Latest News

വോദയവിദ്യാലയ സമിതിക്ക് കീഴില്‍ രാജ്യത്താകെയുള്ള വിദ്യാലയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 1616 ഒഴിവാണുള്ളത്. അധ്യാപകര്‍ക്ക് സൗജന്യ താമസസൗകര്യം ലഭിക്കും. എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്.

ഓണ്‍ലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുപ്പിനായി നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് കേരളത്തില്‍ 12 കേന്ദ്രങ്ങളുണ്ടാവും.

ഒഴിവുകള്‍

  • പ്രിന്‍സിപ്പല്‍ – 12
  • പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് – 397
  • ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് – 683
  • ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (തേഡ് ലാംഗ്വേജ്) – 343
  • മറ്റ് വിഭാഗങ്ങളിലെ അധ്യാപകര്‍ – 181

ഒഴിവുകള്‍ വിഷയം തിരിച്ച്

  • പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (പി.ജി.ടി.): ബയോളജി-42, കെമിസ്ട്രി-55, കൊമേഴ്‌സ്-29, ഇക്കണോമിക്സ്-83, ഇംഗ്ലീഷ്-37, ജ്യോഗ്രഫി-41, ഹിന്ദി-20, ഹിസ്റ്ററി-23, മാത്സ്-26, ഫിസിക്സ്-19, കംപ്യൂട്ടര്‍ സയന്‍സ്-22.
  • ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (ടി.ജി.ടി.): ഇംഗ്ലീഷ്-144, ഹിന്ദി-147, മാത്സ്-167, സയന്‍സ്-101, സോഷ്യല്‍ സ്റ്റഡീസ്-124.
  • ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് (തേഡ് ലാംഗ്വേജ്): അസമീസ്-66, ബോഡോ-9, ഗാരോ-8, ഗുജറാത്തി-40, കന്നഡ-6, ഖാസി-9, മലയാളം-11, മറാത്തി-26, മിസോ-9, നേപ്പാളി-6, ഒഡിയ-42, പഞ്ചാബി-32, തമിഴ്-2, തെലുഗു-31, ഉറുദു-44.
  • മറ്റ് വിഭാഗങ്ങളിലെ അധ്യാപകര്‍: മ്യൂസിക്-33, ആര്‍ട്ട്-43, പി.ഇ.ടി. (പുരുഷന്‍)-21, പി.ഇ.ടി. (വനിത)-31, ലൈബ്രേറിയന്‍-53.

യോഗ്യതയും പ്രായവും ശമ്പളവും

  • പ്രിന്‍സിപ്പല്‍: 50 ശതമാനം മാര്‍ക്കോടെ നേടിയ മാസ്റ്റര്‍ ബിരുദം, പ്രവൃത്തി പരിചയം.
  • പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ്: ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ എന്‍.സി.ഇ. ആര്‍.ടി.യുടെ റീജണല്‍ കോളേജ് ഓഫ് എജുക്കേഷനില്‍നിന്നോ/ എന്‍.സി.ടി.ഇ. അംഗീകൃത സര്‍വകലാശാലകളില്‍/ സ്ഥാപനത്തില്‍നിന്നോ നേടിയ ദ്വിവത്സര ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സ്. (ഈ സ്ഥാപനങ്ങളില്‍നിന്ന് നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്‌സ് നേടിയവര്‍ക്ക് ബി.എഡ്. ആവശ്യമില്ല). അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ നേടിയ പി.ജി.യും ബി.എഡും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യവും. അംഗീകൃത സ്‌കൂളുകളില്‍ പ്രവൃത്തിപരിചയവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ അറിവുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി: 40 വയസ്സ്. ശമ്പളം: 47,600-1,51,100 രൂപ.
  • ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ്: ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ എന്‍.സി.ഇ.ആര്‍.ടി.യുടെ റീജണല്‍ കോളേജ് ഓഫ് എജുക്കേഷനില്‍നിന്നോ/എന്‍.സി.ടി.ഇ. അംഗീകൃത സര്‍വകലാശാലകളില്‍/ സ്ഥാപനത്തില്‍ നിന്നോ നേടിയ നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്‌സ്. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബാച്ചിലേഴ്‌സ് ഓണേഴ്‌സ്/ബാച്ചിലേഴ്‌സ് ബിരുദം (അതത് വിഷയങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ക്ക് വെബ്‌സൈറ്റ് കാണുക). സി.ടെറ്റ്., ബി.എഡ്., ഇംഗ്ലീഷിലും ഹിന്ദിയിലും പഠിപ്പിക്കാനുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം (നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സ് നേടിയവര്‍ക്ക് ബി.എഡ്. ആവശ്യമില്ല). റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തനപരിചയവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ അറിവുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി- 35 വയസ്സ്. ശമ്പളം 44,900-1,42,400 രൂപ.
  • മറ്റ് വിഭാഗങ്ങളിലെ അധ്യാപകര്‍: ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍: ഫിസിക്കല്‍ എജുക്കേഷനില്‍ ബിരുദം. അല്ലെങ്കില്‍. ഡി.പി.ഇ.ഡി. പ്രവര്‍ത്തനപരിചയമുള്ളവര്‍ക്കും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍നിന്ന് ഡിപ്ലോമ നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.
  • മ്യൂസിക്, ആര്‍ട്‌സ് എന്നിവയിലെ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
  • ലൈബ്രേറിയന്‍: ലൈബ്രറി സയന്‍സില്‍ ബിരുദം/അല്ലെങ്കില്‍ ബിരുദവും ലൈബ്രറി സയന്‍സ് ഡിപ്ലോമ, പ്രവര്‍ത്തനപരിചയം ഉണ്ടായിരിക്കണം. റെസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവര്‍ത്തനപരിചയവും കംപ്യൂട്ടര്‍ അറിവുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.പ്രായപരിധി-35 വയസ്സ്. ശമ്പളം 44,900-1,42,200 രൂപ.

