Latest News

ഇടവേള ബാബുവിന് എതിരെ രംഗത്തെത്തിയ എംഎൽഎയും നടനുമായ കെബി ഗണേഷ് കുമാറിനെ വിമർശിച്ച് ഷമ്മി തിലകൻ രംഗത്ത്. ഗുരുതരമായ ആരോപണങ്ങളാണ് ഗണേഷിന് എതിരെ ഷമ്മി തിലകൻ ഉന്നയിച്ചിരിക്കുന്നത്. വിജയ് ബാബു വിഷയത്തിൽ നടപടി എടുക്കാതെ ഷമ്മി തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന് അമ്മ സെക്രട്ടറി ഇടവേള ബാബുവിന് എതിരെ കഴിഞ്ഞദിവസമാണ് ഗണേഷ് കുമാർ രംഗത്തെത്തിയത്. എന്നാൽ ഗണേഷ് കുമാർ തന്നെ കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുതെന്നാണ് ഷമ്മി തിലകന്റെ തിരിച്ചടി.

താര സംഘടനയ്ക്കെതിരേ ഗണേഷ് കുമാർ നടത്തിയ വിമർശനത്തിന്റെ പകുതി പോലും താൻ നടത്തിയിട്ടില്ലെന്ന് ഷമ്മി തിലകൻ പറഞ്ഞു. താരസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഷമ്മി തിലകനോട് യോജിക്കുന്നുവെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇത് തിലകന്റെ വിഷയമല്ലെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതോടെയാണ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഷമ്മി തിലകൻ രൂക്ഷ വിമർശനം നടത്തിയത്. തന്റെ അച്ഛൻ തിലകനോടുള്ള ദേഷ്യത്തിന്റെ പേരിൽ തന്നെയും വേട്ടയാടിയ വ്യക്തിയാണ് ഗണേഷ് കുമാറെന്ന് ഷമ്മി തിലകൻ പറഞ്ഞു.

അച്ഛൻ (നടൻ തിലകൻ) എഴുകോണത്ത് പ്രസംഗിക്കാൻ പോയപ്പോൾ ഗുണ്ടകളെ വിട്ട് തല്ലിക്കാൻ ശ്രമിച്ചയാളാണ് ഗണേഷ് കുമാർ. അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞയാൾ ഗണേഷ് കുമാറാണ്. അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങൾ എന്ന് പറഞ്ഞതും ഗണേഷ് കുമാറാണ്.

ഈ സംഘടനയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാൻ പാടില്ല. എന്നിട്ടും ഗണേഷ് കുമാർ ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതും ഷമ്മി തിലകൻ ചൂണ്ടിക്കാണിച്ചു.

അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാർ പത്തനാപുരത്ത് തിരഞ്ഞെടുപ്പിന് മുൻപായി രണ്ട് സ്ത്രീകൾക്ക് വീടുകൾ പണിത് നൽകിയെന്നാണ് ഷമ്മി തിലകന്റെ ആരോപണം. അതെല്ലാം താൻ ചോദ്യം ചെയ്തതാണ് അവർക്ക് അസഹിഷ്ണുത തോന്നാൻ കാരണമെന്നും താരം പറയുന്നു.

ഗണേഷ് കുമാർ തന്നെയാണ് അമ്മയുടെ കെട്ടിടം ക്ലബ് പോലെയാണെന്ന് മുൻപ് പറഞ്ഞത്. സംഘടനയിലെ പല അംഗങ്ങളുടെയും ബാങ്ക് ബാലൻസ് പരിശോധിക്കണം. ആദായനികുതി വകുപ്പുമായി അമ്മയ്ക്ക് ആറു കോടിയുടെ കേസുണ്ട്. ഇതൊന്നും എന്താണ് ഗണേഷ് കുമാർ ചോദിക്കാത്തതെന്നും ഷമ്മി തിലകൻ ചോദ്യം ചെയ്യുന്നു. ഞാൻ ചെയ്യാത്ത കാര്യം പറഞ്ഞാൽ ഇനി മറുപടി ഇതായിരിക്കില്ല. ഞാൻ പലതും തുറന്ന് പറയും. എന്നെ ചൊറിയരുത്, മാന്തും. വെറുതെ അത് ചെയ്യിപ്പിക്കരുത്- ഷമ്മി തിലകൻ മുന്നറിയിപ്പ് നൽകുന്നു.

