വിവാദങ്ങളുടെ പരമ്പരയ്ക്കൊടുവിലാണ് ബോറിസ് ജോൺസൺ ബ്രിട്ടൻ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുന്നത്. നേരത്തെ ഒരു തവണ അദ്ദേഹത്തിനെതിരെ സ്വന്തം പാളയത്തിൽ നിന്നുതന്നെ ആരോപണങ്ങളുയരുകയും അവിശ്വാസം വരികയും ചെയ്തപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും വിശ്വാസം നേടിയെടുത്ത് ബോറിസ് അധികാരത്തിൽ തുടരുകയുമായിരുന്നു. എന്നാൽ ഒടുവിലത്തെ പിഞ്ചർ വിവാദം അദ്ദേഹത്തിന് കാര്യങ്ങൾ അത്ര എളുപ്പമാക്കിയില്ല.
ഡെപ്യൂട്ടി ചീഫ് വിപ്പായിരുന്ന പിഞ്ചറിനെതിരെ ലൈംഗികാരോപണം ഉയരുകയും മന്ത്രിമാർ ഒന്നൊന്നായി രാജിവെക്കുകയും ചെയ്തതോടെയാണ് ബാറിസ് ജോൺസണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. പ്രതിപക്ഷം ഒന്നടങ്കം ബോറിസ് ജോൺസൺന്റെ രാജിക്കായി മുറവിളി കൂട്ടുമ്പോൾ സ്വന്തം പാളയത്തിലുള്ള മന്ത്രിമാർ ഓരോന്നായി രാജിവെക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ രാജിക്ക് ആക്കംകൂട്ടി. പിന്നീട് ബോറിസ് ജോണ്‍സണ് പിടിച്ചുനിൽക്കാൻ സാധിക്കാതെ രാജിയില്‍ കലാശിച്ചു.
യാദൃശ്ചികമായിരുന്നു ബോറിസ് ജോൺസന്‍റെ പ്രധാനമന്ത്രി സ്ഥാനലബ്ധി. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകണമെന്നാവശ്യവുമായി ഹിതപരിശോധനയും അതിന് പിന്നാലെ പാർലിമെന്റിൽ മുൻ പ്രധാനമന്ത്രി തെരേസാ മേയ് കരാർ അവതരിപ്പിക്കുകയയിരുന്നു. എന്നാൽ മൂന്ന് തവണ കരാർ അവതരിപ്പിച്ചിട്ടും തെരേസാ മേയ്ക്ക് കനത്ത പരാജയമായിരുന്നു ഫലം. ഇതിന് പിന്നാലെ അവർ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. തെരേസ മേയുടെ രാജിക്ക് പിന്നാലെയാണ് ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. തെരെസയുടെ പാര്‍ട്ടിയിലെ കടുത്ത ബ്രെക്സിറ്റ് അനുകൂലിയായിരുന്നു ബോറിസ് ജോണ്‍സണ്‍. പ്രത്യേകിച്ച് ഒരു കരാറുകളും ഇല്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ തയാറായ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിപദത്തിലെത്തിയ ബോറിസ് ജോൺസണെ നിരവധി വിവാദങ്ങള്‍ പിന്തുടർന്നു. എന്നാൽ ഇതിൽ നിന്നൊക്കെ അദ്ദേഹം രക്ഷപ്പെടുകയും ഒടുവിൽ പിഞ്ചർ വിവാദത്തിൽ രാജിയിലെത്തുകയുമായിരുന്നു.
ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫർ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. ഫെബ്രുവരിയിലാണ് പിഞ്ചിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിക്കുന്നത്.
52-കാരനായ പിഞ്ചറിനെതിരെ രണ്ട് പുരുഷന്മാരാണ് ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ലണ്ടനിലെ പിക്കാഡിലിയിലെ കാൾട്ടൺ ക്ലബ്ബിൽവെച്ച് പിഞ്ചർ മദ്യലഹരിയിൽ തങ്ങളെ ലൈംഗിക ഉദ്ദേശത്തോടു കൂടി കയറിപ്പിടിച്ചു എന്നാണ് പിഞ്ചറിനെതിരേയുള്ള പരാതി. ഇതിന് പിന്നാലെ മറ്റു ചിലരും സമാന രീതിയിലുള്ള പരാതികളുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് പിഞ്ചർ ഡെപ്യൂട്ടി ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജൂൺ 30ന് രാജിവെക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ബോറിസ് ജോൺസൺ തയ്യാറായില്ല.
