ജനുവരിയില്‍ അധികാരമേറ്റാല്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാടുകടത്തലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം പേരടങ്ങുന്ന പട്ടിക തയ്യാറാക്കിയിരിക്കുകയാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (.െഎസി.ഇ). ഈ പട്ടികയില്‍ ഏകദേശം 18,000 ത്തോളം ഇന്ത്യന്‍ പൗരന്മാരുമുണ്ടെന്നാണ് സൂചന.
തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാന്‍ വിദേശ സര്‍ക്കാരുകള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിഇ പറഞ്ഞു.
പ്യൂ റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മെക്‌സിക്കോയ്ക്കും എല്‍ സാല്‍വഡോറിനും ശേഷം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ളത് ഇന്ത്യയില്‍ നിന്നാണ്. നിലവില്‍ അമേരിക്കയില്‍ ഉള്ള അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യയില്‍ നിന്ന് ഏകദേശം 725,000 അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയിലുള്ളത്.
നിലവിലെ പട്ടിക പുറത്ത് വിടുന്നതിന് മുമ്പ് തന്നെ ഒക്ടോബറില്‍ അനധികൃതമായി രാജ്യത്ത് തങ്ങിയിരുന്ന ഇന്ത്യക്കാരെ അമേരിക്ക പ്രത്യേക വിമാനത്തില്‍ നാട് കടത്തിയിരുന്നു.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി ശരാശരി 90,000 ഇന്ത്യക്കാര്‍ അമേരിക്കന്‍ അതിര്‍ത്തികള്‍ അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിന് പിടിയിലായിട്ടുണ്ട്. അധികൃതരുടെ ഏകോപനത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി, ഇന്ത്യയെ സഹകരിക്കാത്തവരുടെ വിഭാഗത്തിലാണ് ഐസിഇ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മടങ്ങിയെത്തുന്ന പൗരന്മാരെ സ്വീകരിക്കുന്നതില്‍ രാജ്യങ്ങള്‍ കാണിക്കുന്ന നിസഹകരണം അടിസ്ഥാനമാക്കിയാണ് ഈ തരംതിരിവ്. 15 രാജ്യങ്ങള്‍ ഈ പട്ടികയിലുണ്ട്.
ഇടതുപക്ഷത്ത് നിന്നും ഇടഞ്ഞ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. ഡല്‍ഹിയില്‍വച്ച് അന്‍വര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ പിന്തുണയോടെയാണ് അന്‍വറിന്റെ നീക്കമെന്നാണ് സൂചന.
സുധാകരന് പുറമേ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കും പുതിയ നീക്കങ്ങളില്‍ പങ്കുണ്ടെന്നാണ് വിവരം. അതേസമയം സംസ്ഥാനത്തെ മറ്റു നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ സൂചനയൊന്നുമില്ല. അന്‍വറിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവിനെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും മറ്റ് ചില നേതാക്കളുടെയും നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമായേക്കും.
അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. എന്നാല്‍ ലീഗ് മയപ്പെടുമെന്നാണ് അന്‍വര്‍ വരുന്നതിനെ അനുകൂലിക്കുന്ന നേതാക്കള്‍ കരുതുന്നത്. ഇടതുപക്ഷത്തോട് അകന്ന അന്‍വര്‍ ആദ്യം ഡി.എം.കെയില്‍ ചേരാനാണ് ശ്രമിച്ചത്. എന്നാല്‍ ഡി.എം.കെ ഇതിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് ഡല്‍ഹിയില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായും എസ്പിയുമായും അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ അന്‍വര്‍ പാലക്കാടും വയനാടും യുഡിഎഫിനെ പിന്തുണച്ചു.
യുകെ: സൗത്താംപ്ടൺ മലയാളി ലീജിയുടെ മാതാവ് അങ്കമാലി തവളപ്പാറ പയ്യപ്പിള്ളി റോസി വർഗീസ്(74) നിര്യാതയായി.
