള്‍ ക്രമീകരിക്കുന്നു. നിലവില്‍ വത്തിക്കാനില്‍ മതസൗഹാര്‍ദ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റാണ്.
ഇറാഖിലേക്കുള്ള ചരിത്രപരമായ സന്ദര്‍ശന വേളയില്‍ നജാഫിലെ ഗ്രാന്‍ഡ് ആയത്തുല്ല സയ്യിദ് അലി അല്‍-സിസ്താനിയുമായി പരിശുദ്ധ പിതാവ് നടത്തിയ സംഭാഷണത്തിന്റെ പ്രാധാന്യം തന്റെ ജീവിതത്തില്‍ ഏറെ പ്രചോദനമായെന്ന് മാര്‍ ജോര്‍ജ് കൂവക്കാട് മുമ്പ് പറഞ്ഞിരുന്നു. 2024 ഒക്ടോബര്‍ ആറിനാണ് മോണ്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ മാര്‍പാപ്പ കര്‍ദിനാള്‍ ആയി തിരഞ്ഞെടുത്തത്. നവംബര്‍ 24 നാണ് മെത്രാപ്പൊലീത്തയായി അദേഹം അഭിഷിക്തനായത്. വൈദികനായിരിക്കെ കര്‍ദിനാള്‍ പദവിയിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്.
പന്ത്രണ്ട് വർഷം താമസിച്ചിരുന്ന് സാന്താ മാർത്തയിൽ നിന്ന് വിലാപയാത്രയായി ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിച്ചു. കർദിനാൾമാരും ആർച്ച് ബിഷപ്പുമാരും ചേർന്ന് അർപ്പിച്ച ദിവ്യബലിക്ക് ശേഷമാണ് പൊതുദർശനം ആരംഭിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങളാണ് എത്തുന്നത്. മൂന്ന് ദിവസമാണ് പൊതുദർശനം ഉണ്ടാവുക.
ലോകനേതാക്കളെയും രാഷ്ട്രത്തലവൻമാരെയും കൂടാതെ ലോകമെമ്പടുമുള്ള വിശ്വാസികളും വലിയ ഇടയനെ അവസാനമായി നേരിൽ കാണാൻ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് എത്തും. ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്കാര ശുശ്രൂഷകൾ തുടങ്ങുക.
ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിങ്കളാഴ്ചയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വര്‍ഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്.
കോട്ടയത്തെ ഇരട്ടക്കൊലയിൽ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയിൽ. തൃശൂർ മാളയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ പരിശോധനയിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
അവസാനമായി മൊബൈൽ ഫോൺ ഓൺ ആയപ്പോൾ സേലത്തായിരുന്നു ലൊക്കേഷൻ കാണിച്ചത്. പ്രതിയുടെ കൈയിൽ പത്തോളം ഫോണുകളും നിരവധി സിമ്മുകളും ഉണ്ട്. ഇതുപയോഗിച്ചാണ് ആളുകളെ ഇയാൾ ബന്ധപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ സേലത്ത് ടവർ ലൊക്കേഷൻ കാട്ടിയതിന് പിന്നിൽ പോലീസിനെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ കരുതലോടെ നീങ്ങിയ പോലീസ് മാളയിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.
വീട്ടിലെ മുൻജോലിക്കാരനാണ് അസം സ്വദേശി അമിത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള നിർണായക വിവരങ്ങളിൽനിന്നാണ് അമിതാണ് കൊലപാതകി എന്ന് പോലീസ് ഉറപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നടന്നു പോകുന്നയാൾ അമിത് ഒറാങ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലാനുപയോഗിച്ച മഴുവിൽ നിന്ന് ലഭിച്ച വിരലടയാളം ഇയാളുടേതാണെന്നും പോലീസ് സ്ഥിരീകരിക്കുന്നുണ്ട്.
