Latest News

സിനിമ, സീരിയല്‍ താരവും പ്രോഗ്രാം കോ-ഓഡിനേറ്ററുമായിരുന്ന കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സൂപ്പര്‍ സ്റ്റാര്‍, ജഡ്ജ്‌മെന്റ്, രഥചക്രം, ഈ കണ്ണില്‍ കൂടി, ചെങ്കോല്‍, തലമുറ, വര്‍ണപ്പകിട്ട്, ദേവാസുരം, വാര്‍ധക്യപുരാണം, മാന്ത്രികച്ചെപ്പ്, അഭയം, കാട്ടിലെ തടി തേവരുടെ ആന, കമ്പോളം തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം അറിയിച്ച് രംഗത്തുവന്നിരിക്കുന്നത്.

പ്രണാമം ..സിനിമ സീരിയല്‍ നടനും ..പ്രോഗ്രാം കോര്‍ഡിനേറ്ററും ആയിരുന്ന കാര്യവട്ടം ശശി ചേട്ടന്‍ അന്തരിച്ചു ..പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. എല്ലാവരോടും സ്‌നേഹമായി പെരുമാറിയിരുന്ന ആള്‍ ..ഞാന്‍ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിച്ചുകൊണ്ടിരുന്ന ആള്‍ ..ഏട്ടന് സുഖമില്ലയെന്നും പറഞ്ഞു മനോജിന്റെ ഫോണ്‍ വരുമ്പോള്‍ ഞാന്‍ കട്ടപ്പനയില്‍ ആണ് ..ചേട്ടന്റെ ചികിത്സക്കുള്ള ഫണ്ട് സ്വരൂപിക്കാന്‍ ഉള്ള ശ്രമത്തില്‍ ആയിരുന്നു. അതിനു വേണ്ടി ഇന്നലെ തന്നെ പോസ്റ്റുകള്‍ പോയി തുടങ്ങിയിരുന്നു ..ആരുടേയും സഹായത്തിനു കാത്തു നില്‍ക്കാതെ ഒരുപാട് പേര്‍ക്ക് ഉപകാരിയായിരുന്ന ചേട്ടന്‍ യാത്രയായി ..എന്ത് പറയാന്‍ ..ഒന്നുമില്ലപറയാന്‍ ..എന്നാണ് അനുശേചനം അറിയിച്ചു കൊണ്ട് സീമ ജി നായര്‍ കുറിച്ചു. ബാലാജി ശര്‍മ, ബാദുഷ തുടങ്ങിയ നിരവധി പേര്‍ ആദരാഞ്ജലി അറിയിച്ചു.

 

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചെന്ന് സ്ത്രീയുടെ പരാതി. തിരുവന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപികയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഒരുമിച്ച് വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടര്‍ന്ന് എംഎല്‍എ മര്‍ദ്ദിച്ചെന്നാണ് പരാതി.

കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിക്കുന്നതിനിടെയാണ് മര്‍ദനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീര്‍ഷണര്‍ക്ക് പരാതി നല്‍കിയത്.പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിട്ടുണ്ട്.

എന്നാല്‍ മൊഴി നല്‍കാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നല്‍കാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയതായി പൊലീസ് പറഞ്ഞു.

അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പ്രതികരിച്ചു.

ഹിന്ദുമതവും ഹിന്ദു ധര്‍മ്മവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി. ലോസ് ഏഞ്ചല്‍സിലെ ഫിലിം ഫെസ്റ്റിവലില്‍ തന്റെ സിനിമകളിലെ പൗരാണിക വശങ്ങളെ കുറിച്ച് സംസാരിക്കവെയാണ് രാജമൗലി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

പലരും ഹിന്ദൂയിസം ഒരു മതമാണെന്ന് കരുതുന്നു, അത് ഇന്നത്തെ സാഹചര്യത്തിലാണ്. എന്നാല്‍ മുമ്പ്, ഹിന്ദു ധര്‍മ്മം ഉണ്ടായിരുന്നു. അതൊരു ജീവിത രീതിയാണ്, തത്വശാസ്ത്രമാണ്. നിങ്ങള്‍ മതം എടുക്കുകയാണെങ്കില്‍, ഞാന്‍ ഒരു ഹിന്ദുവല്ല.

എന്നാല്‍ നിങ്ങള്‍ ധര്‍മ്മം സ്വീകരിക്കുകയാണെങ്കില്‍, ഞാന്‍ വളരെ ഹിന്ദുവാണ്. സിനിമയില്‍ ഞാന്‍ അവതരിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ പല നൂറ്റാണ്ടുകളും യുഗങ്ങളുമായി നിലനില്‍ക്കുന്ന ജീവിതരീതിയാണ് എന്നാണ് രാജമൗലി പറയുന്നത്.

