Latest News

അമ്പലപ്പുഴയിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് വ്യക്തമായി. പുറക്കാട് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിൽ രമ(63)യെ ഭർത്താവ് ശശി(66) കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിൽ മരിച്ചനിലയിലാണ് രമയെ കണ്ടത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശശിയെ പോലീസ് പ്രതിയെന്ന് സംശയിച്ചത്. പിന്നീട് ഇയാളുടെ പ്രവർത്തികളിൽ നിന്നും പോലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. രാവിലെ ഒൻപതരയ്ക്ക് ഉറക്കമുണർന്നപ്പോൾ ഭാര്യ തറയിൽ മരിച്ചുകിടക്കുന്നതു കണ്ടെന്നായിരുന്നു ശശിയുടെ മൊഴി.

എന്നാൽ, അന്നു രാവിലെ 9.45-ന് രമയെ അനുജത്തി സുശീല ഫോണിൽ വിളിച്ചപ്പോൾ അസ്വാഭാവികമായ നിലയിലായിരുന്നു പെരുമാറ്റം. പത്തു സെക്കൻഡ് സംസാരിച്ചശേഷം രമ മിണ്ടാതിരുന്നു. പിന്നെ ഫോൺ കട്ടായി. ഭയം തോന്നിയ സുശീല ഉടനെ ശശിയെ വിളിച്ചപ്പോൾ രമ ചത്തിരിക്കുന്നു എന്നായിരുന്നു മറുപടി. സുശീലയുടെ ഈ മൊഴിയും അന്വേഷണത്തിൽ നിർണായകമായി.

രമയുടെ തലയ്ക്കേറ്റ പരിക്കിന്റെ കാഠിന്യത്തിലാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയിൽ കൈകൾ കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇവരുടെ തലയിൽ ആറും ശരീരത്തിനു മൂന്നും മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.

തലയിലെ മുറിവുണ്ടായതെങ്ങനെ എന്ന് കണ്ടെത്താനായി ശശിയെയും മകൻ ശരത്തിനെയും ചോദ്യംചെയ്തിരുന്നു. മകൻ ഉപദ്രവിച്ചതാകാമെന്നാണ് ശശി പോലീസിനോടു പറഞ്ഞത്. എന്നാൽ, സംഭവം നടന്ന ദിവസം രാവിലെ എട്ടുമണിക്ക് ശരത് പരീക്ഷ എഴുതാൻ ചേർത്തലയ്ക്കു പോയതായി പോലീസ് കണ്ടെത്തി.

ശശിയെ ചോദ്യംചെയ്തപ്പോൾ തറയിൽ തെന്നിവീണെന്നും തറയിൽ കിടന്നെന്നും കട്ടിലിൽ കിടന്നെന്നുമൊക്കെ മാറ്റിമാറ്റി പറഞ്ഞു. കൊന്നിട്ടില്ലെന്നും അറിയിച്ചു. ഇതേത്തുടർന്ന് ശശിയുടെ മുൻകാലരീതികൾ പോലീസ് പരിശോധിച്ചു. പിന്നീട് ഭാര്യയോടും മകനോടും വൈരാഗ്യമുള്ളതായി പോലീസ് കണ്ടെത്തി.

മുറിവുകൾ വീഴ്ചയിലുണ്ടായതല്ലെന്ന് ഡോക്ടർ അറിയിച്ചു. രമ 20 കൊല്ലമായി ആസ്ത്മയ്ക്കും പത്തുകൊല്ലമായി പാർക്കിൻസണിനും ചികിത്സയിലാണ്. പാർക്കിൻസൺ നാലാംഘട്ടത്തിലാണ്. ഈ അവസ്ഥയിൽ കൈകൊണ്ട് ശക്തിയായി ഇടിച്ചാൽ മരണപ്പെടുമെന്നു പോലീസ് കണ്ടെത്തി. ശശിക്കെതിരേ 12 സാഹചര്യത്തെളിവുകൾ പോലീസ് കണ്ടെത്തി. ഇയാൾ ഭാര്യയെ നേരത്തേ പലതവണ ഇടിച്ചതായി അയൽവാസികളും ബന്ധുക്കളും പോലീസിൽ മൊഴിനൽകി.

അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ വീട്ടിലെത്തിയ പോലീസ് സംഭവം പ്രതീകാത്മകമായി പുനഃസൃഷ്ടിച്ചു. മെഡിക്കൽ കോളേജ് ഫൊറൻസിക് സർജൻ ഡോ. സ്നേഹൽ അശോകും ഉണ്ടായിരുന്നു. ഡിവൈഎസ്പി ബിജു വി നായരുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ എസ് ദ്വിജേഷും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്.എസ്‌ഐ മാരായ ടോൾസൻ പി ജോസഫ്, ബൈജു, സിപിഒമാരായ എംകെ വിനിൽ, ടോണി, രാജീവ്, ദിനു, അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തലസ്ഥാനത്ത് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രന്‍ (50) ആണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞമാസം 28നാണ് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

പാത്രങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. ചിറയിന്‍കീഴ് വച്ചാണ് മര്‍ദനമേറ്റത്. പരാതി എഴുതി നല്‍കാത്തതിനാല്‍ ചന്ദ്രനെതിരെ പോലീസ് കേസെടുത്തിരുന്നില്ല. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ ചന്ദ്രനും പരാതി നല്‍കിയിരുന്നില്ല. ഇയാള്‍ അള്‍സറിന് ചികിത്സ തേടി മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയും നടത്തിയിരുന്നു.

സമീപത്തെ വീട്ടില്‍ നിന്ന് പാത്രം മോഷ്ടിച്ചു എന്നാരോപിച്ചാണ് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിട്ട് മര്‍ദിച്ചത്. പോലീസ് എത്തി പിന്നീട് ചന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത് വിട്ടു. ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയില്‍ പ്രവേശിച്ച ചന്ദ്രന് കഴിഞ്ഞ ദിവസം ഒരു ശസ്ത്രക്രിയ നടന്നിരുന്നു. മര്‍ദനമാണ് മരണ കാരണം എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഷെറിൻ പി യോഹന്നാൻ

വീട്, ഫാക്ടറി, ജോലി, അടിപിടി, ഇഡലി, സിഗരറ്റ്, ബിയർ – ഇതായിരുന്നു ധർമയുടെ ജീവിതം. അയൽവാസികളുമായോ ജോലിസ്ഥലത്തുള്ളവരുമായോ അദ്ദേഹത്തിന് ബന്ധങ്ങൾ ഒന്നുമില്ല. ഒരേപോലെ തന്നെ എല്ലാ ദിവസവും തള്ളിനീക്കുന്നു. ധർമയുടെ ഈ ഏകാന്ത ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു നായ എത്തുന്നു. പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നു.

ഞാൻ ഏറെ നാളായി കാത്തിരുന്ന കന്നഡ ചിത്രമാണ് ‘777 ചാർളി’. അതിന്റെ പ്രധാന കാരണം രക്ഷിത് ഷെട്ടി തന്നെയാണ്. ട്രെയ്ലർ ഇറങ്ങി കഴിഞ്ഞപ്പോൾ ചിത്രത്തിന്റെ പ്ലോട്ട് മനസ്സിലായി. എന്നാൽ Pet Lovers ലേക്ക് മാത്രം ഒതുങ്ങാതെ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ കഴിയുന്നിടത്ത് ഈ സിനിമ വിജയം കാണുന്നു. ഓവർ നന്മ പടങ്ങൾ കാണാൻ ഇപ്പോൾ ഒട്ടും താല്പര്യമില്ലാത്ത ആളാണ് ഞാൻ. ഈ ചിത്രത്തിലും പലയിടത്തായി ഓവർ നന്മ കാണാൻ കഴിയും. എന്നാൽ അതൊന്നും ഒരു കുറവായി എനിക്ക് അനുഭവപ്പെട്ടില്ല. അത് ആസ്വാദനത്തെ ഒട്ടും ബാധിക്കില്ല. കാരണം അത്ര സുന്ദരമായിരുന്നു കഥാവിഷ്കാരം.

മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ‘777 ചാർളി’. ഏകാന്തത അനുഭവിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് നായ എത്തുന്നതോടെയാണ് കഥയിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. ധർമയുടെ ജീവിതത്തിലേക്ക് ചാർളി കടന്നുവരുന്നത് ആദ്യ പകുതിയിൽ പറയുന്നു. ചാർളിയുടെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കാൻ ഇരുവരും നടത്തുന്ന യാത്രയാണ് രണ്ടാം പകുതിയിലെ പ്രധാന പ്രമേയം. അതിൽ കണ്ണും മനസ്സും നിറയ്ക്കുന്ന ഒട്ടേറെ നിമിഷങ്ങൾ സംവിധായകൻ നമുക്ക് സമ്മാനിക്കുന്നു. നിങ്ങൾ ഒരു Pet Lover ആണെങ്കിൽ ഈ ചിത്രം നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പാണ്. ചാർളിയുടെയും ധർമയുടെയും ബന്ധം നിങ്ങളെ ആഴത്തിൽ സ്പർശിക്കും.

