കണ്ണനല്ലൂരിന് സമീപം സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. സ്‌കൂള്‍ കുട്ടികളെ ഇറക്കിയ ശേഷം തിരിച്ചു സ്‌കൂളിലേക്ക് വരുന്ന വഴിക്കാണ് ബസിന് തീപിടിച്ചത്. ഒരു കുട്ടിയും ആയയും മാത്രമായിരുന്നു ഡ്രൈവര്‍ക്കൊപ്പം ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലാണ് മൂന്നുപേരും രക്ഷപ്പെട്ടത്. കണ്ണനല്ലൂരിനും കുണ്ടറയ്ക്കും ഇടയിലുള്ള പാലമുക്ക് ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്.
ബസിന്റെ എന്‍ജിന്റെ ഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ഉടന്‍തന്നെ വാഹനം റോഡിന്റെ വശത്തേക്ക് ഒതുക്കി. പിന്നാലെ കുട്ടിയേയും ആയയേയും വണ്ടിക്കുപുറത്ത് എത്തിച്ചു. തൊട്ടുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു. നാന്ത്രിക്കല്‍ പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി ലൈസിയം എന്ന സ്വകാര്യ സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. നാട്ടുകാരും തീയണയ്ക്കാന്‍ സഹായവുമായി എത്തിയിരുന്നു.
ബസ് കത്തിയതിന് അടുത്തുതന്നെ ഒരു ട്രാന്‍സ്‌ഫോര്‍മറും പെട്രോള്‍ പമ്പും ഉണ്ടായിരുന്നു. ഇങ്ങോട്ടൊന്നും തീ പടരാതിരുന്നത് വലിയ ഒരു ദുരന്തമാണ് ഒഴിവാക്കിയത്. ഇതിനു സാഹചര്യമൊരുക്കാതെയുള്ള ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. കണ്ണനല്ലൂര്‍ നിന്നും പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ബസിന് തീപിടിക്കാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല. ഫോറന്‍സിക് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തും.
ലോക പ്രശസ്ത തബല വിദ്വാന്‍ ഉസ്താദ് സാക്കീര്‍ ഹുസൈന്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഐസിയുവിലായിരുന്നു.
എല്ലാവരും അദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലാണെന്നും സാക്കിര്‍ ഹുസൈന്റെ ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചതിന് തൊട്ടു പിന്നാലെയാണ് മരണം സ്ഥിരീകരിക്കുന്നത്.
രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷന്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ച സാക്കിര്‍ ഹുസൈന്‍ നാല് ഗ്രാമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1951 ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. പന്ത്രണ്ടാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.
ഐതിഹാസിക പോപ്പ് ബാന്‍ഡ് ‘ദി ബീറ്റില്‍സ്’ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999 ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ആര്‍ട്‌സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയാണിത്.
തബലയെ ലോക പ്രശസ്തയിലേക്ക് ഉയര്‍ത്തിയവരില്‍ ഒരാളാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍. സംഗീത ലോകത്തിലേക്ക് കൈപിടിച്ചത് പിതാവ് ഉസ്താദ് അല്ലാ രഖാ ആയിരുന്നു.
കേരളത്തോടും ഇവിടുത്തെ താള വാദ്യങ്ങളോടും എന്നും ആത്മബന്ധം പുലര്‍ത്തിയിരുന്നു. പല തവണ കേരളം സന്ദര്‍ശിച്ചു. 2017 ല്‍ പെരുവനത്ത് എത്തിയ സാക്കീര്‍ ഹുസൈനെ ഗ്രാമം ആവേശത്തോടെ സ്വീകരിച്ചു. അന്ന് പെരുവനം കുട്ടന്‍ മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ എന്നിവര്‍ക്ക് ഒപ്പം വേദി പങ്കിട്ടിരുന്നു.
മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിന്നെകോലയാണ് ഭാര്യ. അനിഷ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.
കഴിഞ്ഞ പതിനഞ്ച് ദിവസങ്ങള്‍ക്കിടെ ഇരുപതിലേറെ പേരാണ് സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിച്ചത്. രണ്ടാഴ്ചക്കിടെ മൂന്നു പേരില്‍ കൂടുതല്‍ മരിച്ച മൂന്ന് അപകടങ്ങളുണ്ടായി. പത്തനംതിട്ട മുറിഞ്ഞകല്ലില്‍ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവൻ നിരത്തിൽ പൊലിഞ്ഞതാണ് ഒടുവിലത്തെ ദുരന്തം. ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ആലപ്പുഴ കളര്‍കോട് ജങ്ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആറു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചെന്ന നടക്കുന്ന വാര്‍ത്തയാണ് കേരളത്തെ ഞെട്ടിച്ചത്.
മരിച്ചവര്‍ എല്ലാവരും പഠനത്തില്‍ മിടുക്കരില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍. ഡിസംബര്‍ രണ്ട് തിങ്കളാഴ്ച രാത്രി സുഹൃത്തുക്കള്‍ ചേര്‍ന്നു സിനിമ കാണാന്‍ പോയ യാത്ര ദുരന്തയാത്രയാവുകയായിരുന്നു. 11 പേരുമായി സഞ്ചരിച്ച കാര്‍ കെ.എസ്.ആര്‍.ടി.സി ബസിലേക്ക് പാഞ്ഞുകയറി അഞ്ചുപേരാണ് മരിച്ചത്. പിന്നാലെ ഗുരുതരമായി പരുക്കേറ്റ ഒരു വിദ്യാര്‍ഥികൂടി മരണത്തിനു കീഴടങ്ങുകയായിരുന്നു.
ആലപ്പുഴ എടത്വ സ്വദേശി ആല്‍ബിന്‍ ജോര്‍ജ്, പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് ആലപ്പുഴ അപകടത്തില്‍ മരിച്ചത്.
വാഹനം ഓടിച്ചയാളുടെ അശ്രദ്ധയ്ക്ക് പുറമെ, വാഹനത്തില്‍ കൂടുതല്‍ ആളുകള്‍ കയറി, വാഹനത്തിന്റെ കാലപ്പഴക്കം, മോശം കാലവാസ്ഥ തുടങ്ങിയവ മരണത്തിലേക്ക് നയിച്ച കാരണങ്ങളായി പറയുന്നു. കളര്‍കോട് അപകടത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകും മുമ്പെ പാലക്കാട് കല്ലടിക്കോടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ലോറി ഇടിച്ചു കയറി നാല് വിദ്യാര്‍ഥികള്‍ മരിച്ച വാര്‍ത്തയാണ് നാടിനെ നടുക്കിയത്.
അപകടസ്ഥലത്തു വച്ചു തന്നെ വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഈ അപകടത്തില്‍പ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ നിയന്ത്രണംവിട്ട സിമന്റ് ലോറി മറിയുകയായിരുന്നു. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണു മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി അത്ഭുതകരമായി രക്ഷപെടുകയും ചെയ്തു. മുറിഞ്ഞകല്ല് ജങ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുന്നില്‍ വച്ചുണ്ടായ അപകടത്തില്‍ മലേഷ്യയില്‍ മധുവിധു ആഘോഷിച്ച് മടങ്ങിയ നവ ദമ്പതികള്‍ അടക്കമുള്ളവരാണ് ഇന്നലെ മരിച്ചത്. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
കാനഡയില്‍ ജോലി ചെയ്തിരുന്ന നിഖില്‍ അനുവിനെ ഒപ്പം കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അപകടം. അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ചാണ് അനുവിന്റെ മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചിരുന്നു. പട്ടണക്കാട് സ്വദേശി ആര്‍.ആര്‍ ജയരാജ് (33), തിരുവനന്തപുരം സ്വദേശി ചിഞ്ചു എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിന് മുന്നിലാണ് അപകടം നടന്നത്.
കാര്‍ ബൈക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട് ഇരുവാഹനങ്ങളും ട്രെയ്ലര്‍ ലോറിയിലിടിക്കുകയായിരുന്നു. ബൈക്ക് യാത്രികര്‍ തല്‍ക്ഷണം മരണപ്പെട്ടു. ഡിസംബര്‍ 13ന് കൊച്ചിയില്‍ വാനും കാറും കൂട്ടിയിടിച്ചാണ് വാന്‍ ഡ്രൈവറായ വടുതല സ്വദേശി ജോണി മരിച്ചത്. എറണാകുളം ലോ കോളേജിന് മുന്‍പിലാണ് അപകടം നടന്നത്. കാറിന്റെ അമിത വേഗതയായിരുന്നു അപകട കാരണം.
ബുധനാഴ്ച കൊരട്ടൂരില്‍ ബൈക്ക് വാനുമായി കൂട്ടിയിടിച്ച് 33കാരനായ യുവാവ് മരിച്ചു. ഫിലിം പ്രൊഡക്ഷന്‍ സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന അമ്പത്തൂരിനടുത്ത് പുട്ടഗരം സ്വദേശി അരുണ്‍ കുമാര്‍ (33) ആണ് മരിച്ചത്. പാലക്കാട് ചിറ്റൂരില്‍ ഇന്നലെ രാത്രിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മേട്ടുപ്പാളയം സ്വദേശി മരിച്ചിരുന്നു.
കാര്‍സര്‍കോട് ബന്തിയോട് നടന്ന അപകടത്തില്‍ ബിജെപി കുമ്പള മണ്ഡലം സെക്രട്ടറി ധന്‍രാജ് മരണപ്പെട്ടതും കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് കൊടുവള്ളിയില്‍ ഉണ്ടായ അപകടത്തില്‍ പ്രമുഖ ടിമ്പര്‍ വ്യാപാരി പി.കെ. ഇമ്പച്ചി മുഹമ്മദ് ഹാജിയും മരിച്ചു.
പത്തനംതിട്ട കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ അപകടത്തില്‍ മരിച്ച നാല് പേരുടെയും സംസ്‌കാരം ബുധനാഴ്ച നടക്കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ നവംബര്‍ 30 ന് വിവാഹിതരായ നിഖിലിന്റെയും അനുവിന്റെയും വേര്‍പാട് ഒരു നാടിന്റെയാകെ ഉള്ളുലച്ചു.