സംസ്‌ക്കാരം 14/12/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അങ്കമാലി തവളപ്പാറ സെൻറ് ജോസഫ് പള്ളിയിൽ.
മക്കള്‍: ലീജി(സൗത്താംപ്ടൺ, UK ), പരേതയായ ലൈജി, ലിൻസി, ലിജോ
മരുമക്കള്‍: സാലി(സൗത്താംപ്ടൺ, UK ), ബിജോയി, സാലിജാ.
ലീജിയുടെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സംസ്ഥാനത്ത് വീട്ടില്‍ പ്രസവം നടത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. വീട്ടില്‍ പ്രസവം നടത്തുന്നതിന് പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി പ്രചാരണം നടത്തുകയും വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരക്കാരുടെ കുടുംബസംഗമങ്ങളും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സംഘത്തില്‍ ഡോക്ടര്‍മാരും അധ്യാപകരുമെല്ലാം ഉണ്ട് എന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. 2023 മാര്‍ച്ച് മുതല്‍ 2024 മാര്‍ച്ച് വരെ കേരളത്തില്‍ 523 വീട്ടുപ്രസവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം 200 പ്രസവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവുമധികം പ്രസവം വീട്ടില്‍ നടന്നത് മലപ്പുറത്താണെന്ന് അഡ്വ. കുളത്തൂര്‍ ജയ്‌സിങ്ങിന് വിവരാവകാശ നിയമപ്രകാരം ആരോഗ്യവകുപ്പ് നല്‍കിയ മറുപടിയില്‍ പറയുന്നു. അഞ്ച് വര്‍ഷം തുടര്‍ച്ചയായി മലപ്പുറത്ത് ഇരുനൂറില്‍ കൂടുതല്‍ പ്രസവങ്ങളാണ് ഇത്തരത്തില്‍ നടന്നിരിക്കുന്നത്.
ആരോഗ്യവകുപ്പ് ഇതിനെതിരേ ബോധവല്‍കരണങ്ങളും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. എങ്കിലും രഹസ്യമായും പരസ്യമായും ഇത്തര പ്രസവങ്ങള്‍ തുടരുന്നുണ്ട്. സമാന്തര ചികിത്സാ സംഘങ്ങളും ചില സാമുദായിക സംഘടനകളും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് വിവരം. സ്ത്രീക്ക് താത്പര്യമില്ലാഞ്ഞിട്ടും നിര്‍ബന്ധിച്ച് വീട്ടില്‍ പ്രസവിപ്പിക്കുന്ന സംഭവങ്ങളും ഉണ്ട്.
വയറ്റാട്ടിമാരെവെച്ചാണ് പ്രസവമെടുപ്പിക്കുന്നത്. ചിലര്‍ സ്വയംചെയ്യാന്‍ ശ്രമിക്കുന്നു. രക്തസ്രാവംമൂലം ഗുരുതരാവസ്ഥയിലാകുമ്പോഴാണ് ആശുപത്രിയിലെത്തിക്കുക. കഴിഞ്ഞ ഒക്ടോബറില്‍ വീട്ടില്‍ പ്രസവിക്കാന്‍ ശ്രമിക്കവേ കുഞ്ഞിന്റെ തലമാത്രം പുറത്തുവന്ന നിലയില്‍ യുവതിയെ ആശുപത്രിയിലെത്തിച്ച സംഭവം മലപ്പുറത്തുണ്ടായിരുന്നു. ആ കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിലുള്ള ശിശുമരണങ്ങള്‍ പലതും വീട്ടുകാര്‍ സഹകരിക്കാത്തതിനാല്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നും ഉണ്ട്. മലപ്പുറത്ത് ലക്ഷദ്വീപില്‍ നിന്ന് പോലും പ്രസവിക്കാന്‍ സ്ത്രീകള്‍ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി നിരാഹാരമിരിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ ആശുപത്രികളിലെത്തിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. തേവര്‍കടപ്പുറത്തെ ഒരു വീട്ടില്‍ ഒന്‍പത് പ്രസവിച്ച യുവതിയുടെ പത്താമത്തെ പ്രസവം ഇത്തരത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ച് നടത്തിയിരുന്നു.