കഥയിൽ വലിയ പുതുമ അവകാശപ്പെടാനില്ലാത്ത ചിത്രമാണ് ഇത്. കഥ എങ്ങോട്ടൊക്കെ നീങ്ങുമെന്ന് നമുക്ക് കൃത്യമായി അറിയാം. എന്നാൽ അവിടെയെല്ലാം സിനിമ നൽകുന്ന ഫീലിലാണ് പ്രേക്ഷകൻ എല്ലാം മറന്ന് കണ്ടിരുന്നു പോകുന്നത്. ചിത്രത്തിലെ നായയുടെ പ്രകടനമാണ് ആദ്യം പറയേണ്ടത്. ഓരോ രംഗങ്ങളും കാണാൻ വളരെ സുന്ദരമാണ്. കൂടെ രക്ഷിത് ഷെട്ടിയുടെ മികച്ച പ്രകടനം കൂടിയാവുമ്പോൾ നാം അവരുടെ യാത്രയിൽ ഒരാളാകും. രക്ഷിതിന്റെ ക്ലൈമാക്സിലെ പ്രകടനമൊക്കെ ടോപ് ലെവലാണ്. ബോബി സിംഹയുടെ കഥാപാത്ര നിർമിതിയും മികച്ചുനിൽക്കുന്നു.

സുന്ദരമായ കാഴ്ചകളും പശ്ചാത്തലസംഗീതവും ചിത്രത്തെ മനസ്സിനോട്‌ ചേരുന്ന അനുഭവമാക്കി മാറ്റുന്നു. രണ്ടാം പകുതിയിലെ ചില ഗാനങ്ങളും ക്ലൈമാക്സിലെ ചില ഫ്രെയിമുകളും പെട്ടെന്ന് മറക്കാൻ കഴിയില്ല. പ്രേക്ഷകരുടെ ഇമോഷൻസിനെയാണ് സംവിധായകൻ ഇവിടെ ലക്ഷ്യം വച്ചത്. അതിൽ അദ്ദേഹം പരിപൂർണമായി വിജയിച്ചിട്ടുണ്ട്. ഒരു കന്നഡ സിനിമയുടെ മലയാളം ഡബ്ഡ് വേർഷൻ ആണെന്ന് തോന്നിക്കാത്ത വിധത്തിൽ മലയാളം ബോർഡുകളും പത്രവും മാസികകളുമൊക്കെ ചിത്രത്തിൽ കാണാം. ചില വിഎഫ്എക്സ് പോരായ്മകൾ മാറ്റി വെച്ചാൽ ഒരു വിഷ്വൽ ട്രീറ്റ് സമ്മാനിക്കുന്ന ചിത്രം കൂടിയാണ് ‘777 ചാർളി’.

Last Word – മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പുതുമയുള്ളതല്ല. എന്നാൽ ഇവിടെ പ്രേക്ഷകനെ വൈകാരികമായി കീഴടക്കാനും സന്തോഷിപ്പിക്കാനും ചിത്രത്തിന് സാധിക്കുന്നു. കലിയുഗത്തിലെ ധർമ്മരാജൻ്റെയും നായയുടേയും കഥ തിയേറ്ററിൽ തന്നെ അനുഭവിക്കുക. നിങ്ങളും കലിയുഗത്തിലെ ധർമ്മരാജാകാം, നിങ്ങളെ തേടിയും ഒരു ചാർളി എത്തിയേക്കാം. ഭാഗ്യം ഉണ്ടാവണമെന്ന് മാത്രം

വിമാനത്തില്‍വെച്ച് 15-കാരനെ പീഡിപ്പിച്ചു എന്ന പരാതിയില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരനെതിരെ പോക്‌സോ കേസ്. എയര്‍ ക്രൂ ആയ പ്രസാദിനെതിരെയാണ് കണ്ണൂര്‍ എയര്‍ പോര്‍ട്ട് പോലീസ് കേസെടുത്തിരിക്കുന്നത്.

മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തില്‍വെച്ച് ഈ മാസം അഞ്ചിനാണ് പീഡനം നടന്നതെന്നാണ് പരാതി. വിശദമായി അന്വേഷിച്ച ശേഷം പ്രസാദിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.

ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്നയാളെ തിരിച്ചറിഞ്ഞു. സ്വര്‍ണം കവര്‍ന്നത് 2020-ലെ സീനിയര്‍ സൂപ്രണ്ടെന്ന് വകുപ്പ് തല പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സര്‍വീസില്‍ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയെ പേരൂര്‍ക്കട പൊലീസ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ നടപടി നിര്‍ദേശിച്ച് സബ് കളക്ടര്‍ മാധവിക്കുട്ടി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

110 പവന്‍ സ്വര്‍ണവും 140 ഗ്രാം വെള്ളിയും 47,000 രൂപയുമാണ് ഇയാള്‍ ആര്‍ഡിഒ കോടതിയില്‍ നിന്ന് മോഷ്ടിച്ചത്. ഇത്തരത്തില്‍ മോഷ്ടിച്ച സ്വര്‍ണം പണയം വെച്ചതായി സൂചനയുണ്ട്. അതേസമയം, ഒറ്റയ്ക്ക് ഇത്തരം കവര്‍ച്ച നടത്താന്‍ സാധ്യത കുറവാണെന്ന നിരീക്ഷണമാണ് അന്വേഷണ സംഘത്തിനുള്ളത്. പുറമേനിന്ന് സഹായം ലഭിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്.

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് നിഗമനം.

 

ചിറയിന്‍കീഴ് പെരുങ്കുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച് ചിലർ ചേർന്ന് മർദ്ദിച്ച മധ്യവയസ്‌കന്‍ മരിച്ചു. വേങ്ങോട് സ്വദേശി തുളസി എന്ന് വിളിക്കുന്ന ചന്ദ്രന്‍ (50 ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് പെരുങ്കുഴിക്ക് സമീപത്തെ ഒരു വീട്ടില്‍ നിന്ന് പാത്രങ്ങള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് ചിലര്‍ ചന്ദ്രനെ തടഞ്ഞുവെക്കുകയും കെട്ടിയിടുകയും ചെയ്തു. ഇവര്‍ പിന്നീട് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ചിറയിന്‍കീഴ് പോലീസെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുമ്പോഴേക്കും ചന്ദ്രന്‍ അവശനിലയിലായിരുന്നു. പിന്നീട് പോലീസ് ചന്ദ്രനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെനിന്ന് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ പരാതിക്കാര്‍ സ്റ്റേഷനിലെത്തി കേസ് വേണ്ട എന്ന് അറിയച്ചതിനെ തുടര്‍ന്ന് ചന്ദ്രനെ ബന്ധുക്കളെ വിളിച്ചറിയിച്ച് ജാമ്യവ്യവസ്ഥയില്‍ വിട്ടയച്ചു. ഇതിന് ശേഷം വേങ്ങോട്ടുള്ള സഹോദരിയുടെ വീട്ടിലേക്കാണ് ചന്ദ്രന്‍ പോയത്.

അവിടെ വെച്ച് കലശലായ ശരീരവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ എത്രയും വേഗം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കണം എന്നായിരുന്നു പരിശോധിച്ച ഡോക്ടറുടെ നിര്‍ദ്ദേശം. എന്നാല്‍ അവിടുന്ന് ലഭിച്ച മരുന്നുമായി ചന്ദ്രന്‍ തിരികെ വീട്ടിലേക്ക് പോവുകയാണ് ചെയ്തത്. അടുത്തദിവസം ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതോടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ കുടലിന് ക്ഷതമേറ്റതായും അണുബാധ ഉള്ളതായും കണ്ടെത്തി. അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും ചന്ദ്രന്‍ കഴിഞ്ഞദിവസം മരണപ്പെടുകയായിരുന്നു. കടുത്ത മര്‍ദ്ദനം ഏറ്റതാകാം ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ചന്ദ്രന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കി വീണ്ടും പോലീസ്. സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിന് എത്തിയവര്‍ക്ക് മഞ്ഞ മാസ്‌കുകള്‍ നല്‍കി. ഇന്നലെയുിം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കിയിരുന്നു, എന്നാല്‍ വിലക്ക് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

അതിനിടെ, ചങ്ങരംകുളത്ത് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കുന്നംകുളത്ത് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കരുതല്‍ തടങ്കല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ്.

രാധാകൃഷ്ണൻ മാഞ്ഞൂർ

” മഴയായി മൂടി കിടക്കും പടി
വാതിലുമൊക്കെയും തഴുതിട്ടിരിക്കുന്നു
പുഴയാണ് വെള്ളം തികട്ടി തികട്ടി
വന്നെന്റെ മുടിയോളം മൂടുന്നു
പിന്നെയും
പഴയൊരു വീടിന്റെ
ചോരുന്ന കോലായിൽ
അകമെ നനഞ്ഞു
കിടക്ക യാണോർമ്മകൾ
മഴയിലൊലിച്ചുപോയ്
കണ്ണു നീരൊക്കെയും ”
– ആലങ്കോട് ലീലാകൃഷ്ണന്റെ കവിത

ഏതു പുഴയ്ക്കും ഒരു സഞ്ചാരപഥമുണ്ട് . ഒഴുകി … ഒഴുകി ഒടുവിൽ ഓർമ്മകളുടെ കടലിൽ അവസാനിക്കുന്ന പുഴ … ഭൂത, ഭാവി, വർത്തമാനങ്ങൾ കാലാതിവർത്തിയായി ഒഴുകുന്ന പുഴ …

ജീവിതത്തോളം സത്യസന്ധമായ ഒരു പുസ്തകത്തെപ്പറ്റിയാണ് ഇവിടെ പറഞ്ഞു വരുന്നത് .

