Latest News

എലിസബത്ത് രാജ്ഞിയുടെ വേർപാട് ഏവരെയും ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് ജനങ്ങളാണ് ഇപ്പോഴും രാജ്ഞിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.

ഇപ്പോഴിതാ എലിസബത്ത് രാജ്ഞി മരണമടയുന്ന സമയത്ത് ബക്കിങ്ഹാം കൊട്ടാരത്തിൽ കണ്ട അത്യപൂർവമായ കാഴ്ചയാണ് ഇപ്പോൾ വിസ്മയിപ്പിക്കുന്നത്. കൊട്ടാരത്തിനു മുകളിലായി ഇരട്ട മഴവില്ല് പ്രത്യക്ഷപ്പെട്ട കാഴ്ചയാണിത്.

എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില വഷളാണെന്ന വാർത്തകൾ പുറത്തുവന്നതോടെ നൂറുകണക്കിനാളുകൾ കൊട്ടാരമുറ്റത്ത് തടിച്ചു കൂടിയിരുന്നു. രാജ്ഞിയുടെ ജീവൻ വെടിഞ്ഞതായി പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപാണ് ആദ്യത്തെ മഴവില്ല് തെളിഞ്ഞത്. പ്രഖ്യാപനത്തിനുശേഷം കൊട്ടാരമുറ്റത്തെ കൊടി താഴ്ത്തി കെട്ടുന്ന സമയത്ത് രണ്ടാമത്തെ മഴവില്ലും തെളിയുകയായിരുന്നു.

അവിടെ കൂടിയിരുന്ന ജനങ്ങൾ പകർത്തിയ ഇരട്ട മഴവില്ലുകളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. അത്യപൂർവ പ്രതിഭാസത്തെ രാജ്ഞിയുടെ മരണവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പലരും വിശദീകരിക്കുന്നത്.

എലിസബത്ത് രാജ്ഞിയെ കൂട്ടിക്കൊണ്ടുപോകാനായി എത്തിയ ഫിലിപ്പ് രാജകുമാരനാണ് ആദ്യത്തെ മഴവില്ലെന്നും മരണശേഷം ഇരുവരും ഒന്നിച്ച കാഴ്ചയാണ് ഇരട്ട മഴവില്ലിലൂടെ കാണാൻ കഴിഞ്ഞതെന്നുമുള്ള അഭിപ്രായമാണ് മറ്റുചിലർ പങ്കുവയ്ക്കുന്നത്. രാജ്ഞിയുടെ ഭൂമിയിലെ ജീവിതത്തെയും സ്വർഗത്തിലേക്കുള്ള പ്രവേശനത്തെയും സൂചിപ്പിക്കുന്നവയാണ് മഴവില്ലുകൾ എന്ന് ചിലർ അഭിപ്രായപ്പെടുന്നു.

എലിസബത്ത് രാജ്ഞിയുടെ ആ രഹസ്യ കത്ത് തുറക്കാന്‍ ഇനിയും 63 വര്‍ഷം കാത്തിരിക്കണം. സിഡ്നിയിലെ നിലവറയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. 1986 നവംബറില്‍ സിഡ്നിയിലെ ജനങ്ങള്‍ക്കായി എഴുതിയ കത്ത് ചരിത്രപ്രധാനമായ കെട്ടിടത്തിലെ നിലവറയിലാണുള്ളത്.

2085 ല്‍ മാത്രമേ കത്ത് തുറന്നു വായിക്കാന്‍ സാധിക്കുകയുള്ളൂ. കത്തില്‍ എഴുതിയിരിക്കുന്നതെന്താണെന്ന് ആര്‍ക്കും അറിയില്ല. രാജ്ഞിയോട് ഏറ്റവും അടുപ്പമുള്ളവര്‍ക്കു പോലും ഇതിനെ കുറിച്ച് അറിയില്ലെന്ന് ഓസ്ട്രേലിയന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചില്ലു പെട്ടിയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. 2085ല്‍ ഒരു നല്ല ദിവസം നോക്കി ഈ കത്ത് തുറന്ന് സിഡ്നിയിലെ ജനങ്ങളോട് ഇതിലെ സന്ദേശം കൈമാറണമെന്ന് സിഡ്നിയിലെ മേയര്‍ക്കുള്ള നിര്‍ദേശത്തില്‍ രാജ്ഞി എഴുതിയിട്ടുണ്ട്. എലിസബത്ത് ആര്‍ എന്നു മാത്രമാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്.

