Latest News

ഗർഭം നിലനിറുത്തുന്നതിനുള്ള മരുന്നിന് പകരം ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് മാറിനൽകിയതിന് എടവണ്ണയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിനെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാട്ടുകാരിയായ യുവതിയാണ് ഗർഭം അലസിയതിനെ തുടർന്ന് പരാതി നൽകിയത്. രണ്ട് ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിശോധനയിലാണ് മരുന്ന് മാറിയ കാര്യം വ്യക്തമായത്.

ഡോക്ടറുടെ നിർദ്ദേശപ്രകാരം കുറിപ്പടിയോടെ മാത്രം വിൽക്കേണ്ട ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന ഗർഭച്ഛിദ്ര മരുന്നാണ് സ്ഥാപനം വിറ്റതെന്നും രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നില്ല മരുന്ന് വിൽപ്പനയെന്നും വ്യക്തമായതായി ജില്ലാ ഡ്രഗ്സ് ഇൻസ്‌പെക്ടർ ഡോ. എം.സി. നിഷിത് പറഞ്ഞു. സ്ഥാപനം വിറ്റ ഗർഭച്ഛിദ്ര മരുന്നുകളും ബില്ലുകളും മറ്റു രേഖകളും കസ്റ്റഡിയിലെടുത്ത് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഡ്രഗ്സ് ആന്റ് കോസ്‌മെറ്റിക്സ് നിയമപ്രകാരമാണ് സ്ഥാപനത്തിനെതിരെ കേസെടുത്തത്. തുടരന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയുടെ വീട്ടിലും സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു.

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് കമ്മിറ്റിയിൽ അംഗമാകാൻ സൂര്യയെ ക്ഷണിച്ച് ഓസ്കാർ അക്കാഡമി. ഈ ബഹുമതി നേടുന്ന ആദ്യ തെന്നിന്ത്യൻ താരം കൂടിയാണ് സൂര്യ. ഓസ്കാർ അക്കാഡമിയിൽ അംഗമാകുന്നതോടെ ലോസ് ഏഞ്ചൽസിൽ വർഷംതോറും നടക്കുന്ന ഓസ്കാർ അവാർഡുകൾക്ക് വോട്ട് ചെയ്യാൻ സൂര്യ അർഹത നേടും. ബോളിവുഡ് താരം കജോൾ, സംവിധായകരായ സുഷ്മിത ഘോഷ്, റൈറ്റിംഗ് വിത്ത് ഫയർ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത മലയാളിയായ റിന്റു തോമസ് എഴുത്തുകാരിയും ചലച്ചിത്രനിർമ്മാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാഡമിയിൽ അംഗമാകാൻ ക്ഷണിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് എ എ റഹിം എം.പി. മാത്യു കുഴൽനാടൻ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് ഫേസ്ബുക്കിലൂടെ മറുപടി പറയുകയായിരുന്നു റഹിം.

ആരോപണങ്ങൾ ഉയർന്നുവന്ന ഉടൻ വെബ്‌സൈറ്റ് അപ്രത്യക്ഷമായെന്ന് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത് അസംബന്ധമാണ്. സ്വർണക്കടത്ത് പിടിക്കുന്നത് 2020 ജൂലായ് അഞ്ചിനാണ്. 13.4.2020നാണ് സൈറ്റ് അപ്രത്യക്ഷമായത്. 11.5.2020ൽ അത് തിരികെ വന്നു. മാത്യു നിയമസഭയിൽ പറഞ്ഞത് വിവാദമുണ്ടായ ഉടൻ സൈറ്റ് പോയെന്നാണ്. ഏത് വിവാദമാണ് അദ്ദേഹം ഉന്നയിച്ചത്. പ്രസംഗം കേട്ടാൽ അറിയാം സ്വർണക്കടത്ത് തന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാൽ ആ ഡേറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് റഹിം പറഞ്ഞു.

