റോമി കുര്യാക്കോസ്
നോർത്താംപ്ടൺ: ഓ ഐ സി സി (യു കെ) നോർത്താംപ്ടൺ റീജിയൻ പുനസംഘടിപ്പിച്ചു. സംഘടനയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനും റീജിയൻ ഭാരവാഹികളിൽ ഏതാനും പേർ സംഘടനയുടെ പുതുതായി രൂപീകൃത്യമായ നാഷണൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ വന്ന ഒഴിവുകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായുമാണ് റീജിയൻ പുനസംഘടിപ്പിച്ചത്.
ഓ ഐ സി സി (യു കെ) നോർത്താംപ്ടൺ റീജിയൻ പ്രസിഡന്റ് അജിത്കുമാർ സി നായർ – ന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ജനറൽ ബോഡി മീറ്റിങ്ങിൽ വച്ചാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗ നടപടികൾക്ക് ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് മണികണ്ഠൻ ഐക്കാട് നേതൃത്വം നൽകി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് യോഗം ആശംസകൾ നേർന്നു. ദേശിയ ഗാനത്തോടെ യോഗം അവസാനിച്ചു.
നേരത്തെ, ഒ ഐ സി സി (യു കെ)യുടെ പ്രവർത്തനം യു കെയിലുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ റീജിയനുകൾ / യൂണിറ്റുകൾ രൂപീകരിക്കുന്നതിനും നിലവിലുള്ളവ പുനസംഘടിപ്പിക്കുന്നതിനുമുള്ള നിർദേശം കെ പി സി സിയിൽ നൽകിയിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ റീജിയൻ / യൂണിറ്റുകളുടെ പുനരുദ്ധരണത്തിനും ഏകോപനത്തിനുമായി നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ വർക്കിംഗ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, ജനറൽ സെക്രട്ടറി അഷറഫ് അബ്ദുള്ള എന്നിവർ അടങ്ങുന്ന ഒരു കമ്മിറ്റി കവട്രിയിൽ നടന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ വച്ച് രൂപീകരിച്ചിരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഓ ഐ സി സി (യു കെ) നോർത്താംപ്ടൺ റീജിയൻ ഭാരവാഹികൾ:
പ്രസിഡന്റ്:
ജോർജ് ജോൺ
വൈസ് പ്രസിഡന്റുമാർ:
ഷിജിൻ ഷാജി
ജനറൽ സെക്രട്ടറി:
റെജിസൺ
ട്രഷറർ:
സിനു ജേക്കബ്
മറ്റു ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കും.
യുകെയില്‍ നഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി വണ്ടന്‍മേട് കുപ്പക്കല്‍മേട് കല്ലട വാഴപ്പറമ്പില്‍ വീട്ടില്‍ ജോമോന്‍ ജോണിനെയാണ് (42) പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് കരിങ്കുറ്റി സ്വദേശിയായ യുവതിയില്‍ നിന്നാണ് 50,000 രൂപ വാങ്ങിയത്. യുവതിയുടെ പേരില്‍ ഗോവിന്ദപുരം പഞ്ചാബ് നാഷനല്‍ ബാങ്കിലുള്ള അക്കൗണ്ടില്‍ നിന്ന് കേസിലെ രണ്ടാം പ്രതി മനു മോഹന്‍ മുഖേന പണം കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റാന്നി വലിയപാലത്തിനു സമീപം ജോമോന്‍ നടത്തുന്ന സ്ഥാപനത്തിന്റെ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.
ജോലി ലഭിക്കാതെ വന്നപ്പോള്‍ യുവതി കഴിഞ്ഞ രണ്ടിന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ജോമോന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സമാനമായ ഒരു കേസ് കൂടി ജോമോന്റെ പേരില്‍ റാന്നി പോലീസ് എടുത്തിട്ടുണ്ട്. ഇയാളുടെ ബാങ്ക് രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
യുകെ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ജില്ലാ പൊലീസ് മേധാവിക്കു ലഭിക്കുന്നുണ്ട്. സമാന പരാതിയില്‍ കഴിഞ്ഞ മാസം ഇയാള്‍ അറസ്റ്റിലായിരുന്നു.
ഡിവൈ.എസ്.പി ആര്‍.ജയരാജിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, എഎസ്‌ഐ അജു കെ.അലി, എസ് സിപിഒമാരായ അജാസ് ചാരിവേലി, ഗോകുല്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നതടക്കമുള്ള ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി.