വീടുകളില്‍ പ്രസവിക്കുന്ന കേസുകളില്‍ കുഞ്ഞിന് ലഭിക്കേണ്ട പ്രധാനപ്പെട്ട പരിചരണങ്ങള്‍ നഷ്ടമാകുന്നുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യക്ഷത്തിലുള്ള വൈകല്യങ്ങള്‍, ഹൃദയസംബന്ധമായ തകരാറുകള്‍, കേള്‍വി സംബന്ധവും കാഴ്ചസംബന്ധവുമായ കുഴപ്പങ്ങള്‍, ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ എല്ലാം പ്രസവാനന്തരം പരിശോധിച്ച് പരിഹാരങ്ങള്‍ ചെയ്യുന്നുണ്ട്. അതൊന്നും ഇക്കൂട്ടര്‍ക്ക് ലഭിക്കില്ല. ജനനത്തിലുണ്ടാകുന്ന കുഴപ്പങ്ങള്‍ കാരണം വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ രോഗിയാകുകയോ മരിക്കുകയോ ചെയ്യാം. വീട്ടുപ്രസവങ്ങള്‍ നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പിനോടൊപ്പം പൊലീസിന്റെ സഹകരണവും ഉണ്ടാകണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.
ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ വലയിലാക്കിയ ശേഷം മർദിച്ച് വീഡിയോ പകർത്തി പണംതട്ടാൻ ശ്രമിച്ച ആറംഗ സംഘത്തെ അറസ്റ്റു ചെയ്തു.ഇടപ്പള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് കല്ലായി പൂച്ചങ്ങൽ വീട്ടിൽ അജ്മൽ (23), മലപ്പുറം മമ്പാട് നിലമ്പൂർ കീരിയത്തു വീട്ടിൽ ഫർഹാൻ (23), നിലമ്പൂർ അരിവക്കോട് മേലേപുത്തൻവീട്ടിൽ അനന്തു (22), മലപ്പുറം എടക്കര കാർക്കുയിൽ വീട്ടിൽ മുഹമ്മദ് സിബിനു സാലി (23), കണ്ണൂർ ഉരുവച്ചാൽ അടിയോട് വീട്ടിൽ റയാസ് (26), മട്ടന്നൂർ ഫാത്തിമ മൻസിൽ സമദ് (27) എന്നിവരെയാണ് തൃക്കാക്കര സി.ഐ. എ.കെ. സുധീറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഡേറ്റിങ് ആപ്പിലൂടെ കെണിയിൽപ്പെടുത്തിയ യുവാവിനെ പ്രതികൾ താമസിച്ചിരുന്ന കാക്കനാട് പടമുകളിലെ വീടിനു സമീപത്തേക്ക് രാത്രി വിളിച്ചുവരുത്തി മർദിച്ച് മൊബൈൽ ഫോൺ കൈക്കലാക്കി. താൻ സ്വവർഗാനുരാഗിയാണെന്ന് യുവാവിനെക്കൊണ്ട് പറയിപ്പിക്കുന്ന വീഡിയോ ഇവർ പകർത്തുകയും ചെയ്തു.
ഈ വീഡിയോ വാട്സാപ്പ് വഴി പ്രചരിപ്പിക്കാതിരിക്കാൻ ഒരുലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തി. അടുത്ത ദിവസം വൈകീട്ട് പണം നൽകാമെന്നു സമ്മതിച്ചതോടെ യുവാവിനെ വിട്ടയച്ചു.