വയസ്സിളവ്

ടി.ജി.ടി. പി.ജി.ടി. തസ്തികകളിലേക്ക് അപേക്ഷിക്കുന്ന സ്ത്രീകള്‍ക്ക് 10 വര്‍ഷംവരെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്. നവോദയ വിദ്യാലയങ്ങളിലെ റെഗുലര്‍ ജീവനക്കാര്‍ക്ക് പ്രായപരിധിയില്ല.

തിരഞ്ഞെടുപ്പ്

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ലൈബ്രേറിയന്‍ തസ്തികയിലേക്ക് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ മാത്രമേ ഉണ്ടാവൂ. 15 മാര്‍ക്കിനായിരിക്കും (150 ചോദ്യങ്ങള്‍) പരീക്ഷ. മൂന്നുമണിക്കൂറാണ് സമയം. ടി.ജി.ടി., പി.ജി.ടി. തസ്തികകളിലേക്ക് ജനറല്‍ അവെയര്‍നെസ്, റീസണിങ്, ഐ.സി.ടി. നോളെജ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, ഡൊമൈന്‍ നോളെജ് എന്നിവയായിരിക്കും ഉണ്ടാവുക. സിലബസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.

പരീക്ഷാകേന്ദ്രങ്ങള്‍

പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് പരീക്ഷ ഡല്‍ഹിയില്‍വെച്ചാവും നടക്കുക. മറ്റ് തസ്തികകളിലേക്ക് പരീക്ഷകള്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. കേരളത്തില്‍ ആലപ്പുഴ, എറണാകുളം (കൊച്ചി), ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിങ്ങനെ 12 കേന്ദ്രങ്ങളുണ്ടാവും. ലക്ഷദ്വീപില്‍ കവരത്തിയാണ് കേന്ദ്രം. പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും.

അപേക്ഷാഫീസ്: പ്രിന്‍സിപ്പല്‍-2000 രൂപ, പി.ജി.ടി.-1800 രൂപ, ടി.ജി.ടി., മറ്റ് അധ്യാപകര്‍-1500 രൂപ. ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ബാധകമല്ല.

അപേക്ഷ: www.navodaya.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 22.

ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തി പുലിവാല്‍ പിടിച്ച മന്ത്രി സജി ചെറിയാന്‍ ഒടുവില്‍ രാജിവെച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാജി.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുത്ത സിപിഎം അവയ്ലബിള്‍ സെക്രട്ടറിയേറ്റ് നേരത്തെ ചേര്‍ന്നിരുന്നുവെങ്കിലും രാജിവെക്കുന്നില്ലെന്നായിരുന്നു യോഗത്തിന് ശേഷം ഇറങ്ങി വന്ന സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഉചിതമായ നടപടിയുണ്ടാകുമെന്നായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. നാളെ സമ്പൂര്‍ണ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ രാജിവെച്ചിരിക്കുന്നു.

ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. മാതൃഭൂമി ഡോട്ട്കോമാണ് മന്ത്രിയുടെ വിവാദ പ്രസംഗം ആദ്യം വാര്‍ത്തയാക്കിയത്. പിന്നാലെയുണ്ടായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദമേറി.വിഷയത്തില്‍ ഗവര്‍ണറും ഇടപെട്ടിരുന്നു.

കോടതികളില്‍ നിന്ന് തീരുമാനങ്ങള്‍ വരുന്നത് സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കട്ടെ എന്ന് സിപിഐ അടക്കമുള്ള എല്‍ഡിഎഫ് ഘടകക്ഷികളും തീരുമാനമെടുത്തിരുന്നു.

ബ്രിട്ടീഷുകാര്‍ പറഞ്ഞത് ഇന്ത്യക്കാര്‍ എഴുതിവെച്ചതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമര്‍ശങ്ങളാണ് സജി ചെറിയാന്‍ നടത്തിയത്. ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് നിയമവിദഗ്ദ്ധരടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടത്.

ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ലില്ലി വിഭാഗത്തെ കണ്ടെത്തി. ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സില്‍ 177 വര്‍ഷക്കാലം ആരാലും കണ്ടെത്തനാകാതെ തുടരുകയായിരുന്നു വാട്ടര്‍ലില്ലി. പത്തടി വീതിയും പൂര്‍ണവളര്‍ച്ചയെത്തിയ ഒരാളുടെ ഭാരവും വാട്ടര്‍ലില്ലിക്ക് കണക്കാക്കപ്പെടുന്നുണ്ട്. ഫ്രണ്ടിയേഴ്‌സ് ഇന്‍ പ്ലാന്റ് സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് പുതിയ ഇനത്തെ കുറിച്ച വിശദീകരിക്കുന്നത്. വിക്ടോറിയ ബൊളീവിയാന (Victoria boliviana) എന്നാണ് ഇവയ്ക്ക് പേര് നൽകിയത്.ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് പടിഞ്ഞാറന്‍ ലണ്ടനിലേക്കുള്ള ഇവയുടെ വരവെന്നാണ് നിഗമനം. പഠനത്തിന് സഹകരിച്ച ബൊളീവിയന്‍ ശാസ്ത്രജ്ഞരോടുള്ള ആദരവായാണ് വിക്ടോറിയ ബൊളീവിയാന എന്ന പേര് പുതിയ വാട്ടര്‍ലില്ലി വിഭാഗത്തിന് നല്‍കിയത്.

ഭീമന്‍ വാട്ടര്‍ ലില്ലികളെ കുറിച്ചുള്ള ഗവേഷണങ്ങളുടെ അപര്യാപ്തതയാണ് ഇത്രയും വര്‍ഷം ഇവ അജ്ഞാതമായി തുടരാനുള്ള കാരണമെന്നാണ് കരുതപ്പെടുന്നത്.1852-ല്‍ ബൊളീവിയയില്‍ നിന്നുമാണ് യു.കെയിലേക്ക് ഭീമന്‍ വാട്ടര്‍ ലില്ലികളുടെ സ്‌പെസിമെനുകള്‍ കൊണ്ടു വരുന്നത്. പിന്നീട് ഇവയുടെ ജെനുസ്സിന് ക്വീന്‍ വിക്ടോറിയയോടുള്ള ബഹുമാനര്‍ത്ഥം വിക്ടോറിയ എന്ന പേരും നല്‍കി. വിക്ടോറിയ ആമസോണിക്ക (Victoria amazonica) വിക്ടോറിയ ക്രൂസിയാന (Victoria cruziana) എന്നിങ്ങനെ രണ്ട് ഉപവര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഭീമന്‍ വാട്ടര്‍ ലില്ലികള്‍ക്കുള്ളതായി കരുതപ്പെട്ടിരുന്നത്. പുതിയതായി കണ്ടെത്തിയ വാട്ടര്‍ലില്ലിയുടെ വര്‍ഗ്ഗത്തെ തിരിച്ചറിഞ്ഞിരുന്നില്ല.

ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് കൂടിയായ കര്‍ലോസ് മാഗ്ഡലേന മൂന്നാമതൊരു വാട്ടര്‍ലില്ലി വിഭാഗത്തെ കുറിച്ചുള്ള സംശയം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉന്നയിച്ചിരുന്നു. ബൊളീവിയയില്‍ സ്ഥിതി ചെയ്യുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ നിന്നും ഭീമന്‍ വാട്ടര്‍ലില്ലികളുടെ വിത്ത് ലഭിച്ചതോടെയാണ് മൂന്നാമതൊരു വിഭാഗത്തില്‍പ്പെട്ട വാട്ടര്‍ലില്ലിയുടെ സാന്നിധ്യം പഠനത്തിന്റെ മുഖ്യ ഗവേഷക കൂടിയായ കര്‍ലോസ് തിരിച്ചറിയുന്നത്. ഇവയുടെ ഇലകള്‍ രാത്രി കാലങ്ങളില്‍ മാത്രമാണ് മിഴി തുറക്കുക.

ഭാഗ്യദേവത തേടിയെത്തിയ സന്തോഷത്തിലാണ് ഒഞ്ചിയം വെള്ളികുളങ്ങര സ്വദേശി ദിവാകരൻ. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് നിർമാണ തൊഴിലാളിയായ ദിവാകരനെ തേടിയെത്തിയത്.

രണ്ടാഴ്ചയ്ക്കിടെ മൂന്ന് തവണ ദിവാകരന് ലോട്ടറിയടിച്ചിരുന്നു. അയ്യായിരം രൂപ വീതം രണ്ട് തവണ അടിച്ചു. ശേഷം ഈ പണം ചെലവഴിച്ച് വാങ്ങിച്ച പത്ത് ടിക്കറ്റുകളിലൊന്നിന് ആയിരം രൂപയും അടിച്ചിരുന്നു. വലിയ ഭാഗ്യം തൊട്ടടുത്തുണ്ടെന്ന് ബന്ധുക്കളും പരിചയക്കാരുമൊക്കെ ദിവാകരനോട് പറഞ്ഞിരുന്നു.