പരേഡ് ഗ്രൗണ്ടിന് പുറമേ വെളി മൈതാനത്തു കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടഞ്ഞ പൊലീസിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ പുതുവത്സര ദിനത്തില്‍ കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞികളെ കത്തിക്കും.
സംഘാടകരായ ഗാല ഡി ഫോര്‍ട്ട് കൊച്ചി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. പാപ്പാഞ്ഞിക്ക് ചുറ്റും 72 അടിയില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മിക്കണം. 40 അടി ഉയരമുള്ള വലിയ പാപ്പാഞ്ഞിയെ കത്തിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കൂടി നില്‍ക്കുന്നവരുടെ ദേഹത്ത് വീഴുന്നത് ഒഴിവാകുക ലക്ഷ്യമിട്ടാണ് നിര്‍ദേശം.
ഫോര്‍ട്ട് കൊച്ചിയിലെ വെളി മൈതാനത്ത് ഗാലാ ഡി ഫോര്‍ട്ട് കൊച്ചി നിര്‍മ്മിക്കുന്ന 40 അടി ഉയരമുള്ള പപ്പാഞ്ഞിയുടെ നിര്‍മാണം തടഞ്ഞു കൊണ്ടാണ് പൊലീസ് സംഘാടകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടി കാട്ടി പപ്പാഞ്ഞി പൊളിച്ചു മാറ്റാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.
പുതുവര്‍ഷത്തില്‍ ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാന്‍ കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിക്ക് മാത്രമാണ് അനുവാദം നല്‍കിയിരിക്കുന്നതെന്നും പൊലീസ് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിക്കാരുടെ പുതുവത്സര ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടതാണ് പാപ്പാഞ്ഞി കത്തിക്കല്‍.
16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 19കാരിയെ വള്ളികുന്നം പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെയാണ് വള്ളികുന്നം സർക്കിൾ ഇൻസ്പെക്‌ടർ ടി.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌ത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന 16കാരനെയാണ് കഴിഞ്ഞ ഡിസംബർ ഒന്നിന് യുവതി വീട്ടിൽനിന്നു കൂട്ടികൊണ്ടു പോയത്. പല സ്‌ഥലങ്ങളിലായി താമസിപ്പിച്ചു പീഡിപ്പിച്ചെന്ന് ആൺകുട്ടി പൊലീസിനു മൊഴി നൽകി.
യുവതി നേരത്തേ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധം അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ ബന്ധു കൂടിയായ 16കാരന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെയാണ് പയ്യനുമായി പെൺകുട്ടി വീടുവിട്ടു പോയത്. ആൺകുട്ടിയുടെ മാതാവ് വള്ളികുന്നം പൊലീസിൽ പരാതി നൽകി.
യുവതിയും 16 കാരനും മൈസൂർ, മായി, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്‌ഥലങ്ങളിൽ ഒളിവിൽ താമസിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണം നടന്നു വരവെയാണ് പത്തനംതിട്ട ബസ് സ്‌റ്റാൻഡിൽനിന്ന് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്‌തു.
അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖര്‍ മന്‍മോഹന്‍ സിങിന്റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഒഴുകിയെത്തുന്ന ജന്‍പഥിലെ മൂന്നാം നമ്പര്‍ വസതിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ആദ്യമെത്തിയത്. പുഷ്പചക്രം സമര്‍പ്പിച്ച് അദേഹം ആദരം അറിയിച്ചു. ഭാവി തലമുറകള്‍ക്ക് മന്‍മോഹന്‍ സിങ് പ്രചോദനമാണെന്നും വേര്‍പാട് അതീവ ദുഖകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മോഡിക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ തുടങ്ങിയവരും മന്‍മോഹന്‍ സിങിന് ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വസതിയിലെത്തി.
കെ.സി വേണുഗോപാല്‍ എം.പി, പ്രകാശ് കാരാട്ട്, എം.കെ രാഘവന്‍ എംപി എന്നിവരും വസതിയിലെത്തി. ഇതിനിടെ സൈന്യമെത്തി മുന്‍ പ്രധാനമന്ത്രിയുടെ മൃതദേഹത്തെ ദേശീയ പതാക പുതപ്പിച്ചു. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും.
