Latest News

‘ആണും പെണ്ണും’ സിനിമയിലെ ഇന്റിമസി സീനുകളെ കുറിച്ച് പറഞ്ഞ് നടി ദര്‍ശന രാജേന്ദ്രന്‍. ഇത്തരം രംഗങ്ങളൊന്നും ടെന്‍ഷനായി തോന്നാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് താന്‍ എന്നത് വളരെ അഭിമാനം തോന്നിയ സമയമായിരുന്നു എന്നാണ് ദര്‍ശന പറയുന്നത്.

ആണും പെണ്ണും ചെയ്ത സമയത്ത് കാട്ടിലെ ആ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുന്നത് ഏത് രീതിയില്‍ ആയിരിക്കും എന്ന ഐഡിയ ഇല്ലായിരുന്നു. കഥ വായിച്ചപ്പോള്‍ അത് ഇന്‍ട്രസ്റ്റിംഗ് ആയി തോന്നി. എങ്ങനെയായിരിക്കും ഷൂട്ട് ചെയ്യുക എന്ന് ആലോചിച്ചിരുന്നു. എങ്കിലും അതിനെ കുറിച്ച് ആഷിഖ് അബുവിനോടോ ഷൈജു ഖാലിദിനോടോ ചോദിച്ചിരുന്നില്ല.

കോളേജില്‍ നിന്നുള്ള സീനുകളെ പോലെയേ തനിക്ക് കാട്ടിലെ ആ സീനുകളും തോന്നിയിട്ടുള്ളൂ. ആ ഒരു എന്‍വയോണ്‍മെന്റില്‍ വരുന്ന ചെറിയൊരു ടെന്‍ഷന്‍ ഉണ്ടാകും. ഇതൊരു പുതിയ കാര്യമാണല്ലോ ചെയ്യുന്നത്, ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ ചെയ്തിട്ടില്ലല്ലോ എന്ന ചെറിയ ടെന്‍ഷന്‍.

അത് മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. ഇത് ചെയ്യാനുള്ള ആത്മവിശ്വാസം നേടിയതും അഭിനയത്തിനുള്ള ടൂള്‍ മാത്രമാണ് തന്റെ ശരീരം എന്ന കാര്യം മനസിലാക്കിയതുമെല്ലാം തിയേറ്റര്‍ കാരണമാണ്. തിയേറ്റര്‍ ചെയ്തിരുന്ന സമയത്തെ സ്പേസ് അങ്ങനെയുള്ളതായിരുന്നു.

വസ്ത്രം മാറാനും ഒരുങ്ങാനും പ്രത്യേക സ്ഥലമൊന്നും കാണില്ല. ചിലപ്പോള്‍ സ്റ്റേജില്‍ നിന്ന് തന്നെയാകും വസ്ത്രം മാറുക. ഇതൊന്നും ടെന്‍ഷനായി തോന്നാത്ത മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് താന്‍ എന്ന് തനിക്ക് വളരെ അഭിമാനം തോന്നിയ സമയമായിരുന്നു ആണും പെണ്ണും എന്നാണ് ദര്‍ശന പറയുന്നത്.

കാളിദാസ് ജയറാമിനൊപ്പമുള്ള ദുബായ് യാത്രയുടെ വീഡിയോ പങ്കുവച്ച് കാമുകി തരിണി. ‘ജീവിതകാലം മുഴുവന്‍ ഓര്‍ത്തു വെയ്ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍’ എന്ന ക്യാപ്ഷനോടെയാണ് കാളിദാസിന്റെ കൈപിടിച്ച് നടക്കുന്ന വീഡിയോ തരിണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ദുബായില്‍ ചിലവിട്ട ഏഴ് ദിവസത്തെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആണിത്. ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴാണ് ജയറാമിനും കുടുംബത്തിനും ഒപ്പമുള്ള പെണ്‍കുട്ടി ഏതാണ് എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്. മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് തരിണി കലിംഗരായര്‍.

ദുബായില്‍ നിന്നുള്ള ചിത്രങ്ങളും കാളിദാസും തരിണിയും പങ്കുവച്ചിരുന്നു. ‘ഹലോ ഹബീബീസ്’ എന്നായിരുന്നു ചിത്രത്തിന് കാളിദാസിന്റെ സഹോദരി മാളവികയുടെ കമന്റ്. അതേസമയം, ‘ജാക്ക് ആന്‍ഡ് ജില്‍’ ആണ് കാളിദാസിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ മലയാള ചിത്രം.

