Latest News

സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എക്ക് പരിക്കേറ്റ സംഭവത്തില്‍ ‘മൃദംഗനാഥം’ പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കാര്‍ ഇവന്റ്സിന്റെ മാനേജര്‍ കൃഷ്ണ കുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

അപകടമായ രീതിയിലാണ് ഓസ്‌കാര്‍ ഇവന്റ്സ് നൃത്ത പരിപാടിയ്ക്കുള്ള സ്റ്റേജ് നിര്‍മ്മിച്ചതെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു. കൃഷ്ണ കുമാര്‍ തന്നെയാണ് ഉമാ തോമസ് എംഎല്‍എയെ പരിപാടിയിലേയ്ക്ക് ക്ഷണിച്ച് കൊണ്ടുവന്നതും.

ഒരു സുരക്ഷാ വേലിയുമില്ലാതെയും കസേരിയിട്ടിരിക്കുന്ന മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്. അതാണ് അപകടത്തിന് കാരണമായത്. അതില്‍ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം സംഘാടകര്‍ക്ക് തന്നെയാണ് എന്നാണ് വിലയിരുത്തല്‍.

കൃഷ്ണ കുമാറുമായി പോലീസ് കലൂര്‍ സ്റ്റേഡിയത്തില്‍ തെളിവെടുപ്പ് നടത്തി. പിഡബ്ലൂഡിയെക്കൊണ്ട് പരിശോധിപ്പിച്ച് ശാസ്ത്രീയ വശങ്ങളും മനസിലാക്കിയാണ് പോലീസിന്റെ അന്വേഷണം.

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമിയുടെ അനുമതി. നിലവില്‍ യെമന്റെ തലസ്ഥാനമായ സനയിലെ ജയിലിലുള്ള നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബമായും അദ്ദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്‍മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റും ചെയ്തു.

വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് പ്രേമകുമാരി യെമനിലെത്തി മകളെ കണ്ടത്.

വധശിക്ഷയ്‌ക്കെതിരാ നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് യമന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അതും തള്ളുകയായിരുന്നു. ദിയാധനം നല്‍കിയുള്ള ഒത്തുതീര്‍പ്പിന് നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല.

നിമിഷയ്‌ക്കൊപ്പം ക്ലിനിക്ക് നടത്തിയിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൂട്ടുകാരി ഹനാനൊപ്പം ചേര്‍ന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ പിന്നിട്ടതോടെ വാട്ടര്‍ ടാങ്കില്‍നിന്ന് ദുര്‍ഗന്ധം വന്നു. ഇതോടെ പ്രദേശവാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.

യെമനില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് മകളേയും കൂട്ടി 2014-ല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷം നിമിഷ തലാലിനെ പരിചയപ്പെടുകുയം ക്ലിനിക്ക് തുടങ്ങാന്‍ ലൈസന്‍സിന് ഇയാളുടെ സഹായം തേടുകയുമായിരുന്നു. ക്ലിനിക്കില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി വേണമെന്ന് തലാല്‍ ആവശ്യപ്പെട്ടതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്.

2018-ല്‍ യെമനിലെ വിചാരണക്കോടതിയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. തനിക്ക് നിയമസഹായം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. തലാല്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്വയംരക്ഷയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജി കോടതി തള്ളി.

എസ് എം എയുടെ എക്സിക്യൂട്ടീവ് മെമ്പറൂം സ്പോർട്സ് കോഓർഡിനേറ്ററുമായ സജിമോന്റേയും, മുൻ ജോയിന്റ് സെക്രട്ടറിയും സജീവ പ്രവർത്തകനുമായ ജിജോമോന്റെയും, സജീവ പ്രവർത്തകനായ ജെയ്മോന്റെ ഭാര്യ ജിജിമോളുടെയും പിതാവായ തൊടുപുഴ ഏഴല്ലൂർ മുളക്കൽ എം സി വർഗീസ് (78) നിര്യാതനായി. മൃതസംസ്കാരം പിന്നീട് സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ വച്ച് നടക്കുന്നതായിരിക്കും.