പിന്നാലെ, പിഞ്ചറിനെ നിയമിക്കുന്ന സമയത്തുതന്നെ അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്ന് ബോറിസ് ജോൺസൺ തന്നെ അഭിമുഖത്തിൽ വെളിപ്പെടുത്തിയതാണ് വൻ വിവാദത്തിലേക്ക് നയിച്ചത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ മാപ്പുപറഞ്ഞെങ്കിലും ഏറെ വൈകിപ്പോയിരുന്നു. ലൈംഗികാരോപണങ്ങൾ നേരിടുന്ന ഒരാളെ അറിഞ്ഞുകൊണ്ട് ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിൽ പ്രതിഷേധിച്ച് സർക്കാർ പക്ഷത്തുനിന്ന് ഓരോരുത്തരായി രാജിവെച്ചു. തുടർന്ന് അദ്ദേഹത്തിനുമുന്നില്‍ രാജിയല്ലാതെ മറ്റു പോംവഴി ഇല്ലാതാകുകയായിരുന്നു.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വൻ എതിർപ്പുകളാണ് ഉയർത്തിവിട്ടത്. 2020 ജൂണിലാണ് സംഭവം. കോവിഡ് മഹാമാരി ലോകത്തെ മുൾമുനയിൽ നിർത്തിയ കാലത്ത് ഡൗണിങ് സ്ട്രീറ്റിൽ ബോറിസ് ജോൺസന്റെ പിറന്നാൾ ആഘോഷിച്ചതാണ് ഏറെ വിവാദമായത്. ബോറിസ്, ഭാര്യ കാരി ജോൺസൺ എന്നിവരിൽനിന്ന് പിഴയീടാക്കിയിരുന്നു. ഇവരുൾപ്പെടെ 83 പേർക്കായി 126 പിഴ നോട്ടീസുകൾ നൽകിയതായി പോലീസ് അറിയിച്ചു. 28 ആളുകൾക്കെതിരേ ഒന്നിലധികം കേസുകളും എടുത്തിരുന്നു.
കോവിഡ് അടച്ചിടൽ ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബോറിസ് ജോൺസനെതിരേ കൂടുതൽ ആരോപണങ്ങളും ഇതിന് പിന്നാലെ ഉയർന്നു. അടച്ചിടൽകാലത്ത് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന 12 കേസുകളിൽ ആറെണ്ണത്തിൽ ബോറിസ് ജോൺസന് ബന്ധമുണ്ടെന്നായിരുന്നു എന്നാണ് വിവരം. ഇത്തരം പാർട്ടികളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ പാർട്ടിഗേറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്.
പാർട്ടി ഗേറ്റ് വിവാദവുമായി ബോറിസ് ജോൺസൺ മാപ്പുപറഞ്ഞ് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ബോറിസ് ജോൺസണെതിരെ വിശ്വാസ വോട്ടെടുപ്പ് നടന്നത്. പാര്‍ലമെന്റില്‍ 359 എം.പി.മാരാണ് ജോണ്‍സൺന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 എം.പി.മാര്‍ ജോണ്‍സനെതിരേ വിശ്വാസവോട്ടിനു കത്തുനല്‍കിയതോടെ ബോറിസ് ജോൺസൺ പുറത്തു പോയെക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, വിശ്വാസ വോട്ടെടുപ്പിൽ ബോറിസ് ജോണ്‍സണായിരുന്നു വിജയം. 211 എംപിമാര്‍ ജോണ്‍സണെ പിന്തുണച്ചു. 148 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടായിരുന്നു ആവശ്യം.
ബോറിസ് ജോൺസൺന്റെ ഫ്ലാറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന അഴിമതിയാരോപണവും ഇപ്പോഴത്തെ രാജിക്ക് വഴിവെച്ച സംഭവങ്ങളിലൊന്നാണ്. സ്വർണം കൊണ്ടുള്ള വാൾ പേപ്പർ ഉപയോഗിച്ചും ഫ്ലാറ്റ് അലങ്കരിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ യഥാർഥ റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് 17,800 പൗണ്ട് കൺസർവേറ്റീവ് പാർട്ടിക്ക് ബ്രിട്ടൺ ഇലക്ട്രൽ കമ്മീഷൻ പിഴ ഈടാക്കുകയും ചെയ്തു.
തന്റെ പാർട്ടിയിലുള്ളവർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളും ബോറിസ് ജോൺസണെതിരെ ശക്തമായ പ്രതിശേധത്തിന് വഴിവെച്ചിരുന്നു. ലൈംഗികാരോപണം നേരിട്ട രണ്ടു പേർ ജോൺസൺ കൺസർവേറ്റീവിൽ നിന്ന് രാജിവെച്ചു. ഇതിന് പിന്നാലെ നടന്ന സ്പെഷ്യൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി ഇവിടെ പരാജയപ്പെടുകയും ചെയ്തു.
