Latest News

എന്നും ഒരുമിച്ചായിരുന്നു അവർ. കളിക്കാനാണെങ്കിലും പഠിക്കാനാണെങ്കിലും. ചങ്ങാത്തച്ചരടിൽ കോർത്തവർ‌. ചെറുള്ളി ഗ്രാമത്തിൽ അടുത്തടുത്തായി താമസിക്കുന്നവർ. അവധിദിവസങ്ങളിലടക്കം നാലുപേരും ഒത്തുകൂടും. മരണത്തിലും വേർപിരിയാത്ത ആ കൂട്ടുകാർ നാടിന്റെ തീരാനോവായി.

കരിമ്പ ഗവ. ഹയർസെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനികളായ പി.എ. ഇർഫാന ഷെറിൻ, റിദ ഫാത്തിമ, കെ.എം. നിദ ഫാത്തിമ, എ.എസ്. ആയിഷ എന്നിവരാണ് നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറി ദാരുണമായി മരിച്ചത്.

അപകടസ്ഥലത്തുനിന്ന്‌ 300 മീറ്റർകൂടി പിന്നിട്ടാൽ ഇവർ വീടുകളിൽ എത്തുമായിരുന്നു.

മദ്രസപഠനംമുതൽ തുടങ്ങിയതാണ് നാലുപേർക്കിടയിലെ സൗഹൃദം. സ്കൂളിൽ എട്ടാംതരത്തിലെ വിവിധ ഡിവിഷനുകളിലായാണ് ഇവർ പഠിച്ചിരുന്നത്. അപകടത്തിൽപ്പെട്ട കുട്ടികളിൽ ചിലരെ തിരിച്ചറിയാനാകാതെയാണ് രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് കുതിച്ചത്. പൊന്നോമനകൾക്ക് സംഭവിച്ച ദുരന്തം വീട്ടുകാർ അറിഞ്ഞതും വൈകിയായിരുന്നു. ഒരുകുട്ടിയുടെ വാച്ചുകണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. അതോടെ ചെറുള്ളിയൊന്നാകെ സങ്കടക്കടലിലായി.

മുൻപ്‌ ദേശീയപാതയിലൂടെ അല്ലാതെ മറ്റൊരുവഴിയിലൂടെയായിരുന്നു കുട്ടികൾ സ്കൂളിലേക്കെത്തിയിരുന്നത്. അടുത്തിടെയാണ് ദേശീയപാതയിലൂടെ സ്കൂളിലേക്ക് വന്നുതുടങ്ങിയത്. വീട്ടിൽനിന്ന് സ്കൂളിലേക്ക് കഷ്ടിച്ച് ഒരു കിലോമീറ്ററേ ദൂരമുള്ളൂ.

തമിഴ്‌നാട് ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ തീപ്പിടിത്തമുണ്ടായി ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ലിഫ്റ്റില്‍ ആറുപേര്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. രാത്രി 11.30 പിന്നിടുമ്പോഴും തീപ്പിടിത്തം നിയന്ത്രണവിധേയമായിട്ടില്ല. നാലുനില കെട്ടിടത്തിന്റെ പലഭാഗങ്ങളിലേക്കും തീ വ്യാപിച്ചിട്ടുണ്ട്. നൂറിലധികം പേരാണ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. താഴത്തെ നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇതോടെ പലരും മുകള്‍നിലയിലേക്ക് ഓടിയതായും അതാണ് മരണനിരക്ക് ഉയരാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്.

അസ്ഥിരോഗ ചികിത്സയ്ക്ക് ആളുകള്‍ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണിത്. ലിഫ്റ്റില്‍ കുടുങ്ങിയവരും മരിച്ചവരിലുണ്ട്. മൂന്ന് വയസ്സുള്ള കുട്ടിയും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ മരണപ്പെട്ടവരിലുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് ക്യാമ്പുചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കരിമ്പ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.മരിച്ച മൂന്ന് വിദ്യാർഥികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു വിദ്യാർഥിയുടെ മൃതദേഹം വട്ടമ്പലം മദർ കെയർ ആശുപത്രിയിലുമാണുള്ളത്.

സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് സ്‌റ്റോപ്പിലിരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. ഈ സമയം സിമന്റുമായെത്തിയ ലോറി വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. തുടർന്ന് ലോറി മറിഞ്ഞു.

പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ലോറി അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കാസർകോട് സ്വദേശികളായ വർ​ഗീസ്, മഹേന്ദ്ര പ്രസാദ് എന്നിവരാണ് ലോറി ഡ്രൈവർമാർ. ഇവർ മണ്ണാർക്കാട് മദർ ആശുപത്രിയിൽ ചികിത്സയിലാണ്.

ആശുപത്രിയിൽ പോകാൻ വിസമ്മതിച്ച് സ്വയം പ്രസവിച്ച യുവതിയുടെ നവജാത ശിശു മരിച്ചു. ഒഡിൽ സ്വദേശികളായ ഗുല്ലി- ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ബുധനാഴ്‌ച വൈകുന്നേരത്തോടെ വീട്ടിൽ വെച്ചാണ് പ്രസവം നടന്നത്.

തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചെന്നെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ഒടുവിൽ വീട്ടിൽ വെച്ച് കുഞ്ഞിനെ പ്രസവിച്ച് കുഞ്ഞിൻ്റെ പൊക്കിൾക്കൊടി മുറിച്ച് മാറ്റിയതും യുവതി ഒറ്റയ്ക്കായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് വിവരം.

സംഭവം അറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകർ യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തി ഗർഭിണിയായ വിവരം വളരെ വൈകിയാണ് അറിഞ്ഞതെന്നും ചികിത്സ തേടാൻ ഉപദേശിച്ചിരുന്നതായും ആശ വർക്കർ പറഞ്ഞു. ആശ വർക്കർ നിർദ്ദേശിച്ചിട്ടും യുവതി ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ജീവനില്ലെന്ന് സ്ഥിരീകരിച്ചത്.

എൽ ആൻഡ് ടി ബൈപ്പാസിൽ കാറും വാനും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ മൂന്ന് പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ കെ.സി.എബ്രഹാമിന്റെ മകൻ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോൺ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരുമകൾ എലീന തോമസ് (30)നെ ഗുരുതര നിലയിൽ സുന്ദരാപുരം അഭിരാമി ആശുപത്രിയിലേക്ക് മാറ്റി.

തിരുവല്ലയിൽനിന്ന് ബെംഗളൂരുവിലേക്ക്‌ പോവുകയായിരുന്ന കാറും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കുറിയർ വാനുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ മധുക്കര എൽ ആൻഡ് ടി ബൈ പാസിൽ നയാര പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. മരുമകൾ അലീനയെയും കുഞ്ഞിനെയും ബെംഗളൂരുവിലേക്ക്‌ കൊണ്ടാക്കാനായി പോകുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ചലച്ചിത്രതാരം അനുശ്രീ ഉപയോഗിച്ചിരുന്ന കാർ മോഷ്ടിച്ചയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിൻ ഭവനിൽ പ്രബിനാ(29)ണ് പിടിയിലായത്. ചോദ്യംചെയ്യലിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ നടത്തിയ വാഹനമോഷണങ്ങളുടെ ചുരുളഴിഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാത്രി 12-നാണ് ഇഞ്ചക്കാട് പേ ആൻഡ് പാർക്കിൽനിന്ന്‌ കാർ മോഷണം പോയത്. കടയ്ക്കലിൽ വർക്ക്‌ഷോപ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽനിന്ന്‌ ഇളക്കിയ നമ്പർ പ്ലേറ്റ് മോഷ്ടിച്ച കാറിൽ സ്ഥാപിച്ചു. തുടർന്ന് കാറുമായി തിരുവനന്തപുരം വെള്ളറട ഭാഗത്തെത്തിയ പ്രതി ഇവിടെ റബ്ബർ വ്യാപാരസ്ഥാപനത്തിൽനിന്ന്‌ 500 കിലോയിലധികം റബ്ബറും ഏഴായിരം രൂപയും കവർന്നു.