കമല്‍ഹാസന്‍ ചിത്രം ‘വിക്ര’ത്തില്‍ ചെറിയൊരു വേഷത്തില്‍ കാളിദാസ് എത്തിയിരുന്നു. മിനുറ്റുകള്‍ മാത്രമേ കാണിച്ചിരുന്നുള്ളുവെങ്കിലും കാളിദാസിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ‘രജ്നി’ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

വാഹാനപകടത്തിൽ വാവാ സുരേഷിന് പരിക്കേറ്റു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം കിളിമാനൂരിന് അടുത്ത് തട്ടത്ത് മലയിൽ വച്ചായിരുന്നു അപകടം. വാവാ സുരേഷിന് മുന്നിൽ പോയ മറ്റൊരു കാര്‍ നിയന്ത്രണം തെറ്റി റോ‍ഡരികിലെ ഭിത്തിയിൽ ഇടിക്കുകയും പിന്നിൽ വാവാ സഞ്ചരിച്ചിരുന്ന ടാക്സി കാറിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു.

അപകടത്തിൽ ദിശ മാറി സഞ്ചരിച്ച വാവാ സുരേഷിൻ്റെ കാറിലേക്ക് എതിര്‍ ദിശയിൽ നിന്നും വന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ബസിനടിയിലേക്ക് ഇടിച്ചു കയറിയാണ് കാര്‍ നിന്നത്. ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് വാവാ സുരേഷിനേയും കാറിൻ്റെ ഡ്രൈവറേയും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വാവായുടെ മുഖത്തിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് വാവാ സുരേഷ്.

തൃശ്ശൂര്‍ കേച്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ തീകൊളുത്തി കൊന്നു. മാനസിക വൈകല്യമുള്ള മകന്‍ സഹദ് (23)നെയാണ് അച്ഛന്‍ സുലൈമാന്‍ കൊലപ്പെടുത്തിയത്. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം.

സഹദിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

മകനെ ഒഴിവാക്കാനായാണ് ക്രൂരകൃത്യം ചെയ്തതെന്ന് സുലൈമാന്‍ മൊഴി നല്‍കി. സുലൈമാനും മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.

സംഭവത്തിനിടെ സുലൈമാനും പൊള്ളലേറ്റു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വിജയം. എതിരാളിയായ ശശി തരൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് ഖാര്‍ഗെയുടെ വിജയക്കുതിപ്പ്. ഖാര്‍ഗെ 7897 വോട്ടുകള്‍ നേടി. തരൂരിന് 1072 വോട്ട് നേടാനായി. 12 ശതമാനം വോട്ടുകള്‍ പിടിക്കാന്‍ തരൂരിനായി. 89 ശതമാനം വോട്ടുകള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ സ്വന്തമാക്കി. 9385 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഇതില്‍ 416 വോട്ടുകള്‍ അസാധുവായി.

ഖാര്‍ഗെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നതോടെ 20 വര്‍ഷത്തിന് ശേഷം ആദ്യമായി ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ എഐസിസി നേതൃസ്ഥാനത്ത് എത്തിയിരിക്കുകയാണ്. 2014ലെയും 2019-ലെയും പൊതുതിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ രണ്ട് പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞപ്പോള്‍ സോണിയാ ഗാന്ധി വീണ്ടും പാര്‍ട്ടിയുടെ താത്കാലിക അദ്ധ്യക്ഷ സ്ഥാനത്ത് എത്തുകയായിരുന്നു. പിന്നീട് നിരവധി തവണ സോണിയ അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറായതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. എഐസിസിയിലും പിസിസികളിലുമായി 67 പോളിംഗ് ബൂത്തുകളും ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരുന്നത്.

ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ മത്സരത്തിനിറങ്ങിയ ഖാര്‍ഗെയുടെ വിജയം നേരത്തെ തന്നെ ഉറപ്പുള്ളതായിരുന്നു. മൂന്ന് തവണ കപ്പിനും ചുണ്ടിനുമിടയില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒടുവില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നത സ്ഥാനത്തേക്ക് തന്നെ അവരോധിക്കപ്പെട്ടിരിക്കുകയാണ്. 1999, 2004, 2013 വര്‍ഷങ്ങളില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഖാര്‍ഗെയ്ക്ക് നഷ്ടമായിരുന്നു. യഥാക്രമം എസ് എം കൃഷ്ണ, ധരം സിംഗ്, സിദ്ധരാമയ്യ എന്നിവരായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പകരം മുഖ്യമന്ത്രിയായത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസില്‍ സജീവമായ 80 കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒമ്പത് തവണ എംഎല്‍എയായിരുന്നു. നിലവില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രധാനപ്പെട്ട ദളിത് മുഖവുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തിയിരുന്നു.

