വീണ്ടും കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് അമേൽത്തൊട്ടിയിലാണ് കാട്ടാനയുടെ ആക്രമണം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. മേയാൻ വിട്ട പശുവിനെ തിരികെ കൊണ്ടുവരാൻ തേക്കിൻ കൂപ്പിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇന്ന് മൂന്നു മണിയോടെ ആയിരുന്നു ആക്രമണം.
വനത്തിന്റെ അതിർത്തിയോട് ചേർന്നാണ് യുവാവിന്റെ വീട് സ്ഥിതി ചെയ്യുന്നത്. പശുവിനെ തിരികെ കൊണ്ടുവരാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ മുൻപിൽപ്പെട്ടത്. യുവാവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ നാലു വർഷമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കാട്ടാന ആക്രമണം തടയുന്നതിനുള്ള ഫെൻസിങ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടായിരുനെന്ന് പഞ്ചായത്ത് അധികൃതർ പ്രതികരിച്ചു.
മുനമ്പം വിഷയത്തില്‍ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച്ച നടത്തി മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തലശേരി ബിഷപ്പ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചു.
ഇന്നത്തെ സാഹചര്യത്തില്‍ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകള്‍ ആവശ്യമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുനമ്പം വിഷയത്തില്‍ സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാവരുതെന്നും പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഊര്‍ജിതമായി രംഗത്ത് വരണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മെല്ലപ്പോക്ക് അവസാനിപ്പിക്കണം. സമൂഹങ്ങളെ അടുപ്പിക്കാന്‍ ആവശ്യമായതൊക്കെ ചെയ്യണം. സമുദായങ്ങള്‍ തമ്മില്‍ അകലുന്ന സാഹചര്യമുണ്ടാവരുത്. ബന്ധങ്ങള്‍ നിലനിര്‍ത്തുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് വന്നത്.
മാര്‍ ജോസഫ് പാംപ്ലാനിയുടെ പല പ്രസ്താവനകളും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണ്. അദേഹം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് ആത്മധൈര്യം തരുന്നതാണന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. ഷാഫി പറമ്പില്‍ എംപിയും അദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഷാനോ എം കുമരൻ
പ്രൊഡക്ഷൻ ഷെഡ്യൂൾ ചെയ്തിട്ട് ഒരു ആവർത്തി ഫാക്ടറിയുടെ അകത്തുകൂടെ ഞാൻ നടന്ന് എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. എല്ലാം നല്ലരീതിയിൽ പോകുന്നുണ്ട്. സൂപ്പർവൈസർ മുക്‌സിൻ ഉഷാറാണ്. അവനെ വച്ചാണ് ഫാക്ടറിയിലെ തൊഴിലാളികളെ കൊണ്ട് ഊർജ്ജിതമായി പണിയെടുപ്പിക്കുന്നത്. കാര്യം ഞാൻ ഫാക്ടറി മാനേജർ ആണെങ്കിലും അസാമാന്യമാം വിധം കായബലമുള്ള കറുത്ത കാപ്പിരികളെ നിയന്ത്രിക്കുവാൻ അല്പം ബുദ്ധിമുട്ടാണ്. ഭയം ആണെന്ന് വേണമെങ്കിൽ പറയാം. കിഴക്കൻ ആഫ്രിക്കയിലെ തൻസാനിയൻ കാടുകൾക്കു നടുവിലൂടെ കുതിച്ചു പായുന്ന ഹൈവേയിലെ ആ ചെറു പട്ടണത്തിലെ മിഠായി ഫാക്ടറിയിൽ അല്പം വെളുത്തതായി ഞാൻ മാത്രം. രണ്ടു നേരവും ഭംഗിയായി കിട്ടാറുള്ള ഉഗാളി എന്ന ചുവയില്ലാത്ത ഉപ്പുമാവിന്റെ ഉറപ്പിന്മേൽ നിത്യവും ജോലിക്കെത്തുന്ന നീഗ്രോകളെന്നു ഏഷ്യനും യൂറോപ്യനും മറ്റും വിളിക്കുന്ന കാരിരുമ്പിനെയും കയ്യിൽ വച്ച് വളയ്ക്കുന്ന ബലിഷ്ഠകായന്മാരെ ഞാൻ കേവലമൊരു കമ്പനി മാനേജർ എങ്ങനെ നേരിടാനാണ്. ഭാഗ്യമെന്നോണം അവരിൽ അസാമാന്യ നേതൃപാടവം ഉള്ള മുക്‌സിനാണ് എന്റെ സഹായത്തിനുള്ള സൂപ്പർവൈസർ. ഭാഗ്യമല്ലാതെന്തു പറയാൻ. തമ്പുരാന് ഒരു പ്രത്യേക നന്ദി.
തീവണ്ടികളുടെ ചൂളം വിളികളെ തെല്ലു നാണിപ്പിക്കും വിധം ഫാക്ടറിയിലെ മെഷീനുകൾ ഓടിത്തുടങ്ങി. കോലു മിറായികൾ വർണ്ണ കടലാസുകളിൽ പൊതിഞ്ഞു പെട്ടികളിലേക്കു വഴുതി വീണുകൊണ്ടിരുന്നു. അവയിങ്ങനെ കൺവെയർ ബെൽറ്റിലൂടെ തന്നെ നുണയുവാൻ വിധിക്കപെട്ടവനെ കാത്തു ഗോഡൗണിലേക്കു പോകുന്ന ഒരു കാഴ്ച അല്പം നയാനന്ദകരമാണ്. ഒരെണ്ണം എടുത്തു വായിലിട്ടു മെല്ലെ കടിച്ചു നോക്കി. പൊട്ടുന്നില്ല ഉം. കുക്കറിന്റെ താപം ശരിയായ രീതിയിലാണ്. സമാധാനം. വായിൽ കിടന്ന കോലു മിറായി നുണഞ്ഞു കൊണ്ട് ഞാൻ മെല്ലെ വാതിലിനു പുറത്തേക്കു നടന്നു. മുതലാളി ജസ്റ്റിൻ സിൽവിംബാ അവിടെയുണ്ട് പുറം പണിക്കാരുടെ നേതാവ് ശ്രീമാൻ കിലോലയ്ക്ക് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി കൊണ്ട് നില്കുന്നുണ്ടവിടെ. ഞാൻ അവിടേയ്ക്ക് ചെന്ന് അഭിവാദനം ചെയ്തു. പ്രത്യഭിവാദനത്തോടൊപ്പം ഒരു സിഗരറ്റു എന്റെ നേർക്ക് നീട്ടി. ഞങ്ങൾ രണ്ടാളും അന്നത്തെ മിഠായി ഉത്പാദനത്തെ പറ്റി ഒരു ചെറു സംഭാഷണം നടത്തി. ചുണ്ടിലെരിഞ്ഞ സിഗരറ്റ് തീർന്നതും മുതലാളി അയാളെക്കാളും ഉയരമുള്ള പിക്ക് അപ്പ് ട്രക്കിലേക്ക് ചാടിക്കയറി പൊടിപറത്തി കൊണ്ട് ഓടിച്ചു പോയി. മുറ്റത്താണെങ്കിലും വേഗത അയാളുടെ മുഖമുദ്രയാണ്.
ബ്രേക്ക് ഫാസ്റ്റിനു ശേഷം പുകച്ചു തള്ളുവാൻ അയാളോട് ഒരു സിഗരറ്റ് കൂടി ചോദിയ്കുവാൻ മറന്നു പോയതിൽ കുണ്ഠിതപ്പെട്ടു ഞാൻ അകത്തേയ്ക്കു നടന്നു.
മുക്സിൻ കാത്തു നിൽപ്പുണ്ട്. ആദ്യ ബാച്ച് മിഠായി ഉണ്ടാക്കി കഴിഞ്ഞിരിയ്ക്കുന്നു. പാക്കിങ് തുടങ്ങണം. പാക്കിങ് മെഷീന്റെ ബെൽറ്റ് ഒരു പക്ഷെ പൊട്ടിപോകുവാൻ സാധ്യതയേറെ ആണ്. ഒരു ബലത്തിന് ഞാൻ കൂടെ വേണം. അതിനാണയാൾ എന്നെ കാത്തു നിന്നത്. അവന്റെ ആവശ്യവും സാധിച്ചു കൊടുത്തിട്ട് ഞാൻ മെല്ലെ എന്റെ കസേരയിൽ വന്നിരുന്നു. ഇന്ന് പേപ്പർ വർക്ക് അല്പം കുറവാണ്. ഇന്നലെ കൂടുതൽ തീർത്തു വച്ചിരിക്കുന്നു.
അലസമായ മനസ്സു മടി പിടിച്ചിരിയ്ക്കുന്നു.
കണക്കപിള്ള ഇമ്മാനുവേൽ ഇനിയും വന്നിട്ടില്ല. എന്ത് പറ്റി എന്തോ. അവനുണ്ടെങ്കിൽ അവനോടു അല്പം ഇംഗ്ലീഷ് പറഞ്ഞിരിയ്ക്കാമായിരുന്നു. ബോറിങ് തന്നെ.