അടുത്തദിവസം പത്തനംതിട്ട പെരിനാട്ട് കാറിൽ എത്തിയ പ്രതി ഇവിടെ റബ്ബർ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് കവർന്ന 400 കിലോയിലധികം റബ്ബർഷീറ്റ് പൊൻകുന്നത്ത് കൊണ്ടുപോയി വിറ്റു. പണവുമായി കോഴിക്കോട്ടുള്ള സ്നേഹിതയെ കാണാൻ പോകുംവഴി പാലായ്ക്കുസമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ചത് പോലീസ് വാഹനത്തിലാണെന്നു തെറ്റിദ്ധരിച്ച് അവിടെനിന്നു കടന്ന പ്രതി സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കാർ ഉപേക്ഷിച്ച് ബസിൽ തിരുവനന്തപുരത്തേക്കു പോയി. മോട്ടോർ സൈക്കിളിൽ വീണ്ടും കോഴിക്കോട്ടേക്കു പോകുംവഴി കൊട്ടാരക്കര ഫെയ്ത്ത് ഹോം ജങ്‌ഷനിൽ ചൊവ്വാഴ്ച രാത്രി കൊട്ടാരക്കര പോലീസ് പിടികൂടുകയായിരുന്നു.

ഒട്ടേറെ ഇടങ്ങളിൽ സമാനമായി ഇയാൾ വാഹനമോഷണം നടത്തിയതായി പോലീസ് പറഞ്ഞു. 2023-ൽ കല്ലമ്പലത്ത് കാർ മോഷ്ടിച്ചതിന് അറസ്റ്റിലായ പ്രബിൻ കഴിഞ്ഞ ജൂലായിലാണ് ജയിലിൽനിന്നു പുറത്തിറങ്ങിയത്.

ഓഗസ്റ്റിൽ നെടുമങ്ങാട്ടുനിന്ന്‌ കാർ മോഷ്ടിച്ചതായും പാലക്കാട് കുഴൽമന്ദം തേങ്കുറിശ്ശിയിൽ പെയിന്റുകടയിൽ മോഷണം നടത്തിയതായും പോലീസ് പറഞ്ഞു. സെപ്റ്റംബറിൽ ആലത്തൂരിലെ യൂസ്ഡ് കാർ ഷോറൂം, കാസർകോട്ടെ യൂസ്ഡ് കാർ ഷോറൂം എന്നിവിടങ്ങളിൽനിന്ന് കാറും ഷൊർണൂരിൽ വാഹന ഷോറൂമിൽനിന്നു പിക്കപ്പ് വാനും പ്രതി മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.

ഇതുൾപ്പെടെ പ്രതി ഉൾപ്പെട്ട എട്ട് മോഷണക്കേസുകൾ തെളിഞ്ഞതായി പോലീസ് അറിയിച്ചു. മൂന്നു ജില്ലകളിലെ സി.സി.ടി.വി.ദൃശ്യങ്ങളും ഫോൺ കോളുകളും പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണസംഘം മോഷ്ടാവിനെ രണ്ടു ദിവസത്തിനുള്ളിൽ വലയിലാക്കിയത്. കൊട്ടാരക്കര ഇൻസ്പെക്ടർ എസ്.ജയകൃഷ്ണന്റെ നേതൃത്വത്തിൽ, എസ്.ഐ.മാരായ എ.ആർ.അഭിലാഷ്, രജനീഷ്, വാസുദേവൻ, രാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജു ഡി.തോമസ്, സി.പി.ഒ.മാരായ എൻ.രാജേഷ്, ശ്യാം കൃഷ്ണൻ, അരുൺ മോഹൻ, ഡി.ദീപക്, അഭിസലാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് സംഘടിപ്പിച്ച ആരവം 2024 പരിപാടിയുടെ ഭാഗമായി ആറുമുതൽ പതിനാറു വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച റുബികിസ് ക്യൂബ് മൽത്സരം പരിപാടിയെ ആവേശത്തിന്റെ പുതിയ ഉയരങ്ങളിലേക്കെത്തിച്ചു. ആവേശകരമായ മത്സരം പരിപാടിയുടെ മുഖ്യ ആകർഷണമായി മാറി.