സ്പ്രിംഗ്ലർ വിവാദത്തിലാണ് വെബ്‌സൈറ്റ് അപ്രത്യക്ഷമായതെന്ന് മാത്യു കുഴൽനാടൻ വിശദീകരിച്ചു. അതും തെറ്റാണ്. മുഖ്യമന്ത്രിയുടെ മകളെ മുൻനിർത്തി ഈ അനാവശ്യ വിവാദം ആദ്യമായി ഉന്നയിച്ചത് പി.ടി. തോമസാണ്. മരിച്ച ഒരാളെക്കുറിച്ച് കൂടുതൽ പോകുന്നില്ലെന്ന് പറഞ്ഞ റഹിം, തെറ്റായ കാര്യങ്ങൾ പറഞ്ഞതിൽ മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്നും റഹീം ആവശ്യപ്പെട്ടു.

അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, തന്റെ ഗ്രാമത്തില്‍ അമേരിക്കന്‍ സൈന്യം ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍ ഒരു ഒന്‍പതു വയസുകാരി പെണ്‍കുട്ടി പ്രണാരക്ഷാര്‍ഥം ഓടുന്ന ചിത്രം. ശരീരമാകെ പൊള്ളലേറ്റ്, നഗ്നയായി ഭയന്നുവിറച്ചുള്ള അവളുടെ ചിത്രം ലോകമന:സാക്ഷിയെ പിടിച്ചുലക്കുന്നതായിരുന്നു. ഒപ്പം വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത ലോകത്തോട് വിളിച്ചുപറയുന്നതും. യുദ്ധം അവസാനിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ അമേരിക്കയെയും ലോകത്തേയും ചിന്തിപ്പിക്കുവാനും ആ ഫോട്ടോയ്ക്ക് കഴിയുകയും ചെയ്തു. ‘നാപാം പെണ്‍കുട്ടി’ എന്ന പേരില്‍ പ്രശസ്തയായ അവരാണ് ഫാന്‍ തി കിം ഫുക്.

യുദ്ധത്തില്‍ മനസിനും ശരീരത്തിനും മുറിവേറ്റ കിം ഫുക് അന്‍പത് വര്‍ഷത്തിനിപ്പുറമാണ് ബോംബ് ആക്രമണത്തിലേറ്റ പൊള്ളലുകള്‍ക്ക് ചികിത്സ പൂര്‍ത്തിയാക്കിയത്. 59-മത്തെ വയസില്‍ തന്റെ അവസാനത്തെ ത്വക്ക് ശസ്ത്രക്രിയക്ക് കിം ഫുക് അമേരിക്കയില്‍ വിധേയയായി. യുദ്ധത്തിനിടയില്‍ 1972-ലാണ് കിം ഫുകിന് പൊള്ളലേല്‍ക്കുന്നത്. ഒരുവര്‍ഷം നീണ്ട ആശുപത്രിവാസത്തിനും 17 ശസ്ത്രക്രിയകള്‍ക്കും ശേഷമാണ് കിമ്മിന് ആശുപത്രി വിടാനായത്. സാധാരണജീവിതത്തിലേക്ക് മടങ്ങാനായി അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ ഒട്ടനവധി ചികിത്സകള്‍ക്കും അവര്‍ക്ക് വിധേയയാകേണ്ടി വന്നു. ഒന്‍പതാമത്തെ വയസില്‍ ഗുരുതരമായി പൊള്ളലേറ്റ അവര്‍ നിരവധി ചികിത്സകളിലൂടെയാണ് ഇതിനകം കടന്നുപോയത്.

കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന വിയറ്റ്‌നാമില്‍നിന്ന് 1992-ല്‍ കിമ്മും ഭര്‍ത്താവും കാനഡയിലേക്ക് കൂടിയേറി. 2015-ലാണ് പൊള്ളലിന്റെ പാടുകള്‍ക്ക് വിദഗ്ധ ചികിത്സക്കായി അവര്‍ മിയാമിയിലെ ഡോ. ജില്‍ സയ്‌ബെല്ലിനെ പരിചയപ്പെടുന്നത്. കിമ്മിന്റെ കഥ തിരിച്ചറിഞ്ഞ ഡോക്ടര്‍ ജില്‍ ചികിത്സ തികച്ചും സൗജന്യമായി പൂര്‍ത്തിയാക്കുകയായിരുന്നു. ഒന്‍പതാം വയസില്‍ കിമ്മിന്റെ ചിത്രങ്ങളെടുത്ത് പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടും ചികിത്സാവേളയില്‍ ചിത്രങ്ങള്‍ പകര്‍ത്താനായി ആശുപത്രിയിലെത്തിയിരുന്നു. ഉട്ടിന്റെ ചിത്രങ്ങള്‍ക്ക് ഇത്തവണ നിറപുഞ്ചിരിയോടെ കിം നിന്നുകൊടുത്തു.

യുദ്ധം വേദന നല്‍കിയ ആയിരങ്ങളുടെ പ്രതീകമായിരുന്നു കിം ഫുക്ക്. യുദ്ധത്തിലേറ്റ പൊള്ളലിന്റെ വേദനസഹിച്ച് നീളംകൂടിയ ഉടുപ്പിട്ട് മുറിവ് മറച്ച് അവള്‍ ജീവിച്ചു. കൈ ഉയര്‍ത്താന്‍ പോലുമാകാതെ യുദ്ധത്തിന്റെ രക്തസാക്ഷിയായി. വേദനയില്ലാത്ത കാലം മരണശേഷമായിരിക്കുമെന്ന് വിചാരിച്ചിരിക്കെയാണ് അമേരിക്കയിലെ മിയാമിയിലെ ലേസര്‍ ചികിത്സയെകുറിച്ച് കേള്‍ക്കുന്നത്. പിന്നൊട്ടും താമസിക്കാതെ അവിടേക്ക് പറന്നു. ചികിത്സ ആരംഭിച്ച ശേഷം വേദനയെ അതിജീവിക്കാന്‍ കഴിഞ്ഞത് ഭൂമിയില്‍ സ്വര്‍ഗ്ഗം കിട്ടിയപോലെയാണെന്ന് കിം പറഞ്ഞിരുന്നു. മുറിവിന് കാരണക്കാരായ അമേരിക്കയില്‍ തന്നെ ശുശ്രൂഷ ലഭിച്ചുവെന്നത് യാദൃശ്ചികമാകാം.

1972 ജൂണ്‍ 8-നാണ് കിമ്മിന്റെ ഗ്രാമത്തില്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ നാപാം ബോംബുകള്‍ വര്‍ഷിച്ചത്. അമേരിക്കന്‍ സംഹാര താണ്ഡവത്തില്‍ നാപാം ഗ്രാമത്തിലെ സര്‍വതും അഗ്നിക്കിരയാക്കി. ‘എനിക്ക് പൊള്ളുന്നു’ എന്ന നിലവിളിയോടെ ഗ്രാമവഴിയിലൂടെ രക്ഷതേടി കിം ഫുക്ക് ഓടിയത് അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിന്റെ ക്യാമറക്ക് മുന്നിലേക്കായിരുന്നു. അത് ലോകത്തിന്റെ എക്കാലത്തെയും നൊമ്പരപ്പെടുത്തുന്ന യുദ്ധചിത്രങ്ങളിലൊന്നായി. നിക് ഉട്ടിനെ ലോകപ്രശ്തനാക്കുകയും പുലിറ്റ്സര്‍ സമ്മാനത്തിനര്‍ഹമാക്കുകയും ചെയ്ത ചിത്രവുമായിരുന്നു അത്.