വീട്ടിലെത്തിയ യുവാവ് സംഭവം പിതാവിനെ അറിയിച്ചതോടെ വീട്ടുകാർ തൃക്കാക്കര പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആറുപേരും വലയിലായത്.
പ്രതികളിൽനിന്ന് പത്ത് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു. സംഘം ഡേറ്റിങ് ആപ്പിലൂടെ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.
റഷ്യന്‍ ആയുധ വിദഗ്ധന്‍ മിഖായേല്‍ ഷാറ്റ്സ്‌കിയെ മോസ്‌കോയിലെ വനമേഖലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റഷ്യന്‍ സൈന്യം ഉപയോഗിക്കുന്ന മിസൈലുകള്‍ വികസിപ്പിക്കുന്ന മാര്‍സ് ഡിസൈന്‍ ബ്യൂറോയിലെ ഡെപ്യൂട്ടി ജനറല്‍ ഡിസൈനറും ഡിസൈന്‍ മേധാവിയുമാണ് മിഖായേല്‍ ഷാറ്റ്സ്‌കി.
ക്രെംലിനില്‍ നിന്ന് 13 കിലോ മീറ്റര്‍ അകലെയുള്ള കുസ്മിന്‍സ്‌കി വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെടിയേറ്റ നിലയിലായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ അടുത്ത സഹായിയായിരുന്നു ഷാറ്റ്സ്‌കി.
അസോസിയേറ്റ് പ്രൊഫസര്‍ കൂടിയായി സേവനം ചെയ്തിരുന്ന ഷാറ്റ്സ്‌കി റഷ്യന്‍ കെ.എച്ച് 59 ക്രൂയിസ് മിസൈലിനെ കെ.എച്ച് 69 ലെവലിലേക്ക് നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
റഷ്യന്‍ ഡ്രോണുകള്‍, വിമാനങ്ങള്‍, ബഹിരാകാശ വാഹനങ്ങള്‍ മുതലായവയില്‍ എഐ സാങ്കേതിക വിദ്യയുടെ പ്രയോജനം കൂടി ഉള്‍പ്പെടുത്തുന്നതിന്റെ പ്രധാന വക്താവായിരുന്നു അദേഹമെന്നും കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വന മേഖലയിലെ ഷാറ്റ്സ്‌കിയുടെ വീട്ടില്‍ നിന്ന് 10 മിനിറ്റ് നടന്നാലെത്തുന്ന ദൂരത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്. നടനാണെങ്കിലും ഒരു പൗരനെന്നനിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം ചിക്ടപള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷും അച്ഛന്‍ അല്ലു അരവിന്ദും സ്റ്റേഷനിലെത്തിയിരുന്നു. നിര്‍മാതാവ് ദില്‍ രാജുവും സ്റ്റേഷനിലെത്തി. പോലീസ് സ്റ്റേഷനില്‍വെച്ച് നടന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷം ഗാന്ധി ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്നാണ് നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ജാമ്യഹര്‍ജിയും ഹൈക്കോടതി ഉടന്‍ പരിഗണിക്കാനിരിക്കുന്നതിനാല്‍ നടനെ ജയിലിലേക്ക് മാറ്റിയിരുന്നില്ല. ഇതിനുപിന്നാലെയാണ് നടന് ആശ്വാസമായി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
തിയേറ്ററിലെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ ദിവസങ്ങള്‍ക്ക് മുമ്പാണ് പോലീസ് കേസെടുത്തത്. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്. ഇതില്‍ രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് അല്ലു അര്‍ജുനെവെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ വസതിയിലെത്തി തെലങ്കാന പോലീസ് സംഘം നടനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടപടികള്‍ക്കിടെ ഏറെ വൈകാരികമായരംഗങ്ങളും അരങ്ങേറി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അറസ്റ്റിനായി പോലീസ് സംഘം വീട്ടിലെത്തിയസമയത്ത് അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഭാര്യ അല്ലു സ്നേഹ റെഡ്ഡി, സഹോദരന്‍ അല്ലു സിരിഷ്, അച്ഛന്‍ അല്ലു അരവിന്ദ് എന്നിവരും സംഭവസമയം നടന്റെ കൂടെ വീട്ടിലുണ്ടായിരുന്നു. അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുതീരുന്നത് വരെ പോലീസ് സംഘം കാത്തിരുന്നു. ഇതിനുശേഷമാണ് നടനുമായി പോലീസ് സംഘം സ്റ്റേഷനിലേക്ക് പോയത്.