ജീവിതമെന്ന കെട്ടുകാഴ്ചയുടെ മറു പുറങ്ങളിലേക്ക് ഗ്രന്ഥകർത്താവ് നമ്മെ കൂട്ടിക്കൊണ്ടുപോവുന്നു. ഈ പുസ്തകത്തിൻറെ പേര് ‘വഴിയറിയാതൊഴുകുന്ന പുഴ’ എന്നാണ് . അകാലത്തിലണഞ്ഞു പോയ ശ്രീ .ജോസ് പുല്ലുവേലിയുടെ പതിനാറാമത് പുസ്തകം. മാനവികതയും, പ്രകൃതിയും അതിർവരമ്പുകളില്ലാതെ സമ്മേളിക്കുന്ന ഈ പുസ്തകം ആസ്വാദക മനസ്സുകൾ കീഴടക്കി കഴിഞ്ഞു . എഴുത്തുകാരൻ തൻറെ അനുഭവ പരിസരത്തുനിന്ന് വ്യക്തികളെ “ലൈവിൽ ” നിർത്തുകയാണിവിടെ … മനുഷ്യരും, ആശയങ്ങളും എക്കാലവും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു അതെ … പുഴ പോലൊഴുകുന്ന കുറെ മനുഷ്യരുടെ ആത്മ സഞ്ചാരങ്ങൾ …. അതാണ് ഈ പുസ്തകത്തിന്റെ വിജയം … ഇതിൽ ജീവിച്ചു വിജയിച്ചവരുണ്ട് …. പരാജിതരുണ്ട് …. സമൂഹത്തിൽ വെറുക്കപ്പെട്ടവരുണ്ട് … പ്രിയ കവി പി. പി . രാമചന്ദ്രൻ എഴുതിയതു പോലെ ഞാനിവിടെ ഉണ്ടായിരുന്നുവെന്നറിയാൻ ഓരോ കിളിത്തൂവൽ നിക്ഷേപിച്ചു പോവുന്നവർ …

‘അമ്മ അലച്ചിലിന്റെ ആൾ രൂപം’ എന്ന ഒന്നാം അധ്യായത്തിൽ അമ്മയെ അനുസ്മരിക്കുന്നു. നാൽപതാം വയസ്സിൽ വിധവയാകേണ്ടി വന്നവൾ … കുട്ടിക്കാലത്ത് ‘ ഒരിടത്തൊരിടത്ത് ‘ കഥകൾ പറഞ്ഞു തന്ന എന്നെ കഥാകാരനാക്കി. അമ്മ നല്ലൊരു തയ്യൽ ജോലിക്കാരിയായിരുന്നു. നബിതിരുമേനിയോട് ഒരിക്കൽ ഒരാൾ ചോദിച്ചു ” നമ്മൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആദരിക്കേണ്ടത് ആരെയാണ് ? നബിയുടെ മറുപടി : ഒന്നാമത് അമ്മയെ, രണ്ടാമത് അമ്മയെ, മൂന്നാമത് അമ്മയെ …

പ്രശസ്ത ലോക സഞ്ചാരിയും , എഴുത്തുകാരനുമായ എ.ക്യു. മഹ്ദിയെപ്പറ്റിയാണ് ‘ ഇമ്മിണി ബല്യ യാത്രക്കാരൻ ‘ എന്ന അധ്യായത്തിൽ പറയുന്നത്. മുപ്പത്തിയഞ്ചിൽപ്പരം വർഷങ്ങളായി യാത്ര ഒരു ഹരമായി കൊണ്ടു നടക്കുന്നയാളാണ് മഹ്ദി . എസ് .കെ .പൊറ്റക്കാടിനെപ്പോലെ ഓരോ രാജ്യങ്ങൾ സന്ദർശിക്കുകയും പുസ്തകരചന നടത്തുകയും ചെയ്യുന്നു. അൻപത്തിരണ്ടു വർഷങ്ങൾക്ക് മുൻപ് പിതാവിനൊപ്പം ചെന്നൈയ്ക്ക് പോയാണ് മഹ്ദി സഞ്ചാരത്തിനു തുടക്കം കുറിച്ചത്. പൊറ്റക്കാടിന്റെ യാത്രാവിവരണം വായിച്ചതോടെ മഹ്ദിയും ഒരു ലോകസഞ്ചാരിയായി മാറുകയായിരുന്നു.