സ്വന്തം കയ്യാൽ ഇട്ട ഒരു കാപ്പിയും ഊതികുടിച്ചു കൊണ്ടങ്ങനെ ഇരുന്നു. പഞ്ചസാര തീർന്നു പോയിരിയ്ക്കുന്നു. മധുരമില്ലാത്ത കട്ടൻ കാപ്പി. കാര്യം പറഞ്ഞാൽ പ്ലാന്റിൽ ടൺ കണക്കിനു പഞ്ചസാര ഉണ്ട്. വേണ്ട ഇന്ന് ഞാനതിൽ നിന്നും സ്വകാര്യ ആവശ്യത്തിനല്പം കടം കൊണ്ടാൽ കാപ്പിരികൾ അത് ഒരു പക്ഷെ ശീലമാക്കിയേക്കാം. ഞാന്നെന്തിനാ വെറുതെ ഒരു വയ്യാവേലിയെടുത്തു കക്ഷത്തിൽ വയ്ക്കുന്നത്. മധുരമില്ലാത്ത കട്ടൻ കാപ്പിയ്ക്ക് നല്ല രുചിയുണ്ടെന്ന് ഞാൻ അന്ന് കണ്ടെത്തി. ആരോഗ്യം മുഖ്യം പ്രമേഹത്തിനു വിട.
ചുണ്ടിൽ കാപ്പി കപ്പുമായി പ്ലാന്റിലേക്ക് നോക്കിയിരിയ്ക്കുമ്പോൾ ഒരാശ. സ്വല്പം മ്യൂസിക് കേൾക്കാം. ഫോണെടുത്തു മെമ്മറി കാർഡിൽ ഒന്ന് പരതി.
‘തൊട്ടാൽ വാടീ ….നിന്നെയെനിക്കെന്തിഷ്ടമാണെന്നോ …. ‘
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ചിത്രച്ചേച്ചിയുടെ ആലാപന മാധുര്യം ആസ്വദിച്ചങ്ങനെ കാപ്പി കപ്പു വറ്റിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. മുന്നിൽ ഒരുത്തൻ അതാ എന്നോട് ചോദിക്കാതെ എന്റെ ഫോണിലെ പാട്ടും അസദിച്ചങ്ങനെ നിൽക്കുന്നു. സൂത്രക്കാരനായ ഇദ്രിസ്സാ
പാക്കിങ്ങിൽ മുക്‌സിന്റെ കണ്ണ് വെട്ടിച്ചവൻ വന്നങ്ങനെ നിൽപ്പാണ് പാട്ടും കേട്ട്. എനിക്കതെങ്ങോട്ട് ദഹിച്ചില്ല. രൂക്ഷമായി അവനെ ഞാനൊന്നു നോക്കി. നോട്ടത്തിന്റെ പൊരുൾ ഗ്രഹിച്ചതിനാലാവണം അവൻ ഓടിപ്പോയി.
ഞാൻ ആലോചിച്ചു. എപ്പോഴൊക്ക ചിത്ര ചേച്ചിയുടെ പാട്ടുകൾ ഞാൻ കേൾക്കുന്നോ അപ്പോഴൊക്കെ ഇദ്രിസ്സ അവിടെയുണ്ടാകും. പിന്നീട് ഞാൻ അവനോടു അതിനെക്കുറിച്ച് ആരാഞ്ഞു. അപ്പോഴവൻ പറഞ്ഞ മറുപടി എന്നെ തെല്ലൊന്നമ്പരപ്പിച്ചു. ചിത്ര ചേച്ചിയുടെ പാട്ടുകൾ അവനു വലിയ ഇഷ്ടമാണത്രെ. മാത്രവുമല്ല അവനു ചിത്ര ചേച്ചിയുടെ പേരും അറിയാം. എന്റെ തല അല്പമൊന്നുയർന്ന് സഗൗരവം മലയാളിയെന്ന ബോധത്തെ തലയിലേറ്റി. വെറുതെ ഒരു അഹം ഭാവം അത്താഴപട്ടിണിക്കാരനായ അവന്റെ മുന്നിൽ ഞെളിഞ്ഞിരിക്കുന്ന ഒരല്പനായി ഞാൻ മാറിയോ ….?
അവനു വേണ്ടി അല്ലെങ്കിൽ അവനെ കേൾപ്പിയ്ക്കുന്നതിലൂടെ എനിയ്ക്കെന്തോ ഒരു നിർവൃതി. അനാവശ്യമായ ഒരു നേരമ്പോക്ക്. ഒരിയ്ക്കൽ അവനെന്നോട് ചോദിച്ചു ” ബോസ്സ്, ബോസ്സിന്റെ ഫോൺ എനിക്ക് തരുമോ ”
എന്തിനാ നിനക്കെന്റെ ഫോൺ? കൗതുകത്തോടെ ഞാൻ ആരാഞ്ഞു.
എനിക്ക് നിങ്ങളുടെ ഫോണിലുള്ള പാട്ടുകൾ കേൾക്കുവന്നാണ്. അവന്റെ താഴ്ന്ന ശബ്ദത്തിലുള്ള മറുപടി കേട്ടപ്പോൾ എനിക്ക് സത്യത്തിൽ അല്പം ചിരി വന്നു. അതെന്റെ മുഖത്ത് പ്രകടമായിരുന്നു താനും.
ഞാൻ ആ തമാശ മുക്‌സിനുമായി പങ്കു വച്ചു.
മുക്‌സിൻ എന്നോട് പറഞ്ഞു. ഇദ്രിസ്സ കാര്യമായിട്ടാണ് നിങ്ങളോട് അത് ചോദിച്ചത്. അവനു നിങ്ങൾ കേൾക്കുന്ന പാട്ടുകൾ വലിയ ഇഷ്ടമാണ് . അത് കേട്ട് മിണ്ടാതിരുന്ന എന്നോട് അവൻ ഇത്രയും കൂടി പറഞ്ഞു. വലിയ ശമ്പളം വാങ്ങുന്ന നിങ്ങൾക്കു ഈ ഫോൺ നിസ്സാരമല്ല ബോസ് . സൂപ്പർവൈസറുടെ ആ അനാവശ്യമായ ഇടപെടൽ എന്നെ അല്പം ചൊടിപ്പിച്ചു. നീ നിന്റെ കാര്യം നോക്ക് എന്നായി ഞാൻ. അതോടു കൂടി അവൻ അടങ്ങി. ഞാൻ ചിന്ത തുടങ്ങി. ശെരിയാണ് അവൻ പറഞ്ഞത്. മാസം നല്ലൊരു തുക ശമ്പളമായി വാങ്ങുന്ന എനിക്ക് നാട്ടിൽ ജോസഫേട്ടന്റെ കടയിൽ നിന്നും രണ്ടായിരത്തു അഞ്ഞൂറ് രൂപയ്ക്കു വാങ്ങിയ ഒരു സ്പെയർ ഫോൺ ഒരു ബാധ്യത അല്ലേയല്ല. സ്മാർട്ട് ഫോൺ വേറെയുണ്ട് താനും. എങ്കിലും ഫോൺ കൈ വിട്ടു കളയുവാൻ മനസ്സനുവദിച്ചില്ല. ഒപ്പം ഇദ്രിസ്സയുടെ ദാരിദ്ര്യം എന്നെ പിടിച്ചുലയ്ക്കുന്നുമുണ്ട്. ഒടുവിൽ ഞാൻ അവനോടു പറഞ്ഞു. ശെരി ഇന്നൊരു ദിവസത്തേയ്ക്ക് മാത്രം തരാം. നീ പാട്ടു കേട്ടിട്ട് എനിയ്ക്കു നാളെത്തന്നെ തിരികെ തരണം സമ്മതമാണോ. അതെന്നവൻ തലകുലയ്ക്കി. അനാവശ്യമായി യാതൊരു ഉപയോഗവുമില്ലാതെ കാശിന്റെ പുളപ്പു കൊണ്ട് മാസാമാസം ചാർജ് ചെയ്തിരുന്ന സിം കാർഡ് ഊരി പേഴ്സിൽ വച്ചിട്ട് ഒരു രാത്രി പാട്ടുകൾ കേൾക്കുവാൻ എന്റെ രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ ഫോൺ അവനു കൈ മാറി. അവനും കേൾക്കട്ടെ നമ്മുടെ പാട്ടുകൾ. മലയാളത്തിന്റെ വസന്തഗാനങ്ങൾ കാപ്പിരിയുടെ വീടുകളിലും അലയടിക്കട്ടെ. ഒരേയൊരു രാത്രി. സാരമില്ല സഹിച്ചു കളയാം. പിറ്റെന്നാൾ രാവിലെ തന്നെ ഫോൺ തിരികെ വാങ്ങിക്കണം എന്ന ചിന്ത ഉള്ളിലുണ്ടായിരുന്നുവെങ്കിലും ആവശ്യമില്ലാതെ ഉള്ളിൽ കുടിയിരിയ്ക്കുന്ന ഗർവ് അനുവദിച്ചില്ല. ഞാൻ ഇദ്രിസ്സയെപോലെ മുക്‌സിനെപോലെ കേവലമൊരു തൊഴിലാളിയല്ല. ഫാക്ടറി മാനേജർ ആണ് . അതി രാവിലെ തന്നെ ഫോൺ തിരികെ വാങ്ങി തരം താഴരുതല്ലോ. വരട്ടെ അവനായിട്ടു തരുമല്ലോ പിന്നെന്തിനാ ധൃതി.