എം സി വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

വിമാനയാത്രയ്ക്ക് തയ്യാറെടുത്ത് നില്‍ക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് നിര്‍ബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം. വിമാന യാത്രക്കാര്‍ക്കുള്ള ഹാന്‍ഡ് ബാഗേജ് സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരിക്കുകയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്).

വിമാനയാത്രികര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.

പുതിയ നിയമം അനുസരിച്ച് ഒരു യാത്രികന് വിമാനത്തിനുള്ളിലേക്ക് ഒരു ബാഗുമായി മാത്രമേ കയറാന്‍ കഴിയൂ. അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ മാത്രമേ അനുവദിക്കൂ. ഹാന്‍ഡ് ബാഗിന്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധികമായി ബാഗേജ് കൈയിലുണ്ടെങ്കില്‍ അത് ചെക് ഇന്‍ ചെയ്യേണ്ടി വരും.

2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവുകള്‍ ലഭിക്കും. എന്നാല്‍ അതിന് ശേഷം വരുത്തിയ പുതുക്കലിനും മറ്റും യാതൊരു ഇളവും ലഭിക്കില്ല. യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് ഭാരം അല്ലെങ്കില്‍ വലുപ്പ പരിധികള്‍ കവിഞ്ഞാല്‍ അധിക ബാഗേജ് ചാര്‍ജുകള്‍ ഈടാക്കും.

ഹാന്‍ഡ് ബാഗിന്റെ അളവ് 55 സെന്റീമീറ്റര്‍ (21.6 ഇഞ്ച്) ഉയരത്തിലും 40 സെന്റീമീറ്റര്‍ (15.7 ഇഞ്ച്) നീളത്തിലും 20 സെന്റീമീറ്റര്‍ (7.8 ഇഞ്ച്) വീതിയിലും കവിയാന്‍ പാടില്ല.

അപ്പച്ചൻ കണ്ണഞ്ചിറ

റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ പ്രതിമാസ ‘ആദ്യ ശനിയാഴ്ച’ കൺവെൻഷനുകൾ ആരംഭിക്കുന്നു. പ്രഥമ ശുശ്രുഷ ലണ്ടനിൽ റൈൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് ജനുവരി നാലിന് നടക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലിസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, കൺവെൻഷൻ നയിക്കുകയും ചെയ്യും.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച് വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.

പ്രശസ്ത ധ്യാന ഗുരുവും, ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി മിഷനുകളിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ഷിനോജ് കളരിക്കൽ വിശുദ്ധ കുർബ്ബാനക്ക് സഹകാർമ്മികത്വം വഹിക്കുകയും, ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്.

2025 ജനുവരി 4 ന് ശനിയാഴ്ച രാവിലെ 9:00 മണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ തുടർന്ന് വിശുദ്ധബലിയും തിരുവചന ശുശ്രുഷകൾക്കു ശേഷം ആരാധനക്കുള്ള സമയവുമാണ്.

സൗഖ്യ ശാന്തിക്കും, വിടുതലിനും, നവീകരണത്തിനും അനുഭവദായകമായ ശുശ്രുഷകളാവും കൺവെൻഷനിൽ നയിക്കപ്പെടുക. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഒരുക്കുന്നുണ്ട്.

കൺവെൻഷനിൽ പങ്കുചേരുന്നവരുടെ സൗകര്യാർത്ഥം ഇംഗ്ലീഷ് ഭാഷയിലും ശുശ്രുഷകൾ ഉണ്ടായിരിക്കുന്നതാണ്.

കൃപകളുടെ വാതായനം തുറക്കുന്ന ‘ആദ്യ ശനിയാഴ്ച’ കൺവെൻഷനിലെ തിരുക്കർമ്മങ്ങളിലേക്കും ശുശ്രുഷകളിലേക്കും ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ-07848 808550
മാത്തച്ചൻ വിളങ്ങാടൻ-07915 602258

January 4th Saturday 9:00 – 16:00 PM.

Our lady Of La Salette R C Church,
1 Rainham Road, Rainham, Essex,
RM13 8SP, UK.