എന്നാല്‍ തന്റെ ചിത്രമായ ‘ആര്‍ആര്‍ആര്‍’ ഹിന്ദു ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട വിഷ്വല്‍ ഇമേജുകളും ചിഹ്നങ്ങളും കടമെടുക്കുന്നുണ്ടെന്നും കേന്ദ്ര കഥാപാത്രങ്ങളെ ഹിന്ദു ദൈവങ്ങളുടെ പതിപ്പായി വ്യാഖ്യാനിക്കാമെന്നും രാജമൗലി പറഞ്ഞു.

സന്ദീപ് വാര്യര്‍ക്കെതിരെ നടപടിക്കൊരുങ്ങി ബിജെപി. പാര്‍ട്ടിയുടെ പേരില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് പല ആവശ്യങ്ങള്‍ക്കായി സന്ദീപ് വാര്യര്‍ ലക്ഷങ്ങള്‍ അനധികൃതമായി പിരിച്ചെന്ന് ജില്ലാ അദ്ധ്യക്ഷന്മാര്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി വരുന്നത്.

സന്ദീപ് വാര്യരെ സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും നീക്കിയേക്കും. ഇന്ന് കോട്ടയത്ത് ചേരുന്ന ബിജെപി കോര്‍ കമ്മിറ്റി, ഭാരവാഹി യോഗങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തേക്കും. അച്ചടക്ക ലംഘനം നടത്തിയ വിവിധ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകും.

പരാതിക്കാരെയും ആരോപണ വിധേയനേയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തി സംസ്ഥാന അദ്ധ്യക്ഷനും രണ്ട് സംഘടന ജനറല്‍ സെക്രട്ടറിമാരും അടക്കമുള്ള സമിതി വിശദീകരണം തേടിയിരുന്നു.

തായ്‌ലൻഡിലെ ഡേ കെയർ സെന്ററിൽ കൂട്ടക്കൊല നടത്തിയ പ്രതി കൃത്യത്തിന് ശേഷം കുടുംബത്തേയും വെടിവച്ച് കൊന്നു. തുടർന്ന് സ്വയം വെടിയുതിർത്ത് മരിച്ചു. കൂട്ടക്കൊല നടത്തിയ ശേഷം വീട്ടിലെത്തിയാണ് ഇയാൾ കുടുംബത്തെ വെടിവച്ച് കൊന്നത്. ലാംഫു പ്രവിശ്യയിലെ നോങ് ബുവയിലെ ഉതായ് സവാൻ ഡേ കെയറിൽ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.

ചിരിതൂകി അമ്മയുടെ കയ്യിലിരുന്ന നോങ് ആമിന്, താൻ അതിജീവിച്ച ദുരന്തത്തെക്കുറിച്ചു മനസ്സിലായിട്ടില്ല. തായ്‍ലൻഡിലെ ഉത്തായ സവാനിലെ ഡേ കെയറിൽ ഉച്ചഭക്ഷണം കഴിഞ്ഞു മൂടിപ്പുതച്ചുറങ്ങിപ്പോയതുകൊണ്ടുമാത്രം മൂന്നു വയസ്സുകാരിയായ നോങ് ആമിനെ മരണം തൊടാതെ പോയി.

കഴിഞ്ഞ ദിവസം 24 കുട്ടികൾ ഉൾപ്പെടെ 37 പേരെയാണു ഡേ കെയറിൽ അതിക്രമിച്ചുകയറിയ അക്രമി വെടിവച്ചുകൊന്നത്. ആമിയുടെ അപ്പൂപ്പൻ ഓടിക്കിതച്ചെത്തിയപ്പോൾ, അധ്യാപികയുടെ കയ്യിൽ സുരക്ഷിതയായിരിക്കുന്ന കുഞ്ഞിനെ കണ്ടു. കൂട്ടുകാരുടെ മൃതദേഹങ്ങൾ നിറഞ്ഞ മുറിയിലെ കാഴ്ച കാണാതിരിക്കാൻ അവളുടെ മുഖം അവർ മറച്ചുപിടിച്ചു.

കുട്ടികളും മുതിർന്നവരുമടക്കം 34 പേരാണ് വെടിവയ്പിൽ ദാരുണമായി കൊല്ലപ്പെട്ടത്. മുൻ പൊലീസുകാരനായ പന്യ കാംരാബ് ആണ് കൊലയാളി. മയക്കുമരുന്ന് ഉപയോഗിച്ചതിന് സർവീസിൽ നിന്ന് കഴിഞ്ഞവർഷം പിരിച്ചുവിടപ്പെട്ടയാളാണ് പ്രതി. മയക്കുമരുന്ന് കേസിൽ വിചാരണ നേരിടുന്ന 34കാരനായ ഇയാൾ വെടിവയ്പ്പിന് മണിക്കൂറുകൾക്ക് മുമ്പ് കോടതിയിൽ ഹാജരായിരുന്നെന്ന് പൊലീസ് വക്താവ് പൈസാൽ ലൂസോംബൂൺ പറഞ്ഞു.