എല്ലാവരും ഉച്ച ഭക്ഷണം വരെ കഴിഞ്ഞു. അവനിതു വരെ എന്റെ ഫോൺ തിരികെ തന്നില്ല. ഞാനെത്തി നോക്കി അവനെവിടെയെന്നു അവനതാ വർക്ഷോപ്പിൽ ജോർജുമൊത്തു സൊറ പറഞ്ഞിരിയ്ക്കുന്നുണ്ട്. മേമ്പൊടിയായി മലയാളം പാട്ടുകൾ കേൾക്കാം. അത് ശെരി. ആവട്ടെ നോക്കാം. വൈകുന്നേരമായി അന്നത്തെ ഷിഫ്റ്റ് കഴിഞ്ഞിരിയ്ക്കുന്നു. എല്ലാവരും രെജിസ്റ്ററിൽ ഒപ്പിട്ടു അവനും. എന്റെ ഫോൺ തരാനുള്ള മട്ടൊന്നും കാണുന്നില്ല. ഞാനൊട്ടു ചോദിച്ചതുമില്ല. അവനെന്റെ മുഖത്ത് നോക്കിയത് പോലുമില്ല. അവനോട് എന്റെ ഫോൺ തിരികെ തരിനെടാ കള്ള കരിമ്പാറ കാപ്പിരി മോനെ എന്ന് ചോദിക്കണമെന്നുണ്ട്. എന്തോ തോന്നുന്നില്ല അതിന്. നാവിനെന്തോ വിഷമം നേരിട്ടതു പോലെ. വരട്ടെ നാളെ ചോദിക്കാം. നാളെ വന്നു മറ്റന്നാളും അതിന്റെ പിറ്റെന്നാളും വന്നു പോയി. അങ്ങനെ പല ദിനങ്ങളും എന്നെ ചുറ്റി കടന്നു പോയി എന്റെ ഫോൺ മാത്രം തിരികെ വന്നില്ല. എന്റെ ഫോണിലെ എന്റെ പ്രിയപ്പെട്ട മലയാളത്തിന്റെ മനോഹരങ്ങളായ സുവർണ്ണ ഗീതങ്ങൾ എന്റെ ചെവികളിൽ അവൻ്റെ കീശയിൽ നിന്നും പലപ്പോഴായി അലയടിച്ചു. എന്നും ഞാൻ അവനോടു എന്റെ ഫോൺ തിരികെ തരുവാൻ ആവശ്യപെടുന്നതിനായുള്ള ഒരുക്കങ്ങൾ എന്റെ മനസ്സിൽ ഞാൻ നടത്തും. എന്തോ എനിക്കതിനു കഴിഞ്ഞിരുന്നില്ല. എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല എന്താണെന്റെ നാവു നിശ്ചലമായിരിയ്ക്കുന്നതെന്ന്. എന്റെ ഉൾനാവിൽ ഞാൻ ദേഷ്യത്തിന്റെ ഒരു മാലപടക്കത്താൽ ഒരു പാട് വാചകങ്ങൾ എഴുതി ചേർത്തു എന്റെ പാട്ടുകൾ എനിക്ക് തിരികെ ലഭ്യമാക്കുന്നതിന്. പക്‌ഷേ, എനിക്ക് മുന്നിലൂടെ അവൻ മലയാളം പാട്ടുകൾ ആസ്വദിച്ച് കൊണ്ട് ഉരു ജേതാവിനെപോലെ നടന്നു. എനിക്കവനോട്, കേവലം എന്റെ ഒരു തൊഴിലാളിയോട്, എന്റെ കൈവശം എന്റെ മാത്രമായിരുന്ന ഒന്ന്. അതും ഒരു രാത്രിയിലേക്ക് കടം കൊടുത്ത ഒന്ന് തിരികെ വാങ്ങുവാൻ കഴിയാത്തത് എന്ന വിചാരം എന്നെ തീർത്തും ആശങ്കാകുലനാക്കിയിരിയ്ക്കുന്നു. ഞാൻ മനസ്സിലാക്കി എനിക്കവനോട് ആ ഫോൺ തിരികെ ചോദിക്കുവാൻ കഴിയില്ലായെന്ന്. ഏതോ ഒരു അദൃശ്യ ശക്തിയാലെന്നവണ്ണം എന്റെ നാവുകൾ കെട്ടുപിണഞ്ഞു പോകുന്നു. എന്റെ ഫോണൊഴികെ എനിക്കവനോട് മറ്റെല്ലാം സംസാരിയ്ക്കുവാൻ കഴിയുന്നുണ്ട്. പക്ഷെ … ഇത് മാത്രം കഴിയുന്നില്ല.
ഞാൻ ഈ വസ്തുത എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരനോട് എന്റെ ദുരവസ്ഥയെപ്പറ്റി പറഞ്ഞു കൊണ്ട് ഞാൻ ആകുലചിത്തനായി. ഫോണിന്റെ അങ്ങേത്തലയ്ക്കലിരുന്നവൻ പറഞ്ഞുതന്നത് മുഴുവനും കാപ്പിരികളുടെ നാട്ടിലെ ഭയപെടുത്ത കറുത്ത മന്ത്രവാദങ്ങളെ പറ്റിയായിരുന്നു. ബ്ലാക്ക് മാജിക് കൺകെട്ടുവിദ്യ പോലെ നാവു കെട്ടുന്ന കൈമന്ത്രവാദങ്ങൾ. സ്നേഹിതന്റെ വാക്കുകൾ ശെരി വയ്ക്കുന്നതായിരുന്നു എന്റെ അനുഭവങ്ങൾ. ഏതോ ദുർമന്ത്രത്താൽ നാവു ബന്ധിച്ചപോലെ തന്നെയായിരുന്നു എന്റെ അവസ്ഥയത്രയും.
നഷ്ടപ്പെട്ടുപോയ ഫോൺ അത്ര വലുതല്ലെങ്കിലും അവന്റെ കൂടെ മാനേജർ ആയിരുന്ന എന്റെ ബന്ധനാവസ്ഥയെപ്പറ്റി വർഷങ്ങൾക്കിപ്പുറം ആലോചിയ്ക്കുമ്പോൾ ഇപ്പോഴും എനിയ്ക്കുത്തരം കിട്ടാത്ത ഒരു സമസ്യയായി ഇദ്രിസയും കൈനഷ്ടം വന്ന ചിത്രച്ചേച്ചിയുടെ പാട്ടുകളും ഒരു പുക മഞ്ഞായി കറുത്ത മൂടൽ മേഘങ്ങൾ പോലെ എന്റെ ചിന്തകളെ മറയ്ക്കുന്നു.
ഒരു സംശയം മാത്രം ബാക്കി. സത്യമായിരിയ്ക്കുമോ. കാപ്പിരിയുടെ നാട്ടിലെ ബ്ലാക്ക് മാജിക്. !
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി പിതാവിനെ തലക്കടിച്ചുകൊന്ന മകനെ അറസ്റ്റ് ചെയ്തു. മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലെ ആനപ്പ (55) ആണ് മരിച്ചത്. മകൻ പാണ്ഡു (32) വിനെ ബൈലക്കുപ്പ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ആനപ്പയെ ഗുലേഡല്ല വനത്തിനു സമീപത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പാണ്ഡുവിന്റെ പങ്ക് പുറത്തുവന്നത്. ആനപ്പയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച ശേഷം മരിച്ചെന്ന് ഉറപ്പായപ്പോൾ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് അപകടം. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. ഇതുവരെ 85 പേരുടെ മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.
175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്‌ലന്‍ഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് രണ്ടുപേരെ ജീവനോടെ പുറത്തെടുത്തിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. വിമാനത്തിന്റെ ലാന്‍ഡിങ്ങിന് പ്രശ്‌നം സൃഷ്ടിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദൃശ്യങ്ങള്‍ നല്‍കുന്ന സൂചനകള്‍ വിരല്‍ചൂണ്ടുന്നതും ലാന്‍ഡിങ് ഗിയര്‍ തകരാറിലേക്കാണ്.
ഡോ. ഐഷ വി
ട്രാൻജൻ്ററിലെ വൈവിധ്യവും സമൂഹത്തിൽ അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങളും സ്വയം തോന്നുന്ന പ്രശ്‌നങ്ങളും വ്യക്തമായി അവതരിപ്പിക്കുന്ന വൈജ്ഞാനിക തലത്തിൽ കൂടി വായിക്കാവുന്ന ആത്മകഥയാണ് വിജയരാജമല്ലികയുടെ മല്ലികാ വസന്തം. അർദ്ധനാരീശ്വര സങ്കല്പം ദൈവങ്ങളുടെ കാര്യത്തിൽ ഭക്തിയോടെ സ്വീകരിക്കാൻ തയ്യാറാകുന്ന മനുഷ്യർ , അത് മനുഷ്യരുടെ കാര്യത്തിൽ സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ആൺ പെൺ ലിംഗങ്ങളെ ദ്വന്ദങ്ങളിൽ ഒതുക്കാനാണ് സമൂഹത്തിന് എപ്പോഴും താത്പര്യം . പ്രകൃതിയുടെ വികൃതി കൊണ്ട് XX അല്ലെങ്കിൽ XY ആകുന്നതിന് പകരം XXX അല്ലെങ്കിൽ XXY യോ മറ്റു രീതികളിലോ ആയിപ്പോയാലോ സമൂഹം അവരെ മനുഷ്യനായി സ്വീകരിക്കാൻ തയ്യാറാകാത്ത മനോഭാവത്തെ വിജയരാജമല്ലിക എന്ന XXY ക്രോമസോമുകളോടു കൂടി ജനിച്ച വ്യക്തി നിശിതമായി വിമർശിക്കുന്നുണ്ട്.
അച്ഛനുമമ്മയും ഉദ്യോഗസ്ഥരായിരുന്നിട്ടും ചേച്ചിയുടെ ഭർത്താവ് ഡോക്ടറായിരുന്നിട്ടും അവർ ഡിഗ്രിയ്ക്ക് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ റാങ്ക് ഹോൾഡർ ആയിരുന്നിട്ടും അവരുടെ കവിതകൾ രണ്ട് യൂണിവേഴ്സിറ്റികളിൽ പാഠഭാഗമായിട്ടും അവരുടെ അമ്മ അവരെ ഒരു വ്യക്തിയായി അംഗീകരിക്കാനോ അവരുടെ അവസ്ഥയെ അതേ രീതിയിൽ ഉൾക്കൊള്ളാനോ തയ്യാറായില്ല എന്ന വസ്തുത അവർ ദുഃഖത്തോടെ വരച്ചിടുന്നുണ്ട്. ഒരു ട്രാൻസ്ജെൻ്റർ വ്യക്തിയെ വീട്ടുകാർ ഉൾക്കൊണ്ടില്ലെങ്കിൽ സമൂഹം ഉൾക്കൊണ്ടെന്നും കൊണ്ടില്ലെന്നും വരാം. അവരുടെ ജനിതകാവസ്ഥ എന്തായിരുന്നാലും വ്യക്തിയെ വ്യക്തിയായി ഉൾക്കൊള്ളേണ്ടതിനെ കുറിച്ച് വിജയരാജമല്ലിക തൻ്റെ പുസ്തകത്തിലൂടെ ശക്തമായി വാദിക്കുന്നു.