(അണ്ടർഗ്രൗണ്ട് ഡിസ്ട്രിക്റ്റ് ലൈനിൽ വരുന്നവർ ഡഗനം സ്റ്റേഷനിൽ ഇറങ്ങി എതിർവശത്ത് നിന്നുള്ള 103 നമ്പർ ബസ്സിൽ കയറി ദേവാലയത്തിനടുത്തുള്ള ഡോവേഴ്‌സ് കോർണറിൽ ഇറങ്ങുക. C2C വിൽ വരുന്നവർ ബാർക്കിങ്ങിലോ അല്ലെങ്കിൽ റെയിൻഹാമിലോ ഇറങ്ങിയാൽ നടക്കാവുന്ന ദൂരത്തിലാണ് ദേവാലയം).

സിബി ജോസ്

സാഹോദര്യത്തിന്റെയും, സമഭാവനയുടെയും, ത്യാഗനിർഭരമായ സ്നേഹത്തിന്റെ മധുരസ്മരണകളാൽ നിറഞ്ഞ ക്രിസ്മസ് ഓർമ്മകൾ നമ്മുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു.

നക്ഷത്രങ്ങളുടെ തിളക്കം, പുല്‍ക്കൂടിന്റെ പുതുമ, മഞ്ഞിന്റെ കുളിര് ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് ക്രിസ്മസ്.

പ്രത്യാശ പടര്‍ത്തി, പുതുപ്രതീക്ഷകൾ നൽകി, നല്ല സാഹോദര്യത്തിൻറെ ഓർമ്മ പുതുക്കി സന്തോഷവും സ്നേഹവും പങ്കിടാനായുള്ള എസ്.എം.എയുടെ ക്രിസ്തുമസ് ആഘോഷം മിന്നും താരകം 2025.

യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ എസ്.എം.എയുടെ ഈ വർഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷം മിന്നും താരകം2025 ജനുവരി നാലാം തീയതി ശനിയാഴ്ച മൂന്നുമണി മുതൽ സെൻ പീറ്റേഴ്സ് അക്കാദമി ഫെന്റൺൽ വച്ച് ആഘോഷിക്കുന്നു.(ST4 2RR)

എസ്.എം.എയുടെ കുടുംബാഗംങ്ങള്‍ക്ക് മറക്കാനാവാത്ത സംഗീതവിരുന്നൊരുക്കാൻ ലൈവ് മ്യൂസിക് ബാൻഡുമായി കേരളത്തിൻ്റെ സംഗീത സദസ്സുകളുടെ സുപരിചിത സാന്നിധ്യമായ ചായ് & കോഡ്‌സ് എത്തുന്നു. സിനിമാ സംഗീത സംവിധായകനുമായ ഗോകുൽ ഹർഷന്റെ നേതൃത്വത്തിൽ കൃഷ്ണ (Bass Guitar), എബിൻ (Keyz) പ്രണവ് (Guitars), സജിൻ (Drums) എന്നിവരാണ് ബാൻഡിലെ മറ്റു അംഗങ്ങൾ.

എസ്.എം.എയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് ആവേശം പകരാൻ കുട്ടികളുടെ നേറ്റിവിറ്റി പ്ലേ, ക്രിസ്മസ് പപ്പ ഡാൻസ്, തകര്‍പ്പന്‍ ഡാന്‍സുമായി സാന്താക്ലോസ്, മനോഹരമായ ഗാനങ്ങളും, അതിനപ്പുറം കലകളുടെ ഒരു മഹാസമുദ്രവുമായി കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസ് പെർഫോമൻസ്.

കുടുംബത്തോടൊപ്പം, സുഹൃത്തുക്കളോടൊപ്പം, എസ്.എം.എയുടെ ഊഷ്മള കൂട്ടായ്മയിൽ നമുക്ക് ഒന്നിച്ച് എസ്.എം.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം മറക്കാനാവാത്ത അനുഭവമാക്കാം

എസ്.എം.എയുടെ ക്രിസ്മസ്, പുതുവത്സര ആഘോഷം മിന്നും താരകം2025 ലേക്ക് എസ്.എം.എയുടെ കുടുംബാഗംങ്ങള്‍ എല്ലാവരെയും ഹൃദ്യമായി ക്ഷണിക്കുന്നതായി പ്രസിഡൻറ് എബിൻ ബേബിയും, സെക്രട്ടറി ജിജോ ജോസഫും അറിയിച്ചു.