കിം ഫുക്കിന്റെ ആ ചിത്രം പകര്‍ത്താന്‍ കഴിഞ്ഞത് ഒരു നിയോഗമായാണ് നിക്ക് ഉട്ട് കരുതുന്നത്. ‘കിം ഫുക്കിന്റെ ഗ്രാമത്തില്‍ യുദ്ധവിമാനങ്ങള്‍ നാപാം ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍ അവിടെയുള്ള മരങ്ങള്‍ അടക്കം സര്‍വതും കത്തിയമരുകയായിരുന്നു. ആളിക്കത്തുന്ന വീട്ടില്‍നിന്ന് അലറിക്കരഞ്ഞുകൊണ്ട് അവള്‍ ഓടിയെത്തിയത് എന്റെ ക്യാമറയുടെ മുന്നിലേക്കായിരുന്നു. അത് അടയാളപ്പെടുത്തകയെന്നത് കാലം എനിക്ക് നല്‍കിയ നിയോഗമായിരിക്കാം. പുലിറ്റ്സര്‍ അടക്കം ഒരുപാട് അവാര്‍ഡുകള്‍ നേടി എന്നതിനെക്കാള്‍ ലോകത്തിന്റെ മനസ്സില്‍ പതിഞ്ഞ ചിത്രം എന്ന നിലയില്‍ അതിനെ ഓര്‍ക്കാനാണ് എനിക്കിഷ്ടം’- നിക്ക് ഉട്ട് ഓരോ വട്ടവും ആവര്‍ത്തിച്ചു.

വടക്കന്‍ വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടവും അമേരിക്കന്‍ പിന്‍ബലത്തിലുള്ള തെക്കന്‍ വിയറ്റ്നാമും തമ്മിലുള്ള സംഘര്‍ഷമായിരുന്നു വിയറ്റ്നാം യുദ്ധത്തിലേക്ക് നയിച്ചത്. വിയറ്റ്നാമിന്റെ ആഭ്യന്തര യുദ്ധമെന്നതിലുപരി അമേരിക്ക, കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ നടത്തിയ ഒരു യുദ്ധമായിരുന്നു ഇത്. 1959 ല്‍ ആരംഭിച്ച് ഇതുപത് വര്‍ഷത്തോളം നീണ്ട വിയറ്റ്നാം യുദ്ധം ഏറ്റവും ചെലവേറിയതും അമേരിക്കന്‍ ജനതയെ തന്നെ രണ്ട് തട്ടിലാക്കുന്നതുമായിരുന്നു. 1975 ഏപ്രില്‍ 30-ന് തെക്കന്‍ വിയറ്റ്നാമിന്റെ തലസ്ഥാനമായ സൈഗോണ്‍ വടക്കന്‍ വിയറ്റ്നാം പടിച്ചടക്കിയതോടെ അമേരിക്കന്‍ തോല്‍വി പൂര്‍ണമായി. അതാണ് ‘സൈഗോണിന്റെ വീഴ്ച’ (ഫാള്‍ ഓഫ് സൈഗോണ്‍) എന്ന പേരില്‍ പിന്നീട് പ്രസിദ്ധമായത്.

യുദ്ധത്തില്‍ കമ്യൂണിസ്റ്റ് സഖ്യങ്ങള്‍ ഉത്തര വിയറ്റ്നാമിനേയും അമേരിക്ക ദക്ഷിണ വിയറ്റ്നാമിനേയും പിന്തുണച്ചു. 1965 മുതല്‍ സൈന്യത്തിന്റെ വിന്യാസത്തോടെ ഒരു പൂര്‍ണ്ണ യുദ്ധമായി മാറി. 1973-ഓടെ ഭൂരിഭാഗം അമേരിക്കന്‍ സൈന്യം യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങുകയും 1975-ല്‍ വടക്കന്‍ വിയറ്റ്നാം ദക്ഷിണ വിയറ്റ്നാമിലെ അധികാരം പിടിച്ചടക്കുകയും ചെയ്തു. അധികം വൈകാതെതന്നെ ഉത്തരദക്ഷിണ വിയറ്റ്നാമുകള്‍ ഏകീകരിക്കപ്പെട്ടു. വിയറ്റ്നാം യുദ്ധം കനത്ത സാമ്പത്തിക നഷ്ടം മാത്രമല്ല അമേരിക്കക്ക് സമ്മാനിച്ചത്. 58,000 അമേരിക്കക്കാരുടെ ജീവന്‍ കൂടിയാണ് യുദ്ധത്തില്‍ പൊലിഞ്ഞത്. ഒപ്പം ലോക വേദിയില്‍ അമേരിക്കക്ക് ഏറ്റ കനത്ത പ്രഹരം കൂടിയായിരുന്നു അത്.