16 തവണയാണ് എലിസബത്ത് രാജ്ഞി ഓസ്ട്രേലിയ സന്ദര്‍ശിച്ചിട്ടുള്ളത്. രാജ്ഞിയുടെ ഹൃദയത്തില്‍ ഓസ്ട്രേലിയയ്ക്കു പ്രത്യേക സ്ഥാനമുണ്ടെന്ന് ഓസ്ട്രേലിയന്‍ പ്രസിഡന്റ് ആന്റണി ആല്‍ബനീസ് പറഞ്ഞു.’പതിനഞ്ചോളം തവണ എലിസബത്ത് രാജ്ഞി ഇവിടെ വന്നപ്പോഴെല്ലാം ജനാരവം തന്നെയാണ് രാജ്ഞിയെ എതിരേറ്റത്. അതില്‍ നിന്നും ഞങ്ങളുടെ മനസില്‍ രാജ്ഞിക്കുള്ള സ്ഥാനം വ്യക്തമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1999 ല്‍ സ്റ്റേറ്റിന്റെ നേതൃസ്ഥാനത്തില്‍ നിന്നും രാജ്ഞിയെ നീക്കം ചെയ്യാന്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ അത് പരാജയപ്പെടുകയാണുണ്ടായതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

എലിസബത്ത് രാജ്ഞിയോടുള്ള ബഹുമാന സൂചകമായി സിഡ്നിയിലെ പ്രശസ്ത ഒപ്പേറ ഹൗസ് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. കോമണ്‍വെല്‍ത്ത് രാജ്യമായ ന്യൂസിലാന്‍ഡ് കഴിഞ്ഞ ദിവസം ചാള്‍സ് രാജാവിനെ തങ്ങളുടെ സ്റ്റേറ്റിന്റെ തലവനായി പ്രഖ്യാപിച്ചിരുന്നു.

 

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം ചർച്ചയാവുന്നു. ആര്‍ എസ് എസിന്‍റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് . വിദ്വേഷത്തിന്‍റെ ചങ്ങലകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കും ആര്‍എസ്എസും ബിജെപിയും സൃഷിച്ച നഷ്ടങ്ങൾ ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസിന്‍റെ ട്വീറ്റില്‍ പറയുന്നു.

ട്വീറ്റ് വന്നതിന് പിന്നാലെ നിരവധി ഷെയറുകളാണ് ലഭിച്ചത്. എന്നാൽ ചിത്രം പിൻവലിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു. ചിത്രം ആക്രമണത്തിനുള്ള വെല്ലുവിളിയാണെന്നും ബിജെപി പറയുന്നു. ആര്‍എസ്എസ് പ്രവർത്തകരെ കത്തിക്കണം എന്നാണോ കോൺഗ്രസ് ആവശ്യം എന്ന് പാര്‍ട്ടി വക്താവ് സമ്പത് പാത്ര ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഈ അഞ്ചാമത്തെ ലോഞ്ചിംഗും പരാജയപ്പെടുമെന്നും. ഭാരതത്തെ വിഭജിക്കാൻ ഉള്ള യാത്രയാണ് രാഹുലിന്‍റെതെന്നും ബിജെപി കുറ്റപ്പെടുത്തി.

 

വിമാനയാത്രയ്ക്കിടെ അബോധാവസ്ഥയിലായ കോട്ടയം സ്വദേശിനി മരിച്ചു. മണിമല കൊച്ചുമുറിയിൽ വേഴമ്പന്തോട്ടത്തിൽ മിനി എൽസ ആന്റണി (52) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഫ്‌ളൈ ദുബായ് വിമാനത്തിലായിരുന്നു സംഭവം.

യാത്രയ്ക്കിടെ അബോധാവസ്ഥയിലായ മിനിയെ, കൊച്ചിയിൽ വിമാനമിറങ്ങിയ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ആന്റണിയും ഇവർക്കൊപ്പം വിമാനത്തിലുണ്ടായിരുന്നു. ദീർഘകാലമായി വിദേശത്തായിരുന്നു. ദമ്പതികൾക്ക് മക്കളില്ല.

 

ക്യാന്‍സർ രോഗിയായ വയോധികയെ ചെറുമകൻ കൊലപ്പെടുത്തി. വയോധികയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പോലീസ്. ക്യാൻസർ കാരണം രക്തം ശർദിച്ച് മരണപ്പെട്ടു എന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. എന്നാൽ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെവെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച്ചയാണ് കോക്കാട് സ്വദേശി പൊന്നമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരായിരുന്നു പൊലീസിനെ വിവരമറിയിച്ചത്. അങ്ങനെ നടത്തിയ അന്വേഷണത്തിൽ വയോധികയുടേത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ചെറുമകനെ അറസ്റ്റ് ചെയ്തു.