മോഷണക്കേസുമായി ബന്ധപ്പെട്ട് അമിതിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് അമിത്തിന്റെ വിരലടയാളം ഉൾപ്പെടെ പോലീസ് ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന ഫലത്തിൽ ഈ വിരലടയാളവും സംഭവസ്ഥലത്ത് നിന്ന് ലഭിച്ച് മഴുവിലെ വിരലടയാളവും തമ്മിൽ ഒത്തുപോകുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതോടെയാണ് പ്രതിയെ ഉറപ്പിച്ചത്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (64), ഭാര്യ ഡോ. മീര വിജയകുമാർ (60) എന്നിവരാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. 2017 ജൂണിൽ കോട്ടയം തെള്ളകത്ത് റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ട യുവവ്യവസായി ഗൗതം വിജയകുമാറി(28)ന്റെ മാതാപിതാക്കളാണ് ഇവർ. ഈ കേസിൽ സിബിഐ അന്വേഷണം തുടങ്ങി ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.
ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. കേൾവിപരിമിതിയുള്ള തോട്ടക്കാരൻ ബോണ്ട് രാജ് ഔട്ട്ഹൗസിൽ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി 12.30-നും ഒന്നിനും ഇടയിലാണ് കൊല നടന്നതെന്ന് കരുതുന്നു.
ഇയാളുടെ ഫോണിന് സേലത്തുനിന്ന് സിഗ്‌നൽ ലഭിച്ചെങ്കിലും പിന്നീട് ഓഫായിരുന്നു, വിജയകുമാറിന്റെ ഫോൺ തട്ടിയെടുത്ത് സാമ്പത്തികത്തട്ടിപ്പ് നടത്തിയതിന് ഇയാൾ ജയിലിലായിരുന്നു. പുറത്തിറങ്ങിയശേഷം വിജയകുമാറിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നതായി സൂചനയുണ്ട്.
മൃതദേഹങ്ങൾ രണ്ടുമുറികളിലായിരുന്നു. കോടാലികൊണ്ട് തലയ്ക്കടിച്ചശേഷം തലയണകൊണ്ട് മുഖം അമർത്തി മരണം ഉറപ്പാക്കിയെന്നാണ് കരുതുന്നത്. വീടിന്റെ കതകിലും വീടിനുള്ളിലും ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ അമിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്താൻ അമിത് ദിവസങ്ങളോളം ആസൂത്രണം നടത്തിയെന്നും ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ലോഡിലാണെന്നും പോലീസ് കണ്ടെത്തി.
പ്രതി പലതവണ വിജയകുമാറിന്റെ വീടിന് പരിസരത്തെത്തി പരിസരം വീക്ഷിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ അമിത് ലോഡ് വിട്ടു. വൈകിട്ടോടെ റെയിൽവേ സ്റ്റേഷനിലുമെത്തി. രാത്രിയോടെയാണ് പ്രതി കൊലപാതകം നടത്താനായി വീട്ടിൽ എത്തിയത്. കൊലപാതകം നടന്ന തിരുവാതുക്കലിലെ ആറടി ഉയരമുള്ള മതിലുകളോടുകൂടിയ വലിയ വീടിന് സിസിടിവി ക്യാമറകളും കാവൽനായയുമുണ്ടായിരുന്നു. സംഭവസമയത്ത് കാവൽനായ കുരച്ചില്ല. മാത്രമല്ല വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ കാണാനുമില്ല. ഇതോടെ മോഷണശ്രമമല്ല കൊലയ്ക്ക് കാരണമെന്ന് പൊലീസിന് വ്യക്തമായി.
ഒരു വർഷം മുൻപ് വിജയകുമാറിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന അസം സ്വദേശി അമിത് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സ്വഭാവദൂഷ്യത്തെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് പ്രതികാരത്തിന്റെ തുടക്കം. ഇന്നലെ രാവിലെ എട്ടരയോടെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് അരുംകൊലയുടെ വിവരം പുറത്തറിഞ്ഞത്.
വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. അകത്തേക്ക് പ്രവേശിച്ചപ്പോൾ സ്വീകരണമുറിയിൽ വിജയകുമാർ ചോരയിൽ കുളിച്ചു മരിച്ചുകിടക്കുന്ന കാഴ്ചയായിരുന്നു ആദ്യം കണ്ടതെന്ന് ജോലിക്കാരി പൊലീസിന് മൊഴി നൽകി. തൊട്ടടുത്ത മുറിയിൽ ഭാര്യ മീരയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൊച്ചിയില്‍ നിയമിതനായ നാവികസേന ഉദ്യോഗസ്ഥനും. 26 കാരനായ ലെഫ്റ്റനന്റ് വിനയ് നര്‍വാലാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഏപ്രില്‍ 16ന് വിവാഹിതനായ ലെഫ്റ്റനന്റ് വിനയ് അവധിയിലായിരുന്നു. ഹരിയാണ സ്വദേശിയായിരുന്നു. നാവികസേന ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നര്‍വാല്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രതിരോധവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്ന് വിദേശികളും മൂന്ന് പ്രദേശവാസികളും ഉള്‍പ്പെടെ 26 പേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ സംബന്ധിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്. നിലവില്‍ 16 പേരുടെ പട്ടികയാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്.
പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകര സംഘടനയുടെ നിഴല്‍ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.സൗദി അറേബ്യന്‍ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവരങ്ങള്‍ ധരിപ്പിക്കുകയും, തുടര്‍ന്ന് സുരക്ഷാ ഏജന്‍സികളുമായി അടിയന്തര അവലോകന യോഗം ചേരുന്നതിനായി ശ്രീനഗറിലെത്തുകയും ചെയ്തു. ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചു.
അശാന്തിയുടെ കാർമേഘങ്ങൾ ഒഴിഞ്ഞുനിന്നിരുന്ന കാശ്മീരിനെ വീണ്ടും കുരുതിക്കളമാക്കിയ ഭീകരാക്രമണത്തിൽ പൊലിഞ്ഞത് 28 നിരപരാധികളുടെ ജീവൻ. ജമ്മുകാശ്മീരിലെ പഹൽഗാമിലെ ബൈസരൻ ഹിൽ സ്റ്റേഷനിൽ സൈനിക വേഷത്തിൽ മലയിറങ്ങിവന്ന നാലു ഭീകരർ വിനോദസഞ്ചാരികൾക്കുനേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. പത്തിലേറെപ്പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ടു വിദേശികളും ഉണ്ടെന്ന് സൂചന. കർണാടക സ്വദേശി മഞ്ജുനാഥിനെ (47) തിരിച്ചറിഞ്ഞു.
പാക് ഭീകര സംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള ദി റെസിസ്റ്റന്റ് ഫ്രണ്ട് (ടി.ആർ.എഫ്) അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സംഭവസ്ഥലം സൈന്യം വളഞ്ഞു. ഭീകരർ കുന്നുതാണ്ടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു ആക്രമണം.
വിനോദ സഞ്ചാരികൾ ഇരുന്ന സ്ഥലത്തേക്ക് ഇരച്ചെത്തിയ ഭീകരർ നിഷ്‌ക്കരുണം വെടിയുതിർക്കുകയായിരുന്നു. സൈനിക വേഷത്തിൽവന്ന ഭീകരരിൽ മൂന്നുപേർ വിദേശികളും ഒരാൾ നാട്ടുകാരനുമെന്ന് സൂചന. ‘മിനി-സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന മലനിരകൾ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ ട്രക്കിംഗിനായി എത്തിയവരാണ് ഇരയായത്.
കാൽനടയായും കുതിരപ്പുറത്തും മാത്രം എത്താൻ കഴിയുന്ന ഹില്ലി സ്റ്റേഷനാണ് അനന്ത്നാഗ് ജില്ലയിലെ പഹൽഗാം മേഖലയിലെ ബൈസരൻ. സുരക്ഷാ സേനയും രക്ഷാദൗത്യ സംഘങ്ങളും ഹെലികോപ്ടർമാർഗം സ്ഥലത്തേക്ക് പാഞ്ഞു. പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രികളിലേക്ക് മാറ്റി.
സൗദിയിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്നു. ഡൽഹിയിലായിരുന്ന ജമ്മുകാശ്‌മീർ ലെഫ്. ഗവർണർ മനോജ് സിൻഹയും ഷായ്‌ക്കൊപ്പം പോയി. വടക്കൻ കരസേന കമാൻഡർ ലെഫ്റ്റനന്റ് ജനറൽ എം.വി.സുചേന്ദ്ര കുമാർ ശ്രീനഗറിലെത്തി ഫോർമേഷൻ കമാൻഡർമാരുമായി ചർച്ച നടത്തി.
ഹീനമായ പ്രവൃത്തി ചെയ്‌തവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും. ഹീനകൃത്യം ചെയ്‌തവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്കെതിരെ പോരാട്ടം അചഞ്ചലമാണ്, അത് ശക്തമാക്കും.