മലേഷ്യയില്‍ മധുവിധു ആഘോഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയ നിഖിലിനേയും അനുവിനേയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടു വരുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചെ 4.05 നായിരുന്നു അപകടം. വീട്ടിലെത്താന്‍ വെറും 12 കിലോ മീറ്റര്‍ മാത്രം അകലെയാണ് അപകടമുണ്ടായത്.
മറ്റൊരു രാജ്യത്ത് നിന്ന് നാട്ടിലെത്തി സ്വന്തം വീട്ടിലേക്കെത്താന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയുണ്ടായ അപകടം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനായില്ല. നിഖിലിനേയും അനുവിനേയും കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയത് നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജുമായിരുന്നു. ഇവരെ കാത്തിരുന്ന ഉറ്റവരെ തേടിയെത്തിയത് നാല് പേരുടെയും ചേതനയറ്റ ശരീരങ്ങളാണ്.
ഇന്ന് നാട്ടില്‍ മടങ്ങിയെത്തി നാളെ അനുവിന്റെ പിറന്നാളും പിന്നീട് ക്രിസ്മസും കുടുംബത്തോടൊപ്പം ആഘോഷിച്ച ശേഷം കാനഡിലേക്ക് പോകാനായിരുന്നു നവ ദമ്പതിമാരുടെ പദ്ധതി. രണ്ട് പേരുടെ കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ട്.
മാത്രവുമല്ല ഒരേ ഇടവകയിലെ അംഗങ്ങളായിരുന്നു രണ്ട് പേരും. മെക്കാനിക്കല്‍ എന്‍ജിനിയറാണ് നിഖില്‍. 2020 വരെ ഗള്‍ഫിലായിരുന്നു. പിന്നീട് കാനഡയിലേക്ക് പോയി. ഇപ്പോള്‍ അവിടെ ക്വാളിറ്റി ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. എംഎസ്ഡബ്ല്യൂ പൂര്‍ത്തിയാക്കിയ അനുവും ഭര്‍ത്താവിനൊപ്പം കാനഡയ്ക്ക് പോകാനിരിക്കുകയായിരുന്നു.
മുത്തങ്ങയില്‍ വൻ മയക്കുമരുന്ന് വേട്ട. കാസര്‍ഗോഡ് അംഗടിമൊഗര്‍ സ്വദേശി അബ്ദുല്‍ നഫ്‌സല്‍ (36) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 308.30 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചില്ലറ വില്‍പന നടത്തുന്നതിനായി വേണ്ടി ബംഗളുരുവില്‍ നിന്ന് കടത്തുകയായിരുന്ന മയക്കുമരുന്നിന് വിപണിയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.
ബസിനുള്ളിൽ സംശയ സാഹചര്യത്തിൽ കണ്ട യുവാവിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയായിരുന്നു. ക്രിസതുമസ്-പുതുവത്സരത്തോടനുബന്ധിച്ച് ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ല അതിര്‍ത്തികളിലും പ്രത്യേക പരിശോധന നടക്കുകയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇന്ന് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച് 48 മണിക്കൂറിനുള്ളില്‍ തമിഴ്നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തിപ്രാപിച്ചേക്കും. 18 ന് നാല് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നിലവില്‍ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ പടിഞ്ഞാറ് ദിശയില്‍ നീങ്ങി ദുര്‍ബലമാകാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഫാ. ഹാപ്പി ജേക്കബ്ബ്
ക്രിസ്തുമസ് ആചരണത്തിന്റെ എല്ലാ സാധ്യതകളും കരകവിഞ്ഞ് ഒഴുകുന്ന ദിവസങ്ങളിലാണ് നാം എത്തിച്ചേർന്നിരിക്കുന്നത്. കാണുന്നതും കേൾക്കുന്നതും ഭക്ഷിക്കുന്നതും അനുഭവിക്കുന്നതും എല്ലാം ക്രിസ്തുമസ് മയം ലോകമെമ്പാടും ആ ദിനത്തിന്റെ ഒരുക്കങ്ങളിൽ ആണ്. എന്നാൽ എൻറെ നോട്ടത്തിൽ ചുരുക്കം ചില ഇടങ്ങളിലും വ്യക്തികളിലും ആണ് ക്രിസ്തു ഉള്ള ക്രിസ്തുമസിന്റെ ഒരുക്കങ്ങൾ നടക്കുന്നത്. അതിനാൽ തന്നെ ക്രിസ്തുമസ് ഈ ദിനങ്ങളിൽ മാത്രമല്ല നമ്മുടെ അതിജീവനത്തിന്റെ ഓരോ നാളിലും അർത്ഥപൂർണ്ണമാകണം എന്ന ചിന്തയോടെ ചില കാഴ്ചകൾ വരികളിൽ ആക്കട്ടെ .
വിശുദ്ധ വേദപുസ്തകത്തിൽ ആദ്യ പുസ്തകം മുതൽ ഈ രക്ഷകന്റെ വിവരണം നൽകുകയും പ്രവചനങ്ങളിൽ മുഴങ്ങുകയും യാഥാർത്ഥ്യമായും മനുഷ്യ നേത്രങ്ങൾക്ക് ദർശനം നൽകുകയും ചെയ്ത അത്ഭുതമാണ് ഈ ജനനം. ദൂതൻ ആട്ടിടയന്മാരോടായി അരുളി ചെയ്തു. “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു” , നിങ്ങൾക്കടയാളമോ, ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും . ഇതാണ് ക്രിസ്തുമസ് യാഥാർത്ഥ്യം. ഈ ആഘോഷ ദിനങ്ങളിൽ എത്ര ഭവനങ്ങളിൽ ഇത് യാഥാർത്ഥ്യമായി ഭവിക്കും. ഈ രക്ഷണ്യമായ അനുഭവത്തെ ആണ് ഒരു പാട്ടും ; അലങ്കാരവും, സമ്മാനവും ആയി നാം പരിമിതപ്പെടുത്തുന്നത്. ആയതിനാലാണ് പരിമിതികൾക്കതീതമായി തിരുജനന ചിന്തകൾ നമ്മെ സ്വാധീനിക്കണമെന്ന് ആഗ്രഹിക്കുന്നത്.
നക്ഷത്രം – പ്രകാശവും വഴികാട്ടിയും
അലങ്കാരത്തിലെ നക്ഷത്രം നമുക്ക് തരുന്ന അർത്ഥങ്ങൾ ഏതൊക്കെയാണ്? തന്റെ ജീവിതത്തിലൂടെ “ഞാൻ സാക്ഷാൽ പ്രകാശം ആകുന്നു ” എന്ന് പഠിപ്പിച്ച ക്രിസ്തു (വി.മത്തായി 5:14 – 16) നിങ്ങൾ ലോകത്തിൻറെ പ്രകാശം ആകുന്നു എന്നും, വിളക്ക് കത്തിച്ച് പറയിൻ കീഴിലല്ല തണ്ടിന്മേൽ അത്രേ വയ്ക്കേണ്ടത് എന്നും വീട്ടിലുള്ള എല്ലാവർക്കും നിങ്ങൾ പ്രകാശം ആകേണ്ടവർ ആകുന്നു എന്നും പഠിപ്പിച്ചു. അന്ധകാരം ഭയവും അജ്ഞതയും , പൈശാചികവും ആയാൽ അതിലുള്ളവർക്ക് പ്രകാശം നൽകുവാൻ വിളിക്കപ്പെട്ടവർ ആണ് നാം എന്ന് ക്രിസ്തുമസ് പഠിപ്പിക്കുന്നു. അത് മാത്രമല്ല രക്ഷകനെ കാണുവാൻ ഇറങ്ങി പ്പുറപ്പെട്ട ജ്ഞാനികൾക്ക് മുൻപേ നക്ഷത്രം സഞ്ചരിച്ചു. അത് അവർക്ക് വഴി കാട്ടിയായിരുന്നു. ശിശു കിടന്ന ഇടം വരെയും അത് അവർക്ക് വഴികാട്ടിയായി. ഇന്നും അനേകം ആളുകൾ വഴി അറിയാതെ രക്ഷകനെ തിരിച്ചറിയാതെ അലഞ്ഞു നടക്കുമ്പോൾ നമ്മൾ ഭവനങ്ങളിൽ തൂക്കുന്ന നക്ഷത്രത്തിന് ധാരാളം അർത്ഥം നൽകുവാനുണ്ട്. ആരെങ്കിലും ആ നക്ഷത്രം കണ്ട് വന്നാൽ നമ്മുടെ ഭവനത്തിൽ ക്രിസ്തുവിനെ കാണുവാൻ പറ്റുമോ?യഥാർത്ഥമായ ക്രിസ്തുമസിൽ അവരെ ചേർക്കുവാൻ പറ്റുമോ? വഴികാട്ടുന്നവർ ആകണം , വഴിതെറ്റിക്കുന്നവർ ആകരുത് .
കാഴ്ചകൾ – ജ്ഞാനികളും അവരുടെ സമർപ്പണവും ആരാധനയുടെ പ്രതീകം
ക്രിസ്തുവിൻറെ ജനനത്തിങ്കൽ കടന്നുവന്ന ജ്ഞാനികളെ കുറിച്ച് ധാരാളം ഐതിഹ്യങ്ങൾ നാം കേട്ടിട്ടുണ്ട്. അതിലല്ല അവരുടെ നിശ്ചയദാർഢ്യവും കാരകശ്യവും, സമർപ്പണവും , സമ്മാനവും എല്ലാം സ്വർഗ്ഗീയ രാജാവിനുള്ള ആരാധനയും സമർപ്പണവും ആയിരുന്നു. കേവലം ഉള്ളതിൽ നിന്നൊരു അംശം അല്ല എല്ലാം മുഴുവനായും സമർപ്പിപ്പാൻ ക്രിസ്തു നമുക്ക് പാഠമായി ക്രിസ്തുമസിൽ നൽകി. റോമർ 12 : 1 നിങ്ങൾ സമൃദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. നമ്മുടെ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സമ്മാന പൊതികൾ നാം ഒരുക്കുമ്പോൾ ചിന്തിക്കുക ഞാനും ഒരു സമ്മാനമായി സമർപ്പിക്കപ്പെടേണ്ടതാണ്. ഓരോ ആരാധനയും സമർപ്പണമാണ്. നമ്മെ തന്നെയാണ് സമർപ്പിക്കപ്പെടേണ്ടതും .