ഇപ്സ്വിച്: യു കെയിലെ പ്രമുഖ അസ്സോസിയേഷനുകളിലൊന്നായ ഇപ്സ്വിച് മലയാളി അസോസിയേഷൻ ഡിസംബർ 27വെള്ളിയാഴ്ച സംഘടിപ്പിച്ച ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം പ്രൗഡഗംഭീരമായി.

ഇപ്സ്വിച്ചിലെ സെന്റ്‌ ആൽബൻസ് ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4 മണിക്ക് അസ്സോസിയേഷൻ പ്രസിഡന്റ് നെവിൻ മാനുവലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ റവ. ഫാ. ടോമി മണവാളൻ മുഖ്യാഥിതിയായി ആഘോഷപരിപാടികൾക്ക് തിരി തെളിച്ചു. അസോസിയേഷനിലെ കൊച്ചുകുട്ടികൾ അവതരിപ്പിച്ച ഉണ്ണി യേശുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന നേറ്റിവിറ്റി പ്ലേയോട് കൂടി പരിപാടികൾക്ക് തുടക്കമായി. തുടർന്ന്, അസ്സോസിയേഷനിലെ അംഗങ്ങളുടെ നിരവധി കലാപരിപാടികൾ ഫ്‌ളൈറ്റോസ് ഡാൻസ് കമ്പനിയുടെ സഹകരണത്തോടെ സംയുക്തമായി നടന്നു.

പരിപാടിയുടെ മുഖ്യ ആകർഷണമായ ‘നക്ഷത്രരാവ് 2024’ ഹാസ്യ കലാലോകത്തെ അതുല്യ കലാകാരൻ മഹേഷ്‌ കുഞ്ഞുമോന്റെയും, ദിലീപ് കലാഭവന്റെയും നേതൃത്വത്തിലുള്ള സ്റ്റേജ് ഷോ അരങ്ങേറി. 8 ഓളം കലാകാരൻമാർ ചേർന്നു അവതരിപ്പിച്ച സ്റ്റേജ് ഷോ കാണികൾ നിറഞ്ഞ കയ്യടിയോടുകൂടി ആസ്വദിച്ചു.

3 മണിക്കൂർ നീണ്ട സ്റ്റേജ് ഷോയ്ക്കു ശേഷം മഴവിൽ മനോരമ ഫെയിം ഡിജെ ജെഫ്രിയുടെ ഡി ജെ, അക്ഷരാർത്ഥത്തിൽ ആബാലവൃദ്ധം ജനങ്ങളും ആസ്വദിച്ചു. എൽഇഡി സ്ക്രീനിന്റെയും മികച്ച ശബ്ദ സാങ്കേതിക ക്രമീകരണങ്ങളുടെ അകമ്പടിയോടും കൂടി നടന്ന എല്ലാ പരിപാടികളും കാണികൾ ആസ്വദിച്ചു.

പരിപാടിയുടെ സ്പോൺസേഴ്സിൽ ഒന്നായ ടിഫിൻ ബോക്സ്‌ ഹോട്ടലിന്റെയും ആതുരസേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു. നാലോളം നേഴ്സിംഗ് ഹോമുകളുടെ ഉടമയുമായ ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ്, സായി ഹോംസ് പ്രൊപ്രൈറ്റർ ശ്രീ സച്ചിൻ കരാളെയും ആശംസ സന്ദേശങ്ങൾ നൽകി.

സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കുന്നതിൽ എക്കാലവും മികവ് കാണിക്കുന്ന ദി ഹട്ടിന്റെ 3 കോഴ്സ് ഡിന്നർ ഏവരും ആസ്വദിച്ചു.

നാളിതുവരെ ഐ എം എ യോട് സഹകരിച്ച ഏവർക്കും സാമ്പത്തികമായി സഹായിച്ച എല്ലാ സ്പോൺസർമാർക്കും സെക്രട്ടറി ഷിബി വൈറ്റസ് നന്ദി അർപ്പിച്ചു.

അമേരിക്കയുടെ മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ പുരസ്‌കാരജേതാവുമായ ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. 1977 മുതല്‍ 1981 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു. ജോര്‍ജിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നു.

