Latest News

കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എഐവൈഎഫ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിലുണ്ടായ കല്ലേറിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ നിറഞ്ഞത്. പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിലെ സിവിൽ പോലീസ് ഓഫീസർ എം.എസ്. അജിത്താണ് തന്റെ വേദന ഒരു ചിരിയിലൊതുക്കിയത്.

തിരുവനന്തപുരം പാലോട് സ്വദേശിയാണ് അജിത്. ചുണ്ടിനും കവിളിനും പരിക്കേറ്റ അജിത്തിന് പത്തുദിവസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ വൈറലാകുന്ന ചിരിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് അജിത്ത്

അജിത്തിന്റെ വാക്കുകൾ;

‘ സംഘർഷമൊന്നുമുണ്ടാകാൻ സാധ്യതയില്ലാത്ത മാർച്ചെന്നാണ് കരുതിയിരുന്നത്. പോലീസിന്റെ ഭാഗത്തുനിന്നു യാതൊരു പ്രകോപനവുമുണ്ടായതുമില്ല. പ്രതിഷേധക്കാരിൽ ചിലർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കല്ല് മുഖത്തുപതിച്ചത്.

കല്ലേറുകൊണ്ടെങ്കിലും ആരെയും ആദ്യമറിയിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ, എന്റെ മുഖത്ത് ചോര നിറയുന്നതുകണ്ട് പത്രഫോട്ടോഗ്രാഫർ ചിത്രം പകർത്തുകയായിരുന്നു. ചോരയൊലിക്കുന്നതുകണ്ട് എ.ഐ.വൈ.എഫ്. നേതാക്കളും അമ്പരന്നു. സഹതാപത്തോടെയായിരുന്നു അവരുടെ നോട്ടം. എന്തിനാണ് കല്ലേറുണ്ടായതെന്ന അമ്പരപ്പിലായിരുന്നു അവരും. അതുതന്നെയോർത്താണ് ഞാനും ചിരിച്ചുപോയത്.”

വരനായ എം.എൽ.എ. വിവാഹത്തിന് എത്താതെ വഞ്ചിച്ചെന്ന പരാതിയുമായി പ്രതിശ്രുത വധു. ഒഡീഷയിലെ ബി.ജെ.ഡി. എം.എൽ.എയായ ബിജയ് ശങ്കർ ദാസിനെതിരെയാണ് യുവതി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.ജൂൺ 17-ാം തീയതി സബ് രജിസ്ട്രാർ ഓഫീസിൽവെച്ച് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതാണെന്നും എന്നാൽ വരനും ബന്ധുക്കളും വിവാഹത്തിന് എത്തിയില്ലെന്നും ഇവർ പരാതിയിൽ ആരോപിക്കുന്നു.

നിശ്ചയിച്ച ദിവസം യുവതിയും ബന്ധുക്കളും സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയിരുന്നു. എന്നാൽ മൂന്നുമണിക്കൂറോളം കാത്തിരുന്നിട്ടും വരനായ എം.എൽ.എയോ കുടുംബമോ എത്തിയില്ല. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിനും ഉപദ്രവിച്ചതിനുമാണ് എം.എൽ.എക്കെതിരേ പ്രതിശ്രുത വധു പരാതി നൽകിയിരിക്കുന്നത്. എം.എൽ.എയെ അദ്ദേഹത്തിന്റെ അമ്മാവനും ബന്ധുക്കളും തടങ്കലിലാക്കിയിരിക്കുകയാണെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

പ്രതിശ്രുധ വരനെ നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മേയ് 17-ാം തീയതിയാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയത്.

അതേസമയം, പ്രതിശ്രുത വധുവിന്റെ ആരോപണങ്ങൾ നിഷേധിച്ച് എംഎൽഎ രംഗത്ത് വന്നു. യുവതിയുടെ ആരോപണങ്ങൾ കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 17–ാം തീയതിയാണ് വിവാഹം രജിസ്റ്റർ ചെയ്യേണ്ട ദിവസമെന്ന് തന്നെ ആരും അറിയിച്ചിരുന്നില്ലെന്നും നിയമപ്രകാരം അപേക്ഷ നൽകി 90 ദിവസത്തിനകം വിവാഹം രജിസ്റ്റർ ചെയ്താൽ മതിയെന്നും ഇനിയും 60 ദിവസം കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റൂട്ട് കനാല്‍ ശസ്ത്രക്രിയയിലുണ്ടായ പിഴവില്‍ മുഖം തിരിച്ചറിയാനാവാത്ത അവസ്ഥയിലായി കന്നഡ നടി സ്വാതി സതീഷ്. ശസ്ത്രക്രിയയെത്തുടര്‍ന്ന് മുഖം നീര് വന്ന് വീര്‍ത്തതോടെ പുറത്ത് പോകാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് താരം.