മാലാഖമാർ – പ്രഖ്യാപനവും പ്രേക്ഷിതവും
അറിഞ്ഞ സന്തോഷം ലഭിച്ച കൃപ അനേകരിൽ പകരണം എന്നത് ക്രിസ്തുമസ് നൽകുന്ന മറ്റൊരു പാഠം. അത്യുന്നതങ്ങളിൽ മാലാഖമാർ ആർത്ത് പാടി “അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി , ഭൂമിയിൽ മനുഷ്യ പ്രീതിയുള്ളവർക്ക് സമാധാനം”. ഇതൊരു ക്രിസ്തുമ സന്ദേശം മാത്രമല്ല. നമ്മുടെ ഉത്തരവാദിത്വത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. നാം അറിഞ്ഞ സത്യം , നാം അനുഭവിച്ച സന്തോഷം, നാം പുലർത്തുന്ന വിശ്വാസം, നാം കാത്തുസൂക്ഷിക്കുന്ന പ്രത്യാശ ഇതെല്ലാം പ്രഘോഷിക്കപ്പെടുവാനുള്ളതാണ്. മാലാഖമാരെ പോലെ നാമം ഈ ഉദ്യമം ഏറ്റെടുക്കണം. ദൈവത്തിൻറെ സന്ദേശ വാഹകരാകുവാൻ വിളിക്കപ്പെട്ടവരും ഒരുക്കപ്പെട്ടവരും ആണ് എന്നുള്ള പാഠം ക്രിസ്തുമസ് നമുക്ക് തരുന്നു.
ആട്ടിടയന്മാർ – അനുസരണവും വിധേയത്വവും
വി. ലൂക്കോസ് 2: 15 – 20. ദൂതന്മാരുടെ പ്രഘോഷണം കഴിഞ്ഞ ശേഷം വെളിമ്പ്രദേശത്തെ ആടുകളുമായി പാർത്തിരുന്ന ആട്ടിടയന്മാർ തമ്മിൽ പങ്കുവയ്ക്കുന്നത് ആശ്ചര്യവും അതിശയവും ആയിരുന്നില്ല. പകരം അവർ അറിഞ്ഞ യാഥാർത്ഥ്യം ആയിരുന്നു. നമുക്ക് ബേത്‌ലഹേമിൽ ചെന്ന് കർത്താവ് അറിയിച്ച ഈ സംഭവം കാണണം എന്ന് തമ്മിൽ പറഞ്ഞു. അവർ പോയി മറിയത്തെയും ജോസഫിനെയും ഉണ്ണിയേശുവിനെയും കണ്ടു. എത്ര അനുഗ്രഹിക്കപ്പെട്ട ജീവിതം. തങ്ങളുടെ ജീവിത പ്രാരാബ്ദവും ഇല്ലായ്മകളും വല്ലായ്മകളും എല്ലാം മാറിപ്പോകുന്ന അവസരം. ലക്ഷ്യത്തിലേയ്ക്കുള്ള ഒരു തീർത്ഥയാത്ര . ലക്ഷ്യം കണ്ടെത്തും വരെയും ഉള്ള യാത്ര. ക്രിസ്തുവിനെ കണ്ടെത്തുക എന്നുള്ളതാണ് നമ്മുടെ ജീവിതയാത്ര എന്ന് ക്രിസ്തുമസ് പഠിപ്പിക്കുന്നു.
ക്രിസ്തുമസ് ട്രീ – കുരിശിന്റെ പ്രതീകം
എല്ലാ ഇടങ്ങളിലും ഭവനങ്ങളിലും ക്രിസ്തുമസ് പ്രതീകത്തിന്റെ ഏകഭാവ അടയാളമാണ് ക്രിസ്തുമസ് ട്രീ. നന്നായി അലങ്കരിക്കുകയും സമ്മാനങ്ങൾ പൊതിഞ്ഞ് ഈ മരത്തിന്റെ ചുവട്ടിൽ വയ്ക്കുന്ന പതിവ് നമുക്ക് അറിയാമല്ലോ. ശൈത്യത്തിന്റെ കഠിനതയിൽ സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ബാക്കി ചെടികളും മരങ്ങളും എല്ലാം ഇല പൊഴിച്ച് ഉറക്കത്തിലേക്ക് പോകുമ്പോൾ ജീവന്റെയും പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പച്ചപ്പ് മാറാത്ത പൈൻ കോണിഫറസ് മരങ്ങളാണല്ലോ പ്രതീകമായി നാം അണിയിച്ചൊരുക്കുന്നത്. എന്നാൽ ഈ ക്രിസ്തുമസ് ട്രീ തന്റെ ജനനത്തിന്റെ ഉദ്ദേശത്തിന്റെ പ്രതീകം എന്ന് പറഞ്ഞാൽ ഈ അവസരത്തിൽ നമുക്ക് ഉൾക്കൊള്ളാൻ കഴിയുമോ . കൊലോസ്യർ 1: 30 അവൻ കുരിശിൽ ചൊരിഞ്ഞ രക്തം കൊണ്ട് അവൻ മുഖാന്തിരം സമാധാനം ഉണ്ടാക്കി ” . അത്ഭുതകരമായ ജനനത്തിന്റെ ലക്ഷ്യം മരത്താൽ ഉയർത്തപ്പെട്ട കുരിശിലേക്കാണ് എന്ന് ഉള്ള ഓർമ്മപ്പെടുത്തൽ ക്രിസ്തുമസ് നൽകുന്നു. ആ മരത്തിന്മേൽ യാഗമായി അർപ്പിതമായ തന്റെ ശരീരവും രക്തവും ആണ് ഏറ്റവും വലിയ വിലയുള്ള സമ്മാനം എന്നുള്ള ഓർമ്മ ക്രിസ്തുമസ് ട്രീയുടെ ചുവട്ടിലുള്ള സമ്മാനപ്പൊതിയും നമ്മെ ഓർമിപ്പിക്കുന്നു.
പ്രിയ സ്നേഹിതരെ, ഓരോ പ്രതീകങ്ങളും അലങ്കാരങ്ങളും കടന്നുവന്നത് ഓരോ കാലങ്ങളിൽ അതിന് അർത്ഥം ഉള്ളത് കൊണ്ടായിരുന്നു. എന്നാൽ ഇന്ന് എല്ലാ ആഘോഷങ്ങളും മറന്ന് ആഘോഷവും ആചാരവും ആയി നമ്മുടെ ക്രിസ്തുമസ് മാറ്റപ്പെടുന്നുവെങ്കിൽ നാം ചിന്തിക്കുക. “ക്രിസ്തു” ഇല്ല എങ്കിൽ ക്രിസ്തുമസ് ഇല്ല. നമുക്ക് വേണ്ടി യാഗമാകുവാൻ ജാതം ചെയ്ത ക്രിസ്തുവിനെ കണ്ടെത്തുക – അതാവണം നമ്മുടെ ക്രിസ്തുമസ് .
സ്നേഹത്തോടെ ഹാപ്പി ജേക്കബ് അച്ചൻ.
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ വാദം പൂർത്തിയായി. കോട്ടയം അഡിഷണൽ ജില്ലാ കോടതി രണ്ടിൽ ജഡ്ജ് നാസർ മുൻപാകെ 24/4/2023 ന് ആരംഭിച്ച വിചാരണ പൂർത്തിയാകാൻ ഒന്നര വർഷമെടുത്തു. ഒരാഴ്ച നീണ്ടുനിന്ന ഇരുഭാഗത്തിൻ്റെയും വാദത്തിനൊടുവിൽ വെള്ളിയാഴ്ചയോടെയാണ് വിചാരണ പൂർത്തിയായത്
സ്വത്തു തർക്കത്തെ തുടർന്നുള്ള വിരോധം നിമിത്തം പ്രതിയായ ജോർജുകുര്യൻ കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ അതിക്രമിച്ചു കയറി സഹോദരനായ രെഞ്ചു കുര്യനെയും, മാതൃസഹോദരനായ മാത്യു സ്കറിയയേയും പ്രതിയുടെ തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിക്കുകയും 278 പ്രമാണങ്ങളും 75 തൊണ്ടികളും ഹാജരാക്കി. പ്രതി വെടിവെക്കാൻ ഉപയോഗിച്ച ഇംഗ്ലണ്ടിൽ നിർമ്മിതമായ വെബ് ലൈ ആൻഡ് സ്കോട്ട് കമ്പനിയുടെ 32 റിവോൾവറും, കാർട്രിഡ്സ് അടക്കം 78 ഓളം മെറ്റിരിയൽ ഒബ്ജെക്ടസും കോടതിയിൽ ഹാജരാക്കിയിരുന്നു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ്റെയും മറ്റും വിചാരണ കോടതിയിൽ തുടങ്ങുന്നതിനു മുൻപ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിൻ്റെ പേരിൽ പ്രതിക്കെതിരെ മറ്റു കേസുകളും നിലവിലുണ്ട്.
ഹൈദ്രാബാദ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടർ ബാലിസ്റ്റിക് എക്സ്പെർട്ട് എസ്.എസ് മൂർത്തി വിചാരണ കോടതി മുമ്പാകെ ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി.
കരിമ്പനാൽ എസ്റ്റേറ്റിലെ റൈറ്റർ വിൽസൺ, വീട്ടുജോലിക്കാരി സുജ, വീട്ടിലെ ഡ്രൈവർ മഹേഷ് എന്നിവർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കൂടാതെ റിവോൾവർ ഉപയോഗിക്കുന്നതിനുള്ള പ്രതിയുടെ പ്രാവിണ്യം സംബന്ധിച്ച് ഇടുക്കി റൈഫിൾ ക്ലബ് സെക്രട്ടറി പ്രൊഫസർ വി സി ജെയിംസും കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടുള്ളതാണ്. പ്രതി ഇടുക്കി റൈഫിൾ ക്ലബ്ബിലെ ആജീവനാന്ത മെമ്പറും റൈഫിൾ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി തവണ പുരസ്കാരങ്ങൾ നേടിയിട്ടുള്ളതുമാണ്.
