കോഴിക്കോട് ∙ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ലഭ്യതയിലെ കുറവ് എല്ലാ സംസ്ഥാനങ്ങളും നേരിടുന്നുണ്ടെന്നും കഴിഞ്ഞ വർഷത്തേക്കാൾ 1000 മെഗാവാട്ടിന്റെ അധിക ഉപയോഗമാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആവശ്യത്തിന് അനുസരിച്ച് ഉൽപ്പാദനം നടക്കാത്ത സാഹചര്യത്തിൽ കൂടുതൽ വില നൽകി വൈദ്യുതി വാങ്ങുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ നയം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി ഉപയോഗത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാത്രിയിലെ അനാവശ്യ ആഡംബര ലൈറ്റുകളുടെ ഉപയോഗം കുറയ്ക്കണമെന്നും സണ്ണി ജോസഫ് അഭ്യർഥിച്ചു. പവർകട്ട് ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയുടെ യഥാർഥ സാഹചര്യം മനസ്സിലാക്കുന്ന ആരും സർക്കാരിനെ കുറ്റപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ആര്യാടൻ കൊണ്ടുവന്ന വൈദ്യുതി കരാർ റദ്ദാക്കിയതിന്റെ പ്രത്യാഘാതം ഇപ്പോഴാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടുകയാണ് കെഎസ്ഇബി. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിനായി ബോർഡ് ഡയറക്ടർമാർ നാളെ യാത്രതിരിക്കും. മധ്യപ്രദേശിൽനിന്ന് വായ്പ അടിസ്ഥാനത്തിൽ ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ഇതുവരെ ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ഇതിനിടെ, സ്വന്തം പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിലും മന്ത്രി സംശയം പ്രകടിപ്പിച്ചു.











Leave a Reply