കഴിഞ്ഞ ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ കയറി ചായ കുടിക്കുമ്പോൾ ഒരു ലോട്ടറിക്കച്ചവടക്കാരൻ അവിടെ വരികയായിരുന്നു. ഈ സമയം ദിവാകരന്റെ കൈയിൽ പണമുണ്ടായിരുന്നില്ല. തുടർന്ന് സുഹൃത്ത് വെള്ളുക്കുളങ്ങരയിലെ തോട്ടക്കണ്ടിത്താഴകുനി ചന്ദ്രനോട് 50 രൂപ കടം വാങ്ങിയാണ് ടിക്കറ്റെടുത്തത്. ഞായറാഴ്ച മൂന്ന് മണിയോടെ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നെങ്കിലും പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് സമ്മാനമടിച്ച കാര്യം അറിയുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്‍.ഡി.എസ്. പാലക്കാട് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത്.

സ്വപ്‌നയ്‌ക്കെതിരായ അന്വേഷണ സ്ഥാപനത്തെ ബാധിക്കുന്നതായിട്ടാണ് എച്ച്ആര്‍ഡിഎസ് നല്‍കുന്ന വിശദീകരണം. സ്വപ്‌നയുടെ കൂടി താത്പര്യം മാനിച്ചതാണ് നടപടിയെന്നും അവര്‍ വ്യക്തമാക്കുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം.

ഇതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. സ്വപ്‌നയ്ക്ക് നിയമസഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തിരുന്നു.

നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്‌ന കഴിഞ്ഞ ആഴ്ച മുതല്‍ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ എച്ചആര്‍ഡിഎസില്‍ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്.

ഭരണഘടനയെ അവഹേളിച്ചു സംസാരിച്ച വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് ഉറപ്പിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. താന്‍ എന്തിന് രാജിവയ്ക്കണം? ഇന്നലെ എല്ലാം വിശദമായി നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങിവന്ന മന്ത്രിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം.

യോഗത്തിനു ശേഷം എകെജി സെന്ററില്‍ നിന്നും ഇറങ്ങിവന്ന മറ്റ് മന്ത്രിമാര്‍ ആരും തന്നെ വിഷയത്തില്‍ പ്രതികരിക്കാനും തയ്യാറായില്ല.

വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അവയ്‌ലബിള്‍ സിപിഎം സെക്രട്ടേറിയറ്റിലേക്ക് വൈകിയെത്തിയ മന്ത്രി പ്രതികരിക്കാതെയാണ് എകെജി സെന്ററിലേക്ക് പോയത്. അരമണിക്കൂറിനുള്ളില്‍ മന്ത്രി തിരിച്ചിറങ്ങിവന്നത് സന്തോഷവാനായിരുന്നു.

നിയമപരമായ വശങ്ങള്‍ കൂടി പരിശോധിച്ച് രാജിയെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്ന നിലപാടിലാണ് പാര്‍ട്ടി. എ.ജി അടക്കമുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. പോലീസ് കേസെടുത്താല്‍ മാത്രം രാജിയെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി തീരുമാനം. പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പ്രതിപക്ഷം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടില്ല. കോടതിയിലും പരാതി എത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ രാജി ആവശ്യപ്പെടേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.

മന്ത്രിക്കെതിരെ നല്‍കിയിരിക്കുന്ന പരാതികളില്‍ തിരക്കിട്ട് കേസെടുക്കേണ്ടെന്നാണ് പോലീസിന്റെയും നിലപാട്. പ്രസംഗത്തിന്റെ വീഡിയോ ശാസ്ത്രീയമായി പരിശോധിക്കണം. യോഗത്തില്‍ പങ്കെടുത്ത റാന്നി, തിരുവല്ല എം.എല്‍.എമാരില്‍ നിന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ നിന്നും മൊഴിയെടുത്ത ശേഷമായിരിക്കും തുടര്‍ നടപടി.

തിരുവല്ല ഡിവൈഎസ്പിക്കും പത്തനംതിട്ട എസ്പിക്കും ഡിജിപിക്കുമടക്കം ഏഴ് പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം മല്ലപ്പള്ളി ഏരിയ യോഗത്തില്‍ മന്ത്രി നടത്തിയ പ്രസംഗമാണ് വിവാദമായത്. സിപിഎം തന്നെ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം.

അതേസമയം, പ്രസംഗം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന ആവശ്യവും സിപിഎമ്മില്‍ ഉയര്‍ന്നിട്ടുണ്ട്.

ഷൈമോൻ തോട്ടുങ്കൽ

കഴിഞ്ഞ നാലുവർഷമായി യൂകെയിൽ ജനപ്രശംസ ഏറ്റുവാങ്ങിയ 7Beats സംഗീതോൽസവം & ചാരിറ്റി ഇവന്റ് കോവിഡ് നൽകിയ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം സീസൺ – 5 അതിവിപുലമായി ഈസ്റ്റ് ആംഗ്ലിയായിലെ പ്രധാന നഗരങ്ങളിലൊന്നായ ബെഡ്ഫോർഡിലെ അഡിസൺ സെൻറ്ററിൽ ജുലൈ 9 ശനിയാഴ്ച്ച 3 മണിമുതൽ അരങ്ങേറുന്നു.