പ്രതിയുടെ ഫോണിലെ കൃത്യദിവസത്തെ വാട്സ്ആപ്പ് ചാറ്റുകളിൽ നിന്നും നിർണ്ണായക തെളിവുകൾ
പോലീസിന് ലഭിച്ചതുമാണ്. പ്രദേശത്തെ പേരുകേട്ട കുടുംബക്കാരാണ് കരിമ്പനാൽ തറവാട്ടുകാർ, പാരമ്പര്യ തറവാടികൾ. ജോർജ്ജിന്റെയും രഞ്ജുവിന്റെയും പിതാവായിരുന്നു കുടുംബത്തിന്റെ കാരണവരായിയിരുന്നത്. കരമ്പനയ്ക്കൽ കുര്യൻ -റോസ് ദമ്പതികളുടെ മക്കളാണ് കുര്യനും രഞ്ജുവും. അദ്ദേഹമാണ് കുടുംബത്തിന് സ്വത്തുവഹകളും ബിസിനസും സ്വരുക്കൂട്ടിയത്.
സമ്പത്തുകൊണ്ടും പ്രതാപം കൊണ്ടും പേരുകേട്ട കുടുംബത്തിൽ മക്കൾ തമ്മിൽ സ്വരച്ചേർച്ച ഇല്ലാതിരുന്നത് മാതാപിതാക്കളെയും ബുദ്ധിമുട്ടിലാക്കി. രഞ്ജുവും കുര്യനും തമ്മിൽ സ്വത്തുവകകൾ സംബന്ധിച്ച് വർഷങ്ങളായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. പച്ചക്കാനത്തും മൂന്നാറിലും ,ഊട്ടിയിലും കുടുംബത്തിന് റിസോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ നടത്തിപ്പും കുടുംബത്തിലെ മറ്റ് സാമ്പത്തിക വരുമാനങ്ങളും കൈകാര്യം ചെയ്തിരുന്നത് രഞ്ജുവാണ്.
കുടുബ വീടിനോട് ചേർന്ന സ്ഥലത്ത് വില്ലാ പ്രൊജക്ട് കൊണ്ടുവന്ന് വിൽപ്പന നടത്തി ബാധ്യതകൾ തീർക്കാനായിരുന്നു ജോർജ് കുര്യൻ്റെ പദ്ധതി. എന്നാൽ ഇതിനായി ശ്രമം തുടങ്ങിയപ്പോൾ സഹോദരൻ രഞ്ജു എതിർ നീക്കങ്ങളുമായി രംഗത്തെത്തി. ഭൂമി വിൽക്കണ്ടന്നായിരുന്നു രഞ്ജുവിന്റെ നിലപാട്. ഇതിൽ പ്രകോപിതനായ ജോർജ് കുര്യൻ സഹോദരൻ വീട്ടിലേക്ക് വരുന്നത് കാത്തുനിൽക്കുകയും, രഞ്ജു കുടുംബവീട്ടിലേക്ക് എത്തിയതോടെ നിർദ്ദാക്ഷിണ്യം നിറയൊഴിക്കുകയുമായിരുന്നു. രഞ്ജുവിനെ വെടിവെച്ചതിന് പിന്നാലെ മാതൃ സഹോദരനെയും ജോർജ് കുര്യൻ വെടിവെച്ചു. വെടിയേറ്റ രഞ്ജു തത്ക്ഷണം മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മാതൃസഹോദരൻ മാത്യൂ സ്കറിയ മരിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സി എസ് അജയൻ, അഡ്വ നിബു ജോൺ, അഡ്വ സ്വാതി എസ് ശിവൻ, എന്നിവരും പ്രതി ജോർജ് കുര്യന് വേണ്ടി അഡ്വക്കേറ്റ് ബി ശിവദാസും ഹാജരായി
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേര്‍ മരിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം.തെലങ്കാനയിൽ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസ് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കലഞ്ഞൂർ മുറിഞ്ഞകല്ലിൽ പുലര്‍ച്ചെ 4:05 നായിരുന്നു അപകടം സംഭവിച്ചത്.
കോന്നി മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. മത്തായി ഈപ്പൻ , നിഖിൻ (29), അനു (26), ബിജു പി ജോർജ്ജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും നവദമ്പതികളാണ്. അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പൻ. നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പൻ മത്തായിയും. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബിജു ആണ് കാർ ഓടിച്ചിരുന്നത്. വീടിന് വെറും ഏഴ് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
കാറിന്റെ മുന്‍വശം ആകെ തകര്‍ന്ന നിലയിലായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഈപ്പൻ മത്തായി, നിഖിൽ, ബിജു എന്നിവർ സംഭവസ്ഥലത്ത് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്.
ഈപ്പൻ മത്തായിയുടെയും ബിജുവിന്റെയും നിഖിലിന്റെയും മൃതദേഹങ്ങൾ കോന്നി താലൂക്ക് ആശുപത്രിയിലാണ്. അനുവിന്റെ മൃതദേഹം പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും. കൂടല്‍ പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
കാനഡയിലാണ് നിഖില്‍ ജോലി ചെയ്യുന്നത്. വിവാഹശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു നിഖില്‍. ബസിലുണ്ടായിരുന്ന ഏതാനും തീർഥാടകർക്ക് പരിക്കേറ്റുവെന്നാണ് വിവരം. പരിക്ക് ഗുരുതരമല്ല.
ഷാനോ എം കുമരൻ
ഓൺലൈൻ ചെക്ക് ഇൻ നിരയിൽ ക്യുവിൽ നിൽകുമ്പോൾ പാസ്സ്പോർട്ടിലെ ബയോ പേജ് അവൾ വെറുതെ തുറന്നു നോക്കി. സ്വന്തം പേരിലൂടെ അവൾ ഭൂതകാലത്തിലേക്ക് ഒന്നെത്തി നോക്കി. അല്ല അവളുടെ മനോരാജ്യം അവളെ അവിടേയ്ക്ക് കൂട്ടികൊണ്ടു പോയി എന്ന് വേണം പറയുവാൻ.
പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞു ട്രെയിനിയായി ജോലിക്ക് കയറിയ നാൾ. ഡ്യൂട്ടി കഴിഞ്ഞു ടൈം ഔട്ട് ചെയ്തു ധിറുതിയിൽ സ്കൂട്ടർ പാർക്കിങ്ങിലേക്കു നടക്കുമ്പോൾ മനോരഞ്ജിനിയ്ക്കു തോന്നി ആരോ തന്നെ നോക്കി നിൽക്കുന്ന പോലെ. സംശയത്തോടെ തിരിഞ്ഞു നോക്കി. ചുറ്റിനും നിരവധിയായ ആളുകൾ ഉണ്ടായിരുന്നെങ്കിലും തന്നെ ശ്രദ്ധിക്കുന്നതായി ഒരു മുഖവും കണ്ടില്ല.
പല സായാഹ്നങ്ങളിലും അവൾക്കു അങ്ങനെ തോന്നിയിരുന്നു. ചിലപ്പോൾ രാവിലെ ഓഫീസിലേക്ക് പോകുമ്പോഴും അവൾക്കെങ്ങനെ അനുഭവപ്പെട്ടിരുന്നു. ആരെയും തന്നെത്തന്നെ നോക്കുന്നതായി കാണുവാൻ കഴിഞ്ഞില്ല. ഓഫീസിൽ കംപ്യൂട്ടറിനു മുന്നിലിരുന്നു ഡാറ്റകളുമായി സംഘർഷം നടക്കുമ്പോഴും മനോരഞ്ജിനിയുടെ തോന്നലുകൾ തികട്ടി വന്നു. അത് ഒരു ഉദ്വേഗമായി വഴി മാറിത്തുടങ്ങിയപ്പോൾ സഹ പ്രവർത്തകയും സുഹൃത്തുമായ ജെന്നിഫറിനോട് അവൾ തന്നെ ആരോ നോക്കി നിൽക്കുന്ന പോലെ തോന്നാറുള്ളതായി പറഞ്ഞു.
ആരാണ് നിനക്ക് ഈ പേരിട്ടത് ? ചെറു ചിരിയോടു കൂടെ ജെന്നിഫർ അവളോട് ചോദിച്ചു.
ചോദ്യത്തിന്റെ ഉള്ളു മനസ്സിലായില്ലെങ്കിലും അവൾ പറഞ്ഞു. പേരിട്ടത് മുത്തശ്ച്ഛനാണെങ്കിലും എന്റെ പേര് സജെസ്റ്റ് ചെയ്തത് അപ്പച്ചി ആണ്. എന്തെ അങ്ങനെ ചോദിക്കുവാൻ “?
അതോ, നിന്റെ അപ്പച്ചിയെ കണ്ടെങ്കിൽ ഒരു അവാർഡ് കൊടുക്കാമായിരുന്നു. നീ സർവഥാ മനോരാജ്യത്തിൽ ആയിരിക്കുമെന്നവർക്കു ദീർഘ ജ്ഞാനം ഉണ്ടായിരുന്നു. അതാ അവര് മനോരഞ്ജിനി എന്നു നിനക്ക് പേരിട്ടത്. എടീ ബുദ്ധുസേ ഈ ബാംഗ്ലൂർ നഗരത്തിൽ ഈ തിരക്കിനിടയിൽ നിന്നെയാര് നോക്കി നിൽക്കാനാണ്? ആർക്കാണ് അത്രയും ദാരിദ്ര്യം? നീയും നിന്റെയൊരു ഫോളോവറും. ബിഫോർ 5 പ്രൊജക്റ്റ് ഫിനിഷ് ചെയ്തു ടി എൽ നു ഫോർവേഡ് ചെയ്യൂ പെണ്ണെ. ഇല്ലെങ്കിൽ ട്രെയിനിങ് പീരീഡ് കഴിയുമ്പോഴേക്കും വീട്ടിൽ തന്നെയിരിക്കേണ്ടി വരും. അപ്പൊ കൂടുതൽ മനോരാജ്യം കണ്ടാസ്വദിക്കാം.