 

ജഗദീശ് കരിമുളക്കൽ

സ്കോട്ലൻഡ് : മുൻ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്ക, സൗദി റീജിയൻ കലാ സാഹിത്യ സാംസ്കാരിക വിഭാഗം സെക്രട്ടറി, ലണ്ടൻ മലയാളി കൗൺസിൽ പ്രസിഡന്റ്, സ്കോട്ലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്, യുക്‌മ സ്കോട്ലൻഡ് റീജിയൻ കോർഡിനേറ്ററും ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ മിഴിവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള സണ്ണി പത്തനംതിട്ടയുടെ ധർമ്മ പത്നി ഗ്ലാസ്ഗോയിലെ ഭവനത്തിൽ വെച്ച് ഇന്ന് അന്തരിച്ചു.

പത്തനംതിട്ടയിലെ തോന്ന്യമല സ്വദേശിയായ ഏലിയാമ്മ നിലത്തു വീട്ടിൽ അംഗമാണ്. സൗദി അറേബ്യയിലെ ആരോഗ്യ രംഗത്ത് നീണ്ട വർഷങ്ങൾ സേവനം ചെയ്തതിന് ശേഷമാണ് സ്കോട്ലൻഡിലേക്ക് നഴ്‌സായി വന്നത്. പതിനേഴ് വർഷങ്ങളായി ഇവിടെ താമസിക്കുന്നു. ദമാമിലെ സെൻട്രൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന കാലത്തു തന്നെ ഭർത്താവിനൊപ്പം ജീവ കാരുണ്യ സാംസ്കാരിക സാഹിത്യ സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരിന്നു. മറ്റുള്ളവരോട് കാട്ടുന്ന ദയ, കാരുണ്യം ദമാമിലെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. മക്കൾ ടെറി സണ്ണി (എഞ്ചിനീയർ), ഡോ. ടെന്നി സണ്ണി (ഓസ്ട്രേലിയ), ടെജി സണ്ണി (സയൻറ്സ്റ്റ്, ഓക്സ്ഫോർഡ്). സംസ്കാരം നാട്ടിൽവെച്ചു് നടക്കും.

ഏലിയാമ്മ സണ്ണിയുടെ നിര്യാണത്തിൽ ലിമ വേൾഡ് ലൈബ്രറി ചെയർമാൻ ഡോ.ജോർജ് ഓണക്കൂർ, ലിമ വേൾഡ് ലൈബ്രറി, കെ.പി.ആമസോൺ പബ്ലിക്കേഷൻ ചീഫ് എഡിറ്റർ കാരൂർ സോമൻ, എഴുത്തുകാരായ അഡ്വ.റോയി പഞ്ഞിക്കാരൻ (ലിമ ലൈബ്രറി ലീഗൽ അഡ്വൈസർ), ഡോ.സുനിത ഗണേഷ് (സബ് എഡിറ്റർ), മിനി സുരേഷ്, ഡോ.മുഞ്ഞിനാട് പത്മകുമാർ, ലീല തോമസ് (ബോട്സ്വാന- ആഫ്രിക്ക), ബേബി ജോൺ താമരവേലി (മസ്‌ക്കറ്റ്), ബേബി കാക്കശേരി (സ്വിസ്സ് സർലാൻഡ്), ജോസ് പുതുശേരി, ജോസ് കുമ്പിളുവേലിൽ (ജർമ്മനി), ആന്റണി പുത്തൻപുരക്കൽ (ഓസ്ട്രിയ) മാത്യു നെല്ലിക്കുന്ന്, ജോൺ മാത്യു, ഡോണ മയൂര (അമേരിക്ക), സ്വാപന ജേക്കബ് (കുവൈറ്റ്), ഷിബു എബ്രഹാം സംഗീത സംവിധായകൻ – ഓസ്ട്രേലിയ), യേശുസീലൻ (അബുദാബി), റെജി നന്തികാട്ട് (ലണ്ടൻ മലയാള സാഹിത്യവേദി കോർഡിനേറ്റർ), എൽ.എം.സി.സെക്രട്ടറി ശശി ചെറായി, ജഗദീഷ് കരിമുളക്കൽ (എൽ.എം.സി.കോർഡിനേറ്റർ) തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