വിരലടയാള പരിശോധനയും പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഇത് കൊലപാതകമാണെന്ന് തെളിയിക്കുകയായിരുന്നു. തലയ്ക്കേറ്റ മുറിവായിരുന്നു മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും മനസിലായി.

ചെറുമകൻ സുരേഷ് കുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയുണ്ടായി. അപ്പോഴാണ് കൊലപാതകിയെ തിരിച്ചറിഞ്ഞത്.

കൊലപാതകത്തിലേക്ക് നയിച്ച സംഭവമിങ്ങനെ; വെള്ളിയാഴ്ച്ച വൈകിട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സുരേഷ് മുത്തശ്ശിയുമായി വഴക്കുണ്ടായി. ദേഷ്യത്തിൽ വയോധികയെ കഴുത്തിന് കുത്തിപ്പിടിച്ച് കട്ടിലിന്റെ പടിയിൽ തലയിടിച്ച് കൊലപ്പെടുത്തി.വയോധികയുടെ കഴുത്തിലും പാടുകളുണ്ടായിരുന്നു.

ദീര്‍ഘകാലമായി ക്യാൻസർ ബാധിച്ച് കിടപ്പിലായ പൊന്നമ്മയെ സംരക്ഷിക്കാൻ കഴിയാത്തതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. മുറിയിൽ നാറ്റമുണ്ടായിരുന്നതും പ്രതിയെ അസ്വസ്ഥനാക്കി. മാത്രമല്ല അമ്മ അമ്മൂമ്മയെ നോക്കി കഷ്ടപ്പെടുന്നതും പ്രതിയെ പ്രകോപിതനാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അതിക്രൂരമായ കൊലപാതകമാണ് നടത്തിയിരിക്കുന്നത്.

കോളിവുഡിലെ വസ്ത്രാലങ്കാര വിദഗ്ധയും എഴുത്തുകാരിയുമായ ദൂരിഗയി കബിലന്റെ മരണത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെയാണു ദൂരിഗയിയെ ചെന്നൈ അറുമ്പാക്കത്തെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രമുഖ തമിഴ് ഗാനരചയിതാവ് കബിലന്റെ മകളാണു ദൂരി.

കോളിവുഡിലെ ഏറ്റവും ബോള്‍ഡായ പെണ്‍കുട്ടികളില്‍ ഒരാള്‍. സ്വന്തമായി നിലപാടും അഭിപ്രായങ്ങളുമുണ്ടായിരുന്ന, വനിതകള്‍ക്കായി ഡിജിറ്റല്‍ മാഗസിന്‍ നടത്തിയിരുന്ന ദൂരിഗയിയുടെ മരണത്തില്‍ ഞെട്ടിയിരിക്കുയാണു തമിഴ് സിനിമാ ലോകം. 29 വയസുള്ള എംബിഎ ബിരുദധാരിയായ ദൂരി നിരവധി സിനിമകള്‍ക്കു വസ്ത്രാലങ്കാരം നടത്തിയിട്ടുണ്ട്. യുവ നടന്‍മാരുടെ ഫാഷന്‍ കണ്‍സള്‍ട്ടന്റുമാണ്.

ആത്മഹത്യയിലേക്കു നയിച്ച കാരണത്തെ കുറിച്ചാണു അറുമ്പാക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. മരിക്കുന്നതിനു മുന്‍പു മാതാപിതാക്കളുമായി ദൂരി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി സൂചനയുണ്ട്.

വിവാഹം കഴിക്കാന്‍ കുടുംബം നിര്‍ബന്ധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണു കടുംകൈ എെന്നാണു പുറത്തുവരുന്ന വിവരം. മറ്റെന്തെങ്കിലും കാരണങ്ങള്‍ മരണത്തിലേക്കു നയിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാവിലെ വീട്ടുകാരാണു സ്വന്തം മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

മലയാള സിനിമയില്‍ ഇന്ന് നിറസാന്നിധ്യമാണ് ഗിന്നസ് പക്രു. നടന്‍ എന്നതിലുപരി നിര്‍മ്മാതാവായും സംവിധായകനായും ഗിന്നസ് പക്രു സിനിമയില്‍ സജീവമാണ്. ജോക്കര്‍ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും സര്‍ക്കസുകാരെ ഭയന്നിരുന്നതായും പക്രു തുറന്നു പറഞ്ഞിരുന്നു. ഈ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