അങ്ങനെ ഒരു കമെന്റ് പറഞ്ഞു ഉച്ചത്തിൽ ചിരിച്ചു കൊണ്ട് ജെന്നിഫർ നടന്നകന്നു. ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞുവെങ്കിലും തന്നെ തന്നെ നോക്കി നിൽക്കുന്ന ആരോ ഒരാൾ എന്ന അവ്യക്തമായ രൂപത്തിലായിരുന്നു. ആ എന്തേലുമാകട്ടെ. അവൾ സ്വന്തം ക്യാബിനിലേക്കു നടന്നു.
തിരക്ക് പിടിച്ച ജോലി ഭാരങ്ങൾ ഓഹ് തലയ്ക്കു ഭ്രാന്തെടുത്തപോലെയുള്ള തിരക്ക് ..ട്രെയിനിങ്ങു കഴിഞ്ഞു പെർമനന്റ് സ്റ്റാഫ് ആയിട്ട് ന്യൂ ഐഡി ടാഗ് അത് ഷർട്ടിൽ അറ്റാച്ച് ചെയ്തു നടക്കുവാൻ ഒരു ഗരിമയൊക്കെ ഉണ്ട്. പക്ഷെ ഫയലുകൾ ഇന്റർനാഷണൽ ക്ലയന്റ് മീറ്റിങ്ങുകൾ ക്രൂ ലീഡേഴ്സിന്റെ
ചവിട്ടലുകൾ മേധാവികളുടെ ആക്രോശങ്ങൾ എല്ലാം കഴിഞ്ഞു മാസം അവസാനം അക്കൗണ്ടിൽ ക്രെഡിറ്റ് ആവുന്ന അഞ്ചക്ക സംഖ്യ. കൂട്ടുകാരുമൊത്തുള്ള വീക്കെൻഡ് ഔട്ടിങ്ങ് അത് മാത്രമാണ് ഏക ആശ്വാസം. പുറത്തു പോകുമ്പോൾ കോഫി ഷോപ്പിൽ എല്ലാവരും തന്നെയുണ്ടാകും അവിടെ സീനിയർ ജൂനിയർ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല എല്ലാവരും ഒരുപോലെ.
ഒരു സായാഹ്നം. ജോലി ഭാരങ്ങളഴിച്ചു വച്ച് വീട്ടിലേക്കു നടക്കുമ്പോൾ അവളൊരു വിളി കേട്ടു
‘കർണ്ണികാ ‘ !
തിരിഞ്ഞു നോക്കി അവൾ. അവിടെ സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ചാരി കൈകൾ പിണച്ചു കെട്ടി ഒരു ചെറുപ്പക്കാരൻ തന്നെ നോക്കി മന്ദഹാസം പൊഴിക്കുന്നു.
സുമുഖനാണ് അല്പം നീളമുള്ള കേശഭാരം പറ്റെ വെട്ടി നിറുത്തിയ പൗരുഷം മുഖത്തുണ്ട്.
കൗതുകത്തോടെ അവൾഅയാളെ ഒരു നിമിഷം നോക്കി നിന്നെങ്കിലും അടുത്ത നിമിഷം അവൾ ഉഗ്ര രൂപിണിയായി അയാൾക്കു നേർക്ക് അതി ഭയങ്കരമായ ആക്രോശം അഴിച്ചു വിട്ടു. അവളുടെ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു.
ഹേ മിസ്റ്റർ ആരാണ് നിങ്ങൾ. നിങ്ങളെന്തിനാണെന്നെ നോക്കി നില്കുന്നത്. ആരാണ് നിങ്ങൾക്കു എന്നെ നോക്കി നില്കുവാനുള്ള അധികാരം തന്നത്. ദിവസങ്ങളായി ഞാനിത് അനുഭവിക്കുന്നു. എന്നും എന്നെ ഫോളോ ചെയ്യുക! ആരാണ് ഹേ നിങ്ങൾ ?
അവളുടെ ആക്രോശമാരി കണ്ടു കൊണ്ടും കേട്ടുകൊണ്ട് കുറച്ചാളുകൾ അവർക്കു ചുറ്റിനും വട്ടം കൂടി. ചിലർ കാര്യമന്വേഷിച്ചു. ആരോടും അവൾ മറുപടി പറഞ്ഞില്ല. പകരമവൾ ആ ചെറുപ്പക്കാരനെ നോക്കി ചീത്ത വിളിച്ചു കൊണ്ടിരുന്നു. ചിലർ അയാളോട് കയർത്തു. അപ്പോഴേക്കും ജെന്നിഫറും മറ്റു ചില സുഹൃത്തുക്കളും രംഗത്തെത്തി അവളെ അനുനയിപ്പിച്ചു. എടീ വാ. ഇങ്ങോട്ടു ആളുകൾ കൂടുന്നു. എന്താ പ്രശ്നം? ആരാണയാൾ ? നിനക്കറിയുമോ ഇയാളെ ?
ജെന്നിഫർ ചോദിച്ചു
ഇയാൾ, ഇയാളാണെന്നേ എന്നും ഞാനറിയാതെ നോക്കി നില്കുന്നത്.
ഓ നിന്റെയൊരു വട്ട് ആളെ കൊല്ലാനായിട്ട്. വാ കൂടെ. അങ്ങനെ പറഞ്ഞു കൊണ്ട് ജെന്നിഫർ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് നടന്നകന്നു. നടന്നകലുമ്പോൾ മനോരഞ്ജിനി അയാളെ തിരിഞ്ഞു നോക്കി. ഇപ്പോഴും ആളുകളുടെ ചീത്ത വിളികളുടെ നടുവിലും ഒരു ഭാവ ഭേദവുമില്ലാതെ കൈകൾ പിണച്ചു ആ ലൈറ്റ് പോസ്റ്റിൽ ചാരി മൃദു ഹസം തൂകി കൊണ്ട് ആ ചെറുപ്പക്കാരൻ അങ്ങനെ തന്നെ നില്പുണ്ടായിരുന്നു.
വീട്ടിലെത്തിയിട്ടും അവളുടെ അരിശം അടങ്ങിയിരുന്നില്ല. ആരോടെന്നില്ലാതെ എന്തൊക്കെയോ അവൾ പുലമ്പിക്കൊണ്ടിരുന്നു. മനോരഞ്ജിനിയുടെ അച്ഛനും അമ്മയ്ക്കും മുത്തച്ഛിയ്ക്കുമൊന്നും യാതൊന്നും മനസ്സിലായില്ല. കാര്യമറിയാതെ അവർ വേവലാതിപെട്ടു എത്രമേൽ ചോദിച്ചിട്ടും വാശിക്കാരിയായ പ്രിയ പുത്രിയിൽ നിന്നും ഒന്ന് പോകാമോ ശല്യം ചെയ്യാതെ എന്ന ചീറ്റൽ മാത്രമേ അവർക്കു ലഭിച്ചുള്ളൂ. മക്കളുടെ ഭാവിയെ കുറിച്ച് ഏറെ ശ്രദ്ധാലുക്കളായിരുന്ന ആ ബാംഗ്ലൂർ മലയാളി കുടുംബത്തിന് ആശങ്കൾ മാത്രം ബാക്കിയായി. ജെന്നിഫറിൽ നിന്നും അവർ കാര്യാ കാരണത്തെ ഇതിനോടകം ഗ്രഹിച്ചിരുന്നു. ഇളം പ്രായത്തിലുള്ള മനോരഞ്ജിനിയുടെ അനുജൻ പുറപ്പെടാനൊരുങ്ങി. ചോരത്തിളപ്പ് ചെറുപ്പത്തിന്റെ എടുത്തു ചാട്ടം. മാതാപിതാക്കൾ വിലക്കി. ഇത് ബാംഗ്ലൂർ ആണ്.
ഒരു വാശിക്ക് ആരോടും പോയി വഴക്കുണ്ടാക്കാം. പക്ഷെ അതിലൂടെ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങൾ അതി ഭീകരമായിരിക്കും അത് കൊണ്ട് വീട്ടിൽ തന്നെയിരിക്കുക. അച്ഛൻ ഇളയ മകന് താക്കീത് നൽകി. അടുത്ത അവധി ദിവസങ്ങളിൽ അവൾ പുറത്തേക്കൊന്നും പോയില്ല. കർണ്ണിക എന്ന സംബോധനയെയും അവളെ തന്നെ നോക്കി നിന്ന സുമുഖനായ ആ ചെറുപ്പക്കാരനും അവളുടെ മനസ്സിനെ ഉലച്ചു കൊണ്ടിരുന്നു. ജെന്നിഫറും മറ്റു സുഹൃത്തുക്കളും അവളെ ഫോണിൽ ബന്ധപെട്ടു പുറത്തേക്കു പോകുവാൻ പക്ഷെ അവൾ കൂട്ടാക്കിയില്ല.
അടുത്ത പ്രവർത്തി ദിനം ഉച്ചതിരിഞ്ഞുള്ള ബ്രേക്കിനിടയിൽ കൂട്ടുകാരി ജെന്നിഫർ അവളോട് പറഞ്ഞു. ഡീ, ഒരു കാര്യം പറയുന്നത് കൊണ്ട് നീ അപ്സെറ്റ് ആകരുത്. മനോരഞ്ജിനി മുഖം തെല്ലുയർത്തി ചോദ്യഭാവത്തിൽ അവളെ നോക്കി. ജെന്നിഫർ തുടർന്നു. അതായത് നീ കഴിഞ്ഞ ദിവസം അയാൾക്കു നേരെ അത്രയും ഷൗട്ട് ചെയ്തില്ലേ! ബട്ട് അയാളാകട്ടെ തിരിച്ചു ഒന്നും പറഞ്ഞില്ല. അയാളെ അടിക്കുവാൻ സദാചാര അമ്മാവന്മാർ കൂട്ടം കൂടി എന്നിട്ടും അയാൾ തെല്ലു പോലും പരിഭ്രമിക്കുകയോ ആ നില്പിൽ നിന്നും അനങ്ങുകയോ ചെയ്തിട്ടില്ല.