ഞാൻ നൽകിയ വിശദീകരണത്തിൽ എന്താണ് തൃപ്തികരമല്ലാത്തത് എന്ന് സംഘടനാ തലപ്പത്തുള്ളവർ പറഞ്ഞിട്ടില്ലെന്നും സ്ത്രീപീഡനക്കേസിൽ കുറ്റാരോപിതനായിരിക്കുന്ന ഒരു വ്യക്തിയെ പ്രിഡൈഡിങ് ഓഫീസറാക്കി വച്ച് അദ്ദേഹത്തിന്റെ മുൻപിൽ ഞാൻ വിശദീകരണം നൽകണമെന്ന് പറഞ്ഞു. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാമെന്ന് പറഞ്ഞെങ്കിലും അത് പറ്റില്ലെന്നാണ് അവർ പറയുന്നത്. തന്റെ ജോലി മുടക്കി, ഇദ്ദേഹത്തിന്റെ മുൻപിൽ ഞാൻ നേരിട്ട് ഹാജരാകണമെന്ന് എന്ത് അടിസ്ഥാനത്തിലാണെന്നും താൻ അതിന് വഴങ്ങില്ലെന്നും ഷമ്മി പറയുന്നു.

2018-ലാണ് ഈ വിഷയം തുടങ്ങുന്നത്. ഇടവേള ബാബുവിന് ഞാൻ അയച്ച സന്ദേശത്തിൽ സംവിധായകൻ വിനയനുമായി ബന്ധപ്പെട്ട ഒരു സംഭവത്തെ കുറിച്ച് പറയുന്നുണ്ട്. അമ്മയുമായി വിനയന് കേസുണ്ടായിരുന്നു. അഥ് വിനയിൻ വിജയിച്ചു. തുടർന്ന് വിനയന്റെ സിനിമയിൽ തനിക്ക് അവസരം ലഭിച്ചു. എന്നാൽ, മുകേഷും ഇന്നസെന്റും തന്നോട് അതിൽ അഭിനയിക്കേണ്ട, അഡ്വാൻസ് തിരിച്ചുകൊടുത്തേക്ക് എന്ന് പറഞ്ഞു. അങ്ങനെയാണ് താൻ ഈ സിനിമയിൽനിന്ന് പിൻമാറിയത്. വഴക്ക് വേണ്ടെന്ന് കരുതിയാണ് ഒഴിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

ഗണേഷ് കുമാറുമായി നിയമ പോരാട്ടം തന്നെ നടത്തേണ്ടി വന്നതിനെ കുറിച്ചും ഷമ്മി തിലകൻ വെളിപ്പെടുത്തുന്നുണ്ട്. ഷമ്മിയുടെ വീടിന് 10 മീറ്റർ അകലെയായി ഒരു കെട്ടിടമുണ്ടായിരുന്നു. പൂർണമായും നിയമവിരുദ്ധമായ കെട്ടിടമായിരുന്നു അത്. അതിനെതിരെ താൻ പരാതി കൊടുത്തതോടെ അവർ ഗുണ്ട മാഫിയയയാണ് പ്രവർത്തിച്ചതെന്ന് ഷമ്മി വെളിപ്പെടുത്തുന്നു. തന്റെ അച്ഛനെതിരേ പോലും അവർ പരാതി നൽകി. പിന്നാലെ, ഗണേഷ് കുമാറിന്റെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ തനിക്കെതിരേ കേസെടുത്തു. ാെടുവിൽ ഞാൻ നിയമപോരാട്ടം നടത്തി പുനരന്വേഷണം നടത്തിയാണ് നീതി നേടിയതെന്നും എന്നിട്ടാണോ ഗണേഷ് കുമാർ വലിയ വർത്തമാനം പറയുന്നതെന്നും ഷമ്മി തിലകൻ തിരിച്ചടിക്കുന്നു.

പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു.58 വയസായിരുന്നു. വൃക്ക രോഗം മൂലം ഏറെ നാളുകളായിചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 11.30 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കൊവിഡ് ബാധിതയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു അംബിക. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താരത്തിന്റെ താമസം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക. രാഹുൽ, സോഹൻ എന്നിവരാണ് മക്കൾ.

കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷത്തിലൂടെ ശ്രദ്ധനേടിയ അംബിക റാവു മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

തൊമ്മനും മക്കളും, സാൾട്ട് ആന്റ് പെപ്പർ, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചിരുന്നു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാലോകത്തെത്തിയത്.

വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചതിന് പ്ലസ്ടു വിദ്യാര്‍ഥിനിയെ കാമുകന്‍ കൊന്ന് കുഴിച്ചു മൂടി. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ അത്വാരിവാല ഗ്രാമത്തിലാണ് സംഭവം. പ്രതിയായ 21കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ 16നാണ് കുടുംബം പോലീസില്‍ പരാതി നല്‍കുന്നത്. പ്രതിയായ യുവാവ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയെ കാണാതായതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി യുവാവ് സമ്മതിയ്ക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഗ്രാമത്തിന് സമീപമുള്ള ഓവുചാലിനടുത്ത് മറവ് ചെയ്ത നിലയില്‍ പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.

ജൂണ്‍ നാലിന് പെണ്‍കുട്ടിയുമായി യുവാവ് നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ഇവിടെ വെച്ച് തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി യുവാവിനോടാവശ്യപ്പെട്ടു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ യുവാവ് തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തര്‍ക്കം മൂത്ത് യുവാവ് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ യുവാവ് മൃതദേഹം ഓവ്ചാലിനടുത്ത് മറവ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ സുഹൃത്ത് ഒളിവിലാണ്.

യുഎസില്‍ ടെക്‌സസ് സിറ്റിയിലുള്ള സാന്‍ അന്റോണിയോയില്‍ ട്രക്കിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. മെക്‌സിക്കോയില്‍ നിന്നുള്ള അഭയാര്‍ഥികളാണ് മരിച്ചതെന്നാണ് നിഗമനം. 46ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ച ടെക്‌സസില്‍ താപനില 39.4 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു. ട്രക്കിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ 15 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി സാന്‍ അന്റോണിയോ അഗ്നിരക്ഷാ വിഭാഗം അറിയിച്ചു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ട്രക്കിനുള്ളില്‍ വെള്ളത്തിന്റെ അടയാളങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ആശുപത്രിയിലെത്തിച്ചവരില്‍ പലരുടെയും ശരീരത്തില്‍ അടുത്ത് ചെല്ലാനാവാത്ത വിധം ചൂടായിരുന്നുവെന്നാണ് അഗ്നിരക്ഷാ സേനാ മേധാവി ചാള്‍സ് ഹൂഡ് പത്രസമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്. റഫ്രിജറേറ്റ് ചെയ്ത ട്രാക്ടര്‍ ആയിരുന്നുവെങ്കിലും ട്രക്കില്‍ പ്രവര്‍ത്തനപ്രദമായ എസിയോ കൂളറോ ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇവരുടെ പങ്ക് വ്യക്തമായിട്ടില്ല. അമേരിക്കയില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ അത്യാഹിതമെന്നാണ് അധികൃതര്‍ സംഭവത്തെ വിശേഷിപ്പിക്കുന്നത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മനുഷ്യക്കടത്ത് നടക്കുന്നത് പോലീസിന്റെ അറിവോടെയാണെന്ന് ഇതിനോടകം തന്നെ നിരവധി ആരോപണങ്ങളുണ്ട്.

നൂറ് വയസുള്ള മീനിനെ ചൂണ്ടയിലാക്കി രണ്ട് മീൻപിടിത്തക്കാർ. പത്തടിയിലധികം നീളമുള്ള മീനിനെ കാനഡയിലെ മീൻപിടിത്തക്കാരായ സ്റ്റീവ് എക്‌ലൻഡ്, മാർക് ബോയിസ് എന്നിവരാണ് പിടികൂടിയത്. ബ്രിട്ടീഷ് കൊളംബിയയിലെ ലില്ലോയിട്ടിൽ മീൻപിടിക്കുന്നതിനിടയിലാണ് സ്റ്റർജോൺ വിഭാഗത്തിൽപ്പെടുന്ന മീൻ ചൂണ്ടയിൽ കൊളുത്തിയത്.

അസിപെൻസെറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന 27 ഇനം മത്സ്യങ്ങളുടെ പൊതുവായ പേരാണ് സ്റ്റർജോൺ. തങ്ങൾ പിടികൂടിയ മീനിന് പത്തടിയും ഒരിഞ്ച് നീളവും 57 ഇഞ്ച് ചുറ്റളവും ഉണ്ടായിരുന്നതായി സ്റ്റീവ് എക്‌ലൻഡ് പറഞ്ഞു. രണ്ട് മണിക്കൂർ നേരത്തെ കഠിനശ്രമത്തിനൊടുവിലാണ് മീനിനെ ബോട്ടിനുള്ളിൽ കടത്താനായത്. ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയ ശേഷം മീനിനെ വെള്ളത്തിലേയ്ക്ക് തന്നെ തിരികെ വിട്ടിരുന്നു. ഫേസ്ബുക്കിൽ ചിത്രത്തോടൊപ്പം സ്റ്റീവ് ഇക്കാര്യങ്ങൾ പങ്കുവയ്ക്കുകയായിരുന്നു.