കുട്ടിക്കാലത്ത് സര്‍ക്കസുകാര്‍ തന്നെ അടിച്ചോണ്ട് പോവുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടൊരു പേടി തനിക്ക് ഉണ്ടായിരുന്നു. സര്‍ക്കസ് വണ്ടി കണ്ടാല്‍ താന്‍ ഓടും. കിഡ്നാപ്പ് ചെയ്യുമോ എന്നായിരുന്നു അന്ന് പേടി. പക്ഷേ ജോക്കര്‍ സിനിമ കഴിഞ്ഞതോടെ താന്‍ സര്‍ക്കസിനെ ഭയങ്കരമായി ആസ്വദിക്കാന്‍ തുടങ്ങി.

അങ്ങനെ സര്‍ക്കസ് ഇഷ്ടമായി പോയി. ആ സിനിമയിലൂടെയാണ് ബഹദൂറിക്കയുമായി അടുക്കുന്നത്. അതൊക്കെ വലിയ ഭാഗ്യമാണ്, പഴയ കഥകളൊക്കെ ഇക്ക തനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. ശരിക്കും ഒരു സര്‍ക്കസ് കൂടാരത്തില്‍ പോയ അനുഭവമായിരുന്നത്. സര്‍ക്കസ് കണ്ടിരുന്നു. അവിടുത്തെ ജോക്കര്‍മാരുടെ പ്രകടനം കണ്ടു.

തന്റെ കൂടെയുള്ളവരില്‍ താനും ദിലീപേട്ടനും മാളച്ചേട്ടനും മാത്രമാണ് സര്‍ക്കസ് അറിയാത്തത്. ബാക്കിയുള്ളവരൊക്കെ ശരിക്കും സര്‍ക്കസ് കളിക്കുന്നവരാണ്. അവരുടെയൊപ്പം നമ്മള്‍ വേറിട്ടതായി തോന്നരുത്. അതെല്ലാം പഠിച്ചെടുത്തു എന്നാണ് പക്രു കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ആദിത്യനും വിനീഷിനും രാകേഷിനും ചെന്നിത്തല ഗ്രാമം കണ്ണീരോടെ വിട നൽകി. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിനു പുറപ്പെടാൻ ഒരുങ്ങവേ ശനിയാഴ്ച രാവിലെ എട്ടേകാലോടെ ചെന്നിത്തല വലിയപെരുമ്പുഴ പള്ളിയോടക്കടവിനു സമീപമായിരുന്നു അപകടം. നോമ്പു നോറ്റുണ്ടായ മകൻ എന്നേക്കുമായി നഷ്ടപ്പെട്ടതിന്റെ വേദനയിൽ നീറിയ ആദിത്യന്റെ പിതാവ് സതീശനെയും മാതാവ് കലയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കായില്ല. കോവിഡിനെ തുടർന്നു ഗൾഫിൽ നിന്നു മടങ്ങിയ വിനീഷ് ഈ ആഴ്ച വിദേശത്തേക്കു തിരികെ പോകുന്നതിനായി തയാറെടുക്കുന്നതിനിടയിലാണ് അപകടം.

മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ണീരണിഞ്ഞ ഭാര്യ മായയും മക്കളായ രണ്ടര വയസ്സുകാരൻ ദേവനും ഏഴു മാസം പ്രായമുള്ള ദേവനന്ദയും നോവായി. ഇന്നലെ ഉച്ചയോടെ കണ്ടെടുത്ത രാകേഷിന്റെ മൃതദേഹം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം വിലാപ യാത്രയായി നാലുമണിയോടയാണു ചെന്നിത്തല കിഴക്കേവഴിയിലെ വൃന്ദാവനം വീട്ടിലെത്തിച്ചത്. മൃതദേഹത്തിനരികിലിരുന്നു മാതാവ് രാധയും, ഭാര്യ സജിതയും മകളായ ശ്രീവർധനും ശ്രുതിയും വിങ്ങിപ്പൊട്ടിയ കാഴ്ച കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി.