ഉച്ചയ്ക്ക് ഇയാൾ തോക്ക്, പിസ്റ്റൾ, കത്തി എന്നിവയുമായി നഴ്‌സറിയിലേക്ക് ഇരച്ചുകയറുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. വെടിവയ്പ്പിന് ഇരയായവരിൽ രണ്ട് വയസായ കുട്ടിയും എട്ട് മാസം ഗർഭിണിയായ അധ്യാപികയും ഉൾപ്പെടുന്നതായി പ്രാദേശിക പാെലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉച്ചഭക്ഷണ സമയത്ത് അക്രമി എത്തുമ്പോൾ 30 ഓളം കുട്ടികൾ കേന്ദ്രത്തിലുണ്ടായിരുന്നതായി ജില്ലാ ഉദ്യോഗസ്ഥൻ ജിദാപ ബൂൺസം വ്യക്തമാക്കി.

മേഖലയിലെ മറ്റ് ചില രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് തോക്ക് കൈവശം വയ്ക്കുന്നവരുടെ നിരക്ക് കൂടുതലാണ്. 2020ൽ സ്വത്ത് ഇടപാടിൽ ക്ഷുഭിതനായ ഒരു സൈനികൻ 29 പേരെ വെടിവച്ചു കൊല്ലുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

മറയൂര്‍ പെരിയകുടിയിൽ കമ്പി കുത്തിയിറക്കി പിതൃ സഹോദരി പുത്രനെ കൊന്നത് സ്വത്തുതര്‍ക്കത്തെ തുടര്‍ന്നെന്ന് പ്രതിയുടെ മൊഴി. കൊലപാതകം നടന്ന രമേശിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതി സുരേഷിനെ റിമാ‍ന്‍റു ചെയ്തു.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് തീര്‍ത്തമല കുടിയിലെ രമേശ് കൊല്ലപ്പെടുന്നത്. വാർപ്പ് ജോലിക്കുപയോഗിക്കുന്ന കമ്പി തലയില്‍ കുത്തിയിറക്കിയായിരുന്നു കൊലപാതകം. കൂടെ താമസിച്ചിരുന്ന പിതൃസഹോദരി പുത്രന്‍ സുരേഷ് പിന്നാലെ പിടിയിലായി. രമേശിനെ കൊലപ്പെടുത്തിയ വിവരം

പിതാവിനോടും വനംവാച്ചറോടും സുരേഷ് പറഞ്ഞിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. ഒളിവില്‍ പോയ ഇയാളെ ചനന്ദകാടിനുള്ളില്‍ വെച്ചാണ് പിടികൂടുന്നത്. കൊലപാതകം നടന്ന തീര്‍ത്തമല കുടിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് സുരേഷ് മൊഴി നല്‍കി. കൊലപാതകത്തിനുപയോഗിച്ച കമ്പി കഷ്ണങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റുചെയ്തു.

ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘പ്രിൻസി’ന്റെ ട്രെയിലർ പുറത്ത്. ഒരു ഇന്ത്യൻ യുവാവ് ബ്രിട്ടീഷ് യുവതിയെ പ്രണയിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ട്രെയിലറിൽ ചിത്രീകരിച്ചിരിക്കുന്നത്. അനുദീപ് കെ വി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബർ 21ന് തിറ്ററുകളിൽ എത്തും.

അതേസമയം പ്രീ റിലീസ് ബിസിനസിലൂടെ ചിത്രം ഇതിനോടകം 100 കോടി പിന്നിട്ടുവെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ 40 കോടിക്കാണ് വിറ്റുപോയത്. സിനിമയുടെ തമിഴ് പതിപ്പിന്റെ തിയേറ്റർ അവകാശം 45 കോടിയും ഓഡിയോ അവകാശം 4 കോടിയ്ക്ക് മുകളിലുമാണ് നേടിയതെന്നാണ് വിവരം.

ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ട് എത്തുന്ന ‘പ്രിൻസി’ന്റെ സംഗീത സംവിധാനം തമൻ എസ് ആണ്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ‘പ്രിൻസ്’ നിര്‍മിക്കുന്നത്. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

‘ഡോണ്‍’ എന്ന ചിത്രമാണ് ശിവകാർത്തികേയന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. നേരത്തെ ‘ഡോക്ടര്‍’ എന്ന ശിവകാർത്തികേയൻ ചിത്രവും 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രിയങ്ക മോഹനാണ് നായികയായി എത്തിയത്.