വടക്കൻ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് വെള്ള സ്റ്റർജോൺ. പതിനാല് അടി വരെ നീളം വയ്ക്കാവുന്ന ഈ മീനിന്റെ ജീവിതകാലയളവ് 150 വർഷത്തോളമാണ്. വലിയ നദികളുടെ അഴിമുഖങ്ങളിലാണ് ഇവ സാധാരണയായി കാണാറുള്ളത്. എന്നാൽ മുട്ടയിടുന്നതിനായി ഇവർ ശുദ്ധജലത്തിലേയ്ക്ക് സഞ്ചരിക്കുന്നു.

ഷെറിൻ പി യോഹന്നാൻ

ദിവസേന ഒരു ഡീസന്റ് ഷെഡ്യൂൾ വച്ചുപോരുന്ന ആളാണ് പ്രിയദർശൻ. ആളൊരു ഹോമിയോ ഡോക്ടർ മാത്രമല്ല, ഫ്ലാറ്റിന്റെ അസോസിയേഷൻ സെക്രട്ടറിയും എഴുത്തുകാരനും ഒക്കെയാണ്. അതിലുപരിയായി ഒട്ടേറെ കാര്യങ്ങൾ ഒരേസമയം ഏറ്റെടുത്ത് അതിനു പുറകെ ഓടുന്ന വ്യക്തി. സ്വന്തം കാര്യത്തിലുപരിയായി തന്റെ ചുറ്റുമുള്ള മനുഷ്യർക്ക് വേണ്ടി ഓടുന്ന ആളാണ് നായകൻ. പ്രിയന്റെ നിർത്താതെയുള്ള ഓട്ടമാണ് ഈ സിനിമ.

മൾട്ടി ടാസ്കിങ് ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ടാവും. അത്തരം സ്വഭാവസവിശേഷതയുള്ള പ്രിയന്റെ ഒരു ദിവസത്തെ കാഴ്ചകളാണ് സിനിമയുടെ സിംഹഭാഗവും. എന്നാൽ ആ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരവസരം അയാളെ കാത്തിരിപ്പുണ്ട്. താൻ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തിയാക്കിയ ശേഷം ആ അവസരത്തിലേക്ക് എത്താൻ പ്രിയന് കഴിയുമോ എന്നാണ് സിനിമ പറയുന്നത്. എന്നാൽ ചില അപ്രതീക്ഷിത സംഭവങ്ങൾ കൂടി അന്ന് അരങ്ങേറുന്നുണ്ട്.

വളരെ ലളിതമായി കഥ പറയുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. നായകനെ കാണിക്കുന്നു, അദ്ദേഹത്തിന്റെ കുടുംബം, അദ്ദേഹത്തിന്റെ സ്വാഭാവം എന്ന് തുടങ്ങി സ്ഥിരം ശൈലിയിലാണ് ചിത്രം പ്രധാന കഥയിലേക്ക് കടക്കുന്നത്. നായകനെ വളരെ വേഗം എസ്റ്റാബ്ലിഷ് ചെയ്യാൻ തിരക്കഥാകൃത്തുക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാൽ കഥയും വലിയ തടസ്സമില്ലാതെ ഒഴുകുന്നു.


റിയലിസ്റ്റിക്കായ അവതരണവും ഷറഫുദീന്റെ പ്രകടനമികവുമാണ് ചിത്രത്തിന്റെ ശക്തി. നായകനിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആദ്യ പകുതി. പിന്നാലെ കഥയിലേക്ക് എത്തുന്ന പ്രിസ്കില്ല എന്ന കഥാപാത്രം. അവരുടെ യാത്രകൾ, പ്രശ്നങ്ങൾ ഒഴിയുന്ന കഥാന്ത്യം തുടങ്ങിയ പതിവ് രീതിയിലാണെങ്കിലും പ്രിയൻ മടുപ്പുളവാക്കുന്ന കാഴ്ചയല്ല.