 

 

 

ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസിൽ മലയാളി യുവാവിന് സൗദി അറേബ്യയില്‍ 11 കോടിയോളം രൂപ പിഴ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിനാണ് (26) ബഹ്‌റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസില്‍ ദമ്മാം ക്രിമിനല്‍ കോടതി കനത്ത പിഴയും നാടുകടത്തലും ശിക്ഷിച്ചത്.

52,65,180 സൗദി റിയാല്‍ (11 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് കോടതി ചുമത്തിയിരിക്കുന്ന പിഴ. മൂന്ന് മാസം മുമ്പാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. സൗദി അറേബ്യയേയും ബഹ്റൈനിനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയില്‍ കസ്റ്റംസ് പരിശോധനക്കിടെ ഇയാള്‍ പിടിയിലാകുകയായിരുന്നു. നാലായിരത്തോളം മദ്യകുപ്പികളാണ് ഇയാളുടെ ട്രെയിലറില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചത്. എന്നാല്‍ ട്രെയിലറില്‍ മദ്യക്കുപ്പികളായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് യുവാവ് കോടതിയില്‍ വാദിച്ചെങ്കിലും തെളിവുകള്‍ അദ്ദേഹത്തിന് എതിരായിരുന്നു.

കേസില്‍ അപ്പീല്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതി ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ശിക്ഷിക്കപ്പെട്ട മലയാളി യുവാവ്. പിഴയടച്ചാല്‍ കരിമ്പട്ടികയില്‍ പെടുത്തി നാടുകടത്തും. പിടികൂടിയ മദ്യത്തിന്റെ വിലക്കനുസരിച്ചാണ് ഇത്തരം കേസുകളില്‍ പിഴ ചുമത്തുന്നത്. പിഴ അടച്ചില്ലെങ്കില്‍ പിഴക്ക് തുല്യമായ കാലയളവില്‍ ജയിലില്‍ കഴിയേണ്ടി വരും. പിന്നീട് സൗദി അറേബ്യയിലേക്ക് തിരിച്ചുവരാനാകില്ല. ഇത്തരം കേസില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ പിഴ ശിക്ഷയാണിത്.

രാഷ്ട്രീയ അനിശ്ചിതത്തിനൊടുവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിവെച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്ന രാജി പ്രഖ്യാപിച്ചത്. കോടതി വിധി മാനിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നുവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ജനാധിപത്യം പിന്തുടരപ്പെടണമെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് ഉദ്ധവ് പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലില്‍ നിന്നും താന്‍ പുറത്തുപോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവജി മഹാരാജിന്റെ പാരമ്പര്യം താന്‍ കാത്തുസൂക്ഷിക്കും. രണ്ടരവര്‍ഷക്കാലം സംസ്ഥാനത്തിന് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും താന്‍ പ്രവര്‍ത്തിച്ചു. അതില്‍ സംതൃപ്തിയുണ്ട്. താന്‍ അധികാര മോഹിയല്ല. തന്റെ ഒപ്പം നിന്നവരാണ് പിന്നില്‍ നിന്ന് കുത്തിയത്.

വികസനനേട്ടങ്ങള്‍ എണ്ണപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ഈ ടേമിലെ മുഖ്യമന്ത്രിയെന്ന നിലയിലെ അവസാനത്തെ പൊതുജനങ്ങള്‍ക്കുള്ള അഭിസംബോധന. ഞങ്ങള്‍ കര്‍ഷകരെ കടത്തില്‍ നിന്ന് രക്ഷിച്ചു. എന്‍സിപിക്കും കോണ്‍ഗ്രസിനും നന്ദി. ശരദ്പവാറിനേയും സോണിയാ ഗാന്ധിയേയും നന്ദി അറിയിക്കുന്നു. ഇന്ന് മന്ത്രിസഭയിലുണ്ടായിരുന്നത് നാല് ശിവസേനാ മന്ത്രിമാര്‍ മാത്രമെന്നും അദ്ദേഹം പറഞ്ഞു.