പ്രതിപക്ഷത്തിന്റെ രാജി മുറവിളി മാത്രമായിരുന്നില്ല ബോറിസിന് നേരിടേണ്ടി വന്നത്. മറിച്ച് തന്റെ മന്ത്രി സഭയിലെ വിശ്വാസമർപ്പിച്ചിരുന്ന പലരും അവസാന നിമിഷത്തിൽ കാലുമാറുകയായിരുന്നു. ഇതും ബോറിസ് ജോൺസണ് വലിയ തിരിച്ചടിയുണ്ടാക്കി. രണ്ടു മണിക്കൂറിനുള്ളിൽ എട്ടോളം മന്ത്രിമാരാണ് ബോറിസ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. ശിശുക്ഷേമ, കുടുംബകാര്യമന്ത്രി വിൽക്വിൻസും ഗതാഗതവകുപ്പ് ഉപമന്ത്രി ലോറ ട്രോട്ടും ബുധനാഴ്ച രാജിക്കത്ത് നൽകിയിരുന്നു.
നേരത്തേ ഇന്ത്യൻ വംശജനായ ധനകാര്യമന്ത്രി ഋഷി സുനാക്കും ആരോഗ്യമന്ത്രി സാജിദ് ജാവിദും മന്ത്രിസഭ വിട്ടിരുന്നു. തുടർന്ന് കാബിനറ്റ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബാർക്ലെയ്ക്ക് ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസമന്ത്രി നദിം സഹാവിക്ക് ധനകാര്യത്തിന്റെയും ചുമതല നൽകുകയായിരുന്നു. എന്നാൽ രാജി സമ്മർദ്ദവുമായി കൂടുതൽ മന്ത്രിമാർ രംഗത്തു വന്നതോടെ ബോറിസിന് പുറത്തുപോകുകയല്ലാതെ മറ്റു വഴികളില്ലാതായി.
പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് മികച്ച പ്രതികരണം. ആദ്യ ഷോ കഴിയുമ്പോള്‍ പടം കൊളുത്തിയെന്നാണ് ആരാധകരുടെ അഭിപ്രായം. തുടക്കം മുതല്‍ ഒടുക്കം വരെ അടിമുടി മാസ് പടമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണം. മലയാളത്തില്‍ ഈയടുത്തൊന്നും കാണാത്ത തരത്തിലുള്ള മാസ് എന്റര്‍ടെയ്‌നറെന്നാണ് ആദ്യ റിവ്യു.
രാജാവ് അതിശക്തനായാല്‍ സേനയും ശക്തമായിരിക്കും. എന്നാല്‍ രാജാവ് വീഴുന്നതോടെ സേന ദുര്‍ബലമാകും. പിന്നെ പുതിയ രാജാവും കൂട്ടരും കളം വാഴും. ആ പ്രക്രിയയ്ക്ക് അവസാനമില്ല. അതങ്ങനെ നീണ്ടു നീണ്ടു പോയിക്കൊണ്ടേയിരിക്കും. അങ്ങനെ ഒരു കഥയാണ് ‘കടുവ’ പറഞ്ഞുവെക്കുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുക്കെട്ടിലെത്തിയ ചിത്രം കൂടിയാണ് ‘കടുവ’. സിംഹാസനം എന്ന ചിത്രമാണ് ഇതിന് മുന്നേ ഇരുവരും ഒന്നിച്ച സിനിമ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
തൊണ്ണൂറുകളില്‍ പാലയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കടുവാകുന്നേല്‍ കുര്യാച്ചന്‍ എന്ന പ്ലാന്റര്‍ കേസിലകപ്പെട്ട് ജയിലിലാകുന്നു. അയാള്‍ നാട്ടില്‍ എല്ലാവര്‍ക്കുമറിയാവുന്നയാളാണ്. ഭൂതകാലത്ത് അയാളുടെ പിതാവ് ചെയ്ത് കൂട്ടുന്ന കാര്യങ്ങളെല്ലാം അവര്‍ക്ക് മുന്നിലുണ്ട്. കുര്യാച്ചന്‍ എന്തിനാണ് ജയിലിലാകുന്നത് ? അയാളെ ജയിലിനകത്ത് വെച്ച് അക്രമിക്കാന്‍ പദ്ധതിയിടുന്നതെന്തിനാണ് ? ഇതിന്റെ പശ്ചാത്തലം വിവരിച്ചുകൊണ്ടാണ് കഥയുടെ മുന്നോട്ട് പോക്ക്.
കടുവകുന്നേല്‍ കുര്യാച്ചനായി പൃഥ്വിരാജാണ് ചിത്രത്തില്‍ വേഷമിടുന്നത്. മികച്ച അഭിനയമാണ് പൃഥിരാജിന്റേത്. തന്റെ സ്വതസിദ്ധമായ സംഭാഷണശൈലിയും മാസ് രംഗങ്ങളെ മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്യാനുളള പാടവവും പൃഥിരാജിനെ വേറിട്ട് നിര്‍ത്തുന്നു. വളരെ മനോഹരമായി സംഘട്ടനരംഗങ്ങള്‍ അവതരിപ്പിക്കാനായിട്ടുണ്ട്.