സൊ വാട്ട്? മനോരഞ്ജിനി ഇടയിൽ കയറി ചോദിച്ചു.
അയാൾ നിന്നെയാണോ വിളിച്ചതെന്ന് നിനക്കെന്താണുറപ്പ് ? എന്തോ കർണ്ണൻ എന്നോ ഭീമനെന്നോ മറ്റോ വിളിച്ചുവെന്നല്ലേ നീ പറഞ്ഞത്. നിന്റെ പേര് അങ്ങനെയല്ലല്ലോ പിന്നെയെന്തിന് നീ അപ്സെറ്റ് ആകണം?
കർണ്ണിക അവൾ ആ പേര് മന്ത്രിച്ചു. ഇത്രയധികം തിരക്കുള്ള അവിടെ വച്ച് അത്യാവശ്യം അകലത്തിലായിരുന്നിട്ടും ഞാൻ വളരെ വ്യക്തമായി ആ പേര് കേൾകുകയുണ്ടായി. അവൾ കൂട്ടുകാരിയോട് ചോദിച്ചു.
അപ്പോൾ ഞാനയാളോട് അങ്ങനെ ബിഹേവ് ചെയ്തത് മോശമായി എന്നാണോ ? അവളുടെ ചോദ്യത്തിൽ ഒരു കുറ്റബോധത്തിന്റെ ലാഞ്ചന ഉണ്ടായിരുന്നു. മുഖത്തെ ദൈന്യത പ്രകടമായിരുന്നു താനും. അതെ അത് തന്നെയാണ് നീ അപ്പോൾ അങ്ങനെ ചെയ്തത്. ഒട്ടും ശെരിയായില്ല. അയാൾ ആരെന്നോ എന്തെന്നോ അറിയില്ല. മാത്രവുമല്ല അയാൾ നിന്നെയാണ് വിളിച്ചതെന്നും ഉറപ്പില്ല. പിന്നെ ഒരു പെൺകുട്ടി നേരെ നിന്ന് ചീത്ത പറഞ്ഞപ്പോൾ അയാൾ നിന്നെ അല്ലാതെ പിന്നെ വേറെ എങ്ങോട്ടു നോക്കണമായിരുന്നു ? ജെന്നിഫറിന്റെ ചോദ്യങ്ങൾക്കു ഉത്തരമുണ്ടായിരുന്നില്ല.
പിന്നീട് ഏതാനും ദിനങ്ങൾ അങ്ങനെ കടന്നു പോയി പ്രത്യേകിച്ചൊന്നും തന്നെ സംഭവിക്കാതെ. പക്ഷെ, മനോരഞ്ജിനിയുടെ മനവും കണ്ണും എപ്പോഴും ആരെയോ തേടുന്നതുപോലെ ചുറ്റിനും പരതി കൊണ്ടിരുന്നു.
അന്നൊരു അവധി ദിവസം അവൾ ഷോപ്പിങ്ങിനു പോയവഴി വെറുതെ കോഫി ഷോപ്പിലേക്ക് നോക്കി. അതാ അയാൾ. ആ ചെറുപ്പക്കാരൻ അവിടെയിരിക്കുന്നു. ആ കഫെയിൽ അങ്ങേയറ്റത്തെ കോർണർ ടേബിളിൽ ഒറ്റയ്ക്കിരുന്നു കോഫീ കപ്പ് ചുണ്ടോടടുപ്പിക്കുന്നു. അവളുടെ കാലുകൾ അവിടേയ്ക്കു ചലിച്ചു. അയാളെ അവഗണിച്ചു തിരിഞ്ഞു നടക്കുവാൻ അവളുടെ മനസ്സ് അനുവദിച്ചില്ല. നേരെ ചെന്ന് അയാൾക്കു മുന്നിലുള്ള കസേരയിൽ അവൾ ഇരുന്നു എന്നിട്ടു ചുറ്റിനും നോക്കി ആ കഫെയിൽ ആ ഒരു ടേബിൾ മാത്രമേ ഒഴിവുണ്ടായിരുന്നുള്ളു. മുൻകൂർ ബുക്ക് ചെയ്തിട്ടപോലെ മറ്റെല്ലാ ടേബിളും നിരവധി ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.
അവൾ അയാൾക്കു മുന്നിലിരുന്നു ഒന്ന് പരുങ്ങി എന്ത് പറയണം. എവിടെ തുടങ്ങണം എന്ന് അവൾക്കു നിശ്ചയമില്ലായിരുന്നു. അയാളാകട്ടെ തെല്ലു പോലും അമ്പരപ്പില്ലാതെ അവളെ അവളുടെ പരിഭ്രമിച്ച മുഖ ഭാവങ്ങളെ സാകൂതം വീക്ഷിച്ചു
കൊണ്ടിരുന്നു. ഇടയ്ക്കു അല്പാല്പമായി കാപ്പി രുചിച്ചു കൊണ്ടേയിരുന്നു.
ഞാൻ മനോരഞ്ജിനി. അതാണെന്റെ പേര്. എന്തിനാണ് നിങ്ങൾ എന്നെ കർണ്ണിക എന്ന് വിളിച്ചത് ? അതിയായ പരിഭ്രമത്തോട് കൂടെ അവൾ അയാളോട് ചോദിച്ചു. അവൾ പക്ഷെ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. ചോദ്യത്തിന് മറുപടി പറയാതെ അയാൾ നേരെ മുന്നിൽ ഇരുന്ന വെള്ളത്തിന്റെ കുപ്പി അടപ്പു അല്പം തുറന്നു അവൾക്കു അരികിലേക്ക് നീക്കി വച്ചു. ആഗ്രഹിച്ചിരുന്ന പോലെ അവൾ കുപ്പിയെടുത്തു വായിലേക്ക് കമിഴ്ത്തി.
അവൾ വെള്ളം കുടിക്കുന്നതിനിടയിൽ അവൾ കേട്ടു. അയാൾ പറഞ്ഞു തുടങ്ങി. ഞാൻ സുഹാസ്. സുഹാസ് ജി മേനോൻ. ഇവിടെ ഒരു
എം എൻ സി യിൽ ഓപ്പറേഷൻസ് മാനേജർ ആയി ജോലി ചെയ്യുന്നു.
നിങ്ങൾ എന്തിനാണ് കുറച്ചു നാളുകളായി എന്നെ ഫോളോ ചെയ്യുന്നത് ? അവൾ ഇടയിൽ കയറി ചോദിച്ചു.
ഒന്ന് മന്ദഹസിച്ചതിനു ശേഷം സുഹാസ് തുടർന്നു. അങ്ങനെ ഇയാൾക്ക് തോന്നിയോ ഞാൻ തന്നെ പിന്തുടരുന്നതായിട്ടു?
ദാറ്റ്സ് ട്രൂ അതെങ്ങനെ തോന്നലാവും.
അവൾ ചോദിച്ചു.
ഇയാൾക്കെന്താ കുടിക്കുവാൻ ഓർഡർ ചെയ്യേണ്ടത്? ടി , കോഫി ഓർ എനി കോൾഡ് ഡ്രിങ്ക്സ് ? സുഹാസ് തന്റെ മര്യാദ കാണിച്ചു.
നോ താങ്ക്സ് ഐ ആം ആൾറൈറ്. അവൾ തിരിച്ചും. പക്ഷെ സുഹാസ് അവൾക്കു വേണ്ടി ഒരു കാരമൽ ടീ ഓർഡർ ചെയ്തു.
ശരിയാണ് എനിക്ക് ഇയാളുടെ പേര് എന്തെന്നറിയില്ല ബട്ട് ഇയാളെ ഞാൻ ആദ്യമായി നേരിൽ കാണുന്നത് ഏതാനും ദിവസങ്ങൾക്കു മുന്നേ മാത്രമാണ്. ബട്ട് തന്നെ ഞാൻ അതിലും മുന്നേ കണ്ടിട്ടുണ്ട്. ഒന്നല്ല പലവട്ടം.
ഒന്നും മനസ്സിലാവാത്ത പോലെ മനോരഞ്ജിനി അയാളെ തന്നെ നോക്കിയിരുന്നു.
ആലോചിച്ചു ബുദ്ധി മുട്ടേണ്ട ഞാൻ പറയാം എവിടെ വച്ചെന്ന് ഞാൻ ഒരു വർഷമേ ആയിട്ടുള്ളു ഈ നഗരത്തിൽ വന്നിട്ട്. ഞാൻ ജനിച്ചത് കേരളത്തിലാണെങ്കിലും വളർന്നതെല്ലാം ഹൈദെരാബാദിലായിരുന്നു. എന്റെ മിക്ക രാത്രികളിലും സ്വപ്നങ്ങളിൽ തന്നെ ഞാൻ കാണുവാറുണ്ടായിരുന്നു. ഇതേ മുഖം ഇതേയാൾ ഒരു മാറ്റവുമില്ലാതെ ഒരു പാട് തവണ താനെന്റെ സ്വപ്നങ്ങളിൽ വന്നു പോയിട്ടുണ്ട് സ്വപ്നത്തിലെ തന്റെ പേരാണ് ഞാൻ വിളിച്ചത് ‘കർണ്ണിക ‘ എന്ന്. സുഹാസ് പറഞ്ഞു നിർത്തി. ഒരു പൈങ്കിളി കഥ കേൾക്കുന്ന ലാഘവത്തിൽ അവളതു കേട്ട് കൊണ്ടിരുന്നു എങ്കിലും അവളിൽ ആദ്യമുണ്ടായിരുന്ന ദേഷ്യഭാവം പാടെ അകന്നുപോയിരുന്നു എന്നു മുഖത്ത് നിന്നും വളരെ എളുപ്പത്തിൽ ഗ്രഹിക്കാമായിരുന്നു. അതിന്റെ ഒരു ആശ്വാസം സുഹാസിന്റെ മുഖത്തും കാണുവാനുണ്ടായിരുന്നു.