കാശ്മീർ സന്ദർശനത്തിലുള്ള കേരള ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരും സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. ജഡ്ജിമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി. അജിത് കുമാർ, ജി. ഗിരീഷ് എന്നിവർ ശ്രീനഗറിലാണുള്ളത്. ഇന്ന് നാട്ടിലെത്തും. 17 ന് കാശ്മീരിൽ എത്തിയ ജഡ്ജിമാർ ആക്രമണം നടന്ന പഹൽഗാമിൽ തിങ്കളാഴ്ച ഉണ്ടായിരുന്നു.
കൊല്ലപ്പെട്ടവരിൽ എറണാകുളം ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രനും . ഇന്നലെയാണ് ഇദ്ദേഹം കുടുംബവുമായി കാശ്മീരിലെത്തിത്. മകളുടെ മുന്നിൽ വച്ചായിരുന്നു മരണപ്പെട്ടത്. ഭാര്യയും മകളും സുരക്ഷിതരാണ്.
ഹെൽപ് ഡെസ്‌ക്
ടൂറിസ്റ്റുകൾക്കായുള്ള പൊലീസ്
ഹെൽപ് ഡെസ്‌ക്: 9596777669, 01932225870, 9419051940
വിടവാങ്ങിയ പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. മാർപാപ്പ നിര്‍ദേശിച്ചതു പ്രകാരം ലളിതമായിട്ടായിരിക്കും ചടങ്ങുകള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്‌കാരച്ചടങ്ങ് നടക്കുക. മാർപാപ്പയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ വത്തിക്കാൻ പുറത്ത് വിട്ടു. ചുവന്ന തിരുവസ്ത്രവും തൊപ്പിയും ധരിച്ച് കൈയില്‍ ജപമാലയും പിടിച്ച ചിത്രമാണ് പുറത്ത് വന്നത്.
മാര്‍പ്പാപ്പയുടെ ഭൗതികദേഹം ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് എത്തിക്കും. തുടര്‍ന്ന് സംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങുന്ന ശനിയാഴ്ചവരെ പൊതുദര്‍ശനമുണ്ടായിരിക്കും. കബറടക്കം കഴിയുന്നതിനു പിന്നാലെ ഏപ്രില്‍ 28 ഞായറാഴ്ച മുതല്‍ പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന നടപടികള്‍ ആരംഭിക്കും.
വിയോഗാനന്തരം തന്റെ അന്ത്യകര്‍മങ്ങള്‍ എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ തയ്യാറാക്കിയ കുറിപ്പ് വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. എന്നും പ്രാര്‍ഥനയ്ക്കായി മുട്ടുകുത്തുന്ന മേരി മേജര്‍ ബസിലിക്കയില്‍ കബറടക്കണമെന്നാണ് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കിയത്. അടക്കം ചെയ്യുന്ന പേടകത്തില്‍ പ്രത്യേക അലങ്കാരങ്ങളൊന്നും പാടില്ല. പൊതുദര്‍ശനം ഉയര്‍ന്ന പീഠത്തില്‍ വേണ്ട. ഫലകത്തില്‍ ഫ്രാന്‍സിസ് എന്ന് മാത്രമായിരിക്കണം ആലേഖനം ചെയ്യേണ്ടത്. സൈപ്രസ്, ഓക്ക്, പുളി മരങ്ങള്‍ക്കൊണ്ട് മൂന്ന് അറകളുണ്ടാക്കി അതില്‍ കബറടക്കുന്ന പരമ്പരാഗത രീതിക്കും അദ്ദേഹം മാറ്റം വരുത്തി. പകരം സിങ്ക് കൊണ്ട് പൊതിഞ്ഞ ഒറ്റമരപ്പെട്ടിയില്‍ അടക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. മരണാനന്തര ചടങ്ങുകളുടെ ചെലവുകള്‍ ഒരു അഭ്യുദയകാംക്ഷി വഹിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
തിരുവാതുക്കലില്‍ ദമ്പതിമാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന. അസം സ്വദേശിയായ അമിത് എന്നയാളാണ് പോലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാള്‍ നേരത്തെ വിജയകുമാറിന്റെ വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നുവെന്നും സൂചനയുണ്ട്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ വിജയകുമാര്‍(64), ഭാര്യ മീര(60) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ തിരുവാതുക്കല്‍ എരുത്തിക്കല്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. രാവിലെ 8.15-ഓടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. വീട്ടിലെ ഹാളിലാണ് വിജയകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മീരയുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു. ചോരയില്‍ കുളിച്ച് മുഖം വികൃതമാക്കി നഗ്നമായനിലയിലായിരുന്നു മൃതദേഹങ്ങള്‍. വിജയകുമാറിന്റെ തലയ്ക്കാണ് ഗുരുതരമായ പരിക്കേറ്റിരുന്നത്. വീട്ടിലെ വാതിലിന് സമീപത്തുനിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു കോടാലിയും അമ്മിക്കല്ലും കണ്ടെടുത്തിട്ടുണ്ട്.