1969ല്‍ തന്റെ ജന്മനാടായ ഗുല്‍ബര്‍ഗയിലെ സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിതനായതു മുതലാണ് ഖാര്‍ഗെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. 1972-ല്‍ ആണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 1976-ല്‍ ദേവരാജ് ഉര്‍സ് സര്‍ക്കാരില്‍ ആദ്യമായി മന്ത്രിയായി.

1980 ല്‍ ഗുണ്ടു റാവു സര്‍ക്കാര്‍, 1990-ല്‍ എസ് ബംഗാരപ്പ സര്‍ക്കാര്‍, 1992 മുതല്‍ 1994 വരെ എം വീരപ്പ മൊയ്‌ലി സര്‍ക്കാര്‍ എന്നിവയില്‍ മന്ത്രിയായി. 1996-99ല്‍ പ്രതിപക്ഷ നേതാവായിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് കളം മാറ്റുന്നതിന് മുന്‍പ് 2005-08 ല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു. പിന്നീട് 2004 ലെ ആദ്യ മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായി.

തുടര്‍ന്ന് റെയില്‍വേ, സാമൂഹിക നീതി, ശാക്തീകരണം എന്നിവയുടെ ചുമതലയും നല്‍കി. 2014 ല്‍ കോണ്‍ഗ്രസ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയും ലോക്‌സഭയില്‍ കേവലം 44 അംഗങ്ങളായി ചുരുങ്ങുകയും ചെയ്തതോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്സഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി.

2019ല്‍, തന്റെ തിരഞ്ഞെടുപ്പ് ജീവിതത്തില്‍ ആദ്യമായി, ഖാര്‍ഗെ പരാജയം രുചിച്ചു. എന്നാല്‍ അപ്പോഴേക്കും ഹൈക്കമാന്റിന്റെ പ്രീതി പിടിച്ച് പറ്റിയ വിശ്വസ്തനായ ഖാര്‍ഗെയെ കോണ്‍ഗ്രസ് രാജ്യസഭയിലെത്തിച്ചു. 2021 ഫെബ്രുവരിയില്‍ അദ്ദേഹത്തെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാക്കി.

ഹരിയാനയില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കെയ്‌സില്‍ യുവതിയുടെ മൃതദേഹം. പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി യുവതിയെ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് നിഗമനം. യുവതിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്.

ഗുരുഗ്രാമില്‍ തിങ്കളാഴ്ചയാണ് 20-25 വയസ് തോന്നിക്കുന്ന യുവതിയുടെ നഗ്‌നശരീരം കണ്ടെത്തിയത്. യുവതി പീഡിപ്പിക്കപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പൊള്ളലേറ്റതിന് സമാനമായ മുറിവുകള്‍ ശരീരത്തിലുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നു.

ജനനേന്ദ്രിയത്തിലും മുറിവുകളുണ്ടായിരുന്നു. റോഡിനരികിലെ കുറ്റിക്കാട്ടില്‍ വൈകുന്നേരം നാലുമണിയോടെയാണ് സംശയാസ്പദപരമായ സാഹചര്യത്തില്‍ സ്യൂട്ട്കേസ് കണ്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പോലീസിനെ വിവരമറിയിച്ചത്.

അതേസമയം, മരിച്ച യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.

ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മാണം നടത്തിയെന്ന കേസില്‍ നടന്‍ ജയസൂര്യക്കെതിരെ വിജിലന്‍സ് കുറ്റപത്രം. കൊച്ചി ചിലവന്നൂര്‍ കായല്‍ കൈയ്യേറി നിര്‍മ്മാണങ്ങള്‍ നടത്തിയെന്നാണ് കേസ്സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എറണാകുളം വിജിലന്‍സ് യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്.

ആറ് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരേയും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് കാണിച്ച് ഹര്‍ജിക്കാരനായ ഗിരീഷ് ബാബു വീണ്ടും ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് നടപടി. ഇന്നലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കടവന്ത്ര ഭാഗത്തെ വീടിന് സമീപം നടന്‍ നിര്‍മ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയ്യേറി നിര്‍മ്മിച്ചതാണെന്നാണ് ആരോപണം. കണയന്നൂര്‍ താലൂക്ക് സര്‍വേയര്‍ ഇത് കണ്ടെത്തുകയും കോര്‍പറേഷന്‍ സെക്രട്ടറി തൃശൂര്‍ വിജിലന്‍സ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ച് കായലിന് സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നും അതിന് കോര്‍പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്‌തെന്നുമാണ് പരാതി.