കൊള്ളാമല്ലോ ഈ തമാശ കേൾക്കാൻ രസമുണ്ട് ….. ആ എന്നിട്ട്”? കൗതുകത്തോടൊപ്പം അല്പം കുസൃതിയും നിറഞ്ഞ സ്വരത്തോടെ അവൾ ചോദിച്ചു.
സുഹാസ് മെല്ലെ ചിരിച്ചു. തനിക്ക് ഒരു പക്ഷെ ഇത് തമാശയായിരിക്കാം. കഴിഞ്ഞ ഏതാനും വർഷങ്ങളായിട്ട് തുടർച്ചയായി സ്വപ്നത്തിൽ മാത്രം കണ്ടിരുന്ന പെൺകുട്ടി ദാ ഇങ്ങനെ ഒരു രൂപ മാറ്റവുമില്ലാതെ ഇങ്ങനെ മുന്നിൽ വന്നിരുന്നാൽ അത് എന്റെ ഉള്ളിലുണ്ടാക്കുന്ന ഉന്മാദം ആ ഒരു എക്സൈറ്റ്മെന്റ് തനിക്കു പറഞ്ഞാൽ മനസ്സിലാകുമോ. ? അല്ലെങ്കിൽ വേണ്ട മനോരഞ്ജിനി എന്ന പെൺകുട്ടി തന്നെ ഏറെ ഇൻഫ്ളുവൻസ് ചെയ്ത വ്യക്തി. ദി ഫേമസ് ഓതർ അഗതാ ക്രിസ്റ്റി കണ്മുന്നിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടാൽ താൻ എക്സ്റ്റെഡ് ആവുമോ ?
പെട്ടെന്ന് മനോരഞ്ജിനി അതിശയപൂർവ്വം അയാളോട് ചോദിച്ചു എന്റെ ഫേമസ് റൈറ്റർ അഗതാ ക്രിസ്റ്റി ആണെന്ന് നിങ്ങൾക്കെങ്ങനെ അറിയാം?
ഒരു ചെറു പുഞ്ചിരി ആയിരുന്നു അതിനു മറുപടി.
അങ്ങനെ അന്നത്തെ ആ ഒരു സംസാരത്തോടു കൂടി അവർ സുഹൃത്തുക്കളായി. ഒരു രാത്രി കുടുംബത്തോടപ്പമിരുന്നുള്ള അത്താഴ വേളയിൽ അവൾ പൊടുന്നനെ ഒരു മുന്നറിയിപ്പുമില്ലാതെ അച്ഛനെ നോക്കി പറഞ്ഞു. അച്ഛാ, എനിക്ക് ഒരാളെ കല്യാണം കഴിക്കണം.
ആ ഡൈനിങ്ങ് റൂം നിശബ്ദമായി. അമ്മയുടെ മുഖത്തു ദേഷ്യം ഇരമ്പി നിറഞ്ഞിരുന്നു. അവരുടെ മുഖം ദേഷ്യത്താൽ ചുവന്നു. അമ്മ ഒന്നും തന്നെ മിണ്ടാതെ കഴിച്ചു കൊണ്ടിരുന്ന പത്രമെടുത്തു കിച്ചണിലേക്കു പോയി ധൃതിയിൽ പ്ലേറ്റുകൾ കഴുകി വച്ചിട്ട് തിരികെ വന്നു. രംഗം നിശ്ചലമാണ് അവർ ഭർത്താവിന് നേരെ നോക്കി. അയാളിൽ പ്രത്യേകിച്ച് ഭാവ വ്യത്യാസമൊന്നുമില്ല ചപ്പാത്തി മെല്ലെ കഴിച്ചു കൊണ്ടിരുന്നു.
അച്ഛാ ഞാൻ!
ആരാണ് കക്ഷി”? അവളെ മുഴുവനും പറയുവാൻ അനുവദിക്കാതെ അച്ഛൻ തിരിച്ചു ചോദിച്ചു.
അത്…..അത്. …… ഇവിടെ ബാംഗ്ലൂരിൽ തന്നെയുള്ള ഒരു മലയാളി ആണ് സുഹാസ് …….”
ഓഹോ അത് ശെരി അപ്പൊ നീയാള് കൊള്ളാമല്ലോ! ആരോ ഒരുത്തൻ നിന്നെ നോക്കി കമന്റ് അടിച്ചുവെന്നു പറഞ്ഞു പ്രശ്നമുണ്ടാക്കിയ ആളല്ലേ നീ എന്നിട്ടിപ്പോ പ്രേമമോ ….? നല്ല കോമഡി! അനിയൻ അവളെ പരിഹസിച്ചു.
കോമഡിയല്ല. സീരിയസ് ആണ്. അവൾ അല്പം ക്രുദ്ധയായി അവനു നേരെ നോക്കി. അപ്പു ഇവിടെയിരുന്ന് എല്ലാവർക്കും മുന്നിൽ ഇരുന്നു ഇങ്ങനെ കോമഡി പറയുവാൻ നിന്റെ ചേച്ചിക്ക് പ്രായം പത്തല്ല.
അച്ഛൻ സംസാരിച്ചു തുടങ്ങി. ആട്ടെ മോളെ, ആരാണ് ഈ പയ്യൻ. എന്താണ് അയാളുടെ വെയർഎബൗട്സ്?
ഓഹോ മകളുടെ തോന്ന്യാസത്തിനു അച്ഛനും കൂട്ട് നില്കുവാണോ? കൊള്ളാം നന്നായിരിക്കണു. അമ്മ നീരസത്തോടു കൂടെ അഭിപ്രായപ്പെട്ടു.
നീയൊന്നു അടങ്ങു രേണുക. കുട്ടികളുടെ അഭിപ്രായം അതിനെ മാനിക്കണ്ടേ? നമ്മുടെ മകൾക്ക് ഒരു ആഗ്രഹമുണ്ടായപ്പോൾ അത് അവൾ ആദ്യം പറഞ്ഞത് അവളുടെ അച്ഛനോടും അമ്മയോടുമാണ്. ന്യൂ ജനറേഷന്റെ പേയ്കുത്തുകൾ കുടുംബങ്ങൾ ശിഥിലമാക്കുന്ന ഈ കാലത്തു ഒരു കുട്ടി തന്റെ വിവാഹത്തെ കുറിച്ചുള്ള ആഗ്രഹം അവളുടെ അച്ഛനോടുമമ്മയോടും ഓപ്പൺ ആയി ഡിസ്‌കസ് ചെയ്യുക അത് ഒരു ചെറിയ കാര്യമല്ല. നമുക്ക് നോക്കാം. നല്ലതാണെങ്കിൽ അവൾ അവിടെ സേഫ് ആൻഡ് ഓക്കേ ആണെങ്കിൽ പിന്നെയെന്താ പ്രശ്നം ? താൻ ആദ്യം ഒന്ന് സമാധാനിക്കൂ. ഞാൻ ചോദിക്കട്ടെ കാര്യങ്ങൾ.
കൈ കഴുകുവാൻ വാഷ് ഏരിയയിലേക്ക് നീങ്ങുമ്പോൾ പ്രേംദാസ് എന്ന മനോരഞ്ജിനിയുടെ പിതാവ് തന്റെ ഭാര്യയുടെ ചെവിയിലായി അടക്കം പറഞ്ഞു.
ശെരി മോളെ പറയു ആരാണ് സുഹാസ് എന്താണ് അയാൾ ?
അവൾ സുഹാസിന്റെ ഓൺലൈൻ പ്രൊഫൈൽ തന്റെ ഫോണിൽ ഓപ്പൺ ചെയ്തു അച്ഛന് കൊടുത്തു. ടേബിളിൽ ഇരുന്ന കണ്ണട എടുത്തു മൂക്കിന് മുകളിൽ വച്ച് അയാൾ ആ ഫോണിലെ വിശദാംശങ്ങളിൽ പരതി.
ഒപ്പം അനിയനും. ആകാംഷ അടക്കാനാവാതെ അമ്മ രേണുകയും അച്ഛന് പിന്നിൽ നിന്ന് ഫോണിലേക്കു എത്തി വലിഞ്ഞു നോക്കി. അച്ഛൻ സുഹാസിന്റെ ഫോട്ടോ എൻലാർജ് ചെയ്തു നോക്കിയപ്പോൾ അമ്മ ഫോൺ തന്റെ കയ്യിലേക്ക് വാങ്ങി സൂക്ഷിച്ചു നോക്കിയിട്ട് തിരികെ കൊടുത്തു. എന്തേ മകൾക്കു ചേരുന്ന സൗന്ദര്യം ഇല്ല എന്നുണ്ടോ ഇയാൾക്ക് ? അല്പം പരിഹാസത്തോടെ കൂടെ എന്നാൽ ഒരു ചെറു ചിരിയോടു കൂടെയും ചോദിച്ചു. രേണുക ഒന്നും മറുപടി പറഞ്ഞില്ല.
മനോരഞ്ജിനിയുടെ മുഖത്ത് നല്ല ആശ്വാസം കണ്ടിരിക്കുന്നവർക്കു മനസ്സിലാക്കാമായിരുന്നു.
എങ്ങിനെയാണ് സുഹാസ് നിനക്കു എന്റെ ഫേവറിട്ട് ഓതർ അഗതാ ക്രിസ്റ്റി ആണെന്നറിഞ്ഞത്. ”
കസ്തുർബ റോഡിലെ കുബ്ബൺ പാർക്കിൽ സിൽവർ ഓക്ക് മരങ്ങൾക്കിടയിലൂടെ വിരൽ കോർത്ത് പിടിച്ചു നടക്കുന്നതിനിടയിൽ കർണ്ണിക എന്ന മനോരഞ്ജിനി സുഹാസ് ജി മേനോനോട് ചോദിച്ചു.