വീട്ടില്‍ സിസിടിവി ക്യാമറകളുണ്ടെങ്കിലും ഇതിന്റെ ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടനിലയിലാണ്. മാത്രമല്ല, വീട്ടില്‍ വളര്‍ത്തുനായ ഉണ്ടെങ്കിലും ഇവ കുരച്ചിട്ടില്ലെന്നും ഇതുവരെ നായയ്ക്ക് അനക്കമില്ലെന്നും നാട്ടുകാര്‍ പറയുന്നു.
കസ്റ്റഡിയിലുള്ള ഇതരസംസ്ഥാന തൊഴിലാളിയെ അടുത്തിടെയാണ് വിജയകുമാര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. മൊബൈല്‍ഫോണ്‍ മോഷ്ടിച്ചതിനാണ് ഇയാളെ ജോലിയില്‍നിന്ന് പുറത്താക്കിയതെന്നാണ് വിവരം. ഈ സംഭവത്തില്‍ പിടിയിലായി റിമാന്‍ഡിലായിരുന്ന പ്രതി ദിവസങ്ങള്‍ക്ക് മുമ്പാണ് ജയിലില്‍നിന്നിറങ്ങിയതെന്നാണ് സൂചന. കഴിഞ്ഞദിവസം ഇയാള്‍ വിജയകുമാറിന്റെ വീട്ടിലെത്തി തര്‍ക്കമുണ്ടാക്കിയതായും പറയുന്നുണ്ട്.
വീട്ടില്‍ ദമ്പതിമാര്‍ മാത്രമാണ് താമസം. ഇവരുടെ മകന്‍ 2018-ല്‍ മരിച്ചു. മകള്‍ വിദേശത്താണ്. കേസില്‍ ഒരാളെക്കുറിച്ച് സൂചനയുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. നേരത്തേ വിജയകുമാറിന്റെ പരാതിയില്‍ ഒരു കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണോ എന്ന് പരിശോധിക്കുകയാണെന്നും എസ്പി പറഞ്ഞു.
വീട്ടിലെ വാതിലിലോ മറ്റോ ബലപ്രയോഗം നടന്നതിന്റെ പാടുകളില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ടിറ്റോ മാധ്യമങ്ങളോട് പറഞ്ഞു. എന്തോ ശബ്ദം കേട്ട് വിജയകുമാര്‍ വാതില്‍ തുറന്നിരിക്കാനാണ് സാധ്യത. അമ്മിക്കല്ലും കോടാലിയും നിലത്തുണ്ടായിരുന്നു. ഹാളിലാണ് വിജയകുമാറിന്റെ മൃതദേഹം കണ്ടത്. ഭാര്യയുടേത് കിടപ്പുമുറിയിലും. വീട്ടിലെ പട്ടി കുരച്ചിരുന്നില്ല. പട്ടിയ്ക്ക് ഇപ്പോഴും അനക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
വീടുമായി അടുപ്പമുള്ളയാളാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി സ്ഥലം സന്ദര്‍ശിച്ചശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. വീടിനകത്ത് സിസിടിവി ഉണ്ടായിരുന്നു. പക്ഷേ, അതിന്റെ ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടിലോട്ട് പ്രതി കയറിയപ്പോള്‍ പട്ടി കുരച്ചിട്ടില്ല. ഇതെല്ലാം വെച്ചുനോക്കുമ്പോള്‍ വീടുമായി അത്രയ്ക്ക് അടുപ്പമുള്ള ആളോ വീടിനെ പറ്റി നന്നായി അറിയാവുന്ന ആളോ ആയിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.