മാവേലിക്കര വലിയ പെരുംമ്പുഴ കടവിൽ അപകടമുണ്ടായത്. ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്.പള്ളിയോടം അച്ചൻകോവിലാർ ചുറ്റിയ ശേഷമാണ് ആറൻമുളയിലേയ്ക്ക് പുറപ്പെടുന്നത്. ഇതിനായി വലിയ പെരുംപുഴ കടവിൽ നിന്ന് പുറപ്പെട്ട ഉടൻ ദിശതെറ്റി മറിയുകയായിരുന്നു.

പരിധിയിൽ കൂടുതൽ ആളുകൾ കയറിയതോടെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു . അച്ചൻകോവിലാറ്റിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതിനൊപ്പം അടിയൊഴുക്കും ഉണ്ടായതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. സാധാരണ 61 പേരാണ് പള്ളിയോടത്തിൽ കയറുന്നത്. യാത്രക്ക് മുന്നോടിയായുള്ള വലം ചുറ്റുന്ന ചടങ്ങിനായതിനാൽ കൂടുതലാളുകൾ തളളിക്കയറി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. യാത്ര തുടങ്ങി എല്ലാവരും ഇരിക്കും മുമ്പേ തന്നെ വള്ളം കീഴ്മേൽ മറിഞ്ഞുവെന്നും അതുൽ വിശദീകരിച്ചു.

പിറന്നാൾ ദിനത്തിൽ ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടർന്ന് മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് ദാരുണമായി മരിച്ചത്. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയാണ് മിൻസ.

രാവിലെ സ്കൂൾ ബസിൽ പോയ കുട്ടി ബസിനുള്ളിൽ സീറ്റിൽ ഉറങ്ങിപ്പോയതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു ജീവനക്കാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചിത്രരചനാ രംഗത്തും ഡിസൈനിങ് മേഖലയിലും ശ്രദ്ധേയനായ അഭിലാഷും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു അഭിലാഷ്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

അൽ വക്ര ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷം മിൻസയുടെ മൃതദേഹം കോട്ടയം ചിങ്ങവനത്തേക്കു കൊണ്ടുപോകും. മിൻസയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. സൗമ്യയാണ് മാതാവ്.

സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം തുടങ്ങി. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം സംഭവത്തിന് ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ദോഹ അല്‍ വക്റയിലെ സ്‍പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ച്ചന്‍ കെ.ജി 1 വിദ്യാര്‍ത്ഥിനിയായിരുന്ന കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് ഞായറാഴ്ച മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസിന്റെ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.

കുട്ടികള്‍ക്കായി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുന്നതെന്നും അക്കാര്യത്തില്‍ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്നും ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്‍തു. കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്‍താവനയിലുണ്ട്.

 

ആദില ഹുസൈൻ

പഴയോണം എന്ന് പറയുമ്പോൾ അത്ര പഴക്കമൊന്നുമില്ല, നാം എന്നത് അവരും ഞങ്ങളും നമ്മളും നിങ്ങളും ഒക്കെയായി ഭാഗം പിരിയുന്നതിനു മുൻപ് ബാല്യം ആഘോഷിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരുവൾ സന്തോഷം അയവിറക്കാൻ എത്തിയിരിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി.
കേരളത്തിലെ സാധാരണക്കാരായ മനുഷ്യന്മാർ ഏതൊക്കെ ആഘോഷങ്ങൾ എന്തൊക്കെ രീതിയിൽ കൊണ്ടാടണമെന്നും, ആരെയൊക്കെ ഉൾപ്പെടുത്തണമെന്നും എന്തിനൊക്കെ പുതിയ പേരിടണമെന്നും കൂലങ്കുഷമായ ചർച്ചകൾ സമുദായിക നേതാക്കൾ എന്ന് സ്വയം അവകാശപ്പെടുന്നവർ ഒരു വഴിക്ക് നടത്തി കൊണ്ടിരിക്കെ , മറ്റൊരു വഴിക്ക് വർഷങ്ങൾ നീണ്ട പ്രളയക്കെടുതിക്കും മഹാമാരിക്കും ശേഷം ആദ്യമായി ഒരുമിച്ചു കൂടിയ ഓണമെന്ന നിലയിൽ ‘ഒരുമിച്ചോണം ‘ എന്ന തലക്കെട്ട് നല്ല അടിപൊളിയായി ആഘോഷിക്കാൻ ഉറച്ചു ഒരുമിച്ചു കോടിയെടുത്ത്, ഓണപ്പാട്ടും പാടി, ഒണക്കളികൾക്കും കൂടി സദ്യയും കഴിച്ചു ഉരുളിയും നക്കി വടിച്ചു തകൃതിയാക്കുന്നുണ്ട് നമ്മളെപ്പോലുള്ള സാധാരണക്കാർ.