2016 നവംബർ 15 മുതൽ മാർച്ച് 30 വരെയുള്ള 500 ദിവസങ്ങളിൽ ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ ഫെയ്സ്ബുക്കിൽ തുടർച്ചയായി എഴുതി റെക്കോർഡ് സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ എഴുത്തുകാരൻ സുരേഷ് തെക്കേട്ടിൽ ‘കുഞ്ഞു കഥകളുടെ തമ്പുരാൻ ‘ എന്ന ടൈറ്റിലിൽ അവതരിപ്പിക്കപ്പെടുന്നു. വള്ളുവനാടൻ ഗ്രാമത്തിൻറെ കാറ്റും നിലാവും ഈ കഥകളിലെല്ലാം തെളിഞ്ഞു കാണാം. എന്തുകൊണ്ട് കുഞ്ഞു കഥകൾ എഴുതുന്നു എന്നു ചോദിച്ചാൽ സുരേഷ് തെക്കേട്ടിലിന് മറുപടിയുണ്ട്. കഥയെന്നാൽ കുറച്ചു പദ ഭംഗികളുടെ ആവർത്തനമല്ല ഓരോ കഥയും ഓരോ ജീവിതമാണ്. എഴുത്തിൻറെ വികാര സംക്രമണം കഥാകാരന്റെ മാത്രമല്ല വായനക്കാരന്റേതു കൂടിയാണെന്ന് നാം തിരിച്ചറിയണം.

പുസ്തകത്തിലെ ടൈറ്റിൽ ലേഖനത്തിലേക്കു വരാം. ‘വഴിയറിയാതൊഴുകുന്നപ്പുഴ ‘ ‘ചിത്രാഞ്ജലിപ്പുഴ ‘ യുടെ പാരിസ്ഥിതിക തകർച്ചയെപ്പറ്റിയാണ് പറയുന്നത്. എഴുത്തുകാരന്റെ പുരയിടത്തിനു മേലറ്റത്തായിരുന്നു വീട് . കുന്നിറങ്ങി വന്ന് കുളിക്കാൻ എത്തുകയായിരുന്നു പതിവ് . പുഴയോട് ചേർത്ത് റോഡു വന്നപ്പോൾ പുതിയ വീടിനടുത്ത് പണിത് ഞങ്ങളവിടെ താമസമാക്കുകയായിരുന്നുവെന്നും അങ്ങനെ പുഴയും വീടും തമ്മിൽ കുറേക്കൂടി അടുപ്പത്തിലായെന്നും ലേഖകൻ എഴുതുന്നു. ഈ പുഴയിൽ കുളിച്ചു കയറിയപ്പോയ പൂർവ്വ സൂരികളെ സ്മരിക്കുകയും കുട്ടിക്കാലത്ത് ചിറകെട്ടി വെള്ളം തടഞ്ഞു നിർത്തി നീന്തിക്കളിച്ച ഓർമ്മകൾ കല്ലിൽ അലക്കി വെളുപ്പിച്ചൊഴുകുന്നു… ഈ പുസ്തകം ജീവിതത്തിൻറെ അനവധി ജൈവ മുഖങ്ങളെ നമുക്ക് സാക്ഷ്യപ്പെടുത്തുന്നു. പുഴയെപ്പറ്റി ഖലീൽ ജിബ്രാൻ എഴുതിയ ഒരു കഥ ഇതിൽ ലേഖകൻ ചേർത്തിരിക്കുന്നു. ഒരു മഞ്ഞുതുള്ളി ഒരിക്കൽ ദൈവത്തെ കാണാനെത്തി അവൾ പറഞ്ഞു. നാഥാ നീയെന്നെ മഞ്ഞു കൊണ്ടാണ് നിർമ്മിച്ചത്. എനിക്കതിൽ പരാതിയില്ല .പക്ഷെ എനിക്ക് വെയിലത്ത് ഇറങ്ങി നടക്കാൻ കഴിയുന്നില്ല . ഉരുകിപ്പോയാൽ പിന്നെ ഞാനില്ലല്ലോ. ദൈവം പറഞ്ഞു ഉരുകിയാൽ നിനക്കൊരു പുഴയായി മാറാനാവും. എത്രയെത്ര സ്ഥലങ്ങൾ, കാഴ്ചകൾ കണ്ട് ഒരുപാട് പേർക്ക് പ്രയോജനപ്പെട്ട് നിനക്ക് ഒഴുകാനാവും. ഒടുവിൽ ചെന്നെത്തുന്നതോ സമുദ്രത്തിൽ . അവിടെ നിൻറെ കൂട്ടുകാർ കാണും . അവരോടൊപ്പം നിനക്ക് സല്ലപിക്കാം. അവൾ പറഞ്ഞു ഞാനിതാ വെയിലത്തിറങ്ങി നടക്കാൻ പോകുന്നു. വഴികാട്ടിയ നിനക്ക് നന്ദി.