രാത്രിയോടെ മകള്‍ അമേരിക്കയില്‍ നിന്നെത്തിയതിന് ശേഷമാകും സംസ്‌കാര സമയം നിശ്ചയിക്കുക. രാജ്ഘട്ടിന് സമീപം മുന്‍ പ്രധാനമന്ത്രിമാരുടെ അന്ത്യ വിശ്രമ സ്ഥലങ്ങള്‍ക്ക് അടുത്ത് തന്നെ സംസ്‌കരിക്കാനാണ് ആലോചന.
മഹാരാഷ്ട്രയിൽ 21 കോടി രൂപ തട്ടിപ്പ് നടത്തി കാമുകിക്ക് ആഡംബര വസ്തുക്കൾ വാങ്ങി നൽകിയ യുവാവ് ഒളിവിൽ. സർക്കാർ സ്പോർട്സ് കോംപ്ലക്‌സിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായ ഹർഷൽ കുമാർ ശിർസാഗർ (23) ആണ് കോടികൾ തട്ടിയെടുത്തത്. 13,000 രൂപ മാസ ശമ്പളത്തിന് ജോലി ചെയ്തിരുന്ന യുവാവ് കാമുകിക്കായി ആഡംബര കാറുകളും നാല് ബിഎച്ച്കെ ഫ്ലാറ്റും വാങ്ങുന്നതിനായാണ് വൻ തുക തട്ടിയെടുത്തത്.
തട്ടിപ്പിന് ഹർഷലിന് പിന്തുണ നൽകിയ സഹപ്രവർത്തകയായ യശോദ ഷെട്ടി, ഭർത്താവ് ബി കെ ജീവൻ എന്നിവർ അറസ്റ്റിലായി. കൃത്യമായ ആസൂത്രണത്തോടെയാണ് യുവാവ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. യുവാവ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു.
സർക്കാർ സ്പോർട്സ് കോംപ്ലക്സിന്റെ ഇമെയിൽ അഡ്രസിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തിന്റെ് പഴയ ലെറ്റർ ഹെഡ് ഉപയോഗിച്ച് ബാങ്കിന് ഇമെയിൽ സന്ദേശം അയയ്ക്കുകയാണ് ഹർഷൽ ആദ്യം ചെയ്തത്. ഇതിന് മുന്നോടിയായി സ്പോർട്സ് കോംപ്ലക്സിന്റെ അക്കൗണ്ടിന് സമാനമായ വിലാസത്തിൽ പുതിയൊരു ഇമെയിൽ അക്കൗണ്ട് തുറക്കുകയും ചെയ്തു.
ലെറ്റർ ഹെഡിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ഇമെയിൽ അഡ്രസ് മാറ്റി നൽകി. ഇതോടെ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് വരുന്ന ഒടിപികളും മറ്റും ഹർഷലിനും ലഭ്യമാകുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യവും ലഭ്യമാക്കി. കഴിഞ്ഞ ജൂലായ് ഒന്നിനും ഡിസംബർ ഏഴിനും ഇടയിലായി 13 ബാങ്ക് അക്കൗണ്ടുകളിലേയ്ക്കായി 21.6 കോടി രൂപയാണ് ഹർഷൽ കൈമാറ്റം നടത്തിയത്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് 1.2 കോടി രൂപയുടെ ബിഎംഡബ്ല്യു കാർ, 1.3 കോടിയുടെ എസ്വി, 32 ലക്ഷത്തിന്റെ ബിഎംഡബ്ല്യു ബൈക്ക് എന്നിവ യുവാവ് സ്വന്തമാക്കി. കാമുകിക്ക് ഛത്രപതി സാംബാജി നഗർ എയർപോർട്ടിന് സമീപത്തായി നാല് ബിഎച്ച്കെ ആഡംബര ഫ്ലാറ്റും, ഡയമണ്ട് ആഭരണങ്ങളും സമ്മാനിച്ചു.
സാമ്പത്തിക ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ട കായിക വകുപ്പ് ഉദ്യോഗസ്ഥൻ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്.
മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51-ന് മരണം സ്ഥിരീകരിച്ചു. 2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നൂതന ഉദാരവത്കരണനയങ്ങളുടെ പതാകവാഹകനായിരുന്നു. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ജനനം.1948ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് 1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഒക്സ്ഫോഡ് സര്‍വകലാശാലയിലെ നഫില്‍ഡ് കോളേജില്‍നിന്ന് 1962ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ പൂര്‍ത്തിയാക്കി. പഞ്ചാബ് സര്‍വകലാശാലയിലും പ്രമുഖ ഉന്നതപഠന കേന്ദ്രമായ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലും അധ്യാപകനായി പ്രവര്‍ത്തിച്ചപ്പോഴുള്ള മികച്ച പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്ത് ശ്രദ്ധേയനാക്കി. ഈ കാലഘട്ടത്തില്‍ കുറച്ചുകാലം യു.എന്‍.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചു. ഇത് 1987-1990 കാലയളവില്‍ ജനീവയിലെ സൗത്ത് കമ്മിഷന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്താനുള്ള വഴിയൊരുക്കി.
1971ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി നിയോഗിക്കപ്പെട്ടു. അടുത്ത വര്‍ഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി. പല പ്രധാന പദവികളും ഡോ. സിങ്ങിനെ തേടിയെത്തി. ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവെന്ന് വിളിക്കാവുന്ന 1991-96 കാലഘട്ടത്തില്‍ ഡോ. സിങ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ലോകം അംഗീകരിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും ഡോ.മന്‍മോഹന്‍ സിങ്ങിന്റെ സ്വാധീനം അനുസ്മരിക്കപ്പെടും.
ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ഡോ. സിങ്ങിന് 1987ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു . 1995ല്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ജവഹര്‍ലാല്‍ നെഹ്രു ജന്‍മശതാബ്ദി അവാര്‍ഡും 1993ലും 94ലും മികച്ച ധനകാര്യമന്ത്രിക്കുള്ള ഏഷ്യാ മണി അവാര്‍ഡും 1993ല്‍ മികച്ച ധനകാര്യമന്ത്രിക്കുള്ള യൂറോ മണി അവാര്‍ഡും 1956ല്‍ കേംബ്രിജ് സര്‍വകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും 1955ല്‍ കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജിന്‍റെ റൈറ്റ്സ് പ്രൈസുമാണ് അദ്ദേഹത്തിനു ലഭിച്ച മറ്റ് അംഗീകാരങ്ങളില്‍ പ്രധാനപ്പെട്ടവ. ഇതിനു പുറമെ, പല പ്രമുഖ ദേശ-വിദേശ സംഘടനകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേംബ്രിജ്, ഒക്സ്ഫോഡ് സര്‍വകലാശാലകള്‍ ഡോ. സിങ്ങിന് ഓണററി ബിരുദങ്ങള്‍ നല്‍കി ആദരിച്ചു.
പല രാജ്യാന്തര സംഘടനകളിലും സമ്മേളനങ്ങളിലും ഇന്ത്യന്‍ പ്രതിനിധിയായി ഡോ. സിങ് പങ്കെടുത്തിട്ടുണ്ട്. 1993ല്‍ സൈപ്രസില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിലും വിയന്നയില്‍ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലും ഇന്ത്യന്‍ സംഘത്തെ നയിച്ചു. രാഷ്ട്രീയ ജീവിതത്തില്‍, പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ അംഗമായിരുന്ന അദ്ദേഹം ഈ വര്‍ഷം ഏപ്രിലില്‍ വിരമിച്ചു.1991 മുതല്‍. 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ഡോ. സിങ്ങിന്‍റെ ജീവിതം ആധാരമാക്കി 2010 ല്‍ ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ബോളിവുഡ് ചിത്രം പുറത്തിറങ്ങിയിരുന്നു. ഗുര്‍ശരണ്‍ കൗറാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ പത്നി. മൂന്നു പെണ്‍മക്കളാണുള്ളത്.
ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന.
ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്‍റെ (29.92 കോടി) വര്‍ധനവാണ് ഉണ്ടായത്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ഔട്ട്ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബര്‍ 25ലെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.
ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
2023 ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71 കോടിയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബര്‍ 24ലെ വില്‍പ്പനയില്‍ 37.21 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.
നക്ഷത്രങ്ങള്‍ ചിരിതൂകി നിന്ന ക്രിസ്മസ് രാവില്‍ മലയാളികളുടെ കണ്ണുകളെ ഈറനണിയിച്ച് മിഴിയടച്ച അക്ഷര നക്ഷത്രത്തിന് വള്ളുവനാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ നിത്യനിദ്ര.