മനു ജെ കൃഷ്ണനിൽ നിന്ന് വിജയരാജ മല്ലികയിലേയ്ക്കുള്ള ട്രാൻസിഷനാണ് *മല്ലികാ വസന്തം*എന്ന കൃതിയിലൂടെ നമുക്ക് അനുഭവേദ്യമാകുന്നത്. സ്കൂളിലും കോളേജിലും സമൂഹത്തിലും അവർ അനുഭവിച്ച കളിയാക്കലുകൾ, ഒറ്റപ്പെടലുകൾ, പ്രയാസങ്ങൾ ഒക്കെ ഈ കൃതിയിൽ നന്നായി പ്രതിപാദിക്കുന്നുണ്ട്. അമിതമായ ലൈംഗികാസക്തി ഒഴിവാക്കാൻ കടുക്കാ വെള്ളം കുടിയ്ക്കുന്നതും വൈജനൽ പ്ലാസ്റ്റിയുടെ വിശദാംശങ്ങളും നിംഫോമാനിയാക്കിൻ്റെ അവസ്ഥകളും നമുക്ക് വൈജ്ഞാനിക തലത്തിൽ വായിക്കാവുന്ന ഭാഗങ്ങളാണ്.
ഈ കൃതി വായിക്കുന്നതിലൂടെ സമൂഹത്തിന് ട്രാൻസ് ജെൻററിനോടുള്ള മനോഭാവം ഏറെക്കുറേ മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഡോ. ഐഷ വി : കൊല്ലം സ്വദേശിനി. കർഷക , സാമൂഹൃപ്രവർത്തക, എഴുത്തുകാരി , കുസാറ്റിൽ നിന്നും കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡി. 30 വർഷമായി അധ്യാപന രംഗത്തുണ്ട്. 14 വർഷത്തിലേറെയായി ഐ.എച്ച്.ആർ.ഡിയുടെ വിവിധ കോളേജുകളിൽ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ പ്രിൻസിപ്പാൾ . ആനുകാലികങ്ങളിലും ജേർണലുകളിലും എഴുതിയിട്ടുണ്ട് . മലയാളം യുകെ ഡോട്ട് കോമിൽ 140 ഓളം രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓർമ്മചെപ്പ് തുറന്നപ്പോൾ, മൃത സഞ്ജിവനി, Generative AI and Future of Education in a Nutshell എന്നിവ കൃതികൾ.
സിന്ധു ഷാജി
കുത്ബതുൽഐൻ താങ്കൾ എവിടെയാണ്? മൂന്നാം ആകാശത്തിലേക്ക് ചിറകു വിടർത്തി പറന്നു പോയിട്ട് എത്ര നാളായി?’
ജിന്നുകളുടെ രാജാവല്ലേ
വരൂ … താങ്കൾഅരികിലെത്താതെ എങ്ങനെയെൻ്റെ കഥ പൂർത്തിയാവും?
കുഞ്ഞിപ്പാത്തുമ്മ വിതുമ്പിക്കരഞ്ഞു. പിന്നെ.. പിന്നെ ഏങ്ങലടിയുടെ ശബ്ദമുയർന്നു.
കുഞ്ഞിപ്പാത്തുമ്മ വായിച്ച പുസ്തകങ്ങളിലെ കഥയ്ക്കുള്ളിലെ ജിന്നായിരുന്നു
കുത്ബതുൽഐൻ. ‘അത്ഭുതകരമായ കണ്ണ്’ എന്നാണ് ആ വാക്കിനർത്ഥം. എന്താണെന്നറിയില്ല കുഞ്ഞിപ്പാത്തുമ്മയോടൊപ്പം കൂടി ജിന്ന്. മറ്റാർക്കും കാണാൻ കഴിയില്ല.
ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൻ്റെ ‘മഴ പെയ്യുമ്പോൾ’ എന്ന മഹത്തായ കവിതയിലെ വരികൾ പോലെ മഴ പെയ്യുമ്പോൾ മിഴിയാൽ പൊതിഞ്ഞൊരു കുടയായി കൂടെ നിന്നും വേനലുരുകുമ്പോൾ വേരാഴം നിറയുന്ന തണലായും ദാഹിച്ചു നിൽക്കുമ്പോൾ മോഹിച്ചു പോകുന്ന തെളിനീർച്ചോലയായും വഴി തെറ്റിപ്പോകുമ്പോൾ വിരലായും ജിന്ന് അവളുടെ കൂടെയുണ്ടായിരുന്നു.നേരം പാതിരയാകുമ്പോൾ അവളെ ഉറക്കി കിടത്തിയിട്ട്, തൻ്റെ ഗരുഢൻ്റെതിനുതുല്യമായ വലിയ വെളുത്ത ചിറകുകൾ വിടർത്തി അനന്തമായ ആകാശത്തിൻ്റെ പല തലങ്ങളിലേക്കും പറന്നു പോകും. പിന്നെ ദിവസങ്ങൾ കഴിഞ്ഞാവും തിരിച്ചു വരിക. ആ സമയങ്ങളിൽ കുഞ്ഞിപ്പാത്തുമ്മ വല്ലാത്ത വിരഹത്തോടെ.. ഉൾത്തുടിപ്പോടെ.. പ്രിയപ്പെട്ട ജിന്നിനെയും കാത്തിരിക്കും.
ഒരിക്കൽ ഈജിപ്തിലേക്കു യാത്രപോയ കുത്ബതുൽ ഐൻ അവൾക്കു മനോഹരമായ നീല നിറത്തിലെ തിളങ്ങുന്ന കല്ല് സമ്മാനിച്ചു. പ്രാചീന സപ്താത്ഭുതങ്ങളിൽ അവശേഷിക്കുന്ന ഗിസയിലെ ബൃഹത് പിരമിഡായ ‘ഖുഫു’സന്ദർശിച്ചപ്പോൾ ലഭിച്ചതാണീ നീലക്കല്ല്. അവൾക്ക് അത് പുതിയ അറിവായിരുന്നു. ഖുഫുപിരമിഡിൻ്റെ ചരിത്രം അറിയാനവൾക്ക് ആകാംക്ഷ തോന്നി. അവനോട് അതിനെക്കുറിച്ച് പറയാനവൾ നിർബന്ധിച്ചു. ഖുഫു എന്ന ഫറോവ (ഈജിപ്ത് ഭരിച്ച രാജാവ്) സ്വന്തം ശവകുടീരം കാത്തുസൂക്ഷിക്കാൻ വേണ്ടി നിർമ്മിച്ചതാണീ പിരമിഡ്. അവൻ പറഞ്ഞു . ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഉയരം കൂടിയതുമായ വാസ്തുശില്പമായി ഇന്നും നിലകൊള്ളുന്നു. ജിന്നിന്റെ വാക്കുകൾ കേട്ട അവളാ നീലക്കല്ലിനെ അത്ഭുതം നിറഞ്ഞ മിഴികളോടെ നോക്കി.
കുഞ്ഞിപ്പാത്തുമ്മയോടൊപ്പം അവൻ സഞ്ചരിക്കുമ്പോൾ.. ജീവിതത്തിൽ ആരോരുമില്ലാതെ ഒറ്റപ്പെട്ട് പലതരം ജീവിതയാഥാർത്ഥ്യങ്ങളോട് പൊരുതി ജീവിക്കേണ്ടി വന്നപ്പോൾ, യാത്രകൾ ചെയ്യേണ്ടി വന്നപ്പോൾ എല്ലാം അവളുടെ മുഖത്ത് ഒരു പ്രത്യേകതരം പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. കാരണം താനൊറ്റക്കല്ല; മറ്റാർക്കും കാണാൻ കഴിയാത്ത എല്ലാ കാലങ്ങളെയും മനസ്സിലാക്കാൻ കഴിയുന്ന അമാനുഷിക കഴിവുകളുള്ള തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരൻ തന്നോടൊപ്പം ഉണ്ടെന്ന ആത്മധൈര്യം അവളെ ഏത് പ്രതിസന്ധികളെയും ലാഘവത്തോടെ പുഞ്ചിരിയോടെ നേരിടാൻ സജ്ജയാക്കി.