ജയസൂര്യയും കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥരായിരുന്നവരും ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണു കുറ്റപത്രം. 2013ല്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അനധികൃത നിര്‍മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കാണിച്ച് 2014ല്‍ ജയസൂര്യക്ക് കൊച്ചി കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. കയ്യേറ്റം അളക്കാന്‍ കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഉത്തരവുകളൊന്നും നടപ്പായില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്. സംഭവം നടന്നത് എറണാകുളം ജില്ലയില്‍ ആയതിനാല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയിട്ടുണ്ട്.

ഭാര്യയെ അതിക്രൂരമായി മര്‍ദിച്ച കേസില്‍ മുപ്പത്തിയഞ്ചുകാരനെതിരെ കേസെടുത്ത് പോലീസ്. മലയിന്‍കീഴ് കടുക്കറ ഗിരിജാ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ദിലീപിനെയാണ് മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ദിലീപിന്റെ മര്‍ദനമേറ്റ് ഭാര്യ ആതിര ചികിത്സയിലാണ്.

ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. മദ്യപാന ശീലമുള്ള ഇലക്ട്രീഷ്യനായ ദിലീപ് ഭാര്യ ആതിരയെ മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ പകര്‍ത്തി ആസ്വദിക്കുകയും പതിവായിരുന്നു. അഞ്ച് വര്‍ഷം മുമ്പായിരുന്നു ആതിരയുടെയും ദിലീപിന്റെയും വിവാഹം.

പ്രണയവിവാഹമായിരുന്നു. ദിലീപ് വിവിധ ഇടങ്ങളില്‍ ഭാര്യയ്‌ക്കൊപ്പം വാടകയ്ക്ക് താമസിച്ചിരുന്നു. എന്നാല്‍ ആതിരയെ ഉപദ്രവിക്കുന്നതിന്റെ പേരില്‍ പല വീട്ടുടമകളും ഇവരെ ഒഴിപ്പിച്ചു. അതിനിടെ ബന്ധുളുടെ ഇടപെടലില്‍ ദിലീപ്
റിഹാബിലിറ്റേഷന്‍ സെന്ററില്‍ മദ്യപാനം നിറുത്താനുള്ള ചികിത്സ തേടിയിരുന്നു.

പക്ഷേ ചികിത്സയ്ക്ക് ശേഷവും മദ്യപാനം തുടര്‍ന്നു. ജീവിക്കാന്‍ വഴിയില്ലാതെ കുളക്കോട് വളവിലുള്ള സ്വകാര്യ മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ ജോലിക്ക് പോയിരുന്ന അതിരയോട് ഇനി ജോലിക്ക് പോകരുതെന്നും നിര്‍ത്തണമെന്നും ദിലീപ് പറഞ്ഞിരുന്നു.

എന്നാല്‍ ജോലി ഉപേക്ഷിക്കാന്‍ ആതിര തയ്യാറായില്ല. ഇതേ തുടര്‍ന്നായിരുന്നു ക്രൂരമര്‍ദനം. ആതിരയെ മര്‍ദ്ദിക്കുന്നത് ദിലീപ് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തത് പൊലീസ് കണ്ടെത്തി. മര്‍ദ്ദനത്തിനൊടുവില്‍, ജോലിക്ക് ഇനി പോകില്ലെന്ന് യുവതി പറയുന്ന ദൃശ്യങ്ങളും ഫോണിലുണ്ട്.

യുവതിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നെങ്കിലും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ അടുത്തിടെ ദിലീപ് അതിക്രൂരമായി മര്‍ദിച്ചതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ക്ക് മൂന്നും ഒന്നര വയസുമുള്ള രണ്ട് കുട്ടികളുണ്ട്.

അടുത്ത വീട്ടില്‍ കേസ് അന്വേഷിക്കാന്‍ വന്ന പോലീസിനെ കണ്ട് ഭയന്ന് നിലവിളിച്ചോടി 3 വയസ്സുകാരന്‍. പേടി അകറ്റാന്‍ കുട്ടിയെ പിന്നീട് സ്റ്റേഷനിലെത്തിച്ച് മിഠായി നല്‍കി കേരള പോലീസിന്റെ മാതൃക.