കാണികളിൽ ആകാംക്ഷ നിറച്ച, മില്ലിസെക്കന്റുകളുടെ വ്യത്യാസത്തിൽ മാത്രം വിജയിയെ തിരഞ്ഞെടുത്ത ഫൈനൽ മത്സരത്തിൽ സ്പാൽഡിങ് ഗ്രാമർ സ്കൂളിലെ ഇയർ 8 വിദ്യാർത്ഥിയായ ഹംദാൻ റസൂൽ റെഫിന് 21.055 സെക്കൻഡിൽ ക്യൂബ് സോൾവ് ചെയ്തു ഒന്നാം സ്ഥാനവും. 22.00 സെക്കൻഡിൽ ക്യൂബ് സോൾവ് ചെയ്ത ചെറിഹിന്റൺ ചര്‌ച്ച ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്കൂളിലെ ഇയർ 6 വിദ്യാർത്ഥിയായ നേഥൻ സുസുക്കി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കുറഞ്ഞ സമയത്തിൽ റുബിക് ക്യൂബ് സോൾവ് ചെയ്തു കൈരളി ക്യൂബ് ചാമ്പ്യൻ 2024 കരസ്ഥമാക്കിയ ഹംദാന് ലോയൽറ്റി ഫൈനാൻഷ്യൽ സൊല്യൂഷൻസ് CEO സോണി ജോർജ് സമ്മാനദാനം നിർവഹിച്ചു.

ആരവം 2024 ഭാഗമായി റുബികിസ് ക്യൂബ് മത്സരത്തിന് പുറമെ പ്രായ ഭേദമന്യേ എല്ലാവര്ക്കും പങ്കെടുക്കാൻ സാധിക്കുന്ന ചെസ്സ്, കാരംസ്, ചിത്ര രചന, കുട്ടികൾക്കായി സംഘടിപ്പിച്ച സയൻസ് ക്വിസ്, ഇതിനു പുറമെ കൈരളി സയൻസ് ആൻഡ് സൊസൈറ്റിയുടെ ഭാഗമായി കുട്ടികൾക്കുവേണ്ടി നടത്തുന്ന കോഡിങ് ക്ലബ്ബിന്റെ പദ്ധതികൾ വിശദീകരിക്കാനായി പ്രത്യേക സ്റ്റാളും പ്രവർത്തിച്ചു. കോഡിങ് ക്ലബ് പ്രവർത്തകരായ യൂസഫ് സൈത് , രഞ്ജിനി ചെല്ലപ്പൻ എന്നിവർ കുട്ടികളെ പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഗെയിം ഡെവലൊപ്മെൻറ് എന്നീ മേഖലകളുടെ സാധ്യതകളെ കുറിച്ചും, കൈരളി കേംബ്രിഡ്ജ് യൂണിറ്റിന്റെ വരാനിരിക്കുന്ന കോഡിങ് ക്ലബ് പരിപാടികളെക്കുറിച്ചും അവബോധരാക്കി. കുട്ടികൾക്ക് സ്റ്റാളിൽ വരുവാനും സ്വന്തമായി കോഡുകൾ എഴുതുവാനും അവ പ്രവർത്തിപ്പിച്ചു നോക്കുവാനുമുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നത് കുട്ടികളെയും മാതാപിതാക്കളെയും ഒരുപേലെ സ്റ്റാളിലേക്കു ആകർഷിച്ചു. കുട്ടികളോടൊപ്പം കോഡുകൾ എഴുതി വളരെ കൗതുകത്തോടെ റോബോട്ടുകളെ ചലിപ്പിച്ച മാതാപിതാക്കൾ കുട്ടികളോടൊപ്പം തന്നെ ആവേശത്തോടെ കോഡ് ക്ലബ്ബിന്റെ ഭാഗമായി.