ബെംഗളുരു സ്വദേശിനിയായ സ്വാതി ഓറിക്‌സ് ഡെന്റല്‍ എന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്നെ അസഹ്യമായ വേദന അനുഭവപ്പെടുകയും മുഖം നീര് വയ്ക്കുകയും ചെയ്തു.

ഇതേപ്പറ്റി ശസ്ത്രക്രിയ നടത്തിയ ഡോക്ടറോട് ചോദിച്ചപ്പോള്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കുറഞ്ഞ് കൊള്ളുമെന്നായിരുന്നു മറുപടി. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും നീര് വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കണ്ടതോടെ നടി മറ്റൊരു ആശുപത്രിയെ സമീപിച്ചു.

ഇവിടെയെത്തിയപ്പോഴാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ തെറ്റായ വിവരങ്ങളും മരുന്നുകളുമാണ് നല്‍കിയതെന്ന് മനസ്സിലാകുന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്‌തേഷ്യ നല്‍കുന്നതിന് പകരം സാലിസിറ്റിക് ആസിഡ് ആണ് ഡോക്ടര്‍ കുത്തിവച്ചത്. സംഭവം തിരിച്ചറിഞ്ഞതോടെ നീര് കുറയുന്നതിനും മറ്റുമായി ഈ ആശുപത്രിയില്‍ താരം ചികിത്സ തേടി.

നിലവില്‍ നടി സുഖം പ്രാപിച്ച് വരികയാണെന്നാണ് വിവരം. എഫ്‌ഐആര്‍, 6 ടു 6 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ നടിയാണ് സ്വാതി.

മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇത് ആത്മഹത്യയാണെന്ന് പോലീസ് പ്രഥമികമായി വിലയിരുത്തുന്നത്. മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള സാംഗ്ലി ജില്ലയിലെ മഹൈസലിലെ രണ്ട് വീട്ടിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ആറ് മൃതദേഹങ്ങൾ ഒരു വീട്ടിലും മറ്റ് മൂന്ന് മൃതദേഹങ്ങൾ ഒരു കിലോമീറ്റർ അകലെയുള്ള രണ്ടാമത്തെ വീട്ടിലുമാണ് കണ്ടെത്തിയത്. സാംഗ്ലി ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉടൻ സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.

“ആത്മഹത്യ കുറിപ്പ് എന്ന് തോന്നിക്കുന്ന കുറിപ്പ് ഞങ്ങൾ കണ്ടെത്തി. മരിച്ച ഒമ്പത് പേരും മഹൈസൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് സഹോദരങ്ങളുടെ കുടുംബത്തിൽ പെട്ടവരാണ് – വെറ്ററിനറി ഡോക്ടറും അദ്ധ്യാപകനും. പ്രാഥമിക സൂചനകളെല്ലാം സൂചിപ്പിക്കുന്നത് കൂട്ട ആത്മഹത്യയാണ് മരണങ്ങൾ എന്നാണ്.

കാരണങ്ങളെക്കുറിച്ച് നിലവിൽ അന്വേഷണം നടക്കുമ്പോൾ, കുടുംബങ്ങൾ ചില സാമ്പത്തിക പ്രശ്‌നങ്ങൾ നേരിട്ടതായി ഞങ്ങൾ സംശയിക്കുന്നു” – സാംഗ്ലി പോലീസ് സൂപ്രണ്ട് ദീക്ഷിത് ഗെദം മാധ്യമങ്ങളോട് പറഞ്ഞത്.

