നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനം ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. വൈകിട്ടോടെനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബംഗളൂരുവിൽ വ്യവസായിയാണ് വിദ്യാസാഗർ. വിജയ് ചിത്രം തെറിയിലൂടെ ദമ്പതികളുടെ മകൾ നൈനികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.
ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ഭർത്താവ് രൺബീർ കപൂർ തന്നെ ലണ്ടനിൽ നിന്ന് കൂട്ടിക്കൊണ്ടുവരുമെന്ന വാർത്തയിൽ നീരസം അറിയിച്ച് ആലിയ ഭട്ട്. ഇൻസ്റ്റാഗ്രാമിൽ വാർത്തയുടെ സ്ക്രീന്ഷോട്ട് പങ്കുവച്ചാണ് നടി അതൃപ്തി അറിയിച്ചത്. ഭർത്താവ് തന്നെ ‘പിക്കപ്പ്’ ചെയ്യേണ്ടതുണ്ടെന്ന വാർത്തയിലെ വാക്കാണ് ആലിയയെ ചൊടിപ്പിച്ചത്.
“ചിലരുടെ തലയിൽ നമ്മൾ ഇപ്പോഴും ചില പുരുഷാധിപത്യ ലോകത്ത് ജീവിക്കുന്നു എന്നാണ്. ഒന്നും വൈകിയിട്ടില്ല!! ആരും ആരെയും ‘എടുക്കേണ്ട’ ആവശ്യമില്ല ഞാൻ ഒരു സ്ത്രീയാണ്, പാർസലല്ല!!! എനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല, അതിന് ഡോക്ടറുടെ സർട്ടിഫിക്കേറ്റും ഉണ്ടെന്ന് നിങ്ങൾ അറിയുന്നത് നല്ലതാണ്. ഇത് 2022 ആണ്. ഈ പുരാതന ചിന്താഗതിയിൽ നിന്ന് പുറത്തുകടക്കാമോ! എങ്കിൽ ഞാൻ പോട്ടെ, എന്റെ ഷോട്ട് റെഡിയാണ്,” ആലിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
2022 വളരെ തിരക്കുപിടിച്ച സമയമാണ് ആലിയക്ക്. രൺബീറിനൊപ്പം അഭിനയിക്കുന്ന ബ്രഹ്മാസ്ത്രയുടെ ഷൂട്ട് സെപ്റ്റംബറിൽ ആരംഭിക്കാൻ ഇരിക്കുകയാണ്. ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോൺ, ഡാർലിംഗ്സ്, റോക്കി ഔർ റാണി കി പ്രേം കഹാനി എന്നിവയും അണിയറയിലാണ്.
കഴിഞ്ഞ ദിവസമാണ് താൻ അമ്മയാകുന്നു എന്ന വിവരം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആലിയയും രൺബീറും അറിയിച്ചത്. ഏപ്രിലിൽ മുംബൈയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.
ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ സഞ്ജു സാംസണ്‍ ടീമില്‍ ഉണ്ടെന്ന് പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേഡിയത്തില്‍ ഉയര്‍ന്ന ആരവം 16-ാം ഓവറിലെ രണ്ടാം പന്തിലാണ് അവസാനിച്ചത്. മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന സഞ്ജു സാംസണ്‍ ഇന്നിങ്സ് ഡൂബ്ലിനില്‍ പിറന്നു. നീലക്കുപ്പായത്തില്‍ 42 പന്തില്‍ 77 റണ്‍സ്, ഒന്‍പത് ഫോറും നാലു സിക്സറുകളും.
രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ ഐപിഎല്‍ സീസണില്‍ കാണിച്ച പക്വത തന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ പുറത്തെടുത്തു. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയോടെയായിരുന്നു സഞ്ജുവിന്റെ തുടക്കം. കരുതലോടെയാണ് ഓരോ പന്തിനേയും നേരിട്ടിത്. പന്ത് കണ്ടാല്‍ അടിച്ച് പറത്താന്‍ തോന്നുമെന്ന സ്വന്തം വാചകം മറന്നുള്ള ബാറ്റിങ് പ്രകടനം.