കുത്ബതുൽ ഐൻ ഇപ്പോൾ കഴിവതും അവളെ തനിച്ചാക്കാറില്ല. യാത്രകളുടെ ഇടവേളകളിൽ രാത്രികളിലും പകലുകളിലും അവളോടൊപ്പമുണ്ട്. രാത്രിയിൽ താൻ സഞ്ചരിച്ച നാടുകളിലെ പ്രത്യേകതകൾ.. എന്തിനേറെ പറയുന്നു പ്രശസ്ത ചിത്രകകലാകാരനായ ലിയനാർഡോ ഡാവിഞ്ചിയെ അദ്ദേഹമറിയാതെ നിരീക്ഷിച്ച അനുഭവം അവളോട് പങ്കുവച്ചു. ജിന്നിന് ഡാവിഞ്ചി മഹാത്ഭുതമായിരുന്നു.ശില്പി, ചിത്രകാരൻ, വാസ്തുശില്പി, ശാസ്ത്രജ്ഞൻ, ശരീരശാസ്ത്ര വിദഗ്ധൻ, സംഗീത വിദഗ്ധൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനായ ബഹുമുഖ പ്രതിഭയായിരുന്നു ഡാവിഞ്ചി . അദ്ദേഹം ‘തിരുവത്താഴം’ എന്ന മ്യൂറൽ പെയിൻ്റിoഗ് ചെയ്യുമ്പോഴും ‘മോണോലിസ’യെ സൃഷ്ടിക്കുമ്പോഴും കുത്ബതുൽ ഐൻ ഡാവിഞ്ചി അറിയാതെ തൻ്റെ അത്ഭുതകരമായ കണ്ണുകൾ കൊണ്ട് പെയിൻ്റിംഗുകളുടെ സൗന്ദര്യം ആവാഹിച്ച് കൂടെയിരുന്നു. ‘തിരുവത്താഴ’ത്തിൽ യേശുവിൻ്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾക്ക് മറിയത്തിൻ്റെ ഛായയാണെന്ന് മനസ്സിലാക്കി. യഥാതഥമായ ചിത്രങ്ങൾ ഇഷ്ടപ്പെട്ടിരുന്ന ഡാവിഞ്ചി പിന്നീട് വെളുത്ത പശ്ചാത്തലം മാറ്റിഇരുണ്ട പശ്ചാത്തലം തെരഞ്ഞെടുത്തു തുടങ്ങി. ചിത്രത്തിലെ പ്രധാന വസ്തുവിന് ത്രിമാന പ്രതീതി ലഭിക്കുവാൻ പല നിഴലുകൾ ഉള്ള ഇരുണ്ട ശൈലി ഉപയോഗിച്ചു തുടങ്ങി. ജിന്നിനെ ഡാവിഞ്ചിയുടെ ഹെലിക്കോപ്റ്ററിൻ്റെ മാതൃക നിർമ്മിക്കൽ, കാൽക്കുലേറ്ററിൻ്റെ ആശയംകണ്ടെത്തൽ , അണക്കെട്ട് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ ആകർഷിച്ചു. ജിന്ന് തൻ്റെ കണ്ണു കൊണ്ട് കണ്ട അത്തരം അതിശയ കാഴ്ചകൾ കുഞ്ഞിപ്പാത്തുമ്മയോട് പങ്കുവച്ചു.
രാത്രിയുടെ യാമങ്ങളിൽ അവൾക്ക് ഏറെ ഇഷ്ടമുള്ള “കരയുന്നോ പുഴ ചിരിക്കുന്നോ ” എന്ന സിനിമാ ഗാനവും “ഒന്നിനി ശ്രുതി താഴ്ത്തിപ്പാടുക പൂങ്കുയിലേ ” എന്ന ഗാനവും പാടിക്കൊടുക്കുമായിരുന്നു.
കുഞ്ഞിപ്പാത്തുമ്മാ നീയെൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിയല്ലേ ഞാൻ നിൻ്റെ നിഴലാണ് എന്ന് പറയുമായിരുന്നു.
പല പല മനുഷ്യരുടെ ശബ്ദങ്ങളിൽ കഥകൾ പറഞ്ഞ് അവളെ ചിരിപ്പിക്കുമായിരുന്നു. ഞാനെത്രയോ ഭൂമിയിലെദേശങ്ങളിലും ആകാശ ദേശങ്ങളിലും യാത്രകൾ ചെയ്തു കൊണ്ടിരിക്കുന്നു. കുഞ്ഞിപ്പാത്തുമ്മാ നിൻ്റെ നിഷ്ക്കളങ്കമായ മനസ്സും ഏകാന്തതയും ദുർഘടമായ ജീവിതാവസ്ഥകളുമാണ് എന്നെ നിന്നിലേക്കെത്താൻ പ്രേരിപ്പിച്ചത്. എപ്പോഴും നിനക്ക് പിടിക്കാനുള്ള വിരലായി ഞാനുണ്ടാകും. ; നീയാണെൻ്റെ കാവൽ മാലാഖ എന്നു പറഞ്ഞ്
കുത്ബതുൽഐൻ അവളുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു.
ഒരു ദിവസം എവിടെക്കോ ചിറകുവിടർത്തി പറന്ന ജിന്ന് തിരിച്ചു വന്നെത്തിയത് വളരെ ക്ഷീണിതനായിട്ടായിരുന്നു. അവൻ്റെ ചിറകുകളുടെ അരികുകൾ പോറലേറ്റും മുറിവുകളിൽ രക്തം കട്ടപിടിച്ചുമിരുന്നു. തോളുകൾ ശോണവർണ്ണമായിരുന്നു. കുഞ്ഞിപ്പാത്തുമ്മ നടുങ്ങി വിറച്ചു. നെഞ്ചാകെ വിങ്ങി. വാക്കുകളെ തൊണ്ട വിഴുങ്ങി. കണ്ണുനീർ ധാരധാരയായി ഒഴുകി. അവളുടെ അവസ്ഥ കണ്ട ജിന്ന് ആശ്വസിപ്പിച്ചു. തലേ ദിവസം ആകാശതലങ്ങളിൽ വച്ച് ഘോരയുദ്ധം നടന്നുവെന്നും യുദ്ധത്തിനിടയിൽ ആകാശത്തു നിന്നും ഭൂമിയിലെ കീഴ്ക്കാo തൂക്കായ പാറകളിൽ പതിച്ചപ്പോൾ ചിറകുകൾ പാറകളിൽ ഉരഞ്ഞുണ്ടായ മുറിവുകളാണിതെന്നും പേടിക്കേണ്ട വിശ്രമിച്ചാൽ തനിയെ മുറിവുകൾ ഭേദപ്പെടുമെന്നും പറഞ്ഞവൻ അവളെ സാന്ത്വനിപ്പിച്ചു. ഒരാഴ്ചകൊണ്ട് മുറിവുകൾ ഭേദമായി.
അവൻ പറഞ്ഞു നീയുമെന്നെപ്പോലൊരു ജിന്നായിരുന്നെങ്കിൽ… അവൻ തുടർന്നു ഞങ്ങൾ ജിന്നുകൾക്ക് മനുഷ്യരെപ്പോലെ അത്യാഗ്രഹമോ ദുർചിന്തകളോ ഇല്ല. ഞങ്ങൾ മൂന്നാമൊതൊരു വർഗ്ഗമാണ്. കുടുംബങ്ങളായി നിങ്ങളുടെ ഇടയിൽ വസിക്കുന്നു. നിങ്ങൾക്ക് ഞങ്ങളെ കാണാൻ കഴിയില്ല ഞങ്ങൾക്ക് നിങ്ങളെ കാണാം. നിനക്ക് എന്നെക്കാണാൻ കഴിയുന്നത് ഞാൻ അനുവദിച്ചിട്ടാണ്. നീ വായിച്ച പുസ്തകത്തിൽ നിന്നല്ലേ നീയെന്നെ കണ്ടെത്തിയത്. സമാധാനമായിരിക്കു. അവൻ ആശ്വസിപ്പിച്ചു.
ഒരു ദിവസം യാത്ര കഴിഞ്ഞു വന്ന അവൻ ചന്ദ്രനിലെ പാറക്കഷ്ണം അവൾക്ക് സമ്മാനമായി നൽകി. അത് ചുറ്റും നിറയെ ദ്വാരങ്ങൾ ഉള്ള ഉരുണ്ട ആകൃതിലെ കടന്നൽകൂട് പോലായിരുന്നു ഇരുണ്ട ചാരനിറവും ഇടയ്ക്കിടക്ക് മഞ്ഞ നിറവും മിശ്രിതമായി ചെറിയ തിളക്കമുള്ളതായിരുന്നു. അവൾ ആകാംക്ഷയോട് ചോദിച്ചു എങ്ങനെയാ ഇതിന് തിളക്കം വന്നതെന്ന്. ഇരുമ്പും മെഗ്നീഷ്യവും കൊണ്ട് സമ്പന്നമായ പുരാതന ലാവാപ്രവാഹത്തിൽ നിന്നുണ്ടായതു കൊണ്ടാണെന്നവൻ ഉത്തരം നൽകി . അവൻ ആ കല്ലിനെ മുറുകെ പിടിച്ച് കണ്ണടച്ചു നിൽക്കാൻ അവളോട് പറഞ്ഞു.
കുഞ്ഞിപ്പാത്തുമ്മക്ക് പറന്ന് പറന്ന് താൻ ചന്ദ്രനിലെ അന്തരീക്ഷത്തിൽ എത്തിയതായി മനസ്സിലായി. അവിടെ നിന്ന് ബഹിരാകാശവും ഭൂമിയും അന്തരീക്ഷത്തിൽ ഉയർന്നും താണും പറന്നുകണ്ടു. വലിയ സന്തോഷം തോന്നിയെങ്കിലും അയ്യോ! ഞാൻ തനിച്ചാണല്ലോ എന്ന ചിന്ത.. പേടി പൊടുന്നനെ അവളുടെകണ്ണുകളെ
തുറപ്പിച്ചു. അവൾ കണ്ടത് പുഞ്ചിരിയോടെ മുറിയിൽ തൻ്റെയരികിൽ നിൽക്കുന്ന കുത്ബതുൽഐനിനെയാണ്. അവളുറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടവനെയാശ്ലേഷിച്ചു. അവൻ്റെ മുഖത്ത് ആഹ്ലാദചുംബനം നൽകി.