ഇനി എന്റോണത്തിലേക്ക് വരാം,
ഓണാട്ടുകരക്കാരിയാണ് ഞാൻ, നല്ല കള്ളന്റെ നാട്ടുകാരി, ഒരല്പം കൂടി കനം കൂട്ടി പറഞ്ഞാൽ മധ്യതിരുവിതാംകൂറുകാരി
ചെറുപ്പത്തിലെ ഓണത്തിന്റെ ഏറിയ പങ്കും രാമപുരം അഥവാ പത്തിയൂർ എന്ന സ്ഥലത്തായിരുന്നു ചെലവഴിച്ചത്. ഉമ്മിയുടെ വീട്ടിലാണ് ഒഴിവുകാലങ്ങളിൽ ഏറിയ പങ്കിന്റെയും മധുരമൂറുന്നയോർമ്മകളുള്ളത്,
ഉമ്മയുടെ വാപ്പയായ ‘ഉപ്പാക്ക്‌’ പത്തു കൊച്ചുമക്കളാണ് മൊത്തം, അവരിൽ ചുരുങ്ങിയത് ആറുപേരെങ്കിലും പുത്തൻ കണ്ടത്തിൽ എന്ന വീട്ടിൽ അവധിക്കാലങ്ങളിൽ ഉണ്ടാവും. ഓണാവധിക്ക് പ്രത്യേകിച്ച്. ഞങ്ങൾ നന്നായി ഭക്ഷണം കഴിക്കുകയും, അതിലും നന്നായി കളികളിൽ കൂടുകയും, ഏറ്റവും ഉപരിയായി ജീവഹാനി ഒഴികെയുള്ള എല്ലാ കുരുത്തക്കേടുകളിലും ഏർപ്പെടുകയും ചെയ്യുമായിരുന്ന ഒരു ചെറിയ വാനരസേനയായിരുന്നു. കുട്ടിക്കൂട്ടത്തിന് ഓണത്തിലെ ചുരുങ്ങിയത് അഞ്ചു ദിവസങ്ങളിൽ എങ്കിലും അയൽ വീടുകളിൽ നിന്നായിരുന്നുസദ്യ. കിഴക്കേലമ്മൂമ്മയും, തെക്കേലമ്മയും, യശോദച്ചെയ്യും, ഗീത ആന്റിയും, നാച്ചയുടെ കൂട്ടുകാരായ പേരോർമ പോലുമില്ലാത്ത അങ്കിളുമാരും ആന്റിമാരും ഞങ്ങളെ റാഞ്ചിയെടുത്തു കൊണ്ടു പോയി മത്സരിച്ചൂട്ടിയിരുന്നു.
നെയ്യൊഴിച്ച ചോറിലേക്ക് പരിപ്പും സാമ്പാറും പയറു കറിയും പുളിശ്ശേരിയും പച്ചമോരും, പായസവും പഴവും പപ്പടവും പാകത്തിന് കൂട്ടിക്കുഴച്ച് കഴിക്കാൻ ഞങ്ങൾ പഠിച്ചത് അവിടെനിന്നാണ്, പാൽപ്പായസത്തിൽ ബോളി അലിയിച്ചിറക്കാൻ കഴിഞ്ഞില്ലെങ്കിൽ സദ്യ പൂർണമായില്ല എന്ന് പോലും ഞങ്ങൾ വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. പച്ചടിയോ, കിച്ചടിയോ, കാലനോ, ഓലനോ അവിയലോ, കൂട്ടുകറിയോ, മത്തങ്ങാ പുളിയോ എരിശ്ശേരിയോ,അച്ചാറുകളോ കൊണ്ടാട്ടാമോ പോയിട്ട്, മുരിങ്ങക്കൊലോ, കറിവേപ്പിലയോ, താളിച്ചെടുത്ത മുളകോ, കടുകോ പോലുമോ ഞങ്ങൾ ഇലയിൽ ബാക്കിയാക്കിയില്ല, അടയും, പ്രഥമനും, അരിപ്പായസവും, പയറുപായസവും, സേമിയയും ഒരു നേരം എത്ര ഗ്ലാസ് വെച്ചാണ് കുടിച്ചത് എന്ന് പോലും ഓർമയുണ്ടാവില്ല.