നന്മ പടങ്ങളുടെ അതിപ്രസരമുള്ള നമ്മുടെ ഇൻഡസ്ട്രിയിൽ ഒരു ഫീൽ ഗുഡ് ചിത്രം വിജയകരമായി ഒരുക്കുക എന്നത് ശ്രമകരമാണ്. ഇവിടെ ഓവർ നന്മ കാണാൻ കഴിയുന്നില്ല. നന്മയുണ്ടെങ്കിലും ആ കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതയോട് ചേർന്നു പോകുന്നതിനാൽ കല്ലുകടിയായി അനുഭവപ്പെടില്ല. പ്രധാന കഥാപാത്രങ്ങൾ എല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നൈല ഉഷയുടെ കഥാപാത്ര നിർമിതിയും പ്രകടനവും നന്നായിരുന്നു. ജാഫർ ഇടുക്കിയുടെ തമാശകൾ ചിലയിടങ്ങളിൽ വിജയം കാണുന്നുണ്ട്. ബിജു സോപാനം അവതരിപ്പിച്ച കുട്ടൻ, ഈ സിനിമയിൽ ഒരു കോമഡി കഥാപാത്രമാണ്. എന്നാൽ അദ്ദേഹം പറയുന്നതൊക്കെ പ്രസക്തമായ കാര്യങ്ങളാണ്. പക്ഷേ അതൊക്കെ തമാശരൂപേണയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ആൾദൈവങ്ങളുടെ ഫോട്ടോ വെക്കുന്നതൊക്കെ കുട്ടൻ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അത് തമാശയുടെ മറപറ്റി ഒതുങ്ങിപോവുകയാണ്. ഇവിടെയാണ്‌ ആശയപരമായി പ്രിയൻ പിന്നിലേക്ക് പോകുന്നത്. പ്രിയന്റെ ഭാര്യയുടെ കഥാപാത്ര സൃഷ്ടിയും ശരാശരിയിൽ ഒതുങ്ങുന്നു. മേക്കിങ്, പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവ ചിത്രത്തിന് അനുയോജ്യമായ രീതിയിലുള്ളതാണ്. എന്നാൽ കഥയിൽ വലിയ കാര്യങ്ങളോ സംവിധായകന്റെ ക്രാഫ്റ്റോ കാണാൻ കഴിയില്ല. ഒരു ഡയലോഗും രണ്ട് സീനും മാത്രമേ ഉള്ളെങ്കിലും സ്ക്രീൻ പ്രസൻസ് കൊണ്ട് മമ്മൂട്ടി മികച്ചു നിൽക്കുന്നുണ്ട്. കഥയിലൂടെ ഒരു പാതയൊരുക്കി അദ്ദേഹത്തെ ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മൊത്തത്തിൽ, ബോറടിപ്പിക്കാതെ ലളിതമായ രീതിയിൽ കഥ പറഞ്ഞവസാനിക്കുന്നു.

Bottom Line – നമുക്ക് പലർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണ് പ്രിയൻ പറയുന്നത്. പ്രെഡിക്ടബിളായ കഥാസന്ദർഭങ്ങളാണ് ഏറെയും. ഷറഫുദീൻ, നൈല ഉഷ എന്നിവരുടെ പ്രകടനം മികച്ചുനിൽക്കുമ്പോഴും കഥാപരമായി പൂർണ തൃപ്തി നൽകാൻ ചിത്രത്തിന് കഴിയുന്നില്ല. രണ്ടര മണിക്കൂർ അധികം ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രങ്ങളില്ലേ; അത്തരത്തിൽ ഒന്നാണ് പ്രിയന്റെ ഓട്ടവും.

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബു അറസ്റ്റില്‍. ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടേക്കും.

ഏഴ് ദിവസം ചോദ്യംചെയ്യലിനായി സഹകരിക്കാന്‍ വിജയ് ബാബുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹവുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിന് ശേഷം ചോദ്യം ചെയ്യല്‍ തുടരും. കൊച്ചി കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിലും ഫ്‌ലാറ്റുകളിലുമാണ് തെളിവെടുപ്പ് നടത്തുന്നത്.

പരാതിയില്‍നിന്ന് പിന്‍മാറാന്‍ അതിജീവിതയ്ക്ക് വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം നടത്തും. നടിയുടെ പേര് സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയ കേസിലും നടപടിയുണ്ടാകും.