അവൻ കഥകൾ പറഞ്ഞു തുടങ്ങുമ്പോൾ അവൾ അപേക്ഷിക്കും ദയവു ചെയ്ത് എനിക്ക് ഭയപ്പെടുത്തുന്ന കഥകൾ പറഞ്ഞു തരരുതേ… എന്നെ പേടിപ്പിക്കരുതേയെന്ന്.
പലപ്പോഴും അത്പ്രയാസമാണെന്ന് അവൻ പറയും. ഭൂമിയിൽ പലയിടങ്ങളിലും കാണുന്ന കാഴ്ചകൾ അത്രയ്ക്ക് ബീഭത്സമാണ്. യുദ്ധങ്ങളുടെ ഫലമായി അംഗവൈകല്യo
വന്ന,അനാഥരായി ..പാർപ്പിടങ്ങൾ നഷ്ടപ്പെട്ട പിഞ്ച് കുഞ്ഞുങ്ങളുടെ നിലവിളികൾ, ഗർഭിണികൾ, വിധവകൾ തുടങ്ങിയവരുടെ മനസ്സു മരവിപ്പിക്കുന്ന തരത്തിലെ രോദനങ്ങൾ, ഭാര്യയെയും പിഞ്ചു മക്കളെയും നഷ്ടപ്പെട്ട ധാരാളം പുരുഷന്മാർ ….. മൃഗീയമായ മനുഷ്യബലാൽക്കാരത്തിന് അകപ്പെട്ടു പോകുന്ന കൗമാരങ്ങൾ…
ഈ കാഴ്ചകളാണെവിടെയും.
ഞങ്ങൾ ജിന്നുകൾക്ക് വികാരങ്ങളെ നിയന്ത്രിക്കാനാവും നിങ്ങൾമനുഷ്യർക്ക് വികാരങ്ങളും മന:സാക്ഷിയുംനഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതൊക്കെ പറഞ്ഞാൽ നീയിന്നുറങ്ങില്ല. മനസ്സിന് കുളിർമ്മയേകുന്ന തെളിനീരു പോലെ ആനന്ദമേകുന്ന കാഴ്ചകൾ വിരളമാണ് ഇന്ന് എന്നു പറഞ്ഞവൻ ഷാജഹാൻ്റയും മുംതാസിൻ്റെയും പ്രണയകഥ പറഞ്ഞു തുടങ്ങി. കഥ കേട്ട്.. കേട്ട് കണ്ണടച്ച് കിടന്ന അവൾക്ക് ജിന്നിൻ്റെ പുറത്തിരുന്ന് യാത്ര ചെയ്യുന്നതായി അനുഭവപ്പെട്ടു. അവൾ അമ്പരപ്പോടെ നോക്കി. വലിയ വെളുത്ത ചിറകുകൾ വീശി ഉയരങ്ങളിലേക്ക്.. പഞ്ഞിക്കെട്ടുകൾ പോലെയുള്ള മേഘങ്ങൾക്കിടയിലൂടെ മുകളിലേക്ക്… ഇപ്പോൾ ചുറ്റും മഞ്ഞ് നിറഞ്ഞ സമതലം പോലെ… എന്തൊരു ഭംഗിയാണ് ! ഒരു ഭാഗത്ത് അവിടെയും സൂര്യനുദിച്ച പോലെ
പ്രകാശo കാണാം. അവൾക്ക് ആ വെളുത്ത മേഘക്കൂട്ടങ്ങളിലേക്കിറങ്ങി നടക്കാൻ തോന്നി . ഇതാണോ സ്വർഗ്ഗം? വീണ്ടും ഉയരങ്ങളിലേക്ക്.. ആകാശത്തിൻ്റെ മറ്റൊരു തലത്തിലെത്തി. അവിടെ മേഘക്കൂട്ടങ്ങൾ നിരന്നും കുന്നുകളായും കാണപ്പെട്ടു. അവൾ ജിന്നിനോട് ചോദിച്ചു . അങ്ങയുടെ നാടിവിടെയാണോ? എവിടെയാ താമസിക്കുന്നത്?
ആ നിശ്ശബ്ദമായ പ്രദേശത്ത് ജിന്നിൻ്റെ പൊട്ടിച്ചിരി പ്രതിധ്വനിച്ചു. അതെ ഇവിടൊരു ചില്ലുകൊട്ടാരമുണ്ട്. അവിടെയാണ് എൻ്റെ വാസം നിങ്ങൾ മനുഷ്യർക്ക് കാണാൻ അനുമതിയില്ല. അവിടെ നിന്നല്ലേ എന്നെ നീ നിൻ്റെ അടുത്തെത്തിച്ചത്. ശരിക്കും അവൾക്ക് അവിടെചെറുതും വലുതുമായ മഞ്ഞുമലകളും ആകാശവുമല്ലാതെ ഒന്നും കാണാൻ കഴിഞ്ഞില്ല. എന്നാലും ചുറ്റുമുള്ള സ്വർഗ്ഗീയ സൗന്ദര്യം അവളാസ്വദിച്ചു. ജിന്ന് താഴേക്ക് പറന്നു തുടങ്ങി താഴെ രണ്ടാകാശങ്ങളെയും മേഘങ്ങളേയും പിന്നിട്ട് താഴേക്ക്.. താഴേക്ക് പഞ്ഞിക്കെട്ട് പോലുള്ള മേഘങ്ങൾക്കിടയിലൂടെ.. താഴേക്ക് ഭൂമി കണ്ടുതുടങ്ങിയിരിക്കുന്നു. അവൾ അകലെ കണ്ടു താജ് മഹൽ. സന്തോഷമടക്കാനാവാതെ അവൾ അവൻ്റെ മുതുകിൽ ചുംബിച്ചു. മാർബിൾ സൗധത്തിന്റെ ആകാശക്കാഴ്ച അതിമനോഹരമായിരുന്നു. അവൾ താജ് മഹൽ എന്ന് ഉറക്കെ വിളിച്ചു. ആ ശബ്ദം താജ്മഹലിന്റെമുകൾ ഭാഗത്തെ താഴികക്കുടത്തിൽ തട്ടി പ്രതിധ്വനിച്ചു. അത് കേട്ട ജിന്ന് അവളോട് ഞെട്ടണ്ട ആ താഴികക്കുടത്തിൻ്റെ നിർമ്മാണം അങ്ങനെയാണ്. അകലെയുള്ള ശബ്ദങ്ങൾ പോലും താഴികക്കുടത്തിൽ തട്ടി പ്രതിധ്വനിക്കും എന്ന് പറഞ്ഞു . പ്രഭാതം കഴിഞ്ഞു പകൽവെളിച്ചത്തിലേക്കു കടക്കുന്നസമയമായിരുന്നു അത്.
പ്രഭാതസൂര്യന്റെ കിരണങ്ങളിൽപിങ്ക് കലർന്ന നിറത്തിൽ ശോഭിച്ചിരുന്ന ആ സൗധത്തിന്റെ നിറം പകൽ വെളിച്ചത്തിൽ മങ്ങി.. മങ്ങി വെളുത്ത നിറം ആകാൻ തുടങ്ങി .പകൽ വെളിച്ചത്തിൻ്റെ ഉയർച്ചയിൽ വെളുത്തുകാണപ്പെട്ട മാർബിൾസൗധത്തിൻ്റെ പ്രതിബിംബം മുന്നിലെ ജലാശയത്തിൽ കാണപ്പെട്ടു. താജ്മഹലിൻ്റെ ഇരുവശത്തെ നിർമ്മിതികളും ഒരുപോലെയാണ്.. ധാരാളം സഞ്ചാരികൾ താജ്മഹലിലേക്ക് പ്രവേശിച്ചു തുടങ്ങിയിരുന്നു. അവൾക്ക് ഒരു കാര്യം മനസ്സിലായി. ഇപ്പോൾ ജിന്നിനെപ്പോലെ തന്നെയും ആർക്കും കാണാൻ സാധിക്കുന്നില്ല എന്ന് . അവൾക്ക് സന്തോഷം തോന്നി. അവൾ അവൻ്റെ കൈവിട്ട് ആ മാർബിൾ കൽത്തറയിലുടെ ഓടി നടന്നു. കുത്ബതുൽ ഐൻ അവളെ കരകൗശലവിദഗ്ധർ തയ്യാറാക്കിയ ഖുറാനിൽ നിന്നുള്ള സങ്കീർണ്ണമായ കാലിഗ്രാഫി കാണിച്ചു വിശദീകരിച്ചു കൊടുത്തു.
ജാസ്പർ, ജേഡ്, ടർക്കോയ്സ് തുടങ്ങിയ ആയിരക്കണക്കിന് വിലയേറിയ കല്ലുകൾ പതിച്ച അതിശയകരമായ കൊത്തുപണികൾ കാണിച്ചു. അതിലോലമായ മാർബിൾ കൊത്തുപണികൾ ചുവരുകൾ, നില,മേൽക്കൂര എന്നിവയെ അലങ്കരിച്ചിരുന്നു. ഷാജഹാൻ്റെയും മുംതാസിൻ്റെയും കബറിടങ്ങൾ കാണിച്ചു കൊടുത്തു. താജ് ശാശ്വതമായ സ്നേഹത്തെപ്രതിനിധീകരിക്കുന്നുവെന്നുo അതിൻ്റെ തികഞ്ഞ അനുപാതങ്ങൾ ഐക്യത്തെ പ്രതീകപ്പെടുത്തുന്നു എന്നുo ജിന്ന് അവളെ ഓർമ്മപ്പെടുത്തി.