ഔറംഗാബാദിന്റെ പേര് മാറ്റി ഒസ്മനാബാദ് എന്നാക്കി. കോണ്‍ഗ്രസും എന്‍സിപിയും എതിര്‍ത്തതേയില്ല. തൊഴിലാളികളും സാധാരണക്കാരും ഇന്ന് ആശങ്കയിലാണ്. ഗവര്‍ണര്‍ക്കും നന്ദി. നാളെ ഒരു പുതിയ സര്‍ക്കാര്‍ വരും. ഒരു ശിവസൈനികനും അവരെ തടയില്ല. വിമതരുടെ വൈകാരികതയെ മാനിക്കുന്നു. പക്ഷെ, അവര്‍ക്ക് നേരിട്ട് തന്റെയടുക്കലേക്ക് വരാമായിരുന്നു. സൂററ്റിലേക്കോ ഗുവാഹത്തിയിലേക്കോ പോകുന്നതിന് പകരം വര്‍ഷയിലേക്കോ മാതോശ്രീയിലേക്കോ വരേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭയക്കേണ്ടത് താനല്ല. ശിവസൈനികരുടെ രക്തം തെരുവില്‍ വീഴാതിരിക്കാനാണ് മുഖ്യമന്ത്രി പദമൊഴിയുന്നത്. പദവിയല്ല ശിവസൈനികരുടെ പിന്തുണയാണ് തനിക്ക് വലുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാ അഘാഡി സര്‍ക്കാരിന്റെ പതനം ആഘോഷിച്ച് ബിജെപി. ബിജെപി എംഎല്‍എമാര്‍ താമസിക്കുന്ന താജ് പ്രസിഡന്റ് ഹോട്ടലില്‍ ലഡു വിതരണം ചെയ്ത് ആഘോഷം നടന്നു. ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപി നേതാക്കളും മധുരം പങ്കിട്ടു. അതേസമയം, വിമത എംഎല്‍എമാര്‍ ഗോവയിലെത്തി. പ്രത്യേക വിമാനം ഗോവ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു

ഭാര്യയെ മകന്റെ കണ്മുന്നിലിട്ട് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് മണ്ണാർക്കാട് കാരാകുറിശ്ശി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടിൽ 30കാരനായ അവിനാഷ് ആണ് 28കാരിയായ ഭാര്യ ദീപികയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഇവരുടെ ഏകമകനാണ് ഐവിൻ. ദമ്പതിമാർ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ പ്രതിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ 8.45-ഓടെയായിരുന്നു അതിദാരുണമായ കൊലപാതകം നടന്നത്. രാവിലെ എഴുന്നേറ്റ അവിനാഷ് മകനെ ഉമ്മവെയ്ക്കാൻ ശ്രമിച്ചു. എന്നാൽ പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്ക്കേണ്ടെന്ന് ഭാര്യ ദീപിക പറഞ്ഞു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയതെന്ന് പോലീസ് പറയുന്നു.

ദീപികയുടെ കഴുത്തിലും കാലിലും കൈയിലുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോയമ്പത്തൂർ സ്വദേശിയാണ് ദീപിക. വർഷങ്ങളായി ബംഗളൂരുവിൽ താമസിച്ചിരുന്ന ദമ്പതിമാർ രണ്ടുമാസം മുമ്പാണ് നാട്ടിൽ താമസം തുടങ്ങിയത്.

അഗ്‌നിരക്ഷാസേനയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നയാളാണ് അവിനാഷ്. ഇയാൾ മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായും വിവരങ്ങളുണ്ട്. രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെ കെട്ടിപിടിച്ചു കരയുന്ന കുഞ്ഞിന്റെ മുഖം ഓടിയെത്തിയ നാട്ടുകാർക്കും തീരാ ദുഃഖമായി.