കോഴിക്കോട്: പയ്യോളിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ച നിലയില്‍. പയ്യോളി ബീച്ചില്‍ കറുവക്കണ്ടി പവിത്രന്റെ മകള്‍ ദീപ്തി (20) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിയോടെ പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം റെയില്‍പാളത്തിലാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ദീപ്തിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം ചിന്നിച്ചിതറി.

സമീപത്തുനിന്നു ലഭിച്ച ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണു മരിച്ചയാളെ തിരിച്ചറിഞ്ഞത്. വടകര മോഡല്‍ പോളി വിദ്യാര്‍ഥിനിയാണ് ദീപ്തി. സഹോദരൻ ദീപക്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി

ഫോര്‍മുല വണ്‍ ലോകകിരീടം റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്. ജാപ്പനീസ് ഗ്രാന്‍പ്രിയില്‍ വെര്‍സ്റ്റാപ്പന്‍ ഒന്നാം സ്ഥാനം നേടുകയും ഫെറാറിയുടെ ഷാല്‍ ലെക്ലയര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തതോടെയാണ് ഡച്ച് താരത്തിന്റെ കിരീടനേട്ടം.

തകര്‍ത്തുപെയ്ത മഴയ്ക്കും ഇഞ്ചോടിഞ്ച് പൊരുതിയ ഷാല്‍ ലെക്ലയറിനും മാക്സ് വെര്‍സ്റ്റാപ്പന്റെ കിരീടനേട്ടം വൈകിപ്പിക്കാനായില്ല. നാലുറേസുകള്‍ ബാക്കി നിര്‍ത്തി തുടര്‍ച്ചയായ രണ്ടാം സീസണിലും ലോകകിരീടം ഡച്ച് വിസ്മയത്തിന്.

അനായാസം വെര്‍സ്റ്റാപ്പന്‍ ചെക്കഡ് ഫ്ലാഗ് മറികടന്നപ്പോള്‍ കിരീടം നിശ്ചയിച്ച പോരാട്ടം നടന്നത് തൊട്ടുപിന്നിലായി ലെക്ലയര്‍ രണ്ടാമനായി ഫിനിഷ് ചെയ്തെങ്കിലും അവസാന കോര്‍ണറില്‍ ട്രാക്കുവിട്ടിറങ്ങിയതിന് അഞ്ചുസെക്കന്‍ഡ് പിഴ വിധിച്ചത് മല്‍സരശേഷം ലെക്ലയര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതോടെ വെര്‍സ്്റ്റാപ്പന്‍ ലോകചാംപ്യനായി.

മഴകാരണം 53 ല്‍ 28 ലാപ്പുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായതെങ്കിലും മുഴുവന്‍ പോയിന്റും നല്‍കാന്‍ തീരുമാനിച്ചതും വെര്‍സ്റ്റാപ്പന് ഗുണമായി.

പലപ്പോഴും സൈബര്‍ ആക്രമണത്തിനും ട്രോളുകള്‍ക്കും ഇരയാവാറുള്ള താരങ്ങളില്‍ ഒരാളാണ് ജയസൂര്യ. ‘സിനിമ മാത്രം വരുമ്പോള്‍ നന്മമരമായി മാറി’ എന്ന തരത്തിലുള്ള ട്രോളുകള്‍ താരത്തിനെതിരെ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കാറുണ്ട്. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

ഇരുപത് വര്‍ഷമായി സിനിമയിലുള്ള തനിക്ക് മറ്റൊരു പബ്ലിസിറ്റിയുടെ ആവശ്യമില്ല എന്നാണ് ജയസൂര്യ പറയുന്നത്. സമൂഹത്തിനായി നടത്തുന്ന ചില പ്രതികരണങ്ങള്‍ പബ്ലിസിറ്റിക്കുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നതില്‍ ഖേദമില്ലെന്നും നടന്‍ പറയുന്നു.

അനുഭവങ്ങളില്‍ നിന്ന് പഠിച്ചതോ വേറൊരാളില്‍ നിന്ന് പകര്‍ന്ന് കിട്ടിയതോ ആയ നല്ല കാര്യങ്ങള്‍ ആണ് നാം പറയുന്നത്. അതില്‍ നിന്ന് മറ്റൊരാള്‍ക്ക് ഗുണം ഉണ്ടാകുക എന്നതാണ് പ്രധാനം. സമൂഹത്തിന് വേണ്ടിയാണ് നാം പ്രതികരിക്കുന്നത്. പലപ്പോഴും സിസ്റ്റങ്ങള്‍ക്കെതിരേയും.

ആരോപണങ്ങള്‍ പലതും കേള്‍ക്കുമ്പോള്‍ ചിരിക്കാനാണ് തോന്നുക എന്നാണ് ജയസൂര്യ മനോരമയോട് പ്രതികരിക്കുന്നത്. ‘ഈശോ’ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഒക്ടോബര്‍ 5ന് ആണ് ചിത്രം സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

RECENT POSTS
Copyright © . All rights reserved