അല്പം ഉച്ചത്തിൽ ചിരിച്ചു കൊണ്ട് സുഹാസ് പറഞ്ഞു. സിംപിൾ, ഇഷ്ടപെട്ട പെണ്ണിന്റെ ഓൺലൈൻ പ്രൊഫൈൽ സേർച്ച് ചെയ്തു ലൈക്സ് ആൻഡ് ഡിസ്‌ലൈക്ക് ചെക്ക് ചെയ്യുക ത്രൂ ഔട്ട് ഫോളോ ചെയ്യുമ്പോൾ നാഷണൽ ലൈബ്രറി വിസിറ്റ് ഉണ്ടെന്നറിയുക. അതെ ലൈബ്രറി മെമ്പർഷിപ് എടുക്കുക. സിമ്പിൾ മാറ്റർ . മനോരഞ്ജിനിയുടെ അക്കൗണ്ടിൽ അഗതാ ക്രിസ്റ്റിയുടെ ബുക്കുകൾ കൂടുതൽ. ഓൺലൈൻ പ്രൊഫൈലിൽ ഫേവറിറ്റ് റൈറ്റർ സെയിം പേഴ്സൺ.
എന്തിനാ ഇത്രയും ചെക്കിങ്സ് ഒക്കെ?
അതോ, അങ്ങനെയൊക്കെ ചെയ്തത് കൊണ്ടാണ് ആ താലിമാല തന്റെ കഴുത്തിൽ കിടന്നു ഇങ്ങനെ എന്നെ നോക്കി ചിരിക്കുന്നത്.
എമിറേറ്റ്സ് വിമാനത്തിൽ ഇരുന്നു ദുബൈയിലേക്ക് പറക്കുമ്പോൾ അവൾ തന്റെ വിവാഹ മോതിരത്തിലേക്കു നോക്കി മന്ദഹാസം പൊഴിച്ചു സുഹാസ് എന്ന് പേര് ആലേഖനം ചെയ്ത ആ മോതിരത്തിൽ മെല്ലെയൊന്നു ചുംബിക്കാതിരിക്കുവാൻ അവൾക്കു കഴിഞ്ഞില്ല. സുഹാസിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മറ്റെന്നാൾ നടക്കുവാൻ പോകുന്നത് ദുബായിൽ ഒരു സ്റ്റാർട്ട് അപ്പ്. യു എ ഇ യിൽ ബിസിനസ് ചെയ്യുന്ന അച്ഛന്റെ കൂടെ ജോയിൻ ചെയ്യാൻ പല ആവർത്തി അച്ഛൻ പറഞ്ഞുവെങ്കിലും സ്വന്തം അധ്വാനത്തിൽ ഒരു സ്റ്റാർട്ട് അപ്പ് ചെയ്യുവാൻ ഉള്ള മകന്റെ മനസ്സിനെ ആ അച്ഛന്റെ മനസ്സിൽ വലിയ അഭിമാനം മകനെ കുറിച്ച് ഉണ്ടാകുവാൻ ധാരാളമായിരുന്നു. ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് ചെയ്യാം എന്ന അച്ഛന്റെ ഓഫർ പോലും അയാൾ നിരസിച്ചു പകരം അച്ഛന്റെ കമ്പനിയുടെ കെയർ ഓഫിൽ ഒരു ലോൺ ഫെസിലിറ്റി അത് മാത്രമാണ് സുഹാസ് ആവശ്യപ്പെട്ടത്. ഒപ്പം മനോരഞ്ജിനിയെ ഇനിയുള്ള ജീവിതത്തിൽ ഒപ്പം കൂട്ടാനൊരു അനുവാദവും.
മനോരഞ്ജിനിയുടെ ഫാമിലി സ്റ്റാറ്റസ് അവരെക്കാൾ കുറച്ചു താഴെയായിരുന്നെങ്കിലും പെണ്ണ് കാണൽ ചടങ്ങിൽ അവൾ സുഹാസിന്റെ ഫാമിലിയെ തെല്ലൊന്നുമല്ല ഇമ്പ്രെസ്സ് ചെയ്തത്. മനോരഞ്ജിനിയുടെ വീട്ടിൽ നിന്നും തിരികെ മടങ്ങുമ്പോൾ സുഹാസിന്റെ അച്ഛൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു ” ഷി ഈസ് വെരി ഇന്റലിജന്റ് ”
എമിറേറ്റ്സ് ബിസിനസ് പാർക്കിൽ പുതിയതായി മലയാളി യുവ സംരംഭകൻ സുഹാസ് ജി മേനോൻ തുടങ്ങുന്ന പുതിയ സ്റ്റാർട്ട് അപ്പ് ‘ദ ക്രിയേറ്റഴ്‌സ് ‘ ‘ ന്റെ ഉദ്‌ഘാടന വേളയിൽ ജി കെ മേനോൻ എന്ന ജി കൃഷ്ണ മേനോൻ അവിടെ ക്ഷണിക്കപ്പെട്ടു സന്നിഹിതരായ വിശിഷ്ട അതിഥികളോടായി പറഞ്ഞു. ” ദ ക്രിയേറ്റേഴ്സ് ഉദ്‌ഘാടനം ചെയ്യുവാൻ എന്റെ മകൻ ആഗ്രഹിച്ചത് എന്റെ കൈ കൊണ്ടാണെങ്കിലും അതിനു ഏറ്റവും യോഗ്യൻ അവൻ തന്നെയാണ്. അവൻ തുടങ്ങുന്ന ഈ പുതിയ ബിസിനസ് അവൻ തന്നെ ഉദ്‌ഘാടനം ചെയ്തു പ്രവർത്തനം ആരംഭിക്കട്ടെ എന്നാണ് എന്റെ തീരുമാനം. അതിനായി എന്റെ മകൻ സുഹാസിനെയും മരുമകൾ മിസ്സിസ് സുഹാസിനെയും ക്ഷണിക്കുന്നു.
ജി കെ മേനോന്റെ പ്രസംഗം കേട്ട് നിറഞ്ഞ ചിരിയോടെ അതിഥികൾ ഒന്നടങ്കം കൈയടിച്ചു. മനോരഞ്ജിരിയെന്ന കർണ്ണിക വീൽ ചെയർ മെല്ലെ തള്ളിക്കൊണ്ട് പവലിയനിലേക്ക് വന്നു. ആ വീൽ ചെയറിൽ വലതു ഭാഗത്തു കൃത്രിമ കാല് ഘടിപ്പിച്ച ശരീരവുമായി സുഹാസ് സുസ്മേരവദനനായി ഇരുന്നു. അച്ചന്റെ ആശീർവാദത്തോടെ അമ്മയുടെയും മറ്റുള്ളവരുടെയും പ്രാര്ഥനയോടു കൂടി സുഹാസും ഭാര്യയും ചേർന്ന് സ്വിച്ച് ഓൺ ചെയ്തു.
വേദിയിൽ ഇരുന്ന അഥിതികളിൽ ഒരാൾ അടുത്തിരുന്ന ആളോട് തിരക്കി. അല്ല, മിസ്റ്റർ ജി കെ യുടെ മകന്റെ കലിനെന്തു പറ്റി? ലാസ്‌റ്റ് ഇയർ അയാളെ കണ്ടപ്പോൾ വീൽ ചെയറിൽ അല്ലായിരുന്നല്ലോ!
അത് കേട്ട് കൊണ്ടിരുന്ന സുഹാസിന്റെ അങ്കിൾ പറഞ്ഞു.
രണ്ടു മാസം മുൻപ് ഉണ്ടായ ഒരു കാർ ആക്സിഡന്റ് അതിൽ അയാളുടെ ഒരു കാൽ നഷ്ടപ്പെട്ടു.
അതെ സമയം മറ്റു കുറച്ചു പേരുടെ ചർച്ച ഇങ്ങനെ പോയി. ആക്‌സിഡന്റ് ആണെന്നാണ് ഇവിടെയൊക്കെ പറഞ്ഞത്. സംഭവം കാൽ വെട്ടിയതാ. ബാംഗ്ളൂർ അല്ലെ സ്ഥലം! പ്രഫഷണൽ റിവഞ്ജ് ആണെന്നാണ് എന്റെ അറിവ്. ഈ ചെറുക്കൻ എപ്പോഴും സി ഇ ഓ യുടെ ബെസ്റ് അവാർഡ് നേടും അതിലുള്ള കലിപ് തീർത്തതെന്നാ പറഞ്ഞു കേട്ടത്.
ജി കെ യുടെ അല്ലെ വിത്ത്! അപ്പോൾ ഉശിരു കൂടും.
മറ്റൊരാളുടെ അഭിപ്രായം.
ജി കെ മേനോൻ മക്കളോട് പറഞ്ഞു
എന്റെ മകനോടും മരുമകളോടും ഒരേയൊരു ഉപദേശമേ എനിക്ക് തരാനുള്ളൂ. അതായതു ബിസിനെസ്സിൽ സ്വന്തം അച്ഛനെ പോലും വിശ്വസിക്കരുത് എന്നാൽ ബിസിനെസ്സിൽ ശത്രുക്കൾ ഉണ്ടായിരിക്കുകയുമരുത്.
അച്ഛന്റെ ഉപദേശത്തെ ഗൗരവമായി കൊണ്ട് ആ യുവ ദമ്പദികൾ അവർക്കായി ക്രമീകരിച്ച ക്യാബിനിലേക്കു നീങ്ങി. അതിൽ അടുത്തടുത്ത രണ്ടു ടേബിളുകളിൽ ഇങ്ങനെ നെയിം ബോർഡ് വച്ചിരുന്നു. സുഹാസ് ജി മേനോൻ സി ഇ ഓ
കർണ്ണിക എസ് മേനോൻ. മാനേജിങ് ഡയറക്ടർ.
സുഹാസിന്റെ വീൽ ചെയറിനു പിന്നിൽ അഭിമാനത്തോടെ ആ ചെയറിന്റെ ഹാന്ഡിലിൽ ദൃഡതയോടെ പിടിച്ചു കൊണ്ട് മനോരഞ്ജിനി എന്ന കർണ്ണിക എസ്സ് മേനോൻ അഭിമാനത്തോടെ നിലകൊണ്ടു.
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.