അയൽവീടുകളിൽ നിന്ന് തലയിണ കെട്ടുകൾ കണക്കെഎത്തുന്ന ഉപ്പേരി പൊതികൾ വൈകുന്നേരത്തെ ചായക്കൊപ്പം രുചി നോക്കാനെ ഞങ്ങൾക്ക് തികഞ്ഞിരുന്നുള്ളു.

എല്ലാ വീടുകളിലും ഊഞ്ഞാൽ ഉണ്ടാവും, പക്ഷെ പുത്തൻ കണ്ടത്തിലെ കനാല് വക്കിലെ രണ്ടു കൊന്നതെങ്ങുകൾ ചേർത്ത് ഉപ്പ കെട്ടുന്ന ഊഞ്ഞാലുകളിലാണ് ആ പ്രദേശത്തിലേക്കും ഉയരത്തിൽ ആയമിട്ട് ആടാൻ കഴിയുന്നത്. നല്ല ഉണങ്ങിയ മടലോ, ആഞ്ഞിലിത്തടി പാകത്തിൽ ഒരുക്കിയതോ ഇരിപ്പിടമാക്കി ഞങ്ങൾ ക്ഷമയോടെ കാത്തു നിന്ന് ഉണ്ടയിട്ട് (ഒരായത്തിനാണ് ഒരുണ്ട എന്ന പേര്) ഊഞ്ഞാലാടും. അപ്പുറത്തുന്നും ഇപ്പുറത്തുന്നും കണ്ണാണ്ണനും, വിഷ്ണുവും, ആശചേച്ചിയുമെല്ലാം വൈകുന്നേരങ്ങളിൽ ഉപ്പേരിയും, അമ്മൂമ്മക്കാതും കളിയോടക്കയും കൊറിച്ചു ഞങ്ങൾക്കൊപ്പം തന്നെയുണ്ടാവും, അമ്മമാർ ചീനച്ചട്ടിയിൽ നിന്നും നല്ല തേങ്ങാക്കൊത്തു ചേർത്തുണ്ടാക്കിയ ഉണ്ണിയപ്പവും നെയ്യപ്പവും കോരിയാൽ ഉടനെ ഞങ്ങളെയും കൊണ്ട് ഓടാൻ പാകത്തിലാണ് പലപ്പോഴും അവരുടെ നിൽപ്പ്.

നന്മ, സർഗ്ഗ, കാരുണ്യ തുടങ്ങിയ പേരുകളുള്ള കൂട്ടായ്മകൾ വൈകുന്നേരങ്ങളിൽ ഒഴിഞ്ഞ പറമ്പുകളിൽ നല്ല ഓണക്കളികൾ സംഘടിപ്പിച്ചിട്ടുണ്ടാവും. പങ്കെടുക്കണമെങ്കിൽ ചിലപ്പോഴൊക്കെ ചെറിയ തുക നൽകേണ്ടിയിരുന്നു. ഓണസമ്മാനം കിട്ടിയ നാണയങ്ങളും ചെറു നോട്ടുകളും ഞങ്ങളുടെ കൈവശം ഉണ്ടാവുമെങ്കിലും ഉപ്പയാണ് ഞങ്ങളുടെ പേരുകൾ വിലാസം ചേർത്ത് രജിസ്റ്റർ ചെയ്യുക. സബ് ജൂനിയർ
, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഞങ്ങൾ കഴിയുന്ന എല്ലാറ്റിനും മത്സരിക്കും,ഓണപ്പാട്ടിനും, ലളിത ഗാനത്തിനും ഞങ്ങളുടെ കൂട്ടത്തിലുള്ള രണ്ടു പേർക്ക് എല്ലായ്പോഴും സമ്മാനം ഉറപ്പാണ്, സ്കൂളിൽ നിന്ന് പഠിച്ച പാട്ടുകളും, കവിതകളും പ്രസംഗവുമെല്ലാം സ്റ്റേജ് ഫിയർ എന്താണെന്നു പോലുമറിയാതെ വരത്തനായ കുട്ടിയായി അത്രയും നാട്ടുകാരുടെ മുന്നിൽ വെച്ചു കാച്ചും.