കാന്‍സറിനെ അതിജീവിച്ച അദ്ദേഹം സമീപ വര്‍ഷങ്ങളില്‍ കരളിലേക്കും തലച്ചോറിലേക്കും പടര്‍ന്ന മെലനോമ ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച പ്രസിഡന്റാണ് അദ്ദേഹം. 2002-ലാണ് നൊബേല്‍ ജേതാവാകുന്നത്.

1976-ലെ യുഎസ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായിരുന്ന ജെറാള്‍ഡ് ഫോര്‍ഡിനെ തോല്‍പ്പിച്ചാണ് ഡെമോക്രാറ്റായ കാര്‍ട്ടര്‍ വൈറ്റ് ഹൗസില്‍ പ്രവേശിച്ചത്. വാട്ടര്‍ഗേറ്റ് അഴിമതിയുടെയും വിയറ്റ്‌നാം യുദ്ധത്തിന്റെയും കാലത്താണ് അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുന്നത്. നേരത്തെ കാലിഫോര്‍ണിയ ഗവര്‍ണറായി സേവനമനുഷ്ഠിച്ച നടനും രാഷ്ട്രീയക്കാരനുമായ റൊണാള്‍ഡ് റീഗനോട് 1980-ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തിരുന്നു.

ജനാധിപത്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് പുറമെ അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള സംഭാവനകള്‍ കൂടി കണക്കിലെടുത്താണ് 2002-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുന്നത്.

ക്രിസ്മസ് ആഘോഷിക്കുന്ന, പുതുവത്സരത്തെ സന്തോഷത്തോടെ വരവേല്‍ക്കുന്ന ഡിസംബറെന്ന മഞ്ഞുമാസത്തെ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ആകാശയാത്രികരെ സംബന്ധിച്ച് നടുക്കുന്ന ഓര്‍മകള്‍ മാത്രമാണ് ഡിസംബര്‍ നല്‍കിയത്. വ്യത്യസ്ത രാജ്യങ്ങളില്‍ നടന്ന ആറ് ദുരന്തങ്ങളിലായി പൊലിഞ്ഞത് 236 ജീവനുകള്‍.

ദക്ഷിണ കൊറിയയില്‍ 179 യാത്രികര്‍ മരിച്ചപ്പോള്‍ കസാഖ്‌സ്താനില്‍ അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നുവീണ് മരിച്ചത് 38 പേരാണ്. ഡിസംബര്‍ 22-ന് ബ്രസീലില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. പാപ്പുവ ന്യൂ ഗിനിയയില്‍ വിമാനം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചപ്പോള്‍ അര്‍ജന്റീനയിലും ഹവായിയിലും നടന്ന അപകടങ്ങളിലായി നാല് പൈലറ്റുമാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നില്‍ ജീവന്‍ നഷ്ടമായത 179 പേര്‍ക്കാണ്. രണ്ട് പേര്‍ മാത്രമാണ് ആ ദുരന്തം അതിജീവിച്ചത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് തീഗോളമായി മാറുകയായിരുന്നു.

ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഡിസംബര്‍ 29-ന് പ്രാദേശിക സമയം രാവിലെ 09.07-ഓടെയായിരുന്നു അപകടം.

തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്‌ലന്‍ഡ് സ്വദേശികളുമായിരുന്നു. ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലുണ്ടായ തകരാര്‍ കാരണം വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് വിവരം. പക്ഷി ഇടിച്ചാതാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2005-ല്‍ തുടങ്ങിയ ജെജു കമ്പനിയുടെ ചരിത്രത്തില്‍ ആദ്യ ദുരന്തമായിരുന്നു ഇത്. 2007-ല്‍ നടന്ന ഒരു അപകടത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

ലോകം ക്രിസ്മസ് ആഘോഷത്തില്‍ മുഴുകിയിരിക്കുമ്പോഴാണ് റഷ്യന്‍ വ്യോമതിര്‍ത്തിക്കുള്ളില്‍ അക്താകുവില്‍ അസര്‍ബയ്ജാന്റെ വിമാനം ജെ28243 തകര്‍ന്നുവീണത്. പൈലറ്റും സഹ പൈലറ്റുമുള്‍പ്പെടെ 38 പേര്‍ അപകടത്തില്‍ മരിച്ചു. 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