ഡോക്ടറായ പോപ്പാട്ട് യല്ലപ്പ വാൻമോർ (52), സംഗീത പോപ്പട് വാൻമോർ (48), അർച്ചന പോപ്പട്ട് വാൻമോർ (30), ശുഭം പോപ്പട്ട് വാൻമോർ (28), മണിക് യല്ലപ്പ വാൻമോർ (49), രേഖാ മണിക് വാൻമോർ (49), രേഖാ മണിക് വാൻമോർ (49) എന്നിവരാണ് മരിച്ചത്. 45), ആദിത്യ മണിക് വാൻ (15), അനിതാ മണിക് വാൻമോർ (28), അക്കാടൈ വാൻമോർ (72) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

മരണകാരണം എന്താണെന്ന് കണ്ടെത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം നടത്തും എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു മൃതദേഹത്തിലും ബാഹ്യമായ മുറിവുകളില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് സ്പെഷ്യൽ ഇൻസ്പെക്ടർ ജനറൽ (കോലാപ്പൂർ റേഞ്ച്) മനോജ്കുമാർ ലോഹ്യ പറഞ്ഞു. അവരുടെ എല്ലാ മരണത്തിനും പിന്നിലെ കാരണം ഏതെങ്കിലും തരത്തിലുള്ള വിഷം ഉപയോഗിച്ചതാകാം എന്നാണ് വിലയിരുത്തല്‍.

ഫോറൻസിക് വിശകലനം നടത്തുന്ന സംഘങ്ങളും വലിയ പൊലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സാംഗ്ലി പോലീസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം.

ബാംഗ്ലൂർ : പൗരോഹിത്യം വെറും വാക്കല്ലന്നും അത് പരിശുദ്ധിയാണെന്നു ഇടവകയും ഇടവകജനവും ലോകത്തിനു മുന്നില്‍ വിളിച്ചു പറയുന്നതാണ് പള്ളിലച്ചന്‍ എന്ന ഷോട്ട്ഫിലിം. അനേകരായിരങ്ങളിലേക്കു പകര്‍ന്ന ഈ വെളിച്ചത്തിന്റെ രണ്ടാം ഭാഗം ജൂണ്‍ 26ന് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പുറത്തിറക്കുന്നു. കോവിഡ് കാലഘട്ടത്തില്‍ മത്തിക്കര സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ വിശ്വാസികള്‍ അഭിനയിച്ചു പുറത്തിറക്കിയ പള്ളിലച്ചന്‍ ഇതിനകം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഇടവകയിലെ അസിസ്റ്റന്റ് വികാരി ഫാ. എബി ഒറ്റക്കണ്ടത്തിലാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. പള്ളിലച്ചനായി അഭിനയിച്ചു ജനങ്ങളുടെമുക്തകണ്ഠം പ്രശംസ നേടിയ വര്‍ഗീസ് ചേട്ടന്‍ രണ്ടാം ഭാഗം എത്തുന്നതിനു മുമ്പു നിത്യസമ്മാനത്തിനായി യാത്രയായതു ഇടവകസമൂഹത്തിനു കനത്ത ദുഃഖമാണ് സമ്മാനിച്ചിരിക്കുന്നത്.

കന്നഡ സിനിമകളില്‍ ക്യാമറമാനായി ശോഭിക്കുന്ന ഡാനീയലാണ് ഈ ഫിലിമിന്റെയും ക്യാമറമാന്‍. നമ്മുടെ കുടുംബങ്ങളില്‍ അരങ്ങേറുന്ന സംഭവങ്ങളെ തന്‍മയത്വമായി അവതരിപ്പിക്കുന്നതും ഇതില്‍ പള്ളിലച്ചന്റെ ഇടപെടലുകളുമാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. സമൂഹത്തില്‍ നിന്നും തിന്മകളുടെ അംശങ്ങളെ തുടച്ചുനീക്കുന്ന പ്രമേയം ജനശ്രദ്ധനേടികഴിഞ്ഞു

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് വിചാരണാക്കോടതി മറച്ചുവെച്ചെന്ന് പ്രോസിക്യൂഷന്‍. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസില്‍ ഫൊറന്‍സിക് ലാബ് ഡയറക്ടറെ വിസ്തരിച്ചപ്പോഴും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ വിവരം പ്രോസിക്യൂഷന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് തുടരന്വേഷണത്തിലാണ് ഇക്കാര്യം വിചാരണാക്കോടതിയെ അറിയിച്ചിരുന്നതായി കണ്ടെത്തിയത്. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല. മറിച്ച് ഇതിന്റെ നിജസ്ഥിതി വിദഗ്ധരില്‍നിന്ന് അറിയണമെന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

അതേസമയം, മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് അതീവ ഗൗരവതരമാണെന്ന് നടിയുടെ അഭിഭാഷകയും ഹൈക്കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത്. ഇത് അതീവഗൗരവതരമാണ്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണ്. അത് പുറത്തുപോയാല്‍ ജീവിതത്തെ ബാധിക്കുമെന്നും ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും നടിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചു.