പോലീസ് സംഘത്തിനൊപ്പം പോകുന്നതിന് മുന്‍പ് ഭാര്യ സ്നേഹ റെഡ്ഡിക്ക് അല്ലു അര്‍ജുന്‍ ചുംബനം നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കുടുംബാംഗങ്ങളോട് വിഷമിക്കേണ്ടകാര്യമില്ലെന്നും നടന്‍ പറഞ്ഞു. കാപ്പി കുടിച്ചതിന് പിന്നാലെ ഇനി പോകാം സര്‍ എന്നുപറഞ്ഞാണ് അല്ലു അര്‍ജുന്‍ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം നടന്നുനീങ്ങിയത്.
ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബർമിംങ്ഹാം ഹിന്ദു മലയാളി അസോസിയേഷന്റെ (BHIMA) ഈ വർഷത്തെ മണ്ഡലകാല അയ്യപ്പപൂജ പരിപാവനമായ ബർമിംങ്ഹാം ബാലാജി ക്ഷേത്രസന്നിധിയിൽ 14-12-2024 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വൈകിട്ട് 4.30 തിന് അയ്യപ്പ ഭജനയോടെ ആരംഭിക്കുന്ന ചടങ്ങ് പടിപൂജയും വിവിധങ്ങളായ അഭിഷേകങ്ങൾക്കും നെയ്യഭിഷേകത്തിനും ശേഷം പ്രസാദവിതണത്തോടെയാണ് അവസാനിക്കുന്നത്.
കലിയുഗ വരദനായ കാനനവാസന്റെ പാദാരവിന്ദങ്ങളിൽ ശിരസ്സ് നമിച്ച് മനസ്സ് സമർപ്പിക്കാനാഗ്രഹിക്കുന്ന യുകെയിലെ വിശ്വാസികൾ ഭക്തിസാന്ദ്രമായ ഈ പ്രാർത്ഥനായജ്ഞത്തിൽ പങ്കുചേരണമെന്ന് ബർമിംങ്ഹാം ഹിന്ദു മലയാളി അസോസിയേഷൻ ഭാരവാഹികൾ അഭ്യര്‍ത്ഥിക്കുന്നു.
ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ (LMHS) 2025 ലെ കലണ്ടറിന്റെ പ്രകാശനകർമ്മം ഡിസംബർ 12ാം തീയതി ലിവർപൂൾ കെൻസിങ്ടൺ മുത്തുമാരിയമ്മൻ കോവിലിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് LMHS സെക്രട്ടറി ശ്രീ സായികുമാർ ഉണ്ണികൃഷ്ണൻ അമ്പലത്തിലെ മുഖ്യ പൂജാരിക്ക് നൽകി നിർവഹിച്ചു . ലിവർപൂൾ മലയാളി ഹിന്ദു സമാജം പ്രവർത്തനമാരംഭിച്ചിട്ട് ഒന്നര വർഷമായിട്ടേ ഉള്ളൂ എങ്കിലും ഇതിനകം തന്നെ ലിവർപൂളിൻ്റെ കലാ സാംസ്കാരിക വേദികളിൽ മുൻനിരയിൽ തന്നെ സ്ഥാനം കണ്ടെത്താൻ ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന് കഴിഞ്ഞിട്ടുണ്ട്.