ഐജി ജോസഫ് ചാണ്ടി എന്ന കഥാപാത്രത്തെയാണ് വിവേക് ഒബ്രോയ് അവതരിപ്പിച്ചിരിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. ഉജ്വലമായ പ്രകടനമാണ് വിവേക് ഒബ്രോയും കാഴ്ചവെച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, കലാഭവന്‍ ഷാജോണ്‍ എന്നിവരും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കി.
രണ്ട് പേര്‍ തമ്മിലുണ്ടാകുന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതിന്റെ ഒഴുക്കിനൊപ്പം പ്രേക്ഷകരേയും കൊണ്ടുപോകാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അത് എല്ലാ സീമകളും ഭേദിച്ച് വ്യക്തിപരമായ യുദ്ധമായി മാറുന്നതോടെ കഥ ത്രില്ലിംഗ് മൂഡിലേക്ക് മാറുന്നു. പിന്നെ സിനിമ മുഴുവന്‍ അടിയും തിരിച്ചടിയുമാണ്. ഭരണകര്‍ത്താക്കള്‍ അവരുടെ ഇംഗിതത്തിനനുസരിച്ച് നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണതയെ സുവ്യക്തമായി ചിത്രം തുറന്നുകാട്ടുന്നുണ്ട്.
ഛായാഗ്രഹണം അഭിനന്ദ് രാമാനുജവും സംഗീത സംവിധാനം ജേക്‌സ് ബിജോയിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. കനല്‍ കണ്ണന്‍, മാഫിയ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. സംഘട്ടനരംഗങ്ങളുടെ അവതരണം പ്രശംസനീയമാണ്. ചിത്രത്തിലെ പാട്ടുകളും മനോഹരമാണ്.
ഒരു പക്കാ മാസ് ആക്ഷന്‍ എന്റര്‍ടെയിനറെന്ന നിലയില്‍ ‘കടുവ’ നീതിപുലര്‍ത്തിയിട്ടുണ്ട്. മാസ് ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരം ചിത്രത്തിലുടനീളം കാണാനാകും. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കാന്‍ സംവിധായകനായി. രണ്ട് മണിക്കൂര്‍ നേരം തീയേറ്ററിലെ വെടിക്കെട്ട് ആസ്വദിക്കാന്‍ ‘കടുവ’യ്ക്ക് ടിക്കറ്റെടുക്കാം.
കടുവ കണ്ടവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം…
ജില്ലയില്‍ നാല് പോലീസുകാര്‍ക്ക് ഗുണ്ടാബന്ധമെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്. ചങ്ങനാശേരി ഡി.വൈ.എസ്.പി, സൈബര്‍ സെല്ലിലെ ഒരു ഓഫീസര്‍, രണ്ട് സിവില്‍ പോലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പുതല നടപടി ശിപാര്‍ശ ചെയ്ത് ഐ.ജി പി.പ്രകാശ് റിപ്പോര്‍ട്ട് നല്‍കിയത്. കോട്ടയത്തെ സ്ഥിരം കുറ്റവാളിയായ അരുണ്‍ ഗോപനുമാണ് ഇവര്‍ക്ക് ബന്ധം. ഏതാനും മാസം മുന്‍പ് ഒരു യവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പോലീസ് സ്‌റ്റേഷനു മുന്നില്‍ തള്ളിയ സംഘത്തിലുള്ളയാളാണ് അരുണ്‍ ഗോപനെന്ന് റിപ്പോര്‍ട്ടുണ്ട്.
രണ്ടാഴ്ച മുന്‍പ് ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് വെസ്റ്റ് പോലീസ് അരുണിനെ അറസ്റ്റു ചെയ്തിരുന്നു. അന്ന് രാത്രി സ്‌റ്റേഷനിലെത്തിയ ഡിവൈഎസ്പി അരുണിനെ തന്റെ പേര് പുറത്തുപറഞ്ഞാല്‍ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ച് കോട്ടയം എസ്.പിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്.പി ഈ റിപ്പോര്‍ട്ട് ഐ.ജിക്ക് കൈമാറുകയും ഐ.ജി നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും മൂന്നു പേര്‍ക്കെതിരെ വകുപ്പ്തല നടപടിക്ക് പാലാ എ.എസ്.പിക്ക് നിര്‍ദേശം നല്‍കി. ഡിവൈഎസ്പിക്കെതിരായ നടപടിക്ക് ഡിജിപിക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ചെമ്മണ്ണൂര്‍ സേനാപതിയില്‍ മോഷണശേഷം രക്ഷപ്പെട്ട മോഷ്ടാവ് വീടിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന് വ്യക്തമാക്കുന്നത്. കൊലക്കേസില്‍ വീട്ടുടമ രാജേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തു. മല്‍പ്പിടുത്തത്തിനിടെ പരിക്കേറ്റ രാജേന്ദ്രന്‍ ചികിത്സയിലാണ്.