കഴിഞ്ഞ നാലു വർഷമായി യൂകെയിൽ നിരവധി കലാകാരന്മാർക്കും കലാലാകാരികൾക്കും വേദി ഒരുക്കിയ സംഗീതോത്സവം ചാരിറ്റി ഇവന്റ് മൂലം നിരവധി നിർദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിൽ വളരെയധികം അഭിമാനമുണ്ട്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സംഗീതോത്സവത്തിൽ യൂകെയിലെ യുവതലമുറയിലെ 18 ൽ അധികം യുവ പ്രതിഭകൾ ഒ.എൻ.വി സംഗീതവുമായിയെത്തുന്നതിനു പുറമേ ‘സ്വര മ്യൂസിക്’ അക്കാഡമിയിലെ 12 കുട്ടികൾ ചേർന്ന് ഒ.എൻ.വി മെഡ്‌ലി സോങ് ആലപിക്കുന്നു കൂടാതെ 15 ൽ പരം യുകെയിലെ അറിയപ്പെടുന്ന മുതിർന്ന ഗായികാ ഗായകന്മാരും സംഗീതോത്സവം സീസൺ 5-ൽ സംഗീതവിരുന്നൊരുക്കും.

കഴിഞ്ഞ വർഷത്തെ യുക്മ കലാതിലകം കലാതിലകം ആനി അലോഷ്യസ്, കലാ പ്രതിഭ ടോണി അലോഷ്യസ് എന്നിവർ ചേർന്നു അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, വാറ്റ്‌ഫോർഡ് KCF ലെ ദൃതി, ജിയാന,അനാമിക,സമാന്ത,ഹന്നാ എന്നീ കുട്ടികൾ ചേർന്നവതരിപ്പിക്കുന്ന സെമിക്ലാസിക്കൽ ഡാൻസ്,ത്രിനേത്ര നടനം വാറ്റ്‌ഫോർഡിലെ ജയശ്രീ & ഷെല്ലി ചേർന്നവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തം,ക്രോയിഡോണിലെ സുജാത മേനോൻ കൊറിയോഗ്രാഫി ചെയ്തു സൻവി ധരനൊപ്പം ചേർന്നവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ നൃത്തം, പീറ്റർബോറോയിലെ ഭരതം ഡാൻസ് സ്കൂളിലെ അലീമ ജെബി, ഇഷ സോജി, അലീന ജോസഫ് എന്നിവർ ചേർന്നവതരിപ്പിക്കുന്ന സെമിക്ലാസിക്കൽ നൃത്തം,ക്രോയിഡോണിലെ സുജാത മേനോൻ കൊറിയോഗ്രാഫി ചെയ്ത ബോളിവുഡ് ഡാൻസ് ശ്രദ്ധ ഉണ്ണിത്താൻ,പാർവതി മധുപിള്ളൈ, സൻവി ധരൻ,സൻസിതാധരൻ എന്നിവർ ചേർന്നവതരിപ്പിക്കുന്നു,വെല്ലിൻ ഗാർഡനിലെ വേദ ശിവ അവതരിപ്പിക്കുന്ന കഥക്,കലാഭവൻ നൈസ് കൊറിയോഗ്രാഫി ചെയ്തു ബെഡ്ഫോർഡിലെ റോസിറ്റ്,നികിത,സെർറ്റിന, എവെലിൻ, അനൈനാ, ജസ്റ്റീന, അന്ന & ഡെന്ന എന്നിവർ പ്രശസ്ത സിനിമാ നടനും ഡാൻസർ,മോഡൽ ,ബിഗ്‌ബോസ് റിയാലിറ്റി ഷോ ഫെയിമുമായ ഡേവിഡ് ജോണിനൊപ്പം ചേർന്നവതരിപ്പിക്കുന്ന വെസ്റ്റേൺ സെലിബ്രിറ്റി സിനിമാറ്റിക് ഡാൻസ് ,ബെഡ്ഫോർഡിലെ ദിയ വിനോ അവതരിപ്പിക്കുന്ന ബോളിവുഡ് ഡാൻസ്, ബെഡ്ഫോർഡിലെ അന്ന മാത്യു അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തം എന്നിങ്ങനെ നിരവധി വൈവിധ്യമാർന്ന പരിപാടികൾ സംഗീതോത്സവം സീസൺ 5 ന് മാറ്റേകും.