നൂപുർ ശർമയുടെ പരാമർശത്തെ പിന്തുണച്ചതിന് തയ്യൽ കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഐഎസ് ബന്ധം സംശയിച്ച് കേന്ദ്ര ഏജൻസികൾ. വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേനെ എത്തിയ രണ്ട് പ്രതികൾ കന്നയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ പിടിയിലായിട്ടുണ്ട്.

പതികളിലൊരാളായ റിയാസ് മുഹമ്മദ് അട്ടാരി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ള ചില ചിത്രങ്ങളിൽ ഐഎസ് സൂചനകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമേ ഐഎസുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ നിന്ന് അറസ്റ്റിലായ മുജീബ് അബ്ബാസിയെന്നയാളുമായി റിയാസിന് ബന്ധമുണ്ടായിരുന്നെന്നും സൂചനയുണ്ട്.

പ്രതികൾക്ക് ഐഎസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട് . ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, പ്രതികളെ ചോദ്യംചെയ്യാനായി എൻഐഎ സംഘം രാജസ്ഥാനിൽ എത്തിയിട്ടുണ്ട്. ഇവരുടെ തീവ്രവാദ ബന്ധമുൾപ്പെടെയുള്ള സംശയിക്കുന്ന കാര്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി വിശദമായി പരിശോധിക്കും.

സംഘർഷ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദയ്പുരിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തുകയും ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. കനയ്യ ലാലിനെ കൊലപ്പെടുത്തുന്ന വീഡിയോ പ്രതികൾ തന്നെ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. ഈ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും പോലീസ് പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

രാജസ്ഥാൻ സർക്കാരും വിഷയം ഗൗരവമായാണ് കാണുന്നത്. വർഗീയ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാനുള്ള കനത്ത നടപടികളിലേക്കാണ് പോലീസ് കടന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ സംഘർഷ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതേസമയം മരിച്ച കന്നയ്യ ലാൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതുമുതൽ തനിക്ക് വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ ഇത് പോലീസ് ഗൗരവമായി കണ്ടില്ലെന്നും ആരോപണമുണ്ട്.

സംഭവത്തിന് പിന്നിൽ വിദേശ സഹായമോ നിർദേശമോ ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. കൂടുതൽ അന്വേഷണത്തിനായി എൻഐഎ സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതികളെ ഇന്നുതന്നെ എൻഐഎ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം. വിദേശ ഗൂഡാലോചനയുൾപ്പെടെയുള്ള എന്തെങ്കിലും സൂചന ലഭിച്ചാൽ കേസന്വേഷണം എൻഐഎ ഏറ്റെടുക്കും.

കൊലപാതകം അന്വേഷിക്കുന്നതിനായി രാജസ്ഥാൻ സർക്കാരും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നാല് ഉദ്യോഗസ്ഥരടങ്ങിയ ഈ സംഘവും എൻഐഎയുമായി ആശയവിനിമയം നടത്തും. ഉദയ്പുരിലെ തിരക്കേറിയ മാർക്കറ്റിലുള്ള തന്റെ കടയിൽ വെച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് കനയ്യലാൽ കൊല്ലപ്പെട്ടത്. ചാനൽ ചർച്ചയിൽ പ്രവാചകനിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. പന്നിയോട്ട് സ്വദേശിയും ഇപ്പോൾ ചേലോറയിൽ താമസക്കാരനുമായ ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ 50 വയസുകാരൻ പി.പി.ഷാജി, 15 വയസുകാരനായ മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. ഷാജി ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് മാനേജരാണ്.

മകന്റെ തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടർന്നാണ് നീന്തൽ പഠനത്തിനായി കുളത്തിലേക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. വട്ടപ്പൊയിൽ പന്നിയോട് കുളത്തിലാണ് അപകടം നടന്നത്. വെള്ളത്തിൽ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജിയും മുങ്ങി മരിച്ചത്.

ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ചക്കരക്കൽ സിഐ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവൺമെന്റ് ആശുപത്രിയിലേക്കു മാറ്റി.

Copyright © . All rights reserved