ഓട്ടോറിക്ഷ ഡ്രൈവറായ രാജേന്ദ്രന്റെ വീട്ടില്‍ മോഷണത്തിന് കയറിയ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. മോഷണശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ജോസഫുമായി രാജേന്ദ്രന്‍ മല്‍പ്പിടുത്തം നടത്തി. തന്നെ കടിച്ചുപരിക്കേല്‍പ്പിച്ച ശേഷം ജോസഫ് ഓടിരക്ഷപ്പെട്ടുവെന്നാണ് രാജേന്ദ്രന്‍ പറഞ്ഞത്. പിറ്റേന്ന് രാജേന്ദ്രന്റെ വീടിനു നൂറുമീറ്റര്‍ അകലെ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ജോസഫിന്റെ കഴുത്ത് ഞെരിച്ച് എല്ലുകള്‍ പൊട്ടിയിരുന്നുവെന്നും അത് ശ്വാസനാളിയില്‍ തറച്ചാണ് മരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റ രാജേന്ദ്രനെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ്യത്ത് കോവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 30 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് ആദാനോം ഗെബ്രിയേസസ് പറഞ്ഞു.യൂറോപ്പിലും അമേരിക്കയിലും ബി.എ ഫോര്‍, ബി.എ ഫൈവ് വകഭേദമാണ് പടരുന്നത്. ഇന്ത്യയില്‍ ബി.എ 2.75 വകഭേദമാണ് പടരുന്നതെന്നും ഡബ്ലു.എച്ച്.ഒ ഡയറക്ടര്‍ പറഞ്ഞു.
ബി.എ 2.75 വകഭേദം ആദ്യം ഇന്ത്യയില്‍ കണ്ടെത്തിയതിന് പുറമെ മറ്റ് പത്ത് രാജ്യങ്ങളില്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡബ്ലു.എച്ച്.ഒ-യുടെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. ഇതിനെ കുറിച്ച് പഠിക്കാന്‍ വളരെ കുറച്ച സ്വീകന്‍സുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. മനുഷ്യനില്‍ എന്ത് മാറ്റമാണ് ഇതുണ്ടാക്കുകയെന്നത് നിരീക്ഷിക്കേണ്ടതുണ്ട്. ഇത് പ്രതിരോധ മരുന്നുകളാല്‍ തടയാവുന്നതാണോ കൂടുതല്‍ ഗുരുതര സ്വഭാവമുള്ളതാണോയെന്ന കാര്യം വ്യക്തമായിട്ടില്ലെന്നും ഡോ.സൗമ്യ പറഞ്ഞു. ഡബ്ലു.എച്ച്.ഒ വിദഗ്ദ്ധര്‍ പുതിയ വകഭേദത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ആഗോള തലത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ ശേഖരിച്ച് കാര്യങ്ങള്‍ പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു.
ജോലിയില്‍നിന്നു പുറത്താക്കിയ എച്ച്.ആര്‍.ഡി.എസിന്റെ നടപടിയില്‍ പ്രതികരിക്കാതെ സ്വപ്ന സുരേഷ്. കൂനമ്മാവ് മേസ്തിരിപ്പടിയിലുള്ള പുതിയ താമസ സ്ഥലത്തേക്ക് മാധ്യമങ്ങളെ ഉള്‍പ്പെടെ ആരെയും കടത്തിവിടരുതെന്നാണ് സ്വപ്ന സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. താത്കാലികമായി ഡ്യൂട്ടിയിലുള്ള പോലീസുകാരോടും വീട്ടിലേക്ക് ആരെയും കടത്തിവിടരുതെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പുതിയ താമസസ്ഥലത്ത് പരിസരവാസികള്‍ക്ക് ശല്യമാകുന്ന തരത്തിലുള്ള ഒരു നടപടിയും ഉണ്ടാകരുതെന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുഖമില്ലാത്തതിനാല്‍ സ്വപ്ന ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണെന്നും സരിത്ത് പറഞ്ഞു.
സരിത്തിനെ ചോദ്യം ചെയ്തു; സ്വപ്നയുടെ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറി
കൊച്ചി: മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരേയുള്ള ഗൂഢാലോചന കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരായി. ബുധനാഴ്ച ഉച്ച മുതല്‍ എറണാകുളം പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനിടെ കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിന്റെ ഫോണ്‍ സരിത്ത് ക്രൈം ബ്രാഞ്ചിന് കൈമാറി. സ്വപ്നയുടെ ഫോണ്‍ കൈമാറണമെന്ന് നേരത്തേ ക്രൈം ബ്രാഞ്ച് നിര്‍ദേശിച്ചിരുന്നു.