ലിവർപൂളിൽ ഇതുവരെ അനുവർത്തിച്ചു വന്നിരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും ലിവർപൂൾ മലയാളി ഹിന്ദു സമാജം (LMHS) ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് LMHS അംഗങ്ങൾക്ക് തികച്ചും സൗജന്യമായി ഇംഗ്ലണ്ടിലെയും കേരളത്തിലെയും പ്രധാന അവധി ദിനങ്ങളും കൂടാതെ കേരളത്തിലെ ചില പ്രധാനപെട്ട അമ്പലങ്ങളുടെ ചിത്രങ്ങളും അമ്പലത്തിൻ്റെ പ്രത്യേകതകളെ കുറിച്ചുള്ള ചെറിയ വിവരണവും ഉൾപെടുത്തി വർണ്ണ ശബളമായ ഈ കലണ്ടർ ഡിസൈൻ ചെയ്തിട്ടുള്ളത്.
ലിവർപൂൾ മലയാളി ഹിന്ദു സമാജം എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ശ്രീ രാംകുമാർ, ശ്രീ സജീവ്, ശ്രീ സരൂപ് , ശ്രീ രാംജിത്ത് പുളിക്കൽ എന്നിവർ കലണ്ടർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
യുകെ മലയാളികളുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട് തൂമഞ്ഞു പെയ്യുന്ന പാതിരാവിൽ എന്ന ക്രിസ്മസ് ഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു. ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്കു മനോഹരമായി ഈണം നൽകിയത് ഗോഡ്‌വിൻ തോമസ് ആണ്.ബിനോയ് ജോസഫ് നിർമ്മിച്ച ഈ ഗാനത്തിൽ ക്യാമറ ജെയ്ബിൻ തോളത്ത് ,എഡിറ്റിംഗ് അരുൺ കൂത്താടത് ,ഓർക്കസ്ട്രേഷൻ ഷാൻ ആന്റണി പാടിയത് മരിയ ഡാവിനാ എന്നിവരാണ്. ഷൈൻ മാത്യു , ഏബിൾ എൽദോസ് ,ജിയോ ജോസഫ് ഷിജോ ജോസ്,അഭിലാഷ് ആന്റണി,രതീഷ് തോമസ് ബിജു തോമസ്,ബിബിൻ ബേബി,അന്ന ജോസഫ് കുന്നേൽ,ബിജി ബിജു,സീനിയ ബോസ്‌കോ അശ്വതി മരിയ,ഐവി അബ്രഹം ,രേഷ്മ സാബു,മെറിൻ ചെറിയാൻ,ഡാലിയ സജി,തുടങ്ങി കൂടെ നല്ലവരായ കുട്ടികളും വീഡിയോ ഗാനത്തിൽ പങ്കാളികളായി…
വീണ്ണിന്റെ മഹിമ പ്രതാപങ്ങൾ എല്ലാം വെടിഞ്ഞു മണ്ണിലേക്കു ഇറങ്ങിവന്ന് മനുഷ്യനോളം താഴ്ന്നിറങ്ങിയ ദൈവ പുത്രൻ.മനുഷ്യരെ പുണ്യമുള്ളവരാക്കുവാൻ ,ലാളിത്യത്തിന്റെ പുൽതൊട്ടിലിൽ,കാലിതൊഴുത്തിലെ പുൽമെത്തയിൽ പിറന്നു സ്നേഹ സമ്പന്നനായ ഉണ്ണി ഈശോ.. കുറവുകളെ നിറവുകൾ ആക്കാൻ പുൽക്കൂട്ടിലെ തിരുപിറവി നമ്മെ പഠിപ്പിക്കുന്നു.ഉണ്ണിയേശു പിറന്നപ്പോൾ അവിടെ കേട്ട ആ സ്നേഹ ഗീതം ഇന്നും നമ്മുടെ കാതുകളിൽ മുഴങ്ങി കേൾക്കുന്നു.‘അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം‘ നമുക്കെന്നും നല്ല മനസ്സുള്ളവരായിരിക്കാം.