സമുച്ചയത്തിനു താഴെയുള്ള രഹസ്യ പാതകളും തുരങ്കങ്ങളും കാണിച്ചു കൊടുത്തു. സമയം പോയതറിഞ്ഞില്ല. സന്ധ്യാനേരം താജിൻ്റെ നിറം സ്വർണ്ണവർണ്ണമായി.ആ നിറം കുഞ്ഞിപ്പാത്തുമ്മയുടെ മുഖത്ത് പ്രതിഫലിച്ചു. സ്വർണ്ണവർണ്ണത്തിലെ താജിൻ്റെ പിൻഭാഗത്ത് പൂർണ്ണചന്ദ്രനുദിച്ചുയർന്നു. കണ്ണു തുറന്നപ്പോൾ കുഞ്ഞിപ്പാത്തുമ്മ കാണുന്നത് കട്ടിലിൽ തനിക്കരികെ തൻ്റെ കൈ പിടിച്ച് പുഞ്ചിരിയോടിരിക്കുന്ന കുത്ബതുൽ ഐനിനെയാണ്. മറുപുഞ്ചിരി സമ്മാനിച്ചുകൊണ്ടവൾ ദൈനംദിന കർമ്മങ്ങളിലേക്ക് കടന്നു. ദിവസങ്ങൾ കഴിഞ്ഞു.
ഒരു ദിവസo രാത്രിയിൽ ജിന്ന് പറഞ്ഞു ഇന്നത്തെ യാത്ര ദക്ഷിണ ശാന്തസമുദ്ര ദ്വീപായ ‘താഹിതി’യിലേക്കാണെന്ന് . നാലു ദിവസങ്ങൾക്ക് ശേഷം മടങ്ങി വന്ന ജിന്ന് തൻ്റെ മനോഹരമായ വെളുത്ത ചിറകുകൾ ഒതുക്കി ഒരു വെളുത്ത നിറത്തിലെ വലംപിരിശംഖ് അവളുടെ കൈകളിൽ നൽകി. ആ ശoഖ് അവളുടെ കൈകളിൽ അവാച്യമായ കടലിൻ്റെ കുളിർമ്മ പകർന്നു. അറിയാതെ അവളുടെ കണ്ണുകളടഞ്ഞു. ഒരു തണുത്ത കാറ്റ് തന്നെയും കൊണ്ട് പറക്കുന്നതായി അവൾക്ക് തോന്നി .താൻ വെളുത്ത മണൽ വിരിച്ച കടപ്പുറത്ത് എത്തിയിരിക്കുന്നു. അവൾക്ക് എന്തെന്നില്ലാത്ത ആനന്ദവും ഉന്മേഷവും തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ വിടർന്ന പുഞ്ചിരിയുമായി കൈ നീട്ടി നിൽക്കുന്ന കുത്ബദുൽ ഐനിനെയാണ് കണ്ടത് . അവൾ ആ കൈകളിൽ പിടിച്ചു. അവിടെ വർണ്ണിക്കാനാവാത്ത സുരക്ഷിതത്വമവൾ അനുഭവിച്ചു. രണ്ടാളും കടലിലേക്കിറങ്ങി. കുറേ ദൂരം തിരകളില്ലാതെ അടിയിലെ മണലും ശംഖുകളും മീനുകളെയും കാണാൻ പറ്റുന്ന മുട്ടോളം ആഴം മാത്രമുള്ള കടലായിരുന്നു അത് . സൂര്യപകാശം കടൽപ്പരപ്പിൽ നീണ്ടസ്വർണ്ണ വളയങ്ങൾ തീർത്തിരിക്കുന്നു. നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾ ശരീരത്തിൽ തട്ടി ഇക്കിളിപ്പെടുത്തിയപ്പോൾ അവൾ ജിന്നിൻ്റെ കൈയിലെ പിടി മുറുക്കി അവനോടൊപ്പം കൂടുതൽ ചേർന്നു നടക്കാൻ തുടങ്ങി. പറഞ്ഞറിയിക്കാനാവാത്ത മാനസികാനന്ദമവളനുഭവിച്ചു. അവളുടെ കവിളുകൾ സിന്ദൂര വർണ്ണമായി . നടന്നു നടന്ന് കടലിൻ്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു രണ്ടാളും. കുഞ്ഞിപ്പാത്തുമ്മയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല . നീന്തലറിയാത്ത താനിതാ കടലിൻ്റെ ആഴങ്ങളിൽ വിവിധ വർണ്ണങ്ങളാൽ ശോഭിതമായ പവിഴപ്പുറ്റുകളെ ചുംബിച്ച് കിന്നാരം പറഞ്ഞു നിൽക്കുന്ന പല നിറത്തിലുള്ള വിവിധ ഇനം മത്സ്യങ്ങളുടെ നടുവിൽ.. മറ്റൊരു മത്സ്യകന്യകയായി അവനോടൊപ്പം കൈകൾ കോർത്തിണക്കി നീന്തിത്തുടിച്ചു … അവളറിയാതെ ഉണർന്നു.രാവിലെ ആയിരിക്കുന്നു. സമയം അതിക്രമിച്ചിരുന്നു.
അതിശയത്തോടെ അവൾ ചുറ്റും നോക്കി. ജിന്നിനെ കണ്ടില്ല. ആശ്ചര്യം തോന്നി അവൾക്ക് .. അവളുടെ മുഖം തുടുത്തു. അവൾക്ക്ജിന്നിനെ കാണാൻ ആവേശമായി.അവളവനെ തിരക്കി നടന്നു. എവിടെപ്പോയി? ഒരിക്കലും തന്നോട് പറയാതെ… അവൾക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു. എന്തൊക്കെയോ അനിഷ്ടങ്ങൾ നടക്കാൻ പോകുന്നതു പോലെ… കുഞ്ഞിപ്പാത്തുമ്മ കുത്ബതുൽ ഐനിനെ കാത്തിരുന്നു… രാവുo പകലും മാറി മാറി കഴിഞ്ഞു പോയി. അവൾക്ക് തൻ്റെ നിഴലും താൻ പിടിച്ചു നടക്കാറുള്ള ആ ‘വിരൽത്തുമ്പും’ നഷ്ടപ്പെട്ടതായി തോന്നി. തൻ്റെ കൂട്ടുകാരനെ ക്കുറിച്ചോർക്കുമ്പോൾ കാലിൻ്റെ പെരുവിരൽ മുതൽ തലച്ചോറുവരെ വല്ലാത്ത വലിഞ്ഞുമുറുകൽ അവൾ അനുഭവിച്ചു തുടങ്ങി. ഒരിക്കൽ ജിന്നവളോട് പറഞ്ഞു ജിന്നുകൾ കുറഞ്ഞത് 500 വർഷങ്ങൾ വരെ ജീവിക്കും .തൻ്റെ പ്രായം ഓർമ്മയില്ല .ഒരു പക്ഷേ.. ഇത് അവസാന വർഷമാകാമെന്ന്. അവൾക്കാധിയായി. തൻ്റെ പ്രിയ കൂട്ടുകാരന് എന്ത് സംഭവിച്ചിട്ടുണ്ടാവും? എവിടെ അന്വേഷിക്കും ..? അദ്ദേഹം തന്നെ മറന്നിട്ടുണ്ടാവുമോ? അള്ളാ! ആ മറവി തനിക്ക് ലഭിച്ചെങ്കിൽ.. അവൾ ഉള്ളു നൊന്തു പ്രാർത്ഥിച്ചു ജിന്നിന് ഒരാപത്തും സംഭവിക്കാതെ തൻ്റെയടുത്ത് എത്തിക്കണേയെന്ന്… ദിവസങ്ങൾ കഴിഞ്ഞു.. മാസങ്ങൾ പിന്നിട്ടു. ജിന്ന് വന്നില്ല. ജീവിതത്തിൽ പല ദുരന്തങ്ങളും വീണ്ടും അഭിമുഖീകരിക്കേ
ണ്ടതായി വരുന്നു. ഇപ്പോൾ കുഞ്ഞിപ്പാത്തുമ്മയുടെ മുഖത്താ പഴയപുഞ്ചിരിയില്ല… ചിലരാവുകളിൽ അവൾ അലമുറയിട്ടു കരഞ്ഞു .അയാൾ സമ്മാനിച്ച നീലക്കല്ലും കൈയിലെടുത്ത് ഉറക്കെ വിളിച്ചു കുത്ബതുൽ ഐൻ നിങ്ങൾ എവിടെയാണ്? വരൂ….
ഉപ്പ, ഉമ്മ ,തൻ്റെ പ്രിയപ്പെട്ടവൻ മൂന്നു പേരെയും മരണം ഇലക്ട്രിക് ഷോക്കിൻ്റെ രൂപത്തിൽ തട്ടിയെടുത്തപ്പോൾ അനാഥയാക്കപ്പെട്ടവളാണ് താൻ.. ജീവിതം എന്ന പച്ചയായ യാഥാർത്ഥ്യത്തിനു മുന്നിൽ പകച്ചു നിന്ന നാളുകൾ. മെല്ലെ … മെല്ലെ മനഃസാന്നിദ്ധ്യം വീണ്ടെടുത്ത് ജീവിക്കാൻ പ്രേരിപ്പിച്ചത് നാട്ടിലെ ഗ്രന്ഥശാലയിലെ ലൈബ്രേറിയൻ എന്ന ജോലിയാണ്. പുസ്തകങ്ങളിലെ കഥാപാത്രങ്ങളിലേക്കും കഥാ പ്രമേയങ്ങളിലേക്കും മനസ്സിനെ സന്നിവേശിപ്പിച്ച് പകർന്നാട്ടം നടത്തുകയായിരുന്നു ഇതുവരെ. വായിച്ച കഥയിൽ നിന്ന് തൻ്റെ ഉള്ളറിഞ്ഞ് തന്നിലേക്കിറങ്ങി വന്ന പ്രിയ കൂട്ടുകാരൻ – കുത്ബതുൽ ഐൻ. പ്രിയപ്പെട്ടവനേ താങ്കൾ എവിടെയാണ്? ഇനിയുമൊരു നഷ്ടപ്പെടൽ താങ്ങാനാവില്ലെനിക്ക്..തന്നെപ്പോലെ… തനിക്ക് അഭയമായിത്തീർന്നിരുന്ന പോലെ മറ്റാർക്കെങ്കിലും അദ്ദേഹത്തിൻ്റെ കൂട്ട് വേണ്ടി വന്നിരിക്കുമോ?