ബെഡ്ഫോർഡ് & കെംപ്സ്റ്റൻ MP മുഹമ്മദ് യാസിൻ,ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് മേയർ & കൗൺസിൽ ലീഡർ ടോം ആദിത്യ,യുക്മ നാഷണൽ പ്രസിഡന്റ് ഡോക്ടർ ബിജു പെരിങ്ങത്തറ എന്നിവർ മുഖ്യാതിഥികളായെത്തുന്ന സംഗീതോത്സവത്തിൽ സ്പെഷ്യൽ ഗസ്റ്റായി ബിഗ് ബോസ് റിയാലിറ്റി ഷോ ഫെയിമും,നടനും,ഡാൻസറും മലയാളത്തിലെ പ്രശസ്ത നടൻ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ദി ഗ്രേറ്റ് ഫാദർ,മാസ്റ്റർ പീസ് മോഹൻലാൽ,സുരേഷ് ഗോപി എന്നിവരുടെ റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ ചിത്രങ്ങളായ റാം, പാപ്പൻ എന്നീ സിനിമകളിലും അഭിനയിച്ച ഡേവിഡ് ജോൺ, പ്രശസ്ത സിനിമാതാരവും ,കൈരളി ടിവി അവതാരകനും,റേഡിയോ ലയിനം മാനേജിങ് ഡയറക്ടറുമായ സന്തോഷ് പാലി, പ്രശസ്ത പിന്നണി ഗായകനും,മ്യൂസിക് കമ്പോസറും, ഐഡിയ സ്റ്റാർ സിങ്ങർ റണ്ണർ അപ്പുമായ രാഹുൽ ലക്ഷ്മൺ, പ്രശസ്ത സിനിമാ,ടീവി ,കോമഡി ആർട്ടിസ്റ്റ്‌ കലാഭവൻ ദിലീപ്, മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും, ലോക കേരളസഭാ മെമ്പറുമായ ശ്രീ C A ജോസഫ് എന്നിവർ എത്തുന്നു, കൂടാതെ വെൽവിൻ കൗൺസിലറും 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകരിലൊരാളുമായ ഡോക്ടർ ശിവകുമാർ, ടൈറ്റിൽ സ്പോൺസർ ശ്രീ ജോയ് തോമസ് (അലൈഡ് മോർട്ടഗേജ് സർവീസ്) പോൾ ജോൺ (പോൾ ജോൺ സോളിസിറ്റേഴ്‌സ്), ലീഡോ ജോർജ് (L G R ഹെൽത് കെയർ ) റെഗുലേഷ് (ഗ്ലോബൽ സ്റ്റഡി ലിങ്ക്) ഡെന്നിസ് ഡാനിയേൽ (ബ്രിട്ട് എക്സൽ കൺസൾട്ടൻസി) ബിജു (ടൂർ ഡിസൈനേഴ്സ് )നോർഡി ജേക്കബ്(ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി) ജെയ്സൺ ജോർജ് (കലാഭവൻ ലണ്ടൻ )എന്നിങ്ങനെ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖ വ്യക്തികളും സ്പോണ്സർസും മുഖ്യ അഥിതികളായെത്തുന്നു.

കൂടാതെ മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി ജ്ഞാനപീഠം പത്മഭൂഷൺ ഒ.എൻ.വി കുറിപ്പിന്റെ അനുസ്‌മരണവുംഇതേ വേദിയിൽ നടത്തപ്പെടുന്നു.വെൽവിൻ കൗൺസിലർ ഡോക്ടർ ശിവകുമാറാണ് അനുസ്മരണ പ്രസംഗം നടത്തുന്നത് .യൂകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് ഫൈനാൻഷ്യൽ സർവീസസ് ആണ് ഇത്തവണയും 7Beats സംഗീതോത്സവത്തിന്റെ ടൈറ്റിൽ സ്പോൺസർ,കൂടാതെ മറ്റു സ്പോൺസേർസായുള്ളത്: പോൾ ജോൺ സോളിസിറ്റേഴ്‌സ് ,ദി ഗ്ലോബൽ സ്റ്റഡി ലിങ്ക്,LGR ഹെൽത്ത് കെയർ ലിമിറ്റഡ്,ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി,എസെൻഷ്യൽ സൂപ്പർമാർക്കറ്റ് ബെഡ്ഫോർഡ്,തട്ടുകട റെസ്റ്റോറന്റ് ലണ്ടൻ,കെയ്ക്ക് ആർട് വാറ്റ്‌ഫോർഡ്,ബ്രിട്ട് എക്സൽ കൺസൾട്ടൻസി,ആബ്ബ്സ് ഇന്റർനാഷണൽ റിക്രൂട്ടിംഗ്‌, ടൂർ ഡിസൈനേഴ്സ് & ട്രാവെൽസ്,അച്ചായൻസ് ചോയ്സ് ലിമിറ്റഡ്, സ്മാർട്ട് ഔട്ട് ഫിറ്റ്‌സ് സ്റ്റീവനേജ്, ടേസ്റ്റി ചിക്കൻ ബെഡ്ഫോർഡ് എന്നിവരാണ്.