കുട്ടികൾക്ക് വേണ്ടി നടത്തിയ സയൻസ് ക്വിസ് വിജയികളായ അഥർവ്, ഈഥൻ എന്നിവർക്ക് കൈരളി സയൻസ് ആൻഡ് സൊസൈറ്റി ഭാരവാഹിയായ രഞ്ജിനി ചെല്ലപ്പൻ ഉപഹാരങ്ങൾ നൽകി.
കൈരളി യുകെയുടെ വിശപ്പുരഹിത ക്രിസ്മസ് എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഭ കേശവൻ മെമ്മോറിയൽ ഫുഡ് ബാങ്കിലേക്ക് അവശ്യ ഭക്ഷണ സാമഗ്രികളുടെ ശേഖരണവും ആരവം 2024 ഭാഗമായി നടന്നു. എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള രസകരമായ തംബോലയും, കരോക്കെ മ്യൂസിക് സ്റ്റേഷനും ചായസൽക്കാരവും പരിപാടിയെ കൂടുതൽ ഹൃദ്യമാക്കി. ഇതോടൊപ്പം തന്നെ നടത്തിയ നറക്കെടുപ്പിൽ ഭാഗ്യശാലികളായവർക്കു കൈരളി കേംബ്രിഡ്ജ് ഭാരവാഹികളായ വിജയ് ബോസ്കോ ജോൺ, ജെറി വല്യാറ എന്നിവർ സമ്മങ്ങൾ കൈമാറി. യൂണിറ്റ് ട്രെഷറർ ബിജോ ലൂക്കോസ് , സാബു പൗലോസ് എന്നിവരുടെ മേൽനോട്ടത്തിൽ ഔപചാരികതകൾ ഒന്നും കൂടാതെ നടത്തിയ ആരവം 2024 പങ്കെടുത്ത എല്ലാവര്ക്കും വേറിട്ടൊരു അനുഭവമായി മാറി.

മൂന്ന് കൊല്ലത്തിനിടെ നൂറ് പെരുമ്പാമ്പുകളെ വലയിലാക്കിയ അപൂർവ നേട്ടവുമായി വനം വകുപ്പിലെ രോഷ്നി ജി.എസ്. ചൊവ്വാഴ്ച രാത്രി ആര്യനാട്, പുതുക്കുളങ്ങരയിലെ ഒരു വീട്ടിൽ നിന്ന് പിടികൂടിയതാണ് രോഷ്നിയുടെ പാമ്പ് പിടിത്ത കാലയളവിനിടയിലെ നൂറാമത്തെ പെരുമ്പാമ്പ്. വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറും (ബി.എഫ്.ഒ) റാപ്പിഡ് റസ്പോൺസ് ടീം (ആർ.ആർ.ടി) അംഗവുമാണ് രോഷ്നി.

പരിശീലനവും ലൈസൻസും നേടി 2019 അവസാനം മുതലാണ് പാമ്പ് പിടിത്തം രോഷ്നി ആരംഭിച്ചത്. പരിശീലനശേഷം രോഷ്നി ആദ്യമായി എടുത്തതും പെരുമ്പാമ്പ് ആയിരുന്നു. പാമ്പുകളെ ഉപദ്രവി ക്കുന്നതും കൊല്ലുന്നതും വ്യാപകമായതോടെയാണ് ശാസ്ത്രീയമായി പാമ്പുകളെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥക്ക് അനുസരിച്ച് തുറന്ന് വിടാൻ വനം വകുപ്പ് പദ്ധതി ആവിഷ്കരിച്ചത്. അതിന്റെ ഭാഗമാണ് ഇപ്പോൾ രോഷ്നിയും.