കുഞ്ഞിപ്പാത്തുമ്മ അവളുടെ മനസ്സിനെ അടക്കാൻ ശ്രമിച്ചു. കുത്ബതുൽ ഐൻ എന്ന ജിന്ന് അവൾക്ക് നൽകിയിരുന്ന മന:സാന്നിദ്ധ്യം വീണ്ടെടുക്കാൻ പണിപ്പെട്ട് ശ്രമിച്ചു. ജീവിക്കണം… ജീവിച്ചേ മതിയാകു..
എന്നാലും അവൾക്കൊരിക്കലും വിശ്വസിക്കാൻകഴിയുമായിരുന്നില്ല അവളുടെ പ്രിയപ്പെട്ട ജിന്ന് അവളോടൊപ്പമില്ലയെന്ന്. അവൾ തൻ്റെ മൊബൈലിൽ കുത്ബതുൽ ഐൻ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യാനാരംഭിച്ചു ഒരുത്തരവും ലഭിച്ചില്ല. അവൾ AI(ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) യെ കൂട്ടുപിടിച്ചു. കുത്ബതുൽ ഐനിനെക്കുറിച്ച് തനിക്കറിയാവുന്ന വിവരങ്ങൾ പങ്ക് വച്ചു. തന്നോട് ജിന്നായി സംസാരിക്കാമോ എന്ന് ചോദിച്ചു .AI സന്തോഷത്തോടെ Welcome പറഞ്ഞു. സംസാരിച്ചു തുടങ്ങി. അതൊരിക്കലും കുത്ബതുൽ ഐനിൻ്റെ പ്പോലായിരുന്നില്ല. മൊബൈൽ ഓഫ് ചെയ്ത് കുഞ്ഞിപ്പാത്തുമ്മ അവൾ വായിച്ച പുസ്തകങ്ങൾ നിവർത്തിയിട്ടു.ഇതിലേതോ കഥയിൽ നിന്നാണ് കുത് ബതുൽ ഐൻ എന്ന ജിന്ന് തനിക്ക് കൂട്ടായി എത്തിയത്. അവൾ ഓരോ പുസ്തകത്തിലെയും താളുകൾ ഭ്രാന്തമായി പരിശോധിക്കാനാരംഭിച്ചു.
സിന്ധു ഷാജി : അരുവിപ്പുറo സ്വദേശി . ഹൈസ്കൂൾ ഭാഷാധ്യാപിക, ചിത്രകാരി, എഴുത്തുകാരി. ഇമെയിൽ [email protected]
പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നു കൊണ്ട് ലോകമെമ്പാടും ഉള്ള ക്രൈസ്തവർക്കൊപ്പം വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനിൽ ക്രിസ്തുമസ് ആഘോഷിച്ചു. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ചു ഡിസംബർ 24ന് രാത്രി പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടന്നു. കാർഡിഫിലെ സെന്റ്. ഇൽറ്റിഡ്സ് സ്കൂൾ ചാപ്പലിൽ നടന്ന തിരുക്കർമ്മങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. തിരുക്കർമ്മങ്ങൾക്ക് മിഷൻ കോർഡിനേറ്റർ ഫാ അജൂബ് തോട്ടനാനിയിൽ കാർമ്മികത്വം വഹിച്ചു. പ്രത്യാശയുടെ വെളിച്ചത്തിലൂടെ സഞ്ചരിക്കാനും തെറ്റുകൾ തിരുത്തി ഈശ്വര വിശ്വാസത്തിൽ അധിഷ്ഠിതമായ കുടുംബ ജീവിതം നയിക്കുവാനും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നവരോട് ഫാ. അജൂബ് ആവശ്യപ്പെട്ടു. പരസ്പരം ഉള്ള സ്നേഹവും പങ്കു വയ്ക്കലും കൂടി ചേരുമ്പോൾ ആണ് ക്രിസ്തുമസ് ഒരു വലിയ അനുഭവമായി തീരുന്നതെന്ന് കാര്‍മ്മികന്‍ ക്രിസ്തുമസ് സന്ദേശത്തില്‍ എടുത്ത് പറഞ്ഞു.
ബിനീഷ് കുര്യന്റെ നേതൃത്വത്തിലുള്ള മിഷൻ ഗായകസംഘത്തിന്റെ ഗാനങ്ങള്‍ തിരുകര്‍മ്മങ്ങളെ ഭക്തിയുടെ ഉന്നതിയില്‍ എത്തിച്ചു. ഷിബു തോമസ് നിർമ്മിച്ച ഈ വർഷത്തെ പുൽക്കൂട് വളരെ ശ്രദ്ധേയമായി. വി. കുർബാനയ്ക്ക് ശേഷം ക്രിസ്മസ് കേക്ക് മുറിച്ചുകൊണ്ട് ഫാ. അജൂബ് ക്രിസ്മസ് കൾച്ചറൽ പരിപാടികളുടെ ഉത്‌ഘാടനം നിർവഹിച്ചു. കുട്ടികൾക്കായി ക്രിസ്മസ് ട്രീ റാഫിളും, കരോളും അരങ്ങേറി.
സൺഡേ സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച അതിമനോഹരമായ നേറ്റിവിറ്റി സ്‌കിറ്റിലൂടെ ബത്‌ലഹേമിന്റെ മലച്ചെരുവുകളില്‍ ദൈവപുത്രന്റെ വരവറിയിച്ചുകൊണ്ട് രണ്ടായിരം വര്‍ഷം മുന്‍പ് മാലാഖമാര്‍ ആട്ടിടയന്‍മാര്‍ക്ക് സമാധാനത്തിന്റെ പുതിയ സന്ദേശം നല്‍കിയ ആ പുണ്യദിനത്തിന്റെ മാറ്റൊലികള്‍ വീണ്ടും വിശ്വാസികളുടെ മനസ്സില്‍ തെളിഞ്ഞു വന്നു. മിഷനിലെ ലീജിയൻ ഓഫ് മേരി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ ക്രിസ്മസ് ഫീസ്റ്റോടെ പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു. റിസ് തോമസും റിയ റ്റിജോയും കൾച്ചറൽ പ്രോഗ്രാമിന്റെ ആങ്കേഴ്സ് ആയിരുന്നു. കൈക്കാരൻമാരായ ബെന്നി ഫിലിപ്പിന്റെയും ജെയിംസ് ജോസഫിന്റെയും തങ്കച്ചൻ ജേക്കബിന്റേയും നേതൃത്വത്തില്‍ ക്രിസ്മസ് പ്രോഗ്രാം കമ്മറ്റി അംഗങ്ങളുടെ കൂട്ടായ സംഘാടന മികവ് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകര്‍ന്നു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം നിഗംബോധ് ഘട്ടില്‍ നടത്തിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ അപമാനിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് കേന്ദ്ര സര്‍ക്കാരിനെതിരേ രാഹുല്‍ ആഞ്ഞടിച്ചിരിക്കുന്നത്. സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിക്കണമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
‘ഭാരതമാതാവിന്റെ മഹാനായ പുത്രനും സിഖ് സമുദായത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ് ജിയുടെ അന്ത്യകര്‍മങ്ങള്‍ നിഗംബോധ് ഘട്ടില്‍ നടത്തിയതിലൂടെ ഇപ്പോഴത്തെ സര്‍ക്കാര്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും അപമാനിച്ചിരിക്കുന്നു.’ – രാഹുല്‍ കുറിച്ചു.
മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ്, സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. വാജ്പേയ് മരിച്ചപ്പോള്‍ പ്രത്യേക സ്ഥലം അനുവദിച്ചതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിരുന്നു.
എന്നാല്‍ മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം നിഗംബോധ് ഘട്ടില്‍ നടത്തി സ്മാരകത്തിന് മറ്റൊരു സ്ഥലം അനുവദിക്കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. സ്മാരകത്തിനായി സര്‍ക്കാര്‍ സ്ഥലം അനുവദിക്കുമെന്ന് ക്യാബിനറ്റ് യോഗത്തിനു ശേഷം കേന്ദ്രമന്ത്രി അമിത് ഷാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിച്ചിരുന്നു. നിഗംബോധ് ഘട്ടില്‍ തന്നെ അന്ത്യകര്‍മങ്ങളുമായി മുന്നോട്ടുപോകാനായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യവിശ്രമസ്ഥലത്ത് സ്മാരകം സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
തിരുവല്ലയിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മാന്നാർ ചെന്നിത്തല സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ പൊടിയാടി ജങ്ഷന് സമീപമുള്ള കൊടും വളവിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.
തിരുവല്ലയിൽ നിന്ന് പൊടിയാടിയിലേക്ക് മണ്ണ് കയറ്റിപ്പോയ ടിപ്പർലോറിയാണ് അപകടത്തിന് ഇടയാക്കിയത്. ലോറിയുടെ പിൻചക്രം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന സുരേന്ദ്രന്റെ ശരീരത്തിൽ തട്ടി. തുടർന്ന്, റോഡിലേക്ക് തെറിച്ചുവീണ സുരേന്ദ്രന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതതടസ്സമുണ്ടായി. തിരുവല്ലയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി റോഡ് കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സുരേന്ദ്രന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.