മറുവശത്ത് ദീപക് ഹൂഡ വെടിക്കെട്ട് പ്രകടനം നടത്തുമ്പോഴും സഞ്ജു ആവേശം കാണിച്ചില്ല. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് മികച്ച പിന്തുണ നല്‍കി. പക്ഷെ കിട്ടിയ അവസരങ്ങളിലെല്ലാം സഞ്ജു ബൗണ്ടറികള്‍ കണ്ടെത്തി. അയര്‍ലന്‍ഡിന്റെ ഫീല്‍ഡിങ് തന്ത്രങ്ങളെ ക്ലാസുകൊണ്ട് മറികടന്നു വലം കയ്യന്‍ ബാറ്റര്‍.
24 പന്തില്‍ നിന്ന് കേവലം 28 റണ്‍സ് മാത്രമായിരുന്നു എട്ടാം ഓവര്‍ പിന്നിടുമ്പോള്‍ സഞ്ജുവിന്റെ സമ്പാദ്യം. എന്നാല്‍ പിന്നീട് സഞ്ജു സ്വന്തം ശൈലിയില്‍ ബാറ്റ് വീശി തുടങ്ങി. സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള താരത്തിന്റെ മികവായിരുന്നു പിന്നീട് കണ്ടത്. ഗാരത് ഡെലനിയുടെ ഓവറില്‍ ഫോറും സിക്സും നേടിയായിരുന്നു തുടക്കം.
31-ാം പന്തില്‍ ബൗണ്ടറിയുടെ അകമ്പടിയോടെ ഇന്ത്യയ്ക്കായി ആദ്യ അര്‍ധ സെഞ്ചുറി സഞ്ജു നേടി. അയര്‍ലന്‍ഡ് ബോളര്‍മാരെല്ലാം സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഡെലനിയുടെ നാലാം ഓവറിലെ അവസാന രണ്ട് പന്തുകളും സഞ്ജു അതിര്‍ത്തി കടത്തി. മാര്‍ക്ക് അഡൈറിന്റെ പന്തില്‍ ബൗള്‍ഡായ നിമിഷം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായി ഇന്നിങ്സ്.
നേരിട്ട അവസാന 18 പന്തുകളില്‍ 49 റണ്‍സാണ് സഞ്ജു നേടിയത്. ട്വന്റി 20 ലോകകപ്പ് ടീമിലെത്താന്‍ താന്‍ യോഗ്യനാണെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കുകയായിരുന്നു മലയാളി താരം. മധ്യ ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാന്‍ സാധിക്കുന്നില്ല എന്ന ടീമിന്റെ പോരായ്മയ്ക്ക് ഉത്തരമാണ് സഞ്ജു സാംസണ്‍.
സന്നദ്ധ സംഘടനയല്ല ക്ലബ് ആണ് അമ്മ സംഘടന എങ്കിൽ അംഗത്വം വേണ്ടെന്ന് ജോയ് മാത്യു. ക്ലബ് ആയ അമ്മയിൽ അംഗത്വം വേണ്ടെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറി ഇടവേള ബാബുവിന് ജോയ് മാത്യു കത്തെഴുതിയിരിക്കുകയാണ്.
സന്നദ്ധ സംഘടനയായതു കൊണ്ടാണ് ഒരു ലക്ഷം രൂപ നൽകി അംഗത്വമെടുത്തതെന്നും ക്ലബ്ബ് ആണെന്ന് പറഞ്ഞതിനാൽ തന്നെ അംഗത്വ ഫീസ് തിരികെ തരണമെന്നും ജോയ് മാത്യു പറഞ്ഞു.
‘സന്നദ്ധ സംഘടനയായതു കൊണ്ടാണ് ഒരു ലക്ഷം രൂപ നൽകി അംഗത്വമെടുത്തത്. സന്നദ്ധ സംഘടനയല്ല, ക്ലബ് ആണെന്ന് വ്യക്തമാക്കിയ സ്ഥിതിയ്ക്ക് അംഗത്വ ഫീ തിരിച്ചു തരണം. അമ്മ സെക്രട്ടറി വിവരക്കേട് പറയുകയാണ്. അത് തിരുത്തണം. നിർവാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. ജനാധിപത്യബോധമില്ലെന്നാണ് അതിനർഥം. വിവരമില്ലാത്തവരാണ് തലപ്പത്തിരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാൽ എന്ത് ചെയ്യും’ ജോയ് മാത്യു ചോദിക്കുന്നു.