നേരത്തെ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണാക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സമാന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

വനിതാ ഡോക്‌ടറെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചകേസില്‍ അറസ്‌റ്റിലായ യുവാവ്‌ ആശുപത്രിയില്‍ സിനിമാ ശൈലിയില്‍ ഭീഷണി മുഴങ്ങി. മണ്ണഞ്ചേരി പഞ്ചായത്ത്‌ ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനെ(27)യാണു നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മണ്ണഞ്ചേരി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: മണ്ണഞ്ചേരി കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണു കാലിനു സുഖമില്ലെന്നു പറഞ്ഞ്‌ അമ്പാടി ആശുപത്രിയിലെത്തിയത്‌. വനിതാഡോക്‌ടര്‍ പരിശോധിക്കാനെത്തിയപ്പോഴാണു ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചത്‌. ആശുപത്രി ജീവനക്കാരെ മര്‍ദിക്കാനും ശ്രമിച്ചു.

ജീവനക്കാര്‍ വിവരം അറിയിച്ചതോടെ പോലീസ്‌ എത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ്‌ കസ്‌റ്റഡിയിലും ബഹളം തുടര്‍ന്നു. ഇതിന്റെ ദൃശ്യം പകര്‍ത്തിയ പോലീസുകാരെ അയാള്‍ ഭീഷണിപ്പെടുത്തി. പോലീസിനോട്‌ അമ്പാടി കയര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌. പ്രതി ലഹരിക്ക്‌ അടിമയാണോയെന്ന കാര്യവും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. ആശുപത്രിയെയും ജീവനക്കാരെയും കുറിച്ച്‌ വ്യക്‌തമായ ധാരണയോടെയാണു പുലര്‍ച്ചെ രണ്ടിന്‌ ആശുപത്രിയില്‍ അമ്പാടി എത്തിയതെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.

18കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴവിള സ്വദേശി സുമിയെ (18) കൊലപ്പെടുത്തിയ ശേഷം വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണി(21)യാണ് ആത്മഹത്യ ചെയ്തത്. സുമിയും ഉണ്ണിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. സുമിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് ഉണ്ണി കൃത്യം നടത്തിയതെന്ന് പോലീസിന് സൂചന ലഭിച്ചു. മുന്‍പും സമാന പ്രശ്‌നങ്ങള്‍ കാരണം ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഞായറാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. സുമിയുടെ വീടിനടുത്തെത്തിയ ഉണ്ണി പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതോടെ അമ്മയും സഹോദരിയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അടുത്ത റബ്ബര്‍ തോട്ടത്തില്‍ സുമി ബോധരഹിതയായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തൊട്ടടുത്തായി ഉണ്ണിയെ തൂങ്ങിയ നിലയിലും കണ്ടെത്തി. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഉണ്ണി റബ്ബറില്‍ കയറി തുങ്ങിയതാവാം എന്നാണ് പോലീസിന്റ പ്രാഥമിക നിഗമനം. സുമിയുടെ വായില്‍ മണ്ണ് പറ്റിയിട്ടുണ്ട്, കൈ മുട്ട് മുറിഞ്ഞിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവു. പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മലയാള സിനിമയിലെ സകലകലാ വല്ലഭന്‍ ആണ് വിനീത് ശ്രീനിവാസന്‍. പാട്ടുകാരനായിട്ടായിരുന്നു തുടക്കം. ഇപ്പോഴിതാ അഭിയനവും സംവിധാനവുമൊക്കെയായി ഒരു സഞ്ചരിക്കുന്ന സിനിമ തന്നെയായി മാറിയിരിക്കുകയാണ് വിനീത്. പാട്ടു പാടിയപ്പോള്‍ മികച്ച ഗായകനും സിനിമയൊരുക്കിയപ്പോള്‍ മികച്ച സംവിധായകന്‍ ആകാനും അഭിനയച്ചപ്പോള്‍ പ്രേക്ഷകരെ സ്പര്‍ശിക്കുന്ന നടനാകാനും വിനീതിന് സാധിച്ചിട്ടുണ്ട്.