പോലീസുകാര്‍ കുട്ടിയെ സ്‌നേഹത്തോടെ ലാളിച്ചും മിഠായി നല്‍കിയുമാണ് പേടി മാറ്റിയത്. അടുത്ത വീട്ടില്‍ കേസ് അന്വേഷിക്കാന്‍ എസ്‌ഐ അരുണ്‍ തോമസും സംഘവും എത്തിയതു കണ്ടാണ്, വിഴിക്കിത്തോട് ചെറുവള്ളിയില്‍ അനില്‍കുമാറിന്റെ നയനയുടെയും ഇളയമകന്‍ ദേവജിത്ത് ഭയന്നോടിയത്.

ഭയം മാറാതെ രാത്രിയും കരച്ചില്‍ നിര്‍ത്താതെ വന്നതോടെ അനില്‍കുമാര്‍ എസ്‌ഐയെ വിവിരം അറിയിച്ചു. തുടര്‍ന്ന് എസ്‌ഐ പറഞ്ഞതനുസരിച്ച് പിറ്റേന്ന് കുട്ടിയെ സ്റ്റേഷനില്‍ കൊണ്ടുവന്നു.

പോലീസുകാര്‍ എടുത്തും മടിയിലിരുത്തിയും മിഠായി നല്‍കിയും ഒരു മണിക്കൂറോളം സമയം സ്റ്റേഷനില്‍ ചെലവിട്ടപ്പോഴേക്കും ദേവജിത്തിന്റെ ‘പോലീസ്’ പേടി മാറി പോലീസുമായി ചങ്ങാത്തത്തിലായി. എസ്‌ഐ അരുണ്‍ തോമസ് ദേവജിത്തിനെ മടിയിലിരുത്തി ലാളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ലണ്ടൻ: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ നാല് സീസണുകളായി നടത്തിവരുന്ന ക്രിസ്‌മസ്‌ കരോൾ ഗാനമത്സരത്തിന്റെ അഞ്ചാം സീസൺ 2022 ഡിസംബർ 10 ശനിയാഴ്ച ബിർമിങ്ഹാമിൽ വച്ചു നടക്കും. ബിർമിംഗ്ഹാം ബാർട്ലി ഗ്രീൻ കിംഗ് എഡ്‌വേഡ്‌ സിക്സ് ഫൈവ് വെയ്‌സ് ഗ്രാമർ സ്കൂളാണ് ഈ വർഷത്തെ വേദി. ഉച്ചയ്ക്ക് 12 മണി മുതൽ സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് വിവിധ ഗായകസംഘങ്ങളുടേയും ക്വയർ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയിൽ സംഗീത സാംസ്‌കാരിക ആത്മീയ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.

കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. കൂടാതെ സ്പെഷ്യൽ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ജോയ് ടു ദി വേൾഡിന്റെ നാലാം പതിപ്പിൽ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് ലണ്ടൻ സെന്റ്. തോമസ് സിറിയൻ ഓർത്തഡോൿസ് പള്ളി ഗായകസംഘമായിരുന്നു. മിഡ്ലാൻഡ്സ് ഹെർമോൻ മാർത്തോമാ ചർച്ച് രണ്ടാം സ്ഥാനവും കവൻട്രി വർഷിപ് സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

ജോയ് ടു ദി വേൾഡിനോടനുബന്ധിച്ച് കഴിഞ്ഞ സീസണിൽ ആരംഭിച്ച ക്രിസ്ത്യൻ ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റ് ഈ വർഷവും നടക്കും. പ്രായമനുസരിച്ച് മൂന്നു ക്യാറ്റഗറികളിലാണ് മത്സരം നടക്കുക. 5 -10 വയസ്, 11 – 16 വയസ്, 17 – 21 വയസ്. ഓരോ ക്യാറ്റഗറികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 5 വീതം ഫൈനലിസ്റ്റുകൾ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെ കരോൾ ഗാനമത്സരത്തോടനുബന്ധിച്ച് നടക്കും. വിജയികൾക്ക് സ്പെഷ്യൽ അവാർഡുകൾ നൽകുന്നതായിരിക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി ഒക്ടോബർ 31 ന് മുമ്പായി ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ ക്വയർ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരവും മികവുറ്റതാക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്. യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള ഗായക സംഘങ്ങൾ രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഭാരവാഹികളുമായി ബന്ധപ്പെടുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. കരോൾ ഗാനമത്സരത്തിന്റെ രെജിസ്ട്രേഷനുള്ള അവസാനതീയതി നവംബർ 10 ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Contact numbers: 07958236786 / 07828456564 / 07500058024

Copyright © . All rights reserved