മലയാള സാഹിത്യത്തില്‍ ഔന്ന്യത്യത്തിന്റെ പൊന്‍ തൂവല്‍ പൊഴിച്ച ഇന്ദ്ര ധനുസ്… അക്ഷരങ്ങളില്‍ വീരഗാഥകള്‍ തീര്‍ത്ത ഇതിഹാസം… കണ്ണാന്തളി പൂക്കളെ പ്രണയിച്ച എഴുത്തുകാരന്‍… എം.ടി വാസുദേവന്‍ നായര്‍ എന്ന സാഹിത്യ വിസ്മയം നിത്യതയുടെ ആകാശ തീരങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു.
തന്റെ കഥാപാത്രങ്ങളിലൂടെ സമസ്ത വികാരങ്ങളേയും മനുഷ്യ മനസുകളിലേക്ക് സന്നിവേശിപ്പിച്ച, ആര്‍ദ്രമായ പ്രണയവും നൊമ്പരങ്ങളും അടങ്ങാത്ത ആനന്ദവും മലയാളികളുടെ ഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കിയ പ്രിയ കഥാകാരന്‍ ഇനിയില്ല. ഏഴ് പതിറ്റാണ്ട് എഴുത്തിന്റെ സുകൃതമായി നിറഞ്ഞു നിന്ന അതുല്യ പ്രതിഭയാണ് മലയാളത്തോട് വിടപറഞ്ഞു പോയത്.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മാവൂര്‍ റോഡിലെ ശ്മശാനമായ സ്മൃതിപഥത്തിലായിരുന്നു സംസ്‌കാരം. എം.ടിയുടെ സഹോദര പുത്രന്‍ ടി. സതീശനാണ് അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ചത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തിനാണ് തൊണ്ണൂറ്റൊന്നുകാരനായ എം.ടി തന്റെ കര്‍മ ഭൂമികയോട് വിട പറഞ്ഞത്.
കോഴിക്കോട് കൊട്ടാരം റോഡിലുള്ള സിതാര എന്ന അദേഹത്തിന്റെ ഭവനത്തില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കലാ-സാസ്‌കാരിക-സാഹിത്യ- രാഷ്ട്രീയ രംഗത്തുള്ള ആയിരങ്ങളാണ് എത്തിയത്.
സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ 135 ഓളം വിശ്വാസികൾ “മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയൻ” (Eucharistic Ministers) അംഗങ്ങളായി ശുശ്രൂഷയിൽ പ്രവേശിക്കുന്നു
വിശുദ്ധ കുർബാനയിൽ വൈദികരെ സഹായിച്ചുകൊണ്ട് വിശ്വാസികൾക്ക് “തിരുശരീരവും തിരുരക്തവും” വിതരണം ചെയ്യുന്ന ശുശ്രൂഷയാണ് മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയൻ അംഗങ്ങൾ നിർവ്വഹിക്കുന്നത്. ക്രിസ്തുമസ് രാത്രി മുതലാണ് ഇവരുടെ ശുശ്രൂഷ ആരംഭിക്കുന്നത്.
സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയേറെ വിശ്വാസികൾ ഒരേ ദിവസം മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയൻ ശുശ്രൂഷയിൽ പ്രവേശിക്കുന്നത്.
രൂപതാധ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം രൂപതയുടെ മുഴുവൻ ഇടവകകളിൽ നിന്നും മിഷൻ സ്റ്റേഷനുകളിൽ നിന്നുമായി ഇടവക വികാരിയുടെയും പള്ളിക്കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിലാണ് മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയനിലേക്കു ശുശ്രൂഷകരെ തെരഞ്ഞെടുത്തത്.
പരിശീലനത്തിൻ്റെ ഭാഗമായി ഓൺലൈനിൽ സംഘടിപ്പിച്ച ക്ളാസുകൾക്ക് റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ടോം ഓലിക്കരോട്ട്, റവ. ഡോ. സിസ്റ്റർ ജീൻ മാത്യൂ എന്നിവർ നേതൃത്വം നൽകി.
ഡിസംബർ ആദ്യവാരം റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെൻ്ററിൽ ചേർന്ന പ്രത്യേക സമ്മേളനത്തിൽ വച്ച് അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും പ്രത്യേക സ്ഥാനവസ്ത്രങ്ങളും വിതരണം ചെയ്തു. ഫാ. ജോസഫ് എടാട്ട്, സിസ്റ്റർ ആൻ മരിയ എന്നിവർ ക്ളാസുകളെടുത്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട് മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയൻ ട്രെയ്നിംഗ് പ്രോഗ്രാമിനു നേതൃത്വം നൽകി.