അവര്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് സരിത്ത് ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ ഫോണ്‍ കൈമാറുകയായിരുന്നു. സ്വപ്നയെ ചൊവ്വാഴ്ച പ്രത്യേക അന്വേഷണ സംഘം ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
ഇ.ഡി.യുടെ ചോദ്യം ചെയ്യലിന് ഹാജരായില്ല
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ഇ.ഡി.യുടെ ചോദ്യം ചെയ്യലിന് പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും ഹാജരായില്ല. ശാരീരിക അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണം എന്ന് സ്വപ്ന ആവശ്യപ്പെട്ടത്. സ്വപ്നയെ ആശുപത്രിയില്‍ കൊണ്ടുപോകാനുണ്ടെന്ന കാരണമാണ് സരിത്ത് ബോധിപ്പിച്ചത്. ഇരുവരും ഇ.ഡി. ഓഫീസിലേക്ക് മെയില്‍ അയയ്ക്കുകയായിരുന്നു.
ഭരണഘടനയെ അവഹേളിച്ച സംഭവത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വതന്ത്രമായ മനസ്സോടെ രാജിവയ്ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നലെ വൈകിട്ട് അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ഇന്ന് കോടതി ഇടപെടലോടെ ചെയ്യേണ്ടിവന്നേനെയെന്നും സതീശന്‍ പറഞ്ഞു.
സജി ചെറിയാന്‍ ഇതുവരെ തെറ്റ് സമ്മതിച്ചിട്ടില്ല. രാജി ത്യാഗമല്ല. നിയമപരമായ ബാധ്യതയാണ്. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചെന്ന വാദം ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന് ഇന്ന് വൈകിട്ട് സിപിഎം ചെങ്ങന്നൂരില്‍ സ്വീകരണം നല്‍കും
ടോം ജോസ് തടിയംപാട്
ഇസ്ലാമിക ഭീകരർ സാംസ്‌കാരിക കേരളത്തിന്റെ നെഞ്ചിൽ വെട്ടിയതിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പ്രൊഫസർ ജോസഫ് സാർ. ഒരു കാലത്തു മറ്റൊരു മത ഭീകരതയുടെ ഈറ്റില്ലമായിരുന്ന ഐർലണ്ടിൽ അദ്ദേഹം എത്തിച്ചേർന്നിരിക്കുകയാണ്. അയർലൻഡിലെ സീറോമലബാർ കമ്മ്യൂണിറ്റിSMCI എന്ന സംഘടന ജോസഫ് മാഷിന് ജൂലൈ17ന് ഗംഭീര സ്വികരണവും പൊതുസമ്മേളനവുമാണ് ഒരുക്കിയിരിക്കുന്നത് .അദ്ദേഹം മറ്റൊരു ദിവസം ലിവർപൂളിൽ എത്തിച്ചേരാമെന്നു സമ്മതിച്ചിട്ടുണ്ട് വിവരങ്ങൾ പിന്നീട് അറിയിക്കുന്നത് .
ഒരു ചോദ്യപേപ്പർ വിവാദത്തിന്റെ പേരിൽ തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രൊഫസറായിരുന്ന ജോസഫ് സാറിന്റെ കൈപ്പത്തി 2010 ജൂലൈയിൽ മതതീവ്രവാദികൾ വെട്ടിയെടുത്തത് ഒരു നടുക്കത്തോടെ മാത്രമേ ഇന്നും മലയാളികൾക്ക് ഓർക്കാൻ സാധിക്കു. തുടർന്ന് കോളേജ് മാനേജ്മെന്റിന്റെയും, കത്തോലിക്കാ സഭയുടെയും പീഡനങ്ങളും, പ്രിയതമയുടെ മരണവും,നിയമനടപടികളും എല്ലാം കൂടി ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തെ അപ്പാടെ ഉലച്ചുകളഞ്ഞു. എങ്കിലും പ്രതിസന്ധികളെ എല്ലാം തൻറെ മനോബലം ഒന്നുകൊണ്ടുമാത്രം തരണം ചെയ്തു ഒരു ഫീനിക്സ് പക്ഷിയെ പോലെ ആരോടും പരാതിയും പരിഭവവും ഇല്ലാതെ ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും ജോസഫ് മാഷ് കേരളസമൂഹത്തിൽ തന്റെ സാന്നിധ്യമറിയിച്ചു നിലകൊള്ളുന്നു.