ബെഡ്ഫോർഡ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെയും,ബെഡ്ഫോർഡ് ബോറോ കൌൺസിൽ & വൺ ആർക് യുകെ എന്നിവരുടെ പരിപൂർണ്ണ പിന്തുണയോടെയാണ് സംഗീതോത്സവം സീസൺ- 5 ഇത്തവണ അരങ്ങേറുക.റേഡിയോ പാർട്ണറായി റേഡിയോ ലയിനം. ഫോട്ടോഗ്രാഫി വീഡിയോ & ലൈവ് ചെയ്തു സപ്പോർട് ചെയ്യുന്നത് സ്റ്റാൻസ് ക്ലിക്ക് ഫോട്ടോസ് & വീഡിയോഗ്രാഫി, ബെറ്റെർഫ്രെയിംസ് ഫോട്ടോഗ്രാഫി,ടൈംലെസ്സ് ഫോട്ടോഗ്രാഫി,Lens Hood ഫോട്ടോഗ്രാഫി എന്നിവരാണ്.

സംഗീതോത്സവം സീസൺ-5 നു അവതാരകരായെത്തുന്നത് യൂകെയിൽ വിവിധ വേദികളിൽ വ്യക്തി മുദ്ര പതിപ്പിച്ച വിവേക് ബാലകൃഷ്ണൻ (ക്രോയ്ടോൻ ) ആൻറ്റോ ബാബു (ബെഡ്ഫോർഡ്) ഐറിൻ കുശാൽ (ഡെർബി) അനു ജോസഫ് (നനീട്ടൻ) എന്നിവരാണ്. കൂടാതെ സൗണ്ട് & ലൈറ്റ്‌സ് കൈകാര്യം ചെയ്യുന്നത് ‘ബീറ്റ്‌സ് യുകെ” നോർത്താംപ്ടണും ,’കളർ മീഡിയ’ ലണ്ടൻറെ ഫുൾ HD, LED സ്ക്രീനും 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -5 നു നിറപ്പകിട്ടേകും.

മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ‘കേരളാ ഹട്ട് ‘ റെസ്റ്റോറന്റ് നോർത്താംപ്ടൺ ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന ഈ കലാവിരുന്നിലേക്ക് നിങ്ങളെ ഏവരേയും കുടുംബമായി ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു.

Venue:
The Addison Centre
Kempston – Bedford
MK42 8PN

For More details please contact our team:

Sunnymon Mathai:07727 993229
Jomon Mammoottil:07930431445
Cllr Dr Sivakumar :07474 269097
Manoj Thomas:07846 475589

തങ്കം ആശുപത്രിക്ക് എതിരെ വീണ്ടും ആരോപണം. പ്രസവ ചികിൽസയ്ക്കിടെ കഴിഞ്ഞദിവസം അമ്മയും കുഞ്ഞും മരിച്ച സംഭവം ആശുപത്രിയിലെ ചികിത്സാ പിഴവാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നൽകിയ ഭിന്നശേഷിക്കാരിയായ യുവതി മരിച്ചത്. അനസ്‌തേഷ്യ നൽകിയതിൽ പിഴവുണ്ടായെന്നും ഡോക്ടർമാർ വിവരം പുറത്ത് പറയാൻ വൈകിയെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

പാലക്കാട് യാക്കര തങ്കം ആശുപത്രിയെ കൂടുതൽ വിവാദത്തിലാക്കിയാണ് വീണ്ടും ചികിൽസാ പിഴവ് കാരണം യുവതി മരിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. ഭിന്നശേഷിക്കാരിയായ കോങ്ങാട് സ്വദേശിനി കാർത്തികയാണ് ഓപ്പറേഷന് വേണ്ടി അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചത്.

കാർത്തികയ്ക്ക് അനസ്‌തേഷ്യ നൽകിയതിൽ പിഴവുണ്ടായെന്നും മരണ വിവരം അറിയിക്കാൻ വൈകിയെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഇരുകാലുകൾക്കും തളർച്ച ബാധിച്ച കാർത്തികയെ ശസ്ത്രക്രിയയ്ക്കായി ഈ മാസം രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു കാലിൽ ഇന്നലെയും ഒരു മാസത്തിനു ശേഷം അടുത്ത കാലിലും ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയായിരുന്നു.

എന്നാൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കാർത്തികയുടെ ആരോഗ്യസ്ഥിതി വഷളാവുകയും ഹൃദയാഘാതം കാരണം രാത്രി ഒൻപത് മണിയോടെ കാർത്തിക മരണപ്പെടുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ചികിത്സാപിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ടൗൺ സൗത്ത് പോലീസെത്തിയാണ് ബന്ധുക്കളെ അനുനയിപ്പിച്ച് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

കാർത്തികയുടെ മരണത്തിൽ ചികിൽസാപ്പിഴവ് ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ശ്രീകൃഷ്ണപുരം കുലുക്കിലിയാട് സഹകരണ ബാങ്ക് ജീവനക്കാരിയാണ് കാർത്തിക. അവിവാഹിതയാണ്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും.

അതേസമയം, കഴിഞ്ഞദിവസമാണ് ചിറ്റൂർ തത്തമംഗലം സ്വദേശിനി ഐശ്വര്യയും നവജാത ശിശുവും പ്രസവ ചികിൽസയ്ക്കിടെ തങ്കം ആശുപത്രിയിൽ മരിച്ചത്. ചികിൽസാപ്പിഴവെന്ന നാട്ടുകാരുൾപ്പടെ ആശുപത്രി ഉപരോധിക്കുകയും ചെയ്തിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിൽ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാർത്തികയുടെയും മരണം.