ഏറെപ്രതികൂലവും ദുഷ്കരവുമായ സാഹചര്യങ്ങളിൽ പോലും ധൈര്യമായി ഇറങ്ങി ചെന്ന് അതി സാഹ സികമായി പാമ്പുകളെ പിടികൂടാൻ രോഷ്നി കാട്ടുന്ന മിടുക്ക് ശ്രദ്ധേയമാണ്. കഴിഞ്ഞദിവസം പുലർച്ചെ 4.30 ന് വന്ന ഫോൺ സന്ദേശം അനുസരിച്ച്, ഉറക്കം കളഞ്ഞാണ് രോഷ്നി തന്റെ 99ാ മത്തെ പെരുമ്പാമ്പിനെ പിടിക്കാൻ ഇറങ്ങിയത്. കഴിഞ്ഞമാസം രാത്രിയിൽ വിതുര, കളീക്കലിൽ തോട്ടിൽ കണ്ട പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വെള്ളത്തിൽ വീണുപോയ സംഭവവും ഉണ്ടായി. പെരുമ്പാമ്പിനെ പിടികൂടുന്ന സാഹചര്യങ്ങളില്ലൊം വലിയ പ്രതിബന്ധങ്ങളെ തരണം ചെയ്തഅനുഭവങ്ങളുമുണ്ട്.

പാമ്പുപിടിത്തം ഹരമാക്കിയ രേഷ്നി ആർ.ആർ.ടിയിൽ എത്തിയ ശേഷം പെരുമ്പാമ്പുകളെ കൂടാതെ, മൂർഖൻ, അണലി, ശംഖുവരയൻ, ചേര, കാട്ടുപാമ്പ്, ചുരുട്ട തുടങ്ങി നാന്നൂറോളം എണ്ണത്തെ ഇതിനകം പിടികൂടിയിട്ടുണ്ട്. കൂടാതെ മരപ്പട്ടി, മുള്ളൻപന്നി, മൂങ്ങ തുങ്ങിയവയെയും സാഹസികമായി വലയിലാക്കി യിട്ടുണ്ട്. പരസഹായം തേടാൻ കഴിയാത്ത രക്ഷാദൗത്യമാണ് പാമ്പ് പിടിത്തമെന്നും അതിനുസൃതമായി ഓരോസ്ഥലത്തെയും നാട്ടുകാരും സഹകരിക്കുന്നതാണ് ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതെന്നും രോഷ്നി പറയുന്നു.

ഷിബു മാത്യൂ

പത്ത് വർഷത്തെ ആവേശകരമായ നാളുകൾക്ക് ശേഷം തറവാട് ലീഡ്സ്സിൻ്റെ പുതിയ അധ്യായം ലീഡ്സ്സിൽ തുറക്കുകയാണ്. ഉയരെ!!. ലോകോത്തര നിലവാരത്തിലുള്ള റൂഫ് ടോപ് റെസ്സ്റ്റോറൻ്റ് യുകെയിലെ ഏറ്റവും തിരക്കുള്ള നഗരമായ ലീഡ്സ്സിൻ്റെ ഹൃദയഭാഗത്ത്. യുകെയിലെ ഏറ്റവും മികച്ച മലയാളി റെസ്റ്റോറൻ്റ് തറവാട് ലീഡ്സ്സ് വൻ തോതിലുള്ള വിപുലീകരണം പ്രഖ്യാപിച്ചു. ഇതിൻ്റെ ഭാഗമായി മുൻ റൂഫ് ടോപ് ബാർ ഇഷയെ ഏറ്റെടുത്തു. ഏതാനും ആഴ്ചകളായി മലയാളികളുടെ മാത്രമല്ല ബ്രീട്ടീഷുകാരുടെയും പ്രിയപ്പെട്ട ഭക്ഷണശാലയായ തറവാടിൻെറ വിപുലീകരണങ്ങളെ കുറിച്ച് വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ലോക ചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീം മുതൽ പ്രശസ്തരായ ഒട്ടേറെ സെലിബ്രെറ്റികളുടെ ഇഷ്ട ഭക്ഷണ കേന്ദ്രമായ തറവാടിൻ്റെ രണ്ടാമത്തെ റെസ്റ്റോറൻ്റ് ആരംഭിക്കാനുള്ള വാർത്തകളെ സന്തോഷത്തോടെയാണ് യുകെയിലെ ഭക്ഷണ പ്രേമികൾ ഏറ്റെടുത്തത്.