67 യാത്രക്കാരുമായി അസര്‍ബയ്ജാന്റെ തലസ്ഥാനമായ ബാക്കുവില്‍നിന്ന് റഷ്യന്‍ റിപ്പബ്ലിക്കായ ചെച്‌നിയയുടെ തലസ്ഥാനമായ ഗ്രോസ്നിയിലേക്ക് ബുധനാഴ്ച യാത്രതിരിച്ച എംബ്രയര്‍ 190 വിമാനമാണ് തകര്‍ന്നത്. കസാഖ്സ്താനിലെ അക്താവുവിനടുത്താണ് ദുരന്തമുണ്ടായത്.

ഗ്രോസ്നിയില്‍ എത്തുംമുമ്പ് കസാഖ്സ്താനിലേക്ക് വിമാനം വഴി തിരിച്ചു വിടുകയായിരുന്നു. യുക്രൈന്‍ ആക്രമണവും മൂടല്‍മഞ്ഞും കാരണമാണ് അക്താവുവിലേക്ക് വിമാനം തിരിച്ചുവിടാന്‍ പൈലറ്റ് തീരുമാനിച്ചതെന്ന് റഷ്യന്‍ വ്യോമയാന ഏജന്‍സി വെള്ളിയാഴ്ച പറഞ്ഞിരുന്നു.

ബുധനാഴ്ച യുക്രൈന്‍ ഗ്രോസ്നിയില്‍ കടുത്ത ഡ്രോണാക്രമണം നടത്തിയതിനാല്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം സജീവമായിരുന്നെന്നും റഷ്യ വ്യക്തമാക്കിയിരുന്നു. അതേസമയം വിമാനം വെടിവെച്ചിട്ടെന്ന് സമ്മതിക്കാനോ ഉത്തരവാദിത്തമേല്‍ക്കാനോ റഷ്യ തയ്യാറായിട്ടില്ല.

റഷ്യയുടെ വ്യോമപ്രതിരോധ മിസൈലേറ്റാണ് വിമാനം തകര്‍ന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ പേര് പറഞ്ഞില്ലെങ്കിലും പുറമേനിന്നുള്ള ആയുധമേറ്റാണ് വിമാനം തകര്‍ന്നുവീണതെന്ന് യു.എസ്. ദേശീയസുരക്ഷാവക്താവ് ജോണ്‍ കിര്‍ബിയും അസര്‍ബയ്ജാന്‍ മന്ത്രി റഷാന്‍ നബിയേവും ആരോപിച്ചിരുന്നു.

ഡിസംബര്‍ 22-നാണ് ബ്രസീലില്‍ ചെറുവിമാനം നിയന്ത്രണം വിട്ട് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇരട്ട എഞ്ചിനുള്ള പൈപ്പര്‍ പിഎ-42 വിമാനം ഗ്രാമഡോ മേഖലയിലാണ് തകര്‍ന്നുവീണത്. ഒരു വീടിന്റെ ചിമ്മിനിയിലും മറ്റൊരു വീടിന്റെ രണ്ടാം നിലയിലും ഇടിച്ച ശേഷം മൊബൈല്‍ കടയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇതിനുശേഷമുണ്ടായ തീപ്പിടിത്തത്തിലും മറ്റുമാണ് ആളുകള്‍ക്ക് പരിക്കേറ്റത്.

വിമാനത്തിന്റെ ഉടമസ്ഥനും ബിസിനസുകാരനുമായ ലൂയിസ് ക്ലോഡിയോ ഗലേസിയാണ് വിമാനം ഓടിച്ചിരുന്നത്. വിനോദയാത്രയ്ക്കുശേഷം കുടുംബത്തോടൊപ്പം ഇയാള്‍ സാവോ പോളയിലെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. കനേല വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സെറാ ഗൗച്ച മലനിരകള്‍ക്ക് സമീപമുള്ള ഗ്രമാഡോ മേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു.