പ്രതിഭാശാലിയായ അച്ഛന്റെ മകനാണ് വിനീത്. അച്ഛനുമായുള്ള വിനീതിന്റെ അടുപ്പത്തെക്കുറിച്ചും എല്ലാവര്‍ക്കും. ഇപ്പോഴിതാ കുട്ടിക്കാലത്തെ രസകരമായൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് വിനീത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കഥ നടക്കുമ്പോള്‍ വിനീതിന് പ്രായം വെറും രണ്ട് വയസ് മാത്രമാണ്. ശ്രീനിവാസന്‍ കുടുംബസമേതം കണ്ണൂരിലായിരുന്നു അക്കാലത്ത് താമസിച്ചിരുന്നത്. ചെറുപ്പത്തില്‍ നല്ല കുസൃതിക്കാരനായിരുന്നു വിനീത്. മിക്ക കുട്ടികളേയും പോലെ തന്നെ കരച്ചിലായിരുന്നു കുട്ടി വിനീതിന്റേയും ആവനാഴിയിലെ പ്രധാന ആയുധം.

മകന്റെ വികൃതികളെക്കുറിച്ച് വീട്ടിലേക്ക് വല്ലപ്പോഴും മാത്രം വന്നു പോയിരുന്ന ശ്രീനിവാസന് വലിയ അറിവുണ്ടായിരുന്നില്ല. പക്ഷെ ബുദ്ധിമുട്ടിയത് അമ്മ വിമലയായിരുന്നു. മകന്റെ കരച്ചില്‍ എങ്ങനെ നിര്‍ത്താം എന്ന ചിന്ത ഒടുവില്‍ അവരെ എത്തിച്ചത് ആകാശവാണിയിലായിരുന്നു. അതില്‍ വിനീത് വീണു. ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കുന്നതോടെ വിനീത് കരച്ചില്‍ നിര്‍ത്തുമായിരുന്നു. മറ്റൊന്നിലും ശ്രദ്ധിക്കില്ല പിന്നെ.

അങ്ങനെ പാട്ടുകേട്ടും കൂടെ പാടിയും വിനീത് ശാന്തസ്വരൂപനായി മാറി. പക്ഷെ പിന്നാലെ അടുത്ത പ്രശ്‌നം ഉടലെടുത്തു. ആകാശവാണില്‍ എല്ലാ സമയത്തും പാട്ടില്ല. ഇനിയെന്ത് ചെയ്യും എന്ന് ചിന്തിച്ചിരിക്കെയാണ് ശ്രീനിവാസന്‍ കളത്തിലിറങ്ങുന്നത്. കമന്റെ കരച്ചില്‍ നിര്‍ത്താന്‍ പാനസോണിക്കിന്റെ ടേപ്പ് റിക്കോര്‍ഡറും കുറേ കാസറ്റുകളും അദ്ദേഹം ചെന്നൈയില്‍ നിന്നും കണ്ണൂരിലെ വീട്ടിലെത്തിച്ചു.

അങ്ങനെ വീടിന്റെ സ്വീകരണ മുറിയില്‍ ഒരു സ്റ്റാന്‍ഡില്‍ ടേപ്പ് റെക്കോര്‍ഡര്‍ ഇടം പിടിച്ചു. പാട്ട് വച്ചു കൊടുത്താല്‍ മതി, മറ്റൊന്നിലും ശ്രദ്ധിക്കാതെ വിനീത് ആ ലോകത്ത് അങ്ങനെ ഇരുന്നോളും. ഒരിക്കല്‍ വീട്ടുകാര്‍ കാണുന്നത് കാസറ്റിന്റെ ടേപ് പുറത്തേക്ക് വലിച്ചെടുത്ത് കണ്ണിനോട് ചേര്‍ത്ത് പാട്ടു നോക്കി കാണാന്‍ ശ്രമിക്കുന്ന വിനീതിനെയായിരുന്നു.

അച്ഛന്റെ കെട്ടിപ്പിടുത്തത്തെക്കുറിച്ചും വിനീത് സംസാരിക്കുന്നുണ്ട്. അവസാനം പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമയില്‍ പ്രണവിനോട് അച്ഛനായ വിജയരാഘവന്‍ നിന്നെയൊന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന രംഗം ഓര്‍ത്തുകൊണ്ടാണഅ വിനീത് സംസാരിക്കുന്നത്.