‘ജനാധിപത്യത്തെ കളിയാക്കുകയാണ് ഇവർ. വെറുതെ വിടില്ല. ക്ലബ്ബിന്റെ നിയമാവലി വേറെ, സന്നദ്ധസംഘടനയുടേത് വേറെ. രണ്ടിനും ചിട്ടവട്ടങ്ങൾ വ്യത്യസ്തമാണ്. തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല അമ്മ. മറ്റേത് സംഘടനയെടുത്താലും വേതനത്തിന്റെ കാര്യത്തിൽ വേർതിരിവ് കാണില്ല. ഇവിടെ അങ്ങനെയല്ല. പലർക്കും കീഴ്പ്പെടണം.വിരുദ്ധ അഭിപ്രായങ്ങൾ കുറവാണ്. ക്ലബ് ആണെന്ന് പറയുമ്പോൾ കൂടെയുള്ളവർ മിണ്ടുന്നില്ല. മുകളിലുള്ളവരെ ഭയക്കുകയാണ്. വിവരമില്ലായ്മ അല്ലാതെ എന്താണിത്, ജോയ് മാത്യു ചോദിക്കുന്നു.
പാലക്കാട് പള്ളിക്കുറുപ്പിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടിൽകാട് അവിനാശിന്റെ ഭാര്യ ദീപിക(28)യാണ് മരിച്ചത്. അവിനാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 8.45 നാണ് സംഭവം.
കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാവിലെ ദീപികയുടെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോൾ വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു. ഒന്നര വയസുകാരൻ ഐവിൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. കൊടുവാളുമായി സമീപത്ത് തന്നെ അവിനാശമുണ്ടായിരുന്നു.
ആളുകൾ എത്തിയതോടെ പുറത്ത് പോകാൻ അവിനാശ് നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. ആംബുലൻസ് വിളിച്ച് ദീപികയെ നാട്ടുകാർ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. പൊലീസ് എത്തി അവിനാശിനെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുൻപാണ് പള്ളിക്കുറുപ്പിലെ തറവാട്ടു വീട്ടിൽ എത്തിയത്.
പതിനേഴുകാരിയായ കാമുകിയെയും അവളുടെ സഹോദരനെയും യുവാവ് ചുറ്റികകൊണ്ട് അടിച്ചുകൊന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നതര. പ്രതി അർപിത് അർണവിനുവേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പുലർച്ചെ മൂന്നുമണിയോടെ അർപിതിനെ മകളോടൊപ്പം വീട്ടിനുള്ളിൽ അരുതാത്ത സാഹചര്യത്തിൽ കണ്ടതിനെ അമ്മ ചോദ്യം ചെയ്തതാണ് അരുംകൊലകൾക്ക് കാരണമായത്.
പൊലീസ് പറയുന്നത്: പെൺകുട്ടിയും അർപിതുമായി ഏറെ നാളായി അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ അമ്മയും വീട്ടുകാരും ബന്ധത്തിന് എതിരായിരുന്നു. എന്നിട്ടും പെൺകുട്ടി ബന്ധം തുടർന്നു. സംഭവദിവസം പുലർച്ചെ മൂന്നുമണിയോടെ അർപിത് പെൺകുട്ടിയുടെ വീട്ടിലെത്തി. ശബ്ദംകേട്ട് ഉണർന്ന അമ്മ മകളെയും അർപിതിനെയും അരുതാത്ത സാഹചര്യത്തിൽ കണ്ടു. ഇത് ചോദ്യംചെയ്ത അമ്മ അർപിതിനെ തല്ലാൻ തുടങ്ങി. കലികയറി അയാൾ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് പെൺകുട്ടിയുടെ അമ്മയെ ആഞ്ഞ് കുത്തി. എന്നാൽ കത്തി ഒടിഞ്ഞുപോയി. ഇതോടെ അടുത്തുകണ്ട ചുറ്റിക എടുത്ത് അവരെ ആക്രമിച്ചു. അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ അടിയേറ്റ പെൺകുട്ടി തൽക്ഷണം മരിച്ചു. ബഹളം കേട്ടെത്തിയ പെൺകുട്ടിയുടെ സഹോദരനെയുംഅർപിത് ആക്രമിച്ചു. അയാളും തൽക്ഷണം മരിച്ചു. നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അർപിത് സ്ഥലംവിട്ടിരുന്നു.
വടകരയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കികൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. യുവാവിന്റെ കാറും കത്തിച്ചു. കഴിഞ്ഞ രാത്രി കല്ലേലിയിലാണ് സംഭവം. വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദിക്കുകയായിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സംഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. യുവാവിന് പരിചയമുള്ളവര്‍ തന്നെയാണ് മര്‍ദനത്തിനു പിന്നിലെന്ന് സൂചനയുണ്ട്. സംഘം വീട്ടില്‍ വന്ന് വിളിച്ചപ്പോള്‍ തന്നെ യുവാവ് കൂടെപോയത് ഇതിനാലായിരിക്കണമെന്ന് പോലീസ് കരുതുന്നു.
കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ ആക്രമണമാണെന്ന സംശയവുമുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവില്‍ നിന്ന് പോലീസ് പ്രാഥമിക വിവരം ശേഖരിച്ചു. വിശദമായി മൊഴിയെടുത്താല്‍ മാത്രമേ ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമാകൂ.
മര്‍ദനമേറ്റ യുവാവിന് സ്വര്‍ണക്കടത്ത് പശ്ചാത്തലമുള്ളതായി സൂചനയില്ല. നാട്ടില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് മുന്‍പ് ഒരിക്കലും സ്വര്‍ണക്കടത്തില്‍ ഇടപെട്ടതായി വിവരവുമില്ല. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് ഇയാളും നല്‍കുന്ന മൊഴി. ആളുമാറിയതാവാമെന്നും വ്യക്തിവൈരാഗ്യമാകാമെന്നുമാണ് യുവാവിന്റെ മൊഴി.
എന്നാല്‍ വിശദമായി മൊഴിയെടുത്ത ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നാണ് പോലീസ് വ്യക്തമക്കുന്നത്.
ടെക്‌സസിിലെ സാന്‍ അന്റോണിയോയില്‍ ട്രക്കിനുളളില്‍ 46 മൃതദേഹങ്ങള്‍ കണ്ടെത്തി. 16 പേരെ അവശനിലയിലും കണ്ടെത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മെക്‌സിക്കോ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് നടന്ന മനുഷ്യക്കടത്താണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന.
ഒരു ട്രാക്ടര്‍ ട്രെയിലറിലാണ് ആളുകളെ കുത്തിനിറച്ച് കൊണ്ടുവന്നിരുന്നതെന്ന് സാന്‍ അന്റോണിയോ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. കടുത്ത ചൂടും ശ്വാസംമുട്ടിയുമാണ് മരണം നടന്നിരിക്കുന്നതെന്നാണ് സൂചന. മരിച്ചവരില്‍ നാലു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തതായും അധികൃതര്‍ അറിയിച്ചു.
തെക്കന്‍ അതിര്‍ത്തിക്കു സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്തെ റെയില്‍വേ ലൈന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. ദുരന്തത്തിനിരയായവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.
അടുത്തകാലത്തായി മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് വലിയ തോതില്‍ അഭയാര്‍ഥികള്‍ അമേരിക്കയിലെത്തുന്നുണ്ട്. ഇതില്‍ പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.
2017ലൂം സാന്‍ അന്റോണിയോയില്‍ ഒരു വാള്‍ മാര്‍ട്ട് പാര്‍ക്കിംഗ് ഏരിയയില്‍ കണ്ടെത്തിയ ട്രാക്ടര്‍ ട്രെയിലറിനുള്ളില്‍നിന്ന് 10 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കിട്ടിയിരുന്നു.
മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ടി ശിവദാസമേനോൻ അന്തരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. മലമ്പുഴ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭയിൽ എത്തിയ അദ്ദേഹം ദീർഘകാലം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗവുമായിരുന്നു. രണ്ട് തവണയായി ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യം വൈദ്യുതി, ഗ്രാമവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു.1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്ത തീരുമാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ശിവദാസമേനോൻ രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. സംസ്ഥാനത്ത് അദ്ധ്യാപക യൂണിയനുകള്‍ സംഘടിപ്പിക്കുന്നതില്‍ ശക്തമായ ഇടപെടല്‍ അദ്ദേഹം നടത്തിയിരുന്നു.മണ്ണാര്‍ക്കാട് കെ.ടി.എം ഹൈസ്‌ക്കൂളില്‍ 30 വര്‍ഷത്തോളം അദ്ധ്യാപകനായിരിക്കെ കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് യൂണിയന്‍ രൂപീകരിച്ചായിരുന്നു പോരാട്ട രംഗത്തേക്ക് പ്രവേശിച്ചത്.1987, 1991, 1996 കാലയളവില്‍ മലമ്പുഴയില്‍ നിന്ന് നിയമസഭയിലെത്തി. പാലക്കാട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരിക്കെ വള്ളുവനാട്ടിൽ പാർട്ടി വളർത്താൻ ശിവദാസമേനോനെയാണ് നേതൃത്വം നിയോഗിച്ചത്. തുടർന്ന് പടിപടിയായി പാർട്ടി നേതൃനിരയിലേക്ക് ഉയരുകയായിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഒടുവിൽ പ്രചാരണരംഗത്ത് സജീവമായത്. പിന്നീട് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഭാര്യ ഭവാനി അമ്മ 2003ൽ മരിച്ചു. മക്കൾ: ടി.കെ. ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കൾ: കരുണാകര മേനോൻ , സി. ശ്രീധരൻനായർ .
രാജ്യവും ഇന്റര്‍പോളും വരെ അന്വേഷിക്കുന്ന കുറ്റവാളിയായ നിത്യാനന്ദ വീഡിയോയുമായി രംഗത്ത്. മരണപ്പെട്ടെന്ന പ്രചാരണം സജീവമാകുന്നതിനിടെയാണ്
നിത്യാനന്ദ വീഡിയോയുമായി എത്തിയിരിക്കുന്നത്.
‘അവരുടെ കൈ കൊണ്ട് ചാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവരെക്കാള്‍ ബുദ്ധിയുണ്ട് എനിക്ക്…’ പുതിയ വീഡിയോയില്‍ നിത്യാനന്ദ പറയുന്നു.
അതേസമയം, നിത്യാനന്ദയുടെ അനുയായികള്‍ തന്നെ അദ്ദേഹത്തിനെ സ്വത്തിന് വേണ്ടി വിഷം കൊടുത്തുകൊന്നു എന്നായിരുന്നു പ്രചാരണം. തമിഴ് മാധ്യമങ്ങളും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.
പിന്നാലെ പ്രചാരണങ്ങള്‍ വ്യാജമാണെന്നും നിത്യാനന്ദ സമാധിയില്‍ ആണെന്നും ഉണര്‍ന്ന് കഴിഞ്ഞാല്‍ തിരിച്ചുവരുമെന്നും ഇയാളുടെ ഫെയ്‌സ്ബുക്ക് പേജിലെത്തി അനുയായികള്‍ വ്യക്തമാക്കിയിരുന്നു. ആഴ്ചകളായി നിത്യാനന്ദയുടെ വിഡിയോകള്‍ വരാതായതോടെയാണ് മരിച്ചുവെന്ന പ്രചാരണം ശക്തമായത്.
ഹിന്ദുവിരോധികളാണ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നത്. അതുെകാണ്ടാണ് ഞാന്‍ കൈലാസത്തിലേക്ക് മാറിയത്. ഇനി അവരെന്നെ കൊന്നാലും ഞാന്‍ ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് മാറി തിരിച്ചുവരും. പഴയ പോലെ തുടരും. ഒന്നും നഷ്ടപ്പെടുന്നില്ല. 200 വര്‍ഷം കൂടി ജീവിക്കും.’ ഇയാള്‍ അവകാശപ്പെടുന്നു.
ബലാല്‍സംഗം, പോക്‌സോ, പ്രകൃതി വിരുദ്ധ പീഡനം,കൊലപാതകം, സാമ്പത്തിക തട്ടിപ്പ് അടക്കം ഒട്ടേറെ കേസുകളും ആരോപണങ്ങളും വട്ടമിട്ട് പറക്കുമ്പോഴാണ് മൂന്ന് വര്‍ഷം മുന്‍പ് നിത്യാനന്ദ ഇന്ത്യ വിട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പിന്നാലെ ദ്വീപ് വാങ്ങി കൈലാസ എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും താനും തന്റെ അനുയായികളും ഈ രാജ്യത്തുണ്ടെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു.
നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ പറയുമ്പോഴാണ് ഔദ്യോഗിക പേജില്‍ നിത്യാനന്ദയുടെ വിശദീകരണ വീഡിയോകള്‍ എത്തുന്നത്.