ഉപരേഖ

ഈ പുസ്തകത്തിൻറെ കവർ ചിത്രം തയ്യാറാക്കിയത് പ്രശസ്ത എഴുത്തുകാരൻ സെബാസ്റ്റ്യൻ കിളിരുപ്പറമ്പിലാണ്. ജീവിതത്തിൻറെ ഹരിതാഭയിലേക്ക് പടർന്നൊഴുകുന്ന പുഴയുടെ ദൃശ്യം , ആസ്വാദകന്റെ മനസ്സിലേക്ക് മുഖചിത്രം ആഴത്തിൽ പതിയുന്നു.

വഴിയറിയാതൊഴുകുന്ന പുഴ
ജോസ് പുല്ലുവേലി
വില – 160
പ്രസാധനം . വിതരണം
ജനകീയ വായനശാല
പൊൻകുന്നം, കോട്ടയം
ഫോൺ -9447151930

ബേസിൽ ജോസഫ്

ഗോൾഡൻ ചിക്കൻ

ചിക്കൻ ലെഗ് ഫുൾ – 2 എണ്ണം

സബോള -1 എണ്ണം

ക്യാപ്‌സിക്കം -1 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്‌പൂൺ

ടൊമാറ്റോ പ്യൂരീ -2 ടീസ്‌പൂൺ

ചിക്കൻ ബ്യുലിയോൺ -1 ക്യൂബ്

ഓയിൽ -50 മില്ലി

വിനിഗർ -25 മില്ലി

സാഫ്രൺ -1 ഗ്രാം

കാശ്മീരി ചില്ലി പൗഡർ -2 ടീസ്‌പൂൺ

മഞ്ഞൾപ്പൊടി -1 ടീസ്‌പൂൺ

ജീരകപ്പൊടി -1 ടീസ്‌പൂൺ

കുരുമുളക്പൊടി -1 ടീസ്‌പൂൺ

മല്ലിപ്പൊടി -2 ടീസ്‌പൂൺ

ഉപ്പ് -ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ചിക്കൻ നന്നായി ക്ലീൻ ചെയ്ത് 2 സൈഡും വരഞ്ഞെടുക്കുക .ഒരു മിക്സിങ് ബൗളിൽ 1 ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ 1/ 2 ടീസ്പൂൺ വീതം മഞ്ഞൾപൊടി ,കുരുമുളക്പൊടി മല്ലിപൊടി ജീരകപ്പൊടി, ഉപ്പ് എന്നിവ പകുതി വിനിഗർ ചേർത്ത് പേസ്റ്റ് ആക്കി എടുത്തു വരഞ്ഞു വച്ചിരിക്കുന്ന ചിക്കനിൽ തേച്ചു പിടിപ്പിച്ചു 1 മണിക്കൂർ വയ്ക്കുക .സബോള ,ക്യാപ്‌സിക്കം എന്നിവ ചെറിയ ഡൈസ് ആയി മുറിച്ചെടുക്കുക .ഒരു പാനിൽ ഓയിൽ ചൂടാക്കി ചിക്കൻ 2 വശവും ചെറു തീയിൽ 2 മിനിറ്റ് കൊണ്ട് സീൽ ചെയ്തെടുക്കുക. ചിക്കൻ മാറ്റി വച്ചതിനു ശേഷം അതെ പാനിൽ സബോള, ക്യാപ്‌സിക്കം എന്നിവ 2 -3 മിനിറ്റ് വഴറ്റുക .ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വീണ്ടും 2 മിനിറ്റ് വഴറ്റുക .ഇതിലേയ്ക്ക് ബാക്കിയുള്ള മസാലകൾ ചേർത്തിളക്കുക. പച്ചമണം മാറി വരുമ്പോൾ ടൊമാറ്റോ പ്യുരീ കൂടി ചേർത്ത് ഇളക്കുക .1 ഗ്ലാസ് വെള്ളം കൂടി ചേർത്ത് ചിക്കൻ ബ്യുലിയോൺ ക്യുബും സാഫ്രണും ചേർത്ത് നന്നായി തിളപ്പിക്കുക .ഇതിലേയ്ക്ക് സീൽ ചെയ്‌ത്‌ വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് ഒരു അടച്ചു വച്ച് ചെറു തീയിൽ കുക്ക് ചെയ്യുക. ചിക്കൻ പീസുകൾ പൂർണമായും ഗ്രേവിയിൽ കവർ ആവണം എന്നില്ല . ഇടയ്ക്ക് അടപ്പു എടുത്തു മാറ്റി ഗ്രേവി ഒരു സ്പൂൺ കൊണ്ട് കോരി ചിക്കന്റെ മുകളിൽ കൂടി ഒഴിക്കുക .മീറ്റ് സോഫ്റ്റ് ആയി കുക്ക് ആയി വരുന്നതിനും ഗ്രേവി നന്നായി പിടിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് . ഒരു 15 മിനിറ്റ് കഴിയുമ്പോൾ ചിക്കൻ പീസ് മറിച്ചിട്ട് വീണ്ടും ഗ്രേവി ഇടയ്ക്കിടെ കോരി ഒഴിച്ച് കൊടുത്തു ഒരു 10 മിനിറ്റ് കൂടി . ചെറു തീയിൽ കുക്ക് ചെയ്യുക .പിന്നീട് അടപ്പ് തുറന്ന് ഗ്രേവി നന്നായി കുറുകുന്നത് വരെ സ്റ്റവ്വിൽ ചെറു തീയിൽ വയ്ക്കുക .ഒരു സെർവിങ് പ്ലേറ്റിൽ റൈസോ പൊട്ടറ്റോ മാഷോ നിരത്തി അതിനു മുകളിൽ കുക്ക് ചെയ്ത ചിക്കൻ വച്ച് അല്പം ഗ്രേവി കൂടി ഒഴിച്ച് മല്ലിയിലയോ പുതിന ഇലയോ കൊണ്ട് ഗാർണിഷ് ചെയ്ത് ചൂടോടെ സെർവ് ചെയ്യുക.