ബ്രസീലില്‍ അപകടം സംഭവിച്ച അതേ ദിവസം പാപ്പുവ ന്യൂ ഗിനിയയിലും ഒരു വിമാനം തകര്‍ന്നുവീണു. നോര്‍ത്ത് കോസ്റ്റ് ഏവിയേഷന്റെ ബ്രിട്ടെന്‍-നോര്‍മാന്‍ ബിഎന്‍-2ബി-26 ഐലന്‍ഡര്‍ വിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടു. വസു എയര്‍പോര്‍ട്ടില്‍ നിന്ന് ലാ-നദ്‌സെബ് എയര്‍പോര്‍ട്ടിലേക്കുള്ള ചാര്‍ട്ടേഡ് ഫ്‌ളൈറ്റാണ് അപകടത്തില്‍പെട്ടത്.

തൊട്ടടുത്ത ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രാദേശിക സമയം 10.30നാണ് അവസാന സിഗ്നല്‍ ലഭിച്ചത്. ഇപ്പോഴും അപകടത്തിന്റെ പിന്നിലെ കാരണം അറിയാന്‍ അന്വേഷണം തുടരുകയാണ്.

സാന്‍ഫ്രാന്‍സിസ്‌കോ എയര്‍പോര്‍ട്ടിന് തൊട്ടടുത്ത് വെച്ചുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. പുന്റെ ഡെല്‍ എസ്റ്റെ എയര്‍പോര്‍ട്ടില്‍ നിന്ന് സാന്‍ ഫെര്‍നാഡൊ എയര്‍പോര്‍ട്ടിലേക്ക് പോയ ഫെറി ഫ്‌ളൈറ്റാണ് അപകടത്തില്‍പെട്ടത്. റണ്‍വേയും കടന്നുപോയ വിമാനം സുരക്ഷാ വേലിയിലും മരത്തിലും ഇടിച്ച് കത്തുകയായിരുന്നു.

ഡിസംബര്‍ 17-നാണ് ഹവായിയിലെ ഹൊനൊലോലുവില്‍ അപകടമുണ്ടായത്. കമാക എയര്‍ എല്‍എല്‍സിയുടെ നിയന്ത്രണത്തിലുള്ള വിമാനമാണ് തകര്‍ന്നത്. രണ്ട് പൈലറ്റുമാരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിമാനം പറന്നുയര്‍ന്നയുടനെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് കെട്ടിടത്തില്‍ ഇടിച്ച് തകര്‍ന്നുവീണു.

കൊച്ചി റിനൈ മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി നിലവിൽ ആശങ്കാജനകമല്ലെന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് എം.എൽ.എ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച പുലർച്ചെ 1. 45 ഓടെ മെഡിക്കൽ റിപ്പോർട്ട് പുറത്തിറക്കിയത്. നിലവിലുള്ള ചികിത്സ തൃപ്തികരമെന്നും സംഘം വിലയിരുത്തി. തുടർ ചികിത്സകളും നിർദ്ദേശിച്ചിട്ടുണ്ട്.

രാത്രി 11 മണി യോടെയാണ് ഡോ. ജയകുമാറിെന്റ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തിയത്. രണ്ടു മണിക്കൂറോളം അവർ എം.എൽ.എയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. മെഡിക്കൽ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷം റിനൈയിലെ ഡോക്ടർമാരുടെ സംഘവുമായി ചർച്ച നടത്തുകയും ചെയ്തു.

കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണാണ് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് ഗുരുതര പരിക്ക് പറ്റിയത് . സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവര്‍ ഗ്യാലറിയില്‍ ഇരിക്കുമ്പോഴാണ് സംഭവം. ഗ്യാലറിയിലേക്ക് കയറുന്നതിനിടെ കൈവരിയില്‍ നിന്ന് ഉമാ തോമസ് താഴെ വീഴുകയായിരുന്നു.

വീഴ്ചയില്‍ ഗ്യാലറിയുടെ സുരക്ഷയ്ക്കായി കെട്ടിയ കമ്പി ഉമാ തോമസിന്റെ തലയില്‍ പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ എംഎല്‍എയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

കലൂര്‍ സ്റ്റേഡിയത്തില്‍ 12,000 ഭരതനാട്യ നര്‍ത്തകര്‍ പങ്കെടുക്കുന്ന മൃദംഗനാദം നൃത്ത സന്ധ്യയായിരുന്നു പരിപാടി. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്.

Copyright © . All rights reserved