ഗർഭസ്ഥ ശിശുക്കളെ ഇല്ലാതാക്കാനായി മരുന്ന് നൽകി അണുബാധയേറ്റ് ഗർഭിണി മരിച്ച സംഭവത്തിൽ ഭർത്താവിന് എതിരെ കുടുംബാംഗങ്ങൾ. മരിച്ച കോഴഞ്ചേരി സ്വദേശി അനിതയെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. രണ്ട് മുറി വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനിതയും ഭർത്താവും കഴിഞ്ഞിരുന്നത്. മകളെ ജ്യോതിഷ് ഉപദ്രവിച്ചിരുന്നത് വളരെ വൈകിയാണ് മാതാപിതാക്കൾ അറിഞ്ഞത്.

മകൾ രണ്ടാമതും ഗർഭിണിയായത് പുറത്തറിയിക്കാതിരിക്കാൻ ജ്യോതിഷ് ശാരീരികമായി നിരന്തരം പീഡിപ്പിച്ചിരുന്നു. മർദ്ദിക്കുന്നത് പുറത്തറിയാതിരിക്കാൻ വായിൽ തുണി തിരുകിയായിരുന്നു പീഡനം. 35 പവൻ സ്വർണവും കാറും നൽകിയാണ് താൻ മകളെ വിവാഹം കഴിപ്പിച്ചതെന്ന് മോഹനൻ പറയുന്നു. പക്ഷേ അതെല്ലാം ജ്യോതിഷ് വിറ്റ് തുലക്കുകയായിരുന്നു. മദ്യപാനിയായിരുന്നു ജ്യോതിഷെന്നും ഇവർ പറയുന്നു.

മരുമകൻ ഡ്രൈവറാണ് എന്ന് അറിഞ്ഞപ്പോൾ കാർ ഓടിച്ചായാലും ജീവിക്കുമല്ലോ എന്ന പ്രതീക്ഷയിലാണ് വണ്ടി വാങ്ങി നൽകിയത്. എന്നാൽ ഓട്ടം കിട്ടിയാൽ മറ്റ് ഡ്രൈവർമാർക്ക് നൽകിയും ലഭിക്കുന്ന വരുമാനം കൊണ്ട് മദ്യപിക്കുകയുമാണ് ഇയാൾ ചെയ്ത് വന്നിരുന്നതെന്നും അനിതയുടെ വീട്ടുകാർ പറയുന്നു.

ജ്യോതിഷ് ഒരു ജോലിക്കും പോകാതെ കൂട്ടുകാരുമൊത്ത് കറങ്ങി നടക്കുമ്പോഴും വീട്ടുചെലവുകൾക്കും മകളുടെയും മരുമകന്റെയും ആവശ്യങ്ങളും നിറവേറ്റിയിരുന്നത് അനിതയുടെ വീട്ടുകാരായിരുന്നു.

അനിത അണുബാധയേറ്റ് മരിച്ച കേസിൽ ഭർത്താവ് ജ്യോതിഷിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 28നാണ് അനിത മരിച്ചത്. ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ചിട്ടും നീക്കം ചെയ്യാതെയിരുന്നതാണ് അനിതയുടെ മരണത്തിന് കാരണമായത്. ഗർഭിണിയാണെന്ന വിവരം ദമ്പതികൾ മറ്റാരെയും അറിയിക്കാത്തതാണ് തിരിച്ചടിയായത്.

സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ മകള്‍ ഗൗരി കൃഷ്ണകുമാര്‍ വിവാഹിതയായി. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തില്‍വെച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ് ഭര്‍ത്താവ്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. അതേസമയം, സ്വപ്ന ചടങ്ങില്‍ പങ്കെടുത്തില്ല.

പാലക്കാട് സ്വപ്നയ്‌ക്കൊപ്പമുണ്ടായിരുന്ന മകള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭര്‍ത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തിയത്.

സ്വര്‍ണക്കടത്ത് കേസിന് മുന്‍പേ ഗൗരിയും ആനന്ദും പ്രണയത്തിലായിരുന്നു. മകളുടെ വിവാഹത്തിന് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടാതിരിക്കാനാണ് സ്വപ്ന എത്താതിരുന്നതെന്നാണ് സൂചന.

അതേസമയം, അടുത്തിടെ സ്വപ്ന സുരേഷ് പാലക്കാട് നിന്ന് കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. ഇടപ്പള്ളിയ്ക്കടുത്ത് കൂനമ്മാവിലെ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്താണ് താമസം മാറിയത്.

നിലവില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ വീട് മാറല്‍. കേസുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായി കൂടുതല്‍ സൗകര്യം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലേക്ക് മാറിയതെന്ന് സ്വപ്നയോട് ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

RECENT POSTS
Copyright © . All rights reserved