അദ്ദേഹത്തിൻറെ “അറ്റുപോകാത്ത ഓർമ്മകൾ” എന്ന ആദ്യ പുസ്തകം വായനക്കാരുടെ മനസ്സുകളിൽ തീകോരിയിടുന്ന ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമാണ്. അയർലൻഡ് സന്ദർശനത്തിനെത്തുന്ന ജോസഫ് മാഷിനു സ്വീകരണം ഒരുക്കുവാൻ അയർലൻഡിലെ സീറോമലബാർ കമ്മ്യൂണിറ്റി (SMCI) തീരുമാനിച്ചിരിക്കുകയാണ്. ജൂലൈ 17 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 8 മണി വരെ ആഷ് ബോണിലെ GAA ഹാളിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഈ പൊതുസമ്മേളനത്തിൽ ജോസഫ് മാഷുമായുള്ള ചോദ്യോത്തരവേളയും ഉണ്ടായിരിക്കുന്നതാണ്. അദ്ദേഹത്തെ നേരിൽ കാണാനും നമ്മുടെ അനുഭാവം പ്രകടിപ്പിക്കുവാനും അയർലണ്ടിലെ പ്രബുദ്ധരായ ഓരോ മലയാളിയെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി SMCI ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
George 087 9962929
Josan 087 2985877
പി.സി. ജോർജിനെതിരേ ആരോപണങ്ങളുമായി വീണ്ടും സോളാർ കേസിലെ പ്രതിയായ പരാതിക്കാരി. ജോര്‍ജിനെതിരായ പരാതിയില്‍ തെളിവുണ്ട്. എന്നാൽ ഫെബ്രുവരി 10ന് തൈക്കാട് വച്ച് ജോര്‍ജില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
ഓരോ ഫോണ്‍ കോളുകളും റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്. അദ്ദേഹം ചെയ്തത് അദ്ദേഹത്തിന് നന്നായി അറിയാമെന്നും പരാതിക്കാരി പറഞ്ഞു. പരാതി നൽകാൻ മാനസികമായി തയാറെടുപ്പ് ആവശ്യമായിരുന്നു. ജോര്‍ജ് എട്ടു വര്‍ഷമായി അടുത്തിടപഴകുന്നു. അതിക്രമത്തിനു ശേഷം ചികിത്സയിലായിരുന്നെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ പല വിഷയങ്ങളിലും രാഷ്ട്രീയമായി വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയാണ്. മോശക്കാരിയായി വരുത്തി തീര്‍ത്താലും പറയാനുള്ളത് പറയും. തന്നെപ്പറ്റി അപവാദം പറയുന്നത് ജോര്‍ജ് നിര്‍ത്തണം. ജോര്‍ജ് മെന്‍ററായിരുന്നു, എന്നാൽ പീഡനത്തോടെ അത് മാറി. നിയമനടപടികളുമായി മുന്നോട്ടുപോകും. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.
മാത്യൂ ചെമ്പുകണ്ടത്തിൽ
82-ാം വയസിൽ മാവോയിസ്റ്റ് തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു, 83-ാം ജന്മദിനം ഇരുമ്പഴിക്കുള്ളിൽ കടന്നു പോയി, 84-ാം വയസിൽ – 2021 ജൂലൈ 5 ന് തടവിൽ കഴിയുമ്പോൾ നിത്യവിശ്രമത്തിനായി വിളിക്കപ്പെട്ടു – ഭീമ കൊറേഗാവ് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഝാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് 2020 ഒക്ടോബർ 8ന് അറസ്റ്റ് ചെയ്യപ്പെട്ട ഫാദർ സ്റ്റാൻ സ്വാമിയുടെ അന്ത്യനാളുകൾ ഇപ്രകാരമായിരുന്നു.
ഫാ. സ്റ്റാൻ സ്വാമി വിടവാങ്ങിയിട്ട് ജൂലൈ 5ന് ഒരാണ്ട് തികയുന്നു. നീതിയുടെ പക്ഷത്ത് നിർഭയനായി നിലയുറപ്പിക്കുന്ന ഒരു ക്രൈസ്തവന് ലഭിക്കാവുന്ന ഭാഗ്യകരമായ അന്ത്യം തൻ്റെ കർമഭൂമിയിൽ എരിഞ്ഞടങ്ങുക എന്നതാണെന്ന മഹനീയസാക്ഷ്യം ഉയർത്തിപ്പിടിച്ച് നിർഭയനായി അദ്ദേഹം കടന്നുപോയി.
ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ അമ്പത് വർഷത്തിലധികമായി ഫാ. സ്റ്റാൻ സ്വാമി പ്രവർത്തിച്ചു. ആദിവാസി ജനസമൂഹങ്ങളുടെ ഭൂമി, വനസംരക്ഷണ സമരങ്ങളിലും തുല്യവേതനം തേടിയുള്ള പോരാട്ടങ്ങളിലും സജീവമായിരുന്നതിനാൽ അദ്ദേഹം ഭരണകൂടത്തിൻ്റെ കണ്ണിലെ കരടായി മാറി. അവർ അദ്ദേഹത്തെ തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത് തടവറയിലാക്കി.
തൻ്റെ കംപ്യൂട്ടറിൽ ബാഹ്യശക്തികൾ നിക്ഷേപിച്ച ചില ഡോക്യൂമെൻ്റുകളെ തെളിവാക്കിയെടുത്താണ് തന്നേ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ഫാ. സ്റ്റാൻ സ്വാമി അവസാന നിമിഷം വരെ വാദിച്ചു. വർദ്ധക്യവും പാർക്കിൻസൺസും ബാധിച്ച് അവശനായ ആ വ്യദ്ധൻ്റെ ദുർബല ശബ്ദത്തിന് നീതിയെ സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിൻ്റെ വേർപാടിനു ശേഷം തൻ്റെ വാദങ്ങളെല്ലാം ശരിയായിരുന്നു എന്ന് സകലർക്കും ബോധ്യമാവുകയും ചെയ്തു.