പിന്നെ ഓണക്കളികളുടെ പൊടി പൂരമാണ്, സുന്ദരിക്ക്‌ പൊട്ട് തൊടൽ, ഉറിയടി, ഓട്ട മത്സരം, കുപ്പിയിൽ വെള്ളം നിറക്കൽ, മിട്ടായി പെറുക്കൽ, വടം വലി എന്നിങ്ങനെ എന്തൊക്കെ മത്സരങ്ങളുണ്ടോ അതിനെല്ലാം കൂടും. ഞങ്ങളെപ്പോലെ ദൂരെ വീടുകൾ ഉള്ള, അമ്മാത്തേക്ക് ഓണത്തിന് വിരുന്നു വന്ന കുറേ കുട്ടികളുമായിട്ടാണല്ലോ മത്സരം. എന്നാലും മടങ്ങിപ്പോകുമ്പോൾ കൈ നിറയെ സമ്മാനങ്ങളുണ്ടാവും. സന്ധ്യക്ക്‌ വീട്ടിലെത്തി കുളിച്ചു നിസ്കരിച്ചു ദിക്ർ ചൊല്ലി തുടങ്ങുമ്പോഴേക്കും വിളിക്കാൻ ആളെത്തിയിട്ടുണ്ടാവും, നിലത്തു വിരിച്ച ടാർപ്പയിൽ ഇരുന്നു നാടകവും, ഗാനമേളയും കൂത്തും കാണുന്നേരവും കൊറിക്കാനും കുടിക്കാനും കയ്യിൽ എന്തെങ്കിലും കരുതിയിട്ടുണ്ടാവും. നേരമേറെ വൈകിയാൽ ഞങ്ങൾ കുട്ടികൾ പരസ്പരം കൈ കൊരുത്തു പിടിച്ചു സുരക്ഷിതമായി നിലാവിൽ നനഞ്ഞുറങ്ങും, മുതിർന്നവർ വിളിച്ചാലും വീട്ടിൽ പോകാൻ കൂട്ടാക്കാതെ ഉണർന്നും ഉറങ്ങിയും പരിപാടി മുഴുവൻ തീർന്നിട്ടെ എണീക്കാൻ കൂട്ടാക്കൂ.
അപ്പോഴും പിറ്റേന്ന് പൂക്കളമിടാൻ ഏറ്റവും വ്യത്യസ്ത നിറത്തിലുള്ള കാട്ടു പൂക്കൾ ഏതു പറമ്പിലാണ് ഉണ്ടാവുകയെന്ന് തമ്മിൽ ചർച്ചയിലായിരിക്കും.

അന്നൊക്കെ മതമില്ല,
ജാതിയില്ല, സ്നേഹം മാത്രമാണ് ഞങ്ങൾ കണ്ടത്,
ഞങ്ങളുടെ പകലുകൾ രാത്രികളെക്കാൾ മനോഹരമായിരുന്നു,
ഞങ്ങളുടെ രാത്രികൾ അതിമനോഹരവും,
ഞങ്ങളുടെ നാളെകൾ പ്രതീക്ഷകൾ മാത്രം നിറഞ്ഞതായിരുന്നു. അമ്മയെന്നും, ഉമ്മിയെന്നും, ഇച്ചേച്ചിയെന്നും, അണ്ണാണ്ണനെന്നും, അപ്പൂപ്പനെന്നും, ഉപ്പയെന്നും, ഉമ്മാമ്മയെന്നും അമ്മൂമ്മയെന്നും, അമ്മാമ്മയെന്നും, അച്ചാച്ചനെന്നും ഞങ്ങൾ വിളിച്ചിരുന്നത് ഞങ്ങളുടെ ആത്മാവിനെ തൊട്ട് തന്നെയായിരുന്നു. ഒരുമിച്ചു നോമ്പ് നോല്ക്കാനോ,ഉത്സവപ്പറമ്പിൽ പോകാനോ, കേക്കുണ്ടാക്കാനോ, പുൽക്കൂട് കെട്ടാനോ ഞങ്ങൾ പരസ്പരം പൊട്ടോ തട്ടമോ നോക്കിയില്ല, കുറിയോ തൊപ്പിയോ തിരഞ്ഞില്ല, പരസ്പരം നിന്ദിച്ചില്ല, അകമഴിഞ്ഞ് ഞങ്ങൾ സ്നേഹിച്ചു, ഉള്ളറിഞ്ഞു ഞങ്ങൾ ആനന്ദിച്ചു.
ഞങ്ങളിനിയും അങ്ങനെയൊക്കെത്തന്നെയായിരിക്കും,
ആരിനി എന്തിനൊക്കെ അരുതുകൾ കല്പിച്ചാലും ഞങ്ങളുടെ ചാലകശക്തി ഒരുമയാണ്.
ഓണാശംസകൾ

ആദില ഹുസൈൻ

 

RECENT POSTS
Copyright © . All rights reserved