അച്ഛനെ കെട്ടിപ്പിടിക്കുക എന്നത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ടെന്നും എന്നാല്‍ തന്നെ സംബന്ധിച്ച് അച്ഛന്‍ തന്നെ കെട്ടിപ്പിടിച്ച സന്ദര്‍ഭങ്ങളൊക്കെയും ഓര്‍ത്തുവെക്കാറുണ്ടെന്നുമാണ് വിനീത് പറയുന്നത്. അച്ഛനിലേക്കുള്ള തന്റെ പാലം അമ്മയാണെന്നാണ് വിനീത് പറയുന്നത്. പറയാതെ പറഞ്ഞും, അമ്മ വഴി പറഞ്ഞുമൊക്കെയാണ് അച്ഛനിലേക്ക് എത്തുന്നതെന്നാണ് വിനീത് പറയുന്നത്.

പൊതുവെ അങ്ങനെ ഒന്നും പുറമെ പ്രകടിപ്പിക്കുന്ന ആളല്ല തന്റെ അച്ഛന്‍ എന്നാണ് വിനീത് പറയുന്നത്. അച്ഛന്‍ ചില ദിവസങ്ങളില്‍ തന്നെ വിളിച്ച് പാട്ട് പാടാന്‍ പറയുമെന്നും അച്ഛന് പാട്ട് വലിയ ഇഷ്ടമാമെന്നും അങ്ങനെ പാടി കഴിഞ്ഞാല്‍ അച്ഛന്‍ കെട്ടിപ്പിടിക്കുമെന്നും വിനീത് പറയുന്നു. അച്ഛന്റെ കെട്ടിപ്പിടുത്തം കിട്ടാന്‍ വേണ്ടി താന്‍ എപ്പോഴും പാട്ടുപാടാന്‍ തയ്യാറായി നില്‍ക്കുമായിരുന്നുവെന്നും വിനീത് പറയുന്നുണ്ട്.

വിനീത് ആദ്യം സംവിധാനം ചെയ് ചിത്രമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്. ചിത്രം റിലീസായ ദിവസം സിനിമ എങ്ങനെയായിരിക്കും എന്ന ആശങ്കയില്‍ നില്‍ക്കെ എങ്ങനെയുണ്ട് സിനിമ എന്ന് അച്ഛന്‍ ചോദിച്ചുവെന്നും തന്റെ കണ്ണുകള്‍ നിറഞ്ഞു പോയെന്നും തനിക്കൊന്നും പറയാനില്ലായിരുന്നുവെന്നും വിനീത് പറയുന്നു. അപ്പോള്‍ അച്ഛന്‍ തന്നെ കെട്ടിപ്പിടിച്ചെന്നും അതൊക്കെ ഓര്‍ക്കുമ്പോള്‍ തനിക്ക് ആത്മധൈര്യം കിട്ടുമെന്നും വിനീത് പറയുന്നു.

വിമാനത്തിന്റെ ചിറകിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്ത് സ്‌പൈസ്‌ജെറ്റ് എയർക്രാഫ്റ്റ്. പക്ഷി ഇടിച്ചതിനെ തുടർന്നായിരുന്നു വിമാനത്തിന്റെ ചിറകിന് തീപിടിച്ചത്. സംഭവത്തിന് പിന്നാലെ പാറ്റ്‌നയിലെ ബിഹ്ത എർഫോഴ്‌സ് സ്‌റ്റേഷനിൽ സ്‌പൈസ്‌ജെറ്റ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു.

യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കി. 185 യാത്രക്കാരാണ് ബോയിങ് 727 എന്ന സ്‌പൈസ് ജെറ്റ് വിമാനത്തിൽ പാറ്റ്‌നയിൽ നിന്ന് ഡൽഹിയിലേക്ക് പോയിരുന്നത്. പക്ഷി ഇടിച്ചതിന് പിന്നാലെ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചുവെന്നും ഒരു എഞ്ചിന് ഓഫായെന്നുമാണ് പാറ്റ്‌ന എയർപോർട്ട് അധികൃതരും ഡിജിസിഎയും നൽകുന്ന വിവരം. വിമാനത്തിന്റെ ഇടത്തെ ചിറകിലാണ് തീപിടിത്തമുണ്ടായത്.

ഉച്ചയ്‌ക്ക് 12.30ന് പാറ്റ്‌നയിൽ നിന്നും പറന്നുയർന്നതിന് തൊട്ടുപിന്നാലെ അപകടം സംഭവിച്ചിരുന്നു. എന്നാൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതിനാൽ ഒഴിവായത് വൻ ദുരന്തമാണെന്നാണ് എയർപോർട്ട് അധികൃതർ വിലയിരുത്തിയത്.

Copyright © . All rights reserved