അടുത്തയിടെ ബ്രിട്ടീഷ് ഇന്ത്യൻ ഗുഡ് ഫുഡിൻ്റെ ലിസ്റ്റിൽ മികച്ച ആദ്യത്തെ 20 റെസ്സ്റ്റോറൻ്റുകളിൽ ഒന്നാമതായി തറവാട് ഇടം പിടിച്ചിരുന്നു. മലയാളിയുടെ തനിമയിലും മികച്ച രുചിയിലും വിളമ്പുന്ന തറവാട്ടിലെ ഭക്ഷണത്തിൻ്റെ ആരാധകർ യുകെയ്ക്ക് പുറത്തുനിന്നും തറവാട്ടിൽ എത്തിക്കൊണ്ടിരിക്കുന്നു. ഉയരെ !! മാർച്ച് ആദ്യവാരം തറവാട് ബ്രിട്ടണ് സമർപ്പിക്കും.

ഭർത്താവിന്റെ വായ്പകൾ അടച്ചുതീർക്കുന്നതിനായി നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബെം​ഗളൂരുവിലെ രാമ​ന​ഗരയിലാണ് സംഭവം. കുട്ടിയെ വിൽക്കാൻ സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു. 30 ദിവസം മാത്രം പ്രായമായ ആൺകുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിനെ രക്ഷപ്പെടുത്തി മാണ്ഡ്യയിലെ ചൈൽഡ് വെൽഫെയർ ഹോമിലേക്ക് മാറ്റി.

ഡിസംബർ ഏഴിന് യുവതിയുടെ ഭർത്താവാണ് കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്. തന്റെ ഭാര്യക്ക് കൃത്യത്തിൽ പങ്കുള്ളതായി സംശയമുണ്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ് ദമ്പതികൾ. മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയും ജീവിത ചെലവുകളും തള്ളി നീക്കുന്നതിൽ പ്രയാസം നേരിട്ടതോടെ നവജാതശിശുവിനെ വിൽക്കാമെന്ന് യുവതി ഭർത്താവിനോട് പറയുകയായിരുന്നു. എന്നാൽ ഭർത്താവ് യുവതിയെ പിന്തിരിപ്പിച്ചു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം യുവാവ് ജോലിക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കുഞ്ഞിനെ വീട്ടിൽ കണ്ടില്ല. സുഖമില്ലാത്തതിനാൽ ഡോക്ടറിനെ കാണിക്കുന്നതിനായി ബന്ധുവിനൊപ്പം കുഞ്ഞിനെ കൊടുത്തുവിട്ടതായി യുവതി പറഞ്ഞു. പിറ്റേന്ന് രാവിലെ ജോലിക്ക് പോയി മടങ്ങിയെത്തിയപ്പോഴും കുഞ്ഞിനെ വീട്ടിൽ കണ്ടില്ല. തലേദിവസം പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചതോടെ സംശയം തോന്നിയ യുവാവ് പിറ്റേന്ന് രാവിലെ പോലീസിൽ നൽകുകയായിരുന്നു.

വനിത പോലീസ് യുവതിയെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും കുട്ടി ബന്ധുവിനൊപ്പമാണെന്നായിരുന്നു യുവതിയുടെ മറുപടി. കൂടുതൽ ചോദ്യം ചെയ്യലിനൊടുവിലാണ് കുഞ്ഞിനെ ബെം​ഗളൂരുവിലെ യുവതിക്ക് ഒന്നരലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് മൊഴി നൽകിയത്. ഉടനെ പോലീസ് ബെം​ഗളൂരുവിലെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുട്ടിയുടെ അമ്മയെയും കുഞ്ഞിനെ വാങ്ങിയ യുവതിയെയും രണ്ടു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു.

Copyright © . All rights reserved