“ലോകത്തിൻ്റെ വെളിച്ചമാവുക” എന്നതാണ് ക്രൈസ്തവൻ്റെ വിളിയും ദൗത്യവുമെന്നു സകലരേയും ഓർമിപ്പിക്കുന്നതായിരുന്നു ഫാ. സ്റ്റാൻ സ്വാമിയുടെ ജീവിതം. ഈ സത്യം ശക്തമായി അദ്ദേഹം തൻ്റെ കർമ്മഭൂമിയിൽ പ്രഘോഷിച്ചു. അതിനാൽ വാർദ്ധക്യത്തിൻ്റെ അവശതയിൽ തളർന്നിരിക്കുമ്പോഴും ഭരണകൂടം അദ്ദേഹത്തെ ഭയന്നു. കെട്ടിച്ചമച്ച കുറ്റങ്ങൾ ആരോപിച്ച് അവർ അദ്ദേഹത്തെ ജയിലിലടച്ചു. ഒരു പാർക്കിൻസൺ രോഗിക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ടു. മരണത്തിന് അപ്പുറത്തേക്കു നീളുന്ന ജീവിതത്തിലുള്ള ക്രിസ്തീയപ്രത്യാശയ്ക്ക് തടയിടാൻ തടവറയ്ക്കോ ബന്ധനങ്ങൾക്കോ കഴിയില്ല എന്ന വിശ്വാസബോധ്യത്തോടെ അന്തിമനിമിഷം വരെയും അദ്ദേഹം നീതിക്കുവേണ്ടി ഏറെ വിശപ്പും ദാഹവും സഹിച്ചുകൊണ്ടിരുന്നു.
മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരപരിവേഷങ്ങളില്ലാതെ, ആരാലും അറിയപ്പെടാതെ ഝാർഖണ്ഡിലെ ആദിവാസികളുടെ ഇടയിൽ നീതിക്കും മാനവികതയ്ക്കും തുല്യതയ്ക്കും വേണ്ടി മാനുഷിക പ്രത്യയശാസ്ത്രങ്ങളുടെ പിൻബലമില്ലാതെ ക്രിസ്തു ശിഷ്യത്വത്തിൽ നിലനിന്നുകൊണ്ടാണ് ഫാ. സ്റ്റാൻ പടനയിച്ചത്. ഇപ്രകാരമൊരു വൈദികൻ വടക്കേയിന്ത്യയിൽ ജീവിക്കുന്നുവെന്ന് ലോകം അറിഞ്ഞത് താൻ അറസ്റ്റു ചെയ്യപ്പെട്ട ശേഷം മാത്രമായിരുന്നു. നിശ്ശബ്ദനായി സർവ്വവും സഹിച്ചുകൊണ്ട് ക്രിസ്തുവിൻ്റെ കാലടികളെ പിൻപറ്റിയ ഒരു വിശ്വസ്ത ശിഷ്യനായിരുന്നു ഫാ. സ്റ്റാൻ സ്വാമി.
ജാതീയമായ ഉച്ചനീചത്വങ്ങൾക്ക് അതീതമായി സകലമനുഷ്യനും ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന ക്രൈസ്തവ വിശ്വാസത്തിന് ഫാ. സ്വാമി സാക്ഷ്യം വഹിച്ചു. സമൂഹം ഭ്രഷ്ട് കൽപ്പിക്കുന്നവരോടൊത്ത് ജീവിക്കുകയും അവരോടൊത്ത് ദിവ്യരക്ഷകൻ്റെ ശരീര-രക്തങ്ങളുടെ പന്തിഭോജനത്തിന് ഒത്തുകൂടുകയും ചെയ്തു.
ബഹുമാന്യ വൈദികാ, അങ്ങ് ക്രിസ്തുവിൽ വിശ്രമിക്ക; ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ നിത്യജീവനായും, ചിലര്‍ ലജ്ജയ്‌ക്കും നിത്യനിന്ദയ്‌ക്കുമായി ഉണരുകയും ജ്ഞാനികൾ ആകാശവിതാനത്തിന്റെ പ്രഭപോലെയും അനേകരെ നീതിയിലേക്കു നയിക്കുന്നവന്‍ നക്ഷത്രങ്ങളെപ്പോലെയും പ്രകാശിക്കുന്ന നാൾവരെയും, “നല്ലവനും വിശ്വസ്തനുമായ ദാസനേ” എന്ന മഹത്ശബ്ദത്തിന് ചെവിയോർത്ത് അങ്ങ് വിശ്രമിക്ക!