ബേസിൽ ജോസഫ്

 

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

 

 

കൊല്ലം അഞ്ചല്‍ തടികാട്ടില്‍ നിന്നും രണ്ടരവയസ്സുകാരനെ കാണാതായ സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ പ്രദേശവാസികള്‍. വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോപണം.’കുട്ടിയെ ആരോ കൊണ്ടുവെച്ചതാണ്. ഇന്നലെ പെരും മഴ പെയ്തിട്ടും കുട്ടി നനഞ്ഞിട്ടില്ല. മനപ്പൂര്‍വ്വം കൊണ്ടുവെച്ചതാണ്. കുട്ടിയെ കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ കാണാതായ വാര്‍ത്ത മാധ്യമങ്ങളിലെല്ലാം വന്നതോടെ കുട്ടിയെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വന്നതോടെ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുവെച്ചതാണ്. മഴ പെയ്തപ്പോള്‍ കുട്ടി പേടിക്കില്ലേ. എന്നാല്‍ കുഞ്ഞ് ഹാപ്പിയാണ്. മഴ പെയ്തപ്പോള്‍ നനഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടി പൂര്‍ണ ആരോഗ്യവാനാണ്. ആരോ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുവെച്ചതാണ് കുട്ടിയെ.’ പ്രദേശവാസികള്‍ പറയുന്നു.

വീടിന്റെ മുറ്റത്ത് നിന്നും കാണാതായ കുട്ടിയെ ആരെങ്കിലും തട്ടികൊണ്ടുപോയതാവാമെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പുലര്‍ച്ചയോട് കൂടി തിരികെ കൊണ്ടുവെക്കുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. ഇന്നലെ രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തിട്ടും കുട്ടി ഒട്ടും നനഞ്ഞില്ല എന്നതിലാണ് നാട്ടുകാര്‍ സംശയം ഉന്നയിക്കുന്നത്. കണ്ടെത്തുമ്ബോള്‍ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനും സന്തോഷവാനുമായിരുന്നുവെന്നും ഇവര്‍ പറയുന്നു.അന്‍സാരി-ഫാത്തിമ ദമ്ബതികളുടെ മകന്‍ ഫര്‍ഹാനെയാണ് ഇന്നലെ വൈകുന്നേരത്തോടെ വീട്ടില്‍ നിന്നും കാണാതാവുന്നത്. വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

12 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് നേരത്തെ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. രണ്ടാമതും നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടതില്‍ ദുരൂഹത സംശയിക്കുന്നത്. കുട്ടിയെ ആരെങ്കിലും കൊണ്ടിട്ടതാകാം എന്നാണ് കരുതുന്നത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും പല സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍.

Copyright © . All rights reserved