 

ആലപ്പുഴയില്‍നിന്നു കാണാതായ പെണ്‍കുട്ടികളെ ലോഡ്‌ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച തൃശൂര്‍ സ്വദേശികള്‍ അറസ്‌റ്റില്‍. തൃശ്ശൂര്‍ ചീയാരം കടവില്‍ വീട്‌ ജോമോന്‍ ആന്റണി, അളകപ്പനഗര്‍ ചീരക്കുഴി ജോമോന്‍ വില്യം എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

ആലപ്പുഴ സൗത്ത്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍നിന്നും കാണാതായ പെണ്‍കുട്ടികള്‍ എറണാകുളം വൈറ്റില ബസ്‌ സ്‌റ്റാന്‍ഡില്‍ എത്തിയപ്പോള്‍ അവിടെവച്ചു വശീകരിച്ച്‌ ചാലക്കുടിയിലെ ഒരു ലോഡ്‌ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. ആലപ്പുഴ സൗത്ത്‌ എസ്‌.ഐ: എസ്‌. അരുണ്‍ , എ.എസ്‌.ഐ: മനോജ്‌ കൃഷ്‌ണന്‍, സി.പി.ഒമാരായ ബിനുകുമാര്‍, അംബീഷ്‌, രാഖി എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്‌.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ആദ്യദിനം പിരിഞ്ഞു. സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചത്.

രാവിലെ സഭ ചേര്‍ന്നപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധത്തിലായിരുന്നു. ഇതോടെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് സ്പീക്കര്‍ ചേംബറില്‍ നിന്ന് മടങ്ങി. സഭയില്‍ നിന്ന് പോകാന്‍ കൂട്ടാക്കാത്ത ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും ആക്രോശിക്കുകയും ചെയ്തു. മന്ത്രിമാര്‍ വരെ മുദ്രാവാക്യം വിളിയുമായി ഇറങ്ങി.

ഇതോടെ സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് വന്നതോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷം അടിയന്ത്രര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സഭ പിരിഞ്ഞതോടെ സഭാ കവാടത്തില്‍ മോക് സഭ ചേര്‍ന്ന് ജനങ്ങള്‍ക്കു മുന്നില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.

യുവാവിനെ ഗള്‍ഫില്‍നിന്നും നാട്ടിലേക്ക്‌ വിളിച്ചു വരുത്തിയശേഷം ക്രിമിനല്‍ സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രിയില്‍ ഉപേക്ഷിച്ചു. കാസര്‍ഗോഡ്‌ കുമ്പള പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ മുഗുവിലാണു സംഭവം. മുഗുവിലെ അബൂബകര്‍ സിദ്ദീഖ്‌(32) ആണു മരിച്ചത്‌. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയി​ലെടുത്തു. കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദിഖിന്റെ സുഹൃത്തിനേയും ആശുപത്രിയിലെത്തിക്കാൻ ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. എട്ടുപേരെക്കുറിച്ച് സൂചന ലഭിചു ഗള്‍ഫിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.

സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: ചില ഇടപാടുമായി ബന്ധപ്പെട്ട്‌ സിദ്ദീഖിന്റെ രണ്ട്‌ ബന്ധുക്കളെ പൈവളിഗെ സ്വദേശികളായ ചിലര്‍ രണ്ട്‌ ദിവസം മുമ്പ്‌ തട്ടിക്കൊണ്ട്‌ പോയിരുന്നു. ഇവരെ ബന്ദികളാക്കിയാണു സിദ്ദീഖിനെ ഗള്‍ഫില്‍നിന്നും വിളിച്ചുവരുത്തിയത്‌. ഇന്നലെ നാട്ടിലെത്തിയ അദ്ദേഹം ക്രിമിനല്‍ സംഘത്തിന്റെ പിടിയിലായി. ഉച്ചയ്‌ക്ക്‌ തട്ടിക്കൊണ്ട്‌ പോയ സിദ്ദീഖിനെ രാത്രിയോടെയാണ്‌ ഒരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്‌. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതോടെ ആശുപത്രിയിലെത്തിച്ചവര്‍ വന്ന വാഹനത്തില്‍ തന്നെ കടന്നു. ബന്തിയോട്‌ ഡി.എം. ആശുപത്രിയിലാണ്‌ സിദ്ദീഖിനെ എത്തിച്ചത്‌. ഒപ്പം വന്നവര്‍ മുങ്ങിയതോടെ ആശുപത്രി അധികൃതരാണ്‌ സംഭവം പോലീസിലറിയിച്ചത്‌. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

Copyright © . All rights reserved